ശ്രീനാരായണഗുരുവും സഹോദരൻ അയ്യപ്പനും

ബദൽ സാധ്യത പങ്കിട്ട
​സഹോദരപ്രസ്​ഥാനം

ജാതിസ്വത്വവൽക്കരണം പോലെ ശക്തമായ ഒരു സംഘാടനം സഹോദരപ്രസ്ഥാനത്തിനവകാശപ്പെടാനാവില്ലെങ്കിലും, ഗുരുവിന്റെ ജാതിവർജ്ജന ആശയം ഉൾക്കൊണ്ട് പുരോഗമനപരമായി പ്രവർത്തിക്കാൻ ശ്രമിച്ചുവെന്നതുതന്നെ, ഒരു ബദൽ സാധ്യതയാണ് പങ്കിടുന്നത്.

ജാതിചിന്തയും ജാതിയുടെ സർവവിധ പ്രതിനിധാനങ്ങളും ഇല്ലാതാകണമെന്നാഗ്രഹിക്കുകയും മനുഷ്യർക്ക്​ മനുഷ്യർ എന്ന ഒരു ജാതിയേ ഉള്ളൂവെന്നും ഉപദേശിച്ച ഗുരുവിന്റെ മുന്നിൽ ജാതിസ്വത്വങ്ങൾ രാഷ്ട്രീയമായി രൂപംകൊണ്ടതുകണ്ട്, തനിക്ക് ജാതിയും മതവുമില്ല എന്നുറക്കെ പ്രഖ്യാപിക്കേണ്ടിവന്ന ഗുരുവിന്റെ ആത്മസംഘർഷം കേരളം കണ്ടതാണ്.

ജാതിസ്വത്വങ്ങൾ ഒന്നൊന്നായി രാഷ്ട്രീയമായി അണിനിരന്നതോടെ, ഗുരുവിനെപ്പോലും ജാതിസ്വത്വത്തിന്റെ മൂലധന നിക്ഷേപമായി മാറ്റുന്നതുകണ്ടാണ്, താൻ ഒരു ജാതിയിലും മതത്തിലും പെടുന്നില്ല എന്ന് ഗുരുവിന് വ്യക്തമാക്കേണ്ടിവന്നത്. ഗുരുവിന്റെ ജാതിവർജനഭാവനയ്ക്കു വിരുദ്ധമായാണ് ജാതിസ്വത്വവത്കരണം നടന്നത്. അവകാശങ്ങൾ നിഷേധിക്കപ്പെട്ടിരുന്ന ജനവിഭാഗങ്ങൾ സംഘടിതശക്തികളായി മാറിയത് പുരോഗമനപരമായരുന്നെങ്കിലും ഗുരുവിന്റെ ജാതിമുക്ത മനുഷ്യസമൂഹം എന്ന സാർവലൗകിക ഭാവന ഉൾക്കൊള്ളാനുള്ള ശേഷി ജാതിസമൂഹത്തിന്​ അക്കാലത്ത് കൈവന്നിരുന്നില്ല. സംഘടന കൊണ്ട് ശക്തരാകാനുള്ള ഗുരുവിന്റെ ആഹ്വാനം, ജാതിസംഘടനകൾ രൂപംകൊള്ളാനായിരുന്നില്ല, ജാതിബോധത്തിൽ നിന്ന് സ്വതന്ത്രരായവരുടെ കൂട്ടായ്മ രൂപപ്പെടുന്നതിനെക്കുറിച്ചായിരുന്നു. പക്ഷേ, സ്ഥിതി ജാതിസംഘടനാനിർമിതിയായി ചുരുങ്ങി. ഈ മാറ്റം ഗുരുവിനെ സംബന്ധിച്ച്​, ജാതിവർജന നയത്തിനേറ്റ തിരിച്ചടിയായിരുന്നുവെന്ന് വ്യാഖ്യാനിക്കാമെങ്കിലും, അവർണരുടെ അവകാശങ്ങൾ സ്ഥാപിച്ചെടുക്കുന്നതിന് ജാതിസ്വത്വരൂപീകരണം സഹായിച്ചുവെന്നതിൽ സംശയമില്ല.

സഹോദരൻ അയ്യപ്പൻ

ഗുരുവിന്റെ ജാതിവർജനഭാവന ജാതിസ്വത്വനിർമിതിയോടെ വരണ്ടുപോയി എന്ന് പറയാനാവില്ല. ജാതിസ്വത്വത്തിനതീതമായി പ്രവർത്തിക്കാൻ കഴിയുന്ന പുരോഗമനരാഷ്ട്രീയമുള്ള സംഘടനകൾ രൂപംകൊള്ളാനും ഗുരുചിന്ത കാരണമായിട്ടുണ്ട്. ഗുരുചിന്തയെ, അതിലടങ്ങുന്ന യുക്തിയെ ഉൾക്കൊണ്ട്​ കൂടുതൽ വിശാലമാക്കുന്ന ശ്രമങ്ങളുമുണ്ടായി. കേരളത്തിൽ അക്കാലത്ത് പുരോഗമനാശയങ്ങളുടെ വിത്തുപാകിയത് ശ്രീനാരായണഗുരുവായിരുന്നു എന്നതിൽ ആർക്കും സംശയത്തിനുവകയില്ല. പാശ്ചാത്യ ധൈഷണികതക്കുപകരമായി തനത്​ധൈഷണിക ബദലാധുനികത ഗുരു മുന്നോട്ടുവയ്ക്കുകയായിരുന്നു. കൊളോണിയൽ യുക്തിക്കു താങ്ങാനാവുന്നതിനുമപ്പുറമുള്ള യുക്തിവിചാരമായിരുന്നു ഗുരു മുന്നോട്ടുവെച്ച ആശയങ്ങളുൾക്കൊണ്ടിരുന്നത്. ഇതറിഞ്ഞ ശിഷ്യന്മാരും ഗുരുവിനുണ്ടായിരുന്നു. ഗുരുവിന്റെ യുക്തിവിചാരമാണ് ശിഷ്യനായ സഹോദരൻ അയ്യപ്പൻ ഏറ്റെടുത്തത്. ഗുരുവിന്റെ യുക്തിവാദപരമായ സമീപനമായിരുന്നു സഹോദരൻ അയ്യപ്പനെ സ്വാധീനിച്ചതെന്ന് സഹോദരപ്രസ്ഥാനത്തിന്റെ കർമപരിപാടികൾ വ്യക്തമാക്കുന്നു. ജാതിവത്കരണപ്രക്രിയക്ക് സമാന്തരമായി അയ്യപ്പൻ ജാതിനശീകരണപ്രവർത്തനങ്ങൾ ഏറ്റെടുത്ത് മുന്നോട്ടുപോയി. ജാതിസ്വത്വവൽക്കരണം പോലെ ശക്തമായ ഒരു സംഘാടനം സഹോദരപ്രസ്ഥാനത്തിനവകാശപ്പെടാനാവില്ലെങ്കിലും, ഗുരുവിന്റെ ജാതിവർജന ആശയം ഉൾക്കൊണ്ട് പുരോഗമനപരമായി പ്രവർത്തിക്കാൻ ശ്രമിച്ചുവെന്നതുതന്നെ ഒരു ബദൽസാധ്യതയാണ് പങ്കിടുന്നത്. യുക്തിചിന്തയിലും ശാസ്ത്രബോധത്തിലും അടിസ്ഥാനമാക്കി പ്രവർത്തനമേഖല രൂപീകരിച്ചതുകൊണ്ട്​ഗുരുചിന്തയുടെ യുക്തിബോധം വെളിവാക്കാനും, കേരളത്തിലെ പുരോഗമന ചിന്താധാരയ്ക്ക് ആമുഖപ്രവർത്തനമാകാനും അയ്യപ്പന്റെ സഹോദരപ്രസ്ഥാനത്തിനു കഴിഞ്ഞു. കേരളത്തിന്റെ ധൈഷണിക നവോത്ഥാനത്തിൽ അതിന്റെ സ്ഥാനം മായ്ച്ചുകളയാനാവാത്തത്ര ദൃഢമാണ്.

സഹോദരപ്രസ്ഥാനം

ഇരുപതാം നൂറ്റാണ്ടിലെ കേരളത്തിന്റെ സാമൂഹിക- സാംസ്‌കാരിക ജീവിതത്തിൽ നിർണായകമായ ജാതിവിരുദ്ധ ചുവടുവെപ്പ്​ നടത്തിയവരിൽ പ്രമുഖനായിരുന്നു സഹോദരൻ അയ്യപ്പൻ. യുക്തിവാദിയായ സാമൂഹിക പരിഷ്‌കർത്താവായിരുന്ന അദ്ദേഹം നാരായണഗുരുവിന്റെ പ്രശസ്തരായ ശിഷ്യഗണത്തിൽ ഒരാളായിരുന്നു. കേരളസമൂഹത്തിൽ രൂഢമൂലമായിരുന്ന ജാതീയതയെ എതിർക്കുന്നതിന്​സമാനചിന്താഗതിക്കാരെ കൂട്ടി 1917-ൽ സഹോദരസംഘം രൂപീകരിച്ചു. മിശ്രവിവാഹവും മിശ്രഭോജനവും വഴി ജാതിനശീകരണമായിരുന്നു സംഘത്തിന്റെ ലക്ഷ്യം. കേരളത്തിൽ അയ്യപ്പന്റെ സഹോദരപ്രസ്ഥാനമാണ് യുക്തിവാദപ്രസ്ഥാനത്തിന്​ തുടക്കംകുറിച്ചത്.

ശിഷ്യനായതുകൊണ്ട്​ ഗുരുവചനങ്ങളുടെ അന്ധനായ പ്രചാരകനായിരുന്നില്ല അയ്യപ്പൻ. തിരുത്താവശ്യമുള്ളിടത്തു ഇടപെട്ടുകൊണ്ടുതന്നെ, തന്റെ നാസ്തികവഴി മറയില്ലാതെ ഗുരുവിനുമുമ്പിൽ പ്രകടിപ്പിക്കാൻ അയ്യപ്പനായി

ജാതിചിന്തയിലും അന്ധവിശ്വാസങ്ങളിലും ആഴത്തിലമർന്നിരുന്ന സമൂഹത്തിലേക്ക് യുക്തിചിന്തയുടെ പ്രകാശം പരത്തുന്നതിന്​ 1928-ൽ അയ്യപ്പൻ ‘യുക്തിവാദി' എന്ന മാസികയുടെ പ്രസിദ്ധീകരണം തുടങ്ങി. നവോത്ഥാന ചിന്തകളുടെ പ്രചാരം കൂടുതൽ ശക്തമാക്കുന്നതിന്​ അയ്യപ്പൻ ‘സഹോദരൻ' എന്ന മറ്റൊരു പ്രസിദ്ധീകരണവും ആരംഭിച്ചു. അവർണർക്ക് സർക്കാർ ഉദ്യോഗം നിഷേധിക്കുന്നതിനെതിരെയും സഹോദരൻ അയ്യപ്പൻ ശക്തമായി പോരാടി. തിരുവിതാംകൂർ, കൊച്ചി സർക്കാരുകൾ അയ്യപ്പന്റെ വീക്ഷണങ്ങൾ അംഗീകരിക്കാൻ നിർബന്ധിതരായി. കൊച്ചി പ്രജാമണ്ഡലം അംഗമായും കൊച്ചിയിലെ ജനകീയ മന്ത്രിസഭയിലും തിരു- കൊച്ചി പട്ടം മന്ത്രിസഭയിലും മന്ത്രിയായും പ്രവർത്തിച്ചു.

ശിഷ്യനായതുകൊണ്ട്​ ഗുരുവചനങ്ങളുടെ അന്ധനായ പ്രചാരകനായിരുന്നില്ല അയ്യപ്പൻ. തിരുത്താവശ്യമുള്ളിടത്തു ഇടപെട്ടുകൊണ്ടുതന്നെ, തന്റെ നാസ്തികവഴി മറയില്ലാതെ ഗുരുവിനുമുമ്പിൽ പ്രകടിപ്പിക്കാൻ അയ്യപ്പനായി. ഗുരുവിനാകട്ടെ, അയ്യപ്പന്റെ വഴിയിലെ ശരിയറിയുന്നതുകൊണ്ട്​ പ്രോത്സാഹിപ്പിക്കാനും മടിയുണ്ടായില്ല. ഗുരുവചനമായ ‘ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്' എന്നതിനെ പരിഷ്‌കരിച്ച്​ കൂടുതൽ യുക്തിപൂർവമായ ‘ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട' മനുഷ്യന് എന്ന മുദ്രാവാക്യം സഹോദരൻ അയ്യപ്പൻ മുന്നോട്ടുവച്ചു. ഗുരുവചനത്തിന്റെ പൊരുൾ അയ്യപ്പന് തെളിഞ്ഞുവെന്നതാണ് ഈ സ്പഷ്ടീകരണം വെളിവാക്കുന്നത്.

സഹോദരൻ അയ്യപ്പന്റെ ചെറായിയിലെ വീട്. photo/ wikipedia

യുക്തിചിന്താ പ്രചാരണം, മിശ്രഭോജനം, മിശ്രവിവാഹം തുടങ്ങിയുള്ള കർമപരിപാടികളിലൂടെ അയ്യപ്പന്റെ ശ്രമങ്ങൾ കേരളത്തിൽ, സഹോദരപ്രസ്ഥാനമായി നവോത്ഥാനവ്യവഹാരങ്ങളിൽ സ്ഥാനമുറപ്പിച്ചു.
ജാതിനശീകരണമായിരുന്നു സഹോദരപ്രസ്ഥാനത്തിന്റെ മുഖ്യവിഷയം. ജാതിനശീകരണത്തിനുവേണ്ടി, ജാതി നിലനിർത്തുന്ന അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും ഇല്ലായ്മ ചെയ്ത് യുക്തിചിന്തയും ശാസ്ത്രബോധവുമുള്ള ആധുനിക മനുഷ്യനെ നിർവചിച്ചെടുക്കുകയായിരുന്നു അയ്യപ്പന്റെ ലക്ഷ്യം. സഹോദരപ്രസ്ഥാനം ജാതിവർജനത്തിനും പൗരാവകാശങ്ങൾക്കും വേണ്ടി രാഷ്ട്രീയമായി നിലകൊണ്ടു. സാമൂഹികപരിഷ്‌കരണത്തിന്​ ആവിഷ്‌കരിച്ച രണ്ട് പ്രമുഖ പ്രായോഗിക പദ്ധതികളായിരുന്നു മിശ്രഭോജനവും മിശ്രവിവാഹവും.

മിശ്രഭോജനം

പിൽക്കാലത്ത്​ ജാതിസ്വത്വങ്ങളായി മാറിയ വിഭാഗങ്ങളിൽ പോലും നിലനിന്നിരുന്ന ഉച്ചനീചത്വവും ഉപജാതി അയിത്തവും ശക്തമായിരുന്ന കാലത്ത് വൈകുണ്ഠസ്വാമികളാണ് ആദ്യമായി കേരളത്തിൽ പന്തിഭോജനം നടത്തി അയിത്തത്തെ വെല്ലുവിളിച്ച നവോത്ഥാന നായകൻ. 1913-ൽ, ഹരിപ്പാട് ശ്രീരാമകൃഷ്ണാശ്രമത്തിൽ ബാംഗ്ലൂർ മഠാധിപതി നിർമലാനന്ദസ്വാമികളുടെ നേതൃത്വത്തിൽ കേരളത്തിൽ മിശ്രഭോജനം നടന്നു. തുടർന്ന്, 1917-ൽ ചെറായിൽ സഹോദരൻ അയ്യപ്പന്റെ നേതൃത്വത്തിൽ ഈഴവരും പുലയരും അടക്കം പതിതജാതിയിൽപ്പെട്ടവരും ഒന്നിച്ച്​ മിശ്രഭോജനം നടന്നു. അയ്യപ്പനും സംഘവും നടത്തിയ മിശ്രഭോജനം കേരളനവോത്ഥാനത്തിൽ സവിശേഷമായൊരേടായി.

അയ്യപ്പൻ എസ്.എൻ.ഡി.പി. ഭാരവാഹിത്വം വഹിച്ചിരുന്നുവെങ്കിലും ആ സംഘടനയ്ക്ക് ഏറ്റെടുക്കാൻ കഴിയാത്ത ഗുരുവിന്റെ ജാതിവർജനഭാവന ഏറ്റെടുത്തു മുന്നോട്ടുപോകാൻ സഹോദരപ്രസ്ഥാനത്തിനു കഴിഞ്ഞുവെന്നതാണ് പുരോഗമനപരമായി കാണേണ്ടത്.

ജനമനസ്സിൽനിന്ന് ജാതിബോധം നീക്കേണ്ടതുണ്ടെന്ന ഗുരുവിന്റെ ഉപദേശം ജാതിനശീകരണ പ്രവർത്തനത്തിലേക്ക്​ അയ്യപ്പനെ നയിച്ചു. അതിന്റെ പ്രയോഗികാകർമപദ്ധതിയായിരുന്നു മിശ്രഭോജനം. ചെറായിയിൽ 1917 മേയ് 29-ന് ഈഴവരെയും പുലയരെയും ഒന്നിച്ചിരുത്തി മിശ്രഭോജനം നടത്തി. പുലയരെയും, ഈഴവരെയും സംഘടിപ്പിച്ച്​ മിശ്രഭോജനം നടത്തിയ അയ്യപ്പനെ ‘പുലയൻ അയ്യപ്പൻ’ എന്നുവിളിച്ച് യാഥാസ്ഥിതികർ പരിഹസിച്ചു. ജന്മദേശമായ ചെറായിൽ അരങ്ങേറിയ ഈ വിപ്ലവപരിപാടിയിലൂടെ ‘പുലയനയ്യപ്പൻ' എന്ന വിളിപ്പേരു കിട്ടിയെങ്കിലും കൂടുതൽ വീറോടെ തന്റെ പ്രവർത്തനങ്ങൾ അയ്യപ്പൻ മുന്നോട്ടുകൊണ്ടുപോയി. മിശ്രഭോജനത്തിൽ പങ്കെടുത്തവരെ ചെറായിയിലെ ഈഴവരുടെ സംഘടനയായ വിജ്ഞാനവർധിനിസഭയിൽനിന്ന് പുറത്താക്കി. അവർക്ക് സമുദായഭ്രഷ്ട് കല്പിച്ചു. വിജ്ഞാനവർധിനി സഭയുടെ നേതാക്കൾ അയ്യപ്പനെ നാടുകടത്തണം എന്ന ആവശ്യവുമായി മഹാരാജാവിനെ സമീപിച്ചെങ്കിലും തീണ്ടൽ മുതലായ കാര്യങ്ങളിൽ അയ്യപ്പൻ നടത്തുന്ന പുരോഗനമപരമായ കാര്യങ്ങളെ പിന്തുണയ്ക്കാനാണ് രാജാവ് നിവേദകസംഘത്തോട് ആവശ്യപ്പെട്ടത്.

ഗുരുവിന്റെ പ്രവർത്തനങ്ങൾ അക്കാലത്ത് ഏറെ മുന്നോട്ടുപോയിരുന്നെങ്കിലും ഈഴവരിൽ നിലനിന്ന ജാത്യാഭിമാനവും പുലയരോടുള്ള ഉച്ചനീചത്വവും അയിത്തവും പ്രകടമാക്കുന്ന ഒരു സംഭവം കൂടിയായിരുന്നു ഇത്​. ഭരണകൂടത്തിനുപോലും മതിപ്പുളവാക്കുന്ന ശക്തമായ ജാതിവർജന പ്രവർത്തനങ്ങളാണ് സഹോദരപ്രസ്ഥാനം അക്കാലത്ത് നയിച്ചത് എന്നു വ്യക്തമാണ്. അയ്യപ്പൻ എസ്.എൻ.ഡി.പി. ഭാരവാഹിത്വം വഹിച്ചിരുന്നുവെങ്കിലും ആ സംഘടനയ്ക്ക് ഏറ്റെടുക്കാൻ കഴിയാത്ത ഗുരുവിന്റെ ജാതിവർജനഭാവന ഏറ്റെടുത്തു മുന്നോട്ടുപോകാൻ സഹോദരപ്രസ്ഥാനത്തിനു കഴിഞ്ഞുവെന്നതാണ് പുരോഗമനപരമായി കാണേണ്ടത്.

സഹോദരൻ അയ്യപ്പന്റെ വീടിന്റെ പരിസരത്തുള്ള മിശ്രഭോജന ശിൽപമതിൽ. photo/ wikipedia

ശ്രീനാരായണഗുരു മിശ്രഭോജനത്തിന് അനുകൂലിയല്ല എന്ന യാഥാസ്ഥിതികരുടെ പ്രചാരണം ചെറുക്കാൻ അയ്യപ്പൻ സംശയനിവർത്തിക്കായി ഗുരുവിനെ സമീപിച്ചു. മിശ്രഭോജനത്തെ അനുകൂലിക്കുന്നുവെന്നും, വലിയൊരു പ്രസ്ഥാനമായി വളരുമെന്നും പറഞ്ഞ് സ്വാമി അയ്യപ്പനെ പ്രോത്സാഹിപ്പിക്കുകയും ഒരു സന്ദേശം സ്വന്തം കൈപ്പടയിൽ എഴുതി നൽകുകയും ചെയ്തു: ‘മനുഷ്യരുടെ മതം, വേഷം, ഭാഷ മുതലായവ എങ്ങനെയിരുന്നാലും അവരുടെ ജാതി ഒന്നായതുകൊണ്ട് അന്യോന്യം വിവാഹവും പന്തിഭോജനവും ചെയ്യുന്നതിന് യാതൊരു ദോഷവും ഇല്ല' എന്നായിരുന്നു ആ മഹാസന്ദേശം.

യാഥാസ്ഥിതികരിൽ നിന്ന്​ ശക്തമായ എതിർപ്പ് നേരിട്ടെങ്കിലും, അയ്യപ്പനും സംഘത്തിനും കൊടിയ പീഡനം ഏറ്റുവാങ്ങേണ്ടിവന്നെങ്കിലും, ഈ സംരംഭത്തിനു പിൽക്കാലത്ത്​ വ്യാപക അംഗീകാരം കൈവന്നു. വാഗ്ഭടാനന്ദൻ സ്ഥാപിച്ച ആത്മവിദ്യാസംഘം ‘പ്രീതിഭോജനം’ എന്ന പേരിൽ മിശ്രഭോജനം നടത്തിയിരുന്നു. ആദ്യകാലത്ത് അവർണർക്കിടയിലായിരുന്നെങ്കിൽ ക്രമേണ അവർണരും സവർണരും ചേർന്നുള്ളതായിമാറി. കമ്യൂണിസ്റ്റുകാരുടെ ഒളിവുജീവിതത്തിൽ ശക്തമായൊരു ഏടായി കാണാവുന്നത്, ഭക്ഷണത്തിന്​ജാതിയില്ലായിരുന്നുവെന്നതാണ്. കേരളത്തിൽ സാർവത്രികമായി തീർന്ന നവോത്ഥാനാശയം ജാതി- മത രഹിത പന്തിഭോജനം തന്നെയാണെന്നു സമ്മതിക്കണം.

മിശ്രവിവാഹപ്രസ്ഥാനം

സഹോദരപ്രസ്ഥാനം രൂപംകൊടുത്ത മറ്റൊരു ജാതിവർജന പ്രായോഗിക പരിപാടിയായിരുന്നു മിശ്രവിവാഹം. പരസ്പരം പുണർന്ന്​ സന്താനോത്പാദനം നടത്തുന്ന ഒരിനമാണ് മനുഷ്യർ. ഇണചേരലിന്​ യാതൊരു പരസ്പരഭേദവും ഇല്ലാത്തതുകൊണ്ട് മനുഷ്യർ ഒരിനമാണെന്ന ഗുരുവചനം (‘പുണർന്നു പെറുമെല്ലാമൊരിനമാം’- ജാതിലക്ഷണം) അനുസരിച്ചാൽ മിശ്രവിവാഹം പൂർണമായും ജാതിസമ്പ്രദായത്തിന്റെ ഉന്മൂലനത്തിനു പറ്റിയ പ്രായോഗിക പരിപാടി തന്നെയാണ്. ആദ്യകാലത്ത് യാഥാസ്ഥിതികരുടെ വിമർശനം വൻതോതിൽ ഉണ്ടായെങ്കിലും ക്രമേണ കൂടുതൽ അംഗീകാരം കിട്ടിയ ഒരു നവോത്ഥാന ആശയമാണിതും. ജാതിവേലി പൊളിക്കുക മാത്രമല്ല, ക്രമേണ മതത്തിന്റെ അതിരുകളും ഭേദിക്കപ്പെട്ടു, അത്രയ്ക്ക് തീക്ഷ്ണമായി കേരളം ഏറ്റെടുത്ത പുരോഗമനാശയമാണിത്.

ജനമനസ്സിൽനിന്ന് ജാതിബോധം നീക്കേണ്ടതുണ്ടെന്ന ഗുരുവിന്റെ ഉപദേശം ജാതിനശീകരണപ്രവർത്തനത്തിലേക്ക്​ അയ്യപ്പനെ നയിച്ചു. അതിന്റെ പ്രയോഗികാകർമപദ്ധതിയായിരുന്നു മിശ്രഭോജനം.

നവോത്ഥാനകാലത്തു മാത്രമല്ല, നവോത്ഥാനാന്തരവും മലയാളികളെ ആവേശം കൊള്ളിച്ച പുരോഗമന പരിപാടിയായിരുന്നു മിശ്രവിവാഹം. അഭ്യസ്തവിദ്യരുടെ ഇടയിൽ പുരോഗമനമുള്ളവരാണ് തങ്ങളെന്ന് കാണിക്കാനുള്ള അവസരമായി ഇതു മാറി. വലിയ പ്രതിഷേധങ്ങൾ തുടക്കത്തിലുണ്ടായെങ്കിലും തമിഴ്നാട്ടിലൊക്കെ ഇന്നും വ്യാപകമായി കാണുന്ന സ്വാഭിമാനക്കൊലയ്ക്ക്​ കേരളത്തിൽ പ്രചാരം കുറഞ്ഞത്​ സവിശേഷമായി കാണേണ്ടതാണ്. നവോത്ഥാനകാലാനന്തരം ജാതിപ്പേരുകൾ കുലനാമമായി ചേർക്കുന്ന രീതിക്ക്​ കേരളത്തിൽ കുറവുവന്നിരുന്നു. എല്ലാത്തരത്തിലുമുള്ള ജാതിപ്രതിധാനങ്ങൾ അഴിഞ്ഞുപോകണമെന്ന ഗുരുവിന്റെ അഭിപ്രായം പ്രകടമായതിൽ പ്രധാനമാണ് വ്യക്തിനാമങ്ങളിൽനിന്ന് ജാതിപ്പേര് ഒഴിവാക്കുന്ന ശീലത്തിലേക്ക്​ മലയാളി മാറിയത്. ഇതിന്​ മിശ്രവിവാഹവും ഒരു കാരണമായി കാണാം. ജാതിപ്പേരുകൾ ഒഴിവാക്കുന്നത് പുരോഗമനലക്ഷണമായി കണ്ടിരുന്നെങ്കിലും ഇ.എം.എസ്. നമ്പൂതിരിപ്പാട് മരണം വരെയും ‘നമ്പൂതിരിപ്പാട്' എന്ന ജാതിപ്പേര് ഒഴിവാക്കിയില്ലെങ്കിലും മക്കൾക്കാർക്കും (ഡോ. ഇ.എം. മാലതി, ഇ.എം. ശ്രീധരൻ, ഇ.എം. രാധ, ഇ.എം. ശശി) ജാതിപ്പേര് ചേർത്തില്ല. മന്നത്തു പദ്മനാഭൻ പിള്ള പിൽക്കാലത്ത്​ പ്രശസ്തനായത് മന്നത്തു പദ്മനാഭൻ എന്ന പേരിലാണ്.

ഈ രീതിയിൽ ഒട്ടേറെപ്പേർ ജാതിനാമത്തിന്റെ വാലുമുറിച്ചുവെങ്കിലും അടുത്തകാലത്തായി ജാതിവാലുകൾ ജനനസർട്ടിഫിക്കറ്റുകളിൽ കൂടുന്നതായി കാണുന്നു. ജാതിബോധത്തിന്റെ വീണ്ടെടുപ്പുകളായാണ് ഈ പുതിയ പ്രവണതയെ മനസിലാക്കേണ്ടത്. പൈതൃകാഭിമാനമായി ജാതിപ്പേരുകൾ വഹിച്ചിരുന്ന തലമുറയിൽനിന്ന്​ ജാതിപ്പേരുകൾ അപമാനമായി മാറിയ തലമുറകൾ ആർജിച്ച നവോത്ഥാനമൂല്യങ്ങൾക്ക്​ അപചയം കൈവരുകയും വർഗീയതയും ജാതീയതയും വീണ്ടെടുക്കുകയും ചെയ്യുന്ന പ്രവണതക്ക്​ ആധുനികകാലം സാക്ഷിയാകുന്നു. ഇതിനു പ്രധാനകാരണം മിശ്രവിവാഹത്തിന്റെ രാഷ്ട്രീയസത്ത നീരറ്റുപോകുന്നതും കൂടിയാണ്. മിശ്രവിവാഹം ഒരു പുരോഗമന പ്രകടനമല്ലാതെയായിത്തീരുന്നതായും നാം മനസിലാക്കേണ്ടതുണ്ട്. കേരളത്തിന്റെ സാമൂഹ്യചരിത്രത്തിൽ ഏറ്റവും പ്രായോഗികവും വിപ്ലവാത്മകവുമായി സംഭവിച്ച ഒരു രാഷ്ട്രീയപ്രക്രിയക്കുണ്ടായ അപചയമെന്തെന്ന്​ ആലോചിക്കേണ്ടതാണ്. യുക്തിവാദത്തിന്റെയും ശാസ്ത്രബോധത്തിന്റെയും പുരോഗമനരാഷ്ട്രീയം ജ്വലിച്ചിരുന്ന തലമുറക്കിടയിൽ മിശ്രവിവാഹം ആധുനികമായ ആശയവും ആവേശവുമായിരുന്നു. മിശ്രവിവാഹത്തിലൂടെ ലോകം കീഴ്പ്പെടുത്തുകയായിരുന്നു. ഗുരുവിന്റെ ജാതിനശീകരണത്തെക്കാൾ പ്രായോഗികമായി കേരളം നെഞ്ചേറ്റിയത് സഹോദരപ്രസ്ഥാനത്തിന്റെ മിശ്രവിവാഹപദ്ധതിയായിരുന്നു. എന്നാൽ മിശ്രവിവാഹം കഴിഞ്ഞ്​ അവർക്കുണ്ടാകുന്ന കുട്ടികൾ ഏത്​ മതത്തിലും ജാതിയിലും പെടുമെന്നതിനെക്കുറിച്ച്​ വലിയ രാഷ്ട്രീയ ആലോചനകൾ അന്നുണ്ടായിട്ടില്ല.

ജാതി- മത നശീകരണത്തിനായുള്ള ശ്രമമായിരുന്നെങ്കിലും സമാന്തരമായി സമൂഹത്തിൽ ജാതിസ്വത്വങ്ങൾ രാഷ്ട്രീയമായി ശക്തിപ്രാപിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ, മിശ്രവിവാഹശേഷം അച്ഛന്റെയോ അമ്മയുടെയോ ജാതിയിൽ / മതത്തിൽ ലയിച്ചില്ലാതാവുകയായിരുന്നു മിശ്രവിവാഹങ്ങളുടെ പുരോഗമനം. ഇതിനു സാഹചര്യമൊരുക്കിയത് ആധുനിക പൗരവ്യവസ്ഥയായിരുന്നു. ജനനസർട്ടിഫിക്കറ്റിലും, സ്‌കൂൾ രജിസ്റ്ററിലും ഉദ്യോഗസംവരണത്തിലും ജാതി നിർബന്ധമായിരുന്നു. ഇന്നും ഈ പ്രശ്‌നം കോടതികയറുന്നുണ്ട്. ശ്രീനാരായണഗുരുവിന്റെ ജാതി മനുഷ്യജാതിയെന്നു അംഗീകരിക്കാൻ അക്കാലത്തെ ഭരണകൂടത്തിനു കഴിഞ്ഞെങ്കിലും മറ്റുള്ളവരുടെ കാര്യത്തിൽ സമാനാവകാശം നൽകാൻ പിൽക്കാലത്തെ ഭരണകൂടങ്ങൾക്ക്​ഇനിയും കഴിഞ്ഞിട്ടില്ല. ജാതിനശീകരണത്തിന്​ കേരളം ഏറ്റെടുത്ത മികച്ചതും പുരോഗമനപരവുമായ മിശ്രവിവാഹത്തിന്​ അർഹിക്കുന്ന തരത്തിലുള്ള സംസ്‌കാര രാഷ്ട്രീയ ആസൂത്രണം നാളിതുവരെയും ഉണ്ടായില്ല എന്നത് സമ്മതിച്ചേ മതിയാവൂ.

സഹോദരൻ അയ്യപ്പൻ

മലയാള സാഹിത്യത്തിലും സിനിമയിലും മിശ്രവിവാഹം പുരോഗമനമായിത്തന്നെ ആഘോഷിക്കപ്പെട്ടു. ജാതിമത ഘടനകളുടെ പൊളിച്ചെഴുത്തായിരുന്നു ഇതെന്നു സമ്മതിക്കുമ്പോൾ തന്നെ എന്താണിതിന്റെ ഭാവിരാഷ്ട്രീയം എന്നത് അധികം ആരും ചർച്ചക്കെടുത്തില്ല. ചിലർ പൈതൃക ജാതിഘടനയിൽ ലയിച്ചു. മറ്റുചിലർ സംവരണം ഉറപ്പുവരുത്തുന്നതരത്തിൽ പ്രയോഗിക നിലപാടെടുത്തു. അധികവും പിതൃജാതി തിരഞ്ഞെടുത്ത്​ പുരുഷാധിപത്യഘടന നിലനിറുത്തി. മറ്റുചിലർ സ്വതന്ത്രവ്യക്തികളായി നിന്നുകൊണ്ട്, ദമ്പതികൾ അവരവരുടെ ജാതി മത വിശ്വാസങ്ങൾ നിലനിറുത്തി. അങ്ങനെ ഏകരൂപമല്ലാത്ത പ്രതികരണങ്ങളാണ് മിശ്രവിവാഹം കേരളത്തിൽ സൃഷ്ടിച്ചത്.

ബഷീറിന്റെ പ്രേമലേഖനമാണ് മിശ്രവിവാഹത്തെ ഒരു രാഷ്ട്രീയ പ്രശ്‌നമാക്കി അവതരിപ്പിച്ചത്.‘നമ്മൾ ശ്രീജിത് കേശവൻ നായരും ശ്രീമതി സാറാമ്മയും ഭാര്യാഭർത്താക്കന്മാരായി ജീവിക്കുമ്പോൾ വലിയ കുഴപ്പങ്ങൾ ഞാൻ കാണുന്നുണ്ട്. ഒരാൾ ക്ഷേത്രത്തിൽ പോകുമ്പോൾ മറ്റെയാൾ പോകുന്നത് ചർച്ചിലാണ്. രണ്ടു സമൂഹം! എപ്പോഴും നമ്മുടെ ഇടയിൽ ചർച്ചും അമ്പലവും!'
സാറാമ്മയുടെ സംശയത്തിന്​ കേശവൻ നായർ ന്യായം പറഞ്ഞു സമർഥിച്ചു, ‘ഓർത്തുനോക്ക്: പ്രായമായ രണ്ട് സ്വതന്ത്രജീവികൾ. ലേശം വിദ്യാഭ്യാസവും ലേശം ബുദ്ധിയുമുണ്ട്. സമൂഹം നമ്മെ തീറ്റിപോറ്റുകയില്ല. ക്ഷേത്രവും ചർച്ചും നിൽക്കുന്നേടത്തുതന്നെ നിൽക്കട്ടെ. നമ്മുടെ ഹൃദയങ്ങളുടെ ഇടയിൽ മതിലുകൾ ഉണ്ടാവരുത്. ക്ഷമ, സഹാനുഭൂതി, കാരുണ്യം ഇവ മറക്കരുത്; തിരിഞ്ഞോ?’
സാറാമ്മ ചോദിച്ചു; ‘നമുക്കു കുഞ്ഞുങ്ങളുണ്ടാവില്ലേ? അവർ എന്തു ജാതിയായിരിക്കും? ഹിന്ദുക്കളായിട്ടു വളർത്താൻ എനിക്ക് ഇഷ്ടമില്ല. ക്രിസ്ത്യാനിയായിട്ടു വളർത്താൻ എന്റെ ഭർത്താവിനും ഇഷ്ടം കാണുകയില്ല! അങ്ങനെ വരുമ്പോൾ അവരുടെ ജാതി?'
നീണ്ട ആലോചനക്കു ശേഷം കേശവൻനായർ പറഞ്ഞു; ‘നമുക്ക് നമ്മുടെ കുഞ്ഞുങ്ങളെ ഒരു മതത്തിലും വളർത്തണ്ട! അവരങ്ങനെ നിർമതരായി വളരട്ടെ!'... ‘പ്രായമായിവരുമ്പോൾ അവരെ പഠിപ്പിക്കുക, എല്ലാ മതങ്ങളെപ്പറ്റിയും, പക്ഷപാതരാഹിത്യത്തോടുകൂടി. അങ്ങനെ പത്തിരുപതു വയസ്സാകുമ്പോൾ, എല്ലാ മതങ്ങളിലുംവെച്ച് അവർക്കു ഹൃദ്യമായത്​ സ്വീകരിക്കട്ടെ!'
സാറാമ്മ കേശവൻ നായരുടെ മുഖത്തുനോക്കാതെ സന്തോഷത്തോടെ പറഞ്ഞു:‘ന്യായം ...പേരോ? എന്റെ ആദ്യത്തെ കുഞ്ഞ് ആണാണെന്നിരിക്കട്ടെ ആ തങ്കക്കുട്ടന് എന്തു പേരിടും?'
ഹിന്ദുവിന്റെ പേരിടുകവയ്യ. ക്രിസ്ത്യാനിയുടെയും. ഒരുപേരിലെന്തിരിക്കുന്നുവെന്ന് വിചാരിച്ചാൽ പ്രശ്‌നം ഗുരുതരമാണെന്ന് മനസ്സിലാകും. ഒരു പേരുപോലും രാഷ്ട്രീയചിഹ്നമാണ്. ‘മുസൽമാന്റെ പേരിട്ടാൽ ആളുകൾ വിചാരിക്കും മുസൽമാനാണെന്ന്. ഫാർസിയുടേതും, അതുപോലെതന്നെ. ചൈനക്കാരന്റെതും റഷ്യക്കാരന്റെതും - എന്നുവേണ്ട, കുഴപ്പമാണ്'.

​​​​​​​കമ്യൂണിസ്റ്റ് പ്രസ്ഥാനം തുടക്കത്തിൽ മിശ്രവിവാഹത്തിനുവേണ്ടിയും അനാവശ്യ ആർഭാടവും വിവാഹചെലവും ഒഴിവാക്കാനുമുള്ള ബോധവൽക്കരണം നടത്തുകയും പ്രയോഗികമാക്കുകയും ചെയ്തിരുന്നു. ഇന്ന് അത്തരം പഴങ്കഥകൾക്കു വലിയ സാംഗത്യമില്ലാതായിരിക്കുന്നു

ചൈന പേരായ ‘ഡങ്ക് ഡിങ്കോഹോ', സ്‌കി ചേർത്ത റഷ്യൻ പേരായ ചാപ്ലോസ്‌കി തുടങ്ങി മിസ്റ്റിസിസം, ഗദ്യകവിത വരെ തള്ളിക്കളഞ്ഞ്​ ഇരുവരും കൂടി ‘ആകാശമിഠായി' തിരഞ്ഞെടുക്കുന്നു. പ്രേമലേഖനത്തിൽ ബഷീർ ഹാസ്യരൂപത്തിൽ അവതരിപ്പിച്ചിരിക്കുന്ന ഈ ഭാഗം മിശ്രവിവാഹത്തെ സംബന്ധിച്ച ചില രാഷ്ട്രീയപ്രശ്‌നങ്ങൾ പുറത്തുകൊണ്ടുവരുന്നുണ്ട്. കേരളത്തിൽ സംഭവിച്ച രാഷ്ട്രീയപ്രക്രിയകളിൽ മുഖ്യമാണ് മിശ്രവിവാഹം. പക്ഷേ അതിന്റെ ഭാവിക്ക് മിശ്രവിവാഹം ഉൾക്കൊണ്ട പുരോഗമനത്തെ കാത്തുപോരാനായില്ലെന്നതും വാസ്തവമാണ്. ആ പ്രശ്‌നം സരസമായി ബഷീർ അവതരിപ്പിക്കുമ്പോൾത്തന്നെ അതൊരു സാമൂഹ്യവിമർശനതലവും ഉൾക്കൊള്ളുന്നുണ്ട്. ഒരു പേരുപോലും മതേതരസ്വഭാവം കാണിക്കുന്നില്ലെന്നും പേരുകൊണ്ടുതന്നെ ജാതിയും മതവും നിർണയിക്കപ്പെടുന്നുവെന്നും തദ്ദേശീയമായ ഈ പ്രശ്‌നത്തിന്​ പരിഹാരം റഷ്യയിൽനിന്നോ ചൈനയിൽ നിന്നോ ഇറക്കുമതി ചെയ്ത് പരിഹരിക്കാനാവില്ലെന്നും സൂചിപ്പിച്ച്​, സ്വഭാഷയിൽനിന്ന്​ മതരഹിത സംജ്ഞകൾ കണ്ടെത്തി തദ്ദേശീയപ്രശ്‌നങ്ങൾക്ക്​ തദ്ദേശീയപരിഹാരം നിർബന്ധമാക്കുകയാണ് ബഷീർ ചെയ്തത്. ഇത്രയും രാഷ്ട്രീയപ്രാധാന്യമുള്ള ഒരു മുന്നേറ്റമായിരുന്നു മിശ്രവിവാഹം. പക്ഷേ, ഭാവി ആസൂത്രണം ശക്തമായിരുന്നില്ല. അതുകൊണ്ടാണ് വിപ്ലവാത്മകമെങ്കിലും മാമൂൽ ഘടനയിൽ ലയിച്ചില്ലാതായത്. സഹോദരൻ അയ്യപ്പന്റെയും ചൊവ്വര പരമേശ്വരന്റെയും ശ്രമഫലമായി 1946 മുതൽ കൊച്ചിയിൽ മിശ്രവിവാഹസംഘം പ്രവർത്തിച്ചിരുന്നു. 1958-ൽ എറണാകുളത്ത്​ കേരള മിശ്രവിവാഹസംഘം രൂപീകരിച്ചു. വി.കെ. പവിത്രന്റെ പത്രാധിപത്യത്തിൽ മിശ്രവിവാഹസംഘം ബുള്ളറ്റിൻ എന്ന മാസിക പ്രസിദ്ധീകരിച്ചിരുന്നു. വിവാഹത്തെക്കുറിച്ച് വ്യക്തമായ നയരേഖ ഗുരു അവതരിപ്പിച്ചിരുന്നെങ്കിലും അതേറ്റടുത്തു മുന്നോട്ടുപോകാൻ ജാതിസമുദായങ്ങൾക്കു കഴിഞ്ഞില്ല. ധൂർത്തായി ഇന്നതുമാറി.

കമ്യൂണിസ്റ്റ് പ്രസ്ഥാനം തുടക്കത്തിൽ മിശ്രവിവാഹത്തിനുവേണ്ടിയും അനാവശ്യ ആർഭാടവും വിവാഹചെലവും ഒഴിവാക്കാനുമുള്ള ബോധവൽക്കരണം നടത്തുകയും പ്രയോഗികമാക്കുകയും ചെയ്തിരുന്നു. ഇന്ന് അത്തരം പഴങ്കഥകൾക്കു വലിയ സാംഗത്യമില്ലാതായിരിക്കുന്നു. ഒരുകാലത്ത്​ ഒഴിവാക്കിയിരുന്ന അല്ലെങ്കിൽ ഒഴിവാക്കണമെന്ന്​ പുരോഗമനപരമായി ആഗ്രഹിച്ച ജാതി- മത ആർഭാട രഹിത വിവാഹം ഇന്നൊരു ഓർമയാണ്. വിവാഹത്തിൽ ജാതിയും മതവും ആർഭാടവും നിർബന്ധമാക്കുന്ന നാട്ടുനടപ്പിലേക്ക്​ വീണ്ടും കേരളം വഴിമാറിയപ്പോൾ, സമുദായോദ്ധാരണ നവോത്ഥാനത്തിനറുതിവന്നു. പുരോഗമനരാഷ്ട്രീയമായി ഒഴിവാക്കിയതെല്ലാം (ജാതി, മതം, വർഗീയത) പുനരാനയിക്കപ്പെടുന്ന നവോത്ഥാന വിച്ഛേദമായ സമകാലം സൃഷ്ടിക്കുന്ന വിപത് മൂല്യങ്ങളെക്കുറിച്ചിനിയും വേണ്ടത്ര സാമൂഹ്യപഠനങ്ങൾ ഉണ്ടായിട്ടില്ല. ജാതി- മത വിവേചനത്തിലേക്കുള്ള തിരിച്ചുപോക്കാണോ, ഘോഷിക്കപ്പെടുന്ന കേരളമാർജിച്ച രാഷ്ട്രീയപ്രബുദ്ധത?

യുക്തിവാദി പ്രസ്ഥാനം

അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ കേരളത്തിൽ പിറവിയെടുത്ത സാംസ്‌കാരികസംഘടന എന്നനിലയിൽ യുക്തിവാദി പ്രസ്ഥാനത്തെയും സഹോദരപ്രസ്ഥാനത്തോടൊപ്പം പരിഗണിക്കേണ്ടതാണ്. കേരളത്തിൽ കെ. അയ്യപ്പന്റെ സഹോദരപ്രസ്ഥാനമാണ് യുക്തിവാദ പ്രസ്ഥാനത്തിനു തുടക്കം കുറിച്ചത് എന്നാണ് മനസിലാക്കേണ്ടത്. സഹോദരൻ മാസികയിൽ എം.പി. വർക്കി എഴുതിയ ‘യഥാർഥ ക്രിസ്തു' ആണ് മലയാളത്തിലെ യുക്തിവാദപരമായ ആദ്യലേഖനം. ലോകപ്രശസ്തനായ അമേരിക്കൻ യുക്തിവാദി ഇംഗർസോളിന്റെ ജീവചരിത്രവും അദ്ദേഹമെഴുതിയ ‘മോസസ്സിന്റെ തെറ്റുകൾ', ‘നരകം', ‘ദൈവങ്ങൾ' എന്നിങ്ങനെയുള്ള യുക്തിവാദപരമായ ലേഖനങ്ങളും സഹോദരൻ മാസിക പ്രസിദ്ധീകരിച്ചിരുന്നു. തുടർന്ന്, എം.സി. ജോസഫ്, വി.ടി. ഭട്ടതിരിപ്പാട്, കുറ്റിപ്പുഴ കൃഷ്ണപിള്ള, കെ.കെ. സുബ്രമണ്യൻ, എ.വി. ജോസ്, പി.എസ്. രാമൻകുട്ടി, ജോസഫ് കുന്നത്ത്, സി.വി. കുഞ്ഞുരാമൻ, കെ. രാമവർമത്തമ്പാൻ, സി. കൃഷ്ണൻ തുടങ്ങിയവർ യുക്തിവാദചിന്തയ്ക്ക് കരുത്തുപകർന്നു. സി. കൃഷ്ണന്റെ പത്രാധിപത്യത്തിൽ നടന്നിരുന്ന മിതവാദി, സി.വി. കുഞ്ഞുരാമൻ പത്രാധിപരായ നവജീവൻ, കേരള കൗമുദി എന്നീ പത്രങ്ങൾ യുക്തിവാദി ആശയങ്ങൾ പ്രചരിപ്പിച്ചു .

കൊച്ചിയിലുള്ള സഹോദരൻ അയ്യപ്പന്റെ സ്മാരകപ്രതിമ. photo/ wikipedia

1935 നവംബർ 11-ന്​ കൊച്ചി സംസ്ഥാനത്ത്, യുക്തിവാദിസംഘം എന്ന പേരിൽ ഒരു സംഘടന രജിസ്റ്റർ ചെയ്യപ്പെട്ടു. രാമവർമ തമ്പുരാനായിരുന്നു പ്രസിഡൻറ്. എം.സി. ജോസഫ് സെക്രട്ടറിയും പനമ്പിള്ളി ഗോവിന്ദമേനോൻ ഖജാൻജിയും. തിരുവനന്തപുരത്ത് റിട്ടയേർഡ് ഹൈക്കോടതി ജഡ്ജിയായിരുന്ന എച്ച്. രാമകൃഷ്ണൻ പ്രസിഡന്റായും സി. കേശവൻ, കെ. ദാമോദരൻ (മയ്യനാട്), ചൊവ്വര പരമേശ്വരൻ മുതലായവർ അംഗങ്ങളായും എം. പ്രഭ സെക്രട്ടറിയായുമുള്ളതായിരുന്നു യുക്തിവാദസംഘം. തിരുവിതാംകൂറിലും കൊച്ചിയിലും അക്കാലത്ത്​ യുക്തിവാദി സമ്മേളനങ്ങൾ നടത്തി.

1967 ഡിസംബർ 24-ന്​ തൃശൂർ റീജ്യണൽ തിയേറ്ററിൽ നടന്ന യുക്തിവാദികളുടെ സമ്മേളനത്തിലാണ് ‘കേരള യുക്തിവാദിസംഘം' എന്ന സംഘടന രൂപംകൊണ്ടത്. നൂറ്റാണ്ടുകളായി അനാചാരങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും പിടിയിലമർന്നിരുന്ന കേരളീയ ജനതയെ അതിൽ നിന്ന്​ കരകയറ്റുക എന്ന ലക്ഷ്യത്തോടെയാണ്​ യുക്തിവാദി സംഘം രൂപംകൊണ്ടത്. എം.സി. ജോസഫ് പ്രസിഡന്റായും കെ.എ. സുബ്രഹ്മണ്യം ജനറൽ സെക്രട്ടറിയായും രൂപമെടുത്ത സംഘടനയിൽ വി.ടി. ഭട്ടതിരിപ്പാട്, കുറ്റിപ്പുഴ കൃഷ്ണപിള്ള, എ.വി. ജോസ്, പി.എസ്. രാമൻകുട്ടി, ജോസഫ് കുന്നത്ത് എന്നിവരും പ്രധാന ചുമതലക്കാരായിരുന്നു. സമൂഹത്തിൽ നിലനിന്ന പല വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളാണെന്നു തെളിയിക്കാനാണ് ഇക്കൂട്ടർ ശ്രമിച്ചത്. ഭരണഘടനയുടെ മതനിരപേക്ഷതാസ്വഭാവം നിലനിർത്തുന്നതിനും മതം രാഷ്ട്രീയത്തിലിടപെടുന്നതിനെതിരായും വിദ്യാഭ്യാസം മതനിരപേക്ഷമാക്കുന്നതിനും യുക്തിവാദിസംഘം പ്രക്ഷോഭങ്ങളും പ്രകടനങ്ങളും സംഘടിപ്പിച്ചു. ഇടമറുക്, പവനൻ, ഡോ. എ.ടി. കോവൂർ, പി.കെ. മാധവൻ തുടങ്ങി ഒട്ടേറെ നേതാക്കളെ ഈ സംഘടനയുടെ ഭാഗമായി കാണാം. സഹോദരൻ അയ്യപ്പൻ വിഭാവനം ചെയ്ത സാമൂഹികപരിഷ്‌കരണത്തിൽനിന്ന്​ വിശ്വാസ പരിഷ്‌കരണപരിപാടിയിലേക്കുള്ള ചുവടുമാറ്റം പിൽക്കാലത്തു കാണാം. ആദ്യകാല കമ്യൂണിസ്‌റ്റ്​ നേതൃനിര യുക്തിവാദ ആശയധാരയിൽ പങ്കാളികളായിരുന്നെങ്കിലും പിൽക്കാലത്ത്​ ഇക്കൂട്ടരുടെ ദിശാവ്യതിയാനം പ്രകടമാണ്. വി.ടി. ഭട്ടതിരിപ്പാടിന്റെ നേതൃത്വത്തിൽ 1968-ൽ നടത്തിയ ജാതിനശീകരണജാഥ ജനങ്ങളെ ബോധവത്കരിക്കാൻ സഹായിച്ചു. 1979-ൽ ചാരിറ്റബിൾ സൊസൈറ്റീസ് ആക്ട് അനുസരിച്ച് കേരള യുക്തിവാദിസംഘം രജിസ്റ്റർ ചെയ്യപ്പെട്ടു. പവനന്റെ പത്രാധിപത്യത്തിൽ യുക്തിരേഖ എന്ന മാസിക 1983-ൽ പ്രസിദ്ധീകരിച്ചുതുടങ്ങി. ജാതിവർജനം പ്രധാന പരിപാടിയായി തുടരാൻ യുക്തിവാദിസംഘത്തിനു കഴിഞ്ഞില്ല. വിശ്വാസങ്ങളുമായുള്ള പോരാട്ടം ഏറ്റെടുക്കാൻ കേരളത്തിനു താത്പര്യമില്ലായിരുന്നു. അതിലേറെ കേരളത്തിൽ ആഴത്തിൽ വേരോടിയ കമ്യൂണിസ്‌റ്റ് പാർട്ടി പ്രവർത്തനം യുക്തിവാദികളുടെ സവിശേഷയിടം ഇല്ലാതാകാൻ കാരണവുമായി.

ഈഴവരുടെ മതത്തെക്കുറിച്ചുള്ള വാദങ്ങൾ ഗുരുവിന്റെ കാലത്തുതന്നെ സമാന്തരമായി വികസിച്ചുവരുന്നുണ്ട്. ക്രമേണ സ്വതന്ത്ര സമുദായവാദത്തിലെത്തി. ഗുരുവും മതവുമായുള്ള ബന്ധവും സ്വതന്ത്രസമുദായവാദം ഏറ്റെടുത്തില്ലെങ്കിലും ഈഴവരുടെ മതം ഏതാണ് എന്ന ചിന്തയും ഇന്നും ചർച്ചചെയ്യപ്പെടുന്ന വിഷയങ്ങളാണ്.

സഹോദരപ്രസ്ഥാനവും ആദ്യകാല യുക്തിവാദി പ്രസ്ഥാനവും ജാതിവർജനം പ്രയോഗികമാക്കാനും ബോധവൽക്കരണം സാധ്യമാക്കാനും ശ്രമിച്ചുവെന്നതാണ് കേരളത്തിലെ ജാതിവ്യവഹാരങ്ങളിൽ നിന്ന്​ ഇക്കൂട്ടരെ ഒഴിവാക്കാനാവാത്തതിനുകാരണം. ജാതിസംഘടനകൾ കൈയൊഴിഞ്ഞ ജാതിവർജന പരിപാടി ഏറ്റെടുത്തു മുന്നോട്ടുപോകാൻ ഇക്കൂട്ടർക്കു സാധ്യമായതുമൂലം ഗുരുവിന്റെ ആശയത്തിന്​ സാമൂഹികപ്രാധാന്യം വർധിച്ചു. 1930-നുശേഷമുള്ള കേരളത്തെക്കുറിച്ചുള്ള ചർച്ചകൾ സോഷ്യലിസ്റ്റ് പാർട്ടിയും കമ്യൂണിസ്‌റ്റ്​ പ്രസ്ഥാനവുമായി ബന്ധപ്പെടുത്തിവേണം നടത്തേണ്ടത്. തൊഴിലാളിവർഗ പ്രസ്ഥാനത്തിലെ മുഖ്യവിഷയം ജാതിയായിരുന്നില്ല എന്നതുകൊണ്ട് അതിനുമുമ്പുള്ള ജാതിവ്യവഹാരങ്ങൾക്കാണിവിടെ പ്രാധാന്യം നൽകുന്നത്. ജാതിവ്യവഹാരങ്ങളുടെ മറ്റൊരടര് മതചിന്തയുമായി ബന്ധപ്പെട്ടാണ് വികാസംകൊണ്ടതെന്നുകാണാം. ഈഴവരുടെ മതത്തെക്കുറിച്ചുള്ള വാദങ്ങൾ ഗുരുവിന്റെ കാലത്തുതന്നെ സമാന്തരമായി വികസിച്ചുവരുന്നുണ്ട്. ക്രമേണ സ്വതന്ത്ര സമുദായവാദത്തിലെത്തി. ഗുരുവും മതവുമായുള്ള ബന്ധവും സ്വതന്ത്രസമുദായവാദം ഏറ്റെടുത്തില്ലെങ്കിലും ഈഴവരുടെ മതം ഏതാണ് എന്ന ചിന്തയും ഇന്നും ചർച്ചചെയ്യപ്പെടുന്ന വിഷയങ്ങളാണ്. അതുകൊണ്ട് ജാതിവ്യവഹാരങ്ങളുടെ മതാടിസ്ഥാനം വിമർശനാത്മകമായ പരിശോധന ആവശ്യപ്പെടുന്നുണ്ട്. ​​​​​​​(തുടരും)


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


എം. ശ്രീനാഥൻ

ഭാഷാശാസ്ത്രജ്ഞൻ, പ്രഭാഷകൻ, എഴുത്തുകാരൻ. തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിൽ പ്രൊഫസർ. തിയററ്റിക്കൽ ലിംഗ്വിസ്റ്റിക്‌സ്, അപ്ലൈഡ് ലിംഗ്വിസ്റ്റിക്‌സ്, ലിംഗ്വിസ്റ്റിക്‌സ് ആന്ത്രപ്പോളജി, ലാംഗ്വേജ് ആൻറ്​ ജനറ്റിക്‌സ് തുടങ്ങിയവ മേഖലകളിൽ സ്‌പെഷലൈസേഷൻ. മലയാള ഭാഷാചരിത്രം: പുതുവഴികൾ, എ.ആർ. നിഘണ്ടു, Dravidian Tribes & Language, മലയാള ഭാഷാശാസ്ത്രം, കേരള പാണിനീയ വിജ്ഞാനം (ഡോ. സി. സെയ്തലവിക്കൊപ്പം എഡിറ്റർ), ചട്ടമ്പിസ്വാമികളുടെ ജ്ഞാന നവോത്ഥാനം തുടങ്ങിയവ പ്രധാന പുസ്തകങ്ങൾ.

Comments