ചരിത്രത്തിന്റെ ഗതിവിഗതികളില്‍ ചിലപ്പോള്‍ പൊടുന്നനെ മാറ്റങ്ങള്‍ സംഭവിക്കാറുണ്ട്. സാമൂഹികബന്ധങ്ങളിലും സാമ്പത്തികക്രമത്തിലും ഉണ്ടാകുന്ന സ്‌ഫോടനാത്മകമായ വ്യതിയാനങ്ങളുടെയും പ്രപഞ്ചബോധത്തില്‍ കൈവരുന്ന പുതിയ ബോധ്യങ്ങളുടെയും അടിസ്ഥാനത്തില്‍ പ്രത്യക്ഷമാകുന്ന മാറ്റത്തെയാണ് നവോത്ഥാനം എന്ന് വിശേഷിപ്പിക്കുന്നത്. ആ പദം അര്‍ത്ഥമാക്കുന്നതുപോലെ ഒരു പുതിയ ഉണര്‍വിനെ അത് സൂചിപ്പിക്കുന്നു. എന്നാല്‍, രാഷ്ട്രീയലാഭവും പ്രീണനവും ലക്ഷ്യമാക്കി അടുത്ത കാലത്ത് വിവിധ കക്ഷികള്‍ വ്യാപകമായി പ്രയോഗിച്ചുവരുന്ന 'കേരള നവോത്ഥാനം' വസ്തുതാവിരുദ്ധമായ കെട്ടുകഥകളുടെയും ഊതിപ്പെരുപ്പിച്ച ആദര്‍ശങ്ങളുടെയും മരീചികയാണോ എന്ന് ആശങ്കപ്പെടേണ്ടിയിരിക്കുന്നു.
സ്വന്തം താല്പര്യങ്ങള്‍ സംരക്ഷിക്കാനും വാദഗതികള്‍ സാധൂകരിക്കാനും തല്പരകക്ഷികള്‍ ചാര്‍ത്തിക്കൊടുക്കുന്ന ആദര്‍ശങ്ങളുടെ പരിവേഷം പലര്‍ക്കും ഇണങ്ങാത്തതാണ്. അവര്‍ആദര്‍ശരഹിതരോ കള്ളനാണയങ്ങളോ ആയതുകൊണ്ടല്ല അങ്ങനെ വരുന്നത്. അവരുടെ യഥാര്‍ത്ഥ മഹത്വത്തെ തമസ്‌കരിച്ചും ദുര്‍വ്യാഖ്യാനം ചെയ്തും നിക്ഷിപ്ത താല്പര്യക്കാര്‍ ഉപയോഗപ്പെടുത്തുന്നതുകൊണ്ടാണ്. പൊതുവായ ചില ആദര്‍ശങ്ങള്‍ സ്ഥാപിച്ചെടുക്കുന്നതിനും അവയുടെ സ്വാഭാവികമായ പരിണാമപ്രക്രിയയെ തങ്ങളുടെ വരുതിയിലാക്കുന്നതിനും അവര്‍ വ്യത്യസ്തമായ ആദര്‍ശങ്ങളെയും തത്ത്വങ്ങളെയും കൂട്ടിക്കുഴയ്ക്കുകയോ തലതിരിച്ചു കാണിക്കുകയോ ചെയ്യുന്നു.
നവോത്ഥാനഘോഷത്തിനിടയില്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ട മഹത് വ്യക്തിത്വങ്ങളില്‍ ഒന്ന് ശ്രീനാരായണഗുരു ആണ്. അദ്ദേഹത്തെ ഈഴവവിമോചനപ്പോരാളിയായും ഹിന്ദുമതപ്രചാരകനായ മതനേതാവായും സ്ഥാപിക്കാനുള്ള വ്യഗ്രത സര്‍വത്ര കാണാം.
ഗുരുവിനെ വിൽക്കുന്നവർ
ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളില്‍ കേരളത്തിലെ പല ജനവിഭാഗങ്ങളും കൊടിയ പീഡനങ്ങളും അവഗണനയും അനുഭവിക്കേണ്ടിവന്നിട്ടുണ്ട്. അവയ്ക്ക് എതിരായ പോരാട്ടങ്ങളും ചെറുത്തുനില്പും അതതു ജനവിഭാഗങ്ങള്‍ക്കിടയില്‍നിന്നും, ചിലപ്പോഴൊക്കെ പൊതുസമൂഹത്തില്‍ നിന്നും ഉയര്‍ന്നുവന്നു. അതിജീവനവും അസ്തിത്വവും പ്രതിസന്ധി നേരിടുമ്പോള്‍ സ്വാഭാവികമായി രൂപപ്പെടുന്ന പ്രതികരണങ്ങളായിരുന്നു അവയില്‍ പലതും. അത്തരം സന്ദര്‍ഭങ്ങളില്‍ സാമുദായിക പരിഗണനയുടെ സുരക്ഷിതത്വവും പദവികളും യഥേഷ്ടം അനുഭവിച്ചിരുന്നവര്‍ പിന്നീട് സൗകര്യപൂര്‍വം ചേരി മാറി പോരാട്ടങ്ങളുടെ പതാകവാഹകരാകുന്നത് ചരിത്രത്തിലെ ഏറ്റവും നിന്ദ്യമായ അവസ്ഥയാണ്. അസമത്വങ്ങള്‍ക്ക് എതിരായ പോരാട്ടം, സാമൂഹികനീതിക്കു വേണ്ടിയുള്ള സമരങ്ങള്‍, രാഷ്ട്രീയ സ്വാതന്ത്ര്യത്തിനായുള്ള മുന്നേറ്റങ്ങള്‍, കര്‍ഷകസമരങ്ങള്‍ തുടങ്ങിയവയിലെല്ലാം ഇത്തരം മറുകണ്ടംചാടലുകള്‍ ദൃശ്യമാണ്. അവ ചരിത്രത്തിലേക്ക് കൂട്ടിച്ചേര്‍ക്കുകയും അവയ്ക്ക് ആദര്‍ശത്തിന്റെ ആട ലഭിക്കുകയും ചെയ്തുകഴിഞ്ഞാല്‍ പുത്തന്‍ അവകാശികള്‍ അണിനിരക്കുകയായി. മറുചേരിയില്‍ കഴിഞ്ഞവരും കാഴ്ചകണ്ടു നിന്നവരും എല്ലാം അതില്‍ അവകാശം ഉന്നയിച്ച് ഒത്തുകൂടുന്നു.
