ഭക്ഷണം, സ്ത്രീകൾക്ക് നാലിലൊന്ന് കുറച്ച്…

ചാണക്യന്റെ ഭാഷാകൗടലീയത്തെ അടിസ്ഥാനമാക്കി എം. ശ്രീനാഥൻ എഴുതുന്ന പഠനപരമ്പര തുടരുന്നു.

വിവേചനത്തിന്റെ
അർഥശാസ്ത്രം- 15

ചാണക്യ കാലത്ത് ഭരണത്തിലെ ഒരു പ്രധാന ഒരു വകുപ്പായിരുന്നു ഭക്ഷ്യസുരക്ഷാസംവിധാനം. ഭക്ഷ്യവസ്തുക്കളുടെ ശേഖരണം, സംസ്കരണം, വിതരണം എന്നിവയുമായി ബന്ധപ്പെട്ട അറിവാണ് ചാണക്യവിവരണത്തിലുള്ളത്. ആധുനിക വ്യവസ്ഥയിൽ ഇതിന് സമാനമായി പറയാവുന്ന വകുപ്പ് ഭക്ഷ്യ- പൊതുവിതരണ സംവിധാനമാണ്. പൊതുവിതരണ ശാക്തീകരണത്തിലൂടെ ഭക്ഷ്യ ഭദ്രത ഉറപ്പുവരുത്തുകയാണ് വകുപ്പിന്റെ ദർശനം. ഉപഭോക്തൃ ശാക്തീകരണവും ഇത് ലക്ഷ്യമാക്കുന്നുണ്ട്.

പൊതുവിൽ ഭക്ഷ്യസംവിധാനത്തെകുറിച്ചുള്ള ആധുനിക ധാരണ പൂർണമായും മനുഷ്യകേന്ദ്രിതമാണ്. സഹജീവി സൗഹൃദ ആസൂത്രണ ചിന്തയുടെ തരിപോലും കാണാനാവില്ല. ഈ സന്ദർഭത്തിൽ നൂറ്റാണ്ടുകൾക്കുമുമ്പ് ചാണക്യൻ വിഭാവനം ചെയ്‌തിരുന്ന ഭക്ഷ്യസുരക്ഷാ സംവിധാനം എന്തായിരുന്നുവെന്നും അതിനു പിന്നിലുണ്ടായിരുന്ന ദർശനമെന്തായിരുന്നുവെന്നും മനസിലാക്കുന്നത് ഭാവിയിലുള്ള ആസൂത്രണത്തിനു ആശയതലത്തിലോ പ്രായോഗിക തലത്തിലോ എന്തെങ്കിലും സംഭാവനകൾ ചെയ്യാൻ പര്യാപ്തമാണോ എന്ന് വിമർശനാത്മകമായി പരിശോധിക്കാവുന്നതാണ്.

കോഷ്ഠാഗാരം എന്നത് ഭക്ഷ്യകലവറയാണ്. കലവറയുടെ ചുമതലക്കാരനാണ് കോഷ്ഠാധ്യക്ഷൻ. ധാന്യങ്ങൾ, എണ്ണ, നെയ്യ്, ക്ഷാരം, ഉപ്പ് എന്നിങ്ങനെ ആഹാരത്തിനായുള്ള വസ്തുക്കളുടെ ശേഖരണം, സംസ്കരണം, വിതരണം എന്നിവയുടങ്ങുന്ന വ്യവസ്ഥയാണിത്.

കോഷ്ഠാഗാരം എന്നത് ഭക്ഷ്യകലവറയാണ്.
കോഷ്ഠാഗാരം എന്നത് ഭക്ഷ്യകലവറയാണ്.

നിലമടിക്കുന്നവൻ, കാവൽക്കാർ, തൂക്കം നോക്കുന്നവർ, അളക്കുന്നവർ, അളപ്പിക്കുന്നവർ, കൊടുക്കുന്നവർ, കൊടുപ്പിക്കുന്നവർ, കോൽക്കാർ, ദാസന്മാർ എന്നിവരാണ് കോഷ്ഠാഗാരത്തിലെ പണിക്കാർ. കോഷ്ഠാധ്യക്ഷന്റെ ചുമതലകൾ എന്തെല്ലാമാണെന്ന് ചാണക്യൻ വിവരിക്കുന്നുണ്ട്. ഇവയിലാദ്യത്തേത് കലവറക്കാരൻ തൂക്കാനുള്ള ത്രാസ്സ്, അളക്കാനുള്ള നാഴി, നാലിടങ്ങഴി, പതിനാറിടങ്ങഴി തുടങ്ങിയുള്ള സാമഗ്രികൾ, അരിയും ഗോതമ്പും കുത്താനുള്ളത്, തൊലി കളഞ്ഞ് നുറുക്കാനുള്ള യന്ത്രം (തിരികല്ല്), അമ്മിക്കല്ലും കുഴവിയും, ഉലക്ക, ഉരൽ, ആട്ടുകല്ല്, കുട്ടക യന്ത്രം (കുന്താണി), പയറും കടലയും വറുക്കാനുള്ള യന്ത്രം, പത്രകം (ചുരവ), മുറം, കൊട്ട, വട്ടി, പെട്ടി, ചൂല് മുതലായവ ശേഖരിക്കണം.

അധ്യക്ഷന്റെ തുടർന്നുള്ള പ്രധാന ചുമതല വിവരങ്ങൾ രേഖപ്പെടുത്തി സൂക്ഷിക്കലാണ്. കർഷകർ കൊടുക്കുന്ന നെല്ല്, പയർ, ഉഴുന്ന്, ഗോതമ്പ്, യവം തുടങ്ങിയ ധാന്യങ്ങളുടെ വിവരം രേഖപ്പെടുത്തലാണ് സീത. തുടർന്ന് കോശത്തിലെത്തുന്ന കരവിവരങ്ങൾ രേഖപ്പെടുത്തലാണ്.

നികുതിയിനങ്ങൾ ഇവയാണ്: ഗ്രാമത്തിനുള്ള കരം (പിണ്ഡകരം), വിളവിന്റെ അംശമായ ആറിലൊന്നു നികുതി, സൈനികർ നൽകുന്ന നികുതി (സേനാഭക്തം), ഭിക്ഷവഴി ലഭിക്കുന്നത് (ഭിക്ഷാഭക്തം), വൃക്ഷനികുതി, വിശേഷാവസരങ്ങളിൽ പ്രജകൾ നൽകുന്ന പൊലി (ഉത്സംഗം), വർധിപ്പിച്ച നികുതി (പാർശ്വം), കാലികൾ വിള നശിപ്പിക്കുന്നതിനുള്ള പിഴയായി പിരിക്കുന്ന ധാന്യം (പാരിഹീണികം), അടിയറ (ഔപായനികം), സൈന്യച്ചെലവിനു നീക്കിവെച്ചതിൽ ബാക്കി (കൗഷ്ഠേയകം) എന്നിവ രാഷ്ട്രം.

ക്രയിമം മറ്റൊരു വരുമാനമാർഗമാണ്. ധാന്യവിലയായി കിട്ടുന്ന പണമാണ് (പണ്ടം) ധാന്യമൂല്യം. വിലയ്ക്കു വാങ്ങിയ നെല്ല് (കോശനിർഹാരം), നെല്ല് പലിശയ്ക്ക് കൊടുത്തു പലിശയും മുതലും കോശത്തിലടയ്ക്കുന്നത് (ഇടപാട് പിരിഞ്ഞ നെല്ല് -പ്രയോഗ പ്രത്യാദാനം)- ഇവ മൂന്നുമാണ് ക്രയിമത്തിലുള്ളത്.

വിലയ്ക്കു വാങ്ങിയ നെല്ല് (കോശനിർഹാരം), നെല്ല് പലിശയ്ക്ക് കൊടുത്തു പലിശയും മുതലും കോശത്തിലടയ്ക്കുന്നത് (ഇടപാട് പിരിഞ്ഞ നെല്ല് -പ്രയോഗ പ്രത്യാദാനം)- ഇവ മൂന്നുമാണ് ക്രയിമത്തിലുള്ളത്.
വിലയ്ക്കു വാങ്ങിയ നെല്ല് (കോശനിർഹാരം), നെല്ല് പലിശയ്ക്ക് കൊടുത്തു പലിശയും മുതലും കോശത്തിലടയ്ക്കുന്നത് (ഇടപാട് പിരിഞ്ഞ നെല്ല് -പ്രയോഗ പ്രത്യാദാനം)- ഇവ മൂന്നുമാണ് ക്രയിമത്തിലുള്ളത്.

ഒരിനം ധാന്യം കൊടുത്ത് മറ്റൊരിനം ധാന്യം വാങ്ങുന്നതാണ് പരിവർത്തകം. കച്ചവടക്കാരോടും പലിശക്കു കൊടുക്കുന്നവരോടും വാങ്ങുന്നത് കരം പ്രാമിത്യകം. മടക്കിക്കൊടുക്കാനായി വായ്പ വാങ്ങിയ ധാന്യം -ആപമിത്യകം എന്നിവയെല്ലാം കോശത്തിലേക്കുള്ള വരവിനങ്ങളാണ്

മറ്റൊരു മാർഗമാണ് സിംഹനിക. നെല്ലു കുത്തൽ, പരിപ്പെടുക്കൽ, പൊടിക്കൽ, പാനീയമുണ്ടാക്കൽ, മാവരയ്ക്കൽ, എണ്ണയാട്ടൽ തുടങ്ങിയ ജോലി ചെയ്യുന്നവരിൽനിന്നും കരിമ്പ് ആട്ടി ശർക്കരയുണ്ടാക്കുന്നവരിൽനിന്നും പിരിക്കുന്ന തൊഴിൽനികുതിയാണ് സിംഹനിക. കളഞ്ഞുകിട്ടിയതും മറന്നുകിട്ടിയതു (അന്യജാതം) മായവ മറ്റൊന്ന്. സൈനികാവശ്യത്തിന് നീക്കിവെച്ചതിൽ ബാക്കി വരുന്നതും നിർമാണ പ്രവർത്തനങ്ങൾ, ആരോഗ്യപരിപാലനം എന്നിവയിൽ വരുന്ന മിച്ചതുകയും വ്യയപ്രത്യയം.

എടുക്കുകയും കൊടുക്കുകയും ചെയ്യുമ്പോൾ അളവിലും തൂക്കത്തിലും വരുന്ന അന്തരം (തുലാമാനന്തരം), കൈനിറച്ചളക്കുകവഴി അധികമായി കിട്ടുന്നത് (ഹസ്തപൂരണം), അളന്നു കഴിഞ്ഞ് ശേഷിക്കുന്നവ അടിച്ചുകൂട്ടിയ വകയിൽ കിട്ടുന്നത് (ഉൽക്കര), വ്യാജി പതിനാറിലൊന്നു വാശി, കഴിഞ്ഞ വർഷത്തെ മിച്ചം (പര്യുക്ഷിതം), പ്രവർത്തനമിടുക്കു കൊണ്ട് അധ്യക്ഷൻ സ്വരൂപിച്ചത് (പ്രാർജ്ജിതം)- ഇവയാണ് ഉപസ്ഥാനം എന്ന പേരിലെ വരുമാനമാർഗങ്ങൾ.

ചാണക്യകാലത്തു നിലനിന്ന നികുതിപിരിവിന്റെ വികേന്ദ്രീകരണമുഖമാണ് ഇവിടെ തെളിയുന്നത്.

കലവറയിൽ ശേഖരിക്കേണ്ട വസ്തുക്കൾ

1. ധാന്യവർഗം -നെല്ല്, വരക്, എള്ള്, തിന, യവം, ഗോതമ്പ്.
2. പയർവർഗം -പയർ, ഉഴുന്ന്.
3. സ്നേഹവർഗം - ​നെയ്യ്, എണ്ണ, മൃഗക്കൊഴുപ്പ്, മജ്ജ.
4. ക്ഷാരവർഗം- ശർക്കരയിനങ്ങൾ, കൽക്കണ്ടം.
5. ലവണവർഗം- ഇന്തുപ്പ്, കടലുപ്പ്, വിളയുപ്പ്, ചവർക്കാരം, തുവരച്ചിലയുപ്പ്, ഉവരുപ്പ്.
6. മധുവർഗം- തേൻ, മുന്തിരിങ്ങാരസം.
7. ശുക്തവർഗം- ഔഷധവും ജലവും ചേർത്ത് തീയിൽ പാകം ചെയ്യാതെ ഉണ്ടാക്കുന്ന ഒരു തരം മദ്യം. കരിമ്പിൻ നീര് പുളിപ്പിച്ചുണ്ടാക്കുന്ന മദ്യം. കരിമ്പിൻ നീര്, ഞാവല്പഴച്ചാറ്, ചാക്കപ്പഴച്ചാറ് ഇവയിലൊന്ന് ശർക്കര, തേൻ, ആട്ടുകൊട്ടപ്പാല, കട്ടുതിപ്പലിവേര് എന്നിവയുടെ കഷായത്തിൽ ചേർത്ത് ഒരുമാസം മുതൽ ഒരുവർഷം വരെ പുളിപ്പിച്ച് ആയമോദകക്കായ, കാട്ടുവെള്ളരിക്ക, കരിമ്പ്, മാങ്ങ, നെല്ലിക്ക എന്നിവ ഉരസി ചേർത്തോ ചേർക്കാതയോ ഉണ്ടാക്കുന്ന മദ്യം.
8. ഫലാമ്ലവർഗം- മരപ്പുളി, മാങ്ങ, പിണമ്പഴം, താളി, മാതളങ്ങ, നെല്ലിക്ക, മാതളനാരങ്ങ, കോലം, ചിറ്റിലന്തപ്പഴം, പേരിലന്തപ്പഴം, അമ്പഴങ്ങ, ചെറുനാരങ്ങ മുതലായ പുളിയുള്ള പഴങ്ങളടങ്ങുന്നതാണിവ.
9. ദ്രവാമ്ലവർഗം- തൈര്, കാടി.
10. കടുക് വർഗം- തിപ്പലി, കുരുമുളക്, ചുക്ക്, അയമോദകം, ജീരകം, പുത്തരിച്ചുണ്ട, വെൺകടുക്, കൊത്തമ്പാലരി, ചണ്ണക്കിഴങ്ങ്, ഉലുവ.
11. ശാകവർഗം- ഉണക്കമീൻ, മാംസം, വല്ലുരം, ചേന, കിഴങ്ങുകൾ.

മേല്പറഞ്ഞ ആഹാരവസ്തുക്കൾ കലവറയിൽ ശേഖരിച്ചുവയ്ക്കണം. ഇവയിൽ പകുതി ആപത്തുകാലത്തേക്കു സൂക്ഷിക്കണം. പുതിയത് വെച്ച് പഴയത് ഉപയോഗിക്കണം എന്നാണ് പാലിക്കേണ്ട രീതി.

എടുക്കുകയും കൊടുക്കുകയും ചെയ്യുമ്പോൾ അളവിലും തൂക്കത്തിലും വരുന്ന അന്തരം (തുലാമാനന്തരം), കൈനിറച്ചളക്കുകവഴി അധികമായി കിട്ടുന്നത് (ഹസ്തപൂരണം), അളന്നു കഴിഞ്ഞ് ശേഷിക്കുന്നവ അടിച്ചുകൂട്ടിയ വകയിൽ കിട്ടുന്നത് (ഉൽക്കര), വ്യാജി പതിനാറിലൊന്നു വാശി, കഴിഞ്ഞ വർഷത്തെ മിച്ചം (പര്യുക്ഷിതം), പ്രവർത്തനമിടുക്കു കൊണ്ട് അധ്യക്ഷൻ സ്വരൂപിച്ചത് (പ്രാർജ്ജിതം)- ഇവയാണ് ഉപസ്ഥാനം എന്ന പേരിലെ വരുമാനമാർഗങ്ങൾ.
എടുക്കുകയും കൊടുക്കുകയും ചെയ്യുമ്പോൾ അളവിലും തൂക്കത്തിലും വരുന്ന അന്തരം (തുലാമാനന്തരം), കൈനിറച്ചളക്കുകവഴി അധികമായി കിട്ടുന്നത് (ഹസ്തപൂരണം), അളന്നു കഴിഞ്ഞ് ശേഷിക്കുന്നവ അടിച്ചുകൂട്ടിയ വകയിൽ കിട്ടുന്നത് (ഉൽക്കര), വ്യാജി പതിനാറിലൊന്നു വാശി, കഴിഞ്ഞ വർഷത്തെ മിച്ചം (പര്യുക്ഷിതം), പ്രവർത്തനമിടുക്കു കൊണ്ട് അധ്യക്ഷൻ സ്വരൂപിച്ചത് (പ്രാർജ്ജിതം)- ഇവയാണ് ഉപസ്ഥാനം എന്ന പേരിലെ വരുമാനമാർഗങ്ങൾ.

ഭക്ഷ്യവസ്തു സംരക്ഷണം

ഇന്നും നാട്ടറിവായി പ്രയോഗത്തിലുള്ള ഭക്ഷ്യവസ്തു സംരക്ഷണരീതികൾ തന്നെയാണ് ചാണക്യനും വിവരിക്കുന്നത്. എലിയുടെയും പെരുച്ചാഴിയുടെയും ആക്രമണം ഒഴിവാക്കാൻ ധാന്യങ്ങൾ നിലം തൊടാതെ വയ്ക്കണം. ക്ഷാരം കുട്ടയിൽ മൂടിവയ്ക്കണം. കുടത്തിലോ തൊട്ടിയിലോ എണ്ണയും നെയ്യും അടച്ചുസൂക്ഷിക്കണം. ഉപ്പ് ഭരണിയിൽ നിലത്തുവയ്ക്കണം.

ധാന്യസംസ്കരണം

അസംസ്കൃത ധാന്യശേഖരണം മാത്രമല്ല അവയുടെ സംസ്കരണവും കലവറ അധ്യക്ഷന്റെ ഉത്തരവാദിത്വമാണ്. ധാന്യസംസ്കരണ പ്രക്രിയകളെക്കുറിച്ചും അവയുമായി ബന്ധപ്പെട്ട വൃദ്ധിക്ഷയങ്ങളെക്കുറിച്ചും ചാണക്യൻ സൂക്ഷ്മമായി വിവരിക്കുന്നുണ്ട്. ധാന്യ സംസ്കരണ പ്രക്രിയകളിൽ പ്രധാനമായവയാണ് കുത്തൽ, പൊടിക്കൽ, അരയ്ക്കൽ, വറുക്കൽ, വേവിക്കൽ. സംസ്കരണത്തിന് ഉപയോഗിക്കുന്ന ധാന്യങ്ങളുടെ വർധനവും കുറവും അധ്യക്ഷൻ അറിഞ്ഞിരിക്കണം.

ഭക്ഷ്യവിതരണം

മനുഷ്യർക്ക് വേണ്ടതും സഹജീവികളായ മൃഗങ്ങൾക്കു വേണ്ടതുമായ ഭക്ഷണത്തെ ധാന്യസംസ്കരണത്തിന്റെ ഭാഗമായി വിവരിക്കുന്നു. അഞ്ചു ദ്രോണം നെല്ലു കുത്തി 12 ആഢകം അരിയാകുമ്പോൾ അത് കുട്ടിയാനയ്ക്ക് (പ്രായം 10 മുതൽ 30 വരെ ) തീറ്റയായി നൽകണം. ഇതേ കണക്കിനുള്ള നെല്ലിൽനിന്ന് 11 ആഢകം അരി ഉണ്ടാക്കി കൊടിയ ആനകൾക്കും. പത്ത് ആഢകമാകുമ്പോളുള്ള അരിയെടുത്ത് പട്ടം കെട്ടിയ ആനകൾക്കും ഒൻപത് ആഢകമാകുമ്പോൾ പടയാനകൾക്കും നൽകണം. എട്ട് ആഢകമാകുമ്പോൾ കാലാൾപ്പടയ്ക്കും ആറ് ആഢകമാകുമ്പോൾ ദേവിമാർക്കും കുമാരന്മാർക്കും അഞ്ച് ആഢകമാകുമ്പോൾ രാജാക്കന്മാർക്കും ഭോജനത്തിനു നൽകണം. രാജാവിനുള്ളതിൽ മുറിയരി പാടില്ല.

ചുരുക്കം പാചകപ്രക്രിയയും ചാണക്യൻ വിവരിക്കുന്നുണ്ട്. അക്കാലത്തെ വിവേചനത്തിലൂന്നിയ ഭക്ഷ്യരാഷ്ട്രീയം ഇതിലൂടെ വ്യക്തമാകുന്നുണ്ട്. ഇടങ്ങഴി അരി, നാലിലൊന്നു പരിപ്പ്, പരിപ്പിന്റെ പതിനാലിലൊന്ന് ഉപ്പ് നൈയ്യ്- എണ്ണ എന്നിവ ചേർത്താണ് പ്രധാനന്മാർക്കുള്ള ഭോജനം തയ്യാറാക്കുന്നത്. ഒരിടങ്ങഴി അരി, ആറിലൊന്ന് പരിപ്പ്, പരിപ്പിൽ പാതി നൈയ്യ് എന്നിവ ചേർത്തതാണ് അപ്രധാനർക്കുള്ള ഭക്ഷണം. ഇതിൽ സ്ത്രീകൾക്ക് നാലിലൊന്നു കുറച്ചും ബാലന്മാർക്കു പകുതി കുറച്ചും എന്നാണ് ക്രമം. `

ചുരുക്കം പാചകപ്രക്രിയയും ചാണക്യൻ വിവരിക്കുന്നുണ്ട്. അക്കാലത്തെ വിവേചനത്തിലൂന്നിയ ഭക്ഷ്യരാഷ്ട്രീയം ഇതിലൂടെ വ്യക്തമാകുന്നുണ്ട്.
ചുരുക്കം പാചകപ്രക്രിയയും ചാണക്യൻ വിവരിക്കുന്നുണ്ട്. അക്കാലത്തെ വിവേചനത്തിലൂന്നിയ ഭക്ഷ്യരാഷ്ട്രീയം ഇതിലൂടെ വ്യക്തമാകുന്നുണ്ട്.

മാംസം പാകം ചെയ്യുമ്പോൾ

ഇരുപതു പലം മാംസത്തിന് അരനാഴി (ഒന്നരപലം) നൈയ്യ്, ഒരുപലം ഉപ്പ്, എരിവ് സാധനം രണ്ടു ധാരണവും അര ഇടങ്ങഴി തൈരും ചേർക്കണം. ഉണങ്ങിയവയ്ക്കും ചേരുവ ഇതുതന്നെ. പക്ഷേ ഇരട്ടി ചേർക്കണം. ശാകങ്ങൾ പാകം ചെയ്യുമ്പോൾ മാംസത്തിന് പറഞ്ഞ ചേരുവയിൽ ഒന്നരവീതം എണ്ണയും ഉപ്പും അധികം ചേർക്കണം .ഉണങ്ങിയ ശാകങ്ങൾക്ക് ചേരുവ സമാനമാണെങ്കിലും അളവിൽ ഇരട്ടിച്ചേർക്കണം.

മാംസവും തൈരും

മാംസപാചകത്തിൽ തൈര് ചേർക്കുന്നത് വിരുദ്ധ ഭക്ഷണമാകുമെന്ന വിയോജിപ്പ് സനാതന രാഷ്ട്രീയത്തിന്റെ ഭാഗമായി പലരും സമകാലത്തു ഉയർത്തുന്നുണ്ട്. എന്നാൽ പണ്ടുകാലത്ത് തൈര് ചേർത്ത മാംസഭോജനം സാധാരാമായിരുന്നുവെന്നാണ് ചാണക്യവിവരണത്തിൽ തെളിയുന്നത്.

ഭക്ഷ്യസുരക്ഷയെ കുറിച്ചുള്ള ചാണക്യചിന്ത സഹജീവികളുടെ ഭക്ഷ്യ സുരക്ഷ കൂടി ഉൾക്കൊണ്ടിരുന്നു. ആന, കുതിര, കാള, എരുമ, ഒട്ടകം, കഴുത, മാൻ, ആട്, പന്നി, നായ്ക്കൾ, ഹംസം, ക്രൗഞ്ചം, മയിൽ എന്നിവയ്ക്കുള്ള ഭക്ഷണവസ്തുക്കളുടെ അളവും തരവും വിവരിച്ചശേഷം പശുക്കൾക്കും പക്ഷികൾക്കും ഒരുദിവസത്തെ തീറ്റ കൊടുത്തുനോക്കി അളവ് നിശ്ചയിക്കണമെന്നും പറയുന്നു. മനുഷ്യേതര വർഗത്തെ ഉൾപ്പെടുത്തികൊണ്ടുള്ള ഭക്ഷ്യാസൂത്രണമാണ്‌ ചാണക്യൻ വിഭാവനം ചെയ്തത് എന്നതാണ് പ്രധാന സവിശേഷതയായി എടുത്തുപറയേണ്ടത്.

ആധുനികകാലത്ത് വികസിച്ച ഹരിതവാദത്തിന് പല അടരുകളുണ്ട്. ജൈവജനാധിപത്യം അഥവാ ബയോക്രസിക്കായി വാദിക്കുന്ന ഹരിതവാദികളിൽ പൊതുവിൽ നിറഞ്ഞുനിൽക്കുന്ന ആശയം പ്രകൃതിയുടെ മറ്റേതു ജീവികളെയും പോലുള്ള ഒരു അംഗമാണ് മനുഷ്യർ എന്നതാണ്. മറിച്ച്, പ്രകൃതിയുടെ തമ്പുരാക്കളല്ല, പ്രകൃതിയുടെ ഭാഗമാണ്. ജൈവസമൂഹത്തിലെ ഒരംഗം. മനുഷ്യർക്കും ഇതര ജീവികൾക്കും ഭൂമിയിൽ ഒരേ അവകാശമേയുള്ളൂ. എല്ലാത്തിനെയും ഉൾക്കൊള്ളുന്ന, അതായത് ജൈവവൈവിധ്യത്തെയും സാംസ്കരിക വൈവിധ്യത്തെയും ഒരേപോലെ മാനിക്കുന്നതാണ് ബയോക്രസി. ജീവിക്കാനുള്ള അവകാശം സമമാണ്. മനുഷ്യർക്ക് സവിശേഷാവകാശം ഇല്ല. അങ്ങനെ ഉണ്ടാക്കിയെടുത്തിയിരിക്കുകയാണ് നിലവിലെ പുരുഷമേധാവിത്ത പ്രത്യയശാസ്ത്രം.

മാംസപാചകത്തിൽ തൈര് ചേർക്കുന്നത് വിരുദ്ധ ഭക്ഷണമാകുമെന്ന വിയോജിപ്പ് സനാതന  രാഷ്ട്രീയത്തിന്റെ ഭാഗമായി പലരും സമകാലത്തു ഉയർത്തുന്നുണ്ട്. എന്നാൽ പണ്ടുകാലത്ത് തൈര് ചേർത്ത  മാംസഭോജനം  സാധാരാമായിരുന്നുവെന്നാണ്  ചാണക്യവിവരണത്തിൽ തെളിയുന്നത്.
മാംസപാചകത്തിൽ തൈര് ചേർക്കുന്നത് വിരുദ്ധ ഭക്ഷണമാകുമെന്ന വിയോജിപ്പ് സനാതന രാഷ്ട്രീയത്തിന്റെ ഭാഗമായി പലരും സമകാലത്തു ഉയർത്തുന്നുണ്ട്. എന്നാൽ പണ്ടുകാലത്ത് തൈര് ചേർത്ത മാംസഭോജനം സാധാരാമായിരുന്നുവെന്നാണ് ചാണക്യവിവരണത്തിൽ തെളിയുന്നത്.

ജൈവസമത്വത്തെ ഭൗമ ആത്മീയതയായി കണ്ടുള്ള പ്രകൃതിമതമാണ് ആദിമർ സ്വീകരിച്ചത്. നാളിതുവരെ നാം രൂപപ്പെടുത്തിയ രാഷ്ട്രീയ സിദ്ധാന്തങ്ങളെല്ലാം മനുഷ്യജീവിതത്തെ മെച്ചപ്പെടുത്താനുള്ള ആലോചനകളായിരുന്നു. എന്നാൽ നമ്മളല്ല പ്രകൃതി. നമ്മൾ അതിന്റെ ഭാഗമേ ആകുന്നുള്ളുവെന്ന തിരിച്ചറിവാണ്, പ്രകൃതിയുടെ ആരോഗ്യമാണ് ജീവന് ആധാരം എന്ന ഹരിതരാഷ്ട്രിയത്തിൽ എത്തിക്കുന്നത്. സഹജീവനത്തിന്റെ ഹരിത രാഷ്ട്രീയം മുന്നോട്ടുവയ്ക്കുകയാണ് ബയോക്രസി. മനുഷ്യകേന്ദ്രിതമല്ലാത്ത സഹജീവി സൗഹൃദാസൂത്രണം ഭക്ഷ്യസുരക്ഷയുടെ കാര്യത്തിൽ ചാണക്യൻ സ്വീകരിച്ചിരുന്നുവെന്നത് ബയോക്രസിയുടെ ആദ്യകാല പൗരസ്ത്യ ധാരണയായി കാണാം.


Summary: A series of studies written by Historian M. Sreenathan based on Chanakya's Bhasakautalyam part 15.


എം. ശ്രീനാഥൻ

ഭാഷാ സംസ്‌കാര ഗവേഷകൻ, ഗ്രന്ഥകാരൻ, പ്രഭാഷകൻ.സമരകോശം, ചട്ടമ്പിസ്വാമികളുടെ ജ്ഞാനാനവോത്ഥാനം എന്നിവയാണ് സമീപകാല പഠനങ്ങൾ.

Comments