അധികാരത്തിന്റെ
ചാരവൃത്തി

‘‘ഡിജിറ്റൽ യുഗത്തിൽ വ്യക്തിയുടെയും സമൂഹത്തിന്റെയും സ്വകാര്യത വെല്ലുവിളിക്കപ്പെടുന്നു. ഇക്കാലത്ത് ഓരോരുത്തരും നിരീക്ഷണവലയത്തിലാണ് എന്നതുതന്നെ ചാരവൃത്തിയുടെ സാങ്കേതികമികവും അംഗീകാരവും വിളിച്ചോതുന്നുണ്ട്’’ - ചാണക്യന്റെ ഭാഷാകൗടലീയത്തെ അടിസ്ഥാനമാക്കി എം. ശ്രീനാഥൻ എഴുതുന്ന പഠനപരമ്പര തുടരുന്നു.

വിവേചനത്തിന്റെ
അർഥശാസ്ത്രം- 3

ഹസ്യമായി വിവരം ചോർത്തുന്നതും രഹസ്യവിവരം ചോർത്തുന്നതുമായ പ്രവർത്തനമാണ് ചാരവൃത്തി. ചാരവൃത്തി തന്നെയാണ് രഹസ്യാന്വേഷണശേഖരണം. ഇൻ്റലിജൻസ് എന്നും ഇതറിയപ്പെടും. ഇത്തരത്തിൽ വിവരശേഖരണം നടത്തുന്ന വ്യക്തിയാണ് ചാരൻ, അഥവാ രഹസ്യ ഏജന്റ്.

“പുരാതന കാലം മുതൽ സൈനിക കാര്യങ്ങളിൽ ചാരവൃത്തിക്ക് പ്രാധാന്യമുണ്ട്. ബി സി 1750-ൽ അന്തരിച്ച ഹമ്മുറാബി രാജാവിൻ്റെ കൊട്ടാരത്തിലെ നയതന്ത്ര ദൂതനായി വേഷമിട്ട ചാരൻ നടത്തിയ റിപ്പോർട്ടാണ് അറിയപ്പെടുന്നതിൽ ഏറ്റവും പഴയ രഹസ്യരേഖ” (വിക്കിപീഡിയ).

പുരാതന ഈജിപ്തുകാർക്കും ഗ്രീക്ക്, റോമൻ സംസ്കാരങ്ങളിലും ചാരപ്രവർത്തനം ഉണ്ടായിരുന്നുവെന്നു പറയപ്പെടുന്നുണ്ട്. പണ്ടുമുതലേ ചാരവൃത്തി ഭരണകൂടവുമായി ബന്ധപ്പെട്ട പ്രവർത്തനമായിരുന്നു. ഇന്ത്യയിൽ ചാരവൃത്തിക്ക് ഋഗ്വേദകാലം മുതൽ പഴക്കമുണ്ട്. സ്പാശ എന്ന് ഋഗ്വേദത്തിലും രാമായണം, മഹാഭാരതം തുടങ്ങിയ ഇതിഹാസങ്ങളിൽ ചാരചക്ഷുവെന്നും ചാരനെയും ദൂതനെയും പരാമർശിച്ചിരുന്നു. ധർമശാസ്ത്രത്തിലും അർത്ഥശാസ്ത്രത്തിലും നീതിശാസ്ത്രത്തിലും ചാരപ്പണിയെ വിദഗ്ധ കലയായും ഭരണത്തിന് ഒഴിവാക്കാൻ പറ്റാത്ത രാഷ്ട്രീയ സ്ഥാപനം എന്ന നിലയ്ക്കും പരിഗണിച്ചിരുന്നു.

പണ്ടുമുതലേ ചാരവൃത്തി  ഭരണകൂടവുമായി  ബന്ധപ്പെട്ട പ്രവർത്തനമായിരുന്നു. ഇന്ത്യയിൽ ചാരവൃത്തിക്ക് ഋഗ്വേദകാലം മുതൽ പഴക്കമുണ്ട്.  Representational image
പണ്ടുമുതലേ ചാരവൃത്തി ഭരണകൂടവുമായി ബന്ധപ്പെട്ട പ്രവർത്തനമായിരുന്നു. ഇന്ത്യയിൽ ചാരവൃത്തിക്ക് ഋഗ്വേദകാലം മുതൽ പഴക്കമുണ്ട്. Representational image

സംസ്കൃതഭാഷയിൽ വിവിധ പദങ്ങൾ ചാരനെ വിശേഷിപ്പിക്കാനുണ്ടായിരുന്നു. യഥാർഹ വർണ, പ്രണിധി, അപസർപ്പ, ചാര, ഗുപ്തചാര, സ്പാശ, ഗൂഢപുരുഷ, പ്രതിസ്‌കാസ, ഗുപ്തഗതി, മന്ത്രഗൂഢ, ഹിതപ്രാണി, യോഗപുരുഷ എന്നിവയൊക്കെ ചാരന്മാരെ പ്രതിനിധീകരിച്ചിരുന്നു. ആഭ്യന്തര ചാരവൃത്തിയെ തന്ത്രമെന്നും പരദേശ ചാരവൃത്തിയെ ആവാപമെന്നും തിരിച്ചറിഞ്ഞിരുന്നു. ചുരുക്കത്തിൽ, ആഭ്യന്തരവും പരദേശീയവുമായ ചാരവൃത്തി ഭരണകൂടത്തിന്റെ ഭാഗമായി ഇന്ത്യയിൽ പ്രാചീനകാലം മുതൽ നിലനിന്നിരുന്നുവെന്ന് സമ്മതിക്കാതിരിക്കാനാവില്ല.

ഭരണകൂട ചാരവൃത്തിയിൽനിന്ന് കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ വാണിജ്യതാല്പര്യത്തിനായുള്ള വ്യവസായ ചാരവൃത്തിയിലേക്ക് ചാരപ്പണി പാരപ്പണിയായി വളർന്നിട്ടുണ്ട്.

ഭരണകൂട സംസ്കൃതിയുടെ അവിഭാജ്യഘടകമായി ഭരണ -സൈനിക തന്ത്രങ്ങൾ മെനയാനും വിമതരെ തിരിച്ചറിയാനും നടത്തിയിരുന്ന ഭരണകൂട ചാരവൃത്തിയിൽനിന്ന് കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ വാണിജ്യതാല്പര്യത്തിനായുള്ള വ്യവസായ ചാരവൃത്തിയിലേക്ക് ചാരപ്പണി പാരപ്പണിയായി വളർന്നിട്ടുണ്ട്. സൈബർ ലോകത്തെ ചാരവൃത്തി നിത്യേന വർധിച്ചുവരുന്നുമുണ്ട്. ചാര ഉപഗ്രഹങ്ങൾ വരെ വികസിതരാജ്യങ്ങൾക്കു സ്വന്തമായുണ്ട്. എവിടെനിന്നും രഹസ്യവിവരങ്ങൾ ചോർത്താനും നിമിഷങ്ങൾക്കുള്ളിൽ വിശകലനം ചെയ്‌തു മുൻകരുതലുകളെടുക്കാനും ചൂഷണത്തിന്റെയും മേൽക്കോയ്മയുടെയും പുതിയ തന്ത്രങ്ങൾ മെനയാനും കഴിയുന്ന തരത്തിലുള്ള സാങ്കേതികതാ വികാസം ലോകരാഷ്ട്രങ്ങൾ കയ്യടക്കിക്കഴിഞ്ഞു.

ഡിജിറ്റൽ യുഗത്തിൽ വ്യക്തിയുടെയും സമൂഹത്തിന്റെയും സ്വകാര്യതയെന്നത് വെല്ലുവിളിക്കപ്പെടുന്നു. ഇക്കാലത്ത് ഓരോരുത്തരും നിരീക്ഷണവലയത്തിലാണ് എന്നതുതന്നെ ചാരവൃത്തിയുടെ സാങ്കേതിക മികവും അംഗീകാരവും വിളിച്ചോതുന്നുണ്ട്. സത്യാനന്തരലോകത്ത് സ്വകാര്യത മിഥ്യയായി പരിണമിച്ചിരിക്കുന്നു. രഹസ്യമെന്നത് വിശ്വാസം മാത്രമായി മാറുമ്പോൾ സാങ്കേതികതയുടെ കേളീമികവും ഇരകളുടെ കീഴടങ്ങലും വെളിപ്പെടുന്നു. മനുഷ്യരെ ഉപയോഗിച്ചു നടത്തിത്തുടങ്ങിയ ചാരവൃത്തിയിൽ നിന്ന് മനുഷ്യസാന്നിധ്യത്തെ മായ്ചുകളഞ്ഞ് സാങ്കേതികത മേൽക്കെ നേടുമ്പോൾ, മാധ്യമപ്രചാരം അചിന്തനീയമായിരുന്ന കാലത്ത് പിറവികൊണ്ട ചാണക്യന്റെ അർത്ഥശാസ്ത്രത്തിലെ ചാരവൃത്തി എന്തായിരുന്നുവെന്നു നോക്കാം.

ഇക്കാലത്ത്   ഓരോരുത്തരും നിരീക്ഷണവലയത്തിലാണ് എന്നതുതന്നെ ചാരവൃത്തിയുടെ  സാങ്കേതിക മികവും അംഗീകാരവും വിളിച്ചോതുന്നുണ്ട്. / Photo: Jonathan McIntosh
ഇക്കാലത്ത് ഓരോരുത്തരും നിരീക്ഷണവലയത്തിലാണ് എന്നതുതന്നെ ചാരവൃത്തിയുടെ സാങ്കേതിക മികവും അംഗീകാരവും വിളിച്ചോതുന്നുണ്ട്. / Photo: Jonathan McIntosh

ബി.സി നാലാം നൂറ്റാണ്ടിൽ രാജവൃത്തിയുടെ ഭാഗമായി ചാരവൃത്തിയുടെ പ്രാധാന്യം മനസിലാക്കി ആഭ്യന്തരവും പരദേശീയവുമായ ആവശ്യങ്ങൾക്കായി ചാരവൃത്തിയെ വകുപ്പു തിരിക്കാനും ചാരഗുണം നിശ്ചയിക്കാനും ചാരവർഗം നിർണയിക്കാനും കഴിഞ്ഞുവെന്നതും കൃത്യമായ പ്രവർത്തനരൂപരേഖ തയ്യാറാക്കിയുള്ള പദ്ധതിആസൂത്രണം നടത്താനും പ്രയോഗത്തിൽ വരുത്താനും കൗടല്യന് കഴിഞ്ഞുവെന്നതും സമാന മാതൃക മറ്റൊരിടത്തുനിന്നും ചാരവൃത്തിചരിത്രത്തിൽ പരാമർശിച്ചിട്ടില്ല എന്നതും കൗടല്യന്റെ ചാരവൃത്തിമാതൃകയെക്കുറിച്ചുള്ള അറിവ്, നമ്മെ ജിജ്ഞാസുക്കളാക്കും.

ഗൂഢപുരുഷോൽപത്തി, സഞ്ചാരോൽപത്തി, സ്വവിഷയത്തിലെ കൃത്യാകൃത്യ പക്ഷരക്ഷണം, പരവിഷയത്തിലെ കൃത്യാകൃത്യ പക്ഷരക്ഷണം എന്നീ ഭാഗങ്ങളിലായാണ് കൗടല്യത്തിൽ ചാരവൃത്തി വിവരണം പ്രധാനമായും കാണുന്നത്.

കൗടല്യൻ ഒൻപതു തരം ചാരവർഗ്ഗത്തെയും നൂറിലേറെ ചാരന്മാരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇക്കൂട്ടരെ പ്രധനമായും മൂന്നു വിഭാഗങ്ങളായി വിഭജിച്ചിട്ടുണ്ട്:
സംസ്ഥ ഗണം, സഞ്ചാരഗണം, ഇതിൽ പെടാത്തവർ എന്നിങ്ങനെയാണ് വർഗീകരണം.
സംസ്ഥ എന്നത് അവരുടെ കേന്ദ്രത്തെ സൂചിപ്പിക്കുന്നു. ഈ ഗണത്തിൽ അഞ്ചു തരം ചാരന്മാരുണ്ട്. ആഭ്യന്തര ക്രമാസമാധാനപാലനത്തിനായി ഉദ്ദേശിച്ചുള്ള ചാരവൃത്തി ചെയ്യാനാണ് സംസ്ഥ വിഭാഗം. പ്രധാനമായും രാജാവിന്റെ സേവകരുടെ സത്യസന്ധതയും രാജാവിനോടുള്ള കൂറും മനസിലാക്കാനും പൊതുജന മനോഭാവം അറിയലുമാണ് ഇക്കൂട്ടരുടെ ജോലി.

ഈ വിഭാഗത്തിൽ കാപടികൻ, ഉദാസ്ഥിതൻ, ഗ്രഹപതിവ്യഞ്ജനൻ, വൈദേഹക വ്യഞ്ജനൻ, താപസ വ്യഞ്ജനൻ എന്നിങ്ങനെ അഞ്ചുതരം ചാരന്മാരുണ്ട്. മറ്റുള്ളവരുടെ മനസ്സറിയാൻ പ്രാപ്തരായ വിദ്യാർത്ഥി ചാരനാണ് കാപടികൻ. വിദ്യാർത്ഥികൾക്കു കുടുംബഭാരമില്ലാത്തതുകൊണ്ടു രാജാവിന്റെ കാര്യങ്ങൾ മടികൂടാതെ ചെയ്യും. മുഖസ്തുതി പറഞ്ഞ് ഇഷ്ടം കവർന്ന് കറങ്ങിനടന്ന് എവിടെ ദുർനടപടി കണ്ടാലും അറിയിക്കാൻ വിദ്യാർത്ഥിയെ ഏർപ്പാട് ചെയ്യുന്നു. ചുറ്റിനടന്ന് അന്യരുടെ രഹസ്യങ്ങളും പിണക്കങ്ങളും വിദ്യാർത്ഥി അന്വേഷിച്ചറിഞ്ഞു അറിയിക്കുന്നു.

ഉദാസ്ഥിതൻ സന്യാസിഭൃഷ്ടനും ബുദ്ധിമാനും സദാചാരവുമുള്ളവനുമായ ഒറ്റുകാരനാണ്. രാജാവ് നല്കുന്ന ഭൂമിയിൽ കൃഷി തുടങ്ങി പരിവാരത്തോടെ കഴിയണം. ലാഭം കൊണ്ട് പരിവ്രാജകരായി വരുന്നവർക്കൊക്കെ അന്നവും വസ്ത്രവും പാർപ്പിടവും നൽകണം. ആതിഥ്യം സ്വീകരിക്കുന്ന ചുറ്റിസഞ്ചരിക്കുന്നസന്യാസിമാരെ രാജാവിനുവേണ്ടി രഹസ്യവേതനം പറ്റി ജോലി ചെയ്യാൻ പ്രേരിപ്പിക്കണം. അവരെ പ്രീണിപ്പിച്ചു ഒറ്റുകാരാക്കണം എന്നതാണ് ഉദാസ്ഥിതന്റെ കർമം.

ഗൃഹപതിവ്യഞ്ജനൻ സത്യവും സദാചാരവും ഉള്ളവനായ, ഉപജീവനത്തിനു ക്ലേശിക്കുന്ന കർഷകനാണ്. അങ്ങനെയുള്ളവന് കൃഷിപ്പണിക്ക് ഭൂമി നൽകണം. കൃഷിയിൽനിന്നുള്ള ലാഭം ദാനം ചെയ്‌ത് ഉദാസ്ഥിതനെപ്പോലെ മറ്റു കർഷകരെ ഒറ്റുകാരാക്കണം.

വൈദേഹക വ്യഞ്ജനൻ സാമ്പത്തികക്ഷീണം വന്ന അറിവും സത്യസന്ധതയുമുള്ള വ്യാപാരി / വൈശ്യനാണ്. അങ്ങനെയുള്ളവർക്ക് സഹായം രാജാവ് നൽകും. അവർ അവരുടെ വ്യാപാരകേന്ദ്രങ്ങളിലെത്തുന്നവരെ പ്രേരിപ്പിച്ചു ചാരന്മാരാക്കണം.

മൂന്നുപേർ ഒരേ വിവരം തന്നെ കൊണ്ടുവന്നാൽ അത് വിശ്വസിക്കാം. ഒരിക്കൽ പറഞ്ഞതിനെ പിന്നീട് മാറ്റിപ്പറഞ്ഞാൽ അവരെ ജോലിയിൽ നിന്ന് ഒഴിവാക്കുകയോ വധിക്കുകയോ ചെയ്യണം

താപസനായി തോന്നിപ്പിക്കുന്ന മൊട്ടത്തലയനോ ജടാധാരിയോ ആയവർ നഗരത്തിൽ ആശ്രമം സ്ഥാപിച്ച് ശിഷ്യന്മാരോടൊപ്പം കഴിയണം. പൊതുജനങ്ങളിൽ വിശ്വാസം വരുത്താനായി ഒന്നോ രണ്ടോ മാസം കൂടുമ്പോൾ ഒരുപിടി ധാന്യമോ ഒന്നോ രണ്ടോ ചീരയിലയോ ഭക്ഷിക്കുന്നതായി കാണിക്കണം. ഇദ്ദേഹത്തിനു മന്ത്രതന്ത്രസിദ്ധിയുള്ളതായി ശിഷ്യന്മാർ പ്രചരിപ്പിക്കണം. ശിഷ്യരിൽ നിന്നറിയുന്ന വിവരങ്ങൾ വച്ചും ഫലമറിയാൻ വരുന്നവരുടെ സാമുദ്രികശാസ്ത്രമറിഞ്ഞും അവരുടെ കർമങ്ങളും ആഗ്രഹങ്ങളും വിവരിച്ച് ഭാവിഫലം പറയണം. സ്ഥിതിക്കനുസരിച്ച് ധനലാഭവും മറ്റും പറയണം. രാജദ്രോഹികൾക്ക് അഗ്നിഭയവും ചോരഭയവും പറയണം. രാജ്യദ്രോഹികളായ പരമദുഷ്ടന്മാർക്കു വധമായിരിക്കും ഫലമെന്നും പറയാം. രാജപ്രിയർക്ക് രാജസമ്മാനം കിട്ടുമെന്നും പ്രവചിക്കണം. ഇന്ന കാര്യം ഇന്നേടത്തു നടക്കുമെന്നും രാജാവ് ചെയ്യാൻ പോകുന്ന കാര്യവും പറയണം. പറഞ്ഞ വിവരങ്ങൾ നടപ്പാക്കാനുള്ള ഏർപ്പാട് ചെയ്യണം. പറയുന്ന ദിവസം തന്നെ ഗൂഢപുരുഷന്മാർ കവർച്ച ചെയ്യുക, തീവയ്ക്കുക എന്നിവ നടപ്പാക്കണം. സമ്മാനം കിട്ടേണ്ടവർക്ക് മന്ത്രിമാർ സമ്മാനവും എത്തിക്കണം. ആര് തക്കകാരണത്താൽ രാജാവിനെതിരെ നിൽക്കുന്നുവോ അവരെ മന്ത്രി ധനം നൽകി ഒതുക്കണം. അകാരണമായി വിമർശിക്കുകയും രാജദ്വേഷം ചെയ്യുന്നവരെ ഗൂഢവധം ചെയ്ത് ശിക്ഷിക്കുകയും വേണം

സഞ്ചാരവിഭാഗം

ഉദ്യോഗസ്ഥരെ കുറിച്ചുള്ള രഹസ്യവിവരം അലഞ്ഞുനടന്ന് ശേഖരിക്കുന്ന വിഭാഗമാണിത്. സാമുദ്രികശാസ്ത്രം, ചെപ്പടിവിദ്യ, ഇന്ദ്രജാലം, ആശ്രമധർമം, നിമിത്തശാസ്ത്രം, പക്ഷിശാസ്ത്രം എന്നിവയോ കാമശാസ്ത്രം പാട്ടായോ നൃത്തമായോ പഠിക്കുന്നവരോ ആയ, രാജസംരക്ഷണയിൽ കഴിയുന്ന ഉറ്റവരില്ലാത്തവരാണ് സത്രീകൾ. മറ്റൊരു വിഭാഗമാണ് തീക്ഷ്ണർ. സ്വന്തം ജീവനെ ഗൗനിക്കാതെ പണത്തിനുവേണ്ടി ആനയെയും മറ്റു വന്യമൃഗങ്ങളെയും ക്രൂരമായി കൊല്ലുന്ന ശൂരന്മാരാണിവർ.
വേറൊരു വിഭാഗമാണ് രസദന്മാർ. ബന്ധുസ്നേഹമില്ലാത്ത ക്രൂരന്മാരും അലസന്മാരുമാണിവർ. വിഷം കൊടുക്കാൻപോലും മടിയില്ലാത്തവർ. സഞ്ചാരികളായ ചാരന്മാരിൽ ഉൾപ്പെട്ട സ്ത്രീകളാണ് ഭിക്ഷുകി. ധനമോഹവും ബുദ്ധിയുമുള്ള ബ്രാഹ്മണവിധവകളാണിവർ. ഇക്കൂട്ടത്തിൽ ബുദ്ധഭിക്ഷുണികളും ശൂദ്രസ്ത്രീകളും ഉൾപ്പെടും. പരിവ്രാജകരെപോലെ സഞ്ചരിച്ച് രഹസ്യങ്ങൾ ചോർത്തുന്നവരാണ് ഭിക്ഷുകി.

സംസ്ഥയിലും സഞ്ചാരവർഗ്ഗത്തിലും പെടാത്തവരാണ് ഉഭവേതനക്കാർ. സ്വരാജ്യത്തിൽ നിന്നും ശത്രുരാജ്യത്തിൽനിന്നും വേതനം പറ്റുന്ന ഡബ്ൾ ഏജന്റായി പ്രവർത്തിക്കുന്ന ചാരന്മാരാണിവർ.

കുട പിടിക്കുന്നവരായും വെള്ളപ്പാത്രം എടുക്കുന്നവരായും വിശറി എടുക്കുന്നവരായും  ചെരുപ്പെടുക്കുന്നവരായും ഇരിപ്പിടം ചമക്കുന്നവരായും മഞ്ചൽ ചുമക്കുന്നവരായും കുതിരക്കാരായും മന്ത്രിമാരുടെ അടുക്കൽ പെരുമാറികൊണ്ട് അവരുടെ രഹസ്യങ്ങൾ  തീക്ഷ്ണന്മാർ അറിയണം.
കുട പിടിക്കുന്നവരായും വെള്ളപ്പാത്രം എടുക്കുന്നവരായും വിശറി എടുക്കുന്നവരായും ചെരുപ്പെടുക്കുന്നവരായും ഇരിപ്പിടം ചമക്കുന്നവരായും മഞ്ചൽ ചുമക്കുന്നവരായും കുതിരക്കാരായും മന്ത്രിമാരുടെ അടുക്കൽ പെരുമാറികൊണ്ട് അവരുടെ രഹസ്യങ്ങൾ തീക്ഷ്ണന്മാർ അറിയണം.

ആഭ്യന്തര ചാരപ്പണി

സ്വന്തം നാട്ടിൽ മന്ത്രി, പുരോഹിതൻ, സേനാപതി, യുവരാജാവ്, വാതിൽ കാവൽക്കാരൻ, കൊട്ടാര രക്ഷാഭടന്മാരുടെ തലവൻ, വിഭവസമാഹരണ വിതരണ ഉദ്യോഗസ്ഥർ, ന്യായാധിപതി, സൈന്യത്തലവൻ, പുരമുഖ്യൻ, മുഖ്യമന്ത്രി, പട നായകൻ, ദുർഗപാലൻ, അതിർത്തി പാലകൻ, വനപാലകൻ ഇവരുടെ സത്യസന്ധത, സദാചാരം, രാജക്കൂറ് എന്നിവ അറിഞ്ഞുവരാൻ വിശ്വാസ്യമായ പ്രച്ഛന്നവേഷരായി ചാരന്മാരെ രാജാവ് വിടണം. ഇവരിൽനിന്ന് ഉദ്യോഗസ്ഥരുടെ രഹസ്യവിവരം രാജാവിനു ലഭിക്കും.

കുട പിടിക്കുന്നവരായും വെള്ളപ്പാത്രം എടുക്കുന്നവരായും വിശറി എടുക്കുന്നവരായും ചെരുപ്പെടുക്കുന്നവരായും ഇരിപ്പിടം ചമക്കുന്നവരായും മഞ്ചൽ ചുമക്കുന്നവരായും കുതിരക്കാരായും മന്ത്രിമാരുടെ അടുക്കൽ പെരുമാറികൊണ്ട് അവരുടെ രഹസ്യങ്ങൾ തീക്ഷ്ണന്മാർ അറിയണം. അവയെ സ്ത്രീകൾ സംസ്ഥ വഴി രാജസമക്ഷം അറിയിക്കണം.

പാചകക്കാരൻ, പലഹാരപ്പണിക്കാർ, കുളിപ്പിക്കുന്നവൻ, തിരുമ്മൽകാരൻ കിടക്ക വിരിക്കുന്നവൻ, ഉദകപരിചാരകൻ എന്നിവരായി പെരുമാറുന്ന രസദകന്മാർ, കൂനൻ, മുണ്ടൻ, കിരാതൻ, മൂകൻ, ബധിരൻ, ജഡൻ, അന്ധൻ എന്നിവരായി നടിക്കുന്നവരും (കൗടലീയത്തിൽ ബോഡിഷെമിങ് കുറ്റമാണെന്ന് മറ്റൊരിടത്തു പറയുന്നുണ്ട് ), നടൻ, ഗായകൻ, നർത്തകൻ, വാദകൻ, വിദൂഷകൻ, കുശീലവൻ എന്നിവരെന്നു നടിക്കുന്നവരും സ്ത്രീകളും രഹസ്യങ്ങളറിയണം. അതിനെ ഭിക്ഷുകികൾ സംസ്ഥയിൽ അറിയിക്കണം . ഇക്കാര്യം അന്തേവാസികളും ചാരന്മാരും പരസ്പരം അറിയാനും പാടില്ല.

ഭിക്ഷുകികൾക്ക് അകത്തു കടക്കാൻ ബുദ്ധിമുട്ടുള്ള സ്ഥലങ്ങളിൽ വാതിൽ കാവൽക്കാരുടെ പരമ്പരയോ അന്തഃപുരത്തിൽ പെരുമാറുന്നവരുടെ മാതാപിതാക്കളായി നടിക്കുന്ന ഗൂഢപുരുഷന്മാരോ ശില്പികളോ കഥപറച്ചിലുകാരോ ദാസികളോ ആയവർ ഗീതം, പാഠ്യം, വാദ്യോപകരണങ്ങൾ എന്നിവ മുഖേനെയോ ഗൂഢ എഴുത്തിലൂടേയോ സംജ്ഞകൾ വഴിയോ ചാരനിർവഹണം നടത്തണം. വിവരം ലഭിച്ചാലുടൻ ആർക്കെങ്കിലും രോഗമാണെന്നോ മറ്റു കാരണങ്ങൾ പറഞ്ഞോ കള്ളം പറഞ്ഞ് രഹസ്യമായി പുറത്തുപോകണം. നിഗൂഢമായി ശേഖരിക്കുന്ന വിവരങ്ങളെ സംസ്ഥയിൽ അറിയിക്കണം. താപസവ്യഞ്ജനാ ദികളുടെ ശിഷ്യന്മാർ എഴുതി രാജാവിനെ അറിയിക്കണം.

മൂന്നുപേർ ഒരേ വിവരം തന്നെ കൊണ്ടുവന്നാൽ അത് വിശ്വസിക്കാം. ഒരിക്കൽ പറഞ്ഞതിനെ പിന്നീട് മാറ്റിപ്പറഞ്ഞാൽ അവരെ ജോലിയിൽ നിന്ന് ഒഴിവാക്കുകയോ വധിക്കുകയോ ചെയ്യണം. കണ്ടകശോധനത്തിൽ പറഞ്ഞ ചാരന്മാർ ശത്രുരാജ്യത്തുനിന്ന് ശമ്പളം പറ്റി അവിടത്തെ ചാരവലയത്തിൽ പ്രവർത്തിച്ച് തങ്ങളുടെ രാജാവിനെ സഹായിക്കുന്നു. തങ്ങളുടെ ചാരന്മാരുടെ പ്രവൃത്തി സുഗമമാക്കാനും ശത്രുചാരന്മാരെ തടയാനും അവർക്കു രണ്ടിടത്തുനിന്നും ശമ്പളം കിട്ടും. അവർ സത്യസന്ധരാണെങ്കിൽ അവരുടെ കുടുംബങ്ങളെ രാജാവ് സംരക്ഷിക്കണം. ഇങ്ങനെ ശത്രു, മിത്രം, ഉദ്യോഗസ്ഥർ ഇവരെയെല്ലാം ഇടയ്ക്കിടയ്ക്കു രഹസ്യമായി പരിശോധിക്കണം.

രാജാവിന്റെ സമ്പത്ത് ആശ്രയിച്ച് ജീവിക്കുന്നവർ, സുഖദുഃഖങ്ങളിൽ ഒരുപോലെ രാജാവിനോട് താല്പര്യം കാണിക്കുന്ന ഉദ്യോസ്ഥരല്ലാത്തവർ, രാജാവിന്റെ ശത്രുക്കളുടെ കോപം അകറ്റുന്നവർ, ശത്രുക്കളെ എതിർക്കുന്നവർ എന്നിവരെയെല്ലാം ജടാധാരികളായ ഗൂഢപുരുഷന്മാർ വഴി തിരിച്ചറിയണം.

പ്രലോഭനങ്ങൾ

പൗരന്മാരെ രഹസ്യമായി പരിശോധിക്കണം. ആളുകൾ കൂടുന്നിടത്തുപോയി രണ്ടു സ്ത്രീകൾ വിവാദത്തിലേർപ്പെടണം. രാജാവ് വലിയ തുകകൾ കരമായും പിഴയായും ഈടാക്കുന്ന ദുഷ്ടനാണെന്നു ഒരാൾ പറയണം. ജനങ്ങളെ പീഡിപ്പിക്കുന്നതിനോട് ആൾക്കൂട്ടത്തിൽ ചിലർ യോജിക്കാം. മറ്റെയാൾ ഇതൊക്കെ ജനക്ഷേമത്തിനു വേണ്ടിയാണെന്നും അതുകൊണ്ടു രാജാവിനെ വെറുക്കുന്നത് ശരിയല്ലെന്നും സമർത്ഥിച്ച് ആളുകൾക്കിടയിലെ തെറ്റായ അഭിപ്രായങ്ങൾ നീക്കണം. രാജാവിനെക്കുറിച്ചുള്ള കിംവദന്തികൾ സ്ത്രീകൾ മനസിലാക്കണം.

രാജാവിന്റെ സമ്പത്ത് ആശ്രയിച്ച് ജീവിക്കുന്നവർ, സുഖദുഃഖങ്ങളിൽ ഒരുപോലെ രാജാവിനോട് താല്പര്യം കാണിക്കുന്ന ഉദ്യോസ്ഥരല്ലാത്തവർ, രാജാവിന്റെ ശത്രുക്കളുടെ കോപം അകറ്റുന്നവർ, ശത്രുക്കളെ എതിർക്കുന്നവർ എന്നിവരെയെല്ലാം ജടാധാരികളായ ഗൂഢപുരുഷന്മാർ വഴി തിരിച്ചറിയണം. പ്രീതിയുള്ളവരെ സഹായിച്ചു കൂടുതൽ പ്രീതിയുള്ളവരാക്കണം. അസന്തുഷ്ടരെ ധനം കൊടുത്തു പ്രസന്നരാക്കണം. അപ്പോഴും സന്തുഷ്ടരാകുന്നില്ലെങ്കിൽ അവരെ പരസ്പരം പ്രലോഭിപ്പിക്കണം. നന്നാകാത്തവരെ ജനങ്ങൾക്ക് വെറുപ്പുള്ള കരം പിരിവ് ജോലികളേർപ്പെടുത്തി ജനങ്ങളുടെ വിരോധത്തിന് പാത്രരാക്കണം. ശരിയാകാത്തവരെ ജനകോപം കൊണ്ടോ ഗൂഢ വധം കൊണ്ടോ ഹിംസിക്കണം. അല്ലെങ്കിൽ കുടുംബസംരക്ഷണം ഉറപ്പുവരുത്തി അവരെ ഖനികളിൽ താമസിപ്പിക്കണം. അങ്ങനെ ചെയ്യാത്തപക്ഷം അവർ ശത്രുക്കൾക്കിരയാകുമെന്നു ഭയപ്പെടണം. ഉദ്യോഗസ്ഥന്മാരിൽ ക്രോധമുള്ളവർ, ഭീരുക്കൾ, മാനഹാനി വന്നവർ തുടങ്ങിയുള്ളവരെ ശത്രുക്കൾ ആക്രമിക്കാനിടയുണ്ട്. കൈനോട്ടക്കാർ പക്ഷിശാസ്ത്രം പറയുന്നവർ മുതലായവരുടെ വേഷത്തിൽ സദാ ഇവരെ നിരീക്ഷിക്കണം. പ്രമാണിയായാലും സാധാരണക്കാരായാലും ശത്രുവിന്റെ ഗൂഢമായ ദുഷ്പ്രേരണയിൽ വീണുപോകാതെ രാജാവ് സംരക്ഷിക്കണം.

ശത്രുക്കളുടെ പ്രലോഭനങ്ങൾക്കു വഴങ്ങുന്നവരാണ് കൃത്യർ. വഴങ്ങാത്തവരാണ് അകൃത്യർ. ഇത്തരക്കാരെ സ്വപക്ഷത്തേക്ക് അടുപ്പിക്കുന്നതിനുള്ള മാർഗങ്ങളാണ് ഈ ഭാഗത്തു വിവരിക്കുന്നത്. പ്രലോഭനങ്ങൾക്കു വഴങ്ങുന്ന കൃത്യർ, ക്രുദ്ധവർഗം, ഭീതവർഗം, ലുബ്ധവർഗം, മാനി വർഗം എന്നിങ്ങനെ നാലു തരമാണ്. അങ്ങനെയുള്ളവരുടെ പരസ്പരബന്ധവും അവർക്ക് ശത്രുവിനോടും അതിർത്തികാക്കുന്നവരോടുമുള്ള സംബന്ധവും ജോൽസ്യന്മാർ, നിമിത്തശാസ്ത്രം പറയുന്നവർ, മുഹൂർത്തം പറയുന്നവർ എന്നിവരുടെ വേഷത്തിൽ പ്രവർത്തിക്കുന്ന ഗൂഢപുരുഷന്മാർ മനസിലാക്കണം . അവരിൽ ധനമോഹികളുണ്ടെങ്കിൽ അതു നല്കി സന്തോഷിപ്പിക്കണം. അല്ലാത്തവരെ സമാദാനഭേദദണ്ഡങ്ങളെകൊണ്ട് ഒതുക്കണം.

പരവിഷയങ്ങൾ

ക്രുദ്ധവർഗത്തിൽ 16 തരം ആൾക്കാരുണ്ട്. ധനം വാഗ്ദാനം ചെയ്ത് ലഭിക്കാതെ വഞ്ചിതരായവർ, തുല്യ ജോലിക്ക് തുല്യ വേതനം കിട്ടാതെ അപമാനിതരായവർ, രാജസേവകന്മാരാൽ തടുക്കപ്പെട്ടവർ, ക്ഷണിച്ചു വരുത്തി ധിക്കരിക്കപ്പെട്ടവർ, ദേശാന്തരത്തിൽ വസിച്ചു ക്ലേശം അനുഭവിച്ചവർ, ധനവ്യയം ചെയ്ത് കാര്യം സാധിക്കാത്തവർ, സ്വധർമത്തിൽനിന്നോ ദായത്തിൽനിന്നോ ഉപരോധിക്കപ്പെട്ടവർ, അധികാരത്തിൽനിന്ന് നീക്കപ്പെട്ടവർ, രാജാജ്ഞയാൽ വീട്ടുകാർ മറയ്ക്കപ്പെടുന്നവർ, ഭാര്യയെ ബലാൽസംഗം ചെയ്തവൻ, കാരാഭിന്യസ്തൻ, വിചാരണ കൂടാതെ ശിക്ഷിക്കപ്പെട്ടവൻ, ആചാരവിലക്കുള്ളവൻ, മുതൽ സർക്കാരിലേക്കെടുത്തവൻ, ബന്ധനത്താൽ ക്ലേശിച്ചവൻ, പ്രവാസിത ബന്ധുവായിട്ടുള്ളവൻ എന്നിങ്ങനെയുള്ളവരെല്ലാം ക്രുദ്ധവർഗത്തിൽപെടുന്നവരാണ്.

ചാരന്മാരെ എങ്ങനെയൊക്കെ ഏർപ്പാടാക്കണമെന്നും അവർ എത്തരത്തിലുള്ളവരായിരിക്കണമെന്നും അവരോരുത്തരും എങ്ങനെയാണ് ചാരപ്പണി നിർവഹിക്കേണ്ടതെന്നും കൗടല്യൻ വിസ്തരിച്ചു അവതരിപ്പിച്ചതിനുശേഷം ഇക്കൂട്ടരെ ആഭ്യന്തരമായും പരദേശീയവുമായി എങ്ങനെ രാജാവ് പ്രയോജനപ്പെടുത്തണമെന്നും വ്യക്തമാക്കുന്നു
ചാരന്മാരെ എങ്ങനെയൊക്കെ ഏർപ്പാടാക്കണമെന്നും അവർ എത്തരത്തിലുള്ളവരായിരിക്കണമെന്നും അവരോരുത്തരും എങ്ങനെയാണ് ചാരപ്പണി നിർവഹിക്കേണ്ടതെന്നും കൗടല്യൻ വിസ്തരിച്ചു അവതരിപ്പിച്ചതിനുശേഷം ഇക്കൂട്ടരെ ആഭ്യന്തരമായും പരദേശീയവുമായി എങ്ങനെ രാജാവ് പ്രയോജനപ്പെടുത്തണമെന്നും വ്യക്തമാക്കുന്നു

സ്വന്തം പ്രവൃത്തിദോഷത്താൽ നശിച്ചവൻ, ദുഷ്പ്രവൃത്തിക്കാരാണെന്നു കുപ്രസിദ്ധിയുള്ളവൻ നിന്ദിക്കപ്പെട്ടവൻ, തന്നെ പോലെ കുറ്റം ചെയ്ത മറ്റൊരുവനെ ശിക്ഷിക്കുന്നതുകണ്ടു പേടിച്ചവൻ, ഭൂമി പിടിച്ചടക്കപെട്ടവൻ, തടവുപുള്ളി, ക്ഷിപ്രധാനസമ്പാദകൻ, അന്യ ധനം ആശിക്കുന്നവൻ, രാജദ്വേഷി, രാജശത്രു എന്നീ കൂട്ടർ ഭീതിവർഗമാകുന്നു. ധനമെല്ലാം നശിച്ചവൻ, ധനം രാജാവെടുത്തവൻ, ലുബ്ധൻ, ദുർഗുണമുള്ളവൻ, അമിത ഇടപാടുകാരൻ തുടങ്ങിയവരെല്ലാം ലുബ്ധവർഗക്കാരാണ്.

സ്വാഭിമാനി, ശത്രുവിന് ബഹുമാനം കിട്ടിയതിൽ അമർഷമുള്ളവൻ, വേണ്ടത്ര മാനിക്കപ്പെടാത്തവൻ, തീക്ഷ്ണൻ, സാഹസികൻ, ഭോഗാസന്തുഷ്ടൻ എന്നിവരാണ് മാനിവർഗത്തിലുള്ളത്. ഇവരിൽ ഒരുവന് ആശ ഏതിലാണെന്നറിഞ്ഞ് ഗൂഢപുരുഷന്മാരെക്കൊണ്ട് അത് കൊടുപ്പിച്ചു ശമിപ്പിക്കുക.

അന്ധനായി പൗരജനങ്ങളെ പീഡിപ്പിക്കാൻ പ്രവർത്തിക്കുന്ന ഈ രാജാവിനെ നശിപ്പിക്കുവാൻ പ്രതിയോഗിയോട് ചേരാൻ ക്രുദ്ധനോട് ഉപദേശിക്കുക. നിന്നോട് ദോഷശങ്കയുള്ള ഈ രാജാവ് നിന്നെ ഉപദ്രവിക്കും, അതുകൊണ്ട് നീ മറ്റൊരിടത്തേക്ക് പോവുക എന്ന് ഭീതിവർഗ്ഗത്തെ ഉപദേശിക്കണം. മാനിവർഗത്തോട്, ഈ രാജാവ് ചണ്ഡാളരുടെ കിണർ അവർക്കുമാത്രമേ ഉപയോഗിക്കാനാവൂ, മറ്റുള്ളവർക്ക് പ്രയോജനമില്ല, അതുപോലെ നീചനായ ഈ രാജാവ് നീചന്മാർക്കെ പ്രയോജനമുള്ളൂ, നിന്നെപ്പോലെയുള്ള മാന്യന്മാർക്ക് പ്രയോജനമില്ല, അതുകൊണ്ട് ആര്യന്മാരെ മാനിക്കുന്ന രാജാവിന്റെയടുക്കൽ പോവുക എന്ന് ഉപദേശിക്കണം. ഇങ്ങനെ രാജാവിന്റെ ദോഷങ്ങൾ അവർക്കു ബോധ്യപ്പെടുത്തികൊടുക്കണം. എന്നിട്ടും രാജ്യത്തേക്കു വന്നാൽ യോഗ്യതയനുസരിച്ചുള്ള ജോലികളിൽ നിയമിക്കാം. സാമവും ദാനവും അവർക്കു കൊടുക്കാം. അകൃത്യർക്കു ഭേദവും ദണ്ഡവും കൊടുക്കണം.

ചാരന്മാരെ എങ്ങനെയൊക്കെ ഏർപ്പാടാക്കണമെന്നും അവർ എത്തരത്തിലുള്ളവരായിരിക്കണമെന്നും അവരോരുത്തരും എങ്ങനെയാണ് ചാരപ്പണി നിർവഹിക്കേണ്ടതെന്നും കൗടല്യൻ വിസ്തരിച്ചു അവതരിപ്പിച്ചതിനുശേഷം ഇക്കൂട്ടരെ ആഭ്യന്തരമായും പരദേശീയവുമായി എങ്ങനെ രാജാവ് പ്രയോജനപ്പെടുത്തണമെന്നും വ്യക്തമാക്കുന്നു. സ്വപക്ഷത്തെ ശാക്തീകരിക്കാനും ഭരണനിർവഹണം കാര്യക്ഷമമാക്കാനും ചാരപ്പണിയെ രാജാവ് ഭരണതന്ത്രമായി ഉപയോഗിക്കണമെന്ന വിശ്വാസത്തെ അടിവരയിട്ടുറപ്പിക്കുകയായിരുന്നു കൗടല്യൻ. ഭരണത്തോടൊപ്പം നിലനിറുത്തേണ്ട രാഷ്ട്രീയ തന്ത്രവൈദഗ്‌ധ്യമാണ് ചാരപ്പണിയെന്നു പണ്ടേ ഇന്ത്യയിൽ പ്രയോഗിച്ചു തെളിയിച്ചിരുന്നുവെന്ന പാഠമാണ് കൗടലീയം പങ്കിടുന്നത്.

കൗടല്യൻ മൂന്നോ നാലാ മന്ത്രിമാർ വേണമെന്ന് നിർദേശിച്ചു. ഒരാളായാൽ പല പ്രധാന തീരുമാനങ്ങളും എടുക്കാൻ കഴിയില്ല. രണ്ടുപേരായാൽ അവർ കൂട്ടുചേർന്ന് രാജാവിനെ ഒറ്റപ്പെടുത്തും.

മന്ത്രാധികാരം

രാജാവിന്റെ കാര്യാലോചനയെകുറിച്ചും മന്ത്രിസഭാ യോഗത്തെക്കുറിച്ചുമുള്ള പ്രകരണമാണ് മന്ത്രാധികാരം. ചാരവലയം ഉപയോഗിച്ച് സ്വപക്ഷത്തേയും പരപക്ഷത്തേയും കീഴ്‌പ്പെടുത്തിയശേഷം രാജാവ് കാര്യലോചനയെ കുറിച്ചു ചിന്തിക്കണം. മന്ത്രം എന്നാണ് കാര്യാലോചനയെ പറയുന്നത്. കാര്യാലോചനക്കുശേഷമേ ഏതൊരു കാര്യവും ചെയ്യാവൂ. കാര്യാലോചന രാജ്യതന്ത്രമാണ്. തന്റെ രാജ്യം രക്ഷിച്ച് തങ്ങളുടെ വരുമാനം ഉയർത്തുന്നതാണ് തന്ത്രവും ആവാപവും. രക്ഷിക്കുന്നത് തന്ത്രം, കൂട്ടിച്ചേർക്കൽ ആവാപം. ഇതുരണ്ടും രഹസ്യമായി തീരുമാനിക്കുന്നത് മന്ത്രം ആയതിനാൽ മന്ത്രാധികാരം എന്നാണ് ഇത് അന്നറിയപ്പെട്ടിരുന്നത്. ഇക്കാലത്തെ മന്ത്രിസഭായോഗത്തിനു സമാനമാണിതെന്നു മനസിലാക്കാം. സംസാരം പുറത്തുകേൾക്കാതിരിക്കാനും ആരും വീക്ഷിക്കാതിരിക്കാനുമായി ഗൂഢസ്ഥാനത്തിരുന്നുവേണം കാര്യാലോചന നടത്താൻ. മന്ത്രശാലക്കടുത്തു വിളിക്കാത്തവരായ അധികാരമില്ലാത്ത ആരും വന്നുകൂടാ. മന്ത്രത്തിന്റെ രഹസ്യം ഗോപ്യമായിരിക്കണം. മന്ത്രത്തിൽ ഏർപ്പെടുന്ന ആരും ഇത് പരസ്യമാക്കാൻ പാടില്ല. രഹസ്യം പുറത്തുപറയുന്നവനെ വധിക്കണം എന്നാണ് കൗടല്യപക്ഷം. കാര്യം നടപ്പിലാക്കുന്നതുവരെ തീരുമാനങ്ങളുടെ രഹസ്യസ്വഭാവം നിലനിർത്തണം. മന്ത്രത്തിൽ പങ്കെടുക്കുന്നവർക്കുണ്ടാകുന്ന അനവധാനത, മദ്യപാനം, ഉറക്കത്തിൽ പറയൽ, കാമം മുതലായവയും ഗർവും മന്ത്രത്തെ പരസ്യമാക്കാനിടയുള്ള സംഗതികളാണ്. രഹസ്യം പുറത്താകുന്നതിനെയാണ് മന്ത്രഭേദം എന്ന് കൗടല്യൻ പറയുന്നത്. രഹസ്യമായി ആരെങ്കിലും ഒളിഞ്ഞിരുന്നു കേട്ടും രഹസ്യം പുറത്താകാനിടയുണ്ട്. പ്രച്ഛന്നനോ അവമാനിക്കപ്പെട്ടവനോ ആയ പുരുഷനും രഹസ്യത്തെ പുറത്തുപറയാനിടയുണ്ട്. ഇവയിൽനിന്നൊക്കെ മന്ത്രത്തെ രക്ഷിക്കണം. മന്ത്രഭേദം രാജാവിനെയും ഒപ്പമുള്ളവരുടെയും യോഗക്ഷേമങ്ങൾ നശിക്കാൻ കാരണമാകും. മന്ത്രിസഭായോഗ തീരുമാനങ്ങൾക്ക് അത്രമാത്രം രഹസ്യസ്വഭാവം വേണമെന്ന് ആചാര്യന്മാർ നിഷ്കർഷിച്ചിരുന്നു.

രഹസ്യം പരസ്യമാകാതിരിക്കാനായി രാജാവ് മാത്രമായി മന്ത്രം ചെയ്യണമെന്നും അഭിപ്രായമുണ്ടായിരുന്നു. ഒറ്റയ്ക്കായി തീരുമാനങ്ങൾ കൈകൊള്ളുന്നത് എല്ലായ്പ്പോഴും ശരിയാകണമെന്നില്ല. അതുകൊണ്ട് മന്ത്രിമാർക്കൊപ്പമുള്ള കൂടിയാലോചനയാണ്‌ വേണ്ടതെന്ന വാദവുമുണ്ടായിരുന്നു. മന്ത്രികളും അവരുടെ പിണിയായികളും ചേർന്ന പരമ്പര മന്ത്രത്തെ പരസ്യമാക്കാനുള്ള സാധ്യതയും അന്നേ നിരീക്ഷിച്ചിരുന്നു. ദൂതൻ, അമാത്യൻ, രാജാവ് എന്നിവരുടെ ബോധപൂർവമല്ലാത്ത പ്രവർത്തനം കൊണ്ട് മന്ത്രഭേദം സംഭവിക്കാം. പരസ്യമാകുന്നത് ഒഴിവാക്കാൻ രാജാവ് ഒരു മന്ത്രിയുമായി കൂടിയാലോചന നടത്തണം. അത് ശരിയല്ല, മന്ത്രിമാരുടെയെല്ലാം അഭിപ്രായങ്ങൾ പരിഗണിച്ചുള്ള തീരുമാനമാണ് വേണ്ടതെന്ന് അഭിപ്രായവുമുണ്ട്. പ്രത്യേക സാമർഥ്യമുള്ള മന്ത്രിയോട് ചോദിക്കണമെന്ന അഭിപ്രായവും അന്നുണ്ടായിരുന്നു.

കൗടല്യൻ മൂന്നോ നാലാ മന്ത്രിമാർ വേണമെന്ന് നിർദേശിച്ചു. ഒരാളായാൽ പല പ്രധാന തീരുമാനങ്ങളും എടുക്കാൻ കഴിയില്ല. രണ്ടുപേരായാൽ അവർ കൂട്ടുചേർന്ന് രാജാവിനെ ഒറ്റപ്പെടുത്തും. മൂന്നോ നാലോ പേരാണെങ്കിൽ ഈ ദോഷങ്ങൾ ഉണ്ടാകില്ല. നാലിൽ കൂടുതലായാൽ തീരുമാനം വൈകും. വിഷയത്തിന്റെ സ്ഥലകാലഭേദമനുസരിച്ച് ഒന്നുരണ്ടു പേരോട് മാത്രമായും ആലോചിക്കാം എന്നാണ് കൗടല്യപക്ഷം.

മന്ത്രത്തിന് അഞ്ചു അംഗങ്ങളുണ്ട്:
കാര്യങ്ങളുടെ ആരംഭോപായം, പുരുഷദ്രവ്യസമ്പത്ത് (ആളും അർത്ഥവും), ദേശകാലവിഭാഗം, വിനിപാതപ്രതികാരം (പരാജയം വരാതിരിക്കാനുള്ള സംവിധാനം), കാര്യസിദ്ധി എന്നിവയാണ്. എന്തിനെ കുറിച്ചും രാജാവ് മന്ത്രിമാരോട് ആലോചിച്ചു തീരുമാനിക്കണം. അത് ഉടൻ നടപ്പാക്കുകയും വേണം. പല ആചാര്യന്മാരും 12 മുതൽ 20 പേരെ നിർദേശിച്ചിട്ടുണ്ട്. സാമർഥ്യമാണ് പ്രധാനമെന്ന് കൗടല്യൻ.

കാര്യങ്ങളിൽ തീരുമാനമെടുക്കുമ്പോൾ രാജാവിന്റെ സ്വ -പര പക്ഷങ്ങളെ കുറിച്ച് മന്ത്രിമാർ ചിന്തിക്കണം. ചെയ്യാത്തത് ചെയ്തുതുടങ്ങണം. തുടങ്ങിയവ പൂർത്തിയാക്കണം. രക്ഷാവിധി മന്ത്രിമാർ ചെയ്യണം. രാജാവ് അടുത്തുള്ള മന്ത്രിയുമായി ഓരോ കാര്യത്തിന്റെയും മേൽനോട്ടം വഹിക്കണം. അകലെയുള്ളവരെ ഓല അയച്ചു വിവരം അറിയിക്കണം. അടിയന്തരമായ കാര്യങ്ങൾ വരുമ്പോൾ അമാത്യന്മാരെയും മന്ത്രിപരിഷത്തിനെയും വിളിച്ചുകൂട്ടി ആലോചിക്കണം. ഭൂരിപക്ഷാഭിപ്രായം സ്വീകരിക്കണം. ശത്രുവിന്റെ രഹസ്യം അറിയണം.

മന്ത്രാധികാരത്തിൽ രാജാവ് മന്ത്രിസഭായോഗം കൂടി രഹസ്യമായി തന്ത്രപരമായ തീരുമാനങ്ങൾ കൈകൊള്ളുന്നതിന് നൽകിയിരുന്ന പ്രാധാന്യവും രഹസ്യസ്വഭാവവും ഒന്നൊന്നായി വിവരിക്കുകയാണ് കൗടല്യൻ. തുടർന്ന്, രാജാവിന് ദൂതരെ തെരഞ്ഞെടുക്കലും പറഞ്ഞയക്കലുമാണ് മുഖ്യ ഉത്തരവാദിത്തം.


Summary: Espionage in Chanakya 's text, M Sreenathan's column, Vivechanathinte Artha Sastrem continues.


എം. ശ്രീനാഥൻ

ഭാഷാ സംസ്‌കാര ഗവേഷകൻ, ഗ്രന്ഥകാരൻ, പ്രഭാഷകൻ.സമരകോശം, ചട്ടമ്പിസ്വാമികളുടെ ജ്ഞാനാനവോത്ഥാനം എന്നിവയാണ് സമീപകാല പഠനങ്ങൾ.

Comments