ഇതാ, മലയാളത്തിലെ
​ആദ്യ പലസ്​തീൻ ചരിത്ര പുസ്​തകം

80 വർഷങ്ങൾക്കുമുമ്പ് എഴുതപ്പെട്ട ഒരു പലസ്തീൻ ചരിത്രപുസ്തകമാണ് തിരുവനന്തപുരത്തെ ചരിത്രരേഖാശേഖരത്തിൽ നിന്ന് വക്കം മൗലവി സ്മാരക ഗവേഷണ കേന്ദ്രം പ്രവർത്തകർ കണ്ടെടുത്തത്. പലസ്തീന്റെ ചരിത്രം മലയാളത്തിൽ ആദ്യമായി എഴുതപ്പെട്ടത് ഈ ഗ്രന്ഥത്തിലൂടെയാണ് എന്നാണ് ​ലഭ്യമായ വിവരങ്ങൾ കൊണ്ട് അനുമാനിക്കുന്നത്.

ത്യപൂർവമായ ചരിത്രരേഖകളും പ്രവചനാത്മക സ്വഭാവത്തിലുള്ള നിരീക്ഷണങ്ങളും പ്രബുദ്ധമായ വിശകലനങ്ങളും കൊണ്ട് വായനക്കാരുടെ വൈജ്ഞാനിക കൗതുകം വർദ്ധിപ്പിക്കുന്ന ഒരു ചരിത്രഗ്രന്ഥം വിസ്മൃത ലോകത്തിന്റെ വാതിൽപ്പാളികൾ തുറന്ന് പുറത്തുവന്നിരിക്കുന്നു. 80 വർഷങ്ങൾക്കുമുമ്പ് എഴുതപ്പെട്ട ഒരു പലസ്തീൻ ചരിത്രപുസ്തകമാണ് തിരുവനന്തപുരത്തെ ചരിത്രരേഖാശേഖരത്തിൽ നിന്ന് വക്കം മൗലവി സ്മാരക ഗവേഷണ കേന്ദ്രം (VMMRC) പ്രവർത്തകർ കണ്ടെടുത്തത്. പലസ്തീന്റെ ചരിത്രം മലയാളത്തിൽ ആദ്യമായി എഴുതപ്പെട്ടത് ഈ ഗ്രന്ഥത്തിലൂടെയാണ് എന്നാണ്​ ലഭ്യമായ വിവരങ്ങൾ കൊണ്ട് അനുമാനിക്കുന്നത്. ലോകചരിത്രത്തിൽ പലസ്തീൻ വിഷയങ്ങൾ ഇത്രമാത്രം സങ്കീർണവും ഏകപക്ഷീയവുമായി മാറിപ്പോകാനുണ്ടായ രാഷ്ട്രീയകാരണങ്ങളെ ഓരോന്നിനെയും സൂക്ഷ്മമായ നിരീക്ഷണ പാടവത്തോടെയും വിശകലന സമാനമായ അന്വേഷണങ്ങളോടെയും പ്രവചനാത്മകമായ വിലയിരുത്തലുകളോടെയും സമീപിച്ച് 1946ൽ പണ്ഡിതനും പത്രപ്രവർത്തകനും സാമൂഹ്യ- രാഷ്ട്രീയ നിരീക്ഷകനുമായിരുന്ന എ. മുഹമ്മദ് കണ്ണ് (1893-1956) എഴുതിയ ‘പലസ്തീൻ പ്രശ്‌നം' എന്ന പുസ്തകമാണ് ഇപ്പോൾ കണ്ടെടുത്തിരിക്കുന്നത്.

ഇസ്രായേൽ എന്ന രാഷ്ട്രം രൂപീകരിക്കപ്പെടുകയോ, ഇസ്​ലാമിസ്റ്റ് രാഷ്ട്രീയം ഒരു ധാരയായി രൂപപ്പെടുകയോ ചെയ്തിട്ടില്ലാത്ത അക്കാലത്ത് എഴുതപ്പെട്ടതാണ് ഈ പുസ്തകം. മതാത്മകോ, അതിന്റെ അടിസ്ഥാനത്തിലുള്ള രാഷ്ട്രീയ താത്പര്യങ്ങൾ നിലനിർത്തുകൊണ്ടുള്ളതോ ആയ രചനകളാണ് ഇന്ന് മലയാളത്തിൽ ലഭ്യമാകുന്ന പലസ്തീൻ ചരിത്രങ്ങൾ ഒട്ടുമിക്കതും. അവയിൽ മിക്കതും ഇസ്​ലാമിസ്റ്റ് രാഷ്ട്രീയ കാഴ്ചപ്പാടുകളുടെ സ്വാധീനത്തിൽ പെടുന്നവയയുമാണ്. പലസ്തീന്റെ ചരിത്രവും സാമൂഹ്യശാസ്ത്രവും സ്വതന്ത്രവും വിശകലനാത്മകവുമായി പഠിക്കാൻ ആഗ്രഹിക്കുന്ന ഒരു ചരിത്രകുതുകിയെ സംബന്ധിച്ച്​ നിരപേക്ഷമായി നിൽക്കുന്ന ഈ പുസ്തകം വലിയ മുതൽക്കൂട്ടാണ്.

ഒരു നൂറ്റാണ്ട് മുമ്പ് വക്കം മൗലവിയുടെ നേതൃത്വത്തിൽ കേരളത്തിൽ നടന്ന സാമൂഹിക, മതപരിഷ്‌കരണ ഉദ്യമങ്ങൾക്ക് വൈജ്ഞാനിക പിൻബലം നൽകി മൗലവിക്കൊപ്പം നിലയുറപ്പിച്ച പ്രതിഭാധനനായ ചിന്തകനും എഴുത്തുകാരനുമാണ് എ. മുഹമ്മദ് കണ്ണ്. വക്കം മൗലവിയുടെ സമുദായിക ഉത്തേജന പ്രവർത്തനങ്ങൾക്കെല്ലാം മുഹമ്മദ് കണ്ണ് ശക്തമായ പിന്തുണ നൽകിവന്നിരുന്നു. അൽ അമീൻ പത്രത്തിന്റെ പത്രാധിപസമിതി അംഗവുമായിരുന്നു. ആഗോള മാധ്യമങ്ങൾ വഴി അന്നത്തെ സമകാലിക ലോകരാഷ്ട്രീയത്തെ സംബന്ധിച്ച് അഗാധമായ ബോധം പുലർത്തിയിരുന്ന എ. മുഹമ്മദ് കണ്ണ് തിരുവിതാംകൂറിൽ നിന്ന് ആദ്യകാല യൂണിവേഴ്സിറ്റി ബിരുദം നേടിയ വ്യക്തികളിൽ ഒരാൾ കൂടിയാണ്.

