മുഖ്യധാര ഇപ്പോഴും അറിയാത്ത വംശഹത്യ

ആൻഡമാൻ നിക്കോബാർ ദ്വീപ് സമൂഹത്തിന്റെ ചരിത്രത്തെയും സംസ്കാരത്തെയും സാമൂഹിക ശാസ്ത്രത്തെയും വേറിട്ടൊരു പരിപ്രേക്ഷ്യത്തിൽ വിശകലനം ചെയ്യുന്ന പഠനപരമ്പരയുടെ രണ്ടാം ഭാഗം. അധിനിവേശങ്ങോട് എങ്ങനെയാണ് ആൻഡമാനിലെ തദ്ദേശജനത പ്രതികരിച്ചത് എന്ന് വിശദീകരിക്കുന്നു.

ആൻഡമാൻ നിക്കോബാറിന്റെ
തനി മണ്ണും തനി മനുഷ്യരും- 2

ബ്രിട്ടീഷ് അധിനിവേശം ഇന്ത്യയിലെ ആദിവാസികളെ എങ്ങനെയൊക്കെയാണ് ബാധിച്ചതെന്നും ആദിവാസികൾ എങ്ങനെയാണ് അധിനിവേശത്തോട് പ്രതികരിച്ചതെന്നും ഒട്ടേറെ പഠനങ്ങളുണ്ടായിട്ടുണ്ട്.

1855 -1856 കാലത്തുനടന്ന സാന്താൾ കലാപം, ഇന്ത്യയുടെ വടക്കുപടിഞ്ഞാറൻ പ്രദേശത്തെ ഗാരോ ആദിവാസികൾ 1852, 1857, 1872 കാലങ്ങളിലും കുക്കി വിഭാഗം 1860, 1871, 1888-1892 കാലങ്ങളിലും ഭുമിജ് വിഭാഗം 1832- ലും മുണ്ടാവിഭാഗം 1895 -1900 വരെയും നടത്തിയ ബ്രിട്ടീഷ് വിരുദ്ധ പ്രതിരോധങ്ങൾ തുടങ്ങി കുറിച്യ കലാപം വരെ പഠനവിധേയമായിട്ടുണ്ട്. ഇത്തരത്തിൽ സംഘടിതവും ഒറ്റപ്പെട്ടതുമായ ഒട്ടേറെ ചെറുത്തുനിൽപ്പുകൾ ആദിവാസികളുടെ ഭാഗത്തുനിന്നും അധിനിവേശ വിരുദ്ധകലാപങ്ങളുടെ പട്ടികയിൽ കാണാം. മുഖ്യ ഭൂമിയെ കേന്ദ്രീകരിച്ചാണ് ഇന്ത്യയെ പൊതുവിൽ നോക്കിക്കാണുന്നത്. അതുകൊണ്ടുതന്നെ ദ്വീപുചരിത്രമോ അവിടത്തെ തദ്ദേശീയരുടെ ചരിത്രമോ അവരനുഭവിച്ച, അനുഭവിക്കുന്ന പ്രശ്നങ്ങളോ അവരുടെ ചെറുത്തുനിൽപ്പുകളോ ഒന്നും മുഖ്യധാരാ ചരിത്രത്തിൽ ഉൾപ്പെടുത്താറില്ല.

ബ്രിട്ടീഷ് അധിനിവേശത്തിനുമുമ്പ് ആൻഡമാൻ ആദിവാസികൾ വിദേശസഞ്ചാരികളുടെ യാത്രാവിവരണങ്ങളിലെ ചില പരാമർശങ്ങൾ മാത്രമായിരുന്നു. / Photo: The British Museum

ജന്മനാ മുഖ്യ ഭൂമിയിലെ ചില വിഭാഗങ്ങളെ ക്രിമിനൽ ട്രൈബ് എന്നു മുദ്ര കുത്തിയ ബ്രിട്ടീഷുകാരുടെ നിലപാടിൽ നിന്നുതന്നെ അവരുടെ ആദിവാസികളോടുള്ള സമീപനം വ്യക്തമാണ്. അപരിഷ്കൃതർ എന്നത് ആദിമരല്ലാത്ത ഇന്ത്യൻ സമൂഹത്തെക്കുറിച്ച് അവർ നിലനിർത്തിയിരുന്ന കാഴ്ചപ്പാടാണ്. സംസ്കൃതം മനസിലാക്കിയശേഷം ബ്രാഹ്മണർ ഒഴികെയുള്ളവർ സംസ്കാര ശ്രേണിയിൽ കുറഞ്ഞവരാണെന്നു പ്രചരിപ്പിച്ചു. ഇന്ത്യൻ ജനതയെ സംസ്കൃതരാക്കുക എന്നതായിരുന്നുവല്ലോ അവരുടെ പ്രഖ്യാപിത ലക്ഷ്യം. ഇന്ത്യയിലെ ആദിവാസികളെ പൊതുവായി ‘സാവേജസ്’ എന്ന് പ്രതിനിധാനം ചെയ്ത ബ്രിട്ടീഷുകാർക്ക് മനുഷ്യരായിപോലും അവരെ കാണാൻ കഴിഞ്ഞിരുന്നില്ല, നരവംശശാസ്ത്രം വികസിപ്പിക്കാനുള്ള പഠനവസ്തുക്കൾ മാത്രമായിരുന്നു.

ബ്രിട്ടീഷ് അധിനിവേശം ആൻഡമാൻ ആദിവാസികളെ എങ്ങനെയാണ് കൈകാര്യം ചെയ്തതെന്നും ശിലായുഗ സാംസ്‌കാര ഭൂമികയിൽ ജീവിക്കുന്ന, മനുഷ്യരുടെ ലോകജനിതക ഭൂപടത്തിൽ ഇന്ത്യയുടെ പൈതൃകം അടയാളപ്പെടുത്തുന്ന ആദിവാസികൾ പിറന്ന മണ്ണിനെ കാക്കാൻ നടത്തിയ ചെറുത്തുനിൽപ്പുകൾ എന്തൊക്കെയാണെന്നും അവരെ മെരുക്കി വകവരുത്തിയ കൊളോണിയൽ തന്ത്രങ്ങളെന്തായിരുന്നുവെന്നും അറിയുന്നത് ബ്രിട്ടീഷുകാരുടെ അധിനിവേശത്തിന്റെ ഉള്ളറകൾ കൂടുതൽ മനസിലാക്കാനും ദ്വീപിൽ ഒറ്റപ്പെട്ട ആദിവാസി സമൂഹങ്ങളോടുണ്ടായിരുന്ന അവരുടെ സമീപനം എങ്ങനെയായിരുന്നുവെന്നറിയാനും സഹായിക്കും.

ആൻഡമാൻ ദ്വീപുകളുടെ
അവകാശികൾ ആരാണ്?

ബ്രിട്ടീഷ് അധിനിവേശത്തിനുമുമ്പ് ആൻഡമാൻ ആദിവാസികൾ വിദേശസഞ്ചാരികളുടെ യാത്രാവിവരണങ്ങളിലെ ചില പരാമർശങ്ങൾ മാത്രമായിരുന്നു. കപ്പൽ യാത്രയിൽ കണ്ട ചില പ്രാചീന മനുഷ്യർ എന്നതിനപ്പുറം ആൻഡമാൻ ആദിവാസികളെക്കുറിച്ച് സൂക്ഷ്മമായ നിരീക്ഷണങ്ങൾ പുറത്തുവന്നത് ബ്രിട്ടീഷ് അധിനിവേശത്തോടെയാണ്. ടോളമിയുടെ ഭൂപടത്തിൽ ആൻഡമാൻ ദ്വീപുകളെ അടയാളപ്പെടുത്തിയിട്ടുണ്ട്. ഇട്‌സിംഗ് എന്ന ബുദ്ധസന്യാസി എ.ഡി. 672 കാലത്ത് ചില പരാമർശം നടത്തിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. അറബി സഞ്ചാരികൾ ഒൻപതാം നൂറ്റാണ്ടിൽ ഈ ദ്വീപസമൂഹത്തെക്കുറിച്ചും ദ്വീപുവാസികളെ കുറിച്ചും പരാമർശിച്ചു. മാർക്കോപോളോ 13ാം നൂറ്റാണ്ടിൽ ദ്വീപുവാസികളെ പട്ടിയുടെ തലയുള്ളവരായി ചിത്രീകരിക്കുകയും അവർ ക്രൂരജനതയാണെന്നും അവരുടെ വംശത്തിൽ പെടാത്തവരെ കൊന്നുതിന്നുമെന്നും രേഖപ്പെടുത്തി. അതോടെ ആൻഡമാൻ ആദിമർ നരഭോജികളുമായി.

മാർക്കോപോളോ

സഞ്ചാരികളായ ഫ്രയർ ഒഡോറിക് (1322), നിക്കോളോ കൊണ്ടേ (1430), മാസ്റ്റർ സെസാരേ ഫെഡിറിച്ചി (1566) എന്നിവരുടെയൊക്കെ യാത്രാവിവരണങ്ങളിൽ ആൻഡമാൻ പരാമർശം കാണാം. ഈ പരാമർശങ്ങളെല്ലാം ഭാവനാപരമായ പുറംനിരീക്ഷണങ്ങളാണ്. 1789- ൽ ബ്രിട്ടീഷ് അധിനിവേശം തുടങ്ങിയ ശേഷമാണ് പരമ്പരാഗത ദ്വീപുവാസികളെക്കുറിച്ച് അറിവ് ലഭിച്ചുതുടങ്ങിയത്. ആർച്ചിബാൾഡ് ബ്ലൈറിന്റെ നേതൃത്വത്തിൽ നടന്ന സർവേയും അതുവഴി സാധ്യമാക്കിയ ഒന്നാം ബ്രിട്ടീഷ് ആൻഡമാൻ കുടിയേറ്റവും വൻതോതിൽ തദ്ദേശീയ ജനതയിൽനിന്ന് എതിർപ്പ് ഏറ്റുവാങ്ങി, 1789- ൽ നിറുത്തലാക്കേണ്ടിവന്നു. ചില ആദിവാസി വിഭാഗങ്ങളെ കുറിച്ചുള്ള പ്രാഥമിക നിരീക്ഷണങ്ങൾക്കപ്പുറം ആൻഡമാനിലെ ആദിമ ജനതയെ കുറിച്ചുള്ള വിശദവിവരങ്ങളൊന്നും ശേഖരിക്കാൻ ഈ ഘട്ടത്തിൽ കഴിഞ്ഞില്ല.

ആൻഡമാൻ ആദിവാസികളെ കുറിച്ചുള്ള ബ്രിട്ടീഷ് ധാരണ, അവർ സംസ്‌കൃതിയിൽ പ്രാഥമിക ഘട്ടത്തിലുള്ളവരാണെന്നാണ്. നരഭോജികൾ എന്നു വിളിച്ചിട്ടില്ല.

1858 മുതലുള്ള രണ്ടാം അധിനിവേശ കാലത്താണ് ആദിവാസികളെക്കുറിച്ച് കൂടുതൽ വിവരം ലഭ്യമായത്. ഇതനുസരിച്ച് നെഗ്രിറ്റോ വംശജരാണ് ആ
ൻഡമാനിലെ ആദിവാസികളെന്നും 19ാം നൂറ്റാണ്ടിന്റെ അവസാനം വരെ അവർ 12 വിഭാഗങ്ങളുണ്ടായിരുന്നുവെന്നും വ്യക്തമായി. പ്രാഥമികമായി ഇക്കൂട്ടർ ഗ്രേറ്റ് ആൻഡമാനിലും ലിറ്റിൽ ആൻഡമാനിലും അധിവസിക്കുന്ന വിഭാഗങ്ങളായി കണക്കാക്കുന്നു. 81 കി.മീ നീളമുള്ള നോർത്ത് ആൻഡമാൻ, 71 കി.മീ നീളമുള്ള മിഡിൽ ആൻഡമാൻ, 84 കി.മീ നീളമുള്ള സൗത്ത് ആൻഡമാൻ, അതിനു കിഴക്കുള്ള ബാറാടാങ് (19കി. മീ), 19 കിലോമീറ്ററുള്ള റൂട്ട് ലാൻഡ്, ഇന്റർവ്യൂ ഐലൻഡ് ( 24 കി.മീ) എന്നീ പ്രദേശങ്ങൾ ചേർന്നതാണ് ഗ്രേറ്റ് ആൻഡമാൻ.

ഗ്രേറ്റ് ആൻഡമാൻ നിവാസികളിൽ ഭാഷയുടെയും ആവസായിടങ്ങളുടെയും ആയുധ നിർമിതിയുടെയും അടിസ്ഥാനത്തിൽ രണ്ട് ഉപ വിഭാഗങ്ങളുണ്ടായിരുന്നു. ഒരേ പോലുള്ള വള്ളമുള്ളവർ യെരെവാ വിഭാഗം. ചാരിയർ, കോറ, ടൊബാ, യേരെ, കേഡെ എന്നീ ഗോത്രങ്ങളാണ് ഇതിലുള്ളത്. ബന്ധമുള്ള ഭാഷകളുള്ള വിഭാഗമാണ് ബോജിങിജി. അതിൽ ജുവായ്, കോൾ, ബൊജിഗ്യാബ്, ബലവാ, ബീ എന്നീ ഗോത്രങ്ങൾ. ലിറ്റിൽ ആൻഡമാൻ വിഭാഗത്തിൽ ഓങേ, ജരാവ എന്നിവരും നോർത്ത് സെന്റിനൽ ദീപുവാസികളായ സെന്റിനലിസ് വിഭാഗക്കാരും ഉൾപ്പെടുന്നു. ജരാവ ഗോത്രം ഗ്രേറ്റ് ആൻഡമാനിൽ ഉൾപ്പെടുന്ന ദ്വീപുകളിലാണ് വസിക്കുന്നത്. ഗ്രേറ്റ് ആൻഡമാനിൽ വസിക്കുന്ന 10 ആൻഡമാനീസ് ഗോത്രങ്ങൾ പേരിനു മുൻനിലയായി ‘അക’ എന്നു ചേർത്താണ് പറഞ്ഞിരുന്നത് (അക -ബീ, അക -കോൾ). ഈ വർഗീകരണമെല്ലാം കൊളോണിയൽ വിവരങ്ങളാണ്.

ഏറ്റവും മാനവികമായ നിലപാടാണ് ആദിവാസികളോട് ​ബ്രിട്ടീഷ് അധിനിവേശ ശക്തിക്കുണ്ടായിരുന്നുവെന്നാണ് പൊതുഭാഷ്യം. എന്നാൽ സ്ഥിതി അതായിരുന്നില്ല. അവരെ മെരുക്കുക എന്നതിന് രണ്ടർത്ഥമാണുള്ളത്.

