AI Generated Image

പഥേർ പാഞ്ചലിയിലെ ദാരിദ്ര്യം;
നർഗീസിനോട് നെഹ്റു പറഞ്ഞത്…

‘‘സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ദാരിദ്ര്യത്തെ പ്രമേയമാക്കുന്ന സത്യജിത് റേയുടെ ചിത്രങ്ങൾ നെഹ്റുവിന്റെ ഇന്ത്യയ്ക്ക് വിലങ്ങുതടിയായി നിൽക്കുന്ന ചലച്ചിത്രരേഖകളാണെന്ന് വാദിച്ച സാക്ഷാൽ നർഗീസ് ദത്തിനോട്, ഇന്ത്യയിലെ ദാരിദ്ര്യത്തിന്റെ സഹാനുഭൂതിയോടെയുള്ള ആവിഷ്ക്കാരമാണ് താൻ പഥേർ പാഞ്ചലിയിൽ കാണുന്നത് എന്നാണ് നെഹ്റു പറഞ്ഞത്. ഒറ്റ മാത്രയിൽ കേട്ടാൽ പ്രധാനമന്ത്രിക്ക് കോപം വരാൻ സാധ്യതയുള്ള കമന്റ്; അതും സാക്ഷാൽ നർഗീസ് ദത്തിൽ നിന്ന്’’- ചലച്ചിത്ര ചരി​ത്രത്തിലെ ജവഹർലാൽ നെഹ്റുവിനെ വീണ്ടെടുക്കുന്നു, ഡോ. സെബാസ്റ്റ്യൻ ജോസഫ്. ഇന്ന് നെഹ്റുവിന്റെ 62-ാം ചരമവാർഷികം.

June 26, 1961

My dear Satyajit Ray,

Your letter of the 21st June. I am afraid it will not be possible for me to go to Calcutta for the International Film Festival for Children, much as I would have liked to attend this festival. In all likelihood, I shall be out of India during the first week of September and perhaps later too. I shall be attending a conference in Yugoslavia then. But I send you all my good wishes for this festival.

Yours sincerely,
Jawaharlal Nehru

ഈ ലേഖനത്തിന് ഒരു സിനിമാറ്റിക്ക് തുടക്കമായി, സത്യജിത് റായ്ക്ക് ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു അയച്ച ഒരു കത്തു തന്നെയിരിക്കട്ടെ. ഇത് സാധാരണഗതിയിലുള്ള ആശംസാസന്ദേശമായിരുന്നില്ല. ഒരു അന്താരാഷ്ട്ര സമ്മേളനത്തിനു പോകേണ്ടിവന്നതിനാൽ, സത്യജിത് റായിയുടെ മേൽനോട്ടത്തിൽ നടക്കുന്ന ചിൽഡ്രൻസ് ഫിലിം ഫെസ്റ്റിവൽ കാണാൻ കഴിയില്ലയെന്ന നെഹ്റുവിന്റെ ദുഃഖമായിരുന്നു. ഇതു പൊളി വാക്കല്ലായിരുന്നു എന്ന് നെഹ്റുവിന്റെ ചലച്ചിത്ര രാഷ്ട്രീയം (cinematic politics) തെളിയിക്കുന്ന ചരിത്രരേഖകൾ നമ്മുക്കു മുന്നിലുണ്ട്.

ക്യാമറയ്ക്കു പിന്നിലെ JN

ചരിത്രത്തിൽനിന്ന് ജവഹർലാൽ നെഹ്റുവിനെ വെട്ടിമാറ്റാൻ ശ്രമിക്കുന്ന ഭരണകൂടം. നെഹ്റുവിനെ മാത്രമല്ല, സെക്യുലർ ഇന്ത്യക്കുവേണ്ടി വാദിച്ചവരെയും, പ്രയത്നിച്ചവരെയും വെട്ടിമാറ്റി ‘നവയുഗ’ ഭാരതത്തിനായി ശ്രമിക്കുന്ന വർഗ്ഗീയ പാർട്ടിയുടെ അജണ്ടയ്ക്കുമുന്നിൽ ചലച്ചിത്രത്തിന് നെഞ്ചുവിരിച്ചു നിൽക്കുവാൻ സാധിക്കുമെന്നു തെളിയിച്ച വിജയ് ഉണ്ട് നമുക്കു തൊട്ടുമുന്നിൽ. സ്ക്രീനിൽ തെളിയിച്ചത് രാഷ്ട്രീയത്തിൽ തെളിയിക്കേണ്ടതുണ്ട് വിജയ്ക്ക്. അത് കാലം തെളിയിക്കട്ടെ.

സത്യജിത് റേ, ജവഹർലാൽ നെഹ്റു.
സത്യജിത് റേ, ജവഹർലാൽ നെഹ്റു.

പക്ഷേ, ചരിത്രപരമായി പറയട്ടെ, വിജയ് പ്രതിഭാസത്തിനും വർഷങ്ങൾക്കുമുമ്പ്, കൊളോണിയൽ ഇന്ത്യ ഇന്ത്യയായി മാറിയ കാലഘട്ടത്തിൽ, വർഗ്ഗീയതയെയും ഭരണകൂട സ്വേഛാധിപത്യപ്രവണതയെയും, ചരിത്രത്തിന്റെ പിൻബലത്തിൽ സിക്സർ പറത്തിയ ഒരു ദേശരാഷ്ട്രീയനേതാവ് നമുക്കുണ്ടായിരുന്നു: JN എന്ന രണ്ടക്ഷരം. ഇന്നും ചില ഭരണകൂടങ്ങളെ വെള്ളം കുടിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ രണ്ടക്ഷരം ചില സിനിമാറ്റിക് രാഷ്ട്രനിർമ്മിതികളെ നമുക്കു മുന്നിൽ ചരിത്രപരമായി പ്രതിഷ്ഠിക്കുന്നുണ്ട്; റിയലിൽനിന്ന് റീലിലേക്കൊന്നു തിരിഞ്ഞാൽ ഇതിന്റെ രാഷ്ട്രീയ പ്രസക്തിയും, മൂല്യവും നമുക്കു മനസ്സിലാകും.

നർഗീസ് ദത്തിന്റെ കമന്റ്

നർഗീസ് ദത്ത്, ആ കാലഘട്ടത്തിലെ ലേഡീ സൂപ്പർ സ്റ്റാർ, പഥേർ പാഞ്ചലി കണ്ടശേഷം നടത്തിയ പ്രതികരണം ഒന്ന് പ്രശ്നവൽക്കരിക്കാം. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ദാരിദ്ര്യത്തെ പ്രമേയമാക്കുന്ന സത്യജിത് റേയുടെ ചിത്രങ്ങൾ നെഹ്റുവിന്റെ ഇന്ത്യയ്ക്ക് വിലങ്ങുതടിയായി നിൽക്കുന്ന ചലച്ചിത്രരേഖകളാണെന്ന് വാദിച്ച സാക്ഷാൽ നർഗീസ് ദത്തിനോട്, ഇന്ത്യയിലെ ദാരിദ്ര്യത്തിന്റെ സഹാനുഭൂതിയോടെയുള്ള ആവിഷ്ക്കാരമാണ് താൻ പഥേർ പാഞ്ചലിയിൽ കാണുന്നത് എന്നാണ് നെഹ്റു പറഞ്ഞത്.