ഒന്നാം ലോക യുദ്ധാനന്തരം  ബ്രിട്ടന്റെ കോളനി പോലെ പ്രവർത്തിച്ചിരുന്ന പലസ്തീൻ  അക്കാലത്ത് ബ്രിട്ടന്റെ രാഷ്ട്രീയലക്ഷ്യങ്ങൾക്കായി എങ്ങനെയൊക്കെയാണ് ഉപയോഗിക്കപ്പെട്ടത് എന്ന് ഈ പുസ്തകത്തിലെ ചരിത്ര രേഖകൾ വെളിപ്പെടുത്തുന്നു
ഒന്നാം ലോക യുദ്ധാനന്തരം ബ്രിട്ടന്റെ കോളനി പോലെ പ്രവർത്തിച്ചിരുന്ന പലസ്തീൻ അക്കാലത്ത് ബ്രിട്ടന്റെ രാഷ്ട്രീയലക്ഷ്യങ്ങൾക്കായി എങ്ങനെയൊക്കെയാണ് ഉപയോഗിക്കപ്പെട്ടത് എന്ന് ഈ പുസ്തകത്തിലെ ചരിത്ര രേഖകൾ വെളിപ്പെടുത്തുന്നു

ഒരു നൂറ്റാണ്ടുമുമ്പ് ആഗോള മാധ്യമങ്ങൾ വായിക്കുകയും അവ വിശകലനം ചെയ്യുകയും ചെയ്യുന്നതിലൂടെ മുഹമ്മദ് കണ്ണ് ആർജിച്ചെടുത്ത നിരീക്ഷണ ശേഷിയുടെ കുശാഗ്രത ഈ പുസ്തകം വായിക്കുമ്പോൾ നമുക്ക് മനസ്സിലാകും. സംഭവബഹുലവും ബാഹ്യതാത്പര്യങ്ങൾ കൊണ്ട് നിരവധി ദിശാ വ്യതിയാനങ്ങൾക്ക് വിധേയമാകുകയും ചെയ്ത ഒരു ചരിത്രമാണ് പലസ്തീനുള്ളത്. ഒന്നാം ലോക യുദ്ധാനന്തരം ബ്രിട്ടന്റെ കോളനി പോലെ പ്രവർത്തിച്ചിരുന്ന പലസ്തീൻ അക്കാലത്ത് ബ്രിട്ടന്റെ രാഷ്ട്രീയലക്ഷ്യങ്ങൾക്കായി എങ്ങനെയൊക്കെയാണ് ഉപയോഗിക്കപ്പെട്ടത് എന്ന് ഈ പുസ്തകത്തിലെ ചരിത്ര രേഖകൾ വെളിപ്പെടുത്തുന്നു.

ഈ പുസ്തകത്തിന്റെ ഏറ്റവും വലിയ പ്രസക്തി, അതിൽ ഉദ്ധരിച്ചിരിക്കുന്ന അമൂല്യമായ ചരിത്രരേഖകളാണ്. അപൂർവവും സുപ്രധാനവുമായ ഈ രേഖകൾ പിന്നീട് മലയാളത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട ഒരു പലസ്തീൻ ചരിത്രപുസ്തകത്തിനും ഉദ്ധരിക്കാൻ സാധിച്ചിട്ടില്ല.

പുസ്തകത്തിന്റെ ഏറ്റവും വലിയ പ്രസക്തി, അതിൽ ഉദ്ധരിച്ചിരിക്കുന്ന അമൂല്യമായ ചരിത്രരേഖകളാണ്. അപൂർവവും സുപ്രധാനവുമായ ഈ രേഖകൾ പിന്നീട് മലയാളത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട ഒരു പലസ്തീൻ ചരിത്രപുസ്തകത്തിനും ഉദ്ധരിക്കാൻ സാധിച്ചിട്ടില്ല. തുടർ പ്രസാധനം സാധ്യമാകാതെ ഈ പുസ്തകം വിസ്മൃതിയിലേക്ക് പോയതുതന്നെയാകണം കാരണം. അല്ലായിരുന്നുവെങ്കിൽ പുതിയ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളിൽ നിന്നുകൊണ്ട് കൂടുതൽ ആഴമുള്ള വിശകലനങ്ങൾ നടത്താൻ ഈ പുസ്തകം മുന്നോട്ട് വെച്ച ചരിത്രരേഖകൾക്കും നിരീക്ഷണങ്ങൾക്കും സാധിച്ചേനെ.

ഈ വിഷയത്തിൽ കൂടുതൽ ഗഹനമായ ഗ്രന്ഥം രചിക്കണമെന്ന തന്റെ ആഗ്രഹം ഗ്രന്ഥകാരൻ ഇതിൽ പ്രകടിപ്പിക്കുന്നുണ്ട്. പക്ഷെ ദൗർഭാഗ്യവശാൽ അദ്ദേഹത്തിന് അതിന് കഴിഞ്ഞില്ല. 1956ൽ അദ്ദേഹം മരിച്ചു. പലസ്തീൻ എന്ന ഒരു രാജ്യം പൂർണമായും നിലനിന്ന ഒരു ചരിത്രഘട്ടത്തിൽ നിന്നാണ് അദ്ദേഹം ഈ പുസ്തകം രചിക്കുന്നത്. എന്നാൽ ആ രാജ്യത്തിന്റെ ഭാവി എങ്ങോട്ടാണ് പൊയ്‌ക്കൊണ്ടിരിക്കുന്നതെന്ന് ഇതിന്റെ ഓരോ വരിയിലൂടെയും ഗ്രന്ഥകാരൻ വായനക്കാരുമായി സംവദിക്കുന്നുണ്ട്.

