കവിതയുടെയും സംഗീതത്തിന്റെയും ലഹരിയില്‍
ദം ബിരിയാണിയുടെ സുഗന്ധം

‘നിന്റെ ഭക്ഷണം എന്റെ ഭക്ഷണം’ എന്ന വേര്‍തിരിവില്‍ നിന്ന്​ ‘നിന്റേത് നല്ലത് എന്റേതും നല്ലത്, നമ്മള്‍ ഒരുമിച്ച് ചേരുമ്പോള്‍ രുചികരമായ ഒരു ദം ബിരിയാണി’ എന്ന രുചിയുടെ രാഷ്ട്രീയമാണ് കായസ്​ഥരുടെ ചരിത്രത്തില്‍ തെളിയുന്നത്.- എസ്​. ബിനുരാജ്​ എഴുതുന്ന mixed bag പരമ്പര തുടരുന്നു.

Mixed Bag- 7

കുങ്കുമവും പനിനീരും ചേര്‍ത്ത തീറ്റ തിന്നു വളരുന്ന കോഴികൾ. അവയുടെ ശരീരം ഉഴിയുന്നതോ കസ്തൂരിത്തൈലവും ചന്ദനവും ചേര്‍ത്ത്!
ഇങ്ങനെ രാജകീയമായി വളരുന്ന കോഴികളാണ് അക്ബര്‍ ചക്രവര്‍ത്തിയുടെ തീന്‍മേശയിലെത്തിയിരുന്നത്. പേര്‍ഷ്യന്‍ പാരമ്പര്യവും ഇന്ത്യയുടെ തനത് സുഗന്ധദ്രവ്യങ്ങളും ചേര്‍ന്ന മുഗള്‍വിഭവങ്ങളില്‍ പ്രധാനമായിരുന്നു ഇങ്ങനെ സവിശേഷമായി വളര്‍ത്തപ്പെട്ട കോഴിയുടെയും ആടിന്റെയും മാംസം കൊണ്ടുള്ള വിഭവങ്ങള്‍.

അക്ബര്‍ ചക്രവര്‍ത്തിക്കുവേണ്ടി ഇങ്ങനെ വിശിഷ്ടമായി തയ്യാറാക്കപ്പെടുന്ന കോഴികളെ കുറിച്ച് എഴുതിയിട്ടുള്ളത് A history of food in India എന്ന പുസ്തകത്തില്‍ കോളിന്‍ ടെയ്​ലര്‍ സെന്‍ ആണ്.

Photo: Wikimedia Commons
Photo: Wikimedia Commons

മുഗള്‍ രാജാക്കന്‍മാരുടെ ഭക്ഷണരീതികളെ കുറിച്ച് വളരെയധികം എഴുതപ്പെട്ടിട്ടുണ്ട്. മുഗള്‍ ഭക്ഷണപാരമ്പര്യത്തില്‍ നിന്നിറങ്ങി വന്ന നിരവധി വിഭവങ്ങള്‍ ഇന്ന് ജനപ്രിയമായി തീര്‍ന്നിട്ടുമുണ്ട്. യാഖ്നി, കബാബ്, ദോപിയാസ, പസന്ദ തുടങ്ങിയ വിഭവങ്ങള്‍ ഇവയില്‍ ചിലത് മാത്രം. മുഗള്‍ ഭക്ഷണരീതികള്‍ മാത്രമല്ല സംഗീതം, കവിതയെഴുത്ത് എന്നിവയോടുള്ള അവരുടെ കമ്പം പാരമ്പര്യത്തിലെന്നോണം ഒരു തദ്ദേശീയ സമുദായത്തിലും അലിഞ്ഞുചേര്‍ന്നിട്ടുണ്ട്. കായസ്ഥര്‍എന്ന ഈ സമുദായത്തിന്റെ പൊതുരീതികള്‍ ഇന്ത്യ എന്ന സാംസ്ക്കാരിക ഭൂമിക എത്രമാത്രം സംസ്ക്കാരങ്ങളെ ഉള്‍ക്കൊള്ളുന്നതാണെന്നും തനത് എന്നൊന്ന് തിരിച്ചറിയാനാവില്ലെന്നും ഓര്‍മ്മിപ്പിക്കുന്ന തരത്തിലാണ്.

ചാതുര്‍വര്‍ണ്യ വ്യവസ്ഥയുടെ പുറത്തായിരുന്ന കായസ്ഥരെ കുറിച്ച് വേദങ്ങളിലോ മനുസ്മൃതിയിലോ പരാമര്‍ശങ്ങളില്ല. അതുകൊണ്ടു തന്നെ പില്‍ക്കാലത്ത് ഇന്ത്യയിലേക്ക് വന്നവരാവാകം കായസ്ഥരെന്ന് ഒരു വാദമുണ്ട്.

1700- കളുടെ ഒടുക്കം ക്ഷാമം രൂക്ഷമായ സമയത്ത് ഔധിലെ നവാബായിരുന്ന അസഫ് ഉദ് ദൗല മുഗള്‍ ശൈലിയില്‍ ഒരു പള്ളി ലക്നൗവില്‍ പണിയിക്കാന്‍ തീരുമാനിക്കുന്നു. കടുത്ത ഭക്ഷ്യക്ഷാമമായതിനാല്‍ നിര്‍മ്മാണത്തൊഴിലാളികള്‍ക്ക് ജോലിക്ക് കൂലിയായി നല്‍കിയത് ഭക്ഷണമായിരുന്നു. ഇത്രയും പേര്‍ക്ക് ഭക്ഷണം ചൂടോടെ നല്‍കണം. ഭക്ഷ്യവസ്തുക്കള്‍ക്ക് ക്ഷാമമുള്ളതിനാല്‍ സുഗന്ധദ്രവ്യങ്ങളൊന്നും അധികം ചേര്‍ക്കാനുമില്ല. ഇതിന് പരിഹാരമെന്നോണം അവിടെയുള്ള പാചകക്കാര്‍ വലിയ പാത്രത്തില്‍ അരിയും മാംസവും പച്ചക്കറികളും ഒരുമിച്ച് ഇട്ട് വേവിച്ചു. ദീര്‍ഘനേരം ചൂടോടെ ഇരിക്കാന്‍ അടപ്പിന് ചുറ്റും മാവ് വച്ച് ഒട്ടിച്ചശേഷം അതിന് മുകളില്‍ കനലുകള്‍ വിതറി.

കോളിന്‍ ടെയ്ലര്‍ സെന്‍
കോളിന്‍ ടെയ്ലര്‍ സെന്‍

ഇതാണ് ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യത്തെ ദം ബിരിയാണിയെന്ന് പറയപ്പെടുന്നു.

പള്ളി പണി നിരീക്ഷിക്കാന്‍ പോയ നവാബിനെ ഇതിന്റെ വശ്യസുഗന്ധം ആകര്‍ഷിക്കുകയും ഇത് പോലെ ഒന്ന് കൊട്ടാരത്തിലും പാചകം ചെയ്യാന്‍ ഷാഹി പാചകക്കാരോട് നിര്‍ദേശിക്കുകയും ചെയ്തു. നവാബിന് ചേര്‍ന്ന് രീതിയില്‍ ഒട്ടേറെ സുഗന്ധദ്രവ്യങ്ങളും മറ്റും ചേര്‍ത്ത് തയ്യാറാക്കിയ ആ ദം ബിരിയാണി പിന്നീട് ഹൈദരാബാദിലെയും ഭോപ്പാലിലെയും കശ്മീരിലെയും രാജകൊട്ടാരങ്ങളിലെ പ്രിയവിഭവമായി മാറി.

പക്ഷേ ദം രീതിയിലുള്ള പാചകം അതിനും മുമ്പേ നിലനിന്നിരുന്നുവെന്ന് തെളിവുണ്ട്. വിവിധ പാചകരീതികളെ കുറിച്ച് പരാമര്‍ശിക്കുന്ന 1068- ല്‍ ശാന്തിനാഥ എഴുതിയ കന്നഡ കൃതിയായ സുകുമാരചരിതെയില്‍ ദം രീതിയെ കുറിച്ച് പരാമര്‍ശമുണ്ട്. സാവധാനമുള്ള വേവിക്കല്‍ എന്ന അര്‍ത്ഥമുള്ള ദം പഖ്ത് എന്ന വാക്ക് പേര്‍ഷ്യനാണെങ്കിലും അതിന്റെ തുടക്കം പേര്‍ഷ്യയില്‍ നിന്നല്ല എന്ന് ഇതില്‍ നിന്നും മനസിലാക്കാം.

ദം പാചകം സംബന്ധിച്ച് മുഗള്‍ കാലഘട്ടത്തെ കുറിച്ചുള്ള ആധികാരിക രേഖയായ 1590- ലെ ഐന്‍ ഇ അക്ബറിയിലും പറയുന്നുണ്ടെന്ന് പ്രസിദ്ധ ഇന്ത്യന്‍ഭക്ഷ്യചരിത്രകാരന്‍ കെ ടി അചായ തന്റെ The illustrated foods of India എന്ന പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

കെ.ടി. അചായ
കെ.ടി. അചായ

ദം ബിരിയാണിയുടെ ചരിത്രം അവിടെ നില്‍ക്കട്ടെ നമുക്ക് മുഗള്‍ രീതികള്‍ തങ്ങളുടെ സംസ്ക്കാരത്തില്‍ സ്വാംശീകരിച്ച കായസ്ഥരിലേക്ക് വരാം.

മുഗള്‍ സംസ്ക്കാരത്തിന്റെ സുഖഭോഗ അഥവാ hedonist ജീവിതരീതികള്‍ ഈ സമുദായത്തിലേക്ക് കടന്നുവന്നതിന് ചരിത്രപരമായ കാരണങ്ങളുണ്ടാവാം.

മുഗള്‍ കാലഘട്ടമാണ് കായസ്ഥരുടെ ഉദയത്തിന് സാക്ഷ്യം വഹിച്ചത്. വര്‍ണവ്യവസ്ഥയില്‍ ഉള്‍പ്പെട്ട സമുദായങ്ങള്‍ അന്നത്തെ വ്യവസ്ഥിതിയില്‍ വിവിധ തൊഴിലുകള്‍ നേടിക്കഴിഞ്ഞിരുന്നതിനാല്‍ നന്നായി എഴുതാന്‍ കഴിവുള്ള കായസ്ഥരെ കൊട്ടാരം കണക്കുകള്‍ കൈകാര്യം ചെയ്യുന്നതിനും ഭരണനിര്‍വഹണത്തിനുമായി മുഗള്‍ രാജാക്കന്‍മാര്‍ നിയമിച്ചു. ബാബറുടെ കാലത്തുള്ള കൃതികളില്‍ കായസ്ഥരെ കുറിച്ചുള്ള പരാമര്‍ശമില്ല. എന്നാല്‍ അക്ബറുടെ കാലത്ത് ഇവര്‍ ചെറുതല്ലാത്ത പ്രാമുഖ്യം നേടി. അക്ബറുടെ പ്രസിദ്ധനായ ധനകാര്യ മന്ത്രി രാജാ തോഡര്‍ മല്‍ കായസ്ഥനായിരുന്നു.

അക്ബറുടെ പ്രസിദ്ധനായ ധനകാര്യ മന്ത്രി രാജാ തോഡര്‍ മല്‍ കായസ്ഥനായിരുന്നു / Wikipedia
അക്ബറുടെ പ്രസിദ്ധനായ ധനകാര്യ മന്ത്രി രാജാ തോഡര്‍ മല്‍ കായസ്ഥനായിരുന്നു / Wikipedia

വിവിധ വിശ്വാസധാരകളെ ഉള്‍ക്കൊള്ളുകയും ഇന്ത്യയുടെ വൈവിധ്യത്തെയും ബഹുസ്വരതയെയും അംഗീകരിക്കുകയും ചെയ്ത അക്ബര്‍ ചക്രവര്‍ത്തിയുടെ കാലത്താവണം കായസ്ഥരും മുഗളരുമായി കൂടുതല്‍ അടുപ്പമുണ്ടാകുന്നത്. കവിത, മദ്യം, സംഗീതം എന്നിവ ഈ ബന്ധത്തെ ആഴമേറിയതാക്കാന്‍ സഹായിച്ചിട്ടുണ്ടാവാം. പേര്‍ഷ്യന്‍ ഭാഷ എളുപ്പത്തില്‍ പഠിച്ചെടുത്ത കായസ്ഥ യുവാക്കള്‍ മുഗള്‍ ഭരണകാലത്തെ അഭിവാജ്യഘടകമായി മാറി. ഇന്തോ- ഇസ്​ലാമിക സംസ്ക്കാരത്തിന്റെ ആദ്യത്തെ ഉല്‍പ്പന്നമായിരിക്കണം കായസ്ഥര്‍.

കായസ്ഥര്‍ പേര്‍ഷ്യന്‍ പഠിക്കുന്നത് മുഗള്‍ കാലഘട്ടത്തിനും മുമ്പ് സിക്കന്ദര്‍ ലോധിയുടെ കാലത്താണ്. ഭരണനിര്‍വഹണം നന്നായി നടത്തുന്നതിന് പേര്‍ഷ്യന്‍ അറിയാവുന്ന ഉദ്യോഗസ്ഥര്‍ വേണമെന്ന് മനസിലാക്കിയ സിക്കന്ദര്‍ ലോധിയുടെ കാലത്താണ് പേര്‍ഷ്യനും അറബിയും പഠിപ്പിക്കുന്ന സ്ഥാപനം ആഗ്രയില്‍ ആരംഭിക്കുന്നത്. ഇവിടെ ചേര്‍ന്ന തദ്ദേശീയരായ യുവാക്കള്‍ പഠിച്ചത് ഭാഷ മാത്രമല്ല മറ്റൊരു സംസ്ക്കാരം കൂടിയാണ്.

ഇന്ത്യയിലെ ഏറ്റവും പ്രസിദ്ധനായ കായസ്ഥന്‍ ആരാണെന്നുള്ളതിന് ഒരു വിധം ഇന്ത്യന്‍ സാമുദായിക ചരിത്രം അറിയുന്ന എല്ലാവരും പറയുന്ന മറുപടി, അമിതാഭ് ബച്ചന്‍ എന്നാവും. എന്നാല്‍ അതിലും പ്രസിദ്ധനായ ഒരു കായസ്ഥന്‍ ഇന്ത്യയെ ലോകത്തിന്റെ നെറുകയില്‍ എത്തിച്ചിരുന്നു. അത് സ്വാമി വിവേകാനന്ദനാണ്.

ചരിത്രവും ഐതിഹ്യവും

മരണദേവനായ യമരാജന്റെ കണക്കെഴുത്തുകാരനായ ചിത്രഗുപ്തനാണത്രെ ഇവരുടെ പിതാമഹന്‍. ഒരു പക്ഷേ ചിത്രഗുപ്തനെ ആരാധിക്കുന്ന ഒരേ ഒരു സമുദായവും കായസ്ഥര്‍ ആയിരിക്കാം. കായസ്ഥരുടെ ഒരു ഉപജാതി അറിയപ്പെടുന്നത് തന്നെ ചിത്രഗുപ്ത വംശി കായസ്ഥരെന്നാണ്. ചിത്രഗുപ്തന്റെ ഭാര്യമാരായ ശോഭാവതി, നന്ദിനി എന്നിവരിലുണ്ടായ 12 മക്കളുടെ പിന്‍മുറക്കാരാണത്രെ ഇവര്‍. ബിഹാര്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് എന്നീ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ചിത്രഗുപ്ത ക്ഷേത്രങ്ങളുണ്ട്. തമിഴ്നാട്ടിലെ കാഞ്ചീപുരത്തും ഒരു ചിത്രഗുപ്ത ക്ഷേത്രം ചോളകാലഘട്ടത്തില്‍ പണിതീര്‍ത്തിട്ടുണ്ട്. ദീപാവലിയുടെ അടുത്ത ദിവസമാണ് ചിത്രഗുപ്ത പൂജ. വിജയദശമിക്ക് പേനയും പുസ്തകവുമൊക്കെ പൂജയ്ക്ക് വയ്ക്കുന്നതുപോലെ എഴുത്തും വായനയും കവിത ചൊല്ലലും രക്തത്തിലലിഞ്ഞു ചേര്‍ന്ന കായസ്ഥര്‍ ബഡി ദീപാവലിയുടെ അടുത്ത ദിവസം ചിത്രഗുപ്തന് മുന്നില്‍ പുസ്തകങ്ങളും പേനയും മഷിക്കുപ്പിയും പൂജയ്ക്ക് വയ്ക്കും.

