ഇന്ദിരാഗാന്ധി ഡിസൈൻ ചെയ്ത ആദിവാസി വസ്ത്രം,
നൂറു പേർ മാത്രമുള്ള ഗോത്ര മ്യൂസിയം

ലിറ്റിൽ ആൻഡമാനിൽ നാടോടി ജീവിതം നയിച്ചിരുന്ന നെഗ്രിറ്റോ വംശജരായ ഒങ്ങേ ഗോത്രത്തിന്റെ ജീവിതത്തിലുണ്ടായ പരിണാമങ്ങളിലൂടെ. പരിഷ്കൃതിയുടെ ആസുരത ഒഴുക്കികളഞ്ഞ, പ്രാക്തന സ്മൃതിനാശവുമായി അഭയാർഥികളായി ജീവിക്കുന്ന കേവലം നൂറു പേരടങ്ങിയതാണ് ഒങ്ങേ എന്ന ഗോത്ര മ്യൂസിയം. ആൻഡമാൻ നിക്കോബാർ ദ്വീപ് സമൂഹത്തിന്റെ ചരിത്രത്തെയും സംസ്കാരത്തെയും സാമൂഹിക ശാസ്ത്രത്തെയും വേറിട്ടൊരു പരിപ്രേക്ഷ്യത്തിൽ വിശകലനം ചെയ്യുന്ന പഠനപരമ്പരയുടെ അഞ്ചാം ഭാഗം

ആൻഡമാൻ നിക്കോബാറിന്റെ
തനി മണ്ണും തനി മനുഷ്യരും- 5

ൻഡമാൻ ജില്ലയുടെ തെക്കേ അറ്റത്തുള്ള ദ്വീപായ ലിറ്റിൽ ആൻഡമാനിലാകെ പണ്ട് വ്യാപിച്ചുകിടന്നതും ഇന്ന് രണ്ടു ചെറിയ ഇടങ്ങളിലായി പുനരധിവസിപ്പിച്ചിരിക്കുന്നതുമായ നെഗ്രിറ്റോ വംശജരായ പരമ്പരാഗത നിവാസികളാണ് ഒങ്ങേ ഗോത്രം. ഈ ഗോത്രനാമം ഒങ്, ഓങ്, ഓങ്ങേ, ഓംഗി, ഓംഗേ എന്നിങ്ങനെ വ്യത്യസ്തമായി ഉച്ചരിക്കുകയും എഴുതുകയുമാണ് പതിവ്. യഥാർത്ഥത്തിൽ ഒങ് എന്നോ ഓങ് എന്നോ അവർ ഉച്ചരിക്കാറുണ്ട്. ഒങ് എന്നതിനു മനുഷ്യർ എന്നാണ് അവരുടെ ഭാഷയിലെ അർഥം. onge എന്ന ഇംഗ്ലീഷ് രൂപം കണ്ടിട്ടാണ്‌ അവരെ ഓംഗേ അഥവാ ഓംഗി എന്ന് ഇന്ന് സർവസാധാരണമായി പറയുന്നത്.

ലിറ്റിൽ ആൻഡമാൻ, ആൻഡമാൻ ദ്വീപസമൂഹത്തിലെ നാലാമത്തെ വലിയ ദ്വീപാണ്. ഒങ്ങേ ഭാഷയിൽ ലിറ്റിൽ ആൻഡമാൻ ഗൗബോലമ്പേ ആണ്. ലിറ്റിൽ ആൻഡമാൻ ദ്വീപിന് 731.5 സ്ക്വ.കി.മി വലിപ്പമുണ്ട്. ആൻഡമാൻ ജില്ലാ ആസ്ഥാനമായ പോർട്ട് ബ്ലൈറിൽ നിന്ന് 110 കി.മി അകലെ സ്ഥിതിചെയ്യുന്നു. ഒങ്ങേ ഗോത്രക്കാർ മാത്രമായിരുന്നു സ്വാതന്ത്ര്യത്തിനു മുമ്പ് ദ്വീപു നിവാസികൾ. പുറത്തുനിന്നുള്ള ആരുമായും സഹകരണത്തിന് താല്പര്യമില്ലാതെ അകന്നുകഴിയുകയായിരുന്നു പണ്ടുമുതലേ ഇവർ. മലയ, ചൈനീസ് അടിമവ്യാപാരവുമായി ബന്ധപ്പെട്ട് അതുവഴിയുള്ള അവരുടെ യാത്രയിൽ പരിമിതമായ ചില സമ്പർക്കശ്രമങ്ങൾ ഉണ്ടായതതൊഴിച്ചാൽ തികച്ചും ഒറ്റപ്പെട്ട ഗോത്രജീവിതം നയിച്ചുവന്നവരാണ്. ഒങ്ങേകളുമായി സമീപദേശത്തുള്ള നിക്കോബാർ നിവാസികൾ പണ്ടെന്നോ സമ്പർക്കത്തിലെത്തിയതായി ചില അഭ്യൂഹങ്ങൾ നിലനിൽക്കുന്നുണ്ട്. ഈ സമ്പർക്കത്തിന്റെ ശേഷിപ്പുകളായി പന്നിയുടെയും മൺപാത്രത്തിന്റെയും സാന്നിധ്യം ഇവരുടെ സംസ്കാരത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇതൊക്കെ ബ്രിട്ടീഷ് അധിനിവേശപൂർവ കഥയാണ്.

ലിറ്റിൽ ആൻഡമാൻ, ആൻഡമാൻ ദ്വീപസമൂഹത്തിലെ നാലാമത്തെ വലിയ ദ്വീപാണ്.

ബ്രിട്ടീഷ് അധിനിവേശം ആൻഡമാനിസ് ഗോത്രജനതയിൽ സൃഷ്ടിച്ച അത്രയും വ്യാപകമായ വംശനാശകാരണങ്ങൾ ഇവർക്കിടയിൽ അവർ വരുത്തി എന്ന് പറയാനാവില്ലെങ്കിലും ബ്രിട്ടീഷുകാർ ഇവരെ മെരുക്കിയെടുക്കുന്നതിനിടെ ഇക്കൂട്ടരുടെ ആൾനാശം വൻതോതിൽ സംഭവിച്ചിട്ടുണ്ട് എന്നത് മറച്ചുവയ്ക്കാനാവില്ല. അതിലേറെ, ബ്രിട്ടീഷുകാർ തുടങ്ങിവച്ച സൗഹൃദ സമ്പർക്കം നിമിത്തം പിൽക്കാല കുടിയേറ്റക്കാരെയും ഉൾക്കൊള്ളേണ്ട ബാധ്യത അവരുടെ ബോധത്തിൽ പതിഞ്ഞുവെന്നത് പ്രതീകാത്മകമായ അധിനിവേശ അടിമത്തത്തെ സൂചിപ്പിക്കുന്നു. സ്വാതന്ത്ര്യാനന്തരം ഭാരത സർക്കാരിന്റെ പുനരധിവാസ പദ്ധതിയിലൂടെ അഭയാർഥി കുടിയേറ്റക്കാരായി വിവിധ ഭാഷാസമൂഹങ്ങൾ ഈ ദ്വീപിൽ താമസത്തിനെത്തിയതോടെ ഒങ്ങേ ഗോത്രത്തിന്റെ സ്വൈരജീവിതം നഷ്ടമായി. അതോടെ, ഗോത്ര സംസ്കാരം നിലനിർത്താൻ അവർക്കു കഴിയാതെ വന്നു എന്നതിനൊപ്പം കാലാകാലങ്ങളിലായി സംഭവിച്ച ജനസംഖ്യാ കുറവും അവർക്കിടയിൽ അതിജീവന പ്രതിസന്ധിയായി മാറിയിട്ടുണ്ട്.

ഒങ്ങേകളുടെ സ്വൈരജീവിതത്തിന് ഭീഷണിയായത് കൊളോണിയൽ സമ്പർക്കവും കൊളോണിയലനന്തര ഭാരത സർക്കാർ പുനരധിവാസ നയവുമാണ്.

പരമ്പരാഗത ഒങ്ങേ സമൂഹം

ഒങ്ങേഗോത്രം ലിറ്റിൽ ആൻഡമാനിൽ നാടോടി ജീവിതം നയിച്ചിരുന്നവരാണ്. ദ്വീപിന്റെ എല്ലാഭാഗത്തുമുള്ള വിഭവശേഖരണം ഉറപ്പുവരുത്താനാണ് മാറിമാറി താമസിക്കുന്ന നാടോടിജീവിതക്രമം പാലിച്ചിരുന്നത്. ചെറിയ കൂട്ടങ്ങളായി പിരിഞ്ഞു കഴിയുകയാണ് ഇവരുടെ സാമൂഹിക ഘടന. ഓരോ കൂട്ടത്തിനും പൊതുവായ കുടിലുണ്ടാകും, അതിനെ ബേര എന്നു പറയുന്നു. ഓരോ ബേരയും പിതൃവഴി ബന്ധമുള്ള അഞ്ചോ ഏഴോ അണുകുടുംബങ്ങൾ അടങ്ങിയതാണ്. ദ്വീപിലാകെ എത്ര ബേര ഉണ്ടോ അത്രയും പിതൃബന്ധ കൂട്ടുകുടുംബങ്ങൾ ഉണ്ടെന്നാണർത്ഥം. ബേരകൾ തീരപ്രദേശത്തും ഉൾക്കാട്ടിലും കാണും. ബേരകൾ നിർമിക്കാൻ മരം മുറിക്കാറില്ല, അടിക്കാട് തെളിയിച്ചെടുക്കുകയാണ് പതിവ്. മരങ്ങളുടെ മേലാപ്പിൻ കീഴിലാണ് ബേര നിർമിക്കുന്നത്. താൽകാലിക കുടിലുകൾ ‘കൊരാളെ’എന്നാണ് അറിയപ്പെടുന്നത്. അവയുടെ എണ്ണം അണുകുടുംബങ്ങളുടെ എണ്ണത്തിന് ആനുപാതികമായിരിക്കും. ഒരു പ്രദേശത്ത് സ്ഥിരമായി താമസിക്കാത്തതുകൊണ്ടും ഉടുമ്പുള്ളതുകൊണ്ടും അവരുടെ കുടിലിനു ചുറ്റുമുള്ള വിസർജ്യവസ്തുക്കൾ മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാറില്ല.

മൃതദേഹം കുടിലിനുള്ളിൽ അടക്കം ചെയ്യും. മാസങ്ങൾക്കുശേഷം കീഴ് താടിയെല്ല് ശേഖരിച്ചു ബന്ധുക്കൾ അണിയും. photo : wikipedia

പിതൃവഴിയുള്ള ബന്ധഘടനയാണ് ബേര ജീവിതം വെളിപ്പെടുത്തിയിരുന്നത്. ലിറ്റിൽ ആൻഡമാനിലാകെയായി മൂന്നു പ്രാദേശിക കൂട്ടായ്മകൾ പിതൃവഴി ഉണ്ടായിരുന്നു. ഗിരിമേകാ ഗോതബ്യുലെ, എങ്കക്വലെ, ഗിരേര ഗോതബ്യുലെ എന്നാണിവ അറിയപ്പെട്ടിരുന്നത്. ഒരു ബേരയിലുള്ളവർ ചാർച്ചക്കാരായതുകൊണ്ട് അന്യബേരയിൽനിന്നാണ് വിവാഹം കഴിക്കുന്നത്. സ്ത്രീധനമോ വരവിലയോ നടപ്പിലുണ്ടായിരുന്നില്ല. പരസ്പരം ഇഷ്ടപ്പെട്ടവരെ തമ്മിൽ മാതാപിതാക്കൾ ചേർത്തുവയ്ക്കുകയായിരുന്നു പതിവ്. ഏകഭാര്യാത്വം നിർബന്ധമായും പാലിച്ചിരുന്നു. വിവാഹമോചനം സാമൂഹികമായി അനുവദിച്ചിരുന്നില്ലെങ്കിലും ചിലർ പിരിഞ്ഞുതാമസിക്കുന്നവരായുണ്ടായിരുന്നു. വിധവാ / വിഭാര്യ വിവഹം പ്രോത്സാഹിപ്പിച്ചിരുന്നു. ജനനം, വിവാഹം എന്നിവയ്ക്ക് വിപുലമായ ചടങ്ങുകളില്ല. ആൺകുട്ടികൾ പ്രായമാകുമ്പോൾ നടത്തുന്ന തനഗിരു ചടങ്ങും പെൺകുട്ടികളുടെ ആർത്തവചടങ്ങായ ഹോറങ്ങേബെയും വിപുലമായി ആഘോഷിച്ചിരുന്നു. വധു വരന്റെ മടിയിലിരിക്കുന്നതും ആശ്ലേഷിക്കുന്നതുമാണ് വിവാഹ ചടങ്ങ്. പ്രസവശേഷം കുടിലിൽ പ്രസവം നടക്കുന്ന സ്ഥലത്തുതന്നെ മറുപിള്ളയെ കുഴിച്ചിടും. പ്രസവശേഷം അമ്മ ഭക്ഷണവിലക്കുകൾ പാലിച്ചിരുന്നു. മരണശേഷം മൃതദേഹം കുടിലിനുള്ളിൽ ആ വ്യക്തി ഉറങ്ങിയിരുന്ന സ്ഥലത്ത് കുഴിയെടുത്ത് ഇരുത്തി അടക്കം ചെയ്യും. മാസങ്ങൾക്കുശേഷം കീഴ് താടിയെല്ല് ശേഖരിച്ചു ബന്ധുക്കൾ അണിയും.

പൊതുവിൽ സാമൂഹികാചാരങ്ങൾ പാലിക്കുന്നതൊക്കെ മുതിർന്നവരുടെ നിർദേശാനുസരണമാണ്. കാട്, കടൽ, ആകാശം എന്നിവയുമായി ബന്ധപ്പെട്ട് ആത്മാക്കളെ വിശ്വസിക്കുന്ന രീതി പ്രബലമായിരുന്നു, പരിസ്ഥിതിക്കു നാശമാവുന്ന എന്തെങ്കിലും പ്രവൃത്തി ആരുടെയെങ്കിലും ഭാഗത്തുനിന്നുണ്ടായാൽ ആത്മാക്കൾ കോപിക്കുമെന്നും അത് ഗോത്രത്തെ പ്രതികൂലമായി ബാധിക്കുന്ന പേമാരിക്കും ഇടിമിന്നലിനും കാരണമാകുമെന്നും വിശ്വസിച്ചിരുന്നു. കാലാവസ്ഥാ വ്യതിയാനങ്ങളെ സൂക്ഷ്മമായി മനസിലാക്കി അതനുസരിച്ചുള്ള ജീവിതക്രമം ചിട്ടപ്പെടുത്തിയായിരുന്നു അവരുടെ പാരിസ്ഥിതികാധിഷ്ഠിത ജീവനം. ചൂരൽകൊണ്ടുള്ള കുട്ട / പായ്, മരത്തൊട്ടി, വള്ളം, കുടിൽ എന്നിവയുടെ നിർമാണത്തിൽ സ്ത്രീപുരുഷ ഭേദമെന്യേ സഹകരിക്കാറുണ്ട്.

പരമ്പരാഗതമായി ഉപജീവനത്തിനായി മത്സ്യബന്ധനവും ഫലമൂലാദി ശേഖരണവും ഒങ്ങേകൾ നടത്തിയിരുന്നു.

അമ്പും വില്ലും, മഴു, കുന്തം എന്നിവയുടെ നിർമാണം പുരുഷന്മാരുടെ കുത്തകയാണ്. ഒറ്റത്തടി കൊതഞ്ഞെടുത്താണ് വള്ളം ഉണ്ടാക്കുന്നത്. അതിനോട് ഏച്ചുകെട്ടി ഔട്ട് ട്രിഗർ വള്ളങ്ങളായാണ് ഉപയോഗിക്കുന്നത്. മരത്തൊലിനാരുകൾ ഉപയോഗിച്ചാണ് ആചാരസന്ദർഭങ്ങളിൽ അണിയാനുള്ളവ നിർമിക്കുന്നത്. ഇളിയിലും നെഞ്ചിലും തൂക്കുന്ന തൊങ്ങലുകളടങ്ങിയ ബെൽറ്റുകളാണ് പ്രധാനം. പുരുഷന്മാർക്ക് ബന്ധുക്കളായ സ്ത്രീകൾ ഇവ സംഭാവന ചെയ്യുന്നു. ദുരാത്മാക്കളെയും കൊതുക് തുടങ്ങിയുള്ള പ്രാണികളേയും അകറ്റാനായി മുഖത്തും ശരീരത്തിലും വെള്ള ചെളി (ഒയ്ക്കലൈ) പൂശും. ഒയ്ക്കരോ എന്ന് പറയുന്ന ചുവന്ന മണ്ണ് പന്നിക്കൊഴുപ്പു ചേർത്ത് പൂശുന്നത് മരണാചാരമാണ്. ചാരനിറത്തിലും മഞ്ഞനിറത്തിലുമുള്ള ചെളി ശരീരലങ്കാരത്തിനുപയോഗിച്ചിരുന്നു.

ശരീരത്തിൽ കൈവിരലുകൊണ്ട് പലതരം ഡിസൈനുണ്ടാക്കുന്നത് അവരുടെ സൗന്ദര്യബോധം പ്രകടമാക്കുന്നു. അവർക്കിടയിൽ ഇത് വളരെ സവിശേഷമായി കാണാം. ഈ ചെളിപൂശൽ ഏതാണ്ട് വസ്ത്രധാരണത്തിനു സമാനമായി തോന്നും. സന്ദർഭാനുസരണം ഡിസൈൻ മാറുമെന്നതും പ്രധാനമായിരുന്നു. അമ്പും വില്ലും മരത്തൊട്ടിയുമൊക്കെ ചൂരൽനാരുപയോഗിച്ച് അലങ്കരിക്കുന്ന രീതിയും പ്രബലമായിരുന്നു. പ്രകൃതിവസ്തുക്കൾ ഉപയോഗിച്ചുള്ള ആഭരണനിർമിതിയും ഉപയോഗവും നിലനിന്നിരുന്നു. വിവിധയിനം ഇലകളും മരത്തൊലി നാരുകളും ഷെല്ലുകളും ഉപയോഗിച്ചാണ് പ്രധാനമായും ആഭരണങ്ങൾ നിർമിച്ചിരുന്നത്.

നിക്കോബാരി സമ്പർക്കത്തിലൂടെയോ അല്ലാതെയോ പന്നിയുടെ ആഗമനം ഒങ്ങേ ഗോത്രത്തിന്റെ ഭക്ഷണ സംസ്കാരത്തിൽ മികവു വരുത്തി എന്നത് സംശയാതീതമാണ്.

ഒങ്ങേകളുടെ സ്വൈരജീവിതത്തിന് ഭീഷണിയായത് കൊളോണിയൽ സമ്പർക്കവും കൊളോണിയലനന്തര ഭാരത സർക്കാർ പുനരധിവാസ നയവുമാണ്. 19-ാം നൂറ്റാണ്ടിന്റെ അന്ത്യത്തിലും 20-ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലുമായി അവരുടെ ജീവിതത്തിൽ മാറ്റം പ്രകടമായി. അത് വിവരിക്കുന്നതിനു മുമ്പ് ഒങ്ങേകളുടെ ഭക്ഷ്യസംസ്കൃതിയിലുണ്ടായ ആദ്യമാറ്റം എന്താണെന്നു അറിയണം.

