അടിയന്തരാവസ്ഥയെ കൃത്യമായി അവലോകനം ചെയ്ത പുസ്തകമാണ് കുൽദീപ് നയ്യാർ എഴുതിയ ദ ജഡ്ജ്മെൻറ്. 1977- ലെ ജനതാ സർക്കാർ ഈ പുസ്തകം നിരോധിച്ചെങ്കിലും വിദേശ രാജ്യങ്ങളിലും, സർവ്വകലാശാലാ ഗ്രന്ഥശാലകളിലും ചില പഴയ പുസ്തക വില്പനക്കാരുടെ ശേഖരത്തിലും ഈ പുസ്തകം കണ്ടെത്താം. അടിയന്തരാവസ്ഥയുടെ 50-ാം വാർഷിക ദിനാചരണത്തിൽ, സുപ്രധാനമായ ആ വിധിദിനത്തിൻ്റെ പിന്നാമ്പുറവും ശേഷവും അരങ്ങേറിയ ജനാധിപത്യ ധ്വസംനങ്ങളുടെ അണിയറ നാടകങ്ങളിലേക്ക് വളരെ ആധികാരികമായി എത്തിനോക്കുന്ന ഈ പുസ്തകം ഈ സമയത്ത് പ്രസക്തമാണ്. അതിൻ്റ ഏതാനും പേജുകളിലൂടെ കണ്ണോടിക്കുകയാണിവിടെ.
1975 ജൂൺ 12 നാണ് അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് ജഗ് മോഹൻലാൽ സിൻഹ സുപ്രധാനമായ ആ വിധി പ്രസ്താവിച്ചത്. ആ വിധി വളരെ മുന്നേ വരേണ്ടതായിരുന്നുവെങ്കിലും ഗുജറാത്ത് ഇലക്ഷൻ കഴിയുന്നതുവരെ വിധി പറയരുത് എന്ന അന്നത്തെ ഭരണകൂടത്തിൻ്റെ അപേക്ഷ പരിഗണിച്ച് കർക്കശക്കാരനായ ആ ജഡ്ജി വിധി പറയാൻ ജൂൺ 12 തെരെഞ്ഞെടുക്കുകയായിരുന്നു. വാദം കഴിഞ്ഞ് വിധി പറയാൻ അവധിക്ക് വെച്ചതിനുശേഷം സ്റ്റെനോ ഗ്രാഫർക്ക് വരെ ഭീഷണി നേരിടേണ്ടിവന്നു. ജസ്റ്റിസിനാണെങ്കിൽ വാഗ്ദാനങ്ങളുടെ പെരുമഴ. യു.പിയിൽ നിന്നുള്ള ഒരു പാർലമെൻ്റംഗം അഞ്ച് ലക്ഷം രൂപ വാഗ്ദാനം ചെയ്തുവത്രേ. കൂടാതെ സുപ്രീംകോടതിയിലേക്ക് സ്ഥാനക്കയറ്റവും. ഭരണകൂടങ്ങളുടെ സ്ഥിരം മാർഗ്ഗങ്ങളായ നിയമപാലകരെ ഉപയോഗിച്ചുള്ള മാനസിക സമ്മർദ്ദം ചെലുത്തൽ തുടങ്ങിയ കലാപരിപാടികൾ തുടർന്നു. ജൂൺ 11 രാത്രി തന്നെ സ്റ്റെനോഗ്രാഫർക്കും കുടുംബത്തിനും ഒളിവിൽ പോകേണ്ടിവന്നു.

വാദമുഖങ്ങളിൽ നിന്നുള്ള തൻ്റെ കണ്ടെത്തൽ അതീവരഹസ്യമായി തന്നെ ജസ്റ്റിസ് സൂക്ഷിച്ചതുകൊണ്ട് എന്തായിരിക്കും വിധിയെന്നറിയാൻ ആർക്കും കഴിഞ്ഞില്ല.
ജൂൺ 12- ന് രാജ് നാരായൺ കൊടുത്ത പെറ്റീഷൻ അനുവദിച്ചുകൊണ്ടുള്ള 258 പേജുള്ള വിധിന്യായം ജസ്റ്റിസ് സിൻഹ പുറത്തുവിട്ടു:
ഇന്ദിരാഗാന്ധിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കി. അടുത്ത ആറ് വർഷത്തേക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കി.
രണ്ട് അഴിമതി പ്രവർത്തനങ്ങളാണ് സുപ്രധാനമായും ആ വിധിയിൽ മുഴച്ചുനിന്നത്.
ഒന്ന്, യഷ്പാൽ കപൂർ എന്ന സർക്കാർ ഉദ്യോഗസ്ഥനെ പ്രചാരണത്തിനായി ദുരുപയോഗം ചെയ്തു.
രണ്ട്, യു.പിയിലെ പ്രചാരണ റാലിയിൽ പ്രസംഗിക്കാനുള്ള വേദികൾ യു.പി സർക്കാറിന്റെ സഹായത്താൽ, സർക്കാർ ചെലവിൽ കെട്ടിപ്പൊക്കി. 1951-ലെ ജനപ്രാതിനിധ്യനിയമത്തിലെ 123(7) വകുപ്പിന്റെ ലംഘനമാണിത് എന്ന രാജ്നാരായണിന്റെ വാദം കോടതി അംഗീകരിച്ചു. രാജ് നാരായൺ തോറ്റത് ഒരു ലക്ഷത്തിലേറെ വോട്ടുകൾക്കാണ്. മേൽപ്പറഞ്ഞ രണ്ട് അഴിമതികൾ ഇല്ലെങ്കിലും ഇന്ദിരാഗാന്ധി തന്നെ ആ തെരഞ്ഞെടുപ്പിൽ വിജയിക്കുമായിരുന്നു. പക്ഷെ നിയമം നിയമത്തിൻ്റെ വഴിക്ക് തന്നെ പോകണം എന്നെ ധാർമികബോധമാണ് ഈ വിധിക്ക് അടിസ്ഥാനമായത്.