 ബ്രിട്ടനും സഖ്യ കക്ഷികളും വക്രബുദ്ധിയിൽ അവർക്കൊപ്പമെത്താത്ത അറബികളെ കബളിപ്പിച്ച് പശ്ചിമേഷ്യയിൽ  നടത്തുന്ന രാഷ്ട്രീയാഭ്യാസങ്ങളുടെ  പ്രത്യാഘാതം എങ്ങനെയൊക്കെയായിരിക്കുമെന്ന് പ്രവചനാത്മകമായാണ് ഈ പുസ്തകം വിലയിരുത്തുന്നത്./ photo: wikipedia
ബ്രിട്ടനും സഖ്യ കക്ഷികളും വക്രബുദ്ധിയിൽ അവർക്കൊപ്പമെത്താത്ത അറബികളെ കബളിപ്പിച്ച് പശ്ചിമേഷ്യയിൽ നടത്തുന്ന രാഷ്ട്രീയാഭ്യാസങ്ങളുടെ പ്രത്യാഘാതം എങ്ങനെയൊക്കെയായിരിക്കുമെന്ന് പ്രവചനാത്മകമായാണ് ഈ പുസ്തകം വിലയിരുത്തുന്നത്./ photo: wikipedia

അക്കാലത്ത് ബ്രിട്ടൻ പശ്ചിമേഷ്യയിൽ നടത്തിയ കുൽസിതമായ രാഷ്ട്രീയ ഇടപെടലുകൾ എങ്ങനെയൊക്കെയായിരുന്നു എന്ന് ലോകത്തിന് ഇന്നറിയാം. എന്നാൽ ആശയ വിനിമയ പ്രക്രിയകൾ ഒട്ടും വികസിച്ചിട്ടില്ലാത്ത, ആ ഇടപെടലുകൾ നടക്കുന്ന, കാലത്ത് ലോകത്തിന് അത് അത്രമാത്രം വ്യക്തതയോടെ അറിയുമായിരുന്നില്ല. രേഖകളും തെളിവുകളും ഉദ്ധരിച്ച് അക്കാലത്തുനിന്ന് തന്റെ വായനക്കാർക്ക് അത് വ്യക്തമാക്കിക്കൊടുത്തു എന്നതാണ് ഈ പുസ്തകത്തിന്റെ പ്രധാന സവിശേഷത.

ജൂതന്മാരും അറബികളും തമ്മിലുള്ള തർക്കത്തിൽ തങ്ങൾക്ക് പക്ഷമില്ലെന്നും തർക്കത്തിൽ ഐക്യരാഷ്ട്രസഭയുടെ നിർദേശം പാലിക്കുക മാത്രമേ തങ്ങൾ ചെയ്യുന്നുള്ളൂ എന്നുമുള്ള ബ്രിട്ടന്റെ എല്ലാ അവകാശവാദങ്ങളെയും തകർത്തുകളയുന്ന അനേകം ചരിത്രരേഖകൾ പുസ്തകത്തിൽ ചേർത്തിട്ടുണ്ട്.

അസാമാന്യമായ വിശകലന പ്രക്രിയ ഈ പുസ്തകം നടത്തുന്നുണ്ട്. ബ്രിട്ടനും സഖ്യ കക്ഷികളും വക്രബുദ്ധിയിൽ അവർക്കൊപ്പമെത്താത്ത അറബികളെ കബളിപ്പിച്ച് പശ്ചിമേഷ്യയിൽ നടത്തുന്ന രാഷ്ട്രീയാഭ്യാസങ്ങളുടെ പ്രത്യാഘാതം എങ്ങനെയൊക്കെയായിരിക്കുമെന്ന് പ്രവചനാത്മകമായാണ് ഈ പുസ്തകം വിലയിരുത്തുന്നത്. അക്കാലത്തെ ബ്രിട്ടീഷ് പത്രങ്ങളിൽ ഈ വിഷയവുമായി ബന്ധപ്പെട്ട് വന്ന അനേകം റിപ്പോർട്ടുകളും വിഷയ വ്യക്തതക്ക് പുസ്തകം ഉദ്ധരിക്കുന്നുണ്ട്. റഷ്യ, ബ്രിട്ടൻ ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങൾ പലസ്തീൻ വിഷയത്തിൽ നടത്തിയ ഗൂഡാലോചനയുടെ അനേകം രേഖകളും ഗ്രന്ഥകാരൻ ഇതിൽ പരിഭാഷപ്പെടുത്തി ചേർത്തിട്ടുണ്ട്.

1915 ഒക്ടോബർ 23ന് ഈജിപ്തിലെ ബ്രിട്ടീഷ് ഹൈക്കമീഷണറായിരുന്ന സർ ഹെൻട്രി മക്‌മോഹൻ അറേബ്യൻ ഉപദ്വീപിലെ തുർക്കി ഗവർണറായിരുന്ന ശരീഫ് ഹുസൈന് അയച്ച ഒരു കത്ത് ഒരുദാഹരണമാണ്. അതിങ്ങനെയാണ്:

‘മക്കയിലെ ശരീഫ് അവർകൾക്ക്: താങ്കളുടെ ശവ്വാൽ ഒമ്പതാം തീയതിയിലെ (സെപ്തംബർ 9) കത്ത് സസന്തോഷം കൈപ്പറ്റി. താങ്കളുടെ സൗഹാർദ്ദപരവും ആത്മാർഥവുമായ ആശയപ്രകടനങ്ങൾ എന്നെ അത്യധികം സംതൃപ്തനാക്കി. എന്റെ കഴിഞ്ഞ കത്തിൽ നിന്നും, അതിർത്തികളെയും എലുകകളെയും സംബന്ധിച്ച പ്രശ്‌നങ്ങളെ നിരുത്സാഹത്തോടും സംശയ മനഃസ്ഥിതിയോടെയുമാണ് ഞാൻ സമീപിക്കുന്നതെന്ന് താങ്കൾ വിചാരിച്ച് കളഞ്ഞല്ലോ? ഞാൻ അതിൽ ഖേദിക്കുന്നു. താങ്കളുടെ ഊഹം ശരിയല്ല. അവയെ സംബന്ധിച്ച് ചർച്ച ചെയ്യേണ്ട സന്ദർഭം വന്നില്ലെന്നേ ഞാൻ ഉദ്ദേശിച്ചുള്ളൂ. താങ്കളുടെ കത്തിലെ വിവരങ്ങൾ ഞാൻ ബ്രിട്ടനിലെ ഗവൺമെന്റിനെ അറിയിച്ചു. അവർക്കുവേണ്ടി താഴെ പറയുന്ന പ്രസ്താവന നടത്താൻ എനിക്ക് സന്തോഷമുണ്ട്. അത് താങ്കളെ സംതൃപ്തനാക്കുമെന്നും ഞാൻ വിശ്വസിക്കുന്നു.'

ബ്രിട്ടീഷ് ഹൈക്കമീഷണറായിരുന്ന സർ ഹെൻട്രി മക്‌മോഹനും അറേബ്യൻ ഉപദ്വീപിലെ തുർക്കി ഗവർണറായിരുന്ന ശരീഫ് ഹുസൈനും/ photo: wikipedia
ബ്രിട്ടീഷ് ഹൈക്കമീഷണറായിരുന്ന സർ ഹെൻട്രി മക്‌മോഹനും അറേബ്യൻ ഉപദ്വീപിലെ തുർക്കി ഗവർണറായിരുന്ന ശരീഫ് ഹുസൈനും/ photo: wikipedia

ഒന്നാം ലോകയുദ്ധത്തിൽ തുർക്കിയെ പരാജയപ്പെടുത്താൻ കൂടെ നിന്നാൽ പലസ്തീൻ അടങ്ങുന്ന അറബ് പ്രദേശങ്ങളെല്ലാം ചേർത്ത് ഒരു വിശാല അറബ് രാജ്യം ഉണ്ടാക്കി നൽകാം എന്ന ബ്രിട്ടന്റെ വാക്ക് വിശ്വസിച്ചാണ് മക്കയിലെ ഗവർണർ ശരീഫ് ഹുസൈൻ ബ്രിട്ടനുമായി ബന്ധം സ്ഥാപിക്കുന്നത്. അതിന്റെ ഭാഗമായി നടക്കുന്ന അനേകം കത്തിടപാടുകളിൽ ഒന്ന് മാത്രമാണിത്.

ബ്രിട്ടീഷ് ഹൈക്കമീഷണർ ശരീഫ് ഹുസൈന് നൽകാൻ സമ്മതിക്കുന്ന അറബ് രാജ്യത്തിന്റെ അതിർത്തികളും രേഖകളുമാണ് കത്തിൽ വിശദീകരിക്കുന്നത്. തങ്ങളെ അവിശ്വസിക്കേണ്ടതില്ല എന്ന ഉറപ്പ് ഒന്നുകൂടി ബ്രിട്ടൻ ശരീഫ് ഹുസൈന് കൊടുക്കുകയാണ് ഈ കത്തിലൂടെ. എന്നാൽ ഇതേ ശരീഫ് ഹുസൈനെ ഒടുവിൽ ബ്രിട്ടൻ നിരാർദ്രം കൈവിടുകയും രാഷ്ട്രീയാഭയാർഥിയെ പോലെ ഗാർഹ്യമായി ഓടിപ്പോകേണ്ട ഗതികേടിലേക്ക് അദ്ദേഹത്തെ തള്ളിയിടുകയും ചെയ്ത കാഴ്ചക്കാണ് പിന്നീട് ലോകം സാക്ഷ്യം വഹിച്ചത്.

അറബികളുടെ പൊതുസ്വഭാവം മനസിലാക്കി അവരെ കൈകാര്യം ചെയ്യാൻ ബ്രിട്ടൻ നടത്തിയ മൂന്നാംകിട നീക്കങ്ങൾ, വാഗ്ദാന ലംഘനങ്ങൾ, കൃത്രിമ രേഖ ചമച്ച് അറബ് ഭരണാധികാരികളെ വഞ്ചിച്ച രീതികൾ തുടങ്ങി ഒട്ടനേകം സംഗതികളുടെ നേർചിത്രങ്ങൾ തെളിവുസഹിതം ഈ പുസ്തകം വായനക്കാർക്ക് മുമ്പിൽ തുറക്കുന്നു.

ഇതേകാലത്ത് അറബികൾ അറിയാതെ ബ്രിട്ടൻ ജൂതന്മാരുടെ വിഷയത്തിൽ റഷ്യ, ഫ്രാൻസ് എന്നീ രാജ്യങ്ങളുമായി സംസാരിക്കുന്നതിന്റെ രേഖകളും ഈ പുസ്തകം വെളിച്ചത്തു കൊണ്ടുവരുന്നുണ്ട്. ആ ചർച്ചകൾക്കും ധാരണകൾക്കും ശേഷം റഷ്യ ബ്രിട്ടന് എഴുതുന്ന പെട്രോഗ്രാഡ് മെമ്മോറാണ്ടം എന്നറിയപ്പെടുന്ന ഒരു കത്തിന്റെ ഭാഗം പുസ്തകത്തിൽ പരിഭാഷപ്പെടുത്തി ഉദ്ധരിക്കുന്നത് ഇങ്ങനെയാണ്:

‘ഈ വീക്ഷണഗതി ശരിയാണെങ്കിൽ യഹൂദപക്ഷത്തെ പിന്താങ്ങുന്നവർക്ക് രാഷ്ട്രീയമായ പല പ്രധാന കാര്യങ്ങളും സാധിക്കാവുന്നതാണ്. അവയിൽ ഒന്ന്, പൗരസ്ത്യദേശങ്ങളിലും അമേരിക്കയിലും മറ്റ് രാജ്യങ്ങളിലുമുള്ള യഹൂദന്മാരുടെ ഇന്നത്തെ വിരുദ്ധ മനഃസ്ഥിതി മാറ്റി അവരെ ഐക്യകക്ഷികളുടെ ഭാഗത്ത് ചേർക്കാൻ സാധിക്കുമെന്നുള്ളതാണ്. പലസ്തീനിലെ അറബികളുമായി മത്സരിക്കാൻ കഴിയുന്ന വിധത്തിൽ ജൂതന്മാരുടെ സംഖ്യ വർദ്ധിക്കുമ്പോൾ, അവിടുത്തെ ആഭ്യന്തര ഭരണം കയ്യേൽക്കുന്നതിന് അവരെ പ്രാപ്തരാക്കി തീർക്കുന്നതിനുള്ള വ്യവസ്ഥകൾ കൂടി ഈ പദ്ധതിയിൽ ഉൾപ്പെടുത്തുന്ന പക്ഷം അത് ഭൂരിപക്ഷം യഹൂദന്മാരെയും ആകർഷിക്കുമെന്നാണ് ചക്രവർത്തിയുടെ ഗവൺമെൻറ്​ വിചാരിക്കുന്നത്.’

ഒന്നാം ലോകയുദ്ധത്തിൽ തുർക്കിയെ പരാജയപ്പെടുത്താൻ കൂടെ നിന്നാൽ പലസ്തീൻ അടങ്ങുന്ന അറബ് പ്രദേശങ്ങളെല്ലാം ചേർത്ത് ഒരു വിശാല അറബ് രാജ്യം ഉണ്ടാക്കി നൽകാം എന്ന ബ്രിട്ടന്റെ വാക്ക് വിശ്വസിച്ചാണ് മക്കയിലെ ഗവർണർ ശരീഫ് ഹുസൈൻ ബ്രിട്ടനുമായി ബന്ധം സ്ഥാപിക്കുന്നത്
ഒന്നാം ലോകയുദ്ധത്തിൽ തുർക്കിയെ പരാജയപ്പെടുത്താൻ കൂടെ നിന്നാൽ പലസ്തീൻ അടങ്ങുന്ന അറബ് പ്രദേശങ്ങളെല്ലാം ചേർത്ത് ഒരു വിശാല അറബ് രാജ്യം ഉണ്ടാക്കി നൽകാം എന്ന ബ്രിട്ടന്റെ വാക്ക് വിശ്വസിച്ചാണ് മക്കയിലെ ഗവർണർ ശരീഫ് ഹുസൈൻ ബ്രിട്ടനുമായി ബന്ധം സ്ഥാപിക്കുന്നത്

രഹസ്യമായി നടത്തിയ ഈ വിചാരങ്ങളും ആസൂത്രണങ്ങളും എത്ര കൃത്യതയോടെയാണ് പിന്നീട് അവിടെ സംഭവിച്ചത് എന്ന് ഈ പുസ്തകത്തിന്റെ രചനാകാലഘട്ടത്തിനുശേഷമുള്ള ചരിത്രം നമുക്ക് വിവരിച്ചുതരുന്നുണ്ട്. ജൂതന്മാരും അറബികളും തമ്മിലുള്ള തർക്കത്തിൽ തങ്ങൾക്ക് പക്ഷമില്ലെന്നും തർക്കത്തിൽ ഐക്യരാഷ്ട്രസഭയുടെ നിർദേശം പാലിക്കുക മാത്രമേ തങ്ങൾ ചെയ്യുന്നുള്ളൂ എന്നുമുള്ള ബ്രിട്ടന്റെ എല്ലാ അവകാശവാദങ്ങളെയും തകർത്തുകളയുന്ന അനേകം ചരിത്രരേഖകൾ പുസ്തകത്തിൽ ചേർത്തിട്ടുണ്ട്. ഈ രേഖകൾ തേടിപ്പിടിച്ച് കണ്ടെത്തുവാൻ ഗ്രന്ഥകാരൻ അന്നത്തെ കാലത്ത് നടത്തിയ അദ്ധ്വാനത്തെ അംഗീകരിച്ചുകൊടു​ത്തേ മതിയാകൂ.

പലസ്തീൻ വിഷയം എങ്ങനെയൊക്കെ കൈകാര്യം ചെയ്യപ്പെട്ടു എന്ന് ഒരു ചരിത്ര വിദ്യാർത്ഥിക്ക് വ്യക്തതയോടെ പഠിക്കാൻ കഴിയുന്ന വിധം സ്പഷ്ടവും ആധികാരികവുമായ രേഖകളോടെ എഴുതപ്പെട്ട ഇങ്ങനെയൊരു പുസ്തകം ഇത്രനാളും അവഗണിക്കപ്പെട്ടുകിടന്നു എന്നത് ആശ്ചര്യകരമാണ്.

