നവോത്ഥാന ചരിത്രത്തിൽ നിർണായക വഴിത്തിരിവായി വിശേഷിപ്പിക്കാവുന്ന ഒന്നാണ്, അഖിലകേരള തീയ യുവജനസംഘത്തെ പ്രതിനിധീകരിച്ച് ഇ. മാധവൻ വിഭാവനം ചെയ്ത സ്വതന്ത്രസമുദായവാദം. 1921 ലെ ഒരു സമുദായ ചിത്രം / Photo : Wikimedia Commons

ഭരണകൂടം നിരോധിച്ച ‘സ്വതന്ത്ര സമുദായം’
കേരളം ഏറ്റെടുക്കാത്ത പുസ്​തകം

വർഗീയവാദികൾക്കും മതമൗലികവാദികൾക്കും ‘സ്വതന്ത്രസമുദായം' ഇപ്പോഴും ഉൾക്കൊള്ളാനാവാത്തത്ര തീക്ഷ്ണമാണ്. കാരണം ഇന്ത്യ വളർന്നത് മതേതരത്വത്തിലേക്കല്ല, പകരം അംബേദ്കർ ഇന്ത്യയുടെ ഭാവി ഭീഷണിയായി കണ്ട ഹിന്ദുരാജ്യത്തിലേക്കാണ്.

ഹോദര പ്രസ്ഥാനത്തിന്റെ ഊർജം ഉൾക്കൊണ്ട്​ കേരളത്തിൽ രൂപംകൊണ്ട മറ്റൊരു ജാതി- മത വർജനവാദമാണ് സ്വാതന്ത്രസമുദായവാദം. നവോത്ഥാന ചരിത്രത്തിൽ നിർണായക വഴിത്തിരിവായി വിശേഷിപ്പിക്കാവുന്ന ഒന്നാണ്, അഖിലകേരള തീയ യുവജനസംഘത്തെ പ്രതിനിധീകരിച്ച് ഇ. മാധവൻ വിഭാവനംചെയ്ത സ്വതന്ത്രസമുദായവാദം.

നവോത്ഥാനവ്യവഹാരങ്ങളിൽ അധികം പതിയാത്ത പേരാണിത്. മാധവൻ എന്നു കേൾക്കുമ്പോൾ ടി.കെ. മാധവൻ എന്ന് തെറ്റിദ്ധരിക്കണ്ട. ഇ. മാധവന്റെ കൊച്ചുമകനാണ് (മകളുടെ മകൻ) പ്രമുഖ സി.പി.ഐ. നേതാവും മുൻമന്ത്രിയുമായ ബിനോയ് വിശ്വം എന്നത് പുതുതലമുറയ്ക്ക് മനസിലാകാൻ എളുപ്പമാകും. തിരുവിതാംകൂറിലും കൊച്ചിയിലും മലബാർ ജില്ല ഉൾകൊള്ളുന്ന മദ്രാസ് പ്രവിശ്യയിലും നിരോധിക്കപ്പെട്ട ‘സ്വതന്ത്ര സമുദായം' എന്ന കൃതിയുടെ രചയിതാവാണ് ഇ. മാധവൻ എന്നറിയുമ്പോൾ അദ്ദേഹത്തിന്റെ ചരിത്രപ്രാധാന്യം കൂടുതൽ തെളിയും. ഭരണകൂടവിരുദ്ധമല്ലാത്ത ഒരു കൃതി 1930കളിൽ നിരോധിക്കണമെങ്കിൽ അതിന്റെ വിപ്ലവാത്മകമായ ഉള്ളടക്കം ഭരണകൂടത്തെ എത്രമാത്രം അലോസരപ്പെടുത്തിക്കാണും എന്ന് ആലോചിക്കാം. വിസ്‌ഫോടനാത്മകമായ ആശയസമൃദ്ധിയോടെ മലയാളത്തിൽ രചിക്കപ്പെട്ട ഈ കൃതി 1934-ലാണ് പുറത്തുവന്നത്. അക്കാലത്ത് നിരോധിച്ച ഈ കൃതിയുടെ പ്രസക്തി സമകാലത്തും നിർണായകമാണ്.

ജാതിയും മതവും വിട്ടൊഴിഞ്ഞ്​ സ്വതന്ത്ര സമുദായമായി മാറുന്നതോടെ ഈഴവർക്ക് ജാതിയുടെ പേരിൽ പൗരാവകാശം നിഷേധിക്കാനാവില്ല എന്ന യുക്തിബോധമാണ് സ്വതന്ത്രസമുദായവാദത്തിനു പിന്നിൽ.

അവർണവിരുദ്ധമായ ഹിന്ദുമതം

‘ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട' മനുഷ്യന് എന്ന സഹോദരൻ അയ്യപ്പന്റെ മുദ്രാവാക്യം പ്രാവർത്തികമാക്കാനുദ്ദേശിച്ചുള്ള ഒരു രചനയാണിത്. ജാതിയും മതവും വിട്ടൊഴിഞ്ഞ്​ സ്വതന്ത്ര സമുദായമായി മാറുന്നതോടെ ഈഴവർക്ക് ജാതിയുടെ പേരിൽ പൗരാവകാശം നിഷേധിക്കാനാവില്ല എന്ന യുക്തിബോധമാണ് സ്വതന്ത്രസമുദായവാദത്തിനു പിന്നിൽ. ആധുനിക പാശ്ചാത്യ വിദ്യാഭ്യാസത്തിലൂടെ ആർജിച്ച ശാസ്ത്രജ്ഞാനം പൂർണമായും പ്രയോജനപ്പെടുത്തി ആധുനിക മനുഷ്യനെ എങ്ങനെ നിർമിച്ചെടുക്കാമെന്ന ആലോചനക്ക്​ റഷ്യ ആർജിച്ച അനുഭവനേട്ടങ്ങൾ പിൻബലമേകുന്ന കാഴ്ചയാണ് കൃതി പങ്കിടുന്നത്. അക്കാലത്ത് ഇത്രയും റാഡിക്കലായ മനോഭാവം ഈഴവ യുവജനതയിൽ നിറഞ്ഞിരുന്നുവെന്നതിന്റെ സാക്ഷ്യപത്രവുമാണ് ‘സ്വതന്ത്രസമുദായം'.

ഈ കൃതിയിൽ ഒരിടത്തും ശാസ്ത്രീയതയും യുക്തിബോധവും നഷ്ടപ്പെടുന്നില്ല എന്നതാണ്​ ഏറ്റവും സവിശേഷം. അതിലേറെ പ്രമേയസൂക്ഷ്മത, സാംസ്‌കാരിക വിമർശനം, ബോധവത്കരണം, സയുക്തിക നിലപാട്, പ്രതിവാദഖണ്ഡനം, പ്രാദേശിക- ദേശീയ- അന്തർദേശീയ പരിസരങ്ങളുമായുള്ള സംവാദവേഴ്​ച, സരളമായ പ്രമേയാവതരണം എന്നിങ്ങനെയുള്ള രചനാസവിശേഷതകൾ മൗലികമായി പങ്കിടുന്നുമുണ്ട്. മതമെന്തെന്നും ലോകത്ത് മതം സൃഷ്ടിക്കുന്ന ദോഷങ്ങളെന്തെന്നും ആരാഞ്ഞ്​സവിശേഷമായി ഹിന്ദുമതം ഇന്ത്യൻ സന്ദർഭത്തിൽ നിർവഹിക്കുന്ന അവർണവിരുദ്ധധർമം വിശദമാക്കി, അവർണവർഗം മതവും ജാതിയും വിട്ടൊഴിഞ്ഞ്​ സ്വതന്ത്രസമുദായമായി മാറേണ്ടതിന്റെ ആവശ്യകത വിശദമാക്കുന്നതാണ് ഈ രചന.
​ഈഴവസമുദായത്തെ സ്വതന്ത്രസമുദായമായി പരിവർത്തനപ്പെടുത്താനുള്ള
ഹിന്ദുമത വിമോചന കാരണങ്ങൾ തിരഞ്ഞെടുത്തു വിവരിക്കുന്ന മാതൃകയാണെങ്കിലും മറ്റെല്ലാ സമുദായങ്ങൾക്കും, പ്രത്യേകിച്ച് അവർണസമുദായങ്ങൾക്ക്​, അനുകരിക്കാവുന്നതാണെന്നതും സവിശേഷമായി കാണാം.

ഈഴവർ ഹിന്ദുക്കളല്ല, ബുദ്ധമതക്കാരാണ്. അവർ ഒരു തീണ്ടൽ ജാതിയായതിനുപിന്നിൽ, തീയർ ഹിന്ദുക്കളാകാൻ സ്വയം വിസമ്മതിക്കുകയോ വർണാശ്രമ മാനികളായ ഹിന്ദുക്കൾ ഇവരെ ദൂരെ നിർത്തുകയോ ചെയ്തതാണ് കാരണമായി മാധവൻ കണ്ടത്.

‘‘മതവിശ്വാസത്തിന്​ പ്രത്യേകിച്ച്, ഹിന്ദുമതവിശ്വാസത്തിനും ജാതിവിശ്വാസത്തിനും അടിമപ്പെട്ട്​ അവശരായി കിടക്കുന്ന സമുദായങ്ങളെ തട്ടിയുണർത്തി അവരെ സാമുദായിക സ്വാതന്ത്ര്യത്തിനുള്ള നേരായ വഴിക്ക്​ തിരിച്ചുവിടാനുള്ള ശക്തിയായ പ്രബോധനമാണ് ഈ പുസ്തകം’’ എന്നാണ് സഹോദരൻ അയ്യപ്പൻ അഭിപ്രായപ്പെട്ടത്. അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും പുതിയ ദർശനങ്ങളോടും സമ്പ്രദായങ്ങളോടും ചേർത്തുവച്ച്​ വ്യാഖ്യാനസാഹസം നടത്തുന്ന രീതിയായിരുന്നു അടുത്തകാലം വരെ മതപരിഷ്‌കാരികളും ആചാരപരിഷ്‌കാരികളും സ്വീകരിച്ചിരുന്നത്. രാജാ റാംമോഹൻ റോയ്, വിവേകാനന്ദൻ, ദയാനന്ദസരസ്വതി എന്നിവരെല്ലാം ഇതിൽപ്പെടും. ഇന്ത്യയിലെ ജാതി- മത പ്രമേയത്തിനുള്ള ശരിയായ തീരുമാനം ജാതിയും മതവും നശിപ്പിക്കുകയല്ലാതെ മറ്റൊന്നുമല്ല. അതിലേക്കായി ഓരോ സമുദായത്തെയും തിരിച്ചുവിടുക എന്ന ഉദ്ദേശ്യമാണ് മാധവന്റെ കൃതി നിറവേറ്റുന്നത്.