ജവഹർലാൽ നെഹ്റുവും നർഗീസ് ദത്തും
ജവഹർലാൽ നെഹ്റുവും നർഗീസ് ദത്തും

ഒറ്റ മാത്രയിൽ കേട്ടാൽ പ്രധാനമന്ത്രിക്ക് കോപം വരാൻ സാധ്യതയുള്ള കമന്റ്; അതും സാക്ഷാൽ നർഗീസ് ദത്തിൽ നിന്ന്. പക്ഷേ, ശാസ്ത്രബോധവും ചരിത്രബോധവും, രസതന്ത്രഭാവനയിൽ വിളങ്ങിച്ചേർന്ന നെഹ്റുവിൽ അത് തെല്ലും ആശങ്കയുണർത്തിയില്ല. അദ്ദേഹത്തിന്റെ ചരിത്ര / ശാസ്ത്രബോധം നർഗീസിന്റെ തീപ്പൊരി പാറിയ കമന്റിനെ തണുപ്പിച്ചു. കലാകാരരുടെ സ്വാതന്ത്ര്യത്തെ മാനിക്കുക മാത്രമല്ല ഇന്ത്യയുടെ പ്രധാനമന്ത്രി ചെയ്തത്, ഇന്ത്യയിലെ ഏറ്റവും രൂക്ഷമായ ദാരിദ്യത്തെ അംഗീകരിക്കുക കൂടിയാണ്. കൂടാതെ കാൻ മേളയിലേക്ക് ഈ ചലച്ചിത്രം പോകണമെന്നും കൂട്ടിച്ചേർത്തു അദ്ദേഹം. കാൻ മേളയിൽ ആദ്യം ജൂറികൾ ഈ ചലച്ചിത്രം കാണാതെ പോകുകയും, പിന്നീട് കണ്ടതിനുശേഷം പ്രശംസകൾ ചൊരിഞ്ഞതും മൂന്നാം ലോക ചലച്ചിത്രത്തിനു കിട്ടിയ അംഗീകാരം കൂടിയായിരുന്നു; നെഹ്റുവിന്റെ ഇന്ത്യയ്ക്കും.

ഇന്ത്യയിൽ ദാരിദ്ര്യമുണ്ടെന്നു പറഞ്ഞതിനുശേഷം, റേയുടെ ചിത്രങ്ങളെ അന്താരാഷ്ട്ര പ്രദർശനങ്ങളിലേക്ക് ശുപാർശ ചെയ്ത നെഹ്റു എന്ന JN ഇന്ത്യയുടെ ചലച്ചിത്ര രാഷ്ട്രീയ ചരിത്രത്തിൽ ഒരു ചിഹ്‌നവിളക്കാണ്. ആ റിയലിലേക്ക്, ഈ റീലിസ്റ്റിക് (റിയലിസ്റ്റിക്കിനെ തൽക്കാലം റീലിസ്റ്റിക്കാക്കി കരുതാം) കാലഘട്ടത്തിൽ ഒന്ന് തിരിഞ്ഞുനോക്കാം.

50- കളിൽ, ദൽഹിയിലെ Delite തിയേറ്ററിൽ സിനിമ കാണുന്ന രാഷ്ട്രപതി ഡോ. രാജേന്ദ്ര പ്രസാദ്, പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു എന്നിവർ. കുട്ടിയായിരുന്ന രാജീവ് ഗാന്ധിയാണ് നെഹ്റുവിനുസമീപം.
50- കളിൽ, ദൽഹിയിലെ Delite തിയേറ്ററിൽ സിനിമ കാണുന്ന രാഷ്ട്രപതി ഡോ. രാജേന്ദ്ര പ്രസാദ്, പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു എന്നിവർ. കുട്ടിയായിരുന്ന രാജീവ് ഗാന്ധിയാണ് നെഹ്റുവിനുസമീപം.

സത്യജിത്തിനെ താങ്കൾക്കറിയാമോ?

മറ്റൊരവസരത്തിൽ ഡോക്യുമെന്ററി / ആർട്ട് ഫിലിമുകൾക്കുള്ള നികുതി കുറയ്ക്കണമെന്ന സത്യജിത് റേയുടെ അപേക്ഷയെ പരാമർശിച്ച് നെഹ്റു മൊറാർജിക്കെഴുതിയ ഒറ്റ കത്തിൽ, അദ്ദേത്തിന്റെ സിനിമാമൂല്യങ്ങളും, ജനാധിപത്യ ബോധ്യങ്ങളും കൃത്യമായി വെളിപ്പെടുന്നുണ്ട്. 1960 മാർച്ച് ഒമ്പതിന് നെഹ്‌റു മൊറാർജിക്കിങ്ങനെ എഴുതി: (മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്):

“എന്റെ പ്രിയപ്പെട്ട മൊറാർജി,

സത്യജിത് റേ ഇന്ന് എന്നെ വന്ന് കണ്ടിരുന്നു. താങ്കൾക്ക് സത്യജിത്തിനെ അറിയാമല്ലോ. അദ്ദേഹം വളരെ മികച്ച നിലവാരമുള്ള ബംഗാളി ചിത്രങ്ങൾ നിർമ്മിക്കുന്ന ആളാണ്. സാധാരണ അർത്ഥത്തിലുള്ള ജനപ്രിയ സിനിമകളല്ല അവയെങ്കിലും, ഫ്രാൻസ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ലോകോത്തര പുരസ്കാരങ്ങൾ അവ നേടുകയുണ്ടായി. മികച്ചതും വിജയകരവുമായ ചിത്രങ്ങൾ ഒരുക്കുന്ന, യഥാർത്ഥ പ്രതിഭയുള്ള ചലച്ചിത്ര നിർമ്മാതാക്കളിൽ ഒരാളായി അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നുണ്ട്.

അദ്ദേഹം എന്നെ കാണാൻ വന്നപ്പോൾ, അദ്ദേഹത്തിന്റെ വിജയങ്ങളിൽ ഞാൻ അദ്ദേഹത്തെ അഭിനന്ദിക്കുകയുണ്ടായി. വാസ്തവത്തിൽ, നമ്മുടെ ചലച്ചിത്ര പുരസ്കാരങ്ങൾക്ക് പുറമെ റിപ്പബ്ലിക് ദിന ബഹുമതികളും നമ്മൾ അദ്ദേഹത്തിന് നൽകിയിട്ടുണ്ട്. റോ ഫിലിമുകൾക്ക് (ഫിലിം റോൾ) പുതുതായി ഏർപ്പെടുത്താൻ ഉദ്ദേശിക്കുന്ന നികുതി, സ്വകാര്യ വിദ്യാഭ്യാസ- ഡോക്യുമെന്ററി ചിത്രങ്ങളുടെയും ബംഗാളി, മറാത്തി തുടങ്ങിയ പ്രാദേശിക സിനിമകളുടെയും നിലനിൽപ്പ് പൂർണ്ണമായും ഇല്ലാതാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഹിന്ദി സിനിമകൾക്ക് കുറച്ചുകൂടി വിപുലമായ വിപണിയുള്ളതിനാൽ, അവയെയും ഇത് ബാധിക്കുമെങ്കിലും ഒരുപക്ഷേ അവ അതിജീവിച്ചേക്കാം.

ചുരുക്കത്തിൽ, കലാമൂല്യമുള്ള ചിത്രങ്ങളും ഡോക്യുമെന്ററികളുമായിരിക്കും ആദ്യം തകരുക; കൂടുതൽ ജനപ്രിയമായതുകൊണ്ട് നിലവാരം കുറഞ്ഞ ചിത്രങ്ങൾക്ക് മാത്രമേ നിലനിൽക്കാൻ സാധിക്കൂ. വാങ്ങുന്ന റോ ഫിലിമുകളുടെ അളവിനെക്കുറിച്ചും അവർക്ക് എടുക്കേണ്ടിവരുന്ന അനേകം കോപ്പികളെക്കുറിച്ചുമുള്ള ചില കണക്കുകൾ അദ്ദേഹം എനിക്ക് നൽകി. വിതരണക്കാരിൽ നിന്ന് ലഭിക്കുന്ന മുൻകൂർ തുക ഉപയോഗിച്ചാണ് അവർ ഇത് ചെയ്തിരുന്നത്, എന്നാൽ ഈ അധിക നികുതി താങ്ങാൻ അവർക്ക് ഒട്ടും സാധിക്കില്ല.

