സവർക്കറെ വീരനായകനായും അത്ഭുത പുരുഷനായും ആദർശവൽക്കരിക്കുന്ന പ്രചാരണം സാമൂഹ്യ മാധ്യമങ്ങളിലൂടെ സംഘപരിവാർ വ്യാപകമാക്കിക്കൊണ്ടിരിക്കുകയാണ്. ആരംഭകാലത്തെ തന്റെ ദേശീയവാദ നിലപാടുകളെ റദ്ദ് ചെയ്യുന്ന കീഴങ്ങലിന്റെയും വഞ്ചനയുടെയും ചരിത്രം സ്വയം സൃഷ്ടിച്ചയാളാണ് സംഘ്പരിവാർ വീരപുരുഷനായി കൊണ്ടാടുന്ന സവർക്കർ. നേരത്തെ തന്നെ പാഠപുസ്തകങ്ങളിൽ സവർക്കറെ വീരപുരുഷനാക്കുന്ന നീക്കങ്ങൾ വലിയ വിവാദങ്ങൾക്കിടയാക്കിയതാണ്. കർണാടക സ്‌കൂൾ പാഠപുസ്തകത്തിൽ ഒരു അധ്യായം ഉൾപ്പെടുത്തിയത് വിവാദപരമായി ചർച്ച ചെയ്യപ്പെട്ടതാണ്. ഭീരുത്വം മൂലം ബ്രിട്ടീഷുകാർക്ക് മാപ്പെഴുതി പാദസേവ ചെയ്ത വഞ്ചകനായ ഒരാളെയാണ് വീരനായകാനയി കാൽപനികവൽക്കരിച്ചുകൊണ്ടുള്ള പാഠഭാഗങ്ങൾ സ്‌കൂൾ പുസ്തകത്തിൽ ഉൾപ്പെടുത്തിയതെന്നത് ഏതൊരു ദേശീയവാദിയെയും പ്രകോപിപ്പിക്കും.
ബ്രിട്ടീഷുകാർക്കെതിരെ ജീവൻ നൽകി പോരാടിയ ദേശാഭിമാനികളും സ്വാതന്ത്ര്യ സ്നേഹികളുമായ ടിപ്പുവിനെയും ആലി മുസലിയാരെയും വാരിയംകുന്നനെയുമെല്ലാമവർ ഹിന്ദു വിരുദ്ധരായി ചിത്രീകരിച്ചു.
ബ്രിട്ടീഷുകാർക്ക് മാപ്പെഴുതിക്കൊടുത്ത് അന്തമാൻ ദ്വീപുകളിൽ നിന്ന് പുറത്തുവന്ന സവർക്കർ പിന്നീടുള്ള തന്റെ ജീവിതകാലം മുഴുവൻ ദേശീയ സ്വാതന്ത്ര്യസമരത്തെ ഹിന്ദു വർഗീയവാദമുയർത്തി ഭിന്നിപ്പിക്കാനും തകർക്കാനും ശ്രമിച്ച ചരിത്രം മാത്രമുള്ള ഹിന്ദുമഹാസഭാ നേതാവാണെന്ന സത്യം മറച്ചുവെക്കാനാണ് ഇത്തരം കാൽപനികവൽക്കരണമെന്ന് തിരിച്ചറിയേണ്ടതുണ്ട്. ബുൾബുൾ പക്ഷിയുടെ ചിറകിലേറി സവർക്കർ നിത്യേന മാതൃരാജ്യം സന്ദർശിച്ചു എന്നതുപോലുള്ള അതിശയോക്തി നിറഞ്ഞ ഭാഗങ്ങളാണുപോലും പാഠപുസ്തകത്തിലുള്ളത്. ഇതിൽ കൗതുകകരമായ കാര്യം, ഭീരുവായ സവർക്കർ, തന്നെ മഹത്വവൽക്കരിച്ചുകൊണ്ട് എഴുതിയ ‘ലൈഫ് ഓഫ് ബാരിസ്റ്റർ സവർക്കർ' എന്ന പുസ്തകത്തെ അവലംബിച്ചാണ് ഈ പാഠഭാഗം തയ്യാറാക്കിയിട്ടുള്ളത് എന്നാണ്. ചിത്രഗുപ്ത എന്ന തൂലികാനാമത്തിലാണ് ഈ പുസ്തകം സവർക്കർ എഴുതിയതുപോലും. പുസ്തകത്തിന്റെ പ്രസാധകനായ രവീന്ദ്രദാസ് തന്നെയാണ് 1987 ൽ ഇതിന്റെ രണ്ടാം പതിപ്പിന്റെ ആമുഖത്തിൽ ചിത്രഗുപ്ത സവർക്കർ തന്നെയാണെന്ന് വെളിപ്പെടുത്തിയത്. എത്ര അപഹാസ്യവും കാപട്യം നിറഞ്ഞതുമായ വ്യക്തിത്വമാണ് സവർക്കറിന്റേതെന്നാണ് ഈയൊരു ചെയ്തി തന്നെ വെളിവാക്കുന്നത്. യഥാർത്ഥത്തിൽ സവർക്കർ ധീരനോ വീരനോ അല്ല. ഭീരുത്വം മൂലം ബ്രിട്ടീഷുകാർക്ക് കീഴടങ്ങിയ സവർക്കറുടെ സ്ഥാനം, ചരിത്രത്തിൽ മിർജാഫറുടെ പട്ടികയിലാണ്.
ആരായിരുന്നു ചരിത്രത്തിൽ സവർക്കറുടെ വംശത്തിന് തുടക്കമിട്ട മിർജാഫർ? അതിദേശീയതയും മുസ്ലിം- കമ്യൂണിസ്റ്റ് വിരോധവും തിളപ്പിച്ച് സവർക്കറെ വീരപുരുഷനായി കൊണ്ടാടുന്ന സംഘ്പരിവാറുകാർക്ക് ചിലപ്പോൾ സ്വന്തം വംശചരിത്രമറിഞ്ഞുകൊള്ളണമെന്നില്ല. അവർ പിന്തുടരുന്ന രാജ്യദ്രോഹികളുടെ വംശചരിത്രത്തെക്കുറിച്ചുള്ള അജ്ഞത സൃഷ്ടിച്ചാണല്ലോ സംഘ്പരിവാരങ്ങൾ തങ്ങൾക്കനഭിമതരായ ജനവിഭാഗങ്ങളെയും പ്രസ്ഥാനങ്ങളെയും രാജ്യദ്രോഹികളാക്കി മുദ്രകുത്തി വേട്ടയാടിക്കൊണ്ടിരിക്കുന്നത്.
സവർക്കറും അദ്ദേഹത്തിന്റെ ഹിന്ദുമഹാസഭയും പിന്നീട് അതിന്റെ സേനാദളമായി രൂപം കൊണ്ട ആർ.എസ്.എസും കൊളോണിയൽ അധികാരത്തെ ഇന്ത്യയിൽ ശാശ്വതീകരിച്ചു നിർത്താനാവശ്യമായ ബ്രിട്ടീഷു തന്ത്രങ്ങളുടെ കരുക്കങ്ങളായാണ് പ്രവർത്തിച്ചത്.
ഇന്ത്യയിൽ ബ്രിട്ടീഷ് അധികാരത്തിന് അടിത്തറയിട്ട പ്ലാസി യുദ്ധത്തിൽ ബംഗാളിലെ നവാബായിരുന്ന സിറാജ് ദൗളയുടെ തലയരിഞ്ഞിടാൻ ബ്രിട്ടീഷ് പട്ടാളക്കാർക്ക് സൗകര്യമൊരുക്കിക്കൊടുത്ത വഞ്ചകനായിരുന്നു മിർജാഫർ. അതേ, സ്വന്തം നവാബിനെ ചതിയിലൂടെ വധിക്കാൻ ബ്രിട്ടീഷുകാർക്ക് സൗകര്യമൊരുക്കി കൊടുത്ത ബ്രിട്ടീഷ് ഏജൻറ്. മിർജാഫർ ബംഗാളിലെ നവാബായിരുന്ന സിറാജ് ദൗളയുടെ സേനാധിപനായിരുന്നു. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെയും ബ്രിട്ടീഷ് ഉദ്യോഗസ്ഥന്മാരുടെയും വ്യാപാരതന്ത്രങ്ങൾക്കും ഉടമ്പടികൾക്കും വഴങ്ങിക്കൊടുക്കാൻ വിസമ്മതിച്ച ദേശാഭിമാനിയായ നവാബിനെ നേരിട്ടുള്ള യുദ്ധത്തിലൂടെ കീഴടക്കാനാവാതെ ബ്രിട്ടീഷുകാർ കുഴഞ്ഞ സന്ദർഭത്തിലാണവർ അദ്ദേഹത്തിന്റെ സേനാധിപനായ മിർജാഫറെ സ്വാധീനിക്കുന്നതും പ്രലോഭനങ്ങളിലൂടെ വശത്താക്കുന്നതും. അങ്ങനെയാണ് നേരിട്ടുള്ള യുദ്ധത്തിലൂടെ തോല്പിക്കാനാവാത്ത സിറാജ്ദൗളയെ അവർ പ്ലാസിയിലെ ചതുപ്പുനിലങ്ങളിൽ അരിഞ്ഞിടുന്നത്, കൽക്കത്ത ആസ്ഥാനമാക്കി ഇന്ത്യയാകെ അധിനിവേശ ഭരണത്തിനുകീഴിലാക്കുന്നത്.
സവർക്കറും അദ്ദേഹത്തിന്റെ ഹിന്ദുമഹാസഭയും പിന്നീട് അതിന്റെ സേനാദളമായി രൂപം കൊണ്ട ആർ.എസ്.എസും കൊളോണിയൽ അധികാരത്തെ ഇന്ത്യയിൽ ശാശ്വതീകരിച്ചു നിർത്താനാവശ്യമായ ബ്രിട്ടീഷു തന്ത്രങ്ങളുടെ കരുക്കങ്ങളായാണ് പ്രവർത്തിച്ചത്. സവർക്കറും മുംഞ്ജയും ഹെഡ്ഗെവാറും ഗോൾവാക്കറും മിർജാഫറുടെ പാതയിൽ സഞ്ചരിച്ചവരാണ്. അവരെന്നും കൊളോണിയിൽ വിരുദ്ധ പോരാളികളെ അസഹിഷ്ണുതയോടെ മാത്രം കണ്ടവരാണ്.
അധിനിവേശ വിരുദ്ധപോരാട്ടങ്ങൾക്ക് തുടക്കം കുറിച്ച കുഞ്ഞാലിമരക്കാർ തൊട്ട് ഗാന്ധിജി വരെയുള്ള, പാശ്ചാത്യ സാമ്രാജ്യത്വത്തിനെതിരായി പോരാടിയ ദേശീയവാദികളെ അവർ ശത്രുതയോടെയാണെന്നും കണ്ടിട്ടുള്ളത്. ബ്രിട്ടീഷുകാർക്കെതിരെ ജീവൻ നൽകി പോരാടിയ ദേശാഭിമാനികളും സ്വാതന്ത്ര്യ സ്നേഹികളുമായ ടിപ്പുവിനെയും ആലി മുസലിയാരെയും വാരിയംകുന്നനെയുമെല്ലാമവർ ഹിന്ദു വിരുദ്ധരായി ചിത്രീകരിച്ചു. അതിലൂടെ, മഹത്തായ ദേശീയ സമരങ്ങളെയും രക്തസാക്ഷികളെയും അപമാനിക്കുകയും തങ്ങളുടെ സാമ്രാജ്യത്വ സേവയുടെ കുറ്റകരവും അപമാനകരവുമായ ചരിത്രം മറച്ചു പിടിക്കുകയുമാണ് ചെയ്യുന്നത്.
ഗാന്ധിജിയുടെ ഉപദേശമനുസരിച്ചായിരുന്നു സവർക്കറുടെ മാപ്പപേക്ഷയെന്നൊക്കെ തട്ടിവിട്ട് തങ്ങളുടെ ആചാര്യന്റെ കൊളോണിയൽ സേവയുടെ ചരിത്രം വെളുപ്പിച്ചെടുക്കാൻ നടത്തുന്ന ശ്രമം, രക്ഷപ്പെടാനുള്ള പരിഹാസ്യമായ കൗശല പ്രയോഗങ്ങൾ മാത്രമായിട്ടേ കാണേണ്ടതുള്ളൂ.