കായസ്ഥരുടെ ഒരു ഉപജാതി അറിയപ്പെടുന്നത് തന്നെ ചിത്രഗുപ്ത വംശി കായസ്ഥരെന്നാണ്. ചിത്രഗുപ്തന്റെ ഭാര്യമാരായ ശോഭാവതി, നന്ദിനി എന്നിവരിലുണ്ടായ 12 മക്കളുടെ പിന്‍മുറക്കാരാണത്രെ ഇവര്‍.
കായസ്ഥരുടെ ഒരു ഉപജാതി അറിയപ്പെടുന്നത് തന്നെ ചിത്രഗുപ്ത വംശി കായസ്ഥരെന്നാണ്. ചിത്രഗുപ്തന്റെ ഭാര്യമാരായ ശോഭാവതി, നന്ദിനി എന്നിവരിലുണ്ടായ 12 മക്കളുടെ പിന്‍മുറക്കാരാണത്രെ ഇവര്‍.

ചാതുര്‍വര്‍ണ്യ വ്യവസ്ഥയുടെ പുറത്തായിരുന്ന കായസ്ഥരെ കുറിച്ച് വേദങ്ങളിലോ മനുസ്മൃതിയിലോ പരാമര്‍ശങ്ങളില്ല. അതുകൊണ്ടു തന്നെ പില്‍ക്കാലത്ത് ഇന്ത്യയിലേക്ക് വന്നവരാവാകം കായസ്ഥരെന്ന് ഒരു വാദമുണ്ട്. മധ്യേഷ്യയില്‍ നിന്നും ഇന്ത്യയിലേക്കും ഗാന്ധാരത്തിലേക്കും കുതിരപ്പുറത്ത് വന്ന ശകവംശത്തിനൊപ്പമാണ് കായസ്ഥരും എത്തിയത് എന്ന വാദത്തിനാണ് ചരിത്രകാരന്‍മാര്‍ ആധികാരികത കല്‍പ്പിച്ചിരിക്കുന്നത്.

ഗുപ്തരാജാക്കന്‍മാരുടെ കണക്കെഴുത്തുകാരായായിരുന്നു ഇവരെന്നും പറയപ്പെടുന്നു. മുദ്രാരാക്ഷസം, മൃച്ഛകടികം തുടങ്ങിയ സംസ്കൃത നാടകങ്ങളില്‍ കായസ്ഥര്‍ കഥാപാത്രങ്ങളായി വരുന്നുണ്ട്.

കവിതയും പാട്ടും നിറയുന്ന
മദ്യപാന സദിരുകള്‍

ഇന്ത്യയിലെ ഏറ്റവും പ്രസിദ്ധനായ കായസ്ഥന്‍ ആരാണെന്നുള്ളതിന് ഒരു വിധം ഇന്ത്യന്‍ സാമുദായിക ചരിത്രം അറിയുന്ന എല്ലാവരും പറയുന്ന മറുപടി, അമിതാഭ് ബച്ചന്‍ എന്നാവും. എന്നാല്‍ അതിലും പ്രസിദ്ധനായ ഒരു കായസ്ഥന്‍ ഇന്ത്യയെ ലോകത്തിന്റെ നെറുകയില്‍ എത്തിച്ചിരുന്നു. അത് സ്വാമി വിവേകാനന്ദനാണ്. അദ്ദേഹത്തിന് പ്രിയപ്പെട്ട വിഭവങ്ങളിലൊന്ന് സുഗന്ധദ്രവ്യങ്ങള്‍ ധാരാളം ചേര്‍ത്ത ബംഗാളി മട്ടന്‍ കറിയായിരുന്നുവെന്നത് പ്രസിദ്ധമാണ്.

അമിതാഭ് ബച്ചന്‍, വിവേകാനന്ദന്‍
അമിതാഭ് ബച്ചന്‍, വിവേകാനന്ദന്‍

ഉത്സവാഘോഷവേളകളില്‍ മാംസവിഭവങ്ങളില്ലാത്തത് ഒരു കായസ്ഥന് ചിന്തിക്കാന്‍ പോലുമാവില്ല. ദീപാവലി പോലുള്ള ഉത്സവങ്ങള്‍ക്ക് അത് ആട്ടിറച്ചി വിഭവങ്ങള്‍ തന്നെയാവണമെന്ന് നിര്‍ബന്ധമാണ്. ആട്ടിന്‍കാല്‍ വെട്ടിയെടുത്ത് തടിച്ചുറ്റിക കൊണ്ട് ഒരു പ്രത്യേക രീതിയില്‍ പരുവപ്പെടുത്തിയെടുത്ത് തയ്യാറാക്കുന്ന പസന്ദ കായസ്ഥരുടെ ഒരു വിശിഷ്ട വിഭവമാണ്. ഇങ്ങനെ മാംസം തയ്യാറാക്കി നല്‍കുന്ന ഇറച്ചിവെട്ടുകാരും പസന്ദ പാചകം ചെയ്യാന്‍ അറിയാവുന്ന കായസ്ഥ പാചകക്കാരും ഇന്ന് ഇല്ലെന്നുതന്നെ പറയാമെന്ന് കായസ്ഥ പാചകരീതികളെ കുറിച്ചുള്ള തന്റെ പുസ്തകമായ Kayastha Kitchens Through India- ല്‍ പ്രീതാ മാഥൂര്‍ പറയുന്നു. ആട്ടിറച്ചി കൊണ്ടുള്ള മറ്റൊരു പ്രസിദ്ധ കായസ്ഥ വിഭവമാണ് കാലിയ. ഉള്ളിയും സുഗന്ധദ്രവ്യങ്ങളും എണ്ണയില്‍ നന്നായി വഴറ്റിയെടുത്ത് ഉണ്ടാക്കുന്ന കാലിയ കായസ്ഥ കുടുംബങ്ങളില്‍ പെട്ടെന്ന് തയ്യാറാക്കുന്ന ഒരു വിഭവമായിട്ടാണ് കണക്കാക്കുന്നതെങ്കിലും ഇത് തയ്യാറാക്കാന്‍ നല്ല ക്ഷമ വേണമെന്ന് പാചകം ചെയ്തിട്ടുള്ളവര്‍ പറയുന്നു.

ആട്ടിറച്ചിയോട് കായസ്ഥര്‍ക്ക് ഇത്ര പ്രിയമാണെങ്കിലും കോഴിക്കറി കായസ്ഥ അടുക്കളയില്‍ നിന്നും വളരെ നാള്‍ മാറി നിന്നുവെന്ന് Stories About Kayasth Food and Culture എന്ന പുസ്തകത്തില്‍ അനൂതി വിശാല്‍ പറയുന്നു. കണ്ടതെല്ലാം കൊത്തിപ്പെറുക്കുന്ന കോഴിയുടെ ഇറച്ചി അത്ര നല്ലതാവില്ല എന്നായിരുന്നു കായസ്ഥരുടെ വിശ്വാസം. എല്ലാവര്‍ക്കും അക്ബര്‍ കോഴിയെ പോറ്റുന്നത് പോലെ പറ്റില്ലല്ലോ.

ആട്ടിന്‍കാല്‍ വെട്ടിയെടുത്ത് തടിച്ചുറ്റിക കൊണ്ട് ഒരു പ്രത്യേക രീതിയില്‍ പരുവപ്പെടുത്തി എടുത്ത് തയ്യാറാക്കുന്ന പസന്ദ കായസ്ഥരുടെ ഒരു വിശിഷ്ട വിഭവമാണ് / Photo: yummefy.com
ആട്ടിന്‍കാല്‍ വെട്ടിയെടുത്ത് തടിച്ചുറ്റിക കൊണ്ട് ഒരു പ്രത്യേക രീതിയില്‍ പരുവപ്പെടുത്തി എടുത്ത് തയ്യാറാക്കുന്ന പസന്ദ കായസ്ഥരുടെ ഒരു വിശിഷ്ട വിഭവമാണ് / Photo: yummefy.com

കായസ്ഥരില്‍ തന്നെ പല വിഭാഗങ്ങളുണ്ട്. ഇവരില്‍ മാഥൂര്‍ എന്ന വിഭാഗത്തില്‍ പെട്ടവരാണത്രെ കവിതയിലും ഗസലിലും ഒക്കെ തിളങ്ങിയത്. ഉത്തര്‍പ്രദേശിലെ മഥുരയിലാണ് ഇവരുടെ പൂര്‍വികര്‍ ആദ്യമായി എത്തിയത് എന്നതിനാലാണ് ഇവര്‍ മാഥൂര്‍ എന്നറിയപ്പെടുന്നത്.

അമിതാഭ് ബച്ചന്റെ പിതാവും അറിയപ്പെടുന്ന കവിയുമായ ഹരിവംശറായ് ബച്ചന്‍ അറിയപ്പെടുന്ന മാഥൂര്‍ കായസ്ഥനായിരുന്നു. മദിരയെയും മധുശാലയെയും വേദാന്തവുമായും സൂഫി പാരമ്പര്യവുമായും ബന്ധിപ്പിക്കുന്ന 135 ഗീതകങ്ങളാണ് അദ്ദേഹത്തിൻ്റെ മധുശാല എന്ന കവിതാസമാഹാരത്തിലുള്ളത്.

‘ഞാനൊരു കായസ്ഥനാണ്
എന്റെ പൂര്‍വികരാല്‍ എന്റെ രക്തത്തിന്റെ
നാലില്‍ മൂന്ന് ഭാഗവും മദ്യലഹരിയിലാക്കപ്പെട്ടിരിക്കുന്നു.
മദ്യപാനശാലയുടെ പൂന്തോട്ടം
പാരമ്പര്യമായി എനിക്കവകാശപ്പെട്ടതാണ്...’

അമിതാഭ് ബച്ചന്റെ പിതാവും അറിയപ്പെടുന്ന കവിയുമായ ഹരിവംശറായ് ബച്ചന്‍ അറിയപ്പെടുന്ന മാഥൂര്‍ കായസ്ഥനായിരുന്നു
അമിതാഭ് ബച്ചന്റെ പിതാവും അറിയപ്പെടുന്ന കവിയുമായ ഹരിവംശറായ് ബച്ചന്‍ അറിയപ്പെടുന്ന മാഥൂര്‍ കായസ്ഥനായിരുന്നു

എന്നൊക്കെ മധുശാലയില്‍ ബച്ചന്‍ എഴുതുമ്പോള്‍ അക്കാലത്തെ പാരമ്പര്യവാദികളുടെ നെറ്റി ചുളിഞ്ഞിരിക്കണം. 1935- ലാണ് ബച്ചന്‍ ഇത് പ്രസിദ്ധീകരിക്കുന്നത്. അന്ന് ദേശീയപ്രസ്ഥാനവും ഗാന്ധിയന്‍ പ്രസ്ഥാനവും മൂര്‍ദ്ധന്യത്തിലാണെന്നോര്‍ക്കണം. കവികളില്‍ കൂടുതലും ദേശഭക്തിയിലും ബ്രിട്ടീഷ് വിരുദ്ധതയിലും ഊന്നിയ കവിതകള്‍ എഴുതുന്ന കാലം. പോരെങ്കില്‍ ഗാന്ധിജിയുടെ മദ്യവിരോധവും മദ്യവിരുദ്ധ പ്രവര്‍ത്തനവും ആവേശമായിരുന്ന കാലം. അപ്പോഴാണ് ഒരു കവി തന്റെ വേരുകള്‍ മദ്യത്തിന് എതിരല്ലെന്ന് പ്രഖ്യാപിക്കുന്നത്. വിഖ്യാതമായ മധുശാല പിന്നീട് എച്ച് എം വി ഡിസ്ക്ക് ആയി പുറത്തിറക്കിയിട്ടുണ്ട്. ജയ്ദേവ് സംഗീതം നല്‍കിയ വരികള്‍ ആലപിച്ചത് മന്നാഡേ. അമിതാഭ് ബച്ചന്‍ തന്നെ ഇതിലെ വരികള്‍ പല വേദികളിലും ആലപിച്ചിട്ടുണ്ട്.

തങ്ങളുടെ സ്വന്തമായി കായസ്ഥര്‍ ഇന്നും അഭിമാനത്തോടെ പറയുന്നത് സംഗീതമാണ്. മുകേഷിനെ പോലൊരു ഗായകനെ ചലച്ചിത്ര ഗാനശാഖയ്ക്ക് സമ്മാനിച്ചത് തങ്ങളാണെന്നും വിഖ്യാതമായ ഗ്വാളിയോര്‍ ഖരാനയിലുള്‍പ്പടെ തങ്ങളുടെ ഗായകരുണ്ടെന്നും പഴയ കായസ്ഥര്‍ അഭിമാനത്തോടെ പറയും.

കാലം മാറുന്നു,
കായസ്ഥരും

മുഗള്‍ ഭരണം അവസാനിച്ചതോടെ ചെറിയ ചെറിയ നാട്ടുരാജ്യങ്ങളിലേക്ക് കായസ്ഥര്‍ കുടിയേറി. ഗ്വാളിയോര്‍, ജയ്പൂര്‍, ഭോപ്പാല്‍, പട്യാല, ഹൈദരാബാദ്, രാംപൂര്‍ എന്നീ നാട്ടുരാജ്യങ്ങളിലെ ഭരണനിര്‍വഹണത്തിന് പരിചയസമ്പന്നരായ കായസ്ഥരെ ആവശ്യമായിരുന്നു. ദേശം മാറുന്നത് അനുസരിച്ച് അവരുടെ പാചകരീതികളിലും വ്യത്യാസം വന്നു. പിന്നീട് ബ്രിട്ടീഷ് ഭരണം വന്നപ്പോള്‍ ഭരണകാര്യങ്ങളില്‍ അവരെ സഹായിക്കുന്നതിനും മറ്റും കായസ്ഥരെ തന്നെയാണ് കൂടുതല്‍ ഇടങ്ങളിലും നിയമിച്ചത്. വിക്ടോറിയന്‍ ശൈലിയിലുള്ള ഭക്ഷണരീതികളും ആചാരമര്യാദകളും കായസ്ഥരിലേക്കും പകര്‍ന്നു.

മുകേഷ് ചന്ദ് മാഥുര്‍
മുകേഷ് ചന്ദ് മാഥുര്‍

തങ്ങളുടെ സ്വന്തമായി കായസ്ഥര്‍ ഇന്നും അഭിമാനത്തോടെ പറയുന്നത് സംഗീതമാണ്. മുകേഷിനെ പോലൊരു ഗായകനെ ചലച്ചിത്ര ഗാനശാഖയ്ക്ക് സമ്മാനിച്ചത് തങ്ങളാണെന്നും വിഖ്യാതമായ ഗ്വാളിയോര്‍ ഖരാനയിലുള്‍പ്പടെ തങ്ങളുടെ ഗായകരുണ്ടെന്നും പഴയ കായസ്ഥര്‍ അഭിമാനത്തോടെ പറയും. പെണ്‍കുട്ടികള്‍ നിര്‍ബന്ധമായും സംഗീതം പഠിക്കണമെന്നതും ഒരു പഴയ കായസ്ഥാ രീതിയാണ്. ബഡേ ഗുലാം അലി ഖാനും ബീഗം അക്തറും സംഗീതപ്രേമികളായ കായസ്ഥര്‍ക്ക് കുടുംബാംഗങ്ങളെ പോലെയാണ്.

കൊടുക്കല്‍ വാങ്ങലിലൂടെ മാത്രമേ ഒരു സമൂഹം വളരുകയുള്ളൂ എന്ന സത്യമാണ് കായസ്ഥ ചരിത്രത്തിനൊപ്പം ചേര്‍ത്ത് വായിക്കേണ്ടത്. വിവിധ സംസ്ക്കാരങ്ങളെ സ്വാംശീകരിച്ച കായസ്ഥര്‍ വ്യത്യസ്ത പേരുകളില്‍ രാജ്യത്തിന്റെ 21 സംസ്ഥാനങ്ങളിലുമായി പടര്‍ന്നു കിടക്കുന്നു എന്നും ഇന്നും വളര്‍ന്നു കൊണ്ടിരിക്കുന്നവെന്നുമുള്ളത് ഇതിന് അടിവരയിടുന്നു. ‘നിന്റെ ഭക്ഷണം എന്റെ ഭക്ഷണം’ എന്ന വേര്‍തിരിവില്‍ നിന്ന്​ ‘നിന്റേത് നല്ലത് എന്റേതും നല്ലത്, നമ്മള്‍ ഒരുമിച്ച് ചേരുമ്പോള്‍ രുചികരമായ ഒരു ദം ബിരിയാണി’ എന്ന രുചിയുടെ രാഷ്ട്രീയമാണ് ഇവരുടെ ചരിത്രത്തില്‍ തെളിയുന്നത്.

Comments