നവോത്ഥാനഘോഷത്തിനിടയില്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ട മഹത് വ്യക്തിത്വങ്ങളില്‍ ഒന്ന് ശ്രീനാരായണഗുരു ആണ്. അദ്ദേഹത്തെ ഈഴവവിമോചനപ്പോരാളിയായും ഹിന്ദുമതപ്രചാരകനായ മതനേതാവായും സ്ഥാപിക്കാനുള്ള വ്യഗ്രത സര്‍വത്ര കാണാം. പുറംകാഴ്ചക്കാര്‍ക്ക് അങ്ങനെ വിശ്വസിക്കുന്നതിന് വേണ്ടത്ര തെളിവുകളുമുണ്ട്. ഹിന്ദുമതചിഹ്നങ്ങളായ വിഗ്രഹപ്രതിഷ്ഠ, വേദോപനിഷത്തുക്കളിലെ ആദര്‍ശങ്ങളും ബിംബങ്ങളും കൃതികളിലൂടെ ആവിഷ്‌കരിക്കല്‍, സര്‍വോപരി കൂടുതല്‍ സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട സമൂഹങ്ങളുടെ സവിശേഷതകള്‍ തുടങ്ങിയവ അതിലേക്ക് നയിക്കുന്ന ഘടകങ്ങളാണ്. എന്നാല്‍, സൂക്ഷ്മവിശകലനത്തില്‍അവയെയെല്ലാം അതിലംഘിക്കുന്നതാണ് ശ്രീനാരായണഗുരുവിന്റെ വ്യക്തിത്വം. ഇക്കാര്യം ശ്രീനാരായണഗുരുവിന്റ കര്‍മ്മമണ്ഡലവും ധര്‍മ്മചിന്തയും ശരിയായി പിന്തുടര്‍ന്നവര്‍ പലകുറി സൂചിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും ആ നാമധേയം വിപണനം ചെയ്ത് കൊള്ളലാഭം നേടുന്നവര്‍ സൃഷ്ടിച്ച ആലക്തികപ്രഭയില്‍ അവ ശ്രദ്ധിക്കപ്പെടാതെ പോയി. ശ്രീനാരായണഗുരുവിന്റെ യഥാര്‍ത്ഥ വ്യക്തിത്വം വീണ്ടെടുക്കാനുള്ള ശ്രമമാണ് എം. ശ്രീനാഥന്റെ 'ഗുരുവിന്റെ ജാതി, ജാതിയുടെ ഗുരു' എന്ന പഠനം. 15 ലക്കത്തിലായി ട്രൂകോപ്പി വെബ്‌സീനില്‍ ഇത് പ്രസിദ്ധപ്പെടുത്തിയിരുന്നു.
ഗുരുദേവകൃതികള്‍, ഗുരുദേവന്റെ സമകാലികരുടെയും മറ്റും ആത്മകഥകളിലെ സൂചനകള്‍, ജീവചരിത്രങ്ങള്‍, നരവംശശാസ്ത്രവിശകലനത്തിനുള്ള ഉപാദാനങ്ങളും ഉപകരണങ്ങളും, ചരിത്രഗ്രന്ഥങ്ങള്‍ തുടങ്ങിയവയുടെ സഹായത്തോടെയാണ് എം. ശ്രീനാഥന്‍ തന്റെ സിദ്ധാന്തങ്ങള്‍ സ്ഥാപിച്ചിരിക്കുന്നത്. കൊള്ളയടിക്കപ്പെടുന്ന സാംസ്‌കാരിക മൂലധനത്തെക്കുറിച്ചുള്ള ആകുലതകളും ഈ പഠനത്തിന് ഊര്‍ജസ്രോതസ്സായി നിലകൊള്ളുന്നു.
ശ്രീനാരായണഗുരുവിന്റെ പ്രവര്‍ത്തനങ്ങളെയും ആദര്‍ശങ്ങളെയും ഈഴവസമുദായത്തിന്റെ ഭൗതികനേട്ടങ്ങള്‍ക്കായി ഉപയോഗപ്പെടുത്താനുള്ള ശ്രമങ്ങള്‍ ഒരു ഭാഗത്തുണ്ടായി. ഗുരുവിനോട് പൂര്‍ണമായി നീതിപുലര്‍ത്തുന്നതായിരുന്നില്ല ആ പ്രവൃത്തികളെങ്കിലും ഒരു സമൂഹത്തിന്റെ പിന്നാക്കാവസ്ഥ പരിഹരിച്ച് മുഖ്യധാരയില്‍ കൂടുതല്‍ഇടം നേടാനുള്ള ഉദ്യമം എന്ന നിലയില്‍ അതിനു പിന്നിലെ സദുദ്ദേശ്യത്തെ സാധൂകരിക്കാവുന്നതാണ്. താന്‍ രൂപം കൊടുക്കുകയും നേതൃത്വം നല്‍കുകയും ചെയ്ത സംരംഭങ്ങള്‍ സമുദായ താല്പര്യങ്ങളില്‍ കൂടുതല്‍ കേന്ദ്രീകരിക്കാന്‍ തുടങ്ങിയത് തിരിച്ചറിഞ്ഞ ഗുരു തന്റെ നിലപാടുകളുടെ സൂചിമുന കൃത്യതപ്പെടുത്താന്‍ ശ്രമിച്ചതല്ലാതെ സമുദായോന്നതിക്കായി ഉത്സാഹിക്കുന്നവരെ കുറ്റപ്പെടുത്താന്‍ മുതിര്‍ന്നിട്ടില്ലെന്നത് ശ്രദ്ധേയമാണ്. തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളില്‍ ജാതിമതാദികള്‍ക്ക് അതീതമായ മാനവികത ഉയര്‍ത്തിപ്പിടിക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചു. ഉന്നതമായ മാനവികതയുടെ മുമ്പില്‍ ദൈവം പോലും അപ്രസക്തമായി. സങ്കുചിതമായ താല്പര്യങ്ങള്‍ക്കുവേണ്ടി മനുഷ്യരെ ഭിന്നിപ്പിക്കുകയും വിദ്വേഷവും കലഹവും വളര്‍ത്തുകയും ചെയ്യുന്നവര്‍ ഗുരുവിന്റെ ആദര്‍ശങ്ങള്‍ക്ക് കാവല്‍ നില്‍ക്കാന്‍ തിരക്കുകൂട്ടുന്നതിനു പിന്നിലെ ചതി തിരിച്ചറിയപ്പെടേണ്ടതുണ്ട്.
