Photo: Wikimedia Commons

വിശപ്പടക്കാൻ മനുഷ്യശവത്തിന്റെ കരൾ തിന്ന സൗദാകർ; ആൻഡമാനിലെ ജപ്പാൻ ക്രൂരതകൾ

ആൻഡമാനിലെ ജപ്പാൻ അധിനിവേശത്തെക്കുറിച്ച് ഇന്ത്യ ചരിത്രം തമസ്കരിച്ച ഒരേടിനെക്കുറിച്ച്. മൂന്നര വർഷമേ ജപ്പാൻ ആധിപത്യം ആൻഡമാനിലുണ്ടായിരുന്നുള്ളുവെങ്കിലും ആ മനുഷ്യർക്ക് അത് ഭീതിയുടെ വിറങ്ങലിക്ക കാലമാണ്. നേതാജി സുഭാഷ് ചന്ദ്രബോസിനുപോലും അതേക്കുറിച്ച് അറിവുണ്ടായില്ല. ആൻഡമാൻ നിക്കോബാർ ദ്വീപ് സമൂഹത്തിന്റെ ചരിത്രത്തെയും സംസ്കാരത്തെയും സാമൂഹിക ശാസ്ത്രത്തെയും വേറിട്ടൊരു പരിപ്രേക്ഷ്യത്തിൽ വിശകലനം ചെയ്യുന്ന പഠനപരമ്പരയുടെ മൂന്നാം ഭാഗം

ആൻഡമാൻ നിക്കോബാറിന്റെ
തനി മണ്ണും തനി മനുഷ്യരും- 3

ണ്ടാം ലോകമഹായുദ്ധ ആഖ്യാനങ്ങളിൽ വലിയ സ്ഥാനം ലഭിക്കാതെ പോയതും എന്നാൽ വളരെയധികം പ്രാധാന്യമുള്ളതുമായ സംഭവമാണ് ആൻഡമാനിലെ ജപ്പാൻ അധിനിവേശം. ജപ്പാൻ സഹായത്തോടെ ബ്രിട്ടീഷുകാരിൽനിന്ന് സ്വാതന്ത്ര്യം നേടിയ ഇന്ത്യയുടെ ആദ്യ പ്രവിശ്യ ആൻഡമാനാണെങ്കിലും ഇന്ത്യ ചരിത്രത്തിൽ പോലും അർഹിക്കുന്ന പ്രാധാന്യം ജപ്പാന്റെ ആൻഡമാൻ ബന്ധത്തിന് ലഭിച്ചില്ല. ബ്രിട്ടീഷുകാർ തന്ത്രപരമായ ഒരു സൈനിക താവളമായാണ് ആൻഡമാൻ ദ്വീപസമൂഹത്തെ തടങ്കൽ പാളയത്തിന്റെ പേരിൽ നിലനിറുത്തിയത്.

തായ് - മലയ അതിർത്തിയിലെ ബ്രിട്ടീഷ് സാന്നിധ്യത്തെക്കുറിച്ചറിയാൻ ജപ്പാൻകാർക്ക് ഇന്ത്യയിൽനിന്ന് വിവരം ലഭിക്കേണ്ടതുണ്ടായിരുന്നു. സിങ്കപ്പൂർ, ബർമ എന്നിവിടങ്ങളിലെ ബ്രിട്ടീഷ് കുടിയേറ്റം ഒഴിപ്പിക്കാൻ ജപ്പാനു കഴിഞ്ഞതോടെ അവരുടെ താല്പര്യം ആൻഡമാനിലേക്കു നീണ്ടു. റംഗൂണും സിങ്കപ്പൂരുമായുള്ള ചരക്കുവിനിമയത്തെ ബ്രിട്ടീഷുകാർ തടയുന്നത് ആൻഡമാനിലെ നാവിക- വ്യോമ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിയാണെന്നും ബർമയിലും ഇന്തോനേഷ്യയിലുമുള്ള ഇതര അധിനിവേശത്തെ നിരീക്ഷിക്കുന്നത് ആൻഡമാൻ സൈനികത്താവളം ഉപയോഗിച്ചാണ് എന്നുമുള്ള ബോധ്യമാണ് ജപ്പാൻകാരെ ആൻഡമാൻ അധിനിവേശത്തിലേക്കു നയിച്ചത്. ജപ്പാൻകാരുടെ ഈ താല്പര്യത്തിന് സഹായകമായത് അവരും സുഭാഷ് ചന്ദ്രബോസും തമ്മിലുള്ള ബന്ധവുമാണ്. ഇന്ത്യൻ നാഷണൽ ആർമി അഥവാ ആസാദ് ഹിന്ദ് (ഐ എൻ എ) പ്രവർത്തനങ്ങളെ ജപ്പാന്റെ സഹായത്തോടെ സജീവമാക്കാനും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് ജപ്പാൻ സഹായകമാകുമെന്നു കരുതി ജപ്പാൻ ഭരണകൂടത്തിന്റെ ബ്രിട്ടീഷ്‌ വിരുദ്ധ താല്പര്യങ്ങൾക്കൊപ്പം നിൽക്കാനും സുഭാഷ് ചന്ദ്രബോസിന്റെ നേതൃത്വത്തിലുള്ള ഐ എൻ എ തയ്യാറായിരുന്നു.

ജപ്പാൻ സഹായത്തോടെ നേതാജി സുഭാഷ് ചന്ദ്രബോസ്  ഐ എൻ എ പ്രവർത്തനം വികസിപ്പിച്ചത്, ജപ്പാൻകാരുടെ ആൻഡമാൻ അധിനിവേശത്തെ സഹായിച്ചു.
ജപ്പാൻ സഹായത്തോടെ നേതാജി സുഭാഷ് ചന്ദ്രബോസ് ഐ എൻ എ പ്രവർത്തനം വികസിപ്പിച്ചത്, ജപ്പാൻകാരുടെ ആൻഡമാൻ അധിനിവേശത്തെ സഹായിച്ചു.

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ പ്രബലമായ രണ്ടു ധാരകളുണ്ടായിരുന്നു. മറ്റാരുടെയും സഹായമില്ലാതെ അഹിംസയിലൂടെ സ്വാതന്ത്ര്യം നേടുക എന്ന ഗാന്ധിയൻ പാതയാണ് ഒന്നാമത്തേത്. ബ്രിട്ടീഷുകാരെ തുരത്താൻ ബ്രിട്ടീഷ് വിരുദ്ധ ഏഷ്യൻ രാജ്യങ്ങളുടെ സഹായത്തോടെയുള്ള സുഭാഷ് ചന്ദ്രബോസിന്റെ വിപ്ലവപാതയാണ് രണ്ടാമത്തേത്. രണ്ടാം ലോകമഹായുദ്ധത്തിന്റെ തുടക്കം മുതൽ ബ്രിട്ടീഷ് വിരുദ്ധ ശക്തികളുമായി സഹകരിക്കാൻ സുഭാഷ് ചന്ദ്രബോസ് തീരുമാനിച്ചു. ജപ്പാൻ സഹായത്തോടെ അദ്ദേഹം ഐ എൻ എ പ്രവർത്തനം വികസിപ്പിച്ചു. ഈ ബന്ധം ജപ്പാൻകാരുടെ ആൻഡമാൻ അധിനിവേശത്തെ സഹായിക്കുകയും ചെയ്‌തു. പ്രതിഷേധങ്ങളില്ലാതെ ജപ്പാൻ ആൻഡമാനിൽ അധിനിവേശം നടത്തി. 1942 മാർച്ച് 23- ന് അവർ ആൻഡമാൻ പിടിച്ചെടുത്തു. ജപ്പാൻ മുന്നേറ്റം മനസ്സിലാക്കിയ ബ്രിട്ടീഷുകാർ അവരുടെ കൂട്ടത്തിലെ സ്ത്രീകളെയും കുട്ടികളെയും കുറച്ചു ഓഫീസർമാരെയും ജപ്പാൻകാരെത്തുന്നതിനു മുമ്പായി ആൻഡമാനിൽ നിന്നു മാറ്റി. അവശേഷിച്ച ബ്രിട്ടീഷുകാരെ ജപ്പാൻകാർ തടവിലാക്കുകയോ കൊന്നൊടുക്കുകയോ നാടുകടത്തുകയോ ചെയ്‌തു. തടവുകാരിൽ പലരെയും ഐ എൻ എ യിൽ അംഗങ്ങളാക്കി. ആൻഡമാൻ ഭരണം ഐ എൻ എ യെ ഏൽപ്പിക്കാൻ സുഭാഷ് ചന്ദ്രബോസ് ആവശ്യപ്പെട്ടു. ഭാഗികമായി ചില ഭരണചുമതലകളിൽ ഐ എൻ എ ക്കാരെ നിയമിച്ചെങ്കിലും ഭരണത്തിന്റെ മുഖ്യനിയന്ത്രണം അവർ കൈമാറിയില്ല.

1943 ഡിസംബർ 30 ന് നേതാജി സുഭാഷ് ചന്ദ്രബോസ് ആൻഡമാനിലെത്തി ജിംഖാന മൈതാനത്ത് ഇന്ത്യയുടെ പതാക ആദ്യമായി ഉയർത്തി. ആൻഡമാൻ -നിക്കോബാർ ദ്വീപുകളെ ഷഹീദ് - സ്വരാജ് എന്ന് പേരിടുകയും ചെയ്‌തു. പ്രതീകാത്മകമായി ബ്രിട്ടീഷുകാരിൽനിന്ന് സ്വാതന്ത്ര്യം നേടിയ ഇന്ത്യയിലെ ആദ്യ പ്രവിശ്യ ആൻഡമാനായി. ഈ അവസരത്തിലും ഇന്ത്യൻ സ്വാതന്ത്ര്യ സമരസേനാനികൾ സെല്ലുലാർ ജയിലിന്റെ ഇരുട്ടറകളിലായിരുന്നു. ആരും നേതാജിയോട് പരാതിപ്പെടാൻ പാടില്ല എന്ന് ജപ്പാൻകാർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ആരെയും നേതാജിയുടെ അടുത്തെത്താൻ അനുവദിച്ചിരുന്നില്ല. അതിനാൽ ആർക്കും ജപ്പാൻ നടത്തുന്ന ഭീകര അക്രമങ്ങളെക്കുറിച്ച് പറയാനുമായില്ല. പെനാഗിലെ ഐ എൻ എയിൽ നിന്ന് ചിലരെ ഇവിടത്തെ അഡ്മിനിസ്ട്രേഷനിൽ എത്തിച്ചിരുന്നെങ്കിലും അവർക്കൊന്നും ജപ്പാൻകാർ ആൻഡമാനിൽ നടത്തുന്ന ഭീകരകൃത്യങ്ങളെ എതിർക്കാനോ ജപ്പാൻ വിരുദ്ധ നിലപാട് കൈക്കൊള്ളാനോ കഴിഞ്ഞില്ല.

1943 ഡിസംബർ  30 ന്  നേതാജി സുഭാഷ് ചന്ദ്രബോസ് ആൻഡമാനിലെത്തി ജിംഖാന മൈതാനത്ത് ഇന്ത്യയുടെ പതാക ആദ്യമായി ഉയർത്തി. ആൻഡമാൻ -നിക്കോബാർ ദ്വീപുകളെ ഷഹീദ് - സ്വരാജ് എന്ന് പേരിടുകയും ചെയ്‌തു.
1943 ഡിസംബർ 30 ന് നേതാജി സുഭാഷ് ചന്ദ്രബോസ് ആൻഡമാനിലെത്തി ജിംഖാന മൈതാനത്ത് ഇന്ത്യയുടെ പതാക ആദ്യമായി ഉയർത്തി. ആൻഡമാൻ -നിക്കോബാർ ദ്വീപുകളെ ഷഹീദ് - സ്വരാജ് എന്ന് പേരിടുകയും ചെയ്‌തു.

ക്രൂരതയുടെ ജപ്പാൻ

മൂന്നര വർഷമേ ജപ്പാൻ ആധിപത്യം ആൻഡമാനിലുണ്ടായിരുന്നുള്ളുവെങ്കിലും ആൻഡമാൻ ജനതയെ സംബന്ധിച്ച് ഭീതിയുടെ ഓർമകളായാണ് ഇന്നും അവശേഷിക്കുന്നത്. ജപ്പാൻ നടപ്പാക്കിയ പീഡനകഥ ചെറുതല്ല. കൊന്നൊടുക്കിയവരുടെ എണ്ണവും ചെറുതല്ല. പീഢനം സഹിക്കവയ്യാതെ ആത്മഹത്യ ചെയ്തവരുടെ എണ്ണവും കുറവല്ല. ജപ്പാൻ കുറഞ്ഞ കാലംകൊണ്ടു നടത്തിയ ക്രൂരകൃത്യങ്ങൾ ആൻഡമാൻ ജനതയുടെ മനസ്സിൽനിന്ന് മാഞ്ഞുപോയിട്ടില്ല. അന്നുണ്ടായിരുന്ന ഒരാൾ പോലും അവരുടെ പീഡനത്തിൽനിന്നും ഒഴിവാക്കപ്പെട്ടിരുന്നില്ല. ദീർഘകാലം കൊണ്ടു ബ്രിട്ടീഷുകാർ നടപ്പാക്കിയ പീഡനങ്ങളെക്കാൾ കൂടുതൽ ഭീകരമായിരുന്നു കുറഞ്ഞ കാലയളവിൽ ജപ്പാൻ നടപ്പാക്കിയത്.

ജപ്പാൻകാരുടെ പീഡനശൈലിയെ കുറിച്ചൊന്നും നേതാജിക്കറിയില്ലായിരുന്നു. ഒരുതരത്തിലും ആൻഡമാനിൽ നിന്ന് വിവരങ്ങൾ ചോരാതിരിക്കാൻ ജപ്പാൻകാർ ശ്രദ്ധിച്ചിരുന്നു.

ജപ്പാൻ ആഗമനത്തെ ഇവിടത്തുകാർ സന്തോഷപൂർവം സ്വാഗതം ചെയ്തു. ബ്രിട്ടീഷ് വിരുദ്ധ സമരത്തെ ജപ്പാൻ സഹായിക്കുമെന്നാണ് ഇവിടത്തെ ഇന്ത്യക്കാർ കരുതിയത്. ഇതിനു പ്രധാന കാരണം ചില രാഷ്ട്രീയത്തടവുകാർക്കുവേണ്ടി സുഭാഷ് ചന്ദ്രബോസ് ജപ്പാൻകാരുമായി സന്ധി ചെയ്യുകയും അവരുടെ സഹകരണത്തോടെ പെനാഗിൽ ഐ എൻ എ പ്രവർത്തനം സജീവമാക്കിയതറിയാമായിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ജപ്പാൻ അധിനിവേശത്തെ ഇവിടെയുണ്ടായിരുന്നവർ സ്വാഗതം ചെയ്തതും. എന്നാൽ അവർക്ക് ജപ്പാൻകാരിൽ നിന്നു ലഭിച്ച അനുഭവം ഒട്ടും സൗഹൃദപരമായിരുന്നില്ല.

ഇവിടെയുണ്ടായിരുന്ന ബ്രിട്ടീഷുകാരേയും നാട്ടുകാരെയും ബ്രിട്ടീഷ് ചാരന്മാരായാണ് ജപ്പാൻ ചിത്രീകരിച്ചത്. ജപ്പാൻ ആഗമനത്തിനു മുമ്പേ ബ്രിട്ടീഷുകാരിൽ ചിലരൊഴികെ, പ്രധാന അധികാരികളും സ്ത്രീകളും കുട്ടികളും സൈനികരും ഇവിടെനിന്ന് പോയിരുന്നു. അവശേഷിച്ചവർ അധികവും ഇന്ത്യക്കാരായ തടവുകാരായിരുന്നു. ചിലർ തടവുകഴിഞ്ഞ് ഇവിടെ കുടുംബമായി ജീവിക്കുന്നവരുമായിരുന്നു. ബ്രിട്ടൻ അവരുടെ ചില രഹസ്യ ഏജന്റുകളെ ഇവിടെ നിലനിറുത്തിയിരുന്നു. ഏജന്റുമാർ കൃത്യമായി ഇവിടെ നടക്കുന്ന കാര്യങ്ങൾ ബ്രിട്ടീഷുകാരെ അറിയിച്ചിരുന്നു. ബ്രിട്ടീഷ് വിമാനങ്ങൾ ദ്വീപ് വലയം ചെയ്തുകൊണ്ടുമിരുന്നു. ചാത്തം ദ്വീപിൽ ജപ്പാൻകാർ വന്നപ്പോൾ അവരെ ആക്രമിക്കാനായി സ്ഫോടനം ആസൂത്രണം ചെയ്തിരുന്നു. ആ പദ്ധതി പരാജയപ്പെട്ടു. അതിന്റെ സൂത്രധാരർ പിന്നീട് പിടിക്കപ്പെട്ടു. ജപ്പാൻകാരുടെ ചില കപ്പലുകൾ ബ്രിട്ടീഷുകാർ നശിപ്പിച്ചു. ഭക്ഷ്യവസ്തുക്കളുമായി വന്ന ഒരു ജപ്പാൻ കപ്പൽ ബ്രിട്ടീഷുകാർ മുക്കി. ഇതോടെ ചാരവൃത്തി സ്ഥിരീകരിച്ച ജപ്പാൻകാർ ഇവിടെയുണ്ടായിരുന്നവരെ ക്രൂരമായ പീഡനത്തിനിരയാക്കി.

ജപ്പാൻകാർ പെനാങിൽനിന്ന് സൈന്യത്തിന്  ‘കംഫർട്ട് ഗേൾസ്' ആയി ജോലി ചെയ്യാൻ കൊണ്ടുപോയ പെൺകുട്ടികൾ  / Photo: Wikimedia Commons
ജപ്പാൻകാർ പെനാങിൽനിന്ന് സൈന്യത്തിന് ‘കംഫർട്ട് ഗേൾസ്' ആയി ജോലി ചെയ്യാൻ കൊണ്ടുപോയ പെൺകുട്ടികൾ / Photo: Wikimedia Commons

സുൽഫിക്കർ അലി തന്റെ സഹോദരിമാരെ രക്ഷിക്കാനായി ജപ്പാൻകാരെ ആക്രമിച്ചുവെന്നു പറഞ്ഞ്, അലിയെ അവർ ക്രൂരമായി പീഡിപ്പിച്ചുകൊന്നു. ഇതോരു തുടക്കം മാത്രമായിരുന്നു. ഐ എൻ എ പ്രതിനിധിയായിരുന്ന പഞ്ചാബി കവി ദിവാൻസിംഗ് ജപ്പാൻകാരുടെ സാധാരണക്കാരോടുള്ള ക്രൂരനിലപാടിനെ അപലപിച്ചതുകൊണ്ട് അദ്ദേഹത്തെ ജയിലിലടച്ച് പട്ടിണിക്കിട്ടു പീഡിപ്പിച്ചുകൊന്നു. ജപ്പാൻകാരുടെ പീഡനശൈലിയെ കുറിച്ചൊന്നും നേതാജിക്കറിയില്ലായിരുന്നു. ഒരുതരത്തിലും ആൻഡമാനിൽ നിന്ന് വിവരങ്ങൾ ചോരാതിരിക്കാൻ ജപ്പാൻകാർ ശ്രദ്ധിച്ചിരുന്നു. ജപ്പാൻകാർ ക്രൂരതയുടെ പര്യായമായി മാറിയതോടെ ആൻഡമാൻ ജനതയ്ക്ക് നേതാജിയോടുണ്ടായിരുന്ന ആദരവ് കുറഞ്ഞു.

എല്ലാ അക്രമങ്ങളും കണ്ട് നിസ്സഹരായി മൗന സാക്ഷികളാകാനേ ഐ എൻ എ പ്രതിനിധികൾക്ക് കഴിഞ്ഞുള്ളു. ഐ എൻ എ യൂണിറ്റിന്റെ തലവനായ ചീഫ് കമീഷണർ കോൾ ലോകനാഥൻ രോഗിയായി അഭിനയിച്ച് പെനാഗിലേക്കു തിരിച്ചുപോയി, ആൻഡമാനിൽ നടക്കുന്ന ജപ്പാൻക്രൂരതയുടെ യാഥാർത്ഥ ചിത്രം വിവരിച്ചു. ഇതറിഞ്ഞതോടെ നേതാജി ഇടപെട്ടു. സാധാരണക്കാരെ ക്രൂരമായി ശിക്ഷിക്കുന്നത് അവസാനിപ്പിക്കാൻ അധികാരികളോട് ആവശ്യപ്പെട്ടു. പ്രീമിയർ ജനറൽ നിജസ്ഥിതിയറിയാനായി ഒരു ജഡ്‌ജി സംഘത്തെ ആൻഡമാനിലയച്ചു. അവരുടെ അന്വേഷണത്തിൽ ജപ്പാനധികാരികൾ ചാർജു ചെയ്‌തിരിക്കുന്ന കേസുകൾ അടിസ്ഥാനരഹിതമാണെന്നു മനസിലാക്കി എല്ലാവരെയും മോചിപ്പിക്കാൻ നിർദേശം നൽകി. 35 പേരൊഴിച്ചു ബാക്കിയുള്ളവരെ ജയിൽമോചിതരാക്കി.

ഐ എൻ എ പ്രതിനിധിയായിരുന്ന പഞ്ചാബി കവി ദിവാൻസിംഗ്  ജപ്പാൻകാരുടെ സാധാരണക്കാരോടുള്ള ക്രൂരനിലപാടിനെ അപലപിച്ചതുകൊണ്ട് അദ്ദേഹത്തെ ജയിലിലടച്ച് പട്ടിണിക്കിട്ടു പീഡിപ്പിച്ചുകൊന്നു.
ഐ എൻ എ പ്രതിനിധിയായിരുന്ന പഞ്ചാബി കവി ദിവാൻസിംഗ് ജപ്പാൻകാരുടെ സാധാരണക്കാരോടുള്ള ക്രൂരനിലപാടിനെ അപലപിച്ചതുകൊണ്ട് അദ്ദേഹത്തെ ജയിലിലടച്ച് പട്ടിണിക്കിട്ടു പീഡിപ്പിച്ചുകൊന്നു.

ഹംഫ്രിഗഞ്ചിലെ കൂട്ടക്കൊല

ബന്ദികളെക്കൊണ്ട് ജയിൽ നിറഞ്ഞപ്പോൾ തടവുകാരുടെ ബന്ധുക്കളോട് 1944 ജനുവരി 30 ന് സെല്ലുലാർ ജയിൽ കവാടത്തിലെത്തിച്ചേരാൻ ജപ്പാൻസൈന്യം ആവശ്യപ്പെട്ടു. ഈ പ്രഖ്യാപനം ബന്ധുക്കൾക്ക് ആശ്വാസം പകർന്നു. അവർ കരുതിയത് തങ്ങളുടെ ഇഷ്ടജനങ്ങൾ മോചിതരാകാൻ പോകുന്നുവെന്നാണ്. നിശ്ചിത ദിവസം അതിരാവിലെതന്നെ വൻജനാവലി ജയിൽ പരിസരത്തു തടിച്ചുകൂടി. ആയുധങ്ങൾ നിറച്ച വാഹനങ്ങൾ ജയിലിന്റെ മുൻവശത്തണിനിരന്നു. എന്താണ് സംഭവിക്കാൻ പോകുന്നതെന്നു അവിടെ കൂടിനിന്ന ആർക്കും മനസിലായില്ല. ജയിലിലെ തടവുകാരിൽനിന്നും തിരഞ്ഞെടുത്ത 45 പേരെ ട്രക്കുകളിൽ കയറ്റി. അതോടെ, തടവുകാർക്കു സംഭവിക്കാൻ പോകുന്നതെന്തെന്നു വ്യക്തമായില്ലെങ്കിലും തടവുകാരെ വിട്ടയ്ക്കുകയല്ല ലക്ഷ്യമെന്നു തടവുകാർക്കും കൂടിനിന്നവർക്കും മനസിലായി.

ബലിദാൻ വേദി
ബലിദാൻ വേദി

തടവുകാരുടെ കൂട്ടത്തിൽ നിന്ന് ഫർസൻറ് അലി നിരപരാധികളായ ഞങ്ങളിതാ ഇവരുടെ ആക്രമണത്തിനിരയാകാൻ പോകുന്നു, നിങ്ങളെല്ലാം മാറിപ്പോവുക എന്ന് വിളിച്ചുപറഞ്ഞു. ഉടൻ എല്ലാപേരുടെയും സാന്നിധ്യത്തിൽ ജപ്പാൻപട്ടാളം അയാളെ വെടിവെച്ചു കൊന്നു. ജപ്പാൻ സൈനികരുടെ ആജ്ഞപ്രകാരം മറ്റൊരു തടവുകാരൻ വാഹനത്തിന്റെ മുകളിൽ കയറിനിന്ന് ഇപ്രകാരം പറഞ്ഞു: നിങ്ങളാരും ജപ്പാനെതിരെ ഒരു പ്രവൃത്തിയും ചെയ്യരുത്, ചെയ്താൽ ഞങ്ങളുടെ സ്ഥിതിവരും. നിരപരാധികളായ 44 തടവുകാരെയും കൊണ്ട് വാഹനങ്ങൾ 16 കിലോമീറ്റർ അകലെയുള്ള ദക്ഷിണ ആൻഡമാനിലെ ഹംഫ്രിഗഞ്ചിലെത്തി. എല്ലാപേരെയും കൂട്ടക്കുരുതി ചെയ്ത് ഒരേ കുഴിയിൽ മൂടി. ഇതുപോലെ എത്രയെത്ര കൊലപാതകങ്ങൾ. കൊല്ലുന്നതിൽ പാലിക്കേണ്ട അന്താരഷ്ട്ര മര്യാദകൾ പോലും ജപ്പാൻ അതിലംഘിച്ചിരുന്നു.

അന്നം കവർന്ന ജപ്പാൻ

ജപ്പാൻ കുടിയേറ്റം നടത്തുമ്പോൾ ഭക്ഷ്യ സുരക്ഷക്കാവശ്യമായ മുൻകരുതലെടുത്തില്ല എന്നതായിരുന്നു അവർ ആൻഡമാനിൽ അഭിമുഖീകരിച്ച ഏറ്റവും വലിയ തിരിച്ചടി. ഇവിടെ ഭക്ഷ്യോൽപ്പാദനമുണ്ടെന്നു കരുതിയാണവർ കുടിയേറ്റം നടത്തിയത്. വാസ്തവം അതായിരുന്നില്ല. പത്തുവർഷം പൂർത്തിയാക്കിയ തടവുകാർ വളരെ ചെറിയ തോതിൽ നടത്തുന്ന കാർഷികോല്പാദനം മാത്രമേ അന്ന് ആൻഡമാനിലുണ്ടായിരുന്നുള്ളൂ. അത് അവരുടെ കുടുംബത്തിന്റെ ആവശ്യത്തിനുപോലും തികയുമായിരുന്നില്ല. പുറത്തുനിന്ന് ഭക്ഷ്യവസ്തുക്കൾ എത്തിക്കുകയായിരുന്നു ബ്രിട്ടീഷുകാർ ചെയ്തിരുന്നത്. അതുകൊണ്ട് ഭക്ഷ്യക്ഷാമം ഒരുപരിധിവരെ നിയന്ത്രണത്തിലായിരുന്നു. ഭക്ഷ്യവസ്തുക്കൾ ലഭ്യമല്ല എന്ന അറിവ് ജപ്പാൻ സൈനികരിൽ ആധി പടർത്തി. കുടുംബാവശ്യത്തിന് തടവുകാരുണ്ടാക്കിയ കാർഷികോൽപ്പന്നം മുഴുവനും ജപ്പാൻ സൈന്യം കൈക്കലാക്കി. കുഞ്ഞുങ്ങൾക്ക് ഒരുനേരമെങ്കിലും കഞ്ഞികൊടുക്കാനായി മലയാളികൾ നെല്ല് ഭൂഗർഭ അറകളിൽ സൂക്ഷിച്ചു. രാത്രി വിളക്ക് തെളിയിക്കാനോ അടുപ്പു കത്തിക്കാനോ അനുവാദം ഉണ്ടായിരുന്നില്ല. വെളിച്ചമോ പുകയോ കണ്ടാൽ അവരെത്തും. പാകം ചെയ്‌ത ഭക്ഷണം പോലും എടുത്തുകൊണ്ടുപോകും. ഗോതമ്പ് ലഭിക്കാത്തതു കാരണം പഞ്ചാബികളുൾപ്പെടുന്ന വടക്കേ ഇന്ത്യക്കാർ പട്ടിണിയിലായി. മലയാളികളുടെ കൈയിൽനിന്ന് തവിട് ശേഖരിച്ച് റൊട്ടിയുണ്ടാക്കി കഴിച്ചു, കുറച്ചുകാലം.

ഓരോ പ്രദേശത്തുനിന്നും ആൾക്കാരെ പുനരധിവസിപ്പിക്കാനെന്നപേരിൽ ബോട്ടിൽക്കയറ്റി നടുക്കടലിൽ ഉപേക്ഷിക്കുക. നീന്തി രക്ഷപ്പെടുന്നവരുടെ മുകളിലൂടെ ബോട്ടോടിക്കുക. ഇക്കൂട്ടത്തിൽ മാപ്പിള മലയാളികൾക്കിടയിലും ഒട്ടേറെ പേർക്കു ജീവഹാനി വന്നിട്ടുണ്ട്.

ജപ്പാൻ കുടിയേറ്റത്തെ തകർക്കാൻ ബ്രിട്ടീഷ് സേന ആൻഡമാനിലേക്കു ഭക്ഷ്യവസ്തുക്കളുമായിവരുന്ന കപ്പലിനെ മുക്കി. പട്ടിണി കാരണം മുലപ്പാലുപോലും വറ്റിയകാലം. കൈകുഞ്ഞുങ്ങൾക്കുപോലും ഒന്നും നൽകാനുണ്ടായിരുന്നില്ല എന്നാണു മുതിർന്ന അമ്മൂമ്മമാരിൽനിന്ന് കേട്ട അനുഭവം. പുറം നാടുകളിൽ നിന്ന് ഭക്ഷ്യവസ്തുക്കൾ എത്താതെ വന്നതോടെ വൻ ഭക്ഷ്യക്ഷാമം നേരിട്ടു. നാട്ടുകാരും ജപ്പാൻകാരും ഒരേപോലെ വിശപ്പിനിരയായി. ഇതോടെ ആൻഡമാൻ ജനതയുടെ പട്ടിണി വർധിച്ചു. അവർക്കൊപ്പം പതിനെട്ടായിരം വരുന്ന ജപ്പാൻകാരും വറുതിയിലായി. നിർബന്ധമായി കൃഷിപ്പണിയെടുക്കാൻ ജപ്പാൻകാർ ആവശ്യപ്പെട്ടു. കൃഷിപ്പണി പീഢിതമായിരുന്നു, ചെയ്യാത്തവരെ തല്ലിക്കൊന്നു, കൃഷി ചെയ്യാനുള്ള ആരോഗ്യം പട്ടിണി കാരണം ഇല്ലായിരുന്നു എന്നതാണ് വാസ്തവം. പക്ഷേ അതൊന്നും ജപ്പാൻകാർ കണക്കിലെടുത്തില്ല.

ഭക്ഷ്യക്ഷാമം ക്രമാതീതമായതോടെ ജപ്പാൻകാർ മനുഷ്യത്വരഹിതമായ പുതിയ നയം സ്വീകരിച്ചു. അതാകട്ടെ ഇവിടത്തെ ജനസംഖ്യ കുറയ്ക്കുക എന്ന തീരുമാനമായിരുന്നു. ഓരോ പ്രദേശത്തുനിന്നും ആൾക്കാരെ പുനരധിവസിപ്പിക്കാനെന്നപേരിൽ ബോട്ടിൽക്കയറ്റി നടുക്കടലിൽ ഉപേക്ഷിക്കുക. നീന്തി രക്ഷപ്പെടുന്നവരുടെ മുകളിലൂടെ ബോട്ടോടിക്കുക. ഈ രീതിയിൽ എത്രപേരെയാണ് ക്രൂരമായി കൊന്നൊടുക്കിയതെന്നറിയില്ല. ഇക്കൂട്ടത്തിൽ മാപ്പിളമലയാളികൾക്കിടയിലും ഒട്ടേറെ പേർക്കു ജീവഹാനി വന്നിട്ടുണ്ട്. ഇതൊരു നിത്യ സംഭവമായി മാറി. അടുത്ത ഒരുനാൾ, തങ്ങളെ കൊണ്ടുപോകാൻ അവർ എത്തുമെന്നു പേടിച്ചു കഴിയുകയായിരുന്നു നാട്ടുകാർ. ഭീതി നിറഞ്ഞ ദിനരാത്രങ്ങൾ. പക്ഷേ വരുമെന്നു വിചാരിച്ചിരുന്ന ദിനങ്ങളിലവരെത്തിയില്ല എന്നാകുമ്പോൾ ഒരു ദിവസം കൂടി ആയുസ്സ് നീട്ടിക്കിട്ടിയതിൽ അവർ സന്തോഷിക്കും. എന്നാലും ദുർവിധിയിൽനിന്ന് മോചിതരാകുമെന്നാരും പ്രതീക്ഷിച്ചിരുന്നില്ല.

ആൻഡമാൻ ദ്വീപുകളിൽ നിന്ന് ജാപ്പനീസ് സേനയുടെ കീഴടങ്ങൽ അടയാളപ്പെടുത്തുന്ന ചടങ്ങിൽ ജാപ്പനീസ് പ്രതിനിധികൾ. / Photo: Wikimedia Commons
ആൻഡമാൻ ദ്വീപുകളിൽ നിന്ന് ജാപ്പനീസ് സേനയുടെ കീഴടങ്ങൽ അടയാളപ്പെടുത്തുന്ന ചടങ്ങിൽ ജാപ്പനീസ് പ്രതിനിധികൾ. / Photo: Wikimedia Commons

ഇതിനിടെ ഒരുനാൾ രാത്രി പെട്ടന്നു ആകാശത്തു പ്രത്യക്ഷപ്പെട്ട ഒരു വിമാനത്തിൽനിന്ന് പേപ്പർതുണ്ടുകൾ പറന്നുവരുന്നതായി അവർക്കു തോന്നി. രാത്രി കണ്ട കാഴ്ച്ച ശരിവച്ച് രാവിലെ, പറമ്പിലാകെ പരന്നുകിടക്കുന്ന പേപ്പർ തുണ്ടുകൾ. കൊട്ടകൾ ചുമലിലേന്തിയ ഒരാളും എന്തോ ലിഖിതവുമായിരുന്നു ആ പേപ്പറുകളിൽ. ജപ്പാൻഭാഷയെന്നൊന്നും അവർക്കറിയുമായിരുന്നില്ല. അവർ അത് ജപ്പാൻപട്ടാളക്കാർക്കു നൽകി. അതു കണ്ട് അവരുടെ മുഖം വിളറി. ശൂരത ചോർന്നുപോയി. ഇതുകണ്ട നാട്ടുകാർക്ക് എന്തോ പ്രശ്നമുണ്ടെന്നു മനസ്സിലായി. നിമിഷങ്ങൾക്കുള്ളിൽ സംഗതി എല്ലാവരും അറിഞ്ഞു. ലോകമഹായുദ്ധത്തിൽ ജപ്പാൻ പരാജയപ്പെട്ടിരിക്കുന്നു, അതുകൊണ്ടു് ബ്രിട്ടന് കീഴ് പ്പെടണമെന്നും അല്ലാത്തപക്ഷം ജപ്പാൻ ബ്രിട്ടന്റെ ദാസ്യരാകുമെന്നുമാണ് പേപ്പറിൽകണ്ട ചിത്രത്തിന്റെ അർഥം. 1945 ആഗസ്റ്റ് 15 ന് ജപ്പാൻ കീഴടങ്ങി. ഇതോടെ ആൻഡമാൻ അധിനിവേശം അവസാനിപ്പിച്ച് 1945 ഒക്ടോബര് 9 ന് ജപ്പാൻകാർ ഭരണം ബ്രിട്ടീഷുകാരെ തിരിച്ചേൽപ്പിച്ച്, ആൻഡമാനിൽനിന്ന് പോയി. ബ്രിട്ടീഷുകാർ അവരെ പോകാൻ അനുവദിച്ചു. അന്ന് അവർ 18,884 പേരുണ്ടായിരുന്നു.

ഹിരോഷിമ-നാഗസാക്കി ദുരന്തം
ആൻഡമാൻകാരുടെ ഭാഗ്യദിനം

തങ്ങളുടെ മരണം ഇന്നോ നാളയോ എന്ന് എണ്ണിക്കഴിഞ്ഞിരുന്ന ദിനരാത്രങ്ങൾക്ക് അറുതി വന്നത് രണ്ടാം ലോകമഹായുദ്ധത്തിൽ ജപ്പാൻ തോറ്റതോടെയാണ്. ജപ്പാൻ തോൽക്കാനുള്ള പ്രധാന കാരണം ഹിരോഷിമയിലും നാഗസാക്കിയിലും വീണ ആറ്റംബോംബുകളാണ്. ലോകം മുഴുവനും അപലപിച്ച ഈ ദുരന്തം ആൻഡമാൻ ജനതക്ക് ഏറെ ആശ്വാസമായി. ഹിരോഷിമയിലും നാഗസാക്കിയിലും പതിച്ച ആറ്റംബോംബുകളാണ് ആൻഡമാനിലെ സാധാരണക്കാരുടെ ജീവന് തുണയായത്. അതുകൊണ്ടാണ് ജപ്പാൻകാർ അവരെ കൊല്ലാതിരുന്നതും ഇവിടെന്നു പോയതും എന്നവർക്കറിയാം. അവരുടെ ആയുസ്സു കിട്ടിയതും പട്ടിണി മാറാൻ കാരണമായതും കൂടാതെ ബ്രിട്ടീഷുകാരോട് സ്നേഹവും കൃതാർത്ഥതയും വർധിപ്പിച്ചതുമെല്ലാം ആ ബോംബുവർഷമാണ്. ലോകം ഹിരോഷിമ- നാഗസാക്കി ദുരന്തത്തെ അപലപിക്കുമ്പോഴും, ഇന്ത്യൻ മുഖ്യധാരാ ലോകത്തിനൊപ്പം അപലപിക്കുമ്പോഴും ആൻഡമാൻകാർക്ക് ജീവൻ തിരിച്ചുകിട്ടിയതിന്റെ സ്മരണദിവസമാണ്, ഭാഗ്യദിനമാണ്, ആശ്വാസദിനമാണ്, വിജയദിവസമാണ് ഈ ദുരന്ത ദിനം.

ഹിരോഷിമയിലും നാഗസാക്കിയിലും പതിച്ച ആറ്റംബോംബുകളാണ് ആൻഡമാനിലെ സാധാരണക്കാരുടെ ജീവന് തുണയായത്. അതുകൊണ്ടാണ് ജപ്പാൻകാർ  അവരെ കൊല്ലാതിരുന്നതും ഇവിടെന്നു പോയതും എന്നവർക്കറിയാം.
ഹിരോഷിമയിലും നാഗസാക്കിയിലും പതിച്ച ആറ്റംബോംബുകളാണ് ആൻഡമാനിലെ സാധാരണക്കാരുടെ ജീവന് തുണയായത്. അതുകൊണ്ടാണ് ജപ്പാൻകാർ അവരെ കൊല്ലാതിരുന്നതും ഇവിടെന്നു പോയതും എന്നവർക്കറിയാം.

ഹാവ്ലോക്ക് ദുരന്തം

ജപ്പാൻകാർ മനഃപൂർവം അഞ്ഞൂറിലേറെ തടവുകാരുടെ ജീവഹാനി വരുത്തിയ സംഭവമാണ് ഹാവ്ലോക് ദുരന്തം. ഈ ദുരന്തത്തെക്കുറിച്ച് അധികം രേഖകളില്ല. ഇതൊരു ഭാവനാസൃഷ്ടിയാണെന്നും തോന്നും. ആരെങ്കിലും എഴുതി ഞാൻ വായിച്ചിരുന്നെങ്കിലും അങ്ങനെയോ തോന്നൂ. പക്ഷേ ഈ ദുരന്തത്തിന്റെ നേരനുഭവമുള്ള ഒരാളുടെ അനുഭവമായി തന്നെ എനിക്കിത് കേൾക്കാൻ കഴിഞ്ഞിട്ടുണ്ട്. ഞാൻ 1992- ൽ ആൻഡമാനിൽ ജോലിക്കെത്തിയപ്പോൾ എന്നും വൈകുന്നേരം കണ്ടുമുട്ടുന്ന സ്വാതന്ത്ര്യസമരസേനാനിയായ പഴയ തടവുകാരനുണ്ടായിരുന്നു. ഉത്തർപ്രദേശ് സ്വദേശിയയായ സൗദാകർ അലി. 1932- ലാണ് ഇദ്ദേഹം കേസിൽ കുടുങ്ങിയത്. ബനാറസ്, ഗോരഖ്പൂർ, അലിപ്പൂർ ജയിലുകളിൽ തടവുകാരനാക്കിയെങ്കിലും 1933- ൽ ആൻഡമാനിലേക്കു നാടുകടത്തി. ഇവിടെ ജപ്പാൻകാർ കുടിയേറിയപ്പോൾ ഒരു ജപ്പാൻ ഓഫീസറുടെ പണിക്കാരനായി. കുറച്ചുനാളുകൾക്കുശേഷം ബ്രിട്ടീഷ് ചാരനായി ഇയാളെ മുദ്രകുത്തി ജയിലിൽ അടച്ചു. ക്രൂരമായി ശിക്ഷിച്ച് പട്ടിണിക്കിട്ടു.

കാട്ടുകിഴങ്ങുകളും പച്ചിലയും ഭക്ഷണമാക്കി വിശപ്പടക്കാൻ ജീവനുള്ളവർ ശ്രമിച്ചു. ഇതിനിടയിൽ ചിലർ ശവശരീരങ്ങളിൽ കണ്ണുവച്ചു. കല്ലുരസി തീയുണ്ടാക്കി ശവശരീരങ്ങൾ ചുട്ടു തിന്നാൻ തുടങ്ങി. മനംമടുപ്പുതോന്നിയെങ്കിലും ഇതല്ലാതെ വിശപ്പടക്കാൻ മറ്റു വഴിയൊന്നുമില്ലാത്തതുകൊണ്ട് താനും അവർക്കൊപ്പം ചേർന്നുവെന്ന് സൗദാകർ.

1945 ആഗസ്റ്റ് 4 ന് മൂന്നു ബോട്ടുകളിലായി 600- ഓളം പേരെ ഹാവ്ലോക് ദ്വീപിൽ കൊണ്ടുപോയി. മൺസൂൺ കാലമായതുകൊണ്ട് യാത്ര ദുരിതമായിരുന്നു. വഴിമധ്യേ എല്ലാവരോടും കടലിൽ ചാടാൻ ജപ്പാൻകാർകാർ ആജ്ഞാപിച്ചു. ചാടാത്തവർക്ക് ക്രൂരമായ പ്രഹരവും. ഇരുട്ടത്ത് എങ്ങോട്ടെന്നില്ലാതെ നീന്തിത്തളർന്ന് എങ്ങനയോക്കൊയോ ഹാവ്ലോക്കിലെത്തി. വിശപ്പും ക്ഷീണവും കാരണം ബോധരഹിതനായി മഴയിൽ കുതിർന്നു കിടന്നു. ഉണർന്നപ്പോൾ തീരമാകെ ശവശരീരങ്ങൾ. ഒരോ തിരയും ശവങ്ങളെ കരക്കെത്തിക്കുകയാണ്. ക്ഷീണിതരായി നീന്തിക്കയറിയ കുറച്ചുപേരെ കണ്ടു. ആൾതാമസമില്ലാത്ത ദ്വീപ്. പട്ടിണി ഭീകരമായി. വിശപ്പുകാരണം നീന്തിക്കയറിയവരിൽ പലരും മരിച്ചു. കാട്ടുകിഴങ്ങുകളും പച്ചിലയും ഭക്ഷണമാക്കി വിശപ്പടക്കാൻ ജീവനുള്ളവർ ശ്രമിച്ചു. ഇതിനിടയിൽ ചിലർ ശവശരീരങ്ങളിൽ കണ്ണുവച്ചു. കല്ലുരസി തീയുണ്ടാക്കി ശവശരീരങ്ങൾ ചുട്ടു തിന്നാൻ തുടങ്ങി. മനംമടുപ്പുതോന്നിയെങ്കിലും ഇതല്ലാതെ വിശപ്പടക്കാൻ മറ്റു വഴിയൊന്നുമില്ലാത്തതുകൊണ്ട് താനും അവർക്കൊപ്പം ചേർന്നുവെന്ന് സൗദാകർ. വിശപ്പടങ്ങിയെങ്കിലും അത് പലർക്കും ആരോഗ്യപ്രശ്നമായി. ചിലർക്ക് ശരീരമാസകലം നീര് വന്നു വീർത്തു. അവരിൽ പലരും മരിച്ചു. ഇങ്ങനെ പുതിയ ശവങ്ങൾ ലഭ്യമായി. സൗദാകറിന്റെ അഭിപ്രായത്തിൽ മനുഷ്യശരീരത്തിൽ കരളാണ് രുചിയുള്ളത്.

1945 ആഗസ്റ്റ് 4 ന് മൂന്നു ബോട്ടുകളിലായി 600- ഓളം പേരെ ഹാവ്ലോക് ദ്വീപിൽ കൊണ്ടുപോയി. വഴിമധ്യേ  എല്ലാവരോടും കടലിൽ ചാടാൻ    ജപ്പാൻകാർകാർ ആജ്ഞാപിച്ചു. ചാടാത്തവർക്ക് ക്രൂരമായ പ്രഹരവും. / Photo: andamanislands.com
1945 ആഗസ്റ്റ് 4 ന് മൂന്നു ബോട്ടുകളിലായി 600- ഓളം പേരെ ഹാവ്ലോക് ദ്വീപിൽ കൊണ്ടുപോയി. വഴിമധ്യേ എല്ലാവരോടും കടലിൽ ചാടാൻ ജപ്പാൻകാർകാർ ആജ്ഞാപിച്ചു. ചാടാത്തവർക്ക് ക്രൂരമായ പ്രഹരവും. / Photo: andamanislands.com

അവസാനം 12 പേർ അവശേഷിച്ചു. കുറച്ചുനാളുകൾക്കുശേഷം ജപ്പാൻകാർ ഹാവ്ലോക്കിലെത്തി. സൗദാകറും ഗോവർധനും കാട്ടിലൊളിച്ചു. മറ്റു പത്തു പേരെയും കൊണ്ട് ജപ്പാൻകാർ പോയി. കൊല്ലാനായിരിക്കുമെന്നറിയുന്നതു കൊണ്ടാണ് സൗദാകർ ഒളിച്ചത്. സൗദാകറിന്റെ സംശയം ശരിയായിരുന്നു. അവരെ നോർത്ത് ബേയിൽ ഒരിടത്ത് ജപ്പാൻകാർ അടച്ചിട്ടു. വായുലഭ്യത കുറഞ്ഞ ആ മുറിയിൽ കിടന്ന് മരിക്കാനാണ് ജപ്പാൻകാർ അത് ചെയ്തത്. ചുറ്റും ചീഞ്ഞളിഞ്ഞ മനുഷ്യമാംസമല്ലാതെ മറ്റൊന്നുമില്ല. സൗദാകരും ഗോവർധനും മാത്രം ഹാവ്ലോക്കിൽ. ഇലകൾ മാത്രമായി ഭക്ഷണം. പട്ടിണിയും അവശതയും കടുത്തതോടെ ഇനി ജപ്പാൻകാരുടെ തോക്കിനിരയാകാം എന്നവർ തീരുമാനിച്ചു. ഒരു ബോട്ടു കണ്ടപ്പോൾ ഉടുതുണി അഴിച്ചു വീശിക്കാണിച്ചു. ബോട്ട് അടുത്തപ്പോൾ ജപ്പാൻകാരല്ല, ബ്രിട്ടീഷുകാരാണെന്നു മനസിലായി. അപ്പോൾ ജപ്പാൻ ഭരണം അവസാനിച്ചിരുന്നു. ബ്രിട്ടീഷുകാർ അവരെ പോർട്ട് ബ്ലൈറിൽ കൊണ്ടുവന്നു ചികിസിച്ച് ആരോഗ്യം വീണ്ടെടുത്തു. ജപ്പാൻകാർ നോർത്ത് ബേയിൽ അടച്ചിട്ടവരെയും ബ്രിട്ടീഷുകാർ രക്ഷിച്ചു.

സ്വാനുഭവം സൗദാകരിൽനിന്ന് ആദ്യം കേട്ടപ്പോൾ ഞാൻ വിശ്വസിച്ചില്ല. ബ്രിട്ടീഷുകാർ സൗദാകാറിനെ സാക്ഷി മൊഴി പറയാനായി റങ്കൂൺ, മലേഷ്യ, സിങ്കപ്പൂർ എന്നിവിടങ്ങളിൽ കൊണ്ടുപോയിട്ടുണ്ട്, പിന്നീട് ആൻഡമാൻ അധികാരികൾ പോലും അംഗീകരിക്കുന്ന ജീവിച്ചിരിക്കുന്ന അനുഭവസാക്ഷ്യമാണെന്നു ബോധ്യപ്പെട്ടു. 90 വയസു കഴിഞ്ഞ സൗദാകർ കുടുംബമായി ആൻഡമാനിൽ ജീവിക്കുന്നു. സ്വാതന്ത്ര്യ പെൻഷനാണ് വരുമാനം. സൗദാകർ പറയുന്നത് 500 ലേറെപ്പേർ അന്നു ഹാവ്ലോക്കിൽ മരിച്ചിട്ടുണ്ടാകുമെന്നാണ്. കൊന്നവരുടെ കണക്കൊന്നും ജപ്പാൻകാർ രേഖപ്പെടുത്തിയിരുന്നില്ല. സെല്ലുലാർ ജയിലിന്റെ ചിലഭാഗങ്ങൾ ജപ്പാന്റെ ഷെല്ലാക്രമണത്തിൽ തകർന്നപ്പോൾ ഉണ്ടായിരുന്ന ബ്രിട്ടീഷ് രേഖകളും നശിപ്പിക്കുകയാണവർ ചെയ്‌തത്‌.

ജപ്പാൻകാരുമായി ചേർന്നുകൊണ്ടുള്ള നേതാജിയുടെ സ്വാതന്ത്ര്യപാത ആൻഡമാൻ അനുഭവത്തിൽ തികച്ചും പരാജയമായിരുന്നു
ജപ്പാൻകാരുമായി ചേർന്നുകൊണ്ടുള്ള നേതാജിയുടെ സ്വാതന്ത്ര്യപാത ആൻഡമാൻ അനുഭവത്തിൽ തികച്ചും പരാജയമായിരുന്നു

ജപ്പാൻകാർ പൊതുവിൽ ആൻഡമാൻ ജനതയെ പീഢിപ്പിക്കുകയായിരുന്നുവെങ്കിലും, ആൻഡമാൻ ജനസംഖ്യയിൽ അവരുടെ രൂപസാന്നിധ്യം പ്രകടമല്ല എന്നതിനാൽ അവരുടെ ഭാഗത്തുനിന്ന് വൻതോതിലുള്ള ലൈംഗികപീഡനം ഇന്ത്യൻ സ്ത്രീകൾക്ക് ഏറ്റുവാങ്ങേണ്ടിവന്നില്ല എന്നൊരഭിപ്രായമുണ്ട്. ഇതിനു കാരണം കൊറിയൻ , മലയൻ സ്ത്രീകളെ വൻതോതിൽ ഇറക്കുമതി ചെയ്ത് അവരുടെ ലൈംഗികാവശ്യം പൂർത്തീകരിച്ചിരുന്നതുകൊണ്ടാണ്.

ചുരുക്കത്തിൽ, ജപ്പാൻകാരുമായി ചേർന്നുകൊണ്ടുള്ള നേതാജിയുടെ സ്വാതന്ത്ര്യ പാത ആൻഡമാൻ അനുഭവത്തിൽ തികച്ചും പരാജയമായിരുന്നു. നേതാജി പതാക ഉയർത്തിയ ജിം ഖാന മൈതാനം ഇപ്പോൾ നേതാജി സ്റ്റേഡിയം എന്നാണറിയപ്പെടുന്നത്. ആൻഡമാനിൽ വിവിധയിടങ്ങളിൽ ഇപ്പോഴും കാണാവുന്ന ബങ്കറുകൾ ജപ്പാൻകാരുടെ കാലത്തു നിർമിച്ചവയാണ്. അന്യശക്തികളിൽ, പ്രത്യേകിച്ചു ബ്രിട്ടീഷുകാരിൽ നിന്നുള്ള ആക്രമണം ജപ്പാൻകാർ എപ്പോഴും പ്രതീക്ഷിച്ചിരുന്നു. അതുകൊണ്ടാണ് സുരക്ഷിത യുദ്ധതന്ത്രമായി ബങ്കറുകൾ നിർമിച്ചത്. ജപ്പാൻ ഭരണത്തിന്റെ ബാക്കിപത്രമായി അവശേഷിക്കുന്ന ബങ്കറുകൾ മൂന്നര വർഷത്തെ ജപ്പാൻ പീഢിതഭരണത്തെയാണ് ഇന്നും ഓർമിപ്പിക്കുന്നത്.

(തുടരും)


എം. ശ്രീനാഥൻ

ഭാഷാശാസ്ത്രജ്ഞൻ, പ്രഭാഷകൻ, എഴുത്തുകാരൻ. തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിൽ പ്രൊഫസർ. തിയററ്റിക്കൽ ലിംഗ്വിസ്റ്റിക്‌സ്, അപ്ലൈഡ് ലിംഗ്വിസ്റ്റിക്‌സ്, ലിംഗ്വിസ്റ്റിക്‌സ് ആന്ത്രപ്പോളജി, ലാംഗ്വേജ് ആൻറ്​ ജനറ്റിക്‌സ് തുടങ്ങിയവ മേഖലകളിൽ സ്‌പെഷലൈസേഷൻ. മലയാള ഭാഷാചരിത്രം: പുതുവഴികൾ, എ.ആർ. നിഘണ്ടു, Dravidian Tribes & Language, മലയാള ഭാഷാശാസ്ത്രം, കേരള പാണിനീയ വിജ്ഞാനം (ഡോ. സി. സെയ്തലവിക്കൊപ്പം എഡിറ്റർ), ചട്ടമ്പിസ്വാമികളുടെ ജ്ഞാന നവോത്ഥാനം തുടങ്ങിയവ പ്രധാന പുസ്തകങ്ങൾ.

Comments