ഐക്യകേരളത്തിലെ ആദ്യ മുഖ്യമന്ത്രിയായി ഇ.എം.എസ് സത്യപ്രതിജ്ഞ ചെയ്യുന്നു. / Photo : Keralaculture.org

‘വിമോചന സമരം’; തെറ്റായ പ്രയോഗത്താൽ
​സ്​ഥാപിക്കപ്പെട്ട ഒരു ചരിത്ര സന്ദർഭം

ജനാധിപത്യപരമായി നിലവിൽവന്ന ഒരു സർക്കാറിനെ അട്ടിമറിക്കാൻ ജാത്യാധിഷ്​ഠിത ഫ്യൂഡൽ പ്രമാണിവർഗവും വലതുപക്ഷ രാഷ്ട്രീയകക്ഷികളും മതാത്മക ശക്തികളും ആസൂത്രണം ചെയ്​ത ഒരു പ്രതിലോമ സമരത്തിന്​ എങ്ങനെയാണ്​ ‘വിമോചനസമരം' എന്ന വിശേഷണം വന്നത്​? 1959 ജൂൺ 12 ന്​ പ്രത്യക്ഷ പ്രക്ഷോഭമായി ആരംഭിച്ച ‘വിമോചന സമര’ത്തെക്കുറിച്ച്​ ഒരു നിരീക്ഷണം.

‘സത്യാനന്തരസമൂഹം’ (Post truth society), ‘സത്യാനന്തര രാഷ്ട്രീയം’ (Post truth politics / Post factual politics / Post reality politics) എന്നീ സംജ്ഞകളിലൂന്നിയുള്ള നവപഠന പര്യാലോചനരീതികൾ തുടങ്ങിയതും അക്കാദമികശ്രദ്ധ നേടിയതും അടുത്തകാലത്താണല്ലോ. (സത്യാനന്തരം- Post truth- എന്ന പദത്തെ ഓക്​സ്​ഫോഡ് നിഘണ്ടു അതിന്റെ 2016-ലെ വാക്കായി പ്രഖ്യാപിച്ചിരുന്നു.)

സത്യാനന്തര രാഷ്ട്രീയത്തിൽ പൊതുജനാഭിപ്രായം രൂപപ്പെടുത്തുന്നതിൽ വസ്തുനിഷ്ഠ യാഥാർഥ്യങ്ങൾക്ക് സ്വാധീനം ചെലുത്താനാവില്ല. പകരം വ്യക്തിഗത വിശ്വാസങ്ങൾക്കും വികാരപ്രകടനങ്ങൾക്കും പ്രാധാന്യം നൽകി, ആവർത്തിച്ചുള്ള ആസൂത്രിതമായ അസത്യപ്രചാരണങ്ങളുടെ അടിസ്ഥാനത്തിൽ പൊതുവായ രാഷ്ട്രീയസാഹചര്യം രൂപപ്പെടുത്തിയെടുക്കുകയാണ് ചെയ്യുന്നത്. ആ അർഥത്തിൽ കേരളത്തിൽ സത്യാനന്തര രാഷ്ട്രീയം ഫലപ്രദമായി പ്രയോഗിക്കപ്പെട്ടുതുടങ്ങിയത് 1957-59 ലെ ഇ.എം.എസ്. നമ്പൂതിരിപ്പാട് സർക്കാറിനെ പുറത്താക്കുന്നതിന്​ സംഘടിപ്പിക്കപ്പെട്ട വിമോചനസമരത്തോടുകൂടിയാണ്. ആ പ്രക്ഷോഭത്തെ വിവക്ഷിക്കാൻ ഉപയോഗിച്ച ‘വിമോചനസമരം' എന്ന പദം പൊതുസമൂഹത്തിൽ ചിരപ്രതിഷ്ഠ നേടിയെങ്കിലും ആ പദപ്രയോഗം പ്രസ്തുത പ്രക്ഷോഭത്തെ സംബന്ധിച്ച്​വിരോധാഭാസപരവും ഗഹനമായ ചർച്ചകൾക്കും സങ്കീർണമായ സംവാദങ്ങൾക്കും ഏറെ പ്രസക്തിയുള്ളതുമാണ്. വിമോചനസമരത്തിന്റെ തത്തുല്യ ആംഗലേയപദം സൂചിപ്പിക്കുന്നത് ‘ദുഷ്ടശക്തികളിൽ നിന്നുള്ള വിമുക്തി’ എന്നാണ്. വിമോചനസമരം കൊണ്ട് അർഥമാക്കുന്നത് അന്യായശക്തികളിൽ നിന്നുള്ള മോചനപോരാട്ടമാണ്. കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റ് സർക്കാറിനെതിരെ നടന്ന വിമോചനസമരത്തെക്കുറിച്ചുള്ള പരിശോധന ഈ സന്ദർഭത്തിൽ ചില ചോദ്യങ്ങളുന്നയിക്കുന്നു.

വിമോചന സമരാനുകൂലികൾ (1958). / Photo: Keralaculture.org

കേരളത്തിൽ അക്കാലത്ത് ഏതുതരത്തിലുള്ള മോചനമാണ് വേണ്ടിയിരുന്നത്? ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ ആദ്യത്തെ ജനകീയ സർക്കാറിനെതിരെ നടന്ന അക്രമാസക്തമായ പ്രക്ഷോഭത്തെ വിവക്ഷിക്കാൻ ‘വിമോചനസമരം' എന്ന പദം എത്രമാത്രം ഉചിതമാണ്? അധ്വാനിക്കുന്നവരും ക്ലേശിക്കുന്നവരുമായ ജനവിഭാഗങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുക എന്ന സദുദ്ദേശ്യമാണ് ഭരണപരമായ നടപടികൾക്കുണ്ടാ യിരുന്നത് എന്നാണ് സർക്കാറിന്റെ നയങ്ങളുടെയും പരിപാടികളുടെയും അവലോകനം വ്യക്തമാക്കുന്നത്. പ്രസ്തുത സർക്കാറിന്റെ അത്തരം പ്രവർത്തനങ്ങളെയാണ് യഥാർഥത്തിൽ വിമോചന പരിപാടി എന്ന് വിവക്ഷിക്കേണ്ടത്.

ഫ്യൂഡൽ പാരമ്പര്യം പേറിയിരുന്ന സ്ഥാപിത താല്പര്യക്കാരുടെ നിയന്ത്രണത്തിലുണ്ടായിരുന്ന കേരളത്തിലെ പ്രധാന പത്രങ്ങളൊക്കെയും കമ്യൂണിസ്റ്റ് പാർട്ടിയുടെ വിജയത്തോടും സർക്കാർ രൂപീകരണത്തോടും നിഷേധാത്മക സമീപനമാണ് സ്വീകരിച്ചത്.

തൃശൂരിലെ സീതാറാം മിൽ പ്രക്ഷോഭത്തെ അനുകൂലിച്ച് 1958 ജൂലൈയിൽ പ്രസംഗിക്കവേ, പനമ്പിള്ളി ഗോവിന്ദമേനോനാണ് സർക്കാർവിരുദ്ധ പ്രക്ഷോഭത്തെ സൂചിപ്പിക്കാൻ വിമോചനസമരമെന്ന പദനിർമാണം നടത്തിയത്. ജാതി/സമുദായ നേതാക്കൾ, നിക്ഷിപ്ത താത്പര്യസംഘങ്ങൾ, രാഷ്ട്രീയനേതാക്കൾ, നാട്ടുഭാഷാപത്രങ്ങൾ, ദേശീയ വൃത്താന്തപത്രങ്ങൾ, ആനുകാലികങ്ങളുൾപ്പെടെയുള്ള വാർത്താപത്രികകൾ, കമ്യൂണിസ്റ്റ് പാർട്ടി നിയന്ത്രണത്തിലുള്ള പത്രങ്ങൾ എന്നിവയെല്ലാം ഇ.എം.എസ്. നമ്പൂതിരിപ്പാട് നേതൃത്വം നൽകിയ ആദ്യ സർക്കാറിനെതിരെയുള്ള പ്രക്ഷോഭത്തെ വിവക്ഷിക്കാൻ പിന്നീടങ്ങോട്ട് ഈ പദം യഥേഷ്ടം ഉപയോഗിച്ചു. ഭരണഘടനാപരമായും ജനാധിപത്യപരമായും കേരളത്തിൽ സ്ഥാപിതമായ കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിലുള്ള സർക്കാർ എന്ന യാഥാർഥ്യത്തിനെതിരെ പൊതുവെയും ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുണ്ടായിരുന്ന ആ സർക്കാർ ആവിഷ്‌കരിച്ച് നടപ്പിലാക്കാൻ ശ്രമിച്ച, മാനവികതയിലും സാമൂഹികനീതിയിലും സമത്വദർശനത്തിലും അധിഷ്​ഠിതമായ ഭരണപരിഷ്‌കാര നടപടികൾക്കെതിരെ പ്രത്യേകിച്ചും ഉയർന്നുവന്ന ഒന്നായിരുന്നു ഈ സമരം. അസഹിഷ്ണുതയും രാഷ്ട്രീയവിരോധവും വെറുപ്പും ഒക്കെക്കൂടി ചേർന്നുണ്ടായ നിഷേധാത്മക രാഷ്ട്രീയചിന്തയാൽ രൂപപ്പെടുത്തിയെടുത്തതും ജാത്യാധിഷ്​ഠിത ഫ്യൂഡൽ പ്രമാണിവർഗവും വലതുപക്ഷ രാഷ്ട്രീയകക്ഷികളും കൊളോണിയൽ ചൂഷണവ്യവസ്ഥയുടെ സാരമായ സ്വാധീനമുണ്ടായിരുന്ന മതാത്മകശക്തികളും ആത്മീയതയുടെ മേമ്പൊടി ചാലിച്ച് യഥേഷ്ടം ഉപയോഗിക്കുകയും ചെയ്ത ‘വിമോചനസമരം' എന്ന പദം പൊതുബോധത്തിൽ അങ്ങനെ അലിഞ്ഞുചേർന്നു. വ്യത്യസ്ത ഉള്ളടക്കമുള്ള ഒരു ചരിത്രസംഭവം അതിന്റെ വിരുദ്ധാർഥത്തിൽ പ്രചുരപ്രചാരം നേടിയതിന്റെ ഉത്തമ നിദർശനമാണിത്.

1948-ലെ കൊച്ചി സർക്കാർ മന്ത്രിസഭയിലെ മന്ത്രിമാരായ സഹോദരൻ കെ. അയ്യപ്പൻ, ഇക്കണ്ട വാര്യർ സി.എ. ഔസേപ്പ് എന്നിവരോടൊപ്പം പനമ്പിള്ളി ഗോവിന്ദമേനോൻ

കേരള ചരിത്രത്തിലെ ഏറ്റവും കുപ്രസിദ്ധ ചരിത്രസംഭവമായ വിമോചനസമരമെന്ന സമരാഭാസം പ്രത്യക്ഷ പ്രക്ഷോഭമായി ആരംഭിച്ചത് 1959 ജൂൺ 12-നായിരുന്നു. സംസ്ഥാന രൂപീകരണത്തിനുശേഷം 1957 ഫെബ്രുവരി- മാർച്ച് മാസങ്ങളിൽ ആദ്യ പൊതു തെരഞ്ഞെടുപ്പ് നടന്നു. ഒറ്റയ്ക്കു മത്സരിച്ച കമ്യൂണിസ്റ്റ് പാർട്ടി ഭൂരിപക്ഷം നേടി. പാർട്ടി തന്നെ സ്വതന്ത്രരായി നിർത്തി ജയിപ്പിച്ച അഞ്ച് അംഗങ്ങളുടെ കൂടി പിന്തുണയോടെ 126 അംഗ നിയമസഭയിൽ 65 അംഗങ്ങളുടെ വ്യക്തമായ ഭൂരിപക്ഷത്തോടെ മന്ത്രിസഭ രൂപീകരിച്ചു.

രാഷ്ട്രീയതടവുകാരുടെ മോചനവും പുരോഗമനോന്മുഖമായ പൊലീസ് നയവുമൊക്കെ എതിരാളികളുടെ ഭയാശങ്ക വളർത്തി. സുതാര്യവും പുരോഗമനാത്മകവുമായ ഒരു പൊലീസ് നയമാണ് സർക്കാർ ആവിഷ്‌കരിച്ചത്.

