സംഘടന കൊണ്ട് ശക്തമായി, ജാതിബോധം;
ഗുരു സംഘടനാബാഹ്യനായി

ജാതിസ്വത്വം രാഷ്ട്രീയമായി നിർണയിച്ചുറപ്പിക്കുകയാണ് സംഘടനയിലൂടെ സംഭവിച്ചത്. തന്റെ പരീക്ഷണം പ്രായോഗികമായില്ല എന്ന ബോധ്യമാണ് സംഘടനയിൽ നിന്ന്​മാറിനിൽക്കാൻ ഗുരുവിനെ പ്രേരിപ്പിച്ചത്. എസ്.എൻ.ഡി.പി. ഇപ്പോഴും ഗുരുവിനെ ഉയർത്തിക്കാണിച്ച് ശ്രീനാരായണ ധർമപരിപാലനം നടത്തുന്നതിന്റെ വിരോധാഭാസത്തെ ചരിത്രം എങ്ങനെ അടയാളപ്പെടുത്തും?

കേരള നവോത്ഥാന ചരിത്രത്തിലെ നിർണായകസാന്നിധ്യമായി തിരിച്ചറിഞ്ഞിട്ടുള്ള ശ്രീനാരായണഗുരുവിനെ സംബന്ധിച്ച് ‘സാമൂഹ്യവിപ്ലവകാരി' എന്ന പ്രയോഗം വ്യവഹാരങ്ങളിൽ ഉറച്ചിട്ടുണ്ട്. ഈ പ്രയോഗത്തിന്റെ അർഥഗരിമയ്ക്ക് ഗുരു യോജിക്കാത്ത കർതൃത്വമല്ലാത്തതുകൊണ്ട് വ്യാപകമായി വിനിമയം ചെയ്യുന്നുമുണ്ട്.

ഗുരുവിനുമുമ്പും കേരളത്തിൽ വിപ്ലവകാരികളുണ്ടായിട്ടില്ലേ?
സാന്ദർഭികമായി ഉയർന്നുവരാവുന്ന ഒരു സംശയമാണിത്. ഗുരുവിന്റെ കാലത്ത്​ ഇത്തരമൊരു വാക്കേയില്ലായിരുന്നു. പിൽക്കാലത്ത് വന്നുചേർന്ന പ്രയോഗമാണ്. ഈ പ്രയോഗത്തിലെ മൂലവാക്കായ വിപ്ലവത്തിന്​ ശബ്ദതാരാവലി നൽകിയ അർഥം - ഉപദ്രവം, കലഹം, പാപം, ആപത്ത്, ക്രമമില്ലാത്ത യുദ്ധം, നാശം എന്നിങ്ങനെയാണ്. അതായത്, ഇതൊക്കെ ചെയ്യുന്ന ആൾ എന്ന് വിപ്ലവകാരിക്ക് പദാർഥം വരും. ഗുരുവിനെ അപകീർത്തിപ്പെടുത്താനാണോ വിപ്ലവകാരി എന്ന് പ്രയോഗിച്ചതെന്നു സംശയം തോന്നാം. എന്നാൽ നെഗറ്റീവായ അർഥധ്വനി ഇതിനില്ലെന്നുതന്നെ മനസിലാക്കണം. മാർക്‌സിസ്റ്റ് പ്രത്യയശാസ്ത്രം ഭാഷയിൽ പ്രവേശിച്ചതിന്റെ സാക്ഷിമുദ്രകളിലൊന്നാണിത്. അതുകൊണ്ടുതന്നെ ഗുരുവിനെക്കുറിച്ചുള്ള വ്യാഖ്യാനമായി ഇതിനെക്കാണാം.

തന്റെ പരീക്ഷണം പ്രായോഗികമായില്ല എന്ന ബോധ്യമാണ് സംഘടനയിൽ നിന്ന്​ മാറിനിൽക്കാൻ ഗുരുവിനെ പ്രേരിപ്പിച്ചത്.

വിപ്ലവത്തെ നാശമായി കണ്ടിരുന്ന ജന്മിനാടുവാഴിത്ത വ്യവസ്ഥയിലെ അർഥധ്വനിയാണ് ശബ്ദതാരാവലി പങ്കിടുന്നതെന്നുമാത്രം. കാലത്തിനനുസരിച്ചുള്ള പദാർഥവിപുലനം നടന്നിട്ടില്ല എന്ന പരിമിതി കൂടി മനസിലാക്കണമെന്നേയുള്ളൂ. ഈ പ്രയോഗം മറ്റൊരു സാധ്യത തുറന്നിടുന്നത്, പഴയകാലത്തെ പുതിയകാലം നിരീക്ഷിക്കുന്ന, ഉൾക്കൊള്ളുന്ന, രീതിയാണ്. ഗുരു വിപ്ലവകാരിയാണ് എന്ന പിൽക്കാല ഭാവനക്കുള്ളിൽ തന്നെ ഗുരുവിനുമുമ്പ് വിപ്ലവകാരികൾ ഉണ്ടായിട്ടില്ലേ എന്ന ചോദ്യത്തെയും അഭിസംബോധന ചെയ്യേണ്ടതുണ്ട്. കൂടാതെ, സാമൂഹ്യവിപ്ലവകാരി എന്ന പ്രയോഗത്തിൽ ഏതുതരം വിപ്ലവകാരിയാണ് ഗുരുവെന്ന്​ അസന്നിഗ്ധമായ പ്രഖ്യാപനവും ഉള്ളടങ്ങുന്നു. സാമൂഹികമായാണ് വിപ്ലവം ഒരുക്കിയതെന്ന സൂചനയാണിതിലൂടെ വ്യക്തമാകുന്നത്.

നാരായണ​ഗുരു അനുയായികൾക്കൊപ്പം ശിവ​ഗിരി ആശ്രമത്തിൽ / Photo : Keralaculture.org

വിപ്ലവകാരിയുടെ പ്രകൃതവും തരവും സ്പഷ്ടമാക്കുന്നതിനാൽ വേറെതരം വിപ്ലവകാരികളുമുണ്ടെന്ന സൂചനയും ഇത് നൽകുന്നുണ്ട്. അതായത്, കേരളത്തിന്​തനതായ റാഡിക്കലിസം ഉണ്ടായിരുന്നുവെന്നും മനസിലാക്കാവുന്നതാണ്. അതുകൊണ്ടുതന്നെ, ഗുരുവിനെ മുൻനിർത്തിയുള്ള ഈ പഠനം കേരളത്തിലെ മാർക്‌സിസ്​റ്റ്​ പൂർവ റാഡിക്കലിസ്റ്റുകളെ അഥവാ പുരോഗമനചിന്തകരെ തനതായി തിരിച്ചറിഞ്ഞ്​, ധൈഷണികമായി കേരള റാഡിക്കലിസത്തിന്റെ സ്വഭാവവും വൈവിധ്യവും അടയാളപ്പെടുത്താനാവുമെന്ന സാധ്യതയും തുറന്നിടുന്നു.

ഗുരു സമുദായ പരിഷ്‌കർത്താവോ സാമൂഹ്യ പരിഷ്‌കർത്താവോ?

ഗുരുവിന്റെ പ്രവർത്തനങ്ങളെ രണ്ടുരീതിയിലും വിലയിരുത്താറുണ്ട്. ഗുരു ഇതിൽ ഏതു ഗണത്തിൽപ്പെടുമെന്ന സംശയം നിലനിൽക്കുന്നുണ്ട്. എന്തുകൊണ്ടാണ് ഗുരു ഇത് രണ്ടും ആകുന്നത് അല്ലെങ്കിൽ അങ്ങനെ ധരിക്കപ്പെടുന്നത് എന്ന് പരിശോധിക്കേണ്ടതുണ്ട്. ‘ആശയപരമായി 1888 തുടങ്ങിയിടത്തു തന്നെയാണ് അദ്ദേഹം അവസാനിക്കുന്നത്. ഇതിന്റെ അന്തരാളത്തിൽ കാണുന്ന വ്യത്യാസങ്ങളെല്ലാം ചില പൊരുത്തപ്പെടലുകളും പൊരുത്തപ്പെടുത്തപ്പെടലുകളുമാണെന്നാണു വന്നുകൂടുന്നത്. സ്വാമിക്ക്​ വളർച്ചയൊന്നുമുണ്ടായില്ലേ? ആശ്ചര്യകരമെന്നുതന്നെ പറയട്ടെ, വാസ്തവത്തിൽ അദ്ദേഹം മാറിയില്ല. കാര്യമായെങ്ങോട്ടും വളർന്നുമില്ല. തന്റെ വളർച്ചയത്രയും സ്വന്തം തലച്ചോറിൽത്തന്നെ സമ്പൂർണമായി സ്വരൂപിച്ചതിനുശേഷം, അദ്ദേഹം നയപരമായി ഒന്നു തരം മാറിക്കൊടുത്തു. തനിക്കു വളർത്തേണ്ടവരുടെ താണ നിലവാരത്തിലേക്ക് അദ്ദേഹം അറിഞ്ഞുകൊണ്ടങ്ങു താണുകൊടുത്തു. എന്നിട്ട്, ​അവരോടൊപ്പം താനും വളരുന്നതായി ഭാവിച്ചു. അവസാനം താൻ ആരംഭിച്ചിടത്ത് അവരോടൊന്നിച്ചു ഭദ്രമായി എത്തിച്ചേരാനാവാഞ്ഞതിൽ അന്തരാ ദുഃഖിതനായി അദ്ദേഹം വർത്തിക്കേണ്ടിവരികയും ചെയ്തു' (പി.കെ. ബാലകൃഷ്ണൻ, 2012 പു. 122 -123 ).

