1893 ലെ വില്ലുവണ്ടി സമരം സഞ്ചാരസ്വാതന്ത്ര്യ പ്രഖ്യാപനമായിരുന്നു. ഗുരുവിന്റെ അരുവിപ്പുറം പ്രതിഷ്ഠക്ക്​ സമാന്തരമായി നടന്ന പ്രതീകാത്മക സമരമുറയായിരുന്നു വില്ലുവണ്ടി സമരം. / Photo: Roshni, Circle News

ഗുരുവും എസ്. എൻ. ഡി. പിയുമാണോ
​അയ്യങ്കാളിയെ സൃഷ്ടിച്ചത്?

തനതും മൗലികവുമായ അയ്യങ്കാളിശ്രമങ്ങളെ ഗുരുവും എസ്. എൻ. ഡി. പിയുമായി ബന്ധപ്പെടുത്തി മാത്രം കാണുന്ന രീതിയാണ് നിലവിലുള്ളത്. ഇതാകട്ടെ, അയ്യങ്കാളിയുടെ സമരവഴിയിലെ മൗലിക സ്വഭാവത്തെ തിരിച്ചറിയാതിരിക്കാൻ കാരണമാകുന്നുണ്ട്.

1903-ൽ എസ്.എൻ.ഡി.പി. രൂപീകരിച്ചതോടെ, തിരുവിതാംകൂറിൽ വലിയ തോതിൽ സമുദായരൂപീകരണം സംഭവിച്ചു. അതേത്തുടർന്ന്, കൊച്ചിയിലും മലബാറിലും സമുദായവല്കരണ പ്രക്രിയ യാഥാർഥ്യമായി. നാളതുവരെ അടിച്ചമർത്തപ്പെട്ട, സ്വാതന്ത്ര്യം അനുഭവിക്കാൻ കഴിയാത്ത ജനസമുദായങ്ങൾ സംഘടിതരാകാൻ ഈഴവരിൽ ആരംഭിച്ച സമുദായവത്കരണം പ്രേരണയായി.

സാമുദായിക പരിഷ്‌കരണവും അവകാശ സംരക്ഷണവും എന്ന എസ്.എൻ.ഡി.പി. മാതൃക തന്നെ ഇതര സമുദായങ്ങളും ഏറ്റെടുത്തതായി സാധാരണ പറഞ്ഞുറപ്പിക്കാറുണ്ട്. കേരളചരിത്രത്തിൽ സാമൂഹിക നവോത്ഥാനമായാണ് ഈ സമുദായവത്കരണ പ്രക്രിയ അടയാളപ്പെട്ടിരിക്കുന്നത്. ഗുരുവിന്റെ പേരിലാണ് എസ്.എൻ.ഡി.പി. രൂപം കൊണ്ടതെങ്കിലും ജാതിവർജ്ജനമല്ല, ജാതിസ്വത്വരൂപീകരണമാണ് സംഘടനവഴി സംജാതമായത് എന്ന ഗുരുവിന്റെ തിരിച്ചറിവ് ഇന്നേവർക്കും അറിയാമെന്നു പ്രതീക്ഷിക്കാം. പക്ഷേ, സൂക്ഷ്മതലത്തിൽ അതങ്ങനെയല്ല എന്ന് വ്യക്തവുമാണ്. ഭിന്നകാരണങ്ങളാൽ ചില തിരിച്ചറിവുകൾ ഏറ്റെടുക്കാൻ നാം തയ്യാറാകാറില്ല. നവോത്ഥാന പ്രക്രിയകളെക്കുറിച്ചുള്ള ധാരണകൾ പരിഷ്‌കരിക്കാൻ നാം ശ്രമിക്കാറില്ല.

നവോത്ഥാനപ്രക്രിയകളിൽ എസ്.എൻ.ഡി.പി. രൂപീകരണത്തെയും പ്രവർത്തനങ്ങളെയും ആധാരമാക്കുന്നതുവഴി, പ്രതിജാതി സമുദായവത്കരണത്തെ സൂക്ഷ്മമായി വിലയിരുത്താറില്ല.

നവോത്ഥാന വ്യവഹാരങ്ങളെ പൊതുവിൽ ദൃഢീകൃതമായ വ്യവഹാരങ്ങളായി നിലനിറുത്താനാണ് നാം ശ്രമിച്ചുവരുന്നത്. കൊളോണിയൽ ആധുനികത സൃഷ്ടിച്ച സാമൂഹികസന്ദർഭത്തിൽ അവകാശപോരാട്ടത്തിന്​ സംഘടന നിർബന്ധമാണെന്നും സമുദായ ഐക്യത്തോടെയുള്ള പ്രവർത്തനങ്ങൾ നിർബന്ധമാണെന്നും ഇതര സമുദായങ്ങളെ ബോധ്യപ്പെടുത്താൻ ആദ്യ സംഘടനയ്ക്ക് കഴിഞ്ഞുവെന്നത് സത്യമാണെങ്കിലും, സമുദായവത്കരണ പ്രക്രിയ എങ്ങനെയാണ്​ ഓരോ സമുദായങ്ങളും ഏറ്റെടുത്തതെന്ന്​ നാം സവിശേഷമായി അന്വേഷിക്കാറില്ല. നവോത്ഥാനപ്രക്രിയകളിൽ എസ്.എൻ.ഡി.പി. രൂപീകരണത്തെയും പ്രവർത്തനങ്ങളെയും ആധാരമാക്കുന്നതുവഴി, പ്രതിജാതി സമുദായവത്കരണത്തെ സൂക്ഷ്മമായി വിലയിരുത്താറില്ല.

അന്നുവരെ നിഷേധിക്കപ്പെട്ടിരുന്നത് തങ്ങളുടെ അവകാശങ്ങളാണ് എന്ന ബോധ്യം അവർണർക്കിടയിൽ പരത്താൻ എസ്. എൻ. ഡി. പി രൂപീകരണത്തിനും ആദ്യകാല പ്രവർത്തനങ്ങൾക്കും കഴിഞ്ഞു / Photo : Keralaculture.org

ശ്രീനാരായണഗുരുവിന്റെ സാന്നിധ്യം സാമുദായിക പരിഷ്‌കരണ ഊർജം പകർന്നെങ്കിലും സംഘടനവഴി ശക്തരാകേണ്ടത് അവകാശസംരക്ഷണത്തിനാണെന്ന ബോധ്യമാണ് ഏറെ അംഗീകരിക്കപ്പെട്ടത്. അതായത്, ജാതി പറഞ്ഞ്​ അവകാശങ്ങൾ ചോദിച്ചുവാങ്ങുക എന്ന പുതിയ ജാതിരാഷ്ട്രീയം യാഥാർഥ്യമാവുകയാണ് സമുദായവത്കരണത്തിലൂടെ സംഭവിച്ചത്. അന്നുവരെ നിഷേധിക്കപ്പെട്ടിരുന്നത് തങ്ങളുടെ അവകാശങ്ങളാണ് എന്ന ബോധ്യം അവർണർക്കിടയിൽ പരത്താൻ എസ്.എൻ.ഡി.പി. രൂപീകരണത്തിനും ആദ്യകാല പ്രവർത്തനങ്ങൾക്കും കഴിഞ്ഞുവെന്നത് അവാസ്തവികമായി കാണേണ്ടതില്ല.

സാമൂദായികപരിഷ്‌കരണം നിർബന്ധമായി നടപ്പാക്കണമെന്ന ആഗ്രഹത്താൽ സവർണ സമുദായങ്ങളും സംഘടിക്കാനാരംഭിച്ചു. അതോടൊപ്പം, അവകാശങ്ങളെക്കുറിച്ചുള്ള ആധുനിക കാഴ്ചപ്പാട്​ ഏറ്റെടുത്ത്​ സമുദായവല്കരണ പ്രക്രിയയിൽ അവരും പങ്കാളികളായിയെന്നതുകൊണ്ടുതന്നെ രണ്ടുകാര്യങ്ങൾ വ്യക്തമാകുന്നുണ്ട്. കൊളോണിയൽ ആധുനികത സൃഷ്ടിച്ച പാരമ്പര്യഭിന്നമായ സാമൂഹികാന്തരീക്ഷവും, പാരമ്പര്യത്തിലെ ദുർനടപ്പുകളെ പരിഷ്‌കരിക്കാതെ ആധുനിക സാന്നിധ്യമായി അതിജീവനം ഉറപ്പുവരുത്താൻ കഴിയില്ല എന്ന ബോധവും ആധുനിക വിദ്യാഭ്യാസം നേടിയവർക്കിടയിൽ വ്യാപകമായി തീർന്നിരുന്നു. കൊളോണിയൽ ആധുനികത സൃഷ്ടിച്ച പൗരബോധം ഉൾക്കൊണ്ടതുകൊണ്ടാണ് പഴയ വ്യവസ്ഥ തുടരാനാവില്ല എന്ന തിരിച്ചറിവ് സവർണവിഭാഗങ്ങൾക്കിടയിലും വേരോടിയത്. ഈഴവജാതിക്കാർ ആധുനികയുഗത്തിന്​ ആവശ്യമായ രീതിയിൽ സംഘടന ആരംഭിച്ചതോടെ, തിരുവിതാംകൂറിൽ വലിയ സമുദായരൂപീകരണം സംഭവിച്ചു. സമുദായങ്ങൾ സംഘടിതമായി. നാളതുവരെ അടിച്ചമർത്തപ്പെട്ട, സ്വാതന്ത്ര്യം അനുഭവിക്കാൻ കഴിയാത്ത ജനവിഭാഗങ്ങളും, സാമൂഹികപരിഷ്‌കരണം നിർബന്ധമായി നടപ്പാക്കണമെന്ന ആഗ്രഹത്താൽ സവർണസമുദായങ്ങളും സംഘടിക്കാൻ ആരംഭിച്ചു.

