വാരിയംകുന്നൻ കറകളഞ്ഞ കോൺഗ്രസുകാരനായിരുന്നു

വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും മലബാർ വിപ്ലവത്തിന്റെയും ചരിത്രത്തിലെ അധികമാർക്കും അറിയില്ലാത്ത വസ്തുതകൾ വെളിപ്പെടുത്തുകയാണ് എഴുത്തുകാരനും മന്ത്രിയുമായ കെ.ടി.ജലീൽ. വാരിയൻ കുന്നൻ കറകളഞ്ഞ കോൺഗ്രസ്സുകാരനായിരുന്നെന്ന് പറയുന്ന കെ.ടി ജലീൽ ഖിലാഫത്ത് പ്രക്ഷോഭകർക്ക് വൈദ്യരത്നം പി.എസ്. വാര്യർ നൽകിയിരുന്ന സഹായങ്ങളെക്കുറിച്ചുള്ള തെളിവുകളും നിരത്തുന്നു. ഭഗത് സിങ്ങിനെ തൂക്കിലേറ്റിയ ബ്രിട്ടീഷ് നടപടിയോടും ചൗരി ചൗരാ സംഭവത്തോടും ഗാന്ധിജിയ്ക്കുണ്ടായിരുന്ന നിലപാടിന്റെ പേരിൽ ഈ രണ്ട് സംഭവങ്ങളും സ്വാതന്ത്ര്യ സമര ചരിത്രത്തിന്റെ ഭാഗമാവാതിരിക്കുന്നില്ല എന്ന് മലബാർ വിപ്ലവത്തോടുള്ള ഗാന്ധിജിയുടെ നിലപാട് ഉയർത്തിക്കാട്ടുന്നവരെ ലേഖകൻ ഓർമിപ്പിക്കുന്നു.

"വാരിയൻകുന്നൻ' ചർച്ചകൾ കേരളത്തിലെ കലാ സാംസ്‌കാരിക മണ്ഡലത്തെ ചൂട് പിടിപ്പിച്ചിരിക്കുകയാണ്. അധിനിവേശ ശക്തികൾക്കെതിരെ പീഡിത വർഗ്ഗത്തിന്റെ രോഷാഗ്‌നിയിൽ രൂപംകൊണ്ട മലബാർ വിപ്ലവത്തിന്റെ നൂറാം വാർഷികത്തിൽ പൃഥ്വിരാജിനെ നായകനാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന "വാരിയൻകുന്നൻ' എന്ന ചിത്രവും പ്രമുഖ സംവിധായകൻ പി. ടി കുഞ്ഞുമുഹമ്മദിന്റെ "ഷഹീദ് വാരിയൻകുന്നൻ' എന്ന ചിത്രവും രംഗത്തെത്തിയതോടെയാണ് വിവാദത്തിന് തുടക്കമായത്. ദേശഭക്തിയും ചരിത്രവും ഇതിവൃത്തമാകുന്ന സിനിമകൾ മറ്റൊരർത്ഥത്തിൽ ചരിത്രാന്വേഷണത്തിന്റെ പുതിയ കവാടങ്ങൾ തുറക്കുകയാണ്. പതിവ് രീതിയിലുള്ള ആരോപണ പ്രത്യാരോപണങ്ങൾക്ക് അതീതമായി പലരുടെയും രോഗാതുരവും വികലവുമായ മാനസിക വൈകൃതങ്ങൾ അറിഞ്ഞോ അറിയാതെയോ ഈ ചർച്ചകളിൽ മുഴച്ചുനിൽക്കുന്നു എന്ന് നിസ്സംശയം പറയാം.

കേരളത്തിലെ പല യുഗ പുരുഷന്മാരും സിനിമകൾക്ക് വിഷയീഭവിച്ചിട്ടുണ്ടെങ്കിലും വാരിയൻകുന്നത്ത് കുഞ്ഞഹമ്മദാജിയുടെത് മാത്രം വിവാദമാക്കുന്നതിന്റെ ചിന്താപരിസരം പരിശോധിക്കപ്പെടേണ്ടതുണ്ട്. യഥാർത്ഥത്തിൽ ആരായിരുന്നു കുഞ്ഞഹമ്മദാജി? നൂറ്റാണ്ടുകൾക്ക് മുമ്പ് ഐതിഹ്യങ്ങളിൽ ജീവിച്ച വീരപുരുഷനായിരുന്നില്ല അദ്ദേഹം. ഒന്ന് തിരിഞ്ഞു നോക്കിയാൽ നമ്മുടെ വിദൂരമല്ലാത്ത ഇന്നലെകളിൽ
ജീവിച്ച, ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെയുള്ള പോരാട്ട വീഥിയിൽ മിന്നൽ പിണറായി അടർക്കളത്തിൽ ഉറച്ചു നിന്ന ധീര യോദ്ധാവായിരുന്നു വാരിയൻകുന്നൻ. സമാനതകളില്ലാത്ത വിധം ചെറുത്തുനിൽപ്പിന്റെ വീരേതിഹാസം രചിച്ച് കേരളത്തിലെ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളിൽ വരും തലമുറക്ക് ആത്മധൈര്യത്തിന്റെ ആവേശം പകർന്നു നൽകിയ ദേശാഭിമാനി ആയിരുന്നു അദ്ദേഹം.

വൈദേശികരായ ചൂഷക വർഗ്ഗം മണ്ണും വിളയും സ്വന്തമാക്കി തദ്ദേശിയരെ പീഡിപ്പിക്കുന്നതും അപമാനിക്കുന്നതും കാഴ്ചക്കാരനായി നോക്കി നിൽക്കാതെ പിറന്ന നാടിന്റെ മാനം കാക്കാൻ മലപ്പുറത്തെ കുന്നിൻ ചെരുവിൽ പരസ്യമായി ബ്രിട്ടീഷ് പട്ടാളം വെടിവെച്ച് വീഴ് ത്തുന്നതുവരെ വെള്ളക്കാരുടെ മുന്നിൽ തലകുനിച്ചില്ലെന്ന തെറ്റല്ലാതെ മറ്റൊരു തെറ്റും കുഞ്ഞഹമ്മദാജി ചെയ്തിട്ടില്ല.
വാരിയൻകുന്നന്റെ ജീവിതത്തെയും പോരാട്ടങ്ങളെയും വർഗീയതയുടെയും വിദ്വേഷത്തിന്റെയും കണ്ണിലൂടെ കാണുകയും ചരിത്രത്തിലെ ഒരു സുവർണ്ണ അദ്ധ്യായത്തെ വിഷമയമാക്കുകയും ചെയ്യുന്ന തെറ്റായ പ്രവണതയോട് ചരിത്ര ബോധമുള്ള ആർക്കും യോജിക്കാൻ കഴിയില്ല.