ദയാനന്ദ സരസ്വതി, സ്വാമി വിവേകാനന്ദൻ, രാജാ റാം മോഹൻ റോയ് / Photo : Wikimedia Commons

ഒരു സ്വതന്ത്രസമുദായമായി തീർന്നാലല്ലാതെ ഈഴവർക്ക് പൊതുവിൽ അഭിവൃദ്ധി ഉണ്ടാവുകയില്ല. ഈഴവർ (തിയർ) സ്വതന്ത്രമായി നിൽക്കുകയെന്നാൽ അവർ മതവുമായും മതത്തിന്റെ മജ്ജയായ ദൈവമായും യാത്ര പറയുകയെന്നല്ലാതെ വേറെ അർഥമില്ല. നിർദൈവ- നിർമത പ്രസ്ഥാനങ്ങൾ സ്വതന്ത്ര സമുദായവാദത്തിന്റെ പരിണതഫലങ്ങളായിരിക്കും- സി. കേശവൻ.

ഉൽഗതിയെ തടഞ്ഞുനിറുത്തി പഴയ അജ്ഞതകളെ വച്ചുപോറ്റുക എന്നതാണ് മതത്തിന്റെ കൃത്യം. മതവിശ്വാസം ഒരു മനോവ്യാധിയാണ്. മതം മനുഷ്യനെ നാനാപ്രകാരേണയും അസ്വതന്ത്രനാക്കിയിരിക്കുന്നു. ബീഭത്സമായ അജ്ഞതകൾക്കും ആചാരങ്ങൾക്കും മതം പരിപാവനതത്വം നൽകി പുരോഗമനത്തെ തടയുന്നു- എം.സി. ജോസഫ്.

ഇത്തരം പ്രശ്​നങ്ങളിൽനിന്നുള്ള മോചനത്തിന്റെ മാനിഫെസ്റ്റോ ആയാണ് സ്വതന്ത്രസമുദായം അന്ന് വിലയിരുത്തപ്പെട്ടതെന്ന്​ അയ്യപ്പൻ, കേശവൻ, ജോസഫ് തുടങ്ങിയവർ എഴുതിയ അവതാരികകളിൽ കാണാം. ഇ. മാധവന്റെ ‘സ്വതന്ത്രസമുദായം' ചുരുക്കി അവതരിപ്പിക്കുകയാണിവിടെ. കൃതിയിലെ വാക്യങ്ങൾ ചെറിയ മാറ്റത്തോടെയും അല്ലാതെയും പ്രയോജനപ്പെടുത്തുന്നുമുണ്ട്.

‘‘ഒരു നേട്ടവുമില്ലാത്ത ഈ മതം നമുക്കാവശ്യമില്ല. മറ്റു മതക്കാർക്ക്​ നാം അശുദ്ധരല്ല, അവരുടെ മതത്തിന്റെ വാതിലുകൾ നമുക്കായി തുറന്നുതന്നിരിക്കുന്നു. ഹിന്ദുമതമെന്നും സനാതനമെന്നും പറയുമെങ്കിലും അതിന്റെ ഗുണം നമുക്കു ലഭിച്ചിട്ടില്ല.’’

‘സ്വതന്ത്രസമുദായ’ത്തിലൂടെ

ഈഴവർ ഹിന്ദുക്കളല്ല, ഹിന്ദുമത വിശ്വാസം കൊണ്ടുണ്ടായ നാശഫലം, അധഃകൃത മർദനം, ഹിന്ദുമതം, വർണവ്യവസ്ഥയും ജാതിയും, ഹിന്ദുദൈവങ്ങൾ, ക്ഷേത്രവും ആരാധനകളും, ഹിന്ദുമതവും ബ്രാഹ്മണമേധാവിത്വവും, നായന്മാരും ശൂദ്രത്വവും, ഹിന്ദുക്കളുടെ വിവാഹസമ്പ്രദായം, ഹിന്ദുമതവും അഹിംസയും, മദ്യപാനം, ഹിന്ദുമതവും വിദ്യാപ്രചരണവും, ബ്രാഹ്മണമതവാദം, ഹിന്ദുമതത്തിൽ ഏതിനും സ്ഥാനം, ഹിന്ദുമത പരിഷ്‌കരണം, നായന്മാരുടെ ആനുകൂല്യം, അവർണന്റെ മിത്രം- സവർണന്റെ ശത്രു, അധഃകൃതോദ്ധാരണം, ഹരിജനം, ഗാന്ധിജിയും അധഃകൃതോദ്ധാരണവും, ശുദ്ധിപ്രസ്ഥാനം, അധഃകൃതോദ്ധാരകന്മാർ ജാതിഹിന്ദുക്കളെ നന്നാക്കട്ടെ, ഇത്രയുംനാൾ ഇങ്ങനെകിടന്നില്ലേ, ശ്രീനാരയണഗുരുസ്വാമിയും മതവും, സ്വതന്ത്രസമുദായമായാൽ അവശത മാറുമോ, മതമില്ലാമതവാദം, ശ്ലോകം ചൊല്ലലും വ്യാഖ്യാനക്കസർത്തും, മതം, പുരോഹിതർ, മതവും സയൻസും, മതഭ്രംശം, മതവ്യാപാരം, മതഭിന്നത, അവരവരുടെ മതം ശ്രേഷ്ഠം, മതം ചെയ്തിട്ടുള്ള ഭയങ്കര നാശങ്ങൾ, മതവിശ്വാസം കൊണ്ടുള്ള ദോഷങ്ങൾ, ശാസ്ത്രഞ്ജന്മാരോടുള്ള എതിർപ്പ്, വിജ്ഞാനവിദ്വേഷം, മതം പരിഷ്‌കാരങ്ങളെ എതിർക്കുന്നു, മതവും സ്ത്രീസ്വാതന്ത്ര്യവും, മതത്തിന്റെ പേരിൽ പാഴ്​വേവേലകൾ, മതവും മൈത്രിയും, മതവും സന്മാർഗവും, ആത്മീയഭാരതം, മതത്തിന്റെ അസ്ഥിവാരം തകരുന്നു, മതവും ദൈവവും ഭരിച്ച ലോകം, ഉപസംഹാരം എന്നിങ്ങനെയാണ് സ്വതന്ത്രസമുദായത്തിലെ അധ്യായ സംവിധാനം.

മണ്ണിൽക്കൂടി ചവിട്ടിനടക്കാൻ, കുളത്തിലിറങ്ങി കുളിക്കാൻ, സ്‌കൂളിൽ കയറി പഠിക്കാൻ, കച്ചേരികളിൽ കയറി നീതിവാങ്ങാൻ, ഏതിനും നാം ഹിന്ദുക്കളോട് പടവെട്ടേണ്ടിവന്നു. / Photo : Wikimedia Commons

ഈഴവർ ഹിന്ദുക്കളല്ല, ബുദ്ധമതക്കാരാണ്. അവർ ഒരു തീണ്ടൽ ജാതിയായതിനുപിന്നിൽ, തീയർ ഹിന്ദുക്കളാകാൻ സ്വയം വിസമ്മതിക്കുകയോ വർണാശ്രമ മാനികളായ ഹിന്ദുക്കൾ ഇവരെ ദൂരെ നിർത്തുകയോ ചെയ്തതാണ് കാരണമായി മാധവൻ കണ്ടത്: ‘‘ചുറ്റുപാടുമുള്ള ഹിന്ദുക്കളുടെ സമ്മർദം കൊണ്ട് ആചാരമര്യാദകൾ പകർത്തിയതുകൊണ്ടോ കാര്യലാഭമുണ്ടെന്നു തോന്നിയപ്പോൾ ഹിന്ദുക്കളെന്നു കരുതാൻ സവർണർ അനുവദിച്ചതുകൊണ്ടോ ഈഴവർ
ഹിന്ദുമതകുടുക്കിൽ പെട്ടുപോയതാണ്. നമ്മെ ഹിന്ദുക്കൾ അംഗീകരിക്കുന്നില്ല, ക്ഷേത്രങ്ങളും വിദ്യാലയങ്ങളും എല്ലാം നമുക്കുമുന്നിൽ കൊട്ടിയടക്കപ്പെടുന്നു. നാം ഹിന്ദുക്കളല്ല എന്നതിന് തെളിവാണ് ഈ ഒഴിവാക്കൽ. ഹിന്ദുക്കളായതുകൊണ്ടാണ് നമുക്ക് അവശത അനുഭവിക്കേണ്ടിവരുന്നത്. ഒരു നേട്ടവുമില്ലാത്ത ഈ മതം നമുക്കാവശ്യമില്ല. മറ്റു മതക്കാർക്ക്​ നാം അശുദ്ധരല്ല, അവരുടെ മതത്തിന്റെ വാതിലുകൾ നമുക്കായി തുറന്നുതന്നിരിക്കുന്നു. ഹിന്ദുമതമെന്നും സനാതനമെന്നും പറയുമെങ്കിലും അതിന്റെ ഗുണം നമുക്കു ലഭിച്ചിട്ടില്ല. പഠിപ്പിലും പണത്തിലും അന്തസ്സിലും പിന്നാക്കം, സാമ്പത്തികനഷ്ടം, സന്മാർഗനഷ്ടം എന്നിവയാണ് ഹിന്ദുമതവിശ്വാസം കൊണ്ടുണ്ടായ നാശഫലം.’’

‘‘ഹിന്ദുമതശ്രേണിയുടെ ഉയർന്ന പടിയിൽ നിൽക്കുന്നവർ താഴെയുള്ളവരെ മനുഷ്യരായി കാണുന്നില്ല. പാതിരിമാരുടെ കാരുണ്യം കൊണ്ട്​ സിദ്ധിച്ച വിദ്യാഭ്യാസത്താൽ പ്രേരിതമായി പൗരാവകാശം സ്വായത്തമാക്കാനും മനുഷ്യന്റെ ജന്മാവകാശം സമ്പാദിക്കാനും ശ്രമിച്ചുവെന്ന അപരാധം മാത്രമേ നമ്മുടെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളൂ. മണ്ണിൽക്കൂടി ചവിട്ടിനടക്കാൻ, കുളത്തിലിറങ്ങി കുളിക്കാൻ, സ്‌കൂളിൽ കയറി പഠിക്കാൻ, കച്ചേരികളിൽ കയറി നീതി വാങ്ങാൻ, ഏതിനും നാം ഹിന്ദുക്കളോട് പടവെട്ടേണ്ടിവന്നു. മതത്തിൽപ്പെടുന്ന സമുദായങ്ങൾ തമ്മിൽ ഭിന്നതയുള്ളത് ഹിന്ദുമതത്തിലല്ലാതെ മറ്റൊന്നിലുമില്ല. അധഃകൃതർ ഈ അടിമത്വത്തിൽ നിന്ന്​ പുറത്തുവരണം’’ എന്നാണ് ‘അധഃകൃത മർദനം’ അധ്യായത്തിൽ വിശദീകരിക്കുന്നത്​.

‘വർണവ്യവസ്ഥയും ജാതിയും' എന്ന അധ്യായം, ചാതുർവർണ്യത്തെ ഹിന്ദുമതം സമീപിക്കുന്നവിധം ചർച്ചചെയ്യുന്നു. ഗുണം നോക്കി വർണം തിരിക്കലല്ല, വെറും ജനനത്തെ ആസ്പദമാക്കിയുള്ളതാണ് ഈ വർഗീകരണം.

