ശത്രുപക്ഷ നിർമിതി, അധികാരത്തിന്റെ ഉപജാപം

അധികാരം ഉറപ്പിക്കാനും സ്വജീവൻ സംരക്ഷിക്കാനുമുള്ള കൗടില്യകാലത്തെ അധികാരികളുടെ ഉപജാപങ്ങൾ പലതും സമകാല അധികാര സംവിധാനങ്ങളുടെ പലതരം കുതന്ത്രങ്ങളെക്കുറിച്ച് ഓർമിപ്പിക്കുന്നവയാണ്. ചാണക്യന്റെ ഭാഷാകൗടലീയത്തെ അടിസ്ഥാനമാക്കി എം. ശ്രീനാഥൻ എഴുതുന്ന പഠനപരമ്പര തുടരുന്നു.

വിവേചനത്തിന്റെ
അർഥശാസ്ത്രം- 4

ഭാഷാ കൗടലീയത്തിലെ ദൂതപ്രണിധി, രാജപുത്രരക്ഷണം, അവരുദ്ധവൃത്തം, അവരുദ്ധനിലുള്ള വൃത്തി എന്നീ അധ്യായങ്ങൾ പരിശോധിക്കാം.

അന്യരാജ്യങ്ങളുമായുള്ള ബന്ധം, പ്രത്യേകിച്ച്, കയ്യേറ്റവും യുദ്ധവും പിടിച്ചടക്കലുമൊക്കെ സാധാരണമായിരുന്ന കാലത്ത് രാജ്യാന്തരബന്ധത്തിന് ഏറെ പ്രാധാന്യം നൽകിയിരുന്നു. ഇപ്പോൾ അംബാസഡർമാർ ചെയ്തുവരുന്ന പ്രധാന കാര്യങ്ങളെല്ലാം ദൂതന്മാർ വഴിയാണ് പണ്ട് സാധ്യമാക്കിയിരുന്നത്. ഭരണകൂടത്തിന്റെ അവിഭാജ്യഘടകമായി തന്നെയാണ് ദൂതന്മാർ പ്രവർത്തിച്ചിരുന്നത്. ദൂതകർമത്തെകുറിച്ച് വിപുലമായ ആലോചനകൾ പണ്ടേ നടന്നിരുന്നുവെന്നു കൗടലീയം സാക്ഷ്യപ്പെടുത്തുന്നു. വിവരങ്ങളെത്തിക്കുക, സന്ധി വ്യവസ്ഥകൾ പാലിക്കുക, രാജമഹിമ ഉയർത്തിക്കാട്ടുക, മിത്രങ്ങളെ പരിശോധിച്ച് മനസിലാക്കി സൗഹൃദം സ്ഥാപിക്കുക, ഉപജാപം നടത്തുക, ശത്രുവിന്റെ സുഹൃത്തുക്കളെ ഭിന്നിപ്പിക്കുക, സ്ത്രീകളെയും പടയെയും ഗൂഢമായി ശത്രുരാജ്യത്തു കടത്തുക, ശത്രുധനം അപഹരിക്കുക, ചാരപ്പണി നടത്തുക, തടങ്കൽ പുള്ളികളെ മോചിപ്പിക്കുക, ദൂതൻ തന്റെ ദൂതന്മാരെകൊണ്ടു ശത്രു ദൂതന്മാരെ നിരീക്ഷിപ്പിക്കുക എന്നിങ്ങനെ ദൂതകർമങ്ങൾ പലതാണ്. ഭാരതീയ ചിന്താപാരമ്പര്യത്തിൽ ദൂതകർമങ്ങൾക്കുണ്ടായിരുന്ന പ്രാധാന്യം കൗടലീയത്തിൽ തെളിഞ്ഞുകാണാം.

ദൂതന്മാർ ചെയ്യുന്നത്

ദൂതപ്രണിധി എന്നതുകൊണ്ട് ദൂതനെ അയക്കൽ എന്നാണുദ്ദേശിക്കുന്നത്. മന്ത്രിതല രഹസ്യ ആലോചനയിൽ അന്യരാജ്യ സംബന്ധമായ അടിയന്തര പ്രാധാന്യമുള്ള തീരുമാനങ്ങളുണ്ടെങ്കിൽ, മന്ത്രാലോചന കഴിഞ്ഞാൽ ദൂതനെ അയക്കലാണ് രാജാവ് ചെയ്യേണ്ട പ്രധാന കർമം.

ബുദ്ധിയും വാക് സാമർത്ഥ്യവും കൗശലവും ഒത്തുചേർന്നവരാണ് പ്രധാനമായും ദൂതവൃത്തിയിൽ മുൻപന്തിയിൽ. ഈ ശേഷികളിലുള്ള കുറവുകളനുസരിച്ചു ദൂതശ്രേണിയിലെ സ്ഥാനവും ദൂതജോലിയും വ്യത്യാസം വരും. കാര്യങ്ങൾ വിനിമയം ചെയ്യാൻ കഴിവുള്ളവനാണ് ദൂതൻ. ദൂതന്മാർ പലവിധമുണ്ട്. നിസൃഷ്ടാർത്ഥൻ കാര്യങ്ങൾ യുക്തം പോലെ പറയാൻ അധികാരമുള്ളവനാണ്. പറയേണ്ട കാര്യം ക്ലിപ്തമായി ഏല്പിക്കപ്പെട്ടവനാണ് പരിമിതാർത്ഥൻ. ഇവർ നിസൃഷ്ടാർത്ഥനെക്കാൾ ഗുണം കുറഞ്ഞവരാണ്. പരിമിതാർത്ഥനെക്കാളും ശേഷി കുറഞ്ഞവരാണ് ശാസനഹരൻ. ശാസനപത്രം കൊണ്ടുപോകാനാണ് ഇക്കൂട്ടരെ ഉപയോഗിക്കുന്നത്.

ദൂതവൃത്തിക്കുവേണ്ട തയ്യാറെടുപ്പുകൾ

ദൂതവൃത്തിക്കു വേണ്ട തയ്യാറെടുപ്പുകളെക്കുറിച്ച് കൗടല്യൻ വിവരിക്കുന്നുണ്ട്. പല്ലക്ക്, തേര്, മറ്റ് അവശ്യ സജ്ജീകരണങ്ങൾ എന്നിവ തയ്യാറാക്കിയ ശേഷമേ ദൂതൻ യാത്ര തുടങ്ങാവൂ. രാജാവിന്റെ ശാസനം പരനോട് പറയേണ്ടതെങ്ങനെയെന്നും അതുകേട്ട് പരന്റെ പ്രതികരണം എങ്ങനെയായിരിക്കുമെന്നും അതിന് ഇന്നവിധം മറുപടി പറഞ്ഞ് അവനെ കബളിപ്പിക്കണമെന്നും ആലോചിച്ചുറപ്പിച്ചുവേണം ദൂതൻ പോകേണ്ടത്. യാത്രയിൽ അതിർത്തിപാലകന്മാർ, വനപാലകന്മാർ, പുരമുഖ്യന്മാർ, രാഷ്ട്രമുഖ്യന്മാർ എന്നിവരുമായി ദൂതൻ നല്ല മൈത്രിയുഉണ്ടാക്കണം. തന്റെ രാജാവിന്റെയും ശത്രുവിന്റെയും സൈന്യങ്ങൾക്കുള്ള സ്ഥാനം, യുദ്ധം ചെയ്യാനുള്ള സ്ഥലം, മാറിപ്പോകാനുള്ള ഇടം എന്നിവയൊക്കെ ഭൂമി നോക്കി ദൂതൻ മനസിലാക്കണം. ശത്രുവിന്റെ ബലവും ദൗർബല്യവും ശ്രദ്ധിക്കണം. പരന്റെ കൊട്ടാരത്തിൽ അനുവാദം വാങ്ങി പ്രവേശിച്ച് എന്തുവന്നാലും ധൈര്യം കൈവിടാതെ രാജാവിന്റെ ശാസനം അദ്ദേഹം പറഞ്ഞേൽപ്പിച്ചതുപോലെ പറയുകയും വേണം.

രാജാവ് സമീപത്തുള്ളവരിൽനിന്നും ശത്രുക്കളിൽനിന്നും സ്വയം രക്ഷിച്ചാലേ രാജ്യത്തെ രക്ഷിക്കാനാവൂ. ഇതിൽ പുത്രന്മാരിൽ നിന്നുമുള്ള രക്ഷയാണ് രാജാവിനെ സംബന്ധിച്ച് ഏറ്റവും പ്രധാനം.

ദൂതവൃത്തിയിൽ ദൂതൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും കൗടല്യൻ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ശാസന കേൾക്കുന്ന പരന്റെ വാക്കിലും മുഖത്തും ദൃഷ്ടിയിലുമുള്ള പ്രസാദം, വാക്യപൂജനം, കുശലാന്വേഷണം അരികത്തിരുത്തൽ, സൽക്കാരം, ഇഷ്ടകാര്യത്തിൽ സ്മരണ, വിശ്വാസപ്രാപ്തി എന്നിവ പരൻ സന്തുഷ്ടനായാലുള്ള ലക്ഷണങ്ങളാണ്. ഇതിനു വിപരീതമായിരിക്കും അസന്തുഷ്ടനാണെങ്കിൽ. പരനിൽ അസന്തുഷ്ടി കണ്ടാൽ ദൂതൻ പറയേണ്ട ദൂതകർമവും കൗടല്യൻ പറയുന്നുണ്ട്: ‘‘ദൂതമുഖന്മാരാണ് രാജാക്കന്മാർ ഇവിടുന്നും മറ്റു രാജാക്കന്മാരും ഇതിൽ സമന്മാരാണ്. അതുകൊണ്ട് ദൂതന്മാർ ആയുധമോങ്ങിക്കണ്ടാൽ കൂടിയും യുക്തമായ കാര്യം പറയണം. അവരിൽ ചണ്ഡാളരായാൽ പോലും വധത്തിന് അർഹരല്ല. ബ്രാഹ്മണരായാലോ പിന്നെ പറയേണ്ടതുമില്ലല്ലോ. എന്റെ രാജാവ് അറിയിക്കാനേൽപ്പിച്ച വിവരം അറിയിക്കേണ്ടത് ദൂതധർമമാകുന്നു’’വെന്നു പറയണം.

ദൂതകർമത്തിനിടയിൽ ദൂതനെ തടവിലാക്കാനുള്ള സാധ്യതയും വധിക്കാനുള്ള സാധ്യതയും ഉണ്ടെന്നറിയാവുന്നതുകൊണ്ട് ദൂതൻ അത്തരം സന്ദർഭങ്ങളിൽ ധൈര്യം കൈവിടാതെ പാലിക്കേണ്ട പെരുമാറ്റക്രമവും കൗടല്യൻ വിശദമാക്കുന്നുണ്ട്. തന്നെ വിട്ടയക്കാതിരിക്കുന്ന കാലമത്രയും ദൂതൻ അവിടെ വസിക്കണം. ബഹുമാനം തന്നാൽ അഹങ്കരിക്കരുത്. താൻ ബലവനാണെന്നു കരുതുകയുമരുത്. ഇഷ്ടമില്ലാത്തത് കേട്ടാലും സഹിക്കണം. മദ്യപാനം കൊണ്ടോ മറ്റെന്തെങ്കിലും വഴിയോ മറ്റുള്ളവർ തന്റെ അന്തർഗതങ്ങൾ അറിയാതിരിക്കാൻ ഒറ്റയ്ക്കേ ഉറങ്ങാവൂ. പ്രലോഭനങ്ങൾക്കു വഴങ്ങുന്ന കൃത്യപക്ഷങ്ങളുടെ ദ്രോഹാലോചനയും അകൃത്യപക്ഷങ്ങളുടെ സമർപ്പണവും അവർക്കു രാജാവിനോടുമുള്ള ഇഷ്ടാനിഷ്ടങ്ങളും രാജാവിന്റെ ന്യൂനതയുമൊക്കെ താപസ വൈദേഹക വ്യഞ്ജനന്മാർ വഴിയോ അന്തേവാസികൾ വഴിയോ ഉഭയവേതനന്മാർ വഴിയോ ചിത്രങ്ങൾ, മറ്റു ചിഹ്നങ്ങൾ എന്നിവ വഴിയോ രഹസ്യമായി കാര്യങ്ങൾ മനസിലാക്കണം. അറിഞ്ഞാൽ തക്കവണ്ണം ഉപജാപം ചെയ്യണം.

അവിടത്തെ രാജാവ് അവിടെയുള്ളവരെക്കുറിച്ച് ചോദിച്ചാൽ ദൂതൻ അഭിപ്രായം പറയരുത്. എല്ലാം അങ്ങേക്ക് അറിയുന്നതാണല്ലോ എന്നു പറഞ്ഞൊഴിയണം. അല്ലെങ്കിൽ കാര്യസിദ്ധിക്കുവേണ്ടി തക്കവണ്ണം മറുപടി പറയുക. കാര്യസിദ്ധി കൂടാതെ മടങ്ങിപ്പോകാൻ അനുവാദം കൊടുക്കാതെ തടഞ്ഞുവയ്ക്കുന്നതായാൽ അതിന്റെ പൊരുളറിയണം. താൻ വന്ന കാര്യത്തെ പരിഹരിക്കാനാണോ, തന്നോട് അനാദരമോ സന്തോഷമോ തോന്നിയിട്ടാണോ, തന്റെ രാജാവിന് കുഴപ്പം വരുത്താനാണോ, യുദ്ധത്തിന് സാവകാശം വേണ്ടതുകൊണ്ടാണോ, ശത്രുമിത്രത്തെയോ ശത്രുമിത്രമിത്രത്തിനെയോ അയക്കാനാണോ, പടപ്പുറപ്പാടിനാണോ, സൈന്യനീക്കത്തിന് അവസരം പാർത്തിരിക്കുന്നതാണോ എന്ന് ശങ്കിക്കണം. ഉപരോധത്തിനുള്ള കാരണമറിഞ്ഞാൽ ഉചിതമായ തീരുമാനമെടുക്കണം. വല്ല പ്രയോജനമുണ്ടെങ്കിൽ താമസിക്കുക. തനിക്കോ തന്റെ രാജാവിനോ എന്തെങ്കിലും ദോഷമുണ്ടെങ്കിൽ ദൂതൻ ഒളിച്ചു രക്ഷപ്പെടണം.

ദൂതവൃത്തിയെ സസൂക്ഷ്മം ആലോചിച്ച് ദൂതഗുണങ്ങൾ നിശ്ചയിച്ച് ദൂതകർമത്തിന്റെ ക്രമങ്ങൾ, ദൂതന്റെ കർമനിർവഹണം, ആപത്തു വരുമ്പോഴുള്ള രക്ഷവരെ ദൂതപ്രണിധി പ്രകരണത്തിൽ കൗടല്യൻ വിശദമാക്കിയിട്ടുണ്ട്.

രാജാവിന്റെ സുരക്ഷ മുഖ്യം

രാജാവിന്റെ സുരക്ഷയെ കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്. രാജാവ് സമീപത്തുള്ളവരിൽനിന്നും ശത്രുക്കളിൽനിന്നും സ്വയം രക്ഷിച്ചാലേ രാജ്യത്തെ രക്ഷിക്കാനാവൂ. ഇതിൽ പുത്രന്മാരിൽ നിന്നുമുള്ള രക്ഷയാണ് രാജാവിനെ സംബന്ധിച്ച് ഏറ്റവും പ്രധാനം. പുത്രന്മാരെ പിതാവെന്ന നിലയിൽ രാജാവ് രക്ഷിക്കണം എന്നതോടൊപ്പം അധികാരത്തിനായി പുത്രന്മാർ രാജാവിനെതിരെ ദ്രോഹം നടത്താനുള്ള സാധ്യതയുള്ളതുകൊണ്ട് പുത്രന്മാരിൽ നിന്ന് സ്വയം രക്ഷ നേടേണ്ടതുമാണ്. അധികാരത്തിനുവേണ്ടി പിതാവിനെ വധിക്കാൻ മടികാണിക്കാത്ത പുത്രന്മാരുണ്ടായിരുന്നുവെന്ന്, പുത്രന്മാരെ കൈകാര്യം ചെയ്യാനുള്ള നിർദേശങ്ങൾ പണ്ടേ അവതരിപ്പിച്ചിരുന്നതിൽനിന്ന് വ്യക്തമാകുന്നു.

പൂർവ്വാചാര്യന്മാർ പുത്രന്മാരെ കുറിച്ച് പറഞ്ഞിരിക്കുന്ന അഭിപ്രായങ്ങൾ കൗടല്യൻ പരിശോധിക്കുന്നുണ്ട്. ജനനം മുതൽ പുത്രന്മാരെ രാജാവ് രക്ഷിക്കണം. എന്നാൽ, പുത്രന്മാർ ഞണ്ടുകളെപ്പോലെയാണ്. അവർ പിതാവിനെ ഭക്ഷിക്കും. അതുകൊണ്ട് രാജാവിന് പുത്രവാത്സല്യം ഉറയ്ക്കുംമുമ്പ് അവരെ വധിക്കുക എന്നും വധിക്കുകയല്ല അവരെ ഒരു സ്ഥാനത്ത് അവരോധിക്കുകയാണ് വേണ്ടതെന്നും അല്ലെങ്കിൽ തടവിലാക്കുകയാണ് വേണ്ടതെന്നുമുള്ള വിരുദ്ധാഭിപ്രായങ്ങൾ അന്നുണ്ടായിരുന്നു. സ്വപക്ഷഭയമാണിത്. ഭയത്താലാണ് രാജാവ് തന്നെ തടവിലാക്കുന്നതെന്നു മനസിലാക്കി പുത്രൻ രാജാവിനെ വധിക്കും. അതുകൊണ്ട്, അവരെ അതിർത്തിക്കോട്ടയിൽ പാർപ്പിക്കണം. തന്നെയകറ്റി പാർപ്പിക്കുന്നത് ഭയം കൊണ്ടാണെന്നു മനസിലാക്കുന്ന പുത്രൻ അതിർത്തി കാവൽക്കരനെ ബന്ധുവാക്കും. അതുകൊണ്ട് സ്വദേശത്തുനിന്ന് ദൂരെയുള്ള സാമന്തന്റെ കോട്ടയിൽ പാർപ്പിക്കണം. ഇതും ശരിയല്ല, സാമന്തൻ പിതാവിനെ ചുഷണം ചെയ്യും, അതുകൊണ്ട് മാതൃബന്ധുക്കളുടെ വീട്ടിൽ പാർപ്പിക്കുക. ഇതിന്റെ പേരിൽ മാതൃബന്ധുക്കൾ ഭിക്ഷ യാചിക്കും. അതിനാൽ രാജപുത്രനെ ഗ്രാമത്തിലെ സുഖവാസകേന്ദ്രങ്ങളിൽ പാർപ്പിക്കുക. സുഖം മത്തായി മാറുന്ന പുത്രന്മാർ പിതാവിനെ ദ്രോഹിക്കില്ല എന്നിങ്ങനെയുള്ള പൂർവാചാര്യന്മാരുടെ നിർദേശങ്ങളോട് കൗടല്യൻ പൂർണമായും യോജിക്കുന്നില്ല.
ജീവൻമരണമാണിതെന്നാണ് കൗടല്യൻ വാദിക്കുന്നത്.

എങ്ങനെയായാലും വിനീതനല്ലാത്ത പുത്രനെ രാജാവാക്കരുത് എന്ന് കൗടല്യൻ പുത്രരക്ഷണത്തിൽ ഉറപ്പിച്ചു പറയുന്നുണ്ട്. ഏകപുത്രനാണെങ്കിലും ബഹുപുത്രന്മാരുണ്ടെങ്കിലും അച്ചടക്കമില്ലാത്ത കുമാരന്മാരെ ഒരിടത്തു തടവിലിടണം.

വിനീതനല്ലാത്ത പുത്രനോടു കൂടിയ രാജകുലം നശിക്കും. അതുകൊണ്ട്, റാണി ഋതുമതിയാകുമ്പോൾ ഐശ്വര്യത്തിനായി ഇന്ദ്രനെയെയും ബുദ്ധിയും വിദ്യക്കുമായി ബ്രഹസ്പതിയെയും ഉദ്ദേശിച്ച് വയറ്റുഹോമം നടത്തണം. ഗർഭിണിയാകുമ്പോൾ ബാലവൈദ്യൻ ഗർഭരക്ഷയ്ക്കും സുഖപ്രസവത്തിനും വേണ്ട ശുശ്രൂഷ ചെയ്യണം. പ്രസവശേഷം പുരോഹിതൻ ജാതകം കുറിക്കണം. വിദ്യാകാലമാകുമ്പോൾ എഴുത്തും പയറ്റും പഠിപ്പിക്കണം എന്നാണ് കൗടല്യനിർദേശം.

സ്ത്രീകളിൽ ഒരുവൻ രാജകുമാരനെ വേട്ട, മദ്യം, സ്ത്രീ എന്നിവയിലേർപ്പെടുത്തുകയും രാജ്യം പിതാവിൽനിന്ന് കൈക്കലാക്കാൻ പ്രേരിപ്പിക്കണമെന്നും അതിനെ മറ്റൊരു സ്ത്രീ എതിർക്കണമെന്നുമുള്ള അഭിപ്രായങ്ങളേയും കൗടല്യൻ അംഗീകരിക്കുന്നില്ല. ബോധമില്ലാത്ത കുമാരന്മാരെ ഇങ്ങനെ ചെയ്യിക്കുന്നത് മഹാദോഷമാണെന്നാണ് കൗടല്യമതം. നവബുദ്ധിയായ രാജപുത്രൻ അവനോട് എന്തു പറയുന്നുവോ അതിനെയെല്ലാം ശാസ്ത്രോപദേശമായിക്കരുതും. ധർമവും അർത്ഥവും മാത്രമേ പറയാവൂ, അധർമ്മവും അനർത്ഥവും ഉപദേശിക്കരുതെന്നാണ് കൗടല്യപക്ഷം. അങ്ങനെ ധർമാർത്ഥപാലകന്മാരായി കുമാരന്മാരെ വാർത്തെടുക്കണം.

ഏതെങ്കിലും കുമാരൻ പരസ്ത്രീതാല്പര്യം കാണിച്ചാൽ വൃത്തിഹീനരായ സ്ത്രീകളെകൊണ്ട് ആരുമില്ലാത്ത വീട്ടിൽവച്ച് അവനെ ഭയപ്പെടുത്തണം. മദ്യസേവയിൽ തല്പരനായാൽ മരുന്നുകളിട്ടു വിരസമാക്കിയ മദ്യം കൊടുത്ത് മദ്യപാനത്തിൽ താല്പര്യമില്ലാതാക്കണം. ചൂതുകളിയിലും വേട്ടയിലുമുള്ള താൽപര്യം ഇതുപോലെ നശിപ്പിക്കുക.

പിതാവിനെ ആക്രമിക്കാൻ തയ്യാറാകുന്നവനോട് അങ്ങനെയാകട്ടെ എന്നുപറഞ്ഞ് പക്ഷം ചേർന്ന് രാജാവ് ആക്രമണാതീതനാണെന്നും നമ്മുടെ ശ്രമം പരാജപ്പെട്ടാൽ നിശ്ചയമായും വധം ഉറപ്പാണെന്നും പിതൃഹത്യ ചെയ്താൽ ലോകനിന്ദക്കു പാത്രമാകുമെന്നും പ്രജകൾ കല്ലെറിയുമെന്നും പറഞ്ഞ് നിരുത്സാഹപ്പെടുത്തണം. ഒരു പുത്രനേ ഉള്ളൂ എങ്കിലും അയാൾ വിരക്തനാണെങ്കിൽ ബന്ധനസ്ഥനാക്കുക. ബഹുപുത്രന്മാരുണ്ടെങ്കിൽ വിരക്തനെ ഗർവുണ്ടാകാൻ സാധ്യതയില്ലാത്ത, ഇവനാൽ രാജ്യകാലഹമുണ്ടാകാത്തതുമായ അന്യ നാട്ടിലേക്കയക്കുക. എന്നാൽ സൽപുത്രനെ സേനാപതിയായോ യുവരാജാവോ ആയി വാഴിക്കാനുമാണ് കൗടല്യൻ നിർദ്ദേശിച്ചത്.

എല്ലായ്പ്പോഴും സൽപുത്രന്മാരുണ്ടാകണമെന്നില്ല. പുത്രന്മാരിൽ നല്ലതും ചീത്തയും വേർതിരിച്ചു പറയുന്നു. പുത്രന്മാർ മൂന്നുവിധമാണ്. പഠിപ്പിച്ചാൽ ധർമാർത്ഥങ്ങളെ മനസിലാക്കുകയും അനുഷ്ഠിക്കുകയും ചെയ്യുന്നവൻ ബുദ്ധിമാൻ. ധരിച്ചാലും അനുഷ്ഠിക്കാത്തവൻ ആഹാര്യബുദ്ധി. നിത്യം പ്രശ്നക്കാരനും ധർമാർത്ഥ വിരോധിയുമായവൻ ദുർബദ്ധി. ഏകപുത്രൻ ദുർബദ്ധിയാണെങ്കിൽ അവനൊരു സഹോദരനുണ്ടാകാൻ രാജാവ് ശ്രമിക്കണം. അല്ലെങ്കിൽ പുത്രിയുടെ പുത്രൻ തനിക്കു പുത്രനായിരിക്കുമെന്നു നിശ്ചയിച്ച് വിവാഹം ചെയ്തുകൊടുത്ത പുത്രിയിലുണ്ടാകുന്നവനെ സ്വന്തം പുത്രനായി കരുതി ബുദ്ധിമാനാക്കാൻ ശ്രമിക്കാം. വൃദ്ധനോ രോഗിയോ ആണ് രാജാവെങ്കിൽ മാതൃബന്ധു, സ്വകുടുംബാംഗം, ഗുണവാനായ സാമന്തൻ എന്നിവരിലാരെയെങ്കിലും കൊണ്ട് സ്വന്തം ഭാര്യയിൽ പുത്രന് ജൻമം കൊടുപ്പിക്കുക. എങ്ങനെയായാലും വിനീതനല്ലാത്ത പുത്രനെ രാജാവാക്കരുത് എന്ന് കൗടല്യൻ പുത്രരക്ഷണത്തിൽ ഉറപ്പിച്ചു പറയുന്നുണ്ട്. ഏകപുത്രനാണെങ്കിലും ബഹുപുത്രന്മാരുണ്ടെങ്കിലും അച്ചടക്കമില്ലാത്ത കുമാരന്മാരെ ഒരിടത്തു തടവിലിടണം. രാജാവ് അവരോട് സ്നേഹം കാട്ടണം. സ്വഭാവദൂഷ്യം ഇല്ലെങ്കിൽ മൂത്ത പുത്രനെ രാജാവാക്കണം. അത് സാധ്യമല്ലെങ്കിൽ കൂട്ടുഭരണം ഏർപ്പാടാക്കണം. അത് കൂടുതൽ സുരക്ഷിതമായിരിക്കുമെന്നാണ് കൗടല്യനിർദ്ദേശം.

രാജ്യഭാരം പുത്രന്മാർക്കു തന്നെ ആയിരുന്നുവെന്നും, പുത്രന്മാർ സൽസ്വഭാവികളാകാത്ത സന്ദർഭം വരാമെന്നും അങ്ങനെയുള്ളപ്പോൾ രാജാവ് ചെയ്യേണ്ടതെന്തെന്നും പറയുന്നു.

രാജ്യഭാരം പുത്രന്മാർക്കു തന്നെ ആയിരുന്നുവെന്നും, പുത്രന്മാർ സൽസ്വഭാവികളാകാത്ത സന്ദർഭം വരാമെന്നും അങ്ങനെയുള്ളപ്പോൾ രാജാവ് ചെയ്യേണ്ടതെന്തെന്നും പറയുന്നു. ഏകപുത്രനാണെങ്കിലും ദുർബുദ്ധിയായവനെ രാജാവാക്കരുത്. ഇത്തരം സന്ദർഭങ്ങളിൽ രാജാവ് ബദൽ സംവിധാനം ഏർപ്പാടാക്കണം. ധർമാർത്ഥ തല്പരനായ പുത്രനെ മാത്രമേ തന്റെ പിൻഗാമിയായി അവരോധിക്കാവൂ, മറിച്ചായാൽ രാജ്യം നശിക്കുമെന്ന ബോധവൽക്കരണമാണ് കൗടല്യൻ പുത്രരക്ഷണ പ്രകരണത്തിൽ സമർത്ഥിക്കുന്നത്. പുത്രഭയംകൊണ്ടു അവരെ വധിക്കണമെന്ന നിലപാടിനോട് വിയോജിക്കുന്നു കൗടല്യൻ.

പുത്രന്മാരുടെ വിരക്തി

രാജാവിന്റെ അപ്രീതി കാരണം പുത്രന്മാരിലുടലെടുക്കുന്ന വിരക്തിയും അതിനെ അവർ എങ്ങനെ സമീപിക്കണമെന്നും സംശയരഹിതമായി കൗടല്യൻ അവരുദ്ധവൃത്തത്തിൽ വിശദമാക്കുന്നു. തനിക്കു താല്പര്യമില്ലെങ്കിലും രാജാവ് നിയമിക്കുന്ന ഉത്തരവാദിത്തം രാജപുത്രൻ ഏറ്റെടുത്തു ചെയ്യണം. ഇഷ്ടപ്രവൃത്തിയിലാണ് നിയമനമെങ്കിൽ ഒരു മേൽനോട്ടക്കാരനെയും കൂടി നിയമിക്കാൻ പിതാവിനോട് അഭ്യർഥിക്കണം. അവനെയും കൂട്ടി, ഇരുവരും ചേർന്ന് ഉത്സാഹത്തോടെ പ്രവർത്തിച്ചു ലാഭമുണ്ടാക്കി പിതാവിന് നൽകുക. എന്നിട്ടും അദ്ദേഹം സന്തുഷ്ടനാകാതെ മറ്റൊരു പുത്രനെയോ മറ്റാരെയെങ്കിലുമോ കൂടുതൽ സ്നേഹിക്കുന്നതായി കണ്ടാൽ, വനത്തിലേക്കു പോകാൻ പിതാവിനോട് അനുവാദം ചോദിക്കുക. വധഭീഷണിയോ തടവോ പ്രതീക്ഷിച്ചാൽ ധാർമികനും സത്യവാദിയുമായ അയൽരാജാവിനെ ശരണം പ്രാപിക്കുക. എന്നിട്ട് ധനം സമ്പാദിച്ചു വീരന്മാരുമായും വനവാസികളുമായും ചങ്ങാത്തം കൂടുകയും പിതാവിന്റെ ഉദ്യോഗസ്ഥരെ തന്റെ പക്ഷത്താക്കുകയും വേണം. രാജപുത്രൻ ഏകാകിയാണെങ്കിൽ സ്വർണ- വെള്ളി വേലകളോ കച്ചവടമോ ചെയ്തു ജിവിക്കണം. രാജപുത്രന് എങ്ങനയൊക്കെ ധനം സമ്പാദിക്കാമെന്നും ഉപദേശിക്കുന്നുണ്ട്.

നാസ്തിക സംഘത്തിന്റയോ വൈദികർക്കനുഭവിക്കേണ്ടതല്ലാത്തതോ ആയ ദേവദ്രവ്യമോ ധനാഢ്യയായ വിധവയുടെ ദ്രവ്യമോ വ്യാപാരികളെ മയക്കി അവരുടെ ദ്രവ്യമോ അപഹരിക്കുക. അല്ലെങ്കിൽ പരഗ്രാമം കൈയേറി ധനം അപഹരിക്കാം. മാതൃബന്ധുക്കളിൽനിന്നും ഒപ്പിക്കാം. വേഷപ്രച്ഛന്നനായി കൂട്ടുകാരും മാതൃബന്ധുക്കളും ചേർന്ന് രാജാവിനെ ശാസ്ത്രങ്ങൾ കൊണ്ട് പ്രഹരിച്ചിട്ട്, ഞാൻ ഇന്ന രാജകുമാരനാണെന്നു പറഞ്ഞു രാജ്യം പിടിച്ചടക്കണം. സേവിക്കുന്നവർക്കു അധിക വേതനം വാഗ്ദാനം ചെയ്ത് അവരുടെ പിന്തുണ ഉണ്ടാക്കണം. പിതാവിന്റെ അപ്രീതിക്കു പാത്രമായ രാജപുത്രന്മാർക്കുള്ള ഉപദേശമാണ് അവരുദ്ധവൃത്ത പ്രകരണത്തിൽ കാണുന്നത്.

പിതാവിന്റെ അപ്രീതിയുണ്ടായാൽ

പിതാവിന്റെ അപ്രീതിക്ക് പാത്രമായവനാണ് അവരുദ്ധൻ. എങ്കിലും അവർക്ക് നന്നാവാനുള്ള അവസരമൊരുക്കുന്നതിനൊപ്പം വീണ്ടും നന്നായില്ലെങ്കിൽ വധശിക്ഷക്ക് വിധിക്കണം. അവരുദ്ധൻ മുഖ്യ പുത്രനാണെങ്കിൽ അമാത്യപുത്രന്മാർ ചാരന്മാരായി ചെന്നു രാജപുത്രനെ രാജസന്നിധിയിലേക്കു ആനയിക്കണം. അല്ലെങ്കിൽ സംപൂജ്യയായ മാതാവ് തന്നെ പോയി അവനെ കൂട്ടണം. രാജാവിനാൽ ഉപേക്ഷിക്കപ്പെട്ട അവരുദ്ധനെ ഗൂഢപുരുഷന്മാർ വധിക്കണം. പിതാവിനാൽ ഉപേക്ഷിക്കപ്പെടാത്ത, എന്നാൽ പിതാവിനോട് സ്നേഹമില്ലാത്ത അവരുദ്ധനെ സ്ത്രീ, മദ്യം, വേട്ട ഇതിൽ ആകർഷിപ്പിച്ചു രാത്രിയിൽ പിടിച്ചുകെട്ടി കൊണ്ടുവന്നതിനുശേഷം മരണശേഷം രാജ്യം നിനക്കുള്ളതാണെന്നു രാജാവ് അവനോട് പറഞ്ഞതിനുശേഷം ഏകാന്ത തടവിലാക്കുക. ബഹുപുത്രന്മാരുണ്ടെങ്കിൽ അവരിൽ ധർമഹീനനെ തീക്ഷ്ണന്മാരെക്കൊണ്ട് കൊല്ലുന്നതാണ് ശാസ്ത്രനിശ്ചയം എന്നും കൗടല്യൻ ഈ പ്രകാരണത്തിൽ പറഞ്ഞുറപ്പിക്കുന്നു.

പുത്രന്മാരിൽനിന്ന് രാജാവ് സ്വരക്ഷ എങ്ങനെ ഉറപ്പാക്കണമെന്നും സുശീലന്മാരായവരെ ഭരണത്തിലുൾപ്പെടുത്തണമെന്നും അപ്രീതിക്കു വിധേയരാകുന്നവരിൽ തന്നെ നന്നാകാൻ സാധ്യതയുള്ളവരെ സംരക്ഷിക്കുകയും മറ്റുള്ളവരെ നിർദാക്ഷിണ്യം വധിക്കുന്നതിന് ശാസ്ത്രാനുമതി ഉണ്ടെന്നുമാണ് കൗടല്യൻ സ്ഥാപിക്കുന്നത്.


Summary: M. Sreenathan Explaining Chanakya's Bhasa kautaliyam - Part 4


എം. ശ്രീനാഥൻ

ഭാഷാ സംസ്‌കാര ഗവേഷകൻ, ഗ്രന്ഥകാരൻ, പ്രഭാഷകൻ.സമരകോശം, ചട്ടമ്പിസ്വാമികളുടെ ജ്ഞാനാനവോത്ഥാനം എന്നിവയാണ് സമീപകാല പഠനങ്ങൾ.

Comments