ഖിലാഫത്ത് യോഗങ്ങളിൽ പങ്കെടുക്കുകയും മഹാത്മാ ഗാന്ധിയെപ്പോലെയുള്ള സ്വാതന്ത്ര്യസമര നേതാക്കളുടെ പ്രസംഗങ്ങളിൽ ആവേശം കൊള്ളുകയും ചെയ്ത വാരിയംകുന്നൻ കറകളഞ്ഞ ഒരു കോൺഗ്രസ്സുകാരൻ കൂടിയായിരുന്നു.

1921-ൽ മലബാറിൽ നടന്ന വിപ്ലവം അതുവരെ നടന്നിട്ടുള്ള മറ്റു സമര പോരാട്ടങ്ങളിൽ നിന്ന് തീർത്തും വ്യത്യസ്തമായിരുന്നു. നൂറ്റാണ്ടുകളായി ഇടമുറിയാതെ ഒറ്റപ്പെട്ടും സംഘടിതമായും ഏറനാട് വള്ളുവനാട് പ്രദേശങ്ങളിൽ നടന്നുവന്നിരുന്ന ജന്മിത്വ വിരുദ്ധ സമരങ്ങളെ തീക്ഷ്ണമാക്കുകയും ജനകീയമാക്കുകയും ചെയ്യുന്നതിൽ മലബാറിലെ ഖിലാഫത്ത് പ്രക്ഷോഭം നിർണായക പങ്കുവഹിച്ചതായി കാണാം.
യുദ്ധമുറയിലും സ്വഭാവത്തിലും പങ്കാളിത്തത്തിലും ഇത് വ്യത്യസ്തത പുലർത്തി. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ പ്രധാനപ്പെട്ട ജനകീയ സമരങ്ങളിൽ ഒന്നായി ചരിത്രകാരന്മാർ "മലബാർ കലാപത്തെ' രേഖപ്പെടുത്തിയത് അതിന്റെ പ്രാധാന്യം പരിഗണിച്ചു കൊണ്ടുതന്നെയാണ്.
ജനിച്ച നാടിനോടുള്ള അടങ്ങാത്ത അഭിനിവേശവും കൂറും തുടിച്ചുനിൽക്കുന്ന നിസ്തുലമായ സംഭവ വികാസങ്ങൾക്കാണ് അക്കാലത്ത് മലബാർ സാക്ഷ്യം വഹിച്ചത്. ലഹളയുടെ ഗതി നിയന്ത്രിക്കുന്നതിൽ നിർണായക പങ്കുവഹിച്ചതിൽ പ്രമുഖനായിരുന്നു വാരിയൻകുന്നത്ത് കുഞ്ഞഹമ്മദാജി.

1857 ലെ ഒന്നാം സ്വതന്ത്ര സമരത്തിൽ ബഹദൂർഷാ സഫറിനുള്ള സ്ഥാനമാണ് മലബാറിലെ വൈദേശിക വിരുദ്ധ പ്രക്ഷോഭത്തിൽ അദ്ദേഹത്തിനുണ്ടായിരുന്നത്. കഴിവും മിടുക്കും സ്വാധീനവും കൊണ്ട് അധികാരികളുടെ ഉറക്കം കെടുത്താൻ കുഞ്ഞഹമ്മദാജിക്ക് അധികം സമയം വേണ്ടി വന്നില്ല. മലബാറിലെ ഏറ്റവും
അപകടകാരിയായ പോരാളിയെന്ന് ബ്രിട്ടീഷ് ഭരണകൂടം അദ്ദേഹത്തെ വിശേഷിപ്പിച്ചതും വെറുതെയല്ല. ബ്രിട്ടീഷ് ഉദ്യോഗസ്ഥനായ എഫ്.ബി. ഇവാൻസിന്റെ നിരീക്ഷണം പ്രസക്തമാണ്; "ലഹളക്കാരിൽ വെച്ച് അങ്ങേയറ്റം ആപൽകാരിയും സ്വാധീന ശക്തിയുള്ളവനുമാണ് കുഞ്ഞഹമ്മദാജി'.
ഒരു കർഷക കുടുംബത്തിലാണ് വാരിയംകുന്നൻ ജനിച്ചത്. എങ്കിലും ഉയർന്ന ചരിത്രബോധവും മത വിദ്യാഭ്യാസവും ഉണ്ടായിരുന്ന അദ്ദേഹത്തിന്റെ കുടുംബം പതിറ്റാണ്ടുകളായി നടന്ന് വന്നിരുന്ന അധിനിവേശ വിരുദ്ധ പോരാട്ടങ്ങളിലെ സജീവസാന്നിധ്യമായിരുന്നു. കുടുംബത്തിലെ ചിലയാളുകൾ മുമ്പ് നടന്ന കാർഷിക കലാപങ്ങളിൽ വീരമൃത്യു വരിച്ചതായി ചരിത്രത്തിൽ വായിക്കാം. ഇത്തരം പോരാട്ടങ്ങളെ പ്രകീർത്തിച്ചു കൊണ്ടുള്ള ധാരാളം നാടൻ പാട്ടുകൾ ആ കാലങ്ങളിൽ പ്രചാരത്തിലുണ്ടായിരുന്നു.

കോഴിക്കോട് കച്ചവട വൃത്തിയിൽ ഏർപ്പെട്ടിരുന്ന ഹാജി തന്റെ കർമ്മകുശലത കൊണ്ടും ധീരത കൊണ്ടും സർവ്വോപരി മറ്റുള്ളവരോടുള്ള ദയാവായ്പ് കൊണ്ടും ജനമനസ്സുകളിൽ സ്ഥാനം പിടിച്ചു. നീതിബോധവും സത്യസന്ധതയും സഹിഷ്ണുതയും അദ്ദേഹത്തിന്റെ മുഖമുദ്രയായിരുന്നു.
1896 ൽ മഞ്ചേരിയിൽ നടന്ന ചരിത്രപ്രസിദ്ധമായ കർഷക ലഹളയിൽ വാരിയംകുന്നനും ബന്ധുക്കളും പങ്കെടുത്തിരുന്നു. എന്നാൽ അതിലെ പലരും ബ്രിട്ടീഷുകാരാൽ കൊല്ലപ്പെടുകയും ഹാജി രക്ഷപെടുകയുമാണുണ്ടായത്. മലബാറിൽ സ്വാധീനം ഉറപ്പിക്കാൻ ബ്രിട്ടീഷുകാർ നടത്തിയ കുതന്ത്രങ്ങളുടെ മുനയൊടിക്കാൻ അദ്ദേഹത്തിന്റെ ചടുലമായ നീക്കങ്ങൾക്ക് സാധിച്ചു. പക്ഷേ ഹാജിയെ കുറ്റവാളിയും കൊള്ളക്കാരനും വർഗീയവാദിയുമായി ചിത്രീകരിക്കുന്നതിൽ കൊളോണിയൽ താൽപര്യങ്ങളോട് അരുചേർന്ന്‌നടന്ന ചരിത്ര രചയിതാക്കൾ ഒരു പരിധി വരെ വിജയിച്ചതായി കാണാം. കേവലം ഒരു "കവലചട്ടമ്പി' യെന്ന രീതിയിൽ ബ്രിട്ടീഷ് വിരുദ്ധ സമരങ്ങൾക്ക് നായകത്വം വഹിച്ച വാരിയംകുന്നനെ ചുരുക്കിക്കാട്ടാനുള്ള ശ്രമങ്ങൾ പല കോണുകളിൽ നിന്നും അന്നും ഇന്നും നടക്കുന്നുണ്ട്. സ്വാതന്ത്ര്യ സമര ചരിത്രത്തിലെ നാഴികക്കല്ലായ മലബാർ കലാപത്തെപ്പോലും വർഗ്ഗീയമായി ചിത്രീകരിക്കാൻ കൊണ്ടുപിടിച്ച് ഗൂഢശ്രമങ്ങൾ നടക്കുമ്പോൾ സമരനായകനും വക്രീകരിക്കപ്പെടുന്നതിൽ അത്ഭുതപ്പെടാനില്ല.

ഹിന്ദുക്കളോടായാലും മുസ്ലിങ്ങളോടായാലും ഹാജിയുടെ സമീപനം അവർ ബ്രിട്ടീഷ് വിരുദ്ധരാണോ അല്ലയോ എന്നു നോക്കിയായിരുന്നു. ബ്രിട്ടീഷ് അനുകൂലികളായ മുസ്ലിങ്ങളും ഹിന്ദുക്കളും അദ്ദേഹത്തിന്റെ കടുത്ത ശിക്ഷകൾക്ക് വിധേയരായിട്ടുണ്ട്.

വാരിയംകുന്നന്റെ ദേശസ്‌നേഹവും സമരാവേശവും സാമുദായിക മൈത്രിയും മനസ്സിലാക്കാൻ അന്നത്തെ കോൺഗ്രസ് ഖിലാഫത്ത് ചരിത്രവും പശ്ചാത്തലവും അറിഞ്ഞിരിക്കുന്നത് നന്നാകും. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെയും ഖിലാഫത്ത് പ്രസ്ഥാനത്തിന്റെയും സംയുക്ത വേദിയായ ഭാരത മഹാജനസഭ 1920 മുതൽ സർക്കാറിനോട് നിസ്സഹകരിക്കുന്നതിനുള്ള ആഹ്വാനം നൽകിക്കഴിഞ്ഞിരുന്നു. ചെറുപ്പം തൊട്ടേ വെള്ളക്കാർക്കെതിരായിരുന്ന കുഞ്ഞഹമ്മദാജി ഈ കൂട്ടായ്മയുടെ അഭിവാജ്യ ഘടകമായി മാറിയത് സ്വാഭാവികം.
ഖിലാഫത്ത് യോഗങ്ങളിൽ പങ്കെടുക്കുകയും മഹാത്മാ ഗാന്ധിയെപ്പോലെയുള്ള സ്വാതന്ത്ര്യസമര നേതാക്കളുടെ പ്രസംഗങ്ങളിൽ ആവേശം കൊള്ളുകയും ചെയ്ത വാരിയംകുന്നൻ കറകളഞ്ഞ ഒരു കോൺഗ്രസ്സുകാരൻ കൂടിയായിരുന്നു.1906 ൽ ഡാക്കയിൽ സർവ്വേന്ത്യാ മുസ്ലിംലീഗ് രൂപീകരിക്കപ്പെട്ടിരുന്നെങ്കിലും മലബാറിലെ മുസ്ലിം ജനവിഭാഗത്തിൽ ഒരു സ്വാധീനവും ലീഗിനുണ്ടായിരുന്നില്ല. മത രാഷ്ട്രീയത്തോട് ഒരുഘട്ടത്തിലും സമരസപ്പെടാതെയാണ് മലബാർകലാപ നായകരായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദാജിയും ആലിമുസ്ല്യാരും ആദ്യം മുതൽ അവസാനം വരെ നിലകൊണ്ടത്. വർഗ്ഗീയ രാഷ്ട്രീയം വേണ്ടെന്നു വെച്ച് മതേതര രാഷ്ട്രീയത്തെ വരിച്ച ഇരുവരും ഹിന്ദു മുസ്ലിം ഭേദമന്യേ ഏറനാട്ടിലെ മുഴുവൻ ജനങ്ങളെയും ബ്രിട്ടീഷ്‌കാർക്കെതിരായ സമരഗോദയിൽ അണിനിരത്താനുള്ള അശ്രാന്ത പരിശ്രമമാണ് നടത്തിയിരുന്നത്. ഖിലാഫത്തു നേതാക്കളുടെ സന്ദേശങ്ങളിൽ സ്വാധീനിക്കപ്പെട്ട കുഞ്ഞഹമ്മദാജി പോലീസിന്റെ നിതാന്ത നിരീക്ഷണത്തിലായത് വെറുതെയായിരുന്നില്ല.

മഹാത്മാ ഗാന്ധി

അദ്ദേഹത്തിനെതിരെ നിരവധി കള്ളക്കേസുകൾ വെള്ളക്കാർ കെട്ടിച്ചമച്ചു.

1920 ആഗസ്റ്റ് 18 ന് ഗാന്ധിജിയും ഷൗക്കത്തലിയും പങ്കെടുത്ത കോഴിക്കോട്ടെ യോഗത്തിൽ പങ്കെടുക്കാനെത്തിയ വാരിയംകുന്നനെയും ചെമ്പ്രശ്ശേരി തങ്ങളെയും യോഗസ്ഥലത്തേക്ക് ആനയിച്ചത് ഹൈന്ദവരും മുസ്ലിങ്ങളും ഉൾപ്പെട്ട സന്നദ്ധ ഭടന്മാരായിരുന്നു എന്നാണ് ചരിത്രം പറയുന്നത്.

കെ. മാധവൻ നായർ

ഹിന്ദുക്കളോടായാലും മുസ്ലിങ്ങളോടായാലും ഹാജിയുടെ സമീപനം അവർ ബ്രിട്ടീഷ് വിരുദ്ധരാണോ അല്ലയോ എന്നു നോക്കിയായിരുന്നു. ബ്രിട്ടീഷ് അനുകൂലികളായ മുസ്ലിങ്ങളും ഹിന്ദുക്കളും അദ്ദേഹത്തിന്റെ കടുത്ത ശിക്ഷകൾക്ക് വിധേയരായിട്ടുണ്ട്. മുസ്ലിം പക്ഷപാതിയും ഹിന്ദുവിരുദ്ധനുമാണെന്നാണല്ലോ അദ്ദേഹത്തിനെതിരെ ചില കേന്ദ്രങ്ങൾ ഉയർത്തുന്ന പ്രധാന ആരോപണം.
വിശദമായ ചരിത്ര വായന നടത്തിയവർ ആരും ഈ അഭിപ്രായത്തോട് യോജിക്കാനിടയില്ല. മുസ്ലിങ്ങൾക്ക് അനുകൂലമായി ഒരു ഘട്ടത്തിലും പക്ഷം പിടിച്ചിട്ടില്ലാത്ത ഹാജി ബ്രിട്ടീഷ് അനുകൂലികളായ ധാരാളം മുസ്ലിങ്ങളെ വധിക്കാൻ ആജ്ഞയും നൽകിയിട്ടുണ്ട്.

ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട്, എം.പി. നാരായണ മേനോൻ തുടങ്ങി സമരമുഖത്തുണ്ടായിരുന്ന ഒരാളും കുഞ്ഞഹമ്മദാജിയെ തള്ളിപ്പറഞ്ഞതായി ചരിത്രത്തിലെവിടെയുമില്ല.

അക്കാലത്തെ കോൺഗ്രസ്സ് നേതൃനിരയിലെ പ്രമുഖനായിരുന്ന മാധവൻ നായരുമായുള്ള വാരിയംകുന്നന്റെ സൗഹൃദവും കരുതലും പരസ്യമായ കാര്യമാണ്. ഹൈന്ദവന്റെ വീട് കൊള്ളയടിക്കുന്ന മുസ്ലിമിന്റെ കൈവെട്ടുമെന്ന് ഹാജി പ്രഖ്യാപിച്ചു. സമരക്കാരിൽ ചില മുസ്ലിങ്ങൾ ഹിന്ദുക്കളെ അക്രമിക്കുന്നുണ്ടെന്ന് കേട്ട് അത് തടയുന്നതിന് മഞ്ചേരിയിൽ നേരിട്ടെത്തി അദ്ദേഹം നേതൃത്വം നൽകി. ബ്രിട്ടീഷ് പട്ടാളത്തെ സഹായിച്ചവർ എന്ന് സംശയിക്കുന്ന മാപ്പിളമാരുൾപ്പെടെയുള്ള ഏതാനും പേർ കലാപ കാലത്ത് കുഞ്ഞഹമ്മദാജിയുടെ സൈന്യത്താൽ കൊല ചെയ്യപ്പെട്ടു എന്നത് ശരിയാണ്. അക്കൂട്ടത്തിലെ പ്രധാനി ആനക്കയത്തെ മുസ്ലിമായിരുന്ന ചേക്കുട്ടിയാണ്. വിരമിച്ച പോലീസുകാരൻ കൂടിയായിരുന്നു ബ്രിട്ടീഷുകാരിൽ നിന്ന് "ഖാൻബഹദൂർ' പട്ടം കിട്ടിയ അദ്ദേഹം. കലാപകാരികളെ ബ്രിട്ടീഷുകാർക്ക് ഒറ്റുകൊടുത്തതിന്റെ പേരിലാണ് വാരിയംകുന്നന്റെ നേതൃത്വത്തിൽ ചേക്കുട്ടിയെ കൊന്ന് തല കുന്തത്തിൽ കുത്തി മഞ്ചേരിയിലേക്ക് ജാഥ നടത്തിയത്. ചാരൻമാരുടെ ഗതി ഏത് മതക്കാരായാലും ഇതാകും എന്ന് ബോദ്ധ്യപ്പെടുത്തലായിരുന്നു അതിന്റെ ഉദ്ദേശം.

കമ്പളത്ത് ഗോവിന്ദൻ നായരുടെ കവിത

കുഞ്ഞഹമ്മദാജി കൃത്യമായ പെരുമാറ്റ ചട്ടങ്ങളും നിയമാവലിയും ഉള്ള ഒരു സൈനിക വ്യൂഹത്തെ പരിശീലിപ്പിച്ചത് കൃത്യമായ കണക്കുകൂട്ടലോടെയായിരുന്നു. വാരിയൻകുന്നനെപ്പോലെ ഒരു പോരാളി ഇല്ലായിരുന്നുവെങ്കിൽ മലബാർ അടങ്ങുന്ന പ്രദേശത്തിന്റെ ചരിത്രഗതി തന്നെ മറ്റൊന്നാകുമായിരുന്നു. അത്രമേൽ അധികാര സ്വഭാവത്തോടെയാണ് ബ്രിട്ടീഷുകാർ ഇവിടെയുള്ളവരെ കൈകാര്യം ചെയ്തിരുന്നതെന്ന്
കെ. മാധവൻ നായർ "മലബാർകലാപ' മെന്ന തന്റെ പുസ്തകത്തിൽ രേഖപ്പെടുത്തുന്നുണ്ട്. ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട്, എം.പി. നാരായണ മേനോൻ തുടങ്ങി സമരമുഖത്തുണ്ടായിരുന്ന ഒരാളും കുഞ്ഞഹമ്മദാജിയെ തള്ളിപ്പറഞ്ഞതായി ചരിത്രത്തിലെവിടെയുമില്ല. ബ്രഹ്മദത്തൻ നമ്പൂതിരിപ്പാടിന്റെ "ഖിലാഫത്ത് സ്മരണകൾ' ഡോ: കെ.പി.എസ് മേനോൻ എഴുതിയ "മലബാർകലാപം; എം.പി. നാരായണ മേനോനും സഹപ്രവർത്തകരും' എന്നീ പുസ്തകങ്ങൾ ഉദാഹരണങ്ങളാണ്. മാപ്പിള ലഹളയെന്ന് ബ്രിട്ടീഷുകാർ വിളിച്ചാക്ഷേപിച്ച സാമ്രാജ്യത്വ വിരുദ്ധ സമരത്തെ വിമർശനാത്മകമായി വിശകലനം ചെയ്ത കെ. മാധവൻ നായരുടെ
"മലബാർ കലാപം' എന്ന പുസ്തകത്തിൽ പോലും വാരിയംകുന്നനെ മോശക്കാരനോ ഹിന്ദു വിരുദ്ധനോ ആയി ചിത്രീകരിക്കുന്നില്ല. 1921 ലെ "മാപ്പിളലഹള'യുടെ കേന്ദ്രങ്ങളിലൊന്നായിരുന്ന കൊണ്ടോട്ടി നെടിയിരുപ്പ് സ്വദേശിയും മുൻകാല അധ്യാപക പ്രസ്ഥാനത്തിന്റെ നേതാവും കമ്യൂണിസ്റ്റുകാരനുമായിരുന്ന കമ്പളത്ത് ഗോവിന്ദൻ നായർ തന്റെയും കുടുംബത്തിന്റെയും അനുഭവ സാക്ഷ്യങ്ങളെ മുൻനിർത്തി 1936-37 കാലത്ത് എഴുതിയ കവിതയിൽ മലബാർ കലാപത്തിന്റെ കാര്യകാരണങ്ങൾ മനോഹരമായി വിശകലനം ചെയ്യുന്നുണ്ട്.

"നമ്മളുണ്ടാക്കിയ നെല്ല് ജൻമിമാരെ തീററാൻ സമ്മതിക്കാത്തതും നമ്മുടെ കാശ് ഇംഗ്ലണ്ടിലേക്കയക്കാൻ കൂട്ടുനിൽക്കാത്തതുമാണ്' കലാപത്തിന്റെ കാരണങ്ങളെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. വാരിയംകുന്നനെ ഗോവിന്ദൻ നായർ കവിതയിൽ പ്രകീർത്തിക്കുന്നുമുണ്ട്. ഇതു പ്രസിദ്ധീകരിച്ചതിനാണ് 1944 ൽ ദേശാഭിമാനി ബ്രിട്ടീഷുകാർ കണ്ടുകെട്ടിയത്. കേരളീയ സംസ്‌കാരത്തെ സൂക്ഷ്മ നിരീക്ഷണം നടത്തി ഗാനരചന നിർവഹിച്ചിട്ടുള്ള പി. ഭാസ്‌കരൻ മാസ്റ്ററും മലബാറിലെ ഖിലാഫത്ത് സമരത്തെയും അതിലെ പോരാളികളെയും വാനോളം വാഴ്ത്തിയത് സ്മരണീയമാണ്.

ബ്രിട്ടീഷ് ഒദ്യോഗിക രേഖകളും വിദേശികളും സ്വദേശികളുമായ റവന്യൂ പോലീസ് സംവിധാനങ്ങളുടെ ഭാഗമായിരുന്ന ഉദ്യോഗസ്ഥരുമല്ലാതെ മറ്റാരും വാരിയംകുന്നത്ത് കുഞ്ഞഹമ്മദാജിയെ ദയാരഹിതനെന്നോ ചട്ടമ്പിയെന്നോ ഹിന്ദു വിരുദ്ധനെന്നോ ക്ഷേത്രാക്രമിയെന്നോ വിശേഷിപ്പിച്ചതായി പ്രമാണങ്ങളുടെ പിൻബലത്തിൽ ആർക്കും ഇതുവരെയും ചൂണ്ടിക്കാണിക്കാനായിട്ടില്ല.

മാധവൻ നായർ കുഞ്ഞഹമ്മദാജിയുടെ വധത്തിനുശേഷമുള്ള സാഹചര്യം വിവരിക്കുന്നത് ഇങ്ങിനെയാണ്;
"1922 ജനുവരി 20 ന് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി യുടെ വധശിക്ഷ നടപ്പിലാ യതോടെ മലബാർ കലാപത്തിന് അന്ത്യം കുറിക്കപ്പെട്ടു. 1857 ലെ ശിപായി ലഹളക്ക് ശേഷം ബ്രിട്ടീഷുകാർക്കെതിരെ ഇന്ത്യയിൽ നടന്നിട്ടുള്ള സമരങ്ങളിൽ വച്ച് ഏറ്റവും മഹത്തായത് മലബാർ കലാപമായിരുന്നു. കലാപത്തിന്റെ മുന്നണി പോരാളി കുഞ്ഞഹമ്മദ് ഹാജി ആയിരുന്നു. അക്രമ സമരത്തിലൂടെ ബ്രിട്ടീഷ് സർക്കാരിനെ അടിയറവ് പറയിക്കാം എന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. അഹിംസ കൊണ്ട് ഫലം ഇല്ലെന്ന് കരുതിയിരുന്ന അദ്ദേഹം അഹിംസ മാർഗം പിന്തുടർന്നില്ല. തന്റെ മതത്തെ പ്രതിരോധിക്കുന്നതിന് വേണ്ടി ഹാജി നടത്തിയ പോരാട്ടങ്ങളെ അപമാനകരമെന്ന് വിളിച്ച് കൂടാ. പ്രത്യാഘാതങ്ങൾ എന്ത് തന്നെ ആയാലും അദ്ദേഹത്തിന് ചില ഉറച്ച ധാരണകകൾ ഉണ്ടായിരുന്നു. അവക്ക് വേണ്ടി ജീവൻ വെടിയാനും അദ്ദേഹം ഒരുക്കമായിരുന്നു. അത്തരത്തിലുള്ള ആളുകൾ ലോകത്ത് ആദരിക്കപ്പെടുക തന്നെ ചെയ്യും'. ബ്രിട്ടീഷ് ഒദ്യോഗിക രേഖകളും വിദേശികളും സ്വദേശികളുമായ റവന്യൂ പോലീസ് സംവിധാനങ്ങളുടെ ഭാഗമായിരുന്ന ഉദ്യോഗസ്ഥരുമല്ലാതെ മറ്റാരും വാരിയംകുന്നത്ത് കുഞ്ഞഹമ്മദാജിയെ ദയാരഹിതനെന്നോ ചട്ടമ്പിയെന്നോ ഹിന്ദു വിരുദ്ധനെന്നോ ക്ഷേത്രാക്രമിയെന്നോ വിശേഷിപ്പിച്ചതായി പ്രമാണങ്ങളുടെ പിൻബലത്തിൽ ആർക്കും ഇതുവരെയും ചൂണ്ടിക്കാണിക്കാനായിട്ടില്ല.

ഭഗത് സിംഗ്

1921 ലെ മലബാർ കലാപത്തെ ഗാന്ധിജിയും അംബേദ്കറും തള്ളിപ്പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞാണ് രാജ്യത്ത് നടന്ന ഉജ്ജ്വലമായ ഒരു സാമ്രാജ്യത്വ വിരുദ്ധ സമരത്തെ ഇകഴ്ത്തിക്കാണിക്കാൻ ചില കേന്ദ്രങ്ങൾ ആസൂത്രിതമായി ശ്രമിക്കുന്നത്. അഹിംസയിലധിഷ്ഠിതമായ സമരങ്ങളെ മാത്രമേ ഗാന്ധിജി അംഗീകരിച്ചിരുന്നുള്ളൂ. ഭഗത് സിംഗിന്റെ നിലപാടുകളോട് ഒരു ഘട്ടത്തിലും മഹാത്മജി യോജിച്ചിരുന്നില്ല. ഭഗത് സിംഗിനെ തൂക്കിലേറ്റാൻ തീരുമാനിച്ച ബ്രിട്ടീഷ് നടപടിക്കെതിരായി കോൺഗ്രസ്സോ മഹാത്മാ ഗാന്ധിയോ ഒരക്ഷരം ഉരിയാടിയിരുന്നില്ലെന്നതും ആരും മറന്നു പോകരുത്. ഭഗത് സിംഗിന്റെ വിപ്ലവ ചെയ്തികളെ ഗാന്ധിജി തള്ളിപ്പറഞ്ഞതിന്റെ പേരിൽ ഭഗത് സിംഗോ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടന്ന സ്വാതന്ത്ര്യ സമര മുന്നേറ്റങ്ങളോ ചരിത്രത്തിൽ ഇടം പിടിക്കാതിരുന്നിട്ടില്ല. സമാന മാനദണ്ഡം വാരിയംകുന്നന്റെ കാര്യത്തിലും സ്വീകരിക്കപ്പെടേണ്ടതല്ലേ? നിസ്സഹകരണ പ്രസ്ഥാനം കൊടുമ്പിരികൊളളവെ നിരായുധരായ മനുഷ്യർക്കെതിരെ വെടിയുതിർത്ത പോലീസിനെതിരെയുള്ള അമർഷം അണപൊട്ടിയൊഴികിയപ്പോൾ പ്രകോപിതരായ ജനങ്ങൾ ചൗരിചൗരയിലെ പോലീസ് സ്റ്റേഷന് തീയിട്ടു. 22 പോലീസുകാരുൾപ്പടെ 25 പേരാണ് തൽക്ഷണം വെന്തുമരിച്ചത്. പ്രസ്തുത സംഭവത്തെ തുടർന്നാണ് വളരെ മുന്നോട്ടു പോയിരുന്ന നോൺ കോപ്പറേഷൻ മൂവ്‌മെന്റ് പൊടുന്നനെ ഗാന്ധിജി പിൻവലിച്ചത്. മഹാത്മജി അംഗീകരിച്ചില്ലെന്നതിന്റെ പേരിൽ ചൗരിചൗര സംഭവം സ്വാതന്ത്യ സമരത്തിന്റെ ഭാഗമല്ലെന്ന് ഒരാളും പറഞ്ഞതായി നാം കേട്ടിട്ടില്ല. അതേ അളവുകോൽ മലബാർ കലാപ കാര്യത്തിലും സ്വീകരിക്കലല്ലേ ന്യായം? ഗാന്ധിജിക്കും അംബേദ്കർക്കുമൊക്കെ ആരംഭഘട്ടം തൊട്ടേ മലബാറിലെ ഖിലാഫത്ത് സമരത്തോട് പുറംതിരിഞ്ഞ് നിന്ന കോഴിക്കോട്ടെ കോൺഗ്രസ്സ് നേതാക്കളിൽ നിന്നാകുമല്ലോ സമരവുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ടാവുക. മലബാർ സമരത്തെപ്പറ്റി അന്നുമുതലേ സംഘടിതമായി നടത്തപ്പെട്ടിരുന്ന തെറ്റായ പ്രചരണങ്ങളും ഇരുവരുടെയും തൽസംബന്ധമായ അഭിപ്രായപ്രകടനങ്ങളെ സ്വാധീനിച്ചിട്ടുണ്ടാകാമെന്നതും വിസ്മരിച്ചുകൂടാ.

ഭഗത് സിംഗിന്റെ വിപ്ലവ ചെയ്തികളെ ഗാന്ധിജി തള്ളിപ്പറഞ്ഞതിന്റെ പേരിൽ ഭഗത് സിംഗോ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടന്ന സ്വാതന്ത്ര്യ സമര മുന്നേറ്റങ്ങളോ ചരിത്രത്തിൽ ഇടം പിടിക്കാതിരുന്നിട്ടില്ല. സമാന മാനദണ്ഡം വാരിയംകുന്നന്റെ കാര്യത്തിലും സ്വീകരിക്കപ്പെടേണ്ടതല്ലേ?

ലോകത്തെവിടെയും അരങ്ങേറിയ ചൂഷണ വിരുദ്ധവും അസംഘടിതവുമായ എല്ലാ വിപ്ലവങ്ങളിലും സമരങ്ങളിലും സംഭവിച്ച തെറ്റുകളും ആശയ ഭ്രംശങ്ങളും മലബാർ കലാപ വേളയിലും ഉണ്ടായിട്ടുണ്ട്. അത് പക്ഷെ, സമര നേതാക്കളുടെയോ പോരാട്ടത്തിന്റെതു തന്നെയോ ആദർശങ്ങൾക്കും നിലപാടുകൾക്കും വിരുദ്ധമായിരുന്നുതാനും. മലബാറിലെ ഖിലാഫത്ത് പ്രക്ഷോഭം ഒരു ഘട്ടം പിന്നിട്ടപ്പോൾ ചില സ്ഥലങ്ങളിൽ മതാന്ധകരായ ക്രിമിനലുകളുടെയും സാമൂഹ്യ വിരുദ്ധരുടെയും ദുഷ്‌കൃത്യങ്ങൾകൊണ്ട് വികൃതമായിട്ടുണ്ടെന്നുള്ളത് ശരിയാണ്. അത്തരം ഹീന പ്രവൃത്തികളിൽ കുറച്ചാളുകൾക്ക് ജീവഹാനിയും നേരിട്ടുണ്ട്. വിരലിലെണ്ണാവുന്ന ബ്രിട്ടീഷ് അനുകൂലികളും കുടിയാൻ വിരുദ്ധരുമായിരുന്ന സവർണ്ണ ഹിന്ദു ജന്മികളുടെ വീടുകളും അവരുടെ ഉടമസ്ഥതയിലുള്ള ക്ഷേത്രങ്ങളും അക്രമത്തിനിരയായതും നേരാണ്. വിരലിലെണ്ണാവുന്ന മതപരിവർത്തനങ്ങളും മതമെന്തെന്നറിയാത്ത ക്രിമിനൽ മാപ്പിളമാരിൽ നിന്ന് ഹൈന്ദവ സഹോദരങ്ങൾക്ക് നേരിടേണ്ടിയും വന്നിട്ടുണ്ട്. എന്നാൽ അത്തരം മനുഷ്യത്വ രഹിതമായ തോന്നിവാസങ്ങൾ ആലിമുസ്ല്യാരോ വാരിയംകുന്നത് കുഞ്ഞഹമ്മദാജിയോ അറിയപ്പെടുന്ന സമര നേതാക്കളാരെങ്കിലുമോ അംഗീകരിച്ചില്ലെന്ന് മാത്രമല്ല, അതിനെ ശക്തമായി അപലപിക്കുകയും തങ്ങളുടെ മുന്നിലെത്തിയ അത്തരം പരാതികളിൽ കർക്കശ ശിക്ഷ ബന്ധപ്പെട്ടവർക്ക് നൽകുകയും ചെയ്തതിന് വ്യക്തമായ തെളിവുകളുണ്ട്. അവ സൂക്ഷ്മ നിരീക്ഷണം നടത്താതെ 1921 ൽ ഏറനാട് വള്ളുവനാട് താലൂക്കുകളിൽ നടന്ന ഖിലാഫത്ത് ലഹളയെ അപഗ്രഥിക്കുക സാദ്ധ്യമല്ല. എന്നാൽ അത്തരം ഒറ്റപ്പെട്ട സംഭവങ്ങൾക്ക് അമിത പ്രധാന്യം നൽകി പർവ്വതീകരിച്ച് മലബാറിൽ നടന്ന ബ്രിട്ടീഷ് വിരുദ്ധ സായുധ പോരാട്ടത്തെയും അതിനു നേതൃത്വം നൽകിയ ധീരൻമാരായ ദേശസ്‌നേഹികളെയും പിറന്ന മണ്ണിനോടുള്ള കൂറും പ്രത്യയശാസ്ത്ര പ്രതിബദ്ധതയും ഉയർത്തിപ്പിടിച്ച് ആ വിമോചന മുന്നേറ്റത്തിൽ പങ്കാളികളായ സാധുക്കളായ മനുഷ്യരേയും ഭൽസിക്കുന്നത് ചരിത്രത്തോടു ചെയ്യുന്ന മഹാപരാധമായിരിക്കും.

വൈദ്യരത്‌നം പി.എസ്. വാര്യർ

ഉൽകൃഷ്ടമായ ഒരു ലക്ഷ്യം ഖിലാഫത്ത് പ്രക്ഷോഭകർക്കുണ്ടായിരുന്നുവെന്ന സത്യം ബോദ്ധ്യപ്പെട്ടത്‌കൊണ്ട് തന്നെയാകുമല്ലോ കോട്ടക്കൽ ആര്യവൈദ്യശാലയുടെ സ്ഥാപകനും വിശ്വപ്രസിദ്ധനുമായ വൈദ്യരത്‌നം പി.എസ്. വാര്യർ കലാപകാരികൾക്ക് തന്നാലാവുന്ന സഹായങ്ങൾ നൽകിയത്. ലഹളക്കാരുടെ നേതാക്കളെ കാണണമെന്ന ആഗ്രഹം അദ്ദേഹം പ്രകടിപ്പിച്ചെന്നറിഞ്ഞ് അവിടെയെത്തിയ സമര നേതാക്കൾ പി.എസ് വാര്യരുമായി സുദീർഘം സംസാരിച്ചതും അവർക്ക് ചായ നൽകിയതും മടങ്ങിപ്പോകുമ്പോൾ 500 രൂപയും നെല്ലിൻ ചാക്കുകളും സംഭാവന നൽകിയതും കോട്ടക്കൽ ആര്യവൈദ്യശാലയുടെ പ്രസിദ്ധീകരണ വിഭാഗം പ്രസിദ്ധീകരിച്ച വൈദ്യരത്‌നത്തിന്റെ ജീവചരിത്രത്തിൽ കാണാം. സമരക്കാരുടെ വിഹാരഭൂമിയായിരുന്നിട്ട് പോലും ആര്യവൈദ്യശാലയുടെ ഒരോടിന് പോലും കലാപവേളയിൽ നാശം സംഭവിച്ചില്ലെന്നത് നമ്മെ ഇരുത്തിച്ചിന്തിപ്പിക്കേണ്ടതാണ്. തന്റെ സ്ഥാപനം അക്രമിക്കപ്പെടുമെന്ന ഭയം കൊണ്ടായിരിക്കും പി.എസ് വാര്യർ സംഭാവന നൽകിയതെന്നാണ് മറുവാദമെങ്കിൽ എന്തിനായിരുന്നു കലാപാനന്തരം കഷ്ടപ്പെടുകയും പട്ടിണി കിടക്കുകയും ചെയ്ത മാപ്പിളമാർക്കായി അടിയന്തിര സഹായം നൽകണമെന്നാവശ്യപ്പെട്ട് ബ്രിട്ടീഷ് അധികാരികൾക്ക് പി.എസ്. വാര്യർ കത്തെഴുതിയത്? ഭാരതീയ സേവാ സംഘം പ്രസിഡണ്ട് ജി.കെ. ദേവ്ധർ വാര്യരെ കണ്ട് കാര്യങ്ങൾ ചർച്ച ചെയ്യാൻ കോട്ടക്കലെത്തിയപ്പോൾ "നിങ്ങളുടെ ആശ്വാസ നടപടികൾ ഹിന്ദുക്കൾക്ക് മാത്രം പോരെന്നും കൊടിയ വിഷമതകൾ ബാധിച്ചിട്ടുള്ള മാപ്പിള സ്ത്രീകൾക്കും കുട്ടികൾക്കും കൂടി നൽകേണ്ടതാണെന്നും, നിരാലംബരായ അവരെ സംരക്ഷിക്കേണ്ടത് ധർമ്മം മാത്രമാണെന്നും' അദ്ദേഹം എന്തിനാണ് പറഞ്ഞത്? സംശയമുള്ളവർക്ക് ആര്യവൈദ്യശാല പ്രസിദ്ധീകരിച്ച പി.എസ്. വാര്യരുടെ ജീവചരിത്രം പരിശോധിക്കാവുന്നതാണ്. ദേവ്ധർ തന്നെ ഇക്കാര്യം ബോംബെയിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന "Times of India' എന്ന പത്രത്തിൽ മലബാർ കലാപത്തെക്കുറിച്ചെഴുതിയ ലേഖനത്തിൽ പരാമർശിച്ചിരുന്നു. ഇന്നലെകൾ പുനർവായിക്കപ്പെടുന്നത് പറ്റിയ പിശകുകൾ ആവർത്തിക്കാനല്ല; മറിച്ച് മനുഷ്യസഹജത കൊണ്ട് സംഭവിച്ച അത്തരം അബദ്ധങ്ങൾ തിരുത്തി, സൗഹൃദം കാത്തുസൂക്ഷിച്ച് മുന്നോട്ടു പോകാനാണ്.

ഉൽകൃഷ്ടമായ ഒരു ലക്ഷ്യം ഖിലാഫത്ത് പ്രക്ഷോഭകർക്കുണ്ടായിരുന്നുവെന്ന സത്യം ബോദ്ധ്യപ്പെട്ടത്‌കൊണ്ട് തന്നെയാകുമല്ലോ കോട്ടക്കൽ ആര്യവൈദ്യശാലയുടെ സ്ഥാപകനും വിശ്വപ്രസിദ്ധനുമായ വൈദ്യരത്‌നം പി.എസ്. വാര്യർ കലാപകാരികൾക്ക് തന്നാലാവുന്ന സഹായങ്ങൾ നൽകിയത്.

കാര്യങ്ങളുടെ വസ്തുതാപരമായ വിശകലനത്തിൽ നിന്ന് തെന്നി വർഗ്ഗീയ - രാഷ്ട്രീയ താൽപര്യങ്ങളും അന്ധമായ ചരിത്ര വിരോധവും സൃഷ്ടിക്കുന്ന സാമുദായിക ധ്രുവീകരണതിന്റെ അപകടകരമായ പരിണിതികളെ കേരളത്തിന്റെ സാംസ്‌കാരിക പരിസരം വളരെ ഗൗരവമായിത്തന്നെ കാണണം. മലബാർ, മലപ്പുറം എന്നൊക്കെ കേൾക്കുമ്പോഴേക്കും വർഗീയതയുടെ ഈറ്റില്ല മെന്ന ബ്രിട്ടീഷ് ചരിത്ര വ്യാഖ്യാനത്തെ സംശയങ്ങളേതുമില്ലാതെ വിഴുങ്ങുന്നവരും, മതവൈരം ജനങ്ങൾക്കിടയിൽ രൂഢമൂലമാക്കി നിലനിർത്താൻ ഉൽസുകരായ അവരുടെ പാദസേവകരും വാരിയംകുന്നനെന്ന ധീരനായ ബ്രിട്ടീഷ് വിരുദ്ധ പോരാളിയെ സത്യസന്ധമായി വിലയിരുത്തിക്കൊള്ളണമെന്നില്ല. ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷുകാരുടെ കുടില തന്ത്രം അതേപടി പകർത്തുന്നവർ അധിനിവേശ ശക്തികളുടെ അധികാര താൽപര്യങ്ങളുടെ പിന്മുറക്കാരല്ലാതെ മറ്റാരാണ്? അത്തരം അബദ്ധജടിലമായ വിശകലനങ്ങൾ രാജ്യത്തിന്റെ അടിസ്ഥാന ബഹുസ്വര മൂല്യങ്ങളെ തുരങ്കം വെക്കാൻ മാത്രമേ ഉപകരിക്കൂ. ഒരു കലാകാരന്റെ ആവിഷ്‌കാര സ്വാതന്ത്ര്യത്തെപ്പോലും നിഷേധിക്കുന്ന ഇത്തരം ഫാഷിസ്റ്റ് മനോഭാവങ്ങളെ സമൂഹം തള്ളിക്കളയുകയാണ് വേണ്ടത്. ഇന്ത്യയിൽ നടന്ന അധിനിവേശ വിരുദ്ധ പോരാട്ടങ്ങളുടെ ഒറ്റുകാരായി നിന്ന് ബ്രിട്ടീഷുകാരുടെ അടുത്തൂൺ പറ്റി ജീവിച്ചവരാണ് എക്കാലത്തും ചരിത്രവിരുദ്ധമായ പ്രചാരണങ്ങളുടെ മുൻനിരയിൽ എന്നത് കേവല യാദൃച്ഛികതയായി കാണരുത്.

ലോകത്തിന്റെ നാലിൽ ഒരു ഭാഗം അടക്കി വാണിരുന്ന ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ ചെറുത്തുനിൽപ്പിന്റെ കോട്ടകൾ തീർത്ത് അഞ്ചു മാസത്തേക്കാണെങ്കിൽ പോലും ഒരു "മലയാള രാജ്യം' സ്ഥാപിച്ച വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെപ്പോലെയുള്ള ധീര ദേശാഭിമാനികളെ സത്യസന്ധമായി ഓർത്തെടുക്കുന്നതും ആവിഷ്‌കരിക്കുന്നതും കാലത്തോട് ചെയ്യുന്ന നീതി മാത്രമാണ്. സർവ സന്നാഹങ്ങളും ഉപയോഗിച്ച് ചരിത്രത്തെ വക്രീകരിക്കുകയും പ്രതിലോമപരമായ ചരിത്ര നിർമിതി ഔദ്യോഗികമായിത്തന്നെ ആസൂത്രിതമായി നടത്തപ്പെടുകയും ചെയ്യുന്ന വർത്തമാന സാഹചര്യത്തിൽ വാരിയൻകുന്നന്റെ ചരിത്രത്തോട് നീതിപുലർത്തുന്ന വിപ്ലവകരമായ ഉദ്യമങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്. വർഗീയതയുടെ മേമ്പൊടി ചേർത്തു കുഴച്ച് വാർത്തെടുക്കുന്ന ചരിത്ര നിർമിതി അധിനിവേശ ശക്തികളുടെ ഏറ്റവും വലിയ ആയുധമാണെന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. പൃഥ്വിരാജും ആഷിക് അബുവും ഒരുമിച്ചു ചേർന്ന് നടത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ഓർമ്മപ്പെടുത്തലുകൾ ഇരുട്ടിന്റെ ശക്തികളെ തിരസ്‌കരിക്കാനുള്ള വിളക്കുമാടങ്ങളാകട്ടേ എന്ന് നമുക്കാശിക്കാം.

Comments