ഹിന്ദുമത വിമർശനം

ഹിന്ദുമതത്തെക്കുറിച്ചുള്ള വിമർശനമാണ് ‘ഹിന്ദുമതം’ എന്ന അധ്യായത്തിൽ: ‘‘രാജാ റാം മോഹൻറായി, ദയാനന്ദ സരസ്വതി ഡോ. ടി.എം. നായർ, ശ്രീനാരായണഗുരു തുടങ്ങി പലരും ഹിന്ദുമത കുടുക്കിൽനിന്ന്​ ജനതയെ മോചിപ്പിക്കുവാൻ പരിശ്രമിച്ചു. സനാതനധർമം, ഋഷിപ്രോക്തം, വേദാന്തം എന്നൊക്കെ ഹിന്ദുമതത്തെക്കുറിച്ച് കേൾക്കുമ്പോൾ ആളുകൾ അന്ധാളിക്കുന്നു. സംസ്‌കൃതഭാഷയിൽ എഴുതിയ ദുർഗന്ധമാണ് ഇവ. മാതൃഭാഷയിൽ അറിഞ്ഞാൽ, ‘എത്രമാത്രം ആഭാസങ്ങളും പ്രകൃതിവിരുദ്ധങ്ങളായ നടപടികളും, വ്യഭിചാരാദി ദുർഗുണങ്ങളും പൂർവാപരവിരുദ്ധങ്ങളായ വർണനകളും മറ്റുമാണ് ഇവയിൽ അടങ്ങിയിട്ടുള്ളതെന്ന്​ വ്യക്തമാകും. പരിഷ്‌കാരത്തിലും സംസ്‌കാരത്തിലും ഇന്നത്തേക്കാൾ എത്രയോ പിന്നാക്കം നിന്നിരുന്ന ഒരുകൂട്ടം പ്രാകൃതജനങ്ങളുടെ മൃഗീയജീവിതങ്ങളും ആചാരമര്യാദകളും മറ്റുമാണ് ഇതിൽ കാണുന്നത്. കേട്ടാൽ നാണമുള്ള, ആർക്കും അറപ്പുതോന്നുന്ന ഹിന്ദുപുരാണങ്ങളെക്കാൾ എത്രയോ അധികം അറപ്പും വെറുപ്പും ഋഷിപ്രോക്തങ്ങളെന്നും ദൈവം പറഞ്ഞുകൊടുത്തെഴുതിപ്പിച്ചതെന്നും പറയുന്ന ഈ വേദങ്ങളോടുണ്ടാകേണ്ടിയിരിക്കുന്നു. വേദങ്ങൾ, പുരാണങ്ങളെക്കാൾ അപരിഷ്‌കൃതവും നികൃഷ്ഠവും അജ്ഞത്വം നിറഞ്ഞവയുമാകുന്നു. ഈ തോന്ന്യാസങ്ങൾ എഴുതിവച്ച ഋഷികളാകട്ടെ, ഒരുവക മുക്കുടിയന്മാരും വേണ്ടാതീനക്കാരും ആയിരുന്നു. മദ്യമാംസാദികൾ മൂക്കറ്റം അടിക്കുന്നവർക്ക്​മനുഷ്യസഹജമായ മറ്റു വികലസ്വഭാവങ്ങളും ഉണ്ടായിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ. വസിഷ്ഠന്റെ കുശുമ്പും, വിശ്വാമിത്രന്റെ ഡംഭും ദുർവാസാവിന്റെ ശുണ്ഠിയും പരാശരന്റെ കാമവും നാരദന്റെ ഏഷണിയും അല്പമെങ്കിലും ‘ശമദമാദികൾ’ ഉള്ള ഒരുവനുണ്ടാകുന്നതാണോ? ഇത്തരക്കാരെയാണ് ഹിന്ദുക്കൾ ഋഷീശ്വരന്മാരായും വേദവേദാന്തവേദ്യന്മാരായും മറ്റും കീർത്തിക്കുന്നത്. ഇവർ മദ്യം സേവിച്ച് മാംസവും തിന്ന് മത്തുപിടിച്ച് മതിമറന്നുകിടക്കുമ്പോൾ എഴുതിയുണ്ടാക്കിയതാണ് വേദശാസ്ത്രാദികൾ എന്നുപറഞ്ഞാൽ അവയിലെ ഉള്ളടക്കങ്ങളെപ്പറ്റി ഊഹിക്കരുതോ? ബ്രാഹ്മണന്റെ സ്വാർഥസംരക്ഷണത്തിനുവേണ്ടി കാലാന്തരത്തിൽ പലപ്പോഴായി എഴുതിച്ചേർത്തിട്ടുള്ള അനുബന്ധങ്ങൾ കൂടി ചേർന്നപ്പോൾ ഈ വേദാദികൾ അബ്രാഹ്മണജനതയെ ഞെക്കിപ്പിഴിയുവാനുള്ള ഉപകാരണങ്ങളായും തീർന്നു.’’

ജഗന്നാഥക്ഷേത്രത്തിന്റെ ആവിർഭാവ കാലത്ത്​ ശ്രീനാരായണ ഗുരു തല​​ശ്ശേരിയിൽ. ശ്രീ ജ്​ഞാനോദയ യോഗത്തിന്റെ ആദ്യ പ്രസിഡൻറ്​ കൊറ്റിയത്ത്​ രാമുണ്ണി വക്കീൽ, കുമാരനാശാൻ എന്നിവരാണ്​ പുറകിൽ നിൽക്കുന്നത്​.

‘വർണവ്യവസ്ഥയും ജാതിയും' എന്ന അധ്യായം, ചാതുർവർണ്യത്തെ ഹിന്ദുമതം സമീപിക്കുന്നവിധം ചർച്ചചെയ്യുന്നു. ഗുണം നോക്കി വർണം തിരിക്കലല്ല, വെറും ജനനത്തെ ആസ്പദമാക്കിയുള്ളതാണ് ഈ വർഗീകരണം. ഗുണം നോക്കിയാണെങ്കിൽ നാരായണഗുരുവിനെ ഈഴവനായി കാണുമോ?
എത്ര താണനിലയിലുള്ളവനും ക്രിസ്ത്യാനികൾക്കിടയിൽ കത്തനാരും ഇസ്​ലാമിൽ മൗലവിയും ആകാം. എന്നാൽ ഗുരുവിനെ വഴിനടത്തിയില്ല ഹിന്ദുമതം. ‘‘വർണാശ്രമം ഇല്ലാത്ത ജാതിയും ജാതിയില്ലാത്ത വർണാശ്രമധർമവുമില്ല. ജാതികളഞ്ഞ്​ വർണാശ്രമം പുനഃസഥാപിക്കാനുള്ള ഗാന്ധിയുടെ മോഹം വൃത്തത്തിൽ ചതുരമടിച്ചുകയറ്റാനുള്ള പാഴ്‌മോഹം തന്നെയാണ്. വർണാശ്രമസ്ഥാപനവും അധകൃതോദ്ധാരണവും ഒരുമിച്ചുവേണമെന്നാണ് ഇപ്പോൾ ഗാന്ധി ആഗ്രഹിക്കുന്നത്. ജാതി പോകണമെങ്കിൽ വർണാശ്രമം തന്നെ പോകണം. വർണാശ്രമം ഇല്ലാതാകണമെങ്കിൽ ഹിന്ദുമത സാഹിത്യങ്ങളിലുള്ള വിശ്വാസം തന്നെ മാറണം. ജാതിയെയും വർണത്തെയും സ്ഥാപിക്കാത്ത ഒരു പ്രമാണഗ്രന്ഥവും ഹിന്ദുമതത്തിലില്ല. ഹിന്ദുമതത്തിന്റെ അധിഷ്ടാനം ജാതി മാത്രമാണ്. ജാതി തന്നെയാണ് ഹിന്ദുമതം. ജാതിയില്ലാത്തവൻ ഹിന്ദുവേയല്ല. ദൈവത്തെക്കൂടി നിഷേധിച്ച ആചാര്യന്മാർക്ക്​ ജാതിയെ നിഷേധിക്കാനായില്ല. ജാതി പോകാതെ ഇന്ത്യക്കു രക്ഷയില്ല.’’- ‘അവശരായവർ ജാതിക്കും വർണാശ്രമത്തിനും അധിഷ്ടാനമായ ഹിന്ദുമതത്തിൽ നിന്നും വിട്ടുനിൽക്കണം' എന്ന ആവശ്യം മുന്നോട്ടുവയ്ക്കുകയാണ് ഈ അധ്യായം.

ക്രിസ്ത്യൻ മിഷണറി ഹൗസ്, ചിറയ്ക്കൽ, കണ്ണൂർ / Photo : Wikimedia Commons

‘ഹിന്ദുദൈവങ്ങൾ’ എന്ന അധ്യായം, ഹിന്ദുദൈവ വിമർശനമാണ്. അക്കാലത്ത്​മിഷണറിമാർ ഹിന്ദുദൂഷണസാഹിത്യത്തിലും തെരുവോര പാതിരി പ്രസംഗങ്ങളിലും അവതരിപ്പിച്ച ഹിന്ദുദൈവ വിമർശനത്തിന്റെ സ്വഭാവം ഈ അധ്യായവും പങ്കിടുന്നു. ഹിന്ദുദൈവങ്ങളുടെ ആകൃതിയും സ്വഭാവഗുണങ്ങളും പരിഹാസത്തിനുവിധേയമാകുന്നു. അവരെ സദാചാരവിരോധികളായും ആഭാസമൂർത്തികളായും ചിത്രീകരിക്കുന്നു.

എഴുത്തച്​ഛന്റെ ബ്രാഹ്​മണ ബഹുമാനം

‘ക്ഷേത്രങ്ങളും ആരാധനകളും' എന്ന അധ്യായത്തിൽ വിഗ്രഹാരാധന, ബഹുദൈവാരാധന, അപരിഷ്‌കൃതവും ആഭാസപരവുമായ ലിംഗപൂജ എന്നിവയുടെ വിമർശനങ്ങളാണുള്ളത്​. ക്ഷേത്രങ്ങൾ സകല ദുർവൃത്തികളുടെയും സങ്കേതസ്ഥാനമാണെന്നും ജാതിയടക്കമുള്ള അസമത്വങ്ങളെ പരിപാലിക്കുന്നതും അവർണരിൽ ഭയമുണ്ടാക്കുന്നതുമായ ഇടമാണെന്നും നിരീക്ഷിക്കുന്നു. ചുറ്റും പട്ടിണിയും ദാരിദ്ര്യവും നിലനിൽക്കുമ്പോൾ ദ്രവ്യം കെട്ടിക്കിടക്കുന്ന ഇടങ്ങളെന്നും ക്ഷേത്രങ്ങളെ നിരീക്ഷിക്കുന്നുണ്ട്​. ഹിന്ദുമതം മൂലം ബ്രാഹ്മണന്​ മേന്മയും മേധാവിത്വവും ലഭിച്ചു, മറ്റാർക്കും പ്രയോജനമില്ല എന്നും വിമർശിക്കുന്നു.‘കരണഭൂതന്മാരാം ബ്രാഹ്മണരുടെ ചരണാരുണാംബുജലീനപാംസുന്നസഞ്ചയം മമ’ എന്നിങ്ങനെ എഴുത്തച്ഛൻ പോലും ബ്രാഹ്മണബഹുമാനം കാണിക്കുന്നുവെന്നും ചൂണ്ടിക്കാണിക്കുന്നു.

