വിവേചനത്തിന്റെ അർഥശാസ്ത്രം- 2
▮
മൗര്യ സാമ്രാജ്യത്തിന്റെ ഭരണവ്യവസ്ഥയുടെ ആരൂഢമായി വർത്തിച്ച കൃതിയാണ് ചാണക്യന്റെ അർത്ഥശാസ്ത്രം. രാജവൃത്തി സമഗ്രമായി നോക്കിക്കണ്ട്, മികവുള്ള ഭരണത്തിനു വേണ്ട ഭരണാധികാരികളെങ്ങനെയായിരിക്കണമെന്ന് ചിന്തിച്ചും ഭരണതന്ത്രങ്ങളേയും ജനക്ഷേമനടപടികളേയും സൂക്ഷ്മമായി ഉൾക്കൊണ്ടുമാണ് ചാണക്യൻ അർത്ഥശാസ്ത്രം രചിച്ചത്.
അക്കാലത്തെ സമൂഹഘടനയെയും രാജ ഭരണക്രമത്തെയും നീതിനിർവഹണരീതികളെയും കുറിച്ച് ആഴത്തിലുള്ള പ്രതിപാദനം ഈ കൃതിയിലുണ്ട്. രാജഭരണമില്ലാത്ത സമകാലത്ത് ഈ കൃതിയെ കുറിച്ചുള്ള ചർച്ചയ്ക്ക് എന്തു സാംഗത്യമാണുള്ളത് എന്ന് തോന്നാം. ഇന്ത്യയിൽ വികസിച്ച രാഷ്ട്രമീമാംസയാണിതെന്നതാണ് ചരിത്രപരമായ പ്രസക്തി. അധിനിവേശപൂർവകാലത്തെ ഇന്ത്യൻ ഭരണവ്യവസ്ഥയെ അടുത്തറിയാനും സാമൂഹ്യഘടനയെ മനസിലാക്കാനും ക്ഷേമനടപടികളറിയാനും രാജവൃത്തിയെ മനസിലാക്കാനും കാലിക ഭരണാധികാരികളുമായും ഭരണതന്ത്രങ്ങളുമായും തുലനം ചെയ്തറിയാനും ഈ പുസ്തകം സഹായകമാണ്. മാത്രമല്ല, അന്നത്തെ ഭരണസംബന്ധമായ ആശയങ്ങൾക്ക് അധിനിവേശാനന്തര ഭരണവ്യവസ്ഥയിൽ അപചയം വന്നോ അതോ പിന്തുടർച്ചയോ കൂട്ടിച്ചേർക്കലുകളോ പരിഷ്കാരങ്ങളോ ഉണ്ടായിട്ടുണ്ടോ, ഭരണപാരമ്പര്യത്തെ പാശ്ചാത്യബന്ധം തുടച്ചുനീക്കിയോ തുടങ്ങിയ നിരവധി പ്രശ്നങ്ങൾ ഉന്നയിക്കാനും പരിഹാരമുറകൾ ക്രമീകരിക്കാനും സഹായകമാകും.
കാലവ്യത്യാസംകൊണ്ടും സമൂഹ ഘടനാ വ്യത്യാസം കൊണ്ടും ഇന്ത്യൻ പാരമ്പര്യ മുതലുകളെ, അവയെല്ലാം നവകാലത്ത് അപ്രസക്തമാണ് എന്ന ഒറ്റവാക്യത്തിൽ ഒഴിവാക്കാം. ഫലമോ, സംഘസാഹിത്യം തമിഴരുടേതാണെന്നു നെറ്റിപ്പട്ടംകെട്ടി ഒഴിവാക്കിയ നാം ഭാഷാപഴമ പറയാൻ പിന്നീട് നെട്ടോട്ടമോടി സംഘസാഹിത്യം നമ്മുടേതും കൂടിയാണ് എന്നു സ്ഥാപിക്കുന്നതുപോലെയാവും.
സാംസ്കാരിക മൂലധനത്തെ കുറിച്ചൊക്കെയുള്ള ചർച്ചകളിൽ മൂലനിക്ഷേപങ്ങൾ എങ്ങനെ പരിരക്ഷിക്കപ്പെടണമെന്ന ആലോചനയ്ക്ക് വലിയ പ്രാധാന്യം കൊടുത്തുകാണാറില്ല. നിക്ഷേപനഷ്ടം പരിണാമത്തിലൊതുക്കി പറഞ്ഞൊഴിയുകയാണ് പതിവ്. ആവർത്തിക്കുന്ന ഈ പ്രവണത സാംസ്‌കാരിക ശോഷണത്തിലേക്കു മലയാളിയെ കുറച്ചൊന്നുമല്ല വഴിതെളിച്ചിരിക്കുന്നത്. പ്രാചീന മലയാള കൃതികളിലേയ്ക്ക് നവീനമായ നോട്ടമുണ്ടാകുമ്പോൾ മൂലനിക്ഷേപ സ്രോതസ്സുകൾ കൂടുതൽ സജീവമാകും. അതുവഴി സാംസ്‌കാരിക ശോഷണം ഒരുപരിധിവരെ ഒഴിവാക്കാനാവും.
അർത്ഥശാസ്ത്രത്തെ ഇന്ത്യയിലാദ്യമായി വിവർത്തനത്തിലൂടെ ഏറ്റെടുത്ത മലയാളം, സ്വന്തം കൃതിയായ ഭാഷാകൗടലീയത്തെ സമകാല ചർച്ചയിലേക്ക് ആനയിക്കാതിരുന്നാൽ, കൗടലീയം സംസ്‌കൃത മുതലായി, നമുക്കന്യമായി നിൽക്കും. പിന്നീട് ഇംഗ്ലീഷുകാർ ചർച്ചയിലെത്തിക്കുമ്പോൾ നാം ആകൃഷ്ടരാകും. അതുണ്ടാകാതിരിക്കാൻ പുതിയ തലമുറയ്ക്ക് കൗടലീയത്തിന്റെ പൊരുളറിയാനും അവർക്കു പരിചിതമായ വ്യവസ്ഥയുമായി തട്ടിച്ചുനോക്കാനും പഴയ രാഷ്ട്രമീമാംസ എന്തെന്നറിയാനും ഇത്തരം ചർച്ചകൾ സഹായകമാകുമെന്ന പ്രതീക്ഷയാണ് ഈ പരമ്പരയ്ക്കു പിന്നിലുള്ള താല്പര്യം.