ആദ്യ തെരഞ്ഞെടുപ്പിലുണ്ടായ കമ്യൂണിസ്റ്റ് പാർട്ടിയുടെ വിജയവും സർക്കാർ രൂപീകരണവും അന്താരാഷ്ട്രതലത്തിൽ തന്നെ വലിയ മാധ്യമശ്രദ്ധ നേടിയിരുന്നു. അന്താരാഷ്ട്ര വാർത്താ ഏജൻസികളും, ദി ന്യൂയോർക് ടൈംസ്, ദി വാഷിങ്ടൺ പോസ്റ്റ്, ദി ട്രിബ്യൂൺ, എക്കണോമിസ്​റ്റ്​, ന്യൂസ് ക്രോണിക്കിൾ, ദി മാഞ്ചസ്റ്റർ ഗാർഡിയൻ, പീപ്പിൾസ് ഡെയ്​ലി, പ്രവ്ദ എന്നിങ്ങനെയുള്ള പ്രധാന അന്താരാഷ്ട്ര മാധ്യമങ്ങളെല്ലാം 1957-ൽ കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടി അധികാരത്തിലെത്തിയതിനെക്കുറിച്ച് വലിയ പ്രാധാന്യത്തോടെ വാർത്തകൾ പ്രസിദ്ധീകരിച്ചു. ഒട്ടുമിക്ക ഇന്ത്യൻ മാധ്യമങ്ങളും കേരളത്തിലെ കമ്യൂണിസ്റ്റ് വിജയം ഇന്ത്യൻ ജനാധിപത്യത്തിന്റെ സുസ്ഥിരമായ ആരോഗ്യവും വൈവിധ്യങ്ങൾ ഉൾകൊള്ളുന്ന രാഷ്ട്രീയസംസ്‌കാരവും പ്രതിഫലിപ്പിക്കുന്നതാണെന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് പ്രസിദ്ധീകരിച്ചത്. എന്നാൽ ഫ്യൂഡൽ പാരമ്പര്യം പേറിയിരുന്ന സ്ഥാപിത താത്പര്യക്കാരുടെ നിയന്ത്രണത്തിലുണ്ടായിരുന്ന കേരളത്തിലെ പ്രധാന പത്രങ്ങളൊക്കെയും കമ്യൂണിസ്റ്റ് പാർട്ടിയുടെ വിജയത്തോടും സർക്കാർ രൂപീകരണത്തോടും നിഷേധാത്മക സമീപനമാണ് സ്വീകരിച്ചത്. ആ സമീപനം തുടർന്ന വലതുപക്ഷ മാധ്യമങ്ങൾ കേരളസമൂഹത്തിൽ അസഹിഷ്ണുതയും എതിർപ്പും വിരുദ്ധരാഷ്ട്രീയവും വളർത്തിക്കൊണ്ടുവരികയും സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങളെയെല്ലാം എതിർക്കുകയും സർക്കാരിനെ അട്ടിമറിക്കുന്നതിന് നിരന്തരം പ്രവർത്തിച്ച ഛിദ്രശക്തികളുടെ പ്രധാന പിൻബലമായി വർത്തിക്കുകയും ചെയ്തു.

രാഷ്ട്രപതി എസ്. രാധാകൃഷ്ണനും ഇ.എം.എസ്സിനുമൊപ്പം ഗവർണർ ബി.രാമകൃഷ്ണ റാവു / Photo : keralaculture.org

ആന്ധ്രപ്രദേശിലെ മുൻ കോൺഗ്രസ് നേതാവായിരുന്ന അന്നത്തെ കേരള ഗവർണർ ബി. രാമകൃഷ്ണ റാവുവിന്റെ നിഷേധാത്മക സമീപനങ്ങളെ മറികടന്ന്​ 1957 ഏപ്രിൽ അഞ്ചിന് ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ പതിനൊന്നംഗ മന്ത്രിസഭ അധികാരമേറ്റു. പടുകൂറ്റൻ സമ്മേളനങ്ങൾ വിളിച്ചുചേർത്തും വർണശബളമായ ഘോഷയാത്രകൾ നടത്തിയും ജനം ആ മഹനീയ മുഹൂർത്തം ആഘോഷിച്ചു. സമൂഹത്തിന്റെ നാനാതുറകളിലുള്ള സാധാരണക്കാരായ ജനം പുതിയ മന്ത്രിസഭയ്ക്ക് ഭൗതിക- ധാർമിക പിന്തുണ നൽകി.