സിനിമകൾക്ക് നികുതി ഏർപ്പെടുത്തിയതിനെ പരിഹസിച്ച് ആർ.കെ. ലക്ഷ്മൺ 1960- ൽ ‘ടൈംസ് ഓഫ് ഇന്ത്യ’യിൽ വരച്ച കാർട്ടൂൺ.
സിനിമകൾക്ക് നികുതി ഏർപ്പെടുത്തിയതിനെ പരിഹസിച്ച് ആർ.കെ. ലക്ഷ്മൺ 1960- ൽ ‘ടൈംസ് ഓഫ് ഇന്ത്യ’യിൽ വരച്ച കാർട്ടൂൺ.

അദ്ദേഹം എന്നോട് പറഞ്ഞ ആ കണക്കുകളിലേക്ക് ഞാൻ കടക്കുന്നില്ല, കാരണം അവ ധനകാര്യ മന്ത്രാലയത്തിന് അയച്ചിട്ടുള്ള നിവേദനത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് ഞാൻ കരുതുന്നത്. എന്നാൽ, നമ്മുടെ സിനിമകളുടെ ഗുണനിലവാരത്തിൽ നാം കൈവരിച്ചുകൊണ്ടിരിക്കുന്ന പടിപടിയായുള്ള പുരോഗതിയെ നമ്മൾ എടുക്കുന്ന ഏതെങ്കിലും നടപടി ബാധിക്കുകയും, മോശം സിനിമകൾ മാത്രം അവശേഷിക്കുകയും ചെയ്യുന്നത് നിർഭാഗ്യകരമായിരിക്കും. ഇത് വളരെ ശ്രദ്ധയോടെ പരിശോധിക്കേണ്ട കാര്യമാണെന്നാണ് എനിക്ക് തോന്നുന്നത്.

നിലവിലെ ഉത്പാദന നിരക്ക് വെച്ചുനോക്കുമ്പോൾ, ഈ നികുതിസ്രോതസ്സിൽ നിന്ന് 75 ലക്ഷം രൂപ ലഭിക്കുമെന്ന നമ്മുടെ ബജറ്റിലെ കണക്കുകൂട്ടൽ വളരെ കുറവാണെന്നും സത്യജിത് റേ എന്നോട് പറയുകയുണ്ടായി. തീർച്ചയായും, നികുതി കാരണം ഉത്പാദനം കുറയുമ്പോൾ അത് മറ്റൊരു കാര്യമാണ്. നിലവിലെ ഉത്പാദനം അനുസരിച്ചാണെങ്കിൽ ഈ കണക്ക് 2 ½ കോടി രൂപ വരെയാകാമെന്നാണ് അദ്ദേഹം കരുതുന്നത്. ഇതിൽ നമുക്ക് ഏതെങ്കിലും ഒരു പ്രത്യേക സംവിധാനം നടപ്പിലാക്കാൻ സാധിക്കുമോ എന്ന് ഞാൻ ആലോചിക്കുകയാണ്; അതായത്, കുറഞ്ഞ എണ്ണം ഫിലിമുകൾ മാത്രം നിർമ്മിക്കുന്നവരെ ഒഴിവാക്കുകയും, കൂടുതൽ ഫിലിമുകൾ നിർമ്മിക്കുന്നതിനനുസരിച്ച് നികുതി നിരക്ക് കൂട്ടുകയും ചെയ്യാം. വലിയ ജനപ്രിയ നിർമ്മാതാക്കൾക്ക് 100 കോപ്പികൾ വരെ എടുക്കേണ്ടി വരാറുണ്ടെന്നാണ് ഞാൻ അറിഞ്ഞത്. എന്നാൽ ചെറിയ നിർമ്മാതാക്കൾക്ക് ഇത് 5 മുതൽ 15 വരെ മാത്രമായിരിക്കും.

കൂടാതെ, വിദ്യാഭ്യാസ ചിത്രങ്ങൾക്കും ഡോക്യുമെന്ററികൾക്കും മറ്റും പ്രത്യേക ഇളവുകൾ നൽകുന്ന കാര്യവും നമുക്ക് പരിഗണിക്കാവുന്നതാണ്.

വിശ്വസ്തതയോടെ,
ജവഹർലാൽ നെഹ്റു”.

‘പഥേർ പാഞ്ചലി’യിൽനിന്ന്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ദാരിദ്ര്യത്തെ പ്രമേയമാക്കുന്ന സത്യജിത് റേയുടെ ചിത്രങ്ങൾ നെഹ്റുവിന്റെ ഇന്ത്യയ്ക്ക് വിലങ്ങുതടിയായി നിൽക്കുന്ന ചലച്ചിത്രരേഖകളാണെന്ന് വാദിച്ച സാക്ഷാൽ നർഗീസ് ദത്തിനോട്, ഇന്ത്യയിലെ ദാരിദ്ര്യത്തിന്റെ സഹാനുഭൂതിയോടെയുള്ള ആവിഷ്ക്കാരമാണ് താൻ പഥേർ പാഞ്ചലിയിൽ കാണുന്നത് എന്നാണ് നെഹ്റു പറഞ്ഞത്.
‘പഥേർ പാഞ്ചലി’യിൽനിന്ന്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ദാരിദ്ര്യത്തെ പ്രമേയമാക്കുന്ന സത്യജിത് റേയുടെ ചിത്രങ്ങൾ നെഹ്റുവിന്റെ ഇന്ത്യയ്ക്ക് വിലങ്ങുതടിയായി നിൽക്കുന്ന ചലച്ചിത്രരേഖകളാണെന്ന് വാദിച്ച സാക്ഷാൽ നർഗീസ് ദത്തിനോട്, ഇന്ത്യയിലെ ദാരിദ്ര്യത്തിന്റെ സഹാനുഭൂതിയോടെയുള്ള ആവിഷ്ക്കാരമാണ് താൻ പഥേർ പാഞ്ചലിയിൽ കാണുന്നത് എന്നാണ് നെഹ്റു പറഞ്ഞത്.

ഈ കത്ത് ഇവിടെ പൂർണ്ണമായി നൽകുന്നത്, അതിലടങ്ങിയ രാഷ്ട്രീയമൂല്യത്തെ അവതരിപ്പിക്കുവാൻ നെഹ്റുവിന്റെ വാക്കുകൾക്കേ സാധിക്കൂ എന്നതിനാലാണ്. തന്നെയുമല്ല, ഈ കത്ത് സൂക്ഷമായി വായിച്ചാൽ, ഒരു വിഷയത്തെ എത്ര ഗൗരവത്തോടെയാണ് നെഹ്റു പഠിക്കുന്നതെന്ന് മനസ്സിലാക്കാം. ഈ കത്തിലുടനീളം കാണുന്നത് ചെറുകിട, പക്ഷേ മഹത്തരമായ ചലച്ചിത്രാവിഷ്ക്കാരങ്ങളോടുള്ള നെഹ്റുവിന്റെ കാഴ്ചപ്പാടാണ്. കൊളോണിയൽ പിടിയിൽനിന്ന് ഇന്ത്യ സ്വതന്ത്ര ദേശരാഷ്ട്രമാകുന്ന പ്രക്രിയയിൽ ചലച്ചിത്രങ്ങൾക്ക് സാംസ്കാരികവും, രാഷ്ട്രീയവുമായി വലിയ പങ്കു വഹിക്കാനാകുമെന്ന് നെഹ്റു മനസ്സിലാക്കിയിരുന്നു.

ഉത്തരവാദിത്വത്തോടു കൂടിയ ചലച്ചിത്ര നിർമ്മാണത്തിന് കോളനീവൽക്കരണത്തിന്റെ നിഴലിൽ നിന്നും, ഭീകരതയിൽ നിന്നും ഇന്ത്യയിലെ ജനങ്ങളെ മോചിപ്പിക്കാനാവുമെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. മുഖ്യധാരാ ഹിന്ദി ചലച്ചിത്രങ്ങൾക്കൊപ്പം പ്രാദേശിക ഭാഷാചിത്രങ്ങൾ വളരണമെന്ന അദ്ദേഹത്തിന്റെ ആശയം, ബഹുസ്വരതയിലൂന്നിയ ജനാധിപത്യബോധത്തിന്റെ നിലപാടിനെ സൂചിപ്പിക്കുന്നു. സ്ക്രീനിൽ തെളിയുന്നതു വെറും പടമല്ലയെന്നും, മറിച്ച്‌, ഇന്ത്യയെ നിർമ്മിക്കുന്നതിനുള്ള സ്ഥലരാശിയാണെന്ന ബോധ്യം നെഹ്റുവിനുണ്ടായിരുന്നു.

സുനിൽ ദത്ത്, സത്യജിത് റേ, നർഗീസ് ദത്ത് (1972).
സുനിൽ ദത്ത്, സത്യജിത് റേ, നർഗീസ് ദത്ത് (1972).

കോടിക്കണക്കിനു വരുന്ന ഇന്ത്യയിലെ പാവപ്പെട്ട മനുഷ്യർ ഇന്ത്യ എന്താണെന്നു കണ്ടറിഞ്ഞത് ചലച്ചിത്രങ്ങളിലൂടെയായിരുന്ന കാലത്ത്, അതിനെ പ്രചരണത്തിനു ഉപയോഗിക്കാൻ നെഹ്റു തയ്യാറായില്ല, മറിച്ച്, ഗൗരവമേറിയ സിനിമാറ്റിക് വിമർശനങ്ങളെ ഉൾക്കൊള്ളാണ് ശ്രമിച്ചത്.

നെഹ്റുവിന് പിടിക്കാത്ത സ്ക്രിപ്റ്റ്

മഹാത്മാഗാന്ധിയെക്കുറിച്ചുള്ള ഒരു ഡോക്യുമെന്ററി ചിത്രത്തിന്റെ തിരക്കഥയെക്കുറിച്ച് ജവഹർലാൽ നെഹ്റു സുമതി മൊറാർജിക്ക് 1963 ഫെബ്രുവരി ഒമ്പതിന് എഴുതിയ ഒരു കത്തുണ്ട്. ഗാന്ധിയെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ വിമർശനാത്മകമായ വിലയിരുത്തലാണ് ഈ കത്തിന്റെ പ്രധാന പ്രമേയം. തിരക്കഥയിലെ കാലഹരണപ്പെട്ട ഭാഷാപ്രയോഗങ്ങളും സന്ദർഭത്തിന് അനുയോജ്യമല്ലാത്ത വാക്കുകളും ഗാന്ധിജിയുടെ വ്യക്തിത്വത്തിന്റെ ആഴവും അന്തസ്സും കുറയ്ക്കുന്നതായി നെഹ്റു ചൂണ്ടിക്കാണിക്കുന്നു. 'വൈഷ്ണവ ആരാധനാക്രമം' (Vaishnava cult) പോലുള്ള പരാമർശങ്ങളും പുസ്തകങ്ങളുടെ ചിത്രങ്ങൾ അമിതമായി ഉപയോഗിച്ചുള്ള ദൃശ്യങ്ങളും വിദേശ പ്രേക്ഷകർക്ക് മനസ്സിലാക്കാൻ ബുദ്ധിമുട്ടായിരിക്കുമെന്നും, അതിനാൽ അന്താരാഷ്ട്രതലത്തിൽ ഈ ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെടാൻ സാധ്യതയില്ലെന്നും അദ്ദേഹം സംശയിക്കുന്നു. താൻ ഒരു ചലച്ചിത്ര വിദഗ്ദ്ധനല്ലെന്ന് വ്യക്തമാക്കുന്ന നെഹ്റു, ഈ തിരക്കഥ കൂടുതൽ മികച്ചതാക്കാൻ സത്യജിത് റേയെപ്പോലുള്ള പ്രശസ്തരായ ചലച്ചിത്ര പ്രവർത്തകരുടെ വിദഗ്ദ്ധോപദേശം തേടുന്നത് നന്നായിരിക്കുമെന്ന് ഈ കത്തിൽ നിർദ്ദേശിക്കുന്നുമുണ്ട്.

ബ്രിട്ടീഷ് ചലച്ചിത്ര നിരൂപകയും ചരിത്രകാരിയും സാംസ്കാരിക പ്രവർത്തകയുമായിരുന്ന മേരി സെറ്റണും സത്യജിത് റേയും. Photo courtesy: The Ray society (Alchetron).
ബ്രിട്ടീഷ് ചലച്ചിത്ര നിരൂപകയും ചരിത്രകാരിയും സാംസ്കാരിക പ്രവർത്തകയുമായിരുന്ന മേരി സെറ്റണും സത്യജിത് റേയും. Photo courtesy: The Ray society (Alchetron).

സത്യജിത് റായ് യുടെ ടാഗോർ ചിത്രം

നെഹ്റു അയച്ച മറ്റൊരു കത്തിൽ, (1961 മാർച്ച് 2) ടാഗോർ ശതാബ്ദിയോടനുബന്ധിച്ച് സത്യജിത് റേയ് സംവിധാനം ചെയ്ത ടാഗോർ ഡോക്കുമെന്ററിയെക്കുറിച്ച് സ്നേഹത്തോടും, ആദരവോടും കൂടിയുള്ള പരാമർശമുണ്ട്. കത്തിന്റെ പരിഭാഷ ഇങ്ങനെയാണ്:

“പ്രിയപ്പെട്ട സത്യജിത് റായ്,

ഫെബ്രുവരി 28-ലെ താങ്കളുടെ കത്ത് ലഭിച്ചു. ടാഗോർ ശതാബ്ദിയോടനുബന്ധിച്ച് താങ്കൾ തയ്യാറാക്കിയ ചിത്രം നാളെ വൈകുന്നേരം കാണാൻ ഞാൻ കാത്തിരിക്കുകയാണ്. ഞാൻ വാർത്താവിനിമയ-പ്രക്ഷേപണമന്ത്രിയുമായി സംസാരിച്ചിരുന്നു. താങ്കളുടെ പൂർണ്ണരൂപത്തിലുള്ള ചിത്രം ഇപ്പോൾ ഇരിക്കുന്നതുപോലെ തന്നെ നിലനിർത്തണമെന്നും, അത് ഇന്ത്യയിൽ സാധ്യമാകുന്നിടത്തെല്ലാം, തീർച്ചയായും വിദേശങ്ങളിലും പ്രദർശിപ്പിക്കുമെന്നും അദ്ദേഹം എന്നോട് പറഞ്ഞു. എന്നാൽ ഇതിനുപുറമെ, ആ ചിത്രത്തിന്റെ ചുരുക്കിയ ഒരു പതിപ്പ് കൂടി വേണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു.

വിശ്വസ്തതയോടെ,
ജവഹർലാൽ നെഹ്‌റു”.

ടാഗോർ ശതാബ്ദിയോടനുബന്ധിച്ച്  സത്യജിത് റേ സംവിധാനം ചെയ്ത ടാഗോറിനെ കുറിച്ചുള്ള ഡോക്യുമെന്ററി നെഹ്റുവിന് ഏറെ ഇഷ്ടപ്പെട്ട രചനയായിരുന്നു.
ടാഗോർ ശതാബ്ദിയോടനുബന്ധിച്ച് സത്യജിത് റേ സംവിധാനം ചെയ്ത ടാഗോറിനെ കുറിച്ചുള്ള ഡോക്യുമെന്ററി നെഹ്റുവിന് ഏറെ ഇഷ്ടപ്പെട്ട രചനയായിരുന്നു.

ചലച്ചിത്രങ്ങളെ ഭയപ്പെടാത്ത നെഹ്റു

സ്വതന്ത്ര ഇന്ത്യയിലെ ആദ്യകാല ഹിന്ദി ചലച്ചിത്രങ്ങൾ നെഹ്റുവിന്റെ ചില നയങ്ങളെ വിമർശിച്ചിട്ടുണ്ട്.

സ്വതന്ത്ര ഇന്ത്യയുടെ അഭിലാഷങ്ങൾ, ആശങ്കകൾ, വിജയങ്ങൾ, വൈരുദ്ധ്യങ്ങൾ എന്നിവയോടൊപ്പം പരിണമിച്ച ഇന്ത്യൻ സിനിമാലോകം, ജവഹർലാൽ നെഹ്‌റുവിനെയും നെഹ്‌റുവിയൻ യുഗത്തെയും ആഘോഷിക്കാനോ തീക്ഷ്ണമായി വിമർശനാത്മകമായി ചോദ്യം ചെയ്യാനോ ഒരിക്കലും മടിച്ചുനിന്നിട്ടില്ല. തിരക്കഥകൾ, ഗാനങ്ങൾ, ദൃശ്യരൂപകങ്ങൾ (visual metaphors), ചലച്ചിത്രതാരങ്ങളുടെ ശരീരഭാഷ എന്നിവയിലൂടെ രാഷ്ട്രം തന്നെത്തന്നെ ഭാവനയിൽ രൂപപ്പെടുത്തിയെടുത്ത ശക്തമായ ഒരു മാധ്യമമായി ചലച്ചിത്രകല മാറി. മദർ ഇന്ത്യ, ബൂട്ട് പോളിഷ്, ദോ ബീഘാ സമീൻ, മുന്ന, പഥേർ പാഞ്ചലി, ബാസി, മിസ്റ്റർ ആൻഡ് മിസിസ് '55, പ്യാസ, നയാ ദൗർ തുടങ്ങിയ ചിത്രങ്ങൾ, കൊളോണിയൽ അനന്തര ഇന്ത്യയിൽ ദൃശ്യപ്പെട്ട ആഴത്തിലുള്ള സാമൂഹിക-സാംസ്കാരിക പരിവർത്തനങ്ങളെ കൂട്ടായി ദൃശ്യവൽക്കരിച്ചവയാണ്.

ഈ ചിത്രങ്ങൾ ഇന്ത്യയുടെ ബഹുസ്വരത, വൈവിധ്യം, ആൺ- പെൺ തരംതിരിവുകൾ, ദാരിദ്ര്യവും സമൃദ്ധിയും, മതേതര അടിത്തറകൾ, അതിലുപരിയായി 'ഇന്ത്യ' എന്ന ആശയത്തെത്തന്നെയും പ്രകാശിപ്പിച്ചു. എന്നിരുന്നാലും, ഇന്ത്യൻ സിനിമ കേവലം ഒരു ആഘോഷാത്മക സ്വഭാവത്തിൽ മാത്രം ഒതുങ്ങിനിന്ന ഒന്നായിരുന്നില്ല. വികസനാധിഷ്ഠിത ദേശീയതയുടെ പരാജയങ്ങളെയും പരിമിതികളെയും ചോദ്യം ചെയ്യുന്ന സവിശേഷമായ സാംസ്കാരിക-വിമർശന വേദിയായി അത് വികസിക്കുകയുണ്ടായി.

വികസനാധിഷ്ഠിത ദേശീയതയുടെ പരാജയങ്ങളെയും പരിമിതികളെയും ചോദ്യം ചെയ്യുന്ന സവിശേഷമായ സാംസ്കാരിക-വിമർശന വേദിയായി ഇന്ത്യൻ സിനിമ വികസിക്കുകയുണ്ടായി. പ്യാസ എന്ന ചിത്രം ആ കാലഘട്ടത്തിലെ ഏറ്റവും വേട്ടയാടുന്ന ചോദ്യങ്ങളിലൊന്ന് ഉയർത്തുകയുണ്ടായി, “നെഹ്‌റൂ, അങ്ങ് ഇപ്പോൾ എവിടെയാണ്?’’.
വികസനാധിഷ്ഠിത ദേശീയതയുടെ പരാജയങ്ങളെയും പരിമിതികളെയും ചോദ്യം ചെയ്യുന്ന സവിശേഷമായ സാംസ്കാരിക-വിമർശന വേദിയായി ഇന്ത്യൻ സിനിമ വികസിക്കുകയുണ്ടായി. പ്യാസ എന്ന ചിത്രം ആ കാലഘട്ടത്തിലെ ഏറ്റവും വേട്ടയാടുന്ന ചോദ്യങ്ങളിലൊന്ന് ഉയർത്തുകയുണ്ടായി, “നെഹ്‌റൂ, അങ്ങ് ഇപ്പോൾ എവിടെയാണ്?’’.

ചില ചിത്രങ്ങൾ നെഹ്‌റുവിയൻ സാമ്പത്തിക നയങ്ങളുടെ പോരായ്മകളെയും പഞ്ചവത്സര പദ്ധതികളിൽ അന്തർലീനമായിരുന്ന വാഗ്ദാനങ്ങളെയും പരസ്യമായിത്തന്നെ വെല്ലുവിളിച്ചു. ഈ പശ്ചാത്തലത്തിൽ, പ്യാസ എന്ന ചിത്രം ആ കാലഘട്ടത്തിലെ ഏറ്റവും വേട്ടയാടുന്ന ചോദ്യങ്ങളിലൊന്ന് ഉയർത്തുകയുണ്ടായി, “നെഹ്‌റൂ, അങ്ങ് ഇപ്പോൾ എവിടെയാണ്?

തങ്ങളുടെ ജനങ്ങളുടെ ജീവിതാവസ്ഥകളിൽ നിന്നും വികസന വാഗ്ദാനങ്ങൾ എത്രത്തോളം അകന്നുപോകുന്നു എന്ന് വിളിച്ചോതിയ, ഒരു രാഷ്ട്രത്തോടുള്ള പ്രതീകാത്മകമായ ചലച്ചിത്രാന്വേഷണമായിരുന്നു അത്.

ചലച്ചിത്രത്തിന്റെ സാംസ്കാരിക ദേശീയത

1950- കളിൽത്തന്നെ ചലച്ചിത്രമെന്നത് കലാരൂപമാണെങ്കിലും, അതിന്റെ വികസനത്തിനാവശ്യമായ സ്ഥാപനങ്ങളെ സൃഷ്ടിക്കുന്നതിൽ നെഹ്റു അതീവ ശ്രദ്ധ ചെലുത്തിയിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഐ.ഐ. റ്റികളും, ശാസ്ത്രീയ ശവേഷണത്തിന് ലബോറട്ടറികളും സ്ഥാപിച്ച അതേ വീര്യത്തോടു കൂടിയാണ് ചലച്ചിത്രനിർമ്മാണത്തിനും, ആശയ വിതരണത്തിനും അത്യന്താപേക്ഷിതമായ സ്ഥാപനങ്ങൾക്ക് നെഹ്റു തുടക്കം കുറിച്ചത്. നെഹ്റുവിന്റെ ശാസ്ത്രബോധം ഉരുത്തിരിഞ്ഞു വന്നത് അദ്ദേഹത്തിന്റെ ചരിത്ര - സാമൂഹിക ബോധത്തിൽ നിന്നുമായതുകൊണ്ട്, പുതിയ ദേശ രാഷ്ട്രത്തിന്റെ നിർമ്മാണത്തിൽ സാംസ്കാരിക പരീക്ഷണശാലകൾ കൂടി വേണമെന്ന സാമൂഹിക ബോധവും തിരിച്ചറിവും അദ്ദേഹത്തിനുണ്ടായിരുന്നു.

1957-ൽ ഇറങ്ങിയ ‘മദർ ഇന്ത്യ’യിൽനിന്ന്: സുനിൽ ദത്ത്, രാജേന്ദ്രകുമാർ, നർഗീസ്.
1957-ൽ ഇറങ്ങിയ ‘മദർ ഇന്ത്യ’യിൽനിന്ന്: സുനിൽ ദത്ത്, രാജേന്ദ്രകുമാർ, നർഗീസ്.

1952-ൽ, ഇന്ത്യയിലെ ആദ്യ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തെ അഭിസംബോധന ചെയ്തുകൊണ്ട് നാഷണൽ ഫിസിക്കൽ ലബോറട്ടറിയിൽ നെഹ്‌റു ഇങ്ങനെ പറഞ്ഞു: “സിനിമ ജനങ്ങളുടെ ജീവിതത്തിൽ ശക്തമായ സ്വാധീനം ചെലുത്തുന്നു. അതിന് അവരെ ശരിയായും തെറ്റായും പഠിപ്പിക്കാൻ കഴിയും... അവർ ജീവിതത്തിൽ കലാപരവും സൗന്ദര്യപരവുമായ മൂല്യങ്ങൾ അവതരിപ്പിക്കുകയും സൗന്ദര്യത്തെ അതിന്റെ എല്ലാ വശങ്ങളിലും വിലമതിക്കാൻ പ്രോത്സാഹിപ്പിക്കുകയും വേണം എന്നാണ് ഞാൻ അർത്ഥമാക്കുന്നത്. കേവലം സെൻസേഷണൽ അല്ലെങ്കിൽ മെലോഡ്രാമാറ്റിക് അല്ലെങ്കിൽ കുറ്റകൃത്യങ്ങളിൽ നിന്ന് മൂലധനം ഉണ്ടാക്കുന്ന സിനിമകൾ പ്രോത്സാഹിപ്പിക്കപ്പെടില്ലെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. നമ്മുടെ സിനിമാവ്യവസായം ഈ ആദർശം അതിനുമുമ്പിൽ നിലനിർത്തിയാൽ, അത് നല്ല അഭിരുചിയെ പ്രോത്സാഹിപ്പിക്കുകയും ഒരു പുതിയ ഇന്ത്യയെ നിർമ്മിക്കുന്നതിലേക്കുള്ള വഴി വെട്ടിതെളിക്കുകയും ചെയ്യും."

അന്താരാഷ്ട്ര ചലച്ചിത്രോത്സവം

ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവം (IFFI) ഉയർന്നുവന്നത് കേവലമൊരു ചലച്ചിത്രമേളയായിട്ടല്ല, മറിച്ച്, പുതുതായി സ്വാതന്ത്ര്യം നേടിയ ഇന്ത്യയുടെയും നെഹ്‌റുവിയൻ രാഷ്ട്രീയ സങ്കൽപ്പങ്ങളുടെയും സാംസ്കാരിക പ്രകടനമായിട്ടായിരുന്നു. ഇന്ത്യയുടെ പൊതുമണ്ഡലത്തിൽ സോഷ്യലിസ്റ്റ് ആശയങ്ങൾക്ക് കൂടുതൽ സ്വാധീനമുണ്ടാകാൻ തുടങ്ങിയ ഒരു കാലഘട്ടത്തിലാണ് ഇത് സംഘടിപ്പിക്കപ്പെട്ടത്. അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങൾ യൂറോപ്പിൽ മാത്രമായി ഒതുങ്ങിനിന്നിരുന്ന ഒരു കാലത്ത്, ഒരു മൂന്നാം ലോക രാജ്യമെന്ന നിലയിൽ ഇത്തരമൊരു പരിപാടിക്ക് ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ തീരുമാനം ആഗോള സാംസ്കാരിക രാഷ്ട്രീയത്തിൽ തന്നെ ശ്രദ്ധേയമായ ഒരു പ്രഖ്യാപനമായി മാറി. ഈ സംരംഭത്തിന് പിന്നിൽ ജവഹർലാൽ നെഹ്‌റുവിന്റെ ചേരിചേരാ നയത്തെക്കുറിച്ചുള്ള കാഴ്ചപ്പാടും സാംസ്കാരിക ആധുനികതയും ഉണ്ടായിരുന്നു. ഇക്കാരണത്താൽ തന്നെ, നെഹ്‌റുവിന്റെ സോഷ്യലിസ്റ്റ് ചായ്‌വുകളെ ഏറെ സംശയത്തോടെ വീക്ഷിച്ചിരുന്ന അമേരിക്ക, ഈ മേളയെ കമ്മ്യൂണിസ്റ്റുകാരുടെ ഒരു "കുതന്ത്രം" ആയിട്ടാണ് വിലയിരുത്തിയത്.

1952- ൽ ആദ്യ അന്താരാഷ്ട്ര ചലച്ചിത്രമേള ഉദ്ഘാടനം ചെയ്തശേഷം, ഇന്ത്യൻ, വിദേശ ചലച്ചിത്ര പ്രവർത്തകർക്കൊപ്പം  ജവഹർലാൽ നെഹ്‌റു.
1952- ൽ ആദ്യ അന്താരാഷ്ട്ര ചലച്ചിത്രമേള ഉദ്ഘാടനം ചെയ്തശേഷം, ഇന്ത്യൻ, വിദേശ ചലച്ചിത്ര പ്രവർത്തകർക്കൊപ്പം ജവഹർലാൽ നെഹ്‌റു.

എന്നിരുന്നാലും, ചരിത്രം മറ്റൊന്നാണ് നമുക്ക് കാണിച്ചുതന്നത്. യൂറോപ്യൻ, അമേരിക്കൻ, സോവിയറ്റ് ചിത്രങ്ങളെ ഒരൊറ്റ വേദിയിൽ എത്തിച്ചതിലൂടെ, ഈ ചലച്ചിത്രോത്സവം വിപ്ലവകരമായ ആശയവിനിമയങ്ങൾക്കും കലാപരമായ കൈമാറ്റങ്ങൾക്കുമുള്ള സവിശേഷമായ ഒരു കേന്ദ്രമായി പരിണമിച്ചു. പ്രത്യേകിച്ചും, 'ബൈസിക്കിൾ തീവ്സ്' (Bicycle Thieves) പോലുള്ള ഇറ്റാലിയൻ നിയോറിയലിസ്റ്റ് ചിത്രങ്ങൾ, പുതിയൊരു ദൃശ്യഭാഷയും സാമൂഹിക യാഥാർത്ഥ്യങ്ങളിൽ അധിഷ്ഠിതമായ സിനിമാക്കാഴ്ചകളും പരിചയപ്പെടുത്തിക്കൊണ്ട് വളർന്നുവരുന്ന ഇന്ത്യൻ ചലച്ചിത്രപ്രവർത്തകരെ ആഴത്തിൽ സ്വാധീനിച്ചു. ഈ സമ്പർക്കങ്ങളുടെ സ്വാധീനം പിന്നീട് സത്യജിത് റേയെപ്പോലുള്ള സംവിധായകരുടെ സൃഷ്ടികളിലും ഇന്ത്യയിലെ പാരലൽ സിനിമ (സമാന്തര സിനിമ) പ്രസ്ഥാനവുമായി ബന്ധപ്പെട്ട മറ്റ് നിരവധി ചലച്ചിത്രപ്രവർത്തകരിലും പ്രകടമായി കാണാമായിരുന്നു.

സിനിമാനയം

1949- ൽ ഫിലിം എൻക്വയറി കമ്മിറ്റി (FEC) യെ നിയമിച്ചായിരുന്നു സ്വതന്ത്ര ഇന്ത്യയിലെ ചലച്ചിത്ര വികസനത്തിനുവേണ്ട നയങ്ങൾ നെഹ്റു രൂപപ്പെടുത്തുവാൻ തുടങ്ങിയത്. ഇതേതുടർന്ന്, 1955-ൽ ദേശീയ ചലച്ചിത്ര സെമിനാർ 1955 ൽ സംഘടിപ്പിച്ചു. സാധാരണക്കാരായ മിടുക്കരായ ചലച്ചിത്രമോഹികളെ സാമ്പത്തികമായി സഹായിക്കാനും, വാണിജ്യ സിനിമകൾക്കൊപ്പം സമാന്തര, കലാമൂല്യമുള്ള ആർട് ഫിലിമുകൾ നിർമ്മിക്കുവാനുമാണ് 1960-ൽ കോർപ്പറേഷൻ സ്ഥാപിച്ചത്.

1960- ൽ സ്ഥാപിതമായ ഫിലിം ആൻ്റ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (FTII) ഇന്ത്യയിലെ ചലച്ചിത്ര രംഗത്ത് വിദഗ്ധരെ വാർത്തെടുക്കുന്ന ദൗത്യമാണ് നിർവഹിച്ചത്.
1960- ൽ സ്ഥാപിതമായ ഫിലിം ആൻ്റ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (FTII) ഇന്ത്യയിലെ ചലച്ചിത്ര രംഗത്ത് വിദഗ്ധരെ വാർത്തെടുക്കുന്ന ദൗത്യമാണ് നിർവഹിച്ചത്.

സമാന്തരസിനിമയുടെ അദ്ഭുതകരമായ വളർച്ച കണ്ട രാജ്യം, ലോകപ്രശസ്തരായ സംവിധായകന്മാരെ വാർത്തെടുക്കുന്നതിലും ഈ ധനസഹായം കാരണമായി മാറി. സത്യജിത് റായയും, അടൂർ ഗോപാലകൃഷ്ണനുമടക്കമുള്ള ചലച്ചിത്ര സംവിധായകർക്ക് വളരാൻ പറ്റിയ സാഹചര്യമാണ് അന്ന് രാജ്യത്ത് സംജാതമായത്. തുടർന്ന്, 1960- ൽ സ്ഥാപിതമായ ഫിലിം ആൻ്റ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (FTII) ഇന്ത്യയിലെ ചലച്ചിത്ര രംഗത്ത് വിദഗ്ധരെ വാർത്തെടുക്കുന്ന ദൗത്യമാണ് നിർവഹിച്ചത്. കലാപരമായും, സാങ്കേതികപരമായും ചലച്ചിത്ര രംഗത്തിന്റെ വികസത്തിന് അനിവാര്യമായ പ്രതിഭാശാലികളെയും, വിദഗ്ധരെയും പരിശീലിപ്പിക്കുന്ന ചലച്ചിത്ര കളരിയായി FTII (Pune) മാറി. ഒരു ചലച്ചിത്ര സംസ്കാരം നിർമ്മിക്കുന്നതിനായുള്ള സംരംഭം മാത്രമായിരുന്നില്ല നെഹ്റുവിന്റെ ആശയം. കൊളോണിയൽ/ ഫ്യൂഡൽ സംസ്കാരത്തിൽ നിന്നുള്ള വിമോചനത്തിനും, ആധുനികതയുടെ ലോക സംസ്കാരത്തിലേക്കുള്ള കുടമാറ്റത്തിന് (paradigm shift) ചലച്ചിത്രങ്ങൾക്ക് സ്തുത്യർഹമായ പങ്കുവഹിക്കാനുണ്ടെന്നുളള ബോധ്യം നെഹ്റു എന്ന ഇന്ത്യയുടെ അന്താരാഷ്ട്ര വിദഗ്ധൻ കൂടിയായ നെഹ്റുവിനുണ്ടായിരുന്നു. ജാതി വെറിയും, മേൽ കീഴ് ചൂഷണ വ്യവസ്ഥയും കൊടികുത്തി വാണിരുന്ന ദേശ രാഷ്ട്രത്തിന്റെ വിമോചനത്തിന് ആവശ്യമായ സാംസ്കാരിക ശക്തി നിർമ്മിക്കേണ്ടത് സാധാരണ ജനങ്ങളുടെ ഇടയിലായതു കൊണ്ട്, അത്തംത്തിലുള്ള വ്യവസ്ഥകൾക്കെതിരേയുള്ള പ്രമേയങ്ങളായിരുന്നു അക്കാലത്തെ മിക്ക ഹിന്ദി ചലച്ചിത്രങ്ങളും ദൃശ്യാവിഷ്ക്കാരം നടത്തിയത്.

സിനിമാറ്റിക് സാംസ്കാരിക മണ്ഡലം

ഇന്ത്യയുടെ ആധുനികതയിലേക്കുള്ള പരിവർത്തനത്തിൽ സാംസ്കാരിക മണ്ഡലത്തിന്, പ്രത്യേകിച്ച് ചലച്ചിത്രശാഖയ്ക്ക്, നിർണ്ണായക പങ്കുണ്ടായിരുന്നു. ആധുനിക സംസ്കാരത്തിന്റെ അടിസ്ഥാനശിലകളിലൊന്നായ വ്യക്തിസ്വാതന്ത്ര്യത്തിന് പരമാവധി പ്രാധാന്യം കൽപ്പിച്ച ഒരു ഭരണാധികാരിയായിരുന്നു ജവഹർലാൽ നെഹ്റു. നെഹ്റുവിയൻ കാലഘട്ടത്തിൽ ഇന്ത്യയിലെ നഗര- ഗ്രാമ വ്യത്യാസമന്യേ ഉയർന്നുവന്ന ഫിലിം ക്ലബ്ബുകളും ഫിലിം സൊസൈറ്റികളും സാധാരണ പൗരർക്കിടയിൽ ആധുനിക കലാബോധം വ്യാപിപ്പിക്കുന്നതിൽ വലിയൊരു സാംസ്കാരിക ചലനം തന്നെ സൃഷ്ടിച്ചു. അങ്ങനെ, പുതിയ സാമൂഹികഭാവനകളും ബൗദ്ധിക സംവാദങ്ങളും സൗന്ദര്യാത്മകബോധവും സമൂഹത്തിലെ ബഹുഭൂരിപക്ഷം ജനവിഭാഗങ്ങളിലേക്കും എത്തിച്ചേരുന്ന പ്രമുഖ ജനാധിപത്യ വേദിയായി സിനിമ പരിണമിച്ചു.

ഇന്ത്യയുടെ ആധുനികതയിലേക്കുള്ള പരിവർത്തനത്തിൽ സാംസ്കാരിക മണ്ഡലത്തിന്, പ്രത്യേകിച്ച് ചലച്ചിത്രശാഖയ്ക്ക്, നിർണ്ണായക പങ്കുണ്ടായിരുന്നു. ആധുനിക സംസ്കാരത്തിന്റെ അടിസ്ഥാനശിലകളിലൊന്നായ വ്യക്തിസ്വാതന്ത്ര്യത്തിന് പരമാവധി പ്രാധാന്യം കൽപ്പിച്ച ഭരണാധികാരിയായിരുന്നു ജവഹർലാൽ നെഹ്റു.
ഇന്ത്യയുടെ ആധുനികതയിലേക്കുള്ള പരിവർത്തനത്തിൽ സാംസ്കാരിക മണ്ഡലത്തിന്, പ്രത്യേകിച്ച് ചലച്ചിത്രശാഖയ്ക്ക്, നിർണ്ണായക പങ്കുണ്ടായിരുന്നു. ആധുനിക സംസ്കാരത്തിന്റെ അടിസ്ഥാനശിലകളിലൊന്നായ വ്യക്തിസ്വാതന്ത്ര്യത്തിന് പരമാവധി പ്രാധാന്യം കൽപ്പിച്ച ഭരണാധികാരിയായിരുന്നു ജവഹർലാൽ നെഹ്റു.

ഈ പരിവർത്തന പ്രക്രിയയിൽ ശ്രദ്ധേയമായ സാന്നിധ്യമായിരുന്നു നെഹ്റുവിന്റെ ഭരണകാലത്ത് ഇന്ത്യ സന്ദർശിച്ച പ്രശസ്ത ബ്രിട്ടീഷ് ചലച്ചിത്ര നിരൂപകയും ചരിത്രകാരിയും സാംസ്കാരിക പ്രവർത്തകയുമായിരുന്ന മേരി സെറ്റൺ. ഒരു നിശ്ചിത കാലയളവിൽ നെഹ്റുവിന്റെ ഔദ്യോഗിക വസതിയായ തീൻമൂർത്തി ഭവനിലായിരുന്നു അവർ താമസിച്ചിരുന്നത്. ഇന്ത്യയിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തെ പ്രചോദിപ്പിക്കുന്നതിലും ശക്തിപ്പെടുത്തുന്നതിലും മേരി സെറ്റൺ വഹിച്ച പങ്ക്, നെഹ്റുവിനുണ്ടായിരുന്ന അന്താരാഷ്ട്ര ബൗദ്ധിക-സാംസ്കാരിക ബന്ധങ്ങളുടെ ആഴം വെളിപ്പെടുത്തുന്നതാണ്. ഇതേ കാലയളവിൽ ശാസ്ത്രം, സാമ്പത്തികശാസ്ത്രം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലും ആഗോള വിദഗ്ദ്ധരുമായുള്ള ഇത്തരം സഹകരണങ്ങൾ പ്രോത്സാഹിപ്പിക്കപ്പെട്ടിരുന്നു. ഇത് നെഹ്റു എന്ന നേതാവിന്റെ വ്യക്തിപരമായ ബൗദ്ധിക ആകർഷണീയതയെയും സ്വതന്ത്ര ഇന്ത്യയുടെ രൂപീകരണത്തെ നയിച്ച ജനാധിപത്യപരമായ സാംസ്കാരിക മുന്നേറ്റത്തെയുമാണ് സൂചിപ്പിക്കുന്നത്.

രാജ്യത്തുടനീളം സംഘടിപ്പിക്കപ്പെട്ട സഞ്ചരിക്കുന്ന ചലച്ചിത്ര പ്രദർശനങ്ങളും അവയെത്തുടർന്നുണ്ടായ പൊതുസംവാദങ്ങളും ചർച്ചകളും സിനിമയുടെ സാമൂഹിക സ്വാധീനം കൂടുതൽ വിപുലമാക്കി. ഈ താൽക്കാലിക ചലച്ചിത്ര പ്രദർശനങ്ങൾ വ്യത്യസ്ത സാമൂഹിക പശ്ചാത്തലങ്ങളിൽ നിന്നുള്ള പ്രേക്ഷകർക്ക് സാമൂഹികനീതി, മനുഷ്യാന്തസ്സ്, സാംസ്കാരിക വിമോചനം തുടങ്ങിയ ആശയങ്ങളെ പരിചയപ്പെടുത്തി. ഈ അർത്ഥത്തിൽ, നെഹ്റുവിയൻ ഇന്ത്യയിൽ സിനിമ എന്നത് കേവലം ഒരു വിനോദ വ്യവസായം എന്നതിലുപരി, പൊതുജനബോധത്തെ പുനർനിർമ്മിക്കാൻ ശേഷിയുള്ള ഒരു വിദ്യാഭ്യാസപരവും ജനാധിപത്യപരവുമായ സാംസ്കാരിക സ്ഥാപനമായി മാറുകയായിരുന്നു. ഇതായിരുന്നു നെഹ്റു മൊറാർജിക്കയച്ച കത്തിൽ അവസാന ഭാഗത്തായി എഴുതിയത്.

ചലച്ചിത്ര ചരിത്രത്തിലെ ശുഭം…

നെഹ്റുവിനെ സംബന്ധിച്ച്, രാഷ്ട്രീയം എന്നത് ഇന്ത്യയുടെ സാംസ്കാരിക ബഹുമുഖ, ബഹുസ്വര, ബഹു വീക്ഷണങ്ങളുടെ സമന്വയിപ്പിക്കലായിരുന്നു. ഇതിൽ ചലച്ചിത്രങ്ങൾ വഹിക്കുന്ന പങ്ക് നന്നായി അറിയാവുന്ന നെഹ്റു, അതിനെ രാഷ്ട്ര നിർമ്മിതിക്കായി ഉപയോഗിക്കുന്ന രീതിശാസ്ത്രത്തെ ഒരു കലാകാരനായിത്തന്നെ കാണാൻ ശ്രമിച്ചു. ‘വളരെ വർഷങ്ങൾക്കു മുമ്പേ ഞങ്ങൾ വിധിയുമായി സമാഗമം നടത്തി’യെന്ന അർദ്ധരാത്രിയിലെ വാക്കുകളെ ഏതു സിനിമാസ്ക്രിപ്റ്റിനാണ് തോൽപ്പിക്കാൻ പറ്റുക.

‘‘The woods are lovely, dark and deep,
But I have promises to keep,
And miles to go before I sleep,
And miles to go before I sleep”.

റോബർട്ട് ഫ്രോസ്റ്റിന്റെ ഈ വരികൾ റീലിസ്റ്റിക് / റിയലിസ്റ്റിക് ഭാവനയുള്ള ഒരു ഹൃദയമനസ്സിനെ എത്രയധികം സ്വാധീനിച്ചിരിക്കണം? ഇവിടെയാണ് കലാഹൃദയമുള്ള ഒരു നേതാവ് വെറു പതിനേഴ് വർഷങ്ങൾക്കുള്ളിൽ ഇന്ത്യയ്ക്കുവേണ്ട ചലച്ചിത്ര ആ വിഷ്ക്കാര സ്വാതന്ത്ര്യത്തിനും, ഭാവനാ ക്രിയാത്മകതയ്ക്കും അടിത്തറ പാകി, അതിനു തക്ക സ്ഥാപനങ്ങളേ നിർമ്മിച്ചെടുത്തത്. നെഹ്റു മറ്റൊരു വ്യക്തിയായിരുന്നെങ്കിൽ ഇന്ത്യ മറ്റൊരു രാജ്യമാകുമായിരുന്നുവെന്ന വാക്കുകൾ എത്രമാത്രം വാസ്തവമായിരുന്നുവെന്ന തിരിച്ചറിയൽ കാലം തെളിയിക്കുന്നു.

References:

Selected Works of Jawaharlal Nehru, Second Series, Vol. 67, pp. 284, The Nehru Archive.

Selected Works of Jawaharlal Nehru, Second Series, Vol. 81, pp. 418-419, The Nehru Archive.

Selected Works of Jawaharlal Nehru, Second Series, Vol. 58, pp. 236-237, The Nehru Archive.

Comments