ജാലിയൻവാലാ ബാഗ് ഒരു ഡിസ്നിലാൻഡ് അല്ല

ദുരന്തഭൂമികകളിലൂടെയുള്ള യാത്രകളിൽ ശ്രദ്ധിച്ചിട്ടുള്ള ഒരു പ്രധാന കാര്യമുണ്ട്. അവിടെ പെട്ടുപോയ മനുഷ്യരുടെ വേദനയും യാതനകളും സന്ദർശകരിലേക്ക് പകർത്തുവാൻ അതിന്റെ സംരക്ഷകർ ശ്രദ്ധിച്ചിട്ടുണ്ട് എന്നതാണ്. അവിടെ ജീവിതം അവസാനിപ്പിച്ചവർക്ക് ഇനി ഒരിക്കലും സംസാരിക്കാനാകില്ല. അവർ നിശബ്ദമായി സംസാരിക്കുന്ന ഇടങ്ങളാണ് ലോകത്തിലെ ഡാർക് ടൂറിസം സ്പോട്ടുകൾ.

പത്ത് കൊല്ലം മുൻപാണ് ജാലിയൻവാലാ ബാഗ് സന്ദർശിക്കുന്നത്. ഇനി ഒരിക്കൽ കൂടി ഇവിടം സന്ദർശിക്കില്ല എന്ന് ഉറപ്പിച്ചിട്ടാണ് തിരികെ പോന്നത് - അത്രയ്ക്കും ഭീകരമായിരുന്നു അവിടുത്തെ കാഴ്ചകളും അവ നൽകുന്ന ഓർമ്മകളും.

കേണൽ ഡയർ അൻപത് പട്ടാളക്കാരുമായി കടന്നു ചെന്ന ഒരു ഇടുങ്ങിയ ഇടനാഴിയുണ്ട്. അകത്തേക്കും പുറത്തേക്കും വരാനും പോകാനുമുള്ള ഏക കവാടം - അകത്ത് കയറിയാൽ നാല് വശവും ഉയർന്ന മതിലുകൾ, ചുവന്ന ഇഷ്ടികകളിൽ 303 റൈഫിളിന്റെ ഉണ്ടകൾ തുളച്ചുകയറിയ കരിഞ്ഞ പാടുകൾ. ഉന്നം തെറ്റാത്ത ബ്രിട്ടീഷ് പട്ടാളക്കാർ ആയതുകൊണ്ടാകും, ഭിത്തിയിൽ കുറച്ച് പാടുകളേയുള്ളു.

ഒരു ചെറിയ ഒരു കിണർ. വെടിയുണ്ടയെ ഭയന്ന് അതിൽ ചാടി മരിച്ചവർ നൂറിനടുത്ത് ഉണ്ടായിരുന്നുവത്രെ.

പ്രതിഷേധക്കാർക്കെതിരെ വെടിയുതിർക്കാൻ ഡയറിന്റെ പട്ടാളക്കാർ കടന്നുവന്ന ഇടുങ്ങിയ ഇടനാഴി / Photo: Nonica Datta
പ്രതിഷേധക്കാർക്കെതിരെ വെടിയുതിർക്കാൻ ഡയറിന്റെ പട്ടാളക്കാർ കടന്നുവന്ന ഇടുങ്ങിയ ഇടനാഴി / Photo: Nonica Datta

റൗളക്ട് ആക്റ്റിനെതിരെ പ്രതികരിച്ചതിനു ഡോ. സത്യപാൽ, ഡോ. സൈഫുദ്ദിൻ എന്നിവരെ അറസ്റ്റുചെയ്തതിനെതിരെ സമാധാനപരമായി പ്രതിഷേധിച്ച ആയിരത്തിലധികം പേരെ നിഷ്കരുണം വെടിവച്ചു കൊന്നത് 1919 എപ്രിൽ 13 നായിരുന്നു. എണ്ണത്തിൽ ബ്രിട്ടൺ ഭരണകൂടവുമായി തർക്കമുണ്ട്. ആകെ മരിച്ചവർ നാനൂറിൽ താഴെ എന്ന് ബ്രിട്ടൺ, ആയിരം വരുമെന്ന് ഇന്ത്യ. പക്ഷേ, രണ്ടു കൂട്ടരും സമ്മതിക്കുന്ന ഒരു കാര്യമുണ്ട്, അതിൽ ഒൻപതു വയസുമുതൽ എൺപത് വയസ്സുള്ളവർ വരെ ഉണ്ടായിരുന്നു.