ഒരു പ്രധാനമന്ത്രിയെ അത്ര ലാഘവത്തോടെ മാറ്റാൻ കഴിയില്ലെന്നും അതിന് സാവകാശം അനുവദിക്കണമെന്നുമുള്ള അപേക്ഷ പരിഗണിച്ച് ജസ്റ്റിസ് സിൻഹ തന്നെ സ്വന്തം വിധി നടപ്പാക്കുന്നതിന് ഇടക്കാല സ്റ്റേ അനുവദിച്ചു. ഭരണകൂട ഇടനാഴികളിൽ സുപ്രധാന പങ്ക് വഹിച്ചിരുന്നത് സഞ്ജയ് ഗാന്ധി, അദ്ദേഹത്തിൻ്റെ ഉറ്റ ചങ്ങാതിമാരായിരുന്ന ആർ. കെ. ധവൻ, ബൻസി ലാൽ, സിദ്ധാർഥ് ശങ്കർ റേ, ദേവ് കാന്ത് ബറുവ, രാജീവ് ഗാന്ധി തുടങ്ങിയവരുടെ സംഘമാണ് പിന്നീട് കാര്യങ്ങൾ നിയന്ത്രിച്ചത്. 1971- ൽ പ്രതിപക്ഷം മുഴക്കിയ ‘ഇന്ദിര ഹഠാവോ’ (‘ഇന്ദിരയെ ഒഴിവാക്കൂ’) എന്ന മുദ്രവാക്യത്തിനെതിരെ ‘ദാരിദ്ര്യം ഒഴിവാക്കൂ’ (‘ഗരീബി ഹഠാവോ’) എന്ന മുദ്രവാക്യം കൊണ്ടുവന്നതിലൂടെ സഞ്ജയ് ഗാന്ധി നേതാക്കൾക്കിടയിൽ സ്വീകാര്യനായി മാറിയിരുന്നു.
കോടതി വിധിക്കു വഴങ്ങി രാജിവെക്കാനൊരുങ്ങിയ ഇന്ദിരാഗാന്ധിയെ അവർ പിന്തിരിപ്പിച്ചു. ജനം ഇന്ദിരയെ പിന്തുണക്കുന്നു എന്ന് കാണിക്കാൻ സർക്കാർ സംവിധാനങ്ങൾ ദുരുപയോഗപ്പെടുത്തി, എണ്ണമറ്റ റാലികളും മറ്റും സംഘടിപ്പിച്ചു. ബറുവ ഹിറ്റലറെ അനുസ്മരിപ്പിക്കുന്ന രീതിയിൽ, ‘ഇന്ത്യയെന്നാൽ ഇന്ദിര’ എന്ന മുദ്രാവാക്യം കൊണ്ടുവന്നു. തെരുവകളിൽ ഇന്ദിരാ സ്തുതിഗീതങ്ങൾ മുഴങ്ങി. അതോടെ ജനകീയ പിന്തുണ മാനിച്ച് താൻ പ്രധാനമന്ത്രി സ്ഥാനം രാജിവെക്കുന്നില്ല എന്ന തീരുമാനം ഇന്ദിരാഗാന്ധി അറിയിച്ചു.

ഇന്ദിരാഗാന്ധിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കി. അടുത്ത ആറ് വർഷത്തേക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കി.
വിധി അപ്പീൽ കോടതി അംഗീകരിച്ചാൽ ആറു വർഷത്തേക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല എന്ന ചിന്ത അവരെ വല്ലാതെ അലട്ടിയിരുന്നു. അതിനിടെ, സി.ബി.ഐ അന്വേഷണ റിപ്പോർട്ട് വരാനിരിക്കേ റെയിൽവേ മന്ത്രിയായിരുന്ന നാരായൺ മിശ്ര വെടിയേറ്റ് മരിച്ചതിലും ആരോപണമുന ഇന്ദിരക്കുനേരെ തിരിഞ്ഞു. മറ്റൊരു തലവേദന, ഇന്ദിര പോയാൽ കിട്ടിയേക്കാവുന്ന പരമോന്നത അധികാരത്തിന് തക്കം പാർത്തിരിന്നിരുന്ന പാർട്ടിയിലെ നേതൃത്വനിരയായിരുന്നു. കൂടാതെ, ഒരു കോടതിവിധിയിലൂടെ വന്ന കാർമേഘങ്ങൾ മറ്റൊരു വിധിയിലൂടെ മാറുന്നതുവരെ ഇന്ദിര രാജിവെക്കണം എന്നാഗ്രഹിക്കുന്ന കോൺഗ്രസിലെ തന്നെ മറ്റൊരു നേതൃനിരയും.
അതേസമയം സമൂഹത്തിലെ പല ഉന്നതരും ഇന്ദിരക്ക് പിന്തുണയുമായി എത്തിക്കൊണ്ടിരുന്നു. അതിൽ ഏറ്റവും പ്രധാനി അന്നത്തെ ഇലക്ഷൻ കമീഷനായിരുന്ന ടി. സ്വാമിനാഥനായിരുന്നു. ഇലക്ഷൻ കമീഷന് ഏത് നിലക്കുമുള്ള അയോഗ്യതയേയും നിരാകരിക്കാനാകും എന്നദ്ദേഹം പ്രസ്താവിച്ചു.
1974- ൽ നടന്ന റെയിൽവെ തൊഴിലാളി സമരമാണ് യഥാർത്ഥത്തിൽ അടിയന്തരാവസ്ഥക്ക് തുടക്കം കുറിച്ചത്. ഏകദേശം 17 ലക്ഷം തൊഴിലാളികൾ പങ്കെടുത്ത ആ സമരത്തെ ഇന്ദിരാഗാന്ധി നേരിട്ടത് വളരെ ക്രൂരമായാണ്. സമരത്തിൽ പങ്കെടുത്ത താല്കാലിക ജീവനക്കാരെ പിരിച്ചുവിട്ടു. അവർക്ക് നൽകിയിരുന്ന വീട്, വൈദ്യുതി, വെള്ളം തുടങ്ങിയവ നിരാകരിച്ചു. അറസ്റ്റും മറ്റ് തീവ്ര നടപടികളും വേറേയും. കോൺഗ്രസ്സ് സർക്കാറിൻ്റെ ജനവിരുദ്ധത മറനീക്കി പുറത്തുകൊണ്ടുവന്ന ദിനങ്ങളായിരുന്നു അവ.
അന്ന് ജയപ്രകാശ് നാരായൺ പറഞ്ഞു, "ജനാധിപത്യത്തിൻ്റെ മറവിൽ സ്വേഛ്ഛാധിപത്യമാണ് ഇന്ത്യയിൽ നടക്കുന്നത്. ഒരു സ്ത്രീ മാത്രമുള്ള സർക്കാർ".
പ്രതിപക്ഷം ഒരു ശല്യമാണെന്നാണ് ഇന്ദിരാഗാന്ധി പറഞ്ഞിരുന്നത്. പത്രങ്ങളോട് അവർക്ക് പുച്ഛവുമായിരുന്നു. മദ്യവും വസ്ത്രവും പണവും ഉണ്ടെങ്കിൽ ഏത് ജേണലിസ്റ്റിനേയും വാങ്ങാൻ കഴിയും എന്നവർ വിശ്വസിച്ചു. പക്ഷെ അവരുടെ ജനാധിപത്യധ്വംസന നടപടികൾ പ്രതിപക്ഷത്തെ ശക്തിപ്പെടുത്തി. ഇന്ദിരക്കെതിരെ ജനതയുടെ ശബ്ദം നാൾക്കുനാൾ ശക്തി പ്രാപിച്ചു കൊണ്ടിരുന്നു. അലഹാബാദ് ഹൈക്കോടതി വിധി അടിയന്തരാവസ്ഥയിലേക്കുള്ള ഒരു ഹേതു മാത്രമായിരുന്നു.

അലഹബാദ് ഹൈക്കോടതി വിധി വന്ന ദിവസം പ്രസിഡണ്ട് ഫക്രുദ്ദീൻ അലി അഹമ്മദ് ശ്രീനഗറിലായിരുന്നു. വിധി കേട്ടതോടെ പര്യടനം അവസാനിപ്പിച്ച് ദൽഹിക്ക് തിരിക്കാനിരുന്ന പ്രസിഡണ്ടിനെ ഇന്ദിര നിരുത്സാഹപ്പെടുത്തി. താൻ അറിയിക്കുന്നതുവരെ ശ്രീനഗറിൽ തന്നെ തുടരാൻ ആവശ്യപ്പെട്ടു. തിരക്കിട്ട് വരുന്നത് രാജി സ്വീകരിക്കാനാകും എന്ന് മറ്റുള്ളവർ ഊഹിച്ചെടുത്ത് കുഴപ്പം സൃഷ്ടിക്കാതിരിക്കാനും രാജി വേണ്ടി വരികയാന്നെങ്കിൽ പ്രസിഡണ്ടിൻ്റെ അഭാവം ചൂണ്ടിക്കാട്ടി സമയം ദീർഘിപ്പിക്കാനാകുമെന്നും അവർ കരുതിക്കാണും. അദ്ദേഹം തിരിച്ചെത്തിയത് ജൂൺ 16നായിരുന്നു. അന്നുതന്നെ ഇന്ദിരാഗാന്ധി രാഷ്ട്രപതിയെ കണ്ട് വിധിക്കെതിരെ അപ്പീൽ നടപടി പുരോഗമിക്കുന്നു എന്നറിയിച്ചു. അതേസമയം ഇന്ദിരയോട് രാജി ആവശ്യപ്പെടണം എന്ന നിവേദനവുമായി പ്രതിപക്ഷ കക്ഷികൾ രാഷ്ട്രപതിയെ സമീപിച്ചു. അപ്പീൽ നടപടികൾക്ക് ശേഷം നോക്കാം എന്ന മറുപടിയാണ് അവർക്ക് ലഭിച്ചത്. തന്മൂലം രാഷ്രപതി ഭവനുമുന്നിൽ നടന്നിരുന്ന ധർണ നിർത്തിവെച്ച് പ്രതിപക്ഷം തീവ്ര പ്രക്ഷോഭങ്ങൾക്ക് ആഹ്വാനം ചെയ്തു. ഒപ്പം, ഇന്ദിരാഗാന്ധിയുടെ രാജിക്ക് സമ്മർദം ചെലുത്തുകയും ചെയ്തു. അത് ഇന്ദിരയെ ചൊടിപ്പിച്ചു. പ്രതിപക്ഷ കക്ഷികൾ രാജ്യദ്രോഹികളാണെന്നുവരെ അവർ പറഞ്ഞു.
അന്നത്തെ പ്രധാന ഉപദേശകരായിരുന്ന സഞ്ജയ് ഗാന്ധിയും ബൻസിലാലും പ്രതിപക്ഷ പാർട്ടികളുടെ സമരങ്ങളെ ശക്തമായി നേരിടണം എന്നാവശ്യപ്പെട്ടുകൊണ്ടേയിരുന്നു. ജൂൺ 15- ന് സഞ്ജയ് ഗാന്ധി ‘പുതിയ ഭരണരീതി’ക്ക് തുടക്കമിട്ടു. ജനധിപത്യ ഭരണരീതി ശരിയല്ല എന്നദ്ദേഹത്തിന് തോന്നി. എതിർ കക്ഷികളെ ഒന്നുകിൽ വിലയ്ക്കു വാങ്ങാം അല്ലെങ്കിൽ തകർക്കാം എന്നതായിരുന്നു വിവക്ഷ. ഹിറ്റ്ലറെപ്പോലെ അല്ലെങ്കിലും ഏകാധിപത്യമാണ് ശരി എന്ന് സഞ്ജയ് വിശ്വസിച്ചിരുന്നു.

നിശ്ശബ്ദരാക്കുക എന്നതായിരുന്നു ഇതിനുള്ള ആദ്യ വഴി. പത്രങ്ങളും മറ്റും പറയുന്നതുമാത്രം എഴുതുക. അടുത്തത് പെരുമാറ്റ ചട്ടമാണ്. എല്ലാവരും സർക്കാർ അനുശാസനത്തിന് വിധേയരാകണം. തീൻമേശക്കുമുന്നിലെ ഇന്ദിരയുടേയും സഞ്ജയ് ഗാന്ധിയുടേയും ചർച്ചകളിൽ, പത്രങ്ങളെ വിലക്കുന്നതിൻ്റെ ആവശ്യകത മുഴച്ചുനിന്നിരുന്നു. പ്രതിപക്ഷ നേതാക്കളെ ജനപ്രിയരാക്കുന്നത് പത്രങ്ങളാണെന്ന് അവർ തിരിച്ചറിഞ്ഞു. സർക്കാറിനെ പുകഴ്ത്തുന്ന വാർത്തകളും ലേഖനങ്ങളുമെഴുതാൻ ജേണലിസ്റ്റുകളെ നിർബന്ധിക്കാൻ മന്ത്രിമാർക്ക് നിർദ്ദേശം നൽകി.
പ്രധാന പ്രതിപക്ഷ നേതാക്കളെ അറസ്റ്റ് ചെയ്യാൻ ഇന്ദിര നേരത്തെ തീരുമാനിച്ചിരുന്നു. ജയപ്രകാശ് നാരായണെ അറസ്റ്റ് ചെയ്യാൻ ജനുവരി മുതൽ ആലോചിച്ചിരുന്നതാണ്. പക്ഷെ നടപ്പിലാക്കാൻ കഴിഞ്ഞില്ല. പ്രതിപക്ഷ കക്ഷികളെ അടിച്ചൊതുക്കാൻ പ്രധാനപ്പെട്ട തസ്തികളിൽ തങ്ങൾ പറയുന്നത് അപ്പാടെ പ്രാവർത്തികമാക്കുന്ന ആളുകളെ നിയമിച്ചു.
ജൂൺ 22 ന് സിദ്ധാർഥ് ശങ്കർ റായ് ഇന്ദിരാഗാന്ധിയെ വിളിച്ച് അടിയന്തരാവസ്ഥ മാത്രമാണ് പ്രതിസന്ധി തരണം ചെയ്യാനുള്ള മാർഗ്ഗം എന്ന് ഉപദേശിച്ചു.
ഇന്ദിരാഗാന്ധിയുടെ തെരെഞ്ഞെടുപ്പ് അസാധുവാക്കിയ അലഹബാദ് ഹൈക്കോടതി വിധിക്കെതിരായ അപ്പീൽ ജൂൺ 23ന് പ്രാരംഭ വാദത്തിന് സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യരുടെ മുന്നിൽ വന്നു. രണ്ടു ദിവസത്തെ വാദം കേട്ട ശേഷം അലഹാബാദ് കോടതി വിധി ഉപാധികളോടെ മരവിപ്പിച്ചു. പ്രധാനമന്ത്രിയെന്ന നിലയ്ക്കുള്ള ഇന്ദിരാഗാന്ധിയുടെ അധികാരമോ അവകാശമോ എടുത്തുകളഞ്ഞില്ല. എന്നാൽ, പാർലമെന്റംഗമെന്ന നിലയിൽ വോട്ടുചെയ്യാനുള്ള അവകാശം സുപ്രീംകോടതി റദ്ദാക്കി.

പ്രതിപക്ഷം വിധി സ്വാഗതം ചെയ്തുവെങ്കിലും ഉപാധികളുടെ വെളിച്ചത്തിൽ ഇന്ദിരക്ക് പ്രധാനമന്ത്രിയായി തുടരാൻ അഹർതയില്ലെന്ന് അവർ ചൂണ്ടിക്കാട്ടി. അതുവരെ നിശ്ശബ്ദത പാലിച്ചിരുന്ന സി.പി.എം, ഇന്ദിര കള്ളം പറയുന്നവളാണെന്ന് തെളിഞ്ഞ സാഹചര്യത്തിൽ രാജിവെക്കണം എന്നാവശ്യപ്പെട്ടു. പക്ഷെ സി പി ഐ ഇന്ദിരയെ അനുകൂലിക്കുന്ന നിലപാട് തുടർന്നു. കോൺഗ്രസിലെ അന്നത്തെ യുവതുർക്കികൾ എന്നറിയപ്പെട്ടിരുന്ന ചന്ദ്രശേഖറിൻ്റെ നേതൃത്വത്തിലുള്ള ഒരു സംഘം ഇന്ദിരയുടെ നിലപാടുകളെ അപലപിച്ചു. ജൂൺ 24- ന് ചന്ദ്രശേഖർ ജയപ്രകാശ് നാരായണനുമായി കൂടിക്കാഴ്ച നടത്തി. ഇത് നേതൃത്വത്തിന് വലിയ ആശങ്കയുണ്ടാക്കി. വളർന്നു വന്നിരുന്ന പ്രതിപക്ഷ മുറവിളികൾക്ക് ആക്കം കൂട്ടാൻ പാളയത്തിലെ പടക്ക് സാധിക്കും എന്നവർ തിരിച്ചറിഞ്ഞു.
തുടർന്ന് സിദ്ധാർത്ഥ് ശങ്കർ റായിയെ ദൽഹിയിലേക്ക് വിളിപ്പിച്ചു. പ്രധാനമന്ത്രിയുടെ വസതിയിൽ പ്രത്യേക കൂടിക്കാഴ്ച നടന്നു. ഭരണഘടനയുടെ പതിപ്പ് ലൈബ്രറിയിൽനിന്ന് വരുത്തി കുലംകഷമായി പരിശോധിച്ചു. പ്രധാനമന്ത്രിയുടെ സെക്രട്ടറിയേറ്റ് അടിയന്തരാവസ്ഥയെ കുറിച്ച് ഒരു കുറിപ്പ് തയ്യാറാക്കിയിട്ടുണ്ടായിരുന്നു. അതുപ്രകാരം അടിയന്തരാവസ്ഥയിൽ മൗലികാവകാശങ്ങൾക്ക് താല്കാലിക വിലക്ക് ഏർപ്പെടുത്താനും, സംസ്ഥാന സർക്കാറുകൾക്ക് ഏത് വിധത്തിലുള്ള നിർദ്ദേശങ്ങൾ കൊടുക്കാനും അത് നടപ്പിലാക്കാനും കഴിയും. മാത്രമല്ല അവകാശലംഘനങ്ങൾക്കെതിരായ കേസുകൾ ഫയലിൽ സ്വീകരിക്കാതിരിക്കാൻ കോടതികളോട് നിർദ്ദേശിക്കാനും സാധിക്കും എന്ന് കൂടി പറഞ്ഞുവെച്ചിരുന്നു. അന്നത്തെ കൂടിക്കാഴ്ചയിൽ ആഭ്യന്തര അടിയന്തരാവസ്ഥാ പ്രഖ്യാപനം എന്ന തീരുമാനമെടുത്തു. പ്രസിഡണ്ട് വിവരമറിയുന്നത് ജൂൺ 25 നായിരുന്നു. എന്നിരുന്നാലും പ്രതിപക്ഷ നേതാക്കളെ അറസ്റ്റ് ചെയ്യാനുള്ള തീരുമാനത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ അദ്ദേഹം തയ്യാറായില്ല.
അതേസമയം പ്രതിപക്ഷം ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിൽ വലിയ റാലിക്ക് ഒരുക്കം കൂട്ടുകയായിരുന്നു. ജൂൺ 25- നു തന്നെയായിരുന്നു റാലിയും തീരുമാനിച്ചിരുന്നെതെങ്കിലും ജെ.പിയുടെ യാത്ര നീണ്ടുപോയതിനാൽ ഒരു ദിവസത്തേക്ക് അത് മാറ്റിവെക്കേണ്ടി വന്നു. മൊറാർജി ദേശായിയുടെ അധ്യക്ഷതയിൽ ലോക് സംഘർഷ സമിതി എന്ന പേരിൽ സമരസമിതി രൂപീകരിച്ച് ജൂൺ 29 മുതൽ ഇന്ദിരാഗാന്ധിയുടെ രാജി ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രക്ഷോഭം തുടങ്ങാൻ തീരുമാനിച്ചു. പക്ഷെ 24 മണിക്കൂറിനുള്ളിൽ എല്ലാ പദ്ധതികളും പൊളിഞ്ഞു.

1930- ൽ കോൺഗ്രസ് തന്നെ പാസാക്കിയ പ്രമേയത്തെ അനുസ്മരിച്ച്, സർക്കാറിൻ്റെ തെറ്റായ ജനദ്രോഹനിയമങ്ങൾ അനുസരിക്കാൻ പോലീസിന് ബാധ്യതയില്ല എന്ന് ജെ.പി പ്രഖ്യാപിച്ചു. ഇതേ അഭ്യർത്ഥന മുൻപ് ബ്രിട്ടീഷ് ഭരണകാലത്ത് നടത്തിയപ്പോൾ അന്നത്തെ കോടതികൾ അത് ശരിവെച്ചിരുന്നു. അതിനിടെ സഞ്ജയ് ഗാന്ധിയും കൂട്ടാളികളും ജെ.പിയുടെ റാലിയെ നേരിടാൻ തയ്യാറെടുത്തു കഴിഞ്ഞിരുന്നു. എല്ലാ സർക്കാർ സംവിധാനങ്ങളും ദുരുപയോഗം ചെയ്യാനും തങ്ങളുടെ നിർദ്ദേശങ്ങൾ മാത്രം അനുസരിക്കുന്ന ഉദ്യോഗസ്ഥവൃന്ദത്തെ വിന്യസിക്കാനും അവർ പ്രത്യേകം ശ്രദ്ധിച്ചു. കൂടാതെ 1962- ൽ നടന്ന ചൈന യുദ്ധകാലത്ത് വിദേശ രാജ്യങ്ങളുടെ രഹസ്യം ചോർത്താൻ രൂപീകരിച്ച RAW- യെ രാഷ്ട്രീയ ആവശ്യങ്ങൾക്കും പ്രതിപക്ഷ നേതാക്കളെ നിരീക്ഷിക്കാനും നിയോഗിച്ചു. പ്രധാനമന്ത്രിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് RAW പ്രവർത്തിച്ചിരുന്നത് എന്നതുകൊണ്ട് ദുരുപയോഗം രഹസ്യമായി തന്നെ നിലനിർത്താൻ കഴിഞ്ഞു. പ്രധാന നേതാക്കളായ ജെ.പി, മൊറാർജി ദേശായ്, അശോക് മേത്ത, അടൽ ബിഹാരി വാജ്പേയി, ലാൽ കൃഷ്ണ അദ്വാനി തുടങ്ങിയവരെ ഐ പി സി സെക്ഷൻ 107 പ്രകാരം അറസ്റ്റ് ചെയ്യാൻ നിർദ്ദേശം നൽകി. പോലീസ് സംശയമുന്നയിച്ചപ്പോൾ അനുസരിക്കാൻ കർശന നിർദ്ദേശം വന്നു. പേര് പോലും എഴുതാത്ത അറസ്റ്റ് വാറന്റുകൾ ഒപ്പിട്ട് കൊടുത്ത് പോലീസിന് അഴിഞ്ഞാൽ അവസരമൊരുക്കി.
ജൂൺ 25 വൈകീട്ട് ഏകദേശം 7.30 ന് ഇന്ദിരാഗാന്ധിയും സിദ്ധാർത്ഥ് ശങ്കർ റായിയും രാഷ്ട്രപതി ഭവനിലെത്തി. ഏകദേശം നാല് മണിക്കൂർ സമയം ആഭ്യന്തര അടിയന്തരാവസ്ഥ എന്താണെന്ന് രാഷ്ട്രപതിയെ പറഞ്ഞ് മനസ്സിലാക്കി. അദ്ദേഹം ഇന്ദിരാഗാന്ധിയോട് കലഹിക്കുകയോ ചോദ്യങ്ങൾ ചോദിക്കുകയോ ചെയ്തില്ല. പാർട്ടിനേതൃത്വത്തിൻ്റെ അനിഷേധ്യ അധികാരങ്ങളെ കുറിച്ചുള്ള പൂർണ്ണബോധ്യം അദ്ദേഹത്തിനുണ്ടായിരുന്നു. കാരണം കോൺഗ്രസിൻ്റെ ഔദ്യോഗിക സ്ഥാനാർത്ഥിയായ സഞ്ജീവ റെഡ്ഡിയെ തോൽപ്പിച്ച് തന്നെ പ്രസിഡണ്ടാക്കിയത് കോൺഗ്രസ് നേതൃത്വത്തിൻ്റെ രഹസ്യ ഇടപെടലിലൂടെയാണെന്ന് അദ്ദേഹത്തിന് നന്നായി അറിയാം. ആ വിധേയത്വം ഫക്രുദ്ദീൻ അലി അഹമ്മദ് എന്ന പ്രസിഡണ്ട് നിലനിർത്തിയിരുന്നു. അങ്ങനെ ജൂൺ 25-ന് രാത്രി 11.45 ന് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് ആർ.കെ. ധവാൻ കൊണ്ടുവന്ന ആഭ്യന്തര അടിയന്തരാവസ്ഥാ പ്രഖ്യാപന വിജ്ഞാപനത്തിൽ രാഷ്രപതി ഒപ്പിട്ടു. രാഷ്ട്രപതിയുടെ ഓഫീസിൽ നിന്ന് ആരും തന്നെ പിറ്റേദിവസം 7 മണി വരെ പുറത്തുപോയില്ല. അതോടെ ഇന്ദിരാഗാന്ധിക്ക് സർവ്വ അധികാരങ്ങളും ലഭിച്ചു. താനും നെപ്പോളിയനെ പോലെ അല്ലെങ്കിൽ ഹിറ്റലറെ പോലെ ശക്തിയുള്ള രാഷ്ട്രീയ നേതാവാണെന്ന് ചരിത്രം വിലയിരുത്തും എന്നവർ പറഞ്ഞു. ഹിറ്റലറെയും നെപ്പോളിയനെയും ജനം എന്നും ഓർത്തിരിക്കും എന്നവർ കൂട്ടിച്ചേർത്തു.

ജൂൺ 26 ന് രാവിലെ ആറിന് പ്രധാനമന്ത്രി മന്ത്രിസഭാ യോഗം വിളിച്ചു. ആ സമത്ത് പ്രതിപക്ഷ നേതാക്കളെ അറസ്റ്റ് ചെയ്യുന്ന പദ്ധതിയുമായി ഭരണകൂട യന്ത്രങ്ങൾ മുന്നോട്ട് പോകുകയാണെന്ന് അവർക്ക് അറിയാമായിരുന്നു. പത്രവാർത്തകൾക്ക് മുൻകൂർ അനുമതി വേണമെന്ന ‘പ്രീ സെൻസർഷിപ്പ്’ നിലവിൽവന്നു. കോൺഗ്രസ് നേതാക്കൾ- പ്രത്യേകിച്ച് ജഗജീവൻ റാം, ചവാൻ തുടങ്ങിയവർ പോലും- അറസ്റ്റിനെ ഭയന്നിരുന്നു. അവരുടെ ഫോൺ വിളികൾ രഹസ്യമായി നിരീക്ഷിക്കുന്നുണ്ട് എന്ന വിശ്വാസത്തിൽ അവർ അതീവ ജാഗരൂകരായി. ഇൻ്റേണൽ സെക്യൂരിറ്റി നിയമത്തിൻ്റെ കോപ്പികൾ മജിസ്ട്രേറ്റുമാർക്ക് സർക്കാർ എത്തിച്ചുകൊടുത്തു. കൂട്ടുമന്ത്രിസഭ നിലനിന്നിരുന്ന ഗുജറാത്ത് ഒഴിച്ച് മറ്റു സംസ്ഥാനങ്ങളിൽ അടിയന്തരാവസ്ഥയുടെ കരിനിയമങ്ങൾ വിളഞ്ഞാടി. തമിഴ്നാട്ടിൽ പ്രീ സെൻസർ ഷിപ്പ് നടപ്പാക്കാൻ കരുണാനിധി കൂട്ടാക്കിയില്ല. പക്ഷെ മറ്റു നിർദ്ദേശങ്ങൾ പാലിക്കപ്പെട്ടു.
വാഷിംഗ്ടൺ പോസ്റ്റിലെ ലൂയിസ് സൈമൺ നാടുകടത്തപ്പെട്ടു. കാരണം അദ്ദേഹം എഴുതിയ സഞ്ജയ് ഗാന്ധി ആൻ്റ് മദർ എന്ന ലേഖനത്തിൽ, ആറു പ്രാവശ്യം സഞ്ജയ് അമ്മയുടെ മുഖത്തടിച്ചു എന്നും ഇന്ദിര തൻ്റെ മകനെ മരണതുല്യം ഭയപ്പെടുന്നു എന്നതുകൊണ്ട് പ്രതികരിക്കാതെ അടി ഏറ്റുവാങ്ങുന്നതിന് താൻ ദൃക്സാക്ഷിയായി എന്നും എഴുതിയിരുന്നു. സഞ്ജയ് ഗാന്ധിയായിരുന്നു കാര്യങ്ങൾ തീരുമാനിച്ചിരുന്നത്. എന്തിനും ഏതിനും ‘സഞ്ജയിനോട് ഒരു വാക്ക് പറഞ്ഞേക്കൂ’ എന്ന് ഇന്ദിരാഗാന്ധി പറഞ്ഞിരുന്നു. സഞ്ജയിനും കൂട്ടാളികൾക്കും അഴിഞ്ഞാടാനുള്ള വ്യവസ്ഥയായി അടിയന്തരാവസ്ഥ മാറുകയായിരുന്നു.

ജൂലൈ 22- ന് അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിന് രാജ്യസഭ 33- നെതിരെ 136 വോട്ടുകൾക്ക് അംഗീകാരം നൽകി. തെട്ടടുത്ത ദിവസം 59- തിനെതിരെ 336- വോട്ടുകൾക്ക് ലോകസഭയിലും അംഗീകാരം നേടിയെടുത്തു. പ്രധാന പ്രതിപക്ഷ നേതാക്കൾ വോട്ടെടുപ്പിൽ പങ്കെടുത്തില്ല. കാരണം പലരും ജയിലിലോ ഒളിവിലോ ആയിരുന്നു. അതിനു ശേഷം 39ാം ഭരണഘടനാ ഭേദഗതി നിയമവും പാസ്സാക്കി. അംഗീകാരം നഷ്ടപ്പെടുന്ന സാമാജികർക്ക് പ്രസിഡണ്ടിനെ സമീപിക്കാനും പ്രസിഡണ്ടിന് അത്തരം നടപടികൾ താല്ക്കാലികമായി നിർത്തിവെക്കാനുമുള്ള അധികാരം നൽകുന്ന മറ്റൊരു ഭേദഗതി ആഗസ്റ്റ് 5 ന് കൊണ്ടുവന്നു. അതായത്, ഇലക്ഷൻ കമ്മീഷൻ്റെ ഏത് നടപടികളും നിരാകരിക്കാൻ പ്രസിഡണ്ടിന് സാധിക്കുന്ന ബിൽ. ആഗസ്റ്റ് 7 ന് അത് 40ാം ഭരണഘടനാ ഭേദഗതി നിയമമായി മാറി. (ഓഫീസ് റെക്കോർഡിൽ 39). ഇത് അലഹാബാദ് ഹൈക്കോടതി വിധി മറികടക്കാനുള്ള തന്ത്രം മാത്രമാണെന്ന് എല്ലാവർക്കും അറിയാമായിരുന്നെങ്കിലും ആരും എതിർക്കാൻ ധൈര്യപ്പെട്ടില്ല. ആരെങ്കിലും ഈ ഭേദഗതിക്കെതിരെ കോടതിയെ സമീപിക്കും എന്ന് അറിയാമായിരുന്നതുകൊണ്ട് മറ്റൊരു ഭേദഗതി കൂടി നിർദ്ദേശിക്കപ്പെട്ടു. അതുപ്രകാരം പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, പ്രധാനമന്ത്രി എന്നീ പദവികളിൽ ഇരിക്കുന്നവർക്കെതിരെ യാതൊരുവിധ ക്രിമിനൽ കേസ് നടപടികളും എടുക്കാൻ പാടില്ല. ഇത് പക്ഷെ നിയമമാക്കിയില്ല. അന്നത്തെ പ്രധാനമന്ത്രിയെ താൽക്കാലികമായി സംരക്ഷിക്കുക എന്ന കർത്തവ്യം മാത്രമായിരുന്നു ഈ ബില്ലിനുപിന്നിൽ. അത് കൃത്യമായി നിർവഹിക്കപ്പെട്ടു.
അറസ്റ്റ് ചെയ്യപ്പെട്ട ജെ.പി അടക്കമുള്ള നേതാക്കളെ സ്വന്തന്ത്രരാക്കാൻ 1975 ആഗസ്റ്റ് 15 ന്, ഇന്ത്യയുടെ സ്വാതന്ത്ര്യത്തിൻ്റെ വിളക്ക് കെടാൻ അനുവദിക്കരുത് എന്ന ആവശ്യവുമായി അഞ്ഞൂറോളം സാംസ്കാരിക പ്രവർത്തകരും എം പിമാരും ഒപ്പിട്ട നിവേദനം ലണ്ടനിൽ സമർപ്പിക്കുകയും വിദേശ മാധ്യമങ്ങളിൽ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.
നവംബർ 14 ന് രാജ്യവ്യാപകമായി സത്യാഗ്രഹ സമരങ്ങൾ സംഘടിപ്പിക്കാൻ ലോക് സംഘർഷ സമിതി ആഹ്വാനം ചെയ്തു. രാജ്യത്താകമാനം സമരങ്ങൾ സംഘടിപ്പിച്ചെങ്കിലും സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘാടകരെ നിഷ്ക്കരുണം ബലപ്രയോഗത്തിലൂടെ നീക്കി, പിന്നീട് അറസ്റ്റ് ചെയ്തു. അധികാര ദുർവിനിയോഗത്തിനെതിരെ ശബ്ദിക്കാൻ കോൺഗ്രസിൽ ആരും തയ്യാറായില്ല. മറിച്ച് പാദസേവ ചെയ്യാനായിരുന്നു താല്പര്യം. ഒരിക്കൽ സഞ്ജയ് ഗാന്ധിയുടെ ഒരു പാദത്തിലെ ചെരുപ്പ് വീണു പോയത് കൈയിലെടുത്ത് ഓടി സഞ്ജയ് ഗാന്ധിക്ക് കൊടുത്ത സെയിൽ സിങ്ങിൻ്റെ മനോഭാവമായിരുന്നു ഏവർക്കും.

1976 മെയ് മാസം ജോർജ് ഫെർണാണ്ടസിനെ തേടിവന്ന പോലീസ് സഹോദരൻ ലോറൻസ് ഫെർണാണ്ടസിനെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ അദ്ദേഹം ക്രൂരമായി പീഠിപ്പിക്കപ്പെട്ടു. ദാഹിച്ച് വെള്ളം ചോദിച്ചപ്പോൾ ഒരു ഉദ്യോഗസ്ഥൻ കോൺസ്റ്റബിളിനോട് വായിൽ മൂത്രമൊഴിക്കാൻ ആജ്ഞാപിച്ചു. പക്ഷെ പകരം ചെറിയ ഒരു സ്പൂണിൽ തുള്ളി വെള്ളമെടുത്ത് ചുണ്ടത്ത് ഇറ്റിച്ച് കൊടുത്തു. അവർക്കറിയേണ്ടിയിരുന്നത് ജോർജ് ഫെർണാണ്ടസിൻ്റെ ഒളിത്താവളം മാത്രമായിരുന്നു. ഇതുപോലെ പല നിരപരാധികളും ക്രൂരമായി പീടിപ്പിക്കപ്പെട്ടു. ഇന്ദിരയുടെ നയങ്ങൾക്കെതിരെ മഹാരാഷ്ടയിൽ വിനോബ ഭാവ എന്നയാൾ തീ കൊളുത്തി ആത്മഹത്യ ചെയ്തു.
ഒരു ലക്ഷത്തോളം നേതാക്കൾ ജയിലിലായി. 1977 ജനുവരിയിലാണ് നേതാക്കളെ വിട്ടയച്ചുതുടങ്ങിയത്. ലോകസഭ പിരിച്ചുവിട്ട് പുതിയ തെരെഞ്ഞെടുപ്പ് നടത്താൻ അപ്പോഴേക്കും കോൺഗ്രസ് നേതൃത്വം തീരുമാനമെടുത്തിരുന്നു. എങ്കിലും പ്രധാന പ്രതിപക്ഷ നേതാക്കളെ തെരെഞ്ഞെടുപ്പിൽ നിന്ന് മാറ്റിനിർത്താൻ പലവിധ തന്ത്രങ്ങൾ പയറ്റിക്കൊണ്ടിരുന്നു. പ്രസിഡണ്ട് ഫക്രുദ്ദീൻ അഹമ്മദിന് ഹൃദയ സ്തംഭനം വന്നത്, MISA ആരോപിതരായ നേതാക്കളെ തെരഞ്ഞെടുപ്പിൽ നിന്ന് വിലക്കാനുള്ള നിയമത്തിനായി ഇന്ദിരാഗാന്ധി സ്വാധീനം ചെലുത്തിയതുകൊണ്ടാണ് എന്നുപോലും ആരോപണം ഉയർന്നിരുന്നു. എന്നിരുന്നാലും മാർച്ച് 18, 19 തീയതികളിലായി തെരെഞ്ഞെടുപ്പ് നടത്തി. പ്രതീക്ഷക്ക് വിപരീതമായി ഇന്ദിരാഗാന്ധി അടക്കുമുള്ള നേതാക്കൾ തോറ്റു. രാജ് നാരായൺ തന്നെയാണ് ഇന്ദിരയെ സ്വന്തം തട്ടകമായ റായ് ബറേലിയിൽ തോൽപ്പിച്ചത്. 298 സീറ്റുമായി പ്രതിപക്ഷം മുന്നിലെത്തി. അതോടെ 1977 മാർച്ച് 21 ന് ആഭ്യന്തര അടിയന്തരാവസ്ഥ ഔദ്യോഗികമായി അവസാനിച്ചു.