അക്കാലത്തെ ഇംഗ്ലീഷ് പത്രങ്ങളിൽ വന്ന പല റിപ്പോർട്ടുകളും സംഗ്രഹിച്ച് ഇതിൽ ചേർത്തിട്ടുണ്ട്. പ്രഗത്ഭരായ പല വ്യക്തികളും എഴുതിയ കോളങ്ങളും പരിഭാഷപ്പെടുത്തി ചേർത്തിരിക്കുന്നതായി കാണാം. ബാൽഫർ പ്രഖ്യാപനത്തിനു ശേഷം അറബ് ഭരണാധികാരികളിൽ ബ്രിട്ടനെ സംബന്ധിച്ച് ഉടലെടുത്ത സംശയം ദൂരീകരിക്കാൻ സർ ആർതർ ബാൽഫർ നേരിട്ട് ഹുസൈൻ രാജാവിന് എഴുതിയ കത്തിന്റെ പരിഭാഷയും പുസ്തകത്തിൽ കാണാം. എത്ര ഹീനമായാണ് ബ്രിട്ടനും സഖ്യകക്ഷികളും ചേർന്ന് ഒരു ജനതയെ ചതിച്ചതെന്ന് അസംഖ്യം തെളിവുകൾ നിരത്തി പുസ്തകം തെളിയിക്കുന്നു. അറബികളുടെ പൊതുസ്വഭാവം മനസിലാക്കി അവരെ കൈകാര്യം ചെയ്യാൻ ബ്രിട്ടൻ നടത്തിയ മൂന്നാംകിട നീക്കങ്ങൾ, മുൻകൂട്ടി ഉറപ്പിച്ചുള്ള വാഗ്ദാന ലംഘനങ്ങൾ, കൃത്രിമ രേഖ ചമച്ച് അറബ് നേതാക്കളെ വഞ്ചിക്കുന്നത്, പ്രീണിപ്പിച്ചും പുകഴ്ത്തിയും വശംവദരാക്കിയും അറബ് ഭരണാധികാരികളെ വഞ്ചിച്ച രീതികൾ തുടങ്ങി ഒട്ടനേകം സംഗതികളുടെ നേർ ചിത്രങ്ങൾ തെളിവുസഹിതം ആധികാരികമായി ഈ പുസ്തകം വായനക്കാർക്ക് മുമ്പിൽ തുറക്കുന്നു.

1936ൽ ടൈംസ് പത്രത്തിൽ ഡോ. വീസ്​മാന്റെ ബൈലൈനിൽ വന്ന ഒരു സുപ്രധാന ലേഖനത്തിൽ, മക്കയിലെ ശരീഫ് ഹുസൈന്റെ മകൻ അമീർ ഫൈസലിന്റെ ഒരു കത്ത് തെറ്റായി പരിഭാഷപ്പെടുത്തി വ്യാജ ഉടമ്പടി രൂപപ്പെടുത്തിയ വിവരങ്ങളും പുസ്തകത്തിലുണ്ട്.

പലസ്തീൻ വിഭജനം എന്നൊരു ആശയമാണ് അക്കാലത്ത് പ്രശ്‌നപരിഹാരമായി അന്താരാഷ്ട്രാ വേദികളിൽ ഉയർന്നുകേട്ടിരുന്നത്/ photo: Ahmad Mesleh
പലസ്തീൻ വിഭജനം എന്നൊരു ആശയമാണ് അക്കാലത്ത് പ്രശ്‌നപരിഹാരമായി അന്താരാഷ്ട്രാ വേദികളിൽ ഉയർന്നുകേട്ടിരുന്നത്/ photo: Ahmad Mesleh

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകം മുതൽ പലസ്തീൻ വിഷയം എങ്ങനെയൊക്കെ കൈകാര്യം ചെയ്യപ്പെട്ടു എന്ന് ഒരു ചരിത്ര വിദ്യാർത്ഥിക്ക് കാലഗണനാ ക്രമത്തിൽ വിഷയവ്യക്തതയോടെ പഠിക്കാൻ കഴിയുന്ന വിധം സ്പഷ്ടവും ആധികാരികവുമായ രേഖകളോടെ എഴുതപ്പെട്ട ഇങ്ങനെയൊരു പുസ്തകം ഇത്രനാളും അവഗണിക്കപ്പെട്ടുകിടന്നു എന്നത് ആശ്ചര്യകരമാണ്.

പലസ്തീൻ വിഭജനം എന്നൊരു ആശയമാണ് അക്കാലത്ത് പ്രശ്‌നപരിഹാരമായി അന്താരാഷ്ട്രാ വേദികളിൽ ഉയർന്നുകേട്ടിരുന്നത്. നിലവിലെ അവിഭക്ത പലസ്തീൻ വിഭജിച്ച് ജൂതർക്ക് ഇസ്രായേലും അറബികൾക്ക് പലസ്തീനും എന്ന രണ്ട് രാജ്യങ്ങൾ ഉണ്ടാക്കുക എന്നതായിരുന്നു അക്കാലത്തെ ചർച്ചകളുടെ കാതൽ. ആ ചർച്ചകൾ കൊടുമ്പിരിക്കൊണ്ടുനിൽക്കുന്ന കാലത്താണ് ഈ പുസ്തകം രചിക്കപ്പെടുന്നത്. ഇതിലെ ഒരു അധ്യായത്തിന്റെ പേര് ‘പലസ്തീൻ വിഭജനം പ്രശ്‌ന പരിഹാരമാണോ' എന്ന ചോദ്യം ഉന്നയിച്ചുകൊണ്ടുള്ളതാണ്. ഇസ്രായേൽ രൂപീകരണത്തിനുശേഷം അതുണ്ടാക്കിയ പ്രത്യാഘാതങ്ങളും കൂട്ടക്കൊലകളും പരിശോധിക്കുന്ന ഒരാൾക്ക് ഈ തലക്കെട്ടിന് കീഴെ ഗ്രന്ഥകാരൻ നടത്തുന്ന നിരീക്ഷണങ്ങളുടെ അസാമാന്യമായ പ്രവചനസ്വഭാവങ്ങളിൽ ആശ്ചര്യം തോന്നും. ഇന്നും രണ്ട് ജനതക്കും സ്വസ്ഥമായി ജീവിക്കാൻ കഴിയാത്ത വിധം രൂപപ്പെട്ട രാഷ്ട്രീയ സാഹചര്യങ്ങളെ സംബന്ധിച്ച് ഗ്രന്ഥകാരൻ വിശകലനം ചെയ്യുന്നുണ്ട്. വരും കാലത്ത് ബ്രിട്ടന്റെ മേൽ പതിച്ചുകിട്ടാൻ പോകുന്ന വഞ്ചനാപട്ടത്തെ സംബന്ധിച്ചും ഓർമപ്പെടുത്തുന്നു. ഇതിന്റെ പേജുകളിലൂടെ കടന്നുപോകുമ്പോൾ, ഇത്രമാത്രം ആഴത്തിൽ അന്താരാഷ്ട്ര പ്രശ്‌നങ്ങളെ വിലയിരുത്തിയിരുന്ന ഗ്രന്ഥകാരനും പുസ്തകവും തമസ്‌കരിക്കപ്പെട്ടുപോയല്ലോ എന്ന് പരിവേദനപ്പെടാതിരിക്കാൻ കഴിയുന്നില്ല. മലയാളത്തിലെ ചരിത്ര സാഹിത്യ ശാഖക്ക് ഒരു മുതൽക്കൂട്ട് തന്നെയാകും ഇതിന്റെ പുനഃപ്രസിദ്ധീകരണം.

ഇസ്രായേൽ രാഷ്ട്രരൂപീകരണത്തിനുമുമ്പുതന്നെ ഒരു മലയാളി ഗഹനമായ ഈയൊരു വിഷയത്തെ രേഖകളും തെളിവുകളും നിരത്തിയും വിശകലനാത്മകമായ അന്വേഷണങ്ങൾ നടത്തിയും സമീപിച്ചിരിക്കുന്നു എന്നതാണ് ഈ പുസ്തകത്തെ സംബന്ധിച്ച ഏറ്റവും വലിയ ഒരാവകാശവാദം.

ഇസ്രായേൽ രൂപീകരണത്തിനുശേഷം എഴുതപ്പെട്ട ചരിത്ര കൃതികളെയാണ് ഈ വിഷയത്തിലെ പുതിയ എഴുത്തുകൾക്കുവേണ്ടി ആളുകൾ മിക്കപ്പോഴും അവലംബമാക്കാറ്​. ആ അവലംബങ്ങളുടെ പ്രധാന പോരായ്മ, അത്തരം ഗ്രന്ഥങ്ങളിൽ പല തരം രാഷ്ട്രീയ പക്ഷപാതിത്വങ്ങളുമുണ്ട് എന്നതാണ്. ഇസ്രായേൽ രാഷ്ട്രരൂപീകരണത്തെ തുടർന്നുണ്ടായ രാഷ്ട്രീയ, സാമൂഹിക മാറ്റങ്ങൾ അത്തരം കൃതികളെ വലിയ നിലയിൽ സ്വാധീനിച്ചിട്ടുണ്ടാകും. എന്നാൽ, ഇസ്രായേൽ രാഷ്ട്രരൂപീകരണത്തിനുമുമ്പുതന്നെ ഒരു മലയാളി ഗഹനമായ ഈയൊരു വിഷയത്തെ രേഖകളും തെളിവുകളും നിരത്തിയും വിശകലനാത്മകമായ അന്വേഷണങ്ങൾ നടത്തിയും സമീപിച്ചിരിക്കുന്നു എന്നതാണ് ഈ പുസ്തകത്തെ സംബന്ധിച്ച ഏറ്റവും വലിയ ഒരാവകാശവാദം. ഈയൊരു വീണ്ടെടുക്കൽ മലയാളത്തിലെ പലസ്തീൻ വിഷയ സംബന്ധിയായ തുടർരചനകൾക്ക് മാത്രമല്ല, പുസ്തകം കടന്നുപോകുന്ന ചരിത്രസന്ധികളിൽ ഒളിഞ്ഞിരിക്കുന്ന അനേകം വിവരങ്ങളുടെ വിശകലനങ്ങൾക്കുകൂടി കാരണമാകും. അത്രമാത്രം ഗഹനതയോടെയും വ്യക്തതയോടെയുമാണ് വിഷയങ്ങൾ സമീപിക്കപ്പെട്ടിരിക്കുന്നത്.

പുസ്തകത്തിന്റെ മറ്റൊരു പ്രത്യേകത, ഇതൊരു മതാത്മകമായ രചനയല്ല എന്നതാണ്. പലസ്തീൻ വിഷയത്തിൽ മതാത്മകമായ പരിപ്രേക്ഷ്യങ്ങൾ കടന്നുവരുന്നത് ഇസ്​ലാമിസ്​റ്റ്​ രാഷ്ട്രീയത്തിന്റെ കടന്നുവരവോടെയാണ്. ഇന്നും ഇസ്​ലാമിസ്റ്റ് രാഷ്ട്രീയ പോരാട്ടം നടക്കുന്നത് മതാത്മകമായ ഒരു സ്വതന്ത്ര പലസ്തീൻ രാഷ്ട്രം രൂപീകരിക്കാനാണ്. എന്നാൽ മതേതരചേരി പലസ്തീന് നൽകുന്ന പിന്തുണ ഒരു മതേതര ജനാധിപത്യ രാഷ്ട്രം അവിടെ പുലരണം എന്ന ആഗ്രഹം കൊണ്ടാണ്. പോരാട്ട ഭൂമികയിൽ നിലനിൽക്കുന്ന വിമോചന സംഘടനകൾക്ക് പിന്തുണ നൽകുമ്പോഴും മതേതര രാഷ്ട്രീയവും ഇസ്​ലാമിസ്റ്റ് രാഷ്ട്രീയവും തമ്മിൽ വിയോജിക്കുന്നത് ഈയൊരു വീക്ഷണത്തിലാണ്.

പുസ്തകത്തിന്റെ  മറ്റൊരു പ്രത്യേകത, ഇതൊരു മതാത്മകമായ രചനയല്ല എന്നതാണ്. പലസ്തീൻ വിഷയത്തിൽ മതാത്മകമായ പരിപ്രേക്ഷ്യങ്ങൾ കടന്നുവരുന്നത് ഇസ്​ലാമിസ്​റ്റ്​ രാഷ്ട്രീയത്തിന്റെ കടന്നുവരവോടെയാണ്
പുസ്തകത്തിന്റെ മറ്റൊരു പ്രത്യേകത, ഇതൊരു മതാത്മകമായ രചനയല്ല എന്നതാണ്. പലസ്തീൻ വിഷയത്തിൽ മതാത്മകമായ പരിപ്രേക്ഷ്യങ്ങൾ കടന്നുവരുന്നത് ഇസ്​ലാമിസ്​റ്റ്​ രാഷ്ട്രീയത്തിന്റെ കടന്നുവരവോടെയാണ്

പലസ്തീന്റെ വിഷയത്തിൽ പുലർത്തുന്ന ഈ വീക്ഷണ വൈജാത്യം പരിഗണിക്കുമ്പോൾ രാഷ്ട്രത്തിലും രാഷ്ട്രീയത്തിലും മതം കലരാതെയുള്ള ശുദ്ധമായ മതേതര വീക്ഷണം ഉയർത്തിപ്പിടിച്ചാണ് 80 വർഷങ്ങൾക്ക് മുമ്പ് ഈ പുസ്തക രചന നടത്തിയിരിക്കുന്നതെന്ന് മനസിലാക്കാൻ കഴിയും. പലസ്തീൻ പ്രശ്‌നത്തെ മതപരമായ ഒരു പ്രശ്‌നമായല്ല, മറിച്ച് ഒരു സർവ്വരാഷ്ട്ര പ്രശ്‌നമായാണ് ഗ്രന്ഥകാരൻ വീക്ഷിക്കുന്നത്.1945 ഒക്ടോബറിൽ ബോംബെ ക്രോണിക്കിളിൽ കമലാദേവി ചതോപാധ്യായ എഴുതിയ ഒരു ലേഖനത്തെ പരാമർശിച്ചും അവർ അതിനെ സമീപിച്ച രീതിയെ പ്രശംസിച്ചുമാണ് ‘പലസ്തീൻ ഒരു സർവ രാഷ്ട്രീയ പ്രശ്‌നം' എന്ന അദ്ധ്യായം ആരംഭിക്കുന്നത്. അവർ പുലർത്തുന്ന വീക്ഷണത്തെ പിന്താങ്ങി ആ ലേഖനത്തിന്റെ പരിഭാഷയും പുസ്തകത്തിന്റെ അവസാന ഭാഗത്ത് ചേർക്കുന്നുണ്ട്.

ഏറ്റവും ഒടുവിൽ, പുസ്തകം പ്രസിദ്ധീകരിക്കുന്ന സമയത്ത് നടക്കുന്ന ആംഗ്ലോ-അമേരിക്കൻ പലസ്തീൻ കമീഷൻ നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളെയും അവരുടെ റിപ്പോർട്ടിനെയും നിശിത വിശകലനങ്ങൾക്ക് വിധേയമാക്കിക്കൊണ്ടാണ് പുസ്തകം അവസാനിക്കുന്നത്.

പുസ്തകത്തിന്റെ ഓരോ വരിയിലും അനീതിക്ക് നേരെയുള്ള വിയോജിപ്പുകളും ഒരു ജനതയുടെ ആത്മാഭിമാനത്തിന് നൽകുന്ന പിന്തുണയും നമുക്ക് വായിച്ചെടുക്കാം. അതാണ് 56 പേജ് മാത്രമുള്ള ഈ പുസ്തകത്തിന്റെ ഏറ്റവും വലിയ സവിശേഷത.

പലസ്തീൻ ചരിത്രത്തെയും രാഷ്ട്രീയത്തെയും വസ്തുതകൾ മുന്നിൽ വെച്ച് നിഷ്പക്ഷമായി വിലയിരുത്തുമ്പോഴും പുസ്തകത്തിന്റെ ഓരോ വരിയിലും അനീതിക്ക് നേരെയുള്ള വിയോജിപ്പുകളും ഒരു ജനതയുടെ ആത്മാഭിമാനത്തിന് നൽകുന്ന പിന്തുണയും നമുക്ക് വായിച്ചെടുക്കാം. അതാണ് 56 പേജ് മാത്രമുള്ള ഈ പുസ്തകത്തിന്റെ ഏറ്റവും വലിയ സവിശേഷത. സാധ്യതകളെ സംബന്ധിച്ച് ശുഭ പ്രതീക്ഷ പുലർത്തുമ്പോഴും ഭാവിയിൽ ആ ജനതക്ക് സംഭവിക്കാൻ പോകുന്ന വലിയൊരു ദുരന്തത്തിന്റെ ആകുലത അവസാന ഭാഗങ്ങളിൽ ഗ്രന്ഥകാരൻ പ്രകടിപ്പിക്കുന്നുണ്ട്. ജൂത ജനതയെ ശത്രുതാപരമായ മുൻവിധികളോടെ സമീപിക്കുന്നില്ല എന്നതാണ് പുസ്തകത്തിന്റെ മറ്റൊരു സവിശേഷത. അവരെ ഉപകരണമാക്കി ആഗോള രാഷ്ട്രീയം നടത്തിയ സ്വാർത്ഥത നിറഞ്ഞ കളികളെ സംബന്ധിച്ചാണ് വായനക്കാരെ ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നത്.

ഇത്ര ഗഹനതയോടെ സാമൂഹികമായും രാഷ്ട്രീയമായും തന്റെ വായനക്കാരെ ബോധവൽകൃതരാക്കാൻ ശ്രമിക്കുന്ന എ മുഹമ്മദ് കണ്ണ് എന്ന പ്രതിഭാധനന്റെ കൂടുതൽ ഗ്രന്ഥങ്ങൾ വരും നാളുകളിൽ വീണ്ടെടുക്കാൻ സാധിക്കട്ടെ. ചരിത്ര പുരുഷന്മാരോട് നമുക്ക് ചെയ്യാവുന്ന ഒരു വലിയ നീതി കൂടിയായിരിക്കുമത്. ▮


എം.എസ്. ഷൈജു

മാധ്യമപ്രവർത്തകൻ, വ്യവസായ സംരംഭകൻ. ഫലസ്തീൻ; തെരുവിൽ നിർത്തപ്പെട്ട ജനത, ശരീഅത്ത്; സാമൂഹിക പാഠങ്ങൾ, കനലടയാളങ്ങൾ എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments