ഒരു വിദൂര ഭൂതകാലസ്മരണ മാത്രമല്ല,
ഇന്ന് അടിയന്തരാവസ്ഥ

അടിയന്തരാവസ്ഥാവിരുദ്ധ സ്മരണകളെ കാൽപനികവൽക്കരിച്ച് അതിലേക്ക് രാജ്യമെത്തപ്പെട്ട ചരിത്രസാഹചര്യത്തെയും വർഗതാൽപര്യങ്ങളെയും അജ്ഞതയിൽ നിർത്തുകയെന്നതാണ് ഹിന്ദുത്വവാദികൾതൊട്ട് മധ്യവർഗ ലിബറൽ ബുദ്ധിജീവികൾ വരെ കാലാകാലങ്ങളായി ചെയ്തുകൊണ്ടിരിക്കുന്നത്- കെ.ടി. കുഞ്ഞിക്കണ്ണൻ എഴുതുന്നു.

ന്ത്യൻ ജനതക്ക് സേച്ഛാധിപത്യത്തിന്റെ തടവറകൾ തീർത്ത അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിന്റെ 49 വർഷങ്ങൾ പിന്നിടുകയാണ്. കരാളമായ ആ കാലത്തെ നമ്മളിന്ന് ഓർമിക്കുന്നത് ഹിന്ദുത്വ ഫാഷിസ്റ്റ് ശക്തികൾ തുടർച്ചയായി മൂന്നാം തവണയും അധികാരത്തിലെത്തിയ സന്ദർഭത്തിലാണ്.

400 സീറ്റു നേടി ഭരണഘടനയെ മാറ്റി ഒരു മതരാഷ്ട്രമായി ഇന്ത്യയെ മാറ്റാനുള്ള ബി.ജെ.പി അജണ്ടയ്ക്ക് 18-ാം ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രഹരമേൽപ്പിക്കുവാൻ കഴിഞ്ഞുവെങ്കിലും നരേന്ദ്ര മോദി വീണ്ടും ഗവൺമെന്റ് രൂപീകരിച്ച് അധികാരത്തിൽ തുടരുകയാണ്. മൂന്നാം മോദി സർക്കാർ ദുർബലമല്ലെന്നും തങ്ങളുടെ ഫാഷിസ്റ്റ് അജണ്ട മുന്നോട്ടുകൊണ്ടുപോകുമെന്നും ജനാധിപത്യശക്തികൾക്ക് മുന്നറിയിപ്പ് നൽകിക്കൊണ്ടാണ് അരുന്ധതി റോയ് ഉൾപ്പെടെയുള്ളവർക്കെതിരായി യു.എ.പി.എ ചേർത്ത് കേസെടുത്തിരിക്കുന്നത്.

മൂന്നാം മോദി സർക്കാർ ഫാഷിസ്റ്റ് അജണ്ട മുന്നോട്ടുകൊണ്ടുപോകുമെന്ന് മുന്നറിയിപ്പ് നൽകിക്കൊണ്ടാണ് അരുന്ധതി റോയ് ഉൾപ്പെടെയുള്ളവർക്കെതിരായി യു.എ.പി.എ ചുമത്തി കേസെടുത്തത്.
മൂന്നാം മോദി സർക്കാർ ഫാഷിസ്റ്റ് അജണ്ട മുന്നോട്ടുകൊണ്ടുപോകുമെന്ന് മുന്നറിയിപ്പ് നൽകിക്കൊണ്ടാണ് അരുന്ധതി റോയ് ഉൾപ്പെടെയുള്ളവർക്കെതിരായി യു.എ.പി.എ ചുമത്തി കേസെടുത്തത്.

ഈയൊരു സാഹചര്യം ഓർമപ്പെടുത്തുന്നത്, അടിയന്തരാവസ്ഥ ഒരു വിദൂര ഭൂതകാലസ്മരണ മാത്രമല്ല, ജനാധിപത്യ അവകാശങ്ങളും സ്വാതന്ത്ര്യവും നിരന്തരമായി ചവിട്ടിമെതിക്കപ്പെടുന്ന വർത്തമാനം കൂടിയാണെന്നാണ്. ഞങ്ങളുടെ തലമുറയുടെ രാഷ്ട്രീയ ആശയങ്ങളെയും വ്യക്തിത്വത്തെയും രൂപപ്പെടുത്തിയ സ്വേച്ഛാധിപത്യവിരുദ്ധ സമരങ്ങളുടേതായ സഹനത്തിന്റെയും പീഢനങ്ങളുടെയും ഒരു കാലം കൂടിയായിരുന്നു അടിയന്തരാവസ്ഥ.

49 വർഷങ്ങൾക്കുമുമ്പ് രാജ്യം അടിയന്തരാവസ്ഥയിലേക്കെത്തപ്പെട്ട സാമ്പത്തിക പ്രതിസന്ധിയും രാഷ്ട്രീയ കുഴപ്പങ്ങളും ആഴത്തിൽതന്നെ വിശകലനം ചെയ്‌തെടുക്കേണ്ടതുണ്ട്. അടിയന്തരാവസ്ഥാവിരുദ്ധ സ്മരണകളെ കാൽപനികവൽക്കരിച്ച് അതിലേക്ക് രാജ്യമെത്തപ്പെട്ട ചരിത്രസാഹചര്യത്തെയും വർഗതാൽപര്യങ്ങളെയും അജ്ഞതയിൽ നിർത്തുകയെന്നതാണ് ഹിന്ദുത്വവാദികൾതൊട്ട് മധ്യവർഗ ലിബറൽ ബുദ്ധിജീവികൾ വരെ കാലാകാലങ്ങളായി ചെയ്തുകൊണ്ടിരിക്കുന്നത്.

സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ രാഷ്ട്രീയചരിത്രത്തിലെ അപമാനകരമായ നടപടിയായിരുന്നു, അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിലെ രാഷ്ട്രപതി ഫക്രുദ്ദീൻ അലി അഹമ്മദിന്റെ ഒപ്പിടൽ.
സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ രാഷ്ട്രീയചരിത്രത്തിലെ അപമാനകരമായ നടപടിയായിരുന്നു, അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിലെ രാഷ്ട്രപതി ഫക്രുദ്ദീൻ അലി അഹമ്മദിന്റെ ഒപ്പിടൽ.

ഇന്ത്യൻ രാഷ്ട്രീയത്തെ ഇളക്കിമറിച്ച തൊഴിലാളി പണിമുടക്കുകളുടെയും കർഷക സമരങ്ങളുടെയും വിദ്യാർത്ഥ പ്രക്ഷോഭങ്ങളുടേതുമായ നിരവധി സംഭവങ്ങളുടെ അനുസ്യൂതിയിലാണ് ഇന്ദിരാഗാന്ധി 1975 ജൂൺ 25ന് അർദ്ധരാത്രി അടിയന്തരാവസ്ഥ പ്രഖ്യാപനത്തിലേക്ക് എത്തുന്നത്. അന്നത്തെ രാഷ്ട്രപതി ഫക്രുദ്ദീൻ അലി അഹമ്മദിനെക്കൊണ്ട് അടിയന്താവസ്ഥാ പ്രഖ്യാപനം നടത്തിക്കുകയായിരുന്നു.

ജയപ്രകാശ് നാരായണൻ മുതൽ സമാദരണീയരായ ദേശീയ നേതാക്കളെയും പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളെയുമെല്ലാം അറസ്റ്റുചെയ്ത് തുറങ്കലിലടച്ച, പ്രതിഷേധിക്കുന്നവരെ ഭരണകൂട ഭീകരതയുടെ മൂന്നാംമുറകൾക്ക് നിഷ്ഠൂരം വിധേയമാക്കിയ അടിയന്തരാവസ്ഥ എന്തായിരുന്നു....? അടിയന്തരാവസ്ഥയിലേക്ക് ഇന്ത്യൻ ഭരണകൂടത്തെ കൊണ്ടെത്തിച്ച സാമൂഹ്യ-സാമ്പത്തിക പ്രതിസന്ധിയും അതിനെ നിർണയിച്ച രാഷ്ട്രീയ ഘടകങ്ങളും എന്തായിരുന്നു എന്നാണ് ഇന്ന് അടിയന്തരാവസ്ഥയെക്കുറിച്ചുള്ള ആലോചനകളിൽ പ്രധാനമായി വിശകലനം ചെയ്യപ്പെടേണ്ടത് എന്ന് തോന്നുന്നു.

