അധികാരവഴികളിൽനിന്ന് മാറി നിന്ന് ത്യാഗവും ലാളിത്യവും സേവനവും എളിമയും ജീവിതത്തിന്റെ ലക്ഷ്യവും മാർഗവുമാക്കിമാറ്റിയ കോന്നനാത്ത് ബാലകൃഷ്ണ മേനോൻ എന്ന ഡോ. കെ.ബി. മേനോൻ ആരായിരുന്നു എന്ന് പുതിയ തലമുറ മനസ്സിലാക്കികാണില്ല. പഴയ തലമുറ ആ മഹാമനീഷിയെ പാടെ മറന്നുകളയുകയും ചെയ്തു.
1920-കളിൽ അമേരിക്കയിലെ ഏറ്റവും പ്രശസ്തമായ ഹാർവാർഡ് സർവകലാശാലയിൽ ഇക്കോണോമിക്സ് പ്രൊഫസറായി ജോലി നോക്കിയ അസാധാരണ പാണ്ഡിത്യത്തിന്റെ ഉടമയും ജവഹർലാൽ നെഹ്‌റുവിന്റെയും ജയപ്രകാശ് നാരായൺന്റെയും ഉറ്റമിത്രവുമായിരുന്ന അദ്ദേഹം 1967 സെപ്റ്റംബർ 6 ന് കോഴിക്കോട് മെഡിക്കൽ കോളജിലെ ജനറൽ വാർഡിൽ കിടന്ന് അന്ത്യശ്വാസം വലിച്ചു. ആ ജീവിതത്തിന്റെ ഗതിവിഗതികൾ ആരെയും വിസ്മയിപ്പിക്കുന്നതാണ്. അധികാരലഹരിയിൽ പുളയ്ക്കുന്ന, അഴിമതിയിൽ ആണ്ടുമുങ്ങിയ പുതുകാല രാഷ്ട്രീയനേതൃത്വത്തിന് അലോസരമുണ്ടാക്കുന്ന ഒരോർമപ്പെടുത്തലാണ് ഇതിഹാസമാനമുള്ള ആ ജീവിതം.
ഡോ. കെ.ബി. മേനോൻ ഹാർവാർഡ് സർവകലാശാലയിൽ ജോലിചെയ്യുന്ന കാലത്താണ് ജയപ്രകാശ് നാരായൺ ഉപരിപഠനാർത്ഥം അവിടെ എത്തുന്നത്. 1923 മുതൽ 1929 വരെയുള്ള ആറു വർഷം ജയപ്രകാശ് നാരായൺ അമേരിക്കയിലുണ്ടായിരുന്നു. കെ.ബി. മേനോനെ അദ്ദേഹം പരിചയപ്പെടുന്നത് ആ കാലത്താണ്. ഈ ബന്ധം ചിരസ്ഥായിയായ സൗഹൃദമായി വളരുകയായിരുന്നു. സ്കോളർഷിപ്പ് വേണ്ടെന്നുവെച്ച് ഹോട്ടലിൽ ജോലി ചെയ്ത് പണമുണ്ടാക്കിയാണ് കെ. ബി. മേനോൻ അമേരിക്കയിൽ പഠനകാലം ചെലവഴിച്ചത്. സ്വയം അധ്വാനിച്ച് പണമുണ്ടാക്കിയാണ് ജെ. പിയും അവിടെ ജീവിച്ചതും പഠിച്ചതും.
സമാനമായ ജീവിതസാഹചര്യവും മനോഭാവവും ഇരുവർക്കുമിടയിലുള്ള സൗഹൃദത്തിന് മാറ്റു ചേർത്തിരിക്കാം. ഇന്ത്യയിൽ നിന്ന് നാടുകടത്തപ്പെട്ട് വിദേശങ്ങളിൽ കഴിയുന്ന ചില വിപ്ലവകാരികൾ വിദ്യാഭ്യാസാർത്ഥം വന്നുചേർന്ന വിദ്യാർത്ഥികളുമായി അന്ന് സദാസമ്പർക്കം പുലർത്തിയിരുന്നു.
ഇന്ത്യൻ സ്വാതന്ത്ര്യത്തെ ലക്ഷ്യമാക്കി 1914- ൽ അമേരിക്കയിൽ രൂപം കൊണ്ട ഖദർ പാർട്ടി അതിന് അവസരം ഒരുക്കി. 1919- ലെ ജാലിയൻവാലാബാഗ് കൂട്ടക്കൊലയെ തുടർന്ന് അതിന്റെ പ്രവർത്തനം ശക്തിയാർജിച്ചു. ഡോ. മേനോൻ സ്വാഭാവികമായും അതിലേക്ക് ആകർഷിക്കപ്പെടുകയായിരുന്നു.
'ഇൻഡിപെൻഡൻസ് ഇന്ത്യ' യുടെ പത്രാധിപത്യം അദ്ദേഹത്തിൽ അർപ്പിതമായത് അങ്ങനെയാണ്. സാമ്രാജ്യത്വവിരുദ്ധ പ്രചാരണത്തിന്റെ വജ്രായുധമായി അതിനെ മാറ്റിയതിൽ മേനോന്റെ പങ്ക് ചെറുതായിരുന്നില്ല. ചെറുതുരുത്തിയിലെ അദ്ദേഹത്തിന്റെ വസതി പോലീസ് റെയ്ഡിന് വിധേയമായത് അതിന്റെ പ്രത്യാഘാതമായിരുന്നു.
വി.കെ. കൃഷ്ണമേനോന്റെ മാതുലനും ഡിസ്ട്രിക്ട് മുൻസിഫുമായിരുന്ന വെങ്ങാലിൽ രാമൻ മേനോന്റെ മകനായി 1897 ജൂൺ 18 ന് ചെറുതുരുത്തിയിലെ പുരാതന തറവാടായ കോന്നനാത്തായിരുന്നു കെ. ബി. മേനോന്റെ ജനനം. എന്നാൽ അദ്ദേഹം ജനിച്ചത് ഉത്തരകേരളത്തിലെ തളിപ്പറമ്പിലാണെന്ന ഒരു പാഠഭേദം കൂടി പറഞ്ഞുകേട്ടിട്ടുണ്ട്.
പ്രാഥമിക വിദ്യാഭ്യാസം ചാവക്കാട്ടും തുടർവിദ്യാഭ്യാസം പൊന്നാനി ഹൈസ്കൂളിലും കോഴിക്കോട് സാമൂതിരി കോളേജിലും ആയിരുന്നു. മദിരാശി ക്രിസ്ത്യൻ കോളേജിൽ നിന്ന് ബി.എ ബിരുദം നേടിയശേഷം ഹൈദരാബാദിലെ നൈസാം കോളേജിൽ പ്രൊഫസറായി. അതിനുശേഷം ബോംബെയ്ക്ക് പോയി സ്കൂൾ ഓഫ് കോമേഴ്സിൽ ചേർന്ന് ഉപരിപഠനം നിർവഹിക്കവേയാണ് നൈസാം സ്കോളർഷിപ്പ് നേടി കാലിഫോർണിയയിലേക്ക് യാത്രയായത്. അവിടെ യൂണിവേഴ്സിറ്റിയിൽ ചേർന്ന് എക്കണോമിക്സ്, സോഷ്യൽ സയൻസ് എന്നീ വിഷയങ്ങളിൽ എം.എയും പിഎച്ച് ഡിയും നേടി.
1935- ലായിരുന്നു ഇന്ത്യയിലേക്കുള്ള തിരിച്ചുവരവ്. മടക്കയാത്രയിൽ ഇംഗ്ലണ്ട്, ഫ്രാൻസ്, ജർമ്മനി, ജപ്പാൻ, ചൈന തുടങ്ങിയ രാജ്യങ്ങൾ സന്ദർശിച്ച് തന്റെ നാടിന്റെ ദൈന്യാവസ്ഥയുടെ തീവ്രത അദ്ദേഹം മനസ്സിലാക്കുകയായിരുന്നു. നാട്ടിലെത്തി ഔദ്യോഗിക ജീവിതം ആരംഭിച്ചെങ്കിലും രാഷ്ട്രീയത്തിൽ സജീവമാകാനുള്ള തീരുമാനത്തെ തുടർന്ന് മാസങ്ങൾക്കകം അത് ഉപേക്ഷിക്കുകയാണുണ്ടായത്.
മദിരാശിയിൽ വച്ച് ജവഹർലാൽ നെഹ്റുവിനെ കാണാനിടയായത് മേനോന്റെ ജീവിതത്തിലെ വഴിത്തിരിവായി. നെഹ്റുവിന്റെ ക്ഷണമനുസരിച്ച് അമൃത്സർ കോൺഗ്രസ് സമ്മേളനത്തിൽ സംബന്ധിക്കുകയും ദേശീയ പ്രസ്ഥാനത്തിന്റെ മുൻനിര പ്രവർത്തകനായി മാറുകയുമായിരുന്നു.
ലക്നോ സമ്മേളനത്തെ തുടർന്ന് ജവഹർലാൽ നെഹ്റു സിവിൽ ലിബർട്ടിസ് യൂണിയൻ ആരംഭിച്ചപ്പോൾ സെക്രട്ടറിയായി കണ്ടെത്തിയത് കെ. ബി. മേനോനെയായിരുന്നു. മഹാകവി ടാഗോറും സരോജിനി നായിഡുവും ആയിരുന്നു യഥാക്രമം അതിന്റെ അധ്യക്ഷനും ഉപാധ്യക്ഷനും. അവരുടെയൊക്കെ ആത്മമിത്രമായി മാറാൻ കെ. ബി. മേനോന് ഏറെനാൾ വേണ്ടിവന്നില്ല.
ഇക്കാലത്താണ് ‘പ്രസ്സ് ലോസ് ഓഫ് ഇന്ത്യ’ എന്ന പ്രഖ്യാത ഗ്രന്ഥം അദ്ദേഹം എഴുതിയത്. ഇന്ത്യയിലെ പത്രമാരണ നിയമങ്ങളെകുറിച്ച് അക്കാലത്ത് പുറത്തുവന്ന പല പുസ്തകങ്ങളിലും അത് പരാമർശിക്കപ്പെടുന്നു എന്നത് അതിന്റെ പ്രാമാണികത തെളിയിക്കുന്നു. സിവിൽ സ്വാതന്ത്ര്യ സംരക്ഷണത്തിനായി അദ്ദേഹം നടത്തിയ പോരാട്ടങ്ങൾ പരക്കെ ശ്ലാഘിക്കപ്പെട്ടു.
മാർക്സിസം മുന്നോട്ടുവച്ച സോഷ്യലിസം എന്ന ആശയമാണ് ജയപ്രകാശ് നാരായണിനെ സ്വാധീനിച്ചത് എങ്കിലും അദ്ദേഹത്തെപ്പോലുള്ള ഇന്ത്യൻ സോഷ്യലിസ്റ്റുകൾ ഗാന്ധിജിയുടെ അഹിംസയിലധിഷ്ഠിതമായ സത്യമാർഗം മുറുകെപ്പിടിക്കുകകൂടെ ചെയ്തു. കെ. ബി. മേനോനും ശരിയായ അർഥത്തിൽ ഒരു ഗാന്ധിയൻ സോഷ്യലിസ്റ്റ് ആയിരുന്നു.
ഇന്ത്യയിൽ തിരിച്ചെത്തിയ മേനോൻ ദേശീയപ്രസ്ഥാനത്തിന്റെ മുൻനിര നേതാക്കളിലൊരാളായി മാറാൻ ഏറെക്കാലം വേണ്ടിവന്നില്ല. ഗാന്ധിജിയെ നേരിൽകാണുക എന്നത് മേനോന്റെ വലിയ ആഗ്രഹമായിരുന്നു. ഒടുവിൽ അദ്ദേഹം ഗാന്ധിജിയെ വാർദ്ധ ആശ്രമത്തിൽ സന്ദർശിച്ചു. ഗാന്ധിജിയുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് കെ. ബി. മേനോൻ രസകരമായി വിവരിച്ചിട്ടുള്ളത് കാണുക (ജാഗ്രത, 1967 സെപ്റ്റംബർ): ‘‘കൃത്യസമയത്ത് തന്നെ ഞാൻ ആശ്രമത്തിലെത്തി. കടലാസിൽ എന്റെ പേര് കുറിച്ച് കൊടുത്തു. ക്ലോക്ക് നോക്കി. ഇപ്പോൾ നാലടിക്കും. വല്ലാത്തൊരു അസ്വസ്ഥത എന്നെ വലയം ചെയ്തു. അത് എന്താണെന്ന് എനിക്ക് പറയുവാൻ കഴിയുമായിരുന്നില്ല. മണി നാലായി. എന്നെ വിളിച്ചില്ല. ഗാന്ധിജിയുടെ സമയദീക്ഷ പ്രസിദ്ധമായിരുന്നു. എനിക്ക് തെറ്റിപ്പോയോ? ഇങ്ങനെ താമസിക്കാൻ ഒരു കാരണവും ഇല്ലല്ലോ. ബാപ്പുവിന്റെ കുറിപ്പ് എനിക്ക് ഹൃദിസ്ഥമായിരുന്നു. അതിൽ എഴുതിയ സമയം? സമയവും അസ്വസ്ഥതയും തമ്മിൽ മനസ്സിൽ, കണ്ണിൽ, കൈകാലുകളിൽ, അവയവങ്ങളിലാകമാനം പടപൊരുതുകയായിരുന്നു. എനിക്ക് നിൽക്കാൻ കഴിയുന്നില്ല. ഇരിക്കാൻ കഴിയുന്നില്ല. കാലുകൾ തളരുന്നു. ഞാൻ ആശ്രമവാതിൽക്കൽ വീണ്ടും അന്തേവാസിവശം സന്ദേശം കൈമാറി. മിനിറ്റുകൾ പിന്നെയും പത്തു കഴിഞ്ഞു. നിലയില്ലാതെ വാതിൽക്കൽ ഞാൻ നിൽക്കുമ്പോഴാണ് അപ്രതീക്ഷിതമായ ശബ്ദം: 'മേനോൻ?’ പരിചിതമായിരുന്നു ആ സ്വരം. അത് ഗാന്ധിജി തന്നെയായിരുന്നു. ഞാൻ പടിവാതിൽ കടന്ന് വിശാലമായ മുറിയിൽ എത്തി. ഗാന്ധിജിക്കുചുറ്റും ശിഷ്യന്മാരുണ്ടായിരുന്നു. ആശ്രമത്തിലെ പതിവ് എനിക്കറിയാമായിരുന്നു. അവസാനം ചെല്ലുന്ന ആൾ മുൻപ് അവിടെ ഇരുന്നവരുടെ പിന്നിലായി ചെന്നിരിക്കണമെന്നതാണ്ചട്ടം. ഞാനതുപോലെ ചെയ്തു. ഏറ്റവും പിറകിൽ ചെന്നിരുന്നു. എനിക്ക് ആവലാതിയുണ്ടായിരുന്നു. എന്തുചെയ്യണം എന്ന് അറിയുമായിരുന്നില്ല.
