1932 ജൂൺ ഒന്നിന് ബഹ്‌റൈനിലെ ജബൽ ഡുക്കാനിലെ ആദ്യ ഓയിൽ വെൽ 2008 അടി താഴ്ചയിൽ നിന്ന് പ്രതിദിനം 9600 ബാരൽസ് പെട്രോളിയം ക്രൂഡിന്റെ ഒഴുക്ക് എന്ന നില ആർജ്ജിക്കുമ്പോൾ, അത് ഗൾഫ് പ്രദേശത്ത് ആദ്യമായി എണ്ണ കണ്ടെത്തിയ ചരിത്ര മുഹൂർത്തമാണെന്നും ഇരുപതാം നൂറ്റാണ്ട് മനുഷ്യചരിത്രത്തിൽ അടയാളപ്പെടുത്താൻ പോകുന്ന വലിയ പരിവർത്തനങ്ങളുടെ നാന്ദി കുറിയ്ക്കുകയാണെന്നും അവിടെ അപ്പോൾ ഉണ്ടായിരുന്നവർക്ക് തോന്നുവാൻ വേണ്ടത്ര കാരണങ്ങൾ ഇല്ലായിരുന്നു. 1908ൽ ഇറാനിലെ അബദാനിൽ പെട്രോൾ ഉൽപാദനം തുടങ്ങിയതുമുതൽ സമാനമായ ഭൂഭാഗ സവിശേഷതകൾ ഉള്ള അറേബ്യൻ ഗൾഫ് രാജ്യങ്ങളിലും പെട്രോൾ ഉണ്ടായേക്കാം എന്ന സാധ്യതാ ചിന്തയുമായി എണ്ണ പര്യവേക്ഷണ ശ്രമങ്ങൾക്ക് അനുമതി തേടി ബഹ്റൈൻ ഗവൺമെന്റിനെ സമീപിച്ച എണ്ണക്കമ്പനികൾ ഒഴികെ മറ്റാർക്കും അവിടെ നടന്ന ക്രൂഡ് കണ്ടെത്തലിൽ വലിയ താൽപര്യം ഉണ്ടായിരുന്നില്ല. അന്നത്തെ ബഹ്റൈൻ ഭരണാധികാരിയുടെ ഇംഗ്ലീഷുകാരനായ അഡ്വൈസർ ചാൾസ് ബെൽഗ്രേവിന്റെ ഡയറിക്കുറിപ്പുകളിൽ ആ താൽപര്യക്കുറവിനെക്കുറിച്ച് പറയുന്നുണ്ട്.
ആ ദിവസത്തിനും കൃത്യം നാൽപതു ദിവസങ്ങൾ മുമ്പ് 1932 ഏപ്രിൽ 20 ലെ ഡയറിക്കുറിപ്പിൽ ബെൽഗ്രേവ് പല കാര്യങ്ങളും പറയുന്നതിനൊടുവിൽ ഇങ്ങനെ എഴുതുന്നു: ‘ഓയിൽ ബിസിനസിന് സ്ഥലത്തിനുവേണ്ടി ഹോംസ് നൽകിയ അപേക്ഷയെക്കുറിച്ചു ഷേഖിനോട് ഞാൻ സംസാരിച്ചു. അദ്ദേഹത്തിനു വലിയ താൽപര്യമുള്ളതായി തോന്നിയില്ല.' ആദ്യത്തെ എണ്ണക്കിണറിനുവേണ്ടി ഭൂമി കുഴിച്ച സ്ഥലത്ത് പെട്രോളിയം ക്രൂഡ് സാന്നിധ്യം കണ്ടെത്തിയ 1931 ഒക്ടോബർ 16 നുശേഷം സ്ഥിരനിലയിലെ ക്രൂഡ് ഒഴുക്കിനുവേണ്ടി പര്യവേക്ഷണ സംഘം ശ്രമങ്ങൾ നടത്തുന്ന കാലത്തെ ഒരു ദിവസത്തേതാണ് പരാമർശിച്ച ഡയറിക്കുറിപ്പ്.
മലയടിവാരത്തെ രണ്ടാം നമ്പർ ഓയിൽ വെല്ലിനടുത്തേക്ക് അദ്ദേഹത്തിന് പോകാനാവാത്ത തരത്തിൽ ക്രൂഡ് അവിടെല്ലാം ഒഴുകിപ്പരന്നിരുന്നു. എല്ലാ യന്ത്രങ്ങളും ജോലിക്കാരും എണ്ണയിൽ കുതിർന്ന്, എണ്ണയിറ്റുവീഴുന്നവരായി നിന്നു.
അനേകം വർഷങ്ങൾ നീണ്ട ഭൂമിക്കുവേണ്ടിയുള്ള അപേക്ഷയോട് അധികാര സ്ഥാനത്തുനിന്നുണ്ടായ തണുത്ത പ്രതികരണം സൂചിപ്പിക്കുന്നത്, പെട്രോൾ സമ്പത്ത് സൃഷ്ടിക്കുവാൻ പോകുന്ന ഭാഗധേയങ്ങളെക്കുറിച്ച് അന്നാർക്കും ആലോചിക്കാൻ കൂടി കഴിഞ്ഞിരുന്നില്ല എന്ന ചരിത്ര വസ്തുതയാണ്. ബ്രിട്ടീഷ് ഘടനയിലെ ഭരണ നിർവഹണ രീതിയിലേക്ക് ബഹ്‌റൈനെ പുനഃസംഘടിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച ബെൽഗ്രേവിന് ആഗോള രാഷ്ട്രീയ സാമ്പത്തിക വ്യവസ്ഥയിൽ നല്ല നിശ്ചയങ്ങൾ ഉണ്ടാകേണ്ടതാണ്.
എന്നിട്ടും തുടക്കത്തിൽ ബഹ്‌റൈന്റെ പെട്രോളിയം ബിസിനസിനെ ബെൽഗ്രേവ് ആശാവഹമായി കണ്ടിരുന്നില്ലെന്ന് ഡയറിക്കുറിപ്പുകൾ പറയുന്നുണ്ട്. ഡിസംബർ 25 വരെയുള്ള കാലം പിന്നെയും അനിശ്ചിതത്വത്തിന്റേതായിരുന്നു. ക്രിസ്മസ് ദിനത്തിലെ ശൈത്യമുറഞ്ഞ പ്രഭാതത്തിൽ ജബൽ ഡുക്കാനിലെ കാഴ്ച കാണാൻ മേജർ ഹോംസ് ക്ഷണിച്ച പ്രകാരം ബെൽഗ്രേവ് മനാമയിൽ നിന്ന് യാത്ര ചെയ്തെത്തി. മലയടിവാരത്തെ രണ്ടാം നമ്പർ ഓയിൽ വെല്ലിനടുത്തേക്ക് അദ്ദേഹത്തിന് പോകാനാവാത്ത തരത്തിൽ ക്രൂഡ് അവിടെല്ലാം ഒഴുകിപ്പരന്നിരുന്നു. എല്ലാ യന്ത്രങ്ങളും ജോലിക്കാരും എണ്ണയിൽ കുതിർന്ന്, എണ്ണയിറ്റുവീഴുന്നവരായി നിന്നു. "മേജർ ഹോംസ് എന്നും വിശ്വസിച്ചിരുന്ന കാര്യം ഇതാ തെളിയിക്കപ്പെട്ടു. ബഹ്റൈൻ ഒരു ഓയിൽ ഫീൽഡ് ആണ് ' ബെൽഗ്രേവ് ഡയറിയിൽ എഴുതുന്നു.
ബ്രിട്ടന്റെ എണ്ണക്കളികൾ
സമുദ്രയാത്രകൾ ചെയ്യുന്ന വ്യാപാരികളെയും അവരുടെ ചരക്കുനീക്കങ്ങളെയും കച്ചവട തുറമുഖങ്ങളെയും കടൽകൊള്ളക്കാരിൽ നിന്ന് സംരക്ഷിക്കാനെന്ന പേരിൽ ഇംഗ്ലീഷ് കോളനി വാഴ്ച ഗൾഫ് പ്രദേശങ്ങളെ അവരുടെ നേരിട്ടുള്ള നിയന്ത്രണത്തിലേക്കു കൊണ്ടുവരികയും ദൈനംദിന ഭരണ നിർവഹണത്തിൽ ബ്രിട്ടീഷ് പൊളിറ്റിക്കൽ ഏജന്റിന്റെ പിടിമുറുക്കുകയും ചെയ്ത ചരിത്രസന്ദർഭമാണത്.
ബഹ്റൈനിൽ അഥവാ കണ്ടെത്തിയേക്കാവുന്ന എണ്ണ സാന്നിധ്യത്തെ മുഴുവനായും തങ്ങളുടെ മേധാവിത്വത്തിലാക്കാൻ ഒന്നാം ലോക യുദ്ധത്തിന് മുന്നേ ബ്രിട്ടീഷ് സാമ്രാജ്യം കരുക്കൾ നീക്കിയിരുന്നു. അക്കാലത്ത് ലോക രംഗത്ത് തങ്ങളോട് മത്സരത്തിനു തയ്യാറെടുക്കുന്ന പുതിയ വൻശക്തി രാജ്യങ്ങൾക്ക് പെട്രോൾ സമ്പത്തിന്റെ സാധ്യതകളിൽ ഇടപെടാൻ അവസരം തെല്ലും കൊടുക്കാതിരിക്കലായിരുന്നു ലക്ഷ്യം. 1911 ൽ ബ്രിട്ടീഷ് പൊളിറ്റിക്കൽ ഏജന്റ് ബഹ്‌റൈനിലെ ഷേഖിൽ നിന്ന് നേടിയെടുത്ത ധാരണാ പത്രത്തിൽ ഇങ്ങിനെ വ്യവസ്ഥ ചെയ്തു: ‘എന്റെ പ്രദേശങ്ങളിൽ നിന്ന് മണ്ണെണ്ണ ലഭിക്കുവാനുള്ള സാധ്യത ഉണ്ടായാൽ അത് ഞാൻ തന്നെ മുതലെടുക്കുവാൻ പുറപ്പെടുകയില്ല. കൂടാതെ മറ്റേതെങ്കിലും ദേശങ്ങളിൽ നിന്ന് അതിനായി ഉണ്ടായേക്കാവുന്ന കൂടിയാലോചനകളെ ബഹ്‌റൈൻ പൊളിറ്റിക്കൽ ഏജന്റിന്റെ അഭിപ്രായം ആരായാതെയും ബ്രിട്ടീഷ് ഗവൺമെന്റിന്റെ അനുമതി ഇല്ലാതെയും സ്വീകരിക്കുകയുമില്ല. ' അടുത്ത പന്ത്രണ്ടു വർഷം അതിന്മേൽ യാതൊന്നും സംഭവിക്കാതെയിരിക്കുകയും ഒന്നാം ലോക യുദ്ധം കടന്നുപോവുകയും ചെയ്തു.
