Photo: Mahbub Khan Shabuz / flickr

ശിലായുഗപ്പെരുമയിൽനിന്ന് അഭയാർഥികളായി മാറിയ
ഗ്രേറ്റ് ആൻഡമാനികൾ

ആൻഡമാൻ നിക്കോബാർ ദ്വീപ് സമൂഹത്തിന്റെ ചരിത്രത്തെയും സംസ്കാരത്തെയും സാമൂഹിക ശാസ്ത്രത്തെയും വേറിട്ടൊരു പരിപ്രേക്ഷ്യത്തിൽ വിശകലനം ചെയ്യുന്ന പഠനപരമ്പരയുടെ നാലാം ഭാഗം

ആൻഡമാൻ നിക്കോബാറിന്റെ
തനി മണ്ണും തനി മനുഷ്യരും- 4

ൻഡമാനിലെ നെഗ്രിറ്റോ വംശജർ ഏഷ്യ ഭൂഖണ്ഡത്തിലെ അവശേഷിക്കുന്ന ശിലായുഗ ശേഷിപ്പുകളാണ്. അവരുടെ സാന്നിധ്യമാണ് ആധുനിക മനുഷ്യപരിണാമത്തിൽ ഇന്ത്യയെ സുപ്രധാനമായ ഒരിടമാക്കി ഉയർത്തുന്നത്. ആധുനിക മനുഷ്യർ പിറവികൊണ്ട ആഫ്രിക്കയിൽനിന്ന് വിവിധ കാലങ്ങളിലായി പലായനം ചെയ്‌ത്‌ ഭിന്ന ഭൂഖണ്ഡങ്ങളിൽ അധിവാസം നടത്തിയതാണെന്ന ശാസ്ത്രസത്യം ഇന്നെല്ലാരും അംഗീകരിക്കുന്നുണ്ട്.

ആഫ്രിക്കയിൽ നിന്നുള്ള നരപലായനചരിത്രത്തിൽ ആൻഡമാനിലെ ആദിമർ ഒന്നാംഘട്ടത്തെ പ്രതിനിധാനം ചെയ്യുന്നുവെന്നാണ് ജനിതക പഠനങ്ങൾ വ്യക്തമാക്കുന്നത്. 70,000 വർഷത്തോളം പഴക്കം ഏഷ്യയിലെ മനുഷ്യവാസത്തിനുണ്ട് എന്ന് സ്ഥിരീകരിക്കാനായത് ആൻഡമാൻ ആദിമരുടെ ഡി എൻ എ പരിശോധനാഫലങ്ങളിലൂടെയാണ്. ലോകത്തിലെ മറ്റു വിഭാഗങ്ങളിൽ കാണാത്ത M 31 M 32 എന്നീ ഹാപ്ലോഗ്രൂപ്പുകൾ ഇവരുടെ ഡി എൻ എ പരിശോധന സ്ഥിരീകരിച്ചതോടെയാണ് ഇന്ത്യയിലെ ജനവാസത്തിന്റെ പഴമ കൂടുതൽ വ്യക്തമായത്.

ആഫ്രിക്കയിൽ നിന്നുള്ള നരപലായനചരിത്രത്തിൽ ആൻഡമാനിലെ ആദിമർ ഒന്നാംഘട്ടത്തെ പ്രതിനിധാനം ചെയ്യുന്നുവെന്നാണ് ജനിതക പഠനങ്ങൾ വ്യക്തമാക്കുന്നത്. Photo: Mahbub Khan Shabuz / flickr

ആൻഡമാനികൾ അഥവാ ഗ്രേറ്റ് ആൻഡമാനികൾ എന്നു പൊതുവിൽ പറയുന്ന ഗോത്ര വിഭാഗം കൊളോണിയൽ കാലത്ത് ഗ്രേറ്റ് ആൻഡമാനിൽ, ദക്ഷിണ ആൻഡമാൻ, മിഡിൽ ആൻഡമാൻ, നോർത്ത് ആൻഡമാൻ എന്നിവിടങ്ങളിലായി അധിവാസം നടത്തിവന്ന 10 ആദിവാസി ഗോത്രങ്ങളെ പൊതുവായി പരാമർശിക്കാൻ ഉപയോഗിച്ച പദമാണ്. ഇക്കൂട്ടർക്കെല്ലാം അവരവരുടേതായ ഭാഷയുണ്ടായിരുന്നു. അവരുടെ അധിവാസ ഇടങ്ങളുടെ അടിസ്ഥാനത്തിൽ ദക്ഷിണ ആൻഡമാൻ വിഭാഗം (അക -ബാലെ, അക -ബീ), മധ്യ ആൻഡമാൻ വിഭാഗം ( അക -കേഡെ, അക -ജുവൊയി, അക -കോൾ, അക പുചിക്വർ), ഉത്തര ആൻഡമാൻ വിഭാഗം (അക -കോറ , അക-ചാരി , ,അക -ബോ ,അക -ജെറു ) എന്നാണ് കൊളോണിയൽ പഠിതാക്കൾ വർഗീകരിച്ചത്. ഭാഷകൾ വ്യത്യസ്തമായിരുന്നെങ്കിലും ഇവ ഒരേഭാഷയിൽ നിന്നും പിരിഞ്ഞവയായതുകൊണ്ടു അയൽഗോത്രങ്ങൾ തമ്മിൽ വിനിമയം സാധ്യമായിരുന്നു. അകന്ന ഗോത്രങ്ങൾക്കുപോലും കുറെയൊക്കെ പരസ്‌പരം സംവദിക്കാനുമായിരുന്നു. ഭാഷാനാശത്തിനിരയായ ഈ ഭാഷകൾക്കു ഇന്ത്യയിലെയോ ലോകത്തെയോ മറ്റുഭാഷകളുമായി ബന്ധമില്ലാത്തതുകൊണ്ടു ഏതോ പുരാതന ഭാഷാകുടുംബത്തിന്റെ അവശിഷ്ടമായി ആൻഡമാനിസ് ഭാഷാകുടുംബത്തെ പരിഗണിക്കുന്നു.

അധിനിവേശിതരായ ബ്രിട്ടീഷുകാർക്കെതിരെ ആദ്യകാലത്ത് ഒറ്റപ്പെട്ടതും സംഘടിതവുമായ ആക്രമണങ്ങൾ അവർ സ്വന്തം മണ്ണിനുവേണ്ടി നടത്തിയെങ്കിലും ബ്രിട്ടീഷുകാരുടെ ആയുധമികവിനു മുന്നിൽ പരാജിതരാകാനേ അവർക്കു കഴിഞ്ഞുള്ളൂ. തുടർന്ന് അവർ ബ്രിട്ടീഷുകാരുടെ ക്ഷേമതന്ത്രങ്ങൾക്കിരയായി. ലിറ്റിൽ ആൻഡമാൻ വിഭാഗമായി കൊളോണിയൽ കാലത്തെ പഠിതാക്കൾ ജാറാവേ, ഓങ്ങേ എന്ന് അടയാളപ്പെടുത്തിയവർ ഈ പത്തു വിഭാഗങ്ങളിൽ നിന്ന് വ്യത്യസ്തമാണ്. അവരെക്കുറിച്ച് പ്രത്യേകം വിശദീകരിക്കാം.

ജാറാവേ, ഓങ്ങേ ഗോത്രവിഭാഗക്കാര്‍ / Photo: Survival International

ആൻഡമാനീസ് ഗോത്രങ്ങളുടെ പുനരധിവാസപദ്ധതിയായ ‘ആൻഡമാൻ ഹോം’, ആദിമരും ആദിമേതരും തമ്മിലുള്ള സമ്പർക്കം വർധിപ്പിച്ചു. അതോടെ, ആൻഡമാനീസിന്റെ പതനവും കൂടുതൽ വേഗത്തിലായി. സമ്പർക്കം മൂലം പുകയില, മദ്യം തുടങ്ങിയവ അവർക്കിടയിൽ പ്രചരിച്ചു. ലൈംഗികചൂഷണം വ്യാപകമായി. ആദിമേതരിൽ നിന്ന് സിഫിലിസ്, മീസിൽസ്, ഇൻഫ്ലുൻസ തുടങ്ങിയുള്ള രോഗങ്ങളും അവർക്കിടയിൽ പരന്നു. സ്വാതന്ത്ര്യാനന്തരം പത്തു ഗോത്രങ്ങളുടെ ജനസംഖ്യ ആയിരങ്ങളിൽ നിന്ന് കേവലം 28 ആയി ചുരുങ്ങി.

ഒരു കാലത്ത് പരാശ്രിതരല്ലാതെ സ്വാഭിമാനത്തോടെ സ്വതന്ത്രജീവിതം നയിച്ചിരുന്ന കാടിന്റെ മക്കൾ അഭയാർഥികളായി മാറിയ കാഴ്ചയാണ് കാണാനാവുന്നത്.

ജപ്പാൻകാരുണ്ടാക്കിയ ബങ്കറുകൾ ഒളിത്താവളമാക്കാൻ അവശേഷിച്ച ചില ആൻഡമാനിസ് ഗോത്രാംഗങ്ങൾക്കു കഴിഞ്ഞു. ഗോത്രക്കാർ എന്നു പറയാനും മാത്രം ജനസംഖ്യ ഉണ്ടായിരുന്നില്ല. മറ്റു ചിലർ ടാർമുൻഗ്ലി ദ്വീപിലും നോർത്ത് ആൻഡമാൻ ദ്വീപുകളിലും ഒറ്റപ്പെട്ടു കഴിഞ്ഞു. ബ്രിട്ടീഷുകാർ അവർക്ക് സമ്മാനിച്ചുപോയത് രോഗങ്ങൾ മാത്രമല്ല. ‘ആൻഡമാൻ ഹോം’ പദ്ധതിയിയിലുടെ ആദിമരല്ലാത്തവരുമായുള്ള സമ്പർക്കം അവരെ മദ്യത്തിനും പുകയില ഉല്പന്നങ്ങൾക്കും അടിമയാക്കി. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചശേഷവും മദ്യം, പുകയില ഉല്പന്നങ്ങൾ എന്നിവയുടെ പേരിലുള്ള ചുഷണം നാട്ടുകാർ തുടർന്നു. സ്വന്തം വാസസ്ഥലങ്ങൾ കൈയേറ്റം ചെയ്യപ്പെട്ടതോടെ സ്ഥിരവാസത്തിന് ഇടമില്ലാതെ ഗോത്രകൂട്ടായ്മ നഷ്ടപ്പെട്ട് അവിടെയും ഇവിടെയുമൊക്കെയായി അവശേഷിച്ചവർ ഒറ്റപ്പെട്ട് അലഞ്ഞുനടന്നു. സ്വാതന്ത്ര്യാനന്തരം അങ്ങനെയുള്ളവരെയെല്ലാം ഏതെങ്കിലുമൊരു ദ്വീപിൽ പുനരധിവസിപ്പിക്കാൻ 1969- ൽ ഇന്ത്യൻ ഭരണകൂടം തീരുമാനിച്ചു. അതോടെ അവരെയെല്ലാം ഒരുമിച്ച് ദക്ഷിണ ആൻഡമാന്റെ കിഴക്ക് ഹാവ്ലോവ്കിനടുത്തുള്ള സ്ട്രൈറ്റ് ഐലൻഡിൽ പുനരധിവസിപ്പിച്ചു. പുനരധിവസിപ്പിച്ച 28 പേർ പണ്ടത്തെ പത്തു ഗോത്രത്തിൽ അവശേഷിച്ച അക -ചാരി, അക -ജെറു, അക -കോറ, അക -ബോ എന്നീ നാലു ഗോത്രങ്ങളിൽ പെട്ടവരായിരുന്നു. ഇതിലധികവും അക -ജെറു വിഭാഗത്തിൽ പെട്ടവരാണ്. ആറു ഗോത്രങ്ങൾ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുമ്പുതന്നെ വംശനാശത്തിനിരയായിരുന്നു. ബോ ഗോത്രത്തിൽ പെട്ട അവസാനത്തെ ആൾ മരിച്ചത് 2010 ജനുവരി 26 നാണ്. നിലവിൽ ചാരി, കോറ, ബോ ഭാഷക്കാരാരും അവശേഷിക്കുന്നില്ല. ജെറുവിൽ പെട്ടവരാണ് ഇപ്പോഴുള്ളതെങ്കിലും പൊതുവിൽ അവരുടെ ഇപ്പോഴത്തെ ഭാഷ മിശ്രഭാഷയാണ്. അതിൽ മറ്റു ആൻഡമാനീസ് ഭാഷകളുടെ കലർപ്പ് കാണാം. 2023- ൽ അവരുടെ ജനസംഖ്യ 52 ആണെങ്കിലും മാതൃഭാഷ അറിയുന്നവർ പത്തിൽ താഴെയാണ്.

ബോ ഗോത്രത്തിലെ അവസാനത്തെ അംഗമായിരുന്നു ബോവ സീനിയർ.

ആൻഡമാനിസ് ജനതയുടെ പുനരധിവാസം

ഭിന്ന ഗോത്രങ്ങളിൽ അവശേഷിച്ച 28 പേരെ സ്ട്രൈറ്റ് ഐലൻഡിൽ പുനരധിവസിപ്പിച്ച് അവരുടെ ക്ഷേമപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായി ആൻഡമാൻ ഭരണകൂടം ഭാരതീയ ആദിം ജനജാതി സേവക് സംഘത്തിൽപ്പെട്ട ഒരുസാമ്യൂഹ്യ സേവകനെ നിയമിച്ചു. തുടർന്ന് 1976- ൽ ആൻഡമാൻ ആദിം ജനജാതി വികാസ് സമിതി (എ എ ജെ വി എസ്) എന്നൊരു പദ്ധതി രൂപീകരിച്ചു. അതിന്റെ പ്രതിനിധിയെ പുനരധിവാസ ആൻഡ മാനിസിന്റെ ക്ഷേമം നോക്കാൻ ഏൽപ്പിച്ചു. ഇപ്പോഴും അത് തുടരുന്നു.

കാട്ടുവാസികളായിരുന്ന ഗോത്രജനതയെ നാട്ടുവാസികളാക്കാനുള്ള പുനരധിവാസ പദ്ധതിയുടെ ഭാഗമായി സ്ട്രൈറ്റ് ഐലൻഡിൽ തെങ്ങു കൃഷി ആരംഭിച്ചു. ഒരു നഴ്സറി സ്കൂളും ഒരു കമ്പോണ്ടരുടെ കീഴിൽ പ്രവർത്തിക്കുന്ന ആശുപത്രി സൗകര്യവും ഏർപ്പെടുത്തി. ലോങ്ങ് ഐലൻഡിൽ ജോലി ചെയ്യുന്ന ഡോക്ടർ ആഴ്ചയിൽ ഒരു ദിവസം ഇവിടം സന്ദർശിക്കും. അതോടൊപ്പം പോലീസ് സ്റ്റേഷനും റേഡിയോ സ്റ്റേഷനും സുരക്ഷക്കായി ഒന്നോ രണ്ടോ പോലീസുകാരെയും നിയമിച്ചു.

ആൻഡമാനിലെ മറ്റു നെഗ്രിറ്റോ വിഭാഗങ്ങളെക്കാൾ ആൻഡമാനിസ് വിഭാഗം സാമൂഹ്യമായും സാംസ്കാരികമായും ഭിന്നരായി മാറിയത് വൻതോതിലുള്ള സമ്പർക്കം കൊണ്ടാണ്.

വൈദ്യതീകരിച്ച തടിവീടുകളിലാണ് ആൻഡമാനീസുകാർക്ക് താമസമൊരുക്കിയത്. സൗജന്യ റേഷൻ, ഒപ്പം ഓരോരുത്തർക്കും 75 രൂപയും, മൂപ്പന് 200 രൂപ പ്രതിമാസവും നൽകും. സൗജന്യമായി വസ്ത്രവും. എന്നിട്ടും അവരുടെ പെരുമാറ്റത്തിൽ മാറ്റം വന്നില്ല. അവർ ഇടക്കിടക്കു പോർട്ട് ബ്ലൈർ, ഹാവ്ലോക്ക്, ലോങ്ങ് ഐലൻഡ്, നീൽ ഐലൻഡ് തുടങ്ങി മറ്റിടങ്ങൾ സന്ദർശിക്കും. മദ്യത്തിനും സിനിമ കാണാനും വേണ്ടിയാണ്‌ ഈ യാത്ര. ചിലർ ഇതിനകം ചോട്ടാ നാഗ്പ്പുരിൽ നിന്ന് ആൻഡമാനിലെത്തിയ റാഞ്ചി വിഭാഗത്തിൽനിന്ന് ഹണ്ടിയ -റൈസ് ബിയർ ഉണ്ടാക്കാനും പഠിച്ചു. പരമ്പരാഗത തൊഴിൽ ഏതാണ്ട് പൂർണമായി ഉപേക്ഷിച്ചിരിക്കുകയാണ്. ഒരു കാലത്ത് പരാശ്രിതരല്ലാതെ സ്വാഭിമാനത്തോടെ സ്വതന്ത്രജീവിതം നയിച്ചിരുന്ന കാടിന്റെ മക്കൾ അഭയാർഥികളായി മാറിയ കാഴ്ചയാണ് കാണാനാവുന്നത്.

ആൻഡമാനിലെ മറ്റു നെഗ്രിറ്റോ വിഭാഗങ്ങളെക്കാൾ ആൻഡമാനിസ് വിഭാഗം സാമൂഹ്യമായും സാംസ്കാരികമായും ഭിന്നരായി മാറിയത് വൻതോതിലുള്ള സമ്പർക്കം കൊണ്ടാണ്. Photo: NEWS AAP TAK ANDAMAN / Youtube

ദീർഘകാലത്തെ അനാദിമരുമായുള്ള സമ്പർക്കം അവരുടെ ഗോത്രസ്വഭാവം ഇല്ലാതാക്കി. അവർ അന്യസംസ്കൃതിയുടെ ഇരകളായി തീർന്നു. എങ്ങനെയാണ് ഒരേ ഗോത്രത്തിൽ പെട്ടവരല്ലാത്ത 28 പേർ മാത്രമുള്ള ഈ വിഭാഗം അതിജീവിക്കുക എന്നത് നരവംശവിജ്ഞാനികൾക്കുമാത്രമല്ല ഭരണാധികാരികൾക്കും വലിയ പ്രശ്നമായി മാറി. ഇതിനിടയിൽ ആൻഡമാനീസ് ഗോത്രത്തിൽപെട്ട ചിലർ ഗോത്രബാഹ്യമായി വിവാഹത്തിലേർപ്പെട്ടു. ഒരു ബർമക്കാരനും വണ്ടൂർ പ്രദേശത്തെ റാഞ്ചി അംഗവും (ചോട്ടാ നാഗ്പുരിൽ നിന്ന് കുടിയേറിയവർ) ആൻഡമാനിസ് സ്ത്രീകളെ വിവാഹം കഴിച്ചു. റാഞ്ചിക്കാരൻ അവർക്കൊപ്പം മരണം വരെ സ്ട്രൈറ്റ് ഐലൻഡിൽ ജീവിച്ചു. ബർമക്കാരനുമായ വിവാഹത്തിൽ മൂന്നു പെൺമക്കളും രണ്ടു ആൺ മക്കളുമുണ്ടായതിൽ മൂത്ത പെൺകുട്ടി ആൻഡമാനിസ് പുരുഷനെ വിവാഹം കഴിച്ചു. മറ്റു നാലു കട്ടികളുമായി ആ കുടുംബം ബർമയിലേക്ക് കുടിയേറി. ഒരു ആൻഡമാനിസ് യുവാവ് പുറത്തുനിന്ന് ഒരു സ്ത്രീയെ വിവാഹം കഴിച്ചു. അവർക്ക് ഒരു കുഞ്ഞുണ്ടായി. പുറത്തുനിന്നുള്ള സ്ത്രീക്കും ട്രൈബൽ സ്റ്റാറ്റസ് നൽകി. അധികം വൈകാതെ ആ സ്ത്രീ കുഞ്ഞുമായി സ്ട്രൈറ്റ് ഐലൻഡ് ഉപേക്ഷിച്ചു. ആ പെൺകുഞ്ഞിനു പിങ്കി എന്നു പേരിട്ടു. ചിലർക്കു പുറത്തുള്ളവരെ വിവാഹം കഴിക്കാൻ താല്പര്യമുണ്ടെങ്കിലും ഇതൊന്നും നേരെയാകില്ല എന്നാണ് മുതിർന്നവരുടെ പക്ഷം. അവർ ചൂഷണത്തിന് വിധേയരാകുമെന്നു മുതിർന്നവർ വിശ്വസിക്കുന്നു. പഴയ ഗോത്രാചാരങ്ങളൊന്നും പാലിക്കാൻ അവർക്കു കഴിയാത്ത സാഹചര്യമാണ്. ബന്ധുക്കൾ തമ്മിലുള്ള വിവാഹം കഴിയാവുന്നത്ര ഒഴിവാക്കുമായിരുന്നു. അന്യഗോത്ര വിവാഹങ്ങൾക്ക് അന്ന് സാധ്യതയുണ്ടായിരുന്നു. ഇന്നത്തെ വിഭാഗം തന്നെ മിശ്ര ഗോത്രമെന്നിരിക്കെ അതിൽ മാമൂൽ വ്യവസ്ഥ പാലിക്കുക എളുപ്പമല്ലാതെ വന്നതോടെയാണ് പുതിയ മാറ്റങ്ങളുണ്ടായത്.

ആൻഡമാൻ ഗോത്രജനതയുടെ ഉപജീവനമാർഗം മൊത്തമായി തന്നെ ഈ സമ്പർക്കത്തിലൂടെ പുതുക്കിപ്പണിയപ്പെട്ടു. പ്രകൃതി വിഭവങ്ങൾ ശേഖരിക്കുന്നതും നായാടിയെന്ന നിലയ്ക്കുള്ള ജീവിതക്രമവും മറന്ന മട്ടാണ്.

ആൻഡമാനിലെ മറ്റു നെഗ്രിറ്റോ വിഭാഗങ്ങളെക്കാൾ ആൻഡമാനിസ് വിഭാഗം സാമൂഹ്യമായും സാംസ്കാരികമായും ഭിന്നരായി മാറിയത് വൻതോതിലുള്ള സമ്പർക്കം കൊണ്ടാണ്. ആൻഡമാനിൽ ജീവിക്കുന്ന ഇതര വിഭാഗങ്ങളിൽനിന്ന് മദ്യപാനം, ലൈംഗിക ശീലം വസ്ത്ര സംസ്‌കാരം, ഭാഷ, ഉപജീവനം, പെരുമാറ്റം എന്നിവയെല്ലാം പകർന്നു കിട്ടി. ഇതര ജനവിഭാഗങ്ങളെ പോലെയുള്ള വസ്ത്രധാരണരീതി സൗന്ദര്യവർധക വസ്തുക്കളുടെ ഉപയോഗം എല്ലാം മറ്റു വിഭാഗങ്ങൾക്കു സമാനമായി. സമ്പർക്കം വഴി ഹിന്ദി ഭാഷ പഠിച്ചു. മറ്റുള്ളവരോട് സംവദിക്കാനാവുമെന്നതിനൊപ്പം അവരുടെ ഗോത്രഭാഷയെ വിസ്മരിക്കുന്നതരത്തിൽ ഹിന്ദിയുടെ ഉപയോഗം വർധിച്ചു.

ആൻഡമാൻ ഗോത്രജനതയുടെ ഉപജീവനമാർഗം മൊത്തമായി തന്നെ ഈ സമ്പർക്കത്തിലൂടെ പുതുക്കിപ്പണിയപ്പെട്ടു. പ്രകൃതി വിഭവങ്ങൾ ശേഖരിക്കുന്നതും നായാടിയെന്ന നിലയ്ക്കുള്ള ജീവിതക്രമവും മറന്ന മട്ടാണ്. ഇപ്പോൾ അമ്പും വില്ലും മറ്റു തൊഴിലുപകരണങ്ങളും അവർ നിർമിക്കാറില്ല. നായാട്ടും നിർത്തി. കിഴങ്ങുവശേഖരണവും കുറഞ്ഞു. തേൻ ശേഖരണം പൂർണമായും നിർത്തിയിട്ടില്ല. അവർ താമസിക്കുന്ന പുനരധിവാസ ദ്വീപിന്റെ പരിമിതിയും പാരമ്പരാഗത തൊഴിലിൽ നിന്നകലാൻ പ്രേരണയായി. സമ്പർക്ക ജീവിതം അവരുടെ സ്വത്വത്തെ തന്നെ ഇല്ലാതാക്കി. ഇപ്പോൾ, എ എ ജി വി എസ് നൽകുന്ന സൗജന്യ റേഷൻ ആശ്രയിച്ചാണ് ജീവിതം. മീൻ പിടിക്കാൻ വലയും യന്ത്രവൽകൃത ബോട്ടും എ എ ജി വി എസ് നൽകിയിട്ടുണ്ട്. പരമ്പരാഗതമായി നിർമിച്ചുപയോഗിച്ചിരുന്ന ഒറ്റത്തടി വള്ളം ഇപ്പോൾ അവർ നിർമിക്കുന്നില്ല, കടൽപശുവിനെയും (ഡുഗോങ്) കടലാമയെയും പിടിക്കാൻ അപൂർവമായി ഇപ്പോഴും കുന്തം ഉണ്ടാക്കി ഉപയോഗിക്കുന്നുണ്ട്. ഒരു നീണ്ട മുളയിൽ അറ്റത്തു വേർപെട്ടു മാറുന്ന കൂർത്ത ഇരുമ്പായുധം കെട്ടിയുറപ്പിച്ചതാണ് കുന്തം. നീണ്ട കയറുകൊണ്ടാണ് വേർപെടുന്ന കുന്തം കെട്ടുന്നത്. ഒരിക്കൽ കുന്തമെറിഞ്ഞ് ഇരയിൽ കൊണ്ടാൽ അത് വേർപെട്ടു മാറുന്നതോടെ ഇര കുറച്ച് അകന്നുപോയാലും ചൂണ്ടക്കയറുപോലെ കെട്ടിയ നീണ്ട കയറുപയോഗിച്ച് വലിച്ചടുപ്പിക്കാനാവും. ഇത്തരത്തിൽ കടലമാപിടുത്തം സർവസാധാരണമായിരുന്നു. കടൽപശു അത്രയ്ക്ക് സാധാരണമായി ഇപ്പോൾ ലഭിക്കാറില്ല. ഇത്തരത്തിലുള്ള നായാട്ടിനായി ദൂരസ്ഥലങ്ങളിലും പോവുക പതിവാണ്. പാരമ്പരാഗതരീതിയിൽ കിട്ടുന്നത് ചുട്ടു എല്ലാവരും ചേർന്നു കഴിക്കും.

ഗോത്രത്തനിമയായ സമൂഹഭോജനം അപൂർവമാണ്. വലിയ പന്നിയോ കടൽപശുവോ ഒക്കെയാണെങ്കിൽ അവർ സമൂഹ ഭക്ഷണമാക്കാനായി പരമ്പരാഗത പാചകമാണ് നടത്തുക. / Screen Grab: France 24

അപൂർവമായി മാറിയിട്ടുണ്ട് ഈ സംഘജീവിതം. ഇപ്പോഴത്തെ സാധാരണ ഭക്ഷണം മറ്റുള്ളവരുടേതിൽ നിന്ന് ഭിന്നമല്ല. ആഹാരം പാകം ചെയ്യാൻ പാത്രങ്ങൾ ഉപയോഗിക്കുന്നുണ്ട്. ഭക്ഷ്യ എണ്ണ, ഉപ്പ്, വ്യഞ്ജനങ്ങൾ തുടങ്ങിയവ ഉപയോഗിക്കും. ഗോത്രത്തനിമയായ സമൂഹഭോജനം അപൂർവമാണ്. വലിയ പന്നിയോ കടൽപശുവോ ഒക്കെയാണെങ്കിൽ അവർ സമൂഹ ഭക്ഷണമാക്കാനായി പരമ്പരാഗത പാചകമാണ് നടത്തുക. കുഴി കുഴിച്ച് തീയിട്ട് കല്ലുകൾ ചൂടാക്കും, ചൂടായ കല്ലുകൾ തൽക്കാലത്തേക്ക് എടുത്തുമാറ്റി കുഴിയിൽ ഇലകൾ നിരത്തും. അതിൽ ഇറച്ചി വയ്ക്കും. ഇറച്ചിയുടെ പുറത്തും ഇലകൾ മൂടും. അതിനുപുറത്ത് ചൂടാക്കിയ കല്ലുകൾ നിരത്തി മണ്ണിട്ടുമൂടും. അതിനുപുറത്തായി തീയിടും. കുറെ മണിക്കൂറുകൾക്കുശേഷം നന്നായി വെന്ത ഇറച്ചി എല്ലാവരുമായി പങ്കിട്ടു കഴിക്കും.

മുഖ്യഭൂമിയിലെ ജനവർഗങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത ആൻഡമാനിസ് ഗോത്രക്കാർ എങ്ങനെ ദ്വീപിലെത്തി എന്നത് ഇനിയും സംശയാതീതമായി തെളിയിച്ചിട്ടില്ല.

കൂടുതലായും ആൻഡമാനിലെ ആദിമേതര സമൂഹങ്ങളുടെ ജീവിതരീതികളും ഭക്ഷണശീലവും ഇവർ സ്വീകരിച്ചുകഴിഞ്ഞു. വസ്ത്രധാരണരീതിയും അതുതന്നെ. മാമൂൽ ആചാരങ്ങളിൽനിന്നും സാംസ്‌കാരിക തനിമയിൽനിന്നും ഏറെ വ്യതിചലിച്ചുകഴിഞ്ഞു. ബ്രിട്ടീഷുകാർ തുടങ്ങിവച്ച സമ്പർക്കത്തിന്റെ തുടർച്ചയായി അവർ ഗോത്രജീവിതത്തിൽനിന്നകന്ന് അന്യ സാംസ്‌കാരിക അഭയാർഥികളായി മാറി. പോർട്ട് ബ്ലൈറിൽ ലെഫ് ഗവർണറുടെ ഭവനമായ രാജ് നിവാസിന് അധികം അകലെയല്ലാതെ ആൻഡമാനീസിനു താമസിക്കാൻ ഒരുക്കിയിരിക്കുന്ന ആദിബസേരയുണ്ട്. നഗരജീവിതം ആസ്വദിക്കാനവർ അധികം സമയവും ഇവിടെ ഉണ്ടാകും.
നടപ്പാക്കിയ വിദ്യാഭ്യാസ പദ്ധതികളൊന്നും വിജയിച്ചിട്ടില്ല. ഗോത്രജീവിതം തിരസ്കരിച്ച് പുനരധിവാസ അഭയാർഥികളായി മാറി എന്നൊതൊഴിച്ചാൽ ആൻഡമാനിസിനു സുസ്ഥിര വികസനമൊന്നും കയ്യാളാൻ കഴിഞ്ഞിട്ടില്ല. വിമർശനാത്മകമായി പറഞ്ഞാൽ അവർ ആർജിച്ച അഭയാർഥിത്വം തന്നെയാണ് അവരുടെ വികസനം എന്നു പറയാം . എന്തുകൊണ്ടിങ്ങനെപറയുന്നുവെന്നറിയാൻ അവരുടെ സ്വത്വഹാനിയെ കുറിച്ചറിയണം. ആൻഡമാനിസ് ജനത ആരായിരുന്നുവെന്നും ഇന്ന് അവരുടെ സ്വത്വശോഷണം എന്തെന്നും മനസിലാക്കുമ്പോഴേ അവർക്കു സംഭവിച്ച അഭയാർഥിത്വത്തിന്റെ നേരറിയൂ.

ആൻഡമാനിസിന്റെ സാംസ്കാരികപ്പെരുമ

ഇന്ത്യയുടെ മുഖ്യ ഭൂമിയിൽനിന്ന് വളരെയധികം ദുരത്തിലുള്ള ദ്വീപസമൂഹമാണ് ആൻഡമാൻ. ചെറുതും വലുതുമായ 550 ദ്വീപുകൾ ചേർന്നതാണ് ആൻഡമാൻ ദ്വീപസമൂഹം. ഭൂമിശാസ്ത്രപരമായി മ്യാന്മാറിനോടും ഇന്തോനേഷ്യയോടും അടുത്തുനിൽക്കുന്ന ഈ പ്രദേശം ബ്രിട്ടീഷുകാർ അധിനിവേശം നടത്തിയതുകൊണ്ടാണ് ഇന്ത്യയുടെ ഭാഗമായത്. ഈ ഭൂമിയുടെ പൈതൃക അവകാശികൾ ആൻഡമാനിലെ നെഗ്രിറ്റോ വംശജരാണ്. ഇന്നുള്ള ഗ്രേറ്റ് ആൻഡമാനിസ് ഗോത്രത്തിന്റെ അടിസ്ഥാനത്തിൽ അവരുടെ സാംസ്കാരികത്തനിമ വിവേചിച്ചെടുക്കുക എളുപ്പമല്ല. യഥാർത്ഥത്തിൽ ഗ്രേറ്റ് ആൻഡമാനിസ് ഗോത്രങ്ങളെക്കുറിച്ചുള്ള അറിവ് ലഭിക്കാൻ ഉതകുന്നത് കൊളോണിയൽ സെൻസസ് രേഖകളും അക്കാലത്തെ ഭരണാധികാരികളായ ഇ.എച്ച്. മാൻ, പോർട്മാൻ തുടങ്ങിയവരുടെ വിവരണങ്ങളും കേംബ്രിഡ്ജ് സർവകലാശാലയിൽ ആൻ്റണി വിൽക്കിൻ സ്റ്റുഡന്റ് റിസർച്ച് ഫെല്ലോഷിപ് നേടി 1906 മുതൽ 1908 വരെ ആൻഡമാനിൽ നരവംശശാസ്ത്ര ഗവേഷണം നടത്തിയ റാഡ്ക്ലിഫ് ബ്രൗണിന്റെ ദി ആൻഡമാൻ ഐലൻഡേർസ് (1922 ) എന്ന ഗ്രന്ഥവുമാണ്.

ദി ആൻഡമാൻ ഐലൻഡേർസ്

മുഖ്യഭൂമിയിലെ ജനവർഗങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത ആൻഡമാനിസ് ഗോത്രക്കാർ എങ്ങനെ ദ്വീപിലെത്തി എന്നത് ഇനിയും സംശയാതീതമായി തെളിയിച്ചിട്ടില്ല. ബർമ ഭാഗത്തുനിന്നായിരിക്കും അവർ എത്തിച്ചേർന്നതെന്നു സംശയിക്കുന്നു. ദക്ഷിണ പൂർവേഷ്യയിലെ നെഗ്രിറ്റോ സാന്നിധ്യം മുൻ നിർത്തിയാണ്‌ ഇങ്ങനെ സംശയിക്കുന്നത്. പണ്ട് ദക്ഷിണ പൂർവേഷ്യയുമായി ഇന്നത്തെ ആൻഡമാൻ പ്രദേശത്തിന് കരബന്ധമുണ്ടായിരുന്നിരിക്കുമെന്നും പിന്നീട് ദ്വീപുകളായി രൂപാന്തരം വന്നതായിരിക്കുമെന്നൊക്കെയുള്ള അഭ്യൂഹങ്ങളുണ്ട്. ആൻഡമാനിസിന്റെ ഉദ്ഭവത്തെ കുറിച്ച് ശാസ്ത്രീയമായി ഇനിയും നിഗമനത്തിലെത്തിയിട്ടില്ല. സഹായക സ്രോതസുകളിൽനിന്നുമുള്ള ചില വിവരങ്ങൾ അറിയുന്നത് അഭയാർഥികളാക്കപ്പെട്ട ആൻഡമാനിസ് ജനതയുടെ പൈതൃകസ്വത്വം അറിയാൻ സഹായിക്കും.

എന്നാൽ സ്വകാര്യസ്വത്ത് സങ്കൽപം വികസിക്കാത്ത സമൂഹമല്ലിത്. ഒരാൾ കാട്ടിൽ ഒരു മരം, താൻ വള്ളമുണ്ടാക്കാനായി തിരഞ്ഞെടുത്താൽ ആ വിവരം ഗോത്രത്തിൽ എല്ലാവരെയും അറിയിക്കും. പിന്നെ ആരും അയാളുടെ സമ്മതമില്ലാതെ ആ മരം ഉപയോഗിക്കില്ല.

പത്ത് ഗോത്രങ്ങളായി പിരിഞ്ഞു കഴിഞ്ഞിരുന്നെങ്കിലും പൊതുവിൽ സാമൂഹികഘടനയിലും സംസ്‌കാരത്തിലും ആഴത്തിലുള്ള വ്യത്യാസം ഇവർ തമ്മിലില്ല. ഭൗതിക സംസ്കാരത്തിൽ പ്രത്യേകിച്ച്, ഉപകരണ നിർമിതിയിൽ, ചില വ്യത്യാസങ്ങൾ പ്രകടമാണ്. പരമ്പരാഗതമായി നായാട്ടും പ്രകൃതി വിഭവ സമാഹരണവും നടത്തിയാണ് ഇക്കൂട്ടരെല്ലാം ഉപജീവനം നടത്തിയിരുന്നത്. അതിനുള്ള ഉപകരണങ്ങളാണ് അമ്പ്, വില്ല്, കൈക്കോടാലി, കത്തി, മീൻപിടിക്കാനുള്ള ചെറുവലകൾ, ചാട്ടുളി (കുന്തം), തടിയിൽ നിന്ന് കടഞ്ഞെടുക്കുന്ന ബക്കറ്റുകൾ, കുട്ടകൾ, തടിയിൽ നിന്ന് കടഞ്ഞെടുക്കുന്ന ബക്കറ്റുകൾ, കുട്ടകൾ, ഔട്ട്രിഗർ വള്ളം തുടങ്ങിയവ. വള്ളത്തിൽനിന്ന് തെറിച്ചു നിൽക്കുന്ന മരോപകാരണവും ചേർന്നതാണ് ആൻഡമാനിസ് നിർമിക്കുന്ന ഔട്ട്രിഗർ വള്ളം. ഒരു വലിയ മരത്തിന്റെ തടിയിൽ നിന്ന് ഉള്ളു കടഞ്ഞുകളഞ്ഞാണ് വള്ളങ്ങളുണ്ടാക്കുന്നത്, ഇപ്പോൾ ഇതുണ്ടാക്കാൻ അറിയുന്നവരില്ല. കൂട്ടായ പ്രവർത്തനമാണ് വള്ളനിർമിതി. ഉപകരണനിർമിതിയിൽ പ്രത്യേകിച്ചും അമ്പുംവില്ലും ഉണ്ടാക്കുന്നതിൽ ഗോത്രക്കാർ തമ്മിൽ ചില വ്യത്യാസങ്ങൾ കാണാം.

തൊഴിലിൽ ലിംഗവിഭജനമുണ്ട്. അമ്പും വില്ലും, കൈക്കോടാലി, കത്തി, ചാട്ടുളി, വള്ളം ഇവയൊക്കെ പുരുഷ നിർമിതികളാണ്. ഉപയോഗിക്കുന്നതും പുരുഷന്മാരാണ്. വല, കുട്ടകൾ ഇവയൊക്കെ ഇരുലിംഗക്കാരും നിർമിക്കും. സംഭരണ ഉപകരണങ്ങൾ കുടുതലും സ്ത്രീകളാണ് ഉപയോഗിക്കുന്നത്. ഫലമൂലാദികൾ ശേഖരിക്കുന്നത് പ്രധാനമായും സ്ത്രീകളാണ്. മീൻ പിടിക്കുന്നതിൽ ലിംഗവിവചനമില്ല എങ്കിലും വലിയ മീൻകളും മറ്റും കുന്തം ഉപയോഗിച്ചു പിടിക്കുന്നത് പുരുഷന്മാരാണ്. സമൂഹഭോജനത്തിനായുള്ള ഇറച്ചി ചുട്ടെടുപ്പ് പുരുഷന്മാർ ചെയ്യും. പ്രായപൂർത്തിയായ അവിവാഹിതർ അവർക്കുള്ള ഭക്ഷണം പ്രത്യേകം ഉണ്ടാക്കും. ദിവസവുമുള്ള ആഹാരം ഉണ്ടാക്കുന്നത് സ്ത്രീകളാണ്. കുഞ്ഞുങ്ങളുടെ സംരക്ഷണവും സ്ത്രീകളിൽ നിക്ഷിപ്തമാണ്. താൽക്കാലിക കുടിലു കളുടെ നിർമാണത്തിൽ ലിംഗഭേദമന്യേ സഹകരിക്കുന്നുണ്ട്. ഒരു ഗോത്രത്തിലുള്ള എല്ലാപേർക്കുമായുണ്ടാക്കുന്ന വലിയ കുടിൽ പുരുഷനിർമിതിയാണ്. എല്ലാ ഗോത്രക്കാരും ഒരേപോലെയല്ല ഇത് നിർമിക്കുന്നത്, ജനസംഖ്യ അനുസരിച്ചുള്ള വലിപ്പച്ചെറുപ്പം കാണാം.

വള്ളത്തിൽനിന്ന് തെറിച്ചു നിൽക്കുന്ന മരോപകാരണവും ചേർന്നതാണ് ആൻഡമാനിസ് നിർമിക്കുന്ന ഔട്ട്രിഗർ വള്ളം. ഒരു വലിയ മരത്തിന്റെ തടിയിൽ നിന്ന് ഉള്ളു കടഞ്ഞുകളഞ്ഞാണ് വള്ളങ്ങളുണ്ടാക്കുന്നത്, ഇപ്പോൾ ഇതുണ്ടാക്കാൻ അറിയുന്നവരില്ല.

എല്ലാ ഗോത്രങ്ങളുടെയും അടിസ്ഥാന സാമൂഹ്യഘടന കുടുംബകേന്ദ്രിതമാണ്. കുഞ്ഞുങ്ങളും ഭാര്യയും ഭർത്താവും മുതിർന്നവരുണ്ടെങ്കിൽ അവരും ചേർന്നതാണ് കുടുംബം. പ്രായപൂർത്തിയായ ആൺകുട്ടികൾ പ്രത്യേകമായി വസിക്കും. വിഭാര്യരും ഇക്കൂട്ടത്തിലുണ്ടാകും. അവിവാഹിതകളായ പെൺകുട്ടികൾ വിധവകളും ചേർന്ന കൂട്ടമായോ, മാതാപിതാക്കൾക്കൊപ്പൊമോ താമസിക്കും. കുട്ടികളെ ദത്തെടുക്കുന്നത് വളരെ സാധാരണമാണ്. മാതാപിതാക്കൾ നഷ്ടപ്പെടുന്ന കുട്ടികളായിരിക്കണമെന്നില്ല. ആർക്കും സഗോത്രത്തിലെയോ അന്യഗോത്രത്തിലെയോ കുട്ടികളെ ദത്തെടുക്കാം. സ്വന്തം കുട്ടിയിൽനിന്ന് വ്യത്യസ്തമായി ദത്തെടുക്കുന്ന കുട്ടികളെ കാണാറില്ല. ദത്തുകൊടുക്കുന്ന മാതാപിതാക്കൾക്കു ദത്തുകൊടുത്ത കുട്ടിയെ സന്ദർശിക്കുന്നതിലും വിലക്കില്ല. കുട്ടികളുടെ കൈമാറ്റം പോലെതന്നെ വള്ളമുൾപ്പടെയുള്ള ഉപജീവനോപകരണങ്ങളും സൗഹൃദ സമ്മാനമായി സഗോത്രത്തിലും അന്യഗോത്രത്തിലും പെട്ട സുഹൃത്തുക്കൾ പരസ്പരം കൈമാറ്റം ചെയ്യുന്ന രീതിയുണ്ട്. എന്തെങ്കിലും സമ്മാനം മുതിർന്നവർക്ക് ഇളമുറക്കാർ നൽകുന്നതിന് മുതിർന്നവർ തിരിച്ചു നല്കണമെന്നില്ലെങ്കിലും മറ്റുള്ളവർ തമ്മിൽ കൈമാറുന്ന സമ്മാനങ്ങൾ സമതുല്യമായിരിക്കണമെന്ന നിർബന്ധം അവർക്കിടയിലുണ്ട്. മുതിർന്നവർ സ്വന്തം മാതാപിതാക്കളായിരിക്കണമെന്നില്ല. എല്ലാ മുതിർന്നവരെയും ബഹുമാനിക്കാനും അവരെ സംരക്ഷിക്കാനുമുള്ള സാമൂഹിക ഉത്തരവാദിത്തം യുവജനങ്ങളിൽ നിക്ഷിപ്തമാണ്. അവർക്ക് ലഭിക്കുന്ന എന്തു ആഹാരവസ്തുക്കളാണെങ്കിലും അതിൽ പ്രധാനഭാഗം മുതിർന്നവർക്ക് നല്കാൻ യുവാക്കൾ ബാധ്യസ്ഥരാണ്.

കുറ്റത്തിന് ശിക്ഷയില്ല എന്നത് എടുത്തുപറയേണ്ടതാണ്. ഗോത്രാചാരങ്ങൾ പാലിക്കുന്നതുകൊണ്ട് ആരും കുറ്റം ചെയ്യില്ല എന്നതാകാം കടുത്ത ശിക്ഷാനടപടികളിലേക്കു ആൻഡമാനിസ് കടക്കാത്തത്.

കുടുബം കഴിഞ്ഞാൽ പ്രധാനമായ സാമൂഹിക വ്യവസ്ഥയായി കാണാവുന്നത് ആവാസയിടമാണ്. മിക്ക ഗോത്രങ്ങളും കാട്ടുവാസികളും തീരവാസികളുമായി രണ്ടായി തിരിഞ്ഞു ജീവിക്കുന്നുണ്ട്. കാട്ടുവാസികളെ എരംതഗയെന്നും തീരവാസികളെ അര്യയോട്ടയെന്നും അറിയപ്പെടുന്നു. ഓരോരുത്തരും അവരവരുടെ ആവാ സയിടങ്ങളുമായി ബന്ധപ്പെട്ട ഉപജീവനവൃത്തിയിലേർപ്പെടുന്നുവെന്നേയുള്ളു. തീരവാസികളാണ് വള്ള നിർമിതിയിൽ കൂടുതൽ വൈദഗ്ധ്യമുള്ളവർ. അതുപോലെ നായാട്ടിൽ കാട്ടുവാസികളും.

ഭൂമി എല്ലാപേരുടേതുമാണ്. ഓരോ ഗോത്രത്തിനും നിശ്ചിത അതിർത്തി നിർണയിച്ചിട്ടുണ്ട്. അതിർത്തിക്കുള്ളിലുള്ള വിഭവസമാഹരണവും ഉപഭോഗവും ഗോത്രാവകാശമാണ്. എന്നാൽ സ്വകാര്യസ്വത്ത് സങ്കൽപം വികസിക്കാത്ത സമൂഹമല്ലിത്. ഒരാൾ കാട്ടിൽ ഒരു മരം, താൻ വള്ളമുണ്ടാക്കാനായി തിരഞ്ഞെടുത്താൽ ആ വിവരം ഗോത്രത്തിൽ എല്ലാവരെയും അറിയിക്കും. പിന്നെ ആരും അയാളുടെ സമ്മതമില്ലാതെ ആ മരം ഉപയോഗിക്കില്ല. ഉപജീവന ഉപകരണങ്ങൾ അവരവരുടേതാണ്. അനുമതിയില്ലാതെ ആരും ഉപയോഗിക്കില്ല. വള്ളമുണ്ടാക്കാൻ എത്രപേർ സഹായിച്ചാലും ആരാണോ ആ മരം കണ്ടെത്തിയത് അയാൾക്കു മാത്രമാണ് വള്ളത്തിന്റെ ഉടമസ്ഥാവകാശം. നായാട്ടിനുപോകുമ്പോൾ ആരുടെ അമ്പാണോ ജന്തുവിൽ ആദ്യം തറച്ചത് അയാളാണ് അതിന്റെ ഉടമസ്ഥൻ. തേൻകൂട് മരത്തിൽ നിന്നെടുക്കുന്ന ആളിന്റേതാണ്. ഇത്തരത്തിൽ സ്വകാര്യ ഉടമസ്ഥതയുണ്ടെങ്കിലും അധികമുള്ളത് വിതരണം ചെയ്യുന്നത് പതിവാണ്.

കാട്ടുവാസികളെ എരംതഗയെന്നും തീരവാസികളെ അര്യയോട്ടയെന്നും അറിയപ്പെടുന്നു. ഓരോരുത്തരും അവരവരുടെ ആവാ സയിടങ്ങളുമായി ബന്ധപ്പെട്ട ഉപജീവനവൃത്തിയിലേർപ്പെടുന്നുവെന്നേയുള്ളു. / Screen Grab: France 5

വൈഭവം, ഉദാരത, ആചാരനിഷ്ഠ, ക്ഷിപ്രകോപിയല്ലാതിരിക്കൽ എന്നീ ഗുണങ്ങളാണ് നേതൃഗുണങ്ങളായി അവർ പരിഗണിക്കുന്നത്. ഗോത്രത്തലവൻ ഇജ്ജാതി ഗുണങ്ങളുള്ള ആളായിരിക്കണം. ഈ സാമൂഹികപദവി കുടുംബപരമല്ല. ആൻഡമാൻ ഹോം ആരംഭിച്ചശേഷം ഇവരെ ‘രാജ’ എന്ന് സംബോധന ചെയ്യാൻ തുടങ്ങി. ഗോത്രാചാരങ്ങൾ പരി പാലിക്കുക, വൈദ്യസഹായം നൽകുക, ആഭ്യന്തര വഴക്കുകൾ പറഞ്ഞുതീർക്കുക തുടങ്ങിയവ ഇവരുടെ ഉത്തരവാദിത്തമാണ്.

കുറ്റത്തിന് ശിക്ഷയില്ല എന്നത് എടുത്തുപറയേണ്ടതാണ്. ഗോത്രാചാരങ്ങൾ പാലിക്കുന്നതുകൊണ്ട് ആരും കുറ്റം ചെയ്യില്ല എന്നതാകാം കടുത്ത ശിക്ഷാനടപടികളിലേക്കു ആൻഡമാനിസ് കടക്കാത്തത്. വഴക്കുണ്ടാകാറുണ്ട്, ചിലർ ദേഷ്യം കാരണം ശത്രുവിനെ ആക്രമിക്കും, ശത്രുവിന്റെ സ്വകാര്യമുതൽ നശിപ്പിക്കും. പെട്ടെന്നുതന്നെ വഴക്ക് മാറും. കുറ്റം ചെയ്യുക വഴി മറ്റുള്ളവരുടെ മുന്നിൽ അന്തസ്സില്ലാതാകുമെന്നതാണ് കടുത്ത ശിക്ഷ. ചിലർ തുടരെ തുടരെ ആചാരലംഘനം നടത്തിയാൽ അയാളെ ഗോത്രത്തിൽനിന്ന് പുറത്താക്കും. അയാൾ വേറൊരു ഗോത്രത്തിൽ ചേരും. ആചാരങ്ങൾ പാലിക്കാതിരുന്നാൽ ഒരാൾക്കു മാത്രമല്ല ആ ഗോത്രത്തിനു മൊത്തം ശിക്ഷ ലഭിക്കുമെന്നാണ് വിശ്വാസം. തേനീച്ചക്കൂട് നശിപ്പിക്കുക, ചീവീടിനെക്കൊല്ലുക തുടങ്ങിയുള്ള ദുഷ് പ്രവൃത്തികൾ ആചാരലംഘനമാണ്. പ്രകൃതിയെ നശിപ്പിക്കുന്ന പ്രവൃത്തികളൊന്നും അനുവദിച്ചിട്ടില്ല. ഉപജീവനത്തിന് പ്രകൃതിയെ ഉപയോഗിക്കാമെങ്കിലും അതൊന്നും നശിപ്പിക്കലാകരുത്. കിഴങ്ങെടുക്കാൻ ചെടി പിഴുതു മാറ്റരുത്. പകരം ചെടിക്ക് ദോഷം വരാതെയും ആത്മാക്കൾക്ക് സംശയം തോന്നാതെയും കുഴിച്ചു കിഴങ്ങെടുക്കണം. അല്ലെങ്കിൽ മരിച്ചുപോയ മുൻഗാമികളുടെ ആത്മാക്കൾ പ്രകൃതിക്ഷോഭമുണ്ടാക്കും. കൊടുംകാറ്റായും പേമാരിയായും എല്ലാപേരെയും ശിക്ഷിക്കും. മരണം ഉറപ്പാണ്; ഇതാണ് വിശ്വാസം.

ആൻഡമാനിസ് ഏക ഭാര്യാ ക്രമം നിർബന്ധമായി പാലിച്ചിരുന്നു. കമിതാക്കൾക്കിടയിൽ വിവാഹപൂർവ ബന്ധങ്ങൾ അനുവദിച്ചിരുന്നു. എന്നാൽ വിവാഹേതരബന്ധം അനുവദിച്ചിരുന്നില്ല.

മനുഷ്യരുടെ ഉത്പത്തിയെക്കുറിച്ച് ആലോചിക്കാത്ത സമൂഹങ്ങളില്ല. ആൻഡമാനിസ് ഗോത്രങ്ങൾക്കും ഉത്പത്തിപുരാവൃത്തങ്ങളുണ്ട്. ഒരു സൃഷ്ടാവ്‌ ഉണ്ടെന്ന വിശ്വാസം ഇവർക്കിടയിലുണ്ട്. പുലുഗു, ബിലികു, ടോമോ തുടങ്ങി പല സൃഷ്ടാക്കളും അവരുടെ പുരാവൃത്തങ്ങളിൽ കാണാം. ഇവരൊക്കെ പുരാവൃത്ത കഥാപാത്രങ്ങളാണ്. ഇവർ പൂർവിക ആത്മാക്കളാണെന്നാണ് സങ്കൽപം . ഉടുമ്പിൽ നിന്നാണ് അവർ ഉണ്ടായത് എന്നു മറ്റൊരു പുരാവൃത്തം. ഉറുമ്പിന്റെ മൺകൂട് പൊളിച്ചെടുത്ത മണ്ണിൽനിന്നുമാണ് ജൂടുപ്പു മറ്റുള്ളവരെ സൃഷ്ടിച്ചത്. മുള പൊട്ടിയാണ് ആദ്യമനുഷ്യൻ പിറവികൊണ്ടത്. മരത്തിന്റെ ഉന്തിനിൽക്കുന്ന ഭാഗത്തിൽ നിന്നുമാണ് മനുഷ്യരുടെ പിറവി. മരത്തിന്റെ കഷ്ണം സ്ത്രീയായി മാറി. ലിംഗം മുറിച്ചാണ് സ്ത്രീയെ ജനിപ്പിച്ചത്. പുലുഗുവാണ് ആദ്യ പുരുഷനെയും സ്ത്രീയെയും സൃഷ്ടിച്ചത്. സൃഷ്ടാവ് ആദ്യം പുരുഷനെയും പിന്നെ സ്ത്രീയേയും സൃഷ്ടിച്ചു. മനുഷ്യസൃഷ്ടിയെക്കുറിച്ചുള്ള വൈവിധ്യപൂർണമായ ജിജ്ഞാസ കാണുമ്പോഴും പ്രപഞ്ചസൃഷ്ടിയെക്കുറിച്ച് അധികം ആലോചനകളുണ്ടായിട്ടില്ല. ചില പരാമർശങ്ങൾ കാണാം. സൃഷ്ടാവായ ബിലികു തീഗോളം എറിഞ്ഞതാണ് സൂര്യനായത്. സുര്യനെ തീയായാണ് കാണുന്നത്. പുലുഗു രണ്ടു തരം തടിക്കഷണങ്ങൾ കൂട്ടിയിട്ടിട്ട് സൂര്യനോട് തീകത്തുന്നതുവരെ വന്നു അടുത്തിരിക്കാനും കത്തിക്കഴിഞ്ഞു തിരിച്ച് ആകാശത്തു പോയിരിക്കാനും ആവശ്യപ്പെട്ടു. അക്കാലത്തു സൂര്യനും ഭൂമിയും അടുത്തടുത്തായിരുന്നു. ബിലികുവിന്റെ ഭർത്താവ് പൊറോകുൽ ഒരു വില്ലുണ്ടാക്കി സൂര്യനെ ഉയർത്തി ആകാശത്തുൃവച്ചു. ചന്ദ്രനെ പുരുഷനായും സൂര്യനെ സ്ത്രീയായുമാണ് സങ്കല്പിച്ചിരിക്കുന്നത്. പൂർണമായും ആൻഡമാൻ പുരാവൃത്തം ലോകത്തെ പഴക്കമുള്ള പുരാവൃത്തഘടനയോടു യോജിക്കുന്നു. പ്രളയ പുരാവൃത്തവും ആൻഡമാനിസിനിടയിലുണ്ട്

കാട്ടുപന്നി നായാട്ട് വളരെയധികം പ്രയോഗത്തിലുണ്ടായിരുന്നു. അമ്പും വില്ലും ഉപയോഗിച്ചാണ് ആദ്യകാലത്ത് നായാട്ട് നടത്തിയിരുന്നത്. / Screen Grab: France 5

കാട്ടുപന്നി നായാട്ട് വളരെയധികം പ്രയോഗത്തിലുണ്ടായിരുന്നു. അമ്പും വില്ലും ഉപയോഗിച്ചാണ് ആദ്യകാലത്ത് നായാട്ട് നടത്തിയിരുന്നത്. നായയുടെ സഹായം ആദ്യകാലത്തില്ലായിരുന്നു. 1858-ൽ ബ്രിട്ടീഷുകാരാണ് നായയെ ആൻഡമാനിൽ കൊണ്ടുവന്നത്. ക്രമേണ നായാട്ടിൽ ബർമക്കാരിൽനിന്നു കിട്ടിയ നായയുടെ സഹായവും ഉറപ്പിച്ചു. റാഞ്ചിക്കാരിൽനിന്നും കുടുക്കുപയോഗിച്ചു പന്നിയെ പിടിക്കാനുള്ള തന്ത്രം മനസ്സിലാക്കിയതോടെ അമ്പും വില്ലും നായയുമൊന്നും ആവശ്യമില്ലെന്നുവന്നു. പക്ഷി മാംസവും അവർക്കുതാല്പര്യമുണ്ട്, കുടുക്ക് ഉപയോഗിച്ചോ അമ്പെയ്തോ അവർ പക്ഷികളെ പിടിക്കും. ഒരു ചെറിയ കമ്പിൽ പശ തേച്ച് ഫല സസ്യങ്ങളിൽ ഫലത്തിനടുത്തായി വയ്ക്കുന്നു. പക്ഷികൾ ഫലം തിന്നാൻ വന്നിരിക്കുമ്പോൾ പശയിൽ കാലോ ചിറകോ ഒട്ടും. അതോടെ അവയ്ക്കു പറക്കാനാവില്ല. ഇങ്ങനെയാണ് കിളികളെ കുടുക്കുന്നത്. ബർമക്കാരിൽനിന്നു പഠിച്ച തെറ്റാടി ഉപയോഗവും പക്ഷിവേട്ടയ്ക്കു ഉപയോഗിച്ചിരുന്നു. മാനുകളെ വേട്ടമൃഗമായി ആൻഡമാനിസ് കരുതിയിരുന്നില്ല. പക്ഷേ, ഒരു ബർമക്കാരനിൽനിന്ന് അവർക്കു അവയെ ആഹാരമാക്കാമെന്നു മനസ്സിലായി. ഒരുനാൾ ഒരു ബർമക്കാരൻ കടലിലെ തിരയിൽ പെട്ടപ്പോൾ അയ്യാളെ സാഹസികമായി ആന്ഡമാനിസ് രക്ഷപ്പെടുത്തി. അതിനയാൾ നന്ദി സൽക്കാരം നടത്തിയപ്പോൾ നൽകിയ ഭക്ഷണം മാനായിരുന്നു. അതിനെ കുടുക്കുവച്ച് പിടിക്കാനും ബർമക്കാരനിൽനിന്ന് അവർ പഠിച്ചു.

എല്ലാ അർത്ഥത്തിലും പാരിസ്ഥിതിക സാംസ്കാരികത നിലനിറുത്തിയിരുന്ന, സ്വയം പര്യാപ്തമായിരുന്ന ആൻഡമാന്റെ യഥാർത്ഥ പൈതൃകാവകാശികളാണ് പരിഷ്‌കൃതിയുടെ പേരിൽ അഭയാർഥികളായി മാറിയിരിക്കുന്നു വെന്നതാണ് ആൻഡമാനിസിന്റെ വർത്തമാന ദുരന്തചിത്രം.

ആൻഡമാനിസ് ഏക ഭാര്യാ ക്രമം നിർബന്ധമായി പാലിച്ചിരുന്നു. കമിതാക്കൾക്കിടയിൽ വിവാഹപൂർവ ബന്ധങ്ങൾ അനുവദിച്ചിരുന്നു. എന്നാൽ വിവാഹേതരബന്ധം അനുവദിച്ചിരുന്നില്ല. കുഞ്ഞുങ്ങൾക്ക് ഗർഭാവസ്ഥയിൽ തന്നെ പേരു നൽകും. പരിസ്ഥിതി സംബന്ധ നാമങ്ങളാണ്അധികവും. ആ പേരിന്റെ കൂടെ 'അമ്മ , അച്ഛൻ ചേർത്താണ് അമ്മയെയും അച്ഛനെയും വിളിക്കുക. പ്രസവശേഷം പുതിയ പേരോ ഇരട്ടപ്പേരോ ഒക്കെയുണ്ടാകും. ഗർഭകാലത്തു ചില ഭക്ഷണ വിലക്കുകൾ മാതാപിതാക്കൾ പാലിക്കണം. കുഞ്ഞുങ്ങളുടെ വളർത്തുചുമതല അമ്മയ്ക്കാണ്. പ്രായമാകുന്നതോടെ ആചാരപരമായ ചില ചടങ്ങുകൾ പാലിക്കും. തിരണ്ടുകല്യാണത്തിനു സമാനമായ ചില ചടങ്ങുകൾ പെൺകുട്ടികളുടെ കാര്യത്തിലുണ്ട്. ആൺകുട്ടികൾക്കും ചടങ്ങുകളുണ്ട് . പ്രായപൂർത്തിയാകുന്നതോടെ അവർ കുട്ടികളല്ലാതെയാകുന്നു. അതുവരെ അവർ ആശ്രിത വർഗമായിരുന്നു. മാതാപിതാക്കൾ അവരുടെ ആവശ്യങ്ങൾ നിറവേറ്റണമായിരുന്നു. പ്രായപൂർത്തിയാകുന്നതോടെ അവരുടെ സാമൂഹിക പദവി മാറും. ബന്ധപ്പെട്ട ചടങ്ങുകൾ കഴിയുന്നതോടെ അവർ സ്വന്തം കാര്യം നോക്കണം. പെൺകുട്ടികൾ ആദ്യ ആർത്തവം വരുമ്പോൾ മാതാപിതാക്കളെ അറിയിക്കണം. ഉടൻ അവർ കരയും. ഇതൊരു അറിയിപ്പാണ്. പെൺകുട്ടി കടലിൽ കുളിച്ച് മാതാപിതാക്കളുടെ കുടിലിലോ കുട്ടിക്കായി സൗകര്യമൊരുക്കിയ ഇടത്തോ ഇരിക്കും. ഈ സമയം കൈതോലയിൽനിന്നുണ്ടാക്കിയ ഇടുപ്പിലെ ഒരു ബെൽറ്റ് ഒഴിച്ചുള്ള മറ്റ് ആഭരണങ്ങൾ അഴിച്ചു വയ്ക്കണം. ചടങ്ങിന്റെ ഭാഗമായി അക്കാലത്തു പൂവണിഞ്ഞുനിൽക്കുന്ന മരത്തിന്റെയോ ചെടിയുടെയോ പൂവിന്റെ പേര് നൽകും. ആദ്യകുഞ്ഞിന് ഗർഭാവസ്ഥയിൽ പേരിടുന്നതുവരെ അവളുടെ പേര് അന്നുനൽകിയ പുവിന്റെതായിരിക്കും. കല്യാണം കഴിഞ്ഞിട്ടും കുട്ടികളുണ്ടായില്ലെങ്കിൽ പുഷ്പത്തിന്റെ പേരിൽ തന്നെ അറിയും. പ്രസവശേഷം യാഥാർത്ഥ പേര് തിരിച്ചുകിട്ടും, സ്ത്രീകളുടെ സാമൂഹികപദവി നിർണയിക്കുന്നതിൽ പേരുകൾക്ക് വലിയസ്ഥാനമാണവർ നൽകിയിരുന്നത്.

ഇത്രയും വിശാലമായ ആചാരമാണ് ഇപ്പോൾ വിസ്മൃതിയിലായത്. ആൺകുട്ടികൾക്ക് ചടങ്ങുകളുടെ ഭാഗമായി ശരീരത്തിൽ പാടുകളുണ്ടാക്കും. പ്രായപൂർത്തിയാകുന്ന ചടങ്ങുകളിലും വിവാഹത്തിലുമെല്ലാം സമൂഹഭക്ഷണവും നൃത്തവും പാട്ടും ശരീര അലങ്കാരങ്ങളും നിർബന്ധമാണ്. ശരീരത്തിൽ പലനിറത്തിലുള്ള കളിമൺ മെഴുകുക, അതിൽ വിരലുകൊണ്ട് പല വരകളും വരയ്ക്കുക, ചിപ്പികളും പൂക്കളും, ഇലകളും കൊണ്ടുള്ള ആഭരണങ്ങൾ ധരിക്കുക ഇതൊക്കെ സർവസാധാരണമാണ്. പണിയായുങ്ങളിലും വേണ്ടത്ര രേഖാലങ്കാരങ്ങളുണ്ടാകും.

ആൺകുട്ടികൾക്ക് ചടങ്ങുകളുടെ ഭാഗമായി ശരീരത്തിൽ പാടുകളുണ്ടാക്കും. പ്രായപൂർത്തിയാകുന്ന ചടങ്ങുകളിലും വിവാഹത്തിലുമെല്ലാം സമൂഹഭക്ഷണവും നൃത്തവും പാട്ടും ശരീര അലങ്കാരങ്ങളും നിർബന്ധമാണ്. ശരീരത്തിൽ പലനിറത്തിലുള്ള കളിമൺ മെഴുകുക, അതിൽ വിരലുകൊണ്ട് പല വരകളും വരയ്ക്കുക, ചിപ്പികളും പൂക്കളും, ഇലകളും കൊണ്ടുള്ള ആഭരണങ്ങൾ ധരിക്കുക ഇതൊക്കെ സർവസാധാരണമാണ്. / Screen Grab: France 5

വിവാഹ സന്ദർഭങ്ങളിൽ നൃത്തവേദിയുടെ ഒരു ഭാഗത്ത് വധുവും കൂട്ടരും മറുഭാഗത്ത് വരനും കൂട്ടരും ഇരിക്കും. ഗോത്രത്തലവനോ മുതിർന്ന ഒരാളോ വധുവിനോട് ഭാര്യാധർമം പറയും. പുരുഷകേന്ദ്രിതമാണെന്നതിൽ സംശയമില്ല. തുടർന്ന് വരനെ വധുവിന്റെ അടുത്തേക്ക് ആനയിച്ചിരുത്തും , കുറച്ചുകഴിഞ്ഞ് വരൻ വധുവിന്റെ മടിയിൽ ഇരിക്കണം. അതോടെ ചടങ്ങുകൾ കഴിഞ്ഞു. പാട്ടും നൃത്തവും സമൂഹഭോജനവും എല്ലാ ആഘോഷങ്ങളുടെയും ഭാഗമാണ്.

ശവസംസ്കാര ചടങ്ങുകളും വിപുലമായിരുന്നു. മരണം നടന്നാൽ ഗോത്രക്കാരായ സ്ത്രീകളും പുരുഷന്മാരും വട്ടത്തിലിരുന്നു ഉറക്കെ കരയും. ശവം കുളിപ്പിക്കും. കളിമൺ പൂശും. ഈന്തപ്പനയുടെ ഇലയിൽ പൊതിഞ്ഞ് പായയിൽ കെട്ടും. നാലുപേർ ചേർന്ന് ശവമെടുത്ത് ഏഴു പ്രാവശ്യം അയാളുടെ വീടിനെ പ്രദക്ഷിണം വയ്ക്കും. കുഴിയിൽ കിഴക്കു ദർശനമായി ഇരുത്തും. മുതിർന്നവരുടെ ശരീരം അന്നുതന്നെ മറവുചെയ്യും. കുഞ്ഞുങ്ങളുടെ ശരീരം വീട്ടിനകത്ത് അടുപ്പിനു താഴെ മറവു ചെയ്യും. പിന്നെ അസ്ഥികൾ ശേഖരിച്ചു ബന്ധുക്കൾ അണിയും. ബന്ധുക്കൾക്ക് ആഹാരവിലക്കുണ്ട്. മിക്ക സന്ദർഭങ്ങളിലും മരണം നടന്ന ഇടം കുറേക്കാലത്തേക്ക് ഉപേക്ഷിക്കും. ഇതായിരുന്നു പഴയ ആചാരം. മരിച്ചവരുടെ ആത്മാക്കൾ തങ്ങൾക്കൊപ്പം ജീവിക്കുന്നുവെന്നാണ് വിശ്വാസം. നൂറ്റാണ്ടുകളായി അവർ ആർജിച്ച ധൈഷണിക മൂലധനമായ സമാഹൃത ജ്ഞാനമാണ് ഗോത്രനാശത്തിലൂടെയും ഭാഷാനാശ ത്തിലൂടെയും അവർക്കന്യമായിരിക്കുന്നത്. എല്ലാ അർത്ഥത്തിലും പാരിസ്ഥിതിക സാംസ്കാരികത നിലനിറുത്തിയിരുന്ന, സ്വയം പര്യാപ്തമായിരുന്ന ആൻഡമാന്റെ യഥാർത്ഥ പൈതൃകാവകാശികളാണ് പരിഷ്‌കൃതിയുടെ പേരിൽ അഭയാർഥികളായി മാറിയിരിക്കുന്നു വെന്നതാണ് ആൻഡമാനിസിന്റെ വർത്തമാന ദുരന്തചിത്രം.

(തുടരും)


എം. ശ്രീനാഥൻ

ഭാഷാശാസ്ത്രജ്ഞൻ, പ്രഭാഷകൻ, എഴുത്തുകാരൻ. തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിൽ പ്രൊഫസർ. തിയററ്റിക്കൽ ലിംഗ്വിസ്റ്റിക്‌സ്, അപ്ലൈഡ് ലിംഗ്വിസ്റ്റിക്‌സ്, ലിംഗ്വിസ്റ്റിക്‌സ് ആന്ത്രപ്പോളജി, ലാംഗ്വേജ് ആൻറ്​ ജനറ്റിക്‌സ് തുടങ്ങിയവ മേഖലകളിൽ സ്‌പെഷലൈസേഷൻ. മലയാള ഭാഷാചരിത്രം: പുതുവഴികൾ, എ.ആർ. നിഘണ്ടു, Dravidian Tribes & Language, മലയാള ഭാഷാശാസ്ത്രം, കേരള പാണിനീയ വിജ്ഞാനം (ഡോ. സി. സെയ്തലവിക്കൊപ്പം എഡിറ്റർ), ചട്ടമ്പിസ്വാമികളുടെ ജ്ഞാന നവോത്ഥാനം തുടങ്ങിയവ പ്രധാന പുസ്തകങ്ങൾ.

Comments