മുന്നിൽ ചെന്നിരിക്കാൻ ഗാന്ധിജി എന്നോട് ആവശ്യപ്പെട്ടു. ഞാൻ അനുസരിച്ചു. അത്ര നേരം കാത്തിരുത്തിയതിൽ മാപ്പ് ചോദിച്ചു. എന്റെ ഹൃദയം കവിഞ്ഞൊഴുകുകയായിരുന്നു. എന്നെപ്പോലെ ഒരു എളിയ പ്രവർത്തകനോട് ഗാന്ധിജി മാപ്പ് ചോദിച്ചതിൽ അത്ഭുതം ഇല്ലായിരുന്നു. ഗാന്ധിജി പറഞ്ഞു, ‘സിന്ധിൽ നിന്ന് വന്ന ഒരു പ്രതിനിധി സംഘവുമായി അത്യാവശ്യ കാര്യങ്ങളെക്കുറിച്ച് സംസാരിച്ചു തീർക്കേണ്ടതുണ്ടായിരുന്നു.’. അതുകൊണ്ടാണ് കൃത്യം നാലുമണിക്ക് എന്നെ കാണാൻ കഴിയാതെ വന്നത്. അതിനുശേഷം രണ്ട് ഓറഞ്ച് തന്നു. താമസിപ്പിച്ചതിനുള്ള പിഴയായിട്ടാണെന്ന് പറയുകയും ചെയ്തു. 'നിങ്ങളെക്കുറിച്ച് അല്പം കേട്ടിട്ടുണ്ട്. എങ്കിലും കൂടുതൽ അറിയാൻ ആഗ്രഹമുണ്ട്.’
ഞാൻ ഉത്തരം പറയാൻ തയ്യാറെടുക്കുകയായിരുന്നു. അപ്പോഴേക്കും ചോദ്യങ്ങൾ കൊണ്ട് എന്നെ തുരുതുരെയെറിഞ്ഞു. ഇനി എന്നെ സംബന്ധിച്ച് ചോദ്യങ്ങളൊന്നും ഉണ്ടാവില്ല എന്ന് വിചാരിച്ചിരിക്കുകയായിരുന്നു. സ്റ്റേറ്റ് പീപ്പിൾസ് കോൺഗ്രസിന്റെ കാര്യങ്ങൾ അദ്ദേഹത്തോട് സംസാരിക്കണം. മറ്റു പലരുടെയും മുമ്പിൽവെച്ച് അവയെല്ലാം പറയാൻ കഴിയുമോ? വീണ്ടും ചോദ്യം.
'നിങ്ങൾ വിവാഹിതനാണോ?’
അല്ല.
'വിവാഹിതനായിരുന്നുവോ?’
ഇല്ല.
'നിങ്ങൾ സന്മാർഗ ജീവിതമാണോ നയിച്ചിരുന്നത്?’ ഞാൻ അല്പംപരുങ്ങി. എങ്ങനെയാണ് അത്തരമൊരു ചോദ്യം ഗാന്ധിജി ചോദിക്കുമെന്ന് വിചാരിക്കാൻ കഴിയുക? ആളുകളുടെ ഒക്കെ മുൻപിൽ വച്ച് ഞാൻ പരസ്യവും പരമാർത്ഥവുമായ ഉത്തരം പറയുകയും വേണം. അങ്ങനെയാണ് കരുതുന്നത് എന്ന് ഞാൻ പറഞ്ഞു. ആ വിചാരണ 15 മിനിറ്റ് നീണ്ടുനിന്നു. ഗാന്ധിജി പറഞ്ഞു, ഇന്ന് അത്താഴത്തിന് എന്റെ അതിഥിയാവുക. പൊതുകാര്യങ്ങൾ നാളെ സംസാരിക്കാം. ആ സന്ദർശനമാണ് ഗാന്ധിജിയിലേക്ക് എന്നെ എന്നന്നേക്കുമായി അടുപ്പിച്ചത്’’.
പ്രഥമദർശനത്തിൽതന്നെ ഗാന്ധിജിയുടെ നിഷ്കളങ്കമായ പെരുമാറ്റവും ലളിതവും ഋജുവുമായ സമീപനവും ഡോ. കെ.ബി. മേനോനെ വല്ലാതെ കീഴ്പ്പെടുത്തി. അന്നുമുതൽ അദ്ദേഹം തികഞ്ഞ ഗാന്ധിയനായി മാറി. മരണംവരെ ആ നില തുടരുകയും ചെയ്തു. 1947- ലാണെന്നുതോന്നുന്നു, ഗാന്ധിജിയുടെ ആഗ്രഹവും നെഹ്രുവിന്റെ നിർദ്ദേശവും അനുസരിച്ച് പീപ്പിൾസ് കോൺഗ്രസിന്റെ ആസ്ഥാനം ബോംബെയിൽ നിന്ന് വാർദ്ധയിലേക്ക് മാറ്റിയത്. അതിന്റെ സെക്രട്ടറി എന്ന നിലക്ക് കെ. ബി. മേനോനും വാർദ്ധയിൽ ഗാന്ധിജിയോടൊപ്പം താമസമാക്കി.
ഗാന്ധിജിയിലേക്ക് കൂടുതൽ അടുക്കാൻ ഇതും ഒരു കാരണമായി. ചരിത്രപ്രസിദ്ധമായ ക്വിറ്റ് ഇന്ത്യാ പ്രമേയം അവതരിപ്പിച്ച ബോംബെ എ. ഐ. സി. സി സമ്മേളനത്തിൽ കെ.ബി. മേനോനും ഒരു പ്രതിനിധി ആയിരുന്നു. ഗാന്ധിജി ഉൾപ്പെടെയുള്ള നേതാക്കൾ ഉടൻ അറസ്റ്റിലായി. വിവരമറിഞ്ഞ് ജനങ്ങൾ ഇളകി മറിഞ്ഞു. സമരാഗ്നി രാജ്യമെങ്ങും ആളിപടരുകയായിരുന്നു പോലീസിന് പിടികൊടുക്കാതെ സമ്മേളനസ്ഥലത്തുനിന്ന് മുങ്ങിയവരിൽ കെ.ബി. മേനോനും ഉൾപ്പെട്ടിരുന്നു.
ജനങ്ങളെ സജ്ജരാക്കാനുള്ള തയ്യാറെടുപ്പോടെ വി. എ. കേശവൻനായർ, സി.പി. ശങ്കരൻ നായർ എന്നിവർക്കൊപ്പം കെ.ബി. മേനോൻ കേരളത്തിൽ തിരിച്ചെത്തി. ഒളിഞ്ഞും തെളിഞ്ഞും സമരപ്രവർത്തനങ്ങളുമായി കേരളമെങ്ങും സഞ്ചരിച്ചു. ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തിന്റെ മലബാറിലെ മുഖ്യ സൂത്രധാരൻ അദ്ദേഹമായിരുന്നു. 1943 ജൂലൈ മൂന്നിന് കൊച്ചി സർക്കാരിന്റെ പോലീസ് ചെറുതുരുത്തിയിലുള്ള വസതിയിൽവച്ച് അദ്ദേഹത്തെ പിടികൂടി മലബാറിലേക്ക് നാടുകടത്തി. തക്കം പാർത്തിരിക്കുകയായിരുന്ന ബ്രിട്ടീഷ് പോലീസ് സമയം പാഴാക്കാതെ മേനോനെ കസ്റ്റഡിയിൽ എടുത്തു.