വലിയ പത്തേമാരികൾക്കു നങ്കൂരമിടാൻ കഴിയുന്ന മനാമ തുറമുഖം വഴിയാണ് അറേബ്യയുടെ ഉൾനാടുകളിൽ വിതരണം ചെയ്യാൻ ആവശ്യമായ ഭക്ഷ്യധാന്യങ്ങളും മറ്റു നിത്യോപയോഗ സാധനങ്ങളും ഇറക്കുമതി ചെയ്തിരുന്നത്. ഇറക്കുമതിയുടെ മേൽ ചുമത്തിയിരുന്ന 5 % ചുങ്കവും മനാമ കേന്ദ്രമാക്കിയുള്ള പവിഴ വ്യാപാരവും ബഹ്‌റൈനെ അറേബ്യൻ ഗൾഫ് പ്രദേശത്ത് താരതമ്യേന സമ്പന്ന രാജ്യമായി നില നിർത്തിയിരുന്നു. ആധുനികവത്കരണത്തിന് പാകമായ യുവനേതൃത്വം ഉണ്ടാകട്ടെയെന്ന ആശയം മുന്നോട്ടു വച്ച ബ്രിട്ടീഷുകാർ 54 വർഷം ഭരണത്തിൽ തുടർന്ന രാജാവിനോട് വിരമിക്കാൻ ആവശ്യപ്പെടുകയും അദ്ദേഹത്തിന്റെ മകനെ അധികാരമേൽപിക്കുകയും ചെയ്തത് 1923 ലാണ്. പെട്രോൾ ഒരു വലിയ സമ്പദ് മാർഗമാവുമെന്നു കരുതാൻ കാരണങ്ങളൊന്നും ഇല്ലാതിരുന്നതിനാൽ തന്നെ സമീപിക്കുന്ന പാശ്ചാത്യ എണ്ണക്കമ്പനികളുടെ പ്രതിനിധികളെ പുതിയ രാജാവും തണുപ്പൻ മട്ടിലാണ് സമീപിച്ചത്.
മേജർ ഫ്രാൻക് ഹോംസിന്റെ യാത്രകൾ
ഒന്നാം ലോക യുദ്ധ കാലത്തെ ബ്രിട്ടീഷ് സൈന്യത്തിൽ മോസപ്പൊട്ടോമിയയിലെ സീനിയർ സപ്ലൈ ഓഫീസർ ആയിരുന്നു മേജർ ഫ്രാൻക് ഹോംസ് എന്ന ന്യുസിലാന്റുകാരൻ മൈനിംഗ് എഞ്ചിനീയർ. സൈനിക സേവനത്തിന്റെ ഭാഗമായി മേജർ ഹോംസിന് ഇന്നത്തെ ഇറാഖും കുവൈറ്റും ഉൾപ്പെടെ അറേബ്യൻ ഗൾഫ്
പ്രദേശങ്ങളിൽ ധാരാളമായി യാത്ര ചെയ്യേണ്ടി വന്നിരുന്നു. ആ യാത്രകളിലൂടെ അറേബ്യൻ മരുഭൂമിയുടെ രൂപവും ഭാവവും മേജർ ഹോംസിന്റെ മനസ്സിൽ പതിഞ്ഞു. യുദ്ധത്തിനുശേഷം ലണ്ടനിലെ അഡ്മിറാലിറ്റി ഓഫീസിൽ ജോലി ചെയ്യുമ്പോൾ മേജർ ഹോംസിന് പെട്രോൾ സാധ്യതാ ഭൂപടങ്ങളുമായി ഇടപഴകാൻ അവസരമുണ്ടായി. ആ ഭൂപടങ്ങളും എണ്ണ ഖനികളെ പേറുന്ന ഭൂഭാഗ സവിശേഷതകളും മേജർ ഹോംസിന്റെ ഓർമയിലേക്ക് ഒന്നാം ലോക യുദ്ധകാലത്ത് താനുണ്ടായിരുന്ന അറേബ്യൻ ഗൾഫിനെ ഉണർത്തി. ആ മണ്ണിനടിയിൽ ധാതുക്കളും പെട്രോളിയവും ഉണ്ടെന്നു മേജർ ഹോംസിനു ഉത്തമ ബോധ്യമുണ്ടായി. ബഹ്റൈനിൽ വച്ചു ശ്രദ്ധയിൽ പെട്ട മണ്ണിൽ തെളിഞ്ഞു കണ്ട ടാർ സ്രവത്തിന്റെ അടയാളങ്ങളാണ് മേജർ ഹോംസിന് തന്റെ അനുമാനം ഉറപ്പിക്കാൻ ആത്മവിശ്വാസം നൽകിയത്. ‘കുവൈറ്റിൽ നിന്ന് ആരംഭിച്ച് വൻകരയുടെ തീരങ്ങളിലേക്കു എത്തുന്ന അതിബൃഹത്തായ ഒരു ഓയിൽ ഫീൽഡ് വികസിച്ചു വരുമെന്ന് ഞാൻ വ്യക്തിപരമായി വിശ്വസിക്കുന്നു' എന്ന് അക്കാലത്ത് മേജർ ഹോംസ് ഭാര്യക്ക് എഴുതുന്നുണ്ട്.
ബഹ്‌റൈനിലെ തരിശുഭൂമിയിൽ ഒരു ലക്ഷം ഏക്കറിൽ മേജർ ഹോംസിന്റെ കമ്പനിക്കു മാത്രമായി പെട്രോൾ തേടാൻ മൂന്നുവർഷത്തേക്ക് അപേക്ഷ അനുവദിക്കുകയും ചെയ്തത് 1925 ഡിസംബർ രണ്ടിനാണ്
1920 ൽ മേജർ ഹോംസ് ഒരു സംഘം ലണ്ടൻ നിക്ഷേപകരെ സംഘടിപ്പിച്ച് ഗൾഫ് രാജ്യങ്ങളിലെ മൈനിങ് ആൻഡ് ഡ്രില്ലിങ് കൺസഷൻസ് നേടാൻ പരിശ്രമങ്ങൾ ചെയ്യുന്നതിനായി ഈസ്റ്റേൺ ആൻഡ് ജനറൽ സിൻഡിക്കറ്റ് എന്ന കമ്പനി രൂപീകരിച്ചു അറേബ്യയിൽ അപാരമായ പരിചിതത്വമുള്ള മേജർ ഹോംസിനെ കമ്പനി മിഡിൽ ഈസ്റ്റ് പ്രതിനിധിയായി നിയോഗിച്ചു. അക്കൊല്ലം തന്നെ മേജർ ഹോംസ് ഗൾഫിൽ മടങ്ങിയെത്തി. മരുപ്പച്ചയും ജനവാസവും ഉണ്ടാവുകയും പിന്നീട് ഒരു തുറമുഖ നഗര രാജ്യമായി മാറുകയും ചെയ്തതിനു നിദാനമായത് ബഹ്‌റൈനിൽ എല്ലായിടത്തും ഉണ്ടായിരുന്ന അനവധി ശുദ്ധ ജല സ്രോതസ്സുകളാണ്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ ആ ശുദ്ധ ജല സ്രോതസ്സുകൾ വറ്റിത്തുടങ്ങുകയും കുടിവെള്ളലഭ്യത ഭരണപരമായ മുൻഗണന ഏറിയതാവുകയും ചെയ്തു. 1924 ൽ മേജർ ഹോംസ് ബഹ്റൈൻ ഗവൺമെന്റിനുവേണ്ടി കുഴൽക്കിണറുകൾ സ്ഥാപിക്കുന്ന കമ്പനിയുടെ ഉത്തരവാദിത്വം ഏറ്റെടുത്തു. വെള്ളം ലഭിച്ചില്ലെങ്കിൽ പ്രതിഫലമൊന്നും ഇല്ല, വെള്ളം കണ്ടെത്തിയാൽ പ്രതിഫലമായി എണ്ണ പര്യവേക്ഷണം ചെയ്യാൻ ഭൂമി പാട്ടത്തിനു നൽകാം എന്നായിരുന്നു കരാർ. മേജർ ഹോംസ് സ്ഥാപിച്ച കുഴൽക്കിണറിൽ ശുദ്ധജലം ലഭ്യമാകുകയും കരാർ പ്രകാരം ബഹ്‌റൈനിലെ തരിശുഭൂമിയിൽ ഒരു ലക്ഷം ഏക്കറിൽ മേജർ ഹോംസിന്റെ കമ്പനിക്കു മാത്രമായി പെട്രോൾ തേടാൻ മൂന്നുവർഷത്തേക്ക് അപേക്ഷ അനുവദിക്കുകയും ചെയ്തത് 1925 ഡിസംബർ രണ്ടിനാണ്. പ്രതിവർഷം പതിനായിരം രൂപ തറ വാടകയായി ഷേഖിനു നൽകണമെന്നും എണ്ണ കണ്ടെത്തിയാൽ തുകയിൽ വർധനവ് ഉണ്ടാകണമെന്നും വ്യവസ്ഥ ചെയ്തു. ആ വ്യവസ്ഥകൾക്ക് ലണ്ടനിലെ കൊളോണിയൽ ഓഫീസിന്റെ അംഗീകാരവും ലഭിച്ചു.