മതനിഷ്ഠയുള്ള ഹിന്ദുക്കളത്രയും ബ്രാഹ്മണർ എഴുതിവച്ച ശ്ലോകങ്ങളെയും ആചാരമര്യാദകളെയും അതിലംഘിക്കുവാൻ അശക്തമായി കഴുതജീവിതം നയിക്കുകയാണ്​ എന്നതിന്​ മഹാത്മാഗാന്ധി തന്നെ ദൃഷ്ടാന്തമാകുന്നു.

പുരാണകഥാപാത്രങ്ങളെ സർവഗുമ്പന്നരായി ചിത്രീകരിക്കുകയും അവരെ ബ്രാഹ്മണദാസ്യരായി വിവരിക്കുകയും ചെയ്യുന്നത്​ പുരാണങ്ങളുടെ സ്വഭാവമാണ്. കുചേലവൃത്തം ഇതിവൃത്തം, ബ്രാഹ്മണപൂജയെ ഉദാഹരിക്കുന്നു. കർമം കൊണ്ട്​ബ്രാഹ്മണനാകാം എന്നത് ഒരു പൊട്ടന്യായമാണെന്നും അവരവരുടെ കർമമേ പാടുള്ളുവെന്നും സ്മൃതി, ഗീത പരാമർശത്തെ ഉദ്ധരിച്ച്​ വ്യക്തമാക്കുന്നു. ബ്രാഹ്മണൻ കൊലപാതകം ചെയ്താൽ അവനെ തുക്കിക്കൊല്ലരുത്, തലമൊട്ടയടിച്ചു വിട്ടാൽ മതി എന്ന്​ മനുസ്​മൃതി പറയുന്നു. എന്നാൽ ഇത് അബ്രാഹ്മണന് ബാധകമല്ല. ‘അബ്രാഹ്മണന്റെ ജീവൻ എന്നാൽ ബ്രാഹ്മണന്റെ രോമം’ എന്നാണ് സനാതന ഹിന്ദുവിന്റെ കണക്കുശാസ്ത്രം. മതനിഷ്ഠയുള്ള ഹിന്ദുക്കളത്രയും ബ്രാഹ്മണർ എഴുതിവച്ച ശ്ലോകങ്ങളെയും ആചാരമര്യാദകളെയും അതിലംഘിക്കുവാൻ അശക്തമായി കഴുതജീവിതം നയിക്കുകയാണ്​ എന്നതിന്​ മഹാത്മാഗാന്ധി തന്നെ ദൃഷ്ടാന്തമാകുന്നു.

മലബാറിലെ ഒരു ബ്രാഹ്‌മണ കുടുംബം (1902) / Photo : Wikimedia Commons

മതമൗഢ്യവും ബ്രാഹ്മണദാസ്യവുമാണ് ‘ഹിന്ദുമതവും ബ്രാഹ്മണമേധാവിത്വവും' എന്ന അധ്യായത്തിലെ ഉള്ളടക്കം. ഹിന്ദുമതപ്രകാരം നായന്മാർ ശൂദ്രരാണ്. ഈ ശൂദ്രത്വം അനർഹവും അപമാനകാരവുമാണെന്ന്​ അനുഭവപ്പെട്ടപ്പോഴാണ് ശൂദ്രസഭ കൂടി തങ്ങൾ നായന്മാരാണെന്നു പ്രഖ്യാപനം ചെയ്തത്. നായന്മാർ അനുഭവിക്കുന്ന ദുരവസ്ഥയെ വിവരിച്ച്​, ‘നായന്മാരെല്ലാം ഹിന്ദുമതമയക്കത്തിൽ കിടന്ന്​ അതിന്റെ അലോക മാഹാത്മ്യത്തെ മുക്തകണ്ഠം കീർത്തിക്കുവാനും സംസ്‌കൃത ശ്ലോകങ്ങൾക്ക്​ ഇല്ലാത്ത അർഥം വ്യാഖ്യാനിച്ചും, വലിച്ചുനീട്ടിയും സാഹസപ്പെടുവാനുമാണ്​ ഉത്സാഹിച്ചു കാണുന്നത്' എന്നും വ്യക്തമാക്കുന്നു. ചുരുക്കത്തിൽ ഹിന്ദുമതം അവർക്കെതിരാണെന്ന് അവർ മനസിലാക്കുന്നില്ല എന്ന് ‘നായന്മാരും ശൂദ്രത്വവും' എന്ന അധ്യായം വെളിവാക്കുന്നു.

‘ഹിന്ദുക്കളുടെ വിവാഹസമ്പ്രദായം' എന്ന അധ്യായത്തിൽ ആദ്യകാലത്തെ വിവാഹമുറ വ്യഭിചാരമുറയായിരുന്നുവെന്ന്​ പുരാണങ്ങളിലെ സ്ത്രീപുരുഷബന്ധം സാധുകരിക്കുന്നതായി പറയുന്നു. ഹിന്ദുക്കളുടെ എട്ടു വിവാഹരീതികൾ അപരിഷ്‌കൃതമായിരുന്നുവെന്ന്​ ചൂണ്ടിക്കാട്ടുന്നു. ഒപ്പം, വിധവാവിവാഹം അനുവദിക്കാതിരുന്നതിനെയും ശൈശവ വിവാഹം പ്രോത്സാഹിപ്പിച്ചതിനെയും സതി​ എന്ന ആചാരത്തെയും വിമർശിക്കുന്നു. 1921 -ൽ മുപ്പതുവസ്സിനു താഴെയുള്ള 26,31,788 ഹിന്ദുവിധവകളുണ്ടായിരുന്നുവെന്ന്​ സർക്കാർ കണക്കുനിരത്തി സാഹചര്യത്തിന്റെ ഭീകരത വെളിപ്പെടുത്തുന്നു. കൂടാതെ സതി നിർത്താൻ രാജാറാം മോഹൻറോയ്​ നടത്തിയ ശ്രമങ്ങളെ പരാമർശിച്ച്​,
1829-ൽ ഗവർണർ ജനറൽ ലോർഡ്​ വില്യം ബൻററി കൊണ്ടുവന്ന സതിനിരോധന നിയമത്തെ ഓർമിപ്പിക്കുന്നു.

ദുഷിച്ചുപോയ ഹിന്ദുമതത്തെ സവർണരും അവർണരും യോജിച്ച്​ പരിഷ്‌കരിച്ച് അതിൽനിന്നുതന്നെ രക്ഷനേടുകയാണുവേണ്ടത് എന്ന വാദത്തെയാണ് ‘ഹിന്ദുമതപരിഷ്‌കരണം' അഭിസംബോധന ചെയ്യുന്നത്.

‘ഹിന്ദുമതവും അഹിംസയും’ എന്ന അധ്യായത്തിൽ സകല മത​ഗ്രന്ഥങ്ങളും ഹിംസ ചെയ്യാൻ പ്രേരിപ്പിക്കുന്നുവെന്നും യാഗം ഹിംസയാണെന്നും ‘അഹിംസ' ബുദ്ധസൃഷ്ടിയാണെന്നും വിവരിക്കുന്നു. മദ്യപാനത്തെ ഹിന്ദുമതം ന്യായികരിച്ചിരുന്നുവെന്ന്​ ‘മദ്യപാനം’ എന്ന അധ്യായത്തിൽ അടയാളപ്പെടുത്തുന്നു. ‘ഹിന്ദുമതവും വിദ്യാപ്രചരണവും’ എന്ന അധ്യായം ഹിന്ദുമതം വിജ്ഞാനാഭിവൃദ്ധിയെ തടയുന്നുവെന്ന്​ സ്ഥാപിക്കുന്നു. വേദം ഓതിക്കൊടുക്കുകയല്ലാതെ എഴുതിക്കൊടുക്കരുത്, ശൂദ്രന് വിശേഷബുദ്ധി ഉണ്ടാകാൻ സമ്മതിക്കരുത്, ‘ശൂദ്രമാക്ഷരസംയുക്തം ദുരതഃപരിവർജയേൽ' എന്ന മനുവിധി, അബ്രാഹ്മണർക്ക്​ സംസ്‌കൃതപഠനം അനുവദിക്കാതിരുന്നത്​ തുടങ്ങിയ വിഷയങ്ങൾ ചർച്ചചെയ്യുന്നു.

മതം വിട്ടാൽ ഈഴവരുടെ അവശത മാറുമോ?

സ്വതന്ത്രസമുദായവാദത്തിനെതിരെ നിരവധി വിമർശനങ്ങളുമുണ്ടായി. അതിലൊന്നാണ് ‘ബ്രാഹ്മണമതവാദം.’ ബ്രാഹ്മണമതത്തിനാണ്​ കുഴപ്പം, പുരാതനമായ സനാതനമതത്തിനല്ല, അതുകൊണ്ട് വന്നുചേർന്ന ദൂഷ്യങ്ങളൊഴിവാക്കിയാൽ മതി എന്ന നിലപാടുന്നയിച്ചവരോട്, ഇവ രണ്ടും രണ്ടല്ല ഒന്നുതന്നെയാണെന്ന് സ്മൃതി ഉദാഹരിച്ച്​ സ്ഥാപിക്കാനും അതുകൊണ്ട്​ മതം ഉപേക്ഷിക്കണമെന്ന ശക്തമായ വാദം മുന്നോട്ടുവയ്ക്കാനും ശ്രമിക്കുന്നു.

‘ഹിന്ദുമതത്തിൽ ഏതിനും സ്ഥാനം' ഉള്ളതുകൊണ്ട് ‘ഹിന്ദുസമുദായഘടനയിൽ പെട്ടുനിന്നുകൊണ്ടുതന്നെ സ്വതന്ത്രസമുദായമായി നിൽക്കാം എന്നു വാദിച്ചവരോട് ഹിന്ദുമതത്തിന്റെ അവ്യവസ്ഥ വെളിപ്പെടുത്തുന്നു. ദുഷിച്ചുപോയ ഹിന്ദുമതത്തെ സവർണരും അവർണരും യോജിച്ച്​ പരിഷ്‌കരിച്ച് അതിൽനിന്നുതന്നെ രക്ഷനേടുകയാണുവേണ്ടത് എന്ന വാദത്തെയാണ് ‘ഹിന്ദുമതപരിഷ്‌കരണം' അഭിസംബോധന ചെയ്യുന്നത്. ആര്യസമാജം, ബ്രഹ്മസമാജം, ശുദ്ധിസമാജം, തിയോസഫി സമാജം എന്നിങ്ങനെ ഒട്ടേറെ പരിഷ്‌കരണശ്രമങ്ങളുണ്ടായിട്ടും നന്നാകാത്ത ഹിന്ദുമതത്തെ ഇടിച്ചുനിരത്തുകയല്ലാതെ പരിഷ്‌കരണം അസാധ്യമെന്ന്​ സ്ഥാപിച്ചു.

