ലെനിൻ, മഹാത്മാഗാന്ധി

ലെനിനും മഹാത്മജിയും;
ഭാവിയുടെ സമരപാഠങ്ങൾ

‘‘ലെനിനും മഹാത്മാഗാന്ധിയും പരാജയപ്പെട്ടു എന്ന നിഗമനത്തിൽ ചിലരെത്തിയേക്കാം. അത് ശരിയല്ല എന്നാണ് ആദ്യം വ്യക്തമാക്കാനുള്ളത്. രണ്ടുപേരുടെയും സംഭാവനകൾ രണ്ടു വിധത്തിൽ മനുഷ്യരാശി ഭാവിയിൽ ചർച്ചചെയ്യുമെന്നതിൽ സംശയമില്ല’’- ലെനിന്റെ ചരമശതാബ്ദിയുമായി ബന്ധപ്പെട്ട് എം.എ. ബേബി എഴുതുന്നു.

വ്ലാദിമീർ ഇല്ലിച്ച് ഉല്യാനോവ് എന്ന വി.ഐ. ലെനിൻ (1870-1924) എറ്റവും മഹാനായ റഷ്യൻ നേതാവാണ്. ആധുനിക ഇന്ത്യയുടെ മഹാനായ നേതാവാണ് മഹാത്മാഗാന്ധി (1869- 1948). രണ്ടുപേരും സ്വന്തം രാജ്യങ്ങളുടെയും ലോകമാനവരാശിയുടെയും ചിന്തയിലും ജീവിതത്തിലും വലിയ സ്വാധീനം ചെലുത്തിയവരാണ്. സാമ്രാജ്യധിപത്യത്തിൽ നിന്ന് ഇന്ത്യയെ മോചിപ്പിക്കാനുള്ള പ്രക്ഷോഭത്തെ നയിച്ചതാണ് മഹാത്മഗാന്ധിയുടെ മഹത്വമെങ്കിൽ, സാർ ചക്രവർത്തിയുടെ നിഷ്ഠൂരവാഴ്ചയിൽ നിന്നും ചൂഷണ ഭരണക്രമത്തിൽ നിന്നും റഷ്യയെ വിമോചിപ്പിച്ച് സോഷ്യലിസ്റ്റ് റഷ്യക്ക് അടിത്തറ പാകിയെന്നതാണ് ലെനിന്റെ മഹത്വം.

വർഗീയ വാദിയുടെ വെടിയേറ്റു മരിച്ച മഹാത്മജിയുടെ നാട്ടിലിപ്പോൾ വർഗീയ ഭീകരത കൊടികുത്തിവാഴുകയാണ്.

മഹാത്മാഗാന്ധിയുടെ മൃതദേഹം പൊതുദർശനത്തിന് വെച്ചപ്പോൾ
മഹാത്മാഗാന്ധിയുടെ മൃതദേഹം പൊതുദർശനത്തിന് വെച്ചപ്പോൾ

വൻ റഷ്യൻ (വംശജരുടെ) ആധിപത്യം തിരുത്തിക്കുറിച്ച്, വ്യത്യസ്ത ദേശീയ ജനവിഭാഗങ്ങൾ15 സ്വതന്ത്ര റിപ്പബ്ലിക്കുകളായി സഹകരിച്ചും സഹവർത്തിച്ചും കഴിഞ്ഞ സോവിയറ്റ് യൂണിയൻ 1922-ൽ ലെനിന്റെ നേതൃത്വത്തിലാണ് സ്ഥാപിക്കപ്പെട്ടതെങ്കിൽ ഇപ്പോൾ തിരിച്ചറിയാനാവാത്ത മാറ്റങ്ങളാണ് അവിടെ. മുതലാളിത്തം സോഷ്യലിസത്തെ തള്ളിമാറ്റിയിരിക്കുന്നു അവിടെ. എല്ലാ ഘടക റിപ്പബ്ലിക്കുകളും അവരവരുടെ വഴിക്കു പിരിഞ്ഞുപോയി. റഷ്യയെ നാറ്റോ വളഞ്ഞുപിടിക്കാൻ കരുനീക്കം നടത്തിയതിനെ തുടർന്ന് റഷ്യയും യുക്രെയ്നും വിനാശകരമായ ഏറ്റുമുട്ടൽ തുടരുന്നു. ലെനിന്റെ സ്വപ്‌നങ്ങൾ താൽകാലികമായിട്ടാണെങ്കിലും അവിടെ കരിഞ്ഞുവീണു കഴിഞ്ഞു.

ഇരുവരുടെയും രാജ്യങ്ങളുടെ സമീപകാല ചരിത്രത്തെപ്പറ്റി ചുരുക്കിപ്പറഞ്ഞ കാര്യങ്ങൾ നോക്കുമ്പോൾ, മഹാന്മാരാണെങ്കിലും ലെനിനും മഹാത്മാഗാന്ധിയും പരാജയപ്പെട്ടു എന്ന നിഗമനത്തിൽ ചിലരെത്തിയേക്കാം. അത് ശരിയല്ല എന്നാണ് ആദ്യം വ്യക്തമാക്കാനുള്ളത്. രണ്ടുപേരുടെയും സംഭാവനകൾ രണ്ടു വിധത്തിൽ മനുഷ്യരാശി ഭാവിയിൽ ചർച്ചചെയ്യുമെന്നതിൽ സംശയമില്ല.

ചൂഷണമുക്തമായ ഒരു നവസമൂഹം സൃഷ്ടിക്കാനുള്ള പോരാട്ടത്തിൽ ഒരു പുതിയ യുഗം ഉദ്ഘാടനം ചെയ്ത ലെനിൻ വളരെ വലിയ പാഠങ്ങൾ മനുഷ്യസമൂഹത്തിന് നൽകിയിട്ടാണ് 54 വയസ് തികയും മുമ്പ് മരിച്ചത്. ഏഴു പതിറ്റാണ്ടിലധികം നിലനിന്ന സോവിയറ്റ് യൂണിയൻ, മുതലാളിത്ത സമൂഹത്തിന് സ്വപ്‌നം കാണാൻ കഴിയാത്ത നേട്ടങ്ങൾ കൈവരിച്ച ഒരു സോഷ്യലിസ്റ്റ് മാതൃകക്ക് അടിത്തറയിടുകയും ചെയ്തു.

ലോക ജനസംഖ്യയുടെ അഞ്ചിലൊന്ന് ജീവിക്കുന്ന ചൈനയും ക്യൂബയും വിയറ്റ്നാമും ലവോസും വരെയുള്ള രാജ്യങ്ങൾ മാർക്‌സിസ്റ്റ്- ലെനിനിസ്റ്റ് തത്വവും പ്രയോഗവും നടപ്പാക്കാൻ ഇന്നത്തെ ലോകത്തും ശ്രമം തുടരുകയാണ്.

ലെനിൻ വികസിപ്പിച്ച സോഷ്യലിസ്റ്റ് സമൂഹനിർമാണ മാതൃക, ഓരോ രാജ്യത്തിന്റെയും സവിശേഷത മൂർത്തമായി പരിശോധിച്ച് ശരിയും ശാസ്ത്രീയവുമായ നവസമൂഹനിർമിതിക്ക് നിരന്തര നവീകരണത്തിലൂടെ ശ്രമിക്കണമെന്ന വൈരുദ്ധ്യത്മക സമ്പ്രദായമാണ്. ലോക ജനസംഖ്യയുടെ അഞ്ചിലൊന്ന് ജീവിക്കുന്ന ചൈനയും ക്യൂബയും വിയറ്റ്നാമും ലവോസും വരെയുള്ള രാജ്യങ്ങൾ മാർക്‌സിസ്റ്റ്- ലെനിനിസ്റ്റ് തത്വവും പ്രയോഗവും നടപ്പാക്കാൻ ഇന്നത്തെ ലോകത്തും ശ്രമം തുടരുകയാണ്. അതിനോട് ചേർത്തുപറയാനാവില്ലെങ്കിലും കമ്യൂണിസ്റ്റ് (മാർക്‌സിസ്റ്റ്) പാർട്ടി നേതൃത്വം നൽകുന്ന എൽ.ഡി.എഫ് സർക്കാർ ഇപ്പോഴും (1957- ലെ അനുഭവങ്ങൾകൂടി കണക്കിലെടുത്ത്) നടപ്പാക്കാൻ ശ്രമിക്കുന്ന ചെറുതും വലുതുമായ ജനക്ഷേമ പ്രവർത്തനങ്ങളും ബദലുകളും ലെനിൻ വികസിപ്പിച്ച് നടപ്പിലാക്കിയ സാമ്പത്തിക നയപരിപാടിയിൽ നിന്ന് പരോഷമായ പ്രചോദനമുൾക്കൊണ്ടുകൊണ്ടാണ്.

ദാരിദ്ര്യം, നിരക്ഷരത, തൊഴിലില്ലായ്മ, പട്ടിണി, ഭവന പ്രശ്‌നം, അനാരോഗ്യം തുടങ്ങിയ വൻ പ്രശ്‌നങ്ങൾ പരിഹരിക്കുകയും കലയിലും സംസ്‌കാരത്തിലും കായികമേഖലയിലും വൻ കുതിപ്പ് നടത്തുകയും സ്ത്രീതുല്യതയും ശാക്തീകരണവും വലിയൊരളവോളം ഉറപ്പാക്കുകയും (ഇസഡോറ ഡങ്കൺ, തന്റെ ആത്മകഥയിൽ ഇത് വ്യക്തമാക്കുന്നുണ്ട്.) ചെയ്തു.

ഇസഡോറ ഡങ്കൺ
ഇസഡോറ ഡങ്കൺ

ബഹിരാകാശ ശാസ്ത്രരംഗത്ത് അമ്പരപ്പിക്കുന്ന നേട്ടങ്ങൾ കൈവരിക്കുകയും ചെയ്തു സോവിയറ്റ് യൂണിയൻ ഹിറ്റ്‌ലർ നാസിസത്തിന്റെ ലോകാധിപത്യ നീക്കത്തെ ചെറുത്തുനിന്നും തിരിച്ചടിച്ചും ലോകമാനവികതയെ കാത്തുരക്ഷിക്കുന്നതിൽ സോവിയറ്റ് ചുവപ്പുസേനയുടെ മഹത്തായ പങ്കും അവരുടെ ത്യാഗവും ധീരതയും ചരിത്രത്തിന്റെ ഭാഗമാണ്. ഈ നേട്ടങ്ങളിലെല്ലാം സൈദ്ധാന്തികനും പോരാളിയും ഭരണതന്ത്രജ്ഞനുമായ ലെനിന്റെ അടിസ്ഥാനവും പരിശീലനവും പാരമ്പര്യവും പ്രധാന ഘടകമാണെന്നത് മറക്കാനാകില്ല. അവരുടെ ചരിത്രത്തിന്റെ മറ്റൊരു ഘട്ടത്തിൽ ആ പാഠങ്ങൾ മറക്കുകയോ അവഗണിക്കുകയോ ചെയ്തതാണ് അവിടെ തിരിച്ചടിയുണ്ടാകാനുള്ള കാരണം. അത് താത്കാലികമാണെന്നും തെറ്റ് തിരുത്തി തിരിച്ചടി മറികടന്ന് തിരിച്ചുവരാൻ കഴിയും, ലെനിന്റെ പിന്മുറക്കാർക്ക് എന്ന ആത്മവിശ്വാസമാണ് കമ്യൂണിസ്റ്റ്കാരും സോഷ്യലിസ്റ്റ് വിശ്വാസികളും മുറുകെപ്പിടിക്കുന്നത്.

മഹാശക്തിയെന്ന് അഹങ്കരിച്ച ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ മുട്ടുകുത്തിക്കുന്നതിൽ മഹാത്മാഗാന്ധിയുടെ നേതൃപാടവം അനിഷേധ്യമാണ്. കമ്യൂണിസ്റ്റുകാരും മറ്റ് രാഷ്ട്രീയ ചിന്താഗതിക്കാരും സംവാദങ്ങളിൽ ഏർപ്പെട്ടുകൊണ്ട് ഗാന്ധിജിയുടെ നേതൃത്വം അംഗീകരിച്ചു. ആർ.എസ്.എസ് മാത്രമാണ് സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കാതെ മാറിനിന്ന ഒരു രാഷ്ട്രീയധാര. അവരുടെ വിചാരധാര മുസ്‍ലിംകളെയും ക്രിസ്ത്യാനികളെയും കമ്യൂണിസ്റ്റുകാരെയും ആഭ്യന്തര ശത്രുക്കളായി പ്രഖ്യാപിച്ചു. ബ്രിട്ടീഷ് സാമ്ര്യാജ്യത്വത്തെ എതിർത്തതുമില്ല.

‘എനിക്ക് രാമനെന്നു പറഞ്ഞാൽ റഹീമും കൂടിയാണ്’ എന്ന് ഉറക്കെ പറഞ്ഞതിന് കൊല ചെയ്യപ്പെട്ട മഹാത്മാഗാന്ധിയുടെ പാഠങ്ങൾ വർഗീയതക്കെതിരായ ഇന്ത്യയുടെ സമരത്തിൽ പ്രധാനമാണ്.

സ്വാതന്ത്ര്യസമ്പാദനത്തിന്റെ നിമിഷങ്ങളിൽ ഒരു സന്ദേശം നൽകാൻ പോലും തയ്യാറാകാത്തവിധം മനസ്സ് തകർന്ന് മരവിച്ചിരിക്കുകയായിരുന്നു ഗാന്ധിജിയെന്നത് പ്രസിദ്ധം. വർഗീയതയുടെ അഴിഞ്ഞാട്ടത്തിൽ മനംനൊന്ത് മനുഷ്യനെ ഒന്നിപ്പിക്കാനുള്ള സ്നേഹമന്ത്രവുമായി ഗാന്ധിജി നവഖാലിയിലും ദൽഹിയിലും തേങ്ങുന്ന മനസുമായി സഞ്ചരിച്ചു. ഒരു പരിധിവരെ സാങ്കൽപിക സോഷ്യലിസ്റ്റായിരുന്ന, ട്രസ്റ്റി ഷിപ്പുപോലുള്ള കാല്പനിക അപ്രായോഗിക പദ്ധതികൾ അവതരിപ്പിച്ച മഹാത്മജി, ഒടുവിൽ വർഗീയവാദികളുടെ കൊലപാതകപദ്ധതിയുടെ ഇരയായി രക്തസാക്ഷിത്വം വഹിച്ചു. ഗോഡ്സേ നടപ്പാക്കിയത് സവർക്കറുടെ പദ്ധതിയായിരുന്നു. സവർക്കറെ രാഷ്ട്രീയഗുരുവായി പരസ്യമായി പ്രഖ്യാപിച്ചയാളാണ് ഇന്ന് ഇന്ത്യയുടെ ചെങ്കോലേന്തി രാഷ്ട്രീയത്തെ മതവൽക്കരിക്കുകയും പള്ളി പൊളിച്ച് സ്ഥാപിക്കുന്ന ക്ഷേത്രത്തെ രാഷ്ട്രീയപരിപാടിയാക്കുകയും ചെയ്യുന്നത്. ‘എനിക്ക് രാമനെന്നു പറഞ്ഞാൽ റഹീമും കൂടിയാണ്’ എന്ന് ഉറക്കെ പറഞ്ഞതിന് കൊല ചെയ്യപ്പെട്ട മഹാത്മാഗാന്ധിയുടെ പാഠങ്ങൾ വർഗീയതക്കെതിരായ ഇന്ത്യയുടെ സമരത്തിൽ പ്രധാനമാണ്.

ഗാന്ധി വധത്തിൽ കുറ്റാരോപിതരയാവർ. ഇരിക്കുന്നവരിൽ രണ്ടാമത് വി.ഡി. സവർക്കർ, വലതുവശത്ത് നാഥുറാം വിനായക് ഗോഡ്‌സെ
ഗാന്ധി വധത്തിൽ കുറ്റാരോപിതരയാവർ. ഇരിക്കുന്നവരിൽ രണ്ടാമത് വി.ഡി. സവർക്കർ, വലതുവശത്ത് നാഥുറാം വിനായക് ഗോഡ്‌സെ

ഒരോ രാജ്യത്തെയും മൂർത്ത സാഹചര്യങ്ങൾ സൂക്ഷ്മമായി പഠിച്ചും അതിലുണ്ടാവുന്ന മാറ്റങ്ങൾ സദാ അപഗ്രഥിച്ചും സമീപനങ്ങളും സമരസംഘടനാ പ്രവർത്തനങ്ങളും സർഗാത്മകമായി രൂപപ്പെടുത്തിയാൽ ചൂഷണമുക്തമായ മനുഷ്യസമൂഹം ഭാവിയിൽ യാഥാർഥ്യമാക്കാമെന്ന് സോവിയറ്റ് യൂണിയന്റെ ആദ്യഘട്ടത്തിലെ പ്രവർത്തനങ്ങളിലൂടെ ലോകത്തിന് പഠിക്കാൻ അവസരമുണ്ടാക്കിയ ലെനിന്റെ ചരമശതാബ്ദി അർത്ഥവത്താക്കുവാൻ ഒരുവർഷക്കാലം നമുക്ക് ഗൗരവമുള്ള സംവാദങ്ങൾ ഉയർത്തികൊണ്ടുവരാം. അക്കാര്യത്തിൽ ലെനിനും ഗാന്ധിജിയും ഒരേപോലെ തൽപരരായിരുന്നു.


Summary: ലെനിനും ഗാന്ധിയും പരാജയപ്പെട്ടു എന്ന നിഗമനത്തിൽ ചിലരെത്തിയേക്കാം. അത് ശരിയല്ല എന്നാണ് ആദ്യം വ്യക്തമാക്കാനുള്ളത്. രണ്ടുപേരുടെയും സംഭാവനകൾ രണ്ടു വിധത്തിൽ മനുഷ്യരാശി ഭാവിയിൽ ചർച്ചചെയ്യുമെന്നതിൽ സംശയമില്ല


എം.എ. ബേബി

സി.പി.ഐ (എം) പോളിറ്റ് ബ്യൂറോ അംഗം, സാംസ്കാരിക പ്രവർത്തകൻ. എന്റെ എസ്.എഫ്.കെ കാലം, നോം ചോംസ്കി: നൂറ്റാണ്ടിന്റെ മനസ്സാക്ഷി (എഡിറ്റർ) തുടങ്ങിയ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments