കൗടലീയത്തിലെ പെണ്ണ്;
വിവേചനത്തിന്റെ അർഥശാസ്ത്രം

മനുസ്മൃതിയെ വിമർശനാത്മകമായി പരിശോധിക്കുമ്പോഴും മലയാളത്തിന് ചാണക്യന്റെ അർത്ഥശാസ്ത്രം പണ്ടേ പരിചിതമാണെങ്കിലും അർത്ഥശാസ്ത്രത്തെ വേണ്ടത്ര ചർച്ച ചെയ്യാറില്ല. കൗടലീയത്തിലെ സ്ത്രീസങ്കൽപത്തെക്കുറിച്ചാണ് ഈ വിശകലനം. ബി.സി നാലാം നൂറ്റാണ്ടിൽനിന്ന് എ ഡി 21ാം നൂറ്റാണ്ടിലെത്തിയിട്ടും സ്ത്രീയെ കുറിച്ചുള്ള വ്യവഹാരങ്ങളിൽ അടിസ്ഥാനപരമായ മാറ്റമുണ്ടായിട്ടില്ല എന്ന് ചൂണ്ടിക്കാട്ടുന്നു, എം. ശ്രീനാഥൻ.

വൈദികഗ്രന്ഥങ്ങളിൽ പരാമർശിക്കുന്ന നാലു പുരുഷാർത്ഥങ്ങളാണല്ലോ ധർമാർത്ഥകാമമോക്ഷങ്ങൾ. ഇവയിൽ ധർമം, അർത്ഥം, കാമം എന്നീ പുരുഷാർത്ഥങ്ങളെയും അവയുടെ സാധനാക്രമങ്ങളെയും ഭാരതീയ ദാർശനികരായ മഹാചാര്യന്മാർ ഉപദേശിക്കുന്നവയാണ് ധർമാർത്ഥകാമശാസ്ത്രങ്ങൾ. ജീവിത തത്വശാസ്ത്രമായാണ് ഇവയെ പരിഗണിക്കാറ്. ധർമത്തിന് ഊന്നൽ നൽകുന്നത് ധർമശാസ്ത്രമായും അർത്ഥത്തിന് പ്രാധാന്യം നൽകുന്നത് അർത്ഥശാസ്ത്രമായും കാമത്തിന് പ്രാധാന്യം നൽകുന്നത് കാമശാസ്ത്രമായും അറിയപ്പെടുന്നു.

ധർമശാസ്ത്രങ്ങളിൽ പെടുന്നതാണ് സ്മൃതികൾ. മനുസ്മൃതി പരാമർശങ്ങൾ മലയാളത്തിന് സുപരിചിതമാണ്. ധർമശാസ്ത്രത്തിലും അർത്ഥശാസ്ത്രത്തിലും പല പ്രമേയങ്ങളും സമാനമായിവരും. രാജ്യപരിപാലനത്തിനായുള്ള രാഷ്ട്രതന്ത്രം ഉപദേശിക്കാൻ ചാണക്യൻ അഥവാ കൗടല്യൻ ബി.സി നാലാം നൂറ്റാണ്ടിലാണ് ‘അർത്ഥശാസ്ത്രം’ രചിച്ചത്. ഇന്ത്യയിലുണ്ടായ ആദ്യ ധനതത്വ -രാഷ്ട്രമീമാംസ ഗ്രന്ഥമാണിതെന്ന് അവകാശപ്പെടാറുണ്ട്. 180 പ്രകരണങ്ങളടങ്ങിയ 15 അധികരണങ്ങളാണ് (അധ്യായങ്ങൾ) അർത്ഥശാസ്ത്രത്തിലുള്ളത്. മനുസ്മൃതിയെ വിമർശനാത്മകമായി പരിശോധിക്കുമ്പോഴും മലയാളത്തിന് ചാണക്യന്റെ അർത്ഥശാസ്ത്രം പണ്ടേ പരിചിതമാണെങ്കിലും അർത്ഥശാസ്ത്രത്തെ വേണ്ടത്ര ചർച്ച ചെയ്യാറില്ല.

പ്രാചീന മലയാളത്തിൽ പിറന്ന ഭാഷാകൗടലീയം പ്രമുഖ ഗദ്യകൃതിയെന്ന നിലയിൽ മലയാള ഭാഷയുടെ വികാസപരിണാമ ചർച്ചയിൽ നിർണായക സാന്നിധ്യമാണ്. വിവർത്തിത കൃതി എന്ന നിലയിലും ഭാഷയുടെ ശ്രേഷ്ഠത ഉയർത്തുന്നുണ്ട്. ഈ കൃതിയുടെ കർത്താവിനെകുറിച്ച് അറിയില്ലെങ്കിലും രചനാകാലത്തെകുറിച്ച് ഭിന്നാഭിപ്രായമുണ്ട്. ഉള്ളൂരാദികൾ 10ാം നൂറ്റാണ്ടിൽ വിരചിതമായതാണെന്നും മറ്റു ചിലർ 12ാം നൂറ്റാണ്ടിലെ കൃതിയാണെന്നും വാദിക്കാറുണ്ട്. ചുരുക്കത്തിൽ, ഈ കൃതിയുടെ ഭാഷാപരമായ പ്രാധാന്യമാണ് വിവിധ കാലങ്ങളിലായി നാം ചർച്ച ചെയ്യുന്നതെന്ന് പറയുന്നതിൽ തെറ്റില്ല.

ഭാഷാകൗടലീയത്തിന്റെ ഭാഷയിലൂന്നിക്കൊണ്ടുള്ള ചർച്ചകൾക്കപ്പുറം ഈ കൃതിയുടെ പ്രമേയഘടനയിലേക്ക് നാം അധികം കണ്ണോടിക്കാറില്ല. ചാണക്യന്റെ അർത്ഥശാസ്ത്രത്തിന്റെ ഇന്ത്യൻ ഭാഷകളിലെ ആദ്യ വിവർത്തനമാണ്, പൂർണമല്ലെങ്കിലും മലയാളത്തിൽ സംഭവിച്ചതെന്ന് പറയാമെങ്കിലും ഈ വിവർത്തനം സാധ്യമാക്കിയ സാഹചര്യത്തെകുറിച്ചോ ഈ കൃതി അന്നെന്തുകൊണ്ട് തിരഞ്ഞെടുത്ത് വിവർത്തനം നടത്തി എന്നതിനെ കുറിച്ചോ വ്യക്തമായ ധാരണകളില്ല.

ന സ്ത്രീ സ്വാതന്ത്ര്യമർഹതി എന്ന മനുസ്മൃതിവചനം മലയാളത്തിൽ വേണ്ടത്ര പരിശോധനയ്ക്കു വിധേയമായിട്ടുണ്ട്. എന്നാൽ കൗടല്യന്റെ സ്ത്രീയോടുള്ള സമീപനം എന്തായിരുന്നുവെന്ന് അധികം ചർച്ചചെയ്തു കണ്ടിട്ടില്ല.

ഒരു സമൂഹത്തിന്റെ ജീവിതചര്യകൾ സൂക്ഷ്മമായി നിരീക്ഷിച്ചും അപഗ്രഥിച്ചും മനസിലാക്കുകയും സാമൂഹികവും ഭരണപരവും സാമ്പത്തികവുമായ പ്രശ്നങ്ങൾക്കോരോന്നിനും സുവ്യക്തമാകുന്ന നിർദേശങ്ങൾ നൽകുന്നതുമായ ഈ പുസ്തകം രാജ്യവൃത്തിയുടെ യുക്തിസഹമായ നിയമസംഹിതയാണ്. ഇന്നത്തെ ജനാധിപത്യ സംവിധാനത്തെ സംബന്ധിച്ചുപോലും പ്രാധാന്യമുള്ള ചില ആശയങ്ങൾ അർത്ഥശാസ്ത്രത്തിൽ കാണാം. അതോടൊപ്പം ഇന്നത്തേതിൽനിന്ന് ഭിന്നമായ ഒരു കാലത്തെ ഭരണസംവിധാനത്തെയും സാമൂഹിക- സാമ്പത്തിക ക്രമത്തെയും വ്യവഹാരങ്ങളെയും ശിക്ഷാവിധികളെയുമെല്ലാം ഇതിൽ പരിചയപ്പെടാം.

അക്കാലത്ത് പ്രബലമായിരുന്ന ചാതുർവർണ്യ വ്യവസ്ഥിതിയുടെ നിലനിൽപ്പ് ഉറപ്പുവരുത്തുകയും പൊതുവായി ഉപചരിച്ചുവന്ന സ്ത്രീസങ്കല്പവും ലിംഗസമീപനവും നിലനിർത്തിയുമാണ് ചാണക്യന്റെ അർത്ഥശാസ്ത്രവും രചിച്ചിരിക്കുന്നതെന്ന് നിസ്സംശയം പറയാം. ന സ്ത്രീ സ്വാതന്ത്ര്യമർഹതി എന്ന മനുസ്മൃതിവചനം മലയാളത്തിൽ വേണ്ടത്ര പരിശോധനയ്ക്കു വിധേയമായിട്ടുണ്ട്. എന്നാൽ കൗടല്യന്റെ സ്ത്രീയോടുള്ള സമീപനം എന്തായിരുന്നുവെന്ന് അധികം ചർച്ചചെയ്തു കണ്ടിട്ടില്ല.

കൗടലീയത്തിലെ മൂന്നാമധ്യായത്തിൽ -ധർമസ്ഥീയം - വ്യവഹാരസംബന്ധമായ വിഷയങ്ങളാണ് ചർച്ച ചെയ്യുന്നത്. വ്യവഹാര വിഷയങ്ങളും ന്യായാന്യായ പരിശോധനയും ശിക്ഷാവിധിനിർണയവുമാണ് പ്രതിപാദനം. പുരുഷകേന്ദ്രിതമായ അഥവാ പുത്രകേന്ദ്രിതമായ പ്രമാണങ്ങളാണ് പ്രാചീന ഭാരതചിന്തയിൽ പ്രബലം. ഭാഷാകൗടലീയം ഇതേ പാതയാണോ പിന്തുടരുന്നത് എന്ന പരിശോധന പ്രസക്തമാണ്. മാത്രമല്ല, സ്ത്രീ, വിവാഹം, സ്ത്രീധനം, സ്ത്രീധന ക്രയവിക്രയാധികാരം, സ്ത്രീസംബന്ധ വ്യവഹാരങ്ങൾ, വ്യവഹാരതീർപ്പുകൾ, സ്ത്രീകളുടെ പുനർവിവാഹാവകാശം എന്നിവയെക്കുറിച്ചുള്ള കൗടല്യപക്ഷം എന്തായിരുന്നുവെന്ന് അറിയുന്നത് ഭാരതത്തിൽ അക്കാലത്തെ സ്ത്രീകളുടെ നില ധർമശാസ്ത്രത്തിൽനിന്ന് അർത്ഥശാസ്ത്രത്തിൽ എത്ര വ്യത്യസ്തമാണെന്നറിയാനും ഉത്തരാധുനിക ഇന്ത്യൻ സ്ത്രീസാഹചര്യവുമായി ചേർത്തു മനസിലാക്കാനും സഹായകമാകും.

ധർമശാസ്ത്രം ഉൾക്കൊണ്ടിരുന്ന സ്ത്രീസങ്കല്പത്തിന്റെ വാർപ്പുമാതൃക വിഛേദിക്കാതെ തന്നെ കൗടല്യൻ വിവാഹവുമായി ബന്ധപ്പെട്ട് വ്യവഹാരപ്രാപ്‌തയായ സ്ത്രീയെയും അവരുടെ വ്യവഹാരങ്ങളെയും വിചാരണക്കെടുക്കുന്നു. വിവാഹാനുബന്ധ വ്യവഹാരങ്ങളാണ് വ്യവഹാരങ്ങളിൽ മുന്തിയതെന്ന വീക്ഷണമാണ് കൗടല്യൻ സ്ഥാപിക്കുന്നത്.

കൗടലീയകാലത്ത് ഭാരതത്തിൽ സ്ത്രീധനസമ്പ്രദായം ശക്തമായിരുന്നുവെന്ന് അർത്ഥശാസ്ത്രം സാക്ഷ്യപ്പെടുത്തുന്നുണ്ട്.

വിവാഹം എട്ടു തരം

എക്കാലത്തെയും സമൂഹത്തിന്റെ നിലനിൽപ്പിൽ, വിവാഹം നിർണായക വ്യവസ്ഥയായിട്ടാണ് നരവംശശാസ്ത്രജ്ഞർ പൊതുവെ പരിഗണിക്കുന്നത്. കൗടല്യനും വിവാഹത്തെ അങ്ങനെതന്നെ അർത്ഥശാസ്ത്രത്തിൽ ഉൾക്കൊണ്ടിരിക്കുന്നുവെന്നതിന് തെളിവാണ് ഇതിൽ പരാമർശിക്കുന്ന ബ്രാഹ്മം, പ്രജാപത്യം, ആർഷം, ദൈവം, ഗാന്ധർവ്വം, രാക്ഷസം, പൈശാചം എന്നീ എട്ടുതരം വിവാഹങ്ങൾ.

കന്യകയെ അലങ്കരിച്ച് പിതാവ് വരന് കന്യാദനം ചെയ്തുകൊടുക്കുന്നതാണ് ബ്രാഹ്മം.
സഹധർമചാരിണിയായിരിക്കുക എന്ന മന്ത്രം ഉച്ചരിച്ചുകൊണ്ടുള്ള കന്യാദാനമാണ് പ്രജാപത്യം. വരന്റെ കൈയിൽനിന്ന് ഒരു പശുവിനെയും കാളയെയും വാങ്ങി കന്യകയെ വിവാഹം ചെയ്തുകൊടുക്കുന്നതാണ് ആർഷം. യാഗവേദിയുടെ മധ്യത്തിലിരിക്കുന്ന ഋത്വിക്കിന് കന്യകയെ കൊടുക്കുന്നത് ദൈവം.
കന്യകയും വരനും പരസ്പരം സമ്മതിച്ച് ഒരുമിക്കുന്നത് ഗാന്ധർവം.
വരന്റെ കൈയിൽനിന്ന് പണം വാങ്ങി കന്യകയെ കൊടുക്കുന്നത് ആസുരം.
ബലാൽക്കാരമായി കന്യകയെ അപഹരിച്ചുകൊണ്ടുപോകുന്നത് രാക്ഷസം.
കന്യക ഉറങ്ങുമ്പോഴോ മത്തായിരിക്കുമ്പോഴോ പിടിച്ചുകൊണ്ടുപോകുന്നത് പൈശാചം.

ഇവയിൽ ആദ്യത്തെ നാലും പിതാവ് പ്രമാണമായിട്ടുള്ളവയാണ്, അവ ധർമ്യവുമാണ്. മറ്റു നാലെണ്ണം പിതാവും മാതാവും പ്രമാണമായാൽ സാധു. എങ്കിലും സാമൂഹ്യമായി കൂടുതൽ അംഗീകാരമുള്ള വിവാഹരീതികൾ ആദ്യത്തെ നാലു തരമായിരുന്നു.

സ്ത്രീധനം നിർബന്ധം

കൗടലീയകാലത്ത് ഭാരതത്തിൽ സ്ത്രീധനസമ്പ്രദായം ശക്തമായിരുന്നുവെന്ന് അർത്ഥശാസ്ത്രം സാക്ഷ്യപ്പെടുത്തുന്നുണ്ട്. എല്ലാത്തരം വിവാഹരീതികളിലും വരന്റെ മാതാപിതാക്കൾക്കെന്നപോലെ വധുവിനും സ്ത്രീധനം നൽകുന്ന രീതിയുണ്ടായിരുന്നു. കന്യകയ്ക്ക് കൊടുക്കുന്ന ധനം സ്ത്രീക്കുതന്നെ അവകാശപ്പെട്ടതായിരിക്കും. സന്തോഷം കൊണ്ട് ആഭരണങ്ങൾ ആർക്കും നൽകാം.
വൃത്തി, ആബന്ധ്യം എന്നിങ്ങനെ സ്ത്രീധനം രണ്ടുവിധം. ഉപജീവനത്തിനുവേണ്ടിയുള്ള ഭൂമി, സ്വർണം / വെള്ളി മുതലായവയാണ് വൃത്തി. ആബന്ധ്യം വധുവിനു നൽകുന്ന ആഭരണങ്ങളാണ്.
വൃത്തി രണ്ടായിരം പണമാണ്. ആഭരണം എത്രയുമാകാം.

മാതാപിതാക്കൾക്ക് ലഭിക്കുന്ന സ്ത്രീധനത്തെ തന്റെ പുത്രന്മാരുടെയും അവരുടെ ഭാര്യമാരുടെയും പോഷണത്തിന് ഉപയോഗിക്കാം. ഭർത്താവ് തന്റെ ജീവിതചെലവ് ചെയ്യാതെ ദേശാടനത്തിന് പോയ സ്ഥിതിയിൽ ഭാര്യക്ക് സ്ത്രീധനം വിനിയോഗിക്കാം. പിടിച്ചുപറിക്കുന്ന കള്ളൻ, വ്യാധി, ക്ഷാമം, ആപത്ത് എന്നിവയ്ക്കുള്ള ഉപശാന്തിയായും ധർമകാര്യങ്ങൾക്കും ഭർത്താവിനും അത് ഉപയോഗിക്കാം. ആദ്യത്തെ നാലുതരം വിവാഹങ്ങളിലും കിട്ടിയ സ്ത്രീധനത്തിന്മേൽ ദമ്പതിമാർക്ക് രണ്ടു കുട്ടികൾ- മകൻ / മകൾ- ഉണ്ടായശേഷമോ അവർ രണ്ടുപേരും ചേർന്ന് മൂന്ന് സംവത്സരം അനുഭവിച്ചശേഷമോ ചോദ്യമില്ല. ഗാന്ധർവം, ആസുരം എന്നീ വിവാഹങ്ങളിൽ സ്ത്രീധനം അനുഭവിച്ചാൽ അവ പലിശയോടുകൂടി കൊടുപ്പിക്കേണ്ടതാണ്. രാക്ഷസം, പൈശാചം എന്നിവയിൽ സ്ത്രീധനം അനുഭവിച്ചാൽ മോഷണശിക്ഷ നൽകണം.

അക്കാലത്ത് ബഹുഭാര്യാത്വം നിയമവിധേയമായിരുന്നു. പക്ഷേ കൃത്യമായ കാരണങ്ങൾ ഉണ്ടായാലേ ഇത് സാധ്യമാകൂ.

ഭർത്താവ് മരിച്ചാൽ ധർമവിശ്വാസിയായ ഭാര്യ ആഭരണങ്ങൾ അഴിച്ചുവയ്ക്കണം. അനുഭവിച്ചുകഴിഞ്ഞ് ബാക്കി സ്ത്രീധനവും ആഭരണവും ഭർത്തൃമാതാപിതാക്കളിൽനിന്ന് വാങ്ങേണ്ടതാണ്. പിന്നെ മറ്റൊരു ഭർത്താവിനെ സ്വീകരിച്ചാൽ അതു രണ്ടും പലിശയോടെ തിരിച്ചുകൊടുക്കണം. സന്താനലബ്ധി ആഗ്രഹിക്കുന്നവളാണെങ്കിൽ പിതാവും ഭർത്താവും നല്കിയ സ്ത്രീധനം അന്യഭർത്തൃസ്വീകരണത്തിൽ അവൾക്കു ലഭിക്കും. ഭർതൃപിതാവിന്റെ അഭിമതത്തിന് വിപരീതമായി പുനർവിവാഹം ചെയ്താൽ അവളിൽനിന്ന് ഭർതൃപിതാവും ഭർത്താവും നൽകിയ ധനം തിരിച്ചുപിടിക്കാം. ഭർത്താവിന്റെ മരണശേഷം പിതാവു വഴിക്കുള്ള ബന്ധു / ചാർച്ചക്കാരുടെ സംരക്ഷണയിൽ ഇരിക്കുന്ന സ്ത്രീ പുനർവിവാഹം ചെയ്താൽ അവൾക്ക് ഭർത്താവിന്റെ പിതാവും ഭർത്താവും നൽകിയ ധനം തങ്ങൾ ഏറ്റുവാങ്ങിയതുപോലെ അവർ തിരിച്ചുകൊടുക്കണം. ന്യായപ്രകാരം അന്യപുരുഷനെ സ്വീകരിച്ച സ്ത്രീയുടെ ധനത്തെ അവളുടെ പുതിയ ഭർത്താവ് സംരക്ഷിക്കണം. പുനർവിവാഹം ചെയ്താൽ അവളുടെ ഭർത്താവ് കൊടുത്ത ധനം മടക്കികൊടുക്കണം. പുനർ വിവാഹിതയാകാതെയിരിക്കുന്നപക്ഷം അവൾക്ക് അനുഭവിക്കുകയും ചെയ്യാം.

ഗാനന്ധർവ വിവാഹം
ഗാനന്ധർവ വിവാഹം

പുത്രവതിയായ സ്ത്രീ പുനർവിവാഹം ചെയ്താൽ അവൾക്ക് സ്ത്രീധനം കിട്ടില്ല. അത് പുത്രന്മാർക്കു വീതിച്ചെടുക്കാം. പുത്രന്മാരില്ലാത്ത വിധവയായാൽ പാതിവൃത്യം പാലിച്ച് ഗുരുസമീപത്തിലിരുന്ന് മരണം വരെ സ്ത്രീധനം നശിപ്പിക്കാതെ അനുഭവിക്കാം. അത് അവളുടെ മരണശേഷം ശേഷക്രിയ ചെയ്യുന്നവർക്കു ലഭിക്കും. ഭർത്താവ് ജീവിച്ചിരിക്കുമ്പോൾ ഭാര്യ മരിച്ചുപോയാൽ സ്ത്രീധനം സന്തതികൾ പങ്കിട്ടെടുക്കണം. പുത്രന്മാരില്ലെങ്കിൽ പുത്രിമാർക്കും സന്തതികളില്ലെങ്കിൽ ഭർത്താവിനും എടുക്കാം.

ബഹുഭാര്യാത്വം

അക്കാലത്ത് ബഹുഭാര്യാത്വം നിയമവിധേയമായിരുന്നു. പക്ഷേ കൃത്യമായ കാരണങ്ങൾ ഉണ്ടായാലേ ഇത് സാധ്യമാകൂ. ഒരിക്കൽ പെറ്റിട്ട് പിന്നെ പെറാത്തവളെ, പുത്രന്മാരില്ലാത്തവളെ, വന്ധ്യയായ ഭാര്യയെ, എട്ടു സംവത്സരവും ചാപിള്ളയെ പ്രസവിക്കന്നവളെ, പത്തു സംവത്സരവും പുത്രനുണ്ടാകുമോ എന്ന് പരീക്ഷിക്കാൻ വേണ്ടി കാത്തിരിക്കണം. അതിനുശേഷം ഭർത്താവിന് രണ്ടാം വിവാഹമാകാം. ഈ കാലനിബന്ധനയ്ക്കു വിപരീതമായി പ്രവർത്തിച്ചാൽ സ്ത്രീധനവും രണ്ടാം വിവാഹത്തിൽ നിന്നു ലഭിക്കുന്ന ധനത്തിൽ പകുതിയും ആദ്യ ഭാര്യക്കു നൽകണം. 24 പണം പിഴയായി രാജാവിനടക്കണം. സ്ത്രീധനമായി ഒന്നും ലഭിച്ചിട്ടില്ലാത്ത സന്ദർഭത്തിൽപോലും ഭാര്യക്ക് ഉപജീവനത്തിനായി വൃത്തി നൽകിയാൽ ബഹുഭാര്യാത്വമാകാം. പുത്രസന്താനം ഉണ്ടാകുന്നതുവരെ എത്ര വിവാഹവും ആകാം.

ദാമ്പത്യ നിബന്ധനകൾ

ഒരാളുടെ ഭാര്യമാരെല്ലാം ഏക കാലത്ത് ഋതുമതികളായാൽ ആദ്യ ഭാര്യയേയോ പുത്രനെ പ്രസവിച്ച ഭാര്യയേയോ ആണ് ആദ്യം സമീപിക്കേണ്ടത്. ആർത്തവകാലം മറച്ചുവെച്ചാലും യഥാകാലം സമീപിക്കാതിരുന്നാലും 96 പണം പിഴ. പുത്രന്മാരുള്ളവളോ പുത്രാർത്ഥം ഉപവസിക്കുന്നവളോ സന്യാസജീവിതം നയിക്കാനഗ്രഹിക്കുന്നവളോ വന്ധ്യയോ ചാപിള്ളയെ പ്രസവിക്കുന്നവളോ ആർത്തവവിരാമം വന്നവളോ താല്പര്യമില്ലാത്തവളോ ആയ ഭാര്യയെ പുരുഷൻ പ്രാപിക്കരുത്. സ്ത്രീക്ക് കുഷ്ഠമോ ഭ്രാന്തോ ആയാലും പ്രാപിക്കരുത്. എന്നാൽ ഒരു സ്ത്രീക്ക് പുത്രലബ്ധിക്കായി അപ്രകാരമുള്ള ഭർത്താവിനെയും പ്രാപിക്കണം.

അക്കാലത്ത് ബഹുഭാര്യാത്വം നിയമവിധേയമായിരുന്നു. പക്ഷേ കൃത്യമായ കാരണങ്ങൾ ഉണ്ടായാലേ ഇത് സാധ്യമാകൂ. ഒരിക്കൽ പെറ്റിട്ട് പിന്നെ പെറാത്തവളെ,
അക്കാലത്ത് ബഹുഭാര്യാത്വം നിയമവിധേയമായിരുന്നു. പക്ഷേ കൃത്യമായ കാരണങ്ങൾ ഉണ്ടായാലേ ഇത് സാധ്യമാകൂ. ഒരിക്കൽ പെറ്റിട്ട് പിന്നെ പെറാത്തവളെ,

ഭാര്യ എട്ടുകൊല്ലം വരെ ഗർഭം ധരിക്കുന്നില്ലെങ്കിലോ ചാപിള്ളയെ പ്രസവിക്കുകയാണെങ്കിലോ പത്തു കൊല്ലം വരെയും പെൺകുട്ടികളെ മാത്രം പ്രസവിക്കുന്നുവെങ്കിൽ പന്ത്രണ്ടു കൊല്ലം വരെയും കാത്തിരുന്നിട്ട് ഒരു പുത്രനുവേണ്ടി പുനർവിവാഹം കഴിക്കാം. ഈ കാലപരിധി പാലിക്കാതിരുന്നാൽ സ്ത്രീധനം ഒന്നര മടങ്ങായി തിരിച്ചുകൊടുക്കണം. 24 പണം പിഴയായി രാജാവിന് നൽകുകയും വേണം. പുത്രസന്താനം ഉണ്ടാകുന്നതുവരെ എത്ര വിവാഹവും ആകാം. ഭർത്താവ് നീചനായാലും നാടുവിട്ടാലും രാജാവിനെതിരെ കുറ്റം ചെയ്താലും ശക്തിക്ഷയം സംഭവിച്ചാലും ഭാര്യക്ക് അയാളെ ഉപേക്ഷിക്കാം.

ഭർത്താവ് വിലക്കിയിട്ടും സ്ത്രീ കാമക്രീഡയിലും മദ്യക്രീഡയിലും ഏർപ്പെട്ടാൽ മൂന്നു പണം പിഴ. പകൽ സ്ത്രീകൾ നടത്തുന്ന കൂത്താട്ടവും ഉദ്യാനക്രീഡകളും കാണാൻ പോയാൽ ആറ് പണം പിഴ.

വിവാഹാനുബന്ധ വ്യവഹാരങ്ങൾ

കോടതിയിൽ വാദിക്കപ്പെടുന്ന വഴക്ക്, തർക്കം എന്നൊക്കെയാണ് വ്യവഹാരത്തിന്റെ സാമാന്യാർഥം . അതേ അർഥമാണ് കൗടലീയത്തിലും. വ്യവഹാരങ്ങളിൽ മുന്തിയ പരിഗണന വിവാഹ സംബന്ധമായ കാര്യങ്ങൾക്കാണ് എന്നാണ് കൗടല്യപക്ഷം. മനുവിന്റെ അഭിപ്രായത്തിൽ ഋണദാനമാണ്. വിവാഹത്തിൽ സ്ത്രീധനത്തെ സംബന്ധിച്ചും വിവാഹമോചനത്തെ സംബന്ധിച്ചുമുള്ള വ്യവഹാരങ്ങളാണുണ്ടാകുന്നത്.

പ്രായപൂർത്തിയെന്നത് വ്യവഹാരപ്രാപ്തരാകുക എന്നായിരുന്നു കൗടലീയത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. 12 വയസ്സ് പെൺകുട്ടിക്കും 16 വയസ്സ് ആൺകുട്ടിക്കും ആകുന്നതോടെ അവർ വ്യവഹാരപ്രാപ്തരാകും. അതിനുശേഷം ഗുരുജങ്ങളെ (ഭർത്താവിനെ) അനുസരിക്കാതിരുന്നാൽ പെൺകുട്ടിക്ക് 12 പണവും ആണിന് 24 പണവുമാണ് പിഴ.

ഒരു സ്ത്രീക്ക് ചെലവിനുള്ള ധനം ഇത്ര കാലത്തേക്ക് ഇന്നത് എന്ന് നിർദേശിച്ചിട്ടില്ലെങ്കിൽ ഭർത്താവ് അന്നവസ്ത്രങ്ങൾക്കായി ആശ്രിതർക്കെന്നപോലയോ അതിലും കൂടുതലോ ഭാര്യക്കു നൽകണം. കാലനിർദേശം ചെയ്തിട്ടുള്ളപക്ഷം അതുതന്നെ കൃത്യമായി കൊടുക്കണം. കുടിശ്ശികയുണ്ടെങ്കിൽ അതും. സ്ത്രീധനം തിരികെ വാങ്ങാത്ത ഒരു സ്ത്രീയെ സംബന്ധിച്ചും ഇതുതന്നെയാണ് നടപ്പ്. ഒരു സ്ത്രീ ഭർത്താവിന്റെ പിതാവിനൊപ്പം താമസിക്കുകയോ ഭാഗം വാങ്ങി പിരിയുകയോ ചെയ്താൽ ഭർത്താവിനെതിരായി കേസ് കൊടുക്കാൻ പാടില്ല.

ഒരു സ്ത്രീക്ക് ചെലവിനുള്ള ധനം ഇത്ര കാലത്തേക്ക് ഇന്നത് എന്ന് നിർദേശിച്ചിട്ടില്ലെങ്കിൽ ഭർത്താവ് അന്നവസ്ത്രങ്ങൾക്കായി ആശ്രിതർക്കെന്നപോലയോ അതിലും കൂടുതലോ ഭാര്യക്കു നൽകണം.
ഒരു സ്ത്രീക്ക് ചെലവിനുള്ള ധനം ഇത്ര കാലത്തേക്ക് ഇന്നത് എന്ന് നിർദേശിച്ചിട്ടില്ലെങ്കിൽ ഭർത്താവ് അന്നവസ്ത്രങ്ങൾക്കായി ആശ്രിതർക്കെന്നപോലയോ അതിലും കൂടുതലോ ഭാര്യക്കു നൽകണം.

ഭാര്യ അവനീതയായിരുന്നാൽ ഭർത്താവിന് അച്ഛനില്ലാത്തവളെ, അമ്മയില്ലാത്തവളെ എന്നൊക്കെ വാക് പാരുഷ്യമാകാം. ചീത്ത വിളിക്കാം എന്നു സാരം. കൈ, കയർ, മുളംചിന്ത് എന്നിവയിൽ ഒന്നുകൊണ്ട് പൃഷ്ഠത്തിൽ മൂന്ന് അടിയടിക്കാം. ഇതിൽ കൂടുതലായാൽ വാക് പാരുഷ്യത്തിനും ദണ്ഡപാരുഷ്യത്തിനുമുള്ള പിഴയിൽ പകുതി ഭർത്താവിന് വിധിക്കും. പരസ്ത്രീബന്ധം കാരണം ഭർത്താവിനോട് ഈർഷ്യ തോന്നിയാൽ ഭർത്താവിനെതിരെ മേല്പറഞ്ഞ ശിക്ഷ ഭാര്യക്കും നൽകാം. അനുവദിച്ചിരിക്കുന്ന പരിധിയിൽ അധികമായാൽ ശിക്ഷ ഭാര്യക്കും ലഭിക്കും.

ഭർത്താവിനെ വെറുക്കുന്ന സ്ത്രീ ഏഴു ഋതു (ആർത്തവം) കാലം മുഴുവൻ ഭർത്താവിനെ അഭിഗമിക്കാതിരുന്നിട്ട് പിന്നെ ആകാമെന്നു തോന്നിയാൽ അപ്പോൾത്തന്നെ ആഭരണങ്ങൾ ഭർത്താവിന്റെ കയ്യിൽ ന്യാസമായി കൊടുത്തിട്ട് അന്യസ്ത്രീയോടുകൂടി ശയിക്കുന്ന അദ്ദേഹത്തിന്റെ അടുത്ത് പശ്ചാത്താപത്തോടുകൂടി ചെല്ലണം. അയാൾ അവളെ അവിടെ കീഴെ ഒരിടത്തു കിടത്തുകയാണു വേണ്ടത്.

ഭർത്താവ് ഭാര്യയെ വെറുക്കുന്നതായാൽ ഭിക്ഷുകി, സ്ത്രീധനം സൂക്ഷിക്കുന്നവർ, ജ്ഞാതി എന്നിവരിൽ ആരുടെയെങ്കിലും വീട്ടിൽ ഏകയായി കഴിയുന്ന ഭാര്യയുടെ സമീപത്ത് പശ്ചാത്താപത്തോടെ ചെല്ലണം. അവിടെ ഭാര്യ മറ്റൊരു സ്ത്രീയോടുകൂടി കിടക്കണം. ഭർത്താവ് അന്യസ്ത്രീയോടുകൂടി സംഗമിക്കുകയോ സവർണയായ ദൂതിയെ ഉപഗമിക്കുകയോ ചെയ്തതിന് തെളിവുണ്ടായിട്ടും മിഥ്യാവാദം ചെയ്യുന്നതാകിൽ അദ്ദേഹം 12 പണം പിഴ കൊടുക്കണം.

വിവാഹമോചനം

ഭാര്യയിൽനിന്ന് മോചനം ഇഷ്ടമില്ലാത്ത ഭർത്താവിന് തന്നെ വെറുക്കുന്ന ഭാര്യയെയോ തിരിച്ചോ ഉപേക്ഷിക്കാൻ പറ്റില്ല. പരസ്പരം വെറുപ്പുണ്ടെങ്കിലേ ഉപേക്ഷിക്കാനാവൂ. സ്ത്രീയുടെ അപരാധം കൊണ്ട് പുരുഷൻ മോചനം ആവശ്യപ്പെട്ടാൽ അവളിൽനിന്ന് വാങ്ങിയ സ്ത്രീധനം തിരിച്ചുനൽകണം. പുരുഷന്റെ അപരാധം കൊണ്ട് സ്ത്രീ മോചനം ആവശ്യപ്പെട്ടാൽ സ്ത്രീധനം കൊടുക്കേണ്ടതില്ല. ധർമവിവാഹങ്ങളുടെ കാര്യത്തിൽ മോചനം അനുവദിക്കുകയില്ല.

കുറ്റവും ശിക്ഷയും

ഭർത്താവ് വിലക്കിയിട്ടും സ്ത്രീ കാമക്രീഡയിലും മദ്യക്രീഡയിലും ഏർപ്പെട്ടാൽ മൂന്നു പണം പിഴ. പകൽ സ്ത്രീകൾ നടത്തുന്ന കൂത്താട്ടവും ഉദ്യാനക്രീഡകളും കാണാൻ പോയാൽ ആറ് പണം പിഴ, പുരുഷന്മാർ നടത്തുന്ന കൂത്താട്ടവും ഉദ്യാനക്രീഡകളും കാണാൻ പോയാൽ പന്ത്രണ്ടു പണം പിഴ. രാത്രിയിലാണെങ്കിൽ പിഴ ഇരട്ടി.

ഭർത്താവ് ഉറങ്ങുമ്പോൾ ചെയ്തതിനും മദിച്ചിരിക്കുമ്പോൾ ചെയ്തതിനും വീട്ടിൽനിന്ന് പിണങ്ങിപ്പോകുന്നവളാണെങ്കിലും ഭർത്താവ് വരുമ്പോൾ വാതിലടച്ചിരുന്നാലും പന്ത്രണ്ടു പണം പിഴ. രാത്രിയിലാണെങ്കിൽ 24 പണം പിഴ.

ഭാര്യക്ക് ജീവനാംശം നൽകിയാൽ പുരുഷന് ബഹുഭാര്യാത്വം ആകാമെന്ന അധികാരം, സ്ത്രീക്കുള്ള വ്യവഹാര അവകാശം, വിവാഹം കഴിഞ്ഞ സ്ത്രീയുടെ ചലനസ്വാതന്ത്ര്യം, വിവാഹമോചന- പുനർവിവാഹ സാധ്യതകൾ തുടങ്ങിയവയെല്ലാം സൂക്ഷ്മാർത്ഥത്തിൽ പുരുഷകേന്ദ്രിതമാണെന്നു നിസ്സംശയം പറയാം

സ്ത്രീപുരുഷന്മാർ അസഭ്യമായ ശൃംഗാരചേഷ്ടകൾ കാണിക്കുകയോ രഹസ്യമായി അസഭ്യഭാഷണം ചെയ്താലോ 24 പണം സ്ത്രീക്ക് പിഴ. പുരുഷന് അത് ഇരട്ടി. മുടി, മടിക്കുത്ത് എന്നിവയിൽ പിടിച്ചാലും കടിച്ചാലും മാന്തിയാലും സ്ത്രീക്ക് പൂർവ്വസാഹസം പിഴ (250 പണം), പുരുഷന് ഇരട്ടി പിഴ.

സംശയിക്കത്തക്ക സ്ഥാനത്തുവച്ച് സംഭാഷണം നടത്തിയാൽ അടി ശിക്ഷ വിധിക്കണം. അങ്ങനെ ചെയ്യുന്ന സ്ത്രീകളുടെ രണ്ടു പാർശ്വഭാഗങ്ങളിലും ഗ്രാമമധ്യത്തിൽ വച്ച് ചണ്ഡാളനെ കൊണ്ട് അയ്യഞ്ചു വീതം അടിപ്പിക്കണം. അടി ഒന്നിന് ഓരോ പണം പിഴ നൽകിയാൽ അടി ഒഴിവാക്കാം. പരസ്പരം ഉപകാരം ചെയ്യുന്നതിൽ വിലക്കുള്ള സ്ത്രീപുരുഷന്മാർ മാല, ലേപനവസ്തുക്കൾ എന്നിവ സമ്മാനമായി കൊടുത്താൽ 12 പണവും വസ്ത്രാദികൾ കൊടുത്താൽ 24 പണവും പിഴ. സ്വർണം കൊടുത്താൽ 54 പണം പിഴ സ്ത്രീക്ക്. പുരുഷനാണെങ്കിൽ ഇരട്ടി പിഴ. വിലക്കുള്ള സഹോദരി സഹോദരന്മാരാണെങ്കിൽ പിഴ പകുതി. വിലക്കുള്ള പുരുഷന്മാരുമായി ഇടപാടുകൾ നടത്തിയാലും ശിക്ഷ ഇതുതന്നെ.

ഭർത്താവിന്റെ അപരാധം കാരണമായിട്ടല്ലാതെ ഭർത്തൃഭവനത്തിൽ നിന്ന് പുറത്തേക്കുപോയ സ്ത്രീക്ക് ആറു പണം പിഴ. പോകരുതെന്നത് നിഷേധിച്ചിട്ടാണെങ്കിൽ 12 പണം പിഴ. അയൽ വീട് കഴിഞ്ഞുപോയെങ്കിൽ 6 പണം പിഴ.

ഒരാളുടെ ഭാര്യമാരെല്ലാം ഏക കാലത്ത് ഋതുമതികളായാൽ ആദ്യ ഭാര്യയേയോ പുത്രനെ പ്രസവിച്ച ഭാര്യയേയോ ആണ് ആദ്യം സമീപിക്കേണ്ടത്.
ഒരാളുടെ ഭാര്യമാരെല്ലാം ഏക കാലത്ത് ഋതുമതികളായാൽ ആദ്യ ഭാര്യയേയോ പുത്രനെ പ്രസവിച്ച ഭാര്യയേയോ ആണ് ആദ്യം സമീപിക്കേണ്ടത്.

അയൽവാസി, ഭിക്ഷു, ദുഷ്ടനായ കച്ചവടക്കാരൻ എന്നിവർക്ക് താമസിക്കാൻ സൗകര്യം നൽകുകയോ ഭിക്ഷ നൽകുകയോ അവരുടെ പണയം വാങ്ങുകയോ ചെയ്താൽ 12 പണം പിഴ. വിലക്കപ്പെട്ടവരുമായുള്ള ഇടപാടുകൾക്ക് പൂർവ്വസാഹസദണ്ഡം. അയൽവീടുകൾ അതിക്രമിച്ചുപോയെങ്കിൽ 24 പണം ദണ്ഡം. അന്യന്റെ ഭാര്യക്ക് ആപത്തുകളിലൊഴികെ താമസിക്കാൻ സ്ഥലം കൊടുത്താൽ 100 പണം പിഴ . വാരണം ചെയ്തിട്ടോ അറിയാതെയോ ആണ് അവൾ വന്നതെങ്കിൽ ദോഷമില്ല.

ഭിക്ഷുകിയോ ജ്ഞാതിയോ ആയ സ്ത്രീയുടെ വീട്ടിൽ പുരുഷന്മാരില്ലാത്തപ്പോൾ പോകുന്നതിനു ദോഷമില്ലെന്നു മാത്രമല്ല, അവിടെ പുരുഷന്മാരുണ്ടായാലും ദോഷമില്ല. ബന്ധുഗ്രഹങ്ങളിൽ അതെളുപ്പം അറിയും എന്നതുകൊണ്ട് വ്യഭിചാരണം നടക്കാൻ സാധ്യതയില്ലെന്നതാണ് സമാധാനമായി കൗടല്യൻ പറയുന്നത്.

ഭർത്താവിനായി കാത്തിരിക്കേണ്ടവളും വിവാഹമോചനം ഏകപക്ഷീയമായി അനുഭവിക്കേണ്ടവളും പിഴനൽകേണ്ടവളുമൊക്കെയായ വിവാഹ ഇരകളെയാണ് വ്യവഹാര സ്വത്വത്തിന്റെ വിധിപത്രമായി കൗടല്യൻ അവതരിപ്പിക്കുന്നത്.

മരണം, വ്യാധി, വ്യസനം, ഗർഭം എന്നിവ നിമിത്തം ബന്ധുഗൃഹസന്ദർശനത്തിനു പോകുന്ന സ്ത്രീയെ തടയുന്ന പുരുഷന് 12 പണം പിഴ. ആ വക സന്ദർഭങ്ങളിലും സ്ത്രീ വിവരം മറച്ചുവച്ചാൽ സ്ത്രീധനം പിടിച്ചെടുക്കാം. ജ്ഞാതികൾ സ്വഗൃഹത്തിൽ സ്ത്രീയെ ഒളിപ്പിച്ചിരുത്തിയാൽ അവർക്കു ചെല്ലേണ്ടുന്ന സ്ത്രീധന പങ്ക് നഷ്ടപ്പെടും.

ഭർതൃഗൃഹത്തിൽനിന്ന് പുറത്താക്കപ്പെട്ട് മറ്റൊരു ഗ്രാമത്തിലേക്കു പോയാൽ 12 പണം പിഴ. ഭർത്താവിന്റെ കയ്യിലേൽപ്പിച്ച സ്ത്രീധനവും ആഭരണങ്ങളും നഷ്ടപ്പെടുകയും ചെയ്യും. ഏതെങ്കിലും പുരുഷന്റെ കൂടെ പുറപ്പെട്ടുപോയാൽ 24 പണം പിഴ. ചെലവിനു കൊടുക്കൽ, ഋതുകാലത്തിലുള്ള ഗമനം എന്നിവ ഒഴികെ ഭർത്താവുമായിട്ടുള്ള സർവ ധർമ്മങ്ങൾക്കുമുള്ള അധികാരം ഇല്ലാതാകുകയും ചെയ്യും.

ഒരു സ്ത്രീയെ ഗ്രാമാന്തരങ്ങളിലേക്കു കൊണ്ടുപോകുന്ന പുരുഷൻ സ്ത്രീക്കുതുല്യമുള്ള ശ്രേഷ്ഠതയുള്ളവനാണെങ്കിൽ പൂർവ്വസാഹസ ശിക്ഷയും ശ്രേഷ്ഠത കുറഞ്ഞവനാണെങ്കിൽ മധ്യമസാഹസ ശിക്ഷയും ആണ് വിധി. കൂടെ പോകുന്നത് ബന്ധുവാണെങ്കിൽ ദണ്ഡമില്ലെങ്കിലും വിലക്ക് ധിക്കരിച്ച് കൊണ്ടുപോയാൽ പകുതി പിഴ.

വഴിവിട്ട് ദുരെകൊണ്ടുപോയാലും ഗൂഢ പ്രദേശത്തേക്ക് കൊണ്ടുപോയാലും മൈഥുനലക്ഷ്യമാണെന്ന് കണക്കാക്കും. സംശയമുള്ളവനോ വിലക്കുള്ളതോ ആയ പുരുഷനെ പിന്തുടർന്നുപോയാൽ സംഗ്രഹണമാണ് ഉദ്ദേശ്യം എന്നും കണക്കാക്കും. സ്ത്രീക്ക് മുക്കും ചെവിയും മുറിക്കലും പുരുഷന് വധശിക്ഷയും ലഭിക്കും.

താളാവചരൻ, ചാരണൻ, മൽസ്യബന്ധകൻ, ലുബ്ധകൻ, ഗോപാലകൻ, ശൗണ്ഡികൻ എന്നിവരുടെയും  സ്ത്രീകളോടുകൂടി സഞ്ചരിക്കുന്ന മറ്റുള്ളവരുടെയും സ്ത്രീകൾക്ക് അകമ്പടി കൊണ്ട് ദോഷമില്ല.
താളാവചരൻ, ചാരണൻ, മൽസ്യബന്ധകൻ, ലുബ്ധകൻ, ഗോപാലകൻ, ശൗണ്ഡികൻ എന്നിവരുടെയും സ്ത്രീകളോടുകൂടി സഞ്ചരിക്കുന്ന മറ്റുള്ളവരുടെയും സ്ത്രീകൾക്ക് അകമ്പടി കൊണ്ട് ദോഷമില്ല.

താളാവചരൻ, ചാരണൻ, മൽസ്യബന്ധകൻ, ലുബ്ധകൻ, ഗോപാലകൻ, ശൗണ്ഡികൻ എന്നിവരുടെയും സ്ത്രീകളോടുകൂടി സഞ്ചരിക്കുന്ന മറ്റുള്ളവരുടെയും സ്ത്രീകൾക്ക് അകമ്പടി കൊണ്ട് ദോഷമില്ല. അവരിൽ ഭർത്താവിന്റെ പ്രതിഷേധമുണ്ടായിട്ടും കൊണ്ടുപോകുന്ന പുരുഷനും അങ്ങനെ പോകുന്ന സ്ത്രീക്കും പകുതി ദണ്ഡം വീതം വിധിക്കും.

ഭർത്താവിനായുള്ള കാത്തിരുപ്പുകാലവും പുനർവിവാഹാവകാശവും

പ്രവാസത്തിനുപോയ ഭർത്താവിനെ എത്രകാലം വരെ കാത്തിരിക്കണമെന്ന വ്യവസ്ഥ ചാതുർ വർണ്യാടിസ്ഥാനത്തിൽ നിശ്ചയിച്ചിട്ടുണ്ട്. ശൂദ്രൻ, വൈശ്യൻ, ക്ഷത്രിയൻ, ബ്രാഹ്മണൻ എന്നിവരുടെ പ്രസവിച്ചിട്ടില്ലാത്ത ഭാര്യമാർ ഹൃസ്വകാല പ്രവാസത്തിനുപോയ ഭർത്താവിനുവേണ്ടി യഥാക്രമം 1,2,3,4 സംവത്സരങ്ങളും പ്രസവിച്ചിട്ടുള്ളവരാണെങ്കിൽ ഒരാണ്ട് അധികം വീതവും കാത്തിരിക്കണം. ചെലവിനുള്ളത് തന്നിട്ടാണ് പോയിട്ടുണ്ടെങ്കിൽ മേല്പറഞ്ഞതിന്റെ ഇരട്ടിക്കാലവും കാത്തിരിക്കണം. അങ്ങനെയല്ലാത്ത സ്ത്രീകളെ ധനവാന്മാരായ ബന്ധുക്കളോ വിവാഹത്തിന് ജാമ്യമായി നിന്നിരുന്നവരോ നാലോ എട്ടോ കൊല്ലം നോക്കണം. പിന്നീട് സ്ത്രീധനം കൊടുത്തു ബന്ധുക്കളുടെ ദേശത്തേക്കു അയക്കണം.

12 വയസ്സോടെ ആർജിക്കുന്ന വ്യവഹാരസ്വത്വമാണ് സ്ത്രീക്ക് കൗടല്യൻ കൽപിച്ചേകിയതെന്നതൊഴിച്ചാൽ ബാക്കിയെല്ലാം സർവംസഹയും പുരുഷാധീനതയിൽ അഭയം നേടുന്നവളും സമത്വവ്യക്തിത്വം അവകാശപ്പെടാനില്ലാത്തവളും ഗമനസ്വാതന്ത്ര്യമില്ലാത്തവളും ആശ്രിതയുമൊക്കെയായുള്ള ഭാര്യാസ്വത്വമാണ്.

വിദ്യാഭ്യാസത്തിന് ദേശാന്തരത്തേക്കു പോയ ബ്രാഹ്മണനെ അദ്ദേഹത്തിന്റെ പ്രസവിക്കാത്ത ഭാര്യ പത്തു സംവത്സരവും പ്രസവിച്ചവർ 12 സംവത്സരവും പ്രതീക്ഷിച്ചിരിക്കണം. രാജപുരുഷനെ മരണം വരെ കാത്തിരിക്കണം. കാലയളവ് കഴിഞ്ഞാൽ അവൾക്ക് സവർണനായ പുരുഷനിൽ നിന്ന് ഗർഭം ധരിക്കാം. അതിൽ അപവാദമുണ്ടാകില്ല . ബന്ധുകുടുംബത്തിൽ സമ്പത്തില്ലാതിരിക്കുകയും ജാമ്യക്കാർ വിട്ടയക്കുകയും ചെയ്ത സ്ത്രീക്ക് ജീവിക്കാൻ യഥേഷ്ഠം ഒരു പുരുഷനെ സ്വീകരിക്കാം. ആപത്തിലും ആപത് നിവാരണത്തിനായി ഒരു പുരുഷനെ സ്വീകരിക്കാം.

ധർമവിവാഹമനുസരിച്ചു നടന്ന വിവാഹത്തിൽ കുമാരിയായ ഭാര്യ തന്റെ അറിവില്ലാതെ പോയ ഭർത്താവിനെക്കുറിച്ച് വിവരങ്ങളൊന്നും ഇല്ലാത്തപക്ഷം ഏഴു ഋതുകാലങ്ങളും വിവരമുണ്ടെങ്കിൽ ഒരു സംവത്സരവും പ്രതീക്ഷിക്കണം. വിവരം പറഞ്ഞുപോയ ഭർത്താവിനെ കുറിച്ച് വിവരമൊന്നുമില്ലെങ്കിൽ അഞ്ചു ഋതുകാലവും വിവരമുണ്ടെങ്കിൽ പത്തു ഋതു കാലവും പ്രതീക്ഷിക്കണം. സ്ത്രീധനത്തിന്റെ ചെറിയ ഭാഗം മാത്രം തന്നുപോയ ഭർത്താവിനെകുറിച്ച് വിവരമില്ലെങ്കിൽ മുന്ന് ഋതുകാലവും വിവരമുണ്ടെങ്കിൽ ഏഴു ഋതുകാലവും കാത്തിരിക്കണം. സ്ത്രീധനം മുഴുവനും കൊടുത്തിട്ടുപോയ ഭർത്താവിനെ വിവരമൊന്നുമില്ലെങ്കിൽ അഞ്ചു ഋതുകാലവും വിവരമുണ്ടെങ്കിൽ പത്തു ഋതുകാലവും പ്രതീക്ഷിക്കണം. അതിനുശേഷം ന്യായാധിപന്മാരുടെ സമ്മതത്തോടെ പുനർ വിവാഹമാകാം. നീണ്ടകാലം പ്രവാസം ചെയ്തിട്ട് സന്യാസിയാവുകയോ മരണപ്പെടുകയോ ചെയ്തവന്റെ ഭാര്യ പ്രസവിക്കാത്തവളാണെങ്കിൽ ഏഴു ഋതുകാലവും പ്രസവിച്ചു കഴിഞ്ഞവളാണെങ്കിൽ ഒരു സംവത്സരവും കാത്തിരിക്കണം. അതിനുമേൽ ഭർത്താവിന്റെ സഹോദരനെ ന്യായം പോലെ വിവാഹം കഴിക്കാം.

പുരാതന ഇന്ത്യൻ വിവാഹം
പുരാതന ഇന്ത്യൻ വിവാഹം

മേൽവിവരിച്ച സ്ത്രീധനം, അതിന്റെ ഉപയോഗാവകാശം, സ്ത്രീ സന്താനോല്പാദന യന്ത്രമെന്ന സങ്കൽപം, അതിൽത്തന്നെ പുത്രോല്പാദനത്തിനുള്ള പ്രാമുഖ്യം, പുത്രോല്പാദനവീഴ്ച ബഹുഭാര്യാത്വത്തിനുള്ള കാരണങ്ങളിലൊന്ന്, ഭാര്യക്ക് ജീവനാംശം നൽകിയാൽ പുരുഷന് ബഹുഭാര്യാത്വം ആകാമെന്ന അധികാരം, സ്ത്രീക്കുള്ള വ്യവഹാര അവകാശം, വിവാഹം കഴിഞ്ഞ സ്ത്രീയുടെ ചലനസ്വാതന്ത്ര്യം, വിവാഹമോചന- പുനർവിവാഹ സാധ്യതകൾ തുടങ്ങിയവയെല്ലാം സൂക്ഷ്മാർത്ഥത്തിൽ പുരുഷകേന്ദ്രിതമാണെന്നു നിസ്സംശയം പറയാം. തുണയ്ക്കുപോയാലും ലൈംഗിക താല്പര്യമാണെന്ന മുൻധാരണയും അതിലേറെ സ്ത്രീയെന്നാൽ ലൈംഗിക ഉരുപ്പടിയാണെന്ന ബോധ്യവും കൗടലീയം സൂക്ഷിച്ചുവയ്ക്കുന്നുണ്ട്. 12 വയസ്സോടെ ആർജിക്കുന്ന വ്യവഹാരസ്വത്വമാണ് സ്ത്രീക്ക് കൗടല്യൻ കൽപിച്ചേകിയതെന്നതൊഴിച്ചാൽ ബാക്കിയെല്ലാം സർവംസഹയും പുരുഷാധീനതയിൽ അഭയം നേടുന്നവളും സമത്വവ്യക്തിത്വം അവകാശപ്പെടാനില്ലാത്തവളും ഗമനസ്വാതന്ത്ര്യമില്ലാത്തവളും ആശ്രിതയുമൊക്കെയായുള്ള ഭാര്യാസ്വത്വമാണ്. ഭർത്താവിനായി കാത്തിരിക്കേണ്ടവളും വിവാഹമോചനം ഏകപക്ഷീയമായി അനുഭവിക്കേണ്ടവളും പിഴനൽകേണ്ടവളുമൊക്കെയായ വിവാഹ ഇരകളെയാണ് വ്യവഹാര സ്വത്വത്തിന്റെ വിധിപത്രമായി കൗടല്യൻ അവതരിപ്പിക്കുന്നത്. ഇതിൽ പ്രതിപാദിക്കുന്ന പല വിഷയങ്ങളും ഇന്ന് കുടുംബകോടതിയിൽ തീർപ്പിനായി കാത്തുനിൽക്കുന്നവയാണ്.

ബി.സി നാലാം നൂറ്റാണ്ടിൽനിന്ന് എ ഡി 21ാം നൂറ്റാണ്ടിലെത്തിയിട്ടും സ്ത്രീയെ കുറിച്ചുള്ള സങ്കല്പത്തിലും സ്ത്രീധന സമ്പ്രദായത്തിലും അവരോടുള്ള മനോഭാവത്തിലും സമീപനത്തിലും അടിസ്ഥാനപരമായ മാറ്റമുണ്ടാകുന്നില്ലെങ്കിൽ, സമത്വദൃഷ്ടി ഇതുവരെയും വികസിച്ചില്ലെങ്കിൽ നാം ആർജിച്ചുവെന്ന് അവകാശപ്പെടുന്ന സംസ്കാരത്തിന്റെ പൊരുളെന്താണ്, രാഷ്ട്രീയപ്രബുദ്ധതയുടെ കാതലെന്താണ് എന്നീ ചോദ്യങ്ങൾ ചോദിക്കാൻ കൗടലീയം വേദിയൊരുക്കുന്നുണ്ട്.


Summary: There is no fundamental change in discourses about women from the 4th century BC to the 21st century. M Sreenathan analyses Kautilya's Arthashastra.


എം. ശ്രീനാഥൻ

ഭാഷാ സംസ്‌കാര ഗവേഷകൻ, ഗ്രന്ഥകാരൻ, പ്രഭാഷകൻ.സമരകോശം, ചട്ടമ്പിസ്വാമികളുടെ ജ്ഞാനാനവോത്ഥാനം എന്നിവയാണ് സമീപകാല പഠനങ്ങൾ.

Comments