ഗുരു അടിത്തറ പാകിയ സ്ഥാപനങ്ങള്‍ അവയുടെ ആശയാടിത്തറ നഷ്ടമായി കൈവിട്ടുപോകുന്നത് അദ്ദേഹത്തിനു കാണേണ്ടിവന്നു. 1910 -ഓടെ അദ്ദേഹം തന്റെ ആഹ്വാനങ്ങളില്‍ കാതലായ മാറ്റം വരുത്തുന്നതായും ചില മുന്‍കൈ പ്രവര്‍ത്തനങ്ങള്‍ ഉപേക്ഷിക്കുന്നതായും കാണാം.
ശ്രീനാരായണഗുരു സാര്‍വലൗകികമാനങ്ങളുള്ള ഒരു ദര്‍ശനമാണ് ആവിഷ്‌കരിച്ചതും പ്രചരിപ്പിക്കാന്‍ശ്രമിച്ചതും. തല്പരകക്ഷികളും അവരുടെ കൊളോണിയല്‍ ബോധവും ഗുരുദര്‍ശനങ്ങളെ കേവലം ഉപയോഗപരതയിലേക്ക് പരിമിതപ്പെടുത്തി എന്ന നിരീക്ഷണമാണ് എം. ശ്രീനാഥന്‍ അവതരിപ്പിക്കുന്നത്. ജാതിയും ജാതിയുടെ അടിസ്ഥാനത്തിലുള്ള വിവേചനങ്ങളും കേരളത്തിന്റെ സാമൂഹികഘടനയുടെ അടിസ്ഥാനസ്വഭാവങ്ങളില്‍ ഉള്‍പ്പെടുന്നതല്ല. അത് പില്‍ക്കാലത്ത് പലരും സ്വന്തം താല്പര്യങ്ങള്‍ക്ക് അനുസരിച്ച് നിര്‍മിച്ചെടുത്തതാണ്. ജന്മി-നാടുവാഴിത്ത ശക്തികള്‍, വൈദേശികരായ കടന്നുകയറ്റക്കാര്‍, വൈദികപ്രമാണിമാര്‍ തുടങ്ങിയവരെല്ലാം പല കാലങ്ങളില്‍, പല രൂപത്തില്‍ ഇവിടെ ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്. അതില്‍ കൊളോണിയല്‍ ശക്തികള്‍ക്കുള്ള പങ്ക് വളരെ പ്രധാനപ്പെട്ടതാണ്. ബ്രിട്ടീഷുകാര്‍ ഇവിടെ നടപ്പിലാക്കാന്‍ ശ്രമിച്ച ജാതി സെന്‍സസ് ഏറെ പ്രാധാന്യം അര്‍ഹിക്കുന്നതാണ്. ഇന്ത്യന്‍ സമൂഹത്തെക്കുറിച്ചുള്ള ബ്രിട്ടീഷുകാരുടെ അല്പജ്ഞാനവും അജ്ഞതയും അതിന്റെ സംഘാടനത്തിലും നടത്തിപ്പിലും ആകമാനം പ്രതിഫലിക്കുന്നു. കൊളോണിയല്‍ യജമാനന്മാരോടുള്ള അതിരുകടന്ന വിധേയത്വവും ഇന്ത്യയുടെ അതിവിപുലവും വൈവിധ്യപൂര്‍ണവുമായ വൈജ്ഞാനിക മൂലധനത്തെക്കുറിച്ചുള്ള അജ്ഞതയും ചരിത്രനിര്‍മിതിയിലും സാമൂഹ്യശാസ്ത്രരൂപീകരണത്തിലും തെറ്റായ ദിശാബോധം സൃഷ്ടിക്കുന്നതിന് കാരണമായിട്ടുണ്ട്. ശ്രീനാരായണഗുരുവിന്റെ ജാതിനിര്‍ണ്ണയം, ജാതിലക്ഷണം എന്നീ കൃതികള്‍ കൊളോണിയല്‍ അക്കാദമികസമൂഹത്തിന്റെ യുക്തിരാഹിത്യത്തിനും അജ്ഞതയ്ക്കും അവരുടെ അമാനവികമായ അറിവിനുമുള്ള മറുപടിയാണ്. ഗുരുവിന്റെ ജാതിവിരുദ്ധസാര്‍വലൗകികത മനസ്സിലാക്കുന്നതില്‍പരാജയപ്പെട്ട കേരളീയര്‍ ബ്രിട്ടീഷുകാരുടെ അല്പജ്ഞാനത്തില്‍ നിന്ന് ഉടലെടുത്ത ജാതിസെന്‍സസില്‍ വിശ്വാസം അര്‍പ്പിച്ച് താല്‍ക്കാലിക ലാഭത്തില്‍ ആശ്വാസം കണ്ടെത്തുകയാണ് ഉണ്ടായത്.
സന്യാസജീവിതം തിരഞ്ഞെടുത്ത ശ്രീനാരായണഗുരു സവിശേഷവും അനിവാര്യവുമായ ഒരു സാഹചര്യത്തില്‍ കേരളത്തിലെ സാമൂഹികപ്രശ്‌നങ്ങളില്‍ ഇടപെട്ടുവെന്നു മാത്രമേയുള്ളൂ. കേരള സമൂഹത്തില്‍ കൊളോണിയല്‍ അക്കാദമികത ഉയര്‍ത്തിക്കൊണ്ടുവന്ന ദുര്‍ബലമായ ആധുനികതയ്ക്ക് ബദലായി കൃത്യമായ ആധുനികത അദ്ദേഹം അവതരിപ്പിച്ചു. അത് പാശ്ചാത്യ ആധുനികതയില്‍ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു. കേരളീയരുടെ കുടുംബജീവിതം ശുദ്ധിപ്പെടുത്താനും ശക്തിപ്പെടുത്താനുമുള്ള മാര്‍ഗങ്ങള്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു. ഇന്ത്യയില്‍, വിശേഷിച്ച് തെക്കേ ഇന്ത്യയില്‍ വികസിച്ചുവന്ന എല്ലാ ദര്‍ശനങ്ങളെയും വൈജ്ഞാനികസ്രോതസ്സുകളെയും സമന്വയിപ്പിച്ച് കേരളീയരുടെ വ്യക്തിജീവിതവും സാമൂഹികജീവിതവും ശക്തിപ്പെടുത്താന്‍ അദ്ദേഹം ഉദ്യമിച്ചു.
കേരളത്തിന്റെ ഭാഷാപരമായ സവിശേഷതകള്‍, നരവംശശാസ്ത്രപരമായ പ്രത്യേകതകള്‍, സാഹിത്യ-സാംസ്‌കാരിക രംഗത്തെ വ്യതിരിക്തത, തൊഴില്‍, വിശ്വാസങ്ങള്‍ തുടങ്ങിയവയെല്ലാം പഠനവിധേയമാക്കുമ്പോള്‍ മാത്രമേ ശ്രീനാരായണഗുരുവിന്റെ ധര്‍മ്മസംസ്ഥാപനയത്‌നത്തിന്റെ ശക്തി ബോധ്യപ്പെടുകയുള്ളൂ. പക്ഷേ അദ്ദേഹത്തോടു നീതിപുലര്‍ത്താന്‍ കേരളസമൂഹത്തിന് എത്രത്തോളം കഴിഞ്ഞിട്ടുണ്ടെന്ന് നാം ആഴത്തില്‍ ചിന്തിക്കേണ്ടിയിരിക്കുന്നു. ഗുരു അടിത്തറ പാകിയ സ്ഥാപനങ്ങള്‍ അവയുടെ ആശയാടിത്തറ നഷ്ടമായി കൈവിട്ടുപോകുന്നത് അദ്ദേഹത്തിനു കാണേണ്ടിവന്നു. 1910 -ഓടെ അദ്ദേഹം തന്റെ ആഹ്വാനങ്ങളില്‍ കാതലായ മാറ്റം വരുത്തുന്നതായും ചില മുന്‍കൈ പ്രവര്‍ത്തനങ്ങള്‍ ഉപേക്ഷിക്കുന്നതായും കാണാം. താന്‍ വളര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിച്ച വിശാലമായ മാനവികതയ്ക്കുവേണ്ടി തന്റെ ഊര്‍ജവും സമയവും ചെലവഴിക്കണമെന്ന നിശ്ചയമാവാം ഇതിനു പിന്നില്‍ ഉള്ളത്.
കേരളത്തിന്റെ തനത് സാംസ്‌കാരികമൂലധനം കൊള്ളയടിച്ച് സ്വന്തമാക്കിയശേഷം കേരളസംസ്‌കാരത്തിന്റെ ഉടമസ്ഥാവകാശം കൈയടക്കുകയാണ് ബ്രാഹ്മണമേധാവിത്വം ചെയ്തിട്ടുള്ളത്. അതിനാല്‍ അബ്രാഹ്മണീകരണം ഒരു കാവ്യനീതിയാണ്.
വോട്ടുബാങ്കിലെ കക്ഷിയാകുന്ന ഗുരു
കേരളത്തിന്റെ സാംസ്‌കാരികവികാസം ഒരു നിരന്തരപ്രക്രിയയാണ്. അതില്‍ പല ഏറ്റിറക്കങ്ങളും കാണാന്‍ കഴിയും. എന്നാല്‍ ഇന്നു വ്യവഹരിക്കപ്പെടുന്ന നവോത്ഥാനത്തെ അതിനോടു ചേര്‍ത്തുകെട്ടുന്നത് കൊടിയ അനീതിയായിരിക്കും എന്ന അഭിപ്രായമാണ് എം. ശ്രീനാഥനുള്ളത്. വോട്ടു ബാങ്ക് ലക്ഷ്യമാക്കി ഓരോരോ സമുദായവിഭാഗങ്ങളുടെ പക്ഷം ചേരലും അമ്പലക്കമ്മറ്റികള്‍ പിടിച്ചെടുക്കലും ഉള്‍പ്പെടുന്ന നവോത്ഥാനത്തില്‍ ശ്രീനാരായണഗുരുവിനെ കക്ഷിചേര്‍ക്കുന്നത് അനുചിതമാണ്. ഗുരുവിന്റെ ജാതിവിരുദ്ധതയെ സൗകര്യപൂര്‍വം മറച്ചുവച്ച് ജാതിസ്വത്വസ്ഥാപകനായി അദ്ദേഹത്തെ പ്രതിഷ്ഠിക്കാനുള്ള ശ്രമങ്ങള്‍ ഇവിടെ നടന്നുവരുന്നുണ്ട്. ഇന്ത്യന്‍ ജാതിവ്യവസ്ഥയുടെ ചാലകശക്തിയായി മാറിയത് ബ്രാഹ്മണാധിപത്യമാണ്. അതിനെ നേരിടുന്നതിന് ഇവിടെ രണ്ടു തരം പ്രക്രിയകള്‍ രൂപമെടുത്തു. അതില്‍ ആദ്യത്തേത് അബ്രാഹ്മിണീകരണമാണ്. ബ്രാഹ്മണരുടേതായി നിലനിന്നിരുന്ന എല്ലാ സാംസ്‌കാരികമൂലധനത്തിലും ഇതര വിഭാഗങ്ങള്‍ പങ്കുപറ്റുകയും അതിലൂടെ ബ്രാഹ്മണരുടെ കുത്തക അവസാനിപ്പിക്കുകയും ചെയ്യുകയാണ് ഉണ്ടായത്. കേരളത്തിന്റെ കലാപാരമ്പര്യം പരിശോധിച്ചാല്‍ ക്ലാസിക് എന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന ഉപരിവര്‍ഗകലകളൊക്കെത്തന്നെ ഇവിടത്തെ അടിസ്ഥാനവര്‍ഗത്തില്‍നിന്ന് പലപ്പോഴായി മോഷ്ടിച്ചെടുത്തവയാണ്. കേരളത്തിന്റെ തനത് സാംസ്‌കാരികമൂലധനം കൊള്ളയടിച്ച് സ്വന്തമാക്കിയശേഷം കേരളസംസ്‌കാരത്തിന്റെ ഉടമസ്ഥാവകാശം കൈയടക്കുകയാണ് ബ്രാഹ്മണമേധാവിത്വം ചെയ്തിട്ടുള്ളത്. അതിനാല്‍ അബ്രാഹ്മണീകരണം ഒരു കാവ്യനീതിയാണ്. സാഹിത്യരൂപങ്ങള്‍ എന്ന നിലയില്‍ മലയാളത്തില്‍ വികസിച്ചുവന്ന പാട്ടും മണിപ്രവാളവുമെല്ലാം സമാനമായ ധര്‍മ്മമാണ് നിറവേറ്റിയത്. ഭക്തിപ്രസ്ഥാനത്തിന്റെ രൂപംകൊള്ളലിലും ഇതുതന്നെ അടങ്ങിയിരിക്കുന്നു. ശ്രീനാരായണഗുരു ഒരളവുവരെ ഈ സാധ്യതകള്‍ പ്രയോജനപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ദാര്‍ശനികനെന്ന നിലയില്‍ ഗുരുവിന്റെ പ്രഭാവം വെളിപ്പെടുന്നത് അപബ്രാഹ്മണീകരണം എന്ന രണ്ടാമത്തെ പ്രക്രിയയിലാണ്. തനിക്ക് ജാതിയും മതവുമില്ലെന്ന നിലപാടിലൂടെ ബ്രാഹ്മണ്യത്തിന്റെ തലയെടുപ്പാണ് ഗുരുദേവന്‍ തകര്‍ത്തത്. ജാതിയും മതവുമായുള്ള കെട്ടുപാടുകള്‍ തന്റെ മുന്നോട്ടുപോക്കിനു തടസ്സമാകുമെന്ന് ഗുരു അതിനകം തിരിച്ചറിഞ്ഞിരുന്നു. 1916- ലെ സര്‍വമതസമ്മേളനത്തില്‍ 'വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമാണ്' എന്ന സന്ദേശം മുദ്രാവാക്യമായി സ്വീകരിച്ചത് ഹിന്ദുസന്യാസി എന്ന മുദ്ര മായ്ച്ചുകളയാനാവണം. 'മതം ഏതായാലും മനുഷ്യന്‍ നന്നായാല്‍ മതി' എന്ന തത്ത്വം ഗുരു ഉയര്‍ത്തിപ്പിടിക്കുകയും ചെയ്തു.
ജാതികേരളത്തിന് സുദീര്‍ഘമായ ചരിത്രം ഉണ്ടെന്നു തോന്നുന്നില്ല. ഗോത്രപാരമ്പര്യമാണ് ശരിയായ അര്‍ത്ഥത്തില്‍ കേരള സമൂഹത്തിന് അവകാശപ്പെടാനാകുന്നത്. മൂലദ്രാവിഡം ജാതിരഹിതമായ ഗോത്രസമൂഹം ആയിരുന്നു. ഗോത്രത്തിനുള്ളില്‍ തൊഴില്‍പരമായ വിഭജനങ്ങള്‍ നിലനിന്നിരുന്നുവെങ്കിലും ജാതിജന്യമായ ഉച്ചനീചത്വത്തിന്റെ കരിനിഴല്‍ അതിനെ ബാധിച്ചില്ല. അധികാരസ്ഥാപനങ്ങളാണ് ഉച്ചനീചത്വത്തെ പോറ്റിവളര്‍ത്തിയത്, ഇന്നും പോറ്റുന്നത്. മധ്യേഷ്യയില്‍ നിന്ന് കടന്നുവന്ന ജനവിഭാഗങ്ങള്‍ അവര്‍ക്ക് പരിചിതമായിരുന്ന ഒരു ശ്രേണീകരണം ഇവിടെ നടപ്പിലാക്കി. രാജാധിപത്യവും പൗരോഹിത്യവും കൈകോര്‍ക്കുന്നിടത്താണ് ചാതുര്‍വര്‍ണ്യത്തിന്റെ വിഷവിത്തുകള്‍ക്ക് വിളഭൂമി ഒരുങ്ങിയത്. സമൂഹത്തെ ആകെ ദുഷിപ്പിക്കാന്‍ അത് പോരുമായിരുന്നു. ഇന്നും അധികാരകേന്ദ്രങ്ങളോട് ചേര്‍ന്നു നില്‍ക്കുന്ന 'ബുദ്ധിജീവിസമൂഹ'ത്തിന്റെ വേരുകള്‍ ആ പൗരോഹിത്യത്തില്‍ കാണാം. 'നവോത്ഥാനം എന്ന വാചകക്കസര്‍ത്ത്' മറയാക്കി അവര്‍ അടിസ്ഥാനവര്‍ഗത്തിന്റെ സേവകരായും സാംസ്‌കാരികമൂലധനത്തിന്റെ ഉടമകളായും നിലയുറപ്പിക്കുന്നു. അവരുടെ പിടിയില്‍നിന്ന് ഗുരുവിനെയും ഗുരുദര്‍ശനത്തെയും മോചിപ്പിക്കുകയാണ് വേണ്ടത്.
ജാതിരഹിതസമൂഹം, സാമൂഹികസമത്വം തുടങ്ങിയ ആശയങ്ങള്‍ ശ്രീനാരായണഗുരു പുതുതായി സൃഷ്ടിച്ചവയല്ല. ഗുരുവിനു മുമ്പും പിന്‍പും കേരളസമൂഹം ഇവ ഏറ്റെടുത്തിട്ടുണ്ട്. സമൂഹത്തിലെ ഉച്ചനീചത്വങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരെ ഗുരുവിനെക്കാള്‍ ശക്തമായി പ്രതിരോധം തീര്‍ത്തവര്‍ ഇവിടെ ഉണ്ടായിരുന്നു. ഗുരുവിന്റെ സമകാലികരായ പൊയ്കയില്‍ അപ്പച്ചന്‍, അയ്യങ്കാളി തുടങ്ങിയവരുടെ പ്രവര്‍ത്തനങ്ങളുടെ തീക്ഷ്ണത ഗുരുവില്‍ പ്രകടമായിരുന്നില്ല. ഒരേസമയം വൈദേശികാധിപത്യത്തെയും തദ്ദേശീയമായ സാമൂഹിക ദുര്‍വൃത്തികളെയും നേരിട്ടുകൊണ്ടാണ് പൊയ്കയില്‍ അപ്പച്ചന്‍ ചരിത്രം തീര്‍ത്തത്. പ്രത്യക്ഷദൈവസഭയെ കേരളത്തിന്റെ സാംസ്‌കാരിക ഐക്കണായി ഉയര്‍ത്തിപ്പിടിക്കേണ്ടതാണ്. എന്നാല്‍, കേരളനവോത്ഥാനത്തിന്റെ മൊത്തവ്യാപാരികള്‍ക്ക് അത്രയും താഴേക്ക് ഇറങ്ങിച്ചെല്ലാന്‍ ബുദ്ധിമുട്ടുണ്ട്. അതിനാല്‍ നാരായണഗുരു, ചട്ടമ്പിസ്വാമികള്‍, ഏറിയാല്‍ അയ്യങ്കാളി എന്ന സമവാക്യത്തില്‍ അവര്‍ നവോത്ഥാനത്തിനു മോടി നല്‍കുന്നു. വൈകുണ്ഠസ്വാമികള്‍ പോരാടിയത് സംഗീതസാമ്രാട്ടും രാജപ്രമുഖനുമായ സ്വാതിതിരുനാളിന്റെ നയങ്ങള്‍ക്കും നടപടികള്‍ക്കും എതിരായാണ്. വെള്ളക്കാരായ ഭരണാധികാരികളെ അദ്ദേഹം വെണ്‍നീചന്‍ എന്നു വിളിച്ചു. തിരുവിതാംകൂറിലെ കാരാഗൃഹത്തില്‍ കിടന്നുകൊണ്ട് ജനങ്ങളെ സമരത്തിന് ആഹ്വാനം ചെയ്തു. ജനരോഷത്തില്‍ നിന്ന് തലയൂരാനാണ് സ്വാതിതിരുനാള്‍ അദ്ദേഹത്തെ മോചിപ്പിച്ചത്. ഈഴവസമൂഹത്തില്‍ നിന്ന് ഉയര്‍ന്നുവന്ന ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ തുല്യതയ്ക്കും അവകാശങ്ങള്‍ക്കും വേണ്ടി പോരാടിയ ധീരനാണ്. നാരായണഗുരുവിനു മുമ്പുതന്നെ സാമൂഹികസമത്വത്തിനു വേണ്ടിയുള്ള പോരാട്ടങ്ങള്‍ കേരളത്തില്‍ ശക്തിപ്പെട്ടിരുന്നുവെന്നു ചൂണ്ടിക്കാട്ടാന്‍ ചില ഉദാഹരണങ്ങള്‍ സൂചിപ്പിച്ചുവെന്നേയുള്ളൂ. നാരായണഗുരുവിനു ശേഷവും അത് തുടരുന്നത് കാണാം. ഗുരുവിന്റെ അനുയായികളും അല്ലാത്തവരും അതില്‍ പങ്കാളികളാവുകയും നേതൃത്വം വഹിക്കുകയും ചെയ്തിട്ടുണ്ട്.
ശ്രീനാരായണഗുരുവിനെ സമുദായമധ്യത്തില്‍ പ്രതിഷ്ഠിച്ചുകൊണ്ട് സമുദായത്തിന്റെ ശ്രേയസ്സ് വര്‍ദ്ധിപ്പിക്കാനുള്ള ശ്രമം മറ്റ് സമുദായങ്ങള്‍ക്കും പാഠമായി. എസ്.എന്‍.ഡി.പിയുടെ മാതൃകയില്‍ എന്‍.എസ്.എസ്, യോഗക്ഷേമസഭ തുടങ്ങിയവ രൂപീകരിക്കപ്പെടുകയും അവ അതത് സമുദായങ്ങളുടെ ഉന്നമനത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കുകയും ചെയ്തു.
ഗുരുവിന്റെ സമുദായം
സാമൂഹ്യപരിഷ്‌കരണമോ സമുദായസേവനമോ മുഖ്യപരിപാടിയായി ഏറ്റെടുത്ത് ഇറങ്ങിത്തിരിച്ച ആളല്ല ശ്രീനാരായണഗുരു. അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നതും തിരഞ്ഞെടുത്തതും സന്യാസമായിരുന്നു. സന്യാസത്തിന്റെ ഭാഗമായി ബ്രാഹ്മണര്‍ കൈയടക്കിവച്ചിരുന്ന വൈദികവിജ്ഞാനം ഉള്‍പ്പെടെയുള്ള ദര്‍ശനങ്ങള്‍ അദ്ദേഹം സ്വന്തമാക്കി. ദ്രാവിഡപാരമ്പര്യത്തില്‍പ്പെട്ട ദര്‍ശനങ്ങളും വൈദ്യം തുടങ്ങിയവയും ഗുരു സസൂക്ഷ്മം ഗ്രഹിച്ചു. കാരണവന്മാരുടെ നിയോഗം അനുസരിച്ച് ശ്രീനാരായണഗുരു ഇരുപതാം വയസ്സില്‍ ആരംഭിച്ച ഉപരിപഠനം സംസ്‌കൃതപാരമ്പര്യത്തില്‍ ഉള്ളതായിരുന്നു. പുതുപ്പള്ളി രാമന്‍പിള്ള ആശാന്റെ ശിഷ്യത്വം സ്വീകരിച്ചാണ് അത് നിര്‍വഹിച്ചത്. പെരുനെല്ലി കൃഷ്ണന്‍ വൈദ്യന്‍സഹപാഠിയായിരുന്നു. വിജ്ഞാനത്തിന്റെ അബ്രാഹ്മണീകരണം എന്ന അജണ്ട കേരളത്തില്‍ നിലനിന്നിരുന്ന ഈ വിദ്യാഭ്യാസപരിപാടിയില്‍ കാണാവുന്നതാണ്.
നാണുവാശാനായി ജന്മനാട്ടില്‍ കഴിഞ്ഞിരുന്ന ഗുരു വിവാഹം സൃഷ്ടിച്ച അലോസരത്തില്‍നിന്ന് മോചനം നേടാന്‍ പെരുനെല്ലിയെ സന്ദര്‍ശിച്ച സന്ദര്‍ഭത്തിലാണ് ചട്ടമ്പിസ്വാമിയെ കണ്ടുമുട്ടുകയും രണ്ടുപേരുടെയും പൊതുതാല്പര്യം അനുസരിച്ച് ശൈവസിദ്ധാന്തങ്ങളും തമിഴ് പൗരാണികസാഹിത്യവും പഠിക്കുന്നതിന് തൈക്കാട്ട് അയ്യാവിനെ സമീപിക്കാന്‍ തീരുമാനിക്കുകയും ചെയ്തത്. അപബ്രാഹ്മണീകരണത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് വികസിപ്പിക്കാന്‍ ഇത് സഹായകമായിട്ടുണ്ടാവണം. ജാതിമതാദികളെ അതിലംഘിക്കുന്ന ഒരു വൈജ്ഞാനികസമൂഹം വികസിപ്പിക്കുന്നതിന് അനുകൂലമായ അന്തരീക്ഷം ചുരുങ്ങിയ തോതിലെങ്കിലും കേരളത്തില്‍ നിലനിന്നിരുന്നതുകൊണ്ടാണ് ഇതെല്ലാം സാധ്യമായത്. അതിന്റെ ഗുണഭോക്താവും പ്രചാരകനുമാവാന്‍ ശ്രീനാരായണഗുരുവിന് കഴിഞ്ഞു.
ശ്രീനാരായണഗുരുവിന്റെ സമുദായപ്രവര്‍ത്തനങ്ങള്‍ തികച്ചും യാദൃശ്ചികവും പ്രേരണകള്‍ക്ക് വിധേയമായി ഉണ്ടായതുമാണ്. ഒരു ഘട്ടത്തില്‍ ആ കുപ്പായം തനിക്ക് ചേരുന്നതല്ലെന്ന് അദ്ദേഹത്തിന് ബോധ്യപ്പെടുകയും അത് നിര്‍ദാക്ഷണ്യം ഉപേക്ഷിക്കുകയും ചെയ്തു. ശ്രീനാരായണഗുരുവിനെ സമുദായമധ്യത്തില്‍ പ്രതിഷ്ഠിച്ചുകൊണ്ട് സമുദായത്തിന്റെ ശ്രേയസ്സ് വര്‍ദ്ധിപ്പിക്കാനുള്ള ശ്രമം മറ്റ് സമുദായങ്ങള്‍ക്കും പാഠമായി. എസ്.എന്‍.ഡി.പിയുടെ മാതൃകയില്‍ എന്‍.എസ്.എസ്, യോഗക്ഷേമസഭ തുടങ്ങിയവ രൂപീകരിക്കപ്പെടുകയും അവ അതത് സമുദായങ്ങളുടെ ഉന്നമനത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കുകയും ചെയ്തു. ഒരു അടിയന്തര ഘട്ടത്തില്‍ തന്റെ അനുമതിയോടുകൂടി ശ്രീനാരായണഗുരുവിന് സമുദായപ്രവര്‍ത്തനങ്ങളുടെ മധ്യത്തില്‍ നിലകൊള്ളേണ്ടിവന്നുവെങ്കില്‍ പില്‍ക്കാലത്ത് സമുദായത്തിന്റെ കുലദൈവം എന്നപോലെ പ്രതിഷ്ഠിക്കപ്പെട്ടത് അദ്ദേഹത്തിന്റെ അഭിലാഷത്തിനു വിരുദ്ധമായിട്ടാണ്. ഇതിന്റെ പ്രതിഫലനം മറ്റു സമുദായങ്ങളിലും ഉണ്ടായി. സമുദായപ്രവര്‍ത്തനങ്ങളില്‍ ഒരു തരത്തിലും ഇടപെടാതിരുന്ന ചട്ടമ്പിസ്വാമികളെ ഒരു സമുദായത്തിന്റെ കുലദൈവമാക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടായാല്‍ അദ്ഭുതപ്പെടേണ്ടതില്ല.
കൃതികളിലെ ദർശനം
സാമൂഹികസമ്മര്‍ദ്ദങ്ങളില്‍നിന്ന് മുക്തി നേടിക്കൊണ്ട് ശ്രീനാരായണഗുരു തന്റെ നിലപാടുകളില്‍ വരുത്തിയ മാറ്റം രചനകളെയും സ്വാധീനിച്ചിട്ടുണ്ട്. പ്രബോധനപരമായ കൃതികള്‍ ഏറെയും രചിച്ചത് ഇക്കാലത്താണ്. 1914- ല്‍ ജാതിനിര്‍ണയം, ജീവകാരുണ്യപഞ്ചകം, അനുകമ്പാദശകം, ദൈവദശകം തുടങ്ങിയവ രചിച്ചു. 1921- ല്‍ ജാതിലക്ഷണം രചിച്ചുവെന്ന് അനുമാനിക്കാം. പശുക്കള്‍ക്ക് ഗോത്വം എന്നതുപോലെ മനുഷ്യര്‍ക്ക് മനുഷ്യത്വമാണ് ജാതി എന്ന് 'ജാതിനിര്‍ണയ'ത്തില്‍ ഗുരു പറയുന്നു. ജാതിയില്‍ മനുഷ്യന്റെ സ്വത്വം നിലനില്ക്കുന്നില്ല എന്ന് ബോധ്യപ്പെടുത്തുന്ന ഗുരു,
ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്
ഒരു യോനിയൊരാകാരമൊരു ഭേദവുമില്ലതില്‍
എന്ന സമത്വചിന്ത അവതരിപ്പിക്കുന്നു. നരജാതിയില്‍പ്പെട്ട വിപ്രനും പറയനും തമ്മില്‍ അന്തരമില്ല. പരാശരമഹാമുനി പറച്ചിയില്‍നിന്നു പിറന്നു. വേദങ്ങളെ സൂത്രരൂപത്തിലാക്കിയ വ്യാസന്‍ മുക്കുവസ്ത്രീക്കാണ് ജനിച്ചത്. വ്യക്തികള്‍ തമ്മില്‍ വൈജാത്യങ്ങള്‍ സ്വാഭാവികമാണെങ്കിലും ജാതി എന്ന നിലയില്‍ മനുഷ്യര്‍ ഒരു ജാതിയില്‍ ഉള്‍പ്പെടുന്നവരാണ്. ജീവശാസ്ത്രജ്ഞന്മാര്‍ ഹോമോസാപ്പിയന്‍ എന്ന് മനുഷ്യനെ അടയാളപ്പെടുത്തുന്നു. ജാതിയുടെ പേരിലുള്ള ഉച്ചനീചത്വം അസംബന്ധമാകുന്നതുകൊണ്ടുതന്നെ ജാതീയമായ ഉന്നമനവും അപ്രസക്തമാകുന്നു. ജാതിലക്ഷണത്തിലും ശാസ്ത്രീയമായ സമീപനമാണ് ഗുരു പിന്തുടരുന്നത്. സസ്തനികള്‍ എന്ന വിശാലമായ ജാതിയിലെ ഉപജാതിയാണ് മനുഷ്യജാതി. അനാട്ടമിയുടെ അടിസ്ഥാനത്തില്‍ അത് നിര്‍ണയിക്കപ്പെട്ടിരിക്കുന്നു. മനുഷ്യര്‍ എന്ന സാമാന്യത്തിന് അപ്പുറം പേര്, ഊര്, തൊഴില്‍ എന്നീ സ്വത്വങ്ങള്‍ അംഗീകരിക്കപ്പെടാവുന്നതാണ്. മറ്റുള്ളതെല്ലാം കപടമാണ്. മനുഷ്യര്‍ ഉള്‍പ്പെടെ പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളെയും നിര്‍ണയിക്കുന്നത് ബോധമാണ്. അതിനെ തമസ്‌കരിക്കുന്ന പരികല്പനകളാണ് ജാതിതിരിവുകള്‍ക്ക് പിന്നിലുള്ളത്.
ജീവകാരുണ്യപഞ്ചകം, അനുകമ്പാദശകം എന്നീ രചനകള്‍ പ്രത്യക്ഷത്തില്‍ അഹിംസാതത്ത്വത്തിന്റെ പുനരാവിഷ്‌കാരങ്ങളാണ്. ശ്രീനാരായണഗുരു പല സന്ദര്‍ഭങ്ങളില്‍ നേടിയ ജ്ഞാനത്തിന്റെ സംശ്ലേഷണമാണ് ഈ രചനകളില്‍ പ്രതിഫലിക്കുന്നത്. കൊല്ലാവ്രതം എന്നത് സകല ചരാചരങ്ങളോടുമുള്ള അനുഭാവത്തെ കുറിക്കുന്നു. എല്ലാ തരം അധിക്ഷേപങ്ങളെയും അട്ടഹാസങ്ങളെയും അത് നിര്‍വീര്യമാക്കുന്നു. അന്‍പ് നഷ്ടപ്പെടുമ്പോഴാണ് അല്ലല്‍ ഉണ്ടാകുന്നതെന്ന് അനുകമ്പാദശകത്തില്‍ ഗുരു കാണിച്ചുതരുന്നു. അതിനാല്‍ എറുമ്പിനു പോലും പീഡ വരാത്തവിധം അനുകമ്പയോടെ ജീവിതം നയിക്കണം.
സസൂക്ഷ്മമായ വേദശാസ്ത്രപഠനത്തിലൂടെയും സന്യാസജീവിതത്തിലൂടെയും ആര്‍ജിച്ച ജ്ഞാനത്തോടൊപ്പം സമുദായത്തിനുള്ളിലേക്ക് ഇറങ്ങിച്ചെന്നുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളിലൂടെ കൈവരിച്ച ബോധ്യങ്ങളും ഈ രചനകള്‍ക്ക് കരുത്ത് പകരുന്നുണ്ട്. ശ്രീനാരായണഗുരുവിന്റെ രചനകളെ ഈ വീക്ഷണകോണില്‍ക്കൂടെ വിലയിരുത്താന്‍ കഴിയും. എം. ശ്രീനാഥന്റെ പഠനം സാമൂഹ്യശാസ്ത്രപരമായ മാനങ്ങള്‍ക്കൊപ്പം സാഹിത്യപരമായ വിതാനങ്ങളും ഉള്‍ക്കൊള്ളുന്നതാണ്.