എണ്ണക്കുവേണ്ടി ശീതയുദ്ധം തുടങ്ങുന്നു
മേജർ ഹോംസ് അനവധി ജിയോളജിസ്റ്റുകളെ ബഹ്‌റൈനിൽ കൊണ്ടുവന്ന് എണ്ണയന്വേഷണ പഠനങ്ങൾ നടത്തി. ഭൂമിയുടെ ഉപരിതലത്തിലേക്കു ടാർ ബഹിർഗമിച്ചതിന്റെ തെളിവുണ്ടായിട്ടും ജിയോളജിസ്റ്റുകളിൽ ഒരാളൊഴിച്ചു എല്ലാവരും വിപരീത അനുമാനത്തിലാണെത്തിയത്. ഡ്രില്ലിങ് ചെയ്താൽ ആ പണം പാഴാകുമെന്ന് അവരുപദേശിച്ചു. അനുകൂല നിഗമനത്തിലെത്തിയ ജിയോളജിസ്റ്റും പരിമിതമായ അളവിൽ ഓയിൽ ഉറവ മാത്രമേ ബഹ്‌റൈനിൽ കണ്ടുള്ളു. പിന്നീട് വർഷങ്ങൾക്കുശേഷം ബഹ്‌റൈനിലെത്തിയ സ്റ്റാൻഡേർഡ് ഓയിൽ കമ്പനിയുടെ ജിയോളജിസ്‌റ് ജബൽ ഡുക്കാനെ വലയം ചെയ്തിരിക്കുന്ന വിളിമ്പു പാറയുടെ അതിരുകളിലൂടെ 35 മൈൽ ദൂരം നടന്നിട്ടാണത്രെ ബഹ്റൈൻ ദ്വീപിന്റെ പ്രതലവും ജബൽ ഡുക്കാനും തമ്മിലെ ബന്ധം നിർണ്ണയിച്ച് ഗൾഫിലെ ആദ്യ ഓയിൽ വെല്ലിന്റെ സ്ഥാനം കണക്കാക്കിയത്. എണ്ണ കണ്ടെത്തുവാൻ ഹരം കൊണ്ട മോഹമുള്ളവരായിരുന്നില്ല കമ്പനിയുടെ ലണ്ടൻകാരായ നിക്ഷേപകർ. അവർക്കു വേണ്ടിയിരുന്നത് ലാഭമാണ്. കമ്പനിക്കു കിട്ടിയ അനുമതി വേറെ ബ്രിട്ടീഷ് കമ്പനികൾക്ക് കൈമാറ്റം ചെയ്തു ലാഭമുണ്ടാക്കാൻ അവർ ശ്രമിച്ചു. രണ്ടു വർഷങ്ങൾ അങ്ങനെയും കടന്നുപോയി. ഹതാശയനായ ഹോംസ് ഒടുവിൽ അമേരിക്കയിലേക്കു തിരിഞ്ഞു അമേരിക്കൻ ഗൾഫ് ഓയിൽ കോർപറേഷനുമായി കരാറിനോളം എത്തിയ ഒരു ശ്രമം ഒടുവിൽ അലസിപ്പോയെങ്കിലും അവരുടെ ജിയോളജിസ്റ്റു പ്രകടിപ്പിച്ച ശുഭാപ്തി വിശ്വാസം ഹോംസിനു തുണയായി.
എണ്ണ ഉണ്ടാകുന്നതിനും വളരെ മുന്നേ എണ്ണ സമ്പത്ത് മുഴുവനും വരുതിയിലാക്കാൻ വൻശക്തികളുടെ ശീതയുദ്ധം ആരംഭിച്ചിരുന്നു
പരിശ്രമങ്ങൾക്കൊടുവിൽ സ്റ്റാൻഡേർഡ് ഓയിൽ കമ്പനി ഓഫ് കാലിഫോർണിയ അമ്പതിനായിരം ഡോളറിന് മേജർ ഹോംസിന്റെ ഈസ്റ്റേൺ ആൻഡ് ജനറൽ സിണ്ടിക്കേറ്റിൽ നിന്ന് ആ അനുമതി വാങ്ങുവാൻ നിശ്ചയിക്കുന്നത് 1928 ഡിസംബർ 21 നാണ്. പക്ഷെ അപ്പോഴേക്കും ഡിസംബർ രണ്ടിന് അനുമതിയുടെ കാലാവധി കഴിഞ്ഞ് ഇരുപതു ദിവസം പിന്നിട്ടിരുന്നു. കാലാവധി പുതുക്കി അനുമതി സ്റ്റാൻഡേർഡ് ഓയിൽ കമ്പനി ഓഫ് കാലിഫോർണിയയുടെ പേരിൽ ആക്കിക്കൊടുത്താലാണ് കൈമാറ്റം സാധുവാകുക. സ്റ്റാൻഡേർഡ് ഓയിൽ കമ്പനി ഓഫ് കാലിഫോർണിയയുടെ പേരിലേക്ക് അനുമതി മാറ്റം ചെയ്യാൻ മുതിർന്ന് മുന്നോട്ടുപോയ ഹോംസിനെ അധികാരമൊഴിഞ്ഞ ബഹ്റൈൻ ഷേഖിന്റെ 1911 ലെ ധാരണാപത്രം ഉപയോഗിച്ച് ബ്രിട്ടീഷ് അധികാരികൾ നേരിട്ടു. അതനുസരിച്ച്, ബ്രിട്ടീഷ് കമ്പനിക്കുമാത്രമേ എണ്ണ പര്യവേക്ഷണാനുമതി നൽകൂ എന്നവർ ശഠിച്ചു. ഇക്കാര്യത്തിലെ തർക്കങ്ങളിൽ ബ്രിട്ടനിലെയും അമേരിക്കയിലെയും ഗവർമെന്റുകൾ പങ്കെടുത്തു. അമേരിക്ക ആവശ്യപ്പെട്ട "ഓപ്പൺ ഡോർ പോളിസിയ്ക്ക്' ബ്രിട്ടൻ വഴങ്ങാതിരുന്ന ഒരു വർഷം വീണ്ടും മേജർ ഹോംസ് ഓഫീസുകളിൽ കയറിയിറങ്ങി. 1929 ലുണ്ടായ ഒത്തുതീർപ്പു പ്രകാരം ബഹ്റൈൻ പെട്രോളിയം കമ്പനി ലിമിറ്റഡ് എന്നു പുതിയ കമ്പനിയായി സ്റ്റാൻഡേർഡ് ഓയിൽ കമ്പനി ഓഫ് കാലിഫോർണിയയുടെ ഒരു അനുബന്ധ കമ്പനി കാനഡയിൽ രജിസ്റ്റർ ചെയ്തു. എണ്ണ ഉണ്ടാകുന്നതിനും വളരെ മുന്നേ എണ്ണ സമ്പത്ത് മുഴുവനും വരുതിയിലാക്കാൻ വൻശക്തികളുടെ ശീതയുദ്ധം ആരംഭിച്ചിരുന്നു.
ഹോംസ് എന്ന ഭഗീരഥൻ
സ്റ്റാൻഡേർഡ് ഓയിൽ കമ്പനി ഓഫ് കാലിഫോർണിയ എന്ന അമേരിക്കൻ കമ്പനിയുടെ അനുബന്ധം ആണെങ്കിലും ബഹ്റൈൻ പെട്രോളിയം കമ്പനി (ബാപ്കോ) ഒരു ബ്രിട്ടീഷ് കമ്പനി ആയിരിക്കുമെന്നും ഡയറക്റ്റർമാരിൽ ഒരാൾ ബ്രിട്ടീഷ് ഗവൺമെന്റിനോട് കൂറുപുലർത്തുന്ന ബ്രിട്ടീഷുകാരൻ ആയിരിക്കണമെന്നും ഉപാധികൾ അംഗീകരിക്കപ്പെട്ടു. കമ്പനിയുടെ ചീഫ് ലോക്കൽ റെപ്രസെന്ററ്റീവിനെ ബ്രിട്ടീഷ് ഗവൺമെന്റ് നിയമിക്കും. ബഹ്റൈൻ ഷേഖുമായുള്ള എല്ലാ ആശയ വിനിമയങ്ങളും ആ ഉദ്യോഗസ്ഥനിലൂടെയും ബഹ്‌റൈനിലെ ബ്രിട്ടീഷ് പൊളിറ്റിക്കൽ ഏജന്റിലൂടെയും മാത്രമായിരിക്കും.
