‘ഞങ്ങൾ മനുഷ്യരാണ്’; അക്രമമുദ്ര ചാർത്തപ്പെട്ട ജരാവ ഗോത്രം പറയുന്നു

ആൻഡമാൻ നിക്കോബാർ ദ്വീപ് സമൂഹത്തിന്റെ ചരിത്രത്തെയും സംസ്കാരത്തെയും സാമൂഹിക ശാസ്ത്രത്തെയും വേറിട്ടൊരു പരിപ്രേക്ഷ്യത്തിൽ വിശകലനം ചെയ്യുന്ന പഠനപരമ്പരയുടെ ആറാം ഭാഗം. ആൻഡമാനിൽ അക്രമികളുടെ ഗോത്രം എന്ന് മുദ്രകുത്തപ്പെട്ട ജരാവ ഗോത്രത്തിനെക്കുറിച്ച്.

ആൻഡമാൻ നിക്കോബാറിന്റെ
തനി മണ്ണും തനി മനുഷ്യരും- 6

സ്വാതന്ത്ര്യാനന്തരം ഏറ്റവും കൂടുതൽ ചർച്ചകൾക്കു വിധേയമായ ആൻഡമാനിലെ നെഗ്രിറ്റോ ഗോത്രവംശജരാണ് ജരാവ. ജരാവ എന്നോ ജാരവ എന്നോ ഒക്കെ വിളിപ്പേരുള്ള ഈ ഗോത്രജനത ബ്രിട്ടീഷുകാരുടെ സൗഹൃദ സമ്പർക്ക പദ്ധതിക്കടിമപ്പെടാതെ എല്ലാ സമ്മർദ്ദങ്ങളെയും പ്രതിരോധിച്ച്, സ്വത്വം കാത്ത ജനതയാണ്. അവർ സ്വയം പറയുന്നത് ‘മേ യെങ് ഡാ’ എന്നാണ്. ‘ഞാൻ മനുഷ്യനാണ്’ എന്നാണർഥം. ചിലർ അങ് എന്നും പ്രചരിപ്പിക്കുന്നുണ്ട്.

ജരാവ, ഗ്രേറ്റ് ആൻഡമാൻ പ്രദേശങ്ങളിലാണ് വസിക്കുന്നതെങ്കിലും അവർ ഗ്രേറ്റ് ആൻഡമാനിസ് ഗോത്രങ്ങളിൽ പെടുന്നവരല്ല. ബ്രിട്ടീഷ് അധിനിവേശത്തോടു മാത്രമല്ല ഇന്ത്യൻ അധിനിവേശത്തോടും പൊരുത്തപ്പെടാത്ത, അന്യസാന്നിധ്യത്തോടുള്ള എതിർപ്പുമായി ശത്രുതാ മനോഭാവത്തോടെ ജീവിക്കുന്നവരാണിവർ. സൗത്ത് ആൻഡമാനിന്റെയും മിഡിൽ ആൻഡമാനിന്റെയും ഉൾക്കാട്ടിലും പടിഞ്ഞാറേ തീരപ്രദേശത്തുമായി അധിവസിക്കുന്നു. കൊളോണിയൽ- കൊളോണിയൽ അനന്തര കാലങ്ങളിൽ മെരുങ്ങാത്ത, അക്രമാസക്തരായ ഒരു വിഭാഗമായിരുന്നു ഇവർ. അയൽവാസികളായിരുന്ന ആൻഡമാനിസ് ഗോത്രക്കാരുമായും ബ്രിട്ടീഷുകാരുമായും ഏറ്റുമുട്ടിയിരുന്ന ഈ വിഭാഗം സ്വാതന്ത്ര്യാനന്തരം പുനരധിവാസ കുടിയേറ്റക്കാരുമായും നിരന്തരം സംഘർഷത്തിലായിരുന്നതുകൊണ്ട് എപ്പോഴും വാർത്താസാന്നിധ്യമായി.

ഏകപക്ഷീയമായി ചാർത്തിയ വിശേഷണങ്ങളിലൂടെയാണ് ജരാവയെ കുറിച്ചുള്ള പൊതുബോധ നിർമിതി നടന്നിരിക്കുന്നത്.

സമകാലത്ത് വിപുലമായ അന്തർദേശീയ പ്രാധാന്യം കൈവന്ന ഗോത്രമാണിത്. നഗ്നജനത, ആക്രമണകാരികൾ, മെരുങ്ങാത്തവർ, ക്രൂരജനത, അന്യരെ ഉൾക്കൊള്ളാത്തവർ എന്നിങ്ങനെ വിശേഷണങ്ങൾ ഏറെയുണ്ടിവർക്ക്. ജരാവകളെക്കുറിച്ച് പരന്ന കഥകളും ഉപകഥകളും പുറത്തുള്ളവർ സൃഷ്ടിച്ചവയാണ്. കൊളോണിയൽ ഭരണാധികാരികൾ, നരവംശവിജ്ഞാനികൾ, ഇന്ത്യൻ നരവംശ, ഭാഷാഗവേഷകർ, ആൻഡമാൻ ഭരണകൂടം, പോലീസ്, വനപാലകർ, പുനരധിവാസ സമീപവാസികൾ, മാധ്യമപ്രവർത്തകർ എന്നിങ്ങനെ ഭിന്ന വ്യവഹാര നിർമാതാക്കളുണ്ട്. അവർ ഏകപക്ഷീയമായി ചാർത്തിയ വിശേഷണങ്ങളിലൂടെയാണ് ജരാവയെ കുറിച്ചുള്ള പൊതുബോധ നിർമിതി നടന്നിരിക്കുന്നത്.

ബ്രിട്ടീഷ് രേഖകളിൽ നിന്നു മനസ്സിലാകുന്നത്, അധിനിവേശത്തിന്റെ ആദ്യഘട്ടത്തിൽ ജരാവ ആക്രമണകാരികളല്ലായിരുന്നുവെന്നാണ്.

കേരളത്തിന്റെ ഇപ്പോഴത്തെ വന്യജീവി -മനുഷ്യ സംഘർഷങ്ങളുടെ പശ്ചാത്തലം ഉഭയ അതിജീവനത്തെ കുറിച്ചുള്ള ചർച്ചകൾക്കു കളമൊരുക്കുകയും അവയിൽ മാനവപക്ഷത്തിനായുള്ള ഏകപക്ഷീയ വാദങ്ങൾ വന്യജീവി പ്രതിനിധാനമില്ലാത്ത സന്ദർഭത്തിൽ കൂടുതൽ ശക്തിയാർജിക്കുന്നതുപോലെ പ്രാക്തന തനതുവാസികളും കുടിയേറ്റക്കാരും തമ്മിലുള്ള സംഘർഷം മിക്കപ്പോഴും സഹജീവന പ്രതിസന്ധിയെന്നതിലുപരി ജരാവയെ പ്രതിസഥാനത്തു പ്രതിഷ്ഠിച്ചാണ് മുന്നേറുന്നത്. സമാന പൗരത്വമുള്ള രണ്ടു വ്യത്യസ്ത ഉപജീവന - സാംസ്കാരിക- ചരിത്ര പ്രതിനിധാന ജനവർഗങ്ങൾ തനതുവാസികളും കുടിയേറ്റക്കാരുമായി ഏറ്റുമുട്ടുന്ന സാഹചര്യത്തെയാണ് ആഴത്തിൽ അന്വേഷിച്ചറിയേണ്ടത്.

ജരാവ ചരിത്രത്തിന് രണ്ടു പ്രധാന ഘട്ടങ്ങളുണ്ട്. കൊളോണിയൽ കാലം മുതൽ 1996 വരെയുള്ള അക്രമാസക്തരായ ജരാവവർഗചരിത്രവും 1997 മുതൽ അക്രമാസക്ത പ്രതികരണ ശോഷണം സംഭവിച്ച ജരാവവർഗ ചരിത്രവും. ആദ്യഘട്ടത്തെക്കുറിച്ചാണ് ഇവിടെ പറയുന്നത്. അവകാശത്തെക്കുറിച്ചും അതിർത്തിയെ കുറിച്ചും പ്രതിനിധാനത്തെ കുറിച്ചുമുള്ള നമ്മുടെ അറിവിന്റെ ഏകപക്ഷീയതയും അന്യപക്ഷീയതയും ഉൾക്കൊള്ളലിന്റെയും ബഹിഷ്കരണത്തിന്റെയും സാംസ്‌കാരിക രാഷ്ട്രീയവും അടുത്തറിയാൻ ജരാവ സന്ദർഭം സഹായിക്കും.

ജരാവ അക്രമാസക്ത ഗോത്രമോ?