‘‘ഇത്രനാളും ഹിന്ദുക്കളായിത്തന്നെ കിടന്നില്ലേ? ഇനി ഏതായാലും ഇങ്ങനെതന്നെ ചെല്ലട്ടെ. ഇതിൽനിന്നുകൊണ്ട്​ സ്വാതന്ത്ര്യം സമ്പാദിക്കുന്നതാണ് പൗരുഷം. ഈഴവരെ ഒട്ടാകെ ഹിന്ദുമതത്തിൽനിന്ന്​ വിടർത്തിയെടുക്കുവാൻ സാധ്യമല്ല’’ എന്ന വാദമാണ് ‘ഇത്രനാളും ഇങ്ങനെ കിടന്നില്ലേ' എന്ന അധ്യായം പരിശോധിക്കുന്നത്​. ഹിന്ദുമതത്തിൽ നിന്നുകൊണ്ട് സ്വാതന്ത്ര്യം നേടാമെന്നത് വ്യാമോഹമാണെന്നും നമ്മുടെ ഉൽക്കർഷത്തിനും സ്വാതന്ത്ര്യത്തിനും പ്രതിബന്ധമെന്ന്​ ബോധ്യപ്പെട്ട ഈ മതവുമായുള്ള ബന്ധം ത്യജിക്കുകയാണോ അസ്വതന്ത്രരായി തുടരുകയാണോ വേണ്ടത് എന്ന മറുചോദ്യവും ഉന്നയിക്കുന്നു. പരിഷ്‌കാരം സ്വീകരിക്കാൻ തക്കവിധം ജനസമുദായത്തെ ഒരുക്കിയശേഷം ഏതെങ്കിലും പരിഷ്‌കാരം നടപ്പാക്കിയതായി ഒരു ചരിത്രവുമില്ല. റഷ്യയിൽ ലെനിൻ, ഭരണകൂടത്തിനും മതത്തിനുമെതിരായ തന്റെ അഭിപ്രായം പുറപ്പെടുവിച്ചത്​ റഷ്യൻ ജനതയെ ആകമാനം അഭിപ്രായസ്വീകരണത്തിന് ഒരുക്കിനിർത്തിയിട്ടാണോ? ഉറച്ച മതവിശ്വാസികളും പൗരോഹിത്യ മേധാവിത്വത്തിൽ കീഴിൽ ഞെരുങ്ങി കിടന്നവരുമായ അവിടത്തെ ജനങ്ങളോട് മതം വലിച്ചെറിയുവാനാണ് ലെനിൻ ഉത്‌ബോധിപ്പിച്ചത്. ഫലം എന്തായിയെന്നറിയരുതോ?

ഈഴവർ അനാചാരങ്ങൾ ബഹിഷ്‌കരിച്ചിട്ടുണ്ട്. വലിയ ഉത്പതിഷ്ണുക്കൾ എന്ന് പ്രസിദ്ധി നേടിയ സമൂഹത്തിന്​ ഇത് സാധിക്കും. ശ്രീനാരായണ ഗുരുസ്വാമി ഹിന്ദുവായിരുന്നു, ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്നല്ലാതെ ഒരു മതവും വേണ്ടെന്ന്​ അദ്ദേഹം പറഞ്ഞിട്ടില്ല എന്ന ആക്ഷേപമാണ് സ്വതന്ത്രസമുദായവാദത്തിന്​ നേരിടേണ്ടിവന്നത്. ‘‘കണ്ണാടി പ്രതിഷ്ഠയിലൂടെ സ്വാമികൾ മനുഷ്യരെ ജാതിയും മതവും മാത്രമല്ല, ദൈവം കൂടിയില്ലാത്ത സ്വതന്ത്രരായി ജീവിക്കുവാൻ ഉപദേശിച്ചിരിക്കുന്നു. ഒരു സ്വതന്ത്ര ചിന്തകനും വളർച്ചയനുസരിച്ച് അഭിപ്രായം മാറി അഭിവൃദ്ധിപ്പെട്ടുവന്ന ഒരു യുക്തിവാദിയുമായിരുന്ന സ്വാമിയെ മതവിശ്വാസിയാക്കി തരംതാഴ്ത്തുന്നത്​ തീരെ അനുചിതമാകുന്നു’’ എന്നു വാദിച്ച്​, അദ്ദേഹത്തെ ചിന്താശീലനും സ്വതന്ത്രബുദ്ധിയും യുക്തിവാദ മനഃസ്ഥിതിയും കാരുണ്യവും നിറഞ്ഞ ഒരു മഹാപുരുഷനുമായി വിശേഷിപ്പിക്കുന്നു, മാധവപക്ഷം.

‘ഈഴവർ ഹിന്ദുമതം വിട്ട് ഒരു സ്വതന്ത്രസമുദായമായി നിന്നാൽ അവരുടെ അവശതകൾ നീങ്ങുമോ' എന്ന സ​ന്ദേഹമാണ്​ ‘സ്വതന്ത്രസമുദായമായാൽ അവശത മാറുമോ’ എന്ന അധ്യായം ചർച്ചക്കെടുക്കുന്നത്. ‘‘ഹിന്ദുമതം ജാതിക്കാസ്പദമായതും ജാതിയെ പരിലാളിച്ചുപോരുന്നതുമാണ്​ എന്ന ബോധമാണ് ആരിലും കുടികൊണ്ടിരിക്കുന്നത്. ഹിന്ദുമതം വിട്ടാൽ ‘ജാതി പോയി, നാം താണവരല്ല' എന്നൊരു ബോധം നമ്മിൽ സ്വയമേവ ആവിർഭവിക്കുന്നു. പിന്നെ അതിനു വിരുദ്ധമായ മനോവികാരം വളരത്തക്ക പരിതഃസ്ഥിതിയെ ആരും വെറുക്കുകതന്നെ ചെയ്യും. ഇപ്രകാരം നമ്മിലുണ്ടാകുന്ന ബോധവും, ഈ വെറുപ്പും നമ്മെ താഴ്ചമുദ്ര കുത്തുന്നവരിൽ പ്രതിഫലിക്കുകയും ചെയ്തുകൊള്ളും. കാലാന്തരത്തിൽ നാം ഹിന്ദുമതത്തിലെ താഴ്ന്ന ക്ലാസുകാരല്ലെന്ന നില സ്ഥിരീകരിക്കുകയും, അതോടുകൂടി ‘ഈഴവൻ' എന്ന പേരിൽ അനുഭവിച്ചുവരുന്ന അവശതകൾ നശിക്കുകയും ചെയ്യും.’’
‘‘ജാതിയിൽ താണവനെന്നുപറഞ്ഞ്​ യാതൊരു ഗവൺമെൻറിനും നമ്മുടെ രാഷ്ട്രീയാവകാശങ്ങളെ അവഗണിക്കുവാൻ കഴിയുന്നതല്ല. ജാതിയും മതവും ഇല്ലാത്തവരോട് അവയുടെ നിയമങ്ങളെടുക്കുകയോ, എടുത്താൽ ചെല്ലുകയോ ഇല്ലല്ലോ. മതം വിട്ട്​ സ്വതന്ത്രരായി നിന്നിട്ടും നമ്മോട് പണ്ടത്തെ പഴഞ്ചൻ പ്രമാണങ്ങളിലെ ജാതിനിയമങ്ങളെടുത്തുകൊണ്ടുവന്നാൽ അത് വലിച്ചു തോട്ടിലെറിയുവാൻ നമുക്കു സ്വയം തന്റേടമുണ്ടാകും. കാരണം, മതനിയമത്തിൽപെട്ട ക്ലാസുകാരല്ല നാമെന്ന നമ്മുടെ ഉറച്ച ആത്മബോധം തന്നെ.’’

‘ഹിന്ദുമതം വിട്ട്​ മതമൊന്നുമില്ലാതെ ജീവിച്ചാൽ അതുതന്നെ ഒരു മതമായിരിക്കയില്ലേ? അപ്പോൾ ഒരുമതവും കൂടി പുത്തനായുണ്ടായെന്നല്ലാതെ മതമില്ലാതാകയില്ലല്ലോ?’ എന്ന വാദവും ചർച്ച ചെയ്യുന്നു​. മതഗ്രന്ഥങ്ങളെയോ പുരോഹിതന്മാരെയോ ദേവാലയങ്ങളെയോ അവലംബിക്കാതെ, ഒരു മതാനുഷ്ടാനവും കൂടാതെ, മനുഷ്യനു ജീവിക്കാനാവശ്യമായ ലോകമര്യാദകളോടു കൂടി സ്വത​ന്ത്രമായി കഴിഞ്ഞുകൂടുന്നതിനാണ് ‘മതമില്ലാത്ത ജീവിതം' എന്ന് സ്വതന്ത്രവാദികൾ പറയുന്നത്. മതവിശ്വാസം കൊണ്ടുള്ള ദോഷങ്ങളൊന്നും കൂടാതെ നിർമതജീവിതമാണ് ‘മതമില്ലാമതവാദം' അവതരിപ്പിച്ചത്.

‘‘അധഃകൃതോദ്ധാരണത്തിന് അയിത്തോച്ചാടനം മാത്രം മതിയാകുന്നതല്ല. അയിത്തം മറിയാൽത്തന്നെയും അധഃകൃതന് രക്ഷയില്ല. അവനു രക്ഷകിട്ടണമെങ്കിൽ ‘അധഃകൃതർ' എന്ന അവസ്ഥതന്നെ പോകണം. ഇതിന്​ അയിത്തോച്ചാടനം, ക്ഷേത്രപ്രവേശനം മുതലായ പൂച്ചുമരുന്നുകൾ പോരാ.’’

‘‘സവർണഹിന്ദുക്കൾ, പ്രത്യേകിച്ച്​ നായന്മാർ, നമ്മുടെ എല്ലാവിധ അഭിവൃദ്ധിക്കും അനുകൂലരല്ലേ? അവരുടെ സഹായത്താലല്ലേ വൈക്കം സത്യാഗ്രഹം സാധിച്ചത്? ക്ഷേത്രപ്രവേശനത്തിന്​ അവർ അനുകൂലികളല്ലേ? അവരോട്​ യോജിച്ചുനിന്ന്​നമ്മുടെ അവശതകൾ ഒഴിവാക്കുകയല്ലേ വേണ്ടത്?’’ ഇത്തരം ചിന്താഗതിയെ വിമർശനബുദ്ധിയോടെ പരിശോധിച്ച്​ ഇങ്ങനെയൊരു നിഗമനത്തിലെത്തുന്നു: ‘‘നായന്മാർ, അവർക്ക്​ യാതൊരു പ്രകാരത്തിലും നഷ്ടമില്ലാത്ത ചില കാര്യങ്ങളിൽ നമ്മുടെ അഭിമതങ്ങളെ അനുകൂലിച്ചിട്ടുണ്ട്, അനുകൂലിക്കുന്നുമുണ്ട്. എങ്കിലും തീർച്ചയായും അവർ നമ്മെ പല പ്രകാരത്തിലും ദ്രോഹിച്ചിട്ടുണ്ടെന്നതിന്, ഇന്നും നമ്മുടെ രാഷ്ട്രീയാവകാശങ്ങൾക്കും മറ്റും അവർ ബദ്ധവിരോധികളാണെന്നതിനും സംശയമില്ല.’’
ഇത്തരത്തിൽ ഈഴവ നായർ ബന്ധത്തെ ഇഴപിരിച്ചു വിവരിച്ച് ഈഴവർക്ക് ഒട്ടും അനുകൂലമല്ല നായന്മാരുടെ ഈഴവരോടുള്ള സമീപനം എന്ന് സ്ഥാപിക്കുകയാണ് ‘നായന്മാരുടെ ആനുകൂല്യം' എന്ന അധ്യായം.

