ഗാന്ധിവധവും ആർ.എസ്.എസും: ജസ്റ്റിസ് കെ.ടി. തോമസിന് പി.എൻ. ഗോപീകൃഷ്ണന്റെ കത്ത്

ഗാന്ധിവധത്തിന്റെ നിഴലിൽ നെഹ്‌റുവിനെ നിർത്തി പൈശാചികവല്ക്കരിക്കാനും, ഹിന്ദുത്വസംഘടനകളെ പ്രതിസ്ഥാനത്തുനിന്ന് രക്ഷിച്ചെടുക്കാനും എഴുതിയുണ്ടാക്കിയ ഒരു പുസ്തകത്തിന് ജസ്റ്റിസ് കെ.ടി. തോമസ് എഴുതിയ അവതാരികയിലെ ഉത്കണ്ഠാജനകമായ അഭിപ്രായങ്ങൾ ചരിത്രവസ്തുതകളിലൂടെ തിരുത്തുകയാണ് പി.എൻ. ഗോപീകൃഷ്ണൻ.

Truecopy Webzine

ന്ത്യൻ ഭരണഘടനയുടെ പ്രായോഗികതലം വിവിധ രീതിയിൽ വികസിപ്പിച്ചെടുത്ത ഒരാൾ എന്ന നിലയിൽ അങ്ങയോട് ചിലത് പറയാൻ, ‘അസ്സാസ്സിനേഷൻ ഓഫ് മഹാത്മാഗാന്ധി - നെഗ്ളക്റ്റഡ് ക്രോണോളജീസ് ' എന്ന പുസ്തകവും അതിന് താങ്കൾ എഴുതിയ അവതാരികയും ഇടയാക്കിയിരിക്കുകയാണ്. ഒരു പൗരൻ എന്ന നിലയിൽ ആ അവതാരിക അനുഭവിപ്പിച്ച ഉൽക്കണ്ഠയുടേയും നിരാശയുടേയും മാനസിക നില പങ്കുവെയ്ക്കുക എന്ന നിലയിൽ മാത്രം ഈ കത്തിനെ എടുക്കുക-
ട്രൂ കോപ്പി വെബ്‌സീനിൽ പി.എൻ. ഗോപീകൃഷ്ണൻ എഴുതുന്നു.

കുരുക്ഷേത്ര പ്രകാശൻ പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന് ഗ്രന്ഥകർത്താവ് എഴുതിച്ചേർത്തിട്ടുള്ള മുഖവുര ഈ പുസ്തകരചന കൊണ്ട് എന്താണ് അദ്ദേഹം ഉദ്ദേശിക്കുന്നത് എന്നത് വ്യക്തമാക്കുന്നുണ്ട്: ‘ഈ പുസ്തകം ഒരു അന്വേഷണമാണ്, നിഗമനമല്ല ' ഗ്രന്ഥകർത്താവ് തുടരുന്നു:
‘‘ഇത് ചില ചോദ്യങ്ങൾ ഉയർത്തുന്നു. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ കൊലപാതകത്തെ സംബന്ധിച്ച് ഇതുവരെ ഉയർത്താത്ത ചില ചോദ്യങ്ങൾ. മൂർച്ചയുള്ള ചോദ്യങ്ങൾ ചിലരെ വിഷമിപ്പിച്ചേക്കാം. അലമാരയിലെ അസ്ഥികൂടങ്ങൾ പുറത്തുചാടുമ്പോൾ അവ എന്നന്നേയ്ക്കും സുരക്ഷിതമായി ഒളിച്ചുവെച്ചു എന്ന് ധരിച്ചിരുന്ന ചിലർ ഭ്രാന്ത് പിടിച്ച് അട്ടഹസിച്ചേക്കാം. കീറിയ മുഖംമൂടിയ്ക്ക് പിന്നിൽ ചില മുഖങ്ങളെ കണ്ട് നാം ഞെട്ടിയേക്കാം.''

നെഹ്റുവിനെ പ്രതിക്കൂട്ടിൽ നിർത്താനുള്ള ശ്രമമാണ് ഈ പുസ്തകം. നെഹ്റുയിസത്തോടുള്ള രാഷ്ട്രീയമായ വിയോജിപ്പ് എന്നതിനേക്കാൾ ഗാന്ധിവധത്തിന്റെ നിഴലിൽ അദ്ദേഹത്തെ നിർത്തി പൈശാചികവല്ക്കരിക്കാനുള്ള ശ്രമം.

എന്നെ സംബന്ധിച്ച് ‘ജയൻ അമേരിക്കയിൽ', ‘സുകുമാരക്കുറുപ്പ് ഹരിദ്വാരിൽ' തുടങ്ങിയ പുസ്തകങ്ങളുടെ കൂട്ടത്തിൽ പെട്ട വായിച്ച് രസിക്കാൻ പറ്റിയ ഒരു ഭാവന എന്നേ കരുതിയുള്ളു. അതുകൊണ്ടുതന്നെ ഇന്ത്യൻ ഭരണവ്യവസ്ഥയുടെ പ്രധാനപ്പെട്ട ഒരു തൂണിന്റെ, നീതിന്യായവ്യവസ്ഥയുടെ അമരക്കാരിൽ ഒരാളായിരുന്ന അങ്ങ് ഇത്തരം തമാശകളും വൈരുദ്ധ്യങ്ങളും എങ്ങനെ ആസ്വദിച്ചു എന്ന് നോക്കാൻ എനിക്ക് ജിജ്ഞാസയുണ്ടായി. എന്നാൽ തികച്ചും വ്യത്യസ്തമായ ഒരു സമീപനമാണ് അങ്ങേയ്ക്ക് ഈ പുസ്തകത്തോടുള്ളത് എന്നത് എന്നെ ജാഗ്രതപ്പെടുത്തി. അങ്ങ് അവതാരികയിൽ എഴുതുന്നു: ‘ജുഡീഷ്യൽ കമീഷനുകൾ നടത്തിയ വ്യത്യസ്ത തലങ്ങളിലെ കുറ്റാന്വേഷണങ്ങൾക്കും ഗവേഷണങ്ങൾക്കും മറ്റ് ആരായലുകൾക്കും ശേഷവും നമുക്ക് മഹാത്മാഗാന്ധിയുടെ വധത്തെ ചുറ്റിപ്പറ്റിയുള്ള വിശാലമായ അന്വേഷണഫലങ്ങളെക്കുറിച്ചുള്ള കൃത്യമായ അന്തിമവിധി സ്വരൂപിക്കാൻ കഴിഞ്ഞിട്ടില്ല. ഗ്രന്ഥകാരൻ ചൂണ്ടിക്കാട്ടുന്ന സാധ്യതകളോട് തുറന്ന മനസ്സ് സ്വീകരിക്കാമെന്നാണ് ഞാൻ കരുതുന്നത്.'

ഗാന്ധിവധത്തിനുപിന്നിൽ പ്രവർത്തിച്ചതെന്ന് വിവിധ കോടതികളും കമീഷൻ റിപ്പോർട്ടുകളും നമുക്ക് പറഞ്ഞു തന്ന കാര്യങ്ങളുടെ കേന്ദ്രം തീവ്രഹിന്ദു പ്രത്യയശാസ്ത്രത്തിൽ നിന്ന് മാറ്റി മൗണ്ട് ബാറ്റനിലും നെഹ്റുവിലും പ്രക്ഷേപിക്കാനാണ് ഗ്രന്ഥകാരന്റെ ശ്രമം.

ഗാന്ധിവധത്തിന്റെ പ്രതിസ്ഥാനത്തു നിന്ന് ആർ.എസ്.എസ് വിമുക്തമായതിനെ സംബന്ധിച്ച് അങ്ങ് ഇങ്ങനെ അഭിപ്രായപ്പെടുന്നു: ‘ജവഹർലാൽ നെഹ്റുവും സർദാർ പട്ടേലും ആ സംഘടനയുടെ (ആർ.എസ്.എസിന്റെ ) പങ്കില്ലായ്മയെക്കുറിച്ച് പിന്നീട് തിരിച്ചറിഞ്ഞു എന്ന കാര്യം ആരും മറക്കരുത്. പക്ഷെ, രാഷ്ട്രീയകാരണങ്ങളാൽ ഗാന്ധിവധത്തിൽ നിന്ന് ആർ. എസ്. എസിനെ വിമുക്തമാക്കാൻ ജനങ്ങളെ അനുവദിക്കാത്ത വണ്ണം ഒരു നിയന്ത്രിത ശബ്ദത്തിലാണെങ്കിൽ പോലും ചൂടുള്ള ഒരു പ്രചാരണം ചുറ്റിയടിക്കുന്നുണ്ട്. ഈ വിഷയത്തെപ്പറ്റിയുള്ള ഒരുപാട് വസ്തുതകൾ വായിച്ച ശേഷം, ആർ. എസ്. എസ് എന്ന സംഘടനയ്ക്ക് മഹാത്മാഗാന്ധി വധത്തിൽ ഒന്നും ചെയ്യാനില്ല എന്ന കാഴ്ചപ്പാടാണ് ഞാനും കൈക്കൊള്ളുന്നത്.'

ഗാന്ധിവധത്തിന്റെ ഗൂഢാലോചനയിൽ ആർ.എസ്.എസിനുള്ള പങ്കിനെപ്പറ്റി കപൂർ കമ്മീഷൻ അന്വേഷിച്ചു. കമീഷൻ എത്തിയ നിഗമനം: ‘ഈ എല്ലാക്കാര്യങ്ങളും നിലനിൽക്കെത്തന്നെ, പ്രത്യയശാസ്ത്രപരമായി അതൊരു കോൺഗ്രസ് വിരുദ്ധ പ്രസ്ഥാനം ആയിരുന്നു. അത് ഒരിക്കലും അഹിംസയുടെ തത്വശാസ്ത്രത്തിലോ അഹിംസയുടെ പ്രയോഗത്തിലോ വിശ്വസിച്ചിരുന്നില്ല. അത് ഗാന്ധിസത്തിനെതിരെ ഒരു നിലപാട് എടുത്തിരുന്നു. പക്ഷെ അതിന്റെ ഗാന്ധിവിരുദ്ധത മഹാത്മാഗാന്ധിയെ വ്യക്തിപരമായി ദ്രോഹിക്കുന്നത്രയും പോയതായി കാണുന്നില്ല.'

ഒരർത്ഥത്തിൽ ഗാന്ധിവധത്തിന്റെ ഗൂഢാലോചനാകുറ്റത്തിൽ നിന്ന് ആർ. എസ്. എസിനെ കഷ്ടിച്ചു രക്ഷപ്പെടുത്തുന്ന നിഗമനമായി ഇതിനെ കാണാം. നിയമദൃഷ്ട്യാ അങ്ങനെ വീക്ഷിക്കാമെങ്കിൽ കൂടിയും രാഷ്ട്രീയദൃഷ്ട്യാ അങ്ങനെ വീക്ഷിക്കാൻ കഴിയുമോ എന്ന കാര്യത്തിൽ ഒരു തീർച്ചയുണ്ടാക്കണമെങ്കിൽ നാം കപൂർ കമീഷൻ റിപ്പോർട്ടിലെ ആർ. എസ്. എസിനെ കുറിച്ച് പരാമർശിക്കുന്ന ഭാഗങ്ങളും ആർ. എസ്. എസിനെ കുറിച്ച് കമീഷൻ എത്തിച്ചേർന്ന നിഗമനങ്ങളും പരിശോധിക്കേണ്ടിയിരിക്കുന്നു. കോട്ടയത്ത് നടന്ന ആർ. എസ്. എസ് ഇൻസ്ട്രക്റ്റർമാരുടെ ട്രെയിനിങ്ങ് ക്യാമ്പിനെ അഭിസംബോധന ചെയ്ത് അങ്ങ് പറഞ്ഞതായി 2018 ജനുവരി 4 ലെ ഇന്ത്യൻ എക്​സ്​പ്രസ്​ പത്രത്തിൽ വന്ന വാർത്തയുടെ പശ്ചാത്തലത്തിൽ കൂടിയാണ് ഇത് ചെയ്യുന്നത്. അങ്ങ് പറഞ്ഞതായി പത്രം റിപ്പോർട്ട് ചെയ്ത നിരവധി കാര്യങ്ങളിൽ ഒന്ന് ഇതാണ്: ‘‘എന്തുകൊണ്ടാണ് ഇന്ത്യയിൽ ജനങ്ങൾ സുരക്ഷിതരായിരിക്കുന്നതെന്ന് ആരാഞ്ഞാൽ, ഞാൻ പറയുക ഇന്ത്യയിൽ ഒരു ഭരണഘടനയുണ്ട്, ജനാധിപത്യം ഉണ്ട്, സായുധസേന ഉണ്ട്, നാലാമതായി ആർ. എസ്. എസ് ഉണ്ട് എന്നാണ്.''

ജസ്റ്റിസ് കെ.ടി. തോമസ്
ജസ്റ്റിസ് കെ.ടി. തോമസ്

ഗാന്ധിവധത്തിന് പശ്ചാത്തലമായ ഗാന്ധിവിരോധം ഒരുക്കുന്നതിനെപ്പറ്റി ഇന്ത്യാഗവണ്മെൻറ്​ ഏർപ്പെടുത്തിയ ജുഡീഷ്യൽ കമീഷൻ രേഖപ്പെടുത്തിയിരിക്കേ, അങ്ങ് ആ സംഘടനയെ വെള്ള പൂശുക മാത്രമല്ല ചെയ്യുന്നത്, ഉദാത്തവല്ക്കരിക്കുക കൂടിയാണ്. അതുമാത്രമല്ല എന്നെ അത്ഭുതപ്പെടുത്തിയത്; അവതാരികയിൽ അങ്ങ് എഴുതിവെച്ചത് നോക്കുക: ‘ഹിന്ദുമഹാസഭയും ആർ. എസ്. എസും പരസ്പരം അങ്ങേയറ്റം വ്യത്യസ്തമാണ് എന്നത് ഈ പുസ്തകത്തിലൂടെ എനിക്ക് കിട്ടിയ വെളിപാടാണ്. തീർച്ചയായും മഹാത്മാഗാന്ധിയുടെ ഘാതകർ ഹിന്ദുമഹാസഭയുടെ സഹകാരികൾ ആണെന്ന് അവകാശപ്പെടുകയുണ്ടായെങ്കിലും ആർ. എസ്. എസ് ഒരു കടുത്ത നിലപാട് എടുക്കുകയുണ്ടായി. അത്, നാഥുറാം ഗോഡ്സേ നയിച്ച സംഘത്തിന്റെ ആലോചനാപ്രക്രിയയിൽ നിന്നുപോലും മാറിനിന്നു കൊണ്ട് പൂർണമായും വിയോജിച്ചു നിന്നു.'

ഏതാനും വാചകങ്ങൾക്കുശേഷം അങ്ങ് തുടർന്നെഴുതുന്നു: ‘ആർ. എസ്. എസും ഹിന്ദുമഹാസഭയും വ്യത്യസ്തമാണെന്നുമാത്രമല്ല അടിസ്ഥാന കാര്യങ്ങളിൽ ആർ. എസ്. എസും ഹിന്ദുമഹാസഭയും പരസ്പരം എതിർത്തിരുന്നു എന്നത് സുപരിചിതമാക്കുന്നതിന് ഗ്രന്ഥകാരൻ നിരവധി വസ്തുതകൾ അവതരിപ്പിക്കുന്നുണ്ട്. ഗ്രന്ഥകാരനെ സംബന്ധിച്ച് ഒന്ന് ഒരു തിയോക്രാറ്റിക്ക് ഹിന്ദുരാഷ്ട്രം സ്ഥാപിക്കുക എന്ന ഉദ്ദേശ്യത്തോടെ രൂപീകരിക്കപ്പെട്ട അരാഷ്ട്രീയ സംഘടനയാണ്. അതിനെ ജിന്നയുടെ മുസ്‌ലിംലീഗുമായി അദ്ദേഹം താരതമ്യപ്പെടുത്തുകയും രണ്ട് സംഘടനകളുടേയും പൊതുഘടകങ്ങൾ എടുത്തുകാണിക്കുകയും ചെയ്യുന്നു. അദ്ദേഹത്തെ സംബന്ധിച്ച്?മഹാത്മാഗാന്ധിയുടെ കൊലപാതകത്തിന്റെ ഗൂഢാലോചനക്കാർ ഹിന്ദുമഹാസഭക്കാരും ആർ.എസ്. എസ് അവരുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തെ എതിർക്കുന്നവരും ആയിരുന്നു.'

‘ഒരു തിയോക്രാറ്റിക് ഹിന്ദു രാഷ്ട്രം കെട്ടിപ്പടുക്കാനുദ്ദേശിച്ച് രൂപീകരിച്ച അരാഷ്ട്രീയ സംഘടന' തുടങ്ങിയ വൈരുദ്ധ്യങ്ങൾ അങ്ങെഴുതിയതിൽ കാണുന്നതുകൊണ്ടു മാത്രമല്ല ഒരു വായനക്കാരൻ എന്ന നിലയിൽ ഞാൻ അതിശയിച്ചത്. ഹിന്ദുമഹാസഭയും ആർ. എസ്. എസും സജീവമായി പ്രവർത്തിക്കുന്ന നാളുകളിലായിരിക്കും അങ്ങയുടെ കൗമാര യൗവനകാലം കഴിഞ്ഞിട്ടുണ്ടാകുക എന്നതുകൊണ്ടും അല്ല. അങ്ങ് അഭിഭാഷകവൃത്തിയിലൂടെ മുന്നേറുന്ന കാലത്താകണം കപൂർ കമീഷൻ പ്രവർത്തിച്ച് തുടങ്ങുന്നതും റിപ്പോർട്ട് സമർപ്പിക്കുന്നതും. അക്കാലത്തെ നിയമ- രാഷ്ട്രീയ സംവാദങ്ങൾ അങ്ങയെപ്പോലുള്ള ഒരാളുടെ ശ്രദ്ധയിൽ അല്പം പോലും പതിഞ്ഞില്ല എന്നത് അത്ഭുതകരമാണ്. സംഘവും ഗാന്ധിയും തമ്മിലുള്ള ബന്ധത്തെപ്പറ്റി ഗാന്ധിയുടെ സെക്രട്ടറിയായിരുന്ന പ്യാരേലാലും സ്വന്തം ഭിഷഗ്വരയായിരുന്ന സുശീല നയ്യാരും പറഞ്ഞതോ ഷാബു പ്രസാദ് പറഞ്ഞതോ ഏതാണ് വിശ്വസനീയം എന്ന് ന്യായാധിപക്കസേരയിൽ നിരവധി വർഷങ്ങൾ ചെലവഴിച്ച അങ്ങയോട് ചോദിക്കേണ്ടതില്ലല്ലോ. മാത്രമല്ല, കപൂർ കമീഷന്റെ പ്രധാന നിഗമനങ്ങളിൽ ഒന്ന്, ഹിന്ദുമഹാസഭയുടേയും ആർ. എസ്. എസിന്റേയും സംഘാടകരും പ്രവർത്തകരും മഹാരാഷ്ട്രയിലെങ്കിലും ഏറെക്കുറെ ഒന്നായിരുന്നു എന്നാണ്,അഫിലിയേഷൻ ഇല്ലെങ്കിൽ പോലും. ഹിന്ദു സംഘടൻ പ്രസ്ഥാനങ്ങൾ എന്ന മട്ടിൽ കമീഷൻ എടുത്തുകാണിക്കുന്ന ആർ. എസ്. എസും ഹിന്ദുമഹാസഭയും ഹിന്ദു രാഷ്ട്ര ദളുമൊക്കെ പരസ്പരം കൂടിക്കുഴഞ്ഞു കിടക്കുന്ന പ്രസ്ഥാനങ്ങളായാണ് കമീഷൻ കാണുന്നത്. ഗ്രന്ഥകാരന്റെ അരാഷ്ട്രീയ / രാഷ്ട്രീയ യുക്തി പിൻപറ്റുകയാണെങ്കിൽ ആർ. എസ്. എസും ബി. ജെ. പിയും തമ്മിൽ ബന്ധമുണ്ടായിരുന്നില്ല എന്നും ഭാവിയിൽ ചൂണ്ടിക്കാണിക്കാവുന്നതാണ്.

ആർ. എസ്. എസ്എന്ന തലക്കെട്ടിൽ ആ സംഘടനയെക്കുറിച്ച് കപൂർ കമീഷൻ പരാമർശിച്ച കുറച്ച് കാര്യങ്ങൾ മാത്രമാണ് അങ്ങയുടെ ശ്രദ്ധയിലേക്കായി ഞാൻ രേഖപ്പെടുത്തിയത്. അതിൽ നിന്നു തന്നെ ഗാന്ധിവധത്തിന്റെ ഗൂഢാലോചനയുടെ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിവാക്കിയെങ്കിലും അക്കാലത്ത് ഹിന്ദുമഹാസഭയുമായി അടുത്ത് പ്രവർത്തിച്ച , പ്രവർത്തനങ്ങളിൽ രഹസ്യാത്മകത സൂക്ഷിക്കുന്ന, വർഗ്ഗീയകലാപങ്ങളിൽ കൈയ്യുണ്ടെന്ന് ആരോപിക്കുന്ന, അഹിംസയെ എതിർക്കുന്ന, ഗാന്ധി വിരുദ്ധമായ, ഏറ്റവും സുസംഘടിതമായ ഹിന്ദു തീവ്ര സംഘടനയായിട്ടാണ് ആർ. എസ്. എസിനെ കപൂർ കമീഷൻ വിവരിക്കുന്നത് എന്നത് ബോധ്യമാണ്. ആർക്കും ഇന്റർനെറ്റിൽ നിന്ന് എളുപ്പം ലഭിക്കാവുന്ന ഒന്നാണ് കപൂർ കമീഷൻ റിപ്പോർട്ട് എന്നിരിക്കേ, ആർ. എസ്. എസിനെ വെള്ളപൂശിയ ഒന്നാണത്? എന്നുംഅതുകൊണ്ട് ഗവണ്മെന്റുകൾ അത് പൂഴ്ത്തിവെച്ചു എന്നുമുള്ളഭോഷത്വങ്ങളിൽ അങ്ങ് വീഴരുതായിരുന്നു. കപൂർ കമീഷൻ മുമ്പാകെ ഹാജരായ മൊറാർജി ദേശായിയുടെ മൊഴി ആർ. എസ്. എസിനെ നിഴലിൽ നിർത്തുന്ന ഒന്നായിരിക്കേ, സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എഴുതിയ ഡൊമിനിക് ലാപിയറും ലാറി കോളിൻസും എന്ത് കൊണ്ട് മൊറാർജിയെ ഇന്റർവ്യൂ ചെയ്തില്ല എന്ന ഗ്രന്ഥകാരന്റെ പാഴ് വെടിയെ പറ്റി ഒന്നാലോചിക്കാൻ അങ്ങയോട് ഞാൻ അഭ്യർത്ഥിക്കുന്നു. പിൽക്കാലത്ത് ജനസംഘം കൂടി ലയിച്ചുണ്ടായ ജനതാപാർട്ടി രൂപീകരിച്ച ഗവണ്മെന്റിന്റെ പ്രധാനമന്ത്രി കൂടിയായിരുന്നു മൊറാർജി എന്നതും അങ്ങ് ഓർക്കുമല്ലോ. ജനതാ പാർട്ടി രൂപീകരിക്കുന്നതിൽ ഏറ്റും വലിയ ചാലകശക്തിയായി പ്രവർത്തിച്ച ജെ.പി.യും ആർ. എസ്. എസിനും ഹിന്ദു വർഗ്ഗീയ സംഘടനകൾക്കും എതിരായ കടുത്ത നിലപാടാണ് കമീഷൻ മുമ്പാകെ എടുത്തത്.

അവതാരികയിൽ അങ്ങ് പ്രകടിപ്പിച്ച ഒരു അഭിപ്രായം കുടി ഞാൻ ഉദ്ധരിക്കട്ടെ: ‘വീർ ദാമോദർ സവർക്കറുടെ വീരജീവിതത്തെക്കുറിച്ചുള്ള ആഖ്യാനം പ്രചോദനപരമാണ്. തന്റെ ദേശസ്നേഹ താത്പര്യം ഉയർത്തിപ്പിടിക്കാനായി മുൻ ഉദാഹരണങ്ങൾ ഇല്ലാത്ത പീഡനങ്ങൾ സ്വയം സഹിക്കേണ്ടി വന്ന ഒരാളെന്ന നിലയ്ക്ക് സവർക്കർ ഒരു മനുഷ്യജീവിയുടേയും കൊല അംഗീകരിക്കില്ലെന്ന ഗ്രന്ഥകാരന്റെ യുക്തി എനിക്കും സ്വീകാര്യമാണ്. അതിനുപുറമേ എല്ലാ കോടതികളും ഗൂഢാലോചനയിൽ പങ്കെടുത്തു എന്ന കുറ്റത്തിൽ നിന്നും അദ്ദേഹത്തെ ഒഴിവാക്കിയതിനാൽ അദ്ദേഹത്തെ വീണ്ടും കുറ്റക്കാരനാക്കുന്നത് സാമാന്യനീതിക്ക് നിരക്കുന്നതല്ല.'

സർ, സവർക്കർ ഇന്ത്യാചരിത്രത്തിലെ വിവാദ പുരുഷനായതുതന്നെ കൊലപാതകങ്ങളിലെ പങ്കാളിത്തം കൊണ്ടാണ്. 1909 ൽ മദൻലാൽ ദിംഗ്ര എന്ന പഞ്ചാബി ചെറുപ്പക്കാരൻ ഇംഗ്ലണ്ടിൽ ഇന്ത്യാകാര്യങ്ങളുടെ ചുമതല വഹിച്ചിരുന്ന സർ ബ്രാഡ്‌ഫോർഡ് വില്ലിയെ ലണ്ടനിൽ വെച്ച് കൊല ചെയ്തതിനെ തുടർന്ന്, അന്ന് ലണ്ടനിലുണ്ടായിരുന്ന സവർക്കർ വധഗൂഢാലോചനയിലെ പങ്കാളി എന്ന നിലയിൽ സംശയത്തിന്റെ നിഴലിലായിരുന്നു. പിൽക്കാലത്ത് ധനഞ്ജയ് കീർ എഴുതിയ സവർക്കറുടെ ജീവചരിത്രത്തിൽ ആ കൊലപാതകത്തിന്റെ ഗൂഢാലോചനയിൽ തനിക്കുള്ള പങ്കിനെ സവർക്കർ തന്നെ വെളിവാക്കിയതായി ഉദ്ധരിച്ചിട്ടുണ്ട്. അതിനുമുമ്പ് കഴ്സൺ പ്രഭുവിനെ വധിക്കാനുള്ള ദിംഗ്രയുടെ ശ്രമം പരാജയപ്പെട്ടിരുന്നു. അതോർമിച്ചാകണം, നിക്കൽ പൂശിയ റിവോൾവർ കൈയ്യിൽ കൊടുത്ത് കൊലപാതകത്തിനായി യാത്രയയക്കുമ്പോൾ സവർക്കർ ദിം ഗ്രയോട് പറയുന്നത് ഇങ്ങനെയാണ്, ‘ഇത്തവണ നീ പരാജയപ്പെട്ടാൽ എനിക്ക് നിന്റെ മുഖം കാണേണ്ട.'

സവർക്കർ ജയിലിലായതും കൊലപാതക ഗൂഢാലോചനയിൽ പങ്കാളിയായതു കൊണ്ടാണ് എന്ന് ‘ഒരു മനുഷ്യ ജീവിയുടേയും കൊല അംഗീകരിക്കാത്ത സവർക്കറെ 'ക്കുറിച്ചുള്ള ഗ്രന്ഥകാരന്റെ യുക്തി അംഗീകരിക്കവേ, അങ്ങ് മറന്നുപോയോ? നാസിക് ജില്ല കളക്ടറായിരുന്ന എ.എം. ടി. ജാക്സൺ അവിടെ വെച്ച് കൊല്ലപ്പെടുമ്പോൾ കൊലയാളിയായ അനന്ത് ലക്ഷ്മൺ കൻഹാരേ ഉപയോഗിച്ച ബ്രൗണിംഗ് പിസ്റ്റൾ സവർക്കർ ലണ്ടനിൽ നിന്ന് കടത്തിക്കൊണ്ടു വന്നതായിരുന്നു. ആ കൊലപാതകക്കേസിലാണ് സവർക്കറെ 50 വർഷം തടവുശിക്ഷയ്ക്ക് വിധിച്ചതും പിന്നീട് ബ്രിട്ടീഷുകാർക്ക് തുടർച്ചയായി മാപ്പെഴുതി ജയിൽ വിമുക്തനായതും.

കപൂർ കമീഷൻ റിപ്പോർട്ട് മുഴുവനായി വായിച്ച ഒരാൾക്ക് വ്യക്തമായി മനസ്സിലാകുക, ഗാന്ധി കഴിഞ്ഞാൽ തീവ്രഹിന്ദു പ്രസ്ഥാനത്തിന്റെ ലക്ഷ്യം നെഹ്റു ആയിരുന്നു എന്നാണ്. വസ്തുതകൾ അങ്ങനെയായിരിക്കേ തെളിവുകളൊന്നും തന്നെ നിരത്താതെ നെഹ്റുവിനെയും മൗണ്ട് ബാറ്റനെയുമൊക്കെ ഗാന്ധിവധത്തിന്റെ സംശയനിഴലിൽ നിർത്തുന്ന ഒരു ‘സത്യാനന്തര പുസ്തക ' ത്തെ മുൻനിർത്തി ‘ഈ പുസ്തകത്തിൽ ഉയർത്തിയിട്ടുള്ള പ്രശ്നങ്ങൾ വലിയതരത്തിലുള്ള ഗവേഷണം ' ആവശ്യപ്പെടുന്നു എന്നും അത് ‘രാഷ്ട്രപിതാവിന്റെ വധത്തിലേയ്ക്ക് സ്വരുക്കൂടിയ നിരവധി പ്രക്രിയയുടെ കുരുക്കഴിക്കാൻ ഭാവിയിൽ സഹായകമാകും ' എന്നും മറ്റും അങ്ങയെപ്പോലെ ഒരാൾ ആവശ്യപ്പെടുന്നത് വായിക്കുമ്പോൾ വലിയ ആശയക്കുഴപ്പം ഞങ്ങളെപ്പോലുള്ള ഇന്ത്യൻ പൗരർക്ക് അനുഭവപ്പെടും. പ്രത്യേകിച്ചും ഇന്ത്യൻ പൊതുസമൂഹത്തോട് ഈ പുസ്തകത്തെ ഗൗരവമായി പരിഗണിക്കപ്പെടാൻ അങ്ങു തന്നെ ആവശ്യപ്പെടുമ്പോൾ.

ട്രൂ കോപ്പി വെബ്‌സീൻ പാക്കറ്റ് 52 ഡൗൺലോഡ് ചെയ്ത്
പി.എൻ. ഗോപീകൃഷ്ണൻ എഴുതിയ ലേഖനം
സൗജന്യമായി വായിക്കൂ, കേൾക്കൂ


Summary: ഗാന്ധിവധത്തിന്റെ നിഴലിൽ നെഹ്‌റുവിനെ നിർത്തി പൈശാചികവല്ക്കരിക്കാനും, ഹിന്ദുത്വസംഘടനകളെ പ്രതിസ്ഥാനത്തുനിന്ന് രക്ഷിച്ചെടുക്കാനും എഴുതിയുണ്ടാക്കിയ ഒരു പുസ്തകത്തിന് ജസ്റ്റിസ് കെ.ടി. തോമസ് എഴുതിയ അവതാരികയിലെ ഉത്കണ്ഠാജനകമായ അഭിപ്രായങ്ങൾ ചരിത്രവസ്തുതകളിലൂടെ തിരുത്തുകയാണ് പി.എൻ. ഗോപീകൃഷ്ണൻ.


Comments