കൊളോണിയൽ കാലത്തുതന്നെ ജരാവ ഗ്രേറ്റ് ആൻഡമാനിലുള്ള ഗോത്രങ്ങളിൽ നിന്ന് ഭിന്നരാണെന്നും എന്നാൽ ലിറ്റിൽ ആൻഡമാൻ ജനതയായ ഒങ്ങേയുമായി ബന്ധപ്പെട്ടവരാണെന്നും മനസ്സിലാക്കിയിരുന്നു. ബ്രിട്ടീഷ് കൊളോണിയലിസത്തിനു കീഴ്പ്പെടാത്ത അക്രമാസക്ത ഗോത്രം എന്ന അറിവാണ് ഇന്ത്യൻ ഭരണകൂടത്തിനുണ്ടായിരുന്നത്. ഗ്രേറ്റ് ആൻഡമാനിസിന്റെ വംശനാശം നിമിത്തം പ്രധാനമായും ഗ്രേറ്റ് ആൻഡമാൻ പ്രദേശത്തു അവശേഷിച്ച തനതു ഗോത്രം. ബ്രിട്ടീഷ് രേഖകളിൽ നിന്നു മനസ്സിലാകുന്നത്, അധിനിവേശത്തിന്റെ ആദ്യഘട്ടത്തിൽ ജരാവ ആക്രമണകാരികളല്ലായിരുന്നുവെന്നാണ്. ബ്രിട്ടീഷുകാരും ഗ്രേറ്റ് ആൻഡമാനിസുകളും കൂടി അവരെ ശല്യപ്പെടുത്തി തുടങ്ങിയതോടെ അവരുടെ പ്രതികരണം ആക്രമണസ്വഭാവമുള്ളതായി. അതോടെ ശിക്ഷാനടപടിയായി ബ്രിട്ടീഷുകാർ ജരാവ ഹത്യയും ആരംഭിച്ചു. സംഘർഷം രക്തരൂക്ഷിതമായിരുന്നു.

ബ്രിട്ടീഷ് കൊളോണിയലിസത്തിനു കീഴ്പ്പെടാത്ത അക്രമാസക്ത ഗോത്രം എന്ന അറിവാണ് ജരാവകളെക്കുറിച്ച് ഇന്ത്യൻ ഭരണകൂടത്തിനുണ്ടായിരുന്നത്.

ജരാവയെ കുറിച്ച് അധികവും അഭ്യുഹങ്ങളാണ് ബ്രിട്ടീഷുകാർക്കുണ്ടായിരുന്നത്. ജരാവ ജനസംഖ്യ എപ്പോഴും ഏകദേശ കണക്കുകളായിരുന്നു. 1901- 585, 1911-114, 1921-114, 1931-70, 1951-50, 1961- 500, 1971-250, 1981-250, 1991-280, 2001-240.
1991 വരെ തലയെണ്ണിയുള്ള വിവരമല്ലായിരുന്നു രേഖപ്പെടുത്തിയിരുന്നത്. ഇപ്പോഴും 300- ൽ താഴെ മാത്രം അംഗബലമുള്ള ഗോത്രമാണിത്.

ആൻഡമാനിൽ മുഖ്യഭൂമിയിലെ / അതിർത്തികളിലെ അഭയാർഥി ജനതയുടെ പുനരധിവാസത്തിലൂടെ ഇന്ത്യൻ അധിനിവേശം പൂർണമാക്കുകയായിരുന്നു സ്വാതന്ത്ര്യാനന്തരം ഇന്ത്യൻ ഭരണകൂടത്തിന്റെ താല്പര്യം. അതിലൂടെ, മുഖ്യഭൂമിയിൽനിന്ന് ഏറെ ദൂരെയുള്ള ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ അവകാശം സാധുകരിക്കുകയായിരുന്നു. മുഖ്യഭൂമിയിൽ നിന്നുള്ള പുനരധിവാസം ആരംഭിക്കുന്നതിനു മുമ്പുതന്നെ തടവുകാരുടെതായ ആവാസയിടങ്ങൾ രൂപം കൊണ്ടിരുന്നു.

ജരാവാ ഗോത്രത്തെ മെരുക്കിയെടുത്ത് സംഘർഷം ഒഴിവാക്കാൻ ബ്രിട്ടീഷുകാർ തുടങ്ങിവച്ച സൗഹൃദ സമ്പർക്കമല്ലാതെ ആൻഡമാൻ ഭരണകൂടത്തിനു മറ്റു വഴിയുണ്ടായിരുന്നില്ല. അവർ അതിനായി സമ്പർക്ക ശ്രമങ്ങൾ ആരംഭിച്ചു.

കൊളോണിയൽകാലത്തുതന്നെ തടവുകാരും കുടുംബവുമടങ്ങുന്ന കാർഷിക ഗ്രാമങ്ങൾ നിലവിൽവന്നു. അവശേഷിച്ച ജരാവ ഗോത്രക്കാരുമായി മണ്ണുപങ്കിടലിന്റേതായ ചില പ്രശ്നങ്ങൾ അക്കാലത്തെ രൂപപ്പെട്ടിരുന്നു. ജരാവാ ഗോത്രത്തെ മെരുക്കിയെടുത്ത് സംഘർഷം ഒഴിവാക്കാൻ ബ്രിട്ടീഷുകാർ തുടങ്ങിവച്ച സൗഹൃദ സമ്പർക്കമല്ലാതെ ആൻഡമാൻ ഭരണകൂടത്തിനു മറ്റു വഴിയുണ്ടായിരുന്നില്ല. അവർ അതിനായി സമ്പർക്ക ശ്രമങ്ങൾ ആരംഭിച്ചു. 1970- കൾ വരെ അതൊന്നും വിജയിച്ചില്ല. തനത് ആദിവാസികളുടെ അവകാശം സംരക്ഷിക്കാൻ 1956- ൽ തന്നെ ഭാരത സർക്കാർ ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹത്തെ ട്രൈബൽ റിസർവായി പ്രഖ്യാപിച്ചു. എങ്കിലും പുനരധിവാസ പദ്ധതി നടപ്പിലാക്കാതിരിക്കാൻ സർക്കാരിനു കഴിയുമായിരുന്നില്ല. പുനരധിവാസം പുതിയ സംഘർഷങ്ങൾക്കു കാരണമായതയോടെ 1979- ൽ ട്രൈബൽ റിസർവ് എന്നത് പരിഷ്കരിച്ച്, സൗത്ത് ആൻഡമാനിലും മിഡിൽ ആൻഡമാനിലുമായി 765 കി.മീ സ്ഥലം ജരാവ റിസർവാക്കി.

ജരാവ ഗോത്ര പ്രദേശത്തേക്ക് പ്രവേശിക്കുന്നിടത്ത് സന്ദർശകർക്കായി ആൻഡമാൻ നിക്കോബാർ ഭരണകൂടം സ്ഥാപിച്ചിരിക്കുന്ന സൂചനാ ബോർഡ്.

അതായത്, ആൻഡമാനിൽ ജരാവ ഗോത്രത്തിന് സർക്കാർ നിർണയിച്ചതുപോലെ കുടിയേറ്റക്കാർക്കും ഭൂ അവകാശം കൈവന്നു. നേരത്തെ ജരാവ ഗോത്രം സ്വന്തമാക്കിയിരുന്ന ഇടങ്ങളിലെ ചിലയിടങ്ങൾ പുനരധിവാസത്തിലൂടെ കുടിയേറ്റക്കാരുടേതായി മാറി. അന്യരുടെ സാന്നിധ്യം അംഗീകരിക്കാൻ ജരാവ ഗോത്രത്തിനു കഴിയുമായിരുന്നില്ല. അവരുടെ സ്വൈരജീവിതത്തിന് വിഘാതമായ കടന്നുകയറ്റമായേ അവർക്കതിനെ കാണാനാവുമായിരുന്നുള്ളൂ. ഇരു കൂട്ടരും ഒരേമണ്ണിൽ സഹവസിക്കുമ്പോൾ ജരാവ പൊരുത്തപ്പെടുമെന്ന ധാരണയായിരിക്കാം അധികാരികൾക്കുണ്ടായിരുന്നത്. അല്ലെങ്കിൽ അർഹമായത് അതിജീവിക്കട്ടെ എന്ന ദുഷ് ചിന്തയുമാകാം. കാലമേറെ കഴിഞ്ഞിട്ടും സംഘർഷത്തിന് അയവു വന്നില്ല. പൊരുത്തക്കേടുകൾ അനുദിനം വർധിച്ചുവെങ്കിലും 1997- നുശേഷം സഹജീവനത്തിൽ അയവു കാണുന്നു. അതാകട്ടെ, ജരാവ ഗോത്രത്തിന്റെ സ്വത്വനാശം അടയാളപ്പെടുത്തുന്നു.

ജരാവ സൗഹൃദ സമ്പർക്ക പരിപാടി

സ്വാതന്ത്ര്യാനന്തരം പുനരധിവാസ ജനതയുമായി നിരന്തരം ഏറ്റുമുട്ടലുണ്ടാകുന്നതുകൊണ്ട് ജരാവ ഗോത്രത്തെ എങ്ങനെയും മെരുക്കേണ്ടത് ഒരു ഭരണകൂട ആവശ്യമായി. ബ്രിട്ടീഷുകാർ ആൻഡമാനികൾക്കിടയിലും ഒങ്ങേ ഗോത്രത്തിനിടയിലും തുടങ്ങിവച്ച സൗഹൃദസമ്പർക്ക പരിപാടി ജരാവായുടെ കാര്യത്തിലും നടപ്പിലാക്കാൻ ആൻഡമാൻ ഭരണകൂടം ശ്രമമാരംഭിച്ചു. ദീർഘകാലത്തെ ശ്രമത്തിനൊടുവിലായി 1974- ൽ മിഡിൽ ആൻഡമാനിലെ ചിലരുമായി ബന്ധം സ്ഥാപിക്കാനായി. സമ്മാനങ്ങളുമായി പോയ സമ്പർക്ക പാർട്ടിയെ അമ്പും വില്ലുമുപയോഗിച്ച് ആക്രമിക്കാതെ തീരത്തുണ്ടായിരുന്ന ജരാവ അംഗങ്ങൾ സ്വീകരിച്ചു. അതോടെ, പ്രതിമാസ സമ്പർക്കപരിപാടി ആരംഭിച്ചു. പൗർണമി ദിനമാണ് ഇതിനു തിരഞ്ഞെടുത്തത്.

പൗർണമി ദിവസങ്ങളിൽ മിഡിൽ ആൻഡമാൻ ജരാവകൾ തീരത്തുണ്ടാകുമെന്ന നിരീക്ഷണമായിരുന്നു ഇതിനു പിന്നിൽ. ഈ സമ്പർക്ക പാർട്ടിയിൽ ഡെപ്യൂട്ടി കമീഷണർ, പോലീസ് സൂപ്രണ്ട്, ആന്ത്രോപോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ ഡെപ്യൂട്ടി ഡയറക്ടർ, സെൻസസ് ഡെപ്യൂട്ടി ഡയറക്ടർ, മെഡിക്കൽ ഓഫീസർ, പുരുഷനഴ്സ്, പോലീസ് ഡെപ്യൂട്ടി സൂപ്രണ്ടായി വിരമിച്ച ഭക്തവർ സിംഗ് എന്നിവരെ ഉൾക്കൊള്ളിച്ചു. എപ്പോഴും ഈ അംഗങ്ങൾ മാത്രമേ പോകാവൂ എന്നില്ല, അതതു വിഭാഗങ്ങളിൽ നിന്നുള്ള പ്രതിനിധികളുമാകാം. സമ്പർക്കസംഘത്തിൽ നിന്ന് ജരാവകൾക്ക് പകർച്ചവ്യാധി ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലെടുത്തിരുന്നു.

ജരാവയെ കുറിച്ച് അധികവും അഭ്യൂഹങ്ങളാണ് ബ്രിട്ടീഷുകാർക്കുണ്ടായിരുന്നത്. 1991 വരെ തലയെണ്ണിയുള്ള വിവരമല്ലായിരുന്നു രേഖപ്പെടുത്തിയിരുന്നത്. ഇപ്പോഴും 300- ൽ താഴെ മാത്രം അംഗബലമുള്ള ഗോത്രമാണിത്.

സമ്മാനം നൽകി അവരുമായി സൗഹൃദബന്ധം സ്ഥാപിക്കുകയായിരുന്നു സമ്പർക്കസംഘത്തിന്റെ ആദ്യ ഉത്തരവാദിത്തം. അതോടൊപ്പം അവരെ നിരീക്ഷിച്ചറിയുക എന്ന നരവംശസമീപനവുമുണ്ടായിരുന്നു. ചുവന്ന തുണിക്കഷ്ണം, തേങ്ങ, പഴക്കുല എന്നിവയാണ് സമ്മാനമായി വിതരണം ചെയ്തിരുന്നത്. ക്രമേണ ഇരുമ്പുകഷ്ണങ്ങൾ, തീപ്പെട്ടി, പാചക പാത്രങ്ങൾ എന്നിവയും സമ്മാനങ്ങളിൽ ഉൾപ്പെടുത്തി. സമ്പർക്കപരിപാടി വലിയ മാറ്റമൊന്നും സൃഷ്ടിച്ചില്ല എന്നതാണ് വാസ്തവം. അവരുമായി സൗഹൃദമുണ്ടാക്കുക എളുപ്പമായിരുന്നില്ല. ഇരു കൂട്ടരും തമ്മിൽ ഭാഷാവിനിമയം സാധ്യമല്ലായിരുന്നു. സമ്മാനങ്ങൾ അവർ സ്വീകരിക്കുന്നുവെന്നതും സമ്പർക്ക സംഘത്തെ ആക്രമിക്കുന്നില്ല എന്നതുമാണ് സൗഹൃദമായി സംഘം അവകാശപ്പെട്ടിരുന്നത്. 1989 മാർച്ച് ഒന്നിനാണ് ആദ്യമായി സൗത്ത് ആൻഡമാൻ ജരാവകളുമായി സമ്പർക്കം ആരംഭിക്കാൻ കഴിഞ്ഞത്.

സൗഹൃദ സംഘാംഗമെന്ന നിലയിൽ ഒരുനുഭവം

1992 മുതൽ 1996 വരെ ഞാൻ സമ്പർക്ക സംഘത്തിലുണ്ടായിരുന്നു. അവരുടെ ഭാഷാപഠനത്തിനായിരുന്നു എന്നെ നിയോഗിച്ചത്. ജീവിതത്തിൽ അന്നുവരെ കാണാത്ത ജനത, കേൾക്കാത്ത ഭാഷ, ആക്രമണകാരികളെന്നു പേരെടുത്ത ഗോത്രം- ഇക്കൂട്ടരുമായി വിനിമയം സൃഷ്ടിക്കുക എളുപ്പമല്ല എന്നതാണ് കഴിഞ്ഞ ഇരുപതുവർഷത്തെ സമ്പർക്കാനുഭവം. അതിലേറെ പേടിപ്പിക്കുന്ന കഥകളാണ് ആന്ത്രപോളോജിക്കൽ സർവ്വേ സുഹൃത്തുക്കളിൽ നിന്നുള്ള കേട്ടറിവ്. ജോലിയിൽ പ്രവേശിച്ച ആദ്യ വാരം തന്നെ സമ്പർക്കസംഘത്തോടൊപ്പം യാത്ര തുടങ്ങി. മിലാലെ എന്ന ബോട്ടിലാണ് യാത്ര. വൈകുന്നേരം പോർട്ട് ബ്ലൈറിൽ നിന്നാരംഭിച്ച് പിറ്റേന്നുരാവിലെ മിഡിൽ ആൻഡമാനിലെത്തി. ബോട്ടിൽ നിന്നിറങ്ങി സംഘാംഗങ്ങൾ ഒരു വള്ളത്തിൽ കയറിയാണ് തീരത്തെത്തിയത്. മറ്റൊരു വള്ളത്തിൽ പോലീസ്. അവർക്കവിടെ ഇറങ്ങാൻ അനുവാദമില്ല, അവർ എല്ലാം നിരീക്ഷിച്ച് വള്ളത്തിൽത്തന്നെ ഇരിക്കണം. സമ്പർക്കസംഘത്തെ സംരക്ഷിക്കുകയാണ് അവരുടെ ഉത്തരവാദിത്തം.

അന്യരുടെ മുതൽ അനുവാദമില്ലാതെ എടുക്കാത്ത ജരാവ ഗോത്രക്കാരിൽ മറ്റുള്ളവരുടെ മുതൽ എടുക്കാമെന്നുള്ള ബോധമാണ് ‘സമ്മാന വിതരണം’ എന്ന പരിപാടിയിലൂടെ സാധ്യമാക്കിയത്.

പേടിയുണ്ടായിരുന്നുവെങ്കിലും മറ്റുള്ളവരോടൊപ്പം ഞാനും തീരത്തിറങ്ങി. പരിസരം നിരീക്ഷിച്ചു. അത് ലക്രലുങ്റ എന്ന സ്ഥലമാണെന്ന് സംഘാംഗങ്ങളിൽ നിന്ന് കേട്ടു. വള്ളത്തിൽ കൊണ്ടുവന്ന തേങ്ങയും വാഴക്കുലകളും തീരത്തിറക്കുകയായിരുന്നു ആദിമ ജനജാതി വികാസ സമിതി അംഗങ്ങൾ. തീരത്തിലാരെയും കണ്ടില്ല. കഴിഞ്ഞ ദിവസം രാത്രി മഴയായിരുന്നതുകൊണ്ടായിരിക്കാം അവർ തീരത്തിലില്ലാത്തത് എന്ന് സംഘാംഗങ്ങൾ പറഞ്ഞുകേട്ടു. അതുകൊണ്ട് മറ്റൊരു സ്ഥലമായ യാദിത പോയിന്റിലേക്കു പോയി നോക്കാം എന്നു തീരുമാനിച്ചു. അവിടെ തീരത്തിറങ്ങേണ്ടി വന്നില്ല. അനുഭവസ്ഥരായ സംഘാംഗങ്ങൾ ജരാവ തീരത്തില്ല എന്നുറപ്പിച്ചതോടെ തിരിച്ചുപോന്നു. ആദ്യയാത്രയിൽ അവരെ കാണാൻ കഴിയാത്തതിലുള്ള നിരാശയുണ്ടായിരുന്നെങ്കിലും പരിചിതരായ സംഘാംഗങ്ങളിൽ നിന്ന് അവരുടെ അനുഭവം കേട്ടറിയാനായി.

തൊട്ടടുത്തമാസം ചീഫ് സെക്രട്ടറി ഉൾപ്പടെയുള്ള സംഘം ലഫ് ഗവർണറുടെ കുട്ടിക്കപ്പലായ താർമുൻഗ്ളിയിലേക്കാണ് യാത്ര ചെയ്തത്. മിലാലേ യാത്രയേക്കാളും സുഖമുള്ള യാത്രയായിരുന്നു. തീരത്തെത്തുമ്പോൾ 38 പേരടങ്ങുന്ന ജരാവ സംഘത്തിലെ ചിലർ വള്ളത്തിലേക്ക് നീന്തിയടുത്തു. മറ്റു ചിലർ തീരത്ത് കാത്തുനിൽക്കുന്നു. ഓരോരുത്തരും സമ്മാനങ്ങൾ കൈക്കലാക്കുകയാണ്.

ചില ജരാവകൾ ഇരിക്കുന്നവരുടെ തോളത്തു കയറും, മറ്റു ചിലരുടെ പുറത്ത് ഒന്നിനുപുറകെ ഒന്നായി കയറും. മുഖത്തുവന്ന് വളി വിടും. ചില കുട്ടികൾ ചുമലിൽ മൂത്രമൊഴിക്കും. ഇതെല്ലം അവരുടെ വിനോദമാണ്. എന്റെ പുറത്തുകയറിയതു കാരണം മണ്ണിൽ പുതഞ്ഞിട്ട് ശ്വാസം വിടാൻ തന്നെ ഞാൻ ബുദ്ധിമുട്ടിയിട്ടുണ്ട്.

നിമിഷനേരംകൊണ്ട് സമ്മാനങ്ങൾ ശേഖരിച്ച് കരയിലെത്തിച്ചു. കുട്ടികളും സ്ത്രീകളുമാണ് ശേഖരിക്കുന്നതിൽ അമിത താല്പര്യം കാണിച്ചത്. ശേഖരിച്ച വസ്തുക്കൾ പ്രത്യേകം കൂട്ടി വയ്ക്കുന്നതിൽ നിന്ന് കുടുംബപങ്കുകളാണെന്നു മനസ്സിലാക്കാം. പുരുഷന്മാർ ഇരുമ്പുകഷ്ണങ്ങൾ കരസ്ഥമാക്കി. ചുവന്ന തുണിക്കഷ്ണങ്ങൾ ചിലർ നൂലുകളായി പിരിച്ചെടുക്കുന്നു. മറ്റു ചിലർ വാഴക്കായ് ചുട്ടെടുക്കുന്ന പണിയിലാണ്. സമ്പർക്ക സംഘത്തിലുള്ളവർ നിക്കറാണ് ധരിച്ചിരിക്കുന്നത്. നഗ്നരായ ജരാവകൾക്ക് മൂടിവയ്ക്കുന്നതെന്തെന്നറിയാനുള്ള ജിജ്ഞാസ കാരണം അവരിൽ ചിലർ വസ്ത്രപരിശോധന നടത്തുകയും മറ്റുള്ളവർ ആർത്തുചിരിക്കുന്നതും കാണാം. ശരീരത്തിലെ രോമങ്ങളും അവർക്കു തൊട്ടുനോക്കാൻ താല്പര്യമാണ്. ഭക്തവർ സിംഗിന്റെ കുടവയറാണ് കുട്ടികൾക്കു മറ്റൊരു താല്പര്യം. കുട്ടികൾക്ക് സമ്പർക്കം വലിയൊരു തമാശയാണ്. അവരല്ലാത്ത വരത്തരെ കളിക്കാനുള്ള വസ്തുക്കളായാണ് അവർ കാണുന്നത്. ചിലർ ഇരിക്കുന്നവരുടെ തോളത്തു കയറും, മറ്റു ചിലരുടെ പുറത്ത് ഒന്നിനുപുറകെ ഒന്നായി കയറും. മുഖത്തുവന്ന് വളി വിടും. ചില കുട്ടികൾ ചുമലിൽ മൂത്രമൊഴിക്കും. ഇതെല്ലം അവരുടെ വിനോദമാണ്. എന്റെ പുറത്തുകയറിയതു കാരണം മണ്ണിൽ പുതഞ്ഞിട്ട് ശ്വാസം വിടാൻ തന്നെ ഞാൻ ബുദ്ധിമുട്ടിയിട്ടുണ്ട്. കൈയിലുള്ള ടേപ്പ് റിക്കോഡർ പിടിച്ചെടുക്കാൻ ശ്രമിക്കുന്നതെല്ലാം അവർക്കു തമാശയാണ്.

മണ്ണും വിഭവങ്ങളും സംരക്ഷിക്കുക എന്നതിൽ ജരാവയ്ക്ക് വിട്ടുവീഴ്ച ചെയ്യാനാവില്ല. അവരുടെ ഉപജീവനം പൂർണമായും പ്രകൃതിയെ ആശ്രയിച്ചുള്ളതാണ്.

ഇവരുമായി ഫോട്ടോ പിടിക്കലാണ് സമ്പർക്ക സംഘത്തിന്റെ പ്രധാന പരിപാടികളിലൊന്ന്. ചിലർ ഹിന്ദിയിൽ അവരോട് നിർദ്ദേശങ്ങൾ നൽകുന്നതും കേൾക്കാം. അവർക്ക് ഒന്നും മനസിലാവില്ല. അതുകൊണ്ടുതന്നെ അവർ തമാശകൾ അവസാനിപ്പിക്കാറുമില്ല. ഇതെല്ലം നടക്കുമ്പോഴും ചില മുതിർന്നവർ സമ്മാനം വാങ്ങുകയോ സമ്പർക്ക പരിപാടിയിൽ പങ്കെടുക്കുകയോ ചെയ്യാതെ തുറിച്ച നോട്ടവുമായി കുത്തിയിരിക്കുന്നതും കാണാം. തുടക്കത്തിലുള്ള ആവേശം കുറച്ചുകഴിയുമ്പോൾ അവർക്കും നഷ്ടമാകും. അവർ അവരുടെ കാര്യങ്ങളിൽ വ്യാപൃതരാകും. ചുരുക്കത്തിൽ ഒന്നോ രണ്ടോ മണിക്കൂറായിരിക്കും സമ്പർക്കസമയം. അതുകഴിഞ്ഞ് സമ്പർക്കസംഘം തിരിച്ചുപോരുകയാണ് പതിവ്.

എന്തുപഠിച്ചു?

സമ്പർക്കവേളയിൽ ഞാൻ ഒരേ സമയം സമ്പർക്കസംഘത്തോടുള്ള ജരാവ പെരുമാറ്റവും ജരാവയോടുള്ള സമ്പർക്കസംഘത്തിന്റെ പെരുമാറ്റവും നിരീക്ഷിച്ചു. അതിൽനിന്ന് ചില കാര്യങ്ങൾ മനസിലാക്കി. ജരാവ അപരിഷ്കൃതരായ ജനതയാണെന്ന ബോധം പൊതുവിൽ പല സംഘാംഗങ്ങളും വച്ചുപുലർത്തുന്നുണ്ട്. പലരും നഗ്നജനതയെ അടുത്തുകാണുന്നതിന്റെ ആഘോഷമായും കാണുന്നു. ചിലരാകട്ടെ എന്തെങ്കിലും ഇവരെക്കുറിച്ചു മനസ്സിലാക്കി ലോകത്തെ അറിയിക്കാനുള്ള വ്യഗ്രതയിലും. ജരാവയുടെ തനത് യാഥാർഥ്യങ്ങളാണെന്ന രീതിയിൽ പുറത്തുനിന്നുളളവരൂടെ നിരീക്ഷണമായി പലതും പ്രചരിക്കുന്നുമുണ്ട്. അതിലൊന്ന് അവർക്കു ചുവപ്പുതുണി ഇഷ്ടമാണ് എന്നതാണ്. മറ്റൊന്ന്, അവർക്ക് സമ്പർക്കം ഇഷ്ടമാണ് എന്നതാണ്. ഇതൊക്കെ പുറത്തുനിന്നുള്ളവരുടെ ധാരണകളാണ്. ജരാവയുടെ ധാരണയെ കുറിച്ച് ഒന്നും അറിയില്ല, അതുകൊണ്ടാണ് ഞാൻ രണ്ടുവഴിക്കും കണ്ണോടിച്ചത്. പുറത്ത് ജരാവയെ കുറിച്ച് പ്രചരിക്കുന്നതൊന്നും അവർക്കറിയില്ല. അവർക്ക് പുറംലോകം ശത്രുക്കളുടെ ഇടമാണ്. ഇതിനിടയിൽ ചിലർ സമ്മാനങ്ങളുമായി വല്ലപ്പോഴും വരുന്നു. സ്വാഭാവിക സന്ദർഭമല്ല ഇത്. ദീർഘകാലം കൊണ്ട് അസ്വാഭാവികമായി സൃഷ്ടിച്ചെടുത്ത സന്ദർഭമാണ്. അവർക്കിടയിൽ അധ്വാനമില്ലാതെ ആഹാരം എന്ന സങ്കൽപ്പമില്ല. അവർക്കിടയിലേക്കാണ് ആഹാരസമ്മാനങ്ങൾ എത്തിച്ചത്. ആദ്യമൊക്കെ താല്പര്യം കാണിച്ചില്ലെങ്കിലും ആവർത്തനത്തിലൂടെ അനുകൂലനം സാധ്യമാക്കിയെടുത്തു, ആവർത്തിച്ചുള്ള ഉത്തേജനം അനുകൂല പ്രതികരണം സൃഷ്ടിച്ചു.

ജരാവ റിസർവ് എന്നത് സർക്കാർ നിശ്ചയിച്ചിരിക്കുന്നതാണ്. ഇതേക്കുറിച്ച് ജരാവയ്ക്ക് ധാരണകളൊന്നുമില്ല.

പുതിയ സ്വാദ് പരിചിതമായതോടെ കാർഷികഗ്രാമങ്ങളിലെ വാഴക്കുലകളിലേക്ക് അവരുടെ ശ്രദ്ധ പതിച്ചു. ഇരുമ്പുപകരണങ്ങളും പ്രീയപ്പെട്ടതായി. അന്യരുടെ മുതൽ അനുവാദമില്ലാതെ എടുക്കാത്ത അവരിൽ മറ്റുള്ളവരുടെ മുതൽ എടുക്കാമെന്നുള്ള ബോധമാണ് സമ്മാന വിതരണത്തിലൂടെ സാധ്യമാക്കിയതെന്നുപോലും വിമർശനാത്മകമായി പറയാം. ചുവന്ന തുണിക്കുപകരം കറുത്തതുണി കൊടുത്താലും അവർക്കതിൽ വിയോജിപ്പില്ല. അവർ തുണിയിൽനിന്ന് നൂലുകളൂരിയെടുത്ത് പരമ്പരാഗതമായി അരയിലണിയുന്ന ആഭരണങ്ങളുണ്ടാക്കുകയാണ് ചെയ്യുന്നത്. തീരത്തടിയുന്ന നൈലോൺ വലകളിൽ നിന്നുപോലും നൂലുകൾ ശേഖരിച്ച് പരമ്പരാഗത കരകൗശലനിർമിതികളിൽ പ്രയോജനപ്പെടുത്തും. ഈ രീതിയിൽ അന്യതയെ തനതാക്കി മാറ്റിയെടുക്കുന്ന പ്രവണത സൃഷ്ടിക്കാനും സമ്പർക്ക പരിപാടിക്കുകഴിഞ്ഞുവെന്നു പറയാം. സമ്പർക്കംകൊണ്ട് അന്യരുമായി സൗഹൃദമുണ്ടായി എന്നു പറയാനാവില്ല.

ജരാവ - ഗ്രാമവാസി സംഘർഷം

ജരാവ ആക്രമണകാരികളാണെന്നാണ് പൊതുബോധം. ജരാവ -ഗ്രാമവാസി സംഘർഷ ചരിത്രം പരിശോധിക്കുമ്പോൾ രണ്ടു ഘടകങ്ങൾ സവിശേഷമായി ചർച്ച ചെയ്യേണ്ടതുണ്ട്. ആദ്യത്തേത്, അതിർത്തി സങ്കല്പമാണ്. പൊതുവിൽ അതിരാണ് അതിർത്തി. അതിർത്തികളെപ്പോഴും തർക്കജന്യമാണ്. സ്വകാര്യ സ്വത്തു മുതൽ രാജ്യാതിർത്തി വരെ സർവ്വേക്കല്ലുകൊണ്ടോ മതിലുകൊണ്ടോ മുള്ളുവേലികൊണ്ടോ വേലികൊണ്ടോ കേവലം ധാരണ കൊണ്ടോ അടയാളപ്പെടുത്തുകയും അളന്നു തിട്ടപ്പെടുത്തുകയും അളക്കാതെ വിശ്വസിക്കുകയും പലപ്പോഴും രേഖാതെളിവുകളുണ്ടാക്കിയും അല്ലാതെയുമൊക്കെയാണ് അതിരറിവ് നിലനിൽക്കുന്നത്. അതിർത്തി നിർണയവും അതിർത്തി തിരിക്കലും അതിരറിവിന്റെ ഘടകങ്ങളാണ്. അവകാശവും നിയന്ത്രണവും അതിര് ബോധ്യപ്പെടുത്തുന്നു. അതിർത്തിബോധം ജരാവകളിൽ എങ്ങനെ പ്രവർത്തിക്കുന്നുവെന്നുനോക്കാം. പണ്ടു മുതലേ ആൻഡമാനിൽ ഓരോ ഗോത്രവിഭാഗത്തിനും കൃത്യമായ ആവാസയിടമുണ്ടായിരുന്നു. വിഭവസമാഹരണമെല്ലാം അതിനുള്ളിൽ തന്നെ. സാംസ്‌കാരിക ഭൗമിക ബോധമാണിത്. ജരാവ -ഗ്രാമവാസി സംഘർഷത്തിൽ ഒരു ഘടകം അതിർത്തിയാണ്. സംഘർഷത്തെ കുറിച്ചുള്ള ചർച്ചയിൽ അതിർത്തി കടന്നുവരുന്നതോടെ അതിരിന്റെ ചരിത്രമെന്ത് എന്ന ആലോചന നിർബന്ധമാകുന്നു. അത് സംഘർഷത്തിന്റെ ചരിത്രവും കൂടി തുറന്നിടുന്നു. ആരാണ് ഇവിടെ അതിർത്തികൾ നിർണയിക്കുന്നതെന്നതും ആർക്കുവേണ്ടിയാണ് നിർണയിക്കുന്നതെന്നതും പ്രധാനമാകുന്നു

Jarawas statue 3 samudrika museum andaman India എന്ന പേരിൽ വിക്കിപീഡിയ പ്രസിദ്ധീകരിച്ച ചിത്രം

ജരാവ ട്രൈബൽ റിസർവ് എന്നറിയപ്പെടുന്ന പ്രദേശത്തെ കുറിച്ചും അതിനുപുറത്തുള്ള ഗ്രാമവാസികളുടെ ഇടത്തെക്കുറിച്ചുമാണ് ചർച്ച ചെയ്യേണ്ടത്. നാട്ടിൽ വീട്ടുകാർ തമ്മിലുള്ള അതിർത്തി തർക്കത്തിൽനിന്നും രാജ്യങ്ങൾ തമ്മിലുള്ള അതിർത്തി പ്രശ്നങ്ങളിൽ നിന്നുമൊക്കെ വ്യത്യസ്തമാണിവിടെ. ജരാവ റിസർവ് എന്നത് സർക്കാർ നിശ്ചയിച്ചിരിക്കുന്നതാണ്. ഇതേക്കുറിച്ച് ജരാവയ്ക്ക് ധാരണകളൊന്നുമില്ല. അവർ അവരുടെ പ്രദേശത്ത് ജീവിക്കുന്നു. ഈ മണ്ണിലേക്കാണ് പുനരധിവാസ ജനത കടന്നെത്തിയത്. സ്വകാര്യലോകത്തെക്ക് അന്യരെത്തിയത് ഉൾക്കൊള്ളാൻ ജരാവയ്ക്കു കഴിഞ്ഞില്ല. ബ്രിട്ടീഷുകാരോട് പ്രതികരിച്ചതുപോലെ സ്വാതന്ത്ര്യാനന്തരം കുടിയേറ്റക്കാരോടും ജരാവകൾ ശത്രുതാ മനോഭാവം പുലർത്തി.

കുടിയേറ്റക്കാരെത്തിയതോടെയാണ് 765 കിലോമീറ്റർ ജരാവ റിസർവ് നിർണയിച്ചത്. കൊളോണിയൽ കാലത്ത് ജരാവകളുടെ അയൽവാസികൾ ആൻഡമാൻ വിഭാഗക്കാരായിരുന്നു. സ്വാതന്ത്ര്യാനന്തരം പുനരാധിവാസ പദ്ധതിയിലൂടെ പുതിയ അയൽവാസികൾ വന്നുചേർന്നു. ആൻഡമാനികളോടു പൊരുത്തപ്പെട്ടല്ല ജരാവ ജീവിച്ചത്. കുടിയേറ്റക്കാരോടും അവരുടെ നിലപാട് അതുതന്നെയായിരുന്നു.

സംഘർഷത്തിന്റെ കാരണങ്ങൾ

മണ്ണും വിഭവങ്ങളും സംരക്ഷിക്കുക എന്നതിൽ ജരാവയ്ക്ക് വിട്ടുവീഴ്ച ചെയ്യാനാവില്ല. അവരുടെ ഉപജീവനം പൂർണമായും പ്രകൃതിയെ ആശ്രയിച്ചുള്ളതാണ്. പുതിയ അയൽവാസികൾ കൃഷിയെ ആശ്രയിച്ച് ജീവിക്കുന്നവരാണ്. ഇരുകൂട്ടരും ഉപജീവനമാർഗത്തിൽ മാത്രമല്ല ജീവിതശൈലിയിലും വ്യത്യസ്തരാണ്. ആവശ്യങ്ങളിലും ഉപഭോഗ സംസ്കൃതിയിലും വ്യത്യാസം പ്രകടമാണ്. റോഡ് നിർമാണം, അനധികൃത വനവിഭവചൂഷണം എന്നിവയാണ് പ്രധാന കാരണങ്ങൾ. പുനരധിവാസക്കാർക്ക് സൗകര്യമൊരുക്കാൻ നോർത്ത് ആൻഡമാൻ മുതൽ സൗത്ത് ആൻഡമാൻ വരെ നീളത്തിൽ ആൻഡമാൻ ട്രങ്ക് റോഡ് നിർമിച്ചു. ജരാവകളുടെ ജീവിതം ഇല്ലാതാക്കുന്ന തരത്തിലുള്ള മാറ്റമായിരുന്നു ഈ റോഡ് നിർമാണം. 35 കിലോമീറ്റർ ജരാവ റിസർവിലൂടെയാണ് റോഡ് കടന്നുപോകുന്നത്. ഒരു വിഭാഗത്തിന്റെ സഞ്ചാരസൗകര്യം റോഡിലൂടെ സാക്ഷാത്കരിച്ചപ്പോൾ ആദിമരുടെ സ്വൈരജീവിതം നിഷേധിക്കപ്പെട്ടു. മണിക്കൂറുകൾ അലഞ്ഞ് എങ്ങനെയെങ്കിലും ഒരു പന്നിയെ ഉന്നം വയ്ക്കുമ്പോഴായിരിക്കും ഒരു വാഹനത്തിന്റെ ഹോൺ ശബ്‌ദം കേൾക്കുക. അതോടെ ഓടിയൊളിക്കും, ജന്തുക്കൾ. അധ്വാനം നഷ്‍ടമായി എന്നുമാത്രമല്ല അന്നത്തെ ആഹാരവും ഇല്ലാതാകുന്നു.

ജരാവകളുടെ ജീവിതം ഇല്ലാതാക്കുന്ന തരത്തിലുള്ള മാറ്റമായിരുന്നു നോർത്ത് ആൻഡമാൻ മുതൽ സൗത്ത് ആൻഡമാൻ വരെയുള്ള ട്രങ്ക് റോഡ്. ഒരു വിഭാഗത്തിന്റെ സഞ്ചാരസൗകര്യം റോഡിലൂടെ സാക്ഷാത്കരിച്ചപ്പോൾ ആദിമരുടെ സ്വൈരജീവിതം നിഷേധിക്കപ്പെട്ടു. Photo : Wikipedia

ഹോൺ അടിക്കാൻ പാടില്ല എന്നൊക്കെ നിയമമുണ്ടെങ്കിലും പ്രയോഗത്തിൽ റോഡ് അവരുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്നത് നിഷേധിക്കാനാവില്ല. റോഡ് അടക്കണമെന്ന ആവശ്യം അന്തർദ്ദേശീയ തലത്തിൽ പോലും ഉയർന്നുവെങ്കിലും പുനരധിവാസക്കാരുടെ സൗകര്യം നിഷേധിക്കാൻ ഭരണകൂടത്തിനാവുന്നില്ല. എതിർപ്പറിയിക്കാനോ താല്പര്യമറിയിക്കാനോ അവകാശം സ്ഥാപിക്കാനോ അവർക്ക് വിനിമയ മാർഗങ്ങളൊന്നുമില്ല. അവരുടെ ഭാഷ ഗ്രാമവാസികൾക്കോ തിരിച്ചോ മനസ്സിലാവില്ല. റോഡ് നിർമാണത്തിനെതിരെയുള്ള അവരുടെ പ്രതികരണം ആക്രമണമായിരുന്നു. വരത്തരോടെല്ലാം ജരാവവിഭാഗം എല്ലാ കാലത്തും ആക്രമണം കൊണ്ട് പ്രതികരിച്ചു. അവരുടെ പ്രതിഷേധഭാഷയാണത്. ബ്രിട്ടീഷുകാരുടെ സൗഹൃദ സമ്പർക്കത്തിന് ഇടം കൊടുക്കാതെ നിരന്തരം പ്രതികരിച്ചിരുന്ന വിഭാഗമാണിവർ. സൗത്ത് ആൻഡമാനിലേയും മിഡിൽ ആൻഡമാനിലെയും പോലീസ് രേഖകൾ പരിശോധിച്ചാൽ നിരന്തര സംഘർഷങ്ങളുടെ വിവരങ്ങൾ കാണാം.

ജരാവ യുവതി

പൊതുവിൽ ഈ സംഘർഷം രണ്ടു തരത്തിലുള്ളതാണ്. പുനരധിവാസക്കാർ ജരാവ റിസർവിൽ കടന്നുകയറി വിഭവചൂഷണം നടത്തുന്നതിനെതിരായ ജരാവ പ്രതികരണം. ജരാവ കുടിയേറ്റക്കാരുടെ അധിവാസകേന്ദ്രങ്ങളിൽ വന്ന് വാഴക്കുലയും ഇരുമ്പ് ഉപകരണങ്ങളും എടുത്തുകൊണ്ടുപോകുമ്പോഴുണ്ടാകുന്ന സംഘർഷം. കുടിയേറ്റക്കാർക്കുണ്ടാകുന്ന നഷ്ടത്തിന് നഷ്ടപരിഹാരം ലഭിക്കും. ജരാവ കളുടെ ആവാസയിടത്തിൽ കടന്നെത്തുന്നവരെ അവർ ആക്രമിക്കും. ഇത്തരം സംഘർഷ പരമ്പര ജരാവകളെ ആക്രമണകാരികളായി ചിത്രീകരിക്കാൻ സഹായിച്ചിട്ടുണ്ട്. പടിഞ്ഞാറേ തീരത്ത് സമ്പർക്കം സൗഹൃദപരമായിരുന്നുവെങ്കിലും ഗ്രാമവാസികളോടുള്ള ജരാവ സമീപനം സൗഹൃദപരമായിരുന്നില്ല. സമ്പർക്കപരിപാടി കൊണ്ട് ശത്രുത ഒട്ടും കുറഞ്ഞിരുന്നില്ല എന്നതിന് 1946 മുതൽ ഇങ്ങോട്ടുള്ള സംഘർഷചരിത്രം പരിശോധിച്ചാൽ മതി. നൂറുകണക്കിന് ഏറ്റുമുട്ടലുകൾ ഇതിനകം ഉണ്ടായിട്ടുണ്ട്. ബുഷ് പോലീസുമായും സമീപവാസികളുമായും ഏറ്റുമുട്ടലുണ്ടായതിന്റെ ഭാഗമായി നൂറിലേറെ പേർ മരിച്ചിട്ടുണ്ട്. ജരാവകളിൽ എത്രപേർക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ട് എന്നതിന് കൃത്യമായ കണക്കുകളില്ല. ഇത്തരം സംഘർഷ പരമ്പര ജരാവകളെ ആക്രമണകാരികളായി ചിത്രീകരിക്കാൻ ഏറെ സഹായിച്ചിട്ടുണ്ട്.

ജരാവ റിസർവിൽ അതിക്രമിച്ചുകടന്ന്, അവരുടെ വിഭവസമാഹരണത്തെ ബാധിക്കുന്ന തരത്തിൽ വേട്ടക്കിറങ്ങുകയും മറ്റു വനവിഭവങ്ങൾ ശേഖരിക്കുന്നവരുമായ ഗ്രാമവാസികൾ ജരാവകളുടെ സ്വൈര്യജീവിതം ഇല്ലാതാക്കുന്നു.

പലപ്പോഴും ജരാവകളും ഗ്രാമവാസികളും തമ്മിൽ നടക്കുന്ന ഏറ്റുമുട്ടലുകളിൽ കുറ്റക്കാരായി ഉയർത്തി കാണിക്കുന്നത് ജരാവകളെയാണ്. യഥാർത്ഥത്തിൽ കുറ്റക്കാർ അവരാണോ? ജരാവ റിസർവിൽ അതിക്രമിച്ചുകടന്ന്, അവരുടെ വിഭവസമാഹരണത്തെ ബാധിക്കുന്ന തരത്തിൽ വേട്ടക്കിറങ്ങുകയും മറ്റു വനവിഭവങ്ങൾ ശേഖരിക്കുന്നവരുമായ ഗ്രാമവാസികൾ ജരാവകളുടെ സ്വൈര്യജീവിതം ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. പലപ്പോഴും അവരുടെ കുടിലുകൾ നശിപ്പിക്കുകയെല്ലാം വിനോദമായി തന്നെ ഗ്രാമവാസികൾ ചെയ്തുവരുന്നുണ്ട്. പ്രതികൂല മനോഭാവമാണ് ഗ്രാമവാസികൾ വെച്ചുപുലർത്തുന്നത്. ജരാവകളെ സംബന്ധിച്ച്, അവരുടെ മണ്ണിൽ താമസിക്കാനെത്തിയവർ വീണ്ടും വീണ്ടും അവരെ ചൂഷണം ചെയ്യുന്നു എന്ന ബോധം അവർക്കുണ്ട്. അതിന്റെ പ്രതികരണമായി ഗ്രാമവാസികളുടെ ഇടങ്ങളിൽ കടന്ന് അവിടെ നിന്ന് അവർക്കാവശ്യമുള്ളവ ശേഖരിക്കാനും അവർ ശ്രമിക്കുന്നു.

മറ്റൊരു വാദം, അവരുടെ മണ്ണാണിത്, അതിലെ വിഭവങ്ങൾ സമാഹരിക്കാൻ അവർക്ക് അവകാശമുണ്ട് എന്നവർ കരുതുന്നു. ഇരുകൂട്ടരും തമ്മിൽ സർക്കാർ നിശ്ചയിച്ച അതിരറിവ് ജരാവക്കില്ല. പുനരധിവാസം കാരണം വിഭവ ശേഖരണ ഇടം കുറഞ്ഞു. അതിലുപരി വീണ്ടും വീണ്ടും ഗ്രാമവാസികളുടെ വിഭവചൂഷണം ഭക്ഷ്യ ക്ഷാമം സൃഷ്ടിക്കുന്നു എന്നതുകൊണ്ടാണ് അവർ ആക്രമണകാരികളായി തുടരുന്നത്.

വൈവിധ്യം ജീവിതം

ജരാവാ ഗോത്രം ഭിന്നയിടങ്ങളിലായാണ് വിതരണം ചെയ്യപ്പെട്ടിരിക്കുന്നത്. മൂന്നു പ്രാദേശിക കൂട്ടായ്മകൾ ജരാവകൾക്കിടയിലുണ്ട്. തന്മാട് വിഭാഗം മിഡിൽ ആൻഡമാൻ പ്രദേശത്തുള്ളവരാണ്. ഗ്രാമവാസികൾക്ക് കദംതല ജരാവയാണിവർ. തിരൂർ ഭാഗത്തുള്ളവർ ബോയാബ് ആണ്, മറ്റുള്ളവർക്ക് അവർ തിരൂർ ജരാവ. ആർ കെ നള്ള ഭാഗത്തുള്ളവരാണ് തിദോങ്.

ജരാവ ഗോത്രത്തിൽപ്പെട്ട യുവാക്കള്‍

അണുകുടുംബമാണ് സാമൂഹ്യഘടനയുടെ അടിസ്ഥാനം. 10 വയസ്സോടെ കുട്ടികൾ അവിവാഹിതരുടെ ലിംഗാടിസ്ഥാനത്തിലുള്ള താമസസ്ഥലത്തേക്ക് മാറിതാമസിക്കും. ആ നിലയ്ക്കു നാലുതരം ആവാസയിടങ്ങളാണ് ഇവർക്കിടയിൽ കാണുന്നത്. അണുകുടുംബം, അവിവാഹിതരും വിഭാര്യരും ചേർന്ന താമസയിടമാണ്. അവിവാഹിതരായ പെൺകുട്ടികളും വിധവകളും ചേർന്നു പാർക്കുന്ന ഇടം, ഒരു വിഭാഗത്തിലെ എല്ലാവരും താമസിക്കുന്ന വലിയ കുടിൽ എന്നിവയാണിത്. 13 -15 വയസ്സിനുള്ളിൽ ആൺകുട്ടികൾ മുതിർന്നവരാകുന്ന ചടങ്ങ് -ലേപ- നടത്തും. മുതിർന്നവനാകണമെങ്കിൽ സ്വന്തമായി ഒരുവൻ പന്നിവേട്ട നടത്തണം. കിട്ടുന്ന പന്നിയെ എല്ലാവർക്കും പങ്കിട്ടുകൊടുക്കണം. ആർത്തവചടങ്ങാണ് ഒപ്പമാമേ. ഈ ആചാരത്തിനുശേഷം പുതിയ പേരുകൾ സ്വീകരിക്കുന്നു. ആർത്തവ ദിവസം പ്രത്യേകമായി അടയാളപ്പെടുത്തുന്ന ഒരിടത്തു താഴെ ഇല നിരത്തി പച്ച കമുക് കീറിയുണ്ടാക്കുന്ന ഇരിപ്പിടത്തിൽ കണ്ണടച്ചു ഇരിക്കുക. ആരോടും സംസാരിക്കാൻ പാടില്ല. ചുവന്ന മണ്ണും പന്നിക്കൊഴുപ്പും ഒരു വള്ളിക്കറയും ചേർത്ത് തലയിലും മുഖത്തും കഴുത്തിലും പൂശുന്നു. മൂന്നുദിവസം കുളി വർജ്യം. തറയിൽ നിരത്തിയ ഇലകളുടെ മുകളിൽ കിടക്കാം. ദിവസവും രാവിലെ ഇലകൾ മാറ്റി പുതിയയില വിരിക്കുന്നു. പന്നിയും തേനും കഴിക്കാൻ പാടില്ല. ഒരുതരം ചിപ്പിയാണ് ഇക്കാലത്തെ ഭക്ഷണം. മൂന്നുദിവസം കഴിഞ്ഞ് കുളിക്കാം. അതോടെ ഭക്ഷണവിലക്ക് മാറും. മറ്റുള്ള സ്ത്രീകൾ പാട്ടും നൃത്തവുമായി ചുറ്റുമുണ്ടാകും. ഗർഭനിരോധനത്തിനായി രണ്ടുതരം ഇലകൾ കഴിക്കുന്നുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്.

ജരാവകൾക്ക് സാധാരണ സംഭാഷണം വളരെ കുറവാണ്. മൗനമാണ് കൂടുതലും. എങ്കിലും കുറേപേർ മറ്റൊരു സ്ഥലത്തുപോയി തിരിച്ചുവരുമ്പോൾ പിന്നെ ഒത്തൊരുമയുടെ ബഹളമാണ്. സുഹൃത്തുക്കൾ മണിക്കുറുകൾ മടിയിലിരിക്കും. കുറച്ചുകഴിയുമ്പോൾ വീണ്ടും മൗനികളാകും.

വിവാഹം ചെറുപ്പത്തിലെ രക്ഷിതാക്കൾ പറഞ്ഞുറപ്പിക്കുന്നു. പ്രായപൂർത്തിയാകുന്നതോടെ ശേഖരിക്കുന്ന, അല്ലെങ്കിൽ നായാട്ടിൽ ലഭിക്കുന്ന ഭക്ഷണവസ്തുവിന്റെ പങ്ക് പ്രതിശ്രുത വധുവിന് നൽകണം. ഏതെങ്കിലും കാരണവശാൽ പ്രതിശ്രുത വരൻ കല്യാണത്തിനു മുമ്പ് മരിച്ചാൽ വിഭാര്യനെ വിവാഹം കഴിക്കണം. പെൺകുട്ടികളുടെ വിവാഹപ്രായം 15-ഉം ആൺകുട്ടികളുടെത് 18- മാണ് .

ഗർഭകാലത്ത് പുരുഷനും സ്ത്രീയും ശരീരാലങ്കാരങ്ങൾ ഒഴിവാക്കും. ഇരുവർക്കും ഭക്ഷണ വിലക്കുണ്ട്. പ്രസവത്തിനായി പച്ച കമുക് കീറിയുണ്ടാക്കുന്ന ഇരിപ്പിടത്തിലിരുത്തും. മുതിർന്ന സ്ത്രീകൾ മേൽനോട്ടക്കാരാകും. പൊക്കിൾക്കൊടി അമ്പു കൊണ്ടു മുറിക്കും. ആദ്യ പാൽ കുഞ്ഞിനു നൽകുന്നു. പെൺകുഞ്ഞിന്റെ ജനനം സ്ത്രീകൾ കയ്യടിച്ചു സന്തോഷിക്കും. അമ്മമ്മ കരയും, സ്ത്രീകൾ ആട്ടവും പാട്ടും നടത്തും. ഉടുമ്പ് നെയ്യ് കുട്ടികളുടെ ശരീരത്തിൽ തേക്കുന്നതും പതിവാണ്. ഏകഭാര്യാത്വം പ്രബലമാണ്. വിധവ /വിഭാര്യ വിവാഹം അനുവദിക്കുന്നു. ബന്ധുക്കൾ തമ്മിലുള്ള വിവാഹം നിഷിദ്ധമാണ്.

പ്രകൃതിവിഭവങ്ങളുടെ ശേഖരണം, വേട്ട, മീൻപിടുത്തം എന്നിവയാണ് ഉപജീവനമാർഗം. തനത് സാങ്കേതികതയിലൂടെയാണ് ഉപജീവനം സാധ്യമാകുന്നത്. പന്നിയും ഉടുമ്പുമാണ് നായാട്ടു ഇരകൾ. ജരാവേ പന്നികൾ വെള്ളം കുടിക്കാൻ വരുന്നത് കാത്തിരുന്നാണ് അമ്പെയ്യുന്നത്. നായ്ക്കളെ നായാട്ടിനുപയോഗിക്കാറില്ല. പുനരധിവാസക്കാർക്കിടയിൽ നായ്ക്കളെ കാണുമ്പോൾ കൊല്ലുകയാണ് പതിവ്. അവരുടെ ശത്രുക്കളായ നായ്ക്കൾ ബുഷ് പൊലീസിനെ കുടിയേറ്റക്കാർക്കൊപ്പമാണ് അവർ കാണുന്നത്. ജരാവയുടെ സാന്നിധ്യം ഇവ കുരച്ചറിയിക്കുന്നതുകൊണ്ടായിരിക്കാം നായ്ക്കളോട് ശത്രുത തോന്നാൻ കാരണം. കൊല്ലുന്ന പന്നിയുടെ തലയോടുകൾ ട്രോഫി കളായി സൂക്ഷിക്കും. താടിയെല്ലുകൾ കൂട്ടികെട്ടിവയ്ക്കും.

അവരുടെ ഭൂമിയിലെ വിഭവ ഇടങ്ങളെ കുറിച്ച് വ്യക്തമായ ധാരണയുണ്ട്.
പിലേഹ എന്നത് കടൽത്തീരമാണ്. താഗിത് ചതുപ്പ് നിലം. ചൻഹനാബ് സമതലവനം. തിനൂൺ കുന്നുകളുള്ള കൊടുംകാടും 'വാ' അരുവികളും തോടുകളുമുള്ള ഇടവുമാണ്. ശുദ്ധജല സ്രോതസ്സാണ് ‘വാ’. മാർച്ച് പകുതി മുതൽ മെയ് പകുതി വരെയാണ് ആഞ്ഞിലിച്ചക്ക, തേൻ എന്നിവയുടെ ശേഖരണം. മെയ് പകുതി മുതൽ നവംബർ വരെ കാട്ടുപന്നിവേട്ടക്കൊപ്പം പലതരം കുരുക്കളും ശേഖരിക്കുന്നു. ഡിസംബർ മുതൽ മാർച്ച് പകുതി വരെ ആമ മുട്ടയും തേനും ലഭിക്കുന്നു. അവരുടെ ഭക്ഷണത്തിൽ ഫലമൂലാദികളുണ്ടെങ്കിലും ഫലവൈവിധ്യം കുറവാണ്. ഇലകൾ ഭക്ഷ്യവസ്തുവല്ല. പലതരം കിഴങ്ങുകൾ ഉപയോഗിക്കുന്നു. ഞണ്ട്, കൊഞ്ച്, മത്സ്യം, കക്ക, ചിപ്പികൾ എന്നിവ ഭക്ഷണമായി ഉപയോഗിക്കുന്നു. പ്രകൃതിയിൽനിന്ന് ലഭിക്കുന്ന പലതരം കിഴങ്ങുകളും പഴങ്ങളും സ്ത്രീകളും കുട്ടികളും പങ്കെടുത്തുള്ള വിഭവശേഖരണ പ്രവർത്തനമാണ്. ആഞ്ഞിൽച്ചക്ക യുവാക്കൾ മരത്തിൽ കയറി ശേഖരിക്കുന്നു, തേനെടുക്കുന്നതും യുവാക്കൾ തന്നെ. നായാട്ട് പുരുഷവൃത്തിയാണ്. ചില പഴങ്ങൾ ഒഴിച്ചാൽ മറ്റൊന്നും പാകപ്പെടുത്താതെ കഴിക്കാറില്ല.

തുണി കൊടുത്താൽ ജരാവകൾ ചെയ്യുക, അതിൽനിന്ന് നൂലുകളൂരിയെടുത്ത് പരമ്പരാഗതമായി അരയിലണിയുന്ന ആഭരണങ്ങളുണ്ടാക്കുകയാണ്. തീരത്തടിയുന്ന നൈലോൺ വലകളിൽ നിന്നുപോലും നൂലുകൾ ശേഖരിച്ച് പരമ്പരാഗത കരകൗശലനിർമിതികളിൽ അവർ പ്രയോജനപ്പെടുത്തും.

പാചകവിദ്യ വളരെ പ്രധാനമാണ്. പ്രധാനമായും ചുട്ടെടുത്താണ് കഴിക്കുക. മൺപാത്രങ്ങൾ ഇല്ല. ചിലതരം ചിപ്പികളുടെ പുറംതോടുകളാണ് ചില ഭക്ഷണ വസ്തുക്കൾ വേവിക്കാനുപയോഗിക്കുന്നത്. ആഞ്ഞിൽ ചക്കയും വലിയ മീനും പന്നിയിറച്ചിയും ചുട്ടെടുക്കുന്നത് കുഴിയടുപ്പുകളിലാണ്. അലാപ്പ് എന്നാണ് ഇവ അറിയുന്നത്. കുഴിയുണ്ടാക്കി കുഴിയിൽ ചൂടാക്കിയ കല്ലുകൾ നിരത്തി അതിനു മുകളിൽ ഇലയിൽ പൊതിഞ്ഞ ഭക്ഷ്യവസ്തുക്കൾ വയ്ക്കുന്നു. അതിനുമുകളിൽ കല്ലുകൾ നിരത്തി ഒപ്പം വിറകു കത്തിച്ച്, കനലുകളാക്കി സൂക്ഷിക്കുന്നു. നാലു മണിക്കൂറിനു ശേഷം പൂർണമായും വെന്തു കിട്ടും. ഇത്തരം കുഴിയടുപ്പുകളുടെ ഉപയോഗം സാമൂഹികമാണ്. കുടുംബങ്ങൾ ഭക്ഷണമുണ്ടാക്കുന്നത് ചെറിയ അടുപ്പുകളിലാണ്. പാചകത്തിൽ ഉപ്പും പലവ്യഞ്ജനവും ഉപയോഗിക്കുന്നില്ല.

ജരാവ അക്രമികളുടെ ഗോത്രമായിട്ടാണ് അറിയപ്പെടുന്നതെങ്കിലും ഇന്നവർ സഹവാസ സൗഹൃദ ഗോത്രമായി മാറിയിട്ടുണ്ട്.

മാൻ ധാരാളമായുണ്ടെങ്കിലും വേട്ടമൃഗമല്ല. കാട്ടുപന്നിയാണ് പ്രധാനം. ഉടുമ്പ്, കടലാമ, ചില പക്ഷികൾ, ചിലതരം ഉരഗങ്ങൾ എന്നിവയെ ചുട്ടു ഭക്ഷിക്കും. അമ്പും വില്ലും കുന്തവും ഉപയോഗിച്ചാണ് വേട്ട. പ്രകൃതിവിഭവങ്ങൾ ശേഖരിക്കാനുള്ള ചൂരൽ / മുള കുട്ടകളുണ്ട്. തേൻ ശേഖരിക്കാൻ മരത്തൊട്ടികളുണ്ട്, താൽക്കാലിക പാർപ്പിനുള്ള ചെറിയ കുടിലുകളും സാമൂഹികാചാരങ്ങൾ നടത്താൻ സൗകര്യമുള്ള വലിയ സമൂഹവീടുകളും നിർമിക്കും. ഇലകൾ കൂട്ടിക്കെട്ടി ചൂട്ടുവിളക്കുകൾ പോലുള്ളവ നിർമിക്കും. വേട്ടക്കാരായ യുവാക്കൾ നെഞ്ചും വയറും മറയ്ക്കുന്ന മരത്തൊലി ഉപയോഗിച്ചുള്ള കെയ്ക്കാട് നിർമിക്കും. വള്ളം ഉണ്ടാക്കാനറിയില്ല. ചങ്ങാടമുണ്ടാക്കും.

ശരീരലങ്കാരം പ്രധാനമാണ്. ഷെൽ, ഇല, നാര്, നൂൽ എന്നിവ കൊണ്ടുള്ള ആഭരണങ്ങൾ കഴുത്തിലും കൈയിലും തലയിലും ഇടുപ്പിലും അണിയുന്നതോടൊപ്പം ശരീരം ചെളി പൂശി വിരലുകൊണ്ട് ഡിസൈൻ വരയ്ക്കും. വില്ലിലും ചെസ്റ്റ്ഗാഡിലും മരത്തൊട്ടിയിലും ബൈലത്ത എന്ന ഒരു വലിയ കാട്ടുവള്ളിയിൽ നിന്നെടുക്കുന്ന രക്തനിറമുള്ള കറ കൊണ്ട് ഡിസൈൻ വരയ്ക്കും. ഇതൊന്നും ചിത്രങ്ങളല്ല. വരയും കുറിയുമാണ്. അവർക്കിടയിലുള്ള എല്ലാവർക്കും പൊതുവായുള്ള ഡിസൈൻ പരിചിതമാണ്. ഇതിലൊക്കെ വ്യക്തമായ സൗന്ദര്യബോധമുള്ളവരാണെന്നു തെളിയുന്നു.

ജരാവ ബാലൻ

ആട്ടവും പാട്ടും അവരുടേതായ രീതിയിലുണ്ട്. സാധാരണ സംഭാഷണം വളരെ കുറവാണ്. മൗനമാണ് കൂടുതലും. എങ്കിലും കുറേപേർ മറ്റൊരു സ്ഥലത്തുപോയി തിരിച്ചുവരുമ്പോൾ പിന്നെ ഒത്തൊരുമയുടെ ബഹളമാണ്. എല്ലാവരും മറ്റുള്ളവരുടെ അഭാവത്തിൽ നടന്ന കാര്യങ്ങൾ സംസാരിക്കും. സുഹൃത്തുക്കൾ മണിക്കുറുകൾ മടിയിലിരിക്കും. കുറച്ചുകഴിയുമ്പോൾ വീണ്ടും മൗനികളാകും. പക്ഷേ ചില പാട്ടുകൾ കേൾക്കുമ്പോൾ അവർ എല്ലാവരും പങ്കുചേരും. മരിച്ചവരുടെ താടിയെല്ല് ബന്ധുക്കൾ ആഭരണമാക്കും. പ്രകൃതിയോടുള്ള ബഹുമാനം ഇതര ആൻഡമാൻ നെഗ്രിറ്റൊ ഗോത്രവിഭാഗങ്ങളെ പോലെത്തന്നെയാണ്. പ്രകൃതിക്ക് നാശം വരുന്നതൊന്നും ചെയ്യാറില്ല. മുതിർന്നവർ പറയുന്നത് കേൾക്കും. നാടോടിത്തം കാരണം മാലിന്യം വലിയ ആരോഗ്യ പ്രശനങ്ങൾ ഉണ്ടാക്കുന്നില്ല. മണ്ണുപയോഗിച്ചാണ് ശൗചവൃത്തി, വല്ലപ്പോഴും കുളിക്കും.

ജരാവ അക്രമികളുടെ ഗോത്രമായിട്ടാണ് അറിയപ്പെടുന്നതെങ്കിലും ഇന്നവർ സഹവാസ സൗഹൃദ ഗോത്രമായി മാറിയതെങ്ങനെയെന്നു അടുത്ത ഭാഗത്തിൽ വിവരിക്കാം.

(തുടരും)


എം. ശ്രീനാഥൻ

ഭാഷാശാസ്ത്രജ്ഞൻ, പ്രഭാഷകൻ, എഴുത്തുകാരൻ. തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിൽ പ്രൊഫസർ. തിയററ്റിക്കൽ ലിംഗ്വിസ്റ്റിക്‌സ്, അപ്ലൈഡ് ലിംഗ്വിസ്റ്റിക്‌സ്, ലിംഗ്വിസ്റ്റിക്‌സ് ആന്ത്രപ്പോളജി, ലാംഗ്വേജ് ആൻറ്​ ജനറ്റിക്‌സ് തുടങ്ങിയവ മേഖലകളിൽ സ്‌പെഷലൈസേഷൻ. മലയാള ഭാഷാചരിത്രം: പുതുവഴികൾ, എ.ആർ. നിഘണ്ടു, Dravidian Tribes & Language, മലയാള ഭാഷാശാസ്ത്രം, കേരള പാണിനീയ വിജ്ഞാനം (ഡോ. സി. സെയ്തലവിക്കൊപ്പം എഡിറ്റർ), ചട്ടമ്പിസ്വാമികളുടെ ജ്ഞാന നവോത്ഥാനം തുടങ്ങിയവ പ്രധാന പുസ്തകങ്ങൾ.

Comments