സവർക്കറുടെ കുപ്രസിദ്ധങ്ങളായ ആറ് മാപ്പപേക്ഷകളും, തന്നെ അന്തമാൻ ജയിലിൽ നിന്ന് വിട്ടയക്കാൻ കനിവുണ്ടാകണമെന്ന കേവലമായ ദയാഹർജികളായിരുന്നില്ലല്ലോ. അത് ബ്രിട്ടീഷ് ക്രൗണിന്റെ മഹാത്മ്യവർണനകളിലും വെള്ളക്കാരന്റെ ലോകാധികാരത്തെ കുറിച്ചുള്ള സ്തുതിവചനങ്ങളിലും അഭിരമിക്കുന്ന സാഹിത്യ പ്രകാശന രേഖയായിട്ടാണല്ലോ ഇന്ന് ചരിത്രം പഠിക്കുന്നവർക്ക് വായിച്ചെടുക്കേണ്ടി വരിക. ദേശീയാധികാരം കയ്യാളുന്ന പാർട്ടിയുടെയും പ്രധാനമന്ത്രിയുടെയും മന്ത്രിമാരുടെയും താത്വികാചര്യൻ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ ഒറ്റിക്കൊടുത്തവനും മാപ്പെഴുതി കൊടുത്ത് ജയിലിൽ നിന്ന് പുറത്തു വന്ന് ബ്രിട്ടീഷുകാർക്ക് പാദസേവ ചെയ്തവനുമാണെന്ന അപമാനകരവും അനിഷേധ്യവുമായ ചരിത്രം സംഘ്പരിവാറിനെ വല്ലാതെ അലട്ടുന്നുണ്ട്. അതിനെ മറികടക്കാനുള്ള ചരിത്രത്തിന്റെ അപനിർമാണമാണ് യുക്തിരഹിതവും വസ്തുതാബലമില്ലാത്തതുമായ വാദങ്ങളിലൂടെ അവർ നടത്തിക്കൊണ്ടിരിക്കുന്നത്. പരിഹാസ്യമാണ് ഇത്തരം ശ്രമങ്ങൾ എന്നാണ് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന്റെ പ്രസ്താവന തന്നെ ഇപ്പോൾ തുറന്നുകാണിക്കുന്നത്.
ഗാന്ധിജിയുടെ ഉപദേശമനുസരിച്ചായിരുന്നു സവർക്കറുടെ മാപ്പപേക്ഷയെന്നൊക്കെ തട്ടിവിട്ട് തങ്ങളുടെ ആചാര്യന്റെ കൊളോണിയൽ സേവയുടെ ചരിത്രം വെളുപ്പിച്ചെടുക്കാൻ നടത്തുന്ന ശ്രമം, രക്ഷപ്പെടാനുള്ള പരിഹാസ്യമായ കൗശല പ്രയോഗങ്ങൾ മാത്രമായിട്ടേ കാണേണ്ടതുള്ളൂ. പക്ഷെ, ഒരു നുണയൻ സമൂഹത്തിന്റെ പിച്ചുംപേയും പറച്ചിലപ്പുറം ഇത്തരം പ്രസ്താവനകൾക്കുപിന്നിൽ കൃത്യമായ രാഷ്ട്രീയ അജണ്ടയുണ്ടെന്നും അത് ചരിത്രത്തിന്റെ അപനിർമിതിയിലൂടെ ജനാധിപത്യ ദേശീയതക്കും പുരോഗമന ആശയങ്ങൾക്കും എതിർദിശയിൽ നിർമിച്ചെടുക്കുന്ന ഹിന്ദുത്വ ഫാഷിസത്തിനാവശ്യമായ പ്രത്യയശാസ്ത്ര നിർമ്മിതിയാണെന്നും തിരിച്ചറിയേണ്ടതുണ്ട്.
1909- ൽ ബ്രിട്ടീഷ് ഉദ്യോഗസ്ഥനായ കഴ്സൺ വൈലിയെ മദൻലാൽ ദിംഗ്ര എന്ന ഇന്ത്യൻ യുവാവ് വെടിവെച്ചുകൊല്ലുകയും അതിന്റെ പേരിൽ ബ്രിട്ടീഷ് ഭരണകൂടം ആ ചെറുപ്പക്കാരനെ തൂക്കിലേറ്റുകയും ചെയ്തു. ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾ ഈ സംഭവത്തെ അതിനിശിതമായി വിമർശിക്കുകയും ആത്മഹത്യാപരമായ നയമാണ് ഇത്തരം പ്രവർത്തനങ്ങൾ എന്ന് വിശേഷിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ മദൻലാൽ ദിംഗ്ര ധീരമായി വിചാരണയെ നേരിടുകയും ഇന്ത്യയിൽ ബ്രിട്ടീഷുകാർ നടത്തിക്കൊണ്ടിരിക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങളെ ചൂണ്ടിക്കാട്ടുകയും ചെയ്തു. വൈലിയെ വെടിവെച്ചുകൊന്നുവെന്ന കുറ്റത്തിന് തന്നെ തൂക്കിലേറ്റുന്നത് അഭിമാനകരമായ കാര്യമാണെന്നും അദ്ദേഹം വിളിച്ചുപറഞ്ഞു. ഈ 25 വയസ്സുകാരനെ ഈ വിധിയിലേക്ക് നയിച്ചത് വിനായക് ദാമോദർ സവർക്കറായിരുന്നു. ബ്രിട്ടീഷ് ഇന്റലിജൻസ് റിപ്പോർട്ടിൽ ഇയാളുടെ പങ്ക് എടുത്തുപറയുന്നുണ്ട്. 1904 ൽ പൂനെയിൽ സ്ഥാപിച്ച അഭിനവ് ഭാരത് എന്ന ഹിന്ദുത്വ സംഘടനയുടെ ഒരു ദളം സവർക്കർ ലണ്ടനിലും അതിരഹസ്യമായി സ്ഥാപിച്ചു. ഇന്ത്യാ ഹൗസ് നിരവധി ഇന്ത്യൻ വിദ്യാർത്ഥികളുടെയും സംഘടനകളുടെയും പ്രവർത്തനകേന്ദ്രമായിരുന്നു. ലണ്ടനിൽ നിയമവിദ്യാർത്ഥിയായിട്ടാണ് സവർക്കർ എത്തിപ്പെട്ടത്. കഴ്സൺ വൈലിയുടെ കൊലപാതകത്തിന്റെ മുഖ്യസൂത്രധാരന്മാരിൽ ഒരാളായിരുന്നത് വി.ഡി.സവർക്കറുടെ സഹോദരനായ ഗണേഷ് ദാമോദർ സവർക്കർ ആയിരുന്നു. ഇദ്ദേഹത്തെ ബാബ റാവു എന്നാണ് വിളിച്ചിരുന്നത്. 1909 ജൂലായ് 8 ന് ബാബ റാവുവിനെ ബ്രിട്ടീഷ് പോലീസ് അറസ്റ്റു ചെയ്ത് അന്തമാൻ ദ്വീപിലേക്ക് നാടുകടത്തി. ഇതിന് പ്രതികാരം ചെയ്യാനുള്ള സവർക്കറുടെ തീരുമാനമാണ് കഴ്സൺ വാലിയുടെ കൊലപാതകത്തിലേക്ക് എത്തിയത്. അതുപോലെ, ബാബ റാവുവിനെ നാടുകടത്താൻ വിധിച്ച നാസിക് മജിസ്ട്രേറ്റിനെയും സവർക്കർ ഗൂഢാലോചന നടത്തി വധിക്കുന്നു. ഇതിനദ്ദേഹം ഉപയോഗിച്ചത് അനന്ത ലക്ഷ്മൺ തൻഹാരിയെന്ന 17 വയസ്സുകാരനെയായിരുന്നു. ഈ കേസിൽ അനന്ത് തൻഹാരെ, കൃഷ്ണാജി കാർവെ, വിനായക് ദേശ്പാണ്ഡെ എന്നീ ചെറുപ്പക്കാർക്ക് വധശിക്ഷ കിട്ടി. ഈ കൊലപാതകത്തിനുപയോഗിച്ച പിസ്റ്റൾ ലണ്ടനിൽ നിന്നും സവർക്കർ ഒരു ഇന്ത്യ ഹൗസ് നിവാസിയുടെ ട്രങ്ക് പെട്ടിയുടെ രഹസ്യ അറയിൽ ഒളിപ്പിച്ചാണ് ഇന്ത്യയിലേക്ക് കടത്തിയത്.
നാസി ഗൂഢാലോചന കേസിൽ സവർക്കർ അറസ്റ്റു ചെയ്യപ്പെടുകയും 50 വർഷത്തേക്ക് ശിക്ഷിക്കപ്പെടുകയും അന്തമാൻ ജയിലിൽ അടക്കപ്പെടുകയും ചെയ്യുന്നു. അവിടെ എത്തിയതുമുതൽ സവർക്കർ ബ്രിട്ടീഷുകാർക്ക് മാപ്പപേക്ഷ എഴുതാനും തുടങ്ങി. ബ്രിട്ടീഷ് മഹാറാണിയെ സ്തുതിച്ചും അവർക്കു വഴങ്ങിയും മോചനം നേടി രത്‌നഗിരി ജില്ലയിൽ താമസമാക്കിയ സവർക്കർ അന്നത്തെ ബ്രിട്ടീഷ് കലക്ടർക്ക് കത്തെഴുതി അലവൻസ് ആവശ്യപ്പെട്ടു. അലവൻസ് അനുവദിക്കുകയും ചെയ്തു. ദേശീയ പ്രസ്ഥാനത്തിൽ നിന്ന് ഹിന്ദുക്കളെ പിന്തിരിപ്പിക്കുന്ന പണിക്ക് ബ്രിട്ടീഷ് സർക്കാർ പ്രതിഫലം കൊടുത്ത് നിലനിർത്തിയ ആളാണ് സവർക്കർ. ചരിത്രത്തിന്റെ അനിഷേധ്യമായ എല്ലാ വസ്തുതകളും സവർക്കർക്ക് എതിരുമാണ്. ▮