എല്ലാ പ്രാചീന കൃതികളും പുനർപാരായണത്തിന് വിധേയമാക്കേണ്ടതുണ്ട്. ഇത്തരം കൃതികളിൽ മറഞ്ഞിരിക്കുന്ന സാമൂഹ്യ- രാഷ്ട്രീയ പ്രതിച്ഛായ കൂടുതൽ തുറന്നുകാട്ടാനിതുപകരിക്കും.
പ്രാചീന കൃതിയായ കൗടലീയം മറ്റു നിരവധി പ്രാചീന സംസ്കൃതരചനകളിൽ കാണുന്നതുപോലെ ചാതുർവർണ്യാധിഷ്ഠിത ശ്രേണീകൃത സാമൂഹികഘടനയെ ആസ്പദിച്ചുണ്ടായതുതന്നെയാണെന്നത് പ്രഥമദൃഷ്ട്യാ വ്യക്തമാണ്. ഇക്കാര്യം വിമർശനമായി ഉന്നയിച്ചുകൊണ്ട് കൗടലീയം ശൂദ്രവിഭാഗങ്ങളിൽ പോലും പരാമർശിക്കപ്പെടാത്ത മറ്റനേകം ജനവർഗങ്ങളുടെ അസാന്നിധ്യം ചർച്ച ചെയ്യേണ്ടതാണെങ്കിലും അതൊന്നും അർത്ഥശാസ്ത്രം എന്ന ഗ്രന്ഥത്തിന്റെ ചർച്ചാപ്രസക്തി പൂർണമായും ഇല്ലാതാക്കുന്നില്ല. ചാതുർവർണ്യ വ്യവസ്ഥിതി നിലനിൽക്കണമെന്നാഗ്രഹിക്കുന്ന, അതിനായി പ്രവർത്തിക്കുന്ന പക്ഷം വേരറ്റുപോയിട്ടില്ല. ആ ഒറ്റക്കാരണം കൊണ്ടുതന്നെ എല്ലാ പ്രാചീന കൃതികളും പുനർപാരായണത്തിന് വിധേയമാക്കേണ്ടതുണ്ട്. ഇത്തരം കൃതികളിൽ മറഞ്ഞിരിക്കുന്ന സാമൂഹ്യ- രാഷ്ട്രീയ പ്രതിച്ഛായ കൂടുതൽ തുറന്നുകാട്ടാനിതുപകരിക്കും.
വിനയാധികാരികം എന്ന ഒന്നാം അധ്യായത്തിൽ 18 പ്രകരണങ്ങളാണുള്ളത്. ആദ്യ ആറു പ്രകരണങ്ങളായ വിദ്യാസമുദ്ദേശം, വൃദ്ധസംയോഗം, ഇന്ദ്രിയജയം, അമാ ത്യോത്പത്തി, മന്ത്രി പുരോഹിതോത്പത്തി, ഉപധകൾ വഴിയായി അമാത്യരുടെ ശൗചാശൗചജ്ഞാനം എന്നിവയാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. രാജവൃത്തിക്കായി രാജാവ് നേടേണ്ട വിദ്യാഭ്യാസം, കാമം, ക്രോധം, ലോഭം, മാനം, മദം, ഹർഷം എന്നിവയുടെ ത്യാഗത്തിലൂടെ ആർജിക്കേണ്ട ഇന്ദ്രിയജയം, രാജാവിനൊപ്പം പ്രവർത്തിക്കേണ്ട മന്ത്രിമാർ, പുരോഹിതൻ, അമാത്യന്മാരായ മന്ത്രിതല ഉദ്യോഗസ്ഥസഹായികൾ എന്നിവർക്കാവശ്യമായ സ്വഭാവ ഗുണങ്ങൾ, രാജാവിനോടുള്ള കൂറ് എന്നിവ പരിശോധിച്ചറിയൽ, തെരഞ്ഞെടുത്തുള്ള നിയമനം എന്നിവയാണ് മേല്പറഞ്ഞ ആറു പ്രകരണങ്ങളുടെ ഉള്ളടക്കം.
രാജാവിന്റെ വിദ്യാഭ്യാസം
രാജവൃത്തിക്കായി പൂർവികന്മാരായ ആചാര്യന്മാർ അർത്ഥശാസ്ത്ര സംബന്ധമായ പല ആശയങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. അവയെ ഉൾക്കൊണ്ടും പരിഷ്കരിച്ചുമാണ് കൗടല്യൻ അർത്ഥശാസ്ത്രത്തിനു ജന്മം നൽകിയത്. രാജവൃത്തിക്കായി വിദ്യയ്ക്ക് പ്രഥമ സ്ഥാനം കൗടല്യൻ കല്പിക്കുന്നുണ്ട്. ആന്വീക്ഷികി, ത്രയി, വാർത്ത, ദണ്ഡനീതി എന്നീ നാലു തരം വിദ്യകളാണ് അഭ്യസിക്കേണ്ടത്.
കേട്ടതിനു ശേഷം പരീക്ഷിക്കപ്പെടുന്ന തർക്കശാസ്ത്രമാണ് ആന്വീക്ഷികി. പ്രത്യക്ഷാഗമങ്ങൾകൊണ്ട് സിദ്ധമായ വസ്തുവിനെ യുക്തിബലത്താൽ നല്ലവണ്ണം ആലോചിച്ച് ദൃഢമായി ഉറപ്പിക്കുന്നതാണത്രേ തർക്കവിദ്യയുടെ പ്രയോജനം. ഇതോടൊപ്പം സാംഖ്യം, യോഗം, ലോകായതം എന്നിവയും ആന്വീക്ഷികിയുടെ ഭാഗമാണ്.
തീക്ഷ്ണമായ ദണ്ഡനം ചെയ്യുന്ന രാജാവ് പ്രജകളുടെ വെറുപ്പിന് പത്രമാകും; അതോടൊപ്പം മൃദുവായി പ്രയോഗിച്ചാൽ അവർ രാജാവിനെ തിരസ്കരിക്കുകയും ചെയ്യും. അർഹത പോലെ ദണ്ഡം പ്രയോഗിക്കുന്നവൻ മാത്രമേ ബഹുമാനിക്കപ്പെടൂ.
സാമം, ഋക്ക്, യജുസ്സ് എന്ന മൂന്നു വേദങ്ങളാണ് ത്രയി. വേദങ്ങളിൽ ചാതുർവർണ്യ വ്യവസ്ഥയിലെ ഓരോ വർണത്തിനും സ്വധർമം, സ്വകർമം, ഗൃഹസ്ഥ, ബ്രഹ്മചാരി, വാനപ്രസ്ഥ, പരിവ്രാജക ധർമകർമങ്ങൾ വിവരിച്ചിട്ടുണ്ട്. അതിനടിസ്ഥാനത്തിൽ ഓരോ വിഭാഗവും സ്വധർമ കർമങ്ങൾ പാലിക്കും. അഹിംസ, സത്യം, ശൗചം അസൂയയില്ലായ്മ, ദയ, ക്ഷമ എന്നിവ എല്ലാവർക്കും സാധാരണവേണ്ട ധർമങ്ങളാണ് .
കൃഷിയും പശുപരിപാലനവും വാണിജ്യവുമടങ്ങുന്നതാണ് വാർത്ത. ഇതിലൂടെ ലഭിക്കുന്ന ധനം കൊണ്ട് രാജാവ് സ്വപക്ഷത്തേയും പരപക്ഷത്തേയും സ്വായത്തമാക്കുന്നു. ആദ്യ മൂന്നു വിദ്യകളും യോഗക്ഷേമത്തിനു വേണ്ടതാണ്. അലഭ്യമായ ഐശ്വര്യം ലഭിക്കുന്നതും ലഭിച്ചവയെ രക്ഷിക്കുവാനും അതിനെ വർധിപ്പിക്കാനും വർധിച്ചതിനെ സൽപാത്രങ്ങളിൽ അർപ്പിക്കുവാനും ദണ്ഡനീതി പ്രയോജനപ്പെടുന്നു. ദണ്ഡനീതി നീതിശാസ്ത്രമാണ്. കുറ്റവാളികളുടെ കുറ്റം കണക്കിലെടുത്ത് കുറ്റക്കാരെ ശിക്ഷിക്കുന്ന രാജനീതിയാണ്, നീതിന്യായവ്യവസ്ഥയും ശിക്ഷാനിയമവും എന്നു പറയാം. ഇതിന്റെ അടിസ്ഥാനത്തിലാണ് ലോകയാത്ര നടക്കുന്നത്. അതിനായി രാജാവ് ദണ്ഡത്തെ എപ്പോഴും പ്രയോഗിക്കണം.
ജനങ്ങളെ വശത്താക്കുന്നതിന് ദണ്ഡം പോലെ മറ്റൊരു മാർഗമില്ലെന്ന് ആചാര്യന്മാർ പറഞ്ഞിട്ടുണ്ടെങ്കിലും അങ്ങനെയല്ലെന്നാണ് കൗടല്യൻ പറയുന്നത്. തീക്ഷ്ണമായ ദണ്ഡനം ചെയ്യുന്ന രാജാവ് പ്രജകളുടെ വെറുപ്പിന് പത്രമാകും; അതോടൊപ്പം മൃദുവായി പ്രയോഗിച്ചാൽ അവർ രാജാവിനെ തിരസ്കരിക്കുകയും ചെയ്യും. അർഹത പോലെ ദണ്ഡം പ്രയോഗിക്കുന്നവൻ മാത്രമേ ബഹുമാനിക്കപ്പെടൂ. അറിഞ്ഞു പ്രയോഗിക്കുന്നതുകൊണ്ട് പ്രജകൾ ധർമാർത്ഥകാമങ്ങൾ പാലിച്ചു ജീവിക്കും. കാമക്രോധങ്ങൾ കാരണം ദണ്ഡത്തെ അറിവു കൂടാതെ പ്രയോഗിച്ചാൽ, അതായത് ജനവിരുദ്ധമായാൽ, അവർ നിരോധിക്കും. ദണ്ഡം പ്രയോഗിക്കാതിരുന്നാൽ ബലവാൻ ദുർബലനെ ദ്രോഹിക്കും. രാജാവ് രക്ഷിച്ചാൽ ദുർബലനും ബലവാനാവും എന്നതുകൊണ്ട് ഉചിതമായ ദണ്ഡനീതിയാണ് വേണ്ടതെന്ന അഭിപ്രായമാണ് കൗടല്യനുള്ളത്. ദണ്ഡത്തെ അടിസ്ഥാനമാക്കിയാണ് ബാക്കി മൂന്നു വിദ്യകളും നിൽക്കുന്നത്. ഉചിതമായി ദണ്ഡം നടപ്പിലാക്കിയാലേ യോഗക്ഷേമം സാധ്യമാകൂ.
ധർമാധർമ്മങ്ങൾ ത്രയിലും അർത്ഥസംബന്ധമായവ വാർത്തയിലും നയാപനയങ്ങൾ ദണ്ഡനീതിയിലും പറഞ്ഞിരിക്കുന്നു. ധർമാധർമങ്ങളുടെ ബലാബലങ്ങളെ യുക്തിപൂർവം ഗ്രഹിച്ച് ലോകത്തിനു പകരം ചെയ്യുക. വ്യസനത്തിലും അഭ്യുദയത്തിലും വൈകാരികനാകാതെ ബുദ്ധിയെ നിലനിർത്തുക. പ്രജ്ഞ, വാക്ക്, പ്രവൃത്തി എന്നിവയിൽ നൈപുണ്യം ഉണ്ടാക്കുക എന്നീ ശേഷികൾ രാജവൃത്തിക്കായി രാജാവ് വിദ്യയിലൂടെ ആർജിക്കേണ്ടതാണ്.
അധിനിവേശപൂർവകാലത്തെ ഇന്ത്യൻ ഭരണവ്യവസ്ഥയെ അടുത്തറിയാനും സാമൂഹ്യഘടനയെ മനസിലാക്കാനും ക്ഷേമനടപടികളറിയാനും രാജവൃത്തിയെ മനസിലാക്കാനും കാലിക ഭരണാധികാരികളുമായും ഭരണതന്ത്രങ്ങളുമായും തുലനം ചെയ്തറിയാനും അർഥശാസ്ത്രം സഹായകമാണ്.
മേല്പറഞ്ഞ വിദ്യകളിലെല്ലാം രാജാവ് അറിവുനേടണമെന്ന നിർബന്ധം കൗടല്യനുണ്ട്. ലോകക്ഷേമത്തിനായി ധർമാർത്ഥങ്ങളിൽ അറിവുനേടാനാണ് വിദ്യ അഭ്യസിക്കേണ്ടത്. ശുശ്രുഷ, ശ്രവണം, ഗ്രഹണം, ധാരണം, വിജ്ഞാനം, ഊഹം, അപോഹം, തത്വം എന്നിവയിൽ ബുദ്ധിക്കു അഭിനിവേശമുള്ളവന് മാത്രമേ വിദ്യ നേടാനാവൂ എന്നും കൗടല്യൻ നിരീക്ഷിക്കുന്നുണ്ട്. അതായത്, വിദ്യ ആർജിക്കാൻ ശേഷിയില്ലാത്തവർ രാജവൃത്തിക്ക് യോഗ്യരല്ല എന്നാണ് മനസിലാക്കേണ്ടത്.
വിദ്യാഭ്യാസക്രമം
മൂന്നു വയസ്സിലോ അഞ്ചു വയസ്സിലോ കുടുമവെപ്പ് കഴിഞ്ഞാൽ ലിപിയും സംഖ്യാപഠനവും അഭ്യസിക്കണം. ഉപനയനം കഴിഞ്ഞാൽ ആചാര്യന്മാരിൽനിന്നും ത്രയിയും ആന്വീക്ഷികിയും പഠിക്കണം. അധികാരികളിൽ നിന്ന് വാർത്തയും വാക്കിലും പ്രയോഗത്തിലും നൈപുണ്യമുള്ള ഗുരുന്മാരിൽനിന്നും ദണ്ഡനീതിയും വശത്താക്കണം. പകൽസമയം ഹസ്തിവിദ്യ, അശ്വവിദ്യ, രഥവിദ്യ, ആയുധവിദ്യ എന്നിവ അഭ്യസിക്കണം. പിന്നീട് ഇതിഹാസത്തെ കേട്ടു പഠിക്കണം. സാഹിത്യവും വിജ്ഞാനഗ്രന്ഥങ്ങളും പരിശ്രമിച്ചു ഹൃദിസ്ഥമാക്കണം. ജ്ഞാനവൃദ്ധന്മാരുമായുള്ള ആചാര്യ- ശിഷ്യ സഹവാസം കൊണ്ട് വിദ്യ ഉറയ്ക്കണം.
കേട്ടറിവുകൊണ്ട് പ്രജ്ഞയുണ്ടാകുന്നു. പ്രജ്ഞ കൊണ്ട് ശാസ്ത്രസമ്മതമായത് ചെയ്യാനുള്ള യോഗം സിദ്ധിക്കുന്നു. യോഗത്തിൽനിന്ന് ആത്മവത്തയും ഉളവാകുന്നതുവഴി സാമർഥ്യം നേടാം. വിദ്യകൊണ്ടു വിനീതനായി പ്രജകളെ ഭരിക്കുന്നവനായി എല്ലാവർക്കും നന്മയുണ്ടാകാൻ കൊതിക്കുന്ന രാജാവായി പരിവർത്തനപ്പെടുന്നു.
ഇന്ദ്രിയജയം
നല്ല രാജാവാകാൻ വിദ്യ കൊണ്ട് ഇന്ദ്രിയജയം നേടണം. കാമം, ക്രോധം, ലോഭം, മാനം, മദം, ഹർഷം എന്നിവയുടെ ത്യാഗം കൊണ്ടുവേണം ഇന്ദ്രിയജയം സാധ്യമാക്കാൻ. ശാസ്ത്രവിരുദ്ധമായി പ്രവർത്തിക്കുന്നവനും ഇന്ദ്രിയജയം നേടാത്തവനുമായ രാജാവ് എത്ര കീർത്തിമാനായാലും എല്ലാം പെട്ടെന്നു നശിച്ചുപോകും. പഞ്ചേന്ദ്രിയ വിഷയങ്ങളിൽ അവിരുദ്ധമായി പ്രവർത്തിച്ച് ഇന്ദ്രിയജയം സാധിക്കണം. ശാസ്ത്രാർത്ഥത്തെ അനുഷ്ഠിക്കുന്നതാണ് ഇന്ദ്രിയജയം. കാര്യകാരണങ്ങൾക്കു തമ്മിൽ അഭേദോപചാരം ചെയ്ത് ശാസ്ത്രത്തെ ഇന്ദ്രിയജയമായി കാണണം.
സാംസ്കാരിക മൂലധനത്തെ കുറിച്ചൊക്കെയുള്ള ചർച്ചകളിൽ മൂലനിക്ഷേപങ്ങൾ എങ്ങനെ പരിരക്ഷിക്കപ്പെടണമെന്ന ആലോചനയ്ക്ക് വലിയ പ്രാധാന്യം കൊടുത്തുകാണാറില്ല.
നിരന്തരശ്രമം കൊണ്ട് യോഗക്ഷേമങ്ങളെ സാധിക്കണം. കാര്യാനുശാസനം കൊണ്ട് പ്രജകളെ സ്വധർമങ്ങളിൽ പ്രവർത്തിപ്പിക്കണം. വിദ്യോപദേശം കൊണ്ട് വിനയത്തെ ഉണ്ടാക്കണം. അർത്ഥസംയോഗം കൊണ്ട് ലോകരുടെ പ്രീതി സമ്പാദിക്കണം. ഹിതം കൊണ്ട് ലോകയാത്ര നിർവഹിക്കണം.
ഇന്ദ്രിയങ്ങളെ വശപ്പെടുത്തിയ രാജാവ് പരസ്ത്രീയെയും പരദ്രവ്യത്തെയും പരഹിംസയെയും പരിത്യജിക്കുന്നു. ഉചിതമല്ലാത്ത ഉറക്കം, അനുചിത വിഷയങ്ങളിൽ ലോലത, അസത്യഭാഷണം, പൊങ്ങച്ചം തോന്നിക്കുന്ന വേഷം, അർത്ഥസംയോഗത്തിനു വിപരീതമായ നടപടി, അധർമവും അനർത്ഥവും ഉളവാക്കുന്ന ഇടപാട് എന്നിവയും വർജിക്കണം. ധർമാർത്ഥങ്ങൾക്കു വിരോധം വരാത്തവിധത്തിൽ കാമത്തെ സേവിക്കണം. സുഖരഹിതനായിരിക്കേണ്ട കാര്യമില്ല; അന്യോന്യാശ്രയമായിട്ടുള്ള ധർമാർത്ഥകാമങ്ങളെ സമമായി സേവിക്കണം. ഇവയിൽ അർത്ഥമാണ് മുഖ്യം എന്നാണ് കൗടലീയ പക്ഷം.
രാജാവിനെ അതിരിട്ടു നിയന്ത്രിക്കേണ്ടത് ആചാര്യന്മാരും ഭരണസഹായികളുമാണ്. രാജാവിനെ അവർ അപായത്തിൽ നിന്നും രക്ഷിക്കണം. രഹസ്യസ്ഥലങ്ങളിലെ പെരുമാറ്റം കൊണ്ട് രാജാവിന് ദോഷമുണ്ടാകുമെങ്കിൽ സമയക്കുറവ് ബോധ്യപ്പെടുത്തി രാജാവിനെ പിന്തിരിപ്പിക്കണം.
അമാത്യന്മാരായി ആര്?
മന്ത്രി എന്നും പ്രധാനമന്ത്രിയെന്നുമൊക്കെ അമാത്യന് കോശീയാർത്ഥം പറയാറുണ്ടെങ്കിലും, എപ്പോഴും സമീപത്തുതന്നെ നിൽക്കുന്ന ഭരണസഹായികളാണ് അമാത്യന്മാർ. ഭരണസഹായികളായ ഉദ്യോഗസ്ഥർ എന്നുറപ്പിക്കാം. എത്ര കേമനായ രാജാവാണെങ്കിലും സഹായികളില്ലെങ്കിൽ രാജ്യഭരണം ദുഷ്കരമാണ്. അമാത്യരാണ് സന്തതസഹചാരികളായ ഈ സഹായികൾ. അതുകൊണ്ടുതന്നെ വിശ്വസ്തരായ അമാത്യന്മാരെയാണ് നിയമിക്കേണ്ടത്.
ഇക്കാര്യത്തിൽ കൗടല്യന് മുമ്പേ പല ആചാര്യന്മാരും നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. മുൻഗാമികളുടെ നിർദ്ദേശങ്ങളെയും കൗടല്യൻ പരിഗണിക്കുന്നുണ്ട്. സഹപാഠികളെ അമാത്യരായി നിയമിക്കുന്നത് നല്ലതാണെന്നാണ് ഒരു നിർദ്ദേശം. സഹപാഠികളുടെ സദാചാരം, സത്യം, ബഹുമതി, യോഗ്യത, ശൗചം, സാമർഥ്യം എന്നിവ നേരിട്ടറിയുന്ന രാജാവിന് അവർ വിശ്വസ്തരായിരിക്കുമെന്നതാണ് ഈ നിർദ്ദേശത്തിനു പിന്നിൽ. അക്കൂട്ടർ കൂടെ കളിച്ചുവളർന്നവരായതുകൊണ്ട് രാജാവിനെ അനാദരിക്കാൻ സാധ്യതയുണ്ട് എന്നതാണ് ദോഷം എന്നും എതിർവാദമുണ്ട്. രാജാവിനോടൊത്ത് രഹസ്യങ്ങളായ കാര്യങ്ങൾ ചെയ്തിട്ടുള്ളവർ ശീലങ്ങളിലും ശീലക്കേടിലും സമന്മാരായതുകൊണ്ട്, അവരെ നിയമിക്കുന്നത് ഉചിതമാണ്. തങ്ങളുടെ രഹസ്യം രാജാവിനറിയാവുന്നതുകൊണ്ട് ഭയം കാരണം അവർ അപരാധം പ്രവർത്തിക്കില്ല എന്നതാണ് സമാധാനം. രാജാവിന്റെ രഹസ്യം അറിയുന്നതാണെന്ന ഭയം കാരണം അവരുടെ നല്ലതും ചീത്തയുമായ പ്രവൃത്തികളെ രാജാവ് അനുസരിച്ചേക്കാനിടയുള്ളതുകൊണ്ട് ഇക്കൂട്ടർ രണ്ടും ശരിയല്ല.
ജീവന് ഭീഷണിയുള്ള ആപത്തുകളിൽ ഉപകാരം ചെയ്തിട്ടുള്ളവരെ, അവരുടെ സ്നേഹം കണ്ടറിഞ്ഞിട്ടുള്ളതുകൊണ്ടു നിയമിക്കാമെന്നതാണ് വേറൊരു നിർദേശം. അവർക്കുള്ളത് ഭക്തിയാണ്, ബുദ്ധിഗുണമല്ല എന്നതാണ് വിരുദ്ധനിലപാട്. അർഥം സംബന്ധിച്ച ജോലികളിൽ നിയോഗിക്കപ്പെട്ട് അതിൽനിന്നുള്ള ദ്രവ്യോല്പത്തി കുറവു കൂടാതെ കുടുതലാക്കുന്നവരുടെ ഗുണം കണ്ടറിഞ്ഞു അക്കൂട്ടരെ നിയമിക്കാമെന്നാൽ അവർക്കു മറ്റു അമാത്യഗുണങ്ങളില്ല എന്നത് കുറവായി കാണണമെന്ന വിമർശ അഭിപ്രായവുമുണ്ട്.
പാരമ്പര്യമായി അമാത്യപദവിയുള്ളവരെ അവരുടെ പ്രവൃത്തിപരിചയം കണ്ടറിഞ്ഞിട്ടുള്ളതുകൊണ്ടും ചിരപരിചയമുള്ളവരാകയാലും തങ്ങൾക്കു രാജാവ് ദ്രോഹം ചെയ്താൽ കൂടിയും വിട്ടുപോകില്ല എന്നതുകൊണ്ട് അവരെ നിയമിക്കാം എന്ന പക്ഷത്തിനും എതിരുണ്ട്. രാജാവിന്റെ വക അപഹരിച്ച് രാജാവിനെപ്പോലെ നടക്കുമെന്നതുകൊണ്ട് പാരമ്പര്യത്തെ പരിഗണിക്കരുതെന്നും അഭിപ്രായമുണ്ട്.
പുതിയ തലമുറയ്ക്ക് കൗടലീയത്തിന്റെ പൊരുളറിയാനും അവർക്കു പരിചിതമായ വ്യവസ്ഥയുമായി തട്ടിച്ചുനോക്കാനും പഴയ രാഷ്ട്രമീമാംസ എന്തെന്നറിയാനും ഇത്തരം ചർച്ചകൾ സഹായകമാകും.
നീതിജ്ഞന്മാരും നവീനന്മാരുമാണ് വേണ്ടതെന്നാണ് മറ്റൊരു അഭിപ്രായം. അവർ ശിക്ഷിക്കാൻ കഴിയുന്ന രാജാവിനെ യമനെപോലെ കണ്ട് പിഴ ചെയ്യാതിരിക്കും. ശാസ്ത്രജ്ഞനാണെങ്കിലും പ്രവൃത്തി കണ്ട് പരിചയിക്കാത്തവർ പ്രാപ്തരല്ല. കുലീനത, പ്രജ്ഞ, ശൗചം, ശൗര്യം, സ്വാമിഭക്തി എന്നീ ഗുണങ്ങളുള്ളവരെ അമാത്യന്മാരാക്കണം. ഗുണത്തിനാണ് പ്രാധാന്യം എന്നും വാദമുണ്ട്. അമാത്യരെ നിശ്ചയിക്കുന്ന കാര്യത്തിൽ പൂർവഗാമികളായ എല്ലാവരുടെയും അഭിപ്രായങ്ങൾ യുക്തമാണെന്നും കാര്യസമർഥ്യം കൊണ്ട് പുരുഷ സാമർഥ്യം കല്പിക്കാവുന്നതാണെങ്കിലും മറ്റു സമർത്യവും കൂടി നോക്കണമെന്നുമാണ് കൗടല്യപക്ഷം. ജനാധിപത്യ സംവിധാനത്തിൽ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫായിട്ടുള്ളവരാണ് അമാത്യന്മാരെന്നു പറയാം. വിശ്വസ്തരല്ലെങ്കിൽ രാജാവിന് / മന്ത്രിക്കുണ്ടാകാവുന്ന പൊല്ലാപ്പ് ചില്ലറയല്ലാത്തതുകൊണ്ടാണ് അമാത്യന്മാരെ തെരഞ്ഞെടുക്കുന്നതിൽ ഇത്രയും ആലോചനകൾ ആചാര്യപക്ഷത്തുനിന്ന് പണ്ടേയുണ്ടായത്.
മന്ത്രി / പുരോഹിത തിരഞ്ഞെടുപ്പ്
മന്ത്രിയായും പുരോഹിതനായും തെരഞ്ഞെടുക്കുന്നതിന് സവിശേഷമായ ഗുണങ്ങളുണ്ടായിരിക്കണമെന്നാണ് ഇന്ത്യയിൽ പണ്ടു മുതലേ ആലോചിച്ചിരുന്നത്. രാജാവിന്റെ നാട്ടുകാരൻ, അഭിജാതൻ, ജനസമ്മതൻ, കലാവിദ്യ അഭ്യസിച്ചവൻ, ശാസ്ത്രജ്ഞാനമുള്ളവൻ, പ്രജ്ഞൻ, ധാരണാശക്തി, മടി കൂടാതെ കാര്യങ്ങളിൽ പ്രവർത്തിക്കുന്ന സമർത്ഥൻ, വാഗ്മി, പ്രഗത്ഭൻ, പ്രതിഭാശാലി, ഉത്സാഹയുക്തൻ, പ്രഭാവിയുക്തൻ, ക്ലേശസഹനൻ, ശുദ്ധൻ, മിത്രഭാവമുള്ളവൻ, ദൃഢഭക്തൻ, സുശീലൻ, ബലവാൻ, ആരോഗ്യവാൻ, സ്വത്വയുക്തൻ, സ്തംഭ ചാപല്യഹീനൻ, സംപ്രീയൻ, വൈരങ്ങൾ ചെയ്യാത്തവൻ എന്നീ സ്വഭാവ ഗുണങ്ങളുണ്ടായിരിക്കുന്നവരിൽ നിന്നുമാണ് മന്ത്രിമാരെ തെരഞ്ഞെടുക്കേണ്ടത്. ഈ ഗുണങ്ങളിൽ നാലിലൊന്നു കുറഞ്ഞവർ മധ്യമനും പകുതി കുറഞ്ഞവർ അധമനും എന്നാണ് അന്ന് കണക്കാക്കിയിരുന്നത്. ഈ ഗുണങ്ങൾ ഒരാളിലുണ്ടോ എന്നു പല പരീക്ഷകളിലൂടെ അറിയണം. അത്തരം പരിശോധനാസംവിധാനവും നിലനിന്നിരുന്നു.
പരിശോധനാ സമ്പ്രദായങ്ങൾ
നാട്ടുകാരനാണോ എന്നും ജനസമ്മതനാണോ എന്നും പരീക്ഷിച്ചറിയണം. കലാശാസ്ത്രജ്ഞാനം സമാനവിദ്യരിൽനിന്ന് ചോദിച്ചറിയണം. പ്രജ്ഞ, ധാരണാശക്തി, സാമർഥ്യം എന്നിവ പ്രവൃത്തിയിൽനിന്ന് അറിയണം. വാഗ്മിത്വവും പ്രാഗൽഭ്യവും പ്രതിഭാശക്തിയും സംഭാഷണത്തിൽനിന്ന് മനസിലാക്കണം. ഉത്സാഹവും പ്രഭാവവും ക്ലേശസഹനത്വവും ആപത്തു നേരിടുമ്പോൾ പരീക്ഷിച്ചറിയണം. ശൗചം- മൈത്രത്വം- ദൃഢഭക്തിത്വം എന്നിവ അടിത്തിടപഴകി അറിയണം. ശീലം- ബലം- ആരോഗ്യം, സ്തംബചാപല്യഹീന എന്നിവ സഹവാസികളിൽ നിന്നറിയണം. സംപ്രീയത്വവും അവൈരിത്വവും പ്രത്യക്ഷ പരീക്ഷ കൊണ്ട് മനസിലാക്കണം. കാര്യങ്ങളറിയാൻ രാജാവിന് പ്രത്യക്ഷം, പരോക്ഷം, അനുമാനം എന്നീ മാർഗങ്ങളുള്ളതിൽ തന്നെത്താൻ കണ്ടത് പ്രത്യക്ഷം, പരന്മാർ പറഞ്ഞറിഞ്ഞത് പരോക്ഷം, ചെയ്തുകഴിഞ്ഞതിൽനിന്നും ചെയ്തുകഴിയാത്തതിനെ ഊഹിക്കുന്നതു അനുമാനം. ദേശകാലാത്യയം വരാതിരിക്കാൻ പരോക്ഷമായ കാര്യത്തെ അമാത്യന്മാരെ കൊണ്ട് ചെയ്യിക്കണം .
നാലു തലമുറകളായി പിഴയ്ക്കാത്ത കുലശീലങ്ങളുള്ളവനും സാമുദ്രികശാസ്ത്രം, നിമിത്തശാസ്ത്രം, ദണ്ഡനീതി എന്നിവ നല്ലവണ്ണം പഠിച്ചറിഞ്ഞവനും ദൈവകൃതങ്ങളും മനുഷ്യകൃതങ്ങളും കൊണ്ടുണ്ടാകുന്ന ആപത്തുകൾ അഥർവ മന്ത്രങ്ങളെക്കൊണ്ടും ഉപായങ്ങളെക്കൊണ്ടും ഒഴിക്കുന്നവനുമായിട്ടുള്ളവനെ പുരോഹിതനാക്കണം. അങ്ങനെയുള്ള പുരോഹിതനെ ആചാര്യ- ശിഷ്യ ബന്ധംപോലെ രാജാവ് അനുവർത്തിക്കുകയും വേണം.
അമാത്യന്മാരുടെ
വിശ്വാസ്യതാ പരിശോധന
രാജാവ് അമാത്യന്മാരെ ആദ്യം അപ്രധാനങ്ങളായ ഉദ്യോഗങ്ങളിലിരുത്തി രാജാവിനോടുള്ള അവരുടെ കൂറ് ഗൂഢമാർഗമുപയോഗിച്ച് പരിശോധിക്കണം. അമാത്യന്മാരുടെ വിശ്വാസ്യത പരിശോധിക്കാനായി ധർമ ഉപധ, അർത്ഥ ഉപധ, കാമോപധ, ഭയോപധ എന്നീ പരിശോധനകൾക്കാണിവരെ വിധേയരാക്കേണ്ടത്.
ധർമ ഉപധ
അയോഗ്യനായ ഒരുവനെ യാഗവും വേദാധ്യയനവും ചെയ്യിക്കാൻ പുരോഹിതൻ തയ്യാറല്ലാത്ത കാരണത്താൽ പുരോഹിതനെ പിരിച്ചുവിട്ടതായി ഭാവിക്കുക. സ്ഥാനഭൃഷ്ടനായ പുരോഹിതൻ ഗൂഢപുരുഷന്മാരെ കൊണ്ട് ശപഥം ചെയ്യിച്ച് ഓരോ അമാത്യനെയും രഹസ്യമായി സമീപിച്ച് രാജാവിനെതിരെ അപവാദം പ്രചരിപ്പിക്കുക.
“അധാർമികനാണ് ഈ രാജാവ്, ഇദ്ദേഹത്തിനുപകരം ഇദ്ദേഹത്തിന്റെ കുലത്തിൽ പിറന്ന മറ്റൊരാളെയോ സർവസമ്മതനായ ഒരു സാമന്തനയോ രാജാവാക്കണം"- ഇത് നിങ്ങൾക്ക് സമ്മതമാണോ എന്നുചോദിക്കുമ്പോൾ വിയോജിപ്പു പ്രകടിപ്പിച്ചാൽ അവനെ സദാചാരം പാലിക്കുന്ന, സത്യസന്ധതയുള്ള വിശ്വസ്തനായി ഗണിക്കാം.
അർത്ഥ ഉപധ
നിന്ദ്യനായ ഒരുത്തനെ പൂജിക്കാൻ നിയുക്തനായിട്ട് പൂജിക്കാത്തതുകാരണം പുറന്തള്ളപ്പെട്ട സേനാപതി ഗൂഢപുരുഷന്മാർ വഴി ഓരോ മന്ത്രിയെയും അമിതമായി ധനം നൽകാമെന്നു പറഞ്ഞ് രാജാവിനെ നശിപ്പിക്കാൻ പ്രീണിപ്പിക്കുക. അതിനോട് യോജിക്കുന്നവനല്ലെങ്കിൽ വിശ്വസ്തൻ.
കാമോപധ
അന്തഃപുരത്തിൽ വിശ്വാസ്യതയുള്ള പരിവ്രാജിക പ്രധാനമന്ത്രിയെ കണ്ട്, രാജപത്നി അങ്ങയെ പ്രണയിക്കുന്നുവെന്നും സമാഗമം ആഗ്രഹിക്കുന്നുവെന്നും ഇതുവഴി ധനലാഭം ഉണ്ടാകുമെന്നും പറഞ്ഞു പ്രലോഭിപ്പിക്കുക. പ്രലോഭനങ്ങളിൽ മയങ്ങാത്തവനാണെങ്കിൽ വിശ്വസ്തനാകുന്നു.
ഭയോപധ
ഒരു മന്ത്രി മറ്റുള്ളവരെ വിനോദയാത്രയ്ക്ക് ഒരുമിച്ചു കൂട്ടുക. സംശയം തോന്നിയ രാജാവ് എല്ലാപേരെയും പിരിച്ചുവിടുന്നു. ഛാത്രനെന്ന വ്യാജേന നടക്കുന്ന ഗൂഢപുരുഷൻ ഓരോ മന്ത്രിയെയും പ്രലോഭിപ്പിക്കണം. ‘‘അസൽക്കാര്യങ്ങളിൽ പ്രവർത്തിക്കുന്നവനാണ് ഈ രാജാവ്, നമുക്കിദ്ദേഹത്തെ വധിച്ച് മറ്റൊരാളെ പകരം വയ്ക്കാം"- ഈ അഭിപ്രായത്തോട് അയാൾ വിയോജിക്കുകയാണെങ്കിൽ വിശ്വസ്തനാണ്.
ധർമ ഉപധയിൽ വിശ്വസ്തന്മാരായവരെ ധർമസ്ഥീയം , കണ്ടകാശോധനം എന്നിവ സംബന്ധിച്ച അധികാരങ്ങളിൽ നിയമിക്കാം. അർത്ഥ ഉപധയിൽ വിശ്വസ്തരായവരെ സമാഹർത്താവിന്റെയും സന്നിധാതാവിന്റെയും ജോലികളിൽ നിയമിക്കണം. കാമ ഉപധയിൽ വിശ്വസ്തത തെളിയിച്ചവരെ ബാഹ്യവും ആഭ്യന്തരവുമായ ക്രീഢാസ്ഥാനങ്ങളെ രക്ഷിക്കുന്ന കാര്യങ്ങൾ ഏർപ്പെടുത്തണം. ഭയഉപധയിൽ വിശ്വസ്തത തെളിയിച്ചവരെ രാജാവിന്റെ ശരീരരക്ഷണാദികളിൽ നിയമിക്കണം. എല്ലാ പരീക്ഷകളിലും വിശ്വസ്തരായവരെ വേണം മന്ത്രിമാരാക്കാൻ. അശുദ്ധന്മാരായവരെ ഖനികൾ ദ്രവ്യവനങ്ങൾ ഹസ്തിവനങ്ങൾ കർമാന്തങ്ങൾ എന്നിവയിൽ നിയമിക്കാം.
അമാത്യന്മാർ വിശ്വസ്തരും കൂറുമുള്ളവരല്ലെങ്കിൽ ഭരണത്തിനുണ്ടാകാവുന്ന ദോഷത്തെക്കുറിച്ചു കൗടല്യന് നല്ല ബോധ്യമുണ്ടായിരുന്നു. പ്രലോഭനങ്ങൾക്കു വശംവദരാകാത്ത, സ്വകാര്യ താല്പര്യങ്ങളില്ലാത്ത, കാര്യപ്രാപ്തിയുള്ള, പ്രതിഭാധനന്മാരായ അമാത്യന്മാരെയാണ് ഭരണാധികാരികൾ തെരഞ്ഞെടുക്കേണ്ടതെന്ന വലിയ പാഠമാണ് കൗടല്യൻ അരക്കിട്ടുറപ്പിച്ചത്. രാജാവ് വിദ്യ കൊണ്ട് വിനയമുള്ളവനാവുകയും ലോകക്ഷേമതല്പരനാവുകയും ഇന്ദ്രിയജയം നേടുകയും ജ്ഞാനവൃദ്ധന്മാരുമായുള്ള സഹവാസംകൊണ്ട് പ്രജ്ഞയുണ്ടാക്കുകയും ചാരന്മാരെ കൊണ്ട് രഹസ്യങ്ങൾ അറിയുകയും അനുഷ്ടാനങ്ങൾകൊണ്ട് യോഗക്ഷേമങ്ങൾ സാധിക്കുകയും പ്രവൃത്തികൾകൊണ്ട് പ്രജകളെ തങ്ങളുടെ കർമങ്ങളിൽ ഉറപ്പിക്കുകയും കരം പിരിച്ചും അതിന്റെ അംശം വിതരണം ചെയ്തും ലോകപ്രിയത്വം നേടി താത്ക്കാലത്തേക്കും ഭാവിയിലും ഹിതമായതുകൊണ്ട് വൃത്തി നടത്തുകയും പരസ്ത്രീ ദ്രവ്യ ഹിംസാ താല്പര്യങ്ങളും ആർത്തിയും വർജിച്ച്, ഉചിതമായ ദണ്ഡനീതി നടപ്പാക്കി, രാജാവ് രാജവൃത്തിയിലേർപ്പെടണമെന്ന സദാചാരദർശനമാണ് കൗടലീയം ഈ ഭാഗത്തു പറഞ്ഞുറപ്പിക്കുന്നത്.
(തുടരും)