വിദഗ്ധ തൊഴിലാളികൾ എല്ലാവരും ബ്രിട്ടീഷ് അല്ലെങ്കിൽ ബഹ്റൈനി പ്രജകൾ ആയിരിക്കണമെന്നും സമ്മതിക്കപ്പെട്ടു. 1930 ആഗസ്റ്റിൽ ബഹ്റൈൻ പെട്രോളിയം കമ്പനി (BAPCO) യുടെ പേരിൽ പുതുക്കിയ 55 വർഷം കാലാവധിയുള്ള അനുമതി ലഭിച്ചു. വർഷം തോറും പതിനായിരം രൂപ തറവാടകയ്ക്കു പുറമെ ഉൽപാദിപ്പിക്കപ്പെടുന്ന ഒരു ടൺ പെട്രോളിയം ക്രൂഡിന് 3 രൂപ 8 അണ ബഹ്‌റൈന് റോയൽറ്റി കൊടുക്കണം. ഒരു കൊല്ലത്തിൽ 75,000 രൂപ മിനിമം റോയൽറ്റി ഉറപ്പാക്കുകയും വേണം. കച്ചവട ചർച്ചകളും പാട്ടഭൂമിയുടെ പരിധി വിസ്തൃതമാക്കുന്നതിന്റെ ഉപാധികളും ഇടയ്ക്കിടെ വീണ്ടും പല തവണ ആവർത്തിച്ചു . പെട്രോളിയം ക്രൂഡിന് സൈനിക പ്രാധാന്യം ലഭിച്ച രണ്ടാം ലോക യുദ്ധത്തിനുശേഷം എണ്ണ സമ്പത്തിന്റെ നാടായി അറേബ്യയ്ക്കു ലോകചിത്രത്തിൽ രൂപാന്തരം സംഭവിച്ചു കൊണ്ടിരുന്ന 1940 ലെ ചർച്ചയിലും ബഹ്‌റൈൻ ഗവൺമെന്റിനു നൽകേണ്ട പെട്രോളിയം ക്രൂഡിന്റെ റോയൽറ്റി ടണ്ണിന് 3 രൂപ 8 അണ ആയിത്തന്നെ തുടർന്നു. മേജർ ഹോംസിന്റെ ഓഫീസ് സന്ദർശനവും സുദീർഘ സംഭാഷണങ്ങളും നേരം കൊല്ലി ചടഞ്ഞിരിപ്പും അപ്രിയ കാര്യമായി ബ്രിട്ടീഷ് പൊളിറ്റിക്കൽ ഏജന്റും ഷേഖിന്റെ ബ്രിട്ടീഷ് അഡ്വൈസറും പലപ്പോഴും കരുതിയതായി അഡൈ്വസർ ആയിരുന്ന ബെൽഗ്രേവിന്റെ ഡയറികളിൽ പല തവണ എഴുതിയിട്ടുണ്ട്. ബാപ്കോയുടെ ആദ്യത്തെ ചീഫ് ലോക്കൽ റെപ്രസെന്ററ്റീവ് ആയി മേജർ ഹോംസ് നിയമിതനായി. പിന്നീട് അറേബിയയിലെ ജനങ്ങൾ അദ്ദേഹത്തെ ആദരവോടെ ബുനാഫ്ത (എണ്ണയുടെ പിതാവ് ) എന്നു അഭിസംബോധന ചെയ്തു. ബഹ്റൈനിന്റെ ഭൂമിക്കടിയിലുറങ്ങുന്നുവെന്നു താൻ വിശ്വസിക്കുന്ന പെട്രോളിയം നിധി പുറത്തു കൊണ്ടു വരുവാൻ ഭഗീരഥനായി ഒരു ദശാബ്ദം മുഴുവൻ ഏകനായി ഓഫീസുകളിൽ നിന്ന് ഓഫീസുകളിലേക്ക് പോയി പ്രയത്‌ന തപസിൽ മേജർ ഹോംസ് ഏർപ്പെട്ടു. ന്യൂസിലാന്റിൽ ജനിച്ചുവളർന്നൊരു മനുഷ്യൻ തികച്ചും അന്യമായ ഭാഷയും കാലാവസ്ഥയും പെരുമാറ്റ രീതികളും നിലനിൽക്കുന്നൊരു നാട്ടിൽ മറ്റു അധികം പേർക്കും നന്നായി മനസ്സിലാകാത്ത ഒരു വിഷയത്തിന്മേൽ നടത്തിയ ഐതിഹാസികമായ ഒറ്റയാൾ സംരംഭം ചരിത്രത്തിലെ മഹാ യാദൃച്ഛികതകളിൽ ഒന്നായി കണക്കാക്കപ്പെടണം.
ബഹ്‌റൈനിലെ മുത്തുവാരൽ ജോലി കുറഞ്ഞു വന്നപ്പോൾ അധ്വാനിക്കുന്ന അനേകം മനുഷ്യർക്ക് തൊഴിൽ നഷ്ടപ്പെട്ടു. ജനജീവിതം മുന്നോട്ടു കൊണ്ടു പോകാൻ വഴിയേതുമില്ലാതെ ബഹ്റൈൻ അന്ധാളിച്ചു നിൽക്കുന്ന കാലസന്ധിയിലാണ് 1932 ൽ ബാപ്കോ തൊഴിൽദായകരായി മുന്നോട്ടു വരുന്നത്
വേണം, ഇന്ത്യക്കാർ
ഒന്നാം ലോക യുദ്ധവും അമേരിക്കയിലെ ഗ്രേറ്റ് ഡിപ്രഷനും രണ്ടാം ലോക യുദ്ധത്തിനായുള്ള യൂറോപ്പിലെ മുന്നൊരുക്കങ്ങളും ചേർന്ന് മുത്തിനും പവിഴത്തിനും ആഗോള തലത്തിൽ വിലയിടിക്കുകയും വ്യാപാരം മന്ദീഭവിപ്പിക്കുകയും ചെയ്തത് നേരിട്ട് ബാധിച്ചത് ബഹ്‌റൈനിൽ തൊഴിലെടുത്ത് ജീവിക്കുന്ന മനുഷ്യരെയാണ്. യുദ്ധ സാഹചര്യങ്ങൾ സമുദ്ര യാത്രകൾക്ക് സൃഷ്ടിച്ച സുരക്ഷാവീഴ്ചകൾ വേഗം കെടുത്തിയ കടൽനീക്കങ്ങൾ മനാമയിലെ പോർട്ടിനെയും വ്യാപാരത്തെയും നേരത്തെ തന്നെ മന്ദതാളത്തിൽ എത്തിച്ചിരുന്നു. ബഹ്‌റൈനിലെ മനുഷ്യരുടെ തൊഴിൽരംഗം ആയിരുന്ന മുത്തുവാരൽ ജോലി കുറഞ്ഞു വന്നപ്പോൾ അധ്വാനിക്കുന്ന അനേകം മനുഷ്യർക്ക് തൊഴിൽ നഷ്ടപ്പെട്ടു. ജനജീവിതം മുന്നോട്ടു കൊണ്ടു പോകാൻ വഴിയേതുമില്ലാതെ ബഹ്റൈൻ അന്ധാളിച്ചു നിൽക്കുന്ന കാലസന്ധിയിലാണ് 1932 ൽ ബാപ്കോ തൊഴിൽദായകരായി മുന്നോട്ടു വരുന്നത്. പിന്നീട് പറയപ്പെട്ടതു പോലെ ‘ബഹ്‌റൈനിൽ 1932 ൽ സംഭവിച്ചതിനു തുല്യമായ സാമ്പത്തിക അത്യാഹിതത്തിൽ നിന്നും മറ്റൊരു സമുദായവും മറ്റൊരു ഗവൺമെന്റും ഇത്രമാത്രം കൃത്യനേരത്തും പൊടുന്നനെയും രക്ഷപ്പെടുത്തപ്പെട്ടിട്ടില്ല.' എണ്ണ സമ്പത്ത് പിന്നീട് കൊണ്ടു വന്ന മായികമായ ധനസമൃദ്ധി അന്ന് ആരുടേയും സങ്കൽപങ്ങളിൽ പോലുമില്ല.
എണ്ണയിൽ നിന്നുള്ള ആദായം തുടക്കത്തിൽ മുന്നായി വിഭജിക്കുവാനായിരുന്നു നിബന്ധന. ഒരു ഭാഗം ഷേഖിനു അദ്ദേഹത്തിന്റെ കുടുംബവും പരിവാരങ്ങളും പുലർത്തുവാനുള്ള ചെലവിനായി. ഇനിയൊന്ന്, ബഹ്‌റൈനിൽ വികസിച്ചു വരുന്ന ഗവൺമെന്റ് ഡിപ്പാർട്ടുമെന്റുകളുടെ ചെലവിനും പുതിയ വികസന പദ്ധതികൾക്കും. ഭാവിയിൽ വരാവുന്ന ആകസ്മികതകളെ നേരിടാൻ കരുതൽ ധനമായി മൂന്നാമത്തെ പങ്ക് വിദേശ നിക്ഷേപമായി സൂക്ഷിക്കും. അന്നുവരെ ചെയ്തിരുന്ന ജോലികളുടെയും അതിനു കിട്ടിയിരുന്ന കൂലിയുടെയും എല്ലാം സ്വഭാവവും ഘടനയും തെറ്റിച്ച് വന്നുകയറിയ പുതിയ ജോലിയിലേക്ക് ബഹ്‌റൈനിലെ മുത്തുവാരൽ തൊഴിലാളികളും കൃഷി പോലെ വല്ലപ്പോഴും ചെയ്യുന്ന പണികൾ ചെയ്തിരുന്നവരും തള്ളിക്കയറി. എഞ്ചിനീയർമാരും സൂപ്പർവൈസർമാരുമായ സായിപ്പുമാർ പറയുന്നത് മനസ്സിലാക്കാനുള്ള വിദ്യാഭ്യാസവും പ്രാഥമിക വൈദഗ്ധ്യങ്ങളും ഓയിൽ ഫീൽഡിലെ ലേബർമാർക്ക് അനിവാര്യമാണ്. അത്തരം അടിസ്ഥാന യോഗ്യതകൾ അവർക്കില്ലാത്തതു പ്രതിബന്ധമായി തെളിഞ്ഞുവന്നു. കമ്പനി സ്വഭാവത്തിലെ ക്ലിപ്ത മണിക്കൂറുകളും ഇടവേളകളും നിജപ്പെടുത്തിയ തൊഴിൽ സംസ്‌കാരം അവർക്കു പുതിയ ലോകത്തേക്കുള്ള പ്രവേശമായിരുന്നു.
ആഴ്ചയറുതിക്കു ജോലി തീരുമ്പോൾ ദിവസം ഒന്നോ രണ്ടോ അണ വീതമെന്ന് കണക്കു കൂട്ടിയ കാശ് ശമ്പളമായി ലേബർ സപ്ലൈ കോൺട്രാക്ടർ കൈയിൽ കൊടുക്കുന്നത് അവരെ സ്വതന്ത്രരാക്കി. പക്ഷെ അറേബിയയിലെ പല രാജ്യങ്ങളിലും പോയി ഭരണപരമായ കാര്യങ്ങൾക്ക് ഇടപെട്ടു പരിചയമുള്ള ബ്രിട്ടീഷുകാർ അമേരിക്കക്കാരായ ഓയിൽ കമ്പനി ഉദ്യോഗസ്ഥർക്ക് തദ്ദേശീയരെ കുറിച്ച് കൊടുത്ത അഭിപ്രായം വളരെ മോശം ആൾക്കാർ എന്നാണ്. ദരിദ്ര കർഷകരും ഗ്രാമീണരും ഗോത്ര വർഗ്ഗക്കാരും മുത്തുവാരൽ പണിക്കാരും ആയ ബഹ്റൈനിലെ തൊഴിലാളികൾക്ക് ഒന്നും ഗ്രഹിക്കാൻ ആവില്ലെന്നും കാര്യങ്ങൾ നടപ്പിലാകണമെങ്കിൽ ഇന്ത്യയിൽ നിന്നോ മറ്റോ കൂലിക്കാരെ കൊണ്ടുവന്നു പരിശീലിപ്പിക്കണമെന്നും അവർ നിർദ്ദേശിച്ചു.
വരുന്നു, ഇന്ത്യക്കാരുടെ കുടിയേറ്റ വിസ്‌ഫോടനം
ക്രൂഡ് ഓയിൽ കയറ്റി അയക്കുന്നതിന് സമുദ്രപാതയിലെ തടസം വർധിച്ച് കയറ്റുമതി ഏകദേശം അസാധ്യമാക്കിയ വർഷമായിരുന്നു 1936. ബഹ്റൈനിൽ സ്വന്തം റിഫൈനറി സ്ഥാപിച്ചു തങ്ങളുൽപാദിപ്പിക്കുന്ന പ്രതിദിനം 10000 ബാരൽ പെട്രോളിയം ക്രൂഡ് ശുദ്ധീകരിക്കാൻ ബാപ്കോ തീരുമാനിക്കുകയും 1937ൽ റിഫൈനറി പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. തുടരെ തുടരെ നവീകരണങ്ങൾ കഴിഞ്ഞ് ബാപ്കോ റിഫൈനറി മേഖലയിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ ശാലയായിത്തീരുകയും ചെയ്തു വളർച്ചയുടെ ഈ പടവുകളിലെല്ലാം വിദഗ്ധ തൊഴിലാളികളുടെ കാര്യത്തിലെ ദാരിദ്ര്യം കമ്പനി അനുഭവിച്ചു കൊണ്ടിരുന്നു.
കൊളോണിയൽ ഗവൺമെന്റ് രേഖകളിൽ ബഹ്റൈൻ ബ്രിട്ടീഷ് ഇന്ത്യയിലെ ബോംബെ പ്രവിശ്യയുടെ ഭാഗമായിരുന്നു. അതുകൊണ്ടാണ് അണയും പതിനാറണ ചേരുമ്പോഴുണ്ടാകുന്ന രൂപയും ഇന്ത്യയിലെപ്പോലെ ബഹ്‌റൈനിലെ നാണയവ്യവസ്ഥ ആയത്.
ലോകത്തിലെ സൈനിക പ്രാധാന്യമുള്ള സ്ഥലങ്ങളുടെ പട്ടികയിലേക്ക് രണ്ടാം ലോക യുദ്ധം ബഹ്റൈൻ എന്ന ചെറുരാജ്യത്തെയും ചേർത്തു. സഖ്യ കക്ഷികളുടെ സൈനിക സന്നാഹങ്ങൾക്ക് കിഴക്കുദിക്കിൽ ഇന്ധനം ഉൽപാദിപ്പിച്ചു വിതരണം ചെയ്യുന്ന ഏഷ്യയിലെ ഒരു സ്ഥലമായി ബഹ്റൈൻ അടയാളപ്പെടുകയും ശത്രുവിന്റെ കണ്ണുകളിലെ ഹോട്ട് സ്‌പോട്ട് ആവുകയുമുണ്ടായി. ഒന്നിലധികം തവണ റിഫൈനറിയെ ലക്ഷ്യം വച്ചു തെറ്റിപ്പോയ ആക്രമണങ്ങൾക്കു ബഹ്റൈൻ വിധേയമാവുകയും ചെയ്തു. റിഫൈനറി പൊടുന്നനെ തന്ത്ര പ്രധാന കേന്ദ്രവും റിഫൈനറിയുടെ പ്രവർത്തനങ്ങൾ സൈനിക നടപടികളുടെ വിതരണ ശൃംഘലയിലെ നിർണായക പ്രവൃത്തിയും ആയപ്പോൾ ഉൽപാദന പ്രക്രിയയെ അതിന്റെ ഏറ്റവും മികച്ച നിലയിലേക്കു ഉയർത്തേണ്ടതു ബാപ്കോയ്ക്ക് അനിവാര്യമായിതീർന്നു. കൊളോണിയൽ ഗവൺമെന്റ് രേഖകളിൽ ബഹ്റൈൻ ബ്രിട്ടീഷ് ഇന്ത്യയിലെ ബോംബെ പ്രവിശ്യയുടെ ഭാഗമായിരുന്നു. അതുകൊണ്ടാണ് അണയും പതിനാറണ ചേരുമ്പോഴുണ്ടാകുന്ന രൂപയും ഇന്ത്യയിലെപ്പോലെ ബഹ്‌റൈനിലെ നാണയവ്യവസ്ഥ ആയത്. സ്വാഭാവികമായും ഇംഗ്ലീഷുകാരുടെ ഭാഷ മനസ്സിലാവുന്ന, അവരോടൊപ്പം ജോലിയെടുത്ത് പരിചയമുള്ള, ബ്രിട്ടീഷ് ഇന്ത്യൻ പ്രജകളെ ബോംബെയിൽ നിന്ന് ബഹ്റൈൻ റിഫൈനറിയിലും ഓയിൽ ഫീൽഡിലും പണിയെടുക്കാൻ റിക്രൂട്ട് ചെയ്തുകൊണ്ടുവന്നു. ഇംഗ്ലീഷ് ഭരണത്തിലെ രണ്ടോ മൂന്നോ ക്ലാർക്ക് ഉദ്യോഗസ്ഥരും ഇറാനിലെ അബദാനിൽ പ്രവർത്തിച്ച ഓയിൽ കമ്പനിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്തിരുന്ന നാലഞ്ചു പേരും അവരുടെ ബന്ധുക്കളും ആയി ബഹ്‌റൈനിൽ കുറച്ച് ഇന്ത്യൻ കുടിയേറ്റ തൊഴിലാളികൾ അന്നുണ്ടായിരുന്നു. ആ എണ്ണങ്ങളെ അപ്രസക്തമാക്കി ഇന്ത്യാക്കാരുടെ കുടിയേറ്റ വിസ്ഫോടനം ആരംഭിച്ചത് ബാപ്കോ റിക്രൂട്ട്‌മെന്റുകളുടെ തുടക്കത്തോടെയായിരുന്നു.
ഇന്ത്യൻ തൊഴിലാളി അനുഭവിച്ച വിശേഷാവകാശങ്ങൾ
സ്വദേശികളായ തൊഴിലാളികളേക്കാൾ മികച്ച സേവന വേതന വ്യവസ്ഥകൾ ഇന്ത്യൻ കുടിയേറ്റ തൊഴിലാളികൾക്ക് ലഭിക്കുന്നതിൽ അസംതൃപ്തി പടർന്ന അന്തരീക്ഷത്തെയും തൊഴിൽ സമരങ്ങളെയും ബാപ്കോയക് നേരിടേണ്ടി വന്നു. 1943 ൽ രാജ്യത്ത് യുദ്ധാനുബന്ധ അടിയന്തിരാവസ്ഥ ആയിരുന്നതിനാൽ യാതൊരു രാഷ്ട്രീയ ചലനങ്ങളും ഇല്ലാതിരിക്കെ ബാപ്കോ പ്രവർത്തനങ്ങളെ രണ്ടാഴ്ചയിലധികം സ്തംഭിപ്പിച്ച് തൊഴിലാളികൾ പൊതുപണിമുടക്കു നടത്തി. 1940 ൽ ഒരു ബഹ്റൈൻ പത്രത്തിന്റെ എഡിറ്റർ ബാപ്കോ വൈസ് പ്രസിഡന്റിന് കൈമാറിയ എഴുത്തിലെ മൂന്നു പ്രധാനപ്പെട്ട ആവശ്യങ്ങൾ ഇവയായിരുന്നു: 1. തൊഴിലനുബന്ധ ചെലവ് കഴിഞ്ഞ് ഒരു സ്വദേശി ലേബറുടെ പ്രതിമാസ മിച്ചം 10 രൂപയാണ്. അതുകൊണ്ടാണ് അയാൾ കുടുംബം നോക്കേണ്ടത്. 2. കമ്പനി നൽകുന്ന താമസസ്ഥലം തണുപ്പു കാലത്ത് അധിക തണുപ്പുള്ളതും വേനലിൽ അധിക ചൂടുള്ളതും ആയിരിക്കുന്നു. കമ്പനി വൈദ്യുത വിളക്കുകൾ ഏർപ്പാടാക്കണം. 3. ഇന്ത്യൻ തൊഴിലാളികളെ ഏറ്റവും വേഗം ഒഴിവാക്കാൻ സ്വദേശികൾക്ക് പരിശീലനം നൽകണം.
തൊണ്ണൂറുകളാകുമ്പോൾ ചിത്രം കീഴ്‌മേൽ മറിയുകയാണ്. പെട്രോൾ സമ്പദ് വ്യവസ്ഥ കൊണ്ടുവന്ന അധിക ധനം ഉപയോഗിച്ച് വിദ്യാഭാസം, പാർപ്പിടം, ആരോഗ്യരക്ഷ, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങി സമൂഹ പുരോഗതിയുടെയും ക്ഷേമത്തിന്റെയും സർവ മണ്ഡലങ്ങളിലും വൻ കുതിപ്പ് നടത്തിയിരിക്കുന്നു, രാജ്യം
ബാപ്കോയുടെ ചീഫ് ലോക്കൽ റെപ്രെസെന്ററ്റീവ് 1942 ൽ ഒരു കത്ത് ബ്രിട്ടീഷ് പൊളിറ്റിക്കൽ ഏജന്റിന് അയക്കുകയുണ്ടായി. അതിൽ ഇങ്ങിനെ പറഞ്ഞു: ചില സ്വദേശി തൊഴിലാളികൾ ഇന്ത്യക്കാർ ചെയ്യുന്ന അതേ ജോലി തന്നെയാണ് ചെയ്യുന്നതെങ്കിലും ഇന്ത്യൻ പണിക്കാരനു സ്വദേശിക്കില്ലാത്ത ആനുകൂല്യങ്ങൾ കിട്ടുന്നു. ഇന്ത്യാക്കാരന് രോഗം വരുമ്പോൾ ആശുപത്രിയിൽ ചികിത്സയും അക്കാലയളവിൽ പകുതി ശമ്പളവും കിട്ടും. അവർക്ക് വീടിനു അലവൻസും യുദ്ധകാല അലവൻസും കൊടുക്കുന്നുണ്ട്. ഇത്തരത്തിലെ വിവേചനം സൃഷ്ടിച്ച പിരിമുറുക്കമാണ് പണിമുടക്കിൽ എത്തിയത്. ബഹറൈനി തൊഴിലാളികൾ ഉയർത്തിയ പതിനഞ്ചു ആവശ്യങ്ങളിൽ ഒന്ന്, യുദ്ധകാല റേഷനെ സംബന്ധിച്ച് ഇന്ത്യാക്കാർക്കായി നടത്തുന്ന വിജ്ഞാപനങ്ങൾ ബഹ്‌റൈനികൾക്കും ചെയ്യണം എന്നായിരുന്നു. സായിപ്പുമാർ ലേബർമാരോട് ക്രൂരതയോടെ പെരുമാറുകയും നിന്ദിക്കുകയും ചെയ്യരുതെന്ന് ആയിരുന്നു ഇനിയൊന്ന്. തൊഴിലാളികളെ റിഫൈനറിയിലേക്കു മടക്കിക്കൊണ്ടുവരാൻ ബ്രിട്ടീഷ് പൊളിറ്റിക്കൽ ഏജന്റും അഡൈ്വസറും ബാപ്കോ മേധാവികളുമെല്ലാം ചേർന്നു നടത്തിയ ശ്രമങ്ങളിൽ കഴിയാതെ വന്നപ്പോൾ അവർ ഷേഖിനെ സമീപിച്ചു. ഉൽപാദനം കുറഞ്ഞാൽ എയർഫോഴ്സിനുള്ള പെട്രോൾ വിതരണം ബാധിക്കപ്പെടുമെന്നറിയിച്ചു. ശമ്പളത്തോടു കൂടി വെള്ളിയാഴ്ച അവധി കൊടുക്കണമെന്ന ഷേഖിന്റെ നേരത്തെയുള്ള ആവശ്യം പോലും നടപ്പിലാക്കാതിരിക്കുമ്പോഴാണ് ഇത്.
ഏകദേശം പത്തു ദിവസത്തെ സമരത്തിനുശേഷം കുടുംബത്തിന്റെ വിശപ്പടക്കാൻ കാശില്ലാതെ വന്നപ്പോൾ തൊഴിലാളികൾ തിരികെ ജോലിക്കു പോയി. സമര നേതൃത്വത്തെ ഗവൺമെന്റ് ഒന്നൊന്നായി അറസ്റ്റു ചെയ്തിരുന്നു. ശമ്പളത്തിന്റെ 20 % യുദ്ധകാല അലവൻസ് പ്രഖ്യാപിച്ചു. പതിനഞ്ച് ആവശ്യങ്ങളിൽ അനുവദിച്ചു കൊടുത്തത് ആ ഒരെണ്ണം മാത്രം. ഇക്കാര്യം ഇവിടെ വിശദീകരിച്ചത് കുടിയേറ്റത്തിന്റെ ആരംഭത്തിൽ ഇന്ത്യൻ തൊഴിലാളി അനുഭവിച്ച വിശേഷാവകാശങ്ങൾ വ്യക്തമാക്കാനാണ്.
പ്രവാസത്തിന്റെ മനോനിലകൾ
അമ്പത് വർഷങ്ങൾ കഴിഞ്ഞ് തൊണ്ണൂറുകളാകുമ്പോൾ ചിത്രം കീഴ്‌മേൽ മറിയുകയാണ്. പെട്രോൾ സമ്പദ് വ്യവസ്ഥ കൊണ്ടുവന്ന അധിക ധനം ഉപയോഗിച്ച് വിദ്യാഭാസം, പാർപ്പിടം, ആരോഗ്യരക്ഷ, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങി സമൂഹ പുരോഗതിയുടെയും ക്ഷേമത്തിന്റെയും സർവ മണ്ഡലങ്ങളിലും വൻ കുതിപ്പ് നടത്തിയിരിക്കുന്നു, രാജ്യം. അന്ന് ബാപ്കോ തിരസ്‌കരിക്കുകയും ഇന്ത്യൻ കുടിയേറ്റ തൊഴിലാളികൾ അയിത്തം പുലർത്തുകയും ചെയ്ത തലമുറയിലെയും അവരുടെ അടുത്ത തലമുറയിലെയും ബഹുഭൂരിപക്ഷം മനുഷ്യരും ഏറെ ഉയർന്ന നിലവാരത്തിൽ ജീവിതം പുലർത്തിപ്പോകുന്നു. അന്നു ബാപ്കോ റിക്രൂട്ട് ചെയ്തു കൊണ്ടുവന്നവർ ശൃംഖലാ പ്രതിപ്രവർത്തനം ചെയ്തുപടർന്ന വംശാവലി നാലുപാടും വളർന്നു പെറ്റുപെരുകി ബഹ്റൈനിലും ഇതര ഗൾഫ് രാജ്യങ്ങളിലും ഏറ്റവും വലിയ കുടിയേറ്റ സമൂഹമായി മാറിയിരിക്കുന്നു. സ്വദേശികളുടെ നിലവാരമുയർന്ന പതിപ്പുകളാണ് സജീവ തൊഴിൽ രംഗത്ത് എങ്കിൽ ഇന്ത്യൻ കുടിയേറ്റ തൊഴിലാളി ദുരിത കഥകളുടെ ഭാണ്ഡവുമായാണ് നിൽപ്.
കോളനി നാടുകളിലെ പ്ലാന്റേഷനുകളിൽ തൊഴിലെടുക്കാൻ ഇംഗ്ലീഷുകാർ കൂട്ടിക്കൊണ്ടു പോയ ഇന്ത്യൻ കുടിയേറ്റ തൊഴിലാളികൾ ഇണകളും കുടുംബവുമായാണ് പോയത്. അവർക്ക് അവിടെ ഒറ്റത്തടി ജീവിതം വേണ്ടി വന്നില്ല. ബർമ്മയിലും മലയയിലും മറ്റിടങ്ങളിലേക്കും തനിയെ പോയ ഇന്ത്യൻ/ മലയാളി പുരുഷന്മാർ അവിടങ്ങളിൽ ഇണകളെ കണ്ടുപിടിച്ചു വിവാഹം ചെയ്തും ചെയ്യാതെയും ചേർന്നു താമസിച്ചു. ആ രാജ്യങ്ങളിലെ നിയമം ആ വിധം ജീവിതങ്ങൾ സാധ്യമാവുന്ന തരത്തിൽ അയവുള്ളതായിരുന്നു. ഗൾഫിലേക്ക് കുടിയേറിയ ഇന്ത്യൻ തൊഴിലാളി രണ്ട് വർഷത്തേക്ക് തൊഴിലെടുക്കാൻ കരാർ ജോലിക്കാരനായി പോയിട്ട് അയാളുടെ കരാർ പത്തു തവണകൾ പുതുക്കി ഇരുപതു വർഷങ്ങൾ അവിടെ ജീവിച്ചാലും അയാൾ ഒറ്റത്തടിയായി തുടർന്നു. ഇണയോടൊത്തുള്ള ജീവിതം നിഷേധിക്കുമ്പോൾ തടയപ്പെടുന്നത് രതി മാത്രം അല്ല മനോനിലയ്ക്കും വ്യക്തിത്വത്തിനും ചങ്ങാത്തവും സഖിത്വവും പ്രദാനം ചെയ്യുന്ന സമതുലിതാവസ്ഥ കൂടിയാണ്. പത്തുപേർ ഞെരുങ്ങിത്താമസിക്കുന്ന മുറിയിലെ നേരം വൈകാൻ അവകാശമില്ലാത്ത ടോയ്‌ലെറ്റുകളിൽ രതിയുടെ സ്വയം സാക്ഷാത്കാരങ്ങൾ പോലും അസാധ്യമായ കരാർ തൊഴിലാളികൾ ദീർഘകാലത്തെ ഗൾഫ് കുടിയേറ്റം ജീവിക്കുന്നുണ്ട്. അമ്മമാർ മാത്രം വളർത്തുന്ന കുട്ടികളുടെ ഒരു തലമുറ നാട്ടിൽ വളർന്നുവന്നു. ഇവയുടെയെല്ലാം അനുപാതരാഹിത്യം അസന്തുലിതമാക്കിയ മനോനിലയുടെ പരിണിതഫലം അവർ മടങ്ങിച്ചെന്നു ജീവിക്കുന്ന സമൂഹത്തിന്റെ കൂടി അടയാളമാവുന്നു. മനുഷ്യാവകാശങ്ങളെ നിഷേധിക്കുന്നതെന്നു വ്യാഖ്യാനിക്കാവുന്ന ഈ കരാർ വ്യവസ്ഥകളെ സ്വീകരിച്ചായാലും കുടിയേറ്റത്തിനു പോകാതെ വയ്യ എന്നൊരു സാമൂഹ്യ കാലാവസ്ഥ ആയിരുന്നു എമ്പതുകളിലെയും തൊണ്ണൂറുകളിലെയും കേരളത്തിൽ.