അടിയന്തരാവസ്ഥ ഉൾപ്പെടെയുള്ള സംഭവങ്ങളെയും ചരിത്രത്തെയും അതിന്റെ നിർണയനശക്തികളെ അടിസ്ഥാനമാക്കി വിശകലനം ചെയ്യുക എന്നതാണ് മാർക്‌സിസ്റ്റ് രീതി.

അത്തരമൊരു പുനർവിശകലനം കോർപ്പറേറ്റ് മൂലധനത്തിന്റെയും ഭൂരിപക്ഷവർഗീയതയുടേതുമായ ഫാസിസ്റ്റ് ശക്തികളുടെ വളർച്ചയുടെയും തുടർച്ചയായ അധികാരാരോഹണത്തിന്റെയും ചരിത്രപരമായ വഴികൾ കണ്ടെത്താൻ നമ്മെ സഹായിച്ചേക്കും.

സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിലെ അന്ധകാരപൂർണമായ കാലഘട്ടമായിരുന്നു അടിയന്തരാവസ്ഥയുടെ 21 മാസങ്ങളെന്ന് ചരിത്രം രേഖപ്പെടുത്തിക്കഴിഞ്ഞിട്ടുണ്ട്. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ രാഷ്ട്രീയചരിത്രത്തിലെ അപമാനകരമായ ഒരു നടപടിയായിട്ടാണ് അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിൽ രാഷ്ട്രപതി ഒപ്പിട്ടതെന്ന് രാഷ്ട്രീയ ചരിത്രകാരന്മാർ അടിവരയിട്ട് പറഞ്ഞിട്ടുണ്ട്.

അടിയന്തരാവസ്ഥാ പ്രഖ്യാപന വാർത്തയുമായി ഇറങ്ങിയ ദ ഹിന്ദു പത്രം.
അടിയന്തരാവസ്ഥാ പ്രഖ്യാപന വാർത്തയുമായി ഇറങ്ങിയ ദ ഹിന്ദു പത്രം.

ഇന്ദിരാഗാന്ധിയുടെ സമഗ്രാധിപത്യപരമായ വ്യക്തിനേതൃത്വത്തിനു മുമ്പിൽ ഭരണഘടനാ സംരക്ഷകനായ രാഷ്ട്രപതി വിനീതവിധേയനായി അവർ പറയുന്നിടത്തെല്ലാം ഒപ്പിട്ടുകൊടുക്കുകയായിരുന്നു. ഇന്ത്യൻ ജനാധിപത്യത്തിന്റെ ഈ ദുരന്തപൂർണമായ രാഷ്ട്രീയ അധഃപതനത്തെ അതിന്റെ എല്ലാ അർത്ഥത്തിലും പ്രതിഫലിപ്പിക്കുന്നതായിരുന്നു 1975 ഡിസംബർ 10-ന് ഇന്ത്യൻ എക്‌സ്പ്രസ് പ്രസിദ്ധീകരിച്ച അബു എബ്രഹാമിന്റെ വൻ പ്രസിദ്ധി നേടിയ കാർട്ടൂൺ: 'ഇനിയും ഒപ്പിടാൻ ഓർഡിനൻസുകളുണ്ടെങ്കിൽ അല്പസമയം കാത്തുനിൽക്കാൻ പറയൂ' എന്നതായിരുന്നു ആ കാർട്ടൂണിന്റെ അടിക്കുറിപ്പ്. ബാത്ത് ടബ്ബിൽ കിടന്ന് വാതിൽപ്പഴുതിലൂടെ നീട്ടിക്കൊടുക്കുന്ന അടിയന്തരാവസ്ഥാ ഓർഡിനൻസിൽ രാഷ്ട്രപതി ഒപ്പിടുന്നതായിരുന്നു കാർട്ടൂൺ ചിത്രം. ഇന്ത്യൻ ജനാധിപത്യത്തിന്റെ ലജ്ജാകരമായ അവസ്ഥയാണ് അബു എബ്രഹാം തന്റെ വരകളിലൂടെ നിശിതമായി അവതരിപ്പിച്ചത്.

1975 ജൂൺ 26-ന് രാഷ്ട്രത്തോടുള്ള പ്രക്ഷേപണത്തിൽ ഇന്ദിരാഗാന്ധി പറഞ്ഞത്; 'രാഷ്ട്രപതി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇല്ല, ഭയപ്പെടേണ്ടതായി യാതൊന്നും ഇതിലില്ല' എന്നാണ്. യഥാർത്ഥത്തിൽ ആഭ്യന്തര സുരക്ഷയുടെയും വിദേശ കുത്തിത്തിരിപ്പിന്റെയും ഒക്കെ യക്ഷിക്കഥകൾ പ്രചരിപ്പിച്ച് ഇന്ദിരാഗാന്ധി ഇന്ത്യൻ ജനാധിപത്യത്തെ കശാപ്പു ചെയ്യുകയായിരുന്നു, അടിയന്തരാവസ്ഥാഭരണത്തിലൂടെ.

'ഇനിയും ഒപ്പിടാൻ ഓർഡിനൻസുകളുണ്ടെങ്കിൽ അല്പസമയം കാത്തുനിൽക്കാൻ പറയൂ' - 1975 ഡിസംബർ 10-ന് ഇന്ത്യൻ എക്‌സ്പ്രസ് പ്രസിദ്ധീകരിച്ച അബു എബ്രഹാമിന്റെ കാർട്ടൂൺ
'ഇനിയും ഒപ്പിടാൻ ഓർഡിനൻസുകളുണ്ടെങ്കിൽ അല്പസമയം കാത്തുനിൽക്കാൻ പറയൂ' - 1975 ഡിസംബർ 10-ന് ഇന്ത്യൻ എക്‌സ്പ്രസ് പ്രസിദ്ധീകരിച്ച അബു എബ്രഹാമിന്റെ കാർട്ടൂൺ

അടിയന്തരാവസ്ഥ ഇന്ത്യൻ ഭരണകൂടത്തിന്റെയും അതിനു നേതൃത്വം നൽകുന്ന കുത്തക ബൂർഷ്വാസിയുടെയും ഹിംസാത്മകമായ രൂപാന്തരമായിരുന്നുവെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. അടിയന്തരാവസ്ഥയെ മനുഷ്യാവകാശ ലംഘനങ്ങളുടെയും ഭരണകൂട ഭീകരതയുടെയും വിവരണാത്മകമായ അലങ്കാരഭൂഷകളെല്ലാം ഉപേക്ഷിച്ച് വസ്തുനിഷ്ഠമായി വിലയിരുത്തിയാൽ ഏറ്റവും ഹിംസാത്മകമായ ഇന്ത്യൻ ബൂർഷ്വാസിയെ പുറത്തുകൊണ്ടുവന്ന കാലമായിരുന്നുവെന്ന് പറയാം.

കുത്തക നിരോധന നിയമത്തിലും 'ഫെറ'യിലും സ്വകാര്യ മേഖലക്കനുകൂലമായ 'ഉദാരവൽക്കരണ'വ്യവസ്ഥ നടപ്പാക്കിയത് അടിയന്തരാവസ്ഥയിലാണ്.

അടിയന്തരാവസ്ഥ ഉൾപ്പെടെയുള്ള സംഭവങ്ങളെയും ചരിത്രത്തെയും അതിന്റെ നിർണയനശക്തികളെ അടിസ്ഥാനമാക്കി വിശകലനം ചെയ്യുക എന്നതാണ് മാർക്‌സിസ്റ്റ് രീതി. അടിയന്തരാവസ്ഥയെ മനുഷ്യാവകാശ ലംഘനങ്ങളുടെയും പത്രമാരണ നിയമങ്ങളുടെയും അഭിപ്രായ സ്വാതന്ത്ര്യ നിഷേധങ്ങളുടെയും അതിനെതിരായ ചെറുതും വലുതുമായ ത്യാഗപൂർണമായ ചെറുത്തുനിൽപ്പുകളുടേതുമായ ഗൃഹാതുരമായ മധ്യവർഗ അയവിറക്കലുകൾക്കപ്പുറം വസ്തുനിഷ്ഠമായിതന്നെ വിശകലനം ചെയ്യുകയെന്നതാണ് മാർക്സിസ്റ്റുകളുടെ ഉത്തരവാദിത്വം.

രാജ്യത്തിന്റെ ജനാധിപത്യ- മതനിരപേക്ഷ- ഫെഡറൽ മൂല്യങ്ങളെ നിരാകരിക്കുന്ന സംഘപരിവാർ ശക്തികൾ ദേശീയാധികാരത്തിലിരുന്ന് മതന്യൂനപക്ഷങ്ങൾക്കും അധഃസ്ഥിത ജനവിഭാഗങ്ങൾക്കും തൊഴിലാളികൾക്കും കൃഷിക്കാർക്കുമെല്ലാം എതിരായ നിയമങ്ങളും നടപടികളും ഒന്നിനുപിറകെ ഒന്നായി അടിച്ചേൽപ്പിക്കുകയാണ്.

അടിയന്തിരാവസ്ഥാ പ്രഖ്യാപനത്തിനുമുമ്പ് നടന്ന പ്രതിഷേധ പ്രകടത്തിൽ ജയപ്രകാശ് നാരായണൻ സംസാരിക്കുന്നു.
അടിയന്തിരാവസ്ഥാ പ്രഖ്യാപനത്തിനുമുമ്പ് നടന്ന പ്രതിഷേധ പ്രകടത്തിൽ ജയപ്രകാശ് നാരായണൻ സംസാരിക്കുന്നു.

സഖാവ് ദിമിത്രോവ് ഫാഷിസത്തെക്കുറിച്ചുള്ള നിർവ്വചനവേളയിൽ പറഞ്ഞതുപോലെ, ഇന്ത്യൻ കുത്തക മൂലധനത്തിന്റെ സ്വേച്ഛാധിപത്യപൂർണമായ പരിണാമത്തിന്റെയും അക്രമോത്സുകമായ കടന്നാക്രമണത്തിന്റെയും കാലമായിരുന്നു അടിയന്തരാവസ്ഥ. ഇന്ത്യൻ ജനതയെ സംബന്ധിച്ച് അന്നത്തെ 68 കോടി പേർക്കുമേലും ഒരു പോലെ അടിച്ചേൽപ്പിക്കപ്പെട്ട ഒരു ദുരന്തം. രാജ്യം മുഴുവൻ തടവറയും ഒരു ജനത മുഴുവൻ വിചാരണത്തടവുകാരുമായി മാറ്റപ്പെട്ട കാലം.

അല്പം ആലങ്കാരിക ഭാഷയിൽ പറഞ്ഞാൽ പഞ്ചേന്ദ്രിയങ്ങളും ഛേദിക്കപ്പെട്ട കബന്ധമാത്രരായ മനുഷ്യർക്കുമേൽ ഭരണകൂടത്തിന്റെ മർദ്ദനയന്ത്രം തേർവാഴ്ച നടത്തിയകാലം. സംവേദനത്തിന്റെയും ആശയപ്രകാശനത്തിന്റെയും എല്ലാ മണ്ഡലങ്ങളും അടച്ചുപൂട്ടപ്പെട്ട കാലം. സത്യമറിയാൻ ജനങ്ങൾക്കവകാശമില്ലെന്ന് ഭരണകൂടം തുറന്നുപ്രഖ്യാപിച്ച കാലം.

26 രാഷ്ട്രീയ സംഘടനകൾ അക്കാലത്ത് നിരോധിക്കപ്പെട്ടു. ‘മിസ’യും ഡി.ഐ.ആറും പ്രകാരം ലക്ഷക്കണക്കിന് മനുഷ്യർ തടങ്കലിലാക്കപ്പെട്ടു. പാർലമെന്റ് അംഗങ്ങളും നിയമസഭാംഗങ്ങളും അറസ്റ്റു ചെയ്യപ്പെട്ടു. എല്ലാ മൗലികാവകാശങ്ങളും പൗരാവകാശങ്ങളും റദ്ദു ചെയ്യപ്പെട്ടു. മാധ്യമങ്ങൾ നിശ്ശബ്ദമാക്കപ്പെട്ടു. ഈ കരാളദിനങ്ങളിൽ തടവറകൾക്കുള്ളിലും പുറത്തും ആയിരക്കണക്കിന് മനുഷ്യർ, സ്വാതന്ത്ര്യദാഹികളായ ചെറുപ്പക്കാർ, കലാകാരർ, രാഷ്ട്രീയ പ്രവർത്തകർ തുടങ്ങിയവർ നിഷ്ഠൂരം അധികാരത്തിന്റെ ഇരുട്ടിലേക്ക് വലിച്ചെറിയപ്പെട്ടു.

ആഭ്യന്തര സുരക്ഷയുടെയും വിദേശ കുത്തിത്തിരിപ്പിന്റെയും യക്ഷിക്കഥകൾ പ്രചരിപ്പിച്ച് ഇന്ദിരാഗാന്ധി ഇന്ത്യൻ ജനാധിപത്യത്തെ കശാപ്പു ചെയ്യുകയായിരുന്നു, അടിയന്തരാവസ്ഥാഭരണത്തിലൂടെ.
ആഭ്യന്തര സുരക്ഷയുടെയും വിദേശ കുത്തിത്തിരിപ്പിന്റെയും യക്ഷിക്കഥകൾ പ്രചരിപ്പിച്ച് ഇന്ദിരാഗാന്ധി ഇന്ത്യൻ ജനാധിപത്യത്തെ കശാപ്പു ചെയ്യുകയായിരുന്നു, അടിയന്തരാവസ്ഥാഭരണത്തിലൂടെ.

കോൺസെൻട്രേഷൻ ക്യാമ്പുകളിൽ അവരുടെ തുടയെല്ലുകൾ തകർക്കപ്പെട്ടു. ചാരവലയങ്ങളും പീഢനക്യാമ്പുകളും കൊണ്ട് ജനതയെയാകെ വേട്ടയാടി. തുർക്ക്മാൻ ഗേറ്റിലും മുസഫർനഗറിലും ചേരിനിർമ്മാർജ്ജനത്തിന്റെ പേരിൽ ദരിദ്രലക്ഷങ്ങളെ കുടിയിറക്കി. സന്താന നിയന്ത്രണത്തിന്റെ മറവിൽ പതിനായിരങ്ങൾ നിർബന്ധിത വന്ധ്യംകരണത്തിന് വിധേയരായി.

അടിയന്തരാവസ്ഥയുടെ അതിക്രമങ്ങളെക്കുറിച്ച് അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട ജസ്റ്റിസ് ഷാ കമീഷൻ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുകൊണ്ടുവന്നത്. മുസഫർ നഗറിൽ നിർബന്ധിത വന്ധ്യംകരണത്തിന് വിധേയരാക്കപ്പെട്ട കൊച്ചുകുട്ടികൾ പോലും ജസ്റ്റിസ് ഷാക്കുമുമ്പിൽ തങ്ങൾക്ക് എന്താണ് സംഭവിച്ചതെന്നുപറയാനാവതെ പൊട്ടിക്കരയുകയായിരുന്നു. നഗരവൽക്കരണത്തിന്റെ പേരിൽ ചേരികളിൽ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ട തുർക്ക് മാൻ ഗേറ്റിലെ ദരിദ്രരായ സ്ത്രീപുരുഷന്മാർ നിരാലംബമായ തങ്ങളുടെ ജീവിതത്തെയും സഞ്ജയ്ഗാന്ധിയുടെയും ഗുണ്ടാസംഘത്തിന്റെയും നിഷ്ഠൂരമായ ആക്രമണങ്ങളുടെയും കഥകളാണ് കമീഷനുമുമ്പിൽ നിരത്തിയത്.

സഞ്ജയ്ഗാന്ധിയുടെയും ഗുണ്ടാസംഘത്തിന്റെയും നിഷ്ഠൂരമായ ആക്രമണങ്ങളുടെ കഥകളാണ് ഷാ കമീഷനുമുമ്പിലെത്തിയ മനുഷ്യർ വിവരിച്ചത്.
സഞ്ജയ്ഗാന്ധിയുടെയും ഗുണ്ടാസംഘത്തിന്റെയും നിഷ്ഠൂരമായ ആക്രമണങ്ങളുടെ കഥകളാണ് ഷാ കമീഷനുമുമ്പിലെത്തിയ മനുഷ്യർ വിവരിച്ചത്.

ജനാധിപത്യത്തിന്റെ എല്ലാ വാതിലുകളും അടച്ചുപൂട്ടി ഇന്ത്യൻ ഭരണകൂടം ജനങ്ങൾക്കെതിരായി നടത്തിയ യുദ്ധപ്രഖ്യാപനമായിരുന്നു അടിയന്തരാവസ്ഥ. ഇന്ദിരാഗാന്ധിയും ആസ്ഥാന ബുദ്ധിജീവികളും വിനോബഭാവയെപോലുള്ള ‘ഗാന്ധിയ’ന്മാരും എന്തിന് ചില കമ്യൂണിസ്റ്റ് പാർട്ടികൾപോലും അടിയന്തരാവസ്ഥയെ പിന്തുണക്കുകയും ന്യായീകരിക്കുകയും ചെയ്തു.

അവർക്കെല്ലാം അടിയന്തരാവസ്ഥ ജനാധിപത്യാവകാശങ്ങളുടെ ധാരാളിത്തത്തിൽ അരാജകമായിപ്പോയ ഒരു ജനതയെ രാഷ്ട്രനിർമാണത്തിന്റെ വഴിയിലേക്ക് കൊണ്ടുവരാനുള്ള മാർഗമായിരുന്നു. സേഷ്യലിസ്റ്റ് നിർമാണത്തിനാവശ്യമായ അച്ചടക്കം ആവശ്യപ്പെടലായിട്ടാണ് അടിയന്തരാവസ്ഥയിലെ ജനാധിപത്യ നിഷേധത്തെ ഭരണകൂടം നിർലജ്ജം ന്യായീകരിച്ചത്. അക്കാലത്തായിരുന്നല്ലോ ഭരണഘടന ഭേദഗതി ചെയ്ത് സോഷ്യലിസ്റ്റും സെക്യുലറുമായ പരമാധികാര റിപ്പബ്ലിക്കായി ഇന്ത്യയെ പ്രഖ്യാപിച്ചത്. സ്വേച്ഛാധിപത്യത്തെ സോഷ്യലിസം കൊണ്ട് പുതപ്പിച്ചുനിർത്താനുള്ള കൗശലമായിരുന്നു ഇന്ദിരാഗാന്ധിയുടേത്.

സ്വേച്ഛാധികാരം സൃഷ്ടിച്ച ഫാഷിസ്റ്റ് ഭീതിയും മാധ്യമപ്രവർത്തകരുടെ വ്യക്തിപരമായ ഭീരുത്വവുമായി മാത്രം ലളിതവൽക്കരിച്ച് അക്കാലത്തെ മാധ്യമങ്ങളുടെ കീഴടങ്ങലിനെ കാണാൻ കഴിയില്ല.

ജനാധിപത്യത്തെക്കുറിച്ചും മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ചുമുള്ള നമ്മുടെ പല ബൂർഷ്വാ മാധ്യമപ്രമാണിമാരുടെ വാചകമടികൾ എന്തുമാത്രം കാപട്യം നിറഞ്ഞതും ചരിത്രവിരുദ്ധവുമാണെന്ന് അടിയന്തരാവസ്ഥയിലെ കുത്തകപത്രങ്ങളുടെ നിലപാടുതന്നെ നോക്കിയാൽ മതി. ഇവിടെ ചരിത്രത്തെ അതിന്റെ വസ്തുനിഷ്ഠഗതിയിൽ പഠിക്കാൻ ശ്രമിക്കുന്നവരെ സംബന്ധിച്ച് ഇന്ന് നമ്മൾ ചർച്ചചെയ്യുന്ന നിയോ ലിബറൽ നയങ്ങളിലേക്കുള്ള ഇന്ത്യൻ ഭരണകൂടത്തിന്റെ പരിവർത്തനസന്ദർഭമായിരുന്നു അടിയന്തരാവസ്ഥയെന്ന് മനസ്സിലാക്കാൻ കഴിയും.

സ്വേച്ഛാധികാരം സൃഷ്ടിച്ച ഫാഷിസ്റ്റ് ഭീതിയും മാധ്യമപ്രവർത്തകരുടെ വ്യക്തിപരമായ ഭീരുത്വവുമായി മാത്രം ലളിതവൽക്കരിച്ച് അക്കാലത്തെ മാധ്യമങ്ങളുടെ കീഴടങ്ങലിനെ കാണാൻ കഴിയില്ല. ഇന്ദിരാ സർക്കാരിന്റെ രാഷ്ട്രീയമായ സോവിയറ്റ് അനുകൂല നിലപാടുകൾ യഥാർത്ഥത്തിൽ അമേരിക്കൻ മൂലധനാനുകൂലമായ സമ്പദ്ഘടനയുടെ പുനരുജ്ജീവന നടപടികളെ മറച്ചുപിടിക്കാനുള്ള പുറംകാഴ്ചയായിരുന്നുവെന്ന് മനസ്സിലാക്കുമ്പോഴാണ് അടിയന്തരാവസ്ഥയിലെ മാധ്യമങ്ങളുടെ നിരുപാധികമായ കീഴടങ്ങലിന്റെ രാഷ്ട്രീയാർത്ഥം വ്യക്തമാകുക.

വിനോബ ഭാവെ
വിനോബ ഭാവെ

ഭരണഘടനാ ഭേദഗതിയിലൂടെ സോഷ്യലിസ്റ്റ് മതേതര റിപ്പബ്ലിക്കായി ഇന്ത്യയെ പ്രഖ്യാപിച്ച, ജനാധിപത്യാവകാശങ്ങളുടെ ഉദാരതയിൽ ജനങ്ങൾക്ക് നഷ്ടപ്പെട്ടുപോയ സോഷ്യലിസ്റ്റ് നിർമ്മാണത്തിന് ആവശ്യമായ അച്ചടക്കം ആവശ്യപ്പെടലായി ഇന്ദിരാഗാന്ധി അടിയന്തിരാവസ്ഥയെ ന്യായീകരിച്ചപ്പോൾ കമ്യൂണിസ്റ്റ് വിരുദ്ധതയുടെയും സോഷ്യലിസ്റ്റ് രാജ്യവിരോധത്തിന്റെയും വക്താവായ വിനോബഭാവയെപോലുള്ളവർ 'അനുശാസനപർവ്വ'മെന്ന് അടിയന്തരാവസ്ഥയെ പ്രകീർത്തിക്കുകയായിരുന്നല്ലോ. അടിയന്തരാവസ്ഥയുടെ തുടക്കത്തിൽ അതിനെ ശക്തമായി ചെറുത്ത ആർ.എസ്.എസ് ഇന്ദിരാഗാന്ധിയുടെ സാമ്രാജ്യത്വാനുകൂല നിലപാടുകളുടെ പശ്ചാത്തലത്തിൽക്കൂടിയാണ് ഇരുപതിനപരിപാടിയുടെയും അഞ്ചിനപരിപാടിയുടെയും പിന്തുണക്കാരായി മാറുന്നത്. 1976-ൽ അന്നത്തെ ആർ.എസ്.എസ് മേധാവി ഇന്ദിരാഗാന്ധിക്ക് പിന്തുണ അറിയിച്ച് കത്തെഴുതുന്നുണ്ട്.

ഇരുപതിന പരിപാടിയും അഞ്ചിന പരിപാടിയും നടപ്പിലാക്കാൻ തങ്ങളും സഹകരിക്കാമെന്നും അതിനായി സംഘം പ്രവർത്തകരെ ജയിലിൽ നിന്ന് മോചിപ്പിക്കണമെന്നും ദേവറസ് ഇന്ദിരാഗാന്ധിയോട് യാചിക്കുന്നുണ്ട്. ചരിത്രത്തിലെ ഈ അസന്ദിഗ്ധങ്ങളായ വസ്തുതകളെ മറച്ചുപിടിച്ചാണ് ആർ.എസ്.എസുകാർ അടിയന്തരാവസ്ഥവിരുദ്ധസമരത്തിന്റെ ചാമ്പ്യന്മാരായി ഇന്ന് ഞെളിയുന്നത്.

ഇരുപതിന പരിപാടിയും അഞ്ചിന പരിപാടിയും നടപ്പിലാക്കാൻ തങ്ങളും സഹകരിക്കാമെന്നും അതിനായി സംഘം പ്രവർത്തകരെ ജയിലിൽ നിന്ന് മോചിപ്പിക്കണമെന്നും ആർ.എസ..എസ് മേധാവിയായിരുന്ന ദേവറസ് ഇന്ദിരാഗാന്ധിയോട് യാചിക്കുന്നുണ്ട്.
ഇരുപതിന പരിപാടിയും അഞ്ചിന പരിപാടിയും നടപ്പിലാക്കാൻ തങ്ങളും സഹകരിക്കാമെന്നും അതിനായി സംഘം പ്രവർത്തകരെ ജയിലിൽ നിന്ന് മോചിപ്പിക്കണമെന്നും ആർ.എസ..എസ് മേധാവിയായിരുന്ന ദേവറസ് ഇന്ദിരാഗാന്ധിയോട് യാചിക്കുന്നുണ്ട്.

ചരിത്രത്തെയും സംഭവങ്ങളെയും അവയുടെ നിർണയനശക്തികളുടെ അനിവാര്യ ബന്ധങ്ങളിൽ നിന്ന് വേർപ്പെടുത്തി സാമാന്യവൽക്കരിക്കുന്ന സൈദ്ധാന്തിക സമീപനങ്ങൾ പലപ്പോഴും ആധിപത്യശക്തികളുടെ താല്പര്യങ്ങളെ സംരക്ഷിക്കുന്ന വൈകാരിക നിലപാടുകൾ മാത്രമാണെന്ന കാര്യം ഇടതുപക്ഷജനാധിപത്യ പ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നവർ മറന്നുപോകരുത്. അടിയന്തരാവസ്ഥയിലെ മനുഷ്യാവകാശലംഘനങ്ങളുടെയും ഭരണകൂട ഭീകരതയുടെയും ഉപരിതലകാഴ്ചക്കും സമ്പദ്ഘടനയുടെ ദേശീയവൽക്കരണത്തിന്റേതായ (‘നാടൻ വാങ്ങി നാട് നന്നാക്കൂ’ തുടങ്ങിയ പ്രചാരണതന്ത്രങ്ങൾ) മാധ്യമപ്രചാരണത്തിനുമിടയിൽ വിദേശ ഫൈനാൻസ് മൂലധനത്തെ പ്രോത്സാഹിപ്പിക്കുന്ന സമ്പദ്ശാസ്ത്ര സമീപനത്തിലേക്ക് ഇന്ത്യൻഭരണകൂടം മാറിക്കഴിഞ്ഞിരുന്നുവെന്നതായിരുന്നു സത്യം. ഡേവിഡ് സെൽബൺ നിരീക്ഷിക്കുന്നതുപോലെ, 'സാമ്രാജ്യത്വവിരുദ്ധ സമരങ്ങളുടെയും ബഹുരാഷ്ട്രക്കമ്പനികളെ കെട്ടുകെട്ടിക്കുന്നതിന്റെയും വീൺവാക്കുകൾക്കിടക്ക് വിദേശനിക്ഷേപങ്ങളെ, വിശേഷിച്ച് അമേരിക്കൻ മൂലധനത്തെ പ്രോത്സാഹിപ്പിക്കുന്ന നയത്തിലേക്ക് ഇന്ത്യൻ സർക്കാർ വളരെ വേഗം മാറിക്കൊണ്ടിരിക്കുന്നു’.

വൻ മാധ്യമസഹായത്തോടെ അടിയന്തരാവസ്ഥയെ സോവിയറ്റ് പിന്തുണയുള്ള രാഷ്ട്രീയ നടപടിയായി പ്രചരിപ്പിച്ച് അമേരിക്കൻ താല്പര്യങ്ങളുടെ സമർഥമായ നിർവഹണഘട്ടമായി മാറ്റുകയാണ് ഇന്ത്യൻ ഭരണവർഗ്ഗങ്ങൾ ചെയ്തത്. കുത്തക നിരോധന നിയമത്തിലും 'ഫെറ'യിലും സ്വകാര്യ മേഖലക്കനുകൂലമായ 'ഉദാരവൽക്കരണ'വ്യവസ്ഥ നടപ്പാക്കിയത് അടിയന്തരാവസ്ഥയിലാണ്.

അടിയന്തരാവസ്ഥയെ സോവിയറ്റ് പിന്തുണയുള്ള രാഷ്ട്രീയ നടപടിയായി പ്രചരിപ്പിച്ച് അമേരിക്കൻ താല്പര്യങ്ങളുടെ സമർഥമായ നിർവഹണഘട്ടമായി മാറ്റുകയാണ് ഇന്ത്യൻ ഭരണവർഗ്ഗങ്ങൾ ചെയ്തത്.
അടിയന്തരാവസ്ഥയെ സോവിയറ്റ് പിന്തുണയുള്ള രാഷ്ട്രീയ നടപടിയായി പ്രചരിപ്പിച്ച് അമേരിക്കൻ താല്പര്യങ്ങളുടെ സമർഥമായ നിർവഹണഘട്ടമായി മാറ്റുകയാണ് ഇന്ത്യൻ ഭരണവർഗ്ഗങ്ങൾ ചെയ്തത്.

1976 മാർച്ച് 18-ന് ദേശീയ സമ്പദ്‌വ്യവസ്ഥക്ക് ഗുണകരമായവിധം 'നിർധാരണാടിസ്ഥാന'ത്തിൽ വിദേശമൂലധനത്തെ സ്വാഗതം ചെയ്യുന്ന പ്രഖ്യാപനങ്ങൾ വന്നു. 1976 ഏപ്രിൽ രണ്ടിന് വിദേശനിക്ഷേപകരുടെ താല്പര്യത്തെ സേവിക്കുന്നവിധം 'ഫെറ' നിയമത്തിൽ ഭേദഗതികൊണ്ടുവരികയും ചെയ്തു. വിദേശ കയറ്റുമതി വ്യവസായങ്ങളിൽ 60 ശതമാനം കയറ്റുമതിയുള്ള വിദേശനിക്ഷേപകർക്ക് തദ്ദേശീയ കമ്പനികളിൽ ഭൂരിപക്ഷ ഓഹരി ഉടമസ്ഥതയും നിയന്ത്രണാധികാരവും 'ഫെറ' ഭേഗതിയിലൂടെ അനുവദിച്ചുകൊടുത്തു. ഇന്ന് നമ്മൾ ചർച്ചചെയ്യുന്ന നവഉദാരവൽക്കരണ നയങ്ങളിലേക്കുള്ള വഴിത്തിരിവായിരുന്നു അടിയന്തരാവസ്ഥയെന്ന് വിലയിരുത്താവുന്നതാണ്.

വിശ്വപ്രസിദ്ധമായ നെഹ്‌റുവിയൻ വികസനപാതയിൽ നിന്ന് അമേരിക്കൻ താല്പര്യങ്ങൾക്കനുസൃതമായ നിയോലിബറൽ വികസക്രമത്തിലേക്ക് ഇന്ത്യയുടെ ഉദ്ഗ്രഥനം അടിയന്തരാവസ്ഥാകാലത്തോടെ ആരംഭിച്ചുവെന്ന് പറയാം.

ഫാഷിസ്റ്റ്‌വാഴ്ചയുടെ കരാളദിനങ്ങളിൽ വികസിത മുതലാളിത്ത രാജ്യങ്ങളുടെ സാമ്പത്തികവും രാഷ്ട്രീയവുമായ സമ്മർദ്ദങ്ങൾക്ക് വഴങ്ങി സമ്പദ്ഘടനയെ ഉദാരവൽക്കരിക്കുകയാണ് ഇന്ദിരാഗാന്ധി ചെയ്തത്. അമേരിക്കൻ മൂലധനാനകൂലമായ നയരൂപീകരണം, പലപ്പോഴും, സോവിയറ്റു യൂണിയനുമായി അടുക്കുകയും അമേരിക്കയുമായി അകലുകയും ചെയ്യുകയാണെന്ന പരസ്യമുഖം സൃഷ്ടിക്കുന്ന മാധ്യമ വേലകളിലൂടെ മറച്ചുപിടിക്കപ്പെടുകയായിരുന്നു. ഇന്ത്യയുടെ സാമ്പത്തികപരിഷ്‌കാരങ്ങൾ അമേരിക്കൻ സഹകരണത്തിന്റെ പുതിയപാത തുറന്നിരിക്കുന്നുവെന്ന് അക്കാലത്തെ വിദേശകാര്യമന്ത്രി നടത്തിയ പരസ്യപ്രസ്താവനകൾപോലും കേരളത്തിലെ മാധ്യമങ്ങൾ മറച്ചുവെക്കുകയായിരുന്നല്ലോ. അടിയന്തരാവസ്ഥയിലെ അതിക്രമങ്ങളെക്കുറിച്ച് നമ്മുടെ മാധ്യമങ്ങൾ സൃഷ്ടിച്ച അജ്ഞതയാണ് 1977-ലെ തെരഞ്ഞെടുപ്പിൽ ഇന്ത്യയൊട്ടാകെ കോൺഗ്രസ് പരാജയപ്പെട്ടപ്പോൾ കേരളത്തിൽ അവർക്ക് വിജയമുണ്ടാക്കിക്കൊടുത്തത്.

1976 ഏപ്രിൽ 20ന് അമേരിക്കൻ അംബാസിഡർ പറഞ്ഞു; ഇന്ത്യ- അമേരിക്കൻ ബന്ധത്തിലെ മഞ്ഞുരുകിക്കഴിഞ്ഞു. ഇന്ത്യയിലെ അടിയന്തരാവസ്ഥ ഭരണത്തെക്കുറിച്ച് കുറേക്കൂടി സ്വീകാര്യമായൊരു നിലപാട് അമേരിക്കൻ ഗവൺമെന്റിന് ഉണ്ടായിട്ടുണ്ട്.

ഇന്ന് നമ്മൾ ചർച്ചചെയ്യുന്ന നവഉദാരവൽക്കരണ നയങ്ങളിലേക്കുള്ള വഴിത്തിരിവായിരുന്നു അടിയന്തരാവസ്ഥയെന്ന് വിലയിരുത്താവുന്നതാണ്.
ഇന്ന് നമ്മൾ ചർച്ചചെയ്യുന്ന നവഉദാരവൽക്കരണ നയങ്ങളിലേക്കുള്ള വഴിത്തിരിവായിരുന്നു അടിയന്തരാവസ്ഥയെന്ന് വിലയിരുത്താവുന്നതാണ്.

അൺടാഡിന്റെ നെയ്റോബിസമ്മേളനത്തിൽ അമേരിക്കയുടെ വിദേശനയത്തെ പുകഴ്ത്തി ഇന്ത്യൻ വാണിജ്യമന്ത്രി നടത്തിയ പ്രസംഗം, അമേരിക്കയുടെ നവകൊളോണിയൽ നയങ്ങളുടെ പിന്തുണക്കാരാണ് ഇന്ത്യയെന്ന കാര്യം അന്താരാഷ്ട്ര സമൂഹത്തിന് വ്യക്തമാക്കിക്കൊടുത്തു. ചുരുക്കിപ്പറഞ്ഞാൽ നമ്മുടെ വിശ്വപ്രസിദ്ധമായ നെഹ്‌റുവിയൻ വികസനപാതയിൽ നിന്ന് അമേരിക്കൻ താല്പര്യങ്ങൾക്കനുസൃതമായ നിയോലിബറൽ വികസക്രമത്തിലേക്ക് ഇന്ത്യയുടെ ഉദ്ഗ്രഥനം അടിയന്തരാവസ്ഥാകാലത്തോടെ ആരംഭിച്ചുവെന്ന് പറയാം.

1975 ഒക്‌ടോബറിലാണ് ലോക ബാങ്ക് ഇന്ത്യൻ സമ്പദ്ഘടനയിൽ വരുത്തേണ്ട മാറ്റങ്ങളെ സംബന്ധിച്ച വ്യാവസായിക പരിപ്രേക്ഷ്യം അവതരിപ്പിക്കുന്നത്. ആഭ്യന്തര ഉല്പാദനത്തിനു പകരം ഇറക്കുമതിയും അന്തർഘടനാരംഗത്ത് വിദേശനിക്ഷേപവും ലക്ഷ്യം വെക്കുന്ന ദശവത്സര പദ്ധതിയാണ് ലോകബാങ്ക് മുന്നോട്ടുവെച്ചത്. വിദേശവായ്പ നിക്ഷേപത്തിന്റെയും മൂലധനത്തിന്റെ ഉദാരമായ വ്യാപനത്തിന്റേതുമായ ഈ നയങ്ങളാണ് ഇന്ത്യയെ അപരിഹാര്യമായ കടക്കെണിയിലും ഐ.എം.എഫ് വായ്പയിലുമെത്തിച്ചത്. ഇന്ത്യൻ ഭരണകൂടത്തെ സ്വാശ്രയത്വത്തിന്റെയും സ്വയം പര്യാപ്തതയുടേയും സമ്പദ്ശാസ്ത്ര വീക്ഷണങ്ങളിൽ നിന്ന് നവകൊളോണിയൽ രാഷ്ട്രീയസമ്പദ്‌രാഷ്ട്രീയത്തിലേക്ക് നയിച്ചത് അടിയന്തരാവസ്ഥയായിരുന്നു. ഈ നവകൊളോണിയൽ സമ്പദ്‌രാഷ്ട്രീയ ഉള്ളടക്കത്തിലേക്കുള്ള പിന്മാറ്റത്തേയും പരിവർത്തനത്തെയും ഇന്ത്യൻ മാധ്യമങ്ങൾ കാലാനുസൃതമായ സാമ്പത്തിക പരിഷ്‌കാരങ്ങളായി പിന്നീട് വാഴ്ത്തുകയായിരുന്നല്ലോ.

കോർപ്പറേറ്റ് മൂലധനവും ഹിന്ദുത്വ വർഗീയതയും ഇന്ത്യയുടെ മതനിരപേക്ഷ ജനാധിപത്യഘടനക്കുനേരെ ഭീഷണി ഉയർത്തിയിരിക്കുകയാണ്. തങ്ങൾക്കനഭിമതരായ ജനസമൂഹങ്ങൾക്കും രാഷ്ട്രീയപ്രസ്ഥാനങ്ങൾക്കും എതിരെ യു.എ.പി.എയും പ്രതേ്യക സായുധസേന നിയമങ്ങളുമെല്ലാം ഉപയോഗിച്ച് അടിച്ചമർത്തൽ രാജ്യത്തിന്റെ എല്ലാ മേഖലകളിലും തീക്ഷ്ണമാക്കിയിരിക്കുകയാണ്.

16-ാം ലോക്‌സഭാ തെരഞ്ഞെടുപ്പോടെ അധികാരത്തിൽ തുടരുന്ന മോദി സർക്കാർ പാർലമെന്റിനെയും ഇന്ത്യയുടെ ഫെഡറൽ സംവിധാനങ്ങളെയും നോക്കുകുത്തിയാക്കിക്കൊണ്ട് ഓർഡിനൻസ് ഭരണമാണ് തുടക്കത്തിൽ നടത്തിയത്. കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞും പൗരത്വനിയമം മതാധിഷ്ഠിതമാക്കിയും മുസ്‍ലിം വിവാഹമോചന നിയമത്തിൽ ക്രിമിനൽവ്യവസ്ഥ കൊണ്ടുവന്നും ഇന്ത്യയെ മതരാഷ്ട്രമാക്കാനുള്ള നീക്കങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

വൻകിട കോർപ്പറേറ്റുകൾക്കാവശ്യമായ രീതിയിൽ ഖനന നിയമങ്ങളും വനനിയമങ്ങളും സമുദ്രസംരക്ഷണനിയമങ്ങളും ഭേദഗതിചെയ്തിരിക്കുന്നു. ഘർവാപസിയും ലൗ ജിഹാദും ഗോവധ നിരോധനവും ക്രിസ്ത്യൻ പള്ളികൾക്കുനേരെ നടക്കുന്ന തുടർച്ചയായ ആക്രമണങ്ങളും വഴി വർഗീയവത്കരണത്തിലേക്കും സംസ്‌കാരങ്ങളുടെ സംഘർഷങ്ങളിലേക്കും ഇന്ത്യൻ സമൂഹത്തെ തള്ളിവിടുകയാണവർ. വിദ്വേഷവും വിഭജനവും എല്ലാ വിഭാഗം ജനങ്ങളിലേക്കും പടർത്തുകയാണ്. മണിപ്പുർ പോലെ വംശീയ ഉന്മൂലന ലക്ഷ്യത്തോടെ ഗോത്രകലാപങ്ങളും മതസംഘർഷങ്ങളും രാജ്യമെമ്പാടും വളർത്തിയെടുക്കുന്നു.

ചരിത്രത്തിലെ മറ്റെല്ലാ ഫാസിസ്റ്റുകളെയുമെന്നപോലെ നരേന്ദ്രമോദി ജനാധിപത്യത്തിന്റെ എല്ലാ സംവിധാനങ്ങളെയും കീഴ്‌വഴക്കങ്ങളെയും അട്ടിമറിക്കുകയാണ്.
ചരിത്രത്തിലെ മറ്റെല്ലാ ഫാസിസ്റ്റുകളെയുമെന്നപോലെ നരേന്ദ്രമോദി ജനാധിപത്യത്തിന്റെ എല്ലാ സംവിധാനങ്ങളെയും കീഴ്‌വഴക്കങ്ങളെയും അട്ടിമറിക്കുകയാണ്.

കൊളോണിയൽ കാലഘട്ടത്തിൽ ഇന്ത്യൻ തൊഴിലാളിവർഗം ധീരോദാത്തമായ സമങ്ങളിലൂടെ നേടിയെടുത്ത ട്രേഡ് യൂണിയൻ അവകാശങ്ങളും തൊഴിൽ നിയമങ്ങളും ഇല്ലാതാക്കാനുള്ള ഭേദഗതി നീക്കങ്ങളാണ് മോദി സർക്കാർ നടത്തിയത്. 29-ഓളം തൊഴിൽ നിയമങ്ങൾ നാല് ലേബർ കോഡുകളാക്കി ഭേദഗതി ചെയ്തു. ‘ഒരു രാജ്യം ഒരു നികുതി’ നിലപാടിൽ നിന്ന് ജി.എസ്.ടി അടിച്ചേൽപ്പിച്ചു. സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരത്തിനുമുകളിൽ തുടർച്ചയായി കടന്നുകയറ്റങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു. ഭരണഘടനാ സ്ഥാപനമായ ധനകമീഷനെപോലും ഇതിനായി സ്വാധീനിക്കുന്നു.

അടിയന്തരാവസ്ഥയെ ഓർമിപ്പിക്കുന്ന തരത്തിൽ എഴുത്തുകാരെയും വിമർശകരെയും അതിഭീകരമാംവിധം കേന്ദ്രസർക്കാരും സംഘപരിവാർ സംഘടനകളും രാജ്യത്തുടനീളം വേട്ടയാടുകയാണ്. മോദി സർക്കാർ ദേശീയാധികാരത്തിലെത്തിയ അതേദിവസം തന്നെയാണ് എഴുത്തുകാരനും ഇന്ത്യ സർക്കാർ നിരവധി ബഹുമതികൾ നൽകി ആദരിച്ചിട്ടുള്ള വ്യക്തിത്വത്തിന്റെ ഉടമയുമായിരുന്ന യു.ആർ. അനന്തമൂർത്തിക്ക് പാക്കിസ്ഥാനിലേക്കുള്ള എയർടിക്കറ്റ് സംഘപരിവാർ സംഘടനകൾ അയച്ചുകൊടുത്തത്. പെരുമാൾ മുരുകനെപോലെ ഒരു സാഹിത്യകാരൻ, എഴുത്തുകാരനെന്ന നിലയിലുള്ള തന്റെ മരണം പ്രഖ്യാപിക്കേണ്ടിവന്നതും ജാതിഹിന്ദുത്വത്തിന്റെ കൊലവിളിക്കുമുമ്പിൽ നിസ്സഹായനായതുകൊണ്ടാണ്.

അടിയന്തരാവസ്ഥയെ ഓർമിപ്പിക്കുന്ന തരത്തിൽ എഴുത്തുകാരെയും വിമർശകരെയും അതിഭീകരമാംവിധം കേന്ദ്രസർക്കാരും സംഘപരിവാർ സംഘടനകളും രാജ്യത്തുടനീളം വേട്ടയാടുകയാണ്.
അടിയന്തരാവസ്ഥയെ ഓർമിപ്പിക്കുന്ന തരത്തിൽ എഴുത്തുകാരെയും വിമർശകരെയും അതിഭീകരമാംവിധം കേന്ദ്രസർക്കാരും സംഘപരിവാർ സംഘടനകളും രാജ്യത്തുടനീളം വേട്ടയാടുകയാണ്.

ചരിത്രഗവേഷണ കൗൺസിൽ തുടങ്ങി എല്ലാ അക്കാദമിക് സാംസ്‌കാരിക സ്ഥാപനങ്ങളുടെയും തലപ്പത്തേക്ക് ആർ.എസ്.എസുകാരെ കടത്തിക്കൊണ്ടുവന്നിരിക്കുകയാണ്. മതനിരപേക്ഷ ജനാധിപത്യമൂല്യങ്ങളെ നിരാകരിക്കാനുള്ള പരസ്യമായ ആഹ്വാനങ്ങളും പ്രചാരണങ്ങളുമായി സംഘപരിവാർ രംഗത്തുവന്നിരിക്കുകയാണ്. വിദ്യാഭ്യാസത്തെ ഭാരതവൽക്കരിക്കുന്നതിന്റെ മറവിൽ കാവിവൽക്കരണ അജണ്ട അടിച്ചേൽപ്പിക്കുകയാണ്. ഗുജറാത്തിലെ നാൽപ്പത്തിരായിരത്തോളം പൊതുവിദ്യാലയങ്ങളിൽ മോദി സർക്കാർ അടിച്ചേൽപ്പിച്ച വർഗീയ വിദ്വേഷം പ്രസരിപ്പിക്കുന്ന പാഠ്യപദ്ധതി ദേശീയതലത്തിൽതന്നെ നടപ്പാക്കാൻ തീരുമാനിച്ചിരിക്കുകയാണ്.

കെട്ടുകഥകളും ഐതിഹ്യങ്ങളും ചരിത്രവും ശാസ്ത്രവുമായി കുട്ടികളെ പഠിപ്പിക്കുന്ന അങ്ങേയറ്റം വിജ്ഞാനവിരുദ്ധമായ പാഠ്യപദ്ധതികളാണ് ബി.ജെ.പി ഭരിക്കുന്ന പലസംസ്ഥാനങ്ങളിലും നടപ്പിലാക്കിയിരിക്കുന്നത്. മതനിരപേക്ഷതയെ പാഠഭാഗങ്ങളിൽനിന്ന് ഒഴിവാക്കാനും പുതുതലമുറകളെ ഹിന്ദുത്വത്തിന്റെ ഫാഷിസ്റ്റ് അജണ്ടക്കനുസൃതമായ രീതിയിൽ വാർത്തെടുക്കാനുമുള്ള നീക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. എൻ.സി.ആർ.ടി പാഠപുസ്തകങ്ങളിൽനിന്ന് ഇന്ത്യയുടെ മുഗളചരിത്രം വെട്ടിമാറ്റപ്പെടുന്നു. ബാബ്‌റിമസ്ജിദ് മൂന്ന് മിനാരങ്ങളുള്ള ഒരു കെട്ടിടമായി പഠിപ്പിക്കപ്പെടുന്നു.

നിയോലിബറൽ പരിഷ്‌കാരങ്ങളുടെ ചാമ്പ്യനാവാനാണ് നരേന്ദ്രമോദി ലോകമാകെ പാറിനടന്ന് ആഗോള ഫൈനാൻസ് മൂലധനകമ്പനികളെ ഇന്ത്യയിലേക്ക് വിളിച്ചുകൊണ്ടുവരുന്നത്.

ചുരുക്കിപ്പറഞ്ഞാൽ, ചരിത്രത്തിലെ മറ്റെല്ലാ ഫാസിസ്റ്റുകളെയുമെന്നപോലെ നരേന്ദ്രമോദി ജനാധിപത്യത്തിന്റെ എല്ലാ സംവിധാനങ്ങളെയും കീഴ്‌വഴക്കങ്ങളെയും അട്ടിമറിക്കുകയാണ്. കോർപ്പറേറ്റ് മൂലധനത്തിന്റെ രാഷ്ട്രീയപദ്ധതി എന്ന നിലക്കാണ് ഹിന്ദുത്വ അജണ്ട നരേന്ദ്രമോദി ഭരണത്തിനുകീഴിൽ അടിച്ചേൽപ്പിക്കപ്പെടുന്നത് എന്ന കാര്യം ജനാധിപത്യ മതനിരപേക്ഷ ശക്തികൾ തിരിച്ചറിയേണ്ടതുണ്ട്. നിയോലിബറൽ പരിഷ്‌കാരങ്ങളുടെ ചാമ്പ്യനാവാനാണ് നരേന്ദ്രമോദി ലോകമാകെ പാറിനടന്ന് ആഗോള ഫൈനാൻസ് മൂലധനകമ്പനികളെ ഇന്ത്യയിലേക്ക് വിളിച്ചുകൊണ്ടുവരുന്നത്. തന്ത്രപ്രധാനമായ എല്ലാ മേഖലകളിലും വിദേശ മൂലധനത്തിന് നിരുപാധികമായ അധിനിവേശം ഒരുക്കിക്കൊടുക്കുകയാണ് മോദിയുടെ രാഷ്ട്രീയലക്ഷ്യം തന്നെ.

അങ്ങേയറ്റം വിജ്ഞാനവിരുദ്ധമായ പാഠ്യപദ്ധതികളാണ് ബി.ജെ.പി ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും നടപ്പിലാക്കിയിരിക്കുന്നത്.
അങ്ങേയറ്റം വിജ്ഞാനവിരുദ്ധമായ പാഠ്യപദ്ധതികളാണ് ബി.ജെ.പി ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും നടപ്പിലാക്കിയിരിക്കുന്നത്.

ജനതയെന്നാൽ ശതകോടീശ്വരന്മാരാണെന്ന നിലപാടാണ് മറ്റെല്ലാ നവലിബറൽ ഭരണാധികാരികളെയുംപോലെ മോദിക്കുമുള്ളത്. ഇന്ത്യയുടെ പരമാധികാരത്തെയും സ്വാതന്ത്ര്യത്തെയും മതനിരപേക്ഷതയെയും നിരാകരിക്കുന്ന വർഗീയ ഫാസിസ്റ്റുകളിലൂടെ സമ്പദ്ഘടനയുടെ സമസ്തതലങ്ങളിലും ആധിപത്യമുറപ്പിക്കാനാണ് ആഗോള ഫൈനാൻസ് മൂലധനശക്തികൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യയെന്ന ദേശരാഷ്ട്രത്തെ ഹൈന്ദവ സംസ്‌കാരത്തിന്റെ ഏകത്വത്തിലേക്ക് വിലയിപ്പിച്ചെടുക്കാനുള്ള ആസൂത്രിതമായ നീക്കങ്ങളാണ് മോദി ഭരണത്തിന്റെ സൗകര്യങ്ങളുപയോഗിച്ച് സംഘപരിവാർ നടത്തിക്കൊണ്ടിരിക്കുന്നത്. രാജ്യത്തിന്റെ വിഭവങ്ങളും സമ്പത്തുല്പാദനമേഖലകളും കൈയടക്കാൻ ശ്രമിക്കുന്ന കോർപ്പറേറ്റ് മൂലധനശക്തികൾക്ക് ആവശ്യമായ രീതിയിൽ ഭൂനിയമങ്ങളും വ്യവസായ തൊഴിൽ നിയമങ്ങളും പരിസ്ഥിതി നിയമങ്ങളും പൊളിച്ചെടുക്കാനാണ് മോദി സർക്കാർ കഴിഞ്ഞ 10 വർഷക്കാലത്തെ ഭരണകാലംകൊണ്ട് ശ്രമിച്ചിട്ടുള്ളത്.

ഇതുകൊണ്ടൊക്കെതന്നെയാണ് അടിയന്തരാവസ്ഥ ഒരു ഭൂതകാല ഓർമ മാത്രമല്ല എന്നു പറയുന്നത്. നമ്മുടെ വർത്തമാനകാലത്തെ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്ന നവലിബറൽമൂലധനത്തിന്റെയും നവഹൈന്ദവവാദത്തിന്റെയും ഹിംസാത്മകമായ ആധിപത്യവ്യഗ്രത ഭരണകൂട സംവിധാനങ്ങളെയാകെ അമിതാധികാര പ്രവണതകളിലേക്കാണ് എത്തിച്ചിരിക്കുന്നത്.

അന്ധകാരപൂർണമായ ഒരുകാലത്തും നമ്മുടെ ജനത, നമ്മുടെ യൗവനം, സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതിനിന്നിരുന്നുവെന്നാണ് അടിയന്തരാവസ്ഥയുടെ ചരിത്രം പഠിപ്പിക്കുന്നത്.
അന്ധകാരപൂർണമായ ഒരുകാലത്തും നമ്മുടെ ജനത, നമ്മുടെ യൗവനം, സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതിനിന്നിരുന്നുവെന്നാണ് അടിയന്തരാവസ്ഥയുടെ ചരിത്രം പഠിപ്പിക്കുന്നത്.

അടിയന്തരാവസ്ഥയുടെ ഭീകരമായ ഓർമ്മകളും പ്രതിരോധങ്ങളും ഈ നവഫാസിസ്റ്റ് ഭീഷണിക്കെതിരായിട്ടുള്ള പോരാട്ടങ്ങൾക്ക് ഊർജ്ജം നൽകുന്നതാണ്. ജനാധിപത്യത്തിന്റെ എല്ലാ എസ്റ്റേറ്റുകളും നിശ്ശബ്ദമാക്കപ്പെട്ട, സ്വാതന്ത്ര്യത്തിന്റെ നക്ഷത്രങ്ങളെല്ലാം അണഞ്ഞുപോയ അന്ധകാരപൂർണമായ ഒരുകാലത്തും നമ്മുടെ ജനത, നമ്മുടെ യൗവനം, സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതിനിന്നിരുന്നുവെന്നാണ് അടിയന്തരാവസ്ഥയുടെ ചരിത്രം പഠിപ്പിക്കുന്നത്. കക്കയത്തും മാലൂർകുന്നിലും ശാസ്തമംഗലത്തും കേരളമാകെ സ്ഥാപിച്ച ക്രൈംബ്രാഞ്ച് ഹൗസുകളിലും ആ ഒരു തലമുറയുടെ തുടയെല്ലുകൾ ഞെരിഞ്ഞമർന്നിരുന്നു.... നെഞ്ചിൻകൂടുകൾ തകർന്നുപോയിരുന്നു... ആർ.ഇ.സി വിദ്യാർത്ഥി പി.രാജനും വർക്കല വിജയനുമെല്ലാം ജയറാം പടിക്കലിന്റെയും ലക്ഷ്മണയുടെയും പുലിക്കോടന്റെയുമെല്ലാം സ്‌കോട്ട്‌ലാന്റ്‌യാർഡ് പോലീസ് മുറകളിൽ നിഷ്ഠൂരമായി കൊലചെയ്യപ്പെടുകയാണല്ലോ ഉണ്ടായത്. ഒരു ജനതയെയാകെ അസ്വാതന്ത്ര്യത്തിന്റെ കരാളതയിൽ ചങ്ങലക്കിട്ടുനിർത്തിയ അടിയന്തരാവസ്ഥക്കെതിരായ ചെറുത്തുനിൽപുകളും പോരാട്ടങ്ങളുമെല്ലാം സ്വാതന്ത്ര്യത്തിനും മനുഷ്യാവകാശങ്ങൾക്കുവേണ്ടിയും നിലകൊള്ളുന്ന എല്ലാവർക്കും എക്കാലത്തും പ്രചോദനമായിരിക്കും..... അതാണ് അടിയന്തരാവസ്ഥയുടെ വിശകലനപാഠം.


Summary: അടിയന്തരാവസ്ഥാവിരുദ്ധ സ്മരണകളെ കാൽപനികവൽക്കരിച്ച് അതിലേക്കെത്തപ്പെട്ട സാഹചര്യത്തെ അജ്ഞതയിൽ നിർത്തുകയെന്നതാണ് ഹിന്ദുത്വവാദികൾതൊട്ട് മധ്യവർഗ ലിബറൽ ബുദ്ധിജീവികൾ വരെ കാലാകാലങ്ങളായി ചെയ്തുകൊണ്ടിരിക്കുന്നത്


കെ.ടി. കുഞ്ഞിക്കണ്ണൻ

എഴുത്തുകാരൻ, കേളു ഏട്ടൻ പഠന ഗവേഷണ കേന്ദ്രം ഡയറക്​ടർ.

Comments