കുമാരനാശാൻ

‘ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനം’ (1888 ), ‘ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് (1914) എന്നിങ്ങനെ രണ്ട് ഗുരുവചനങ്ങളെ താരതമ്യപ്പെടുത്തിയുള്ള നിരീക്ഷണമാണ് പി.കെ. ബാലകൃഷ്ണൻ അവതരിപ്പിച്ചത്.

ഗുരുവിനെ സമുദായ പരിഷ്‌കർത്താവാക്കുന്നതും ഈഴവഗുരുവാക്കുന്നതും ‘അദ്ദേഹം നയപരമായി ഒന്നു തരം മാറിക്കൊടുത്തു. തനിക്ക്​ വളർത്തേണ്ടവരുടെ താണ നിലവാരത്തിലേക്ക് അദ്ദേഹം അറിഞ്ഞുകൊണ്ടങ്ങ്​ താണുകൊടുത്തു' എന്നതാണ് കാരണം. ഇത് ഗുരുവിന്റെ എസ്.എൻ.ഡി.പി. ബന്ധത്തെയും ‘താൻ ആരംഭിച്ചിടത്ത് അവരോടൊന്നിച്ച്​ ഭദ്രമായി എത്തിച്ചേരാനാവാഞ്ഞതിൽ അന്തരാ ദുഃഖിതനായി എസ്.എൻ.ഡി.പി. ബന്ധം ഉപേക്ഷിക്കുകയും തനിക്കു ജാതിയും മതവുമില്ല എന്ന് പ്രഖ്യാപിക്കുകയും ചെയ്യേണ്ടിയും വന്ന രണ്ടു ഘട്ടങ്ങളെയാണ്’ പി.കെ. ബാലകൃഷ്ണൻ സൂചിപ്പിച്ചത്. ഈ ഘട്ടത്തെയാണ് ഗുരുവിന്റെ സ്വത്വഭേദം നിർണയിക്കാൻ നാം ഇവിടെ പരിശോധിക്കുന്നത്.

ഒരു സമുദായത്തിനോ കേരളസമൂഹത്തിനോ അക്കാലത്ത്​ അചിന്തനീയമായ സംഘടനാരൂപീകരണം സാധ്യമായെന്നതും അത് അവർണവിഭാഗങ്ങളിൽ പ്രമുഖ സമുദായത്തിൽ നിന്നായിരുന്നുവെന്നതും എല്ലാ അർഥത്തിലും പരമപ്രധാനമാണ്.

എസ്.എൻ.ഡി.പി.യുടെ സമുദായോദ്ധാരണം

കേരള നവോത്ഥാനത്തിലെ സവിശേഷമായ ഒരു ഏട് സംഘടനാ രൂപീകരണവും ‘സംഘടനകൊണ്ട് ശക്തരാകുക' എന്ന മുദ്രാവാക്യവുമാണ്. ജനനന്മയ്ക്കുവേണ്ടി പൊതുവിൽ ആവിർഭവിച്ച ഒരു ആശയമാണെങ്കിലും ഇതിനു തുടക്കംകുറിച്ചത് 1903 ജനുവരി ഏഴിന് ശ്രീനാരായണ ധർമപരിപാലനയോഗം എന്ന പേരിൽ കമ്പനി ആക്ട് പ്രകാരം എസ്.എൻ.ഡി.പി. രജിസ്റ്റർ ചെയ്തതോടെയാണ്. കേരളം അന്നില്ലെങ്കിലും, പിന്നീട് കേരളമായി പറയുന്ന തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നിവിടങ്ങളിൽ ആദ്യമായി ഒരു സംഘടന, അതും സാമുദായികമായി രൂപപ്പെടുന്നത്, തിരുവിതാംകൂറിലാണ്. പിൽക്കാലത്ത്​, കേരളത്തിൽ ശക്തമായ സംഘടനാസംസ്‌കാരം രൂപംകൊണ്ടെങ്കിലും ആദ്യ സംരംഭം ഇതായിരുന്നുവെന്നതാണ് എസ്.എൻ.ഡി.പി.യുടെ ചരിത്രപ്രാധാന്യം.

ഒരു സമുദായത്തിനോ കേരളസമൂഹത്തിനോ അക്കാലത്ത്​ അചിന്തനീയമായ സംഘടനാരൂപീകരണം സാധ്യമായെന്നതും അത് അവർണവിഭാഗങ്ങളിൽ പ്രമുഖ സമുദായത്തിൽ നിന്നായിരുന്നുവെന്നതും എല്ലാ അർഥത്തിലും പരമപ്രധാനമാണ്. കേരളത്തിന്റെ ജനാധിപത്യരാഷ്ട്രീയത്തിന്​ നാന്ദികുറിച്ച മഹസംഭവമാണതെന്നു മനസിലാക്കാതിരിക്കാൻ മറ്റൊന്നും കാരണമാവില്ല എന്നതുതന്നെയാണ് എസ്.എൻ.ഡി.പി.യുടെ സവിശേഷത. ശ്രീനാരയണഗുരു സ്ഥിരാധ്യക്ഷനും ഡോ. പൽപ്പു ഉപാധ്യക്ഷനും കുമാരനാശാൻ ജനറൽ സെക്രട്ടറിയുമായാണ് സംഘടന രൂപംകൊണ്ടത്. ശ്രീനാരായണധർമം അംഗീകരിക്കുന്ന എല്ലാവർക്കും അംഗത്വം നൽകണമെന്ന നയമായിരുന്നു ഗുരുവിനുണ്ടായിരുന്നതെങ്കിലും തുടക്കം മുതലേ ഇതൊരു സമുദായസംഘടനയായാണ് പ്രവർത്തനമാർഗരേഖ സൂചിപ്പിക്കുന്നത്.

നേതൃത്വം ഗുരുവിനായിരുന്നെങ്കിലും ഈ സംഘടന ഈഴവസംഘടനയാണെന്നുതന്നെയാണ് നിയമാവലിയിൽ കുമാരനാശാൻ എഴുതിച്ചേർത്തിരിക്കുന്നത്. ഈഴവസമുദായത്തിന് പ്രത്യേകമായും മറ്റു സമുദായങ്ങൾക്ക് പൊതുവായും അനുകരണീയമായ ഒരു ജീവിതപദ്ധതിയെ കൈക്കൊണ്ട്​ സമുദായോന്നമനം ആർജിക്കുക എന്ന തരത്തിലുള്ള ഗുരുമാതൃകയായാണ് ഇതിന്റെ ആദ്യകാലത്തെ പ്രവർത്തനത്തെ നോക്കിക്കാണാവുന്നത്. പിൽക്കാലത്ത്​, പൂർണമായും ഇതൊരു ജാതിസംഘടനയാണെന്ന് എല്ലാ അർഥത്തിലും വരുത്തിത്തീർക്കുകയും രാഷ്ട്രീയമായി സ്വജാതിക്കു ലഭിക്കേണ്ട അവകാശങ്ങൾ ലഭ്യമാക്കാനുള്ള സമ്മർദരാഷ്ട്രീയ ഇടമായി പരിവർത്തനപ്പെടുകയും ചെയ്തു. ക്രമേണ, തുടക്കത്തിലുള്ള താത്പര്യങ്ങളിൽ നിന്നകന്ന്​ ഗുരുവിന്റെ പേരിൽ ജാതിരാഷ്ട്രീയം കളിക്കുന്ന സംഘടനയായി ഗുരുവിരുദ്ധമാകുകയും ചെയ്തു.

അവർണലോകത്തെ മാറ്റിയെടുത്ത്​ അക്കൂട്ടരെയും മനുഷ്യരാക്കുക എന്ന ദൗത്യം മുന്മാതൃകകളില്ലാതെ ഗുരു ഏറ്റെടുക്കുമ്പോൾ വേണ്ടിവന്ന വിട്ടുവീഴ്ചയായിട്ടേ ഗുരുവിന്റെ സംഘടനാബന്ധത്തെ പരിഗണിക്കാനാവൂ.

എസ്.എൻ.ഡി.പി.യുടെ രൂപീകരണ സാഹചര്യം

ജാതി- ഉപജാതി വിവേചനത്തിലും, അയിത്താചാരങ്ങളിലും പൂർണമായും സവർണ അവർണഘടനകളിലായി ശ്രേണികരിക്കപ്പെട്ടിരുന്ന കാലം, കേരള സമൂഹത്തെ സംബന്ധിച്ച്​ മനുഷ്യാവകാശങ്ങളുടെ നിഷേധയുഗമായിരുന്നു. അവർണർ, മനുഷ്യരായിരുന്നതായി പരിഗണിക്കപ്പെടാത്ത കാലം. നൂറ്റാണ്ടുകളുടെ ആചാരങ്ങളെ പാലിക്കുന്ന, വിധിവിശ്വാസത്തിൽ ജീവിക്കുന്ന ജാതിവിവേചനത്തിന്റെ അപകർഷതയും ഭയവും ഗ്രസിച്ചിരിക്കുന്ന അവർണലോകത്തെ മാറ്റിയെടുത്ത്​ അക്കൂട്ടരെയും മനുഷ്യരാക്കുക എന്ന ദൗത്യം മുന്മാതൃകകളില്ലാതെ ഗുരു ഏറ്റെടുക്കുമ്പോൾ വേണ്ടിവന്ന വിട്ടുവീഴ്ചയായിട്ടേ ഗുരുവിന്റെ സംഘടനാബന്ധത്തെ പരിഗണിക്കാനാവൂ. ഗുരുവിന്റെ മുന്നിൽ അവശതയും മനുഷ്യരായി പരിഗണന ലഭിക്കാത്തവരും, പാരമ്പര്യമായി വിവേചനം അനുഭവിക്കുന്നവരുമായ ഭിന്നജാതിശരീരങ്ങൾ, അവരെയെല്ലാം വിവേചനരഹിതമായ മനുഷ്യരാക്കുക എന്ന ദൗത്യമാണുണ്ടായിരുന്നത്. 1888-ൽ അരുവിപ്പുറം പ്രതിഷ്ഠ നടത്തിയത് എല്ലാവരും വിവേചനമില്ലാതെ സോദരരായി ഒരുമിക്കാനുള്ള ഒരിടമായാണ്. വളരെ പെ​ട്ടെന്ന് ഗുരുവിന്​, മനസിലായി താൻ ഉദ്ദേശിക്കുന്നതിനെക്കാൾ ആഴത്തിലുള്ള സ്പർദ്ധ അവർണജാതിശരീരങ്ങൾ തമ്മിലുണ്ട്. അത് സവർണഘടന ഇക്കൂട്ടരോട് അനുവർത്തിച്ചുവരുന്ന വിവേചനത്തിൽനിന്ന്​ ഭിന്നമല്ല.

എസ്.എൻ. ഡി. പി പിൽക്കാലത്ത്, പൂർണമായും ഇതൊരു ജാതിസംഘടനയാണെന്ന് എല്ലാ അർത്ഥത്തിലും വരുത്തിത്തീർക്കുകയും രാഷ്ട്രീയമായി സ്വജാതിക്കു ലഭിക്കേണ്ട അവകാശങ്ങൾ ലഭ്യമാക്കാനുള്ള സമ്മർദ്ദ രാഷ്ട്രീയ ഇടമായി പരിവർത്തനപ്പെടുകയും ചെയ്തു. ക്രമേണ, ഗുരുവിന്റെ പേരിൽ ജാതിരാഷ്ട്രീയം കളിക്കുന്ന സംഘടനയായി ഗുരുവിരുദ്ധമാകുകയും ചെയ്തു.

സംഘടനയുടെ ഉദ്ദേശ്യം സങ്കുചിതമായിരിക്കരുത്. ഒരു പ്രത്യേക വർഗക്കാരെ മാത്രം ചേർത്ത് ഒരു സമുദായത്തെ സൃഷ്ടിക്കാനായിരിക്കരുത്. നമ്മുടെ സമുദായസംഘടന എല്ലാ മനുഷ്യരെയും ഒന്നായി ചേർക്കുന്നതായിരിക്കണം എന്നായിരുന്നു ഗുരുവിന്റെ പക്ഷം. പക്ഷേ ആധുനിക വിദ്യാഭ്യാസം ലഭിച്ച ഡോ. പൽപ്പുവിനും കുമാരനാശാനും സംഘടനയെന്നത് ജാതിസ്വത്വത്തിന്റെ അടിസ്ഥാനത്തിൽ അവകാശങ്ങൾ ചോദിച്ചുവാങ്ങാനുള്ള രാഷ്ട്രീയകൂട്ടായ്മയായിരുന്നു. പുതിയകാലത്തെ അഭിസംബോധന ചെയ്യാനുള്ള രാഷ്ട്രീയപ്രവർത്തനമായിട്ടാണ് സംഘടനയെ അവർ നോക്കിക്കണ്ടത്. ജനസംഖ്യയിലുള്ള എണ്ണക്കൂടുതൽ അഭിമാനമായി കാണുകയും എന്നാൽ സമുദായസ്ഥിതി മോശമാണെന്നറിഞ്ഞ്​ അത് മാറ്റിയെടുക്കാൻ ഒരു ജനസമുദായം അതിന്റെ യോഗക്ഷേമത്തിനായി പരസ്പരം ഐകമത്യത്തോടെ പ്രയത്‌നിക്കാൻ വേണ്ടിയാണ്​ സംഘടന എന്ന് കുമാരനാശാൻ വ്യക്തമാക്കുന്നുണ്ട്. ഗുരുവിന്റെ ആഗ്രഹത്തോട് എതിർപ്പില്ലായെങ്കിലും സംഘടനയുടെ മുൻഗണന ഈഴവസമുദായക്ഷേമം തന്നെയായിരുന്നു ലക്ഷ്യംവെച്ചത്.

ഗുരുവിന്റെ സാമൂഹികപരിവർത്തന ആശയങ്ങൾ പ്രചരിപ്പിക്കാൻ സംഘടന ഗുരുവിനുവേണ്ടിയിരുന്നു. അതോടൊപ്പം, സമുദായ ഐക്യം നിലനിർത്താനും സമുദായത്തിന്റെ പരിഷ്‌കരണം ഉറപ്പുവരുത്താനും ഗുരുവിനെ സംഘടനയ്ക്കും വേണ്ടിയിരുന്നു

ഒരേസമയം രണ്ടുതാത്പര്യങ്ങൾ സംഘടനാരൂപീകരണത്തിനുപിന്നിൽ നിലനിന്നുവെന്നത് വാസ്തവമാണ്. ഇരുവർക്കും സംഘടന ഒരാവശ്യമായിരുന്നു. അതുകൊണ്ടുതന്നെ വിയോജിപ്പുകൾക്കല്ല പ്രാധാന്യം നൽകിയത്. അവശതയിൽ നിന്നുള്ള മോചനവഴി തുറക്കാനുള്ള ഒരു സാധ്യതയായി കാണുകയും, ഭൂരിപക്ഷ സമുദായത്തിൽ സംഭവിക്കുന്ന മാറ്റങ്ങൾ ഇതര സമുദായങ്ങൾ അനുകരിക്കുകവഴി അവർക്കും മാറ്റങ്ങൾ ബാധകമാകുമെന്ന സാധ്യത മുൻനിർത്തി സംഘടനയുടെ ഭാഗമായി നിൽക്കാൻ ഗുരുവും തീരുമാനിച്ചതാകാം. ഈഴവസമുദായത്തിൽ പ്രവർത്തിക്കുമ്പോൾ ഒരു മധ്യസ്ഥനില കാക്കാമെന്നും കരുതിയിട്ടുണ്ടാകും. ഇരുഭാഗത്തെയും ചേർത്തടുപ്പിക്കാനുള്ള പ്രായോഗികത ഗുരുവിനു തോന്നിയിരിക്കാം.

ജാതിയില്ല എന്നുപറയുന്നയാൾ ജാതിസംഘടനയിൽ പ്രവർത്തിക്കുന്നതിന് മതിയായ കാരണമില്ലാതെ സംഘടനയുടെ ഭാഗമാകാൻ ഗുരുവിനു കഴിയില്ല. പ്രാഥമികമായും ഗുരു ഇതൊരു ജാതിസംഘടന മാത്രമായിക്കണ്ടില്ല എന്നത് വാസ്തവമാണ്. ഗുരുവിന്റെ സാമൂഹികപരിവർത്തന ആശയങ്ങൾ പ്രചരിപ്പിക്കാൻ സംഘടന ഗുരുവിനുവേണ്ടിയിരുന്നു. അതോടൊപ്പം, സമുദായ ഐക്യം നിലനിർത്താനും സമുദായത്തിന്റെ പരിഷ്‌കരണം ഉറപ്പുവരുത്താനും ഗുരുവിനെ സംഘടനയ്ക്കും വേണ്ടിയിരുന്നു. ഒരു സമ്മർദശക്തിയായി മാറിയാലേ സമുദായത്തിനുവേണ്ടി രാഷ്ട്രീയമായി കാര്യങ്ങൾ സാധിച്ചെടുക്കാൻ കഴിയൂ എന്നതായിരുന്നു മറുപക്ഷത്തിന്റെ കണക്കുക്കൂട്ടൽ. ഇരുവർക്കും സ്വകാര്യമല്ലാത്ത താത്പര്യങ്ങൾ സംഘടനവഴിയുണ്ടായിരുന്നു.

ഈഴവരെ മാത്രമല്ല, മറ്റു അവശജനവിഭാഗങ്ങളെയും ഒരു സമുദായമായി പോലും പരിഗണിക്കാനവുമായിരുന്നില്ല. ഈഴവർക്കു മാത്രമായി ഒരു നവോത്ഥാനം സാധ്യമല്ല. ഒരു പഴയകാല ഈഴവ കുടുംബം / Photos: Keralaculture.org

ഗുരുവിന്റെ ഭാവനയായ ജാതിവർജനം ഉൾക്കൊള്ളാൻ കഴിയുന്ന, വിദ്യയിലൂടെ സാംസ്‌കാരികാവിവേകം ആർജിക്കുന്ന ഒരു സമൂഹസൃഷ്ടി സംഘടനയിലൂടെ നേടുമെന്നു ഗുരു ആശിച്ചു. ഗുരുവിന്റെ ആശയഭാവന അംഗീകരിക്കുമ്പോൾത്തന്നെ ആധുനികലോകം ആവശ്യപ്പെടുന്ന പ്രായോഗികത അതല്ലെന്ന്​ മറുപക്ഷവും ധരിച്ചു. ഗുരു വിഭാവനംചെയ്ത സംഘടന ജാതിവർജനത്തെ പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങളിലേക്കു വളരുന്നതായിരുന്നു. അതിനായുള്ള പ്രാഥമികാന്തരീക്ഷം സംജാതമാക്കലായിരുന്നു സമുദായ ഐക്യനിർമിതി. അതുകൊണ്ടുതന്നെയാണ് ഗുരുവിന്റെ സമുദായപരിഷ്‌കരണ മാതൃക ഈഴവർക്കുവേണ്ടി മാത്രമല്ലായിരുന്നതും. ഗുരുവിന്റെ ദീർഘവീക്ഷണം ഭാഗികമായി ശരിയായിരുന്നുവെന്നത് ഇതര സമുദായങ്ങളുടെ പരിഷ്‌കരണപ്രവർത്തനങ്ങൾ വ്യക്തമാക്കുന്നുണ്ടെങ്കിലും, ഫലത്തിൽ ജാതിശരീരങ്ങൾ രാഷ്ട്രീയമായി ജാതിസ്വത്വങ്ങളായി സംഘടനയിലൂടെ പരിണമിക്കുകയാണുണ്ടായത്.

യോഗത്തിന്റെ ഭാഗമായി ഗുരു അവതരിപ്പിച്ച സമുദായപരിഷ്‌കരണങ്ങളുടെ പിൻബലത്തിലാണ് ഗുരുവിനെ ഈഴവഗുരുവായി ചിത്രീകരിക്കുന്നതും അവകാശപ്പെടുന്നതും. ഗുരു സമുദായോന്നമനത്തിന്​ അവതരിപ്പിച്ച ആശയങ്ങളെല്ലാം എല്ലാ സമുദായത്തിനും മാതൃകയാക്കാവുന്നതായിരുന്നു. അവയെല്ലാം മറ്റു സമുദായങ്ങൾ ആവശ്യാനുസരണം ഏറ്റെടുക്കുകയും ചെയ്തതായി കാണാം, ആ നിലയ്ക്കാണ് ഗുരു സാമൂഹ്യപരിഷ്‌കർത്താവായി മാറുന്നത്. അക്കാലത്ത്​ ഗുരുവിന്റെ ഇടപെടൽ ഉണ്ടായിരുന്നില്ലെങ്കിൽ കേരളത്തിന്റെ സാമൂഹികാവസ്ഥ ചൂഷണാധിഷ്ടിതമായി വീണ്ടും ദീർഘകാലത്തേക്ക് തുടർന്നേനെ. ഒരുപക്ഷേ, മിഷണറി അജണ്ട കൂടുതൽ സാർവത്രികമാകാനും കാരണമായേനെ. ഫ്യൂഡൽ സാമൂഹ്യഘടനയിൽ കാലോചിത മാറ്റം വരുത്താനും അവകാശസംരക്ഷണത്തിനായി അഹിംസയിൽ ഊന്നിക്കൊണ്ടുള്ള ബദൽ സാമൂഹികപ്രയോഗങ്ങൾ കേരളത്തിൽ തനതായി രൂപപ്പെടാനും ഗുരുവിന്റെ സാന്നിധ്യം നിർണായകമായിരുന്നു.

ഈഴവർക്കു മാത്രമായി ഒരു നവോത്ഥാനം സാധ്യമല്ല; കേരളത്തിലെ മുഴുവൻ സമുദായങ്ങളെ മുന്നിൽ കണ്ടുകൊണ്ടേ ഏതു സംഘടനക്കും പ്രവൃത്തിക്കാനാവൂ എന്ന തിരിച്ചറിവും ഗുരുവിനുണ്ടായിരുന്നു.

ഗുരുവിന്റെ സമുദായോദ്ധാരണ പ്രവർത്തനങ്ങൾ

നിലവിലെ വിവേചനനിഷ്ഠമായ സാമൂഹ്യഘടനയിൽ സമുദായങ്ങൾ പൈതൃകനിയമങ്ങൾ അനുസരിച്ചു ജീവിക്കുന്ന അവസ്ഥയിൽ, മാമൂലുകളെ വെല്ലുവിളിക്കാതെ മുന്നോട്ടുപോകാനാവില്ല എന്ന തിരിച്ചറിവാണ് ഗുരുവിന്റെ പരിഷ്‌കരണ പ്രവർത്തനങ്ങൾക്കാധാരമായി തീർന്നത്. നൂറ്റാണ്ടുകളിലൂടെ ദൃഢീകരിച്ച ആചാരങ്ങളെയും, വിധിവിശ്വാസങ്ങളെയും മാറ്റം വരുത്തിക്കൊണ്ടുമാത്രമേ സാമൂഹികക്രമത്തിൽ അവസ്ഥാപരിണാമം സാധ്യമാക്കാനാവൂ. അക്കാലത്തെ ഈഴവരെ മാത്രമല്ല, മറ്റു അവശജനവിഭാഗങ്ങളെയും ഒരു സമുദായമായി പോലും പരിഗണിക്കാനാവുമായിരുന്നില്ല. ഈഴവർക്കു മാത്രമായി ഒരു നവോത്ഥാനം സാധ്യമല്ല; കേരളത്തിലെ മുഴുവൻ സമുദായങ്ങളെ മുന്നിൽ കണ്ടുകൊണ്ടേ ഏതു സംഘടനക്കും പ്രവൃത്തിക്കാനാവൂ എന്ന തിരിച്ചറിവും ഗുരുവിനുണ്ടായിരുന്നു. അതുകൊണ്ടുതന്നെ, ഗുരു അവതരിപ്പിച്ച പരിഷ്‌കരണമാതൃക ഈഴവർക്കുമാത്രമായി ഉള്ളതുമായിരുന്നില്ല.

ശ്രീനാരായണ ഗുരു പ്രതിഷ്ഠ നടത്തിയ അരുവിപ്പുറം ക്ഷേത്രം / Photo : Keralaculture.org

ഗുരുവിന്റെ സമുദായോദ്ധാരണ മാതൃകയിൽ മനുഷ്യവളർച്ചക്ക്​അത്യന്താപേക്ഷിതമായ ഘടകങ്ങളെ ആത്മീയം, ഭൗതികം എന്ന്​ വേർതിരിച്ചില്ല. അവയെ സംയോജിപ്പിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങൾക്കാണ് മുൻഗണന നൽകിയത്. വ്യക്തി, സമുദായം എന്നീ ഘടകങ്ങളെ സമന്വയിപ്പിച്ചുകൊണ്ടുള്ള സാമൂഹികപരിഷ്‌കരണത്തിന്​ മാതൃകയായി സമുദായപരിഷ്‌കരണ മാതൃക എസ്.എൻ.ഡി.പി. വഴി ഗുരു പ്രാവർത്തികമാക്കുകയായിരുന്നു. കേരളസമൂഹത്തെ ബഹുസമുദായ സമൂഹമായി വീക്ഷിച്ചുകൊണ്ടായിരിക്കാം സമുദായമാതൃക അവതരിപ്പിച്ചത്. വളരെ വേഗം തന്നെ ആചാരപരിഷ്‌കരണ പരിപാടി ഒരു ബഹുസമുദായ പദ്ധതിയായി പരിണമിച്ചു. ശുചിത്വം, ജാതി - ഉപജാതി വിവേചനം, മതപരിഷ്‌കരണം, ആചാരപരിഷ്‌കരണം, കുടുംബ വ്യവസ്ഥാ പരിഷ്‌കരണം, സദാചാരം, വിദ്യാഭ്യാസം, വ്യവസായം, കാർഷികവിജ്ഞാനം, ശാസ്ത്രവിജ്ഞാനം, ലാളിത്യം, ഈശ്വരഭക്തി, മിതവ്യയശീലം എന്നിങ്ങനെ സമൂഹനന്മക്ക് അവശ്യം വേണ്ട പ്രായോഗിക ജീവിതക്രമം ആവിഷ്‌കരിച്ച്​ ആധുനികസമൂഹത്തെ രൂപപ്പെടുത്തിയെടുക്കാനുതകുന്ന അധ്വാനത്തിലൂന്നുന്ന സമുദായമാതൃകയാണ് ഗുരു മുന്നോട്ടുവച്ചത്.

വിവാഹിതരാകാൻ പോകുന്നവർ നേരത്തെ പ്രേമബദ്ധരല്ലാത്തപക്ഷം വിവാഹത്തിന് ഒരുമാസം മുൻപെങ്കിലും പെണ്ണിനെയും ചെറുക്കനെയും പരസ്പരം പരിചയപ്പെടുത്താൻ ബന്ധുക്കൾ മുൻകൈയെടുക്കണമെന്ന് ഗുരു ഉപദേശിച്ചു.

ബദൽ ക്ഷേത്രസംസ്‌കൃതി രൂപീകരിച്ചുകൊണ്ടാണ് ഗുരു സമുദായ പരിഷ്‌കരണപ്രക്രിയക്ക്​ തുടക്കംകുറിച്ചത്. ആ പ്രക്രിയയെ മന്നത്ത് പദ്മനാഭൻ വിലയിരുത്തുന്നതിങ്ങനെയാണ്: ‘പതിത സമുദായത്തിൽ​പ്പെട്ടവർക്ക്​ നേരിട്ട് ഈശ്വരപൂജ ചെയ്യാനുള്ള അവകാശവും സ്വാതന്ത്ര്യവുമുണ്ടെന്ന്​ബോധ്യപ്പെടുത്തുകയാണ് സമുദായപരിഷ്‌കരണത്തിന്റെ ആദ്യ കൃത്യമെന്നദ്ദേഹം വിശ്വസിച്ചു. അദ്ദേഹം ഈശ്വരനെ തൊട്ടുതന്നെ സമുദായപരിഷ്‌കാരം ആരംഭിച്ചു. ഈശ്വരപ്രതിഷ്ഠ എന്നല്ല, നേരിട്ടുള്ള ഈശ്വരപൂജ പോലും അബ്രഹ്മാണർ ചെയ്യുന്നത്​ പാപവും കുറ്റകരവുമാണെന്നു പരിഗണിക്കപ്പെട്ടിരുന്ന അക്കാലത്ത്, പതിത സമുദായത്തിൽപെട്ട ഒരാൾ പൂജ മാത്രമല്ല, പ്രതിഷ്ഠ തന്നെ നടത്താൻ തീരുമാനിച്ചത് അതിരുകടന്ന ഒരു പ്രവൃത്തിയായിരുന്നു' (ദിനമണി സെൻറിനറി സപ്ലിമെൻറ്​).

മന്നത്ത് പത്മനാഭൻ/ Photo: Keralaculture.org

ഗുരുവിന്റെ ഇതര പരിഷ്‌കാരങ്ങളിലേക്കു കടക്കാം.
വ്യക്തിയും സമുദായവും ശാരീരികതലത്തിലും മനസികതലത്തിലും ശുചിത്വം ആർജിച്ചെടുക്കേണ്ട ഗുണമായി ഗുരു അവതരിപ്പിച്ചു. ഓരോ സമുദായവും ഇതാർജിക്കുന്നത്​ ആധുനിക സമൂഹനിർമിതിക്ക്​ സഹായകമാകും. ജാതികൾ ഉപജാതികളായി ശ്രേണികരിച്ചിരിക്കുകയും പരസ്പരം വിവാഹബന്ധമോ പന്തിഭോജനമോ അസാധ്യമായിരുന്ന സമുദായക്രമം മാറണമെന്നും സമുദായമെന്ന നിലയിൽ ആഭ്യന്തരവിവേചനം ഒഴിവാക്കി ഐകരൂപ്യം ഉണ്ടാകണമെന്നും ഗുരു നിർദേശിച്ചു. ഈ നിർദേശവും എല്ലാ സമുദായങ്ങൾക്കും ബാധകമായിരുന്നു. ജാതികൾക്കുള്ളിലെ ദേശ്യഭേദം ജാത്യാഭിമാനത്തിലും തീക്ഷ്ണമായിരുന്നു.
ജാതിക്കുള്ളിലെ ഉച്ചനീചശീലങ്ങൾ പ്രതിജാതി ആഭ്യന്തരവിവേചനത്തെ ശക്തിപ്പെടുത്തിയിരുന്നത് സാമൂഹ്യപുരോഗതിക്ക്​ വിഘാതമായിരുന്നു. അതുകൊണ്ടാണ് സമുദായസ്വത്വനിർമിതിയിൽ ആഭ്യന്തരവിവേചനം ഒഴിവാക്കി ഐക്യപ്പെടാൻ ഉപദേശിച്ചത്.

പ്രാകൃതമായ നേതൃത്വത്തിൽനിന്നുള്ള മോചനം നിർബന്ധമായും വേണ്ടതാണെന്ന്​ഗുരു മനസിലാക്കി. ഈഴവർക്കിടയിൽ ചിലർക്ക് പ്രഭുക്കന്മാരിൽനിന്നോ രാജാക്കന്മാരിൽനിന്നോ കിട്ടിയ പണിക്കർ, ചാന്നാൻ തുടങ്ങിയ സ്ഥാനപ്പേരുകൾ പ്രാദേശികമായി അധികാരപ്രയോഗത്തിനുപയോഗിച്ചിരുന്നു. പ്രാകൃതമായ നേതൃത്വം സ്വയം ഇത്തരക്കാർ പ്രയോഗിക്കുകയായിരുന്നു. പ്രധാനമായും സ്വജനങ്ങൾക്കിടയിൽ ഭ്രഷ്ട്​ കല്പിക്കൽ ഇക്കൂട്ടരുടെ അധികാരമായി പ്രായോഗിച്ചിരുന്നു. വ്യക്തിയെ സകുടുംബം വണ്ണാത്തിവിലക്ക്, വാത്തിവിലക്ക് തുടങ്ങിയുള്ള ശിക്ഷാനടപടികൾക്ക്​ വിധേയരാക്കിയിരുന്നു. ഈ രീതി നിർത്തി. യാഥാസ്ഥിതിക നേതൃത്വത്തെ തുറന്നുകാട്ടുക വഴി, ഇതര സമുദായങ്ങളിലും ഈ നടപടി അനുകരിക്കപ്പെട്ടു. ആചാരസംരക്ഷണത്തിന്റെ പേരിലും ആഭിജാത്യപ്രകടനമായും നടത്തിവന്നിരുന്ന താലികെട്ട്, തിരണ്ടുകല്യാണം, പുളികുടി, പുലകുളി ആഘോഷങ്ങൾക്ക്​ വിലക്കേർപ്പെടുത്തി. പുലകുളി ഒഴിച്ചുള്ളവ നിർത്താനും പുലകുളി ലഘൂകരിക്കാനും കഴിഞ്ഞു. നായർ ഉൾപ്പടെയുള്ള സമുദായങ്ങൾ ഇതേറ്റെടുത്തുവെന്നതുകൊണ്ടാണ് ഈഴവർക്കിടയിലും ഇവ നിർത്തലായത്.

‘ഏകകാലത്ത് ഒരുത്തന് ഒന്നിലധികം ഭാര്യമാരും ഒരുത്തിക്ക് ഒന്നിലധികം ഭർത്താക്കന്മാരും ഇപ്പോഴും ചില ദിക്കിൽ കാണുന്നുണ്ട്. ഈ ഏർപ്പാട് മേലാൽ യഥേഷ്ടം അനുവദിക്കാതിരിപ്പാൻ വേണ്ടത് ആലോചിക്കണം’ എന്ന്​ ഗുരു എസ്.എൻ.ഡി.പി.യോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അക്കാലത്തെ കുടുംബഘടന ശിഥിലമായിരുന്നത് ദർശിച്ച ഗുരു കുടുംബഭദ്രതയ്ക്കായി ചില വ്യവസ്ഥകൾ രൂപീകരിച്ചു. ബഹുഭർത്തൃത്വവും ബഹുഭാര്യാത്വവും സാധാരണമായിരുന്നു. മരുമക്കത്തായവ്യവസ്ഥ ഇത് അനുകൂലിച്ചിരുന്നു. കൂടാതെ, ഒന്നിലധികം സഹോദരന്മാർക്കും കൂടി ഒരു ഭാര്യ എന്ന പാണ്ഡവസമ്പ്രദായവും നിലനിന്നിരുന്നു. ചിലർക്കാകട്ടെ, നാടുനീളെ ഭാര്യമാരും കുട്ടികളും. ഇത്തരത്തിലുള്ള കുടുംബവ്യവസ്ഥ നിലനിന്നിരുന്ന കാലത്ത്​, ഇതിന്​ പ്രതിവിധിയായി ചാരിത്ര്യസങ്കല്പത്തിലൂന്നി ഏകഭാര്യാത്വം എല്ലാവരും പിന്തുടരണമെന്നുപദേശിച്ചു. ദാമ്പത്യപാരമ്പര്യത്തെ ചോദ്യംചെയ്ത്​ മരുമക്കത്തായതിന്റെ ദൂഷ്യവശങ്ങൾ ചൂണ്ടിക്കാട്ടി അതിൽനിന്ന്​ മക്കത്തായത്തേക്ക്​ വളരുകയാണ് വേണ്ടതെന്നു ഉദ്ബോധിപ്പിച്ചു. ‘സ്വജനങ്ങളിൽ മരുമക്കത്തായം അനുഷ്ഠിക്കുന്നവരുടെ ഇടയിൽ ഒരുത്തന്റെ സ്വതന്ത്രസമ്പാദ്യത്തിൽനിന്ന്​ ഒരംശത്തിനെങ്കിലും അവർ മുറപ്രകാരം വിവാഹം കഴിച്ച ഭാര്യയും മക്കളും അവകാശികളായിരിക്കാൻ നിയമം വേണം. അല്ലെങ്കിൽ വിവാഹം നിരർഥകമായിത്തീരും’ എന്ന ശക്തമായ നിലപട് ഗുരുവിനുണ്ടായിരുന്നു. ‘ഏകകാലത്ത് ഒരുത്തന് ഒന്നിലധികം ഭാര്യമാരും ഒരുത്തിക്ക് ഒന്നിലധികം ഭർത്താക്കന്മാരും ഇപ്പോഴും ചില ദിക്കിൽ കാണുന്നുണ്ട്. ഈ ഏർപ്പാട് മേലാൽ യഥേഷ്ടം അനുവദിക്കാതിരിപ്പാൻ വേണ്ടത് ആലോചിക്കണം’ എന്ന്​ ഗുരു എസ്.എൻ.ഡി.പി.യോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ശ്രീ നാരായണ ​ഗുരു, ചട്ടമ്പി സ്വാമികൾ, തീർത്ഥപാദ പരമഹംസർ. / Photo: Keralaculture.org

അക്കാലത്തെ വിവാഹക്രമത്തിലും ഗുരു ഇടപെട്ടിരുന്നു. അക്കാലത്തെ രീതിയനുസരിച്ച് വരനെയോ വധുവിനെയോ തിരഞ്ഞെടുക്കുന്നതിൽ വരനോ വധുവിനോ പങ്കില്ല. അമ്മാവൻ തീരുമാനിക്കുകയായിരുന്നു പതിവ്. വരന്റെ അനുവാദമോ സാന്നിധ്യമോ നിർബന്ധമായിരുന്നില്ല. വരന്റെ സഹോദരിയോ അമ്മയോ പുടവ കൊടുത്താൽ മതിയാകുമായിരുന്നു. ഗുരുവിന്റെയും വിവാഹം അത്തരത്തിൽപ്പെട്ടതായിരുന്നു.

ഈ വിവാഹരീതി നിർത്താൻ ജനങ്ങളെ ഉദ്ബോധിപ്പിച്ചുവെന്നു മാത്രമല്ല, വിവാഹിതരാകാൻ പോകുന്നവർ നേരത്തെ പ്രേമബദ്ധരല്ലാത്തപക്ഷം വിവാഹത്തിന് ഒരുമാസം മുൻപെങ്കിലും പെണ്ണിനെയും ചെറുക്കനെയും പരസ്പരം പരിചയപ്പെടുത്താൻ ബന്ധുക്കൾ മുൻകൈയെടുക്കണമെന്ന് ഗുരു ഉപദേശിച്ചു. ബന്ധുക്കളുടെ സാന്നിധ്യത്തിൽ വധൂവരന്മാർ പരസ്പരം പൂമാലയിട്ട് വരിക്കുന്ന സമ്പ്രദായം ഗുരു സാർവത്രികമാക്കി. വിവാഹച്ചെലവ് ചുരുക്കി, ബന്ധുക്കളും സുഹൃത്തുക്കളും കൂടി പത്തുപേർ പങ്കെടുക്കുക എന്ന നിബന്ധനയും ഏർപ്പാടാക്കി. സദ്യ, യാത്രാച്ചെലവ് എന്നിവയ്ക്ക് നശിപ്പിക്കുന്ന പണം ദമ്പതികളുടെ ഭാവികാലത്തേക്ക്​ പ്രയോജനപ്പെടുത്തുക എന്നും ഉപദേശിച്ചു. വിവാഹക്രമം ഗുരു നിശ്ചയിച്ച്​ പൊതുജനമധ്യത്തിൽ പ്രസിദ്ധീകരിച്ചിരുന്നു.

അവസരം ലഭിക്കാത്തതിന്റെ പേരിൽ പ്രതിഭാശാലികൾ സമൂഹത്തിലുണ്ടാകാതിരിക്കരുതെന്ന നിർബന്ധം ഗുരുവിനുണ്ടായിരുന്നു. സമുദായത്തിന്റെ അധമാവസ്ഥ വിദ്യയും ധനവും നേടുന്നതോടെ മാറുമെന്ന പ്രതീക്ഷയാണ് ഗുരു പങ്കുവച്ചത്.

വിദ്യാഭ്യാസത്തിന്റെ അനിവാര്യത, ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം, ധനിക- ദരിദ്ര ബന്ധം, സ്ത്രീപുരുഷസമത്വം എന്നിവയൊക്കെ ഗുരു ആലോചിക്കുകയും ജങ്ങൾക്കിടയിൽ ഉദ്ബോധനം നടത്തുകയും ചെയ്തിരുന്നു. വിദ്യകൊണ്ട് പ്രബുദ്ധരാവുക എന്നതായിരുന്നു ഗുരുവചനം. വിദ്യാഭ്യാസം ലഭിക്കുന്നതിലൂടെ ജാതിവിവേചനവും അപകർഷതാബോധവും ഭയവും തനിയെ മാറും എന്നായിരുന്നു ഗുരുചിന്ത. അവസരം ലഭിക്കാത്തതിന്റെ പേരിൽ പ്രതിഭാശാലികൾ സമൂഹത്തിലുണ്ടാകാതിരിക്കരുതെന്ന നിർബന്ധം ഗുരുവിനുണ്ടായിരുന്നു. സമുദായത്തിന്റെ അധമാവസ്ഥ വിദ്യയും ധനവും നേടുന്നതോടെ മാറുമെന്ന പ്രതീക്ഷയാണ് ഗുരു പങ്കുവച്ചത്. ആധുനിക പാശ്ചാത്യ വിദ്യാഭ്യാസത്തിലാണ് ഗുരു താത്പര്യം കാണിച്ചത്, തനിക്കറിയുന്ന പൗരസ്ത്യവഴിയല്ല.

ശ്രീ നാരായണ ധർമ്മ സംഘം ട്രസ്റ്റ് രൂപീകരണവേളയിൽ ​തൃശൂർ കുർക്കഞ്ചേരിയിൽ വെച്ച് എടുത്ത ചിത്രം. ( 1928 ) / Photo : Photos: Keralaculture.org

‘സംസ്‌കൃത വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം കുറഞ്ഞുകുറഞ്ഞാണ് കാണപ്പെടുന്നത്. ഇപ്പോൾ പ്രധാനമായി പ്രചാരത്തിലിരിക്കുന്ന ഭാഷ ഇംഗ്ലീഷാകുന്നു അതിനാൽ അതിലാണ് നാം നമ്മുടെ ശ്രദ്ധ പതിപ്പിക്കേണ്ടത്. സമുദായത്തിൽ പുരുഷന്മാർക്കുമാത്രമല്ല സ്ത്രീകൾക്കും വിദ്യാഭ്യാസം ഉണ്ടായിരിക്കണം. അവരെ, ഇപ്രകാരമുള്ള കാര്യങ്ങളിൽ പിന്നോട്ട് തള്ളിവിടരുത്'.
‘ഉയർന്നതരം പരീക്ഷകൾ ജയിക്കുന്നതിൽ എല്ലാവർക്കും സാധ്യമായി എന്നുവരികയില്ല, അതിനാൽ ഒരുവിധം ധനമുള്ളവർ സാധുക്കളും വിദ്യാതത്പരന്മാരുമായ വിദ്യാർഥികളെ കഴിയുന്നത്ര സഹായിച്ച് ഇതര ദേശങ്ങളിലയച്ച്​ വിദ്യ അഭ്യസിപ്പിക്കുവാൻ ഉത്സാഹിപ്പിക്കണം’ എന്നും ഗുരു ആവശ്യപ്പെട്ടിരുന്നു.

ഈ പരിഷ്‌കാരങ്ങളൊക്കെ നടപ്പിലാക്കാൻ നേരിട്ടും എസ്.എൻ.ഡി പി. വഴിയും ഗുരു ശ്രമിച്ചു. സമുദായവുമായി നേരിട്ട്​ സംവദിച്ചും സന്നദ്ധപ്രവർത്തകർ പ്രസംഗിച്ചും പരിഷ്‌കാരങ്ങൾ എഴുതി പ്രസിദ്ധീകരിച്ചുമാണ് ഗുരുമാതൃക ജനങ്ങളിലെത്തിച്ചത്. ഗുരുവിന്റെ സൗമ്യമായ ഇടപെടലിൽ കണ്ട ആത്മീയചൈതന്യം സാധാരണക്കാരെ എളുപ്പം ഗുരുവഴി സ്വീകരിക്കാൻ പ്രേരിപ്പിച്ചു.

എസ്.എൻ.ഡി.പി. പ്രവർത്തനങ്ങളിൽ പ്രധാനമായ ഒന്ന് ബോധവത്കരണമായിരുന്നു. യോഗാംഗങ്ങളിൽ നിന്ന്​ സന്നദ്ധപ്രവർത്തകരെ പരിശീലിപ്പിച്ച്​ നാനാദിക്കിലും പോയി ബോധവത്കരണം നടത്താൻ അയച്ചിരുന്നു. ഈ പദ്ധതിക്ക്​ ഇന്ന്​ വലിയ അപരിചിതത്വം തോന്നില്ല. പക്ഷേ അക്കാലത്ത് കേരളത്തിലെ ആദ്യത്തെ ശ്രമമാണിതെന്നോർക്കുമ്പോൾ ചരിത്രപ്രാധാന്യം വ്യക്തമാകും.

യോഗം പ്രവർത്തകർ നാനാദിക്കിലും എന്തു പ്രചരിപ്പിക്കണം എന്ന് ഗുരു നിർദേശിച്ചിരുന്നു:

മതം:
1. അന്ധവിശ്വാസങ്ങളെയും പ്രാണിഹിംസ മുതലായ അമംഗളാചാരത്തൊടുകൂടി അനുഷ്ഠിക്കപ്പെടുന്ന ദുർദേവതരാധനകളെയും നിരാകരിക്കുക.
2. ഉത്തമരീതിയിൽ ചെയ്യപ്പെടുന്ന ഈശ്വരാരാധനയുടെ മാഹാത്മ്യത്തെയും ശുദ്ധ ഹിന്ദുമതത്തിന്റെ സഗുണനിർഗുണ തത്വങ്ങളെയും പറ്റി പ്രസംഗിക്കുക.
3. ആവശ്യപ്പെടുന്ന സ്ഥലങ്ങളിൽ ക്ഷേത്രങ്ങളോ മഠങ്ങളോ നിർമിക്കുന്നതിൽ ജനങ്ങളെ ബുദ്ധിപൂർവം പ്രേരിപ്പിക്കുക. ഗർഹ്യമോ ക്ഷോഭജനകമോ ആയ വിധത്തിൽ പരമത ദൂഷണം ചെയ്യാൻ പറ്റില്ലാത്തതാകുന്നു.

സദാചാരം:
സത്യം, സചിത്വം, അധർമഭയം, ആസ്തിക്യം, ഐകമത്യം എന്നിവ.
അർഥശൂന്യങ്ങളും അനർഥകരങ്ങളുമായ മാമൂലുകളെ പാടുള്ളിടത്തോളം വർജിച്ച് കാലാനുരൂപവും ഉത്തമവുമായ ആചാരനടപടികളെ സ്വാമി അവർകൾ കല്പിച്ചിട്ടുള്ളതും കല്പിക്കുന്നതും അനുസരിച്ച്​ നടപ്പാക്കുന്നതിനെപ്പറ്റി ബലമായി പ്രസംഗിക്കുകയും ജനങ്ങളെ ആ വഴിക്ക്​ തിരിച്ചുകൊണ്ടുവരുകയും ചെയ്യുക.

വിദ്യാഭ്യാസം:
ഇതിന്റെ അസാമാന്യ ഗുണത്തെയും ഇതിന്റെ അഭാവത്തിലുള്ള ദോഷത്തെയും പ്രതിപാദിക്കുകയും, ഈഴവ സ്ത്രീ- പുരുഷന്മാരിൽ പ്രാഥമിക വിദ്യാഭ്യാസമെങ്കിലും ഇല്ലാത്തവർ മേലാൽ ഉണ്ടായിരിക്കരുതെന്ന് അത്ര അഭിമാനവും അഭിരുചിയും തോന്നത്തക്കവണ്ണം അവരെ ഉത്സാഹിപ്പിക്കുകയും ചെയ്യുക. ആവശ്യമുള്ള സ്ഥലങ്ങളിൽ സമുദായം വകയായോ മറ്റോ പള്ളിക്കൂടങ്ങൾ, വായനശാലകൾ മുതലായവ ഏർപ്പെടുത്തുകയും മറ്റും ചെയ്യുന്നതിൽ ജനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ശ്രമിക്കുകയും ചെയ്യുക.

വ്യവസായം:
കൃഷി, കച്ചവടം, കൈത്തൊഴിൽ ഇവയെ ഉത്തമരീതിയിൽ അഭിവൃദ്ധിപ്പെടുത്തുന്നതിനെയും മിതവ്യയത്തെയും പറ്റി പ്രസംഗങ്ങൾ ചെയ്യുകയും, മടിയായിരുന്ന് ഉപജീവിക്കുന്ന സമ്പ്രദായം സമുദായ നിയമവിരുദ്ധമായ ഒരു കൃത്യമാണെന്ന് സ്ത്രീപുരുഷന്മാർക്ക് ഓരോരുത്തർക്കും തോന്നത്തക്കവണ്ണം സമുദായത്തിന്റെ സ്വഭാവം അത്ര ഉത്സാഹഭരിതമാക്കുകയും ചെയ്യുക.
ആവശ്യമുള്ള ദിക്കുകളിൽ വ്യവസായശാലകൾ ഏർപ്പെടുത്തുക. ശാസ്ത്രീയരീതിയിൽ വ്യവസായങ്ങളെ പഠിപ്പിക്കുക, പ്രചാരപ്പെടുത്തുക മുതലായ കാര്യങ്ങളിൽ ജനങ്ങളെ പ്രേരിപ്പിക്കുക.

ഗുരു പിന്തുടർന്ന വിദ്യാഭ്യാസ മാതൃകയ്ക്ക് മിഷനറിഛായ കാണാം. ക്ഷേത്രങ്ങളോടനുബന്ധിച്ച് പള്ളിക്കൂടങ്ങളും വ്യവസായശാലകളും സ്ഥാപിക്കണമെന്ന് ഗുരുവിനെ ചിന്തിപ്പിച്ചത് മിഷനറി മാതൃകയായിരിക്കണം.

സ്‌കൂൾ പ്രവേശനത്തിനും പുതിയ സ്‌കൂളുകൾ സ്ഥാപിക്കുന്നതിനും എസ്.എൻ.ഡി.പി. സമരമുഖം തുറന്നു. അയ്യൻകാളിയുടെ നേതൃത്വത്തിലുള്ള സാധുജനപരിപാലന സംഘം തുടങ്ങിയുള്ള സമുദായസംഘടനകൾ വിദ്യാഭ്യാസ അവകാശത്തിന്​ രംഗത്തെത്തി. ഇതിന്റെ ഫലം അതിശയിപ്പിക്കുന്നതായിരുന്നു.
1914- ൽ തിരുവിതാംകൂറിൽ ഈഴവ വിദ്യാർഥികൾ 23,893 ആയിരുന്നു; 1918-ൽ 51,114 ആയി ഉയർന്നു. 1914-ൽ പുലയക്കുട്ടികൾ ഏതാണ്ട് 2000 ആയിരുന്നെങ്കിൽ 1918-ൽ 17,753 ആയി. ഒരു നൂറ്റാണ്ടുകൊണ്ട്​ മിഷനറിമാർക്കു കഴിഞ്ഞതിൽ കൂടുതൽ പുരോഗതി സാമൂഹ്യപരിഷ്‌കരണ പ്രസ്ഥാനങ്ങളുടെ പ്രവർത്തനം വഴി യാഥാർഥ്യമായി.

ഗുരു പിന്തുടർന്ന വിദ്യാഭ്യാസ മാതൃകയ്ക്ക് മിഷനറിഛായ കാണാം. ക്ഷേത്രങ്ങളോടനുബന്ധിച്ച് പള്ളിക്കൂടങ്ങളും വ്യവസായശാലകളും സ്ഥാപിക്കണമെന്ന് ഗുരുവിനെ ചിന്തിപ്പിച്ചത് മിഷനറി മാതൃകയായിരിക്കണം. വിദ്യകൊണ്ട്​ സ്വതന്ത്രരാകുവിൻ, ധനം വിദ്യയാകും, വിദ്യ സേവനമാകും എന്നാണ് ഗുരുവചനം.
ധനവിനിയോഗത്തെക്കുറിച്ചും ഗുരു ജനതയെ ബോധവത്കരിച്ചു. അധ്വാനിച്ചുണ്ടാക്കുന്ന പണം തീർഥാടനങ്ങൾക്കും വഴിപാടുകൾക്കും ഉത്സവങ്ങൾക്കും ആചാരസംരക്ഷണത്തിനും മദ്യപാനത്തിനും ചെലവാക്കുന്നതിനെ അദ്ദേഹം വിമർശിച്ചു. കരുതലോടെയുള്ള ധനവിനിയോഗം ശീലമാക്കാൻ പ്രേരിപ്പിച്ചു.‘വിദ്യാഭ്യാസം കഴിഞ്ഞാൽ സമുദായാഭിവൃദ്ധിക്ക് ആവശ്യം വ്യവസായമാണ്. നമ്മുടെ സമുദായത്തിലെ ധനസ്ഥിതി വളരെ മോശമാണ്. വ്യവസായം കൊണ്ടല്ലാതെ ധനാഭിവൃദ്ധി ഉണ്ടാകുവാൻ സാധിക്കുന്നതല്ല. ഇക്കാര്യത്തിലും ധനവാന്മാരുടെ ശ്രദ്ധയാണ് പതിയേണ്ടത്. പലമാതിരി യന്ത്രങ്ങൾ മുതലായവ വരുത്തി കൈപ്പണികൾ നടത്തിക്കുന്നതിന് ധനവാന്മാർക്കുമാത്രമേ അധികം സാധിക്കുകയുള്ളൂ. ഒരാളോ അഥവാ സാധിക്കാതെവരുന്നപക്ഷം പലർകൂടി കമ്പനി ഏർപ്പെടുത്തിയോ ഇപ്രകാരമുള്ള കാര്യങ്ങളിൽ സധൈര്യം വേണ്ടത് പ്രവർത്തിക്കേണ്ടതാണ്.’

കൂടാതെ, ജപ്പാൻ തുടങ്ങിയുള്ള വികസിതരാജ്യങ്ങളിൽ നവീന കൃഷിസമ്പ്രദായവും വ്യവസായികവിജ്ഞാനവും പഠിക്കാനായി ശ്രീനാരായണധർമ യോഗപ്രവർത്തകരെ അയച്ചിരുന്നു. കൃഷിസമ്പ്രദായം പരിഷ്‌കരിക്കാനും ആധുനിക കൃഷിവിജ്ഞാനം പഠിക്കാനും കർഷകരെ ഉപദേശിച്ചു. പാരമ്പരാഗത വ്യവസായങ്ങൾ ആധുനികവത്കരിക്കണമെന്നും ആവശ്യപ്പെട്ടു.

എസ്.എൻ.ഡി.പി. യോഗത്തിന്റെ രണ്ടാം വാർഷികത്തിൽ 1905-ൽ കൊല്ലത്ത് നടന്ന വ്യാവസായിക- കാർഷിക പ്രദർശനം കേരളീയരിൽ, പ്രത്യേകിച്ച് ഈഴവരിലുണ്ടാക്കിയ കാർഷിക- വ്യവസായിക മത്സരബുദ്ധി ചെറുതല്ല. ഡോ പൽപ്പുവിന്റെ ആശയമാണിത്. അദ്ദേഹം മൈസൂരിലും നേരത്തെ ഇത്തരമൊരു പ്രദർശനം സംഘടിപ്പിച്ചിരുന്നു. ഉദ്യോഗാവകാശത്തിന്​ രാഷ്ട്രീയമായി ഇടപെടുന്നതിനൊപ്പം എസ്.എൻ.ഡി.പി. കൃഷിയിലും വ്യവസായത്തിലും കൂടി ശ്രദ്ധ പതിപ്പിച്ചിരുന്നുവെന്നതിനുദാഹരണമാണിത്.

കുമാരനാശാൻ ശ്രീ നാരായണ ​ഗുരുവിനോടൊപ്പം

എസ്.എൻ.ഡി.പി.യുടെ ഒന്നാംവർഷ ആഘോഷവേളയിൽ, ‘നമ്മുടെ യോഗം ആരംഭിച്ചപ്പോൾ ഈ മാതിരി ഒരു യോഗം നമ്മുടെ നാട്ടിൽ ഇല്ലായിരുന്നു, ഇപ്പോൾ ഇതുപോലെയുള്ള ഉദ്ദേശ്യങ്ങളോടുകൂടിയ ഏതെങ്കിലും ഒരു സമാജം ഇല്ലാത്ത സമുദായമോ സ്ഥലമോ ചുരുക്കമാണ്​, അതുകൊണ്ട് ഇതിന്റെ ആരംഭം കാലോചിതവും ഗുണപ്രദവും ആയിരുന്നുവെന്നു വിചാരിക്കാം' എന്ന് കുമാരനാശാൻ എഴുതിയിട്ടുണ്ട്.

‘സ്വാമികളുടെ ആത്മീയോപദേശവും യോഗത്തിന്റെ പ്രചാരണപ്രവർത്തനങ്ങളും കൊണ്ട് ഈഴവ സമുദായത്തിലുണ്ടായ പ്രകാശം സമുദായംഗങ്ങളെ പുരോഗതിയുടെ പന്ഥാവിലേക്കു നയിച്ചു. മറ്റു സമുദായങ്ങളും ഈ അവസരത്തെ പാഴാക്കിയില്ല. എല്ലാ സമുദായങ്ങളും അതതു സമുദായങ്ങളെ സംഘടിപ്പിക്കാനും പരിഷ്‌കരിക്കാനുമുള്ള സംഘടനകളുണ്ടാക്കി പ്രവർത്തിച്ചുതുടങ്ങി’ എന്ന്​ മന്നത്ത് പദ്മനാഭനും അഭിപ്രായപ്പെട്ടിട്ടുണ്ട്.

ശ്രീനാരായണ ധർമപരിപാലനയോഗം ഗുരുവിന്റെ മനുഷ്യദർശനത്തെ പ്രോത്സാഹിപ്പിക്കാൻ രൂപംകൊണ്ടതല്ല, മറിച്ച്​ സമുദായ താത്പര്യം മുൻനിർത്തിയുള്ള അവകാശസംരക്ഷണമായിരുന്നു ലക്ഷ്യം വെച്ചത്.

ചുരുക്കത്തിൽ, എസ്.എൻ.ഡി.പി. രൂപീകരണവും ആദ്യകാല പ്രവർത്തനങ്ങളും സമാന സമാജങ്ങൾക്ക്​ രൂപം നൽകിയെന്നുമാത്രമല്ല, സമുദായോദ്ധാരണ പ്രവർത്തനങ്ങൾ അനുകരിക്കുകയും ചെയ്തു. അതുവഴി, ഗുരുവിന്റെ സമുദായോദ്ധാരണമാതൃക കേരളത്തിലെ ബഹു സാമുദായിക പൗരാവകാശ പ്രവർത്തനമായി പരിവർത്തനപ്പെടാൻ ഊർജസ്രോതസ്സായി മാറിയെന്നുപറയാം. ജാതിപ്പേരുകളിലാണ് സംഘടനകൾ രൂപീകൃതമായതെന്നത് അതിശയോക്തിക്ക് വക നൽകുന്നില്ല. ശ്രീനാരായണ ധർമപരിപാലനയോഗം ഗുരുവിന്റെ മനുഷ്യദർശനത്തെ പ്രോത്സാഹിപ്പിക്കാൻ രൂപംകൊണ്ടതല്ല, മറിച്ച്​ സമുദായ താത്പര്യം മുൻനിർത്തിയുള്ള അവകാശസംരക്ഷണമായിരുന്നു ലക്ഷ്യം വെച്ചത്. സമുദായ ഐക്യത്തിന്​ ആചാര്യസ്ഥാനത്ത്​ ഗുരുവിന്റെ സാന്നിധ്യം നിർബന്ധമായിരുന്നു.

ഗുരുവിന്​ തുടക്കത്തിൽ, പൂർണമായും ഇത് ഈഴവസംഘടന മാത്രമായിരിക്കുമെന്ന വിശ്വാസമുണ്ടായിരുന്നില്ല. ഗുരുവിന്​ പ്രവർത്തിക്കാൻ, സംഘടനയെ പ്രയോജനപ്പെടുത്താമെന്ന പ്രതീക്ഷയും അതോടൊപ്പം ഐക്യപ്പെടാത്തതും പ്രബുദ്ധരാകാത്തതുമായ ജാതിശരീരങ്ങളോട് 1880-ൽ ഗുരു വിഭാവനംചെയ്ത, ‘ജാതിമതഭേദമില്ലാത്ത സോദരർ സഹജീവിക്കുന്ന മാതൃകാസ്ഥാനം എന്താണെന്ന്​’ ബോധ്യമാക്കാൻ കഴിയുമോ എന്ന പരീക്ഷണവുമായിരുന്നു. ഗുരുവിന്റെ ജാതിമുക്ത സവിശേഷ ആശയത്തിനുപകരം ജാതിസ്വത്വ ആശയമാണ് വളരുന്നതെന്ന്​ സ്വയം ബോധ്യപ്പെട്ടപ്പോൾ, സംഘടനകൊണ്ട് ശക്തമായത് ജാതിബോധമാണ് എന്നുറപ്പായതോടെ, ഗുരു സംഘടനാബാഹ്യനായി. തനിക്ക്​ ജാതിയും മതവും ഇല്ല എന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

ഈ സന്ദർഭത്തിലാണ് പി.കെ. ബാലകൃഷ്ണന്റെ പ്രസ്താവന അർഥവത്താകുന്നത്. എസ്.എൻ.ഡി.പി.യുടെ പ്രവർത്തനമാതൃക ഇതര സാമുദായികസംഘടനകൾ രൂപീകൃതമാകാനും കേരള നവോത്ഥാനത്തിന്റെ ബഹുസ്വരത നിർണയിക്കാനും പ്രേരകമായി എന്നത് അംഗീകരിക്കുമ്പോൾത്തന്നെ, ഗുരുവിന്റെ ഭാവനയിലെ മനുഷ്യരെ കണ്ടെടുക്കാനും ജാതിയേതര- മതേതര- ആധുനിക കേരളത്തെ രൂപപ്പെടുത്താനും സമുദായസംഘടനകൾ ഊട്ടിയുറപ്പിച്ചിരിക്കുന്ന ജാതിബോധം മറികടക്കാനുമാവുന്ന നവോത്ഥാനം ഗുരുഭാവനയ്ക്കുപോലും അന്യമായി തീർന്നിരിക്കുന്നു.

ശ്രീ നാരായണ ​ഗുരു സഹോദരൻ അയ്യപ്പനോടൊത്ത്/Photo: Keralaculture.org

ഗുരുവിന്റെ അഭേദമനുഷ്യദർശനം അല്ല, ജാതിസ്വത്വം രാഷ്ട്രീയമായി നിർണയിച്ചുറപ്പിക്കുകയാണ് സംഘടനയിലൂടെ സംഭവിച്ചത്. തന്റെ പരീക്ഷണം പ്രായോഗികമായില്ല എന്ന ബോധ്യമാണ് സംഘടനയിൽ നിന്ന്​ മാറിനിൽക്കാൻ ഗുരുവിനെ പ്രേരിപ്പിച്ചത്. 1916 മെയ് 22-ന് ഡോ. പൽപുവിന് നൽകിയ, യോഗത്തിൽ നിന്ന്​ വിട്ടുവെന്നറിയിക്കുന്ന കത്തിൽ, ‘യോഗത്തിന്​ ജാത്യാഭിമാനം വർധിച്ചുവരുന്നത്​' മുഖ്യ കാരണമായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഗുരുവിന്റെ വ്യക്തമായ പരാജയസൂചനയാണിതെന്നത് മറക്കാനാവില്ല. തന്റെ ശ്രമങ്ങൾ സംഘടന വഴി വിജയിച്ചില്ല എന്ന ബോധ്യം വീണ്ടും ഗുരുവിനെ തനതു നിലപാടിൽ തിരിച്ചെത്തിച്ചു:

‘നാം ജാതിഭേദം വിട്ടിട്ട് ഇപ്പോൾ എതാനും സംവത്സരങ്ങൾ കഴിഞ്ഞിരിക്കുന്നു. എന്നിട്ടും ചില പ്രത്യേക വർഗക്കാർ നമ്മെ അവരുടെ വർഗത്തിൽപെട്ടതായി വിചാരിച്ചും പ്രവർത്തിച്ചും വരുന്നതായും അതു ഹേതുവാൽ നമ്മുടെ വാസ്തവത്തിനു വിരുദ്ധമായ ധാരണക്കിട വന്നിട്ടുണ്ടെന്നും അറിയുന്നു. നാം പ്രത്യേക ജാതിയിലോ മതത്തിലോ ഉൾപ്പെടുന്നില്ല. വിശേഷിച്ചും നമ്മുടെ ശിഷ്യവർഗത്തിൽ നിന്ന്​ മേൽപ്രകാരമുള്ളവരെ മാത്രമേ നമ്മുടെ പിൻഗാമിയായി വരത്തക്കവിധം ആലുവാ അദ്വൈതാശ്രമത്തിൽ ശിഷ്യസംഘത്തിൽ ചേർത്തിട്ടുള്ളൂ എന്നും മേലും ചേർക്കയുള്ളൂ എന്നും വ്യവസ്ഥപ്പെടുത്തിയിരിക്കുന്നതുമാകുന്നു. ഈ വസ്തുത പൊതുജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധം ചെയ്തിരിക്കുന്നു' -എന്ന്, ശ്രീനാരായണഗുരു.

ഗുരുവും സംഘടനയും തമ്മിലുള്ള ബന്ധവും സംഘർഷവും വിഛേദവും ഇങ്ങനെയൊക്കെയാകുമ്പോൾ എസ്.എൻ.ഡി.പി. ഇപ്പോഴും ഗുരുവിനെ ഉയർത്തിക്കാണിച്ച് ശ്രീനാരായണ ധർമപരിപാലനം നടത്തുന്നതിന്റെ വിരോധാഭാസത്തെ ചരിത്രം എങ്ങനെ അടയാളപ്പെടുത്തും? ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


എം. ശ്രീനാഥൻ

ഭാഷാശാസ്ത്രജ്ഞൻ, പ്രഭാഷകൻ, എഴുത്തുകാരൻ. തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിൽ പ്രൊഫസർ. തിയററ്റിക്കൽ ലിംഗ്വിസ്റ്റിക്‌സ്, അപ്ലൈഡ് ലിംഗ്വിസ്റ്റിക്‌സ്, ലിംഗ്വിസ്റ്റിക്‌സ് ആന്ത്രപ്പോളജി, ലാംഗ്വേജ് ആൻറ്​ ജനറ്റിക്‌സ് തുടങ്ങിയവ മേഖലകളിൽ സ്‌പെഷലൈസേഷൻ. മലയാള ഭാഷാചരിത്രം: പുതുവഴികൾ, എ.ആർ. നിഘണ്ടു, Dravidian Tribes & Language, മലയാള ഭാഷാശാസ്ത്രം, കേരള പാണിനീയ വിജ്ഞാനം (ഡോ. സി. സെയ്തലവിക്കൊപ്പം എഡിറ്റർ), ചട്ടമ്പിസ്വാമികളുടെ ജ്ഞാന നവോത്ഥാനം തുടങ്ങിയവ പ്രധാന പുസ്തകങ്ങൾ.

Comments