Mixed Bag- 17
“ ജനിക്കുന്നത് ആൺകുഞ്ഞ് അല്ലെങ്കിൽ ഞാൻ ഈ ക്ഷേത്രം പീരങ്കി ഉപയോഗിച്ച് വെടി വച്ച് തകർക്കും. ”
തിരുവിതാംകൂർ റസിഡന്റ് ആയിരുന്ന കേണൽ മൺറോ പ്രസിദ്ധമായ പത്മനാഭസ്വാമി ക്ഷേത്രത്തിന് മുന്നിൽ വന്ന് നിന്ന് പത്മനാഭനെ നോക്കി ഇങ്ങനെ പറഞ്ഞുവെന്ന് കൊട്ടാരത്തിൽ ശങ്കുണ്ണി ഐതിഹ്യമാലയിൽ എഴുതിയിട്ടുണ്ട്. പക്ഷേ ജനിച്ചത് ആൺകുഞ്ഞ് തന്നെയായിരുന്നു. ഇതിന് പ്രതിഫലമായി മൺറോ സായിപ്പ് ക്ഷേത്രത്തിന് വേണ്ടി ഒട്ടേറെ വഴിപാടുകൾ നടത്തിയെന്നും പറയുന്നു.
ആൺകുഞ്ഞ് ജനിച്ചത് മൺറോ സായിപ്പിന് ആയിരുന്നില്ല. അന്ന് റീജന്റ് റാണിയായിരുന്ന ഗൗരി ലക്ഷ്മിബായിക്ക് ആയിരുന്നു. അത് ആൺകുഞ്ഞ് ആയിരുന്നില്ലെങ്കിൽ തിരുവിതാംകൂറിന്റെ ചരിത്രവും മറ്റൊന്ന് ആകുമായിരുന്നു. ഡൽഹൗസി ദത്താവകാശ നിയമം കൊണ്ടു വന്നതോടെ രാജാവിനോ രാജ്ഞിക്കോ അനന്തരാവകാശി ഇല്ലെങ്കിൽ പകരം ദത്തെടുക്കുന്ന ആൾക്ക് രാജാധികാരം നൽകാനാവില്ല എന്ന് വന്നു. ബാലരാമവർമ്മ രാജാവിന്റെ മരണത്തോടെ പുരുഷന്മാരായ അനന്തരാവകാശികൾ ഇല്ലാത്ത അവസ്ഥയിലായിരുന്നു തിരുവിതാംകൂർ. ഗൗരി ലക്ഷ്മി ബായിക്ക് ജനിച്ച ആൺകുഞ്ഞ് തിരുവിതാംകൂറിന്റെ ഭരണാധികാരിയാവുകയും സ്വാതി തിരുനാൾ എന്ന് പ്രശസ്തനാവുകയും ചെയ്തു.
ദത്താവകാശ നിരോധന നിയമത്തിലൂടെ പല നാട്ടുരാജ്യങ്ങളും പിടിച്ചെടുത്ത കമ്പനി തിരുവിതാംകൂറിനെയും നോട്ടമിട്ടിരുന്നു. കമ്പനിക്ക് തിരുവിതാംകൂർ കൈവശപ്പെടുത്താൻ സമയമായോ എന്ന് ഇടയ്ക്കിടെ മൺറോക്ക് സന്ദേശമെത്തുന്നുണ്ടായിരുന്നു. പക്ഷേ രാജ്ഞി പ്രസവിക്കുന്നതിന് മുമ്പ് തന്നെ രാജ്ഞി പ്രസവിച്ചത് ആൺകുഞ്ഞിനെയാണെന്നുള്ള സന്ദേശം മൺറോ കമ്പനിക്ക് അയച്ചു!
കമ്പനി ഈ നാട്ടുരാജ്യത്തിലേക്ക് കടന്നുകയറാതിരിക്കാൻ മൺറോ എന്ന ബ്രിട്ടീഷുകാരന് എന്താണ് ഇത്ര കരുതൽ? റാണിക്ക് ആൺകുഞ്ഞ് ജനിക്കാൻ വേണ്ടി ശ്രീപത്മനാഭന് വഴിപാട് പോലും നടത്താൻ തുനിഞ്ഞ മൺറോയുടെ ചേതോവികാരം എന്താവാം?
എന്തു കൊണ്ടാണ് തിരുവിതാംകൂറിന്റെ കാര്യത്തിലും റീജന്റ് റാണിയുടെ കാര്യത്തിലും മൺറോക്ക് ഇത്രയും താൽപര്യമുണ്ടാവാൻ കാരണം? ഇതിനെല്ലാമുള്ള ഉത്തരം മൺറോയും റാണിയും തമ്മിലുണ്ടായിരുന്നു എന്ന് പറയപ്പെടുന്ന പ്രണയബന്ധമാണെന്ന് അന്ന് തിരുവിതാംകൂറിൽ പരസ്യമായ രഹസ്യമായിരുന്നു. ഈ ബന്ധത്തെ കുറിച്ച് വൈക്കം ചന്ദ്രശേഖരൻ നായർ എഴുതിയ സ്വാതി തിരുനാൾ എന്ന നോവലിലും പരാമർശമുണ്ട്.
ആദ്യം കടലോര പ്രദേശമായ പൂന്തുറയ്ക്ക് സമീപം താമസിച്ചിരുന്ന മൺറോ പിന്നീട് കോട്ടയ്ക്ക് പുറത്ത് കൃഷ്ണൻതോപ്പ് എന്ന സ്ഥലത്തേക്ക് താമസം മാറി. തെങ്ങും മാവും പ്ലാവും മാത്രമുണ്ടായിരുന്ന തികച്ചും കേരളീയമായ ആ വളപ്പിൽ മൺറോ സായിപ്പ് നിരവധി പൂമരങ്ങളും പൂച്ചെടികളും നട്ടുപിടിപ്പിച്ചു. അങ്ങനെ കൃഷ്ണൻതോപ്പ് ശിങ്കാരത്തോപ്പായി. ശിങ്കാരം എന്ന തമിഴ് വാക്കിന് അർത്ഥം അലങ്കരിക്കപ്പെട്ടത് എന്നാണ്. ശിങ്കാരത്തോപ്പ് എന്നൊരു സ്ഥലം തമിഴ്നാട്ടിലെ തൃശിനാപ്പള്ളിയിലുമുണ്ട്.
മൺറോയെ കാണാൻ റാണി ഇടയ്ക്കിടെ ഈ സ്ഥലത്തേക്ക് പോകുമായിരുന്നു. റീജന്റ് ആയി റാണി ഉണ്ടായിരുന്നെങ്കിലും ഭരണം നിയന്ത്രിച്ചത് മൺറോ തന്നെയായിരുന്നു. സായിപ്പുമായി ശൃംഗരിക്കാനാണ് റാണിയുടെ ഈ സന്ദർശനമെന്ന് തിരുവനന്തപുരത്തുകാർ അടക്കം പറയാൻ തുടങ്ങി. പിൽക്കാലത്ത് ശിങ്കാരത്തോപ്പ് എന്നത് ഇവരുടെ ശൃംഗാരകേന്ദ്രമെന്ന അർത്ഥത്തിൽ ശൃംഗാരത്തോപ്പ് ലോപിച്ചതാണ് എന്ന് ചില ചരിത്രകാരൻമാർ പോലും വ്യാഖ്യാനിക്കുന്ന നില വന്നു.
ഇങ്ങനെ ചരിത്രത്തിലെ ചില അടക്കം പറച്ചിലുകളിൽ നിന്നു പോലും സ്ഥലങ്ങൾക്ക് പേരുകളുണ്ടാകുന്നു. എങ്ങനെയാണ് ഒരു സ്ഥലത്തിന് പേര് വീഴുന്നത് എന്നുള്ളതിന് ഒരു ഉദാഹരണം മാത്രമാണിത്. നാട്ടിലെ സ്ഥലപ്പേരുകളുടെ പിറകേ പോയാൽ ഇത് പോലെ ചരിത്രവും കെട്ടുകഥകളും അടർന്നു വീഴും.
ആരാവും ആദ്യമായി സ്ഥലപ്പേരുകളുടെ പുറകെ പോയത്?
വ്യാകരണത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന പാണിനിയാണ് ഇന്ത്യയിൽ ആദ്യമായി സ്ഥലപ്പേരുകളുടെ ഉത്പത്തി അന്വേഷിച്ചു പോയതെന്ന് തന്റെ India as known to Panini എന്ന പുസ്തകത്തിൽ വി എസ് അഗ്രവാല എഴുതിയിട്ടുണ്ട്. വ്യാകരണ ഗ്രന്ഥമായ അഷ്ടാധ്യായയുടെ രചനയുടെ ഭാഗമായി ശബ്ദങ്ങളിൽ നിന്നും ഭാഷയും സ്ഥലപ്പേരും ഉണ്ടാകുന്നതെങ്ങനെയെന്ന് പാണിനി ഗവേഷണം ചെയ്തുവത്രെ. അഫ്ഗാനിസ്ഥാൻ മുതൽ ഒഡീഷ വരെ സഞ്ചരിച്ച പാണിനി പറയുന്നത് ഒരു സ്ഥലപ്പേര് ഉണ്ടാകുന്നതിന് പിന്നിൽ സാംസ്ക്കാരികവും ചരിത്രപരവുമായ ചില ഇടപെടലുകൾ ഉണ്ട് എന്നാണ്. ജനപദങ്ങൾ, ഗോത്രങ്ങൾ, നദീതടങ്ങൾ എന്നിവയുടെയെല്ലാം പേരുകൾ പാണിനി പഠനവിധേയമാക്കി.
സ്ഥലം കണ്ടു പിടിച്ചയാളിന്റെ പേര്, അവിടെ നിന്നുള്ള ഒരു ഉൽപ്പന്നത്തിന്റെ പേര്, അവിടത്തെ ചരിത്രവുമായി ബന്ധപ്പെടുത്തിയ പേര്, അറിയപ്പെടുന്ന ഏതെങ്കിലും ഭൂപ്രകൃതിയുമായുള്ള സ്ഥലത്തിന്റെ സാമീപ്യം എന്നിങ്ങനെ പാണിനി സ്ഥലനാമങ്ങളെ നാലായി തിരിച്ചു. സ്ഥലനാമങ്ങളെ കുറിച്ചുള്ള ശാസ്ത്രീയ പഠനശാഖയായ toponymy ഇന്നും ഈ മാനദണ്ഡം ഉപയോഗിക്കുന്നുണ്ട്.
വിപ്ലവം തിരുത്തിയ പേരുകൾ
കൽക്കട്ട കൊൽക്കൊത്തയായതും മദിരാശി ചെന്നൈ ആയതും ബോംബെ മുംബൈ ആയതും അറിയപ്പെടുന്ന പേര് മാറ്റത്തിന്റെ സമീപകാല ചരിത്രങ്ങളാണ്. അലഹബാദ് പ്രയാഗ് രാജ് ആയതും ഫൈസാബാദ് അയോധ്യയായതും ചരിത്രത്തിന്റെ ശരീരത്തിന് മേൽ രാഷ്ട്രീയം നടത്തിയ പേരുമാറ്റ ശസ്ത്രക്രിയകളാണ്.
എന്നാൽ നഗരങ്ങളുടെയും തെരുവുകളുടെയും പേര് മാറ്റം നൂറ്റാണ്ടുകൾക്ക് മുമ്പേ തുടങ്ങിയ പ്രക്രിയയാണ്. അതിന് പിന്നിൽ രാഷ്ട്രീയവും സംസ്ക്കാരവും ചരിത്രവുമെല്ലാമുണ്ട്. 1755ൽ പാരീസിലെ ചാമ്പ് എലീസി ചത്വരത്തിൽ ലൂയി പതിനഞ്ചാമൻ കുതിരപ്പുറത്ത് ഇരിക്കുന്ന പ്രതിമ സ്ഥാപിക്കുകയും ഈ സ്ഥലത്തിന് രാജാവിന്റെ പേര് ഇടുകയും ചെയ്തു. ഫ്രഞ്ച് വിപ്ലവത്തിന് ശേഷം വിപ്ലവകാരികൾ പ്രതിമ തകർക്കുകയും ഈ സ്ഥലത്തിന് Place De la Revolution അഥവാ വിപ്ലവം നടന്ന സ്ഥലം എന്ന് പുനർനാമകരണം ചെയ്യുകയും ചെയ്തു. ഇവിടെ വച്ച് വിപ്ലവകാരികൾ രാജാവിന്റെയും രാജകുടുംബത്തിൽ പെട്ട നിരവധി പേരുടെയും വധശിക്ഷയും നടപ്പാക്കി. ഇന്ന് ഈ സ്ഥലം Place de la Concorde എന്നാണ് അറിയപ്പെടുന്നത്. Concorde എന്നാൽ ഐക്യം എന്നും മൈത്രി എന്നുമൊക്കെയാണ് അർത്ഥം.
ഇതാണ് ഫ്രഞ്ച് വിപ്ലവത്തിലെ പേര് മാറ്റത്തിന്റെ ഒരു കഥയെങ്കിൽ റഷ്യൻ വിപ്ലവത്തിൽ കാര്യങ്ങൾ കുറെ കൂടി സങ്കീർണമാണ്. മഹത്തായ ഒക്ടോബർ വിപ്ലവത്തിന് ശേഷം ത്സാർ ചക്രവർത്തിമാരുമായി ബന്ധമുള്ള എല്ലാ പേരും തുടച്ചു നീക്കാനുള്ള വ്യഗ്രതയിലായിരുന്നു റഷ്യക്കാർ. നിഴ്നി നൊവ്ഗരോദ് നഗരത്തിന് വിപ്ലവകാരികളുടെ പ്രിയ എഴുത്തുകാരനായ ഗോർക്കിയുടെ പേരിട്ടു, പെട്രോഗ്രാഡ് ലെനിൻഗ്രാഡ് ആയി. ഒക്ടോബർ വിപ്ലവത്തിന് ശേഷം 70 നഗരങ്ങളുടെ പേര് വിപ്ലവവുമായി ബന്ധപ്പെട്ട പേരിലേക്ക് മാറ്റപ്പെട്ടു എന്നാണ് റഷ്യൻ റിവ്യു എന്ന മാസികയിൽ ഗ്രെം ഗിൽ എഴുതിയ Changing Symbols: The Renovation of Moscow Place Names എന്ന ലേഖനത്തിൽ പറയുന്നത്. പല തെരുവുകൾക്കും റഷ്യൻ ഭരണാധികാരികളുടെയോ കമ്മ്യൂണിസ്റ്റ് നേതാക്കളുടെയോ പേര് നൽകപ്പെട്ടു. ഇങ്ങനെയാണ് ബ്രഷ്നേവ്, ആന്ദ്രപ്പോവ്, മൊളട്ടോവ് എന്നീ പേരുകൾ ഉള്ള നഗരങ്ങളും തെരുവുകളും സോവിയറ്റ് റഷ്യയിൽ ഉണ്ടായത്. കമ്മ്യൂണിസ്റ്റ് റഷ്യയിൽ പേര് മാറ്റൽ ഒരു ഉന്മാദത്തിന്റെ വക്കിലെത്തിയപ്പോൾ പല തെരുവുകൾക്കും മെയ് 1, സഹകരണ സംഘം, കോസ്മോനട്ട്, സ്റ്റേറ്റ് ഫാം എന്ന് തുടങ്ങി ഗോഡ് ലെസ് അഥവാ ദൈവരഹിതം എന്ന് വരെ പേരുകൾ നൽകപ്പെട്ടു. സ്റ്റാലിന്റെ ഭരണകാലത്ത് ത്സാറിസിൻ നഗരം സ്റ്റാലിൻഗ്രാഡ് എന്നും ലുഷോവ്ക നഗരം സ്റ്റാലിന എന്നും പേര് മാറ്റിയെങ്കിലും സോവിയറ്റ് തലസ്ഥാനമായ മോസ്കോയുടെ പേര് സ്റ്റാലിനോദാർ എന്നാക്കണമെന്ന നിർദേശം പാർട്ടിയിലെ സ്റ്റാലിൻ ഭക്തർ മുന്നോട്ടു വച്ചപ്പോൾ സ്റ്റാലിൻ തന്നെ അത് നിരാകരിച്ചു എന്ന് Everyday Stalinism: Ordinary Life in Extraordinary Times: Soviet Russia in the 1930s എന്ന പുസ്തകത്തിൽ ഷീല ഫിറ്റ്സ്പാട്രിക്ക് എഴുതുന്നു.
ഇതിന് ഒരു തിരിച്ചിറക്കം ഉണ്ടായത് 1991ൽ സോവിറ്റ് യൂണിയനും കമ്മ്യൂണിസ്റ്റ് ഭരണകൂടവും ശിഥിലമായതോടെയാണ്. എന്നാൽ അതിനും മുമ്പ് തന്നെ സ്റ്റാലിന്റെ പേരുള്ള തെരുവുകളുടെ പേര് റഷ്യ മാറ്റി തുടങ്ങിയിരുന്നു. അത് വരെ സ്റ്റാലിനോടുള്ള വെറുപ്പ് ഭയം മൂലം പുറത്ത് പ്രകടിപ്പിക്കാനാവാതെയിരുന്ന റഷ്യക്കാർ പേര് മാറ്റത്തിലൂടെ അത് പ്രകടിപ്പിച്ചു തുടങ്ങിയിരുന്നു. 1991ന് ശേഷം കമ്മ്യൂണിസ്റ്റ് റഷ്യയുമായി ബന്ധമുള്ള പേരുകൾ പേറുന്ന നൂറ് കണക്കിന് നഗരങ്ങളുടെയും തെരുവുകളുടെയും പേരുകൾ മാറ്റപ്പെട്ടു. സോവിയറ്റ് യൂണിയനിലും കിഴക്കൻ യൂറോപ്പിലും കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങൾ തകർന്നതിനൊപ്പം തന്റെ പ്രതിമകൾ ഏറെ വീണെങ്കിലും പേരിന്റെ കാര്യത്തിൽ ലെനിൻ പിടിച്ചു നിന്നു; ഇപ്പോഴും ആയിരക്കണക്കിന് റഷ്യൻ തെരുവുകൾ ലെനിന്റെ പേര് പേറി നിൽക്കുന്നുണ്ട്. ലെനിന്റെ പേരുള്ള 5,000 തെരുവുകളാണ് റഷ്യയിലെ ഒരു ഭൂപട ഏജൻസി 2015ൽ കണ്ടെത്തിയത്.
കമ്മ്യൂണിസ്റ്റ് ഭരണവും ഹിറ്റ്ലറുടെ ഭരണവും കണ്ട ജർമ്മനിയിലും രാഷ്ട്രീയമായ ചില പേരുമാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. ബെർലിനിൽ ബാബേൽസ്ബർഗ് എന്നും ബുലോപ്ലാത്സ് എന്നും പേരുണ്ടായിരുന്ന ചത്വരത്തിലാണ് കിഴക്കൻ ജർമ്മനിയിൽ 1926ൽ കമ്മ്യൂണിസ്റ്റ് പാർട്ടി അതിന്റെ ആസ്ഥാനം ആരംഭിക്കുന്നത്. പിൽക്കാലത്ത് നാസിഭരണം ആരംഭിച്ചപ്പോൾ നാസി നേതാവ് ഹോഴ്സ്റ്റ് വെസലിന്റെ പേര് ഈ ചത്വരത്തിന് നൽകി. 1930ൽ കൊല്ലപ്പെട്ട ഹോഴ്സ്റ്റ് നാസികളുടെ ഇടയിൽ ഒരു രക്തസാക്ഷിയായി വാഴ്ത്തപ്പെട്ടിരുന്നു. രണ്ടാം ലോകമഹായുദ്ധം അവസാനിക്കുകയും നാസികൾ വീഴുകയും ചെയ്തപ്പോൾ ഈ ചത്വരം കമ്മ്യൂണിസ്റ്റ് നേതാവ് കാൾ ലിബ്നെക്റ്റിന്റെ പേരിൽ പുനർനാമകരണം ചെയ്യപ്പെട്ടു. പിന്നീട് 1969ൽ പോളിഷ് വിപ്ലവകാരിയും തൊഴിലാളി നേതാവുമായിരുന്ന റോസാ ലക്സംബർഗിന്റെ പേര് ഈ ചത്വരത്തിന് നൽകി. ഏകീകൃത ജർമ്മനിയിലെ ഇടതുപക്ഷ പാർട്ടിയുടെ ആസ്ഥാനം ഇപ്പോഴും ഇവിടെ തന്നെയാണ്.
ബ്രിട്ടീഷ് ഭരണത്തിന്റെ ശേഷിപ്പ് പോലെ രാജ്യതലസ്ഥാനത്ത് ഉണ്ടായിരുന്ന ചില വീഥികളുടെയും പേര് സ്വാതന്ത്ര്യാനന്തരം മാറ്റിയിട്ടുണ്ട്. കഴ്സൺ റോഡ് കസ്തൂർബാ ഗാന്ധി മാർഗ് ആയതും കിച്ചനർ റോഡ് സർദാർ പട്ടേൽ മാർഗ് ആയത് ഇതിൽ ചിലത് മാത്രം. പക്ഷേ ദില്ലിയിലെ പ്രശസ്തമായ കൊണാട്ട് പ്ലേസിന്റെ പേര് മാറ്റാനുള്ള ശ്രമം വിലപ്പോയില്ല. കൊണാട്ടിലെ ഡ്യൂക്ക് ആയിരുന്ന ആർതറിന്റെ സ്മരണാർത്ഥമാണ് ഈ വ്യാപാര മേഖലയ്ക്ക് ഇങ്ങനെ ഒരു പേര് വീണത്. കൊളോണിയലിസത്തിന്റെ നുകം പേറുന്ന പേര് രാജ്യതലസ്ഥാനത്തെ ഒരു പ്രധാന ഭാഗത്ത് വേണ്ടെന്നും അതു കൊണ്ട് അതിന് രാജീവ് ഗാന്ധിയുടെ പേര് നൽകാമെന്നുമുള്ള നിർദേശം മുന്നോട്ട് വച്ചത് മണി ശങ്കർ അയ്യരായിരുന്നു. കടുത്ത എതിർപ്പിനെ തുടർന്ന് ആ പേരുമാറ്റം നടന്നില്ലെങ്കിലും ഇതിന് സമീപമുള്ള സ്ഥലത്തിന് രാജീവ് ചൗക്ക് എന്ന് പേരിട്ട് സർക്കാർ സംതൃപ്തിയടഞ്ഞു. ഇവിടെയുള്ള മെട്രോ സ്റ്റേഷനും ഇന്ന് രാജീവ് ചൗക്ക് എന്നാണ് അറിയപ്പെടുന്നത്.
ബ്രിട്ടീഷുകാർ തന്നെയാണ് തങ്ങൾ ന്യൂഡൽഹിയിൽ പണിത റോഡിന് ഔറംഗസീബ് റോഡ് എന്ന് പേരിട്ടത്. 2015ൽ ഇതിന്റെ പേര് എ പി ജെ അബ്ദുൾ കലാം റോഡ് എന്നാക്കി. ഷാജഹാൻ, ബഹദൂർ ഷാ സഫർ, ഇബ്രാഹിം ലോധി ഇവരുടെയെല്ലാം പേരിൽ ദില്ലിയിൽ റോഡുകളുണ്ട്. അതെല്ലാം ബ്രിട്ടീഷുകാർ നൽകിയ പേരാണ്. ദില്ലി ഭരിച്ചിരുന്ന വിവിധ മുഗൾ രാജാക്കൻമാരുടെ ഓർമ്മയ്ക്ക് അവരുടെ പേരുകൾ ബ്രിട്ടീഷുകാർ നൽകിയത് ചരിത്രത്തോടുള്ള അവരുടെ ആദരം കൊണ്ടാവാം. റോഡിന്റെ പേരിൽ കൂടിയെങ്കിലും ബ്രിട്ടീഷുകാർ ഔറംഗസീബിന് നൽകിയ ആദരം 2015ലെ പുനർനാമകരണത്തിലൂടെ ചരിത്രത്തിൽ നിന്നും മാഞ്ഞു പോയി.
കള്ളൻമാരുടെ നാട്ടിലെ ബീഫ്
ബവേറിയയിലെ ഒരു പ്രഭുവിന്റെ പേര് ഫോക്കോ എന്നായിരുന്നു. ആസ്ട്രിയയിൽ അദ്ദേഹം കണ്ടുപിടിച്ച് ജനങ്ങളെ കൂട്ടത്തോടെ താമസിപ്പിച്ച പ്രദേശത്തിന്റെ പേര് നിർഭാഗ്യവശാൽ ഫക്കിംഗ് എന്നായി പോയി. ജർമ്മൻ ഭാഷയിൽ അത് പ്രശ്നമല്ല, പക്ഷേ ആസ്ട്രിയയിലെ ഈ സ്ഥലം സന്ദർശിക്കുന്ന ഇംഗ്ലീഷ് സഞ്ചാരികൾ ഇതിലെ അശ്ലീലം കണ്ടെത്തുകയും ഇവിടത്തെ പേര് സൂചിപ്പിക്കുന്ന ബോർഡുകൾക്ക് മുന്നിൽ നിന്ന് സെൽഫി എടുക്കാനും തുടങ്ങിയതോടെ നാട്ടുകാർക്ക് അത് നാണക്കേട് ഉണ്ടാക്കുന്ന പ്രശ്നമായി മാറി. അവരുടെ ആവശ്യത്തെ തുടർന്ന് 2021ൽ ഈ പ്രദേശത്തിന്റെ പേര് ഫഗിംഗ് എന്നാക്കി മാറ്റി.
ഇന്ത്യക്കുള്ളിൽ 'പാകിസ്ഥാൻ' എന്ന പേരിന് എതിരായ പോരാട്ടത്തിലാണ് ബിഹാറിലെ പൂർണിയ ജില്ലയിലെ 'പാകിസ്ഥാൻ' ഗ്രാമനിവാസികൾ. 1947ൽ കിഴക്കൻ പാകിസ്ഥാൻ രൂപീകൃതമായപ്പോൾ ഇവിടെയുണ്ടായിരുന്ന മുസ്ലീം കുടുംബങ്ങൾ കിഴക്കൻ പാകിസ്ഥാനിലേക്ക്, അതായത് ഇന്നത്തെ ബംഗ്ലാദേശിലേക്ക് കുടിയേറി. അവർ ജീവിച്ചിരുന്ന ഗ്രാമത്തിന്റെ ഓർമ്മയ്ക്ക് വേണ്ടി അന്ന് പാകിസ്ഥാൻ എന്ന് പേരിട്ടു. പിന്നീട് രാഷ്ട്രീയ സാഹചര്യങ്ങൾ മാറുകയും ഇന്ത്യാ പാക് ബന്ധം വഷളാവുകയും ചെയ്തപ്പോൾ ആ പേര് ഈ ഗ്രാമവാസികൾക്ക് ഒരു ബാധ്യതയായി. തങ്ങളുടെ ഗ്രാമത്തിന്റെ പേര് ഗിരിവർഗ നേതാവായ ബിർസ മുണ്ടയുടെ സ്മരണാർത്ഥം ബിർസ നഗർ എന്നാക്കി മാറ്റണമെന്നാണ് ഇവരുടെ ആവശ്യം.
ഉത്തരഖണ്ഡിലെ ഒരു ഗ്രാമത്തിന്റെ പേര് ബീഫ് എന്നായിരുന്നു. തങ്ങളുടെ വിശ്വാസത്തിന് എതിരായ ഈ പേര് മാറ്റണമെന്ന ഗ്രാമവാസികളുടെ ആവശ്യത്തിന് അധികാരികൾ വഴങ്ങി. 2014 മുതൽ ഈ ഗ്രാമത്തിന്റെ പേര് നാരായൺ പുരി എന്നാണ്. മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തിന്റെ പേര് ചോരാച്ചി വാദി എന്നായിരുന്നു, കള്ളന്മാരുടെ നാട് എന്നർത്ഥം. പേരിലെ നാണക്കേട് മാറ്റണമെന്ന നാട്ടുകാരുടെ ആവശ്യം 2014ൽ ആഭ്യന്തര വകുപ്പ് അംഗീകരിച്ചു. ഇന്ന് അത് ആനന്ദപൂർ ആണ്.
ഇന്ന് രാജ്യത്ത് ഒരു സ്ഥലത്തിന്റെ പേര് മാറ്റുന്നത് അത്ര എളുപ്പമല്ല. ഇതിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി ആവശ്യമാണ്. മതിയായ കാരണങ്ങളും തെളിവുകളും ഇല്ലാതെ പേര് മാറ്റം അനുവദിക്കപ്പെടാറില്ല. ഹരിയാനയിൽ കുത്താബാർഹ് എന്നൊരു സ്ഥലമുണ്ട്. നായകളുടെ ഇടം എന്നൊക്കെയാണ് അർത്ഥം വരുന്നത്. ഇതിന്റെ പേര് മാറ്റാൻ അമർ സിംഗ് ബ്രാർ എന്ന മനുഷ്യൻ വർഷങ്ങളായി കയറിയിറങ്ങുന്നു. ഇത്തരത്തിൽ നിരവധി ഗ്രാമങ്ങൾ പേര് മാറ്റത്തിനായി അപേക്ഷ നൽകിയിട്ടുണ്ടെന്ന് 2016ലെ ഹിന്ദുസ്ഥാൻ ടൈംസ് ദിനപത്രത്തിന്റെ ഒരു റിപ്പോർട്ടിൽ പറയുന്നു.
നിനൈത്താലേ ഇനിക്കുന്ന തമിഴ് പേരുകൾ
1018 നഗരങ്ങളുടെ പേരിലെ ആംഗലേയ ഭാരം ഒഴിവാക്കിക്കൊണ്ട് 2020ൽ തമിഴ്നാട് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. പച്ചത്തമിഴിന്റെ ഇനിപ്പ് തമിഴ്നാട്ടിലെ നഗരങ്ങൾക്കും നൽകാൻ സർക്കാർ തീരുമാനിച്ചതോടെ കോയമ്പത്തൂർ കോയംപുത്തൂർ ആയി, വെല്ലൂർ വീലൂർ ആയി, പൂനമല്ലി പുവിരുന്ത വല്ലി ആയി. പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ ശ്രീരംഗത്തിന് നൽകാൻ ഉദ്ദേശിക്കുന്ന പേര് തിരുഅരംഗം എന്നാണ്. സംസ്കൃതത്തിലെ ശ്രീക്ക് സമാനമായി തമിഴിലെ തിരുവിനെ കൊണ്ടുവരുന്നു. പക്ഷേ 2020 ജൂണിൽ ഇറക്കിയ വിജ്ഞാപനം കടുത്ത വിമർശനത്തെ തുടർന്ന് സർക്കാരിന് പിൻവലിക്കേണ്ടി വന്നു. എങ്കിലും പേര് മാറ്റത്തിൽ നിന്നും സർക്കാർ പിന്മാറിയിട്ടില്ല.
ഇക്കാര്യത്തിൽ ഇതിനും മുമ്പേയാണ് കേരളം നടന്നത്. 1991ൽ സംസ്ഥാനത്തെ ജില്ലകളുടെ ഇംഗ്ലീഷ് പേരുകൾ മലയാളത്തിലേക്ക് മാറ്റി. അങ്ങനെ ട്രിവാൻഡ്രവും ക്വയിലോണും ആലപ്പിയും കാലിക്കറ്റും പാൽഘാട്ടും കണ്ണന്നൂരുമെല്ലാം മലയാളഭാഷയുടെ മാദകഭംഗി ചാർത്തി. അന്ന് റവന്യു മന്ത്രി ആയിരുന്ന പി എസ് ശ്രീനിവാസൻ ആണ് ഇതിന് മുൻകൈയെടുത്തത്.
തിരുവനന്തപുരം ഒരു കോണം, കമ്മട്ടിപ്പാടത്തെ പനമ്പിള്ളി
ഒരേ ശബ്ദത്തിലോ വാക്കിലോ അവസാനിക്കുന്ന സ്ഥലനാമങ്ങൾ ധാരാളമുണ്ട്. ദക്ഷിണേന്ത്യയിൽ ഇത്തരത്തിലുള്ള സ്ഥലങ്ങളെ ഭാഷാശാസ്ത്രജ്ഞനായ കെ എം ജോർജ്ജ് തന്റെ Place names of Southern India എന്ന പുസ്തകത്തിൽ അടയാളപ്പെടുത്തിയിട്ടുണ്ട്. ഉദാഹരണത്തിന് അമ്പലം എന്ന വാക്കിൽ അവസാനിക്കുന്ന സ്ഥലപ്പേര് കേരളത്തിലും തമിഴ്നാട്ടിലും കർണാടകത്തിലുമുണ്ട്. കേരളത്തിലെ കിഴക്കമ്പലം, തഞ്ചാവൂർ ജില്ലയിലെ തിരുച്ചിറ്റമ്പലം, തെക്കൻ കർണാടകത്തിലെ അമ്മെമ്പലം.
തിരുവനന്തപുരത്തെ ശിങ്കാരത്തോപ്പിൽ നിന്നാണല്ലോ നമ്മൾ തുടങ്ങിയത്. കേരളത്തിലെ നഗരങ്ങളിലെ ചില സ്ഥലങ്ങളിലെ പേരുകളെ കുറിച്ച് കൂടി പറഞ്ഞ് ഈ കുറിപ്പ് അവസാനിപ്പിക്കാം. പൗഡിക്കോണം, ചേങ്കോട്ടുകോണം, പാറോട്ടുകോണം, കുറവൻകോണം എന്നിങ്ങനെ കോണം എന്ന് അവസാനിക്കുന്ന പേരുകൾ ഏറ്റവും കൂടുതൽ ഉള്ളത് തിരുവനന്തപുരത്ത് ആയിരിക്കാം. കാട് വെട്ടിത്തെളിച്ച് കൃഷി തുടങ്ങിയ സ്ഥലത്തിന് ആവാം ആദ്യമായി കോണം എന്ന് പേരിട്ടത്. വെട്ടിത്തെളിക്കപ്പെട്ട് താമസയോഗ്യമായ പ്രദേശം എന്ന അർത്ഥമേ കോണത്തിന് ഉള്ളൂ. ഏതാണ്ട് Corner എന്ന ഇംഗ്ലീഷ് വാക്കിന് സമാനമായ ഒന്ന്.
തിരുവനന്തപുരത്ത് സംസ്ഥാന പാതയും ദേശീയ പാതയും ഒന്നിച്ചു ചേരുന്ന ഇടമാണ് കേശവദാസപുരം. 1948ൽ എൻ എസ് എസ് ഉടമസ്ഥതയിൽ ഇവിടെ ആരംഭിച്ച മഹാത്മാഗാന്ധി കോളേജിന് തറക്കല്ലിട്ട സി രാജഗോപാലാചാരിയാണ് ഈ സ്ഥലത്തിന് കേശവദാസപുരം എന്ന പേര് നൽകിയത്. രാജാ കേശവദാസ് എന്ന് പേരെടുത്ത തിരുവിതാംകൂർ ദിവാനായിരുന്ന കേശവപിള്ളയുടെ പേര് ഈ സ്ഥലത്തിന് നൽകണമെന്ന് രാജഗോപാലാചാരിയോട് ആവശ്യപ്പെട്ടത് മന്നത്ത് പത്മനാഭൻ ആയിരുന്നു.
അതിന് മുമ്പ് കേശവദാസപുരം എന്തായിരുന്നു?
പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ നവീകരണത്തിനും മറ്റുമായി തമിഴ്നാട്ടിലെ കോട്ടാറിൽ നിന്നും മറ്റും എത്തിയ കല്ലാശാരിമാർ അഥവാ കൽതച്ചന്മാർ താമസിച്ച ഇടമായിരുന്നത്രെ കേശവദാസപുരം. അതുകൊണ്ട് ആ സ്ഥലം കൽതച്ചക്കോണം എന്നറിയപ്പെട്ടു. ഇത് വാമൊഴിയിൽ കറ്റച്ചക്കോണം ആയെന്നും ചരിത്രകാരൻമാർ പറയുന്നു. പിൽക്കാലത്ത് തിരുവനന്തപുരത്തെ സെക്രട്ടറിയേറ്റ്, യൂണിവേഴ്സിറ്റി കോളേജ്, തൈക്കാട് റസിഡൻസി തുടങ്ങിയ പല കെട്ടിടങ്ങളും പണിയാൻ ഇവിടെ വന്നത് തഞ്ചാവൂർ, മധുര, കുംഭകോണം എന്നിവടങ്ങളിലെ കമ്മാളർ ആയിരുന്നു. ഇവർ പണിഞ്ഞ കെട്ടിടങ്ങളുടെ സമീപത്തെല്ലാം ഇവരുടെ ആരാധനനാ മൂർത്തിയായ കല്ലമ്മൻ ദേവിക്കും ഉച്ചിനി മാകാളി അമ്മനും ഇവർ ക്ഷേത്രങ്ങൾ പണിതു. തിരുവനന്തപുരം നഗരത്തിലെ മാകാളി അമ്മൻ ക്ഷേത്രങ്ങൾ ഈ കുടിയേറ്റത്തിന്റെ സാക്ഷ്യങ്ങളാണെന്ന് ചരിത്രകാരനായ എം ജി ശശിഭൂഷൻ നിരീക്ഷിക്കുന്നു.
കേശവദാസപുരം എന്നത് പിൽക്കാലത്ത് ചുരുങ്ങി കെ ഡി പുരമാകുമോ എന്ന് ഉദ്ഘാടന വേളയിൽ സി രാജഗോപാലാചാരി തമാശയായി ചോദിച്ചുവത്രെ. അങ്ങനെ ആയില്ലെങ്കിലും തിരുവനന്തപുരം നഗരത്തിലെ ചില നഗറുകളുടെ പേരുകൾ അങ്ങനെ ചുരുങ്ങിപ്പോയിട്ടുണ്ട്. പട്ടം താണുപിള്ള നഗർ എന്ന് പറഞ്ഞാൽ ആരും അറിയില്ല. പക്ഷേ പിടിപി നഗർ എല്ലാവർക്കും സുപരിചിതമാണ്. നഗരത്തിലെ പ്രസിദ്ധമായ റസിഡൻഷ്യൽ ഏരിയായ ജവഹർ നഗറിന്റെ പഴയ പേര് മരച്ചീനിവിള എന്നായിരുന്നു. ഐത്തടിയാണ് പ്രശാന്ത് നഗറായത്.
പട്ടം താണുപിള്ളയെ പോലെ തലയെടുപ്പുള്ള നേതാവ് ആയിരുന്നു പനമ്പിള്ളി ഗോവിന്ദമേനോൻ. അദ്ദേഹത്തിന്റെ പേരിൽ എറണാകുളം നഗരത്തിലുള്ള പനമ്പിള്ളി നഗർ മുമ്പ് കമ്മട്ടിപ്പാടത്തിന്റെ ഭാഗമായിരുന്ന പൊക്കാളി നിലമായിരുന്നു. കൊച്ചിയിൽ എം ജി റോഡിന്റെ വടക്കേയറ്റത്തുള്ള കവല ഇപ്പോഴും അറിയപ്പെടുന്നത് മാധവാ ഫാർമസി ജംഗ്ഷൻ എന്നാണ്. പൊരുതിയിൽ നാരായണൻ വൈദ്യർ 1939ൽ മാധവാ ഫാർമസി എന്ന ആയുർവേദ മരുന്നു ശാല സ്ഥാപിച്ചത് ഇവിടെയാണ്. അന്ന് മുതൽ ഇവിടം മാധവാ ഫാർമസി ജംഗ്ഷൻ എന്ന് അറിയപ്പെടാൻ തുടങ്ങി. ആയുർവേദത്തിന്റെ ആചാര്യന്മാരിൽ ഒരാളായ മാധവാചാര്യരോടുള്ള ആദരസൂചകമായിട്ടാവണം നാരായണൻ വൈദ്യർ ഈ പേര് തന്റെ സ്ഥാപനത്തിന് നൽകിയത്. ജോസും മേനകയും പദ്മയും എല്ലാമുള്ള കൊച്ചിയിലാണ് കേരളത്തിൽ വ്യാപാരസ്ഥാപനങ്ങളുടെ പേരിൽ അറിയപ്പെടുന്ന സ്ഥലങ്ങൾ കൂടുതലും ഉള്ളതെന്ന് തോന്നുന്നു.
കോഴിക്കോട് മിഠായിത്തെരുവെന്ന പേരിൽ പ്രശസ്തമായ എസ് എം സ്ട്രീറ്റിലെ എസ് എം സൂചിപ്പിക്കുന്നത് മധുരപലഹാരം എന്ന് അർത്ഥം വരുന്ന സ്വീറ്റ് മീറ്റ് എന്നാണ്. സാമൂതിരിയാണ് മധുരവിൽപ്പനക്കാരായ ഗുജറാത്തികളെ ഇവിടേക്ക് ക്ഷണിച്ചതെന്ന് ചരിത്രകാരനായ എം ജി എസ് നാരായണൻ തന്റെ Calicut: The City of Truth എന്ന പുസ്തകത്തിൽ പറയുന്നു.
സിതാര, കൊട്ടാരം റോഡ്, കോഴിക്കോട് എന്ന മേൽവിലാസം മലയാളികൾക്കെല്ലാം സുപരിചിതമാണ്. എന്നാൽ ഈ റോഡിലെങ്ങും ഒരു കൊട്ടാരത്തിന്റെ പൊടി പോലുമില്ല. ചരിത്രത്തിൽ പോലും ഒരു കൊട്ടാരം ഇവിടെ ഉണ്ടായിരുന്നതായി രേഖപ്പെടുത്തിയിട്ടില്ല. എന്നാൽ എഴുത്തിന്റെ രാജാവായ എം ടി വാസുദേവൻ നായർ ഇവിടെ ജീവിക്കുന്നു.
ഒരു പേരിന് പിന്നിൽ ചരിത്രവും ഭൂമിശാസ്ത്രവും രാഷ്ട്രീയവുമൊക്കെ ഉണ്ടെന്ന് ഇപ്പോൾ മനസിലായില്ലേ? ഇത് മാത്രമല്ല ചില ഉൽപ്പന്നങ്ങളും സ്ഥലങ്ങളുമായും സ്ഥലപ്പേരുമായും ചേർന്ന് നിൽക്കുന്നുണ്ട്. അതിനെ കുറിച്ച് പിന്നൊരിക്കൽ എഴുതാം