ആൻഡമാൻ നിക്കോബാറിന്റെ
തനി മണ്ണും തനി മനുഷ്യരും- 11
ആൻഡമാൻ ദ്വീപ് സമൂഹത്തോടൊപ്പമാണ് നിക്കോബാർ ദ്വീപ് സമൂഹവും അറിയപ്പെടുന്നത്. ആൻഡമാൻ ആൻഡ് നിക്കോബാർ ഐലൻഡ്‌സ് എന്ന യൂണിയൻ ടെറിറ്ററിയുടെ പേരിൽനിന്നുതന്നെ ഇത് വ്യക്തമാണ്.
രണ്ടും ദ്വീപ് സമൂഹം തന്നെയാണെങ്കിലും രണ്ടു ജനവാസമേഖലയെന്ന നിലയിൽ രണ്ടു തരം ചരിത്രമാണ് ഇവ പങ്കുവയ്ക്കുന്നത്. ആൻഡമാൻ ആദിമർ നെഗ്രിറ്റോ വംശജരാണ്. അവർക്കിടയിലെ നാലു പ്രാക്തന ഗോത്രങ്ങളെ ഇതിനകം നമുക്കു പരിചിതമായി. സൗത്ത് ഏഷ്യയിലെ ഏറ്റവും പുരാതനമായ നരസാന്നിധ്യമായും ആഫിക്കയിൽ നിന്നുള്ള ആധുനിക മനുഷ്യന്റെ അന്യദേശവാസത്തിനായുള്ള പലായനപ്പഴമ നിർണയിക്കുന്നതിൽ നിർണായക സാന്നിധ്യമായുമാണ് ആൻഡമാൻ നെഗ്രിറ്റോ വംശജരെ ഇന്ന് ശാസ്ത്രലോകം നോക്കികാണുന്നത്. ആൻഡമാനിൽനിന്ന് വ്യത്യസ്‍തമായ ചരിത്രമാണ് നിക്കോബാറിന് പങ്കിടാനുള്ളത്. മംഗളോയ്‌ഡ് വംശജരായ നിക്കോബാരികളും ഷോമ്പേൻ ഗോത്രവുമാണ് നിക്കോബാറിലെ തനത് ജനത. അവരെ അടുത്തറിയുന്നതിന്റെ മുന്നൊരുക്കമായി ദ്വീപ് സമൂഹത്തെ കുറിച്ച് അറിയേണ്ടതുണ്ട്.
ആൻഡമാൻ ദ്വീപ് സമൂഹത്തെയും നിക്കോബാർ ദ്വീപു സമൂഹത്തെയും രണ്ടാക്കി നിർത്തുന്നത് ഇതിനിടയിലെ ജലമേഖലയാണ്. സാങ്കേതികമായി വാട്ടർ ചാനൽ എന്നുപറയും. ബംഗാൾ ഉൾക്കടലിൽ ഈ രണ്ടു ദ്വീപുസമൂഹത്തെയും രണ്ടാക്കി നിർത്തുന്നത് അതിനിടയിലെ വാട്ടർ ചാനലാണ്. വാട്ടർ ചാനൽ ഏത് ലാറ്റിട്യൂഡിലാണ് വരുന്നത് എന്നതനുസരിച്ചാണ് ഇവക്ക് പൊതുവിൽ പേരു നൽകുന്നത്.
ആൻഡമാൻ ദ്വീപുകളെ നിക്കോബാർ ദ്വീപുകളിൽനിന്ന് അകറ്റിനിറുത്തുന്നത് 10 ഡിഗ്രി ചാനലാണ്. വടക്കുനിന്നും തെക്കോട്ട് 150 കി.മി വീതിയും കിഴക്കു പടിഞ്ഞാറായി 10 കി.മി നീളവുമുള്ള ചാനലാണിത്. ലിറ്റിൽ ആൻഡമാനേയും സൗത്ത് ആൻഡമാനേയും വ്യത്യസ്ത കരകളാക്കുന്ന ജലമേഖല ഡങ്കൻ പാസ്സേജ് എന്നറിയുന്നു. ഇന്ത്യയുടെ തെക്കേ അറ്റമായ ഇന്ദിരാ പോയിന്റും ഇന്തോനേഷ്യയും തമ്മിൽ അകറ്റുന്നത് 6 ഡിഗ്രി ചാനലാണ്. മാലിദ്വീപിനും മിനിക്കോയ്ക്കുമിടയിൽ 8 ഡിഗ്രി ചാനലും കവരത്തിക്കും മിനിക്കോയ്ക്കുമിടയിൽ 9 ഡിഗ്രി ചാനലും ഉണ്ടെന്നാണ് കണക്കാക്കുന്നത്.
ഗ്രേറ്റ് നിക്കോബാറിനെ ഫ്രീ പോർട്ട് ആക്കണമെന്നത് രാജീവ്ഗാന്ധിയുടെ ആശയമായിരുന്നു. തൊണ്ണൂറുകളിൽ ഏറെ ചർച്ച ചെയ്തിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ മരണശേഷം ആ ആശയം ആരും ഏറ്റെടുത്തില്ല.
ഇന്തോനേഷ്യയിലെ സുമാത്രക്ക് വടക്കു പടിഞ്ഞാറായി ഇന്ത്യൻ മഹാസമുദ്രത്തിൽ സ്ഥിതിചെയ്യുന്ന 22 ദ്വീപുകളടങ്ങിയ ദ്വീപ് സമൂഹമാണ് നിക്കോബാർ. നിക്കോബാറിനാകെ 1841 കി.മി വലിപ്പമാണ് കണക്കാക്കുന്നത്. ഇവയിൽ പത്തു ദ്വീപുകളിൽ ഇപ്പോൾ ജനവാസമുണ്ട്. ബാക്കി 12 ദ്വീപുകൾ ജനവാസമുള്ളവയല്ല. നിക്കോബാർ ദ്വീപ് സമൂഹത്തിൽ തെക്കേഅറ്റത്തുള്ള ദ്വീപാണ് ഗ്രേറ്റ് നിക്കോബാർ. ഈ ദ്വീപ് സമൂഹത്തിലെ ഏറ്റവും വലിയ ദ്വീപും ഇതുതന്നെയാണ്. ഈ ദ്വീപിന്റെ തെക്കേയറ്റത്തിന് സുമാത്രയിൽനിന്ന് കേവലം 140 കി.മി അകലമേയുള്ളൂ.
ഇതത്രെ ഇന്ത്യയുടെ തെക്കേയറ്റം.
പിഗ്മാലിയൻ പോയിന്റ് എന്നറിയപ്പെട്ടിരുന്ന തെക്കേയറ്റത്തെ ഇന്ദിര പോയിന്റ് എന്നാണ് ഇപ്പോൾ പേരിട്ടിരിക്കുന്നത്. ഇന്ത്യയുടെ തെക്കേയറ്റം കന്യാകുമാരിയാണ് എന്ന് പൊതുവിൽ പറയാറുണ്ട്. മുഖ്യഭൂമിയുടെ തെക്കേയറ്റമെന്ന അർത്ഥത്തിലാണിത് പറയുന്നത്. ഇന്ത്യയുടെ രാജ്യാതിർത്തി പ്രകാരമുള്ള തെക്കേയറ്റം ഇന്ദിര പോയിന്റാണ്.
ഗ്രേറ്റ് നിക്കോബാറിനെ ഫ്രീ പോർട്ട് ആക്കണമെന്നത് രാജീവ്ഗാന്ധിയുടെ ആശയമായിരുന്നു. തൊണ്ണൂറുകളിൽ ഏറെ ചർച്ച ചെയ്തിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ മരണശേഷം ആ ആശയം ആരും ഏറ്റെടുത്തില്ല. അന്താരാഷ്ട്ര അതിർത്തിയായതുകൊണ്ടുതന്നെ നിക്കോബാർ ദ്വീപ് സമൂഹത്തിന് രാജ്യസുരക്ഷയിലുള്ള തന്ത്രപ്രാധാന്യം എടുത്തുപറയേണ്ടതില്ലല്ലോ.
1871 മുതൽ നിക്കോബാർ ആൻഡമാനിലെ ബ്രിട്ടീഷ് ഭരണകൂടത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായി. സ്വാതന്ത്ര്യത്തോടെ അവ ഇന്ത്യയുടെ ഭാഗമായി. 1974 ഓഗസ്റ്റ് ഒന്നു മുതൽ നിക്കോബാറിന് ജില്ലാ പദവി ലഭിച്ചു. ആൻഡമാൻ നിക്കോബാർ ദ്വീപു സമൂഹത്തിൽ മൂന്നു ജില്ലകളുണ്ട്. നേരത്തെ ആൻഡമാൻ ജില്ലയും നിക്കോബാർ ജില്ലയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആൻഡമാൻ ജില്ലയെ വിഭജിച്ച് സൗത്ത് ആൻഡമാൻ ജില്ലയും മിഡിൽ ആൻഡമാനും നോർത്ത് ആൻഡമാനും ചേർത്തുള്ള മറ്റൊരു ജില്ലയും 2006 ഓഗസ്റ്റ് എട്ടിന് നിലവിൽ വന്നു. മൂന്നു ജില്ലകളും ചേർന്നതാണ് ഏക ലോക്സഭാ മണ്ഡലം. 1952 മുതൽ ലോക്സഭാ മണ്ഡലമുണ്ടെങ്കിലും 1967 വരെ രാഷ്ട്രപതി അംഗത്തെ നാമനിർദ്ദേശം ചെയ്യുകയായിരുന്നു പതിവ്. 1967- നുശേഷം പൊതു തിരഞ്ഞെടുപ്പ് വന്നു.
പുറംലോകവുമായി നിക്കോബാരികൾക്ക് പണ്ടു മുതലേ ബന്ധമുണ്ടായിരുന്നുവെന്നാണ് മനസ്സിലാകുന്നത്. കൊപ്ര കച്ചവടമായിരുന്നു ഈ ബന്ധത്തിനു കാരണം.
നിക്കോബാർ ദ്വീപുകളെ കുറിച്ചുള്ള പരാമർശങ്ങൾ പണ്ടു മുതലേ കാണാം. വ്യത്യസ്ത കാലഘട്ടങ്ങളിൽ നിക്കോബാർ പരാമർശിക്കപ്പെട്ടത് പല രീതിയിലാണെന്നുമാത്രം. ടോളമിയുടെ കാലം മുതൽ നിക്കോബാർ ദ്വീപുകളെ കുറിച്ചുള്ള പരാമർശങ്ങളുണ്ടായിട്ടുണ്ട്. യാത്രാവിവരണങ്ങളിലാണ് ആദ്യമായി പരാമർശങ്ങൾ കാണുന്നത്. ടോളമി മനിയോള എന്നാണ് ഈ ദ്വീപുകളുടെ സാന്നിധ്യം ഗ്രീക്കു ഭാഷയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഈ പേരു കൊണ്ട് നിക്കോബാർ ദ്വീപു സമൂഹത്തിലെ വടക്കേ അറ്റത്തുള്ള ദ്വീപായ കാർ നികോബാറിനെയാണ് പരാമർശിച്ചതെന്നാണ് പിൽക്കാലത്തു മനസിലാക്കിയത്. അദ്ദേഹം ഗ്രേറ്റ് നിക്കോബാറിനെ അഗത്തോടൈമൊൻഹോസ് എന്നുമാണ് രേഖപ്പെടുത്തിയത്. ചൈനീസ് സഞ്ചാരിയായ ഇറ്റ്സിങ് നിക്കോബാറിനെ ലോ ജെൻ ക്വ എന്നു രേഖപ്പെടുത്തി. ചൈനീസ് ഭാഷയിൽ നഗ്നമനുഷ്യരുടെ നാട് എന്നാണർഥം. ഇതേ അർത്ഥത്തിൽ അറബ് സഞ്ചാരി നിക്കോബാറിനെ ലങ്കബാലു എന്നു രേഖപ്പെടുത്തി. ചോളരാജാവായ രണ്ടാം രാജേന്ദ്രചോളൻ കർദ്വീപ് എന്ന് കാർ നിക്കോബാറിനെയും നാഗദ്വീപ് എന്ന് ഗ്രേറ്റ് നിക്കോബാറിനെയും രേഖപ്പെടുത്തി.
എ.ഡി 1050- ലെ തഞ്ചാവൂർ ശാസനങ്ങളിൽ നിക്കോബാറിനെ നക്കവരം എന്നു പരാമർശിക്കുന്നുണ്ട്. നഗ്നമനുഷ്യരുടെ നാട് എന്നാണർത്ഥം. ഇത്തരത്തിൽ ഒട്ടേറെ പരാമർശ നാമങ്ങൾ കാണാം. നിക്കോബാർ എന്നത് പോർച്ചുഗീസുകാർ 1560- ൽ പരാമർശിച്ച പേരാണ്. 1764- ൽ ഡച്ചുകാരിട്ട പേരാണ് കാർനിക്കോബാർ.
തദ്ദേശീയരുടെ ഇടയിൽ നിക്കോബാറിന് പ്രത്യേകമായി ഒരു പേരില്ല. എന്നാൽ ജനവാസമുള്ള ദ്വീപുകൾക്ക് തദ്ദേശീയർ തനതായി പേരിട്ടിട്ടുണ്ട്. കാർ നികോബാറിന് 'പു', ചൗറയ്ക്ക് റ്ററ്റാറ്റ്, (കാർ നിക്കോബാറികൾക്കു സനെന്യോ) തെരേസ്സ ദ്വീപിന് ടൈലോങ് (മറ്റു ദ്വീപുകാർക്ക് ലുരൂ), ബൊംമ്പോകയ്ക്ക് പൊഹട്, കച്ചാലിന് തിഹായു, നാൻകൗറിക്ക് മൗട്ട്, ലിറ്റിൽ നിക്കോബാറിന് ലോങ്ങ്, ഗ്രേറ്റ് നിക്കോബാറിന് ടോക്കിയോങ് ലോങ്ങ് എന്നിങ്ങനെയാണ് തദ്ദേശീയ നാമങ്ങൾ. വിദേശീയരുടെ പരാമർശനാമങ്ങളായ നിക്കോബാർ, കാർ നിക്കോബാർ, ഗ്രേറ്റ് നിക്കോബാർ തുടങ്ങിയവ തന്നെയാണ് പുറംനാട്ടുകാർക്ക് ഏറെ പരിചിതമായിരിക്കുന്നത്.
പുറത്തുള്ളവരുടെ കാഴ്ചയിൽ നിക്കോബാർ ദ്വീപുകളിലെ തദേശീയ ജനത പൊതുവിൽ നിക്കോബാരികളാണ്. ഇതു ശരിയല്ല. നിക്കോബാരികൾക്കൊപ്പം ഗ്രേറ്റ് നിക്കോബാറിൽ മറ്റൊരു തദ്ദേശീയ വിഭാഗം കൂടിയുണ്ട്, ഷൊമ്പെനുകൾ.
പുറംലോകവുമായി നിക്കോബാരികൾക്ക് പണ്ടു മുതലേ ബന്ധമുണ്ടായിരുന്നുവെന്നാണ് മനസ്സിലാകുന്നത്. കൊപ്ര കച്ചവടമായിരുന്നു ഈ ബന്ധത്തിനു കാരണം. 17ാം നൂറ്റാണ്ടു മുതൽ പോർച്ചുഗീസ്, ഫ്രഞ്ച് മിഷണറിമാർ ഇവർക്കിടയിൽ പ്രേഷിത പ്രവർത്തനം നടത്താൻ ശ്രമിച്ചിരുന്നു. 1756- ൽ ഡാനിഷ് അധിനിവേശമുണ്ടായി. കമോർട്ട ദ്വീപിലായിരുന്നു അവരുടെ ആസ്ഥാനം. ഡെന്മാർക്കിന്റെ കൊടി നാട്ടി. അക്കാലത്ത് തമിഴ്‌നാട്ടിലെ നാഗപട്ടണം ജില്ലയിലെ തുറമുഖം ട്രാൻക്യുബാർ ഡാനിഷ് അധീനതയിലായിരുന്നു. അതുകൊണ്ടുതന്നെ അവർക്ക് അധിനിവേശം എളുപ്പമായിരുന്നു.
അവർ നിക്കോബാറിനെ ഡെന്മാർക്ക് രാജാവിന്റെ പേരിൽ ഫ്രഡറിക് ദ്വീപുകൾ എന്നു പേരിട്ടു. ഈ ദ്വീപുകളുടെ അവകാശം ഡച്ചുകാരിൽനിന്ന് വിലയ്ക്കു വാങ്ങാൻ ഇറ്റലിക്കാർ ശ്രമിച്ചിരുന്നെങ്കിലും വിലപേശലിലെ ഏറ്റക്കുറച്ചിൽ കാരണം വില്പന നടന്നില്ല. അനുകൂലമല്ലാത്ത കാലാവസ്ഥയും മലേറിയ രോഗവും കാരണം 1868- ൽ എല്ലാം അവസാനിപ്പിച്ച് ഡച്ചുകാർ തിരിച്ചുപോയി. 1778- ൽ ഓസ്ട്രിയക്കാർ നാൻകൗറിയിൽ ആസ്ഥാനമുറപ്പിച്ച്, നിക്കോബാറികളിൽ നിന്ന് ദ്വീപുകൾ സ്വന്തമാക്കി. പ്രതികൂല കാലാവസ്ഥ കരണം അധികകാലം അധിനിവേശം തുടരാനായില്ല. 1869- ൽ ബ്രിട്ടീഷ് അധിനിവേശം നടന്നു. 1870- ൽ അവർ കമോട്ടയിൽ പീനൽ സെറ്റിൽമെന്റ് ആരംഭിച്ചു. 1888- ൽ അത് അവസാനിപ്പിച്ചു.
1871- ൽ പോർട്ട് ബ്ലെയർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബ്രിട്ടീഷ് അധികാരികളുടെ മേൽനോട്ടത്തിലായി നിക്കോബാർ. 1942 -1945 കാലത്ത് ജപ്പാൻകാരുടെ ഭരണത്തിൻ കീഴിലായി നിക്കോബാർ. അവർ തിരിച്ചുപോയതോടെ വീണ്ടും ബ്രിട്ടീഷ് അധീനതയിലായി. സ്വാതന്ത്ര്യത്തോടെ ഇന്ത്യൻ അധീനതയിലായി ദ്വീപുസമൂഹം. 1952- ൽ ബിഷപ്പായിരുന്ന ജോൺ റിച്ചാർഡ് സൺ ദ്വീപിൽനിന്നുള്ള ആദ്യ ലോക്‌സഭാംഗമായി നാമനിർദേശം ചെയ്യപ്പെട്ടു. 1956- ൽ നിലവിൽവന്ന ആദിവാസി സംരക്ഷണ നിയമമനുസരിച്ച് നിക്കോബാർ ദ്വീപുകളിൽ അന്യരുടെ പ്രവേശനം സർക്കാർ തടഞ്ഞു. പിന്നീട് ഈ തീരുമാനത്തിൽ അയവുവരുത്തി.
1960-കളുടെ അവസാനം പുനരധിവാസ പദ്ധതിയുടെ ഭാഗമായി 330 വിമുക്ത ഭടന്മാരെയും കുടുംബത്തെയും ഗ്രേറ്റ് നിക്കോബാറിൽ പുനരധിവസിപ്പിച്ചു. 1970- കളുടെ മധ്യത്തിൽ കച്ചാലിൽ റബ്ബർ തോട്ടം ഉണ്ടാക്കാനായി തമിഴ് ജനതയെ പുനരധിവസിപ്പിച്ചു. കാർ നിക്കോബാറിലെ ജനസംഖ്യാ വർദ്ധനവ് കണക്കിലെടുത്ത് 1973 -74 കാലത്ത് 165 കാർ നിക്കോബാരി കുടുംബങ്ങളെ ലിറ്റിൽ ആൻഡമാനിൽ പുനരധിവസിപ്പിച്ചു.
നിക്കോബാർ ദ്വീപുകളുടെ കിടപ്പനുസരിച്ച് നിക്കോബാർ ദ്വീപുസമൂഹത്ത ദിശാസൂചകമായി വടക്കൻ, തെക്കൻ, മധ്യ ദ്വീപുകളായി തിട്ടപ്പെടുത്താറുണ്ട്. ജനസാന്ദ്രതയേറിയ കാർ നിക്കോബാറും ജനവാസമില്ലാത്ത ബറ്റിമൽവും മാണ് വടക്കൻ ദ്വീപുകൾ. ചൗറ, തെരേസ്സ, ബോമ്പുക, കച്ചാൽ, കാമോട്ട, നാൻകൗറി, ട്രിങ്കെറ്റ്, ലാവോക്, തില്ലങ്ചോങ് എന്നിവയെല്ലാം മധ്യ നിക്കോബാർ ദ്വീപുകളാണ്. ഗ്രേറ്റ് നിക്കോബാർ, ലിറ്റിൽ നിക്കോബാർ, കൊണ്ടുൽ, പൗലോ മിലോ, മെറോയ് ദ്വീപുകളാണ് തെക്കൻ നിക്കോബാർ ദ്വീപുകളായി കണക്കാക്കുന്നത്.
നിക്കോബാരികളെ പുറത്തുള്ളവർ ഹൊളിചൂ എന്നാണ് വിളിക്കുന്നത്. കാർ നിക്കോബാരി വാക്കായ ഹൊൾ ചു (എന്റെ സുഹൃത്ത്) എന്ന പദത്തിന്റെ തെറ്റായ പ്രയോഗമാണ് പുറത്തുള്ളവർ അപകീർത്തികരമായി ഉപയോഗിക്കുന്നത്.
നിക്കോബാർ ദ്വീപ് സമൂഹത്തെ വ്യത്യസ്ത ഭൗമ പരിസ്ഥിതി മേഖലയായിട്ടാണ് പരിഗണിക്കുന്നത്. നിക്കോബാർ മഴക്കാടുകളിൽ തദ്ദേശീയമായ ഒട്ടേറെ സസ്യസമ്പത്തുണ്ട്. ഓരോ ദ്വീപിനും തീരവും കണ്ടൽക്കാടുകളും നിത്യഹരിതമായ ഉൾവനവും പുൽമേടുകളും ചെറിയ കുന്നുകളും ചിലയിടങ്ങളിൽ പാറക്കെട്ടും പൊതുവേ കാണാം. ജനവാസമുള്ള ദ്വീപുകളിലും മൊത്തം ദ്വീപുകളിലും വലിപ്പച്ചെറുപ്പമനുസരിച്ചു നോക്കിയാൽ ഏറ്റവും വലുത് ഗ്രേറ്റ് നിക്കോബാർ ദ്വീപാണ്, 1045.01 സ്‌ക്വയർ കി.മി. രണ്ടാം സ്ഥാനത്ത് കമോട്ട (188.2 സ്‌ക്വ. കി.മി ), മൂന്നാമത് കച്ചാൽ (174 .4 സ്‌ക്വ. കി.മി), നാലാമത് ലിറ്റിൽ നിക്കോബാർ (159.1സ്‌ക്വ. കി.മി), അഞ്ചാമത് കാർ നിക്കോബാർ (126. 9 സ്‌ക്വ. കി.മി), ആറാമത് തെരേസ്സ (101.44 സ്‌ക്വ. കി.മി), ഏഴാമത് നാൻ കൗറി (66 .9 സ്‌ക്വ. കി.മി), എട്ടാമത് തില്ലങ് ചോങ് (16.84 സ്‌ക്വ. കി.മി), ഒമ്പതാമത് ചൗറ (8.2 സ്‌ക്വ. കി.മി), പത്താമത് പൗലോമിലോ (1.3സ്‌ക്വ. കി. മി) എന്നിങ്ങനെയാണ് ദ്വീപുകളുടെ വലിപ്പക്രമം. ജനവാസമില്ലാത്ത ദ്വീപുകളിൽ വലുത് ട്രിങ്കറ്റ് (86.3 സ്‌ക്വ. കി.മി), രണ്ടാമത് ബൊമ്പുക (13.3 സ്‌ക്വ. കി. മി), മൂന്നാമത് കൊണ്ടുൽ (4 . 6 സ്‌ക്വ. കി.മി) ആണ്. ബാക്കി ദ്വീപുകളൊക്കെ രണ്ട് സ്‌ക്വ. കി മിറ്ററിൽ കുറവാണ് വിസ്തീർണം.
ഗ്രേറ്റ് നിക്കോബാറിനെ ലോക ബയോസ്പിയർ റിസർവായി യുനെസ്‌കോ അംഗീകരിച്ചിട്ടുണ്ട്. ഗ്രേറ്റ് നിക്കോബാറിലെ കാമ്പൽബേ നാഷണൽ പാർക്ക്, ഗലാത്തിയ നാഷണൽ പാർക്ക് എന്നിവ സംരക്ഷിത മേഖലയാണ്.
പുറത്തുള്ളവരുടെ കാഴ്ചയിൽ നിക്കോബാർ ദ്വീപുകളിലെ തദേശീയ ജനത പൊതുവിൽ നിക്കോബാരികളാണ്. ഇതു ശരിയല്ല. നിക്കോബാരികൾക്കൊപ്പം ഗ്രേറ്റ് നിക്കോബാറിൽ മറ്റൊരു തദ്ദേശീയ വിഭാഗം കൂടിയുണ്ട്, ഷൊമ്പെനുകൾ. നിക്കോബാരികളിൽ നിന്ന് വ്യത്യസ്‍തരാണിവർ. നിക്കോബാരികൾക്കിടയിൽ പ്രാദേശികമായ പല വിഭാഗങ്ങളുമുണ്ട്. കാർ നിക്കോബാർ നിവാസികൾ അവരെ താരിക് എന്നാണ് വിളിക്കുന്നത്. അവരുടെ ഭാഷയിൽ കാർ നിക്കോബാർ സ്വദേശി എന്നാണർഥം. ചൗറക്കാർ സൊമ്പായി എന്നും തെരേസ്സ നിവാസികൾ സോം ലുറോ എന്നും കാച്ചാൽ, കാമോട്ട, നാൻകൗറി, ട്രിങ്കറ്റ് നിവാസികൾ സോം ഇല എന്നും പുലോമിലോ നിവാസികൾ സോപ് പിഹുൻ എന്നും ലിറ്റിൽ നിക്കോബാറുകാർ സോപ് പഞ്ചെങ് അഥവാ സോപ് ല ഹുയി എന്നും കൊണ്ടൂലുകാർ സോപ് ല മൊങ്‌ഷെ എന്നും ഗ്രേറ്റ് നിക്കോബാരികൾ സോപ് കനാലോ എന്നുമാണ് സ്വത്വനാമമായി അകത്തുള്ളവർ ഉപയോഗിക്കുന്നത്.
സോം എന്ന പദം ഒരു ഗോത്രത്തെ പ്രതിധീകരിക്കുന്നു. തെക്കൻ വിഭാഗങ്ങളിൽ സോപ് എന്ന പദമാണ് കാണുന്നത്. സോം എന്ന പദത്തിനു ശബ്ദമാറ്റം വന്നതോ മറ്റൊരു വിഭാഗത്തെ പ്രതിധീകരിക്കുന്നതോ ആകാം സോപ് എന്നാണ് നിരീക്ഷിക്കുന്നത്, ഈ പ്രാദേശികഭാഷാ ഭേദങ്ങൾ ഒരു ഭാഷയിൽനിന്ന് പിരിഞ്ഞതാണെന്നാണ് നിഗമനം. എങ്കിലും ഓരോ വിഭാഗവും ഭാഷാപരമായി മറ്റുള്ളവരിൽനിന്ന് വ്യത്യസ്തതരാണെന്ന ബോധം നിലനിറുത്തുന്നുണ്ട്.
സാംസ്കാരികമായി ഓരോ വിഭാഗങ്ങളിലും ചെറിയ വ്യത്യാസം കാണുന്നുണ്ട്. കളിമൺ പാത്രനിർമാണം ചൗറക്കാരുടെ കുത്തകയാണ്. കുട്ട നെയ്ത്ത് കാർ നിക്കോബാരികളുടേതാണ്. വള്ള നിർമാണവും ഇരുമ്പുകൊണ്ടുള്ള കുന്തം നിർമിക്കുന്നതിലും മധ്യദ്വീപുകാരാണ് വൈദഗ്‌ധ്യം തെളിയിച്ചിട്ടുള്ളത്. കുട്ട, തടി കൊണ്ടുള്ള കുന്തം നിർമാണം, വനവിഭവ ശേഖരണം എന്നിവ തെക്കൻ ദ്വീപുവാസികളുടെ പ്രത്യേകതയാണ്.
നിക്കോബാരികളെ പുറത്തുള്ളവർ ഹൊളിചൂ എന്നാണ് വിളിക്കുന്നത്. കാർ നിക്കോബാരി വാക്കായ ഹൊൾ ചു (എന്റെ സുഹൃത്ത്) എന്ന പദത്തിന്റെ തെറ്റായ പ്രയോഗമാണ് പുറത്തുള്ളവർ അപകീർത്തികരമായി ഉപയോഗിക്കുന്നത്. കാർ നിക്കോബാരികൾ മറ്റു ദ്വീപുകളിൽ വസിക്കുന്ന നിക്കോബാരികളെ അജ്ഞർ എന്ന അർത്ഥത്തിൽ ടാ ഊ എന്നാണ് പരാമർശിക്കുന്നത്. തിരിച്ച് മറ്റുള്ളവർ കാർ നിക്കോബാരികളെ സോം പു (കാർ നിക്കോബാരി)എന്നുമാണ് പറയാറുള്ളത്. ചരിത്രരേഖകളിൽ നിക്കോബാരികളെല്ലാം ഒരേ വർഗമാണ്, അവരുടെ പൂർവികർ സുമാത്രയിലാണ്. നിക്കോബാരികൾ മോൺ വംശജരാണെന്ന് ബൊണിങ്ങ്ടണും (1932) ഇവർ ഇന്ത്യക്കു പുറത്തുനിന്ന് പണ്ടേ കുടിയേറിയവരാണെന്നും ഇവരുടെ പൂർവിക ദേശത്താണ് ഇപ്പോൾ ബർമീസ്, മോൺ, ഷാൻ, മലയ വിഭാഗങ്ങളുള്ളതെന്നും ആർ സി ടെംപിളും അഭിപ്രായപ്പെട്ടിട്ടുണ്ട്.
വൈറ്റ് ഹെഡ് (1924), ഇവർ മംഗളോയ്‌ഡ് വംശജരാണെന്നു കണ്ടെത്തി. മലയക്കാരും ബർമക്കാരും മറ്റു വിദേശികളും ഇവരുമായി പണ്ടേ ബന്ധം സ്ഥാപിച്ചിരുന്നുവെന്നും രേഖകളുണ്ട്.
നിക്കോബാരികൾ പ്രധാനമായും ക്രിസ്തുമത വിശ്വാസികളാണ്. കാർ നിക്കോബാർ ക്രിസ്തുമത കേന്ദ്രമാണെങ്കിലും ന്യുനപക്ഷം മുസ്‍ലിം മതവിശ്വാസികളുണ്ട്.
നിക്കോബാരികളുടെ ഉത്പത്തിയെ കുറിച്ച് ഓരോ ദ്വീപുകാർക്കും വ്യത്യസ്ത പുരാവൃത്തങ്ങളുണ്ട് (ജസ്റ്റിൻ 1990). കാർ നിക്കോബാരികളുടെ ഇടയിൽ പ്രചാരമുള്ള ഒരു കഥയുണ്ട്. ഗർഭിണിയായ ബർമീസ് സ്ത്രീ ഒരു പട്ടിയോടോപ്പം ഈ ദ്വീപിലെ സേത്തി വില്ലേജിലെത്തിയെന്നും അവർ അവിടെ ആൺകുഞ്ഞിന് ജന്മം നൽകിയെന്നും ആ കുട്ടി വളർന്ന് അമ്മയുമായി നിഷിദ്ധബന്ധത്തിൽ ഏർപ്പെട്ടുവെന്നും അങ്ങനെയുണ്ടായ സന്താന പരമ്പരയാണ് കാർ നിക്കോബാരികൾ എന്നുമാണ് കഥ. ഇതോടൊപ്പം അവർ പറയുന്ന മറ്റൊന്ന്, അവരുടെ പൂർവികർ ബർമക്കാരാണെന്നും ജന്മനാട്ടിലെ ആഭ്യന്തര കലാപത്തെ തുടർന്ന് ചിലർ പലായനം ചെയ്ത് പ്രവാസികളായി ഇവിടെ എത്തിയതാണെന്നും അവരുടെ പിൻലമുറയാണ് ഇപ്പോഴത്തെ കാർ നിക്കോബാർ നിവാസികൾ എന്നുമാണ്. ബർമീസ് ബന്ധമാണ് ഈ രണ്ടു കഥകളിലും ഒളിഞ്ഞിരിക്കുന്നത്.
ചൗറ നിവാസികൾക്ക് അവരുടെ പൂർവികരായ നാലു പേർ അകലെയുള്ള ഏതോ പ്രദേശത്തുനിന്നും ഒരു ചങ്ങാടത്തിൽ ചൗറ ദ്വീപിലെത്തി വാസമുറപ്പിച്ചു. അവരുടെ പിന്മുറക്കാരാണ് ഇപ്പോഴത്തെ ചൗറ നിവാസികൾ. പൂർവികർ വന്നിറങ്ങിയ തീരത്തെ മണൽ ദിവ്യമാണെന്നവർ വിശ്വസിക്കുന്നു. പുറത്തുനിന്ന് കൊണ്ടുവരുന്ന കളിമണ്ണിനൊപ്പം ഈ മണലും ചേർത്താണ് അവർ മൺപാത്ര നിർമാണം നടത്തുന്നത്. ചൗറക്കാരുടെ ഇടയിലുള്ള മറ്റൊരു കഥ കാമോട്ട ദ്വീപുവാസികളെ കുറിച്ചാണ്. പണ്ട് ചൗറക്കാരിൽ ചിലർ കടലിൽ കുളിച്ചുകൊണ്ടിരുന്നപ്പോൾ ഒരു വലിയ തിര വന്ന് അവരെ ആഴക്കടലിലേക്കു കൊണ്ടുപോയി. കുറച്ചുകഴിഞ്ഞ് അവർ കാമോട്ട ദ്വീപിന്റെ പടിഞ്ഞാറേ തീരത്തടുത്തു. അവരുടെ സന്താനപരമ്പരയാണ് ഇന്നത്തെ കാമോട്ടക്കാർ. ട്രിങ്കറ്റ് ദ്വീപ് ചൗറയോട് ചേർന്നായിരുന്നു പണ്ടു കാലത്തുണ്ടായിരുന്നത്. പിന്നീടത് അകന്നുപോയതാണ്. മധ്യ നിക്കോബാർ ദ്വീപുകളിലെ ജനവാസത്തെ കുറിച്ചുള്ള ചൗറക്കാരുടെ വിശ്വാസമാണിതൊക്കെ. അവരെല്ലാം ചൗറക്കാരിൽ നിന്ന് പിരിഞ്ഞതാണ് എന്നതാണിതിന്റെ പിന്നിലുള്ളത്.
തെരേസ്സ ദ്വീപുവാസികളുടെ ഉല്പത്തി മറ്റൊരു തരത്തിലാണ്. ആദ്യം അവിടെ ഒരു സ്ത്രീ ഉണ്ടായിരുന്നു. അവർ പട്ടിയുമായി വേഴ്ച നടത്തിയെങ്കിലും കുഞ്ഞുങ്ങളുണ്ടായില്ല. പിന്നീട് അവർ ഒരു പുരുഷനെ കണ്ടു. പക്ഷേ അയാൾക്ക് ലൈംഗികജ്ഞാനം ഉണ്ടായിരുന്നില്ല. അതുകൊണ്ട് കുഞ്ഞുങ്ങളുണ്ടായില്ല. പിന്നീട് ആ സ്ത്രീ ഒരു വിദേശിയിൽ നിന്ന് ഗർഭം ധരിച്ച്, ഒരു ആൺകുട്ടിക്ക് ജന്മം നല്കി. അതുകഴിഞ്ഞ് അവർ ആദ്യ പുരുഷന് ലൈംഗിക അറിവ് പകർന്നുകൊടുത്തു, അയാളുടെ മക്കളെ പ്രസവിച്ചു. അങ്ങനെയാണ് തെരേസ്സക്കാർ ഉണ്ടായത്.
കച്ചാലുകാരെക്കുറിച്ച് വിചിത്രമായൊരു കഥയുണ്ട്. പണ്ടൊരിക്കൽ വലിയ വെള്ളപ്പൊക്കത്തിൽ ഒരു മരമൊഴിച്ചു എല്ലാം ഒലിച്ചുപോയി. ചില വിരകൾ ആ മരത്തിൽ കയറി രക്ഷ നേടി. ഈ വിരകളിൽ നിന്നാണ് ഇപ്പോഴത്തെ കച്ചാലുകാരുടെ പിറവി. ഇതോടൊപ്പം മറ്റു തരത്തിലുള്ള ഉത്പത്തികഥകളുമുണ്ട്. ഒരു ഭാര്യയും ഭർത്താവും ചങ്ങാടത്തിൽ ചൈനയിൽ നിന്ന് കച്ചാലിൽ എത്തിച്ചേർന്നു. അവരുടെ പരമ്പരയാണ് കച്ചാലുകാർ. ചൈന, മലയ പ്രദേശത്തുള്ള മൽസ്യബന്ധനക്കാർ കച്ചാലിൽ വന്ന് തദ്ദേശീയരുമായി ബന്ധപ്പെട്ടുണ്ടായ മിശ്രജനതയാണ് കച്ചാലുകാരെന്നും ചിലർ അഭിമാനിക്കുന്നുണ്ട്. ഗ്രേറ്റ് നിക്കോബാറിൽ നിന്നും വന്നവരാണ് തങ്ങളുടെ പൂർവികരെന്നു ചിലർ വിശ്വസിക്കുന്നു. കാമോട്ട, നാൻ കൗറി, ട്രിങ്കറ്റ് നിവാസികളും അവരുടെ പൂർവികർ സുമാത്രാ, മലയ, ചൈന എന്നിവിടങ്ങളിൽ നിന്നാണെന്നു വിശ്വസിക്കുന്നു. കൊണ്ടുൽ, ലിറ്റിൽ നിക്കോബാർ, പുലോമിലോ നിവാസികൾ ഗ്രേറ്റ് നിക്കോബാറിൽ നിന്നു വന്നവരാണെന്ന് വിശ്വസിക്കുന്നു.
നിക്കോബാരികൾ നൂറ്റാണ്ടുകൾക്കുമുമ്പ് ദക്ഷിണ കിഴക്കൻ ഏഷ്യൻ പ്രദേശങ്ങളിൽ നിന്ന് നിക്കോബാറിൽ കുടിയേറിയവരാണെന്നു തന്നെയാണ് ജനിതക പഠനങ്ങൾ വെളിവാക്കുന്നത്.
തെക്കൻ നിക്കോബാർ ദ്വീപുവാസികൾ നാൻ കൗറി ഭാഷയുമായി ബന്ധമുള്ള ഭാഷയാണ് സംസാരിക്കുന്നത്. അതുകൊണ്ടിവർ നാൻ കൗറി ക്കാരാകാമെന്നും തിരിച്ച് ഗ്രേറ്റ് നിക്കോബാറിൽ നിന്ന് വന്നവരാണ് നാൻ കൗറിക്കാരെന്നുമുള്ള അഭിപ്രായങ്ങൾ നിലവിലുണ്ട്. ഡി എൻ എ പഠനങ്ങൾ നിക്കോബാരികളെ കിഴക്കൻ ഏഷ്യൻ മോൺ ഖമർ ഭാഷാജനതയുമായി, പ്രത്യേകിച്ച്, കമ്പോഡിയക്കാരുമായും ചൈനീസുകാരുമായും ദക്ഷിണ കിഴക്കൻ ഏഷ്യൻ ജനതയുമായും ബന്ധപ്പെടുത്തുന്നു. ബർമീസ്- ചൈനീസ്- മലയ കടൽവാണിജ്യക്കാരുമായി 2000 വർഷങ്ങൾക്കുമുമ്പേ നിക്കോബാരികൾക്ക് അടുപ്പമുണ്ടായിരുന്നുവെന്ന് ചരിത്രരേഖകളുണ്ട്. പാണ്ട്യരാജാക്കന്മാരുടെ കീഴിലായിരുന്നു ചില ദ്വീപുകൾ. തെരേസ്സ ദ്വീപിൽ വ്യക്തമായ ദ്രാവിഡ സാന്നിധ്യം കാണുന്നുണ്ട്. ചുരുക്കത്തിൽ നിക്കോബാരികൾ നൂറ്റാണ്ടുകൾക്കുമുമ്പ് ദക്ഷിണ കിഴക്കൻ ഏഷ്യൻ പ്രദേശങ്ങളിൽ നിന്ന് നിക്കോബാറിൽ കുടിയേറിയവരാണെന്നു തന്നെയാണ് ജനിതക പഠനങ്ങൾ വെളിവാക്കുന്നത്. അവരുടെ ചില ഉല്പത്തി പുരാവൃത്തങ്ങളും സൂചിപ്പിക്കുന്നത് ഇതുതന്നെയാണ്.
നിക്കോബാരികൾ പ്രധാനമായും ക്രിസ്തുമത വിശ്വാസികളാണ്. കാർ നിക്കോബാർ ക്രിസ്തുമത കേന്ദ്രമാണെങ്കിലും ന്യുനപക്ഷം മുസ്‍ലിം മതവിശ്വാസികളുണ്ട്. നാൻ കൗറി, കമോട്ട, കച്ചാൽ എന്നിവിടങ്ങളിലും ചെറിയ തോതിൽ മുസ്‍ലിം സാന്നിധ്യമുണ്ട്. തെക്കൻ ദ്വീപുകളിൽ മുസ്‍ലിം സാന്നിധ്യമില്ല. 1900- നു മുമ്പു മുതൽ ഗുജറാത്തും ബർമയുമായി ബന്ധപ്പെടുത്തികൊണ്ടുള്ള വ്യാപാരസംരംഭമാണ് ജാഡ്‍വെറ്റ് കമ്പനി. ഈ കമ്പനിക്ക് നിക്കോബാറുമായി വലിയ ബന്ധമുണ്ട്. ബർമയിൽ വിൽക്കാനായി കൊപ്രയും പാക്കുമൊക്കെ നിക്കോബാറിൽ നിന്ന് ഈ കമ്പനി ശേഖരിച്ചിരുന്നു. ജപ്പാൻ ഭരണം നിലനിന്ന കാലമൊഴിച്ച് ബ്രിട്ടീഷ് ഭരണം ഇവർക്ക് വ്യാപാര ലൈസൻസ് നൽകിയിരുന്നു. മുസ്‍ലിം ഉടമസ്ഥതയിലായിരുന്ന ഈ കമ്പനിയുമായുള്ള ദീർഘകാലത്തെ നിക്കോബാർ ബന്ധമാണ് ഇസ്‍ലാം മതം നിക്കോബാരികൾക്കിടയിൽ പ്രചരിക്കാനിടയായത്.
മുഖ്യമായും ക്രിസ്തുമതാനുയായികളാണ്. ന്യൂനപക്ഷം ഇസ്‍ലാം മതവിശ്വാസികളുമുണ്ട്. ഇവർ ക്രിസ്ത്യാനികളോ മുസ്‍ലിംകളോ ആണെന്നു പറയുമ്പോൾ തന്നെ അവരുടെ തനതു സംസ്കാരത്തിന്റെ വേരുകൾ പൂർണമായി നഷ്ടപ്പെട്ടിട്ടില്ല. പിതൃക്കളുടെ ആരാധനയുമായി ബന്ധപ്പെട്ട ചടങ്ങുകൾ ഇത് ശരിവയ്ക്കുന്നു. പ്രകൃതി ആരാധനയായിരുന്നു ഇവർക്കിടയിൽ ഉണ്ടായിരുന്നത്. പിതൃക്കളുടെ സന്നിധ്യം അവർക്കിടയിലുണ്ടെന്ന വിശ്വാസം ഇപ്പോഴും നിലനിൽക്കുന്നുണ്ട്.
സുനാമിക്കു മുമ്പും പിമ്പും എന്ന രണ്ടു ഘട്ടത്തിലൂടെ നിക്കോബാരി ജനതയെ മനസിലാക്കേണ്ടതുണ്ട്. സുനാമിക്കു മുമ്പുള്ള ജനതയും അവരുടെ സംസ്‌കാരവുമല്ല സുനാമിക്കു ശേഷം കാണുക.
നിക്കോബാരി ഭാഷ പല ദ്വീപുകളിലും വ്യത്യസ്തമായിട്ടാണ് സംസാരിക്കുന്നത്. കാർ നിക്കോബാർ ദ്വീപുഭാഷ ഇതര ദ്വീപുകാർക്കു മനസിലാകുമെങ്കിലും തിരിച്ച് അത്രയും സുഗമമായ വിനിമയം നടക്കാറില്ല. ചൗറക്കാരുടെ ഭാഷാഭേദം, തെരേസ്സ, ബോംപൊക ദ്വീപുകാർക്ക് മറ്റൊരു ഭാഷാഭേദം, കച്ചാൽ, കാമോട്ട, നാൻ കൗറി, ട്രിങ്കറ്റ് ദ്വീപുകാരുടെ ഭാഷാഭേദം പുലോമിലോ, ലിറ്റിൽ നിക്കോബാർ കൊണ്ടുൽ ദ്വീപുകളിലെ ഭാഷാഭേദം, ഗ്രേറ്റ് നിക്കോബാർ തീരവാസികളായ നിക്കോബാരികളുടെ ഭാഷാഭേദം എന്നിങ്ങനെ പ്രദേശികഭേദങ്ങൾ അടങ്ങുന്നതാണ് നിക്കോബാരി ഭാഷ. ആസ്ട്രോ ഏഷ്യാറ്റിക് ഭാഷാകുടുംബത്തിലെ ഉപശാഖയായ മോൺ -ഖെമർ വിഭാഗത്തിലെ ഭാഷയാണിത്. ഇതേ ഉപശാഖയിലെ മറ്റൊരു ഇന്ത്യൻ പ്രതിനിധിയാണ് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ, പ്രത്യേകിച്ച്, മേഘാലയിലെ ഖാസി ഭാഷ. കാർ നിക്കോബാരികൾ ലാറ്റിൻ ലിപിയിലാണ് അവരുടെ ഭാഷ എഴുതുന്നത്. ബൈബിൾ വിവർത്തനവും ഇതേ ലിപിയിൽ തന്നെയാണ്. കൊളോണിയൽ കാലത്ത് ജോർജ് വൈറ്റ് ഹെഡും ബിഷപ്പ് ജോൺ റിച്ചാർഡ്‌സനും ചേർന്നാണ് ലാറ്റിൻ ലിപി ഉപയോഗിച്ചു തുടങ്ങിയത്. അകം ഭാഷയായിട്ടാണ് കാർ നിക്കോബാർ ഭാഷാഭേദം നിലനിൽക്കുന്നത്. പുറത്തുള്ളവരോട് ഹിന്ദി / ഇംഗ്ലീഷ് ഭാഷകളാണ് ഉപയോഗിക്കുന്നത്. മറ്റു ദ്വീപുവാസികളും ലത്തീൻ ലിപി ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്. നിക്കോബാരി മുസ്‍ലിംകൾ ഉറുദുവും ഗുജറാത്തിയും ഹിന്ദിയും വീട്ടിൽ ഉപയോഗിക്കുന്നു, നിക്കോബാരി ഭാഷയിൽ നിന്നുള്ള അകൽച്ചയും കാണാം.
2004 ഡിസംബർ 26 നുണ്ടായ സുനാമി നിക്കോബാർ ദ്വീപുകളെ തകർത്തെറിഞ്ഞു. 3000- ലേറെ നിക്കോബാരികൾ മരിച്ചു. ആയിരക്കണക്കിനു ഹെക്ടർ കൃഷി നശിച്ചു. ലക്ഷക്കണക്കിനു വളർത്തുമൃഗങ്ങൾ നഷ്ടമായി. പല ദ്വീപുകളും വെള്ളത്തിനടിയിലായി. ദ്വീപുവാസികൾ ഒലിച്ചുപോയി. ട്രിങ്കറ്റ് ദ്വീപ് മൂന്നായി പിളർന്നു. കണ്ടൽകാടുകളും പവിഴപ്പുറ്റും നഷ്ടമായി. ചുരുക്കത്തിൽ, സുനാമിക്കു മുമ്പും പിമ്പും എന്ന രണ്ടു ഘട്ടത്തിലൂടെ ഈ ജനതയെ മനസിലാക്കേണ്ടതുണ്ട്. സുനാമിക്കു മുമ്പുള്ള ജനതയും അവരുടെ സംസ്‌കാരവുമല്ല സുനാമിക്കു ശേഷം കാണുക.
(തുടരും)