19-ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയോടെയാണ് ഇന്ത്യയിൽ ഫോട്ടോഗ്രാഫി വളർന്നുവരാൻ തുടങ്ങിയത്. അതിനുമുമ്പ്, 18-ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ, ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെ ഭരണപരമായ ആവശ്യങ്ങൾക്കായി ഇന്ത്യയുടെ വിസ്തൃതമായ ഭൂപ്രദേശങ്ങളെയും അതിലെ ജീവജാലങ്ങളെയും വസ്തുക്കളെയും ചിത്രങ്ങളിലൂടെ അടയാളപ്പെടുത്താൻ തുടങ്ങിയത് യൂറോപ്യൻ- ഇന്ത്യൻ ചിത്രകാരന്മാരായിരുന്നു.
1850-കൾ മുതൽ ഭരണാവശ്യങ്ങൾക്കായി-പ്രധാനമായും റവന്യൂ, മിലിട്ടറി രംഗങ്ങളിൽ-ഫോട്ടോഗ്രാഫി ഉപയോഗിച്ചുതുടങ്ങി. 1854-ൽ ഫോട്ടോഗ്രാഫർമാരുടെ സംഘടനയായ 'ഫോട്ടോഗ്രഫിക് സൊസൈറ്റി ഓഫ് ബോംബെ'യും, തുടർന്ന് 1856-ൽ 'ഫോട്ടോഗ്രാഫിക് സൊസൈറ്റി ഓഫ് കൽക്കട്ട'യും, 1857-ൽ 'ഫോട്ടോഗ്രാഫിക് സൊസൈറ്റി ഓഫ് മദ്രാസും' രൂപംകൊണ്ടത് ഈ മേഖലയിലുണ്ടായ ദ്രുതഗതിയിലുള്ള വളർച്ചയെ വ്യക്തമാക്കുന്നുണ്ട്.
1860-കളുടെ അവസാനത്തിൽ പ്രസിദ്ധീകരണമാരംഭിച്ച, നിരവധി വോള്യങ്ങളുള്ള 'The People of India' എന്ന ഗ്രന്ഥം, ഫോട്ടോഗ്രാഫിയുടെ ഉപയോഗത്തിൽ ബ്രിട്ടീഷ് സർക്കാരിനുണ്ടായിരുന്ന താല്പര്യങ്ങളെ വെളിപ്പെടുത്തുന്നു. കോളനിവാഴ്ചക്കാലത്തെ ക്യാമറകൾ മിക്കതും മനുഷ്യരുടെ യഥാർത്ഥ ജീവിതത്തെ ഒപ്പിയെടുക്കുന്നതിനുപകരം, അവരെ വെറും പ്രദർശനവസ്തുക്കളെപ്പോലെ പകർത്തുകയാണ് ചെയ്തത്. 1872-ലെ 'Indian Evidence Act' പ്രകാരം ഫോട്ടോഗ്രാഫുകൾ ഒരു യഥാർത്ഥ രേഖയുടെയോ സംഭവസ്ഥലത്തിന്റെയോ 'ദ്വിതീയ തെളിവ്' (secondary evidence) ആയി അംഗീകരിക്കപ്പെട്ടത് ഫോട്ടോഗ്രാഫിക്ക് ലഭിച്ച നിയമപരമായ അംഗീകാരമായിരുന്നു.
ഭരണപരമായ ആവശ്യങ്ങൾക്കായുള്ള ഫോട്ടോഗ്രാഫിയിൽ നിന്ന് വ്യക്തി- കുടുംബ ഫോട്ടോഗ്രാഫിയിലേക്കുള്ള മാറ്റം 1870-കളോടെയാണ് ദൃശ്യമാകുന്നത്. ആദ്യകാലങ്ങളിൽ സമ്പന്ന കുടുംബങ്ങളും ബ്രിട്ടീഷ് ഉദ്യോഗസ്ഥരുമായിരുന്നു ഈ രംഗത്തേക്ക് പ്രധാനമായും കടന്നുവന്നത്. ഇതിന്റെ ഫലമായി ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിൽ ഫോട്ടോ സ്റ്റുഡിയോകൾ സ്ഥാപിക്കപ്പെട്ടു. 19-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ യൂറോപ്യൻ ഫോട്ടോഗ്രാഫർമാർ ഇന്ത്യയിലെ വിവിധ പട്ടണങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ തുടങ്ങി. അച്ചടിരംഗത്തുണ്ടായ പുരോഗതിയോടെ- പ്രധാനമായും ഹാഫ്-ടോൺ ബ്ലോക്ക് (halftone block) പ്രിന്റിങ് സാങ്കേതികവിദ്യയുടെ വരവോടെ- പുസ്തകങ്ങളിലും പത്രങ്ങളിലും ഫോട്ടോകൾ അച്ചടിച്ചുവരാനും തുടങ്ങി. 19-ാം നൂറ്റാണ്ടിന്റെ അവസാനത്തിലും 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലുമായി രാജാ രവിവർമ്മയും ദാദാസാഹേബ് ഫാൽക്കെയും പരമ്പരാഗത ചിത്രകലയെയും ദൃശ്യാവിഷ്കാരങ്ങളെയും ആധുനിക അച്ചടി, ഫോട്ടോഗ്രാഫി, ചലച്ചിത്ര സാങ്കേതികവിദ്യകളുമായി സമന്വയിപ്പിച്ച് ഇന്ത്യൻ ദൃശ്യസംസ്കാരത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിച്ചു. വൈകാതെ തന്നെ, സമൂഹത്തിന്റെ സാമൂഹിക-സാംസ്കാരിക ജീവിതത്തെ അടയാളപ്പെടുത്തുന്ന ഒരു പ്രധാന മാധ്യമമായി ഫോട്ടോഗ്രാഫി വളർന്നുവന്നു.
19-ാം നൂറ്റാണ്ടിന്റെ അവസാനം മുതൽക്കുതന്നെ നെഹ്‌റു കുടുംബം ഫോട്ടോഗ്രാഫിയുടെ ഭാഗമായിരുന്നു. അവരുടെ ആദ്യകാല ചിത്രങ്ങളിൽ കൊളോണിയൽ / പാശ്ചാത്യ ഫോട്ടോഗ്രാഫർമാരുടെ സ്വാധീനം വ്യക്തമായി കാണാം.
നെഹ്റു എന്ന ഫോട്ടോഗ്രാഫ്
ഫോട്ടോഗ്രാഫിയിൽ കുടുംബചിത്രങ്ങൾക്ക് പ്രചാരമേറിവരുന്ന കാലത്താണ് ജവഹർലാൽ നെഹ്‌റു ജനിച്ചത്. അതുപോലെ, അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്ന കാലഘട്ടത്തിലാണ് ഇന്ത്യയിൽ ഫോട്ടോ ജേണലിസവും പുരോഗമിക്കുന്നത്. പിൽക്കാലത്ത് ലോകത്തിൽ ഏറ്റവും കൂടുതൽ ഫോട്ടോഗ്രാഫ് ചെയ്യപ്പെട്ട വ്യക്തികളിൽ ഒരാളായി അദ്ദേഹം മാറി. നെഹ്‌റുവിന്റെ വ്യക്തിത്വത്തിലെ ഏറ്റവും ശ്രദ്ധേയമായ, എന്നാൽ പലപ്പോഴും വേണ്ടത്ര ചർച്ച ചെയ്യപ്പെടാത്ത ഒരു വശമാണ് അദ്ദേഹത്തിന് ഫോട്ടോഗ്രാഫിയിലുണ്ടായിരുന്ന താൽപ്പര്യം. ക്യാമറകളെക്കുറിച്ച് മികച്ച സാങ്കേതിക പരിജ്ഞാനം അദ്ദേഹത്തിനുണ്ടായിരുന്നു. ക്യാമറയ്ക്ക് മുന്നിൽ താൻ എങ്ങനെ ചിത്രീകരിക്കപ്പെടണമെന്നതിലും, തന്റെ ചിത്രങ്ങൾ എന്തുതരം സന്ദേശമാണ് നൽകേണ്ടതെന്നതിലും അദ്ദേഹം അതീവ ജാഗ്രത പുലർത്തിയിരുന്നു.
കുട്ടിക്കാലം മുതൽക്കേ ക്യാമറയ്ക്കുമുന്നിൽ എത്തിയിട്ടുണ്ടെങ്കിലും, ഇംഗ്ലണ്ടിലെ പഠനകാലത്താണ് ഫോട്ടോഗ്രാഫിയിലുണ്ടായ സാങ്കേതിക വളർച്ചയിലും ശൈലീമാറ്റങ്ങളിലും അദ്ദേഹം താത്പര്യം കാണിച്ചുതുടങ്ങിയത്. പഠനകാലത്തുതന്നെ ഇംഗ്ലണ്ടിലെ പ്രശസ്തരായ ഫോട്ടോഗ്രാഫർമാരുമായി ജവഹർലാൽ ബന്ധപ്പെട്ടിരുന്നതായി കാണാം. പിൽക്കാലത്ത് കുടുംബത്തോടൊപ്പമുള്ള യാത്രകൾ, പ്രകൃതിദൃശ്യങ്ങൾ, ചരിത്രപ്രധാനമായ സ്ഥലങ്ങൾ എന്നിവ പകർത്താൻ നെഹ്‌റു പലപ്പോഴും ക്യാമറ കൂടെ കരുതി. കൊളോണിയൽ ആധുനികത, ദേശീയ പ്രസ്ഥാനം, സ്വതന്ത്ര ഇന്ത്യയുടെ വികസന പദ്ധതികൾ, നയതന്ത്ര ദൗത്യങ്ങൾ തുടങ്ങി നിരവധി ചരിത്രവഴികൾ നെഹ്‌റുവിന്റെ ചിത്രങ്ങളിലുണ്ടായിരുന്നു. നെഹ്‌റുവിന്റെ ചിത്രങ്ങൾ വെറുമൊരു കുടുംബ ആൽബം മാത്രമല്ല; അത് കൊളോണിയൽ കാലഘട്ടത്തിൽ നിന്ന് ആധുനിക ഇന്ത്യയിലേക്കുള്ള മാറ്റത്തിന്റെ ഒരു ദൃശ്യചരിത്രം (Visual History) കൂടിയാണ്.
19-ാം നൂറ്റാണ്ടിന്റെ അവസാനം നെഹ്‌റു കുടുംബത്തിന്റെ കേന്ദ്രമായിരുന്ന അലഹബാദിൽ ഫോട്ടോഗ്രാഫി എങ്ങനെയാണ് വളർന്നുവന്നത് എന്നതിനെക്കുറിച്ച് ഇപ്പോഴും കാര്യമായ പഠനങ്ങൾ നടന്നിട്ടില്ല. അക്കാലത്തെ അലഹബാദിലെ ഫോട്ടോഗ്രാഫർമാർ ആരൊക്കെയായിരുന്നുവെന്നോ, ഏതുതരം ക്യാമറകളാണ് അവർ ഉപയോഗിച്ചിരുന്നതെന്നോ ഉള്ള കാര്യത്തിൽ കൃത്യമായ വിവരങ്ങളില്ല.
എന്നാൽ, ഇതേ കാലഘട്ടത്തിൽ ലഖ്നൗവിലും കൽക്കട്ടയിലും പ്രശസ്തരായ പല ഫോട്ടോഗ്രാഫർമാരും താമസിക്കുകയും സ്റ്റുഡിയോകൾ സ്ഥാപിക്കുകയും ചെയ്തിരുന്നു. സാമുവൽ ബോൺ, ഫെലിസ് ബീറ്റോ തുടങ്ങിയ യൂറോപ്യന്മാരും, ലാലാ ദീൻ ദയാലിനെപ്പോലെയുള്ള തദ്ദേശീയരും വടക്കേ ഇന്ത്യയിലെ ഫോട്ടോഗ്രാഫിക് സംസ്കാരത്തെ രൂപപ്പെടുത്തുന്നതിൽ ഇക്കാലത്ത് വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്.
19-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ, യുണൈറ്റഡ് പ്രോവിൻസിന്റെ കേന്ദ്രമെന്ന നിലയിൽ അലഹബാദും ഊർജ്ജസ്വലമായ ഒരു ഫോട്ടോഗ്രാഫിക് സംസ്കാരം വികസിപ്പിച്ചെടുത്തു. വിനോദസഞ്ചാരികളായ പ്രൊഫഷണൽ ഫോട്ടോഗ്രാഫർമാരും പ്രാദേശിക സ്റ്റുഡിയോകളുമായിരുന്നു ഇതിനു പിന്നിൽ പ്രവർത്തിച്ചത്. കുംഭമേള, അലഹബാദ് കോട്ട, കന്റോൺമെന്റ് പ്രദേശം തുടങ്ങിയവയെല്ലാം അക്കാലത്ത് വ്യാപകമായി ഫോട്ടോഗ്രാഫ് ചെയ്യപ്പെട്ടു. ഇതിനൊപ്പം എടുത്തുപറയേണ്ട മറ്റൊരു കാര്യം, 1860-കൾ മുതൽ കൊമേഴ്സ്യൽ ഫോട്ടോഗ്രാഫർമാർ വലിയ തോതിൽ ഇന്ത്യയിലേക്ക് എത്തിത്തുടങ്ങി എന്നതാണ്. അലഹബാദടക്കമുള്ള പ്രമുഖ നഗരങ്ങളിൽ തമ്പടിച്ചിരുന്ന അവർ വിപണനത്തിനായും പ്രസിദ്ധീകരണങ്ങൾക്കായും വലിയ തോതിൽ ചിത്രങ്ങൾ പകർത്തിയിരുന്നു.
