ഗാന്ധി വധത്തിലെ സവർക്കറുടെ പങ്ക് ഒരു ചരിത്രകാരന് അവഗണിയ്ക്കാൻ കഴിയില്ല- ഇർഫാൻ ഹബീബ്

ഹാജരാക്കപ്പെട്ട രേഖകൾ ഗാന്ധി വധക്കേസിൽ സവർക്കറെ നിയമപരമായി ശിക്ഷിക്കാൻ മതിയായ തെളിവായിരുന്നിരിക്കില്ല എങ്കിലും, ചരിത്രത്തെ വസ്തുനിഷ്ഠമായി വിലയിരുത്തുന്ന ഒരു ചരിത്രകാരന് സവർക്കറിന്റെ പങ്ക് അവഗണിയ്ക്കാൻ കഴിയില്ല.

Truecopy Webzine

മാപ്പപേക്ഷ നൽകി ജയിലിൽ നിന്ന് പുറത്തുവന്ന സവർക്കർ കോളനി ശക്തിയെയല്ല, മറിച്ച് മുസ്​ലിംകളെയാണ് മുഖ്യശത്രുവായി കണ്ടതെന്ന് പ്രമുഖ ചരിത്രകാരൻ ഇർഫാൻ ഹബീബ്. സവർക്കർ ഗാന്ധിജിയേയും ദേശീയ കോൺഗ്രസിനെയും തള്ളിക്കളഞ്ഞു. പിന്നീട് ഗാന്ധി വധത്തിൽ സവർക്കർക്ക് പങ്കുള്ളതായി ആരോപണം ഉയരുകയും ഗാന്ധി വധക്കേസിൽ പ്രതി ചേർക്കപ്പെടുകയും ചെയ്തു. ഹാജരാക്കപ്പെട്ട രേഖകൾ കേസിൽ സവർക്കറെ നിയമപരമായി ശിക്ഷിക്കാൻ മതിയായ തെളിവായിരുന്നിരിക്കില്ല. എന്നാൽ ചരിത്രത്തെ വസ്തുനിഷ്ഠമായി വിലയിരുത്തുന്ന ഒരു ചരിത്രകാരന് സവർക്കറിന്റെ പങ്ക് അവഗണിയ്ക്കാൻ കഴിയില്ല- ട്രൂ കോപ്പി വെബ്‌സീനിന്റെ 50ാം പാക്കറ്റിൽ അദ്ദേഹം പറയുന്നു.

1911 വരെ ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി സവർക്കർ പ്രവർത്തിച്ചിരുന്നു. തടവിലാക്കപ്പെട്ട സവർക്കർ 1911ൽ തന്നെ മാപ്പപേക്ഷ സമർപ്പിച്ചിരുന്നു. ജയിലിൽ നിന്ന് പുറത്തുവന്ന സവർക്കർ കോളനി ശക്തിയെയല്ല, മറിച്ച് മുസ്‌ലിംകളെയാണ് മുഖ്യശത്രുവായി കണ്ടത്. സവർക്കർ ഗാന്ധിജിയേയും ദേശീയ കോൺഗ്രസിനെയും തള്ളിക്കളഞ്ഞു. പിന്നീട് ഗാന്ധി വധത്തിൽ സവർക്കർക്ക് പങ്കുള്ളതായി ആരോപണം ഉയരുകയും ഗാന്ധി വധക്കേസിൽ പ്രതി ചേർക്കപ്പെടുകയും ചെയ്തു. ഹാജരാക്കപ്പെട്ട രേഖകൾ കേസിൽ സവർക്കറെ നിയമപരമായി ശിക്ഷിക്കാൻ മതിയായ തെളിവായിരുന്നിരിക്കില്ല. എന്നാൽ ചരിത്രത്തെ വസ്തുനിഷ്ഠമായി വിലയിരുത്തുന്ന ഒരു ചരിത്രകാരന് സവർക്കറിന്റെ പങ്ക് അവഗണിയ്ക്കാൻ കഴിയില്ല.
1911 നുമുമ്പ് സവർക്കർ എന്ത് ചെയ്തുവെന്നതിന് പ്രസക്തിയില്ല. 1911നുശേഷം സവർക്കറിന്റെ എല്ലാ പ്രവൃത്തികളും ദേശീയ സ്വാതന്ത്ര്യസമരത്തിനെ അട്ടിമറിയ്ക്കുന്നതായിരുന്നു. കോളനിശക്തിയ്ക്ക് പൂർണമായും കീഴടങ്ങി ഹിന്ദുത്വ വാദത്തെ ശക്തിപ്പെടുത്താനാണ് സവർക്കർ ശ്രമിച്ചത്. രാഷ്ട്രസ്വത്വത്തിൽ വലിയ വിള്ളലാണ് സവർക്കർ സൃഷ്ടിച്ചത്.

ഗാന്ധിജിയെ ദുരുപയോഗം ചെയ്ത് സവർക്കറെ നീതീകരിക്കാനും അർഹിക്കാത്ത സ്വീകാര്യത സവർക്കർക്ക് നേടിക്കൊടുക്കാനുമുള്ള ഒരു പ്രൊപഗാന്റയുടെ ഭാഗമാണ്​ ഇത്തരം പ്രസ്​താവനകൾ. കപട ദേശീയവാദം ഉയർത്തിയും വർഗീയ ചേരിതിരിവുണ്ടാക്കിയും തങ്ങളുടെ പദ്ധതികൾ നടപ്പിലാക്കാൻ ആർ.എസ്​. എസിന്​ കഴിയുന്നുണ്ട്.

പൊതുമണ്ഡലത്തിന്റെ വർഗീയവൽക്കരണം തടയാൻ, ഹിന്ദുത്വയുടെ അജണ്ടകളെ പൊതുസമൂഹത്തിന് കൂടുതൽ ബോധ്യപ്പെടുത്താൻ നമുക്ക് കഴിയണം. ജനങ്ങളെ വർഗീയമായി ധ്രുവീകരിച്ച് ലാഭം കൊയ്യുന്ന മൂലധനശക്തികളുണ്ട്. ബി.ജെ.പിയുടെ സാമ്പത്തിക നയങ്ങളുടെ ഗുണഭോക്താക്കളാണവർ. ഇതൊക്കെ വ്യക്തമായി തുറന്നുകാട്ടാൻ കഴിയണം.

ബി.ജെ.പി. മുന്നോട്ടുവയ്ക്കുന്നത് വാസ്തവത്തിൽ ശരിയായ ദേശീയതയല്ല. ദേശീയതയുടെ യാതൊരു പാരമ്പര്യവും അവർക്ക്​ അവകാശപ്പെടാനാവില്ല. രാജ്യത്തെ മതം കൊണ്ട്, വംശം കൊണ്ട്, ജാതി കൊണ്ട് നിർവചിയ്ക്കാനും അതിനെ മുൻനിർത്തി ജനങ്ങളെ ഭിന്നിപ്പിക്കാനുമാണവർ നോക്കുന്നത്. ഇത് വളരെ അപകടം പിടിച്ച ഒന്നാണ്. ഇത്തരം അജണ്ടകളെ പിൻപറ്റുന്ന മാധ്യമങ്ങളുണ്ടെന്നത് നിരാകരിക്കുന്നില്ല. പലതിനും കോർപറേറ്റ് അജണ്ടകളാണുള്ളത്. എനിയ്ക്ക് തോന്നുന്നത് കുറച്ച് മാധ്യമങ്ങളും മാധ്യമ പ്രവർത്തകരും സുധീരമായ നിലപാടുകൾ സ്വീകരിക്കുന്നു എന്നാണ്. അതിനെ പരമാവധി പിന്തുണയ്‌ക്കേണ്ടതുണ്ട്.

ദലിതർക്ക് ബ്രിട്ടീഷ് ഇന്ത്യയിൽ യാതൊരു സംരക്ഷണവും ലഭിച്ചിരുന്നില്ല. മറ്റുള്ളവരെ പോലെയുള്ള ദുരിതങ്ങൾ മുസ്ലീങ്ങൾക്കും പേറേണ്ടി വന്നു. സ്വാതന്ത്ര്യാനന്തരം സംവരണത്തിലൂടെയും നിയമ പരിരക്ഷയിലൂടെയും ചില നേട്ടങ്ങളുണ്ടാക്കാൻ ദലിതർക്ക് കഴിഞ്ഞു. സാമ്പത്തിക ഉന്നമനത്തിലൂടെയും ഭൂപരിഷ്‌കരണത്തിലൂടെയും മുസ്ലീങ്ങളുടെ സ്ഥിതിയിലും ചില മാറ്റങ്ങൾ ഉണ്ടായി. എന്നാൽ ഹിന്ദുത്വ ശക്തികൾ കൂടുതൽ തീവ്രമായി ജാതിബോധം പുനരുത്പാദിപ്പിക്കുന്നു. മുസ്ലീങ്ങളും ദലിതരും ഹിന്ദുത്വയുടെ ഹിംസയ്ക്ക് കൂടുതൽ ഇരയാക്കപ്പെടുന്നു എന്നതാണ് ഇന്നിന്റെ വാസ്തവം. കൂടുതൽ അപകടകരമായ സാമൂഹിക ക്രമത്തിലാണ് നാമിപ്പോൾ ഉള്ളത്

വരും തലമുറയുടെ തലച്ചോറിനെ തങ്ങൾക്കായി
പരുവപ്പെടുത്തുകയാണ് ആർ.എസ്.എസ്
ഇർഫാൻ ഹബീബ് / സീന സണ്ണി
ട്രൂ കോപ്പി വെബ്‌സീൻ പാക്കറ്റ് 50ൽ വായിക്കാം

Comments