1956 ജൂൺ 22 മുതൽ മൂന്നുനാൾ തൃശ്ശൂരിൽ സമ്മേളിച്ച കമ്യൂണിസ്റ്റ് പാർട്ടി സംസ്ഥാന സമ്മേളനം അംഗീകരിച്ച വികസനരേഖയെ ഭരണത്തിന്റെ മാർഗരേഖയായി കണ്ട് സർക്കാർ പ്രവർത്തനമാരംഭിച്ചു. വികസനരേഖ വിഭാവനംചെയ്ത നവകേരളസൃഷ്ടിക്ക് പുരോഗമനാത്മകമായ നയപരിപാടികളും ഭരണനടപടികളും ഒന്നൊന്നായി ആവിഷ്‌കരിച്ചാണ് കമ്യൂണിസ്റ്റ് സർക്കാർ ഭരണം തുടർന്നത്.

കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകർ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ / Photo: Keralaculture.org

വികസനത്തിലും, സാമൂഹിക സുരക്ഷിതത്വത്തിലും, പൊതുവിദ്യാഭ്യാസത്തിലും, ആരോഗ്യപരിപാലനത്തിലും ആയുർദൈർഘ്യത്തിലുമൊക്കെ കേരളമിന്ന് പല വികസിത രാജ്യങ്ങളുടെയും ഒപ്പം നിൽക്കുന്നത് കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റ് സർക്കാർ അടിത്തറ പാകിയ ജനക്ഷേമോന്മുഖ ഭരണപ്രവർത്തനങ്ങളുടെ ചുവടുപിടിച്ചാണ്. ജനജീവിതത്തിന്റെ സമസ്തമേഖലകളിലും സർവതോന്മുഖ പുരോഗതി കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണ് 1957-ലെ മന്ത്രിസഭ പ്രവർത്തനം ആരംഭിച്ചത്. ഒട്ടേറെ കാര്യങ്ങളിൽ ഗണ്യമായ പുരോഗതി കൈവരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ചുരുങ്ങിയ കാലംകൊണ്ട് കേരളത്തിലെ സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ക്രമസമാധാന, ആരോഗ്യ, വ്യവസായിക, കാർഷിക മേഖലകളിലുണ്ടാക്കിയ വികാസം സമാനതകളില്ലാത്തതാണ്. കേരളം വികസനപരമായ പല കാര്യങ്ങളിലും ഇന്ന് ഇന്ത്യയിലെ മറ്റ് സംസ്ഥാന ങ്ങൾക്ക് മാത്രമല്ല, ലോകത്തിനുതന്നെയും മാതൃകയായതിന്റെ തുടക്കം ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള ആദ്യ സർക്കാറിന്റെ പ്രവർത്തനങ്ങളിൽ സുവ്യക്തമാണ്​.

രാഷ്ട്രീയതടവുകാരുടെ മോചനവും പുരോഗമനോന്മുഖമായ പൊലീസ് നയവുമൊക്കെ എതിരാളികളുടെ ഭയാശങ്ക വളർത്തി. സുതാര്യവും പുരോഗമനാത്മകവുമായ ഒരു പൊലീസ് നയമാണ് സർക്കാർ ആവിഷ്‌കരിച്ചത്. പിൽക്കാലത്ത് അധികാരത്തിൽ വന്ന സർക്കാറുകളും മറ്റു സംസ്ഥാനങ്ങളിലെ ചില സർക്കാറുകളും പ്രസ്തുത പൊലീസ് നയം അതിന്റെ മേന്മ പരിഗണിച്ചു നടപ്പിലാക്കി. വളരെ ശാസ്ത്രീയമായ രീതിയിൽ സർക്കാർ പൊലീസ് സൈന്യത്തെ പുനഃസ്സംഘടിപ്പിച്ചു. പൊലീസ് സേനയെ സർക്കാറിന്റെ പീഡനോപാധി എന്ന നിലയിൽനിന്ന് ജനസൗഹൃദ സൈന്യമാക്കി കമ്യൂണിസ്റ്റ് സർക്കാർ രൂപാന്തരപ്പെ ടുത്തി.

സാമുദായിക സംഘടനകൾ പൊതുവെയും കത്തോലിക്കാ സഭ പ്രത്യേകിച്ചും വിദ്യാഭ്യാസ പരിഷ്‌കാരങ്ങളോട് കടുത്ത എതിർപ്പ് പ്രകടിപ്പിച്ചു. വിദ്യാഭ്യാസ മേഖലയിലെ ഈ അസംതൃപ്തി പ്രത്യക്ഷ സമരത്തിലേക്ക് നയിക്കുന്ന കമ്യൂണിസ്റ്റ് വിരുദ്ധ പ്രക്ഷോഭപ്രക്രിയക്ക് ഉത്തേജനമേകി.

വർധിത തൊഴിൽലഭ്യത ഉറപ്പുവരുത്തുക, ത്വരിതഗതിയുള്ള വ്യ വസായവത്കരണം, ചൂഷിതർക്ക് ന്യായമായ ജീവിതസൗകര്യങ്ങൾ ഉറപ്പുവരുത്തുക തുടങ്ങിയ വിഷയങ്ങളിലൂന്നിയുള്ള കർമപദ്ധതി സർക്കാർ ആവിഷ്‌കരിച്ചു. തൊഴിൽ- വ്യവസായ മേഖലകളിൽ പ്രകടമായ പുരോഗതിയും വികാസവുമുണ്ടായി. ട്രേഡ് യൂണിയനുകളെ അംഗീകരിക്കുന്നതിനും ബലപ്പെടുത്തുന്നതിനും തൊഴിലാളിവർഗ ഐക്യം ഊട്ടിയുറപ്പിക്കുന്നതിനും അവരുടെ വിലപേശൽശേഷി ശക്തിപ്പെടുത്തുന്നതിനും സർക്കാർ നിലകൊണ്ടു. തൊഴിലാളിവർഗ പ്രക്ഷോഭങ്ങളോടുള്ള അതിന്റെ സമീപനം മൗലികമായിരുന്നുവെന്നുമാത്രമല്ല, ഗതകാലരീതിയിൽ നിന്ന്​ ഭിന്നവുമായിരുന്നു.

പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിനെ തിരുവനന്തപുരം വിമാനത്താവളത്തിൽ സ്വീകരിക്കുന്ന ഇം.എം.എസും ഗൗരിയമ്മയും (1958 )

സർക്കാറിന്റെ സാമ്പത്തികനയം സംസ്ഥാനത്തിന്റെ സമ്പദ്​വ്യവസ്​ഥയെ ശക്തിപ്പെടുത്തുന്നതിന് ഊന്നൽ നല്കി. പരസ്പര ചർച്ചകളും സന്ധിസംഭാഷണങ്ങളും വഴിയാണ് വ്യാവസായിക തർക്കങ്ങൾക്ക് തീർപ്പ് കല്പിച്ചിരുന്നത്. കാർഷിക- വ്യവസായ മേഖലകളിലെ തൊഴിലാളികളുടെ വേതനവർധനവ് തൊഴിലാളിവർഗത്തിന്റെ ജീവിതനിലവാരം ഗണ്യമായി ഉയർത്തി.
വിദഗ്ധരായ വ്യക്തികളെ ഉൾപ്പെടുത്തി ഭരണപരിഷ്‌കാരസമിതി രൂപീകരിച്ചു. സമിതി 1958 ആഗസ്തിൽ സമർപ്പിച്ച റിപ്പോർട്ട്, അധികാരത്തിന്റെ ജനാധിപത്യ വികേന്ദ്രീകരണത്തിന് പ്രാമുഖ്യം നല്കി. തദനുസൃതമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ രണ്ട് നിയമങ്ങൾ പാസാക്കി.

കമ്യൂണിസത്തിനെതിരെയും സോഷ്യലിസ്റ്റ് ചേരിക്കെതിരെയും അന്താരാഷ്ട്രതലത്തിൽ രൂപംകൊണ്ട കമ്യൂണിസ്റ്റ് വിരുദ്ധതയുടെ പ്രവർത്തനം കേരളത്തിലുമുണ്ടായി.