19-ാം നൂറ്റാണ്ടിന്റെ അവസാനം മുതൽക്കുതന്നെ നെഹ്‌റു കുടുംബം ഫോട്ടോഗ്രാഫിയുടെ ഭാഗമായിരുന്നു. അവരുടെ ആദ്യകാല ചിത്രങ്ങളിൽ കൊളോണിയൽ / പാശ്ചാത്യ ഫോട്ടോഗ്രാഫർമാരുടെ സ്വാധീനം വ്യക്തമായി കാണാം. തന്റെ കുടുംബത്തിന്റെ ഫോട്ടോശേഖരം കൃത്യമായ ആസൂത്രണത്തോടെയും ചിട്ടയോടെയും വികസിപ്പിക്കുന്നതിൽ മോത്തിലാൽ നെഹ്റു അതീവ ശ്രദ്ധ പുലർത്തി. ഈ ഫോട്ടോഗ്രാഫുകൾ തന്റെ കുടുംബത്തിന്റെ ചരിത്രരേഖയായി പിൽക്കാലത്ത് മാറുമെന്ന് അദ്ദേഹത്തിന് കൃത്യമായ ബോധ്യമുണ്ടായിരുന്നു എന്നുവേണം കരുതാൻ. എന്നാൽ, തങ്ങളുടെ ആദ്യകാല ഫോട്ടോഗ്രാഫർമാർ ആരായിരുന്നു എന്നതിനെക്കുറിച്ചോ, അതുപോലെ തങ്ങൾ ആശ്രയിച്ചിരുന്ന ഫോട്ടോ സ്റ്റുഡിയോകൾ ഏതാണെന്നതിനെക്കുറിച്ചോ ഉള്ള വിവരങ്ങൾ 'നെഹ്‌റു പേപ്പറുകളിൽ' ലഭ്യമല്ല.

ജവഹർലാലിന്റെ കുട്ടിക്കാലവും അഭിഭാഷകനെന്ന നിലയിലുള്ള മോത്തിലാൽ നെഹ്‌റുവിന്റെ വളർച്ചയും 1890-കളുടെ തുടക്കം മുതൽ ഫോട്ടോഗ്രാഫുകളിലൂടെ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. അക്കാലത്ത് ഇന്ത്യയിൽ നെഹ്‌റു കുടുംബത്തോളം ഫോട്ടോഗ്രാഫിയുമായി അടുത്ത ബന്ധം പുലർത്തിയ മറ്റ് കുടുംബങ്ങൾ അപൂർവമായിരുന്നു. അന്നത്തെ പല രാജകുടുംബങ്ങളെക്കാളും കൂടുതൽ കുടുംബചിത്രങ്ങൾ നെഹ്‌റു കുടുംബത്തിന്റേതായി ഇന്ന് ലഭ്യമാണ്.
ജവഹർലാലിന്റെ ലഭ്യമായ ഒരു ഡസനിലേറെ കുട്ടിക്കാലചിത്രങ്ങൾ പരിശോധിച്ചാൽ, അതിൽ അഞ്ചിൽ താഴെ എണ്ണം മാത്രമാണ് ഇന്ത്യൻ വസ്ത്രധാരണത്തിലുള്ളത് എന്നു കാണാം. 16 വയസ്സു വരെയുള്ള അദ്ദേഹത്തിന്റെ ഫോട്ടോകളിൽ കൂടുതലും പാശ്ചാത്യ വസ്ത്രധാരണ രീതിയാണുള്ളത്. പാശ്ചാത്യ ശൈലി പിന്തുടരുന്ന അച്ഛനും മകനും, അവർക്കൊപ്പം പരമ്പരാഗത ഇന്ത്യൻ ശൈലിയിൽ വസ്ത്രം ധരിച്ച അമ്മ സ്വരൂപ് റാണിയും അടങ്ങുന്നതായിരുന്നു ഈ ചിത്രങ്ങളിലെ പ്രധാന കാഴ്ച. ഫോട്ടോഗ്രാഫുകളിലൂടെ തങ്ങളുടെ കുടുംബത്തിന് ഒരു പാശ്ചാത്യ ലിബറൽ പരിവേഷം പ്രതിഫലിപ്പിക്കുന്നതിൽ മോത്തിലാൽ അതീവ ജാഗ്രത പുലർത്തിയിരുന്നതായും ഇതിൽനിന്ന് വ്യക്തമാകുന്നുണ്ട്.
ജവഹർലാലിന്റെ കുട്ടിക്കാലത്തെ ഫോട്ടോഗ്രാഫുകളിൽ വിക്ടോറിയൻ കാലഘട്ടത്തിലെ വസ്ത്രധാരണരീതിയും അതിനനുസരിച്ചുള്ള പശ്ചാത്തല സാമഗ്രികളും പ്രകടമായിത്തന്നെ ഉപയോഗിച്ചിരുന്നതായി കാണാം.
ജവഹർലാലിന്റെ കുട്ടിക്കാലത്തെ ഫോട്ടോഗ്രാഫുകളിൽ വിക്ടോറിയൻ കാലഘട്ടത്തിലെ വസ്ത്രധാരണരീതിയും അതിനനുസരിച്ചുള്ള പശ്ചാത്തല സാമഗ്രികളും (Properties) പ്രകടമായിത്തന്നെ ഉപയോഗിച്ചിരുന്നതായി കാണാം. 19-ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ യൂറോപ്പിലെ സമ്പന്ന കുടുംബങ്ങൾക്കിടയിൽ വിക്ടോറിയൻ ശൈലിയിലുള്ള സ്‌ട്രോളറുകൾ ഏറെ പ്രചാരത്തിലുണ്ടായിരുന്നു. കട്ടിയുള്ള ഇരുമ്പ് ചേസിസും മരം കൊണ്ടുള്ള ബോഡിയും വലിയ സ്പോക്ക്ഡ് വീലുകളുമുള്ള (Spoked wheels) ഇത്തരം പ്രാമുകളും സൈക്കിളുകളും അക്കാലത്തെ യൂറോപ്യൻ ഫോട്ടോഗ്രാഫിയിലെ സ്ഥിരം കാഴ്ചകളായിരുന്നു. മോത്തിലാൽ നെഹ്‌റുവും തന്റെ മകന്റെ ആദ്യകാല ചിത്രങ്ങളിൽ ഇത്തരം പ്രാമുകളും സൈക്കിളുകളും പശ്ചാത്തലമായി ഉപയോഗിച്ചിരുന്നു. കൂടാതെ, വിന്റേജ് എംബ്രോയിഡറി ചെയ്ത ജാക്കറ്റും ഷോർട്ട്സും ധരിച്ച ജവഹർലാലിന്റെ ചില ചിത്രങ്ങളും ലഭ്യമാണ്; അതിലൊന്നിൽ അദ്ദേഹം ഒരു നീണ്ട റൈഫിൾ കൈയിലേന്തിയിട്ടുമുണ്ട്.

അച്ഛൻ, അമ്മ, മക്കൾ എന്ന ക്രമത്തിലുള്ള കുടുംബചിത്രങ്ങൾക്കൊപ്പം, അച്ഛനും മകനും മാത്രമുള്ള ധാരാളം ചിത്രങ്ങളും ലഭ്യമാണ്. മറ്റ് ദേശീയ നേതാക്കളെ അപേക്ഷിച്ച്, കുട്ടിക്കാലം കൃത്യമായ കാലാനുക്രമത്തിൽ (Chronologically) മറ്റ് ആർകൈവൽ രേഖകൾക്കൊപ്പം ഇത്രയേറെ മനോഹരമായി ഫോട്ടോഗ്രാഫുകളിലൂടെ ഡോക്യുമെന്റ് ചെയ്യപ്പെട്ട ഒരേയൊരു ഇന്ത്യൻ ദേശീയ നേതാവ് ജവഹർലാൽ നെഹ്‌റുവാണ്; വിവിധ മ്യൂസിയം ശേഖരങ്ങളിൽ ഇത് വളരെ വ്യക്തമായി അടയാളപ്പെടുത്തിയിട്ടുണ്ട്.
1900 മുതൽ വിജയലക്ഷ്മി പണ്ഡിറ്റിന്റെയും (സ്വരൂപ് കുമാരി), 1907 മുതൽ രണ്ടാമത്തെ സഹോദരിയായ കൃഷ്ണയുടെയും സാന്നിധ്യം ഈ ഫോട്ടോഗ്രാഫുകളുടെ ഭാഗമായി. അച്ഛനും അമ്മയും മക്കളും മാത്രം അടങ്ങുന്ന ഒരു ചെറിയ കുടുംബ പശ്ചാത്തലത്തിലേക്കുള്ള (Nuclear family) നെഹ്‌റു കുടുംബത്തിന്റെ പരിവർത്തനം കൂടി ഈ ഫോട്ടോശേഖരത്തിൽനിന്ന് വായിച്ചെടുക്കാൻ കഴിയും. ജവഹർലാലിന്റെ കൗമാരപ്രായം, തന്റെ രണ്ട് സഹോദരിമാർക്കും സമപ്രായക്കാരായ അടുത്ത ബന്ധുക്കൾക്കുമൊപ്പമുള്ള ചിത്രങ്ങളിലൂടെയാണ് പിന്നീട് അടയാളപ്പെടുത്തപ്പെട്ടിട്ടുള്ളത്. കുടുംബനാഥൻ എന്ന നിലയിൽ നെഹ്‌റുകുടുംബത്തിന്റെ കാര്യങ്ങളെല്ലാം നിയന്ത്രിക്കുന്ന 'കാരണവർ പ്രതിച്ഛായ'യാണ് ഇക്കാലത്തെ മോത്തിലാൽ നെഹ്‌റുവിന്റെ ഫോട്ടോകളിൽ ദൃശ്യമാകുന്നത്. അവധിക്കാലം ആഘോഷിക്കുന്ന കുടുംബചിത്രങ്ങളും, കുടുംബയാത്രകളിൽ മോത്തിലാൽ തന്റെ സഹപ്രവർത്തകർക്കും സുഹൃത്തുക്കൾക്കുമൊപ്പം എടുത്ത ചിത്രങ്ങളും 20-ാം നൂറ്റാണ്ടിന്റെ ആരംഭത്തിലെ ഇംഗ്ലീഷ് ഉപരിവർഗ്ഗ സംസ്കാരത്തെ കൃത്യമായി പ്രതിഫലിപ്പിക്കുന്നുണ്ട്. ഈയൊരു പാശ്ചാത്യ-അരിസ്റ്റോക്രാറ്റിക് പശ്ചാത്തലത്തിൽനിന്നുമാണ് 1905-ൽ ജവാഹർലാൽ നെഹ്റു ഇംഗ്ലണ്ടിലെ തന്റെ വിദ്യാർഥിജീവിതത്തിലേക്ക് പ്രവേശിക്കുന്നത്.
സ്വന്തമായി ഒരു ക്യാമറ കൊണ്ടുനടക്കുകയും യാത്രകളിൽ ദൃശ്യങ്ങൾ പകർത്തുകയും ചെയ്യുന്ന ശീലം ഇംഗ്ലണ്ടിലെ പഠനകാലത്തുതന്നെ നെഹ്‌റുവിന് ഉണ്ടായിരുന്നു.
ഹാരോ സ്കൂൾ പഠനകാലത്താണ് നെഹ്‌റുവിന്റെ വിദ്യാഭ്യാസജീവിതം ഫോട്ടോകളിലൂടെ കൂടുതൽ കൃത്യമായി ഡോക്യുമെന്റ് ചെയ്യാൻ തുടങ്ങുന്നത്. സ്കൂൾ പശ്ചാത്തലത്തിലുള്ളവയും സഹപാഠികൾക്കൊപ്പമുള്ളവയുമായ നിരവധി ചിത്രങ്ങൾ ഈ ശേഖരത്തിലുണ്ട്. ഹാരോയിലെത്തിയ ശേഷമാണ് 16 വയസ്സുകാരനായ ജവഹർലാൽ സ്വന്തം ഫോട്ടോഗ്രാഫുകളെക്കുറിച്ച് കൂടുതൽ ശ്രദ്ധാലുവാകുന്നത്.
1905 ഒക്ടോബർ 21-ന് അദ്ദേഹം അച്ഛന് എഴുതി: "ഇന്നു രാവിലെ ഞാൻ ഒരിക്കൽക്കൂടി ക്ഷൗരം ചെയ്യുകയും ഫോട്ടോ എടുപ്പിക്കുകയും ചെയ്തു. ഇത്ര വേഗത്തിൽ വീണ്ടും ഷേവ് ചെയ്യേണ്ടതില്ലായിരുന്നു; എങ്കിലും ഫോട്ടോയിൽ നല്ല വൃത്തിയുള്ള രൂപം ലഭിക്കാനാണ് ഞാനത് ചെയ്തത്."
സ്കൂൾ യൂണിഫോമിലുള്ള ഫോട്ടോകൾ അയച്ചുതരാൻ മോത്തിലാൽ ആവശ്യപ്പെടുന്നതും ജവഹർലാൽ അവ അയച്ചുകൊടുക്കുന്നതും ഇവരുടെ കത്തുകളിൽ കാണാം. തന്റെ യൂണിഫോമിലുള്ള ചിത്രം അമ്മയ്ക്ക് ഏറെ ഇഷ്ടപ്പെടുമെന്ന പ്രതീക്ഷയിലാണ് ജവഹർ അത് അയക്കുന്നത്. ഫോട്ടോകളെക്കുറിച്ചുള്ള വിശേഷങ്ങൾ കത്തുകളിലൂടെ പങ്കുവെക്കുന്ന ശീലം അദ്ദേഹത്തിനുണ്ടായിരുന്നു. ഇന്ത്യൻ ഉപരിവർഗ്ഗ കുടുംബങ്ങളിൽ ഫോട്ടോ ആൽബങ്ങൾ നിർമ്മിക്കുന്നതും അവ സൂക്ഷിച്ചുവെക്കുന്നതുമായ ശീലം വളർന്നുവരുന്നത് ഇക്കാലത്താണ്.
1906 ഡിസംബർ 6-ന് ജവഹർലാൽ നെഹ്‌റു പിതാവിനയച്ച കത്തിലെ വരികൾ ഏറെ ശ്രദ്ധേയമാണ്:
"അച്ഛൻ കാർ ഓടിക്കാൻ പഠിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. മോട്ടോറിംഗിലെ ഏറ്റവും ആസ്വാദ്യകരമായ ഭാഗം സ്വന്തമായി കാർ ഓടിക്കുന്നത് തന്നെയാണ്. ഏതായാലും, കാറിനുള്ളിലിരിക്കുന്ന അച്ഛന്റെ ഒരു ഫോട്ടോ എനിക്ക് അയച്ചുതരുമെന്ന് പ്രതീക്ഷിക്കുന്നു."
ഈ കത്തിനുപിന്നാലെ, കാറിലിരിക്കുന്ന ഫോട്ടോകൾ മോത്തിലാൽ നെഹ്‌റു എടുപ്പിച്ചു നൽകിയതായും രേഖകളിൽ വ്യക്തമാണ്. വിദ്യാർഥിക്കാലത്തുതന്നെ ഫോട്ടോഗ്രാഫിയുടെ സാങ്കേതികവും ദൃശ്യപരവുമായ സാധ്യതകളെക്കുറിച്ച് ജവഹർലാലിൽ പുതിയൊരു ധാരണ വളർന്നുവന്നിരുന്നു.

1927 സെപ്റ്റംബറിൽ വാരണാസിയിൽനിന്ന് പ്രസിദ്ധീകരിച്ചിരുന്ന 'ആജ്' എന്ന ഹിന്ദി പത്രത്തിലെഴുതിയ ലേഖനത്തിൽ നെഹ്‌റു ഇപ്രകാരം ഓർത്തെടുക്കുന്നുണ്ട്:
"ഏകദേശം 18 വർഷങ്ങൾക്ക് മുമ്പ് (1909-ൽ) ഞാൻ ബെർലിനിലായിരുന്നു. ദീർഘദൂര പറക്കലിനുശേഷം കൗണ്ട് സെപ്പലിൻ തന്റെ പ്രശസ്തമായ വ്യോമക്കപ്പലിൽ (airship) അവിടെ എത്തിച്ചേരാനിരിക്കുകയായിരുന്നു... അവിടെ ഏകദേശം 15 മുതൽ 20 ലക്ഷം വരെ ആളുകൾ തടിച്ചുകൂടിയിരുന്നു. കൈസറും (ജർമൻ ഭരണാധികാരി) അദ്ദേഹത്തിന്റെ ഉദ്യോഗസ്ഥരുമെല്ലാം വലിയ പ്രൗഢിയോടെ അവിടെ സന്നിഹിതരായിരുന്നു... എന്റെ ചെറിയ ക്യാമറ ഉപയോഗിച്ച് ഞാൻ കുറച്ച് ചിത്രങ്ങൾ പകർത്താൻ ശ്രമിക്കുന്നുണ്ടായിരുന്നു."
സ്വന്തമായി ഒരു ക്യാമറ കൊണ്ടുനടക്കുകയും യാത്രകളിൽ ദൃശ്യങ്ങൾ പകർത്തുകയും ചെയ്യുന്ന ശീലം ഇംഗ്ലണ്ടിലെ പഠനകാലത്തുതന്നെ നെഹ്‌റുവിന് ഉണ്ടായിരുന്നുവെന്ന് ഇതിൽനിന്ന് വ്യക്തമാണ്.
ഹാരോയിലെ പഠനം പൂർത്തിയാക്കി കേംബ്രിഡ്ജിൽ എത്തിയതിനുശേഷവും നെഹ്‌റു ഫോട്ടോഗ്രാഫിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വളരെയധികം താല്പര്യം പ്രകടിപ്പിച്ചിരുന്നു. 1907-ൽ ജവഹർലാൽ അച്ഛന് എഴുതി:
"ഒരു ഗ്രൂപ്പ് ഫോട്ടോ എടുക്കുന്നതിനെക്കുറിച്ചും, ഇവിടെ വന്നതിനുശേഷം ക്യാപ്പും ഗൗണും ധരിച്ചുള്ള എന്റെ ഫോട്ടോ എടുപ്പിക്കുന്നതിനെക്കുറിച്ചും അച്ഛൻ മുൻപ് എഴുതിയിരുന്നല്ലോ. ഗ്രൂപ്പ് ഫോട്ടോയ്ക്കായി മറ്റുള്ളവരെ സമ്മതിപ്പിക്കാൻ ഞാൻ പരമാവധി ശ്രമിച്ചെങ്കിലും, പല കാരണങ്ങളാൽ അത് നീണ്ടുപോവുകയായിരുന്നു. എന്നാൽ, ക്യാപ്പും ഗൗണും ധരിച്ചുള്ള എന്റെ ചിത്രം അച്ഛൻ ആവശ്യപ്പെട്ടതിൽ എനിക്ക് അത്ഭുതം തോന്നുന്നു. ആ വേഷത്തിൽ എന്നെ കാണാൻ ഒട്ടും ഭംഗിയുണ്ടാകില്ല... ഇവിടെ എനിക്കറിയാവുന്നവർക്ക് ആ ഫോട്ടോ കാണിക്കാനുള്ള ധൈര്യം എനിക്കുണ്ടാകില്ലെന്ന് ഉറപ്പാണ്. എങ്കിലും, ഈ ടേമിലെ സാധാരണ വേഷത്തിലുള്ള എന്റെ ഒരു ഫോട്ടോ ഞാൻ എടുപ്പിക്കാം. അക്കാദമിക് വേഷത്തിൽ ഞാൻ എത്രമാത്രം വിഡ്ഢിയെപ്പോലെയിരിക്കുമെന്ന് അച്ഛന് കാണണമെന്ന് നിർബന്ധമാണെങ്കിൽ, ബിർജു ഭായിയോട് (മോത്തിലാൽ നെഹ്‌റുവിന്റെ ജ്യേഷ്ഠന്റെ മകൻ) എന്റെ ഒരു ചിത്രം പകർത്താൻ ഞാൻ ആവശ്യപ്പെടാം."
ഫോട്ടോഗ്രാഫുകളിൽ താൻ എങ്ങനെയാണ് ചിത്രീകരിക്കപ്പെടുന്നത് എന്നതിനെക്കുറിച്ച് യുവാവായ നെഹ്‌റുവിന് ഉൽക്കണ്ഠയും കൃത്യമായ ബോധ്യവുമുണ്ടായിരുന്നുവെന്ന് ഇതിൽനിന്ന് വ്യക്തമാണ്.
നിയമവിദ്യാഭ്യാസം പൂർത്തിയാക്കി മടങ്ങിവരുന്ന മകന്റെ വളർച്ചയെ വ്യക്തമാക്കുന്ന വിധത്തിൽ, മോത്തിലാൽ തന്റെ മകന്റെ ഫോട്ടോഗ്രാഫുകൾ ഉൾപ്പെടുത്തി 'From the Cradle to the Bar' എന്ന പേരിൽ ഒരു ആൽബം സ്വന്തമായി തയ്യാറാക്കിയിരുന്നു.
1911-ലെ ദൽഹി ദർബാറിൽ മോത്തിലാൽ നെഹ്‌റുവും ഭാര്യ സ്വരൂപ് റാണിയും പങ്കെടുക്കുന്ന ചിത്രം ഏറെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. അലഹബാദിൽനിന്ന് ദൽഹി ദർബാറിലേക്ക് ക്ഷണം ലഭിച്ച പ്രമുഖരിൽ ഒരാളായിരുന്നു അദ്ദേഹം. ബ്രിട്ടീഷ് സർക്കാരുമായുള്ള അദ്ദേഹത്തിന്റെ അടുത്ത ബന്ധം വ്യക്തമാക്കുന്ന ചിത്രങ്ങൾ ഈ ശേഖരത്തിൽ കാണാം. അതേവർഷം തന്നെ, പ്രശസ്ത ഐറിഷ് ഫോട്ടോഗ്രാഫറായ ജെയിംസ് ലഫായെറ്റിനെക്കൊണ്ട് ഫോട്ടോ എടുപ്പിക്കുന്നതിനായി ജവഹർലാൽ നെഹ്‌റു ലണ്ടനിലെ അദ്ദേഹത്തിന്റെ സ്റ്റുഡിയോ സന്ദർശിക്കുകയുണ്ടായി. ലഫായെറ്റ് പകർത്തിയ ചിത്രങ്ങളെക്കുറിച്ച് നെഹ്‌റു പിതാവിനയച്ച കത്തിൽ ഇങ്ങനെ കുറിക്കുന്നു:
"ലഫായെറ്റ് എടുത്ത ഫോട്ടോകൾ ഒടുവിൽ കൈപ്പറ്റി. ഞാൻ അവ ഇന്ന് അയക്കുന്നുണ്ടെങ്കിലും അടുത്ത ആഴ്ചയേ നിങ്ങൾക്ക് ലഭിക്കുകയുള്ളൂ. എന്നാൽ ആ ചിത്രങ്ങളിൽ ഞാൻ ഒട്ടും തൃപ്തനല്ല. അതിലെ 'കാർട്ട് ഡി വിസിറ്റ്' (Carte de visite) ഫോട്ടോകളും അത്ര മികച്ചതല്ല. ലഫായെറ്റ് എന്റെ ചിത്രങ്ങളെല്ലാം ഇങ്ങനെ നശിപ്പിച്ചത് എന്നെ അത്ഭുതപ്പെടുത്തുന്നു. അദ്ദേഹം തന്ന പ്രൂഫുകൾ മികച്ചതായിരുന്നു; എന്നാൽ അവ കൂടുതൽ ഭംഗിയാക്കാനുള്ള ശ്രമത്തിനിടയിൽ ചിത്രങ്ങളെല്ലാം മോശമാക്കുകയാണുണ്ടായത്. ഓരോ തരത്തിലുള്ള അര ഡസൻ വീതം ഫോട്ടോകൾ ഞാൻ അയക്കുന്നുണ്ട്. എന്റെ ഫോട്ടോകൾ വേണമെന്ന് ആഗ്രഹിക്കുന്നവർക്ക് അച്ഛൻ ഇവ നൽകുമെന്ന് കരുതുന്നു".
ആനന്ദ് ഭവൻ നെഹ്‌റു കുടുംബത്തിന്റെ ഫോട്ടോകളിൽ ഇടംപിടിക്കാൻ തുടങ്ങുന്നത് 1910-നുശേഷമാണ്. സ്റ്റുഡിയോ ഫോട്ടോഗ്രാഫിയിൽനിന്ന് ഔട്ട്ഡോർ ഫോട്ടോഗ്രാഫിയിലേക്കുള്ള മാറ്റത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. 1910-കളോടെത്തന്നെ മോത്തിലാലിന്റെയും ജവഹർലാലിന്റെയും നൂറുകണക്കിന് ഫോട്ടോഗ്രാഫുകൾ എടുക്കപ്പെട്ടിട്ടുണ്ടായിരുന്നു. 1912 ജൂൺ 21-ന് ജവഹർലാൽ മോത്തിലാലിന് ഇപ്രകാരം എഴുതുന്നുണ്ട്:

"ഞാൻ വിഗ്ഗും മറ്റും ധരിച്ചും, കൂടാതെ ബി.എ (B.A.) ബിരുദവസ്ത്രവും തൊപ്പിയും (gown and hood) അണിഞ്ഞുമുള്ള ഫോട്ടോകൾ എടുക്കണമെന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നത് എന്ന് കരുതുന്നു. ഈ രണ്ട് ഫോട്ടോകൾക്ക് എനിക്ക് ഏകദേശം 6 ഗിനി ചെലവ് വരും."
തുടർന്ന് ലണ്ടനിൽനിന്ന് മടങ്ങുന്നതിന് മുമ്പ് ഈ വേഷത്തിലുള്ള ഫോട്ടോ എടുത്ത് അദ്ദേഹം പിതാവിന് അയച്ചുകൊടുക്കുന്നുണ്ട്. അതുപോലെ വക്കീൽ വസ്ത്രമണിഞ്ഞ മോത്തിലാലിന്റെ ഒരു ഫോട്ടോ തനിക്ക് അയച്ചുതരാനും ജവഹർലാൽ ആവശ്യപ്പെടുന്നുണ്ട്. മോത്തിലാലിനോട് അദ്ദേഹത്തിന്റെ ഫോട്ടോ ആവശ്യപ്പെട്ട് കത്തിൽ ഇങ്ങനെ എഴുതി:
"താങ്കൾ കോടതിവസ്ത്രത്തിലുള്ള ഫോട്ടോ എടുത്തിട്ടുണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അതിന്റെ ഒരു പകർപ്പ് എനിക്ക് അയച്ചുതരുമെന്ന് കരുതുന്നു."
നിയമവിദ്യാഭ്യാസം പൂർത്തിയാക്കി മടങ്ങിവരുന്ന മകന്റെ വളർച്ചയെ വ്യക്തമാക്കുന്ന വിധത്തിൽ, മോത്തിലാൽ തന്റെ മകന്റെ ഫോട്ടോഗ്രാഫുകൾ ഉൾപ്പെടുത്തി 'From the Cradle to the Bar' എന്ന പേരിൽ ഒരു ആൽബം സ്വന്തമായി തയ്യാറാക്കിയിരുന്നു. കുട്ടിക്കാലം മുതൽ യൂറോപ്യൻ വിദ്യാഭ്യാസം കഴിയുന്നത് വരെയുള്ള ഫോട്ടോകളുടെ ഒരു കാലാനുക്രമ ശേഖരമായിരുന്നു ഇത്. നെഹ്‌റുവിന്റെ ആദ്യത്തെ ചിട്ടപ്പെടുത്തിയ ഫോട്ടോ ആൽബം എന്ന് വേണമെങ്കിൽ ഇതിനെ വിശേഷിപ്പിക്കാം.
അഭിഭാഷക വേഷത്തിലുള്ള പ്രമുഖ വ്യക്തികളുടെ ഫോട്ടോകൾ അക്കാലത്ത് വ്യാപകമായി എടുക്കപ്പെട്ടിരുന്നു . ഇംഗ്ലണ്ടിൽനിന്ന് തിരിച്ചെത്തി 1912-ൽ അലഹബാദ് ഹൈക്കോടതിയിൽ പ്രാക്ടീസ് ആരംഭിച്ച കാലത്ത്, വക്കീൽവേഷത്തിൽ നിൽക്കുന്ന ജവഹർലാൽ നെഹ്‌റുവിന്റെ ഒരു ഗ്രൂപ്പ് ഫോട്ടോ പിൽക്കാലത്ത് ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. എന്നാൽ യഥാർത്ഥത്തിൽ, അഭിഭാഷക വേഷത്തിലുള്ള നെഹ്‌റുവിന്റെ ചിത്രങ്ങൾ പരിമിതമാണ്. അതേസമയം, ജിന്നയടക്കമുള്ള സമകാലികരുടെ അഭിഭാഷകവേഷത്തിലുള്ള ചിത്രങ്ങൾ ധാരാളമായി ലഭ്യമാണ് താനും. ഇതേ കാലയളവിൽ ഗാന്ധിജിയുടെ നിരവധി ചിത്രങ്ങളും നമുക്ക് കാണാം. ഗാന്ധിജിയുടെ കുട്ടിക്കാലത്തെ ഫോട്ടോകൾ അപൂർവ്വമാണെങ്കിലും, അദ്ദേഹത്തിന്റെ ഇംഗ്ലണ്ടിലെ വിദ്യാഭ്യാസകാലത്തെയും ദക്ഷിണാഫ്രിക്കയിലെ ജീവിതത്തെയും അടയാളപ്പെടുത്തുന്ന ചിത്രങ്ങൾ ധാരാളമായുണ്ട്. എങ്കിലും, നെഹ്‌റു കുടുംബത്തെപ്പോലെ ഫോട്ടോഗ്രാഫിയിൽ കാര്യമായ താത്പര്യം ഗാന്ധിജി പ്രകടിപ്പിച്ചിരുന്നില്ല.
നെഹ്‌റുവിന്റെ വിവാഹ ശേഖരത്തിലുള്ള ഒട്ടനവധി ഗ്രൂപ്പ് ഫോട്ടോകൾ അവരുടെ കുടുംബത്തിന്റെ സമ്പത്തും സ്വാധീനവും വ്യക്തമാക്കുന്നവയാണ്. അവരുടെ വലിയ കുടുംബം പൊതുരംഗത്തും നിയമ-വിദ്യാഭ്യാസ മേഖലകളിലും കൈവരിച്ച മുന്നേറ്റങ്ങൾ ഈ ചിത്രങ്ങളിൽ പ്രതിഫലിക്കുന്നുണ്ട്.
കോടതി പ്രാക്ടീസ് തുടങ്ങിയതിന് തൊട്ടടുത്ത കുറച്ചു വർഷങ്ങളിലെ (1913-15) നെഹ്‌റുവിന്റെ ഫോട്ടോകൾ പൊതുവെ കുറവാണ്; പിന്നീട് 1916-ലെ അദ്ദേഹത്തിന്റെ വിവാഹഫോട്ടോകളാണ് പ്രധാനമായും കാണാൻ കഴിയുന്നത്. 1916 ഫെബ്രുവരി 8-ന് ദൽഹിയിൽ വെച്ചായിരുന്നു ജവഹർലാൽ നെഹ്‌റുവിന്റെ വിവാഹം. വിവാഹവേദി, വധൂവരന്മാർ, ചടങ്ങിൽ പങ്കെടുത്ത അതിഥികൾ എന്നിവരുടെയെല്ലാം നിരവധി ചിത്രങ്ങൾ ഈ ശേഖരത്തിലുണ്ട്. ഫോട്ടോകളുടെ ഗുണനിലവാരത്തിലും വലുപ്പത്തിലും വലിയ മാറ്റങ്ങൾ കണ്ടുതുടങ്ങിയ കാലമായിരുന്നു അത്. ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനം ദൽഹിയിലേക്ക് മാറിയശേഷം അവിടെ നിരവധി സ്റ്റുഡിയോകൾ സ്ഥാപിക്കപ്പെടുകയും ഫോട്ടോഗ്രാഫർമാർ കേന്ദ്രീകരിക്കാൻ തുടങ്ങുകയും ചെയ്തിരുന്നു. 1911-ലെ ദൽഹി ദർബാറിന്റെ ഫോട്ടോകൾ ബ്രിട്ടൻ തങ്ങളുടെ ഇന്ത്യക്കുമേലുള്ള മേൽക്കോയ്മ വ്യക്തമാക്കാൻ ഉപയോഗിച്ചിരുന്നതായി കാണാം. ഫോട്ടോഗ്രാഫുകൾക്ക് രാഷ്ട്രീയമാനം കൈവരുന്ന കാലമായിരുന്നു അത്.
നെഹ്‌റുവിന്റെ വിവാഹ ശേഖരത്തിലുള്ള ഒട്ടനവധി ഗ്രൂപ്പ് ഫോട്ടോകൾ അവരുടെ കുടുംബത്തിന്റെ സമ്പത്തും സ്വാധീനവും വ്യക്തമാക്കുന്നവയാണ്. അവരുടെ വലിയ കുടുംബം പൊതുരംഗത്തും നിയമ-വിദ്യാഭ്യാസ മേഖലകളിലും കൈവരിച്ച മുന്നേറ്റങ്ങൾ ഈ ചിത്രങ്ങളിൽ പ്രതിഫലിക്കുന്നുണ്ട്. വിവാഹചിത്രങ്ങളിൽ നെഹ്‌റുവും കമലയും പരമ്പരാഗത ഇന്ത്യൻ വസ്ത്രങ്ങൾ അണിഞ്ഞപ്പോൾ, മറ്റ് കുടുംബാംഗങ്ങൾ പാശ്ചാത്യ-ഇന്ത്യൻ വസ്ത്രധാരണരീതികൾ ഒരുപോലെ പിന്തുടർന്നതായി കാണാം. പിന്നീട്, 1917-ൽ ഇന്ദിരാഗാന്ധിയുടെ ജനനത്തോടെയാണ് കുടുംബചിത്രങ്ങളുടെ അടുത്ത ഘട്ടം ആരംഭിക്കുന്നത്. ചുരുക്കത്തിൽ, നെഹ്‌റു കുടുംബത്തിന്റെ വളർച്ചയും അവരുടെ സ്വാധീനത്തിന്റെ വ്യാപ്തിയും ഈ കാലഘട്ടത്തിലെ ഫോട്ടോഗ്രാഫുകളിൽ കൃത്യമായി അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നു.

ഒരു പുതിയ ‘ഫോട്ടോഗ്രാഫിക് നെഹ്റു’ ജനിക്കുന്നു
ഒന്നാം ലോകമഹായുദ്ധത്തിന്റെ പശ്ചാത്തലത്തിൽ, ബ്രിട്ടീഷ് സർക്കാർ ഇന്ത്യയിൽ തങ്ങൾക്ക് അനുകൂലമായ പ്രചാരണ പ്രവർത്തനങ്ങൾ ശക്തമാക്കിയിരുന്നു. ഹോം ഡിപ്പാർട്ട്മെന്റിന് കീഴിൽ രൂപീകരിച്ച പ്രത്യേക 'പബ്ലിസിറ്റി സെൽ', ഫോട്ടോഗ്രാഫുകൾ ഉൾപ്പെടെ പ്രയോജനപ്പെടുത്തിയാണ് ബ്രിട്ടന് അനുകൂലമായ ഒരു പൊതുബോധം സൃഷ്ടിക്കാൻ ശ്രമിച്ചത്. 1920-കളിൽ ഈ പബ്ലിസിറ്റി സെൽ രാജ്യത്തെ ആഭ്യന്തര രാഷ്ട്രീയ ചലനങ്ങളെയും നിരീക്ഷിച്ചിരുന്നു. ഇതേ കാലഘട്ടത്തിൽ ബ്രിട്ടീഷുകാരല്ലാത്ത വിദേശ ഫോട്ടോഗ്രാഫർമാരും ഇന്ത്യയിലേക്ക് എത്തുന്നുണ്ടായിരുന്നു. 1921-ലെ മലബാർ സമരകാലത്ത് വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടേതായി 'Science et Voyages' എന്ന ഫ്രഞ്ച് മാഗസിൻ പ്രസിദ്ധീകരിച്ച ഫോട്ടോയുടെ സാധുതയുമായി ബന്ധപ്പെട്ട് ഈ അടുത്തകാലത്തുണ്ടായ ചർച്ചകൾ, 1920-കളിലെ ഫോട്ടോഗ്രാഫിയുടെ രാഷ്ട്രീയമാനങ്ങളെ വെളിപ്പെടുത്തുന്നുണ്ട്.
ഇന്ത്യയിലെ അച്ചടിമാധ്യമങ്ങൾ പൊളിറ്റിക്കൽ ജേണലിസത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ട ആ കാലഘട്ടത്തിൽ തന്നെയാണ് പൊളിറ്റിക്കൽ ഫോട്ടോഗ്രാഫിയും വളർന്നുവരുന്നത്. 1920-കളുടെ തുടക്കത്തിൽ, നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ആരംഭത്തോടെ നെഹ്‌റു കുടുംബത്തിന്റെ ജീവിതരീതി പൂർണ്ണമായും മാറിമറിഞ്ഞു. 1919 ഡിസംബറിലെ അമൃത്‌സർ കോൺഗ്രസ് സമ്മേളനത്തിൽ മോത്തിലാലും ജവഹർലാലുമടക്കമുള്ള മിക്ക നേതാക്കളും പരമ്പരാഗത ശൈലിയിലുള്ള വേഷവിധാനത്തിലാണ് പങ്കെടുത്തത്. പാശ്ചാത്യ ശൈലികൾ പൂർണ്ണമായും ഉപേക്ഷിച്ച നെഹ്‌റു കുടുംബം ഗാന്ധിയൻ രീതിയിലുള്ള ലളിത ജീവിതത്തിലേക്ക് മാറുകയായിരുന്നു. വിലകൂടിയ യൂറോപ്യൻ വസ്ത്രങ്ങളും മറ്റ് ആഡംബരങ്ങളും പൂർണ്ണമായി ഒഴുവാക്കിയ അവർ ഖാദി ധരിക്കാൻ തുടങ്ങി. ഈ പരിവർത്തന ഘട്ടത്തെ അടയാളപ്പെടുത്തുന്ന വിരലിലെണ്ണാവുന്ന ചിത്രങ്ങൾ മാത്രമാണ് ഇന്ന് ലഭ്യമായിട്ടുള്ളതെങ്കിലും, തികച്ചും വ്യത്യസ്തനായ ഒരു പുതിയ നെഹ്‌റുവിനെയാണ് അവ നമുക്ക് കാണിച്ചുതരുന്നത്.
നിസ്സഹകരണ പ്രസ്ഥാനത്തിന്റെ പശ്ചാത്തലത്തിൽ, പാശ്ചാത്യ രീതിയിലുള്ള തന്റെ പഴയ ഫോട്ടോകൾ ഉപയോഗിക്കാൻ ജവഹർലാൽ ആഗ്രഹിച്ചിരുന്നില്ല.
1919 മുതൽ നെഹ്‌റുവിന്റെ ചിത്രങ്ങൾ രാഷ്ട്രീയ പ്രാധാന്യമുള്ളതായി മാറുകയായിരുന്നു. തങ്ങളുടെ ജീവിതത്തിലുണ്ടായ പ്രത്യയശാസ്ത്രപരമായ മാറ്റം ഫോട്ടോഗ്രാഫിയിലൂടെ കൃത്യമായി പ്രതിഫലിപ്പിക്കാൻ മോത്തിലാലും ജവഹർലാലും ബോധപൂർവം ശ്രമിച്ചിരുന്നു. 1920-കളിൽ നെഹ്‌റു കുടുംബത്തിന്റെ നിരവധി ചിത്രങ്ങൾ സ്വദേശികളും വിദേശികളുമായ ഫോട്ടോഗ്രാഫർമാർ പകർത്തിയിട്ടുണ്ട്. ഇവരെക്കുറിച്ചുള്ള സൂചനകൾ ചില കത്തുകളിൽ കാണാം. 1919 ഓഗസ്റ്റിൽ ജവഹർലാൽ മോത്തിലാലിന് എഴുതിയ കത്തിൽ ഇപ്രകാരം പറയുന്നു:
"ബോംബെയിൽ നിന്ന് അയച്ച ഫോട്ടോഗ്രാഫർ വളരെ ദുരൂഹമായി അപ്രത്യക്ഷനായി. ലഖ്‌നൗ സ്റ്റേഷനിൽ അദ്ദേഹത്തെ കാണാൻ ഞാൻ ക്രമീകരണങ്ങൾ ചെയ്തിരുന്നു, പക്ഷേ ആരും എത്തിയില്ല... (അലഹബാദിലെ ഫോട്ടോഗ്രാഫറായ) മിസ്ട്രി ചില കാരണങ്ങളാൽ പോകാൻ തയ്യാറല്ല. പ്രാദേശികമായി ഒരാളെ കണ്ടുപിടിക്കാൻ ശ്രമിക്കണമെന്ന് ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു; ഒരു അമേച്വർ ഫോട്ടോഗ്രാഫർ ആയാൽ പോലും മതിയാകും. ബോംബെയിലെ ആളെ കണ്ടെത്തിയാലുടൻ ഇങ്ങോട്ട് അയയ്ക്കണം."
ബോംബെയിൽ സജീവമായിരുന്ന പാഴ്സി ഫോട്ടോഗ്രാഫർമാർ ജോലിആവശ്യങ്ങൾക്കായി അലഹബാദ് അടക്കമുള്ള നഗരങ്ങളിലേക്ക് എത്തിയിരുന്നു. ജവാഹർലാൽ അടക്കമുള്ള പ്രമുഖ നേതാക്കൾ പാശ്ചാത്യ വസ്ത്രരീതി ഒഴിവാക്കി ഷെർവാണിയിലേക്കും കുർത്ത- പൈജാമയിലേക്കും മാറുന്നതിന്റെ നിർണായക ഘട്ടം കൂടിയായിരുന്നു ഇത്. വസ്ത്രധാരണവും അതുവഴി കൈമാറുന്ന രാഷ്ട്രീയ സന്ദേശങ്ങളും ഫോട്ടോഗ്രാഫിയുടെയും ഫോട്ടോ ജേണലിസത്തിന്റെയും പ്രധാന ആകർഷണഘടകങ്ങളായി മാറുന്ന കാലമായിരുന്നു ഇത്.

1922 സെപ്റ്റംബറിൽ, നിസ്സഹകരണ പ്രസ്ഥാനത്തെത്തുടർന്ന് തടവിലായ സമയത്ത് ജവഹർലാൽ നെഹ്‌റു മോത്തിലാലിന് ഇപ്രകാരം എഴുതി:
"(നിങ്ങൾ അയച്ച) ഫോട്ടോഗ്രാഫുകൾക്ക് നന്ദി. എന്നാൽ എനിക്ക് നിങ്ങളുടെ ഫോട്ടോ അത്ര നന്നായി തോന്നിയില്ല; അത് വളരെ അമച്വറിഷ് (amateurish) ആയിട്ടുണ്ട്. എന്നാൽ ഗ്രൂപ്പ് ഫോട്ടോ നന്നായിട്ടുണ്ട്... ഇവിടെവെച്ച് എന്റെ ഒരു ഫോട്ടോ എടുക്കാൻ സാധിക്കുമെന്ന് തോന്നുന്നില്ല."
1923-ൽ സ്വാതന്ത്ര്യസമര സേനാനിയായിരുന്ന ശ്രീപ്രകാശയ്ക്ക് എഴുതിയ കത്തിലും, അടുത്തകാലത്തൊന്നും തന്റെ ഫോട്ടോഗ്രാഫുകൾ എടുത്തതായി ഓർക്കുന്നില്ലെന്നും നിലവിലുള്ളവ ഇംഗ്ലീഷ് വസ്ത്രം ധരിച്ച് പകർത്തിയ പഴയ ചിത്രങ്ങൾ മാത്രമാണെന്നും ജവഹർലാൽ വ്യക്തമാക്കുന്നുണ്ട്. നിസ്സഹകരണ പ്രസ്ഥാനത്തിന്റെ പശ്ചാത്തലത്തിൽ, പാശ്ചാത്യ രീതിയിലുള്ള തന്റെ പഴയ ഫോട്ടോകൾ ഉപയോഗിക്കാൻ ജവഹർലാൽ ആഗ്രഹിച്ചിരുന്നില്ല എന്ന് ഇതിൽനിന്ന് വ്യക്തമാണ്. അതേസമയം, നെഹ്‌റുവിന്റെയും മോത്തിലാലിന്റെയും രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായുള്ള ഗ്രൂപ്പ് ഫോട്ടോകൾ ഇക്കാലത്ത് ധാരാളമായി പകർത്തിയിരുന്നു. അവയിൽ, അവർക്കുണ്ടായ രാഷ്ട്രീയ പരിവർത്തനം കൃത്യമായി പ്രതിഫലിക്കുന്നുണ്ട്.
നെഹ്‌റു തന്റേതായ വസ്ത്രധാരണശൈലി വികസിപ്പിച്ചെടുക്കുന്നത് 1920-കളിലാണ്. പുരുഷന്മാരുടെ പരമ്പരാഗത ഇന്ത്യൻ വസ്ത്രധാരണരീതിയായ അച്കൻ- ഷെർവാണി ശൈലിയിലുള്ള 'ബന്ദ് ഗല' കോട്ടുകൾ നെഹ്‌റുവിന്റെ സവിശേഷമായ ദൃശ്യ അടയാളമായി മാറി.
1924-ലെ ബെൽഗാം കോൺഗ്രസ് സമ്മേളനത്തിൽ ഷെർവാണി ധരിച്ചുനിൽക്കുന്ന ജവഹർലാലിന്റെ ചിത്രങ്ങൾ കാണാം. 1925-ൽ ഡോ. സയ്യിദ് മഹ്മൂദ്, എ.എം. ഖ്വാജ എന്നിവർക്കൊപ്പം ഇതേ വേഷത്തിൽ നിൽക്കുന്ന നെഹ്‌റുവിന്റെ ചിത്രത്തിന് വ്യക്തമായൊരു രാഷ്ട്രീയമാനം കൂടിയുണ്ടായിരുന്നു. ഖിലാഫത്ത്- നിസ്സഹകരണ പ്രസ്ഥാനങ്ങളുടെ കാലത്ത് ദേശീയ പ്രസ്ഥാനത്തിൽ ദൃശ്യമായ ഹിന്ദു- മുസ്ലിം രാഷ്ട്രീയ ഐക്യത്തിന്റെ പ്രതീകാത്മക പ്രതിഫലനമാണ് ഈ ചിത്രങ്ങളിലൂടെ കാണാൻ കഴിയുന്നത്. 1929-ലെ ചരിത്രപ്രസിദ്ധമായ ലാഹോർ കോൺഗ്രസ് സമ്മേളനത്തിൽ മോത്തിലാലും ജവഹർലാലും ഷെർവാണിയും തൊപ്പിയുമണിഞ്ഞ് പങ്കെടുക്കുന്ന ചിത്രങ്ങളും പകർത്തപ്പെടുകയുണ്ടായി.
1920-കളുടെ മധ്യം മുതൽ നെഹ്‌റു ബോധപൂർവ്വം രൂപപ്പെടുത്തിയെടുത്ത ഷെർവാണിയും തൊപ്പിയും അടങ്ങുന്ന വേഷവിധാനവും, അതിന് ഫോട്ടോഗ്രാഫിയിലൂടെ ലഭിച്ച വ്യാപകമായ പ്രചാരവും അദ്ദേഹത്തിന്റെ ദൃശ്യചരിത്രത്തിലെ (Visual History) പ്രധാന ഘടകങ്ങളാണ്. ഈ ദൃശ്യശേഖരങ്ങളിലൂടെ, ദേശീയ പ്രസ്ഥാനത്തിനുള്ളിലെ സോഷ്യലിസ്റ്റ് ആശയങ്ങളുടെയും ഊർജ്ജസ്വലരായ യുവത്വത്തിന്റെയും പ്രതീകാത്മക മുഖമായി നെഹ്‌റു വളരെ വേഗം മാറി.

നീണ്ട ഇടവേളയ്ക്കുശേഷം ജവഹർലാലിന്റെയും കുടുംബത്തിന്റെയും യൂറോപ്യൻ രീതിയിലുള്ള ഫോട്ടോഗ്രാഫുകൾ വീണ്ടും എടുത്തുതുടങ്ങുന്നത് കമലയുടെ ചികിത്സയ്ക്കായുള്ള അവരുടെ യൂറോപ്യൻ യാത്രയ്ക്കിടയിലാണ്. തങ്ങളുടെ പ്രയാസമേറിയ ജീവിതകാലത്ത് എടുത്ത സ്വന്തം ചിത്രങ്ങൾ അത്ര നന്നായിട്ടില്ല എന്ന് ജവഹർലാൽ മോത്തിലാലിന് എഴുതുന്നുണ്ട്. 1926 ഒക്ടോബറിൽ ജനീവയിൽ നിന്ന് ജവഹർലാൽ അച്ഛന് ഇങ്ങനെ എഴുതി:
"നിങ്ങൾ ആവർത്തിച്ച് ഓർമിപ്പിച്ചിട്ടും ഞങ്ങളുടെ ആരുടെയും നല്ല ഫോട്ടോകൾ അയച്ചുതരാൻ കഴിയാത്തതിൽ ഞാൻ ലജ്ജിക്കുന്നു. മാസങ്ങളായി ഒരു ക്യാമറയ്ക്ക് മുന്നിൽ നിൽക്കാൻ ഞാൻ ആലോചിക്കുന്നുണ്ടെങ്കിലും എന്തെങ്കിലുമൊക്കെ കാരണങ്ങളാൽ അത് നീണ്ടുപോവുകയാണ്. ഒന്നുകിൽ കമല ഞാൻ ആഗ്രഹിച്ചതുപോലെ പൂർണ്ണ ആരോഗ്യവതിയായിരിക്കില്ല, അല്ലെങ്കിൽ ഇന്ദു കൂടെയുണ്ടാവില്ല... നാളെ നമ്മൾ ഒരു ഫോട്ടോഗ്രാഫറെ കാണാൻ പോകുന്നുണ്ട്."
വൈകാതെ ജവഹർലാൽ അച്ഛന് വീണ്ടും ഇപ്രകാരം എഴുതി:
"ഞങ്ങളുടെ ഫോട്ടോഗ്രാഫുകളുടെ പ്രൂഫ് ഇന്നലെ കണ്ടു. പക്ഷേ, അവ പൂർത്തിയായി വരാൻ അടുത്ത പത്തു ദിവസമോ അതിൽ കൂടുതലോ സമയമെടുക്കുമെന്ന് ഞാൻ ഭയപ്പെടുന്നു. ഇന്ദുവിന്റെ ഫോട്ടോഗ്രാഫുകൾ വളരെ നന്നായി വന്നിട്ടുണ്ട്; മറ്റുള്ളവയും മോശമല്ല."
ഇതേ സമയത്തുതന്നെയാണ് മോത്തിലാൽ നെഹ്‌റു അലഹബാദിൽ പണികഴിപ്പിച്ചുകൊണ്ടിരുന്ന പുതിയ വീടായ 'ആനന്ദ് ഭവന്റെ' വിവിധ ചിത്രങ്ങൾ എടുപ്പിക്കുന്നതും അവ ജനീവയിലായിരുന്ന കമലയ്ക്ക് അയച്ചുകൊടുക്കുന്നതും. മോത്തിലാൽ ജവഹർലാലിന് ഇപ്രകാരം എഴുതുന്നുണ്ട്:
"The photographs of the new house have been taken today and will be sent next week..." തുടർന്നുള്ള മറ്റൊരു കത്തിൽ അദ്ദേഹം ഇങ്ങനെ കുറിക്കുന്നു:
"...Crowds of people, Indians & Europeans, come to see the house daily and take numerous photos..."
അക്കാലത്ത് അലഹബാദിൽ ഫോട്ടോഗ്രാഫി എത്രത്തോളം പ്രചാരത്തിലുണ്ടായിരുന്നു എന്നതിന്റെ സൂചന കൂടിയായിരുന്നു ഇത്. കമലയുടെ ചികിത്സയുടെ അവസാനഘട്ടമായപ്പോഴേക്കും മോത്തിലാൽ നെഹ്‌റുവും യൂറോപ്പിലെത്തുന്നുണ്ട്. അതിനുശേഷം നെഹ്‌റു കുടുംബത്തിന്റെ നിരവധി ചിത്രങ്ങൾ അവിടെവെച്ച് പകർത്തപ്പെടുകയുണ്ടായി. ഗാന്ധിയൻ ജീവിതശൈലി സ്വീകരിച്ചിരുന്ന മോത്തിലാലിന്റെ, യൂറോപ്യൻ വസ്ത്രധാരണരീതിയിലുള്ള അവസാന ചിത്രങ്ങൾ കൂടിയായിരുന്നു അവ. ഈ യൂറോപ്യൻ യാത്രയ്ക്കിടയിൽ, 1927-ൽ ബ്രസ്സൽസിൽ നടന്ന 'കൊളോണിയൽ അടിച്ചമർത്തലിനും സാമ്രാജ്യത്വത്തിനുമെതിരെയുള്ള അന്താരാഷ്ട്ര കോൺഗ്രസിൽ' ജവഹർലാൽ പങ്കെടുക്കുന്ന ചിത്രം പിൽക്കാലത്ത് ഏറെ പ്രശസ്തമായി മാറി. അന്താരാഷ്ട്രതലത്തിൽ നെഹ്‌റു പങ്കെടുത്ത ആദ്യത്തെ വലിയ രാഷ്ട്രീയ പരിപാടിയായിരുന്നു ഇത്.

ഇംഗ്ലണ്ടിലെ നിയമപഠനത്തിന് ശേഷം ദക്ഷിണാഫ്രിക്കയിൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്ത കാലത്ത് ഗാന്ധിജി യൂറോപ്യൻ ശൈലിയിലുള്ള സ്യൂട്ടുകളായിരുന്നു ധരിച്ചിരുന്നത്. 1915-ൽ ഇന്ത്യയിലേക്ക് മടങ്ങിയപ്പോൾ തുടക്കത്തിൽ പരമ്പരാഗത ഗുജറാത്തി വസ്ത്രങ്ങളാണ് അദ്ദേഹം ഉപയോഗിച്ചത്. എന്നാൽ, 1921-ലാണ് 20-ാം നൂറ്റാണ്ടിലെ ഏറ്റവും രാഷ്ട്രീയ പ്രാധാന്യമുള്ള വസ്ത്രധാരണരീതി ഗാന്ധിജി സ്വീകരിക്കുന്നത്. ഔപചാരിക വസ്ത്രങ്ങൾ പൂർണ്ണമായും ഉപേക്ഷിച്ച അദ്ദേഹം, ഒരു ചെറിയ ദോത്തിയും ചിലപ്പോൾ ഒരു മേൽമുണ്ടും മാത്രം ധരിക്കാൻ തുടങ്ങി. പിൽക്കാലത്ത് ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ ഏറ്റവും ശക്തമായ ദൃശ്യപ്രതീകമായി മാറിയത് ഈ വേഷത്തിലുള്ള ഗാന്ധിജിയുടെ ചിത്രങ്ങളായിരുന്നു.
മറുഭാഗത്ത്, നെഹ്‌റു തന്റേതായ ഒരു വസ്ത്രധാരണശൈലി ക്രമേണ വികസിപ്പിച്ചെടുക്കുന്നതും 1920-കളിലാണ്. പുരുഷന്മാരുടെ പരമ്പരാഗത ഇന്ത്യൻ വസ്ത്രധാരണ രീതിയായ അച്കൻ- ഷെർവാണി ശൈലിയിലുള്ള 'ബന്ദ് ഗല' കോട്ടുകൾ നെഹ്‌റുവിന്റെ സവിശേഷമായ ദൃശ്യ അടയാളമായി മാറി. പിൽക്കാലത്ത് ലോകപ്രശസ്തമായി മാറിയ 'നെഹ്‌റു ജാക്കറ്റ്' 1927-ന് ശേഷമാണ് അദ്ദേഹത്തിന്റെ വസ്ത്രധാരണത്തിന്റെ ഭാഗമാകുന്നത്. 1928-ൽ ഡോ. എം.എ. അൻസാരിക്കൊപ്പം കുർത്തയ്ക്ക് മുകളിൽ ജാക്കറ്റ് ധരിച്ചുനിൽക്കുന്ന ചിത്രത്തിലാണ് ഈ വസ്ത്രധാരണരീതിയിലുള്ള അദ്ദേഹത്തിന്റെ ആദ്യ ഫോട്ടോ കാണാൻ കഴിയുന്നത്. 1930-കൾ മുതൽ ഗാന്ധിയും നെഹ്‌റുവും തങ്ങളുടേതായ സവിശേഷ വേഷങ്ങളിൽ നിൽക്കുന്ന ചിത്രങ്ങൾ ദേശീയ പ്രസ്ഥാനത്തിന്റെ പ്രധാന ദൃശ്യങ്ങളായി മാറിത്തുടങ്ങി.സമാനമായൊരു ദൃശ്യപരിണാമം മുഹമ്മദ് അലി ജിന്നയിലുമുണ്ടായി. അതുവരെ താൻ പതിവായി ഉപയോഗിച്ചിരുന്ന യൂറോപ്യൻ ശൈലിയിലുള്ള സ്യൂട്ടുകളിൽനിന്ന് മാറി, ഉത്തരേന്ത്യൻ മുസ്ലിം ഉപരിവർഗ്ഗത്തിന്റെ പരമ്പരാഗത വേഷമായ അച്കനും കാരക്കുൽ തൊപ്പിയും (ജിന്ന തൊപ്പി) അണിഞ്ഞുള്ള ചിത്രങ്ങളിലൂടെ പുതിയൊരു രാഷ്ട്രീയ പ്രതിച്ഛായ നിർമ്മിച്ചെടുക്കാൻ പിൽക്കാലത്ത് ജിന്നയും ശ്രമിച്ചു.
രാഷ്ട്രീയ പ്രചാരണങ്ങളിൽ ഫോട്ടോ ജേണലിസത്തിനുള്ള സ്വാധീനത്തെക്കുറിച്ച് നെഹ്‌റു ആഴത്തിൽ മനസ്സിലാക്കിയിരുന്നു. മാധ്യമങ്ങൾ വഴി പ്രസിദ്ധീകരിക്കുന്ന ചിത്രങ്ങൾക്ക് വലിയൊരു ജനവിഭാഗത്തെ സ്വാധീനിക്കാൻ കഴിയുമെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു.
ഫോട്ടോ ജേണലിസത്തിലെ
നെഹ്റു എന്ന പ്രതീകം
1920-കളുടെ അവസാനത്തിൽ, രാഷ്ട്രീയ പ്രചാരണങ്ങളിൽ ഫോട്ടോ ജേണലിസത്തിനുള്ള സ്വാധീനത്തെക്കുറിച്ച് നെഹ്‌റു ആഴത്തിൽ മനസ്സിലാക്കിയിരുന്നു. മാധ്യമങ്ങൾ വഴി പ്രസിദ്ധീകരിക്കുന്ന ചിത്രങ്ങൾക്ക് വലിയൊരു ജനവിഭാഗത്തെ സ്വാധീനിക്കാൻ കഴിയുമെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. ഒക്ടോബർ വിപ്ലവത്തിന്റെ പത്താം വാർഷികവേളയിൽ, സോവിയറ്റ് റഷ്യയിലെ മോസ്കോ നഗരത്തിൽ പ്രചാരണത്തിനായി 1924-ൽ അന്തരിച്ച ലെനിന്റെ ചിത്രങ്ങൾ വ്യാപകമായി ഉപയോഗിച്ചതിനെക്കുറിച്ച് 1927 നവംബറിൽ നെഹ്‌റു ഇപ്രകാരം കുറിക്കുകയുണ്ടായി:
"മോസ്കോ നഗരം മുഴുവൻ പതാകകളും തോരണങ്ങളും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. സോവിയറ്റ് യൂണിയന്റെ അടയാളമായ അരിവാളും ചുറ്റികയും എവിടെയും കാണാം... തീർച്ചയായും ലെനിന്റെ ചിത്രങ്ങളുമുണ്ട്. പ്രതിമയോ ചിത്രമോ ഫോട്ടോയോ പെയിന്റിംഗോ ആയി ലെനിൻ മുഖാമുഖം വരാതെ ഒരാൾക്ക് ഇവിടെ ഒരടി മുന്നോട്ടുവെക്കാനോ തിരിയാനോ പോലും കഴിയില്ല. ഓരോ വീട്ടിലും മിക്കവാറും എല്ലാ കടകളുടെ ജനാലകളിലും അതുണ്ട്."
ലെനിൻ ഒരു രാഷ്ട്രീയ ബിംബമായി മാറുന്നതും അതിന് നെഹ്‌റു ദൃക്‌സാക്ഷിയാകുന്നതും ഈ വരികൾ അടിവരയിടുന്നു. ഇന്ത്യൻ ഫോട്ടോ ജേണലിസത്തിൽ താനൊരു പ്രധാന പ്രതീകമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് നെഹ്‌റു തിരിച്ചറിയുന്നതും ഇക്കാലത്താണ്. 1929-ലെ ലാഹോർ സമ്മേളനത്തോടെ ഇന്ത്യയിൽ വളർന്നുവന്ന പുതിയ സോഷ്യലിസ്റ്റ് രാഷ്ട്രീയ ഭാവുകത്വത്തിന്റെ നേതൃനിരയിലേക്ക് നെഹ്‌റു എത്തിച്ചേർന്നു. അതോടെ ഇന്ത്യയിലുടനീളം വലിയ സ്വാധീനമുള്ള ജനനായകന്മാരിൽ ഒരാളായി അദ്ദേഹം വളരുകയുണ്ടായി. അന്താരാഷ്ട്രതലത്തിലും അദ്ദേഹം ശ്രദ്ധേയനായ നേതാവായി മാറിയത് നെഹ്‌റുവിന്റെ ഫോട്ടോഗ്രാഫിക് പ്രതിനിധാനങ്ങളിലും വലിയ മാറ്റങ്ങൾ വരുത്തി.

1930-കളിൽ കമലയുടെയും ഇന്ദിരയുടെയും കൂടെയുള്ള ധാരാളം ചിത്രങ്ങൾ നെഹ്‌റുവിന്റെ ഫോട്ടോശേഖരത്തിൽ ലഭ്യമാണ്. മോത്തിലാൽ നെഹ്‌റുവിന്റെ മരണശേഷം ആനന്ദ് ഭവനിലെ കുടുംബനാഥനായി മാറിയെങ്കിലും, അദ്ദേഹത്തെപ്പോലെ ഒരു 'പരമ്പരാഗത' കുടുംബനാഥൻ എന്ന പ്രതിച്ഛായ ജവഹർലാലിന്റെ ഫോട്ടോകളിൽ ദൃശ്യമായിരുന്നില്ല. ആനന്ദ് ഭവന്റെ പശ്ചാത്തലത്തിൽ പകർത്തിയിട്ടുള്ള അദ്ദേഹത്തിന്റെ ചിത്രങ്ങൾ ഈയൊരു വ്യത്യാസം കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്. 1931-ൽ മോത്തിലാൽ അന്തരിച്ചതിന് ശേഷമുള്ള കാലയളവിൽ, മുൻപത്തെപ്പോലെ ചിട്ടയായ രീതിയിലുള്ള കുടുംബ ഫോട്ടോകൾ എടുക്കുന്ന പതിവ് തുടരുന്നതായി കാണുന്നില്ല. 1930-കളിൽ കുടുംബ ഫോട്ടോകളുടെ ഫ്രെയിമുകളിൽനിന്ന് രാഷ്ട്രീയ ഫോട്ടോകളുടെ വിശാലമായ ഫ്രെയിമുകളിലേക്ക് നെഹ്‌റു പൂർണ്ണമായും മാറുകയായിരുന്നു.
1930-കളിൽ വ്യക്തികൾ സ്വന്തം ചിത്രങ്ങൾ എടുത്തുസൂക്ഷിക്കുന്ന ശൈലി പൊതുവെ വളർന്നുവന്നിരുന്നു. എന്നാൽ നെഹ്‌റു സ്വന്തം ഫോട്ടോകൾ എടുപ്പിക്കുന്നതിൽ ഇക്കാലത്ത് വലിയ താത്പര്യം കാണിച്ചിരുന്നില്ല. 1931 മാർച്ചിൽ ഖ്വാജ അഹമ്മദ് അബ്ബാസിന് അയച്ച കത്തിൽ നെഹ്‌റു ഇപ്രകാരം വ്യക്തമാക്കുന്നുണ്ട്: "ക്ഷമിക്കണം, നിങ്ങൾക്ക് അയച്ചുതരാൻ കഴിയുന്ന ഒരു ഫോട്ടോയും ഇപ്പോൾ എന്റെ കൈവശമില്ല."
എങ്കിലും, നെഹ്‌റു സ്വന്തം ക്യാമറയിൽ ധാരാളം കുടുംബ ഫോട്ടോകൾ പകർത്തുകയും അവയുടെ കോപ്പികൾ സൂക്ഷിക്കുകയും ചെയ്തിരുന്നു. 1933 ഒക്ടോബറിൽ ഭാരതി സാരാഭായിക്ക് എഴുതിയ കത്തിൽ അദ്ദേഹം ഇപ്രകാരം കുറിച്ചു:
"ജയിലിൽനിന്ന് മോചിതനായ ഉടനെയാണ് എനിക്ക് നിങ്ങളുടെ കുറിപ്പ് ലഭിച്ചത്. നിങ്ങൾ ആവശ്യപ്പെട്ട ഫോട്ടോ കൂടി ഒപ്പം അയക്കണമെന്നു കരുതിയതിനാലാണ് മറുപടി നൽകാൻ വൈകിയത്. ഞാൻ തിരഞ്ഞുനോക്കിയെങ്കിലും അധികമായി ഒരു ഫോട്ടോ പോലും കണ്ടെത്താനായില്ല. സാധാരണ ചിത്രങ്ങൾ ഒഴിച്ചാൽ എന്റെ പക്കലുള്ള ഏറ്റവും പുതിയ ഫോട്ടോ, ഏകദേശം രണ്ടര വർഷം മുമ്പ് 1931-ലെ വേനൽക്കാലത്ത് സിലോണിൽ വെച്ച് എടുത്തതാണ്. അത് എന്നെ ഇപ്പോഴുള്ളതിനേക്കാൾ വളരെ ചെറുപ്പമായി കാണിക്കുന്നു; എങ്കിലും അതത്ര മോശം കാര്യമായിരിക്കില്ല."
തന്റെ ബാഹ്യരൂപവും ഫോട്ടോഗ്രാഫിക് പ്രതിച്ഛായയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് നെഹ്‌റു അതീവ ശ്രദ്ധാലുവായിരുന്നു എന്ന് ഇതിൽനിന്ന് വ്യക്തമാണ്. അദ്ദേഹത്തിന്റെ ശാന്തമായ മുഖഭാവവും ഊർജ്ജസ്വലമായ ശരീരഭാഷയും ഇക്കാലത്തെ ചിത്രങ്ങളുടെ പ്രധാന സവിശേഷതയായി മാറുകയും ചെയ്തു.

ഗാന്ധിജിയുടെ കൂടെയുള്ള നെഹ്‌റുവിന്റെ നിരവധിയായ ഫോട്ടോകൾ പകർത്തപ്പെടുന്നത് 1930-കളിലാണ്. ഗാന്ധിജിയെക്കൂടാതെ രബീന്ദ്രനാഥ ടാഗോർ, സുഭാഷ് ചന്ദ്രബോസ്, സർദാർ പട്ടേൽ, മൗലാനാ ആസാദ്, രാജേന്ദ്ര പ്രസാദ്, ജി. വി. പന്ത് എന്നിവർക്കൊപ്പമുള്ള ചിത്രങ്ങൾ നെഹ്‌റുവിന്റെ ഫോട്ടോശേഖരത്തിന്റെ ഭാഗമാകുന്നതും ഇക്കാലത്തുതന്നെയാണ്. 1930-കളുടെ തുടക്കത്തിൽ നെഹ്‌റു കുടുംബം മുഴുവനായും നിയമലംഘന പ്രസ്ഥാനത്തിന്റെ ഭാഗമായതും മോത്തിലാലും ജവഹർലാലും കമലയും അറസ്റ്റ് ചെയ്യപ്പെട്ടതും അന്നത്തെ പത്രങ്ങളിൽ ചിത്രങ്ങളോടെ അച്ചടിച്ചുവന്നിരുന്നു. അതേപോലെ, നെഹ്‌റു കുടുംബത്തിലെ സ്ത്രീകൾ അലഹബാദ് കേന്ദ്രീകരിച്ച് സമരരംഗത്തേക്ക് ഇറങ്ങിയതും ഫോട്ടോഗ്രാഫർമാരുടെ പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റി. ഫോട്ടോജേണലിസത്തിൽ നെഹ്‌റു കുടുംബത്തിന് സവിശേഷമായൊരു ഇടംതന്നെ നേടിയെടുക്കാൻ ഈ ചിത്രങ്ങളിലൂടെ കഴിഞ്ഞു.
ജവഹർലാൽ നെഹ്‌റു 1929-ൽ പ്രസിദ്ധീകരിച്ച 'Letters From a Father to His Daughter', 1934-ലെ 'Glimpses of World History' എന്നീ പുസ്തകങ്ങൾ വായനക്കാരുടെ, പ്രത്യേകിച്ച് കുട്ടികളുടെ വലിയ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഈ പുസ്തകങ്ങളിൽ ഉൾപ്പെടുത്തിയ ചിത്രീകരണങ്ങൾ (Illustrations) നെഹ്‌റു തന്നെ നേരിട്ട് തിരഞ്ഞെടുത്തവയായിരുന്നു. കത്തുകളിലൂടെ താൻ പങ്കുവെച്ച ചരിത്ര- ശാസ്ത്ര പാഠഭാഗങ്ങൾ രേഖാചിത്രങ്ങളിലൂടെയും മാപ്പുകളിലൂടെയും വായനക്കാരിലേക്ക് എത്തിക്കാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. ഇത്തരം ദൃശ്യാവിഷ്കാരങ്ങളെ അദ്ദേഹം അത്രമേൽ ഗൗരവത്തോടെയാണ് സമീപിച്ചത്.
1930-ൽ നൈനി സെൻട്രൽ ജയിലിൽ കഴിയുന്ന കാലത്ത് തന്റെ ഡയറിയിൽ അദ്ദേഹം വരച്ച 'ബാരക്ക് നമ്പർ 6'-ന്റെ സ്കെച്ച്, ചുറ്റുപാടുകളെ ഒരു ഫോട്ടോഗ്രാഫറുടെ കണ്ണുകളോടെ കൃത്യമായി നിരീക്ഷിക്കാനും അടയാളപ്പെടുത്താനുമുള്ള അദ്ദേഹത്തിന്റെ കഴിവിനെ വ്യക്തമാക്കുന്നുണ്ട്.
‘അച്ഛൻ മകൾക്കെഴുതിയ കത്തുകൾ' കുട്ടികളിൽ ചെലുത്തിയ വലിയ സ്വാധീനത്തിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് നെഹ്‌റുവും മകൾ ഇന്ദിരയും തമ്മിലുള്ള ഫോട്ടോകൾ അക്കാലത്ത് ജനപ്രിയ ആകർഷണമായി മാറുന്നത്. കൂട്ടുകുടുംബസംവിധാനങ്ങളിൽനിന്ന് അണുകുടുംബത്തിലേക്കുള്ള പരിവർത്തനത്തിന്റെ ഭാഗമായി, നെഹ്‌റുവും കമലയും ഇന്ദിരയും മാത്രമടങ്ങുന്ന കുടുംബചിത്രങ്ങൾ അക്കാലത്ത് ഏറെ മാതൃകാപരമായി (Idealized) ചിത്രീകരിക്കപ്പെട്ടിരുന്നു. ഫോട്ടോഗ്രാഫിയിൽ നേരത്തെയുണ്ടായിരുന്ന 'അച്ഛൻ-മകൻ' രീതി മാറി, 'അച്ഛൻ-മകൾ' എന്ന രീതിയിലേക്കുള്ള ഒരു ദൃശ്യപരിവർത്തനം കൂടി നടന്ന കാലമായിരുന്നു ഇത്.
1930-കളുടെ പകുതിക്കുശേഷം നെഹ്‌റുവിന്റെ കുടുംബഫോട്ടോകളുടെ ശേഖരം കുറഞ്ഞുവരുന്നതായാണ് കാണുന്നത്. 1942 മാർച്ചിൽ നടന്ന ഇന്ദിരാഗാന്ധിയുടെ വിവാഹ ചിത്രങ്ങൾ ഒഴിച്ചാൽ, കാര്യമായ കുടുംബ ഫോട്ടോകൾ ലഭ്യമല്ല.
ഫോട്ടോകളിലെ ‘സോഷ്യലിസ്റ്റ് നെഹ്റു’
ഇന്ത്യൻ ദേശീയപ്രസ്ഥാനം സോഷ്യലിസ്റ്റ് പാതയിലേക്ക് കടക്കുന്നതിൽ നിർണ്ണായകമായ ഒരു ഘട്ടമായിരുന്നു 1936-ലെ ലഖ്‌നൗ കോൺഗ്രസ് സമ്മേളനം. 1929-ലെ ലാഹോർ സമ്മേളനത്തിന് ശേഷം നെഹ്‌റു നടത്തിയ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ പ്രസംഗങ്ങളിൽ ഒന്നായിരുന്നു ലഖ്‌നൗവിലെ അധ്യക്ഷപ്രസംഗം. ഇന്ത്യയിൽ വളർന്നുവരുന്ന സോഷ്യലിസ്റ്റ്- ഇടതുപക്ഷ രാഷ്ട്രീയ ഭൂമികയിൽ അദ്ദേഹത്തിന് ശക്തമായ ഒരിടം ഉറപ്പിക്കാൻ ഈ പ്രസംഗം കാരണമായി. അദ്ദേഹത്തിന്റെ ഈ 'സോഷ്യലിസ്റ്റ് പ്രതിച്ഛായ' ഇക്കാലത്തെ ഫോട്ടോഗ്രാഫുകളിലും വ്യക്തമായി പ്രതിഫലിക്കുന്നുണ്ട്. വലിയ ജനസഞ്ചയം പങ്കെടുത്ത പൊതുയോഗങ്ങളിൽ അദ്ദേഹം പ്രസംഗിക്കുന്ന ദൃശ്യങ്ങൾ അക്കാലത്ത് വ്യാപകമായി പകർത്തപ്പെട്ടു. 1937-ലെ പ്രൊവിൻഷ്യൽ തിരഞ്ഞെടുപ്പിന്റെ ഭാഗമായി അദ്ദേഹം ഇന്ത്യയിലുടനീളം സഞ്ചരിച്ച് ശക്തമായ ജനസമ്പർക്കവും പ്രചാരണങ്ങളും നടത്തി. ഈ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനുണ്ടായ വിജയത്തിൽ നെഹ്‌റുവിന്റെ ഈ പ്രതിച്ഛായ വലിയൊരു പങ്കുവഹിച്ചിട്ടുണ്ടെന്ന് ഇതിൽനിന്ന് വ്യക്തമാണ്.
1930-കളിൽ ചെറിയ ക്യാമറകൾ വിപണിയിലെത്താൻ തുടങ്ങിയത് ഫോട്ടോഗ്രാഫിയെ പരമ്പരാഗത സ്റ്റുഡിയോകൾക്ക് പുറത്തേക്ക് എത്തിച്ചു. അതോടെ, വാർത്തകൾക്കൊപ്പം ചിത്രങ്ങളും അച്ചടിമാധ്യമങ്ങളിലെ പ്രധാന ഉള്ളടക്കമായി മാറി. പുതുതായി വളർന്നുവന്ന ഈ 'കാൻഡിഡ് ഫോട്ടോഗ്രാഫി' (Candid Photography) ശൈലിയിലൂടെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചിത്രീകരിക്കപ്പെട്ട നേതാക്കൾ ഗാന്ധിജിയും നെഹ്‌റുവുമായിരുന്നു. ഇതിനുപുറമേ, നെഹ്‌റു സ്വന്തമായി ഒരു ചെറിയ ക്യാമറ കൈവശം വെച്ചിരുന്നു എന്നതും ശ്രദ്ധേയമാണ്; പല പൊതുപരിപാടികളിലും അദ്ദേഹം നേരിട്ട് ഫോട്ടോകൾ പകർത്താൻ ശ്രമിക്കുകയും ചെയ്തിരുന്നു. ഗാന്ധിജി സ്വന്തമായി ക്യാമറ ഉപയോഗിച്ചിരുന്നില്ലെങ്കിലും, അദ്ദേഹത്തിന്റെ പേരക്കുട്ടിയായ കനു ഗാന്ധി ക്യാമറയിലൂടെ ഗാന്ധിജിയുടെ ഒട്ടനവധി അപൂർവ്വ ചിത്രങ്ങൾ പകർത്തിയത് ഇക്കാലത്താണ്. ഫോട്ടോഗ്രാഫിക്ക് പുറമേ, ചലച്ചിത്രങ്ങളും വീഡിയോഗ്രഫിയും ഒരു പുതിയ ദൃശ്യസംസ്കാരം രൂപപ്പെടുത്തിയെടുക്കാൻ തുടങ്ങിയതും, കളർ ഫോട്ടോഗ്രാഫി സാവധാനം പ്രചാരത്തിൽ വന്നതും ഇതേ കാലയളവിലാണ്.

യഥാർത്ഥത്തിൽ 1930-കളിലാണ് നെഹ്‌റു ഒരു മുഴുവൻസമയ ദേശീയ രാഷ്ട്രീയ നേതാവായി പൂർണ്ണമായും മാറുന്നത്. 1920-കളിൽ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ വലിയൊരു പരിധി വരെ അലഹബാദ് കേന്ദ്രീകരിച്ചായിരുന്നെങ്കിൽ, 1930-കളിൽ അദ്ദേഹം തന്റെ സാന്നിധ്യം ഇന്ത്യയിലുടനീളവും രാജ്യത്തിന് പുറത്തേക്കും വ്യാപിപ്പിച്ചു. 1934-ലെ ബീഹാർ ഭൂകമ്പബാധിത പ്രദേശങ്ങൾ സന്ദർശിച്ച നെഹ്‌റു, ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുക മാത്രമല്ല, അവിടുത്തെ ചിത്രങ്ങൾ സ്വന്തം ക്യാമറയിൽ പകർത്തുകയും ചെയ്തു. അദ്ദേഹത്തിന്റെ ഈ ഇടപെടലുകളും ഫോട്ടോഗ്രാഫുകളും ദുരന്തത്തിന്റെ വ്യാപ്തിയും ജനങ്ങളുടെ ദുരിതവും രാജ്യത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിൽ വലിയ പങ്കുവഹിച്ചു.
1936-ൽ ആരംഭിച്ച സ്പാനിഷ് ആഭ്യന്തരയുദ്ധത്തിൽ ജനറൽ ഫ്രാങ്കോയുടെ ഫാസിസ്റ്റ് ശക്തികൾക്കെതിരെ പോരാടിയ റിപ്പബ്ലിക്കൻ പക്ഷത്തിന് നെഹ്‌റു പരസ്യമായ പിന്തുണ പ്രഖ്യാപിച്ചു. ലഖ്‌നൗ കോൺഗ്രസ് സമ്മേളനത്തിൽ അദ്ദേഹം മുന്നോട്ടുവെച്ച നിലപാടുകളുടെ അന്താരാഷ്ട്രതലത്തിലുള്ള തുടർച്ചയായിരുന്നു ഇത്. ആഗോള ഫാസിസ്റ്റ് പ്രവണതകൾക്കെതിരെ ഉയർന്നുവന്ന വലിയ കൂട്ടായ്മകളുടെ ഭാഗമാകാൻ ഇതിലൂടെ അദ്ദേഹത്തിന് കഴിഞ്ഞു. 1938-ൽ ലണ്ടനിലെ ട്രഫാൽഗർ സ്ക്വയറിൽ സ്പാനിഷ് റിപ്പബ്ലിക്കൻമാർക്ക് പിന്തുണ പ്രഖ്യാപിച്ച് നടന്ന വലിയ റാലിയിൽ നെഹ്‌റു പ്രസംഗിക്കുന്ന ഫോട്ടോ അന്താരാഷ്ട്രതലത്തിൽ ഏറെ ശ്രദ്ധ നേടുകയുണ്ടായി. പരമ്പരാഗതമായ ഷെർവാണിയും തൊപ്പിയുമണിഞ്ഞുനിൽക്കുന്ന അദ്ദേഹത്തിന്റെ ആ ചിത്രം ആഗോള മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. 1929-ലെ ലാഹോർ കോൺഗ്രസ് സമ്മേളനത്തിൽ കണ്ട അതേ വസ്ത്രധാരണ രീതിയിലാണ് നെഹ്‌റു ട്രഫാൽഗർ സ്ക്വയറിലും പ്രത്യക്ഷപ്പെടുന്നത്; ഈ ശൈലിയാണ് സ്വാതന്ത്ര്യാനന്തരം അദ്ദേഹത്തിന്റെ ഔദ്യോഗിക വസ്ത്രധാരണ രീതിയായി പിന്നീട് മാറുന്നത്. ഇതിലൂടെ ഒരു ദേശീയ നേതാവ് എന്നതിലുപരി, സാമ്രാജ്യത്വവിരുദ്ധ കൂട്ടായ്മകളിൽ ഇന്ത്യയിൽനിന്നുള്ള മുൻനിരക്കാരനായ ഒരു ആഗോള പ്രതീകമായി അദ്ദേഹം വളരുകയായിരുന്നു. ഈജിപ്ത്, ശ്രീലങ്ക, ചൈന എന്നിവിടങ്ങളിലേക്ക് അദ്ദേഹം നടത്തിയ യാത്രകളും അവിടുത്തെ ദേശീയസമര നേതൃത്വങ്ങളുമായി വികസിപ്പിച്ചെടുത്ത ബന്ധങ്ങളും 1940-കൾക്ക് മുമ്പേതന്നെ അദ്ദേഹത്തിന്റെ ഫോട്ടോ ആൽബങ്ങളിൽ ഇടംപിടിച്ചിരുന്നു.
1930-കളുടെ പകുതിക്കുശേഷം നെഹ്‌റുവിന്റെ കുടുംബഫോട്ടോകളുടെ ശേഖരം കുറഞ്ഞുവരുന്നതായാണ് കാണുന്നത്. 1942 മാർച്ചിൽ നടന്ന ഇന്ദിരാഗാന്ധിയുടെ വിവാഹ ചിത്രങ്ങൾ ഒഴിച്ചാൽ, കാര്യമായ കുടുംബ ഫോട്ടോകൾ ലഭ്യമല്ല. 1942-ന്റെ അവസാനത്തിൽ, ക്വിറ്റ് ഇന്ത്യ സമരത്തെ തുടർന്ന് നെഹ്‌റു അറസ്റ്റിലായതും വർഷങ്ങളോളം അഹമ്മദ്‌നഗർ കോട്ടയിൽ തടവിലാക്കപ്പെട്ടതും അദ്ദേഹത്തിന്റെ ഫോട്ടോഗ്രാഫിക് സാന്നിധ്യത്തിൽ വലിയൊരു വിടവുണ്ടാക്കി. എന്നാൽ, 1945-ൽ ജയിൽമോചിതനായതിനുശേഷം തികച്ചും വ്യത്യസ്തമായൊരു പ്രതിച്ഛായയിലേക്കാണ് അദ്ദേഹം വളർന്നത്. ജയിൽമോചിതരായി പുറത്തുവരുന്ന മൗലാനാ ആസാദ്, നെഹ്‌റു, ആചാര്യ കൃപലാനി ഉൾപ്പെടെയുള്ള നേതാക്കളുടെ ചിത്രം 'അമൃത ബസാർ പത്രിക' പ്രസിദ്ധീകരിച്ചത് ദേശീയപ്രസ്ഥാനത്തിന്റെ ദൃശ്യാവിഷ്കാരങ്ങളിൽ എക്കാലത്തും ഓർമ്മിക്കപ്പെടുന്ന ഒന്നാണ്. അതിനുശേഷം ലഭ്യമായിട്ടുള്ള അദ്ദേഹത്തിന്റെ ചിത്രങ്ങൾ തൊട്ടുമുമ്പുള്ള കാലഘട്ടത്തിൽനിന്നും ഏറെ വിഭിന്നമായിരുന്നു.

1947-നു ശേഷം നെഹ്‌റു പ്രധാനമായും ഔദ്യോഗിക ചിത്രീകരണങ്ങളുടെ ഭാഗമായി. പ്രസ് ഇൻഫർമേഷൻ ബ്യൂറോയും (PIB), അന്താരാഷ്ട്ര മാധ്യമ ഏജൻസികളും, ഹോമായ് വ്യാരവാല (Homai Vyarawalla), യൂസഫ് കാർഷ് (Yousuf Karsh) തുടങ്ങിയ പ്രശസ്ത ഫോട്ടോഗ്രാഫർമാരും പകർത്തിയ ചിത്രങ്ങൾ ആധുനിക ഇന്ത്യയുടെ ശില്പി എന്ന നിലയിലേക്കുള്ള അദ്ദേഹത്തിന്റെ വളർച്ചയെയാണ് അടയാളപ്പെടുത്തുന്നത്. ഫോട്ടോഗ്രാഫുകൾക്ക് പുറമേ, 1950-കൾ മുതൽ കാർട്ടൂണുകളും നെഹ്‌റുവിന്റെ ദൃശ്യപ്രതിച്ഛായയെ (Visual Image) വലിയ തോതിൽ സ്വാധീനിക്കുകയുണ്ടായി.
രാഷ്ട്രീയക്കാരൻ, രാഷ്ട്രതന്ത്രജ്ഞൻ, എഴുത്തുകാരൻ, പ്രാസംഗികൻ, പണ്ഡിതൻ എന്നീ നിലകളിൽ ബഹുമുഖമായ ഒരു പ്രതിച്ഛായയാണ് 1930-കളിലും 40-കളിലും നെഹ്‌റു കെട്ടിപ്പടുത്തത്. മറ്റേതൊരു ദേശീയ നേതാവിനേക്കാളും തന്റെ വൈവിധ്യമാർന്ന കഴിവുകളെ ഫോട്ടോഗ്രാഫുകളിലൂടെ അടയാളപ്പെടുത്താൻ അദ്ദേഹത്തിന് സാധിച്ചു. ഫോട്ടോഗ്രാഫിയെയും ഫോട്ടോജേണലിസത്തെയും തന്റെ രാഷ്ട്രീയ-നയതന്ത്ര ആശയങ്ങളുടെ പ്രചാരണത്തിനായി അദ്ദേഹം ഫലപ്രദമായി ഉപയോഗിച്ചു. തന്റേതായി പുറത്തുവരുന്ന ചിത്രങ്ങളിലൊന്നും തന്നെ പുരോഗമനവിരുദ്ധമോ ശാസ്ത്രവിരുദ്ധമോ ആയ ഘടകങ്ങൾ ഉണ്ടാവാതിരിക്കാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. താൻ പ്രതിനിധീകരിക്കുന്നത് പൂർണ്ണമായും ആധുനികതയെയാണെന്ന് ഫോട്ടോഗ്രാഫിയിലൂടെ സ്ഥാപിക്കാനാണ് അദ്ദേഹം ശ്രമിച്ചത്.
▮






(ഈ ലേഖനത്തിൽ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങൾ ലേഖകന്റെ വ്യക്തിപരമായ വീക്ഷണങ്ങളാണ്).
