കേരളത്തിന്റെയും ഇന്ത്യയുടെയും നഗരചരിത്രത്തിൽ കൊല്ലം അർഹിക്കുന്ന പൗരാണികതയും ചരിത്രപ്രാധാന്യവും വേണ്ടത്ര ഉയർത്തിക്കാട്ടപ്പെട്ടിട്ടില്ല. ‘നഗരമുത്തശ്ശി’ ആയിരിക്കുകയും അങ്ങനെ തിരിച്ചറിയപ്പെടാതിരിക്കുകയും ചെയ്യുക, നവനഗരങ്ങളോടൊപ്പം ഓട്ടപ്പന്തയങ്ങളിലേർപ്പെട്ട് പിൻസ്ഥാനം കൊണ്ട് തൃപ്തിയടയേണ്ടിവരിക- ഇതാണ് വർത്തമാനകാല കൊല്ലത്തിന്റെ സ്ഥിതി.
ഇന്ത്യ ഉപഭൂഖണ്ഡത്തിനു ചുറ്റുമുള്ള കടൽക്കരകളിൽ കൊല്ലത്തെക്കാൾ പ്രായമുള്ളതായി കണ്ടെത്തിയിട്ടുള്ളത് കൊടുങ്ങല്ലൂരിലെയും സമീപദേശങ്ങളിലേയും പട്ടണം – മുസിരിസ് മാത്രമാണ്. അതാകട്ടെ, മൂന്നാം നൂറ്റാണ്ടിനു പിന്നിലേക്ക് 500- 600 വർഷങ്ങൾ മാത്രം പ്രബലമായിരിക്കുകയും പിന്നീട് അജ്ഞാതമായ കാരണങ്ങളാൽ അപ്രത്യക്ഷമാവുകയും ചെയ്തു എന്നാണ് കണക്കാക്കപ്പെടുന്നത്.
കുറഞ്ഞത് 2000 വർഷങ്ങളുടെയെങ്കിലും തുടർച്ചയുമായാണ് കൊല്ലം നഗരം നിലനിൽക്കുന്നത്. ആ നിലനിൽപ്പും തുടർച്ചയും കിഴക്കിന്റെ മൗലിക പരിണാമസ്വഭാവങ്ങളിലും നഗരമാനങ്ങളിലും മാത്രം ഒതുങ്ങിയതല്ല. അതിന് ഒരാഗോള വിതാനമുണ്ട്. റോമാക്കാർ, ഗ്രീക്കുകാർ, ഫിനീഷ്യന്മാർ, അറബികൾ, ചൈനക്കാർ എന്നിവരുമായി വ്യാപാരബന്ധം പുലർത്തിയിരുന്നതിന്റെ ജീവനുള്ള അടയാളങ്ങൾ ബാക്കിയുണ്ട്. ചരിത്രപരമായ ആ തുടർച്ചയുടെ സ്പന്ദനം കൊല്ലത്തെ ജനതയുടെ ജീവിതത്തിൽ ഉൾച്ചേർന്നിട്ടുണ്ട്. അത് കൊല്ലത്തിന്റെ എല്ലാ ആഘോഷങ്ങളിലുമെന്നപോലെ ഓണാഘോഷത്തിലും തുടിയ്ക്കും.
ജനങ്ങൾക്ക് ആഘോഷിക്കാൻ വീണു കിട്ടിയിട്ടുള്ള മിക്ക അവസരങ്ങളും ഏതെങ്കിലും മതപ്രാബല്യത്തിൻറെ അനുഷ്ടാനങ്ങളിൽനിന്നുൽഭവിച്ചവയായതിനാൽ ആ പിറവിയുടെ വേരിലെ ചില ചിഹ്നങ്ങൾ അതിലുണ്ടായിരിക്കും. അനന്തരകാലത്ത് അതൊരു ജനകീയ ആഘോഷം മാത്രമായി രൂപാന്തരം പ്രാപിക്കുമ്പോൾ, ഇടകലർന്നു കുടിപാർക്കുന്ന മനുഷ്യർ അവയെ സാർവജനീനമായ ആഘോഷമായി ആചരിക്കുന്നു. അത് മനുഷ്യരിലെ പട്ടു പോകാത്ത നന്മയുടെ അടയാളം കൂടിയാണ്. മനുഷ്യവിരുദ്ധരായ മൗലികവാദികൾ അതിനെ മതപരമാക്കാൻ ശ്രമിക്കുന്ന വൈരുദ്ധ്യവും അതിന്മേൽ നടക്കുന്ന വാദപ്രതിവാദങ്ങളും ആഘോഷ ത്തീയതികൾക്ക് മുന്നേ സംഭവിച്ചുതുടങ്ങും. എല്ലാ വർഷവും ഓണമെത്തുമ്പോൾ ‘നമ്മുടെ മതക്കാർ എന്തുകൊണ്ട് ഓണം ആഘോഷിക്കാൻ പാടില്ല’ എന്ന തരത്തിലെ പ്രഭാഷണങ്ങൾ വന്നു തുടങ്ങും.

തൊണ്ണൂറുകൾക്ക് മുന്നേയുള്ള 60 വർഷങ്ങൾ, കുറേക്കൂടി കൃത്യമായി കണക്കുകൂട്ടിയാൽ, രണ്ടാം ലോക യുദ്ധത്തിനുശേഷമുള്ള 50 വർഷങ്ങളാകും ഭൂമിയിൽ മനുഷ്യരാശിയുടെ ഏറ്റവും നല്ല കാലമായിരുന്നത് എന്നു തോന്നിയിട്ടുണ്ട്. സോവിയറ്റ് പരീക്ഷണം ലോകത്താകെ ഉയർത്തിയ ജീവിതാവബോധം ജനങ്ങളിൽ സൃഷ്ടിച്ച ശുഭപ്രതീക്ഷ വളരെ വലുതായിരുന്നു. ആ ഭരണക്രമം അനുഭവിച്ച ജനതയ്ക്ക് അതെങ്ങനെ അനുഭവപ്പെട്ടു എങ്കിലും, ആ രാജ്യങ്ങൾക്കു വെളിയിൽ, ഭൂമിയിൽ പ്രത്യാശാഭരിതരാകാനും മനുഷ്യരിലെ നന്മയെ പ്രതീക്ഷിക്കാനും അത് കാരണമായി. രണ്ട് ആഗോളചേരികൾ രൂപപ്പെടുകയും അവർക്കിടയിൽ സംഭവിച്ച നിലയ്ക്കാത്ത സംഘർഷങ്ങൾ ശീതയുദ്ധമായി രൂപാന്തരപ്പെടുകയും ചെയ്തതിനാൽ മനുഷരെ കൊന്നൊടുക്കുന്ന ഹിംസ്രയുദ്ധങ്ങൾ ഏറ്റവും കുറവായിരുന്നതും ആ 50 വർഷങ്ങളിലായിരിക്കാം.
അതേ ഫലം തന്നെയായിരുന്നു ബ്രിട്ടന്റെ കോളനിവാഴ്ചയ്ക്കെതിരെ ഇന്ത്യയിൽ ഉയർന്നുവരികയും പിന്നീട് ആഫ്രോ ഏഷ്യൻ രാജ്യങ്ങളിൽ പരക്കുകയും ചെയ്ത സാമ്രാജ്യത്വ വിരുദ്ധ പ്രക്ഷോഭങ്ങൾ. ദേശീയ പ്രസ്ഥാനങ്ങളുടെ നേതൃത്വം മുന്നോട്ടുവച്ച സമരരീതിയിൽ ഉൾച്ചേർന്ന മൂല്യബോധവും മതേതരമായ മനുഷ്യസാഹോദര്യവും നന്മയെ ജീവിതത്തിന്റെ മുഖമണ്ഡലങ്ങളിലേക്ക് കൊണ്ടുവരികയും ക്ഷുദ്രതയെ പിന്നോട്ട് നിർത്തുകയും ചെയ്ത 50 വർഷങ്ങളെക്കുറിച്ചാണ് പറഞ്ഞത്.
മറ്റുള്ളവരുടെ വിശ്വാസങ്ങളും സാംസ്കാരികവും ആചാരപരവുമായ അനുഷ്ടാനങ്ങളും അനായാസമായി നിലനിർത്തുവാൻ കഴിയുന്ന ബഹുസ്വരതയുണ്ടെങ്കിൽ മാത്രമേ ഒരു അന്താരാഷ്ട തുറമുഖ നഗരത്തിന് നിലനിൽക്കാൻ സാധിക്കൂ.
ലോകം അങ്ങനെയായിരിക്കേ, അക്കാലങ്ങളിലും അതിനുശേഷം പ്രതിലോമത പിടിമുറുക്കിയ ഇക്കാലത്തും, ഉൽഭവിക്കുമ്പോൾ മതബന്ധമുണ്ടായിരുങ്കിലും കാലങ്ങളിലൂടെ ഒഴുകി ജനങ്ങളുടേതായിത്തീർന്ന ഓണം ഉൾപ്പെടെയുള്ള എല്ലാ ആഘോഷങ്ങൾക്കും കൊല്ലത്തിന് സവിശേഷമായ മതേതര മുഖമുണ്ടെന്ന് അവകാശപ്പെടാൻ ആഗ്രഹിക്കുന്നു. മുകളിൽ പറഞ്ഞതു പോലെ കൊല്ലം അന്തർദേശീയ വ്യാപാരബന്ധങ്ങളുള്ള തുറമുഖനഗരമായിരുന്നു. ക്രിസ്തുവർഷത്തിന്റെ ആദ്യ സഹസ്രാബ്ദത്തിൽ തന്നെ വിദേശസഞ്ചാരികളുടെയും വ്യാപാരികളുടെയും രേഖകളിൽ കൊല്ലം അന്തർദേശീയ സമുദ്രവ്യാപാരത്തിന്റെ കേന്ദ്രമായി പരാമർശിക്കപ്പെടുന്നു. മറ്റുള്ളവരുടെ വിശ്വാസങ്ങളും സാംസ്കാരികവും ആചാരപരവുമായ അനുഷ്ടാനങ്ങളും അനായാസമായി നിലനിർത്തുവാൻ കഴിയുന്ന ബഹുസ്വരതയുണ്ടെങ്കിൽ മാത്രമേ ഒരു അന്താരാഷ്ട തുറമുഖ നഗരത്തിന് നിലനിൽക്കാൻ സാധിക്കൂ.

ഇന്ത്യയിൽ ഇന്ന് നിലനിൽക്കുന്ന തുറമുഖ നഗരങ്ങളിൽ കൊല്ലം ഏറ്റവും പൗരാണികമാണ്. അത്രയും ദീർഘമായ കാലത്തിന്റെ പ്രഹരങ്ങളെ ഏറ്റുവാങ്ങി നഗരത്തിന്റെ അതിജീവനം സാധ്യമാക്കിയത് നഗരവും നഗരജനതയും പരസ്പരം പ്രദാനം ചെയ്ത അതിശക്തമായ ബഹുസ്വരതയും സാർവജനീനതയും കൊണ്ടാണ്. അതിന്റെ പടർപ്പ് ചെലുത്തിയ സഹിഷ്ണുതയും വ്യത്യാസങ്ങളെ അംഗീകരിക്കാനും വൈവിധ്യങ്ങളെ ഉൾക്കൊള്ളാനും പ്രാപ്തമായ മനോഭാവവും കൊല്ലത്തിന്റെ മനസ്സിനെ മതേതരമാക്കുന്നു. അതിനാൽ ഭൂരിപക്ഷം ജനങ്ങളും ദരിദ്രരായിരുന്നപ്പോഴും ഓരോതരം ഇല്ലായ്മകളിൽ വലഞ്ഞിരുന്നപ്പോഴും കൊല്ലത്തെ മനോഹരമായ പ്രകൃതിയും മനുഷ്യരും ചേർന്ന് ഓണപ്പകലുകൾക്കും നിലാവിന്റെ ചന്തമേകുമായിരുന്നു.
കൊല്ലത്തെ ചവറ കേന്ദ്രീകരിച്ച് ഉയർന്നുവന്ന ധാതുമണൽ സംഭരണം അസുലഭമായ ഒരു മൂലകത്തിന്റെ ലഭ്യത എന്ന നിലയിൽ യൂറോപ്പിൽ നിന്നുള്ള ഏറ്റവും പരിഷ്കൃതരായ വ്യവസായികളെയാണ് കൊല്ലത്തേയ്ക്ക് കൊണ്ടുവന്നത്. ആ വ്യവസായങ്ങൾ തുടങ്ങുന്ന 1905- ൽ മനുഷ്യർ ആറ്റംബോംബിൽ എത്തിയിട്ടില്ല. പിന്നീടാണ് അണുബോംബിന് അനിവാര്യം ആവശ്യമായ അസംസ്കൃത മൂലകം കൊടുക്കുവാൻ കഴിയുന്നു എന്ന അതിശയത്തോടെ ചവറ ലോക ശ്രദ്ധയിലേക്ക് നീങ്ങിയത്. തുടർന്ന് ചവറയിലും കൊല്ലത്തും റെയർ എർത്തിന്റെയും അനുബന്ധ ആധുനിക ഉത്പന്നങ്ങളുടെയും വ്യവസായങ്ങൾ ഉടലെടുത്തു. അസ്വതന്ത്ര ഇന്ത്യയിലെ ‘കൃമികീടങ്ങളാ’യി കണക്കാക്കപ്പെട്ടവരായിരുന്നു തൊഴിലാളികൾ. ത്യാഗനിർഭരമായ സമരങ്ങൾ ചെയ്തും കൊടിയ പീഡാനുഭവങ്ങൾ നേരിട്ടും വളർന്നുവന്ന തൊഴിലാളി പ്രസ്ഥാനങ്ങളാണ്, അവർ മനുഷ്യരാണെന്ന് തൊഴിലുടമകളെക്കൊണ്ട് സമ്മതിപ്പിച്ചത്. ആ പോരാട്ടങ്ങൾ കൊല്ലത്ത് വിതച്ചത് സമതയുടെ പൊതുബോധമാണ്. തങ്ങളുടെ ജീവിതങ്ങളെ നിലനിർത്താൻ അവർക്ക് അതാവശ്യമായിരുന്നു. പിന്നീട് മണ്ണ് കമ്പനികൾ അംഗീകരിച്ച ട്രേഡ് യൂണിയൻ സംസ്കാരവും തൊഴിലാളികളെ മതേതരമായി ജീവിക്കാൻ പ്രേരിപ്പിക്കുന്നതായിരുന്നു.

വൈദേശികബന്ധങ്ങളെ സ്വീകരിക്കുന്ന തുറമുഖ സംസ്കാരത്തിന്റെ അനാദിയായ സാന്നിധ്യവും ട്രേഡ് യൂണിയൻബദ്ധമായ തൊഴിൽ ജീവിതം കൊല്ലത്തെ ജനതയുടെ പൊതുബോധത്തിൽ സൃഷ്ടിച്ച ജൈവികമായ മതേതര സംസ്കാരവും മനുഷ്യസമത്വബോധവും നാട്ടിൽ നിലവിലിരുന്ന ആചാരങ്ങളിലെ ശ്രേണീബദ്ധമായ അസ്പൃശ്യതകളെ നിസ്സാരമാക്കാൻ അവർക്ക് പേശീബലം നൽകി. അന്യ മത – സ്വമത ആചാരങ്ങൾ എന്ന വ്യാഖ്യാനങ്ങളെ അവർ കണക്കിലെടുത്തില്ല. ഭക്തിയും പ്രാർഥനയും മതപരമായ ആചാരങ്ങളും ഉണ്ടായിരുന്നപ്പോൾ തന്നെ ഓണവും സമാനആഘോഷങ്ങളും നാട്ടിലെ ഉത്സവങ്ങളും ജനങ്ങളുടെ പൊതുക്കാര്യങ്ങളായി. അതുകൊണ്ട് കൊല്ലത്തിന്റെ ഓണാഘോഷങ്ങൾ, അത്തരം ഇതര ആഘോഷങ്ങളും, നൈസർഗികവും ജനകീയവുമായി. കേരളത്തിനു മുഴുവനും ഏറെക്കുറെ ഈ സ്വഭാവമുണ്ടെങ്കിലും മേലെഴുതിയ കാരണങ്ങളാൽ കൊല്ലത്തിന്റെ ജനിതകം മതേതരമായി ഭവിച്ചു.
ഇന്നിപ്പോൾ ആഗോളതലത്തിലും ഇന്ത്യയിലും പടം വിടർത്തിയാടുന്ന പ്രതിലോമതയുടെയും മൂല്യനിരാസത്തിന്റെയും മതരാഷ്ട്ര - മൗലികവാദങ്ങളുടെയും, വലതുപക്ഷ ജീവിതസമീപനങ്ങളുടെയും ദംശനമേൽക്കാതെ കൊല്ലം ഇനിയും മതേതരമായ ഓണവും ഉത്സവങ്ങളും ആഘോഷങ്ങളുമായി പുലരട്ടെ എന്ന് തീവ്രമായി ആഗ്രഹിക്കുന്നു.