ഭക്ഷ്യപ്രശ്നത്തിൽ സർക്കാറിന് അതീവ ഉത്കണ്ഠയുണ്ടായിരുന്നു. ഈ പ്രശ്നം പരിഹരിക്കുന്നതിന് ഔപചാരികതകൾ പാലിക്കാതെ സർക്കാർ ആന്ധ്രയിൽ നിന്ന് അരി ശേഖരിക്കാൻ ഏർപ്പാട് ചെയ്തു. തദ്ഫലമായുണ്ടായ കുംഭകോണാരോപണം സർക്കാറിന്റെ പ്രതിച്ഛായയെ പ്രതികൂലമായി ബാധിച്ചു. പ്രതിച്ഛായ വീണ്ടെടുക്കാൻ സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു. പ്രതിപക്ഷവും മാധ്യമങ്ങളും അന്വേഷണ കമീഷന്റെ ചില നിരീക്ഷണങ്ങൾ സർക്കാറിനെ പ്രഹരിക്കാൻ ഊതിവീർപ്പിച്ചു.
കേരള വിദ്യാഭ്യാസനിയമവും വിവാദച്ചുഴിയിലകപ്പെട്ടു. സ്‌കൂൾ വിദ്യാഭ്യാസ മേഖലയിൽ സാമൂഹികനീതി ഉറപ്പുവരുത്തുക എന്നതായിരുന്നു ഈ പുരോഗമനോന്മുഖ നിയമത്തിന്റെ ഉദ്ദേശ്യം. പക്ഷെ എയ്​ഡഡ് വിദ്യാലയരംഗത്ത് ചൂഷണം തുടരാനുള്ള തങ്ങളുടെ അവസരം പ്രസ്തുത നിയമം നഷ്ടപ്പെടുത്തുമെന്ന് നിക്ഷിപ്ത താത്പര്യസംഘങ്ങൾ ഭയപ്പെട്ടു. സാമുദായിക സംഘടനകൾ പൊതുവെയും കത്തോലിക്കാ സഭ പ്രത്യേകിച്ചും വിദ്യാഭ്യാസ പരിഷ്‌കാരങ്ങളോട് കടുത്ത എതിർപ്പ് പ്രകടിപ്പിച്ചു. വിദ്യാഭ്യാസമേഖലയിലെ ഈ അസംതൃപ്തി പ്രത്യക്ഷസമരത്തിലേക്ക് നയിക്കുന്ന കമ്യൂണിസ്റ്റ് വിരുദ്ധ പ്രക്ഷോഭപ്രക്രിയക്ക് ഉത്തേജനമേകി.

വിമോചന സമരത്തിൽ പങ്കെടുക്കാൻ ചങ്ങനാശേരിയിലേക്ക് ലോറിയിൽ എത്തുന്ന പ്രവർത്തകർ

കാർഷികരംഗത്തുള്ള അനീതിയും ചൂഷണവും അവസാനിപ്പിക്കുന്നതിൽ കമ്യൂണിസ്റ്റ് മന്ത്രിസഭ ശ്രദ്ധചെലുത്തി. പ്രാരംഭനടപടികളിൽ പ്രത്യേക പരാമർശമർഹിക്കുന്നവയാണ് കുടിയൊഴിക്കൽ പെൻഡിങ് ഓർഡിനൻസും കേരള സ്റ്റേ ഓഫ് എവിക്ഷൻ പ്രൊസീഡിങ്സ് നിയമവും. കാർഷികവ്യവസ്ഥയുടെ സോഷ്യലിസ്റ്റ് പുനഃസ്സംഘടനയെക്കാളുപരിയായി സർക്കാറിന് സ്വീകാര്യമായിരുന്നത് ഫ്യൂഡൽവിരുദ്ധ നടപടികളായിരുന്നു. ഭൂവുടമകൾക്കും മധ്യവർത്തികൾക്കും ഹുണ്ടിക വ്യാപാരികൾക്കും കനത്ത പ്രഹരമേൽപ്പിക്കുകയായിരുന്നു ഇവയുടെ സത്വരമായ ഉദ്ദേശ്യം. കൃഷിക്കാരെ കൃഷിഭൂമിയുടെ ഉടമയാക്കുകയും ഇവയുടെ ലക്ഷ്യമായിരുന്നു.
വനസംരക്ഷണത്തിനുവേണ്ടിയും, സ്ത്രീധന നിരോധനത്തിനുവേണ്ടിയും അതുപോലെ മറ്റൊട്ടേറെ സാമൂഹികപ്രസക്തമായ വിഷയങ്ങളിലും നീതിയുക്തമായ കാര്യങ്ങൾ നടപ്പിലാക്കാനുതകുന്ന ബില്ലുകൾ ചുരുങ്ങിയ കാലത്തിനുള്ളിൽ അവതരിപ്പിക്കപ്പെട്ടു. ഈ ബില്ലുകൾക്ക് കർഷകരും തൊഴിലാളികളുമടങ്ങുന്ന സാമാന്യ ജനവിഭാഗത്തിന്റെ പിന്തുണ നേടാൻ കേരളത്തിലെ കമ്യൂണിസ്റ്റുകാർ കിണഞ്ഞു പരിശ്രമിച്ചു. പക്ഷെ, ഫ്യൂഡൽ പാരമ്പര്യം പേറിയിരുന്ന അധീശവർഗവും പ്രതിലോമശക്തികളും ഒന്നടങ്കം അക്രമാസക്ത സമരങ്ങൾ അഴിച്ചുവിട്ടതുകൊണ്ടും, കേന്ദ്രസർക്കാർ ശക്തമായ ഭരണഘടനാപരമായ ആയുധങ്ങൾ ഉപയോഗിച്ചതുകൊണ്ടും സർക്കാർശ്രമം ഉദ്ദിഷ്ടഫലമുളവാക്കിയില്ല.

1950-ലെ കമ്യൂണിസ്റ്റ് പാർട്ടി സമ്മേളനത്തിൽ ഇ.എം.എസ്., എ.കെ.ജി., സി. അച്യുതമേനോൻ

കമ്യൂണിസത്തിനെതിരെയും സോഷ്യലിസ്റ്റ് ചേരിക്കെതിരെയും അന്താരാഷ്ട്രതലത്തിൽ രൂപംകൊണ്ട കമ്യൂണിസ്റ്റ് വിരുദ്ധതയുടെ പ്രവർത്തനം കേരളത്തിലുമുണ്ടായി. സർക്കാറിന്റെ ജനക്ഷേമകരമായ പ്രവർത്തനങ്ങളോട് കടുത്ത അസഹിഷ്ണുത പുലർത്തിയ ജാതി മത സമുദായ സംഘങ്ങളും പ്രതിപക്ഷ പാർട്ടികളും ഒട്ടുമിക്ക പത്രമാധ്യമങ്ങളും സർക്കാറിന്റെ എല്ലാ പ്രവർത്തനങ്ങളെയും എതിർത്തുതുടങ്ങി. ലോകത്ത് കമ്യൂണിസ്റ്റ് വിരുദ്ധത പ്രചരിപ്പിക്കുന്നതിന് മുന്നിട്ടിറങ്ങിയ ആഗോള കത്തോലിക്കാസഭയുടെ ഉന്നത ഹൈറാർക്കി ഇന്ന് കമ്യൂണിസവുമായുള്ള സഹകരണത്തെക്കുറിച്ചുള്ള ചിന്തകൾ അവതരിപ്പിക്കുന്നത് കാലത്തിന്റെയും ചരിത്രത്തിന്റെയും പ്രതിപ്രവർത്തനമെന്നതിലുപരി കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ കാലികപ്രസക്തി ഉയർത്തിക്കാട്ടുന്നു.

കാലത്തിന്റെ മാറ്റമനുസരിച്ച് തലമുറകളുടെ ചിന്താഗതിയിലും മാറ്റം അനിവാര്യമാണല്ലോ. ഇന്നത്തെ തലമുറയുടെ ഗ്രാഹ്യശേഷിയെയും ചിന്താഗതിയെയും മുമ്പെന്നപോലെ സ്വാധീനിക്കാൻ ജാതി മത സംഘങ്ങളുടെ നേതൃത്വങ്ങൾക്കോ നിക്ഷിപ്ത താത്പര്യസംഘങ്ങളുടെ അമരക്കാർക്കോ സാധിക്കുന്നില്ല. പൊതുനന്മയെ പ്രോത്സാഹിപ്പിക്കുന്ന രാഷ്ട്രീയമാണ് ഇടതുപക്ഷ രാഷ്ട്രീയം. പോസിറ്റീവ് പൊളിറ്റിക്‌സ് സംജാതമാകണമെന്നാഗ്രഹിക്കുന്ന പുരോഗമന ചിന്താഗതിയുള്ളവരും പുതുതലമുറയും അതിനായി ആത്മാർഥമായി തുനിഞ്ഞിറങ്ങേണ്ട സമയമാണ്. മുന്നേറ്റം സാധ്യമാണ്, ആ മുന്നേറ്റത്തിനുള്ള ധാർമികശക്തി ഇടതുപക്ഷത്തിനുണ്ട്​. ​▮​


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


ഡോ. പി.എം. സലിം

ഗവേഷകൻ. മഞ്ചേശ്വരം ഗോവിന്ദപൈ സ്​മാരക സർക്കാർ കോളേജിലെ ചരിത്രവിഭാഗം അധ്യാപകൻ. കമ്മ്യൂണിസ്റ്റ്‌ ഭരണവും വിമോചനസമരവും: ഒരു ചരിത്രാന്യോഷണം എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments