‘കപ്പലോട്ടിയ തമിഴൻ’ എന്നറിയപ്പെടുന്ന വി.ഒ. ചിദംബരം പിള്ള

തമിഴ്നാട്ടിൽനിന്ന് ജാഫ്നയിലേക്ക് കപ്പലോടിത്തുടങ്ങുമ്പോൾ ‘കപ്പലോട്ടിയ തമിഴനെ’ ഓർക്കാതിരിക്കുന്നതെങ്ങനെ?

ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കുമിടയിൽ നാലു പതിറ്റാണ്ടിനുശേഷം പുനരാരംഭിച്ച കപ്പൽ സർവീസ്, ‘കപ്പലോട്ടിയ തമിഴൻ’ എന്നറിയപ്പെടുന്ന, തമിഴരുടെ ആത്മാഭിമാനത്തിന്റെ ഏറ്റവും വലിയ പ്രതീകങ്ങളിൽ ഒന്നായ വി.ഒ. ചിദംബരം പിള്ളയുടെ ഓർമയിലേക്ക് നയിക്കുന്നു.

റെക്കാലമായി കാത്തിരുന്ന കപ്പൽ യാത്ര, ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കുമിടയിലെ കപ്പൽ സർവീസ് ഒക്ടോബർ 14 ന് ആരംഭിച്ചു. നാലു പതിറ്റാണ്ടിനുശേഷമാണ് ഇന്ത്യയിൽനിന്ന് ശ്രീലങ്കയിലേക്ക് സ്ഥിരം കപ്പൽ സർവീസ് തുടങ്ങിയത്.

തമിഴ്‌നാട്ടിലെ നാഗപട്ടണത്തിനും ശ്രീലങ്കയിലെ ജാഫ്‌നയിലുള്ള കാങ്കസൻതുറൈയ്ക്കും ഇടയിലായിരിക്കും ഫെറി സർവീസ് നടത്തുന്നത്. അനുകൂല സാഹചര്യങ്ങളിൽ മൂന്നു മണിക്കൂർ കൊണ്ട് യാത്ര പൂർത്തിയാകും. ഷിപ്പിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യയായിരിക്കും (എസ്‌സി‌ഐ) ഫെറി സർവീസ് നടത്തുക.

ശ്രീലങ്കയിലെയും ജനങ്ങൾക്ക് ജാഫ്നയിലേക്കും തമിഴ്‌നാട്ടിലേക്കും കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാനുള്ള അവസരമാണിത്. ഫെറിയായി ഉപയോഗിക്കുന്ന കപ്പലിന് ചെറിയപാണി എന്നാണ് പേര്. ഫെറിയിൽ 150 യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയും. മാത്രമല്ല, യാത്രക്കാർക്ക് 40 കിലോ വരെ ഭാരമുള്ള ലഗേജുകൾ സൗജന്യമായി കൂടെ കൊണ്ടുപോകാനാകും. നികുതിയടക്കം 7670 രൂപയാണ് ഒരു വ​ശത്തേക്കുള്ള ടിക്കറ്റ് നിരക്ക്.

തമിഴ്‌നാട്ടിലെ നാഗപട്ടണത്തിനും ശ്രീലങ്കയിലെ ജാഫ്‌നയിലുള്ള കാങ്കസൻതുറൈയ്ക്കും ഇടയിൽ പുനരാരംഭിച്ച ഫെറി സർവീസ്

1900- കളുടെ തുടക്കത്തിലെ നാവികബന്ധങ്ങൾ ഈ സംരംഭം വഴി പുനരാവിഷ്കരിക്കപ്പെടും. തൂത്തുക്കുടി തുറമുഖം വഴി ചെന്നൈയ്ക്കും കൊളംബോയ്ക്കും ഇടയിൽ സർവീസ് നടത്തിയിരുന്ന ഇന്തോ- സിലോൺ എക്‌സ്‌പ്രസ് ശ്രീലങ്കയിലെ ആഭ്യന്തര യുദ്ധത്തെത്തുടർന്ന് 1982- ൽ നിർത്തിവച്ചിരുന്നു. 2011-ൽ കടൽവഴിയുള്ള യാത്രക്കാരുടെ ഗതാഗതം സംബന്ധിച്ച ധാരണാപത്രത്തിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. ഇതിനെതുടർന്നാണ് ഫെറി സർവീസുകൾ പുനരാരംഭിക്കുന്നത്.

ശ്രീലങ്കൻ ആഭ്യന്തരയുദ്ധത്തിനുമുമ്പ്, ഏറ്റവും വിജയകരമായ ഫെറി സർവീസുകളിലൊന്നായിരുന്നു രാമേശ്വരത്തിനടുത്തുള്ള ധനുഷ്കോടിക്കും തലൈമന്നാറിനും ഇടയിലുള്ളത്. ചെന്നൈയിൽ നിന്നുള്ളവർ എഗ്‌മോർ റെയിൽവേ സ്റ്റേഷനിൽ ബോട്ട് മെയിൽ എക്‌സ്‌പ്രസിൽ രാമേശ്വരത്ത് പോയി ഫെറിയിൽ കയറിയശേഷം, അവിടെ നിന്ന് ഫെറിയിൽ തലൈമന്നാറിലേക്കുള്ള യാത്രയ്ക്ക് ഏകദേശം രണ്ട് മണിക്കൂറായിരുന്നു ദൈർഘ്യം.

ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കുമിടയിലെ കപ്പൽ സർവീസ്, ‘കപ്പലോട്ടിയ തമിഴൻ’ എന്നറിയപ്പെടുന്ന, തമിഴരുടെ ആത്മാഭിമാനത്തിന്റെ ഏറ്റവും വലിയ പ്രതീകങ്ങളിൽ ഒന്നായ വി.ഒ. ചിദംബരം പിള്ളയുടെ ഓർമയിലേക്ക് നയിക്കുന്നു.

ശ്രീലങ്കൻ ആഭ്യന്തര യുദ്ധത്തിനുമുമ്പ്, ഏറ്റവും വിജയകരമായ ഫെറി സർവീസുകളിലൊന്നായിരുന്നു രാമേശ്വരത്തിനടുത്തുള്ള ധനുഷ്കോടിക്കും തലൈമന്നാറിനും ഇടയിലുള്ളത്.

VOC Street അഥവാ വി ഒ സി തെരുവ് തമിഴ്‌നാട്ടിന്റെ ഏതു മുക്കിലും മൂലയിലും കാണുന്ന ഒരു പേരാണ്. ചെന്നൈ നഗരം തൊട്ട് കുഗ്രാമങ്ങളിൽ പോലും VOC തെരുവുകളുണ്ട്. വി.ഒ. ചിദംബരം പിള്ളയുടെ പേരിലുള്ളതാണ് ഈ തെരുവുകൾ. തമിഴർ ചിദംബരം പിള്ളയെ 'കപ്പലോട്ടിയ തമിഴൻ' എന്നുവിളിക്കാനാണ് ആഗ്രഹിക്കുന്നത്. ചരക്കുകപ്പൽ മേഖലയിൽ സ്വന്തമായി ഷിപ്പിംഗ് കമ്പനിയുണ്ടാക്കി ബ്രിട്ടീഷ് കുത്തകയെ വെല്ലുവിളിച്ചയാളാണ് വി.ഒ.സി. തൂത്തുക്കുടിയിൽനിന്ന് അന്നത്തെ സിലോണിലെ (ഇന്നത്തെ ശ്രീലങ്ക) കൊളംബോയിലേക്ക് സ്വദേശി കപ്പൽ സർവീസ് നടത്തുന്നതിന് ചുക്കാൻ പിടിച്ചതിനാലാണ് കപ്പലോട്ടിയ തമിഴൻ എന്ന വിളിപ്പേര് ചിദംബരം പിള്ളക്ക് വന്നുചേർന്നത്.

ഇന്നത്തെ തൂത്തുക്കുടി ജില്ലയിലെ ഒറ്റപിടാരത്ത് 1872 സപ്തംബർ അഞ്ചിനാണ് ചിദംബരം പിള്ളയുടെ ജനനം. 1905-ലെ ബംഗാൾ വിഭജനക്കാലത്ത് ദേശീയ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിലേക്ക് വന്നതിനെ തുടർന്നാണ് വള്ളിയപ്പൻ ഉലഗനാഥൻ ചിദംബരം പിള്ള ലോപിച്ച് VOC എന്ന വിളിപ്പേരിലറിയപ്പെടാൻ തുടങ്ങിയത്.

തൂത്തുക്കുടിയിലും തിരുനൽവേലിയിലും തിരുച്ചിറപ്പള്ളിയിലുമൊക്കെയായി വിദ്യാഭ്യാസം പൂർത്തിയാക്കിയ VOC ഇംഗ്ലീഷ് ഭാഷയിലും അവഗാഹം നേടി. ബാരിസ്റ്റർ പരീക്ഷ വിജയിച്ചതോടെ ദേശീയ പ്രസ്ഥാനത്തിന്റെ അമരക്കാരുമായി ഉറ്റ ബന്ധവും സ്ഥാപിച്ചു. മഹാകവി സുബ്രഹ്മണ്യ ഭാരതി, VOC- യുടെ മാർഗദർശികളിൽ ഒരാളായിരുന്നു.

ഇന്ത്യൻ നാഷനൽ കോൺഗ്രസിലെ തീവ്ര നിലപാടിനോടായിരുന്നു തുടക്കം മുതൽ ചിദംബരം പിള്ളയുടെ ആഭിമുഖ്യം. ബാലഗംഗാധര തിലകന്റെ തീവ്രവാദ ആശയങ്ങളിലും സ്വദേശി പ്രസ്ഥാനത്തിലും ആകൃഷ്ടനായ VOC, Swedeshi Stream Navigation കമ്പനി രൂപീകരിച്ച് രാജ്യമെമ്പാടും സഞ്ചരിച്ച് കപ്പൽ വാങ്ങാനുള്ള വിഭവസമാഹാരണത്തിൽ ഏർപ്പെട്ടു. ഒടുവിൽ ഒരു ഫ്രഞ്ചു കപ്പൽ സ്വന്തമാക്കി തൂത്തുക്കുടിയിൽനിന്ന് കുറഞ്ഞ നിരക്കിൽ കൊളംബോയിലേക്ക് കപ്പൽ സർവീസ് തുടങ്ങി. ഇത് ബ്രിട്ടന്റെ കപ്പൽ കമ്പനിയായ ബ്രിട്ടീഷ് ഇന്ത്യൻ സ്റ്റീം നാവിഗേഷൻ കമ്പനിയുടെ അന്താരാഷ്ട്ര മേഖലയിലെ കപ്പൽ വ്യാപാരത്തിന് കടുത്ത വെല്ലുവിളിയുയർത്തി.
വിറളി പൂണ്ട ബ്രിട്ടീഷുകാർ അതിലും കുറഞ്ഞ നിരക്കിൽ സർവീസ് നടത്താൻ തീരുമാനിച്ചെങ്കിലും VOC- യുടെ കപ്പലിലേക്കായിരുന്നു യാത്രക്കാരുടെ ഒഴുക്ക്. എസ്.എസ്. ഗാലിയ, എസ്.എസ്. ലാവോ എന്നീ കപ്പലുകൾ VOC ഇതിനകം സ്വന്തമാക്കിയിരുന്നു. ഒടുവിൽ തികച്ചും സൗജന്യയാത്ര പ്രഖ്യാപിച്ചാണ് VOC-യുടെ കമ്പനിയെ ബ്രിട്ടീഷുകാർക്ക് പിടിച്ചുകെട്ടാനായത്.

സൗജന്യങ്ങൾ വാരിക്കോരി നൽകി തദ്ദേശീയ കമ്പനികളെ തകർത്ത് കമ്പോളം എങ്ങനെ കുത്തകവൽക്കരിക്കാം എന്ന സാമ്രാജ്യത്വ നയത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് VOC കമ്പനിയെ തകർത്ത കഥ. ബ്രിട്ടീഷ് കമ്പനി ഒരു രൂപയ്ക്ക് നടത്തിവന്നിരുന്ന കപ്പൽയാത്രക്ക് VOC അതിന്റെ പകുതിയേ ഈടാക്കിയിരുന്നുള്ളൂ. തുടർന്നും VOC കമ്പനിയിലേക്ക് യാത്രക്കാർ ഇടിച്ചുകയറിയപ്പോൾ സൗജന്യയാത്രയും കുടയും എന്ന ആനുകൂല്യം പ്രഖ്യാപിച്ചാണ് ഇന്ത്യാ ചരിത്രത്തിലെ സ്വകാര്യ സംരംഭത്തിലുള്ള ആദ്യ കപ്പൽ കമ്പനി നഷ്ടത്തിലേക്ക് വീണുപോയത്.

വി.ഒ.സിയുടെ ആദ്യ പാസഞ്ചർ കപ്പൽ 1907ൽ

ബ്രിട്ടീഷ് ഇന്ത്യൻ സ്ട്രീം നാവിഗേഷൻ കമ്പനിയുടെ കപ്പൽ ഗതാഗതത്തിലുള്ള കുത്തക പൊളിച്ചടുക്കിയ VOC ചുരുങ്ങിയ കാലം കൊണ്ട് ബ്രിട്ടീഷുകാരുടെ കണ്ണിൽ ദേശവിരുദ്ധനായി മാറി. രാജ്യദ്രോഹക്കുറ്റം ആരോപിച്ച് ബാരിസ്റ്റർ ലൈസൻ പദവി എടുത്തുകളഞ്ഞ VOC-യെ ശ്വാസം മുട്ടിച്ച് പിറകോട്ടടിക്കാനായിരുന്നു തുടർന്ന് അവർ ശ്രമിച്ചത്, പല മാർഗങ്ങളിലൂടെ.

രാജ്യദ്രോഹക്കുറ്റമാരോപിച്ച് 1908-ൽ 40 വർഷത്തേക്ക് ഇരട്ട ജീവപര്യന്തത്തിന് ബ്രിട്ടീഷ് കോടതി വിധിച്ചു. അദ്ദേഹത്തിന്റെ കപ്പൽ കമ്പനി പൂട്ടുകയും കപ്പലുകൾ ലേലം ചെയ്യുകയും ചെയ്തു. കോയമ്പത്തൂർ ജയിലിൽ അടച്ച ചിദംബരം പിള്ളയെ ശിക്ഷായിളവ് നൽകി കണ്ണൂർ സെൻട്രൽ ജയിലിലേക്കുമാറ്റി. 1912 ഡിസംബറിൽ ജയിൽ മോചിതനാകും വരെ ക്രൂരമായ ശാരീരിക പീഡനങ്ങളാണ് VOC-ക്ക് നേരിടേണ്ടിവന്നത്. എണ്ണയാട്ട് യന്ത്രത്തിൽ കാളകളെപ്പോലെ ചക്രം തിരിക്കുന്നതുൾപ്പെടെയുള്ള നിർബന്ധിത പണികളിൽ VOC-യെ നിയോഗിച്ചു. ആരോഗ്യം ക്ഷയിച്ച VOC നിത്യരോഗിയായാണ് മോചിതനായത്.

ഇതിനിടെ, കടുത്ത കടക്കെണിയിലകപ്പെട്ട സ്വദേശി കപ്പൽ കമ്പനിയെ പാപ്പരായി ബ്രിട്ടീഷ് സർക്കാർ പ്രഖ്യാപിച്ചിരുന്നു. ജയിൽമോചിതനായ VOC-യെ തിരുനൽവേലിയിലേക്കോ സ്വദേശത്തേക്കോ വരാൻ ബ്രിട്ടീഷുകാർ അനുവദിച്ചില്ല. രണ്ടു കുഞ്ഞുങ്ങളുമായി തുടർന്നുള്ള കാലം മദ്രാസിലാണ് അദ്ദേഹം കഴിഞ്ഞത്. ജയിൽ മോചിതനായശേഷവും അദ്ദേഹം സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിൽ പങ്കാളിയായി. മിൽ തൊഴിലാളികളെ സംഘടിപ്പിച്ചു.

'കപ്പലോട്ടിയ തമിഴൻ' സിനിമയിലെ ജയിൽ രംഗത്തിൽ ശിവാജി ഗണേശൻ അവതരിപ്പിച്ച വി.ഒ.സി ചിദംബരം പിള്ളയുടെ കഥാപാത്രം

1936 നവംബർ 18ന്, 64-ാം വയസ്സിലായിരുന്നു, തമിഴരുടെ സ്വകാര്യ അഹങ്കാരമായ VOC തൂത്തുക്കുടിയിലെ കോൺഗ്രസ് ഓഫീസിൽ കിടന്ന് മരിച്ചത്. കപ്പലോട്ടിയ തമിഴന്റെ ഓർമക്ക് രാജ്യത്തെ ഏറ്റവും വലിയ തുറമുഖങ്ങളിലൊന്നായ തൂത്തുക്കുടിക്ക് VOC-യുടെ പേര് നൽകി.
ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ എല്ലാ മേഖലകളിലുമുള്ള കുത്തകവൽക്കരണത്തെയും സ്വദേശീയമായി പ്രതിരോധിക്കാമെന്ന് കാണിച്ചുതന്ന ആദ്യ ഇന്ത്യക്കാരനാണ് VOC എന്ന് വേണമെങ്കിൽ പറയാം. സ്വന്തം കമ്പനിക്കായി രാജ്യമെമ്പാടും സഞ്ചരിച്ച ഈ ദേശീയവാദിക്ക് അരബിന്ദോ, സുബ്രഹ്മണ്യഭാരതി, ഗാന്ധി എന്നിവരിൽനിന്ന് അകമഴിഞ്ഞ പിന്തുണയാണ് ലഭിച്ചത്.
കപ്പലോട്ടിയ തമിഴൻ അഥവാ VOC തമിഴരുടെ ആത്മാഭിമാനത്തിന്റെ എക്കാലത്തെയും പ്രതിരൂപമാണ്.

Comments