സാമൂതിരി രാജവംശത്തിന് നൽകിയ 19.5 കോടി രാജാധികാരത്തിന് നൽകിയ അടിമപ്പണമാണ്

പ്രിവി പഴ്‌സും സവിശേഷ അധികാരങ്ങളും ലഭിക്കുന്ന റൂളർഷിപ്പ്​ എന്ന ആശയം സമത്വാധിഷ്ഠിത സാമൂഹിക വ്യവസ്ഥിതിക്ക് എതിരാണെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ നാട്ടു രാജ്യങ്ങളുടെ ഭരണാധികാരികളായിരുന്നവർക്ക് നൽകിക്കൊണ്ടിരുന്ന സവിശേഷ അധികാരങ്ങൾ നിർത്തലാക്കാൻ ഇന്ദിരാഗാന്ധി സർക്കാർ തീരുമാനിച്ചത്​. എന്നാൽ, രാജകുടുംബങ്ങളുടെ അധികാരം ജനാധിപത്യത്തിലും വകവെച്ചുകൊടുക്കുകയാണ്​ അവർക്ക്​ നൽകുന്ന കോടികളുടെ പ്രത്യേക അലവൻസുകളിലൂടെ എൽ.ഡി.എഫ്​, യു.ഡി.എഫ്​ സർക്കാറുകൾ

""കേന്ദ്ര സർക്കാർ നൽകുന്ന മാലിഖാന പെൻഷൻ 1960 മുതലും സംസ്ഥാന സർക്കാർ നല്കുന്ന പ്രത്യേക അലവൻസ് ആയി പ്രതിമാസം 2500 രൂപ വീതം 2013 വർഷം മുതലും നൽകി വരുന്നുണ്ട്. 2013 മുതൽ നാളിതുവരെയായി പത്തൊൻപത് കോടി അൻപത്തിയൊന്ന് ലക്ഷത്തി എൺപത്തിയൊന്നായിരത്തി അഞ്ഞൂറ് രൂപ (സാമൂതിരി രാജകുടുംബത്തിനു മാത്രം)വിതരണം ചെയ്തിട്ടുണ്ട്.''

(കേരളത്തിലെ രാജകുടുംബങ്ങൾക്ക് നൽകി വരുന്ന ധനസഹായത്തെ സംബന്ധിച്ച് സെപ്തംബർ നാലിന് പി.ടി.എ. റഹീം ഉന്നയിച്ച ചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ നൽകിയ മറുപടി.)

സ്വാതന്ത്ര്യാനന്തരം നാട്ടുരാജ്യങ്ങൾക്ക് വാർഷികാടിസ്ഥാനത്തിൽ നൽകിപ്പോന്ന "പ്രിവി പഴ്‌സ്' (രാജകുടുംബങ്ങളുടെ സ്വകാര്യ ചെലവിന് പൊതുഖജനാവിൽ നിന്ന് നൽകുന്ന ധനസഹായം) സമ്പ്രദായം 1971ൽ ഇന്ദിരാ ഗാന്ധി സർക്കാർ ഭരണഘടനാ നിയമഭേദഗതിയിലൂടെ നിർത്തലാക്കിയിരുന്നു. 2013-ൽ ഉമ്മൻചാണ്ടി സർക്കാറിന്റെ കാലത്താണ് സാമൂതിരി രാജകുടുംബത്തിന് പ്രത്യേകം അലവൻസ് നൽകാൻ തീരുമാനമായത്. ഇത്തരത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകളിൽ നിന്ന് ധനസഹായം കെെപ്പറ്റുന്ന 37 രാജകുടുംബങ്ങളാണ് കേരളത്തിലുള്ളത്.

"കേവലം മാനുഷിക പ്രകടനമല്ല, കേരളത്തിന്റെ പുരോഗതിക്കായി അവർ നൽകിയ സമ്പത്തിനുള്ള മാന്യമായ നഷ്ടപരിഹാരമാണ് ഇത്' എന്നായിരുന്നു സാമൂതിരി രാജകുടുംബാംഗങ്ങൾക്ക് പ്രത്യേക അലവൻസ് അനുവദിക്കുന്നതിനുള്ള ഉമ്മൻചാണ്ടി സർക്കാരിന്റെ ന്യായം. 2013-ൽ അലവൻസ് നൽകാൻ ആരംഭിച്ചപ്പോൾ 826 അംഗങ്ങളായിരുന്നു സാമൂതിരി രാജകുടുംബത്തിൽ ഉണ്ടായിരുന്നത്.

രാജകുടുംബങ്ങൾക്ക് സർക്കാർ നൽകുന്ന തുകയെക്കാളുപരി സമൂഹത്തിൽ ഇന്നും അവർക്കു ലഭിക്കുന്ന സവിശേഷ പരിഗണനയും, മറ്റു വിഭാഗങ്ങളെ അപേക്ഷിച്ച് സ്വാഭാവികമായി ലഭിക്കുന്ന മുൻഗണനയും, അതിലൂടെ പ്രോത്സാഹിപ്പിക്കപ്പെടുന്ന ഫ്യൂഡൽ മൂല്യവ്യവസ്ഥയും ചോദ്യം ചെയ്യപ്പെടേണ്ടതുണ്ടെന്ന് ദലിത് ചിന്തകനായ കെ.കെ. കൊച്ച് പറയുന്നു.

""കേരളത്തിൽ അടിയന്തരാവസ്ഥ കാലത്ത് മർദനമേറ്റ രാഷ്ട്രീയ തടവുകാർക്ക് പെൻഷൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഒരു പ്രക്ഷോഭം നടന്നിരുന്നു. കെ. വേണു കെ.എം. സലിംകുമാർ, ഭാസുരേന്ദ്ര ബാബു തുടങ്ങിയവരാണ് ഈ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയത്. ജില്ലകളിൽ കൺവെൻഷൻ നടത്തുകയും സെക്രട്ടറിയേറ്റിന് മുന്നിൽ ധർണ നടത്തുകയും ചെയ്തിരുന്നു. സംസ്ഥാനത്തെ വിവിധ ജയിലുകളിൽ പാർപ്പിക്കപ്പെട്ട വിവിധ തടവുകാർക്കായി വർഷം 3.5 കോടി രൂപയായിരുന്നു അതിന് വേണ്ടുന്ന ചെലവ്. ഇത് നിഷേധിച്ച ഉമ്മൻ ചാണ്ടി സർക്കാരാണ് കേരളത്തിലെ രാജകുടുംബങ്ങൾക്ക് പ്രത്യേകം അലവൻസ് നൽകാൻ തീരുമാനിച്ചത്.'' കെ.കെ. കൊച്ച് പറയുന്നു.

രാജകുടുംബങ്ങൾക്കുള്ള പ്രത്യേക അലവൻസുമായി ബന്ധപ്പെട്ട് നിയമസഭയിൽ നടന്ന ചർച്ചയുടെ പൂർണരൂപം / Photo: niyamasabha.org

കോഴിക്കോട് സാമൂതിരി രാജകുടുംബത്തിലെ അംഗങ്ങൾക്കു 2021- 22 സാമ്പത്തിക വർഷം മാത്രം ഇത്തരത്തിൽ അനുവദിച്ചത് 2,58,56,00 രൂപയാണെന്ന് പൊതുഭരണ (പൊളിറ്റിക്കൽ) വകുപ്പ് 2021 ഏപ്രിൽ നാലിന് പ്രസിദ്ധീകരിച്ച ഉത്തരവിൽ പറയുന്നുണ്ട്.

അലവൻസുമായി ബന്ധപ്പെട്ട് 2013 ൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സർക്കാർ ഇതിനെ ആനുകൂല്യ വിതരണമായി കാണരുതെന്നാണ് സാമൂതിരി രാജകുടുംബാംഗങ്ങളുടെ ആവശ്യം. ""ഈ പെൻഷനെ അലവൻസ് ആയി കാണാൻ കഴിയില്ല. സർക്കാറിന്റെ കീഴിലുള്ള വസ്തുവകകൾക്ക് അവരു നൽകുന്ന വാടകയിനത്തിലെ ഇതിനെ കാണാൻ കഴിയൂ. ഇതിനെ പ്രിവി പഴ്സ് എന്നു വിശേഷിപ്പിക്കുന്നത് തീർത്തും തെറ്റാണ്'' എന്നായിരുന്നു വാർത്താ സമ്മേളനത്തിൽ അവർ പറഞ്ഞത്.

""രാഷ്ട്രനിർമാണത്തിനു വേണ്ടി ഒരു സേവനവും ചെയ്യാത്തവരാണ് സാമൂതിരി രാജകുടുംബം. സാമാജ്യത്വത്തിനും അധിനിവേശക്കാർക്കും വിടുപണി ചെയ്ത രാജവംശമാണത്. സാമാന്യം ചെറുതായിരുന്ന ഗുരുവായൂർ അമ്പലത്തെ പരിഷ്‌കരിച്ചു എന്നതാണ് തങ്ങളുടെ ഏറ്റവും വലിയ നേട്ടമായി അവർ ഉയർത്തിക്കാട്ടുന്നത്. 1936-ൽ സാമൂതിരിമാർക്കെതിരായി ക്ഷേത്രപ്രവേശന സമരം നടന്നിരുന്നു. കേരളത്തിൽ ഹിന്ദുത്വയുടെ വക്താക്കളാണെന്ന് മാത്രമല്ല, സാമൂഹിക നീതിക്കെതിരെ നിലകൊണ്ട ഒരു സ്ഥാപനം തന്നെയാണ് സാമൂതിരി രാജകുടുംബം. ഇത്തരം ചരിത്രത്തിന് ഉടമകളായവർക്കാണ് സർക്കാർ അലവൻസ് നൽകുന്നത്. ജനകീയമായ യാതൊരു അടിത്തറയില്ലാത്തതും, ഫ്യൂഡൽ മൂല്യങ്ങൾ ഇന്നും കാത്തു സൂക്ഷിക്കുന്നവരുമായ രാജകുടുംങ്ങൾക്ക് അലവൻസ് നൽകാൻ യു.ഡി.എഫ് സർക്കാർ തീരുമാനിച്ചപ്പോൾ എൽ.ഡി.എഫ് അതിനെ എതിർത്തതുമില്ല.''

ഉമ്മൻചാണ്ടി സർക്കാർ തുടങ്ങി വച്ചത് തുടരുക മാത്രമല്ല, സാമ്പത്തിക സംവരണത്തിലൂടെയും മറ്റും ഈ വിഭാഗത്തെ പ്രീണിപ്പിക്കുകയാണ് ഇടതുസർക്കാർ എന്നും കെ.കെ. കൊച്ച് പറയുന്നു. ""സാമ്പത്തിക സംവരണം നടപ്പിലാക്കാൻ മുൻകെെയ്യെടുത്തത് കേരളത്തിലെ ഇടതു സർക്കാരാണ്. കേരളത്തിലെ പട്ടികവിഭാഗങ്ങൾ ഉൾപ്പടെയുള്ള സാധാരണക്കാർക്ക് സർക്കാർ വീടു വെക്കാൻ നാലു ലക്ഷം രൂപ ധനസഹായം നൽകുമ്പോൾ അഗ്രഹാരങ്ങളിലെ ബ്രാഹ്‌മണർക്ക് സർക്കാർ നൽകുന്നത് 10 ലക്ഷം രൂപയാണ്.''

""നടന്നു കൊണ്ടിരിക്കുന്ന ഒരു കാര്യം സർക്കാരായി നിർത്തിയാൽ, അതിനെ രാഷ്ട്രീയലക്ഷ്യത്തോടെ മുതലെടുത്ത് ഉണ്ടാക്കിയേക്കാവുന്ന വിവാദങ്ങളെ നേരിടുന്നതിനെക്കാൾ പ്രധാനമായി കേരളത്തിലെ ഇടതുസർക്കാറിന് ചെയ്തു തീർക്കാൻ മറ്റ് ഒരുപാട് കാര്യങ്ങളുണ്ട്. അതിനാണ് ഇടതു സർക്കാർ പ്രധാന്യം നൽകുന്നത്,'' എന്നാണ് മുൻ ധനകാര്യമന്ത്രിയും സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗവുമായ ഡോ. ടി.എം. തോമസ് ഐസക് തിങ്കിന് നൽകിയ പ്രതികരണം.

നിയമസഭയിൽ മുഖ്യമന്ത്രി നൽകിയ മറുപടി പ്രകാരം നിലവിൽ കേരളത്തിൽ തിരുവിതാംകൂർ-കൊച്ചി നാട്ടുരാജ്യങ്ങളിലെ മുൻ നാട്ടുരാജാക്കന്മാർക്കും കുടുംബാങ്ങൾക്കും ഫാമിലി & പൊളിറ്റിക്കൽ പെൻഷൻ അനുവദിച്ച് വരുന്നുണ്ട്. മലബാർ മേഖലയിലെ നാട്ടുരാജാക്കന്മാർക്ക് കേന്ദ്ര സർക്കാർ അനുവദിക്കുന്ന മാലിഖാന പെൻഷൻ നല്കിവരുന്നുണ്ട്.

""രാജകുടുംബങ്ങൾക്ക് ലഭിക്കുന്ന അലവൻസിന് സാമ്പത്തികത്തിനപ്പുറം മറ്റു മാനങ്ങളുണ്ട്. തോട്ടം മുതലാളികളും, നിരവധി സ്ഥാപനങ്ങളിൽ നിക്ഷേപങ്ങളുമുള്ളവരുമാണ് തിരുവിതാംകൂർ രാജകുടുംബങ്ങളുൾപ്പടെയുള്ളവർ. ഫ്യൂഡൽ മൂല്യവ്യവസ്ഥയെ നിലനിർത്താൻ മിക്ക രാജകുടുംബങ്ങളെയും സഹായിക്കുന്നത്, അവർക്ക് ക്ഷേത്രങ്ങൾക്കു മേലുള്ള സ്വാധീനമാണ്. ക്ഷേത്രങ്ങളിൽ നിന്നുള്ള വരുമാനവും, അതോടനുബന്ധിച്ച് ലഭിക്കുന്ന സാമൂഹിക സ്വീകാര്യതയും രാജകുടുംബങ്ങൾ ആസ്വദിച്ചു പോരുന്നു.'' കെ.കെ. കൊച്ച് ചൂണ്ടിക്കാട്ടി.

കേരളത്തിൽ ധനസഹായം ലഭിക്കുന്ന രാജകുടുംബങ്ങളുടെ പട്ടിക. Photo: niyamasabha.org

ബ്രിട്ടിഷ് സർക്കാറിന്റെ ഇന്ത്യൻ ഇൻഡിപെൻഡസ് ആക്ട്, 1947 പ്രകാരം നേരിട്ട് തങ്ങളുടെ അധീനതയിലായിരുന്ന പ്രദേശങ്ങളെ സ്വതന്ത്രമാക്കുകയും, നാട്ടു രാജ്യങ്ങളെ സ്വതന്ത്രമായ തീരുമാനമെടുക്കാൻ വിട്ടുകൊടുക്കുകയുമായിരുന്നു. സ്വാതന്ത്ര്യത്തോടടുത്ത്, തിരുവിതാംകൂർ, ഭോപാൽ, ജോധ്പുർ, ഹൈദരാബാദ്, ജുനാഗർ, കശ്മീർ തുടങ്ങിയ നാട്ടുരാജ്യങ്ങളൊഴികെ ഒട്ടു മിക്കവയും ഇന്ത്യയിൽ ലയിക്കാൻ തീരുമാനിച്ചിരുന്നു. ഇവയിൽ തിരുവിതാംകൂർ, ഭോപാൽ, ജോധ്പൂർ നാട്ടുരാജ്യങ്ങൾ സ്വാന്തന്ത്ര്യത്തിന് മുമ്പും, മറ്റു മൂന്നെണ്ണം സ്വാതന്ത്ര്യത്തിന് ശേഷവും ഇന്ത്യയിൽ ലയിച്ചു. ഇതിന് അവരെ പ്രേരിപ്പിച്ചത് വി.പി. മേനോൻ, സർദാർ വല്ലഭായ് പട്ടേൽ എന്നിവരുടെ നേതൃത്വത്തിൽ നടന്ന അനുനയശ്രമങ്ങളായിരുന്നു.

രാജകുടുംബങ്ങൾക്ക് വാർഷികാടിസ്ഥാനത്തിൽ നിശ്ചിത തുക "പ്രിവി പഴ്‌സ്' ഇനത്തിൽ നൽകാമെന്നതായിരുന്നു ഇതിലെ പ്രധാനപ്പെട്ട ഒരു ധാരണ. നാട്ടുരാജ്യങ്ങളുടെ വരുമാനത്തെ അടിസ്ഥാനമാക്കിയായിരുന്നു നൽകേണ്ടുന്ന തുക നിശ്ചയിച്ചത്. പ്രസ്തുത തുകയ്ക്ക് നികുതി നൽകേണ്ടിയിരുന്നില്ല. ഇത്രയും കാര്യങ്ങൾ ഭരണഘടനയിലെ പ്രമാണം അനുസരിച്ച് നിയമാനുസൃതവുമാക്കി.

വർഷത്തിൽ 5,000 രൂപ മുതൽ 26 ലക്ഷം രൂപ വരെ ഒരോ രാജകുടുംബങ്ങൾക്ക് ഇത്തരത്തിൽ നൽകിപ്പോന്നിരുന്നു. മൈസൂർ (26 ലക്ഷം), ഹൈദരാബാദ് (20 ലക്ഷം), തിരുവിതാംകൂർ (18 ലക്ഷം) തുടങ്ങിയ രാജകുടുംബങ്ങൾക്കായിരുന്നു ഏറ്റവും ഉയർന്ന തുക ലഭിച്ചിരുന്നതെന്ന് ഡെയ്‌ലി പയനീറിൽ എഴുതിയ ലേഖനത്തിൽ മുതിർന്ന സി.എ.ജി. ഉദ്യോഗസ്ഥനായി വിരമിച്ച പ്രമോദ് കെ. മിശ്ര പറയുന്നു.

ഇന്ദിരാഗാന്ധിക്ക് പുരോഗമന സോഷ്യലിസ്റ്റ് പ്രതിച്ഛായ ലഭിക്കുന്നത് രണ്ടു കാര്യങ്ങൾ ചെയ്തുകൊണ്ടാണ്. 1971-ലെ ബാങ്ക് ദേശസാത്കരണവും, പ്രവി പേഴ്‌സ് നിർത്തലാക്കലുമായിരുന്നു അവയെന്നും കെ.കെ. കൊച്ച് പറയുന്നു.

സ്വതന്ത്ര ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിലെ പ്രധാന വഴിത്തിരിവായിരുന്നു പ്രിവി പേഴ്‌സ് നിർത്തലാക്കാനുള്ള നീക്കം. 1971 ഇന്ത്യയെ സംബന്ധിച്ച്​പ്രധാനപ്പെട്ടതായിരുന്നു. രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക നിശ്ചലതയിലേക്ക് രാജ്യം അകപ്പെട്ടെന്നു തിരിച്ചറിയുകയും അതിനെ ഉപയോഗപ്പെടുത്തുകയുമായിരുന്നു ഇന്ദിരാ ഗാന്ധി അന്ന് ചെയ്തത്. പതിനേഴു വർഷത്തോളം നീണ്ടു നിന്ന ഭരണത്തിനൊടുവിലെ നെഹ്‌റുവിന്റെ മരണ ശേഷം, 1964-ലും, 1966-ലും രണ്ടു പ്രധാനമന്ത്രിമാർ ഇന്ത്യ ഭരിച്ചു. രാജ്യമെന്ന നിലയക്കുള്ള ഇന്ത്യയുടെ സഞ്ചാരദിശയെ സംബന്ധിച്ചും, സോഷ്യലിസ്റ്റ് ചിന്താപദ്ധതിയുടെ ഭാവിയെക്കുറിച്ചും, ഇന്ത്യൻ നാഷനൽ കോൺഗ്രസ് നേരിടുന്ന ആഭ്യന്തര പ്രതിസന്ധികളും ആശങ്കയുയർത്തിയ സാഹചര്യത്തിലാണ് നടപ്പു വ്യവസ്ഥയെ വെല്ലുവിളിച്ച് പുതിയ രാഷ്ട്രീയ സാമ്പത്തിക ഭരണക്രമം മുന്നോട്ടു വെക്കാനുള്ള തീരുമാനമുണ്ടായത്. 1969 ഡിസംബർ 28ന് നടന്ന ബോംബെയിൽ നടന്ന ​എ.ഐ.സി.സി സെഷനിൽ ജഗ്ജീവൻ റാം തന്റെ പ്രസിഡൻഷ്യൽ അഡ്രസിൽ ഇങ്ങനെ പറയുന്നുണ്ട്, ""ഒന്നുകിൽ കോൺഗ്രസ് സമൂലമായ പരിഷ്‌കരണത്തിന് തയ്യാറാവുക, അല്ലെങ്കിൽ പിരിച്ചു വിടുക...'' എന്ന്. ജനാധിപത്യത്തിലും സോഷ്യലിസത്തിലും വിശ്വസിക്കുന്ന പുരോഗമന കക്ഷികളോട് കോൺഗ്രസിനൊപ്പം നിന്ന് "പുതിയ സാമൂഹിക ക്രമം' നിർമ്മിക്കാൻ ആഹ്വാനം ചെയ്തു കൊണ്ടുള്ള രാഷ്ട്രീയ പ്രമേയം ബോംബെ സെഷനിൽ പാസാക്കുകയും ചെയ്തു.

1971 ലെ ഇന്ദിരാ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം / Photo: indiragandhi.in/en

സ്വാതന്ത്ര്യം ലഭിച്ചതിന് പിന്നാലെ കോൺഗ്രസിൽ നിന്നുൾപ്പടെ ഈ സമ്പ്രദായത്തിനെതിരെ വിമർശനങ്ങളുയർന്നെങ്കിലും, വാഗ്ദാന ലംഘനമായി മാത്രമാണ് നെഹ്‌റു ഉൾപ്പടെയുള്ള നേതാക്കൾ ഈ ആവശ്യത്തെ കണ്ടിരുന്നത്. പ്രിവി പേഴ്‌സ് നിർത്തലാക്കാനുള്ള ബിൽ ലോക്‌സഭയിൽ പാസായെങ്കിലും 1970 സെപ്തംബർ അഞ്ചിന് ബിൽ രാജ്യസഭയിൽ പരാജയപ്പെട്ടു. പ്രസിഡൻഷ്യൽ ഉത്തരവിലൂടെ പ്രിവി പഴ്‌സ് നിർത്തലാക്കാൻ ഇന്ദിരാ ഗാന്ധിക്ക് കഴിഞ്ഞെങ്കിലും, അത് ഭരണഘടനാ വിരുദ്ധമാണെന്നായിരുന്നു സുപ്രീം കോടതി വിധി. എന്നാൽ 1971 ൽ നടന്ന തെരഞ്ഞെടുപ്പിൽ വമ്പിച്ച വിജയം നേടിയതിനു പിന്നാലെ ഭരണഘടനാ ഭേദഗതിയിലൂടെ പ്രവി പഴ്‌സ് സംവിധാനം ഇന്ദിരാ സർക്കാർ നിർത്തലാക്കുകയായിരുന്നു.

""നിലവിലെ വ്യവസ്ഥയുമായും സാമൂഹിക ലക്ഷ്യങ്ങളുമായും ബന്ധമില്ലാത്ത, പ്രിവി പഴ്‌സും സവിശേഷ അധികാരങ്ങളും ലഭിക്കുന്ന rulership എന്ന ആശയം സമത്വാധിഷ്ഠിത സാമൂഹിക വ്യവസ്ഥിതിക്ക് എതിരാണ്. അതിനാൽ ഇന്ത്യൻ നാട്ടു രാജ്യങ്ങളുടെ ഭരണാധികാരികളായിരുന്നവർക്ക് നൽകിക്കൊണ്ടിരുന്ന പ്രിവി പഴ്‌സും മറ്റ് സവിശേഷ അധികാരങ്ങളും നിർത്തലാക്കാൻ സർക്കാർ തീരുമാനിച്ചു.'' ഭരണഘടനാ ഭേദഗതിയുടെ ലക്ഷ്യവും കാരണവുമായി രേഖപ്പെടുത്തിയത് ഇതാണ്.

കോൺഗ്രസിന്റെ "പുതിയ സാമൂഹിക ക്രമം' എന്ന വാഗ്ദാനത്തിന്റെ ഏറ്റവും ശക്തമായ പ്രതീകവും, നടപ്പു വ്യവസ്ഥയിൽ നിന്നും, ഭൂതകാല ഭരണക്രമത്തിൽ നിന്നുമുള്ള നാടകീയമായ വിടുതലും കൂടിയായിരുന്നു പ്രിവി പഴ്‌സ് നിർത്തലാക്കാനുള്ള തീരുമാനം. പ്രസ്തുത തീരുമാനത്തിനെതിരെ രാജകുടുംബങ്ങൾ ശക്തമായി പ്രതികരിക്കുക കൂടി ചെയ്തതോടെ ജനാധിപത്യവും ഫ്യൂഡൽവ്യവസ്ഥയും തമ്മിലുള്ള യുദ്ധമെന്ന അന്തരീക്ഷം സൃഷ്ടിക്കാനും ഇന്ദിരാ ഗാന്ധിക്ക് കഴിഞ്ഞു. "ഗരീബി ഹട്ടാവോ' എന്ന 1971-ലെ കോൺഗ്രസിന്റെ തെരഞ്ഞെടുപ്പു മുദ്രാവാക്യവും, പ്രിവി പഴ്‌സ് നിർത്തലാക്കിയതിലൂടെ നടപ്പു വ്യവസ്ഥയ്ക്കെതിരെയുള്ള യുദ്ധ പ്രഖ്യാപനവും, നെഹ്‌റുവിന്റെ അസാന്നിധ്യത്തെ പരിഹരിക്കാനുതകുന്ന രാഷ്ട്രീയ നേതൃത്വമെന്ന പ്രതിച്ഛായയും തെരഞ്ഞെുടപ്പിനെ സ്വാധീനിച്ച സുപ്രധാന ഘടകങ്ങളായിരുന്നു.

എന്നാൽ ജനാധിപത്യ ഭരണക്രമത്തെ ആശ്ലേഷിക്കുന്നതു കൊണ്ടോ, ഭരണഘടനാ ഭേദഗതികൾ നടപ്പിലാക്കിയതു കൊണ്ടാ അവസാനിക്കുന്ന ഒന്നല്ല ഫ്യൂഡൽസമ്പ്രദായം എന്ന് മാധ്യമ, രാഷ്ട്രീയ, സാമൂഹിക ഇടങ്ങളിൽ രാജകുടുംബങ്ങൾ ഇന്നും ആസ്വദിക്കുന്ന സവിശേഷ അധികാരത്തിൽ നിന്നും, പ്രാധാന്യത്തിൽ നിന്നും വ്യക്തം.

Comments