ചൈനീസ് ഓടുകൾ നാടുനീക്കിയ ഫറോക്ക് ഓടുകൾ

ട്ടുകമ്പനികളിലെ സൈറൺ വിളി കേട്ടാണ് കുറച്ചു കാലം മുന്നേ വരെ ഫറോക്കിലെ ജനങ്ങളുടെ ദിവസം തുടങ്ങിയിരുന്നത്. ഓടു വ്യവസായത്തിന്റെ കേന്ദ്രമെന്ന് അറിയപ്പെട്ടിരുന്ന ഫറോക്ക് ഇന്ന് തുരുമ്പെടുത്ത് നശിച്ച ഒരു കൂട്ടം മെഷീനുകളുടെ ശവപ്പറമ്പാണ്.

1878ൽ ചാലിയാറിന്റെ തീരത്ത് നടരാജ മുതലിയാരാണ് കേരളത്തിലെ ആദ്യത്തെ ഓട്ടുകമ്പനിയായ കാലിക്കറ്റ് ടൈൽസ് സ്ഥാപിച്ചത്. അതിനു ശേഷം പതിനഞ്ചോളം ചെറുതും വലുതുമായ ഓട്ടുകമ്പനികൾ സ്വകാര്യ മേഖലയിലും തൊഴിലാളി സഹകരണത്തോടെയും ഫറോക്കിന്റെ മണ്ണിൽ തുടങ്ങി.

2005 വരെ ഓടു വ്യവസായത്തിന്റെ സുവർണ്ണ കാലഘട്ടമായിരുന്നു. ഓടുകൾ കയറ്റി ബേപ്പൂർ തുറമുഖത്തേക്ക് പോകുന്ന വള്ളങ്ങളുടെ നിര നിരയായ കാഴ്ച്ച ഇവിടുത്തുകാരുടെ മനസ്സിൽ നിന്ന് അത്ര പെട്ടെന്നൊന്നും മാഞ്ഞു പോകാനിടയില്ല. തുറമുഖത്തു നിന്ന് ഉരുവിലും ബാർജ്ജിലുമായി വിദേശ രാജ്യങ്ങളിലേക്കായിരുന്നു ആ ഓടുകളെല്ലാം എത്തിയിരുന്നത് .സിങ്കപ്പൂർ, മലേഷ്യ, ശ്രീലങ്ക, ഭൂട്ടാൻ, ലക്ഷദ്വീപ് എന്നിവിടങ്ങളിലേക്ക് ഫറോക്കിലെ ഓടിന്റെ പെരുമ കടൽ കടന്നെത്തി.

2005 ലെ സർക്കാറിന്റെ നെൽവയൽ നീർത്തട സംരക്ഷണ നിയമം നിലവിൽ വന്നതോടെയാണ് ഓടു വ്യവസായത്തിന്റെ കിതപ്പ് ആരംഭിച്ചത്. പ്രാദേശികമായി കിട്ടിയിരുന്ന കളിമണ്ണ് ലഭിക്കാതെ ആയതോടെ അയൽ സംസ്ഥാനങ്ങളിൽ നിന്ന് വൻ വില കൊടുത്ത് മണ്ണ് ഇറക്കേണ്ടി വന്നു. ഇതിന്റെ നിയന്ത്രണം മണ്ണ് മാഫിയകളുടെ കയ്യിലായതോടെ പല കമ്പനികളും നഷ്ടത്തിലേക്ക് കൂപ്പുകുത്തി. മാത്രമല്ല തുറന്ന വിപണി നയം മൂലം ചൈനയിൽ നിന്ന് കുറഞ്ഞ വിലക്ക് ധാരാളം ഓടുകൾ വിപണിയിലേക്ക് വന്നതും തളർച്ചയുടെ ആക്കം കൂട്ടി.

തളർന്നു കിടക്കുന്ന ഓട് വ്യവസായ മേഖലയെ പുനരുജ്ജീവിപ്പിക്കാനായി സർക്കാർ മൈൻസ് ആന്റ് മിനറൽ ആക്ട് ഭേദഗതി ചെയ്യുകയും കളിമണ്ണ് ഖനനത്തിനാവശ്യമായ ഇളവുകൾ നൽകുകയും ചെയ്തു. എന്നാൽ സാങ്കേതിക കാരണങ്ങളാൽ മണ്ണ് കിട്ടാൻ കാലതാമസം നേരിട്ടതും മണ്ണ് എടുത്ത സ്ഥലങ്ങൾ റീഫില്ലിംഗ് ചെയ്തു കൊടുക്കേണ്ടി വന്നതും കമ്പനികൾക്ക് തലവേദനയായി മാറി.

കേരള സെറാമിക്‌സ് & ടൈൽസ് എന്ന സ്ഥാപനമാണ് നഷ്ടം മൂലം ആദ്യം അടച്ചു പൂട്ടിയത്. അതിനു ശേഷം ഭാരത് ടൈൽസ്, നാഷണൽ , വെസ്റ്റ് കോസ്റ്റ്, ഹിന്ദുസ്ഥാൻ, മലബാർ, കാലിക്കറ്റ് ടൈൽസ്, സ്റ്റാന്റേർഡ് എന്നീ വൻകിട കമ്പനികൾക്കും താഴു വീണു. ഇതോടെ അയ്യായിരത്തോളം വരുന്ന തൊഴിലാളികൾ പെരുവഴിയിലായി. ജോലി നഷ്ടപ്പെട്ട ജീവനക്കാർ കമ്പനികൾക്കു മുന്നിൽ സമരവും തുടങ്ങി. അർഹതപ്പെട്ട ആനുകൂല്യങ്ങൾ നൽകണമെന്നുള്ള ആവശ്യങ്ങൾ പൂർണ്ണമായും പാലിക്കപ്പെട്ടില്ല. ഇപ്പോഴും മാനേജ്‌മെന്റും തൊഴിലാളികളുമായുള്ള സെറ്റിൽമെന്റ് ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്.

ഫറോക്കിലെ കോമൺവെൽത്ത് കമ്പനിയിൽ മാത്രമാണ് ഇപ്പോൾ ഭാഗികമായി ഉൽപ്പാദനം നടക്കുന്നത്. ഇവിടെയും കുറച്ചു കാലത്തേക്കുള്ള കളിമണ്ണ് മാത്രമേ അവശേഷിക്കുന്നുള്ളൂ എന്നാണ് മാനേജ്‌മെന്റ് പറയുന്നത്. ചൈനീസ് ഓടുകളുടെ ഗുണമേൻമ്മയില്ലായ്മ്മ ജനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും മണ്ണ് ലഭ്യത ഉറപ്പാക്കാൻ സർക്കാറിന്റെ ഭാഗത്തു നിന്നുള്ള സഹായങ്ങൾ കിട്ടിയാൽ വീണ്ടും ഫറോക്കിലെ ഓടിന്റെ പ്രൗഡി തിരിച്ചുവരുമെന്നുമാണ് ജീവനക്കാരുടെ പ്രതീക്ഷ.

Comments