ഭരണഘടനയിൽ അക്​ബറും ടിപ്പുവും ഗാന്ധിയും കൂടിയുണ്ട്​

സംഘ്പരിവാറിന് യാതൊരു ബന്ധവുമില്ലാതിരുന്ന ഇന്ത്യയിലെ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളുടെ ചരിത്രത്തെ ഭരണഘടന അവതരിപ്പിക്കുന്നുണ്ട്. ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളിൽ പ്രധാനികളായ ഝാൻസീറാണിയും ടിപ്പു സുൽത്താനും ഭരണഘടനയുടെ കയ്യെഴുത്തുപ്രതിയിൽ ഇടംപിടിക്കുന്നുണ്ട്.

തെരെഞ്ഞെടുപ്പു ഫലം പുറത്തുവന്ന് ഇരുപത്തിനാലു മണിക്കൂർ പിന്നിടും മുമ്പ് ഹിന്ദുത്വം അവരുടെ നയം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നു. പാലക്കാട് നഗരസഭയിലെ വിജയാഹ്ലാദത്തിനിടയിൽ നഗരസഭാ കാര്യാലയത്തിനു മുന്നിൽ പ്രദർശിപ്പിച്ച ജയ് ശ്രീറാം പോസ്റ്ററിനെ ന്യായീകരിച്ച് ബി.ജെ.പി നേതാവ് എഴുതിയ ഫെയ്‌സ് ബുക്ക് പോസ്റ്റ് ഇന്ത്യയുടെ ജനാധിപത്യമൂല്യങ്ങളെ അട്ടിമറിച്ചുകൊണ്ട് ഹിന്ദുത്വത്തെ സ്ഥാപിക്കാൻ സംഘപരിവാർ നടത്തുന്ന ശ്രമങ്ങളെ ന്യായീകരിക്കുന്നതു കൂടിയാണ്.

കാലിഗ്രാഫി ചെയ്ത ഭരണഘടനയുടെ ആദ്യപതിപ്പിലെ പാർട്ട് മൂന്നിൽ നൽകിയിരിക്കുന്ന സീതയുടെയും രാമന്റെയും ലക്ഷ്മണന്റെയും യാത്രയുടെ ചിത്രമാണ് ഹിന്ദുത്വത്തിന്റെ ആക്രമണോത്സുകമായ താണ്ഡവം ന്യായീകരിക്കാൻ സംഘപരിവാർ ഉയർത്തികാണിക്കുന്നത്. ഇതിനെ നിഷ്‌കളങ്കമായി കണ്ടുകൂടാ. ഇന്ത്യൻ ജനാധിപത്യത്തിന്റെയും മതനിരപേക്ഷ മൂല്യങ്ങളുടെയും സംരക്ഷിക്കുന്ന ഭരണഘടനയെ അട്ടിമറിക്കാൻ സംഘപരിവാർ നടത്തുന്ന പലനിലയിലുള്ള ശ്രമങ്ങളുടെ ഭാഗമായി തന്നെ ഈ ന്യായീകരണത്തെ പരിഗണിക്കേണ്ടതുണ്ട്.

ഭരണഘടനയുടെ കൈയെഴുത്തുപ്രതി തയാറാക്കിയവരിൽ ഒരാളായ കാലിഗ്രാഫർ പ്രേം ബിഹാറി നരൈൻ റയ്‌സ്ദാ

ഇന്ത്യയുടെ നാനാവിധമായ സാംസ്‌കാരിക പാരമ്പര്യങ്ങളെ അഭിസംബോധന ചെയ്യും വിധമുള്ള ചിത്രങ്ങൾ ഭരണഘടനയിൽ ഉൾപ്പെടുത്തുന്നത് ഉചിതമായിരിക്കുമെന്ന നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കയ്യെഴുത്തുപ്രതി തയ്യാറാക്കാനുള്ള ചുമതല കാലിഗ്രാഫറായ പ്രേം ബിഹാറി നരൈൻ റയ്‌സ്ദാ (Prem Behari Narain Raizada), ആർട്ടിസ്​റ്റ്​നന്ദലാൽബോസ് എന്നിവരെ ഏൽപ്പിക്കുന്നത്. ചിത്രങ്ങളെല്ലാം ചെയ്തതത് നന്ദലാൽ ബോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ്. ബിശ്വരൂപ്, ഗൗരി, ജമുന, പെരുമാൾ, കൃപാൽ സിങ് തുടങ്ങിയ കലാപ്രവർത്തകരാണ് നന്ദലാൽ ബോസിനൊപ്പം ഭരണഘടനയുടെ കയ്യെഴുത്തുപ്രതി തയ്യാറാക്കാൻ പ്രവർത്തിച്ചിരുന്നത്.

ഭരണഘടനയുടെ കൈയെഴുത്തുപ്രതി തയാറാക്കിയവരിൽ ഒരാളായ ആർട്ടിസ്​റ്റ്​ നന്ദലാൽ ബോസ്

അധിവേശത്തിന്റെ ദൃശ്യഭാഷയ്ക്കു ബദലായി തദ്ദേശീയമായ കലാപാരമ്പര്യം വികസിപ്പിക്കുന്നതിൽ പങ്കുചേർന്ന നന്ദലാൽ ബോസ് പ്രതിനിധീകരിക്കുന്ന ബംഗാൾ സ്‌കൂൾ പാരമ്പര്യത്തിന് ഇന്ത്യ എന്ന സങ്കല്പത്തിനകത്തു പ്രവർത്തിക്കുന്ന വൈവിധ്യങ്ങളെ പ്രാദേശികമായ കലാശൈലികളുപയോഗിച്ച് അവതരിപ്പിക്കാൻ ഏറെയൊന്നും ചിന്തിക്കേണ്ടി വന്നില്ല. ബഹുസ്വരമായ ഇന്ത്യൻ പാരമ്പര്യത്തെ പ്രാദേശിക ശൈലികൾ ഉപയോഗിച്ചുതന്നെ ചിത്രീകരിക്കുന്നതിലൂടെ ഇന്ത്യൻ കലാചരിത്രത്തിന്റെ തന്നെ സംഗമസ്ഥാനമായി ഭരണഘടനയുടെ കയ്യെഴുത്തുപ്രതി മാറിത്തീരുന്നുണ്ട്.

സിന്ധു നദീതടകലാ മാതൃകൾ, അജന്ത കലാപാരമ്പര്യം, ഗുപ്ത - മൗര്യ ശില്പ മാതൃകകൾ, മുഗൾ പഹാടി കാളിഘട്ട് ശൈലികൾ, ദക്ഷിണേന്ത്യൻ ചോള ശില്പ പാരമ്പര്യം, ചുമർച്ചിത്ര പാരമ്പര്യം, ഭൂഭാഗ ചിത്രണം (Landscape) എന്നിങ്ങനെ പലതായി വികസിക്കുന്ന ഇന്ത്യൻ കലാപാരമ്പര്യത്തിന്റെ അവതരണമാണ് ഭരണഘടനയുടെ കാലിഗ്രാഫിക് പതിപ്പിൽ കാണുന്നത്. ഇത്തരത്തിൽ ആലേഖനം ചെയ്യപ്പെട്ട വ്യത്യസ്ത കലാശൈലികൾ ഭരണഘടന വിഭാവനം ചെയ്യുന്ന വൈവിദ്ധ്യങ്ങളെങ്ങളെയും ബഹുസ്വരതയുടെ മൂല്യങ്ങളെയും പ്രതിനാധം ചെയ്യുന്നതിന് പര്യാപ്തവുമാണ്.

അയോദ്ധ്യയിൽ രാമക്ഷേത്രത്തിന് തറക്കല്ലിടുമ്പോൾ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് ട്വിറ്ററിൽ പങ്കുവച്ച ചിത്രം

സംഘപരിവാർ കേന്ദ്രങ്ങൾ അവകാശപ്പെടുംപോലെ ഭരണഘടനയുടെ കാലിഗ്രാഫി പതിപ്പിലെ ആദ്യചിത്രം രാമന്റെതല്ല. അശോകസ്തംഭത്തിനു ശേഷം ഭരണഘടനയുടെ ആമുഖമാണ് നൽകിയിരിക്കുന്നത്. അതിനുശേഷം വരുന്ന ഓരോ പാർട്ടുകൾക്കുമൊപ്പം ഓരോ ചിത്രങ്ങൾ നൽകിയിരിക്കുന്നു. പാർട്ടുകളെ എണ്ണുകയാണെങ്കിൽപ്പോലും ആദ്യചിത്രം സിന്ധു നദീതട സംസ്‌കാരത്തിന്റെ ഭാഗമായ കാളയുടെതാണ്. സിന്ധ് മേഖലയിൽ ഇന്നും പ്രശസ്തമായ സെബുവിന്റെ ഈ ചിത്രത്തിനു ശേഷം പാർട്ട് രണ്ടിൽ പ്രകൃതിശക്തികളെ ആരാധിച്ചിരുന്ന ഇന്ത്യയുടെ പ്രാചീന ജീവിതബന്ധങ്ങളെ ചിത്രീകരിച്ചിരിക്കുന്നു.

പാർട്ട് മൂന്നിൽ മൗലികാവകാശങ്ങൾക്കൊപ്പമാണ് രാമായണത്തിലെ പ്രധാന കഥാപാത്രങ്ങളായ സീതയുടെയും രാമന്റെയും ലക്ഷ്മണന്റെയും ചിത്രം. വേദേതിഹാസങ്ങളിലെ ഇമേജുകളെ മാത്രമല്ല, അതിനെ എതിർത്ത്​ കടന്നുവന്ന ബുദ്ധ- ജൈന സംസ്‌കാരങ്ങളിൽ നിന്നുള്ള ഇമേജുകളും ഭരണഘടനയിൽ കാണാം. ഓരോ പേജുകൾക്കു ചുറ്റിലും അജന്ത ഗുഹകളിലെ മ്യൂറലുകളിൽ കാണുന്ന ഡിസൈനുകളും മോട്ടിഫുകളും ചെയ്തിരിക്കുന്നു.

ഇന്ത്യയുടെ ബഹുസ്വരപാരമ്പര്യങ്ങളെയാണ് ഭരണഘടനയിൽ ചിത്രീകരിച്ചിട്ടുള്ളത്. സിന്ധുനദീതട സംസ്‌കാരം മുതൽ രാമായണവും മഹാഭാരതവും ഗുപ്ത, മൗര്യ, മുഗൾ പാരമ്പര്യങ്ങൾ വരെയും അക്ബറും ടിപ്പുവും മുതൽ ഗാന്ധിയും സുഭാഷ് ചന്ദ്രബോസും വരെയും ഭൂമിശാസ്ത്രപരമായി ഹിമാലയവും മരുഭൂമിയും കടൽത്തീരങ്ങൾവരെയും ഭരണഘടനയിൽ ചിത്രീകരിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യൻ പാരമ്പര്യത്തിൽ നിന്ന് ചോളശില്പങ്ങളുടെ മാതൃകാരൂപമായ നടരാജവിഗ്രഹവും മഹാബലിപുരത്തെ ശില്പങ്ങളും ചിത്രീകരിച്ചിരിക്കുന്നു.

ഭരണഘടനയുടെ 141-ാം പേജിലുള്ള ടിപ്പു സുൽത്താന്റെ പോർ​ട്രയ്റ്റ്‍‍‍

സംഘ്പരിവാറിന് യാതൊരു ബന്ധവുമില്ലാതിരുന്ന ഇന്ത്യയിലെ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളുടെ ചരിത്രത്തെ ഭരണഘടന അവതരിപ്പിക്കുന്നുണ്ട്. ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളിൽ പ്രധാനികളായ ഝാൻസീറാണിയും ടിപ്പു സുൽത്താനും ഭരണഘടനയുടെ കയ്യെഴുത്തുപ്രതിയിൽ ഇടംപിടിക്കുന്നുണ്ട്. അതോടൊപ്പം വരുന്ന മുഗൾശൈലിയിലുള്ള അക്ബറിന്റെയും മറ്റും ചിത്രങ്ങളും കാളിഘട്ട് മാതൃകയിലുള്ള ചിത്രങ്ങളും ഇന്ത്യയുടെ ബഹുസ്വര സാംസ്‌കാരത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. ശ്രീരാമന്റെ ചിത്രം ഭരണഘടനയുടെ കാലിഗ്രഫി കോപ്പിയിലുള്ളതായി പറയുന്ന സംഘ്പരിവാർ ടിപ്പുവിനെയും അക്ബറിനെയും കുറിച്ച് മൗനം പാലിക്കുകയാണ്. ഇലക്ഷനുമായി ബന്ധപ്പെട്ടു മതപരമായ പ്രചാരണം നടത്താൻ നിയമപരമായി വിലക്കുള്ള നാട്ടിൽ നിയമലംഘനം നടത്തിയ ശേഷം ഭരണഘടനയെ തെറ്റായി വ്യാഖ്യാനിച്ച് ന്യായം ചമക്കുകയാണ് സംഘ്പരിവാർ. ഭരണഘടനയിലെ ചിത്രങ്ങളിൽ രാമനുള്ളതുകൊണ്ട് ജയ് ശ്രീറാം പോസ്റ്ററുയർത്തുന്നതു തെറ്റല്ല എന്നു വാദിക്കുന്നവർ തന്നെയാണ് ഇതേ ഭരണഘടനയിൽ ചിത്രീകരിക്കുന്ന ടിപ്പുവിന്റെ പിറവിദിനം ആഘോഷിക്കുന്നതിനെ എതിർക്കുന്നത്.

ഭരണഘടനയുടെ 132-ാം പേജിലുള്ള അക്ബറിന്റെ പോർട്രയ്റ്റ്‍‍‍

വൈവിധ്യങ്ങളെ അംഗീകരിക്കുന്നതും പൗരാവകാശങ്ങളെ സംരക്ഷിക്കുന്നതുമാണ് ഇന്ത്യയുടെ ഭരണഘടന. സമത്വവും സഹോദര്യവും മതനിരപേക്ഷതയുമാണ് അതിന്റെ മൂല്യങ്ങൾ. ഈയൊരു മൂല്യത്തിന്റെ ദൃശ്യപരമായ പ്രതിനിധാനമാണ് നന്ദലാൽബോസും സംഘവും അവതരിപ്പിച്ചിരിക്കുന്നത്.

ഈവിധം ഇന്ത്യയുടെ സാംസ്‌കാരിക ചരിത്രത്തെ, ബഹുസ്വരമായ പാരമ്പര്യങ്ങളെ വിവിധ ശൈലികളിൽ ആവിഷ്‌കരിച്ചിരിക്കുന്ന ചിത്രങ്ങളിൽ നിന്ന് സീതയുടെയും ശ്രീരാമന്റെയും ലക്ഷ്മണന്റെയും ചിത്രം മാത്രം ഉയർത്തിക്കാട്ടുന്നതിനു പിന്നിൽ സംഘപരിവാറിന്റെ സങ്കുചിതമായ ദേശീയ താത്പര്യങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഭരണഘടന മുന്നോട്ടു വക്കുന്ന ജനാധിപത്യപരവും മതനിരപേക്ഷവും ബഹുസ്വരതയിൽ അധിഷ്ഠിതവുമായ താത്പര്യങ്ങളെ അട്ടിമറിക്കാനായി സംഘപരിവാർ ഉപയോഗിക്കുന്ന ഈ ചിത്രം ഇതിനു മുമ്പും അവർ എടുത്തു പ്രയോഗിച്ചിട്ടുണ്ട്. അയോദ്ധ്യയിൽ രാമക്ഷേത്രത്തിന് തറക്കല്ലിടുമ്പോൾ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് തന്റെ ട്വിറ്ററിൽ പങ്കുവച്ചതും ഇതേ ചിത്രമാണെന്ന് ഓർക്കുക.

ബാബറി മസ്ജിദ് പൊളിച്ച്​ രാമക്ഷേത്രം സ്ഥാപിക്കുമ്പോഴും ഭരണനിർവ്വഹണ സ്ഥാപനത്തിന് മുന്നിൽ ജയ് ശ്രീറാം പോസ്റ്റർ ഉയർത്തുമ്പോഴും ഭരണഘടനയെ ഉയർത്തിപ്പിടിച്ച്​ നടത്തുന്ന ഈ പ്രതിരോധം ഭരണഘടനക്കു മുകളിൽ രാമരാജ്യത്തെ പ്രതിഷ്ഠിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ്. ശ്രീരാമനെ "ദേശീയപുരുഷനായി' ഉയർത്തിക്കാണിക്കുന്നതിലൂടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിക്കു സമാനമായ ചിഹ്നമായി ശ്രീരാമനെ അവതരിപ്പിക്കുകയും അതുവഴി ഹിന്ദുത്വ രാഷ്ട്രത്തിലേക്കുള്ള ദൂരം കുറക്കുകയാണ് സംഘ്പരിവാർ ലക്ഷ്യം.

ഭരണഘടനയിലെ രാമന്റെ ചിത്രം ഉയർത്തിപ്പിടിക്കുന്നവർക്കു മുമ്പിൽ ഹിന്ദുത്വ വർഗീയവാദികൾ വെടിവച്ചു കൊന്ന ഗാന്ധിയുടെ ചിത്രം ഉയർത്തി കാണിക്കുക. ഇന്ത്യാവിഭജനത്തിന്റെ സമയത്ത് ഹിന്ദുത്വ - ഇസ്‌ലാമിക ഭീകരർ മനുഷ്യരെ കൊന്നു തള്ളുമ്പോൾ അതിനെ പ്രതിരോധിക്കാൻ നവ്ഖാലിയിൽ ജനങ്ങൾക്കൊപ്പം നിൽക്കുന്ന ഗാന്ധിജിയുടെ ചിത്രം ഭരണഘടനയിലുണ്ടെന്ന കാര്യം വർഗീയവാദികൾ അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റ ഗാന്ധിയൻ ധാരക്കൊപ്പം ദേശീയ സ്വാതന്ത്രത്തിന്റെ മറ്റൊരു സമരധാരയായ സുഭാഷ് ചന്ദ്രബോസിന്റെ ചിത്രവും ഭരണഘടനയുടെ കയ്യെഴുത്തുപ്രതിയിലുണ്ടെന്ന് സംഘ്പരിവാറിനെ ഓർമ്മപ്പെടുത്തുക.

വെടിയേറ്റ് കൊല്ലപ്പെട്ട ഗാന്ധി

സാംസ്‌കാരികവും മതപരവുമായ കലർപ്പുകൾ നിറഞ്ഞ ഇന്ത്യൻ ദേശീയതാ സങ്കല്പത്തെയാണ് ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്തതെന്ന് വീണ്ടും വീണ്ടും പറഞ്ഞു കൊണ്ടിരിക്കുക. അതാകട്ടെ ഹിന്ദുത്വവും സംഘപരിവാറും വിഭാവനം ചെയ്യുന്ന രാഷ്ട്ര സങ്കല്പത്തിന് എതിരാണെന്ന് ഉറപ്പിച്ചു പറയുക. ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളെ അട്ടിമറിച്ച്​ഹിന്ദുത്വത്തിലധിഷ്ഠിതമായ സങ്കുചിതമായ രാഷ്ട്രസങ്കല്പം രൂപപ്പെടുത്താനുള്ള സംഘ്പരിവാർ ശ്രമങ്ങളെ പ്രതിരോധിച്ചുകൊണ്ടേയിരിക്കുക.

ട്രൂകോപ്പി വെബ്സീൻ സബ്സ്ക്രൈബ് ചെയ്യൂ

Comments