സ്വർണപ്പണിയിൽ
അന്നുമുണ്ട് മോഷണ സൂത്രങ്ങൾ

ചാണക്യന്റെ ഭാഷാകൗടലീയത്തെ അടിസ്ഥാനമാക്കി എം. ശ്രീനാഥൻ എഴുതുന്ന പഠനപരമ്പര തുടരുന്നു.

വിവേചനത്തിന്റെ
അർഥശാസ്ത്രം- 14

തൊഴിലറിവിന്റെ കലവറയാണ് കൗടലീയം. ചാണക്യൻ പണ്ടേ പ്രാവർത്തികമാക്കിയിരുന്ന തൊഴിലറിവിന്റെ ഡോക്യുമെന്റെഷൻ എന്ന ആശയത്തിലേക്കു കടന്നെത്താൻ പാശ്ചാത്യ സമൂഹത്തിന് രണ്ടായിരത്തിനു ശേഷമേ കഴിഞ്ഞുള്ളൂ. ഭാഷാമരണം സമാഹൃത ജ്ഞാനനഷ്ടത്തിന് കാരണമാകുന്നുവെന്നു ചൂണ്ടിക്കാട്ടി ഭാഷാനാശം നേരിടുന്ന ഭാഷകളുടെ ഡോക്യുമെന്റേഷനും പുനർജീവന സാധ്യതകളും ഉറപ്പുവരുത്താൻ യുനെസ്കോ പദ്ധതികൾ ആവിഷ്കരിച്ചു. അതോടെ നാശോന്മുഖമാകുന്ന പാരമ്പര്യജ്ഞാന മൂലധനം സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങൾക്ക് ആക്കം കൂടി.

തൊഴിലാളിവർഗത്തോട് കൂറു പുലർത്തിയ ആധുനിക കേരളം പോലും തൊഴിലറിവുകളെയോ പാരമ്പര്യ ജ്ഞാനത്തെയോ ശേഖരിക്കാനോ സംരക്ഷിക്കാനോ വേണ്ടതരത്തിലുള്ള ജ്ഞാനാസൂത്രണം ഇനിയും ഉൾക്കൊണ്ടിട്ടില്ല. ഭാഷാജനതയുടെ നൂറ്റാണ്ടുകളിലൂടെ ഉരുത്തിരിഞ്ഞ സമാഹൃതജ്ഞാനം അനുദിനം അന്യം നിന്നുപോകുന്ന വേളയിൽ ജ്ഞാനാസൂത്രണത്തിന്റെ പ്രതിരോധവഴിയാണ് തനതുജ്ഞാന ശേഖരമെന്നു കേരളം തിരിച്ചറിഞ്ഞുവരുമ്പോൾ പാരമ്പര്യശേഷിപ്പുകളൊന്നും അവശേഷിക്കുമെന്നുറപ്പിക്കാനാവില്ല.

ഓരോ തൊഴിലിനും ആധാരവും അനുബന്ധവുമായ ജ്ഞാനവ്യവസ്ഥയുണ്ട്. ഈ തൊഴിലറിവ് ബന്ധപ്പെട്ട തൊഴിൽവിഭാഗങ്ങളുടെ പാരമ്പര്യ മൂലധനമായി കണക്കാക്കുന്നു. ആ അറിവ് അവർക്കിടയിൽമാത്രം തലമുറാനന്തര വിനിമയമായി നിലകൊള്ളുന്നു. സമൂഹത്തിന്റെ പൊതുജ്ഞാന മണ്ഡലത്തിലേക്കു കടന്നെത്താറില്ല. കാലക്രമേണ ഉണ്ടാകുന്ന സാമൂഹിക- സാമ്പത്തിക- രാഷ്ട്രീയ മാറ്റങ്ങൾക്കനുസരിച്ചു പാരമ്പര്യ ജ്ഞാനത്തിന് അപചയം സംഭവിക്കുന്നു. അറിവു നഷ്ടം പ്രതിരോധിക്കപ്പെടുന്നത്, അത് രേഖപ്പെടുത്തി ജനകീയമാക്കുമ്പോഴുമാണ്. നൂറ്റാണ്ടുകൾക്കുമുമ്പ് ചാണക്യൻ പാരമ്പര്യ ജ്ഞാനത്തെ രാജ്യത്തിന്റെ കോശവികസനത്തിന് എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് ആലോചിക്കുകയും തനതറിവുകളെ രാജ്യവികസനോപാധിയായി അംഗീകരിച്ചുകൊണ്ട് പദ്ധതി ആസൂത്രണം ചെയ്യുകയും ചെയ്തു. അതുവഴി തൊഴിലറിവ് രാജ്യത്തിന്റെ പൊതുസ്വത്താവുകയും അതിലൂടെ ജ്ഞാനസംരക്ഷണം ഉറപ്പുവരുകയും ചെയ്തു. കൂട്ടത്തിൽ അറിവ് രാജ്യസ്വത്തായതോടെ പരമ്പരാഗത തൊഴിലിനെ രാജ്യക്ഷേമപദ്ധതിയാക്കിയും ശിക്ഷാവിധികൾ ഏർപ്പെടുത്തിയും തൊഴിലറിവിന്റെ സ്വകാര്യ ഉപയോഗം പരിമിതപ്പെടുത്തിയും തൊഴിൽസമൂഹങ്ങളെ രാജ്യക്ഷേമതല്പരരാക്കാനും ചാണക്യന് കഴിഞ്ഞു. രാജ്യക്ഷേമത്തിന് തനത് അറിവുകളെ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് പരിശോധിച്ചും ആധുനിക ഡോക്യുമെന്റഷൻ പദ്ധതിയുടെ സാധ്യതയുമായി ഇണക്കിയും ചാണക്യ പദ്ധതിയെ മനസിലാക്കാം.

ബന്ധപ്പെട്ട തൊഴിലിന്റെ സർവതല സ്പർശിയായ ജ്ഞാനവ്യവസ്ഥയുടെ അടയാളപ്പെടുത്തലാണ് തൊഴിലറിവിനെ കുറിച്ചുള്ള ചാണക്യപ്രമാണം. ഉദാഹരണത്തിന് സ്വർണവും വെള്ളിയുമായി ബന്ധപ്പെട്ട തൊഴിലറിവിൽ അസംസ്കൃത സാധങ്ങളുടെ ലഭ്യത, അവയുടെ തരഭേദങ്ങൾ, സംസ്കരണം, ഉൽപ്പന്നനിർമാണവും വ്യാപാരവും, പങ്കെടുക്കുന്ന തൊഴിൽസമൂഹം, തൊഴിലിലെ തട്ടിപ്പും വെട്ടിപ്പും, അതൊഴിവാക്കാനുള്ള ശിക്ഷാവിധികളുമെല്ലാം ഉള്ളടങ്ങുന്നു.

രാജ്യക്ഷേമത്തിന് തനത് അറിവുകളെ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് പരിശോധിച്ചും ആധുനിക ഡോക്യുമെന്റഷൻ പദ്ധതിയുടെ സാധ്യതയുമായി  ഇണക്കിയും ചാണക്യ പദ്ധതിയെ മനസിലാക്കാം.
രാജ്യക്ഷേമത്തിന് തനത് അറിവുകളെ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് പരിശോധിച്ചും ആധുനിക ഡോക്യുമെന്റഷൻ പദ്ധതിയുടെ സാധ്യതയുമായി ഇണക്കിയും ചാണക്യ പദ്ധതിയെ മനസിലാക്കാം.

അക്ഷശാല സ്വർണം വെള്ളി എന്നിവയുടെ പണിശാലയാണ്. പരസ്പരം ബന്ധമില്ലാത്ത നാലു ശാലകൾക്ക് ഒറ്റ വാതിലെന്നതാണ് അക്ഷശാലയുടെ ഘടന. സമർത്ഥനും കുലീനനുമായ ശില്പിയെ മേൽനോട്ടക്കാരനായി നിയമിക്കണം. അദ്ദേഹത്തിന് ഈ തൊഴിലുമായി ബന്ധപ്പെട്ട സർവതല ജ്ഞാനമുണ്ടായിരിക്കണം.

ജംബൂനദി (ജാംബൂനദം), ശതാകുംഭ പർവതം (ശതകുംഭം), ഹാടകഖനി (ഹാടകം), വേണു പർവതം (വൈണവം), സുവർണഭൂമി (ശൃംഗശുക്തിജം) എന്നിങ്ങനെ സ്വർണം ലഭിക്കുന്ന നാലു സ്ഥലങ്ങൾ അന്നുണ്ടായിരുന്നു. സ്വർണം മൂന്നു തരത്തിൽ ലഭ്യമായിരുന്നു. സ്വർണമായിട്ടു തന്നെ ജനിച്ചത് (ജാതരൂപം), ഖനികളിനിന്ന് സാരം വാറ്റിയെടുക്കുന്ന ആകരോൽഗതം, രസയോഗം കൊണ്ട് പൊന്നാക്കിമാറ്റിയ രസവിദ്ധം എന്നിവയാണവ. ഇവയിൽ താമരയല്ലിനിറം, മൃദു, സ്നിഗ്ദ്ധം, നിലത്തിട്ടാൽ ഒച്ചയുണ്ടാകാത്തതും ശോഭയുള്ളതുമായവയാണ് ശ്രേഷ്ഠം. ചുവപ്പുകലർന്ന മഞ്ഞനിറമുള്ളത് മധ്യമം. രക്തനിറമുള്ളത് അധമം.

അശുദ്ധമായിരിക്കുന്നവയുടെ ദ്രവ്യസാന്നിധ്യത്തെ മനസിലാക്കി അതിന്റെ നാലിരട്ടി ഈയം ചേർത്ത് തീയൂതി ശുദ്ധീകരിക്കണം. അപ്പോൾ ഈയത്തിന്റെ ഗന്ധത്തോടെ പിളരുന്നതായാൽ അവയെ ചാണകവറളി തീയിൽ ഊതണം. രൂക്ഷതയോടെ പിളരുന്നതായാൽ എണ്ണയിലും ചാണകത്തിലും മുക്കി വെയ്ക്കണം. ഖനികളിൽ നിന്നുള്ളവ ശുദ്ധി ചെയ്യുമ്പോൾ ഈയത്തിന്റെ ഗന്ധത്തോടെ പിളരുന്നതായാൽ പലകയിൽ വെച്ച് അടിച്ചു പാളികളായി മാറ്റണം. അല്ലെങ്കിൽ കൂൺ, വലിയ ചേന എന്നിവയുടെ കൽക്കത്തിൽ നനയ്ക്കണം.

സ്വർണത്തിന്റെ മാറ്റ്

സ്വർണത്തിന്റെ കാര്യത്തിൽ ഇന്നറിയപ്പെടുന്ന കാരറ്റിനു സമാനമായ ഗുണത്തെയാണ് മാറ്റായി അന്ന് തിരിച്ചറിഞ്ഞിരുന്നത്. സ്വർണത്തിനു 17 മാറ്റുകൾ അന്ന് തിരിച്ചറിഞ്ഞിരുന്നു. ശുദ്ധമായ മഞ്ഞനിറത്തോടുകൂടിയ സ്വർണത്തിന്റെ മാറ്റിനെ സുവർണം എന്നാണ് പറയുക. അതിന് പതിനാറ് മാഷ തൂക്കം ഉണ്ട്. അതിൽ നാലിലൊന്നു ചെമ്പു ചേർത്ത് അത്ര പൊന്നു കുറച്ചാൽ ഒരു വർണകമാകും. വർണകത്തിൽ നാലിലൊന്നു മാഷം ചെമ്പു കൂട്ടി അത്രക്കത്രയ്ക്കു പൊന്നു കുറച്ച്, നാലു മാഷ തൂക്കം ചെമ്പ് തികയുവോളം ചെയ്യുമ്പോൾ വർണക മാറ്റുകൾ പതിനാറെണ്ണം വരും. ചെമ്പു ചേർന്ന വർണകങ്ങളും ഒരു സുവർണകവും ചേർത്ത് പതിനേഴു മാറ്റുകൾ.

അക്ഷശാല സ്വർണം വെള്ളി എന്നിവയുടെ പണിശാലയാണ് .പരസ്പരം ബന്ധമില്ലാത്ത നാലു ശാലകൾക്കു ഒറ്റവാതിലെന്നതാണ് അക്ഷശാലയുടെ   ഘടന .
അക്ഷശാല സ്വർണം വെള്ളി എന്നിവയുടെ പണിശാലയാണ് .പരസ്പരം ബന്ധമില്ലാത്ത നാലു ശാലകൾക്കു ഒറ്റവാതിലെന്നതാണ് അക്ഷശാലയുടെ ഘടന .

ഉരച്ചു മാറ്ററിയുന്ന വിധവും
അതിലെ പറ്റിപ്പും

സമമായ ഉരകല്ലിൽ ഉരച്ച സ്വർണത്തിന്റെ രേഖാസാന്നിധ്യം എല്ലാഭാഗത്തും സമമായിരുന്നാൽ അത് നല്ലസ്വർണമാണ്. ഉരകല്ലിൽ വരയുടെ നിറം പരപ്പുള്ളതും സ്നിഗ്ധവും മൃദുവും തിളക്കമുള്ളതു മായാൽ ശ്രേഷ്ഠം.

ഉരയ്ക്കുന്നതിലും കള്ളമുണ്ട്. ഊന്നി ഉരച്ചും നക്കി ഉരച്ചും നഖത്തിനിടയിൽ പൊൻകാവിപ്പൊടി വിതറികൊണ്ടുരച്ചും ഉരപ്പിൽ തട്ടിപ്പുനടത്തും. കല്ലിലെ രേഖാസാന്നിധ്യം സമമല്ലാത്തതു വ്യാജമാണ്. ജാതിചായില്യം, കറുകപ്പുല്ല് എന്നിവ ഗോമൂത്രത്തിൽ മുക്കി ഉണക്കി പൊടിച്ച പൊടി കയ്യിന്റെ അഗ്രത്തിൽ പുരട്ടി അതുകൊണ്ടു തൊട്ടാൽ ഉര വെളുക്കും. ഇത് വാങ്ങുന്നവൻ ചെയ്യുന്ന കള്ളമാണ്.

കലിംഗ ദേശത്തെ കല്ലും താപീനദിയിൽ നിന്നുള്ളവയുമാണ് ശ്രേഷ്ഠമായ ഉരകല്ല്. വർണത്തെ സമമായി കാട്ടുന്ന കല്ല്. ക്രയവിക്രയത്തിൽ നല്ലത് ഇതാണ്. ആനത്തോൽ പോലെ കറുത്തതും, പച്ചനിറമുള്ളതുമായ കല്ല് ചീത്ത പൊന്നിനെയും നന്നാക്കി കാണിക്കും. വിക്രയത്തിന് നല്ലതാണ് ഈ കല്ല്. പരുഷവും നിരപ്പില്ലാത്തതുമായ കല്ല് നല്ല പൊന്നിന്റെയും വര ചീത്തയാക്കി കാണിക്കുന്നതുകൊണ്ട് ക്രയത്തിനു നല്ലത്.

നല്ല സ്വർണം ചൂടാക്കിയാൽ അകത്തും പുറത്തും സമവാർണമായും താമരയല്ലി, വാടാങ്കുറിഞ്ഞി എന്നിവയുടെ പൂവിന്റെ നിറമുള്ളതുമാണെങ്കിൽ ഉത്തമം. കറുപ്പും നീലയുമാണെങ്കിൽ ചീത്ത.

തട്ടാന്മാരുടെ ജോലി

കല്ലുപതിക്കുക, നുലുണ്ടാക്കുക, ആഭരണങ്ങൾ ഉണ്ടാക്കുക എന്നിവയാണ് തട്ടാന്മാരുടെ ജോലി. കല്ലു പതിപ്പിക്കുമ്പോൾ കല്ലിന്റെ അഞ്ചിലൊരു ഭാഗം പൊന്നിൽ കടത്തുകയും പത്തിലൊരു ഭാഗം പുറംകെട്ടു കെട്ടി ഉറപ്പിക്കുകയും വേണം. പുറംകെട്ടു വെള്ളിയാണെങ്കിൽ നാലിലൊന്നു ചെമ്പും സ്വർണമാണെങ്കിൽ നാലിലൊന്നു വെള്ളിയും കൂട്ടി സംസ്കരിച്ചാൽ പണി നന്നാവും. വലിയ കല്ല് പിടിപ്പിക്കുമ്പോൾ സ്വർണത്തെ അഞ്ചു ഭാഗമാക്കി മൂന്നുഭാഗം കല്ല് ഉറപ്പിക്കുന്നതിനും രണ്ടു ഭാഗം അടിസ്ഥാനവുമാക്കണം. അല്ലെങ്കിൽ ഏഴു ഭാഗമാക്കി നാലുഭാഗം ചുറ്റാനും മൂന്നുഭാഗം അടിസ്ഥാനവും നൽകാം.

ചെമ്പുരുപ്പടികളിൽ സ്വർണം പൊതിയുമ്പോൾ സമം സ്വർണം ചേർത്ത് അടിച്ചു യോജിപ്പിക്കണം. പൊതിയുന്നത് വെള്ളിയിലാണെങ്കിൽ പകുതി സ്വർണം കൊണ്ട് പൂശണം. വെള്ളിപ്പണ്ടത്തിൽ സ്വർണം പൂശുമ്പോൾ വെള്ളിയുടെ നാലിലൊന്നു പൊൻപൊടിയും നേരിയ മണൽപൊടിയും ചായില്യപൊടിയും രസവും കൂട്ടി ഉരുക്കി തേക്കണം. ആഭരണപണിക്കുള്ള സ്വർണം നല്ലനിറത്തോടും തിളക്കത്തോടും ഉള്ളതായിരിക്കണം.

സ്വർണത്തിനു നിറം
പിടിപ്പിക്കുന്ന രീതികൾ

ഗുണം കുറഞ്ഞ സ്വർണമാണെങ്കിൽ സമം ഈയം ചേർത്ത് തകിടാക്കി സൗരാഷ്ട്ര ദേശത്തെ മണ്ണും ഉപ്പും കൂട്ടി ചേർത്ത് ജ്വലിപ്പിക്കണം. അതുവഴി മാറ്റില്ലാത്ത പൊന്ന് നീല, മഞ്ഞ, വെളുപ്പ്, പച്ച, ശുകപത്രം, കപോത വർണങ്ങൾക്കുള്ള പ്രകൃതിയാകും. മയിൽകഴുത്തു നിറവും മുറിച്ചാൽ വെളുത്തിരിക്കുന്നതും മിനിത്തിരിക്കുന്നതുമായ ഉരുക്കു പൊടിച്ചത് സ്വർണത്തിൽ അറുപത്തിനാലിലൊരു ഭാഗം ചേർത്താൽ അത് സ്വർണത്തിനു നീല വർണവും തിളക്കവും നൽകും.

ഗുണംകുറഞ്ഞ സ്വർണമാണെങ്കിൽ സമം ഈയം ചേർത്ത് തകിടാക്കി സൗരാഷ്ട്ര ദേശത്തെ  മണ്ണും ഉപ്പും കൂട്ടി ചേർത്ത്  ജ്വലിപ്പിക്കണം.
ഗുണംകുറഞ്ഞ സ്വർണമാണെങ്കിൽ സമം ഈയം ചേർത്ത് തകിടാക്കി സൗരാഷ്ട്ര ദേശത്തെ മണ്ണും ഉപ്പും കൂട്ടി ചേർത്ത് ജ്വലിപ്പിക്കണം.

ശുദ്ധമായ വെള്ളിയും അശുദ്ധമായ വെള്ളിയും എല്ലിൻ പൊടിയും മണ്ണും കൂട്ടിയുണ്ടാക്കിയ മൂശയിൽ നാലു പ്രാവശ്യവും മണ്ണും ഈയവും സമം ചേർത്തുണ്ടാക്കിയ മൂശയിൽ നാലു പ്രാവശ്യവും പരൽ കല്ലിടിച്ചുണ്ടാക്കിയ മൂശയിൽ നാലുപ്രാവശ്യവും മൺ മൂശയിൽ മൂന്നുപ്രാവശ്യവും ചാണക മൂശയിൽ രണ്ടു പ്രാവശ്യവും എന്നിങ്ങനെ പതിനേഴു പ്രാവശ്യം മൂശയിലുരുക്കി ഇന്തുപ്പ് ചേർത്ത് ചുട്ട് വിളക്കിയാൽ വെള്ളി നീലനിറമാകും

ശുദ്ധമായ വെള്ളി കുന്നിക്കുരുവോളം (കാകണി) പതിനാറു മാഷം സ്വർണത്തിൽ ചേർക്കുകയും ഓരോ കാകണി അധികമായി രണ്ടു മാഷ തൂക്കം തികയുവോളം തത്തുല്യമായ സ്വർണം കുറയ്ക്കുകയും ചെയ്തശേഷമാണ് രാഗം ചേർക്കേണ്ടത്. ഉരുക്കിട്ടാൽ സ്വർണം വെള്ളിപോലെയാകും. മുപ്പത്തിരണ്ടു ഭാഗത്തിൽ മൂന്നുഭാഗം ശുദ്ധി ചെയ്ത സ്വർണവും ബാക്കി വെള്ളിയും കൂട്ടി ഉരുക്കിയാൽ വെള്ളച്ചുവപ്പാകും. മുപ്പത്തിരണ്ടു ഭാഗം ചെമ്പു ചേർത്തുരുക്കിയാൽ മഞ്ഞനിറം വരും.

ആഭരണമുണ്ടാക്കാനുള്ള സ്വർണത്തെ ഇന്തുപ്പ് ചേർത്ത് ജ്വലിപ്പിച്ച് അതിൽ മുന്നിലൊരുഭാഗം രാഗം ചേർത്താൽ മഞ്ഞച്ചുവപ്പാകും. പരിശുദ്ധമല്ലാത്ത സ്വർണം രണ്ടുഭാഗവും ശുദ്ധ സ്വർണം ഒരുഭാഗവും ചേർത്തുരുക്കിയാൽ മഞ്ഞനിറം വരും. ശുദ്ധമായ വെള്ളി രണ്ടുഭാഗവും ശുദ്ധമായ സ്വർണം ഒരുഭാഗവും ചേർത്തുരുക്കിയാൽ പച്ചനിറം വരും. പൊന്നും പകുതിയുരുക്കും ചേർത്തു ഉരുക്കി പൂശിയാൽ കൃഷ്ണവർണം വരും. അതും രസവും ചേർത്ത് സ്വർണത്തിൽ തേച്ചാൽ ശുകപത്ര വർണമാകും.

വെള്ളി ലഭിക്കുന്ന സ്ഥലങ്ങളും ശുദ്ധീകരണവും നിറം കൊടുക്കലുമൊക്കെ ചാണക്യൻ വിവരിക്കുന്നുണ്ട്. തുത്ഥ പർവതം, ഗൗഡദേശം കാമരൂപദേശം എന്നിവയാണ് വെള്ളി ലഭിക്കുന്ന സ്ഥലങ്ങൾ. കൂടാതെ ചക്രവാള ഖനിയിലുണ്ടാകുന്ന ചക്രവാളികവുമുണ്ട്. ഇവിടെനിന്ന് ലഭിക്കുന്ന വെള്ളിക്കു യഥാക്രമം പിച്ചകപ്പൂനിറം, തഗര പൂനിറം, മറ്റു രണ്ടിനും മുല്ലപ്പൂ നിറവുമാണുള്ളത്. വെളുത്തതും മൃദുത്വഗുണവും സ്നിഗ്ദ്ധമായവയാണ് ശ്രേഷ്ഠം. പിളർപ്പുള്ളത് നല്ലതല്ല. അശുദ്ധമായിട്ടുള്ളതിനെ നാലിലൊന്നു ഈയം ചേർത്ത് ചുടാക്കി ശുദ്ധിയാക്കണം. അവയ്ക്ക് തിളക്കം വരുകയും തൈരു വർണവു മായാൽ ശുദ്ധമായി എന്ന് മനസിലാക്കാം.

അക്ഷശാലയുടെ മേൽനോട്ടക്കാരൻ അളവുതൂക്കങ്ങളെക്കുറിച്ചും അവയുടെ തെറ്റായ ഉപയോഗത്തെ കുറിച്ചും വ്യക്തമായി അറിഞ്ഞിരിക്കണം. പൗരജനങ്ങൾക്ക് ആവശ്യമായ പണ്ടങ്ങൾ ഉണ്ടാക്കിച്ച് വിപണനം നടത്തണം. പറഞ്ഞേൽപ്പിക്കുന്ന പണി ചെയ്യാതിരിക്കുകയോ താമസിപ്പിച്ചാലോ പണിക്കാർക്ക് ശിക്ഷയുണ്ട് പണിയാൻ ഏൽപ്പിക്കുന്ന വസ്തുവിന്റെ അതേ തൂക്കത്തിലും നിറത്തിലും പണിചെയ്ത് തിരിച്ചുനൽകണമെന്നാണ് വ്യവസ്ഥയെങ്കിലും പണിക്കുറവ് പരിഗണിക്കും. പൊന്നിനും വെള്ളിക്കും പതിനാറു മാഷത്തിനു കാൽമാഷം കുറവുവരുമെന്നാണ് കണക്കാക്കുന്നത്.

ഒരു സുവർണ്ണം പൊന്നിൽ കാൽ മാഷം ഉരുക്കും അര മാഷം വെള്ളിയുമാണ് നിറമുണ്ടാക്കാൻ ചേർക്കേണ്ടത്. അപ്പോൾ ചേർത്തത്തിന്റെ ആറിലൊരു ഭാഗം കുറവ് വരും. സ്വർണത്തിനു മാറ്റു കുറയ്ക്കുന്നതിനും തൂക്കം കുറയ്ക്കുന്നതിനും വ്യാജം ചെയ്താലും മേൽനോട്ടക്കാരൻ കാണാതെയോ അറിയാതെയോ പൊൻ /വെള്ളിപ്പണി ചെയ്തതും ചെയ്യിക്കുന്നതും ശിക്ഷാർഹമാണ്

സ്വർണപ്പണിയിലെ
മോഷണ സൂത്രങ്ങൾ

ഏതൊരു തൊഴിലുമായും ബന്ധപ്പെട്ടു വരാവുന്ന ക്ഷുദ്രപ്രവണതകൾ ആ തൊഴിലറിവിന്റെ ഭാഗംതന്നെയാണ്. ആ നിലയ്ക്കാണ് സ്വർണ -വെള്ളി തൊഴിലുമായി ബന്ധപ്പെട്ട മോഷണസാധ്യതകൾ ചാണക്യൻ വിവരിക്കുന്നത്. പ്രധാനമായും തൂക്കത്തിലും നിർമാണത്തിലും പരിശോധനയിലുമൊക്കെ ക്ഷുദ്രപ്രവണതകൾക്കു സാധ്യതയുണ്ട്. തൂക്കത്തിലുള്ള വെട്ടിപ്പ് ത്രാസിന്റെ സ്വരൂപത്തിലൊളിഞ്ഞിരിക്കുന്നു. തട്ടിന്റെ ഉയർച്ചതാഴ്ചകൾ, തലപൊട്ടിയത്, തട്ടിൽ തുളയുള്ളത്, തട്ടുകൾക്ക് കേടുള്ളത്, തട്ടുകളുടെ ചരട് പാകമല്ലാത്തത്, ഇളക്കമുള്ളത്, നിർമാണ പിശകുള്ളത് എന്നിങ്ങനെ തൂക്കത്തെ ബാധിക്കുന്ന ത്രാസിന്റെ പ്രശ്നങ്ങളുണ്ട്.

തൂക്കത്തിൽ മാത്രമല്ല സ്വർണാപഹരണം നടക്കുന്നത്. രണ്ടുഭാഗം വെള്ളിയും ഒരുഭാഗം ചെമ്പും കൂട്ടിയുരുക്കി സ്വർണം അപഹരിക്കുക, ചെമ്പു പകരമിട്ട് സ്വർണം അപഹരിക്കുക, ഉരുക്കും വെള്ളിയും സമം ചേർത്തുരുക്കിയ മിശ്രലോകം വെച്ച് സ്വർണം അപഹരിക്കുക, പകുതി ചെമ്പും പകുതി സ്വർണവും വെച്ച് സ്വർണം അപഹരിക്കുക എന്നിങ്ങനെ നിർമാണത്തിലെ ഹരണോപായങ്ങൾ പലതുണ്ട്. പരിശോധനയുമായി ബന്ധപ്പെട്ടും കപടമുണ്ട്. തട്ടാന്മാരുടെ പണിയായുധങ്ങളെല്ലാം സ്വർണാപഹരണത്തിനു ഉപയോഗിക്കാവുന്നതാണ്.

ഏതൊരു  തൊഴിലുമായും ബന്ധപ്പെട്ടു വരാവുന്ന ക്ഷുദ്രപ്രവണതകൾ ആ തൊഴിലറിവിന്റെ ഭാഗംതന്നെയാണ്. ആ നിലയ്ക്കാണ്  സ്വർണ -വെള്ളി തൊഴിലുമായി ബന്ധപ്പെട്ട മോഷണസാധ്യതകൾ ചാണക്യൻ വിവരിക്കുന്നത്.
ഏതൊരു തൊഴിലുമായും ബന്ധപ്പെട്ടു വരാവുന്ന ക്ഷുദ്രപ്രവണതകൾ ആ തൊഴിലറിവിന്റെ ഭാഗംതന്നെയാണ്. ആ നിലയ്ക്കാണ് സ്വർണ -വെള്ളി തൊഴിലുമായി ബന്ധപ്പെട്ട മോഷണസാധ്യതകൾ ചാണക്യൻ വിവരിക്കുന്നത്.

തീയിലിട്ടിട്ട് പകരമായി നേരത്തെയിട്ട മറ്റൊന്ന് എടുക്കുക, കരുവിന്റെ പൊത്തിൽ സ്വർണം ഒളിപ്പിക്കുക, കരുക്കൾ സൂക്ഷിക്കുന്ന പാത്രത്തിൽ ഒളിപ്പിക്കുക, മയിൽപ്പീലി കൊണ്ട് അപഹരിക്കുക, മെഴു കൊട്ടിയ നൂലു കൊണ്ടളന്ന് ഹരിക്കുക, കുടുമ്മയിൽ മറയ്ക്കുക, ശ്രദ്ധ തിരിച്ച് പറ്റിക്കുക എന്നിങ്ങനെയുള്ള പല സ്വർണാപഹരണ മാർഗങ്ങളും ചാണക്യൻ വിവരിക്കുന്നുണ്ട്. പണികഴിഞ്ഞ പണ്ടങ്ങൾക്കു പിന്നീട് തകിട് കെട്ടുമ്പോഴും തകിടിലിറക്കിയതിനെ പരീക്ഷിക്കുമ്പോഴും വെള്ളത്തകിടു വെച്ചു സ്വർണത്തകിട് മാറ്റുക, പൊന്തരിക്കു പകരം ചെമ്പുതരി ഉപയോഗിക്കുക, പണ്ടം പൊൻതകിടു കൊണ്ട് പുതയ്ക്കുമ്പോൾ ഇവയ്ക്കിടയിൽ അഷ്ടബന്ധമിടുക എന്നിങ്ങനെ അപഹരണവഴികൾ പലതാണ്. ചുടുക, ഉരയ്ക്കുക, ഒച്ചയുണ്ടാക്കാതെ ഉരസുക, ചുരണ്ടുക എന്നിവ ചെയ്തു പറ്റിപ്പ് കണ്ടുപിടിക്കാം. ലന്ത പഴത്തിന്റെ ചാറിലോ ഉപ്പുവെള്ളത്തിലോ കഴുകിയും അറിയാം. ഉള്ളിൽ വ്യാജം മുടിവെച്ചിട്ടുള്ള പണ്ടം ലന്തപ്പഴത്തിന്റെ ചാറിലിട്ടാൽ വ്യാജമല്ലാത്ത ഭാഗം താഴ്ന്നുനിൽക്കും. ചില പണ്ടങ്ങളിൽ വ്യാജമുണ്ടെങ്കിൽ കാച്ചിയും അടിച്ചും അതിന്റെ ശുദ്ധിയറിയാം.

അക്ഷശാലാ
നിബന്ധനകൾ

സുഗമവും സുതാര്യവുമായ പ്രവർത്തനങ്ങൾക്കായി പാലിക്കേണ്ട നിബന്ധനകൾ ചാണക്യൻ പ്രസ്താവിക്കുന്നുണ്ട്. പൊന്നുരുക്കുകയും ശുദ്ധി ചെയ്യുകയും പരീക്ഷിക്കുകയും ചെയ്യുന്നവർ പണ്ടങ്ങൾ പണിയുന്നവർ, പരിചാരകന്മാർ പൂഴിയരിക്കുന്നവർ എന്നിവരാണ് അക്ഷശാലയിൽ പ്രവേശനം അനുവദിച്ചിട്ടുള്ളവർ. അക്ഷശാലയിൽ നിയോഗിക്കപ്പെടാത്തവർ കടക്കരുത്. കടക്കുന്നവരെ വധിക്കണം. അനുവാദം ഉള്ളവരും ഉടുത്ത വസ്ത്രം കുടഞ്ഞിട്ടും ശരീരത്തിൽ പുറത്തുനിന്നും അകത്തുനിന്നും ഒന്നും കരുതിയിട്ടില്ലെന്നു ഉറപ്പുവരുത്തിയും വേണം ശാലയിൽ കടക്കാനും പുറത്തുപോകാനും. അവരുടെ പണിയായുധങ്ങളും പണിതു കഴിയാത്തവയും പണിയിടങ്ങളിൽത്തന്നെയിരിക്കണം. നിയോഗിക്കപ്പെട്ടവരാണെങ്കിലും വെള്ളിയോ സ്വർണമോ കയ്യിലെടുത്തുകൊണ്ട് ശാലയിൽ കടന്നാൽ ആയത് പിഴയായി പിടിക്കണം. അക്ഷശാലയുടെ മേൽനോട്ടക്കാരൻ പണിക്കെടുത്ത സ്വർണവും ചെയ്തുകഴിഞ്ഞ പണിത്തരങ്ങളും തൂക്കി മുദ്രവെക്കണം.

ചാണക്യൻ പ്രകൃതിവിഭവങ്ങളടിസ്ഥാനമാക്കിയുള്ള തൊഴിലറിവുകളെ ദേശത്തിന്റെ കോശപോഷണത്തിനായി പ്രയോജനപ്പെടുത്തുകയും തൊഴിലറിവ് രേഖപ്പെടുത്തുകയും ചെയ്തുവെങ്കിൽ പിൽക്കാലത്തെ ഭരണാധികാരികളും ആസൂത്രണ വിദഗ്ദ്ധരും തനതറിവിന്റെ പ്രാധാന്യം തിരിച്ചറിയുകയോ രാജ്യക്ഷേമത്തിനായി പ്രയോജനപ്പെടുത്താൻ ആലോചിക്കുകയോ പോലും ചെയ്തിട്ടില്ല. സ്വകാര്യ ഉടമയിലുള്ള സ്വർണ -വെള്ളി വ്യാപാരത്തിൽനിന്ന് ലഭിക്കുന്ന ചുരുക്കം നികുതി വരുമാനമല്ലാതെ ചാണക്യൻ വിഭാവനം ചെയ്തതുപോലെ പരമ്പരാഗത തൊഴിലറിവുകൾ രാജ്യപോഷണത്തിന് പ്രയോജനപ്പെടുത്താൻ കഴിയാതെ പോയതെന്തുകൊണ്ടെന്ന ആലോചന വേണ്ടതാണ്.


Summary: A series of studies written by M. Sreenathan based on Chanakya's Bhasakautalyam part 14.


എം. ശ്രീനാഥൻ

ഭാഷാ സംസ്‌കാര ഗവേഷകൻ, ഗ്രന്ഥകാരൻ, പ്രഭാഷകൻ.സമരകോശം, ചട്ടമ്പിസ്വാമികളുടെ ജ്ഞാനാനവോത്ഥാനം എന്നിവയാണ് സമീപകാല പഠനങ്ങൾ.

Comments