ഗുരു ഉപദേശിച്ച ജാതിരഹിത മതേതര സമൂഹം എന്ന ആശയം മൗലികവും തത്വത്തിൽ പുരോഗമനപരവുമാണെങ്കിലും അതേറ്റെടുക്കാനുള്ള ധൈഷണികപക്വത കൊളോണിയൽ ആധുനികതയ്ക്കുണ്ടായിരുന്നില്ല.

അവകാശങ്ങൾക്കായി സംഘടിതമായി ശക്തരാകണമെന്ന്​ നേരിട്ട് ബോധ്യപ്പെട്ടതോടെ, ആധുനികവഴിയായി ഇതല്ലാതെ മറ്റുമാർഗങ്ങളില്ല എന്ന തിരിച്ചറിവ് എല്ലാ സമുദായങ്ങളിലും മിന്നൽപ്പിണരായി മാറി. അതുതന്നെയാണ് എസ്.എൻ.ഡി.പി.യുടെ രൂപീകരണംകൊണ്ട് കേരള സമൂഹത്തിൽ സംഭവിച്ച പ്രധാന മാറ്റവും. എസ്.എൻ.ഡി.പി, കൈയൊഴിഞ്ഞ ഗുരുവിന്റെ ജാതിവർജ്ജനമെന്ന യുക്തിബോധത്തെ ഏറ്റെടുക്കാനും കൂടുതൽ വ്യാപ്തിയോടുകൂടി പ്രചരിപ്പിക്കാനും സമുദായസംഘടനകളല്ലതെ സഹോദരപ്രസ്ഥാനം പോലുള്ള പ്രവർത്തനങ്ങളും രൂപപ്പെട്ടു. കൂടാതെ, ഈഴവർ ഹിന്ദുക്കളല്ലെന്നും ഹിന്ദുമതമാണ് ഈഴവരുടെ പിന്നാക്കാവസ്ഥയ്ക്കു കാരണമെന്ന ‘സ്വതന്ത്രസമുദായ' വാദവും നാമ്പിട്ടു. അവർണ -സവർണ ഹിന്ദുസമുദായങ്ങളിൽ നടന്ന സാമൂഹികപരിഷ്‌കരണം ഇതര മതസമുദായങ്ങളിലേക്കും വ്യാപിച്ചു.

ശ്രീ നാരായണ ​ഗുരു ഉപയോ​ഗിച്ചിരുന്ന റിക്ഷ / Photo : Keralaculture.org

ഗുരു ഉപദേശിച്ച ജാതിരഹിത മതേതര സമൂഹം എന്ന ആശയം മൗലികവും തത്വത്തിൽ പുരോഗമനപരവുമാണെങ്കിലും അതേറ്റെടുക്കാനുള്ള ധൈഷണികപക്വത കൊളോണിയൽ ആധുനികതയ്ക്കുണ്ടായിരുന്നില്ല. കൊളോണിയൽ ഭരണകൂടത്തിന്റെ താത്പര്യവും അതായിരുന്നില്ല. ജാതിവർജ്ജനമോ മതേതരത്വമോ അവരുടെ അജണ്ടയായിരുന്നില്ല. തന്നെയുമല്ല, സമൂഹം വിഘടിച്ചുനിൽക്കുന്നതാണ് ഭരണകൂടതാത്പര്യവും. ക്രൈസ്തവവത്കരണം വഴി പുരോഗമനം സാധ്യമാണെന്നും ആധുനികരാകുമെന്നും വിശ്വസിച്ച കൊളോണിയൽ അധികാരികൾക്ക്​ ഗുരുവിന്റെ മാനവിക ദർശനത്തെ പ്രോത്സാഹിപ്പിക്കേണ്ട ബാധ്യതയുമില്ലായിരുന്നു. വംശീയതയുടെ ബോധം അന്തർധാരയായിരിക്കുന്ന യൂറോപ്യൻ ധൈഷണികതക്ക്​ ഉൾക്കൊള്ളാൻ കഴിയുന്ന ദർശനമായിരുന്നില്ല ഗുരുവിന്റേത്. പകരം, ജനസംഖ്യാടിസ്ഥാനത്തിലുള്ള ജാതിവൈവിധ്യം അവതരിപ്പിച്ച്​ സമൂഹഘടന പഠനവിധേയമാക്കുന്നതിൽ അവർക്കു താല്പര്യമുണ്ടായിരുന്നു. ആധുനിക വിദ്യാഭ്യാസം നേടിയവർക്കാകട്ടെ, നിയമസമത്വം നൽകിയ പൗരബോധം പുതിയ സാധ്യതകൾ തുറന്നിട്ടു. അവകാശനിഷേധത്തിനെതിരെ സംഘടിച്ച്​ മുന്നേറാൻ അവർക്കത് പ്രേരണയായി. അതിന്റെ ആദ്യ സ്വരൂപമാണ് എസ്. എൻ. ഡി. പി. തുടർന്ന്​, നിരവധി സമുദായ സംഘടനകൾ കേരളത്തിൽ രൂപംകൊണ്ടു. കേരളത്തിൽ സംഭവിച്ച സമുദായവത്കരണത്തെ മികച്ച നവോത്ഥാന മാതൃകയായി നെഞ്ചേറ്റുകയും ജാതിരഹിത സമൂഹചിന്തയുടെ അസ്തമനം ആഘോഷിക്കുകയും ചെയ്യുന്ന ആധുനിക കേരളസമൂഹ രൂപീകരണത്തെ വസ്തുനിഷ്ഠമായി പുനഃപരിശോധിച്ചുകൊണ്ടേ നവകേരള സാധ്യതയെക്കുറിച്ച്​ ആലോചിക്കാനാവൂ.

നവോത്ഥാനശില്പികളെയും അവരുടെ ഭാവനയും കൊട്ടിഘോഷിക്കുകയും അവരുടെ പ്രായോഗിക ശ്രമങ്ങൾ എവ്വിധമാണ് സമൂഹത്തിൽ പ്രവർത്തിച്ചതെന്നും, അതുവഴിയുണ്ടായ സ്ഥാപനങ്ങളുടെ പ്രവർത്തനമെങ്ങനെയെന്നും വിമർശനാത്മകമായി പരിശോധിക്കാതിരിക്കുകയും ചെയ്യുന്നത്​ അപകടകരമായ പ്രവണതയാണ്.

ജാതിസ്വത്വ രൂപീകരണമാണ് സമുദായവത്കരണ പ്രക്രിയ എന്നു പറയാൻ നാം മടി കാണിക്കുന്നതെന്ത്? നവോത്ഥാനം എന്ന വാക്ക് ഉപയോഗിച്ചതുകൊണ്ട് ജാതിസ്വത്വ രൂപീകരണം ഇല്ലാതാകുന്നില്ല. ജാതിസ്വത്വ രൂപീകരണത്തെ നവോത്ഥാനമായി കാണാൻ കഴിയാത്തവർ പ്രായോഗികമായി പരാജയപ്പെട്ട ഗുരുഭാവനയെ ആനയിച്ചാവർത്തിച്ച് ഗുരുനിന്ദ തുടരുകയാണ്. സാമൂഹിക പ്രക്രിയകളെ വാസ്തവമായി അടയാളപ്പെടുത്തിയാലേ സമൂഹത്തെ വസ്തുനിഷമായി മനസ്സിലാക്കാനും ഭാവികേരളത്തെ ആസൂത്രണം ചെയ്യാനും കഴിയൂ. ഈ സാധ്യതയാണ് ഗുരുവിന്റെ പരാജയങ്ങൾ മനസിലാക്കുന്നതിലൂടെ വെളിവാകുന്നത്. അന്തിമമായി, ‘ജാതിഭേദം മതദ്വേഷം’ ഇല്ലാത്ത ഇടമായി കേരളത്തെ ആധുനികവൽക്കരിക്കണമെങ്കിൽ എല്ലാ നവോത്ഥാനപ്രക്രിയകളെയും അവ രൂപംകൊണ്ട സാഹചര്യവും അക്കാലത്തു നിർവഹിച്ച ധർമവും പിൽക്കാലത്ത്​ നിർവഹിച്ചുവരുന്ന ധർമവും വിമർശനാത്മകമായി വിലയിരുത്താൻ നമുക്ക് കഴിയണം.
മറിച്ച്, നവോത്ഥാനശില്പികളെയും അവരുടെ ഭാവനയും കൊട്ടിഘോഷിക്കുകയും അവരുടെ പ്രായോഗിക ശ്രമങ്ങൾ എവ്വിധമാണ് സമൂഹത്തിൽ പ്രവർത്തിച്ചതെന്നും, അതുവഴിയുണ്ടായ സ്ഥാപനങ്ങളുടെ പ്രവർത്തനമെങ്ങനെയെന്നും വിമർശനാത്മകമായി പരിശോധിക്കാതിരിക്കുകയും ചെയ്യുന്നത്​ അപകടകരമായ പ്രവണതയാണ്. സംഭവിച്ചതെല്ലാം നല്ലതുമാത്രമാണ്, അവയെല്ലാം നവോത്ഥാനമാണ് എന്നുറപ്പിക്കുന്നത്​ നന്നല്ല. ഗുരുവിന്റെ മാനവിക ദാർശനിക ഭാവന ആഗോളതലത്തിൽത്തന്നെ മികച്ചതാണ്. ഗുരുവിന്റെ നവോത്ഥാന ആശയലോകം സാർവലൗകികമാണെങ്കിലും അതിന്​ കേരളത്തിൽ അർഹിക്കുന്ന അംഗീകാരം ലഭിച്ചില്ല. അദ്ദേഹത്തിന്റെ പ്രായോഗിക ശ്രമങ്ങൾ ഭാഗിക മാറ്റങ്ങൾക്ക്​കാരണമായിട്ടുണ്ടെങ്കിലും, അന്തിമമായി അത് ഭാവനയും സാധ്യതയുമായി തുടരുന്നുവെന്നേ പറയാനാവൂ.

ഈഴവർ, പത്തൊമ്പതാം നൂറ്റാണ്ടിലെ ഒരു ചിത്രം / Photo : Keralaculture.org

പ്രായോഗിക തലത്തിൽ സാമുദായവത്കരണത്തിലൂടെ യാഥാർഥ്യമായി തീർന്ന ജാതിസ്വത്വനിർമിതയെ നോക്കിക്കാണുകയാണിവിടെ. അവർണവിഭാഗങ്ങളെ സംബന്ധിച്ച്​ ജാതി, വിവേചന ഉപാധി, അവകാശനിഷേധ കാരണം, സാമൂഹിക അപമാനം എന്നിങ്ങനെയുള്ള പദവിയിൽനിന്ന്​ ജാതിസ്വത്വത്തിലേക്കും ജാത്യഭിമാനത്തിലേക്കും അവകാശസംരക്ഷണ കാരണമായും സംവരണമായും വളർന്ന പ്രക്രിയയാണ് അവർണസമുദായവത്കരണത്തിന് പങ്കിടാനുള്ളത്. സവർണ കൂട്ടായ്മയിൽ നഷ്ടപ്പെട്ടിരുന്ന സ്വത്വത്തിന്റെ വീണ്ടെടുപ്പായും ആധുനിക സമൂഹത്തിൽ പ്രതിജാതി സമ്മർദ്ദശക്തികൾക്കിടയിൽ അതിജീവിക്കാനുമാണ് സവർണ സമുദായവൽക്കരണം സാക്ഷ്യമായത്. കേരളത്തിലെ സമുദായവല്കരണപ്രക്രിയയെ ഭിന്നരീതിയിൽ മനസിലാക്കേണ്ടിയിരിക്കുന്നു. ജാതിവ്യവഹരങ്ങളിൽ നിർണായക സാന്നിധ്യമാണ് സമുദായവത്കരണമെന്ന ജാതിസ്വത്വരൂപീകരണത്തിനുള്ളത്. സംഘടന കൊണ്ട് ശക്തമായ കേരളത്തിലെ ജാതിസ്വത്വ- ജാത്യാവകാശ സംരക്ഷണ മാതൃകകളെ പരിചയപ്പെടം.

ഗുരുവിന്റെ മാനവിക സമൂഹഭാവനയല്ല യാഥാർഥ്യമായതെങ്കിലും നിലനിന്നിരുന്ന അവർണ- സവർണ ഘടനയെ വിഘടിപ്പിച്ച്, പ്രതിജാതി സ്വത്വഭേദം സൃഷ്ടിച്ച്, മത്സരബുദ്ധിയോടെ പ്രതിജാതി അവകാശങ്ങൾ നേടി അതിജീവനസാധ്യത ഉറപ്പുവരുത്താൻ കഴിഞ്ഞുവെന്നതാണ് സമുദായവത്കരണത്തിലൂടെ കേരളം ആർജിച്ചത്. പുരോഗമനപരമായി വിലയിരുത്തുന്നതുകൊണ്ടാണ് ഈ പ്രക്രിയയെ നവോത്ഥാനപ്രക്രിയയായി അടയാളപ്പെടുത്തുന്നത്. സാമൂഹ്യഘടനയുടെ വിഘടനം സാധ്യമാക്കാൻ കൊളോണിയൽ ആധുനികത ഒരുക്കിയ വിദ്യാഭ്യാസത്തിനും പൗരബോധത്തിനും ജനസംഖ്യാടിസ്ഥാനത്തിലുള്ള പ്രതിസമുദായബോധത്തിനും കഴിഞ്ഞു. സംഘടനകൊണ്ട് ശക്തരായാലേ അവകാശങ്ങൾ ലഭ്യമാകൂവെന്ന സാമൂഹികസ്ഥിതി സംജാതമായതോടെ അയിത്തവും അടിമത്വവും അനുഭവിച്ചിരുന്ന പഴയ ഘടനയിൽനിന്ന്​ മോചനമൊരുക്കാനുള്ള സംഘടനാസാധ്യത കൊളോണിയൽ ആധുനികത പ്രദാനം ചെയ്തുവെന്നത് വിസ്മരിക്കാനാവില്ല. പൈതൃകഘടനയിൽ നിന്നുള്ള സാമൂഹിക മോചനവഴിയായി സമുദായവത്കരണം. ജാതി, അടിമത്വ മുദ്രയായിരുന്നതിൽനിന്ന്​ ജാതിഒരുമ വിമോചനവഴിയായി ചരിത്രവിച്ഛേദം സാധ്യമാക്കി. ഈ സാധ്യതയാണ് എസ്. എൻ. ഡി. പി രൂപീകരണത്തോടെ, പ്രതിസമുദായ സംഘടനകൾക്കു കേരളത്തിൽ ജന്മമേകിയത്.

എസ്. എൻ. ഡി. പിയിൽ ഗുരുധർമം അനുസരിക്കുന്ന എല്ലാവിധ സമുദായങ്ങൾക്കും അംഗത്വം കൊടുക്കണമെന്നു തുടക്കത്തിൽ ആലോചിച്ചിരുന്നെങ്കിലും അത് ഏകസമുദായ ഈഴവ സംഘടനയായി തന്നെയാണ് നിലകൊണ്ടത്.

അവർണ സമുദായവൽക്കരണം

എസ്. എൻ. ഡി. പിയുടെ രൂപീകരണത്തിനുശേഷം, നാലു വർഷത്തിനുള്ളിൽ അവർണവിഭാഗത്തിൽപ്പെട്ട പുലയസമുദായം അയ്യൻകാളിയുടെ നേതൃത്വത്തിൽ 1907 ൽ ‘സാധുജനപരിപാലനസംഘം' എന്ന സംഘടന രൂപീകരിച്ചു. മതേതരത്വത്തിന്റെയും ജാതിവിരുദ്ധതയുടെയും അടിസ്ഥാനത്തിലായിരുന്നു സാധുജനപരിപാലനസംഘത്തെ അയ്യൻകാളി വിഭാവനം ചെയ്തത്. എസ്. എൻ. ഡി. പിയുടെ പ്രവർത്തനമാതൃക സ്വീകരിച്ചുകൊണ്ടുതന്നെയായിരിക്കാം ഈ സംഘടന രൂപംകൊണ്ടത്. എന്നാൽ ഇത് പുലയർക്കുമാത്രമായിട്ടല്ല രൂപീകരിച്ചത്. പുലയർ തുടങ്ങി അധഃകൃതവർഗങ്ങളായി കരുതുന്ന ഇതര വിഭാഗങ്ങൾക്കും കൂടിയുള്ള സംഘടനയായാണ് രൂപീകരിച്ചത്. സാധുജനങ്ങൾ എന്നത് പുലയർ മാത്രമല്ല, ഇതര ഉപജാതികളും ഉൾപ്പെടുന്നുണ്ട്. പുലയരും മറ്റു അധഃകൃത വിഭാഗങ്ങളും സംഘടനയുടെ ഭാഗമായിരുന്നു. എസ്. എൻ. ഡി. പിയിൽ ഗുരുധർമം അനുസരിക്കുന്ന എല്ലാവിധ സമുദായങ്ങൾക്കും അംഗത്വം കൊടുക്കണമെന്നു തുടക്കത്തിൽ ആലോചിച്ചിരുന്നെങ്കിലും അത് ഏകസമുദായ ഈഴവ സംഘടനയായി തന്നെയാണ് നിലകൊണ്ടത്. സംഘടനയുടെ രൂപീകരണത്തിൽ പൂർണമായും രണ്ടു ഘടകങ്ങൾ ഉൾച്ചേർന്നിരുന്നു. ആത്മീയമുഖമായി ഗുരുവും കൊളോണിയൽ ആധുനികതയുടെ മുഖമായി ഡോ. പൽപ്പുവും കുമാരനാശാനും.

ശിവ​ഗിരി ആശ്രമത്തിനു മുന്നിൽ ​ഗുരുവും ശിഷ്യന്മാരും / Photo : Keralaculture.org

പൂർണമായും സാക്ഷരതയാണ് പൗരബോധം ഉൾക്കൊണ്ട് മുന്നേറാൻ പ്രചോദനമായത്. ആധുനിക വിദ്യാഭ്യാസം അവകാശങ്ങളെ കുറിച്ചുള്ള പൗരബോധവും അതിജീവനതന്ത്രവും മെനഞ്ഞെടുക്കാൻ അവരെ പ്രേരിപ്പിച്ചു. ആധുനിക ഇംഗ്ലീഷ് വിദ്യാഭ്യാസം തന്നെയാണ് സാധുജനപരിപാലനസംഘം ഒഴിച്ചുള്ള അവർണ- സവർണ സാമുദായിക സംഘടനാരൂപീകരണത്തിനു പിന്നിലും പ്രവർത്തിച്ചത്. അക്ഷരജ്ഞാനത്തിന്റെ മൂലധനമോ ആധുനിക വിദ്യാഭ്യാസ മൂലധനമോ മതാടിസ്ഥാനമോ ഒന്നുമില്ലാതെ അധഃസ്ഥിത വിഭാഗങ്ങളുടെ മോചനത്തിനും ഉന്നമനത്തിനുമായി പ്രവർത്തിക്കാൻ അയ്യങ്കാളിക്ക് കഴിഞ്ഞുവെന്നതാണ് സാധുജനപരിപാലനസംഘ രൂപീകരണത്തെയും അയ്യങ്കാളിയുടെ സമുദായോദ്ധാരണ പ്രവർത്തനങ്ങളെയും കേരളത്തിലെ ജാതിവിനിമയങ്ങളിൽ സവിശേഷമാക്കുന്നത്.

എസ്. എൻ. ഡി. പി രൂപീകരണവും നാരായണഗുരുവിന്റെ പ്രവർത്തനങ്ങളും അയ്യങ്കാളിയെ ഒരു പരിധിവരെ സ്വാധീനിച്ചിട്ടുണ്ടാകാം. മുന്നനുഭവമെന്ന നിലയിലും തിരുവിതാംകൂറിലാണ് ഇതൊക്കെ നടന്നത് എന്നും ഉള്ള അടിസ്ഥാനമേ അത്തരമൊരു വാദത്തിനുള്ളു. മറിച്ച്, ആധുനിക വിദ്യാഭ്യാസത്തിന്റെയോ അക്ഷരജ്ഞാനത്തിന്റെ പിൻബലമോ ഒന്നും അയ്യങ്കാളിക്കില്ല. അന്ന് ചുറ്റും നടക്കുന്ന വിവരങ്ങളെല്ലാം എല്ലാവരിലേക്കും എത്തിച്ചേരാനുതകുന്ന മാധ്യമശ്രംഖലയോ മാധ്യമസംസ്‌കാരമോ രൂപംകൊണ്ടിട്ടില്ല. കാലത്തിന്റെ അടിസ്ഥാനത്തിൽ മാത്രം പരിഗണിച്ച്​ മുൻ പിൻ ഘട്ടങ്ങളായി ചരിത്രത്തുടർച്ചയായി സംഭവങ്ങളെയും വ്യക്തികളെയും അടയാളപ്പെടുത്തുമ്പോൾ വാസ്തവമെന്തെന്നും അന്വേഷിക്കേണ്ടതുണ്ട്. അക്കാലത്തുനടന്ന ഈഴവവത്കരണത്തിന്റെ അനുരണനങ്ങൾ അയ്യങ്കാളിയുടെ ജന്മദേശമായ വെങ്ങാനൂരിലും പരിസരത്തും ഉണ്ടായിട്ടുണ്ടാകും. അതും സംഘടനാ രൂപീകരണത്തിന്​ പ്രേരണയായി മാറിയിട്ടുണ്ടാകാം. സാധുജന പരിപാലന സംഘം എന്ന പേരിലെ ‘പരിപാലന' എന്ന പദത്തിന്റെ സാന്നിധ്യം ഇതുറപ്പുവരുത്തുന്നുണ്ട്. ഇതൊക്കെ സാധ്യതകളെ ആകുന്നുള്ളൂ. മറിച്ച്​, ഗുരുവും എസ്. എൻ. ഡി. പിയുമാണ് അയ്യങ്കാളിയെ സൃഷ്ടിച്ചത് എന്ന അവകാശവാദം ശരിയാണോ എന്ന് പുനഃപരിശോധിക്കേണ്ടതുണ്ട്.

ആരാധനാവകാശത്തിനായി ഗുരു നടത്തിയ പ്രവർത്തനങ്ങൾ അയ്യങ്കാളി പിന്തുടർന്നിട്ടില്ല. 1893 ലെ വില്ലുവണ്ടി സമരം സഞ്ചാരസ്വാതന്ത്ര്യ പ്രഖ്യാപനമായിരുന്നു. ഗുരുവിന്റെ അരുവിപ്പുറം പ്രതിഷ്ഠക്ക്​ സമാന്തരമായി നടന്ന പ്രതീകാത്മക സമരമുറയായിരുന്നു വില്ലുവണ്ടി സമരം. ഗുരുവിന്റെ പ്രവർത്തന ങ്ങളിൽ പ്രധാനമായിരുന്നില്ല സഞ്ചാരസ്വാതന്ത്ര്യം. അതുകൊണ്ടുതന്നെ അയ്യങ്കാളിയുടെ ഈ സമരമുറ തനതായും നൂതനമായുമേ കാണാനാവൂ. സംഘടന രൂപീകരിക്കുന്നതിനുമുമ്പ് ഒറ്റയാൻ പ്രക്ഷോഭങ്ങൾ അയ്യൻകാളി നടത്തിയിരുന്നു. അതിലൊന്നായിരുന്നു വില്ലുവണ്ടി സമരം. തനതായ സമരപാത കണ്ടെത്തുകയായിരുന്നു അദ്ദേഹം. അയ്യങ്കാളിയുടെ സമരരീതികൾ സവിശേഷമായിരുന്നു. അവയ്ക്ക്​ മുൻ മാതൃകകളുമില്ലായിരുന്നു. അതായത് തികച്ചും മൗലികമായ സമരമുറയാണ് അയ്യങ്കാളി പിന്തുടർന്നത്. തനതും മൗലികവുമായ അയ്യങ്കാളിശ്രമങ്ങളെ ഗുരുവും എസ്. എൻ. ഡി. പിയുമായി ബന്ധപ്പെടുത്തി മാത്രം കാണുന്ന രീതിയാണ് നിലവിലുള്ളത്. ഇതാകട്ടെ, അയ്യങ്കാളിയുടെ സമരവഴിയിലെ മൗലിക സ്വഭാവത്തെ തിരിച്ചറിയാതിരിക്കാൻ കാരണമാകുന്നുണ്ട്.

എസ്. എൻ. ഡി. പി മുന്നോട്ടുവച്ച സമുദായ പരിഷ്‌കരണമാതൃക അതേരീതിയിൽ ഉൾക്കൊണ്ടല്ല അയ്യങ്കാളി പ്രവർത്തിച്ചതെന്നത്​, അദ്ദേഹത്തിന്റെ പ്രവർത്തനമാതൃകയുടെ മൗലികത വെളിപ്പെടുത്തുന്നുണ്ട്.

അയിത്തത്തിനും സാമൂഹിക അസമത്വത്തിനുമെതിരെ

സഞ്ചാരസ്വാതന്ത്ര്യം, വിദ്യാലയ പ്രവേശനം, ആചാരപരിഷ്‌കരണം എന്നിവയിലൂന്നിക്കൊണ്ടാണ് അയ്യൻകാളി പ്രവർത്തനരീതികൾ ആവിഷ്‌കരിച്ചത്. അവകാശങ്ങൾക്കായി സംഘടിതമായി ശക്തരാകുന്നത് ഈഴവരുടെ കാര്യത്തിൽ നേരിട്ട് ബോധ്യപ്പെട്ടതോടെ, ആധുനികവഴിയായി ഇതല്ലാതെ മറ്റുമാർഗങ്ങളില്ല എന്ന തിരിച്ചറിവ് അധഃസ്ഥിതവിഭാഗങ്ങൾക്കിടയിലും ആവേശമുണർത്തിക്കാണും.

സാക്ഷരതാ മൂലധനം ഇല്ലാതിരുന്നിട്ടും, വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം അയ്യങ്കാളി ഉൾക്കൊണ്ടു. അധഃകൃതർക്കും വിദ്യാലയ പ്രവേശനതിനർഹതയുണ്ടെന്നുള്ള ബോധ്യത്തിൽനിന്ന് അത് ആർജിക്കുക എന്ന ലക്ഷ്യം സംഘടന ഏറ്റെടുത്തു. അവകാശങ്ങൾക്കായുള്ള പോരാട്ടം കൊണ്ട് സർക്കാർ വിദ്യാലയങ്ങളിൽ സർക്കാർ പ്രവേശനം അനുവദിച്ചെങ്കിലും യാഥാസ്ഥിതിക സവർണ സമുദായമായ നായർ പ്രമാണിമാർ പ്രവേശനം യാഥാർഥ്യമാക്കാൻ തയ്യാറായില്ല. ഊരുട്ടമ്പലം ലഹളയെന്നും നായർ- പുലയ ലഹളയെന്നും അറിയപ്പെടുന്ന സംഭവം പള്ളിക്കൂട പ്രവേശനത്തിനായി അയ്യങ്കാളിയുടെ നേതൃത്വത്തിൽ 1914 ൽ നടന്നതാണ്. കായികമായ ചെറുത്തുനിൽപ്പ്​ വേണ്ടിയിരുന്ന സന്ദർഭങ്ങളിൽ അതുതന്നെ അയ്യങ്കാളി പ്രതിരോധമാർഗമാക്കി. 1912 ൽ നടന്ന നെടുമങ്ങാട് ചന്ത പ്രക്ഷോഭവും ഉരുട്ടമ്പലം ലഹളയും ഉദാഹരണമാണ്. വിദ്യാഭ്യാസ അവകാശ സംരക്ഷണത്തിന്​ അയ്യങ്കാളി ആദ്യമായി പണിമുടക്ക് സംഘടിപ്പിച്ചു. 1907 ൽ നടന്ന കർഷകതൊഴിലാളി സമരം പുതുപ്രതിഷേധരൂപമെന്ന നിലയിൽ ചരിത്രപ്രാധാന്യമുള്ളതാണ്. അധഃസ്ഥിത കുട്ടികളുടെ പള്ളിക്കൂട പ്രവേശന നിഷേധത്തിനെതിരായി, ‘ഞങ്ങളുടെ മക്കളെ പള്ളിക്കൂടങ്ങളിൽ പ്രവേശിപ്പിച്ചില്ലെങ്കിൽ ഞങ്ങൾ പാടത്തിറങ്ങി പണിചെയ്യാനുമില്ല 'എന്ന മുദ്രാവാക്യവുമായി കേരളത്തിൽ നടന്ന പ്രഥമ നിസ്സഹകരണ പണിമുടക്കായിരുന്നു അയ്യങ്കാളിയുടെ നേതൃത്വത്തിൽ സാധുജനപരിപാലനസംഘം സംഘടിപ്പിച്ചത്. ഇതും മറ്റു വ്യക്തികളിൽനിന്നോ സംഘടനകളിൽനിന്നോ ഉള്ള അനുകരണമായിരുന്നില്ല. 1914 ലെ അവശജനതയുടെ വിദ്യാഭ്യാസാനുകൂല സർക്കാർ ഉത്തരവ് നടപ്പാക്കിയെടുക്കാൻ സംഘത്തിന്​ നിരവധി പ്രക്ഷോഭങ്ങൾ നടത്തേണ്ടിവന്നു. ആചാരപരിഷ്‌കരണത്തിന്റെ ഭാഗമായി പുലയ സ്ത്രീകളുടെ കല്ലുമാല തുടങ്ങിയ പ്രാകൃത ആഭരണങ്ങൾ ഉപേക്ഷിച്ച് പരിഷ്‌കൃത ആഭരണങ്ങളും വസ്ത്രവും ഉപയോഗിക്കാനുള്ള അവകാശത്തിനായി നടന്ന കല്ലുമാല പ്രക്ഷോഭം (1915) അടക്കമുള്ളവ മുൻ മാതൃകകളില്ലാതെ തനതായി അയ്യങ്കാളി രൂപംകൊടുത്ത പ്രതിരോധമുറകളായിരുന്നു. അയ്യൻകാളി അധഃകൃതർക്കുവേണ്ടി നടത്തിയ പ്രവർത്തനങ്ങൾ പരിഗണിച്ച്​ തിരുവിതാംകൂർ സർക്കാർ 1911 ൽ ശ്രീമൂലം പ്രജാസഭയിലേക്ക്​ നോമിനേറ്റ് ചെയ്തു. സാധുജനങ്ങളുടെ വിദ്യാഭ്യാസ ഉന്നമനത്തിന്​ നാട്ടുഭാഷാ സ്‌കൂളുകൾ ആരംഭിക്കണമെന്ന് അയ്യൻകാളി നിർദ്ദേശിച്ചു. തുടർന്ന് 1917 ൽ ആദ്യമായി പുലയ- പറയ വിദ്യാർത്ഥികൾക്ക് 292 നാട്ടുഭാഷാ സ്‌കൂളുകളിൽ പ്രവേശനം അനുവദിച്ചു. സർക്കാർ സർവീസിൽ ന്യായമായ സാധുജന പ്രാതിനിധ്യം ഉറപ്പുവരുത്താനും അയ്യങ്കാളി ശ്രമിച്ചു. സാധുജനങ്ങൾക്കുവേണ്ടി വെങ്ങാനൂരിൽ നെയ്​ത്ത്​ ആരംഭിച്ചു. 1913ൽ കാളി ചോതിക്കുറുപ്പിനെ മുഖ്യപത്രാധിപരാക്കി ‘സാധുജനപരിപാലിനി' അയ്യൻകാളി തുടങ്ങിയത് സാധുജനങ്ങൾക്കിടയിൽ ബോധവൽക്കരണം നടത്താനായിരുന്നു.

അയ്യങ്കാളി കുടുംബത്തോടൊപ്പം / Photo : Keralaculture.org

എസ്. എൻ. ഡി. പി മുന്നോട്ടുവച്ച സമുദായ പരിഷ്‌കരണമാതൃക അതേരീതിയിൽ ഉൾക്കൊണ്ടല്ല അയ്യങ്കാളി പ്രവർത്തിച്ചതെന്നത്​, അദ്ദേഹത്തിന്റെ പ്രവർത്തനമാതൃകയുടെ മൗലികത വെളിപ്പെടുത്തുന്നുണ്ട്.
വിദ്യാഭ്യാസം, സർക്കാർ ജീവനം, ആചാര പരിഷ്‌കരണത്തിലൂടെ പഴയ ഘടനയിൽ നിന്ന്​ പുറത്തുവരുകയെന്നതും അക്കാലത്തെ എല്ലാ സമുദായങ്ങളുടെയും സമാന ആവശ്യമായിരുന്നു. സമുദായോദ്ധാരണ മാതൃക എസ്. എൻ. ഡി. പി അവതരിപ്പിച്ചിരുന്നുവെങ്കിലും, അത് സാധുജനങ്ങൾക്ക്​അനുയോജ്യമാക്കുന്നതിൽ, അതിലേറെ സാധുജനങ്ങളെ ബോധ്യപ്പെടുത്തുന്നതിൽ അയ്യങ്കാളിയുടെ മികവ് സവിശേഷമാണ്. അതുകൊണ്ടുതന്നെ അദ്ദേഹം സാധുജനങ്ങൾക്കായി അവകാശം സ്ഥാപിച്ചെടുത്തരീതി തനതാണ്. സ്വസമുദായത്തിനുവേണ്ടിമാത്രമല്ലെന്നതും അംഗീകരിക്കേണ്ടതാണ്. സാധുജനങ്ങൾ എന്ന വർഗപരമായ കാഴ്ചപ്പാട് കേരളത്തിൽ ആദ്യമായി അവതരിപ്പിച്ചതും അതിനായി അധ്വാനിച്ചതും അയ്യങ്കാളിയായിരുന്നു. പണിമുടക്കിൽ ദുരിതംകൊണ്ട്​ വലഞ്ഞ സാധുജനങ്ങൾക്ക്​ബദൽതൊഴിൽ ഏർപ്പെടുത്താൻ തീരദേശജനതയുമായി വാക്കാൽ കരാറുണ്ടാക്കാൻ ശ്രമിച്ച കേരളത്തിലെ പ്രഥമ തൊഴിലാളി ക്ഷേമ ആസൂത്രകനും അയ്യങ്കാളിയായിരുന്നു. എസ്. എൻ. ഡി. പി രൂപീകരണത്തിനുശേഷം അയ്യങ്കാളി സംഘടന രൂപീകരിച്ചു പ്രവർത്തിച്ചുവെന്നതിന്റെ അടിസ്ഥാനത്തിൽ ആ മാതൃക പിന്തുടർന്നുവെന്ന്​ വാദത്തിനായി പറയാമെങ്കിലും അയ്യങ്കാളിയുടെ പ്രവർത്തനങ്ങൾ സമീപനം കൊണ്ടും ഫലം കൊണ്ടും കൂടുതൽ തനതുസ്വഭാവം കാട്ടുന്നുണ്ട് എന്നത് വിസ്മരിക്കാനാവില്ല. ‘സമുദായവൽക്കരണം' എന്നത് അയ്യങ്കാളിയുടെ സമീപനത്തിൽ ജാതിവൽക്കരണമായിരുന്നില്ല, വർഗവൽക്കരണമായിരുന്നു. അക്കാര്യത്തിൽ ഗുരു മനുഷ്യസമുദായത്തെ വിഭാവനം ചെയ്തപ്പോൾ അയ്യങ്കാളി സാധുജനവർഗ്ഗത്തെ സ്വജനമായി കാണുകയും അവരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുകയും ചെയ്തു. ജാതിസ്വത്വ ചിന്തയിൽനിന്ന്​ വർഗ്ഗചിന്തയിലേക്കു വളരുന്ന സമുദായവത്കരണത്തെ പകരംവച്ചുകൊണ്ടാണ് അയ്യങ്കാളി എസ്. എൻ. ഡി. പിയുടെ ഈഴവത്കരണത്തെ അഭിസംബോധനചെയ്തത്.

ഗുരുവിന്റെ ജാതിരഹിത മനുഷ്യമാതൃകയെ അരികുവൽക്കരിച്ച പ്രക്രിയതന്നെ അയ്യങ്കാളിയുടെ വിശാല സാധുജന വർഗ്ഗമാതൃകയെയും പുലയജാതിമാതൃക പകരംവച്ചു ഒഴിവാക്കി.

അയ്യങ്കാളിയുടെ വർഗവൽക്കരണത്തെ ഉൾക്കൊള്ളാൻ അദ്ദേഹത്തിന്റെ സ്വസമുദായത്തിനുകഴിയാതെ വന്നത് ആധുനിക വിദ്യാഭ്യാസം പകർന്ന പൗരബോധം കൊണ്ടായിരിക്കും. അയ്യങ്കാളിയുടെ വർഗബോധമോ വർഗവിവേചനാശയമോ ക്രമേണ പരിപാലിക്കാൻ കഴിയാതെവന്നു. ഫലത്തിൽ ജാതിവൽക്കരണം ശക്തമായി മാറുകയും അയ്യങ്കാളി പുലയ സമുദായ നവോത്ഥാനനായകനായി ചിത്രീകരിക്കപ്പെടുകയുമുണ്ടായി. പുലയരുടെ സമുദായപരിഷകർത്താവ് സ്ഥാനം ഏറ്റുവാങ്ങേണ്ടിയും വന്നത് സമുദായവത്കരണത്തിന്​ പ്രതിജാതിവത്കരണമാണ് വേണ്ടതെന്നതുകൊണ്ടാകാം. കൊളോണിയൽ ആധുനികത സമുദായവത്കരണത്തെ പ്രോത്സാഹിപ്പിക്കുകയും വർഗവത്കരണത്തെ നിരുത്സാഹപ്പെടുത്തുകയും ചെയ്തതിനുള്ള ഉദാഹരണമാണിത്. അയ്യങ്കാളിയുടെ തനതു വർഗ്ഗവിമോചന മാതൃകയെ എസ്. എൻ. ഡി. പി സൃഷ്ടിച്ച ഏക ജാതിമാതൃക പരോക്ഷമായി അസാധുവാക്കിയ ചിത്രമാണിവിടെ വെളിപ്പെടുന്നത്. ഗുരുവിന്റെ ജാതിരഹിത മനുഷ്യമാതൃകയെ അരികുവൽക്കരിച്ച പ്രക്രിയതന്നെ അയ്യങ്കാളിയുടെ വിശാല സാധുജന വർഗ്ഗമാതൃകയെയും പുലയജാതിമാതൃക പകരംവച്ചു ഒഴിവാക്കി.

തിരുവിതാംകൂറിൽ അയ്യങ്കാളി തുടങ്ങിവച്ച പ്രവർത്തനങ്ങൾ സമാന്തരമായിട്ടല്ലെങ്കിലും ക്രമേണ കൊച്ചിയിലേക്കും വ്യാപിച്ചു. കൊച്ചിയിൽ സംഘടനാശയം ആദ്യമായി അവതരിപ്പിച്ചത് പണ്ഡിറ്റ് കറുപ്പൻ മാസ്റ്റർ ആയിരുന്നു. കൊച്ചിയിലെ പുലയർക്ക്​ കരയിൽ സമ്മേളനയിടം ലഭിക്കാത്തതുകൊണ്ട്​ കായലിൽ വള്ളങ്ങൾ കൂട്ടിക്കെട്ടി ‘കൊച്ചി പുലയർ മഹാജനസഭ’ രൂപീകരിച്ചതിനു പിന്നിൽ അദ്ദേഹത്തിന്റെ ആസൂത്രണമികവു കാണാം. വല്ലാർപാടം, ഇളംകുന്നുപുഴ, മുളവുകാട്, വൈപ്പിൻ, ചിറ്റൂർ, ചേരാനല്ലൂർ, കുറുംകോട്ട, പുന്നുരുന്തി, കടവന്ത്ര, കരിന്തല, കുമ്പളങ്ങി, ഇടക്കൊച്ചി, മട്ടാഞ്ചേരി എന്നീ പ്രദേശങ്ങളിൽ അധികവും പുലയരും ധീവരുമായിരുന്നു അക്കാലത്ത്​അധിവസിച്ചിരുന്നത്. ഇരുവരും അയിത്തവിഭാഗങ്ങളായിരുന്നു. ജാതി അസമത്വത്തിനും അനാചാരങ്ങൾക്കുമെതിരെ പ്രവർത്തിച്ചുകൊണ്ടാണ് വാലൻ സമുദായത്തിലെ കറുപ്പൻ മാസ്റ്റർ സ്വസമുദായ രംഗത്ത് എത്തിയത്. അദ്ദേഹം പിൽക്കാലത്ത് ധാരാളം കവിതകൾ ഈ ജനവിഭാഗത്തെക്കുറിച്ച് എഴുതുകയുണ്ടായി. ജാതിക്കുമ്മി എന്ന കവിതാസമാഹാരം ഏറെ പ്രസിദ്ധമാണ്.

1909 ൽ കൊച്ചിയിലെ വിദ്യാലയങ്ങളിൽ ഒന്നിൽ പോലും പുലയരുടെ ഒരു കുട്ടിപോലും വിദ്യാഭ്യാസം ചെയ്തിരുന്നില്ല.1913 ഏപ്രിൽ 21-ന്​ വാലൻ സമുദായത്തിലെ കറുപ്പൻ മാസ്റ്ററുടെ നേതൃത്വത്തിൽ അന്നാദ്യമായി കൊച്ചിയിലെ പുലയർ യോഗം ചേർന്ന് ‘കൊച്ചി പുലയമഹാജനസഭ'യ്ക്കു രൂപം കൊടുത്തു. കെ.സി. കൃഷ്ണാദിയാശാനെ പ്രസിഡന്റായും, പി.സി. ചാഞ്ചനെ സെക്രട്ടറിയായും തെരഞ്ഞെടുത്തു. 1925 ൽ കൊച്ചി പുലയ മഹാജനസഭ കെ.പി. വള്ളോനെ നേതൃത്വനിരയിലേക്ക് കൊണ്ടുവന്നതോടെ കൊച്ചിയിലെ പുലയരാദി അധഃസ്ഥിതർക്ക് പുതിയൊരുന്മേഷം കൈവന്നു. 1926-ൽ പി.സി. ചാഞ്ചനെ ആദ്യ പുലയപ്രതിനിധിയായി കൊച്ചി നിയമസഭയിൽ മെമ്പറായി തെരഞ്ഞെടുത്തു. സമുദായ സേവനരംഗത്ത് നിലയുറപ്പിച്ചിരുന്ന കെ.പി. വള്ളോനെ 1931-ൽ കൊച്ചി നിയമസഭയിലേക്ക് നോമിനേറ്റ് ചെയ്തു. അങ്ങനെ ചാഞ്ചനും, വള്ളോനും എം.എൽ.സിയെന്ന നിലയിൽ ഒട്ടേറെ കാര്യങ്ങൾ കൊച്ചിയിലെ പുലയർക്കായി നേടിക്കൊടുത്തു. 1936-ൽ വള്ളോൻ എം.എൽ.സി ‘അധഃകൃതൻ', ‘ഹരിജൻ' എന്ന പേരിൽ മാസികകൾ പുലയരുടെ പ്രശ്‌നങ്ങൾ അവതരിപ്പിക്കാനായി പ്രസിദ്ധീകരിച്ചു തുടങ്ങി. 1930 ൽ ‘സമസ്ത കൊച്ചി പുലയ മഹാസഭ' രൂപംകൊണ്ടു. അയ്യൻകാളിയുടെ മരണശേഷം ജാമാതാവായ ടി.ടി. കേശവൻ ശാസ്ത്രി , ടി. വി. തേവൻ, അറമുള പി. കെ. ദാസ്, പി. കെ. ചോതി എന്നിവർ 1936- ൽ ചെങ്ങന്നൂരിൽ വച്ച് സമസ്ത തിരുവിതാംകൂർ പുലയർ മഹാസഭ രൂപീകരിച്ചു. 1907 മുതൽ മൂന്ന് പതിറ്റാണ്ട് അയ്യങ്കാളിയുടെ നേതൃത്വത്തിൽ ആയിരത്തിൽപരം ശാഖകളുമായി സംഘം നടത്തിയ തൊഴിൽ, അയിത്താചാരവിരുദ്ധ വിദ്യാലയ പ്രവേശന സമരങ്ങൾക്ക് കണക്കില്ല. ഉപജാതികൾ സ്വന്തം സംഘടനകളുടെ കൊടിക്കീഴിലേക്ക് നീങ്ങിയ ഘട്ടത്തിലാണ് കേരളത്തിലെ പുലയരുടെ എകീകരണവും സാമൂഹിക പരിഷ്‌കരണവും ലക്ഷ്യം വെച്ച്, കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയിൽ തദ്ദേശ സ്വയംഭരണ- പട്ടികജാതി ക്ഷേമവകുപ്പ് മന്ത്രിയായിരുന്ന പി. കെ. ചാത്തൻ മാസ്റ്റർ 1968-ൽ കൊച്ചി തിരുവിതാംകൂർ മേഖലകളിലായി കിടന്നിരുന്ന രണ്ടു പുലയ സംഘടനകളെ ഏകോപിപ്പിച്ച്​ ഒറ്റ സംഘടനയായി പ്രവർത്തനമാരംഭിക്കുകയും 70 ൽ കെ.പി.എം.എസ് രൂപീകരിക്കുകയും ചെയ്തത്​.

അരയ സമുദായ സംഘടനകൾ

തിരുവിതാംകൂറിൽ അയ്യൻകാളി തുടങ്ങിവച്ച ഉണർവ് കൊച്ചിയിൽ വാലൻ സമുദായത്തിലെ സംസ്‌കൃതപണ്ഡിതനും കവിയും ആയിരുന്ന കെ. പി. കറുപ്പനാണ്​ പ്രചരിപ്പിച്ചത്. അരയർ, മുക്കുവർ, പരവർ, വാലൻ, നുളയൻ, മുകയൻ, മരയ്ക്കാർ തുടങ്ങിയ പലവിഭാഗങ്ങൾ പിൽക്കാലത്ത് അരയ സമുദായമായി ഐക്യപ്പെട്ട സമുദായത്തിലെ ഉപജാതികളായിരുന്നു. 1909ൽ കല്യാണദായിനിസഭ- വാലൻ സമുദായത്തിന്റെ ആദ്യസംഘടന (ചെങ്ങന്നൂർ), 1911ൽ തേവര വാലസമുദായ പരിഷ്‌കരണി സഭ, കുമ്പളം സന്മാർഗ പ്രദീപസഭ, ഇടക്കൊച്ചി ജ്ഞാനോദയസഭ, അയ്യമ്പിള്ളി സുധർമോദയം സഭ എന്നിങ്ങനെ സമുദായോദ്ധാരണം ലക്ഷ്യം വെച്ച്​ വിവിധ സംഘടനകൾ പ്രാദേശികമായി രൂപംകൊണ്ടു. 1918ൽ ഡോ. വി. വി. വേലുക്കുട്ടി അരയനോടൊപ്പം പണ്ഡിറ്റ് കറുപ്പൻ ആലപ്പുഴ അഖില കേരള അരയ മഹാസഭ രൂപീകരിച്ചു. 1927ൽ ആലപ്പുഴയിൽ അരയ സമുദായ വംശോദ്ധാരണി സഭ രൂപീകരിച്ചു. വിദ്യാഭ്യാസം, ആചാരപരിഷ്‌കരണം, ശുചിത്വം ഭാഷാശുദ്ധി എന്നിവക്കായിരുന്നു സഭ മുൻഗണന നൽകിയത്. തിരുവിതാംകൂറിലും കൊച്ചിയിലും പണ്ഡിറ്റ്​ കറുപ്പന്റെ നേതൃത്വത്തിലാണ് അരയ സമുദായോദ്ധാരണം നടന്നതെങ്കിൽ, മലബാറിൽ റാവുബഹദൂർ ഗോവിന്ദൻ ആണ് നേതൃത്വം നൽകിയത്. പി .കെ. ഡീവർ കൊച്ചി നിയമസഭാംഗമായും ഡെപ്യൂട്ടി സ്പീക്കറായും പ്രവർത്തിച്ചു. സഭാ സെക്രട്ടറി ആയിരുന്ന സി.കെ. എസ്. മണിയും നിയമസഭാംഗമായി. ഇരുവരും അരയസമുദായ അവകാശങ്ങൾക്കായി രാഷ്ട്രീയമായി പ്രവർത്തിച്ചു.

ദലിത് ക്രൈസ്തവർക്കിടയിൽ ജാതിയുടെ അടിസ്ഥാനത്തിൽ വിവേചനമുണ്ട് എന്ന് ആദ്യം പരസ്യമായി വിളിച്ചറിയിച്ചത് പൊയ്കയിൽ യോഹന്നാനാണ്.

സാംബവ മഹാസഭ

1911 ആഗസ്ത് 29 ന് ബ്രഹ്മ പ്രത്യക്ഷ സാധുജന പറയർ സംഘം രൂപീകൃതമായി. തിരുവിതാംകൂർ ശ്രീമൂലം പ്രജാസഭ അംഗമായിരുന്ന കാവാരികുളം കണ്ടൻ കുമാരൻ ആദ്യ പ്രസിഡന്റും ആരുകാട്ട് ഊപ്പ ജനറൽ സെക്രട്ടറിയും ആയാണ്​ സംഘം രൂപീകരിച്ചത്. സാംബവ സമുദായത്തിന്റെ ഉന്നമനത്തിന്​ ഇതര സമുദായസംഘടനകളെ പ്പോലെ പ്രവർത്തിച്ചു. ആത്മബോധോദയ സംഘം സ്ഥാപകൻ ശുശാനന്ദ ഗുരുദേവൻ, പ്രത്യക്ഷ രക്ഷാ ദൈവസഭ സ്ഥാപകൻ ശ്രീകുമാരഗുരു ദേവൻ എന്നിവരെല്ലാം കേരള ചരിത്രത്തിൽ മാറ്റം വരുത്തിയ, പറയർക്കിടയിൽ നിന്നുയർന്നുവന്ന നവോത്ഥാന നായകരാണ്.

സാംബവരുടെ താമസസ്ഥലത്തിന്റെ വിദൂരദൃശ്യം. / Photo : Keralaculture.org

ചേരമർ മഹാസഭ (1921), കുറവർ മഹാസഭ (1936) തുടങ്ങിയവയൊക്കെ കേരളരൂപീകരണത്തിനുമുമ്പ് രൂപം കൊണ്ടതാണ്. ഇത്തരം സമുദായവത്കരണ പ്രക്രിയ ഇപ്പോഴും തുടരുന്നുവെന്നതിനു തെളിവായി ഒട്ടേറെ അവർണ സമുദായസംഘടനകൾ അവകാശവിഹിതത്തിനായി നിലവിലുണ്ട്. വീരശൈവ മഹാസഭ, അഖില കേരള വിശ്വകർമ്മ മഹാസഭ, അഖില കേരള ഹിന്ദു സാംബവ മഹാസഭ, അഖില കേരള ഹിന്ദുചേരമർ മഹാസഭ, അഖില കേരള എഴുത്തച്ഛൻ സമാജം എന്നിങ്ങനെ പലതും ചുണ്ടിക്കാട്ടാം. തന്നെയുമല്ല അവർണസമുദായങ്ങളിൽ ഹിന്ദു, ക്രിസ്ത്യൻ മതവിഭാഗങ്ങളിൽ പെട്ടവരുള്ളതുകാരണം മതാടിസ്ഥാനത്തിലും ജാതിസംഘടനകൾ രൂപംകൊള്ളുന്നുണ്ട്.

ജാതി- അവർണ ക്രൈസ്തവർക്കിടയിൽ

ദലിത് ക്രൈസ്തവർക്കിടയിൽ ജാതിയുടെ അടിസ്ഥാനത്തിൽ വിവേചനമുണ്ട് എന്ന് ആദ്യം പരസ്യമായി വിളിച്ചറിയിച്ചത് പൊയ്കയിൽ യോഹന്നാനാണ്. അവർണക്രൈസ്തവരോടുള്ള സവർണക്രൈസ്തവരുടെ വിവേചനത്തിനെതിരായി അടിലഹളകൾ നടത്തി. ക്രിസ്തുമതാനുയായിയായിരുന്ന യോഹന്നാൻ അതുവിട്ട്​1909ൽ ദലിത് വിമോചന പ്രസ്ഥാനമായ പ്രത്യക്ഷ രക്ഷാസഭ (പി. ആർ. ഡി. എസ് ) രൂപീകരിച്ചു. അതോടെ, പൊയ്​കയിൽ അപ്പച്ചൻ ശ്രീകുമാര ഗുരുദേവനായി. വിവിധവിഭാഗങ്ങളിലായി ചിതറിക്കിടന്ന പതിതജാതികളെ ഐക്യപ്പെടുത്താനും വിവേചനങ്ങളിൽ നിന്ന്​ മുക്തരാക്കാനും ജീവിതകാലം മുഴുവനും യോഹന്നാൻ പരിശ്രമിച്ചു. തന്റെ വർഗത്തിൽപ്പെട്ട സഹോദരങ്ങളെ ക്രിസ്തുമതത്തിൽ നിന്ന്​ആത്മീയ മോചനം നേടാൻ പ്രേരിപ്പിച്ചു. ഇപ്പോൾ2 4 ലധികം പട്ടികജാതി വിഭാഗങ്ങൾ ഇതിലുണ്ട്. ദലിതരുടെ അടിമത്തം അവസാനിപ്പിക്കുന്നതിന് ആത്മീയ വിമോചനം എന്ന ആശയം പ്രാവർത്തികമാക്കി. ക്രൈസ്തവർക്കും അക്രൈസ്തവർക്കും ഇതിൽ പ്രവേശനം നൽകി. അധഃകൃതരുടെ വിദ്യാഭ്യാസം, തൊഴിലവകാശം എന്നിവക്കുവേണ്ടി പ്രവർത്തിച്ചു. പറയൻ, പുലയൻ, കുറവൻ സമുദായങ്ങൾക്കിടയിൽ ഐക്യം സ്ഥാപിക്കാൻ ശ്രമിച്ചു. സാമൂഹിക പരിഷ്‌കരണത്തിനപ്പുറം അടിമജാതികളുടെ ചരിത്രപരമായ അബോധത്തിൽ നിന്ന് അവരെ മോചിപ്പിക്കാനും ആത്മവിശ്വാസമുള്ളവരാക്കി മാറ്റാനും ശ്രമിച്ചു. ജാതിപീഢനം അനുഭവിച്ചിരുന്ന ദലിത്​ വിഭാഗങ്ങളെ സംഘടിപ്പിച്ച്​അവർക്കുള്ളിലെ ജാതിവിവേചനത്തിൽ നിന്ന്​ മോചിപ്പിച്ച് ജാതിരഹിത സമൂഹം സൃഷ്ടിക്കാനുള്ള ശ്രമായിരുന്നു പി. ആർ. ഡി. എസിലൂടെ സാധ്യമാക്കാൻ ശ്രമിച്ചത്.
ശ്രീമൂലം പ്രജാസഭയിൽ അംഗമായതോടെ അധഃകൃതർക്ക്​സൗജന്യ വിദ്യാഭ്യാസത്തിന്​ ആവശ്യമുന്നയിച്ചു. വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ്​ പദ്ധതി ആരംഭിക്കാനും ഗവണ്മെൻറ്​ എയ്ഡഡ് സ്‌കൂളുകളിൽ ദലിത് വിദ്യാർത്ഥികൾക്ക് പ്രവേശനം ഉറപ്പുവരുത്താനും ഉദ്യോഗസ്ഥസംവരണം സ്ഥാപിച്ചെടുക്കാനും പല ഇടങ്ങളിലും സ്‌കൂളുകൾ ആരംഭിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു.

മറ്റൊരു ദലിത് വിമോചന പ്രസ്ഥാനത്തിന്റെ നേതാവാണ് പാമ്പാടി ജോൺ ജോസഫ്. 1921ൽ അദ്ദേഹം ചേരമർ മഹാജനസഭ സ്ഥാപിച്ചു. സവർണ ക്രിസ്ത്യാനികൾ അവർണക്രിസ്ത്യാനികളോട് നിലനിറുത്തുന്ന വിവേചനമാണ് ചേരമർ മഹാജനസഭ രൂപീകരിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. ചേരമർ, പുലയർ, പറയർ, കുറവർ തുടങ്ങിയ പതിതജാതികൾ ആദിദ്രാവിഡരാണെന്നു സ്ഥാപിച്ചുകൊണ്ടാണ് ചേരമർ മഹാജനസഭയ്ക്ക് രൂപം നൽകിയത്. ഇക്കൂട്ടരുടെ ആത്മബോധവും അഭിമാനവും ഉയർത്താനുമാണ് കൂടുതൽ ശ്രദ്ധചെലുത്തിയത്. ചെറുമർ എന്ന ദലിത് ക്രിസ്ത്യാനികളോടുള്ള വിവേചനത്തെ ജോസഫ് അംഗീകരിച്ചില്ല. ചേരമർ മഹാജനസഭയിൽ സവർണ ക്രിസ്ത്യാനികൾക്കും അയിത്തജാതികൾക്കും അംഗത്വം നൽകി. 1918 ലാരംഭിച്ച ‘സാധുജനം' എന്ന പത്രത്തിലൂടെ വിവേചനത്തെ ഇല്ലാതാക്കുന്നതിന്റെ ആവശ്യകത പ്രചരിപ്പിച്ചു. 1931ൽ ശ്രീമൂലം അസംബ്ലിയിൽ അംഗമായതോടെ അവശക്രൈസ്തവരുടെ പ്രശ്‌നങ്ങൾ അവതരിപ്പിച്ച്​ രാഷ്ട്രീയപ്രാധാന്യമുണ്ടാക്കി. 1935 ൽ ബ്രിട്ടീഷ് പാർലമെൻറിന്​ നിവേദനം സമർപ്പിച്ചു. ക്രിസ്തുമതം സ്വീകരിച്ചിട്ടും അധഃസ്ഥിത ജനവിഭാഗങ്ങൾക്ക്​ സ്വാതന്ത്ര്യമില്ലെന്നും സവർണക്രിസ്ത്യാനികൾ അവർണക്രിസ്ത്യാനികളോട് മുൻകാലങ്ങളിലെ പോലെ ഹിന്ദുവിവേചനം നിലനിറുത്തുന്നുവെന്നും അറിയിച്ചതിനൊപ്പം അവശകൃസ്ത്യാനികൾക്ക്​ ഇതര വിഭാഗങ്ങൾക്കൊപ്പം തുല്യപൗരാവകാശം നല്കണമെന്നും അഭ്യർത്ഥിച്ചു. ‘ചേരമർ ദൂതൻ' ചേരമർ മഹസഭയുടെ മുഖപത്രമായിരുന്നു.

ജാതിസ്വത്വരൂപീകരണമാണ് കേരളത്തിലെ നവോത്ഥാന പ്രക്രിയയായി തിരിച്ചറിയേണ്ടത്. ഗുരുവിന്റെ ജാതിവർജ്ജനാശയം ഒരു നവോത്ഥാന സാധ്യത മാത്രമായിട്ടാണ്​ മനസിലാക്കേണ്ടത്. ഇനിയും സംഭവിക്കേണ്ട ഗുരുഭാവന.

പിൽക്കാലത്ത്​ ഹൈന്ദവ ചേരമർ മഹാജനസഭ, ചേരമർ കത്തോലിക്കാ മഹാസഭയായി ചേരമർ മഹാജനസഭ മതാടിസ്ഥാനത്തിൽ വെവ്വേറെയായി. മതേതരത്വത്തിന്റെയും ജാതിവിരുദ്ധതയുടെയും അടിസ്ഥാനം സാധുജനപരിപാലനത്തിനുണ്ടായിരുന്നെങ്കിലും എല്ലാ അധഃസ്ഥിതരെയും ജാതി മത ഭേദമന്യേ ഐക്യപ്പെടുത്താൻ ശ്രമിച്ച പൊയ്​കയിൽ യോഹന്നാനും ജോൺ ജോസഫിനും പ്രതിജാതി സമുദായവത്കരണം കാരണം ലക്ഷ്യപ്രാപ്തിയിലെത്താനായില്ല. ജാതിയും മതവും പുതിയ വിവേചനം സൃഷ്ടിച്ചുകൊണ്ടേയിരിക്കുന്നു.

ജാതിസ്വത്വരൂപീകരണമാണ് കേരളത്തിലെ നവോത്ഥാന പ്രക്രിയയായി തിരിച്ചറിയേണ്ടത്. ഗുരുവിന്റെ ജാതിവർജ്ജനാശയം ഒരു നവോത്ഥാന സാധ്യത മാത്രമായിട്ടാണ്​ മനസിലാക്കേണ്ടത്. ഇനിയും സംഭവിക്കേണ്ട ഗുരുഭാവന. നവോത്ഥാനാനന്തര കേരളം ജാതിസ്വത്വം രൂപീകരിച്ച്​ ജാതിഭേദം നിലനിറുത്തി അവകാശങ്ങൾ ചോദിച്ചുവാങ്ങുന്ന സമുദായ ഭൂപടമാണ്. ജാതി, പ്രതിസമുദായ അവകാശത്തിനുവേണ്ടിയുള്ള രാഷ്ട്രീയസ്വത്വമായി നിലനിൽക്കുന്നുവെന്നതാണ് സാമുദായവത്കരണത്തിന്റെ ബാക്കിപത്രം. അവർണ സമുദായവൽക്കരണ ചിത്രമാണ് ഇവിടെ തെളിഞ്ഞതെങ്കിലും സമാന്തരമായ സവർണ സമുദായ വൽക്കരണവും അറിഞ്ഞാലേ കേരളത്തിലെ ജാതിസ്വത്വവൽക്കരണ ചിത്രം പൂർണമാകൂ. ​▮

​വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


എം. ശ്രീനാഥൻ

ഭാഷാശാസ്ത്രജ്ഞൻ, പ്രഭാഷകൻ, എഴുത്തുകാരൻ. തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിൽ പ്രൊഫസർ. തിയററ്റിക്കൽ ലിംഗ്വിസ്റ്റിക്‌സ്, അപ്ലൈഡ് ലിംഗ്വിസ്റ്റിക്‌സ്, ലിംഗ്വിസ്റ്റിക്‌സ് ആന്ത്രപ്പോളജി, ലാംഗ്വേജ് ആൻറ്​ ജനറ്റിക്‌സ് തുടങ്ങിയവ മേഖലകളിൽ സ്‌പെഷലൈസേഷൻ. മലയാള ഭാഷാചരിത്രം: പുതുവഴികൾ, എ.ആർ. നിഘണ്ടു, Dravidian Tribes & Language, മലയാള ഭാഷാശാസ്ത്രം, കേരള പാണിനീയ വിജ്ഞാനം (ഡോ. സി. സെയ്തലവിക്കൊപ്പം എഡിറ്റർ), ചട്ടമ്പിസ്വാമികളുടെ ജ്ഞാന നവോത്ഥാനം തുടങ്ങിയവ പ്രധാന പുസ്തകങ്ങൾ.

Comments