സവർണസമുദായങ്ങളുടെ സഹായം കൂടാതെ അവർണർക്കുയരുവാൻ സാധ്യമല്ലെന്നു വിചാരിക്കുന്ന സവർണമനോഭാവത്തെ തുറന്നുകാണിക്കുകയാണ് ‘അവർണന്റെ മിത്രം സവർണന് ശത്രു' എന്ന അധ്യായം. അവർണവിമോചനം ആഗ്രഹിക്കുന്ന ഗാന്ധിജിയെയും വൈക്കം സത്യാഗ്രഹാനുകൂലിയായ സി.എസ്. മാധവൻ പിള്ളയെയും ഏതൊക്കെ തരത്തിലാണ് ദ്രോഹിക്കുന്നത് എന്ന് വിവരിക്കുന്നു.

ഗാന്ധിവിമർശനം

‘കോൺഗ്രസുകാരും ഹിന്ദുനേതാക്കളും ഇപ്പോൾ അധഃകൃതോദ്ധാരണത്തിനും മതപരിഷ്‌കരണത്തിനും ഒരുങ്ങിയിറങ്ങിയിരിക്കുകയാണ്, അതുകൊണ്ട് അവരുടെ വേലയെ സഹായിച്ച്​ജാതിജന്യമായ അസ്വാതന്ത്ര്യങ്ങൾ ഒഴിക്കുകയാണ് നാം ഇന്ന് ചെയ്യേണ്ടത്' എന്ന അഭിപ്രായക്കാരോടുള്ള പ്രതികരണമാണ് ‘അധഃകൃതോദ്ധാരണം’ എന്ന അധ്യായം: ‘‘ഹിന്ദുമതത്തിന്റെ നാറിപ്പുഴുത്ത കുടഞ്ഞുകെട്ടു പ്രമാണങ്ങളെ പുകഴ്ത്തിക്കൊണ്ടുള്ള പ്രസംഗമാണ് അധഃകൃതോദ്ധാരകരായ ജാതിഹിന്ദുക്കൾ ചെല്ലുന്നിടത്തൊക്കെ ചെയ്യാറുള്ളത്. ഇതെല്ലം വലിച്ചുകീറി തീയിലിടുവാൻ ഉപദേശിക്കാത്ത ഒരാൾ അധഃകൃതോദ്ധാരകനാകാൻ കൊള്ളുന്നതേ അല്ല. ഹിന്ദുക്കളുടെ വേദാന്തങ്ങളും പുരാണാദി ചവറുകളുമെല്ലാം അവർണരെ വെറും പട്ടികളേക്കാൾ നികൃഷ്ടരാക്കുവാനല്ലാതെ മറ്റെന്തിനാണ് ഉപകരിച്ചിട്ടുള്ളത്?’’ എന്ന അധഃകൃതോദ്ധാരണ വിമർശനമാണ് ഇതിൽ അവതരിപ്പിച്ചത്: ‘‘അധഃകൃതരെ ഗാന്ധിയും കോൺഗ്രസുകാരും കൂടി ഇപ്പോൾ ‘ഹരിജന'ങ്ങളാക്കിയിരിക്കുകയാണ്, നമ്മെ ഹരിജനങ്ങളാക്കി ഹിന്ദുമതവലയിൽ കുടുക്കി ഇന്ത്യയിലാകെ രാമരാജ്യം വരുത്തി തേനും പാലും ഒഴുക്കുവാനാണ് ഗാന്ധിയും കൂട്ടരും ഇപ്പോൾ ഒരുമ്പെട്ടിരിക്കുന്നത്. വെറും ബ്രാഹ്മണപക്ഷവാദിയും, അബ്രാഹ്മണ കുലദ്രോഹിയും ആയിരുന്നെന്ന് രാമായണം സമ്മതിക്കുന്ന രാമന്റെ രാജ്യം ഇന്ത്യയിൽ വീണ്ടും വന്നുപോയാലുള്ള ഭയങ്കരമായ ജനദ്രോഹപരിപാടിയെപ്പറ്റി ഊഹിക്കരുതോ? ഈ രാമഭക്തന്മാരായ സനാതനികളുടെ കൈയിൽ ഇന്ത്യ അകപ്പെട്ടുപോയാൽ അവർ വീണ്ടും വൈദികകാലത്തെ പ്രാകൃതജീവിതത്തിലേയ്ക്ക്​ ജനതയെ കെട്ടിവലിച്ചുകൊണ്ടുപോകുമെന്നുള്ളതിനു സംശയമില്ല. രാമനെയും രാമന്റെ മതത്തെയും ‘ക്രൂരനാം സർപ്പത്തെക്കാളേറ്റവും പേടിച്ചുമാറണം’ എന്ന് ​തീയ യുവാക്കളോടെങ്കിലും ഞാൻ പറയും.’’

ഗാന്ധിയുടെ അധഃകൃതോദ്ധാരണത്തെ വിമർശിക്കുകയാണ് ‘ഗാന്ധിയും അധഃകൃതോദ്ധാരണവും' എന്ന അധ്യായത്തിൽ: ‘‘ഗാന്ധിയും കോൺഗ്രസുകാരും വെറും പുറംചുരണ്ടൽ കൊണ്ട്​ തൃപ്തിപ്പെടുന്ന അയിത്തോച്ചാടന ശ്രമക്കാരാണെന്ന്​ പറയാതിരിക്കാൻ തരമില്ല. അധഃകൃതോദ്ധാരണത്തിന് അയിത്തോച്ചാടനം മാത്രം മതിയാകുന്നതല്ല. അയിത്തം മറിയാൽത്തന്നെയും അധഃകൃതന് രക്ഷയില്ല. അവനു രക്ഷകിട്ടണമെങ്കിൽ ‘അധഃകൃതർ' എന്ന അവസ്ഥതന്നെ പോകണം. ഇതിന്​ അയിത്തോച്ചാടനം, ക്ഷേത്രപ്രവേശനം മുതലായ പൂച്ചുമരുന്നുകൾ പോരാ. മിശ്രഭോജനം, മിശ്രവിവാഹം മുതലായവ തന്നെ നടപ്പായി ജാതിവ്യത്യാസം വേരോടെ നശിക്കണം. ഇതിന്​ ഗാന്ധി ഒരുക്കമാണോ? അധഃകൃതരുടെ നാനാപ്രകാരേണയുമുള്ള പുരോഗമനമാർഗങ്ങൾക്കും ഗാന്ധി ഒരു പ്രകാരത്തിൽ പ്രതിബന്ധിയായിട്ടാണ്​ തീർന്നിരിക്കുന്നത്. അവരുടെ പ്രത്യേകമായ പ്രാതിനിധ്യ അവകാശങ്ങൾക്കും മറ്റും എതിരായ അദ്ദേഹത്തിന്റെ നില താഴ്ത്തപെട്ട സമുദായങ്ങൾക്ക് വളരെ ഉപദ്രവം ചെയ്യുന്നുണ്ട്’’- ഇങ്ങനെയൊരു ഗാന്ധിവിരുദ്ധ നിലപാടാണ് മാധവൻ അവതരിപ്പിച്ചത്.

സെൻസസ് റിപ്പോർട്ടിൽ ഹിന്ദുക്കളുടെ വർധനക്കുറവും അഹിന്ദുക്കളുടെ ജനപ്പെരുപ്പവും ഓരോ തവണയും കണ്ടുകൊണ്ട്​, വെറിപിടിച്ച ജാതിഹിന്ദുക്കൾ സൃഷ്ടിച്ച മറ്റൊരു പ്രസ്ഥാനമാണ് ‘ശുദ്ധിപ്രസ്ഥാനം.’ മതപരിവർത്തനത്തിലകപ്പെട്ടവരെ തിരിയെ ശുദ്ധി ചെയ്‌തെടുക്കാനാണ് ഈ പ്രസ്ഥാനം. അപ്പോഴും, ജാതി മാറുന്നില്ല എന്ന വിമർശനം കാണാം.

‘പണ്ഡിതപരിഷകൾ’ മൂലം ലോകത്തിനുണ്ടായ വിപത്തുകളെക്കുറിച്ച്​പ്രതിപാദിക്കുന്ന അധ്യായമാണ് ‘ശ്ലോകം ചൊല്ലലും വ്യാഖ്യാനക്കസർത്തും.’
‘‘മനുഷ്യരുടെ മനുഷ്യത്വത്തെയും ജന്മാവകാശങ്ങളെയും സ്ഥാപിച്ചുകിട്ടാൻ യുക്തിപൂർവവും പുരോഗമനപരവുമായ എന്തെങ്കിലും പറഞ്ഞാലോ അതിനനുയോജ്യമായ തെളിവുകൾ അവരുടെ പ്രമാണങ്ങളിൽ നിന്ന്​നിരത്തിയാലോ, തിരിച്ചും മറിച്ചും ശ്ലോകവ്യാഖ്യാനം നടത്തി അതെല്ലാം പണ്ടേതോ വികൃതികൾ എഴുതിയ ശ്ലോകങ്ങൾക്കും പ്രമാണങ്ങൾക്കും എതിരാണെന്നുപറഞ്ഞ്​ അവയെ എതിർക്കാൻ ചെല്ലുന്ന ധിക്കാരപരമായ അന്യായത്തെയും അതിക്രമത്തെയും പറ്റി’’യാണ് വിവരണം. അധഃകൃതർക്ക് ക്ഷേത്രപ്രവേശനം കൊടുത്ത്​ അയിത്തമില്ലാതാക്കണമെന്നുപറയുന്ന ഗാന്ധിക്ക് ഹിന്ദുമത പ്രമാണങ്ങളൊന്നും അറിഞ്ഞുകൂടാ. ഗാന്ധി ഹിന്ദുവല്ല എന്നാണ് ഇവരുടെ മതം. മനുഷ്യസമുദായത്തിനാവശ്യമായ പര്യാലോചനകളായി പരിഷ്‌കാരത്തിനും മനുഷ്യാഭിവൃദ്ധിക്കും ശ്രമിക്കുമ്പോൾ ശ്ലോകം ചൊല്ലലും വ്യാഖ്യാനക്കസർത്തും നടത്തുന്ന പ്രമാണിമാർക്കെതിരെയുള്ള പ്രതികരണം കൂടിയാണിത്​.

മതമില്ലാത്ത ജീവിതം സാധ്യമോ?

ഹിന്ദുമതം ഉപേക്ഷിച്ചാൽ പിന്നെ ഏതുമതം സ്വീകരിക്കും? ഒരു മതവും കൂടാതുള്ള ജീവിതം സാധ്യമാണോ? എന്ന മതത്തെക്കുറിച്ചുള്ള സംശയത്തിനു മറുപടിയായി, ഒരു മതത്തിനും ഇതുവരെ മനുഷ്യനെ നന്നാക്കാൻ കഴിഞ്ഞിട്ടില്ല എന്ന്​ വ്യക്തമാക്കുന്നു. ‘ഭയത്തിൽനിന്നുണ്ടായ ഒരു രോഗവും, പറഞ്ഞറിയിക്കാൻ പാടില്ലാത്തവിധം മനുഷ്യസമുദായത്തെ ഉപദ്രവിച്ചുകൊണ്ടിരിക്കുന്ന ഒരു വസ്തുവുമാണ് മതം എന്ന ബർട്രാൻറ്​ റസൽ വചനം ഉദ്ധരിച്ച്, മതം യാഥാർഥ ജ്ഞാനത്തിന്റെ വൈരിയാകുന്നുവെന്നും സകല ജ്ഞാനത്തെയും വ്യാജം കൊണ്ട്​മതം വിവർണമാക്കുന്നുവെന്നും പറഞ്ഞ്​ മതം കൂടാതെതന്നെ സുഖമായി ജീവിക്കാമെന്ന്​ യുക്തിപൂർവം സമർഥിക്കുകയാണ് മാധവൻ. ‘‘മതോപദേഷ്ടാക്കളെന്നും ആചാര്യന്മാരെന്നും മറ്റും പറയുന്ന ‘പുരോഹിതർ', മതത്തിന്റെ പേരിൽ ജനതയെ അന്ധവിശ്വാസത്തിലാഴ്​ത്തി​ അവരെ ചൂഷണംചെയ്ത്​സ്വാർഥം നേടുകയാണ് ചെയ്യുന്നത്’’ എന്നും പറഞ്ഞുറപ്പിക്കുന്നു.

മതവിശ്വാസികൾ തന്നെ മതനിബന്ധനകളെ ലംഘിച്ചു ജീവിക്കുന്നവരാണ്. എല്ലാ മതക്കാരും മതവിരുദ്ധമായി ജീവിക്കുന്നു. മതം ഒരു വ്യാപാരകേന്ദ്രമാണെന്ന് യുക്തിവാദടിസ്ഥാനത്തിൽ സ്ഥാപിക്കുന്നതാണ് ‘മതവ്യാപാരം' എന്ന അധ്യായം

‘‘സയൻസ് നമുക്ക്​ സുഗമവും സുഖകരവുമായ ജീവിതപന്ഥാവ്​തുറന്നുതരുന്നു, മതമാകട്ടെ, പരലോകചിന്തയാൽ ഇഹലോകജീവിതം ദുർഘടവും ദുഃഖപരിപൂർണവുമാക്കി തീർക്കുന്നു’’ എന്നാണ്​ ‘മതവും സയൻസും’ എന്ന അധ്യായത്തിൽ വ്യക്തമാക്കുന്നത്: ‘‘നാം ജനിച്ചുജീവിക്കുന്ന ഈ ലോകത്തിനുവേണ്ടി ജീവിക്കുവാനും പ്രകൃതിശക്തികളെ ആരാഞ്ഞറിഞ്ഞുപയോഗിക്കുവാനും സയൻസുപദേശിക്കുന്നെങ്കിൽ ഉണ്ടെന്നിതുവരെ സ്ഥാപിക്കുവാൻ കഴിഞ്ഞിട്ടില്ലാത്ത പരലോകത്തിനുവേണ്ടി ജീവൻ ബലിയർപ്പിച്ച്​ പ്രാർഥനയും പൂജയും നേർച്ചയുമായി കഴിയുവാനാണ് മതം പഠിപ്പിക്കുന്നത്. സ്വബുദ്ധിയും വിവേകവും ഉപയോഗിച്ച് ഓരോന്നിനെയും പറ്റി സസൂക്ഷ്മം പരിശോധിച്ച് തീർച്ചയാക്കുവാൻ സയൻസ് പറയുമ്പോൾ, പഞ്ചേന്ദ്രിയങ്ങളെയും വിഗണിച്ച്​ പുരോഹിതർ പറയുന്നതിനെമാത്രം കണ്ണടച്ചു വിശ്വസിക്കുകയും അവരെ നമസ്‌കരിക്കുകയും ചെയ്യണമെന്ന് മതം പറയുന്നു''.

മതഭ്രംശം എല്ലാ മതങ്ങളിലുമുണ്ട്. മതവിശ്വാസികൾ തന്നെ മതനിബന്ധനകളെ ലംഘിച്ചു ജീവിക്കുന്നവരാണ്. എല്ലാ മതക്കാരും മതവിരുദ്ധമായി ജീവിക്കുന്നു. മതം ഒരു വ്യാപാരകേന്ദ്രമാണെന്ന് യുക്തിവാദടിസ്ഥാനത്തിൽ സ്ഥാപിക്കുന്നതാണ് ‘മതവ്യാപാരം' എന്ന അധ്യായം: ‘‘മതഭിന്നത എല്ലാ മതങ്ങളിലുമുണ്ട്. ക്രിസ്തുമതത്തെപ്പോലെതന്നെ വിഭിന്നങ്ങളായ ആചാരാനുഷ്ടാനങ്ങളാലും അഭിപ്രായങ്ങളാലും ഭിന്നിച്ചുനിൽക്കുന്ന പ്രവണത ഹിന്ദുമതം, ബുദ്ധമതം, മുഹമ്മദുമതം എന്നിവയിലുമുണ്ട്​. ഒരു മതവിശ്വാസിയും അന്യമതത്തെ അംഗീകരിക്കുന്നില്ല. മതത്തിന്റെ പേരിൽ മഹാന്മാരായാലും ഇടുങ്ങിയ മനഃസ്ഥിതിക്കാരാകുന്നു. അവരവരുടെ മതം ശ്രേഷ്ഠം എന്നാണു വാദം. ഗാന്ധി ഉദാഹരണമാണ്. ‘ആരെയും പേ പിടിപ്പിക്കുവാൻ പറ്റിയവിധം നിർമിക്കപ്പെട്ടിട്ടുള്ള മതഗ്രന്ഥങ്ങൾ, ബുദ്ധിയും യുക്തിയും ഏകദേശമായ ശാസ്ത്രീയജ്ഞാനവുമുള്ള ഒരാൾ നിക്ഷ്പക്ഷമായ നിരീക്ഷബുദ്ധിയോടുകൂടി വായിച്ചാൽ തീർച്ചയായും അവൻ ഒരു നിർമതനും, നിരീശ്വരനും ആയിത്തീരാതിരിക്കുകയില്ല. അതുകൊണ്ട് ഇതിൽ നിന്നെല്ലാം മാറിനിൽക്കുന്നതാണ് ബുദ്ധി. മതം ചെയ്തിട്ടുള്ള ഭയങ്കര നാശങ്ങളെക്കുറിച്ചും എണ്ണിപ്പറയുന്നുണ്ട്​: ക്രിസ്ത്യാനികൾ തമ്മിലുള്ള യുദ്ധം യൂറോപ്പിന്റെ ആയിരം കൊല്ലത്തെ അഭിവൃദ്ധി തടഞ്ഞത്​, 90 ലക്ഷം ആൾനാശം ഉണ്ടാക്കി മുസൽമാന്മാരും ക്രിസ്ത്യാനികളും നടത്തിയ കുരിശുയുദ്ധം, ഇന്ത്യയിലെ ഹീനമായ ഹിന്ദു- മുസ്​ലിം ലഹളകൾ തുടങ്ങിയവയെ പരാമർശിക്കുന്നു. കൂടാതെ, ‘മതവിശ്വാസം കൊണ്ടുള്ള ദോഷങ്ങൾ' എണ്ണിപ്പറയുന്നുമുണ്ട്:
1. പ്രയത്‌നഫലം മുടിച്ചുകളയുന്നതിന്​ ഉദാഹരണമായി, വിദ്യാഭ്യാസത്തെക്കാൾ കൂടുതൽ മതകാര്യങ്ങൾക്കായി ചെലവിടുന്നതിന്റെ തെളിവ് നിരത്തുന്നു. 1933-ലെ സെൻസസ് അനുസരിച്ച്​ തിരുവിതാംകൂറിൽ 12,633 ദേവാലയങ്ങളും 4949 വിദ്യാലയങ്ങളുമാണുള്ളത്. അതായത്, 412 പേർക്ക് ഒരു ദേവാലയവും 1032 പേർക്ക് ഒരു വിദ്യാലയവും.
2. മതവിശ്വാസം മനുഷ്യപ്രയത്‌നത്തെ അധോമുഖമാക്കുന്നു. ‘താൻ എത്ര പരിശ്രമിച്ചാലും ദൈവാനുഗ്രഹമില്ലാതെ ഒന്നുമാകില്ല, നേരെമറിച്ച്, ദൈവാനുഗ്രഹമുണ്ടെങ്കിൽ പരിശ്രമിച്ചില്ലെങ്കിലും വിജയം കരഗതമാണ്’ എന്ന മൂഢമായ വിശ്വാസം പരിശ്രമശീലത്തിൽനിന്ന്​ മനുഷ്യരെ പിന്തിരിപ്പിക്കുന്നു.
3. എല്ലാം ദൈവനിശ്ചയമായും വിധിയായും വിശ്വസിപ്പിക്കുന്നു.
4. മതം അജ്ഞതയുണ്ടാക്കുന്നു. ജനനം മുതൽ എല്ലാ ആചാരങ്ങളും മതമയം.
5. ശാസ്ത്രഞ്ജന്മാരോടുള്ള എതിർപ്പ് കാരണം തലമുറതലമുറയായി മതം ശാസ്ത്രജ്ഞരെയും ചിന്തകരെയും പീഡിപ്പിച്ചു. ഗലീലിയോ, ഡാർവിൻ തുടങ്ങി എത്രയോ പേർ ഇതിനകപ്പെട്ടു.
6. മതം വിജ്ഞാനവിദ്വേഷം പുലർത്തുന്നു, ജ്ഞാനസമ്പാദനത്തിനെതിരായി നിലകൊള്ളുന്നു.
7. മതം പരിഷ്‌കാരങ്ങളെ എതിർക്കുന്നു. മരുന്നുപയോഗം, ശസ്ത്രക്രിയ, കപ്പൽ, തീവണ്ടി, കമ്പിത്തപാൽ, ശാസ്ത്രസാങ്കേതിക വികാസം എന്നിവയെ മതം എതിർക്കുന്നു. തിരുവിതാംകൂറിൽ കപ്പൽയാത്ര ചെയ്തവർക്ക് അമ്പലത്തിൽ പ്രവേശനം വിലക്കിയിരുന്നു. ഗുണങ്ങൾ ഒന്നുമില്ലാത്തതും ദോഷങ്ങൾ അനേകമുള്ളതുമായ മതങ്ങൾ മാഞ്ഞുപോകണം എന്നുതന്നെയാണ് മാധവന്റെ അഭിപ്രായം.

സ്ത്രീകളെ മതം പാവകളായി കാണുന്നതിനെക്കുറിച്ചാണ്​ ‘മതവും സ്ത്രീസ്വാതന്ത്ര്യവും' എന്ന അധ്യായം. പാതിവ്രത്യം, ‘ന സ്ത്രീ സ്വാതന്ത്ര്യമർഹതി', ദേവദാസി സമ്പ്രദായം, വിദ്യഭ്യാസം നൽകാതിരിക്കൽ, ശൈശവവിവാഹം തുടങ്ങി സ്ത്രീവിരുദ്ധ മതനിലപാടുകളെക്കുറിച്ചാണ്​ ഇതിൽ ചർച്ച ചെയ്യുന്നത്​.

നേർച്ച, വഴിപാട്, തീർഥാടനം, പ്രാർഥന തുടങ്ങിയവക്ക് സമയവും പണവും നഷ്ടമാക്കുന്നതാണ്​ മതത്തിന്റെ പേരിലുള്ള പാഴ്​വേലകൾ. മനുഷ്യസാഹോദര്യത്തെയും മൈത്രിയെയും ഭഞ്ജിച്ച്​ വർഗീയകലഹങ്ങളും പരസ്പരവൈരവും ഉണ്ടാക്കുന്നു, പള്ളികളും അമ്പലങ്ങളും കലഹങ്ങളുടെയും വിദ്വേഷങ്ങളുടെയും സങ്കേതമായി പ്രവർത്തിക്കുന്നു എന്നീ വിഷയങ്ങളാണ്​ ‘മതവും മൈത്രിയും' എന്ന അധ്യായത്തിൽ: ‘സന്മാർഗം നിലനിർത്താനാണ്​ മതം എന്നാണ് വിശ്വാസം. മതം വേണ്ടെന്നുവച്ചാൽ സന്മാർഗം നശിച്ചുവെന്നാണ് വിചാരം. ഇതു ശരിയല്ലെന്നും മതബോധമില്ലാതെയും മനുഷ്യർ സന്മാർഗികളാകുമെന്നും സദാചാരം- ദുരാചാരം എന്നിവയെ വിചാരണചെയ്ത് തെളിയിക്കുകയാണ് ‘മതവും സന്മാർഗവും' എന്ന അധ്യായം.
രൂക്ഷമായ പട്ടിണി, വിദ്യാഭ്യാസ- ആരോഗ്യ പ്രശ്​നങ്ങൾ, കൂടിയ ശിശുമരണനിരക്ക് തുടങ്ങിയവ ചൂണ്ടിക്കാട്ടി, ഭൗതികസൗകര്യങ്ങൾക്കുപകരം ഇന്ത്യയിൽ ആത്മീയജീവിതത്തിന് അമിതപ്രാധാന്യം ലഭിക്കുന്നുവെന്ന വിരോധാഭാസം വരച്ചിടുകയാണ് ‘ആത്മീയഭാരതം'എന്ന അധ്യായം.

ജ്ഞാനാഭിവൃദ്ധിയാൽ യുക്തിവാദ മനഃസ്ഥിതി ലോകത്താകെ വളരുന്നുണ്ടെങ്കിലും ഭാരതത്തിൽ ആത്മീയതക്ക് ഒരു കുറവുമില്ലെന്ന് ‘മതവും ദൈവവും ഭരിച്ച ലോകം’ എന്ന അധ്യായം ചൂണ്ടിക്കാട്ടുന്നു: ‘‘പാശ്ചാത്യരിൽ മതം പള്ളികളിലും പട്ടക്കാരിലുമായി ചുരുങ്ങി. അനുദിനം പള്ളിയിൽ പോകുന്നവർ കുറയുന്നു. റഷ്യയിൽ മതമില്ലാതായി. ഇ.വി. രാമസ്വാമിനായ്ക്കരുടെ സ്വാഭിമാനപ്രസ്ഥാനം നിർമതപ്രസ്ഥാനമാണ്. കേരളവും മാറുന്നു. ഉണ്ണിനമ്പൂതിരിമാരുടെ മാറ്റവും ഈഴവ യുവജനതക്കിടയിലെ സ്വതന്ത്രസമുദായപ്രസ്ഥാനവും ‘മതത്തിന്റെ അസ്ഥിവാരം തകരുന്നു'വെന്നതിന് തെളിവാണ്​’’- മതങ്ങളും ദൈവങ്ങളും പുരോഹിതവൃന്ദങ്ങളും കൂടി ഭരണം നടത്തിയിട്ടും മനുഷ്യരുടെ കഷ്ടത കുറയുന്നില്ല എന്ന അനുഭവമാണ് ഈ അധ്യായത്തിലുള്ളത്​.

ഹിന്ദുമതത്തിൽനിന്നുള്ള വിമോചനത്തിന് ഡോ. അംബേദ്കർ തെരഞ്ഞെടുത്തത് മതനിരാസമല്ല, പകരം, ബുദ്ധമതത്തെ പകരംവയ്ക്കലായായിരുന്നു. മാധവൻ പൂർണമായും മതനിരാസത്തിന്റെ പക്ഷത്തു നിലയുറപ്പിച്ചു.

ഉപസംഹാരം

ഹിന്ദുമതാവലംബം കൊണ്ട്, ഹിന്ദുക്കൾക്കുതന്നെ യാതൊരു പരിഷ്‌കാരവും ഉയർച്ചയും ഉണ്ടായിട്ടില്ല. മനുവിന്റെ പീനൽക്കോഡ് വഴി ഇന്ത്യക്കാർ സന്മാർഗികളായിട്ടുമില്ല. സവർണ ഹിന്ദുക്കളുടെ പരിഷ്‌കാരങ്ങൾ അവർണർക്ക് അപരിഷ്‌കാരങ്ങളാണ്. ഹിന്ദുവിന്റെ മതവും ഭാഷയും സംസ്‌കാരവും മനുഷ്യരെ ഖണ്ഡം ഖണ്ഡം തിരിച്ചുനിറുത്തി ജാതിക്കോമരം തുള്ളിക്കുവാനല്ലാതെ മനുഷ്യരാക്കുവാൻ സഹായിച്ചിട്ടില്ല. മനുഷ്യനെ മനുഷ്യനായി കാണാൻ മതങ്ങൾ, പ്രത്യേകിച്ച്​ ഹിന്ദുമതം, പ്രതിബന്ധമാണ്. ഇത് മാറ്റേണ്ടത് മനുഷ്യസ്‌നേഹികളായ ഏവരുടെയും കടമയാകുന്നു. അതിനുവേണ്ടിയാണ് സ്വതന്ത്രസമുദായവാദം. മതം വിടണം. അതോടെ ഉച്ചനീചത്വം പോകും. പൗരാവകാശങ്ങൾ നേടി എല്ലാ ജാതിക്കാർക്കും മതക്കാർക്കും സ്വതന്ത്രരാകാൻ പര്യാപ്തമായ പ്രസ്ഥാനമാണിതെന്നും ഇ. മാധവന് അഭിപ്രായമുണ്ട്.

അക്കാലത്തെ ഭരണകൂടം നിരോധിച്ച ഈ പുസ്തകം, ഇന്ത്യയുടെ ഭാവിക്കായി ഇന്നും പ്രസക്തമാണ്. മതവിമർശനം അവതരിപ്പിക്കുമ്പോൾ മതദൂഷണത്തിന്റെ ഭാഷാശൈലി വരുന്നുവെന്ന്​ വിമർശിക്കാം. പ്രത്യേകിച്ചും, ക്രിസ്തുമത പ്രചാരണത്തിന്റെ ഭാഗമായി സമാനമായ ഹിന്ദുമത വിമർശനം അക്കാലത്തുണ്ടായിട്ടുണ്ട്. അതിനെ ഹിന്ദുമത ദൂഷണസാഹിത്യമായി വിലയിരുത്താറുണ്ട്. ഹിന്ദുമതത്തിൽനിന്നുള്ള വിമോചനത്തിന് ഡോ. അംബേദ്കർ തെരഞ്ഞെടുത്തത് മതനിരാസമല്ല, പകരം, ബുദ്ധമതത്തെ പകരംവയ്ക്കലായായിരുന്നു. മാധവൻ പൂർണമായും മതനിരാസത്തിന്റെ പക്ഷത്തു നിലയുറപ്പിച്ചു. നിർമതത്തെ ജാതിനിരാകരണത്തിന്​ സാധുവായ ഉപായമായി തെരഞ്ഞെടുത്തു. അല്ലാതെ, മതപരിവർത്തനത്തിനുവേണ്ടിയോ ബദൽമതം സ്ഥാപിക്കാനോ അല്ല, നിർമതസങ്കൽപം ബോധ്യപ്പെടുത്താനായി യുക്തിയധിഷ്ഠിതമായി ഹിന്ദുമതവിമർശനം നടത്തിയത്. വർഗീയവാദികൾക്കും മതമൗലികവാദികൾക്കും ‘സ്വതന്ത്രസമുദായം' ഇപ്പോഴും ഉൾക്കൊള്ളാനാവാത്തത്ര തീക്ഷ്ണമാണ്. കാരണം ഇന്ത്യ വളർന്നത് മതേതരത്വത്തിലേക്കല്ല, പകരം അംബേദ്കർ ഇന്ത്യയുടെ ഭാവി ഭീഷണിയായി കണ്ട ഹിന്ദുരാജ്യത്തിലേക്കാണ് എന്നത് പേടിപ്പെടുത്തുന്ന ജനാധിപത്യമാണ്. മതത്തെ നിരാകരിക്കാൻ വോട്ടുരാഷ്ട്രീയത്തിനു കഴിയില്ലെന്നതുകൊണ്ടാകാം, ഈ പുസ്തകം പിൽക്കാലത്തും രാഷ്ട്രീയപ്രബുദ്ധത അവകാശപ്പെടുന്ന കേരളം അധികം ചർച്ചചെയ്യാത്തതും ഒരു പ്രസ്ഥാനവും ഏറ്റെടുക്കാത്തതും. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


എം. ശ്രീനാഥൻ

ഭാഷാശാസ്ത്രജ്ഞൻ, പ്രഭാഷകൻ, എഴുത്തുകാരൻ. തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിൽ പ്രൊഫസർ. തിയററ്റിക്കൽ ലിംഗ്വിസ്റ്റിക്‌സ്, അപ്ലൈഡ് ലിംഗ്വിസ്റ്റിക്‌സ്, ലിംഗ്വിസ്റ്റിക്‌സ് ആന്ത്രപ്പോളജി, ലാംഗ്വേജ് ആൻറ്​ ജനറ്റിക്‌സ് തുടങ്ങിയവ മേഖലകളിൽ സ്‌പെഷലൈസേഷൻ. മലയാള ഭാഷാചരിത്രം: പുതുവഴികൾ, എ.ആർ. നിഘണ്ടു, Dravidian Tribes & Language, മലയാള ഭാഷാശാസ്ത്രം, കേരള പാണിനീയ വിജ്ഞാനം (ഡോ. സി. സെയ്തലവിക്കൊപ്പം എഡിറ്റർ), ചട്ടമ്പിസ്വാമികളുടെ ജ്ഞാന നവോത്ഥാനം തുടങ്ങിയവ പ്രധാന പുസ്തകങ്ങൾ.

Comments