നില ഭേദമാക്കാനും കൂടുതൽ സമ്പാദിച്ച് ധനികനും കേമനും ആകാനും പുറപ്പെടുന്ന ദരിദ്ര ഇടത്തരക്കാരാണ് അധികവും. അതിനാൽ തന്നെ എന്ത് ചെയ്തും പണമുണ്ടാക്കാൻ ഇറങ്ങിയവന്റെ മനഃശാസ്ത്രം പ്രബലമായ വ്യവഹാരങ്ങൾക്കു നടുവിലാണ് ഗൾഫിലെ കുടിയേറ്റ ജീവിതം
ചൂതുകളിയുടെ കരുക്കൾ
അമേരിക്കയും കാനഡയും ആസ്ത്രേലിയയും യൂറോപ്പും അനുവർത്തിക്കുന്നത് വ്യക്തികൾക്ക് വിസ അയച്ചുള്ള കുടിയേറ്റം ആണെങ്കിലും വിദ്യാഭ്യാസപരവും തൊഴിൽപരവുമായ ഉയർന്ന യോഗ്യതകളെ, അല്ലെങ്കിൽ സമ്പദ്ശേഷിയെ നിർണയിച്ച ശേഷമുള്ള തിരഞ്ഞെടുപ്പാണ് കുടിയേറാനുള്ള വിസ. കുടിയേറിയാൽ പിന്നെ ഐശ്വര്യത്തിന്റെയും മനുഷ്യാവകാശങ്ങളുടെയും പറുദീസയിൽ വിവേചനത്തിന്റെ തരിമ്പും അനുഭവിക്കാതെ ജീവിക്കാം എന്നാണു പൊതുബോധം.
തൊഴിലിനും നിലനിൽപിനുമായി ഗൾഫിലേക്കുള്ള കുടിയേറ്റം
അത്യാവശ്യമായവരിൽ കൂടുതൽ പേർക്കും പോകാൻ കഴിയാത്തൊരിടമാണ് ഗൾഫ്. കാരണം ഓരോ കാലത്തും ഗൾഫിലേക്കുള്ള വിസയ്ക്ക് വലിയ വിലയായിരുന്നു. ആ യാത്രാനുമതി രേഖക്ക് ഒരു വിലയും ചുമത്താൻ പാടില്ല എന്നിരിക്കെ അതിനു വലിയ വിലയുണ്ട് എന്ന യാഥാർഥ്യത്തിൽ നിന്ന് ഗൾഫ് പ്രതിഭാസത്തിന്റെ നിറങ്ങൾ തെളിയും. വിറ്റു വിസ വാങ്ങുവാൻ പത്തു സെന്റ് വസ്തുവോ ആഭരണങ്ങളോ കരുതൽ നിക്ഷേപമോ ഇല്ലാത്തതിനാൽ അടിസ്ഥാന വർഗത്തിലെ അധികം പേരെ ഗൾഫിൽ കണ്ടുമുട്ടുകയില്ല. നില ഭേദമാക്കാനും കൂടുതൽ സമ്പാദിച്ച് ധനികനും കേമനും ആകാനും പുറപ്പെടുന്ന ദരിദ്ര ഇടത്തരക്കാരാണ് അധികവും. അതിനാൽ തന്നെ എന്ത് ചെയ്തും പണമുണ്ടാക്കാൻ ഇറങ്ങിയവന്റെ മനഃശാസ്ത്രം പ്രബലമായ വ്യവഹാരങ്ങൾക്കു നടുവിലാണ് ഗൾഫിലെ കുടിയേറ്റ ജീവിതം. പണം കൊടുത്ത് വിസ വാങ്ങി എത്തിക്കഴിഞ്ഞാൽ എന്തെന്നറിയാത്ത യാത്രയാണ് അധികം പേർക്കും. പക്ഷെ അതങ്ങനെ തന്നെ ആയിരിക്കാനാണ് അവരിൽ കൂടുതൽ പേരും ആഗ്രഹിക്കുന്നത്. കാരണം അയാൾ ഏഴാം കടലിനക്കരെക്ക് സമൃദ്ധിയുടെ മുത്തുവാരാൻ പോകുകയാണെന്ന നാട്ടിൽ പതിഞ്ഞ ചിത്രം ഓരോ യാത്രികന്റെയും മനസ്സിലുണ്ട്. നിയതമല്ലാത്ത അവസ്ഥയുടെ ഫലം തനിക്കു ഭാഗ്യം കൊണ്ടു വരുമെന്നയാൾ പ്രതീക്ഷിക്കുന്നുണ്ട്.
മുത്തുവാരാൻ പോയ മുങ്ങുകാരന്റെ കയ്യിലെത്തിയ ചിപ്പിയിൽ വിലയേറിയ പവിഴമോ അല്ലെങ്കിൽ വെറും കക്കയിറച്ചിയോ ആകാം എന്ന പോലെ, കുഴൽക്കിണറുകൾ വെള്ളം കണ്ടെത്തി സഫലമായാൽ എണ്ണ പര്യവേക്ഷണത്തിനു അനുമതി തരാമെന്ന് മേജർ ഹോംസിനു കിട്ടിയ വ്യവസ്ഥപോലെ, എല്ലാ ചുവടുവയ്പുകളിലും ചൂതുകളിയുടെ ഒരു പ്രതലവുമായാണ് ഗൾഫ് കുടിയേറ്റ വഴിത്തിരിവുകൾ. ഭാഗ്യ നിർഭാഗ്യങ്ങളുടെ ഒരു അംശം എല്ലാത്തിനും ആധാരമായിരിക്കുന്നുവെന്ന് അനുഭവപ്പെടുന്ന പ്രത്യക്ഷങ്ങൾ. മൃദുഭാഷിയ്ക്കും ജ്ഞാന ഭിക്ഷുവിനും സ്ഥാനമില്ലാത്തതും ഇപ്പോൾ ആഗോളവത്കരിക്കപ്പെട്ടതുമായ കളിയിടത്തിൽ എന്തിനും പോന്നവൻ ഭാഗ്യ സ്പർശം കൊണ്ട് വിജയപദമേറുന്നു. അതിനാൽ അതീന്ദ്രിയമായ വഴികളിലെ അവസര ലബ്ധിയ്ക്കായി എല്ലാവരും എല്ലാ നേർച്ചയിടങ്ങളിലും വാരിക്കോരി സംഭാവന ചെയ്യുന്നു. അവയിൽ മിക്ക സ്ഥാപനങ്ങൾക്കും ഗൾഫിലുള്ള പ്രാദേശിക ശാഖകൾ തികഞ്ഞ പുഷ്ടിയോടെ വളർന്നു പരിലസിക്കുന്നു. കേരളത്തിലെ എല്ലാ മതങ്ങളുടെയും ചെറുതും വലുതുമായ സകല സ്ഥാപനങ്ങളും ഗൾഫിൽ നിന്നുള്ള സംഭവനകളാൽ അതി സമ്പന്നമാകുന്നത് അതീന്ദ്രിയമായ വഴിയിലെ ഭാഗ്യത്തിന്റെ കടാക്ഷം തന്നിൽ പതിക്കണമെന്നു കൊതിക്കുന്നവരുടെ നേർച്ചകൾ കൊണ്ടാണ്.
എണ്ണ സമ്പദ്‌വ്യവസ്ഥയുടെ സാമ്രാജ്യങ്ങൾ
ഇരുപതാം നൂറ്റാണ്ട് പിറക്കുമ്പോൾ ശാസ്ത്രീയ നേട്ടങ്ങളുടെ ആധുനികതയിലേക്കു നടന്നു കയറുന്ന പരിഷ്‌കൃത മനുഷ്യന് ധാരാളമായി ആവശ്യം വന്ന ഊർജ്ജത്തിന്റെ അളവില്ലാത്ത സ്രോതസ് എന്ന നിലയിൽ പെട്രോളിയം ഇന്ധനങ്ങളുടെ കണ്ടെത്തൽ മനുഷ്യന്റെ പ്രയാണ വഴിയിലെ ഒരു നാഴികക്കല്ലാണ്. ആരോഗ്യവും വിദ്യാഭ്യാസവും കുറഞ്ഞ് പരിതാപകാരമെന്നു വിളിക്കാവുന്ന അവസ്ഥകളിലായിരുന്ന ഗൾഫ് പ്രദേശങ്ങളിലെ ഭൂരിപക്ഷം ജനതക്ക് ആഗോള കാപ്പിറ്റലിസ്റ്റ് സമ്പദ്‌വ്യവസ്ഥയുടെ കഠിനതകളെ മറികടന്ന് ഉയർന്ന ജീവിത നിലവാരത്തിലേക്കും ഉൽകൃഷ്ടതകളിലേക്കും സഞ്ചരിക്കാൻ വഴിയൊരുക്കിയത് ആ കണ്ടെത്തലാണ്. ഒപ്പം ലോകമാകെ നിന്ന് കുടിയേറി വന്ന മനുഷ്യർ അതിൽ പങ്കുപറ്റി. ഗൾഫിൽ ഔദ്യോഗിക ഭാഷയായി മാറിയ ഇംഗ്ലീഷിലെ വിനിമയങ്ങളും ഇടപാടുകളും മനസ്സിലാക്കാൻ സഹായിക്കുന്ന തരത്തിൽ അടിസ്ഥാന വിദ്യാഭ്യാസമുള്ളവർ ഭൂരിപക്ഷമായ മലയാളികൾ വലിയ കുടിയേറ്റ സമൂഹമായി മാറി. അവരുടെ കുടുംബങ്ങൾ നാട്ടിൽ സമൃദ്ധി അനുഭവിച്ചു. എന്നാൽ വളരെ പെട്ടെന്ന് എണ്ണ സമ്പദ്‌വ്യവസ്ഥയെ ആഗോള നിയന്ത്രണത്തിനുപയോഗിക്കാൻ മുതിർന്ന വൻശക്തി രാഷ്ട്രീയം തിമർത്താടാൻ തുടങ്ങുകയും പെട്രോൾ വില വൻതോതിൽ വർധിപ്പിക്കുകയും ചെയ്തു. 1970 കൾ മുതൽ കഴിഞ്ഞ അമ്പതു വർഷങ്ങളിൽ ഉൽപാദനച്ചെലവുമായി താരതമ്യങ്ങളൊന്നുമില്ലാത്ത ഊഹക്കച്ചവടത്തിന്റെ ഏറ്റക്കുറച്ചിലുകളിൽ എണ്ണയുടെ വില ഊഞ്ഞാലാടി. ഭൂമിയുടെ വിദൂരമായ കോണിലെ ഒരു കൃഷിക്കാരൻ അയാളുടെ പമ്പ് ഉപയോഗിച്ച് വെള്ളം തെളിക്കുവാൻ അധിക വിലയിൽ പെട്രോൾ വാങ്ങി. പെട്രോൾ വില കുടുമ്പോൾ വില വർധിക്കുന്ന പച്ചക്കറിയാണ് മൂന്നാം ലോക രാജ്യത്തിലെ ദരിദ്ര നാരായണൻ വാങ്ങേണ്ടത്. ഇങ്ങനെ ലോകമാകെയുള്ള മനുഷ്യരുടെ അദ്ധ്വാനത്തിന്റെ വലിയ അംശങ്ങൾ ഇന്ധന വിലയായി കൊടുത്തു.
ലോക ജനതയാകെ ഓട്ടോമൊബൈൽ വിപ്ലവത്തിനു കീഴ്പ്പെടുന്ന സംസ്‌കൃതി നിർമിച്ചെടുക്കുകയും എണ്ണയുടെ ആവശ്യകത എല്ലായ്‌പ്പോഴും ഉയർത്തി നിർത്തുകയും ചെയ്തു. ഏറ്റവും ദരിദ്രരുടെ അടുക്കളകളിൽ നിന്നുപോലും കല്ലടുപ്പുകളെ നിഷ്‌കാസനം ചെയ്ത് അവിടെ വിലയേറിയ ഗ്യാസ് അടുപ്പുകൾ സ്ഥാപിച്ചത് പെട്രോൾ സമ്പദ്‌വ്യവസ്ഥ ലോകം കീഴടക്കിയതിന്റെ അടയാളമാണ്. അമിതമായ ലാഭപ്പണം ഗൾഫിൽ വന്ന് കുന്നുകൂടുകയും ചെയ്തു. അങ്ങനെ കേന്ദ്രീകരിച്ച ധനത്തിന്റ വലിയ അളവുകളും ചെലവഴിക്കുന്നത് പരിഷ്‌കൃതിയുടെ ഉപകരണങ്ങളും ആഡംബരങ്ങളും വാങ്ങി ഉപയോഗിക്കുവാനാണ്. ഗൾഫ് പ്രദേശങ്ങൾ വലിയ ഒരു കാർണിവൽ ഗ്രൗണ്ട് ആവുകയും കഴിഞ്ഞ നൂറു വർഷങ്ങളിൽ ഇവിടെ അറിയപ്പെടുന്ന ചരിത്രത്തിലെ ഏറ്റവും വലിയ കാർണിവൽ അരങ്ങേറുകയുമാണ്. അതിസമ്പത്തിന്റെ അടയാളങ്ങൾ പേറുന്നതാണ് താഴെത്തട്ടു മുതൽ മുകളിലേക്ക് എല്ലാ മനുഷ്യരുടെയും എല്ലാ വിനിമയങ്ങളും. ഒറ്റപ്പെട്ട മനുഷ്യർ മുതൽ വൻശക്തി രാജ്യങ്ങൾ വരെ അതിൽ പങ്കെടുക്കുന്നു, ചൂതു കളിക്കുന്നു, വാതുവയ്ക്കുന്നു. ഗൾഫ് യുദ്ധങ്ങൾ നടത്തി പ്രതിഫലം പറ്റുന്നു. ആയുധങ്ങൾ കൊണ്ടു വന്നു വിൽക്കുന്നു. വാഹനങ്ങൾ, യന്ത്ര സാമഗ്രികൾ, ഇലക്ട്രോണിക്സ് ഗാഡ്ജെറ്റുകൾ, ലോകത്തുള്ള എല്ലാ ഭക്ഷണ സാധങ്ങളും പഴ വർഗങ്ങളും. കാർണിവൽ ഗൗണ്ടിൽ കാര്യങ്ങൾക്ക് മിന്നൽ വേഗതയാണ്. അതിനിടയിൽ മനുഷ്യരെ ഉൾപ്പെടെ എന്തും സപ്ലൈ ചെയ്യുന്ന വ്യാപാരികൾ, മദ്യ വിൽപനക്കാർ, പിമ്പുകൾ , തീവ്രവും സാമാന്യവുമായി പല തരത്തിൽ മതം കയറ്റി അയക്കുന്നവരും ഇറക്കുമതി ചെയ്യുന്നവരും... അമിത സമ്പത്തിന്റെ ആരവമാണ് കാർണിവൽ ഗ്രൗണ്ടിൽ.
ഭൂമിക്കടിയിൽ സ്ഥിതി ചെയ്യുന്ന എണ്ണയുടെ സമ്പദ് വ്യവസ്ഥയിൽ ലോകത്തിൽ എല്ലാവരും ഭാഗഭാക്കുകളായതിനാൽ ആ സമ്പത്ത് എല്ലാ മനുഷ്യരുടെയും നന്മയ്ക്കായി ഇനിയും കൂടുതൽ ചെന്നെത്തണം
ആദിമ കുടിയേറ്റങ്ങളിൽ കുടുതലും അന്നം തേടിയുള്ള സ്വാഭാവികമായ സൗമ്യയാത്രകൾ ആയിരുന്നിരിക്കണം. ശത്രുക്കളിൽ നിന്നോ അപകടകരമായ പ്രകൃതി വിശേഷങ്ങളിൽ നിന്നോ രക്ഷപ്പെടാൻ പലായനം ചെയ്ത് സുരക്ഷയുടെ ഇടങ്ങൾ തേടിയ കുടിയേറ്റങ്ങൾ പറ്റങ്ങളായിട്ടായിരുന്നു.
നിലനിൽപും ജീവനും അപകടത്തിലാവുന്ന സമൂഹങ്ങൾ രക്ഷയിലേക്ക് പലായനം ചെയ്യുന്ന വർത്തമാനകാല കാഴ്ചകളെ ഫ്രീസ് ചെയ്ത് ഫ്ളാഷ്ബാക്കുകൾ ആയിക്കാണാമെങ്കിൽ അതെല്ലാം യഥാർത്ഥത്തിലെ കുടിയേറ്റങ്ങളുടെ പഴയ ചിത്രങ്ങളാകും. സമുദ്രത്തിന്റെ അഗാധതയിലോ മരുഭൂമിയുടെ നടുവിലോ പതിയിരുന്നുപിടിക്കാൻ സാധ്യതയുള്ള മരണത്തെക്കാൾ ഭീഷണമായ ആപത്തുകളിൽ നിന്ന് അവരവരുടെ വരും തലമുറകളെ രക്ഷിച്ചെടുക്കാനാണ് അവർ സാഹസികമായ പ്രയാണ ശ്രമങ്ങൾക്ക് തുനിയുന്നത്. പെട്ടെന്നുണ്ടാകുന്ന സ്വർണം നിറഞ്ഞ അധിക സമ്പന്ന ഭൂമിയിലേക്ക് തലകുത്തി വീഴുന്നവർ കുടിയേറുന്ന ഗോൾഡ് റഷ്‌കൾ പോലെ ആകേണ്ടതല്ല മനുഷ്യരുടെ സഹജമായ കുടിയേറ്റങ്ങൾ. ഇക്കാര്യത്തിൽ കുടിയേറ്റം എന്ന പദം തന്നെ അധികമാണ്. ഭൂമിക്കടിയിൽ സ്ഥിതി ചെയ്യുന്ന എണ്ണയുടെ സമ്പദ് വ്യവസ്ഥയിൽ ലോകത്തിൽ എല്ലാവരും ഭാഗഭാക്കുകളായതിനാൽ ആ സമ്പത്ത് എല്ലാ മനുഷ്യരുടെയും നന്മയ്ക്കായി ഇനിയും കൂടുതൽ ചെന്നെത്തണം. ▮
അവലംബം
The Islands of Bahrain - Angela Clarke
Social and Political Change in Bahrain since the First World War - Al Rumaihi Mohammed Ghanim
Belgrave Diaries