ആദ്യകാല നിരീക്ഷണങ്ങൾ, ഊഹാപോഹങ്ങളല്ലാതെ പൂർണമായും വസ്തുനിഷ്ഠമാണ് എന്ന് സമ്മതിക്കാനാവില്ല. ജനസംഖ്യാ കണക്കുകളിൽ കാണുന്ന വ്യത്യാസം തന്നെ ഇതുറപ്പിക്കുന്നു. 1858- ൽ എം.വി. പോർട്മാൻഗ്രേറ്റ് ആൻഡമാനീസിന്റെ (ഗ്രേറ്റ് ആൻഡമാനിൽ താമസിക്കുന്ന വിവിധ ആദിമവർഗങ്ങൾ എല്ലാം ചേർന്ന) ജനസംഖ്യ 8000 എന്നും റിച്ചാർഡ് ടെംപിൾ 5000 എന്നും ബോണിങ്‌ടോൺ 4800 എന്നും 1883- ൽ 3250 എന്നുമാണ് രേഖപ്പെടുത്തിയിരിക്കുന്നത് . കൊളോണിയൽ സെൻസസ് പ്രകാരം ഗ്രേറ്റ് ആൻഡമാനീസ് 1901-ൽ 1882, 1911-ൽ 1317, 1921-ൽ 786, 1931-ൽ 460 എന്നിങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു.
ഇന്ത്യൻ സെൻസസ് പ്രകാരം 1951-ൽ 23, 1961-ൽ 19, 1971-ൽ 24, 1991-ൽ 28 എന്നും കാണുന്നു. ഇത് പരിശോധിക്കുമ്പോൾ വ്യക്തമാകുന്നത് അധിനിവേശകാലത്ത് ആൻഡമാൻ ആദിവാസികളിൽ വൻതോതിൽ വംശനാശം സംഭവിച്ചുവെന്നാണ്. വംശനാശത്തിനുശേഷം അതിജീവിച്ചവരെയാണ് ഇന്ത്യൻ സെൻസസ് രേഖപ്പെടുത്തിയത്. ലിറ്റിൽ ആൻഡമാൻ വിഭാഗത്തിലും ജനസംഖ്യയിൽ ശോഷണം പ്രകടമാണ്.

ഗ്രേറ്റ് ആൻഡമാനീസ് ഗോത്രത്തിലെ രണ്ട് യോദ്ധാക്കൾ / Photo: Wikimedia Commons

കൊളോണിയൽ സെൻസസിൽ ഓങ്ങേ- 1901-ൽ 672, 1911-ൽ 631, 1921-ൽ 321, 1931-ൽ 250 വീതം എന്നാണുള്ളത്. തുടർന്നുള്ള ഇന്ത്യൻ സെൻസസിൽ 1951-ൽ 150, 1961-ൽ 129, 1971-ൽ 112, 1991-ൽ 98 വീതം എന്നും കാണാം. ജരാവ വിഭാഗത്തിന്റെ കണക്ക് വസ്തുനിഷ്ഠമല്ല. ഇപ്പോൾ പോലും അവരുടെ കൃത്യമായ ജനസംഖ്യ രേഖപ്പെടുത്താനായിട്ടില്ല. ജരാവ 1901ലും 1911-ലും ഇല്ല, 1921-ൽ 114, 1931-ൽ 70, 1951-ൽ 50, 1961-ൽ 500, 1971-ൽ ഇല്ല, 1991-ൽ 200 എന്നിങ്ങനെയാണ്.

പ്രഥമദൃഷ്ട്യാ ഇവിടെ വെളിപ്പെടുന്ന സംഗതി, ബ്രിട്ടീഷ് അധിനിവേശം ആൻഡമാനിലെ ആദിവാസികളിൽ സൃഷ്ടിച്ച പ്രശ്‌നങ്ങളും പ്രതികരണങ്ങളുമാണ്. പീനൽ സെറ്റിൽമെന്റ് വരുന്നതിനുമുമ്പ് ഓരോ ഗോത്ര വിഭാഗവും അവരവരുടെ അതിർത്തിക്കുള്ളിൽ കഴിഞ്ഞു. പ്രകൃതിവിഭവസമാഹരണത്തിലൂന്നിയുള്ള ജീവിതരീതി പുലർത്തിപ്പോന്നു. കാർഷിക പൂർവ സമൂഹങ്ങളായിരുന്നു, അതുകൊണ്ടുതന്നെ കൃഷി അറിയില്ലായിരുന്നു. പ്രകൃതിവിഭവങ്ങൾ ശേഖരിക്കൽ, ചെറിയ തരത്തിലുള്ള നായാട്ട്, മീൻപിടുത്തം ഇതൊക്കെയായിരുന്നു മുഖ്യ ഉപജീവനമാർഗങ്ങൾ. മത്സ്യം, കാട്ടുപന്നി, ഉടുമ്പ്, കടലാമ, പഴങ്ങൾ, കിഴങ്ങുകൾ, തേൻ തുടങ്ങിയവയാണ് ഭക്ഷ്യവസ്തുക്കൾ. കാലാവസ്ഥക്കനുസരിച്ചാണ് പ്രകൃതിവിഭവ ശേഖരണം നടത്തിയിരുന്നത്. തേൻ മണ്ണിനടിയിൽ സൂക്ഷിച്ചുവയ്ക്കുന്ന സംവിധാനം ഉണ്ടായിരുന്നു. മിക്ക വിഭാഗങ്ങളും കാട്ടിലും തീരത്തും വസിക്കുന്നവരായി മാറിയിരുന്നു, തീരവാസികൾ അരിയൊട്ടാസ് എന്നും കാട്ടുവാസികൾ എരംതഗ എന്നുമാണ് അറിയപ്പെട്ടിരുന്നത്. വിഭവചൂഷണത്തിനനുയോജ്യമായ ഒരു ക്രമീകരണമായിരുന്നു ഇതെന്നു മനസിലാക്കാം. ഗോത്രങ്ങൾ പരസ്പരം അകന്നുതന്നെയായിരുന്നു ജീവിച്ചത്. പരസ്പരം വിവാഹബന്ധങ്ങളിൽ ഏർപ്പെട്ടിരുന്നില്ല. അതിർത്തി കടന്നുള്ള വിഭവസമാഹരണം ഉണ്ടാവുക പതിവില്ല. ഏതെങ്കിലും സാഹചര്യത്തിൽ അങ്ങനെ അതിക്രമമുണ്ടായാൽ ചെറുത്തുനിൽപ്പും ഉണ്ടാകും.

Photo: Wikimedia Commons

ഗോത്രത്തിന് പൊതുവായ സ്ഥിരപാർപ്പിടവും കുടുംബങ്ങൾക്കായുള്ള താൽക്കാലിക പാർപ്പിടങ്ങളും ലഭ്യമായ പ്രകൃതിവസ്തുക്കൾ ഉപയോഗിച്ചു നിർമിച്ചിരുന്നു. ആയുധങ്ങളായി പലതരം അമ്പുകൾ (മീൻ മുള്ള്, തടി, ഇരുമ്പ്), വില്ലുകൾ, ശേഖരണസാമഗ്രികൾ, തടിയിൽ കൊത്തിയെടുത്ത ബക്കറ്റ്, വള്ളം എന്നിവയും കൈക്കോടാലിയും കത്തികളും നിർമിച്ചിരുന്നു. തീയുടെ ഉപയോഗം അറിയാമായിരുന്നു. എല്ലാം ചുട്ടു കഴിക്കുന്ന രീതിയായിരുന്നു. മൺകല നിർമിതിയില്ല. ഇത്തരത്തിൽ നൂറ്റാണ്ടുകളായി പ്രകൃതിയെ ആശ്രയിച്ച് ജീവിതവൃത്തി നടത്തിയിരുന്ന സമൂഹങ്ങൾക്കിടയിലാണ് അവരുടെ മണ്ണിൽ അധിനിവേശം നടത്താൻ ബ്രിട്ടീഷുകാരെത്തിയത്.

തങ്ങളുടെ മണ്ണിൽ അധിനിവേശം നടത്തിയവരോട് സൗഹൃദസമീപനം സ്വീകരിക്കാനോ നയപരമായ ഉടമ്പടികളുണ്ടാക്കാനോ ഒന്നും തദ്ദേശീയരായ ആദിമർക്കു കഴിയുമായിരുന്നില്ല.

ആൻഡമാൻ ആദിവാസികളോടുള്ള ബ്രിട്ടീഷ് നയം

ആൻഡമാൻ ആദിവാസികളെ കുറിച്ചുള്ള ബ്രിട്ടീഷ് ധാരണ, അവർ സംസ്‌കൃതിയിൽ പ്രാഥമിക ഘട്ടത്തിലുള്ളവരാണെന്നാണ്. നരഭോജികൾ എന്നു വ്യക്തമാക്കിയില്ല. ക്രൂരവിഭാഗം. നഗ്‌നരാണ്. അവർ പ്രകൃതിവിഭവങ്ങൾ ശേഖരിച്ചും വേട്ടയാടിയും ജീവിക്കുന്നു. അവർ സംസ്‌കൃതജനതയുമായി സമ്പർക്കത്തിലെത്തിയിട്ടില്ല. ഒറ്റപ്പെട്ട് ജീവിക്കാനാഗ്രഹിക്കുന്നു. അവരുടെ മണ്ണിലെത്തുന്ന മറ്റുള്ളവരോട് താല്പര്യമില്ല. അവിടെയെത്തുന്നവരെ ഇല്ലായ്മ ചെയ്യുകയാണ് ആദിവാസികൾ. അതാണ് ചരിത്രം. അതുകൊണ്ട് അധിനിവേശം എളുപ്പമാകില്ല എന്നും ആദിവാസികളെ കഴിയുന്നതും പ്രകോപിപ്പിക്കാതെ മെരുക്കിയെടുത്ത് അവരെ പരിഷ്‌കൃതരാക്കുക. ഇത്തരത്തിൽ ഏറ്റവും മാനവികമായ നിലപാടാണ് അധിനിവേശ ശക്തിക്കുണ്ടായിരുന്നുവെന്നാണ് പൊതുഭാഷ്യം. എന്നാൽ സ്ഥിതി അതായിരുന്നില്ല. അവരെ മെരുക്കുക എന്നതിന് രണ്ടർത്ഥമാണുള്ളത്. തങ്ങളുടെ താല്പര്യം സാധിച്ചെടുക്കാനായി അവരെ തങ്ങളുടെ നേതൃത്വം അംഗീകരിപ്പിക്കുന്നവരായി പരിവർത്തനപ്പെടുത്തുക എന്നതിനൊപ്പം ആയുധശേഷി കുറഞ്ഞ തദ്ദേശീയരെ ഭീഷണിപ്പെടുത്തി വറുതിയിലാക്കുക, അല്ലെങ്കിൽ തങ്ങളുടെ ലക്ഷ്യപ്രാപ്തിക്കായി കൊന്നൊടുക്കുക.

അധിനിവേശ വിരുദ്ധ പ്രതികരണങ്ങൾ

തങ്ങളുടെ മണ്ണിൽ അധിനിവേശം നടത്തിയവരോട് സൗഹൃദസമീപനം സ്വീകരിക്കാനോ നയപരമായ ഉടമ്പടികളുണ്ടാക്കാനോ ഒന്നും തദ്ദേശീയരായ ആദിമർക്കു കഴിയുമായിരുന്നില്ല. അവർക്കറിയാവുന്ന എക പ്രതികരണരീതി ശത്രുവിനെ ആക്രമിക്കുക മാത്രമാണ്. സ്വന്തം ഗോത്രത്തിൽ പെടാത്തവരെല്ലാം അന്യരാണ്. അന്യരെ ഉൾക്കൊള്ളുക എന്ന മാനസിക പക്വത കൈവന്ന സമൂഹങ്ങളല്ല ഇവ. തങ്ങളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം എന്നല്ലാതെ ബ്രിട്ടീഷ് ഭരണകൂടത്തിന്റെ അധിനിവേശമാണിത് എന്നൊന്നും അവർക്കു തിരിയില്ല. കടന്നുകയറ്റത്തെ പ്രതിരോധിക്കാനുള്ള ഏക ആശ്രയം സ്വന്തമായുള്ള അമ്പും വില്ലും കൈക്കോടാലിയും മാത്രമാണ്.

തങ്ങളുടെ ഗോത്രക്കാരല്ലാത്ത അന്യർ എന്നല്ലാതെ അധിനിവേശക്കാരിൽ കുറ്റവാളികളായ ഇന്ത്യക്കാരും അവരെ ഭരിക്കുന്ന ബ്രിട്ടീഷുകാരുമുണ്ട് എന്നൊന്നും അവർക്കു വ്യക്തതയുണ്ടായിരുന്നില്ല. തങ്ങളുടെ മണ്ണിലെത്തിയവർ അതിഥികളല്ല കടന്നുകയറ്റക്കാരാണ്, അവരെ തുരത്തുക എന്നതായിരുന്നു ലക്ഷ്യം.

ബ്രിട്ടീഷ് സാന്നിധ്യത്തിനെതിരെ അവർ പ്രതികരണം തുടങ്ങിയത് 1858 ഫെബ്രുവരിയിൽ ദ്വീപു സർവ്വേ നടത്തുമ്പോൾ മൂന്നു പേരെ കൊന്നാണ്. തങ്ങളുടെ ഗോത്രക്കാരല്ലാത്ത അന്യർ എന്നല്ലാതെ അധിനിവേശക്കാരിൽ കുറ്റവാളികളായ ഇന്ത്യക്കാരും അവരെ ഭരിക്കുന്ന ബ്രിട്ടീഷുകാരുമുണ്ട് എന്നൊന്നും അവർക്കു വ്യക്തതയുണ്ടായിരുന്നില്ല. തങ്ങളുടെ മണ്ണിലെത്തിയവർ അതിഥികളല്ല കടന്നുകയറ്റക്കാരാണ്, അവരെ തുരത്തുക എന്നതായിരുന്നു ലക്ഷ്യം. കുറ്റവാളികളാകട്ടെ എങ്ങനെയും ബ്രിട്ടീഷു തടവിൽനിന്ന് രക്ഷപ്പെടുക എന്ന താല്പര്യമുള്ളവരും. അക്കാലത്ത് 228 തടവുകാർരക്ഷ​പ്പെട്ടു​​. അതിൽ 88 പേരെ തിരിച്ചുപിടിക്കാനായി. ബാക്കിയുള്ളവരെ ആദിവാസികൾ കൊന്നു. തിരിച്ചു പിടിച്ചവരിൽ 86 പേരെ ജയിലധികാരികൾ കൊന്നു. 1858 മാർച്ച് 5 ന് ആദിവാസികൾ സർവ്വേ ഉദ്യോഗസ്ഥരിൽ ചിലരെ കൊന്നു. 1858 ഏപ്രിൽ 25 ന് സർവ്വേക്കാരുമായി ആദിവാസികൾ ഏറ്റുമുട്ടി. നാവികർ വെടിവെപ്പു നടത്തി ആദിമരെ തിരിച്ചാക്രമിച്ചു . 1858 ജൂൺ 9 ന് നാവികരുമായി വീണ്ടും ആദിവാസികൾ ഏറ്റുമുട്ടി. ഇതൊരു തുടർ പ്രക്രിയയായി. ജീവഹാനി രണ്ടുകൂട്ടരിലും ഉണ്ടായിക്കൊണ്ടേയിരുന്നു.

കാട് വെട്ടരുത് എന്നതായിരുന്നു ആദിമരുടെ ആവശ്യം. പണിക്കാർക്ക് ആവശ്യം അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നില്ല, പക്ഷേ പണിയെടുപ്പിക്കുന്നവർക്കത് സമ്മതമായിരുന്നില്ല. അതോടെ, പണിയെടുപ്പിക്കുന്നവരെ തിരഞ്ഞു കൊല്ലുക എന്നതായി ആദിവാസികളുടെ പദ്ധതി.

ആൻഡമാനീസുകാരുടെ പ്രകോപനമില്ലാതെ 1858 ജൂലൈ 5 ന് നാവികർ അവരുടെ വള്ളങ്ങൾ പിടിച്ചെടുത്തു. 40 ലേറെ കുടിലുകൾ നശിപ്പിച്ചു, നാവികരുടെ പ്രതികാരനടപടി ശരിയായിരുന്നില്ല എന്ന് അധികാരികൾ വിലയിരുത്തി. തദ്ദേശീയ ജനതയെ സൗഹൃദപൂർവം കൈകാര്യം ചെയ്യണമെന്ന നയത്തിൽ നിന്ന് വ്യതിചലിച്ചത് അപലപിച്ചു. സൂപ്രണ്ടന്റായ വാക്കറിന്റെ കൊന്നൊടുക്കൽ നയത്തോട് ഭരണകൂടം യോജിച്ചില്ല. ഗ്രേറ്റ് ആൻഡമാന്റെ തെക്കേ അറ്റത്തു സൈനികകേന്ദ്രം സ്ഥാപിക്കാനുള്ള ശ്രമം തടയുകയും ചെയ്തു. വാക്കറുടെ അടിച്ചമർത്തൽ മനോഭാവം ആദിമരിൽ സംഘടിത ചെറുത്തുനിൽപ്പ് അനിവാര്യമാക്കി.

1859 ഏപ്രിൽ- മെയ് മാസങ്ങളിൽ പല സംഘടിത ആക്രമണങ്ങളും ആദിവാസികളുടെ ഭാഗത്തുനിന്നുണ്ടായി. 1859 ഏപ്രിൽ 6 ന് 248 തടവുകാർ ഹഡോ ഭാഗത്ത് കാടുവെട്ടിത്തെളിക്കുന്ന ജോലിയിലായിരുന്നപ്പോൾ അമ്പും വില്ലുമായി 200 ഓളം ആദിമരെത്തി ആക്രമിച്ചു. തടവുകാരിൽ പലരും മരിച്ചു, ഒട്ടേറെ പേർക്ക് മുറിവേറ്റു. 1859 ഏപ്രിൽ 14 നു ആദിമർ രണ്ടാമത്തെ സംഘടിത ആക്രമണം നടത്തി. ആയിരത്തിലേറെ ആദിവാസികൾ കത്തിയും കൈക്കോടാലിയും അമ്പും വില്ലുമേന്തി 446 തടവുകാരെ ആക്രമിച്ചു. ഈ ആക്രമണത്തിൽ മൂന്നുപേർ മരിച്ചു, 6 പേർക്കു പരിക്കേറ്റു. നാവികർ വെടിവച്ചു, ആദിമരിൽ എത്രപേർ കൊല്ലപ്പെട്ടുവെന്നറിയില്ല. 12 തടവുകാർ ആദിമരുടെ പിടിയിലായി, പിന്നീട് അവരെ കുറിച്ചു വിവരങ്ങളൊന്നുമില്ല. നിരന്തരമായുണ്ടായ ഈ സംഘർഷപരമ്പരയിൽ നിന്ന് ആദിവാസികൾക്ക് തൊഴിലാളികൾ ആരെന്നും തൊഴിലെടുപ്പിക്കുന്നവർ ആരെന്നും മനസ്സിലായി.

ആൻഡമാനിലെ ആദിവാസികൾ ആയുധങ്ങളായി അമ്പുകൾ, വില്ലുകൾ, ശേഖരണസാമഗ്രികൾ, തടിയിൽ കൊത്തിയെടുത്ത ബക്കറ്റ്, വള്ളം എന്നിവയും കൈക്കോടാലിയും കത്തികളും നിർമിച്ചിരുന്നു. Photo: Wikimedia Commons

കാട് വെട്ടരുത് എന്നതായിരുന്നു ആദിമരുടെ ആവശ്യം. പണിക്കാർക്ക് ആവശ്യം അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നില്ല, പക്ഷേ പണിയെടുപ്പിക്കുന്നവർക്കത് സമ്മതമായിരുന്നില്ല. അതോടെ, പണിയെടുപ്പിക്കുന്നവരെ തിരഞ്ഞു കൊല്ലുക എന്നതായി ആദിവാസികളുടെ പദ്ധതി. തൊഴിലാളികളായ തടവുകാർക്ക് ചങ്ങലയുണ്ടാകും എന്നവർ ഇതിനകം മനസ്സിലാക്കി. ഒറ്റപ്പെട്ട അക്രമണങ്ങൾ ആദിമരുടെ ഭാഗത്തുനിന്നും തുടർന്നു. തിരിച്ച് ആദിമരുടെ വീടു കത്തിക്കലും ആയുധങ്ങൾ നശിപ്പിക്കലും അവർക്കുനേരെ വെടിയുതിർക്കലും തുടർന്നു. കൊന്നൊടുക്കിയ ആദിമരെ കുറിച്ചുള്ള കണക്കുകൾ രേഖപ്പെടുത്താതിരുന്നു.

അബെർദീൻ യുദ്ധം

അധിനിവേശത്തെ ചെറുത്തുതോല്പിക്കാൻ ശ്രമിക്കുന്ന ആദിവാസികൾക്കെതിരെയുള്ള ശിക്ഷാനടപടിയായിട്ടാണ് വാക്കർ ആദിവാസികളുടെ ആവാസയിടങ്ങൾക്കുനേരെ ശക്തമായ സായുധനടപടികളുമായി മുന്നോട്ടുപോയത്. യുദ്ധം ചെയ്യാൻ പട്ടാളവും പടക്കപ്പലുമെല്ലാം ഉണ്ടായിരുന്ന ബ്രിട്ടീഷുകാർക്കെതിരെയാണ് അമ്പും വില്ലുമായി അവർ ഏറ്റുമുട്ടിയത്. ആൾനാശമുണ്ടായെങ്കിലും അധിനിവേശത്തിനെതിരെയുള്ള ചെറുത്തുനിൽപ്പ് അവർ തുടർന്നു.

1859 മെയ് 17ന് നടന്ന ആദിവാസികളുടെ മൂന്നാമത്തെ സംഘടിത പ്രതിരോധമാണ് അബെർദീൻ യുദ്ധം എന്നറിയപ്പെടുന്നത്. ആൻഡമാനികളുടെ ഭൂമിക്കുവേണ്ടിയുള്ള അവസാനത്തെ സംഘടിത ചെറുത്തുനിൽപ്പായിരുന്നു ഇത്. ഈ യുദ്ധത്തിൽ അവർ പരാജയപ്പെട്ടു. ഗറില്ലാ യുദ്ധമായിരുന്നു സംഘടിതമായി ആസൂത്രണം ചെയ്തതെങ്കിലും, അവർ വിശ്വസിച്ച് കൂടെ കൂട്ടിയ തടവുകാരുടെ ചതിയാണ് ആ യുദ്ധത്തെ പരാജയപ്പെടുത്തിയത്. തടവുകാർ എങ്ങനെ ആദിവാസികളുടെ ചങ്ങാതിമാരായി എന്നത് അറിയേണ്ടത് പ്രധാനമാണ്. സാധാരണഗതിയിൽ അന്യരെ ഉൾക്കൊള്ളുന്ന സമീപനം ആദിവാസി വിഭാഗങ്ങൾക്കില്ല. തടവുകാർ തങ്ങളെപ്പോലെ അധീശത്വം അനുഭവിക്കേണ്ടിവന്നവരാണെന്ന ബോധ്യമാണോ തദ്ദേശീയരിൽ മാറ്റം വരുത്തിയത് എന്നറിയില്ല. രണ്ടു പേരുടെ വിവരങ്ങളാണ് ലഭ്യമായി കാണുന്നത്. തടവുകാരിൽ എന്തുകൊണ്ടാണ് അവർതിരഞ്ഞെടുപ്പു നടത്തിയെന്നും വ്യക്തമല്ല. എന്തായാലും ആ കഥാഖ്യാനം ഇതാ:

1859 മെയ് 17ന് നടന്ന ആദിവാസികളുടെ മൂന്നാമത്തെ സംഘടിത പ്രതിരോധമാണ് അബെർദീൻ യുദ്ധം എന്നറിയപ്പെടുന്നത്. / Photo: amritmahotsav.nic.in

ശിപായി ലഹളയിൽ പങ്കെടുത്തതിന് ആൻഡമാനിലേക്ക് നാടുകടത്തിയ തടവുകാരിലൊരുവനായിരുന്നു ദൂത് നാഥ് തിവാരി. അദ്ദേഹം ദ്വീപിലെത്തി 17 ദിവസത്തിനകം മറ്റ് 90 തടവുകാരുമായി തടങ്കൽ താവളത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചു. റോസ് ദ്വീപിൽ നിന്ന് പുറത്തു കടന്ന അവർ ആദിവാസികളുടെ മുന്നിലെത്തി. ആദിവാസികൾ ആക്രമണം നടത്തി. ഏറെപ്പേർക്ക് ജീവഹാനി നേരിട്ടു. മുറിവേറ്റ ദൂത് നാഥ് തിവാരിയെ ആൻഡമാനികൾ വധിച്ചില്ല, കൂടെ കൂട്ടി അഭയം നൽകി. അയാൾ ഒരു വർഷത്തോളം അവർക്കൊപ്പം ജീവിച്ചു. ആദിമരും അധിനിവേശക്കാരും തമ്മിലുള്ള ഏറ്റുമുട്ടൽ തുടർന്നു. വാക്കറുടെ ആദിമർക്കെതിരെയുള്ള ശിക്ഷാനടപടി കടുത്തപ്പോൾ അധിനിവേശം നടത്തിയവരെ കൊന്നൊടുക്കാൻ ആദിവാസികൾ സന്നദ്ധരായി. രഹസ്യമായ ഈ പദ്ധതി അവർക്കൊപ്പം നിന്ന് തിവാരി മനസ്സിലാക്കി.

വിവിധ ഗോത്രങ്ങളിൽ പെട്ട ആദിവാസികൾ പല ഭാഗത്തുനിന്ന് വള്ളത്തിൽ കഴിയാവുന്നത്ര ആയുധശേഖരവുമായി ബ്രിട്ടീഷ് അധികാരികളെ കൊന്നൊടുക്കാൻ ബ്രിട്ടീഷ് താവളത്തിൽ നിന്നും രണ്ടു മൈൽ ദൂരെയുള്ള അബെർദീൻ പ്രദേശത്തു തമ്പടിച്ചു. വഴിമധ്യേ ചേർന്ന മറ്റൊരു സംഘത്തിൽ സാഡ്‌ലൂ എന്ന രക്ഷപ്പെട്ട തടവുകാരനുണ്ടായിരുന്നു. തടങ്കൽ പാളയത്തിൽ നിന്ന് രക്ഷപ്പെട്ടവരും ആദിവാസികൾ അഭയം നൽകിയവരുമായ ഈ രണ്ടു പേർക്കും പിറ്റേന്നു രാവിലെ നടത്താനിരിക്കുന്ന ആദിവാസികളുടെ ആക്രമണത്തെ കുറിച്ചു ധാരണയുണ്ട്. ഉറക്കമായിരുന്ന ആദിവാസികൾക്കിടയിൽനിന്നും രണ്ടു പേരും രാത്രി രക്ഷപ്പെട്ട് ബ്രിട്ടീഷുകാരുടെ താവളത്തിലെത്തി വിവരം ചോർത്തി നൽകി. ഇതോടെ വാക്കറും സംഘവും ആയുധസജ്ജരായി ആദിമരുടെ സംഘത്തെ ഹീനമായി ആക്രമിച്ചു. സായുധശേഷിയുണ്ടായിരുന്ന ബ്രിട്ടീഷുകാർക്ക് ആദിമരുടെ സംഘടിതസമരത്തെ ആക്രമിച്ചു കീഴ്‌പ്പെടുത്താൻ എളുപ്പം കഴിഞ്ഞു. ആദിവാസികളെ കൊന്നൊടുക്കി ബ്രിട്ടീഷുസേന വിജയം ആഘോഷിച്ചു.

അബെർദീൻ സ്തംഭം

ആദിവാസികൾക്കിടയിൽ അഭയം നേടിയ രണ്ടുപേർ കാരണം ആദിവാസികളുടെ ഗറില്ലാതന്ത്രം ബ്രിട്ടീഷ് സൈനികശേഷിക്കുമുന്നിൽ പരാജയപ്പെട്ടു. ആദിവാസികൾ അതുവരെ നടത്തിയ അധിനിവേശ വിരുദ്ധ പ്രതിരോധത്തിൽ ഏറ്റവും കൂടുതൽ ആൾ നാശം ഇതിലുണ്ടായി. ഈ ബ്രിട്ടീഷ് വിരുദ്ധ പ്രക്ഷോഭത്തിന്റെ ഓർമക്കായി പോർട്ട് ബ്ലൈറിന്റെ ഹൃദയഭാഗത്ത് അബെർദീൻ സ്തംഭം പിൽക്കാലത്ത് സ്ഥാപിച്ചു. ആദിവാസികളുടെ സ്വാതന്ത്ര്യ സമരത്തിനെതിരെ നടന്ന ഏറ്റവും വലിയ മനുഷ്യത്വ ഹീനമായ ആക്രമണമായിരുന്നു ബ്രിട്ടീഷ് അധികാരികൾ നടത്തിയത്. ശിലായുഗത്തിന്റെ പിന്മുറക്കാർ നടത്തിയ അധിനിവേശ വിരുദ്ധകലാപം ഇപ്പോഴും മുഖ്യധാരാ ചരിത്രത്തിൽ ഇടം കണ്ടിട്ടില്ല. ഇന്ത്യയിലെ ബ്രിട്ടീഷ് വിരുദ്ധ ആദിവാസി പ്രക്ഷോഭങ്ങളിൽ സംസ്‌കൃതിയുടെ ഏറ്റവും താഴെയുള്ള ജനതയുടെ ചെറുത്തുനിൽപ്പിന്റെ കഥയാണ് അബെർദീൻ യുദ്ധം പങ്കിടുന്നത്. ഇതിനുശേഷം ഇരുപക്ഷത്തും മാറ്റം വന്നു. ആ മാറ്റമാകട്ടെ, നിശ്ശബ്ദമായി ആദിവാസികളുടെ വംശനാശം ഉറപ്പുവരുത്തി.

അബെർദീൻ യുദ്ധശേഷം വാക്കർ വിരമിച്ചു. വാക്കറുടെ ആദിവാസി വിരുദ്ധ നയമായിരുന്നു അവരെ സംഘടിതരാക്കിയത്. വാക്കറിനെ തുടർന്നു സൂപ്രണ്ടായി വന്ന ക്യാപ്റ്റൻ ഹട്ടൺ ആദിവാസികളോട് തികച്ചും സൗഹാർദപൂർവമായ നയം കൈക്കൊണ്ടു. നിഗ്രഹശ്രമങ്ങൾ അതോടെ അവസാനിച്ചു. ഡോക്ടറായ ഡോ. ഗെമ്മക് സമ്മാനങ്ങൾ നൽകി ആദിവാസികളെ പാട്ടിലാക്കാൻ ശ്രമമാരംഭിച്ചു. എങ്കിലും ആദിവാസികൾ ഒറ്റപ്പെട്ട ആക്രമണം തുടർന്നു. ഒറ്റപ്പെട്ട ആക്രമണങ്ങളുടെ പേരിൽ ക്യാപ്റ്റൻ ഹട്ടൺആദിവാസികളോടുള്ള നിലപാടിൽ മാറ്റം വരുത്തിയില്ല. മറിച്ച്, പുതിയ പരീക്ഷണങ്ങളാരംഭിച്ചു.

1864 മുതൽ 1870 വരെ ആൻഡമാൻ ഹോമിൽ അന്തേവാസികളുണ്ടായിരുന്നെങ്കിലും ജനനനിരക്കു വളരെക്കുറവും മരണനിരക്ക് കൂടിയും കാണാം. അതേപോലെ വൻതോതിൽ ലൈംഗികരോഗം വ്യാപിച്ചുവെന്നും മനസിലാക്കാം.

1860- ൽ തടവിലാക്കിയ അക ബീ വിഭാഗത്തിലെ മൂന്നു ആദിവാസികളെ ബർമയിലേക്കയച്ചു. അവർ മുറിഇംഗ്ലീഷെങ്കിലും വശത്താക്കിയാൽ അവരെ ഉപയോഗിച്ച് ഗോത്രവസികളെ സ്വാധീനിക്കാൻ കഴിയുമെന്ന പ്രതീക്ഷ അദ്ദേഹത്തിനുണ്ടായിരുന്നു. പക്ഷേ പരീക്ഷണം പരാജയമായി. ഒരാൾ പെട്ടന്നു മരിച്ചു. അവശത കണക്കിലെടുത്ത് മറ്റുള്ളവരെ തിരിച്ചെത്തിച്ചു. തിരിച്ചെത്തിയവർ അവരോടുള്ള ബ്രിട്ടീഷ് പെരുമാറ്റത്തെ കുറിച്ച് മറ്റുള്ളവരെ അറിയിച്ചു. ഗോത്രവാസികളിൽ ചെറിയ മാറ്റം ദൃശ്യമായി.

ഇതിനിടയിൽ ഹട്ടനുപകരം ടൈറ്റ്‌ലർ ചാർജ് എടുത്തു. അദ്ദേഹം ആൻഡമാനിസ് ഇടങ്ങളിലേക്കു ചെറു സായുധസംഘങ്ങളെ അയച്ചുതുടങ്ങി. 1863 ജനുവരി 28 നുപോയ സംഘത്തിലുണ്ടായിരുന്ന പ്രാറ്റ് എന്ന നാവികൻ ഗോത്ര വനിതയോട് അപമര്യാദയായി പെരുമാറി. ഇതിനു പ്രതികാരമായി രണ്ടു ഗോത്ര അംഗങ്ങൾ പ്രാറ്റിനെ കൊന്നു. കൊന്നവർ ജംബോ, സ്‌നോബാൾ എന്നിവരായിരുന്നു. ഈ പേരുകളൊക്കെ ബ്രിട്ടീഷുകാർ നൽകിയതാണ്. അവരുടെ യാഥാർത്ഥ പേരുകൾ പൂർണമായും വ്യത്യസ്തമാണ്. പാരിസ്ഥിതിക ബന്ധമാണ് അവരുടെ പേരുകൾക്കാധാരം എന്ന് നരവംശ പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്. അവരെ 1863- ൽ തടവുകാരാക്കി. പ്രാറ്റിന്റെ ഭാഗത്താണ് തെറ്റെന്നു മനസിലാക്കി അയാളെ കൊന്ന ജംബോയ്ക്കു മൂന്നുമാസം തടവു നൽകി. സ്‌നോബാളിനെ തിരിച്ചയച്ചു. തടവുകാരനെ കാണാൻ അയാളുടെ ഭാര്യയെയും മറ്റുള്ളവരെയും അനുവദിച്ചു. അങ്ങനെ വന്നവർക്കു നിറയെ സമ്മാനങ്ങളും നൽകി. ജംബോയുടെ ഭാര്യയെയും മകനെയും റോസ് ദ്വീപിൽ താമസിക്കാനും അനുവദിച്ചു.

ഹട്ടനുപകരം ടൈറ്റ്‌ലർ ചാർജ് എടുത്തു. അദ്ദേഹം ആൻഡമാനിസ് ഇടങ്ങളിലേക്കു ചെറു സായുധസംഘങ്ങളെ അയച്ചുതുടങ്ങി. 1863 ജനുവരി 28 നുപോയ സംഘത്തിലുണ്ടായിരുന്ന പ്രാറ്റ് എന്ന നാവികൻ ഗോത്ര വനിതയോട് അപമര്യാദയായി പെരുമാറി. ഇതിനു പ്രതികാരമായി രണ്ടു ഗോത്ര അംഗങ്ങൾ പ്രാറ്റിനെ കൊന്നു.

വംശഹത്യയ്ക്ക് ആൻഡമാൻ ഹോം

ഈ സൗഹൃദനടപടികൾ ‘ആൻഡമാൻ ഹോം’ എന്ന പുതിയ പദ്ധതിയിലേക്കുനയിച്ചു. ബ്രിട്ടീഷ് വിരുദ്ധരല്ലാത്ത ആദിവാസികളുടെ പുനരധിവാസ പദ്ധതിയാണിത്. അവരെ പരിഷ്‌കൃതരാക്കാനും അവരിലൂടെ ആദിവാസികളുടെ എതിർപ്പ് ഒഴിവാക്കാനുമുള്ള പദ്ധതിയായിരുന്നു ഇത്. പൊതുവിൽ ബ്രിട്ടീഷുകാർ ആദിവാസികളെ മെരുക്കുന്നുവെന്നാണ് കരുതിയത്. പക്ഷേ പുതിയ ജീവിതരീതിയിൽ അവർ സംതൃപ്തരായിരുന്നില്ല. കൂടാതെ സ്ത്രീകളെ നാവികരും കാവൽക്കാരായ തടവുകാരും ലൈംഗികമായി ചൂഷണം ചെയ്തു. ഇതൊക്കെ ആൻഡമാൻ ഹോമിൽ നിന്നും ഒളിച്ചോടാൻ ആദിവാസികളെ പ്രേരിപ്പിച്ചു. ഒളിച്ചോടിയവരെ തിരിച്ചെത്തിക്കാനുള്ള നടപടികളുമുണ്ടായി. ആദിവാസികൾക്ക് ഇഷ്ടമുള്ളപ്പോൾ വരാമെന്നും സ്വതന്ത്രരായി കഴിയാമെന്നൊക്കെ പുതിയ ഓഫറുകൾ നടപ്പിലായി. അതോടൊപ്പം അവരുടെ ആവാസയിടങ്ങളിൽ സമ്മാനങ്ങളെത്തിക്കുന്ന പദ്ധതിയും ആരംഭിച്ചു.

1864 മുതൽ 1870 വരെ ആൻഡമാൻ ഹോമിൽ അന്തേവാസികളുണ്ടായിരുന്നെങ്കിലും ജനനനിരക്കു വളരെക്കുറവും മരണനിരക്ക് കൂടിയും കാണാം. അതേപോലെ വൻതോതിൽ ലൈംഗികരോഗം വ്യാപിച്ചുവെന്നും മനസിലാക്കാം. സിഫിലിസിനൊപ്പം മറ്റനേകം രോഗങ്ങൾ ആദിമർക്കിടയിൽ പരന്നു. ഇതോടെ ആൻഡമാൻ ഹോം എന്ന പുനരധിവാസ പദ്ധതി വൻതോതിലുള്ള വംശഹത്യയായി പര്യവസാനിച്ചു. 1858- ൽ നിന്ന് ഗോത്ര ജനസംഖ്യ 1931 ലെത്തിയപ്പോൾ വന്ന മാറ്റം ബ്രിട്ടീഷ് അധിനിവേശം ആൻഡമാൻ ആദിമരുടെ വംശഹത്യ ഉറപ്പുവരുത്തിയതെങ്ങനെ എന്നു വെളിപ്പെടുത്തുന്നു

പൊതുവിൽ ബ്രിട്ടീഷുകാർ ആദിവാസികളെ മെരുക്കുന്നുവെന്നാണ് കരുതിയത്. പക്ഷേ പുതിയ ജീവിതരീതിയിൽ അവർ സംതൃപ്തരായിരുന്നില്ല. കൂടാതെ സ്ത്രീകളെ നാവികരും കാവൽക്കാരായ തടവുകാരും ലൈംഗികമായി ചൂഷണം ചെയ്തു. ഇതൊക്കെ ആൻഡമാൻ ഹോമിൽ നിന്നും ഒളിച്ചോടാൻ ആദിവാസികളെ പ്രേരിപ്പിച്ചു.

ഗോത്രനാമം, വർഷം (ജനസംഖ്യ ) എന്ന ക്രമത്തിൽ:

ചാരിയർ: 1858 (100), 1901 (39), 1911 (36), 1921 (17), 1931 (9).

കോറ: 1858 (500), 1901 (96), 1911 (71), 1921 (48), 1931 (24).

ടോബ: 1858 (200), 1901 (48), 1911 (62), 1921 (18), 1931 (6).

യേരെ: 1858 (700), 1901 (218), 1911 (180), 1921 (101), 1931 (46).

കേഡെ: 1858 (500), 1901 (59), 1911 (34), 1921 (6), 1931 (2).

ജൂവായ്: 1858 (300), 1901 (48), 1911 (9), 1921 (5), 1931 (0).

കോൾ: 1858 (100), 1901 (11), 1911 (2), 1921 (0), 1931 (0).

ബൊജിഗ്യാബ്: 1858 (300), 1901 (50), 1911 (36), 1921 (9), 1931 (1).

ബീ: 1858 (500), 1901 (37), 1911 (10), 1921 (1), 1931 (0).

ബലവാ: 1858 (300), 1901 (19), 1911 (15), 1921 (4 ), 1931 (2).

ഓങ്ങേ: 1858 (700), 1901 (672), 1911 (631), 1921 (346 ), 1931 (250).

ജരാവ: 1858 (600), 1901 (585), 1911 (231), 1921 (231), 1931 (120).

കൊളോണിയൽ വിവരങ്ങളാണ് ഇതൊക്കെ. അതായത് അധിനിവേശ ശേഷം വൻതോതിൽ ഗോത്രഹത്യ നടന്നുവെന്നത് ശരിവയ്ക്കുന്ന വിവരങ്ങൾ. ചുരുക്കത്തിൽ ആൻഡമാൻ മണ്ണിന്റെ യഥാർത്ഥ അവകാശികളെ ഉന്മൂലനം ചെയ്തത് ബ്രിട്ടീഷ് ഭരണമാണെന്നു നിസ്സംശയം പറയാം. മാപ്പർഹിക്കാത്ത ഈ വംശഹത്യ ഇപ്പോഴും മുഖ്യധാരയിലെത്തിയിട്ടില്ല എന്നതും സവിശേഷമായി ഓർക്കേണ്ടതാണ്. അതിലുപരി ബ്രിട്ടീഷുകാരുടെ ആദിമ ജനതയോടുള്ള ക്ഷേമപ്രവർത്തനം എന്തായിരുന്നുവെന്നും ആൻഡമാൻ നരഹത്യ വെളിപ്പെടുത്തുന്നു.

(തുടരും)


എം. ശ്രീനാഥൻ

ഭാഷാശാസ്ത്രജ്ഞൻ, പ്രഭാഷകൻ, എഴുത്തുകാരൻ. തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിൽ പ്രൊഫസർ. തിയററ്റിക്കൽ ലിംഗ്വിസ്റ്റിക്‌സ്, അപ്ലൈഡ് ലിംഗ്വിസ്റ്റിക്‌സ്, ലിംഗ്വിസ്റ്റിക്‌സ് ആന്ത്രപ്പോളജി, ലാംഗ്വേജ് ആൻറ്​ ജനറ്റിക്‌സ് തുടങ്ങിയവ മേഖലകളിൽ സ്‌പെഷലൈസേഷൻ. മലയാള ഭാഷാചരിത്രം: പുതുവഴികൾ, എ.ആർ. നിഘണ്ടു, Dravidian Tribes & Language, മലയാള ഭാഷാശാസ്ത്രം, കേരള പാണിനീയ വിജ്ഞാനം (ഡോ. സി. സെയ്തലവിക്കൊപ്പം എഡിറ്റർ), ചട്ടമ്പിസ്വാമികളുടെ ജ്ഞാന നവോത്ഥാനം തുടങ്ങിയവ പ്രധാന പുസ്തകങ്ങൾ.

Comments