ആ ചെറിയ മനുഷ്യന്റെ ആകസ്മികമായ അറസ്റ്റ് വലിയ ഒച്ചപ്പാടുകൾക്ക് കാരണമായി. ഒളിപോലീസിന്റെ അന്യായ നടപടികളെക്കുറിച്ച് അന്വേഷിക്കണമെന്ന ആവശ്യം ശക്തിപ്പെട്ടു. ജോർജ്ബാഗിന് ഇത് സംബന്ധിച്ച് നൽകിയ നിവേദനത്തെ പറ്റിയുള്ള ചർച്ച നാടെങ്ങും വിപുലമായി നടന്നു. അനിശ്ചിതത്വത്തിന്റെ ഒരു കൊല്ലം കടന്നുപോയി. 1944-ൽ അധികൃതർ പെട്ടെന്നൊരു കണ്ടുപിടിത്തം നടത്തി. കീഴരിയൂർ ബോംബ് സ്ഫോടനകേസിൽ കെ.ബി. മേനോനാണ് ഒന്നാം പ്രതി. കോഴിക്കോട് സെഷൻസ് കോടതി ആരോപണത്തിന് മതിയായ തെളിവില്ലെന്ന കാരണത്താൽ കേസ് തള്ളി. പക്ഷേ സർക്കാർ വിടാൻ തയ്യാറില്ലായിരുന്നു. ഈ കോടതിവിധിക്കെതിരെ സർക്കാർ നൽകിയ അപ്പീലിൽ ഹൈക്കോടതി അദ്ദേഹത്തെ 10 കൊല്ലം കഠിനതടവിന് ശിക്ഷിച്ചു. തഞ്ചാവൂർ, ആലിപ്പൂർ, വെല്ലൂർ എന്നീ ജയിലുകളിലെല്ലാം ഇക്കാലത്ത് അദ്ദേഹം പാർപ്പിക്കപ്പെട്ടു. ഒടുക്കം 1946-ൽ അധികാരത്തിൽ വന്ന പ്രകാശം മന്ത്രിസഭയാണ് അദ്ദേഹത്തെ മോചിപ്പിച്ചത്.
ജയിലിലും സക്രിയനായിരുന്നു മേനോൻ. വായിക്കാനും ചിന്തിക്കാനുമൊക്കെ ധാരാളം സമയമുണ്ടായി എന്നതാണ് അന്നത്തെ ജയിൽ ജീവിതത്തിന്റെ നേട്ടം. ജയിൽ പുള്ളികളിൽ പലരെയും ഇംഗ്ലീഷ് ഭാഷാപഠനത്തിന് അദ്ദേഹം സഹായിച്ചു. ശിശുസഹജമായ നിഷ്കളങ്കതയും ഗാംഭീര്യമുൾക്കൊള്ളുന്ന പെരുമാറ്റവും അദ്ദേഹത്തെക്കുറിച്ചുള്ള മതിപ്പ് പൊതുസമൂഹത്തിൽ വർദ്ധിപ്പിച്ചു. അനാരോഗ്യവാനായിരുന്ന കെ ബി മേനോന്റെ ജയിൽ ജീവിതം തികച്ചും ദുഷ്കരമായിരുന്നു.
ജയിലിൽനിന്ന് പുറത്തുവന്ന ഉടനെ നെഹ്റു അദ്ദേഹത്തെ ഡൽഹിയിലേക്ക് ക്ഷണിച്ചു. അതനുസരിച്ച് അവിടെയെത്തിയ മേനോൻ നെഹ്റുവിനൊപ്പം അദ്ദേഹത്തിന്റെ വസതിയിൽ താമസിച്ചു. നെഹ്റുവുമായുള്ള വ്യക്തിബന്ധം അത്രമാത്രം ദൃഢമായിരുന്നു. ദേശീയ രാഷ്ട്രീയത്തിൽ നിർണായകമായ ഒരു കാലഘട്ടമായിരുന്നു അത്. ഒരു പക്ഷെ നെഹ്റുവിന്റെ ആദ്യ ക്യാബിനറ്റിൽ അംഗമാവാൻ കഴിയുമായിരുന്ന കെ.ബി. മേനോൻ തന്റെ രാഷ്ട്രീയ നിലപാടിൽ ഉറച്ചുനിന്ന് ജെ.പിയുടെയും ലോഹ്യയുടെയും വഴിയിൽ കോൺഗ്രസുമായുള്ള ബന്ധം അവസാനിപ്പിക്കുകയാണ് അന്ന് ചെയ്തത്.
വ്യക്തിപരമായി ഡോ. മേനോനെ സംബന്ധിച്ച് ആ വിടപറയൽ വളരെ വേദനാജനകമായിരുന്നു. ദീർഘകാല രാഷ്ട്രീയ വ്യക്തിബന്ധങ്ങൾ പലതും പൊട്ടിച്ചെറിയേണ്ട അവസ്ഥ. തന്നോടൊപ്പം നിൽക്കാൻ നെഹ്റുവിന്റെസ്നേഹപൂർവ്വമായ ക്ഷണം ഒരുവശത്തും, ജെ.പി യുമായുള്ള ആശയപരവും വ്യക്തിപരവുമായ ആത്മബന്ധം മറുവശത്തും. ഇതിലേതിന് മുൻഗണന നൽകും. അധികാരത്തിന്റെയും പ്രതാപത്തിന്റെയും പ്രലോഭനങ്ങൾക്ക് വഴങ്ങാതെ ത്യാഗത്തിന്റെയും ക്ലേശങ്ങളുടെയും വഴിയാണ് ഡോ. കെ.ബി. മേനോൻ എന്നും തെരഞ്ഞെടുത്തത്.
സോഷ്യലിസ്റ്റ് പാർട്ടി തനിച്ചു മത്സരിച്ച 1952-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മേനോൻ തൃത്താലയിൽനിന്ന് ജനവിധി തേടി. പാർട്ടിക്ക് പറയത്തക്ക സ്വാധീനമൊന്നും അന്നവിടെ ഉണ്ടായിരുന്നില്ല. അദ്ദേഹം അവിടെ മത്സരിക്കുന്നത് പലർക്കും സമ്മതമായിരുന്നില്ല. പക്ഷേ മേനോന്റെ തീരുമാനം ഉറച്ചതായിരുന്നു. ‘മലയാളം അറിയാത്ത, ഇംഗ്ലീഷ് മാത്രം സംസാരിക്കുന്ന, അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്യപ്പെട്ട മൂരാച്ചി’ എന്നാണ് എതിരാളികൾ അദ്ദേഹത്തെ ചിത്രീകരിച്ചത്. ഡോ. കെ.ബി. മേനോനെ നേരിൽ കാണുകയോ പരിചയപ്പെടുകയോ ചെയ്യാത്ത ശുദ്ധാത്മാക്കൾ ഇത് ശരി എന്ന് വിശ്വസിച്ചു. കീറിയതും തുന്നി കൂട്ടിയതുമായ പരുക്കൻ ഖദർഷർട്ടും തോളിൽ ഒരു ശീലസഞ്ചിയുമായി വീട് വീടാന്തരം സഞ്ചരിച്ച സ്ഥാനാർത്ഥിയെ നേരിൽ കണ്ടപ്പോൾ പ്രചാരണങ്ങളും യാഥാർത്ഥ്യങ്ങളും തമ്മിലുള്ള അന്തരം ജനങ്ങളെ ശരിക്കും അമ്പരപ്പിച്ചു. വോട്ടർമാർ ബാലറ്റിലൂടെ കള്ളപ്രചരണങ്ങൾക്ക് അർഹിക്കുന്ന തിരിച്ചടി നൽകി. കരുത്തരായ രണ്ട് എതിർസ്ഥാനാർത്ഥികളെ മലർത്തിയടിച്ച ആ ജയം തീർത്തും അപ്രതീക്ഷിതമായിരുന്നു.
മലബാർ ഉൾപ്പെടുന്ന അവസാനത്തെ മദ്രാസ് നിയമസഭയിൽ കേവലം 12 പേരുള്ള സോഷ്യലിസ്റ്റ് ഗ്രൂപ്പിന്റെ നേതാവായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. അംഗസംഖ്യ കുറവെങ്കിലും നിയമമന്ത്രിയായ സി. സുബ്രഹ്മണ്യവും പ്രതിപക്ഷ നേതാവായിരുന്ന കരുത്തിരുമനും മറ്റും ഡോ. കെ.ബി. മേനോന്റെ നേതൃത്വത്തിലുള്ള സോഷ്യലിസ്റ്റ് വിഭാഗത്തിന്റെ പ്രവർത്തനത്തെ മുക്തകണ്ഠം ശ്ലാഘിച്ചു. മാതൃകാ പാർലമെന്റെറിയൻ എന്ന പേര് നേടാൻ മേനോന് പ്രയാസപ്പെടേണ്ടിവന്നില്ല.
ഈ ഘട്ടത്തിലാണ് കിസാൻ മസ്ദുർ പ്രജാ പാർട്ടിയും ഇന്ത്യൻ സോഷ്യലിസ്റ്റ് പാർട്ടിയും ലയിച്ച് പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയായി രൂപാന്തരപ്പെട്ടത്. പാർട്ടിയുടെ കേരളഘടകത്തിന്റെ അധ്യക്ഷൻ കെ. കേളപ്പനും ഉപാധ്യക്ഷൻ കെ.ബി. മേനോനുമായിരുന്നു. പാർട്ടിയുടെ നാഷണൽ എക്സിക്യൂട്ടീവിലും അദ്ദേഹം അംഗമായി. 1957-ൽ നടന്ന പൊതുതെരഞ്ഞെടുപ്പിൽ വടകരയിൽ നിന്ന് പി എസ് പി ടിക്കറ്റിൽ മത്സരിച്ച ഡോ. കെ.ബി. മേനോൻ ലോക്സഭയിലും എത്തി. പാർലമെന്റെറിയൻ എന്ന പ്രശസ്തി അവിടെയും അദ്ദേഹത്തെ തേടിയെത്തി. കേരളത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ ജനാധിപത്യ ധ്വംസനത്തെ ഒരു ദേശീയ പ്രശ്നമായി ഉയർത്തിക്കൊണ്ടുവന്നതിൽ അദ്ദേഹത്തിന്റെ പങ്ക് നിസ്തുലമാണ്. പാർലമെന്റിൽ അദ്ദേഹം ചെയ്ത പ്രസംഗങ്ങൾ കമ്മ്യൂണിസ്റ്റ് റൂൾ ഇൻ കേരള എന്ന പേരിൽ പുസ്തകമായി പുറത്തുവന്നിട്ടുണ്ട്. അക്കാലത്ത് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമൊക്കെ ഡോ. കെ.ബി. മേനോന്റെ പ്രസംഗങ്ങൾ വളരെ ശ്രദ്ധാപൂർവ്വം കേട്ടിരുന്നു എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതായിക്കാണാം. പിന്നീട് സംയുക്ത സോഷ്യലിസ്റ്റ് പാർട്ടിയിലെത്തിയ അദ്ദേഹം അതിന്റെ ദേശീയ നിർവാഹക സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
1965-ൽ കൊയിലാണ്ടി നിയമസഭാ മണ്ഡലത്തിൽ നിന്ന് പാർട്ടി ടിക്കറ്റിൽ ഡോ. മേനോൻ കേരള നിയമസഭയിലും എത്തി. ആർക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥയിൽ അത്തവണ സഭ സമ്മേളിച്ചില്ല. നിർണായകമായ പ്രതിസന്ധിയിൽ പാർട്ടി നേതൃത്വം ചുമതലപൂർവ്വം പ്രവർത്തിക്കാത്തതിൽ പ്രതിഷേധിച്ച് പാർട്ടിയുമായുള്ള ബന്ധം അദ്ദേഹം വിച്ഛേദിച്ചു.
1965-ൽ മൂന്നാം കേരള നിയമസഭാ രൂപീകര ണത്തിനുവേണ്ടിയുള്ള തെരഞ്ഞെടുപ്പ് നടക്കുന്നു. ഭരണഘടനാനുസൃതമായി നടന്ന ആ തെരഞ്ഞെടുപ്പിൽ മത്സരിച്ചു വിജയിച്ച് നിയമസഭാംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടവർക്ക് സത്യപ്രതിജ്ഞ ചെയ്യാനോ നിയമസഭാംഗം എന്ന നിലയിൽ ഒരു ദിവസമെങ്കിലും പ്രവർത്തിക്കാനോ സഭയിലിരിക്കാനോ അവസരം ലഭിച്ചില്ല. യാതൊരു നടപടിക്രമങ്ങളിലേക്കുംകടക്കാതെ ആ നിയമസഭ പിരിച്ചുവിടുകയാണുണ്ടായത്. ആ തെരഞ്ഞെടുപ്പിൽ സി പി ഐ (എം) 40 സീറ്റു നേടി ഏറ്റവും വലിയ കക്ഷിയായി. കോൺഗ്രസ് - 16, കേരളാ കോൺഗ്രസ് - 23, സംയുക്ത സോഷ്യലിസ്റ്റ് പാർട്ടി (എസ് എസ് പി) - 13, മുസ്‍ലിം ലീഗ് - 6, സി പി ഐ – 3, സ്വതന്ത്രർ - 12 എന്നിങ്ങനെയായിരുന്നു കക്ഷിനില. സ്വതന്ത്രരിൽ പലരും മറ്റു പാർട്ടികളുടെ പിന്തുണയോടെ വിജയിച്ചവരായിരുന്നു. കമ്യൂണിസ്റ്റ് പാർട്ടി ഭിന്നിച്ച് സി പി ഐ, സി പി ഐ (എം) എന്നീ രണ്ട് കക്ഷികളായതും ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ നിന്ന് ഒരു വിഭാഗം പിരിഞ്ഞ് കേരളാ കോൺഗ്രസ് രൂപമെടുത്തതും ഈ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായിരുന്നു. തെരഞ്ഞെടുപ്പിൽ കാര്യമായ ഒരു സഖ്യമുണ്ടായിരുന്നത് സി പി ഐ (എം) യും എസ് എസ് പിയും തമ്മിൽ മാത്രമായിരുന്നു. സി പി ഐയും ആർ എസ് പിയും ചേർന്ന് മുന്നണി ഉണ്ടാക്കിയെങ്കിലും ആർ എസ് പി ഒരു സീറ്റിലും വിജയിച്ചില്ല. മറ്റു കക്ഷികളെല്ലാം ഒറ്റയ്ക്കാണ് മത്സരിച്ചത്. നിയമസഭയിലെ കേവല ഭൂരിപക്ഷമായ 67 സീറ്റുകൾ നേടാൻ ഒരു കക്ഷിക്കും സഖ്യത്തിനും കഴിഞ്ഞില്ല. പരസ്പരം ചേർന്നാൽ ഭൂരിപക്ഷം കൈവരിക്കാൻ കഴിയുന്ന ഒരു കക്ഷിയും മറ്റൊന്നിനോട് ചേരാൻ സന്നദ്ധവുമായില്ല. ഈ പരിതസ്ഥിതിയിലാണ് ഫലപ്രഖ്യാപനം കഴിഞ്ഞ് ഒരാഴ്ചയ്ക്കുശേഷം ഗവർണ്ണർ വി.വി. ഗിരി നിയമസഭ പിരിച്ചുവിട്ടത്.
ഔദ്യോഗികവും അനൗദ്യോഗികവുമായി കണക്കറ്റ് ധനവും സമയവും ചെലവഴിച്ച് ഒരു തെരഞ്ഞെടുപ്പ് നടത്തിയ ശേഷം ഒറ്റയടിക്ക് എല്ലാം അവസാനിപ്പിക്കേണ്ടിവന്നതിൽ ആരും തന്നെ സന്തുഷ്ടരായിരുന്നില്ല. ആ പരിതസ്ഥിതി ഒഴിവാക്കാൻ എസ് എസ് പി വ്യത്യസ്തമായ ഒരു നിലപാടെടുത്തിരുന്നെങ്കിൽ സാധിച്ചേനെ എന്ന് അന്ന് പ്രബലമായ ഒരഭിപ്രായം ഉയർന്നുവന്നിരുന്നു. പതിമൂന്നംഗ നിയമസഭാ കക്ഷിയിൽ പ്രായംകൊണ്ടും പാർലമെന്ററി പരിചയം കൊണ്ടും സംഘടനാ പ്രവർത്തനം കൊണ്ടും ഏറ്റവും മുതിർന്ന വ്യക്തി ഡോ. കെ.ബി. മേനോനായിരുന്നു. സ്വാഭാവികമായും അദ്ദേഹമാവും ലീഡറാവുക എന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്. എന്നാൽ പി.ആർ. കുറുപ്പ് ലീഡർ സ്ഥാനത്തേക്ക് മത്സരിക്കുകയും കെ. ചന്ദ്രശേഖരനും അരങ്ങിൽ ശ്രീധരനും അദ്ദേഹത്തെ അനുകൂലിക്കുയും ചെയ്തു. സി പി ഐ (എം), എസ് എസ് പിയുടെ സഖ്യകക്ഷിയായിരുന്നെങ്കിലും പ്രാദേശിക കാരണങ്ങളാൽ പി.ആർ. കുറുപ്പിനോട് അവർക്ക് ആനുകൂല്യമുണ്ടായിരുന്നില്ല. അതുപോലെ തന്നെ മുസ്‍ലിം ലീഗും എസ് എസ് പിയുമായി ധാരണയുണ്ടാക്കാൻ സന്നദ്ധമായിരുന്നെങ്കിലും പി. ആർ. കുറുപ്പുമായി പിണക്കത്തിലായിരുന്നു.
ഡോ. മേനോൻ എസ് എസ് പിയുടെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുക്കപ്പെട്ടിരുന്നെങ്കിൽ സ്ഥിതിഗതികൾ മാറുമായിരുന്നെന്ന് അന്ന് സൂചനകളുണ്ടായിരുന്നു. 1954-ൽ തിരുകൊച്ചി സംസ്ഥാനത്തും 1960-ൽ ഐക്യകേരളത്തിലും ചെറിയ കക്ഷിയുടെ നേതാവായ പട്ടം താണുപിള്ള മുഖ്യമന്ത്രിയായി മന്ത്രിസഭകൾ രൂപീകൃതമായതുപോലെ 1965-ൽ ഡോ. മേനോൻ എസ്.എസ്.പി നേതാവായിരുന്നെങ്കിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഒരു മന്ത്രിസഭക്ക് സാധ്യതയുണ്ടായിരുന്നുവെന്നത് തള്ളിക്കളയാനാകാത്ത ചരിത്രവസ്തുതയാണ്.
സജീവ രാഷ്ട്രീയത്തിൽ നിന്ന് തൽക്കാലം വിട്ടുനിന്ന കെ.ബി. മേനോൻ ജനാധിപത്യ മൂല്യങ്ങൾ ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജനാധിപത്യവേദി എന്ന നൂതന പ്രസ്ഥാനത്തിന് ജന്മം നൽകി. സുകുമാർ അഴീക്കോട്, എം ഗോവിന്ദൻ, അക്കിത്തം, പി. സി. കുട്ടികൃഷ്ണൻ, ജി. കുമാരപിള്ള, എം.വി. ദേവൻ, എൻ.പി. മുഹമ്മദ്, കുട്ടികൃഷ്ണമാരാർ, എം.ജി. എസ്. നാരായണൻ, എം.പി. ബാലഗോപാലൻ തുടങ്ങിയ ബുദ്ധിജീവിമണ്ഡലത്തിലെ പ്രഗൽഭമതികളായിരുന്നു ഒന്നിച്ചുണ്ടായിരുന്നവർ.
മേനോൻ എഡിറ്ററായിരുന്ന ജാഗ്രത എന്ന പ്രസിദ്ധീകരണവും ഇക്കാലത്ത് പുറത്തിറക്കുകയുണ്ടായി. കോൺഗ്രസിലൂടെ രാഷ്ട്രീയ ജീവിതം ആരംഭിച്ച ഡോ. മേനോൻ 1966ൽ അതിൽതന്നെ തിരിച്ചെത്തി. മറ്റു പലരുടെയും കാര്യത്തിലെന്നപോലെ അധികാരത്തിന്റെ പ്രലോഭനമായിരുന്നില്ല പ്രചോദനം.
അധികാര വടംവലികളും അന്തഃഛിദ്രങ്ങളും കോൺഗ്രസിനെ വല്ലാതെ ബാധിക്കുന്നത് ദുഃഖപൂർവ്വം അദ്ദേഹം നോക്കിക്കണ്ടു. താൽക്കാലിക രാഷ്ട്രീയ ലാഭത്തിന് അടിസ്ഥാന മൂല്യങ്ങൾ പണയപ്പെടുത്തുന്നതിനോട് ഒരിക്കലും യോജിക്കാൻ അദ്ദേഹത്തിന് കഴിയുമായിരുന്നില്ല. എന്നാൽ സ്വാതന്ത്ര്യാനന്തരം നീണ്ടകാലം പ്രതിപക്ഷത്ത് നിലകൊണ്ട മേനോനെ പോലുള്ള ഒരു സ്വതന്ത്ര ബുദ്ധിയെ സ്വാഗതം ചെയ്യാൻ കേരളത്തിലെ കോൺഗ്രസ് നേതൃത്വം വലിയ താല്പര്യം കാണിച്ചിരുന്നില്ലെന്നത് മറ്റൊരു കാര്യം.
രാഷ്ട്രീയ പ്രവർത്തനം എന്നത് പാർട്ടി പ്രവർത്തനം മാത്രമായി പരിമിതപ്പെടുത്തുന്നതായിരുന്നില്ല അദ്ദേഹത്തിന്റെ സമീപനം. നിർമ്മാണ പ്രവർത്തനത്തിനും സാംസ്കാരിക കാര്യങ്ങളിലുമൊക്കെ അദ്ദേഹം ഏറെ താല്പര്യം കാണിച്ചു. തൃത്താല ഹൈസ്കൂൾ, കോഴിക്കോട്ടെ വുഡ് വർക്ക് ഷോപ്പ്, ആഫ്റ്റർ കെയർ ഹോം എന്നിവ ചില ഉദാഹരണങ്ങൾ.
പഴയ രാഷ്ട്രീയ സുഹൃത്തുക്കളിൽ നിന്നെല്ലാം മിക്കവാറും ഒറ്റപ്പെട്ട് കോഴിക്കോട് മെഡിക്കൽ കോളേജിലെ ഒരു സാധാരണ വാർഡിൽ കിടന്ന് എഴുപതാം വയസ്സിൽ ആ ധന്യജീവിതം അവസാനിച്ചു. രോഗശയ്യാവലംബിയായിരുന്ന സമയത്ത് എല്ലാ സൗകര്യവുമുള്ള സ്പെഷ്യൽ വാർഡിലേക്ക് മാറാൻ മുഖ്യമന്ത്രിയായിരുന്ന ഇ.എം. എസ് നിർബന്ധിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല. എന്നാൽ മൂന്നു തവണ ആശുപത്രിയിൽ ഇ.എം. എസ് അദ്ദേഹത്തെ സന്ദർശിച്ചു.
അദ്ദേഹത്തിന്റെ സ്വന്തം പാർട്ടിയിലെ പ്രമുഖർ പലരും കോഴിക്കോട്ടു തന്നെ ഉണ്ടായിരുന്നെങ്കിലും ഒരാൾ പോലും രോഗശയ്യാവലംബിയായ അദ്ദേഹത്തെ സന്ദർശിക്കാൻ സന്നദ്ധരായില്ല എന്നത് മറ്റൊരു ദുഃഖസത്യം. അദ്ദേഹം തന്നെ മുൻകൂട്ടി നിർദേശിച്ച പ്രകാരം തൃത്താലയിൽ താൻ തന്നെ മുൻകൈയെടുത്ത് സ്ഥാപിച്ച സരസ്വതി ക്ഷേത്രത്തിന്റെ വളപ്പിലായിരുന്നു അന്ത്യവിശ്രമം.
പ്രസിദ്ധ ചിന്തകനും റാഡിക്കൽ ഹ്യൂമനിസ്റ്റുമായ എം. ഗോവിന്ദന്റെ വാക്കുകൾകൂടെ ഇവിടെ എടുത്തെഴുതട്ടെ:
“എഴുപതാം വയസ്സിൽ 1967 സെപ്തംബർ 6 ന് അദ്ദേഹം മരിക്കുമ്പോൾ ഒരു കോൺഗ്രസുകാരനായിരുന്നു. എന്നാൽ ഏറെ വർഷങ്ങളോളം സോഷ്യലിസ്റ്റ് പാർട്ടി നേതാവായാണ് അദ്ദേഹം കഴിച്ചുകൂട്ടിയത്. ആ പാർട്ടിയാകട്ടെ ഓരോഘട്ടത്തിൽ ഓരോതരം മലക്കംമറിച്ചിലുകൾക്കു വിധേയമായി. ഇന്ത്യൻ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിലെ ഒരു ധിഷണാചാര്യനായിരുന്നു ഡോ. മേനോൻ. മുപ്പതുകളുടെ ആദ്യത്തിൽ (അതോ ഇരു പതുകളുടെ അവസാനത്തിലോ) അദ്ദേഹം അമേരിക്കയിൽ വച്ച് ജയപ്രകാശ നാരായണനുമായി പരിചയപ്പെട്ടു.
അമേരിക്കയിൽ നിന്ന് സോഷ്യോളജിയിൽ ഡോക്ടറേറ്റ് നേടിയ മേനോൻ ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ അധ്യാപകനായിരുന്നു. അധ്യാപനമായിരുന്നില്ല ഡോക്ടറുടെ അഭിനിവേശം. ഇന്ത്യയിൽ മടങ്ങിയെത്തി അദ്ദേഹം രാഷ്ട്രീയ പ്രവർത്തനമാരംഭിച്ചു. കോൺഗ്രസ്സ് സോഷ്യലിസ്റ്റു പാർട്ടിയുടെ പ്രധാനപ്രവർത്തകരിൽ ഒരാളായി. ബോംബെ മലയാളി സമാജത്തിന്റെ അദ്ധ്യക്ഷനുമായി.
അഖിലേന്ത്യാ സിവിൽ ലിബർട്ടീസ് (പൗരാവകാശസംഘം) യൂണിയന്റെ കാര്യദർശിയുമായി. ആ സംഘടനയുടെ അദ്ധ്യക്ഷൻ ജവഹർലാൽ നെഹ്രുവും, മറ്റു പ്രധാനികൾ സരോജിനി നായിഡു, കെ.എം. മുൻഷി, കെ.എഫ്. നരിമാൻ, സർദാർ പട്ടേൽ മുതൽ പേരുമായിരുന്നു. നെഹ്രുതന്നെ അദ്ധ്യക്ഷനായിരുന്ന ഓൾ ഇന്ത്യാ സ്റ്റേറ്റ് പീപ്പിൾസ് കോൺഫറൻസിലും അദ്ദേഹം അതിമുഖ്യമായ പങ്കു വഹിച്ചു. ഡോ മേനോനും പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവും തമ്മിൽ പൗരസ്വാതന്ത്ര്യ സംഘടനയെക്കുറിച്ച് ധാരാളം അഭിപ്രായങ്ങൾ കൈമാറിയിട്ടുണ്ട്.
സ്വാതന്ത്യം നേടിയതിനുശേഷവും സംഘടന നിലനില്ക്കണമെന്ന അഭിപ്രായക്കാരനായിരുന്നു ഡോ. മേനോൻ. അതിനോടനുകൂലഭാവമായിരുന്നു പണ്ഡിറ്റ് നെഹ്റുവിന്. പക്ഷേ മറ്റു നേതാക്കന്മാർക്ക് അത് അരോചകമായിത്തീർന്നു. മാത്രമല്ല അവർ ചെയ്തിരുന്ന ഒത്താശകൾ പിൻവലിക്കുകപോലും ചെയ്തുവത്രെ. ഇത്തരം പ്രതിസന്ധികളിൽ ജവഹർലാൽ നെഹ്റു എടുക്കാറുള്ള അടവുതന്നെ സ്വീകരിച്ചു - ക്രിയാത്മക നിഷ്പക്ഷത്വം. സ്വരാജ്യം വന്നതിനുശേഷവും പൗരസ്വാതന്ത്ര്യസംരക്ഷണത്തിന് ഒരു പ്രസ്ഥാനമോ എന്ന അത്ഭുതമായിരുന്നു സരോജിനി നായിഡുവിനും മറ്റും.
എന്നിട്ടുമെന്നിട്ടും ഡോ. മേനോൻ പ്രായോഗികതലത്തിൽനിന്ന് എത്ര ദൂരെയായിരുന്നു. അവസാനശ്വാസംവരേയും അകത്തെ അഗ്നി അദ്ദേഹം സൂക്ഷിച്ചു. സ്വാതന്ത്ര്യ സമരത്തിൽനിന്നു കൊളുത്തിയെടുത്ത ആ തീ കെടാതെ സൂക്ഷിക്കുവാൻ അദ്ദേഹം ഒട്ടേറെ കഷ്ടപ്പാടിൽ പെട്ടിരിക്കണം. അതിനിടയിൽ ദാരിദ്യവും അനാരോഗ്യവും അനുഭവിച്ചു. ഒരോ ലക്ഷ്യവും അതുൾക്കൊള്ളുന്നവരിൽനിന്നു അതിന്റെ വിലയാവശ്യപ്പെടും. സ്വാതന്ത്ര്യസമരത്തിലെ ഒറ്റയാന്മാരായ മനുഷ്യരുടെ ഈ ദയനീയാവസ്ഥ പലപ്പോഴും ഓർക്കപ്പെടാറില്ല.
ജവഹർലാൽ നെഹ്റുവിന്റെ വലംകൈയായി പ്രവർത്തിച്ച ദേഹമാണ് ഡോ. മേനോൻ എന്ന് നേരത്തെ സൂചിപ്പിച്ചിട്ടുണ്ട്. അത്രത്തോളം താനടുത്തിടപഴകിയ ജവഹർലാൽ നെഹ്റുവിന്റെ മരണം ഒരളവോളം തന്റേയും മരണമാണെന്ന് മേനോൻ കരുതിയിട്ടുണ്ടാവാം. നെഹ്റു പ്രഗത്ഭനും മഹാനുമായ ഒരു ദേശീയ നേതാവാകയാൽ അദ്ദേഹത്തിന്റെ ചുടലച്ചാരംപോലും ദേശീയ പവിത്രതയാർജ്ജിച്ചു.
ചിതാഭസ്മമെന്ന ചിതം തികഞ്ഞ ശൈലിയിൽ പ്രകീർത്തിക്കപ്പെടുന്ന വെണ്ണീർത്തരികൾ ഇന്ത്യൻ പ്രവിശ്യകൾക്കെല്ലാം പങ്കുവയ്ക്കാൻ ആവേശം കൊണ്ട ദേശീയോദ്ഗ്രഥനവികാരം അന്നുമുണ്ടായിരുന്നു. ചിതാഭസ്മം നിറച്ച ചെറുമൺപാത്രങ്ങൾ തീവണ്ടിയിലും, വിമാനത്തിലുമൊക്കെ സഞ്ചരിച്ച് കേരളത്തിലും എത്തി.
നെഹ്റുവിന്റെ ചിതാഭസ്മത്തിനും അത്യുച്ചത്തിൽ തന്നെയായിരുന്നു ഗ്രഹനില. അന്നു കേരളത്തിൽ ഒരു കോൺഗ്രസ് മന്ത്രിസഭയുണ്ടായിരുന്നു. നിമജ്ജനകർമ്മത്തിന്റെ അഭിവന്ദ്യനായ മേൽശാന്തിയാവാനുള്ള പരമാധികാരവും, അവകാശവും മുഖ്യമന്ത്രിയുടേതാണ്. മുഖ്യമന്ത്രി ആർ. ശങ്കർ ചിതാഭസ്മകലശവുമായി തിരുനാവാപുഴയിൽ ഇറങ്ങി. ആയിരക്കണക്കിന് അകമ്പടി സേവക്കാർ, നെഞ്ചത്തടിച്ചു നിലവിളിക്കുന്നവർ, ശബ്ദം ക്ഷയിച്ച് വാപൊളിച്ച് നീങ്ങുന്നവർ, കണ്ണീരും വിയർപ്പും കവിളിലൂടെ ഒലിപ്പിക്കുന്നവർ, വമ്പിച്ചൊരു പുരുഷാരം, ആണുങ്ങൾ പെണ്ണുങ്ങൾ, മന്ത്രിമാർ, കക്ഷിപ്രമാണികൾ, ഊഹക്കച്ചവടക്കാർ, കരിഞ്ചന്തക്കാർ, പാവപ്പെട്ട മനുഷ്യർ, രാഷ്ട്രീയപാട്ടുകാർ, അവസരവാദികൾ, മുതലുടമകൾ, മർമ്മഭേദകമായ വിലാപങ്ങൾക്കിടയിൽ മരണച്ചടങ്ങിലും മഹോത്സവം ദർശിക്കുന്ന ആസ്വാദനകുതുകികൾ. കർമ്മം അതിന്റെ ധർമ്മം നിർവ്വഹിച്ചു.
നിളാനദിയിലെ വെള്ളവും നെഹ്രുവിന്റെ ചിതാ ഭസ്മവും ഒന്നായി. തിരമാലകളുടെ ആലാപവും, ദുഃഖാർത്ഥരുടെ ദീന വിലാപവും ഇഴുകിയുയർന്നു. ചിതാഭസ്മം അനശ്വരമായി. ജനസഹസ്രങ്ങൾ വിഷാദത്തിന്റെ തന്ത്രികളായി മന്ത്രോച്ചാരണം തുടർന്നു. ഒടുവിൽ അതും ഇടറിയില്ലാതായി. വീണ്ടും നിളയോളങ്ങൾ നീണ്ടും പരന്നും നെടുതായുയർന്നും ഒഴുകി.
രണ്ട് ഫർലോംഗ് അകലെ ഒരു വഴിമരത്തിന്മേൽ ചാഞ്ഞു തന്റെ വലതുകൈ കൂർത്ത താടിയിലൂന്നി അല്പം വളഞ്ഞ് ചിന്താധീനനായി നിഴൽപ്പാടുപോലെ ഒരാൾ നിന്നിരുന്നു. ആ മനുഷ്യൻ ആൾക്കൂട്ടത്തിൽ നിന്ന് അകന്നുനിന്നു. വിലാപ വാക്യമുതിർത്തില്ല. എല്ലാം കണ്ടും കേട്ടും നിന്നു. അദ്ദേഹം ദുഃഖിതനായിരുന്നുവോ? തീർച്ചയായും രോഷവാനായിരുന്നുവോ? എനിക്കറിഞ്ഞുകൂടാ. ഒരാളും ഇനിയത് അറിയാനും പോകുന്നില്ല. മരിച്ചവൻ പിന്നീട് ഒരു ചരിതവും ഉരിയാടുന്നില്ല. മരം ചാരിനിന്ന ആ മനുഷ്യൻ ഡോ. കെ.ബി. മേനോൻ ആയിരുന്നു. അദ്ദേഹവും ചിതാഭസ്മമായിത്തീർന്നിരിക്കുന്നു. ആ ചിതാഭസ്മവും നിളാ നദിയിൽ തന്നെ നിമജ്ജനം ചെയ്യപ്പെട്ടു. തിരുനാവായിൽ നിന്ന് 8-10 നാഴിക ദൂരെയുള്ള തൃത്താലപ്പുഴയിൽ. അടുത്തെങ്കിലും, എത്ര അകലെ’’.