തമിഴ്നാട്ടിലെ മധുരൈയ്ക്കടുത്ത് കീഴടി എന്ന കൊച്ചുഗ്രാമം ഇന്ന് കേന്ദ്ര സർക്കാരിനും തമിഴ്നാട് സർക്കാരിനുമിടയിലെ യുദ്ധഭൂമിയായിരിക്കുകയാണ്. കഴിഞ്ഞ ജൂൺ 17-ന് കീഴടിയിൽ പുരാവസ്തു ഖനനത്തിന് നേതൃത്വം കൊടുത്ത എ. രാമകൃഷ്ണനെ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ (ASI) ട്രാൻസ്ഫർ ചെയ്തിരിക്കുകയാണ്. ഒൻപതു മാസത്തിനിടെ മൂന്നാമത്തെ ട്രാൻസ്ഫർ. കീഴടിയിൽ നിന്നു കണ്ടെത്തിയ ആർട്ടിഫാക്റ്റുകളുടെ (വസ്തുക്കളുടെ) പ്രായം BCE 8-5 നൂറ്റാണ്ട് എന്ന റേഞ്ചിൽ നിന്ന് BC നാലാം നൂറ്റാണ്ടായി വെട്ടിക്കുറച്ച് റിപ്പോർട്ട് തിരുത്തിയെഴുതാൻ ASI ഡയറക്റ്റർ ഹേമസാഗർ എ. നായ്ക് മെയ് 21 -ന് രാമകൃഷ്ണന് അയച്ച കത്തിന്, അത് സാധ്യമല്ല എന്നും, റിപ്പോർട്ടിൽ സൂചിപ്പിച്ച റേഞ്ച് വസ്തുതാപരമാണെന്നും അദ്ദേഹം മറുപടി നൽകിയത് തീർച്ചയായും ASI യെ പൊടിപ്പിച്ചിട്ടുണ്ടാക്കണം.
കീഴടിയുടെ പേരിൽ, അവിടെ ഖനനം നടത്തിയ പുരാവസ്തുഗവേഷകരും ASI -യും, തൊട്ടുപിന്നാലെ തമിഴ്‌നാട് സർക്കാരും കേന്ദ്ര ഗവൺമെൻ്റും പക്ഷം ചേർന്ന് വാക്കേറ്റം തുടങ്ങിയിട്ട് കുറച്ചധികം നാളുകളായി. കുറച്ചു വർഷങ്ങളായി തമിഴ്നാട്ടിലെ ശിവഗലൈ, കീഴടി എന്നീ സൈറ്റുകളിൽനിന്നു വരുന്ന ചില പുരാവസ്തു ഖനനങ്ങളുടെ ഫലങ്ങൾ ഇന്ത്യാ ചരിത്രത്തെത്തന്നെ തിരുത്താൻ പോന്ന കണ്ടെത്തലുകളാണെന്ന് പറഞ്ഞാൽ അതിൽ അതിശയോക്തിയില്ല.

എന്താണ് തമിഴ്നാട്ടിൽ നിന്നുള്ള
പുതിയ കണ്ടെത്തലുകൾ?
ഇതുവരെ നാം സ്കൂളുകളിൽ പഠിച്ചതും കേട്ടറിഞ്ഞതുമായ ഇന്ത്യ ചരിത്രം ആരംഭിക്കുന്നത് സിന്ധുനദീതട സംസ്കാരത്തിൽ നിന്നാണ്. സൈന്ധവരുടെ ലിപി നമുക്ക് വായിക്കാൻ കഴിയാത്തതിനാൽ ഈ സംസ്കാരം പ്രോട്ടോ- ഹിസ്റ്റോറിക്കായാണ് ഗണിക്കുക. ഇതുവരെ കണ്ടതിൽ വച്ച് ഇന്ത്യയിലെ ആദ്യ നാഗരിക സംസ്കാരവും (urban civilization) സൈന്ധവരുടേത് തന്നെയായിരുന്നു. എന്നാൽ അവർ ഇരുമ്പുപകരണങ്ങൾ ഉപയോഗിച്ചിരുന്നില്ല. ഉത്തരേന്ത്യയിൽ ഇരുമ്പ് യുഗം (iron age) ആരംഭിക്കുന്നത് BCE 11-ാം നൂറ്റാണ്ടിനു ശേഷമാണ്. എന്നാൽ ഉത്തർ പ്രദേശിലെ ദാദുപൂർ, മൽഹർ, രായ്പുര എന്നിവിടങ്ങളിലും, കാശ്മീരിലെ ഗുഫ്ക്രാലിൽ നിന്നുമൊക്കെ BCE 19-ാം നൂറ്റാണ്ടിൽ നിന്നും അതിനു ശേഷവുമുള്ള ഇരുമ്പവശിഷ്ടങ്ങൾ കിട്ടിയിട്ടുണ്ട് (ഇരുമ്പിൻ്റെ വ്യാപക ഉപയോഗത്തിനും മുൻപുള്ളവയാണ് ഇവ).
ഇരുമ്പുയുഗത്തിൻ്റെ ആവിർഭാവത്തോടെ സാമ്രാജ്യങ്ങളും ഉയർന്നു. അങ്ങനെ ഉദിച്ചുയർന്ന മഗധയുടെ പിൻഗാമിയായിരുന്നു മൗര്യ സാമ്രാജ്യം. സൈന്ധവ സംസ്കാരത്തിനുശേഷം വ്യാപകമായി ഒരു ലിപിയുടെ ഉപയോഗം നമ്മൾ കാണുന്നത് മൗര്യരാജാവായ അശോകശാസനങ്ങളിലാണ്. തീർച്ചയായും അതിനു മുൻപ് ഇന്ത്യയിൽ ലിപികൾ ഉപയോഗിച്ചിരുന്നിട്ടുണ്ടാകണം, എന്നാൽ അവയൊന്നും നമുക്കു ലഭിച്ചിട്ടില്ല എന്നു വേണം കരുതാൻ. ക്രസ്തുവർഷാരംഭം വരെ ദക്ഷിണേന്ത്യയിൽ മഹാശിലയുഗമായിരുന്നു. ഇരുമ്പുപകരണങ്ങൾ ഈ കാലത്ത് ഉപയോഗിച്ചിരുന്നുവെങ്കിലും, തൊപ്പിക്കല്ലുകളും, കുടക്കല്ലുകളും പോലെയുള്ള Megalith-കൾ ആ കാലത്തും നിർമ്മിക്കപ്പെട്ടിരുന്നു എന്നതിനാലാണ് ഇതിനെ മഹാശിലായുഗത്തിലുൾപ്പെടുത്തിയിരിക്കുന്നത്. സംഘകാലം എന്ന് വിശേഷിപ്പിക്കപ്പെടുന്ന കാലം BCE രണ്ടാം നൂറ്റാണ്ടു മുതൽ CE രണ്ടാം നൂറ്റാണ്ടു വരെയാണെന്നായിരുന്നു നാം കണക്കുകൂട്ടിയിരുന്നത്. ഇതിൻ്റെ സിംഹഭാഗവും മേൽപ്പറഞ്ഞ Megalithic Age -ൽ ഉൾപ്പെടുന്നു. പക്ഷെ ശിവഗലൈ, കീഴടി എന്നീ ഗ്രാമങ്ങളിൽ നിന്നുള്ള കണ്ടെത്തലുകളിലൂടെ ഇപ്പറഞ്ഞ വസ്തുതകളെല്ലാം ചോദ്യം ചെയ്യപ്പെടുകയാണ്.
കീഴടിയിൽ നിന്നുള്ള കണ്ടെത്തലുകൾ ‘Technically well-supported’ അല്ല എന്നായിരുന്നു കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ശിഖാവത് അവകാശപ്പെട്ടത്. കീഴടി ഘനനങ്ങളുടെ സമ്പൂർണ്ണ റിപ്പോർട്ട് പ്രസിദ്ധീകരണം കേന്ദ്രവും ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയും മനഃപൂർവ്വം വൈകിപ്പിക്കുന്നു എന്ന് തമിഴ്നാട് സർക്കാർ ആരോപിക്കുന്നു.
തുത്തുക്കൂടി ജില്ലയിലെ ശിവഗലൈയിൽ 2019 മുതൽ 2022 വരെ നടത്തിയ ഖനനങ്ങളിൽ നിന്ന് വിവിധ തരം ആർട്ടിഫാക്റ്റുകൾ കണ്ടെത്തിയിട്ടുണ്ടെങ്കിലും അതിലേറ്റവും പ്രാധാന്യമർഹിക്കുന്നത് ഇന്നുവരെ കണ്ടെത്തിയതിൽ വച്ച് ലോകത്തിലെ ഏറ്റവും പ്രാചീനമായ ഇരുമ്പുപകരണങ്ങളാണ്. ഇന്നോളം കണ്ടെത്തിയതിൽ ഏറ്റവും പുരാതനമായ, സെൻട്രൽ അനറ്റോളിയയിൽ നിന്ന് കിട്ടിയ ഇരുമ്പവശിഷ്ടങ്ങൾ BCE 1800-കളിൽ നിന്നാണ്. (എങ്കിലുമിവിടെ ഇരുമ്പുയുഗമാരംഭിക്കുന്നത് BCE 1300 - കളിലാണ്.) എന്നാൽ, ശിവഗലൈയിൽ നിന്നു കിട്ടിയ ഇരുമ്പുപകരണങ്ങൾ, അവയടങ്ങുന്ന പിറ്റിൽ (pit) നിന്നു കിട്ടിയ കരിയുടെ (charcoal) റേഡിയോകാർബൺ ഡേറ്റിങ്ങുകളനുസരിച്ച്, BCE 3300-നും BCE 2900-നും ഇടയിൽ നിർമ്മിക്കപ്പെട്ടവയാണ്. പൊതുവെ മനുഷ്യസംസ്കാരങ്ങൾ ശിലായുഗത്തിൽ (ഈ കാലത്ത് ലോഹങ്ങൾ ഉപയോഗിക്കില്ല) നിന്ന് വെങ്കലയുഗത്തിലേക്കും അവിടെനിന്ന് ഇരുമ്പു യുഗത്തിലേക്കുമാണ് പരിണമിക്കാറ്. കാരണം, ഇരുമ്പിൻ്റെ melting point വെങ്കലത്തിൻ്റേതിനേക്കാൾ കൂടുതലാണ്. അത് നിർമ്മിച്ചെടുക്കാൻ കൂടുതൽ വികസിതമായ സാങ്കേതികവിദ്യ ആവശ്യമായി വരും. വെങ്കലയുഗ സംസ്കാരങ്ങളിലെ ഉലകളിൽ ചൂടു കൂടുമ്പോൾ അബദ്ധവശാലായിരിക്കണം ഇരുമ്പിനെ അതിൻ്റെ ധാതുക്കളിൽ നിന്ന് വേർതിരിച്ചെടുക്കാൻ മനുഷ്യൻ ആദ്യമായി പഠിച്ചത് എന്ന് പല ചരിത്രകാരരും അഭിപ്രായപ്പെട്ടിരുന്നു. ദക്ഷിണേന്ത്യയിലെ മഹാശിലാസംസ്കാരത്തിനു മുന്നോടിയായി ഒരു വെങ്കല സംസ്കാരം ഇവിടെയില്ലായിരുന്നു എന്നത് ചരിത്രകാരന്മാരെ പണ്ടേ കുഴപ്പിച്ച വസ്തുതയാണ്. എന്നാൽ ശിവഗലൈയിൽ നിന്നുള്ള ഇരുമ്പവശിഷ്ടങ്ങൾ കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കിയിരിക്കുകയാണ്.

ശിവഗലൈയിലെ BCE ഏഴാം നൂറ്റാണ്ടിൽ നിന്നുള്ള മൺകലച്ചീളിൽ തമിഴ്- ബ്രഹ്മി ലിഖിതങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇത് ദക്ഷിണേന്ത്യയിലെ മഹാശിലാസംസ്കാരത്തിലെ സാക്ഷരതയെക്കുറിച്ച് പുതിയ വെളിച്ചം വീശുന്നു. കീഴടിയിൽ നിന്നാകട്ടെ BCE ആറാം നൂറ്റാണ്ടു മുതൽക്കുള്ള ഒന്നിലധികം മൺകലക്കഷ്ണങ്ങൾ തമിഴ്- ബ്രഹ്മി ലിഖിതങ്ങളോടെ കണ്ടെത്തിയിട്ടുണ്ട്. ഇതിനുമുൻപ് ശ്രീലങ്കയിലെ അനുരാധപുരയിൽ നിന്ന് BCE നാലാം നൂറ്റാണ്ടിൽ നിന്നുള്ള തമിഴ്- ബ്രഹ്മി ലിഖിതങ്ങളടങ്ങിയ മൺകലക്കഷ്ണങ്ങൾ ലഭിച്ചിട്ടുണ്ടായിരുന്നു. ലിപികൾ ഉത്തരേന്ത്യയിൽ നിന്ന് തെക്കോട്ടാണോ അതോ തിരിച്ചാണോ പടർന്നതെന്ന് വീണ്ടും നമ്മൾ ചിന്തിക്കേണ്ടിയിരിക്കുന്നു. തീർന്നില്ല. കീഴടിയിൽ നിന്നു കണ്ടെത്തിയ ചുടുകട്ട കൊണ്ടുള്ള നിർമ്മിതികൾ തമിഴ്നാട്ടിൽ BCE ആറാം നൂറ്റാണ്ടിൽ തന്നെ നാഗരിക സംസ്കാരം എത്തി എന്ന് തെളിയിക്കുന്നത്രെ.
ശാസ്ത്രത്തെപ്പോലെ തന്നെ ചരിത്രവും പുതിയ കണ്ടുപിടുത്തങ്ങളിലൂടെ വളരുന്ന ഒരു പഠനവിഷയമാണ്. അതിനാൽ ചരിത്രകാരർക്ക് അങ്ങേയറ്റം കൗതുകത്തോടെയല്ലാതെ തമിഴ്നാട്ടിൽ നിന്നുള്ള ഈ പഠനങ്ങളെ കാണാതിരിക്കാൻ സാധിക്കില്ല.
ഉത്തരേന്ത്യയിലും ഏതാണ്ടിതേ കാലത്താണ് രണ്ടാമതായൊരു നാഗരിക സംസ്കാരം ഉയർന്നുവന്നത് (ഇതിനെ ചരിത്രകാരർ Second urbanisation എന്നു വിശേഷിപ്പിക്കുന്നു. First Urbanisation സൈന്ധവകാലത്താണ് നടന്നത്). ഇത് സംഘകാലത്തെ നാല് നൂറ്റാണ്ട് പിന്നിലേക്ക് തള്ളുന്നു. ഏതാണ്ട് ആ കാലത്തു നിന്നുതന്നെയുള്ള ഒരു വിപുലമായ നെയ്ത്ത് വ്യവസായത്തിനുള്ള തെളിവുകളും ഇവിടെ നിന്നു കിട്ടിയിട്ടുണ്ട്. ഡൈസുകൾ, കരുക്കൾ, കർണേലിയൻ ബീഡുകൾ, സ്വർണ്ണാഭരണങ്ങൾ, ടെറാക്കോട്ടാ രൂപങ്ങൾ എന്നിവയും കീഴടിയിൽ നിന്ന് ഖനനം ചെയ്തെടുത്തിട്ടുണ്ട്.
ശാസ്ത്രത്തെപ്പോലെ തന്നെ ചരിത്രവും പുതിയ കണ്ടുപിടുത്തങ്ങളിലൂടെ വളരുന്ന ഒരു പഠനവിഷയമാണ്. അതിനാൽ ചരിത്രകാരർക്ക് അങ്ങേയറ്റം കൗതുകത്തോടെയല്ലാതെ തമിഴ്നാട്ടിൽ നിന്നുള്ള ഈ പഠനങ്ങളെ കാണാതിരിക്കാൻ സാധിക്കില്ല. എന്നാൽ രാഷ്ട്രീയത്തിൽ ഈ ചരിത്രാത്ഭുതം വരുത്തിയിട്ടുള്ള ചർച്ചകൾ സ്വാഭാവികമാണ്.

കീഴടിയിൽ നിന്നുള്ള കണ്ടെത്തലുകൾ ‘Technically well-supported’ അല്ല എന്നായിരുന്നു കേന്ദ്ര സാംസ്കാരിക വകുപ്പ് മന്ത്രി ഗജേന്ദ്ര സിങ് ശിഖാവത് ജൂൺ 10-ാം തിയതി അവകാശപ്പെട്ടത്. കീഴടി ഘനനങ്ങളുടെ സമ്പൂർണ്ണ റിപ്പോർട്ട് പ്രസിദ്ധീകരണം കേന്ദ്രവും ASI യും മനഃപൂർവ്വം വൈകിപ്പിക്കുന്നു എന്നാണ് തമിഴ്നാട് സർക്കാർ ആരോപിക്കുന്നത്. ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റെ ആര്യ കേന്ദ്രീകൃത ഇന്ത്യാചരിത്ര സങ്കൽപ്പത്തിനുതകുന്നതല്ലാത്തതാണ് കീഴടിയിൽ നിന്നുള്ള കണ്ടെത്തലുകളുടെ പ്രസിദ്ധീകരണം മരവിപ്പിക്കുന്നതിനുള്ള കാരണമെന്നവരാരോപിക്കുന്നു. എന്നാൽ ASI-ക്ക് റിപ്പോർട്ട് പ്രസിദ്ധീകരിക്കാൻ വൈമുഖ്യമുണ്ടെന്നത് വസ്തുതാവിരുദ്ധമാണെന്നും എല്ലാ റിപ്പോർട്ടുകളും കടന്നുപോകേണ്ട ചട്ടങ്ങളിലൂടെ മാത്രമാണ് രാമകൃഷ്ണൻ്റെ കീഴടി റിപ്പോർട്ടും കടന്നുപോകുന്നതെന്നാണ് ASI - യുടെ നിലപാട്.
ഇതൊക്കെയാണെങ്കിലും റിപ്പോർട്ടിൻ്റെ സമ്പൂർണ്ണരൂപത്തിൻ്റെ പ്രസിദ്ധീകരണത്തിലേക്ക് കണ്ണും നട്ടിരിക്കുകയാണ് ചരിത്രകാരരെല്ലാം.