പക്ഷേ, ഇപ്പോൾ ഇന്ത്യയിൽ മറ്റൊരു തർക്കം നടക്കുന്നുണ്ട്. എപ്രിൽ 13 ബൈശാഖി ആയിരുന്നുവത്രെ, ആ ഉത്സവത്തിനു തടിച്ചുകൂടിയവരെ ആയിരുന്നു ബ്രിട്ടീഷ് പട്ടാളം വെടിചച്ചത് പോലും. രക്തസാക്ഷികളായവരിൽ മുസ്ലീമും സിക്കും ഹിന്ദുവും ഉണ്ടായിരുന്നു എന്നത് ചരിത്ര സത്യം.

അതൊരു സ്മാരകമായി നിലനില്ക്കരുത് എന്ന് ആദ്യം ആഗ്രഹിച്ചത് ബ്രിട്ടീഷ് ഭരണകൂടമായിരുന്നു. ഒരു ഒർമ്മ പോലും ശേഷിപ്പിക്കാതെ അവിടം ഇടിച്ചു നിരത്തി ഒരു ഉദ്യാനമാക്കണമെന്ന് അവർ ആഗ്രഹിച്ചു. അവരുടെ ആഗ്രഹം സാധിക്കാൻ നൂറു കൊല്ലം വേണ്ടി വന്നു.

ഇപ്പോൾ അവിടം മനോഹര ഉദ്യാനമാക്കി മാറ്റി, ഫൗണ്ടനുകളും വാട്ടർ ബോഡികളും പണിതു, ലൈറ്റ് ആൻഡ് സൗണ്ട് ഷൊ സംഘടിപ്പിച്ചു. ആ നിസ്സഹായരുടെ പിന്നാലെ മരണം പിന്നാലെ നടന്നു ചെന്ന ഇടുങ്ങിയ ഇടനാഴികൾ ശിൽപങ്ങൾ വച്ച് അലങ്കരിച്ചു. ഒരു കല്യാണമണ്ഡപ ത്തിലേക്ക് പ്രവേശിക്കുന്ന പ്രതീതിയാണെന്ന് ജാലിയൻവാലാബാഗ് freedom fighters foundation പ്രസിഡന്റ് സുനിൽ കപൂർ പറയുന്നു. അതൊരു ഡിസ്നിലാൻഡ് അല്ല എന്ന് കേന്ദ്രസർക്കാരിനോട് പറഞ്ഞു കൊടുക്കാൻ ആരുമുണ്ടായില്ല.

ചരിത്രപ്രാധാന്യമുള്ള ഒരു സ്മാരകങ്ങൾ പുതുക്കി പണിയാതിരിക്കാനുള്ള സാമാന്യബോധം ലോകത്തിലെ ദരിദ്രരാജ്യങ്ങൾക്ക് പോലും ഇന്നുണ്ട്. റിനോവേഷനു പകരം റീസ്റ്റോറെഷൻ എന്ന രീതിയാണു എല്ലാ രാജ്യങ്ങളും ചെയ്യുന്നത് - ഇന്ത്യ ഒഴികെ.

ജാലിയൻവാലാ ബാഗിലെ 'നവീകരണ' ജോലിക്കിടെ. ബ്രിട്ടീഷുകാരുതിർത്ത വെടിയുണ്ടയുടെ പാടുകൾ കറുത്ത പാച്ചുകൾ കൊണ്ട് മറച്ചിരിക്കുന്നത് കാണാം..
ജാലിയൻവാലാ ബാഗിലെ 'നവീകരണ' ജോലിക്കിടെ. ബ്രിട്ടീഷുകാരുതിർത്ത വെടിയുണ്ടയുടെ പാടുകൾ കറുത്ത പാച്ചുകൾ കൊണ്ട് മറച്ചിരിക്കുന്നത് കാണാം..

നമ്മളേക്കാൾ പിന്നോക്കം നില്ക്കുന്ന ഈജിപ്റ്റിൽ സഹസ്രാബ്ദങ്ങൾക്ക് മുൻപ് നിർമ്മിച്ച പിരമിഡുകളും, അനുബന്ധ ക്ഷേത്രങ്ങളും ആധുനിക നിർമ്മാണ സാമഗ്രികളൊന്നും ഉപയോഗിക്കാതെ പുനസ്ഥാപിച്ചു നില നിർത്തുന്നതിനു ഒരു കാരണമുണ്ട് - അതു സന്ദർശിക്കുന്നവർക്ക് മണ്ണടിഞ്ഞു പോയ പ്രൗഡമായ ഒരു സംസ്ക്കാരത്തിന്റെ നേർചിത്രം ദർശിക്കാനാകണം എന്ന ഭരണ കൂടത്തിന്റെ താല്പര്യമാണതിന്റെ പിന്നിൽ.

അഫ്ഗാനിസ്ഥാനിലെ ബുദ്ധവിഗ്രഹങ്ങൾ ഡൈനാമിറ്റ് വച്ചു തകർത്തത് താലിബാൻ ഭരണകൂടമായിരുന്നു. ലോകം മുഴുവൻ അപലപിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ എറ്റവും ഹീനമായ കൂട്ടക്കൊല അരങ്ങേറിയ ജാലിയൻവാലാബാഗ് സ്മാരകം കേന്ദ്രസർക്കാൻ ഒരു കോമാളികളിയാക്കിയിരിക്കുന്നു. ആർക്കും ഒരു അപാകതയും തോന്നുന്നില്ല.

സദ്ദാമിനെ സ്ഥാനഭൃഷ്ടനായതിനു ശേഷം അമേരിക്കൻ പട്ടാളക്കാർക്ക് ബുഷ് ഭരണകൂടം നല്കിയ നിർദ്ദേശങ്ങളിൽ ഒന്ന്, ഇറാക്കിലെ മുഴുവൻ പുസ്തകശാലകളും മ്യുസിയങ്ങളും ബോംബിട്ട് തകർക്കുകയോ കൊള്ളയടിക്കാൻ ഒത്താശ ചെയ്തു കൊടുക്കയോ വേണം എന്നതായിരുന്നു. ചരിത്രം ഓർമ്മകളിൽ നിന്നും മായ്ച്ചുകളയുകയും സ്മാരകങ്ങൾ നശിപ്പിക്കപ്പെടു കയും പൈതൃകങ്ങൾ ശേഷിപ്പിക്കാതിരിക്കുകയും ചെയ്‌താൽ ഒരു ജനതയുടെമേൽ സാംസ്ക്കാരിക അധിനിവേശം നടത്താൻ എളുപ്പമാണെന്ന് ബുഷ് ഭരണകൂടത്തിനറിയാമായിരുന്നു. മെസ്സപ്പോട്ടോമിയയുടെയും അസീറിയയുടെയും മാസിഡോണിയയുടെയും സഹസ്രാബ്ദങ്ങളുടെ ചരിത്രം പേറിയിരുന്ന ബാഗ്ദാദിലെ പുസ്തകശാലകൾ ശൂന്യമായി, സ്മാരകങ്ങൾ തകർക്കപ്പെട്ടു, മ്യുസിയങ്ങൾകൊള്ളയടിക്കപ്പെട്ടു.

ഒരു നേരിയ എതിർപ്പുപോലും ഇല്ലാതെ അത് ഇന്ത്യയിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്നു. ഒരു മേക്ക് ഇൻ ഇന്ത്യ നടപ്പാക്കുകയാണ്. നമ്മുടെ പാഠപുസ്തകങ്ങളിൽ നിന്നും ചരിത്രപുരുഷമാർ അപ്രത്യക്ഷമാകുന്നു. ദുരന്തസ്മാരകങ്ങൾ വിനോദസഞ്ചാരകേന്ദ്രങ്ങളാകുന്നു. പുതിയ ഇന്ത്യാ ചരിത്രം രചിക്കപ്പെടുകയാണ് .

Comments