ഓർമ്മകളുടെ സംഭരണികളാണ് മ്യൂസിയങ്ങൾ. അത് വ്യക്തിയുടെയോ സ്ഥാപനങ്ങളുടെയോ സംഭവങ്ങളുടേയോ രാജ്യത്തിന്റെയോ തന്നെ സാമൂഹിക - സാംസ്കാരിക - രാഷ്ട്രീയ - സാമ്പത്തിക മണ്ഡലങ്ങളെ പ്രതിനിധീകരിക്കുന്നതാവാം. ഓർമ/ഭൂതകാലം/പാരമ്പര്യം/ചരിത്രം എന്നിവയെല്ലാം ചേർന്നുനിൽക്കുന്ന ഇടങ്ങളെയാണ് മ്യൂസിയങ്ങൾ എന്ന് പൊതുവെ വിശേഷിപ്പിക്കുന്നത്. മ്യൂസിയങ്ങളെ നാം ഭൂതകാലത്തോട് കൂട്ടിക്കെട്ടുമെങ്കിലും, വർത്തമാനകാല സമസ്യകളോട്, അധികാരരൂപങ്ങളോട് ചേർന്നുനിന്നുകൊണ്ടോ കലഹിച്ചുകൊണ്ടോ മാത്രമേ മ്യൂസിയങ്ങൾക്ക് മുന്നോട്ടു പോകാനാകൂ. സോവിറ്റ് യൂണിയന്റെ ഭാഗമായിരുന്ന ഇന്നത്തെ ജോർജ്ജിയയിൽ 1956-ൽ സ്ഥാപിതമായ ജോസഫ് സ്റ്റാലിൻ സ്റ്റേറ്റ് മ്യൂസിയം 2025-ൽ എത്തിനിൽക്കുന്നത് വിവിധ സാമൂഹിക, രാഷ്ട്രീയ മാറ്റങ്ങൾക്ക്/അധിനിവേശത്തിന് സാക്ഷ്യം വഹിച്ചു കൊണ്ടാണ്. സാമ്രാജ്യത്വശക്തികളുടെ കടന്നാക്രമണവും 1991-ൽ സോവിയറ്റ് യൂണിയന്റെ പതനവും ജോസഫ് സ്റ്റാലിൻ സ്റ്റേറ്റ് മ്യൂസിയത്തിന്റെ ഉള്ളടക്കത്തിൽ കാര്യമായ മാറ്റങ്ങൾ വരുത്തി. ലോക കമ്മ്യൂണിസത്തിന്റെ ഭൂതകാല ഓർമ്മകൾ സൂക്ഷിച്ചിരുന്ന ഒരു മ്യൂസിയത്തിൽ മുതലാളിത്ത അധിനിവേശം ഉണ്ടാക്കിയ മാറ്റങ്ങൾ എന്തൊക്കെയാണെന്നാണ് ഈ കുറിപ്പിൽ പരിശോധിക്കുന്നത്.
കമ്മ്യൂണിസ്റ്റ് മ്യൂസിയങ്ങളിൽ നിന്നും കമ്മ്യൂണിസത്തെക്കുറിച്ചുള്ള മ്യൂസിയങ്ങളിലേക്കുള്ള മാറ്റം
"Museums of communism, new memory sites in Central and Eastern Europe’ എന്ന പുസ്തകത്തിൽ സ്റ്റീഫൻ എം. നോരിസ് കമ്മ്യൂണിസ്റ്റ് മ്യൂസിയങ്ങൾ എന്നും കമ്മ്യൂണിസത്തെ കുറിച്ചുള്ള മ്യൂസിയങ്ങൾ എന്നും രണ്ട് രീതിയിൽ സോവിയറ്റ് മ്യൂസിയങ്ങളെ തരംതിരിക്കുന്നുണ്ട്. 1917, ഒക്ടോബർ വിപ്ലവത്തിനുശേഷം സോവിറ്റ് യൂണിയൻ രൂപപ്പെട്ടതിന് ശേഷമുള്ള ആദ്യനാളുകളിലെ മ്യൂസിയങ്ങളെ കമ്മ്യൂണിസ്റ്റ് മ്യൂസിയങ്ങൾ എന്ന് പൊതുവെ വിശേഷിപ്പിക്കാവുന്നതാണ്. ലെനിന്റെയും സ്റ്റാലിന്റെയും മരണത്തിനുശേഷം അധികാരത്തിൽ വന്ന ‘പ്രതിവിപ്ലവകാരി'കളുടെ കാലഘട്ടത്തിൽ ഒരർത്ഥത്തിൽ സോവിറ്റ് യൂണിയന്റെ ബോൾഷെവിക് ഭൂതകാലം തിരുത്തി കുറിക്കാൻ ആരംഭിച്ചിരുന്നു. അത്തരം ശ്രമങ്ങളുടെ തുടർച്ചയിലാണ് കമ്മ്യൂണിസത്തെ കുറിച്ചുള്ള മ്യൂസിയങ്ങൾ എന്ന നിലയിലേക്ക് ഈ മാറ്റം സംഭവിക്കുന്നത്. 1956-ൽ ജോർജിയിലെ ജോസഫ് സ്റ്റാലിൻ സ്റ്റേറ്റ് മ്യൂസിയം സ്ഥാപിതമാകുന്നതിന് മുമ്പ് സോവിയറ്റ് യൂണിയനിൽ കമ്മ്യൂണിസ്റ്റ് മ്യൂസിയങ്ങൾ എന്ന് വിളിക്കാവുന്ന രണ്ട് മ്യൂസിയങ്ങൾ ഉണ്ടായിരുന്നു. 1924-ൽ സ്ഥാപിതമായ സെൻട്രൽ ലെനിൻ മ്യൂസിയവും, മ്യൂസിയം ഓഫ് റവല്യൂഷനുമാണ് അവ.

ലോകം ഉറ്റുനോക്കിയ ഒക്ടോബർ വിപ്ലവത്തിലൂടെ ലോകത്തിലെ ആദ്യത്തെ സോഷ്യലിസ്റ്റ് ഭരണകൂടം സ്ഥാപിക്കാൻ നേതൃപരമായ പങ്കുവഹിച്ച വ്ലാദ്മീർ ഇല്ലിച് ലെനിന്റെ വിപ്ലവജീവിതചരിത്രവും അതിലൂടെ സോവിയറ്റ് ചരിത്രവും അടയാളപ്പെടുത്തുന്നതാണ് 1924 മെയ് മാസത്തിൽ സ്ഥാപിച്ച സെൻട്രൽ ലെനിൻ മ്യൂസിയം. സോവിയറ്റ് വിപ്ലവകവി മയക്കോവസ്കിയുടെ "Lenin lived, lives, will live’ എന്ന വാക്യം സെൻട്രൽ ലെനിൻ മ്യൂസിയത്തിൽ മുഴങ്ങി കേൾക്കാം. ലെനിന്റെ സമ്പൂർണ്ണ ജീവചരിത്രം, ഒക്ടോബർ വിപ്ലവത്തിൽ ലെനിനുള്ള പങ്ക്, സോവിയറ്റ് രാഷ്ട്രം സ്ഥാപിക്കുന്നതിൽ ലെനിൻ വഹിച്ച നിർണായക സ്ഥാനം, വിപ്ലവത്തിലേക്ക് നയിച്ച ലെനിന്റെ പുസ്തകങ്ങൾ തുടങ്ങിയവയുടെ പ്രദർശനമാണ് ഇവിടെ. ഒരു സോഷ്യലിസ്റ്റ് രാഷ്ട്രത്തിനകത്ത് ഒരു കമ്മ്യൂണിസ്റ്റിന്റെ ജീവിതം അനാവരണം ചെയ്യുന്ന ഒരു കമ്മ്യൂണിസ്റ്റ് മ്യൂസിയം. 1980-കൾ ആയപ്പോഴേക്കും നൂറിലേറെ രാജ്യങ്ങളിൽ നിന്നായി ഏകദേശം 55 മില്യൺ ആളുകൾ ഈ മ്യൂസിയം സന്ദർശിച്ചു. ചുരുക്കത്തിൽ 1945 മുതൽ 1991 വരെ ലോകത്ത് നിലനിന്ന ശീതസമരത്തിന് സോഷ്യലിസ്റ്റ് ചേരിയിൽ നിന്നുകൊണ്ട് ലെനിൻ മ്യൂസിയം സോഷ്യലിസ്റ്റ് ശക്തികൾക്ക് ഇന്ധനം പകർന്നു. സെൻട്രൽ ലെനിൻ മ്യൂസിയത്തിനോടൊപ്പം സ്ഥാപിതമായ മ്യൂസിയം ഓഫ് റെവല്യൂഷന്റെയും സ്ഥിതി മറ്റൊന്നല്ല. ‘The exhibits in our Museum are not academic, but political’ എന്ന പ്രസ്താവന മുന്നോട്ടുവച്ചുകൊണ്ടാണ് 1924 മെയ് മാസത്തിൽ മ്യൂസിയം ഓഫ് റവല്യൂഷൻ സ്ഥാപിതമാകുന്നത്. കേവലം സോവിയറ്റ് യൂണിയന്റെ ചരിത്രം അടയാളപ്പെടുത്തി വെയ്ക്കുന്ന ഒരു മ്യൂസിയം മാത്രമായിരുന്നില്ല ഇത്, പകരം സോവിറ്റ് കാലത്തിന്റെ വർത്തമാനത്തെയും ഭൂതത്തേയും സംയോജിപ്പിച്ചുകൊണ്ടുപോകുന്ന ജീവിതരേഖയായിരുന്നു ഈ മ്യൂസിയം. ചില വലതുപക്ഷ ചരിത്രകാരർ മ്യൂസിയം ഓഫ് റവല്യൂഷനെ "Soviet memory project’ എന്ന് വിശേഷിപ്പിച്ച് ഇകഴ്ത്തിക്കാണിക്കാൻ ശ്രമിച്ചെങ്കിലും മാർക്സിസം ലെനിനിസം അടിസ്ഥാന തത്വങ്ങൾ ആയി പ്രവർത്തിക്കുന്ന മ്യൂസിയം ഓഫ് റവല്യൂഷൻ തലമുറകളെ പ്രചോദിപ്പിച്ചുകൊണ്ടിരുന്നു. 1991-ൽ സോവിയറ്റ് യൂണിയന്റെ ശിഥിലീകരണത്തിനുശേഷം അമേരിക്കയുടെ നേതൃത്വത്തിൽ ഏകദ്രുവ സംവിധാനത്തിലേക്ക് ലോകം മാറിയപ്പോൾ 1992-ൽ കമ്മ്യൂണിസ്റ്റ് മ്യൂസിയം എന്നറിയപ്പെട്ടിരുന്ന സെൻട്രൽ ലെനിൻ മ്യൂസിയം എന്നെന്നേക്കുമായി അടച്ചിട്ടു. ഉള്ളടക്കത്തിനകത്ത് കാര്യമായി മാറ്റങ്ങൾ വരുത്തിക്കൊണ്ട് മ്യൂസിയം ഓഫ് റവല്യൂഷനെ സ്റ്റേറ്റ് സെൻട്രൽ മ്യൂസിയമാക്കി മാറ്റി. ലോക ജനതയ്ക്ക് മുമ്പിൽ സോവിയറ്റ് വിപ്ലവചരിത്രം അവതരിപ്പിച്ചിരുന്ന രണ്ട് പ്രധാന മ്യൂസിയങ്ങളും ഇല്ലാതായി. സോവിയറ്റ് യൂണിയന്റെ ശിഥിലീകരണത്തിനുശേഷം സാമ്രാജ്യത്വം കമ്മ്യൂണിസ്റ്റ് മ്യൂസിയങ്ങളുടെ അകത്തേക്ക് പ്രവേശിച്ചു. സാമ്രാജ്യത്വത്തിന്റെയും ഫാസിസത്തിന്റെയും മറുമരുന്നായി പ്രവർത്തിച്ചിരുന്ന കമ്മ്യൂണിസത്തെയും മാർക്സിസം- ലെനിനിസം അടിസ്ഥാന തത്വങ്ങളായി വികസിച്ചു വന്ന സോവിയറ്റ് രാഷ്ട്രത്തെയും മായ്ച്ചു കളയാൻ ഉള്ള പദ്ധതികൾ 1991-നു ശേഷം സാമ്രാജ്യത്വം നടപ്പിലാക്കി തുടങ്ങി. അങ്ങനെ കമ്മ്യൂണിസ്റ്റ് മ്യൂസിയങ്ങൾ ചിലതെല്ലാം ഇല്ലാതാവുകയും മറ്റു ചിലതെല്ലാം കമ്മ്യൂണിസത്തെ കുറിച്ചുള്ള മ്യൂസിയങ്ങളായി മാറ്റപ്പെടുകയും ചെയ്തു. കമ്മ്യൂണിസത്തെ തകർക്കാനുള്ള സാമ്രാജ്യത്വ പദ്ധതിയുടെ അവശേഷിപ്പുകൾ ഇന്നും സോവിറ്റ് മ്യൂസിയങ്ങളിൽ കാണാം. സോവിയറ്റ് യൂണിയനിൽ നിന്നും വിഘടിച്ച് സ്വതന്ത്രരായ രാഷ്ട്രങ്ങളിൽ രണ്ടായിരത്തിനുശേഷം മുതലാളിത്തശക്തികളുടെ സഹായത്തോടെ നടന്ന ‘Rose Revolution’ ഇത്തരം സാമ്രാജ്യത്വ പദ്ധതികളുടെ തുടർച്ചയെ സൂചിപ്പിക്കുന്നതാണ്.
സോവിയറ്റ് യൂണിയന്റെ ശിഥിലീകരണത്തിന് മുൻമ്പ് ഉണ്ടായിരുന്ന മ്യൂസിയത്തിൽ നിന്ന് ഉള്ളടക്കത്തിൽ വളരെ വ്യത്യാസപ്പെട്ടതാണ് ശിഥിലീകരണത്തിന് ശേഷമുള്ള മ്യൂസിയം. ഇതിൻൻെറ ആദ്യ ഹാളിൽ പ്രദർശിപ്പിച്ചിരിക്കുന്നത് ഒക്ടോബർ വിപ്ലവത്തിന് മുമ്പുള്ള സ്റ്റാലിന്റെ ജീവിതത്തെയാണ്.

ജോസഫ് സ്റ്റാലിൻ സ്റ്റേറ്റ് മ്യൂസിയം
ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും സോവിയറ്റ് രാഷ്ട്ര നിർമ്മാണത്തിനും നേതൃപരമായ പങ്കുവഹിച്ച ജോസഫ് സ്റ്റാലിന്റെ ഓർമ്മകൾ നിലനിർത്തുക എന്ന ഉദ്ദേശത്തോടെയാണ് 1956-ൽ ജോസഫ് സ്റ്റാലിൻ സ്റ്റേറ്റ് മ്യൂസിയം പ്രവർത്തനമാരംഭിക്കുന്നത്. ലെനിന് ശേഷം ജോസഫ് സ്റ്റാലിൻ സോവിയറ്റ് നേതൃത്വം (ബോൾഷെവിക്) ഏറ്റെടുക്കുന്നതോടുകൂടി രാഷ്ട്രത്തിനകത്ത് നിന്ന് പ്രതിലോമ വിപ്ലവകാരികളുടെ ആഭ്യന്തര കലഹങ്ങളും രാഷ്ട്രത്തിന് പുറത്തുനിന്ന് സാമ്രാജ്യത്വ ഫാസിസ്റ്റുകളുടെ ആക്രമണവും ഒരുപോലെ നേരിടേണ്ടിവന്നു. മെൻഷവിക്കുകളുടെ പ്രതിലോമ ആശയങ്ങളെ പ്രതിരോധിച്ചുകൊണ്ട് പാർട്ടിയെയും രാഷ്ട്രത്തെയും സംരക്ഷിക്കാനും സാമ്രാജ്യത്വശക്തികൾക്കെതിരായ പോരാട്ടം തുടർന്നുകൊണ്ടുമാണ് സ്റ്റാലിൻ സോവിയറ്റ് യൂണിയന് നേതൃത്വം നൽകിയത്. സോവിയറ്റ് യൂണിയനെ അക്രമിച്ച ഫാസിസ്റ്റ് ശക്തികളെ പരാജയപ്പെടുത്താൻ സാധിച്ചെങ്കിലും 1953-ൽ സ്റ്റാലിന്റെ മരണശേഷം രാഷ്ട്രത്തിനകത്ത് ആഭ്യന്തര കലഹങ്ങൾ തുടർന്നുപോന്നു. സ്റ്റാലിൻ എന്ന വിപ്ലവകാരിയെ രാഷ്ട്രീയമായി തോൽപ്പിക്കാൻ സാമ്രാജ്യത്വ ശക്തികൾക്കും ആഭ്യന്തര പ്രതിലോമ വിപ്ലവകാരികൾക്കും കഴിഞ്ഞിരുന്നില്ല എന്നതാണ് ചരിത്രം. എന്നാൽ പിൽക്കാലത്ത് അദ്ദേഹത്തിന്റെ ഓർമ്മ നിലനിർത്തുന്നതിനായി സ്ഥാപിതമായ മ്യൂസിയത്തിനകത്തേക്ക് സ്റ്റാലിനെയും സോവിയറ്റ് ഓർമ്മകളെയും ഇല്ലാതാക്കാനുള്ള പദ്ധതികളുമായി സാമ്രാജ്യത്വവും ആഭ്യന്തര പ്രതിവിപ്ലവകാരികളും കടന്നുവന്നു.
സോവിയറ്റ് യൂണിയന്റെ ശിഥിലീകരണത്തിന് മുൻമ്പ് ഉണ്ടായിരുന്ന മ്യൂസിയത്തിൽ നിന്ന് ഉള്ളടക്കത്തിൽ വളരെ വ്യത്യാസപ്പെട്ടതാണ് ശിഥിലീകരണത്തിന് ശേഷമുള്ള മ്യൂസിയം. ഇതിൻൻെറ ആദ്യ ഹാളിൽ പ്രദർശിപ്പിച്ചിരിക്കുന്നത് ഒക്ടോബർ വിപ്ലവത്തിന് മുമ്പുള്ള സ്റ്റാലിന്റെ ജീവിതത്തെയാണ്. മാതാപിതാക്കൾക്കൊപ്പം ഉള്ള ചിത്രങ്ങളും, സെമിനാരിയിൽ പഠിച്ചിരുന്ന കാലത്തെ ചിത്രങ്ങളും, 1895-ൽ അച്ചടിച്ചു വന്ന സ്റ്റാലിന്റെ ആദ്യത്തെ കവിതയും, 1897-ൽ ആദ്യമായി പോലീസ് സ്റ്റേഷനിൽ അറസ്റ്റ് ചെയ്യപ്പെടുമ്പോഴുള്ള ഫോട്ടോഗ്രാഫും ഇവിടെ കാണാം. മറ്റൊരിടത്ത് ആദ്യത്തെ സോവിയറ്റ് ഗവൺമെന്റിലെ അംഗങ്ങൾ അടങ്ങുന്ന ചിത്രവും കാണാം. രണ്ടാമത്തെ ഹാളിൽ രണ്ടാം ലോകമഹായുദ്ധ കാലഘട്ടം വരെയുള്ള സോവിറ്റ് യൂണിയന്റെ നേട്ടങ്ങളെ സൂചിപ്പിക്കുന്നതാണ്. അക്കാലയളവിൽ സോവിയറ്റ് യൂണിയൻ കൈവരിച്ച വ്യവസായിക നേട്ടങ്ങൾ ന്യൂസ് പേപ്പറുകളിലൂടെയും ചിത്രങ്ങളിലൂടെയും പ്രദർശിപ്പിച്ചിരിക്കുന്നു. സ്റ്റാലിന്റെ ജീവിതരേഖ അവതരിപ്പിക്കുന്ന ഒന്നാം ഗാലറിയും സോവിയറ്റ് യൂണിയന്റെ വ്യവസായികനേട്ടങ്ങൾ ലോകജനതയോട് വിളിച്ചു പറയുന്ന രണ്ടാമത്തെ ഗാലറിയും പിൽക്കാലത്ത് പരിഷ്കരിക്കപ്പെട്ടു. സോവിയറ്റ് യൂണിയനിൽ ബോൾഷേവിക്കുകൾക്കെതിരെ പ്രതിലോമ വിപ്ലവം നയിച്ചിരുന്ന ട്രോട്സ്കി, കാമനേവ്, ഗ്രിഗോറി സിനോവിവ്, നിക്കോളായി യഷ്നോവ്, ബെരിയ, ക്രൂഷ്ചേവ് എന്നിവരുടെ ചിത്രങ്ങളും ഗാലറിയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. സ്റ്റാലിന്റെ പ്രത്യയശാസ്ത്ര നിലപാടിനോട് എതിർചേരിയിൽ നിൽക്കുന്ന ഒരു വിഭാഗത്തിന് ഗാലറിയിൽ സ്ഥാനം നൽകുന്നത് സ്റ്റാലിൻ വിരോധവും സോവിയറ്റ് വിരോധവും വെച്ചുപുലർത്തുന്ന സാമ്രാജ്യ ശക്തികളുടെ ക്യൂറേഷനാണ്. മൂന്നാം ഗാലറിയിൽ രണ്ടാം ലോകമഹായുദ്ധ കാലഘട്ടത്തിൽ നാസിസത്തിനെതിരെ പോരാടിയ സോവിയറ്റ് യൂണിയന്റെ ചരിത്രമാണ്.
ഈ ഗാലറിയിൽ സ്റ്റാലിന്റെ മതദർശനവുമായി ബന്ധപ്പെട്ട് ചില തിരുത്തലുകൾ ചേർത്തിരിക്കുന്നു. 1939-ൽ സോവിയറ്റ് യൂണിയനിലെ മതപണ്ഡിതരെ പുനരധിവസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട സ്റ്റാലിന്റെ ഒരു ഓർഡറിനെ മുൻനിർത്തി രണ്ടാം ലോകമഹായുദ്ധത്തിൽ സോവിറ്റ് യൂണിയൻ വിജയിക്കാൻ കാരണങ്ങളിലൊന്നായി ഓർത്തഡോക്സ് ചർച്ചിന്റെ സ്വാധീനത്തെയും ചൂണ്ടിക്കാണിക്കുന്നു. പിൽക്കാലത്ത് കൂട്ടിച്ചേർക്കപ്പെട്ട ഇത്തരം വ്യാഖ്യാനങ്ങൾ നാസിസത്തെ പരാജയപ്പെടുത്താൻ അക്ഷീണം പ്രവർത്തിച്ച സ്റ്റാലിനെയും ലെനിനെയും ബോൾഷേവിക്കുകളെയും ഇകഴ്ത്തി കാണിക്കുന്നതാണ്. തുടർന്നുള്ള നാല്, അഞ്ച് ഗാലറികളിലും ഇത്തരത്തിലുള്ള അധിനിവേശവും ദുർവ്യാഖ്യാനങ്ങളും കാണാനാകും.

സ്റ്റാലിനെതിരായ പടയൊരുക്കം ആഭ്യന്തര പ്രതിലോമശക്തികൾ നേരത്തെ തന്നെ തുടങ്ങിവെച്ചിരുന്നു. ഇരുപത്തിരണ്ടാം പാർട്ടി കോൺഗ്രസിന്റെ അവസാന ദിനത്തിൽ 1961 ഒക്ടോബർ 31-ാം തീയതി രാത്രി സ്റ്റാലിന്റെ എംബാം ചെയ്യപ്പെട്ട ഭൗതികശരീരം മ്യൂസിയത്തിൽനിന്നും രഹസ്യമായി നീക്കം ചെയ്യപ്പെട്ടു. മ്യൂസിയത്തിന് പുറത്ത് ‘അറ്റകുറ്റപ്പണികൾക്കായി അടച്ചിട്ടിരിക്കുന്നു’ എന്ന ഒരു നോട്ടീസ് പതിച്ചു. പ്രവേശന കവാടത്തിൽ നിന്നും സ്റ്റാലിന്റെ നാമധേയം പോലും പൊളിച്ചു മാറ്റപ്പെട്ടു. സ്റ്റാലിന്റെ മൃതശരീരം സംസ്കരിക്കുകയും, ക്രെംലിൻ മതിലിന് കീഴെ ഒരു കറുത്ത ഗ്രാനൈറ്റ് ശില കൊണ്ട് ആ ഇടം അടയാളപ്പെടുത്തുകയും അതിനു മുകളിലായി ജെ. വി. സ്റ്റാലിൻ 1879-1953 എന്ന് എഴുതിവയ്ക്കുകയും ചെയ്തു. പ്രതിലോമശക്തികൾ സ്റ്റാലിന്റെ മരണശേഷവും സ്റ്റാലിനെതിരായ പ്രവർത്തനങ്ങൾ തുടർന്നു. സോവിയറ്റ് യൂണിയനിൽ ഒട്ടനവധി സ്റ്റാലിൻ സ്തൂപങ്ങളും ഛായാചിത്രങ്ങളും നീക്കം ചെയ്യുകയോ തകർക്കപ്പെടുകയോ ചെയ്തു. (സ്റ്റാലിൻ ജീവിതവും കാലവും, എം ആർ അപ്പൻ, p -30)
സോവിയറ്റ് യൂണിയന്റെ ശിഥിലീകരണത്തിനുശേഷം ജോർജിയ സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും സോവിയറ്റ് ഭൂതകാലത്തോട് അളവറ്റ വെറുപ്പ് വെച്ചുപുലർത്തുകയും ചെയ്തു പോന്നു. ജോസഫ് സ്റ്റാലിൻ സ്റ്റേറ്റ് മ്യൂസിയത്തിന്റെ ഉള്ളടക്കത്തെ ഏവർക്കും സ്വീകാര്യമാകുന്ന രീതിയിൽ സെലക്ടീവായ ഡിസ്പ്ലേ സെറ്റിങ് വഴി പുതിയൊരു മ്യൂസിയം തന്നെ പുനസ്ഥാപിക്കപ്പെട്ടു. കെട്ടിടങ്ങളിൽ മാറ്റം വരുത്താതെ ഉള്ളടക്കത്തിൽ നിരന്തര മാറ്റങ്ങൾക്ക് വിധേയമായി മ്യൂസിയം നിലകൊണ്ടു. 1989-ൽ ആഭ്യന്തര കാരണങ്ങളാൽ കുറച്ചുകാലത്തേക്ക് മ്യൂസിയം അടച്ചിടേണ്ടി വന്നിരുന്നു. അതിനുശേഷമാണ് സ്റ്റാലിനെ വെറുക്കുന്നവർക്കും സ്നേഹിക്കുന്നവർക്കും അറിയാത്തവർക്കും സ്വീകാര്യമായ രീതിയിൽ മ്യൂസിയം ഉള്ളടക്കം പരിഷ്കരിച്ചത്. എല്ലാ വിഭാഗം ആളുകളെയും തൃപ്തിപ്പെടുത്തേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമാണ് എന്ന് മ്യൂസിയത്തിന്റെ പിൽക്കാല ക്യൂറേറ്റർ റോബർട്ട് പറയുന്നു. സോവിയറ്റ് യൂണിയനിൽ നിന്നും സ്വതന്ത്രമായ രാഷ്ട്രങ്ങൾക്കുമേൽ അമേരിക്ക ഉൾപ്പെടുന്ന സാമ്രാജ്യത്വശക്തികൾ പുലർത്തിപ്പോന്ന ആധിപത്യം അത്തരം രാജ്യങ്ങളിൽ ‘റോസ് റെവല്യൂഷൻ' എന്ന പേരിൽ പാശ്ചാത്യ-സാമ്രാജ്യത്വമൂല്യങ്ങളെ അംഗീകരിക്കുന്ന ഭരണകൂടങ്ങളെ അധികാരത്തിലെത്തിക്കാൻ സഹായിച്ചു. റോസ് റെവല്യൂഷന്റെ ഭാഗമായി ജോർജിയയിലും 2003-ൽ മിഖായേൽ സാകാശ്‍വില്ലി നേതൃത്വത്തിലുള്ള യുണൈറ്റഡ് നാഷണൽ മൂവ്മെന്റ് അധികാരത്തിലേറി. ജോർജിയിൽ നിന്ന് സോവിയറ്റ് ഭൂതകാലത്തെ നിഷ്കാസനം ചെയ്യുക എന്നതായിരുന്നു അവരുടെ പ്രഖ്യാപിതലക്ഷ്യം. മാത്രമല്ല, സാമ്രാജ്യത്വശക്തികളോടൊപ്പം ചേർന്നുകൊണ്ട് ജോർജിയയിൽ "മ്യൂസിയം ഓഫ് സോവിയറ്റ് ഒക്കുപ്പേഷൻ" എന്ന പേരിൽ ഒരു മ്യൂസിയവും പണികഴിപ്പിച്ചു. ജോസഫ് സ്റ്റാലിൻ മ്യൂസിയത്തിൽ സ്റ്റാലിനെ പലവിധത്തിൽ അവതരിപ്പിച്ചപ്പോഴും ‘സ്വേച്ഛാധിപതിയായ സ്റ്റാലിൻ' എന്ന രൂപത്തിന് കൂടുതൽ മുൻതൂക്കം വന്നു. ഫാസിസ്റ്റ് ശക്തികളെ പരാജയപ്പെടുത്തിയ വിപ്ലവകാരി എന്ന നിലയ്ക്ക് സ്റ്റാലിൻ എക്കാലത്തും സാമ്രാജ്യത്വവാദികളുടെ പേടിസ്വപ്നവും എതിരാളിയുമായിരുന്നു. അങ്ങനെ മ്യൂസിയത്തിലേക്ക് സാമ്രാജ്യത്വം പതിയെ കയറിക്കൂടുകയും സ്റ്റാലിനെ വികൃതമാക്കുകയും മ്യൂസിയത്തെ തീർക്കുകയും ചെയ്തു. 2007-ൽ ജോർജിയൻ പ്രസിഡന്റ് സാകാശ്‍വില്ലി ഡെന്മാർക്ക് സന്ദർശിച്ച ഘട്ടത്തിൽ ഒരു മാധ്യമപ്രവർത്തകൻ അദ്ദേഹത്തോട് ചോദിക്കുകയുണ്ടായി "ജോർജിയ ഒരു പുരോഗമന യൂറോപ്പ്യൻ മനസ്സുള്ള രാഷ്ട്രമായിരിക്കെ തന്നെ സ്റ്റാലിനെ ആദരിക്കുന്ന ഒരു മ്യൂസിയത്തെ എങ്ങനെയാണ് അവിടെ നിലനിർത്തുന്നത്?” ആ ചോദ്യത്തിന് അദ്ദേഹം മറുപടി നൽകിയത് ഇങ്ങനെയാണ്. “സ്റ്റാലിൻ സ്റ്റേറ്റ് മ്യൂസിയം ഒരുപാട് ഉള്ളടക്ക മാറ്റങ്ങളിലൂടെയാണ് (Alterations) ഇന്ന് കടന്നുപോവുന്നത്, വൈകാതെ അത് ഒരു ‘Museum of Museum’ മായി മാറും. ഇനിയും അധികകാലം സ്റ്റാലിന്റെ പേരിൽ ഒരു മ്യൂസിയം ജോർജിയയിൽ നിലനിൽക്കുമോ എന്ന കാര്യത്തിൽ ആശങ്കയുണ്ട്.”
സഹായക ഗ്രന്ഥങ്ങൾ
1. Stephen M Norris, Museums of Communism, new memory sites in Central and Eastern Europe, Indiana University Press,2020.
2. Michael M Ames, Biculturalism in exhibitions, Museum anthropology, no. 2, 1991.
3. Adam jolles, Stalin's talking museums, Oxford art journal, no. 3, 2005
4. The central linen museum, a guide, Raduka publishers Moscow, 1986.
5. എം. ആർ. അപ്പൻ, ജോസഫ് സ്റ്റാലിൻ ജീവിതവും കാലവും, ഇൻസൈറ്റ് പബ്ലിക്കേഷൻ, കോഴിക്കോട്, 2021 (Edition 5).