ഭക്ഷ്യസംസ്കൃതിയിൽ പ്രധാന മാറ്റം വന്നത് പണ്ട് നിക്കോബാരികളുമായുണ്ടായ സമ്പർക്കം വഴിയാണെന്ന് സംശയിക്കുന്നുണ്ട്. പരമ്പരാഗതമായി ഉപജീവനത്തിനായി മത്സ്യബന്ധനവും ഫലമൂലാദി ശേഖരണവും ഒങ്ങേകൾ നടത്തിയിരുന്നു. ഉപജീവനം കേന്ദ്രീകരിച്ചാണ് അവരുടെ ജീവിതം നിലനിന്നത്. ഭൗതിക സംസ്കാരം അതിനെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. അമ്പും വില്ലും, കിഴങ്ങു കുഴിച്ചെടുക്കാനുള്ള മുനയുള്ള കമ്പ്, ചൂരൽ കുട്ട, കൈവല, മരക്കുട്ട, മഴു, ഹാർപൂൺ, വള്ളം എന്നിവയാണ് പ്രധാനമായി അവർ തനതായി നിർമിച്ചുപയോഗിച്ചിരുന്നത്. ആദ്യ കാലത്ത് അമ്പുകളിൽ മുനയായി തടിയും മൽസ്യമുള്ളുകളും ഉപയോഗിച്ചിരുന്നു. പിന്നീട് അമ്പിനും കുന്തത്തിനും ഇരുമ്പുതലയായി. കുഴിക്കുന്ന കമ്പ് ഇരുമ്പുപാരയായി മാറി. മഴുവിന്റെ അഗ്രം ഷെൽ ഉളിയായിരുന്നത് മാറി ഇരുമ്പിന്റെ ആഗ്രമായി. ഷെൽ ഉപയോഗിച്ചായിരുന്നു കരകൗശലവിദ്യകൾ ചെയ്തിരുന്നത്. ഷെൽ ആയുധങ്ങൾ ഉപയോഗിച്ചാണ് വള്ളങ്ങൾ വരെയുണ്ടാക്കിയിരുന്നത്. ക്ഷൗരക്കത്തിയായിരുന്നതും ഷെൽ തന്നെയാണ്, ഇരുമ്പ് പരിചിതമാകുന്നതിനു മുമ്പുള്ള അവസ്ഥയാണിത്. ഇരുമ്പ് പരിചിതമായതോടെ പരമ്പരാഗതമായി ഉപയോഗിച്ചിരുന്ന ആയുധങ്ങളായ അമ്പുകൾ, ഹാർപൂൺ കൈക്കോടാലി എന്നിവയൊക്കെ ഇരുമ്പുപയോഗിച്ചുള്ളവയായി.

അമ്പും വില്ലും, കിഴങ്ങു കുഴിച്ചെടുക്കാനുള്ള മുനയുള്ള കമ്പ്, ചൂരൽ കുട്ട, കൈവല, മരക്കുട്ട, മഴു, ഹാർപൂൺ, വള്ളം എന്നിവയാണ് പ്രധാനമായി അവർ തനതായി നിർമിച്ചുപയോഗിച്ചിരുന്നത്.

ഒങ്ങേ വള്ളങ്ങളിൽ രണ്ട് അഗ്രവശത്തും ആളിനു നിന്ന് അമ്പെയ്യാൻ സൗകര്യമുണ്ടാകും. അവർ വള്ളമുപയോഗിച്ച് മറ്റു ദ്വീപുകളിൽ കടലാമ വേട്ടയ്ക്കു പോകാറുണ്ടായിരുന്നു. അമ്പും വില്ലും ഉപയോഗിച്ച് പുരുഷന്മാരും കൈവല ഉപയോഗിച്ച് സ്ത്രീകളും മീൻപിടിക്കും. ഇതായിരുന്നു പരമ്പരാഗത ഉപജീവനരീതി. കടലാമയും കടൽപശുവിനെയും കുന്തം ഉപയോഗിച്ച് എറിഞ്ഞു പിടിക്കും. ആമ മുട്ടകൾ തീരത്തുനിന്ന് ശേഖരിക്കും. ലിറ്റിൽ ആൻഡമാനിലെ കിച്ചൺ മിഡൻ അവശിഷ്ടങ്ങളുടെ അടുക്കു പരിശോധിക്കുമ്പോൾ ഏറ്റവും അടിയിലായി പന്നിയുടെയോ മൺപാത്രങ്ങളുടെയോ അവശിഷ്ടങ്ങളില്ല. പകരം കക്കയുൾപ്പടെയുള്ള ശുക്തിമൽസ്യങ്ങളുടെ തോടുകളാണ് അധികവും. മീന്മുള്ളുകളും ധാരാളമായി കണ്ടു. അവ ചുട്ടതാണെന്നും വ്യക്തമാകുന്നു. മേൽത്തട്ടിൽ പന്നിയുടെയും മൺപാത്രങ്ങളുടെയും അവശിഷ്ടങ്ങൾ ലഭിച്ചിട്ടുണ്ട്. മേൽത്തട്ടിൽ ശുക്തിമൽസ്യങ്ങളുടെ തോടുകളിൽ കുറവും കാണുന്നുവെന്നു സിപ്രിയാനി 1966- ൽ രേഖപ്പെടുത്തി.

ആദ്യ കാലത്ത് ഒങ്ങേയും നഗ്നരായിരുന്നുവെന്നതിനു തെളിവായി ജരാവയുടെയും സെന്റിനൽ നിവാസികളുടെയും നഗ്നസാന്നിധ്യം ചൂണ്ടിക്കാണിക്കപ്പെടുന്നു. നിക്കോബാരികളുമായുള്ള സമ്പർക്കമായിരിക്കും ലൈംഗികാവയവങ്ങൾ മൂടുന്ന രീതി അവർക്കിടയിൽ കൊണ്ടുവന്നത്.

ഒങ്ങേ ഭാഷയിൽ മൽസ്യത്തിന്റെയും പൊതുവിൽ ആഹാരത്തിന്റെയും പേര് സിയോഗ് എന്നാണ്. ആഹാരമെന്നത് പരമ്പരാഗതമായി മീനായിരുന്നുവെന്നാണ് ഇത് തെളിയിക്കുന്നത്. മേൽത്തട്ടിൽ മാത്രം കാണുന്ന പന്നിയുടെ എല്ലുകൾ, പന്നി പിൽക്കാലത്തു വന്നതായാണ് മനസിലാക്കാൻ സഹായിക്കുന്നത്. പന്നിയും മൺപാത്രങ്ങളും മൽസ്യബന്ധന ജനതയായ നിക്കോബാരികൾ വഴി ഇവിടെ എത്തിയതാണെന്നു സംശയിക്കുന്നു. പന്നിയും മൺപാത്രവും ഒങ്ങേകൾക്കിടയിൽ പ്രചരിച്ചതോടെ അവരുടെ പരമ്പരാഗത ഭക്ഷ്യസംസ്കൃതി മാറി. തീയുടെ ഉപയോഗം അറിയാമെങ്കിലും തീയുണ്ടാക്കാനുള്ള അറിവില്ല. പകരം എല്ലാ കുടുംബങ്ങളും അടുപ്പണയാതെ സംരക്ഷിക്കും. അവർ എവിടെ താമസിക്കാൻ പോയാലും കനലുള്ള വിറകുതടി കൂടെയുണ്ടാകും. ആഹാരം ചുട്ടും തിളപ്പിച്ചും വേവിച്ചാണ് കഴിക്കുക. ഷെല്ലുകളാണ് കുടിക്കാനും ഭക്ഷണം തിന്നാനുമുള്ള പത്രങ്ങളായി ഉപയോഗിക്കുന്നത്. പാചകപാത്രം മണ്ണു കൊണ്ടുള്ളതാണ്. വെള്ളം ശേഖരിക്കാൻ മുളമുട്ടുകൾ, തേൻ ശേഖരിക്കാൻ മരത്തൊട്ടികൾ എന്നിവ നിർമിച്ചുപയോഗിച്ചിരുന്നു

സംശയിക്കപ്പെടുന്ന
നിക്കോബാരി സമ്പർക്കം

നിക്കോബാരികൾ വഴി വന്നതായി കരുതുന്ന പന്നികൾ പെട്ടെന്നുതന്നെ പെറ്റുപെരുകി വന്യജീവികളായി മാറി. നിക്കോബാരി സമ്പർക്കം വഴിയല്ലാതെ പന്നികൾ ദ്വീപാന്തരവാസത്തിനായി നീന്തിയെത്തിക്കാണുമെന്നും ചിലർ സംശയിക്കുന്നുണ്ട്. മീൻപിടുത്തതിന് ഉപയോഗിച്ചിരുന്ന അമ്പും വില്ലും കൊണ്ടാണ് ഒങ്ങേകൾ നായാട്ട് നടത്തിയത്. അക്കാലത്ത് അവർക്ക് പന്നിവേട്ട എളുപ്പമായിരുന്നില്ല. അതുകൊണ്ടുതന്നെ ലഭിക്കുന്ന ഇരയുടെ തലയോട് വിജയചിഹ്നമായി കുടിലിൽ സൂക്ഷിക്കും. കടൽപശുവിന്റെ താടിയെല്ല്, കടലാമയുടെ പുറംതോട് ഇവയൊക്കെ അവർക്കിടയിൽ നായാട്ടു ചിഹ്നങ്ങളായിരുന്നു.

ഒങ്ങേകളുടെ പാരിസ്ഥിതിക ജ്ഞാനം വിപുലമാണ്. ഫലങ്ങളും കിഴങ്ങുകളും ശേഖരിക്കുന്നതു വഴി സസ്യങ്ങള്‍ക്ക് നാശം സംഭവിക്കരുത് എന്ന വിശ്വാസം പ്രബലമാണ്‌.

നിക്കോബാരി സമ്പർക്കത്തിലൂടെയോ അല്ലാതെയോ പന്നിയുടെ ആഗമനം ഒങ്ങേ ഗോത്രത്തിന്റെ ഭക്ഷണ സംസ്കാരത്തിൽ മികവു വരുത്തി എന്നത് സംശയാതീതമാണ്. അതിനു മുമ്പ് മൽസ്യത്തിൽനിന്നുള്ള പ്രോട്ടീൻ ലഭ്യതയേ ഉണ്ടായിരുന്നുള്ളൂ. ലിറ്റിൽ ആൻഡമാനിൽ വലിയ കരജീവികൾ നായാട്ടിനു ലഭ്യമായിരുന്നില്ല. പന്നിയുടെ ലഭ്യത വഴി അവരുടെ മൽസ്യബന്ധന ഭക്ഷ്യശേഖരണ പദവി മാറി, നായാട്ട് -മൽസ്യബന്ധന -ഭക്ഷ്യശേഖരണ ഗോത്ര പദവിയിലേക്ക് ഒങ്ങേ ഉയർന്നു.

കൊളോണിയൽ കാലത്ത് നായ്ക്കളുടെ വരവോടെ പന്നിവേട്ട സജീവമായി. ഗ്രേറ്റ് ആൻഡമാനീസിനെ പോലെതന്നെ നായാട്ടിന് നായ്ക്കളുടെ ഉപയോഗം അവരും തിരിച്ചറിഞ്ഞു. നായ്ക്കളുടെ സാന്നിധ്യത്തെ കുറിച്ച് ചില സംശയങ്ങൾ ഇല്ലാതില്ല. ബ്രിട്ടീഷുകാരിലൂടെയല്ലെന്നും ബർമക്കാർ വഴിയാണ് നായ്ക്കളെത്തിയതെന്നും നായാട്ടിന് നായ്ക്കളെ ഉപയോഗിക്കാൻ പഠിപ്പിച്ചത് അവരാണെന്നും പറയാറുണ്ട്. നായ്ക്കളുടെ സഹായം ലഭിക്കുന്നതിനുമുമ്പ് പന്നിവേട്ട ഓങ്ങേ വിഭാഗത്തിന് എളുപ്പവൃത്തിയായിരുന്നില്ല, നായ്ക്കൾ മണം പിടിച്ച് പന്നികളെ കണ്ടെത്താനും ഓടിച്ച് ഏതെങ്കിലും സ്ഥലത്ത് ഒളിപ്പിക്കാനും കഴിയും. അതോടെ പന്നിവേട്ട ഒങ്ങേകൾക്ക് എളുപ്പമായി. അവരുടെ മത്സ്യാഹാരശീലത്തെ തന്നെ ഇത് മാറ്റിമറിച്ചു. ക്രമേണ മുഖ്യാഹാരം പന്നിയിറച്ചിയായി തീർന്നു.

പുനരധിവാസ അധിനിവേശം ഒങ്ങേകളുടെ സ്വൈരജീവിതം ഇല്ലാതാക്കി. വൻതോതിലുള്ള നിർമാണപ്രവർത്തനങ്ങൾക്കും ഏകവിളതോട്ടങ്ങൾക്കുമായി കാട് വെട്ടിത്തെളിച്ചു. റോഡ് സൗകര്യവും എണ്ണപ്പന തോട്ടങ്ങളും ഒങ്ങേകളുടെ ആവാസയിടങ്ങൾ അപഹരിച്ചു.

ഒങ്ങേകളുടെ ഇടയിൽ നായ്ക്കളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചു. നായ്ക്കളും അവരും ഭക്ഷണം ഒരുമിച്ച് ഒരു പാത്രത്തിൽ കഴിക്കുന്ന തരത്തിൽ നായ്ക്കളുമായുള്ള അവരുടെ ബന്ധം വളർന്നു. അവരുടെ പാചകപാത്രങ്ങൾ നക്കി വൃത്തിയാക്കുന്നത് നായ്ക്കളാണ്. പതിയെ അവരുടെ പ്രിയ നായ്ക്കൾ വലിയ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നവയായി മാറി. നായ്ക്കൾ വരുന്നതിനു മുമ്പ് ചെള്ള് വലിയ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നില്ല. ഭക്ഷണം കഴിച്ച് നായ്ക്കളുടെ പുറത്തുതുടച്ച് കൈ വൃത്തിയാക്കുന്നതും ഭക്ഷണം ഒരുമിച്ചു കഴിക്കുന്നതും പാത്രങ്ങൾ നക്കി തുടയ്ക്കുന്നതുമൊക്കെ വൃത്തിഹീനതയ്ക്കു കാരണമായി. നായ്ക്കളുമായുള്ള സഹജീവനം ഒങ്ങേ ജീവിതം ദുസ്സഹമാക്കി. ഒഴുകിവരുന്ന വീപ്പകൾ പാചകപാത്രങ്ങളായി ഉപയോഗിക്കുന്ന രീതി ആരംഭിച്ചു. മൺപാത്രങ്ങൾ ഒഴിവാക്കി. വീപ്പ പാചകം കൂടുതൽ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിച്ചു.

ഫലമൂലാദി ശേഖരണവും തേൻ ശേഖരണവും ഇതോടൊപ്പം അവർ നിലനിർത്തി. അവരുടെ പാരിസ്ഥിതിക ജ്ഞാനം വിപുലമാണ്. ഭക്ഷ്യയോഗ്യമായതും അല്ലാത്തതുമായ കിഴങ്ങുകളെ കുറിച്ച് വ്യക്തമായ ധാരണയുണ്ട്. അതേപോലെയുള്ള അറിവ് ഫലങ്ങളുടെ കാര്യത്തിലുമുണ്ട്. ഇവ ശേഖരിക്കുന്നതുവഴി സസ്യങ്ങൾക്ക് ഒരു രീതിയിലുള്ള നാശവും വരരുത് എന്ന വിശ്വാസം പ്രബലമാണ്. നശിപ്പിച്ചാൽ എല്യൂഗ എന്ന ആത്മാവ് കനത്ത പേമാരിയും ഇടിമിന്നലും ഉണ്ടാക്കി അവർക്കു ശിക്ഷ നല്കുമെന്ന് ശക്തമായി വിശ്വസിക്കുന്നു. അതുകൊണ്ട് അവർ ഫലമൂലാദികൾ സസ്യനാശമുണ്ടാക്കാതെ ശ്രദ്ധാപൂർവമാണ് ശേഖരിക്കുന്നത്. ചെടിയുടെ ദൂരത്തുനിന്ന് കുഴി കുഴിച്ച് കിഴങ്ങുകൾ ശേഖരിക്കുന്നു. കുഴി കരിയിലയിട്ടു മൂടും. കുഴിച്ചെടുത്തതായി ഒരു തെളിവും അവശേഷിപ്പിക്കില്ല.

നഗ്നരായിരുന്ന ഒങ്ങേ സ്ത്രീകളെ നിക്കോബാരി പുരുഷന്‍മാര്‍ ലൈംഗികമായി ഉപയോഗിക്കാന്‍ ശ്രമിച്ചതോടെയായിരിക്കും അവര്‍ക്ക് അവയവം മൂടി സൂക്ഷിക്കണമെന്ന് ബോധം ഉണ്ടായത്.

ചില ഒങ്ങേകളുടെ ത്വക്കിന്റെ നിറത്തിലും പൊക്കത്തിലും കാണുന്ന വ്യത്യാസം നിക്കോബാരി- ഓങ്ങേ സമ്പർക്കമുണ്ടായിട്ടുണ്ടെന്ന സംശയം ബലപ്പെടുത്തുന്നതായി ചില ഗവേഷകർ സംശയിക്കുന്നു. ആദ്യ കാലത്ത് ഒങ്ങേയും നഗ്നരായിരുന്നുവെന്നതിനു തെളിവായി ജരാവയുടെയും സെന്റിനൽ നിവാസികളുടെയും നഗ്നസാന്നിധ്യം ചൂണ്ടിക്കാണിക്കപ്പെടുന്നു. നിക്കോബാരികളുമായുള്ള സമ്പർക്കമായിരിക്കും ലൈംഗികാവയവങ്ങൾ മൂടുന്ന രീതി അവർക്കിടയിൽ കൊണ്ടുവന്നത്. കൈതോലനാരുകൾ കൂട്ടിയുള്ള ഒരുകെട്ട് തൊങ്ങലുപയോഗിച്ച് സ്ത്രീകൾ സ്വകാര്യാവയവം മറച്ചുതുടങ്ങി. ആദ്യകാലത്ത് നിക്കോബാരി പുരുഷന്മാരായിരിക്കും ഈ ദ്വീപ് സന്ദർശിച്ചത്. അവർ നഗ്നരായിരുന്ന ഒങ്ങേ സ്ത്രീകളെ ലൈംഗികമായി ഉപയോഗിക്കാൻ ശ്രമിച്ചതോടെയായിരിക്കും അവർക്ക് അവയവം മൂടി സൂക്ഷിക്കണമെന്ന ബോധമുണ്ടായത്. മുല മറയ്ക്കണമെന്ന് അക്കാലത്ത് അവർക്കു തോന്നിയിരുന്നില്ല. പുരുഷന്മാർക്ക് ലൈംഗികാവയവം മറയ്ക്കണമെന്ന ആവശ്യമുണ്ടായിരുന്നില്ല. ഏതാണ്ട് ഒരു നൂറ്റാണ്ടിനുശേഷമാണ് അവർ ചെറിയ തുണി കോണകമായി ഉപയോഗിച്ചു തുടങ്ങിയത്. അതും ബ്രിട്ടീഷുകാരും തടവുകാരും നിരന്തരസമ്പർക്കം ആരംഭിച്ചതിനുശേഷം. ഓങ്ങേ പുരുഷന്മാർ പുറത്തുനിന്ന് ചെറിയ തുണി സംഘടിപ്പിച്ചാണ് ഉപയോഗിച്ചു തുടങ്ങിയത്.

സാങ്കേതിക മികവുള്ള ബ്രിട്ടീഷുകാരുമായുള്ള സമ്പർക്കമാണ് ഒങ്ങേ ജീവിതം നശിപ്പിച്ചു തുടങ്ങിയത്.

ബ്രിട്ടീഷ് അധിനിവേശവും
ഒങ്ങേ പ്രതിരോധവും

സാങ്കേതിക മികവുള്ള ബ്രിട്ടീഷുകാരുമായുള്ള സമ്പർക്കമാണ് ഒങ്ങേ ജീവിതം നശിപ്പിച്ചു തുടങ്ങിയത്. ബ്രിട്ടീഷ് അധിനിവേശത്തെ ശക്തമായി പ്രതിരോധിക്കാൻ അവർ ആദ്യഘട്ടത്തിൽ ശ്രമിച്ചു. 1867- ൽ അസ്സാം വാലി എന്ന കപ്പലിലെ ജീവനക്കാരെ ഒങ്ങേകൾ കൊന്നൊടുക്കി, ലിറ്റിൽ ആൻഡമാനിലെത്തിയ ബ്രിട്ടീഷ് സംഘത്തെയും അവരുടെ സഹായികളായി വന്ന 57 ഗ്രേറ്റ് ആൻഡമാനീസുകളെയും കൊന്നു. ഇതിനു മറുപടിയായി ഐ ജി എസ് അരക്കൻ എന്ന കപ്പലിൽ ബ്രിട്ടീഷുകാർ വൻ സൈനിക സന്നാഹത്തോടെ ലിറ്റിൽ ആൻഡമാനിലെത്തി 70 ഒങ്ങേകളെ കൊന്നൊടുക്കി. മറ്റൊരു ഏറ്റുമുട്ടലിൽ 30 ഒങ്ങേകളെ അവർ വെടിവച്ചുകൊന്നതിന് ഡോ ഡഗ്ലസ് സാക്ഷിയായിരുന്നുവെന്ന് പോർട് മാൻ വെളിപ്പെടുത്തിയിട്ടുണ്ട്. അധിനിവേശക്കാരുമായുമുള്ള ഏറ്റുമുട്ടലിൽ എത്ര ഒങ്ങേ ഗോത്രക്കാർ കൊല്ലപ്പെട്ടുവെന്നതിനു കൃത്യമായ തെളിവില്ല.

വനവിഭവ ചുഷണത്തിനായിരുന്നു ബ്രിട്ടീഷുകാരുടെ സൗഹൃദ സമ്പർക്കം. സമ്പർക്കം രൂക്ഷമായതോടെ ഒങ്ങേകളുടെ പതനവും ആരംഭിച്ചു.

കൊളോണിയൽ സെൻസസ് ജനസംഖ്യാശോഷണം അടയാളപ്പെടുത്തുന്നുണ്ട്. 1901- ൽ ഒങ്ങേകളുടെ എണ്ണം-672 , 1911-ൽ 631, 1921-ൽ 321, 1931-ൽ 250 എന്നിങ്ങനെ കാണുന്നു. ലിറ്റിൽ ആൻഡമാനിലെ തടി കൊണ്ടുള്ള വ്യവസായം ഉന്നം വച്ച ബ്രിട്ടീഷുകാർക്ക് ഒങ്ങേകളുടെ സഹകരണം അനിവാര്യമായിരുന്നു. ആൻഡമാനികൾക്കിടയിൽ പരീക്ഷിച്ച സൗഹൃദ സമ്പർക്കപരിപാടി ഇവിടെയും പ്രയോഗിച്ചു. ഇതിന്റെ ഭാഗമായി എം വി പോർട്ട് മാൻ കുറെ ഒങ്ങേകളെ പിടിച്ച് പോർട്ട് ബ്ലൈറിൽ കൊണ്ടുവന്നു. കുറച്ചു നാളുകൾക്കുശേഷം സമ്മാനങ്ങൾ നൽകി അവരെ ലിറ്റിൽ ആൻഡമാനിൽ തിരിച്ചെത്തിച്ചു. ഒങ്ങേകൾക്കിത് പുതിയ അനുഭവമായി. മുമ്പ് അവർക്കു ലഭിച്ചിരുന്ന ശിക്ഷാനടപടികളിൽ നിന്ന് വ്യത്യസ്തമായി ബ്രിട്ടീഷുകാർ അവരെ പരിചരിച്ചതായി സമ്മാനദാനത്തെ അവർ കണ്ടു. ഇതാകട്ടെ മലയൻ, ചൈനീസ് നാവികരിൽനിന്ന് ഏറ്റുവാങ്ങേണ്ടിവന്ന പരാക്രമങ്ങളിൽ നിന്ന് വ്യത്യസ്തമായി അവർക്കുതോന്നി. അതോടെ ബ്രിട്ടീഷുകാരോടുള്ള അവരുടെ സമീപനം മാറി. ബ്രിട്ടീഷ് അധിനിവേശത്തോട് അവർ കാട്ടിയിരുന്ന ശത്രുത ക്രമേണ കുറഞ്ഞുവന്നു. ഇടയ്ക്കിടക്കു ബ്രിട്ടീഷ് സന്ദർശനം ഉണ്ടായി. ഇതൊന്നും ഒങ്ങേകളുടെ ക്ഷേമത്തിനായുള്ള പ്രവർത്തനമായിരുന്നില്ല. വനവിഭവ ചുഷണത്തിനായിരുന്നു ബ്രിട്ടീഷുകാരുടെ സൗഹൃദ സമ്പർക്കം. സമ്പർക്കം രൂക്ഷമായതോടെ ഒങ്ങേകളുടെ പതനവും ആരംഭിച്ചുവെന്നു പറയാം. ബ്രിട്ടീഷുകാരാണ് പുറത്തുള്ളവരോടുള്ള ഒങ്ങേകളുടെ സമീപനം രൂപപ്പെടുത്തിയത്. അതോടൊപ്പം വൻതോതിലുള്ള തടിവ്യവസായ സാധ്യതയും തുറന്നിട്ടത്. ഇവ രണ്ടും സ്വാതന്ത്ര്യാനന്തരം ഭാരത സർക്കാർ പ്രയോജനപ്പെടുത്തിയതായി കാണാം.

ഒങ്ങേകളുടെ സ്വത്വനാശത്തിന്റെ സ്വാതന്ത്ര്യാനന്തര മുഖം

ബ്രിട്ടീഷുകാർ ആൻഡമാനെ തടവുകാരുടെ താവളമാക്കിയപ്പോൾ ഭാരത സർക്കാർ പുനരധിവാസ കുടിയേറ്റത്തിനായുള്ള മണ്ണായി കണ്ടു. ബംഗ്ലാദേശ് രൂപീകരണത്തെ തുടർന്നുണ്ടായ ഈസ്റ്റ് ബംഗാൾ അഭയാർഥികളെ പുനരധിവസിപ്പിക്കാൻ പറ്റിയയിടം ആൻഡമാനാണെന്നു നിശ്ചയിച്ചു. ഗ്രേറ്റ് ആൻഡമാനിൽ മാത്രമായി ഒതുക്കാതെ 1969 -79 കാലത്ത് ലിറ്റിൽ ആൻഡമാനിൽ 366 ബംഗാളി കുടുംബങ്ങളെ പുനരധിവസിപ്പിച്ചു. 1973- ൽ കാർനിക്കോബാറിലെ ജനസംഖ്യാ വർദ്ധനവ് കുറയ്ക്കാനായി 165 നിക്കോബാരി കുടുംബങ്ങളെ ഒങ്ങേകൾ വസിക്കുന്ന സൗത്ത് ബേക്കു സമീപത്തുള്ള ഹർമിന്ദർ ബേയിൽ പുനരധിവസിപ്പിച്ചു. 1977- ൽ ശ്രീലങ്കയിൽ നിന്ന് 25 കുടുംബങ്ങൾ, ബർമയിൽനിന്ന് എട്ടു കുടുംബങ്ങൾ, തമിഴ് പ്രവാസികളുടെ പുനരധിവാസ പദ്ധതിയിലെത്തി. 1979- ൽ 83 മാപ്പിള കുടുംബങ്ങളെയും പുനരധിവസിപ്പിച്ചു. ഒരു കാലത്ത് ഒങ്ങേ ഗോത്രക്കാരുടേതായിരുന്ന ആവാസഭൂമിയിൽ കുടിയേറ്റം സർക്കാർ ആഘോഷമാക്കി.

Group of Andamanese in native jungle എന്ന പേരില്‍ വിക്കീപീഡിയ പ്രസിദ്ധീകരിച്ച ചിത്രം

പുനരധിവാസത്തെ തുടർന്ന് സർക്കാർ സംവിധാനം വളർന്നു. പുനരധിവാസ വകുപ്പ്, ആൻഡമാൻ ഹാർബർ വർക്സ്, വനം വകുപ്പ്, പൊതുമരാമത്തു വകുപ്പ്, സ്വകാര്യ കച്ചവടക്കാർ എല്ലാം എത്തി. ഇന്ന് ടൂറിസവും പ്രോത്സാഹിപ്പിക്കുന്നു. വന്നവരെല്ലാം ചേർന്ന് ഒങ്ങേകളുടെ ജനസംഖ്യയെക്കാൾ പതിനായിരം മടങ്ങ് കൂടുതലായി. അഭയാർഥികളായ കുടിയേറ്റക്കാരുടെ ജീവിതവും സംസ്കാരവും ഒങ്ങേ ഗോത്രക്കാരുടേതുപോലെയുള്ളതല്ല. അവർക്കു ഭാഷ കൊണ്ടുള്ള വിനിമയ ബലവും സഹസംസ്കാര ബലവും ജനസംഖ്യാബലവുമുണ്ട്. വിപുലമായ ആവശ്യങ്ങളുണ്ട്. പുനരധിവാസ അധിനിവേശം ഒങ്ങേകളുടെ സ്വൈരജീവിതം ഇല്ലാതാക്കി. വൻതോതിലുള്ള നിർമാണപ്രവർത്തനങ്ങൾക്കും ഏകവിളതോട്ടങ്ങൾക്കുമായി (എണ്ണപ്പന) കാട് വെട്ടിത്തെളിച്ചു. പുതുതായി ഉണ്ടാക്കിയ റോഡ് സൗകര്യവും എണ്ണപ്പന തോട്ടങ്ങളും ഒങ്ങേകളുടെ ആവാസയിടങ്ങൾ അപഹരിച്ചു. അവരുടെ സാമൂഹികജീവിതത്തിന്റെ സവിശേഷമുദ്രകളാണ് ബേരകൾ. അതൊക്കെ നശിപ്പിക്കപ്പെട്ടു. ഒങ്ങേകളുടെ ഉപജീവനയിടം വലിയതോതിൽ ചുരുങ്ങി. ആദിമരും കുടിയേറ്റക്കാരും സഹജീവനം ഒരേമണ്ണിൽ നടത്തുമ്പോൾ അതിജീവനത്തിനായി ഉണ്ടാകാവുന്ന സംഘർഷം കണക്കിലെടുത്ത് ആദിമരായ ഒങ്ങേ ഗോത്രത്തെ പുനരധിവസിപ്പിക്കുകയാണ് നല്ലതെന്ന് ആൻഡമാൻ ഭരണകൂടം തീരുമാനിച്ചു.

പുനരധിവാസത്തിന്റെ ആദ്യഘട്ടത്തിൽ, ഒങ്ങേകൾ സർക്കാർ നൽകിയ വീടുകളിൽ താമസിക്കാൻ താല്പര്യം കാണിച്ചില്ല. ഉൾക്കാട്ടിൽ താൽകാലിക വീടുകൾ നിർമിച്ച് കഴിയുമായിരുന്നു.

നാടോടിജീവിതം നയിക്കുന്ന ഒങ്ങേഗോത്രത്തെ കാർഷിക വൃത്തിയിലേക്കു മാറ്റാനും സ്ഥിരവാസം ഉണ്ടാക്കാനും ശ്രമം ആരംഭിച്ചു. 1976 സെപ്റ്റംബർ 13 ന് ഡൽഹിയിൽ ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ പ്രാക്തനസമൂഹങ്ങളെ കുറിച്ചുള്ള രണ്ടാം ഉപദേശകസമിതിയിലാണ് പുനരധിവാസ പദ്ധതി അംഗീകരിച്ചത്. അതുവരെ നടത്തിയ ക്ഷേമപ്രവർത്തനങ്ങൾ നല്ല രീതിയിൽ ഫലം കണ്ടില്ല എന്ന് വിലയിരുത്തുകയും ചെയ്‌തു.

ഒങ്ങേ പുനരധിവാസവും
പ്രതിസന്ധികളും

സ്വാതന്ത്ര്യാനന്തര ഒങ്ങേ ജീവിതം ജനസംഖ്യാ ശോഷണം, സാംസ്കാരിക ശോഷണം എന്നീ രണ്ടു പ്രതിസന്ധികൾ അഭിമുഖീകരിക്കുന്നു. ഒങ്ങേ ജനസംഖ്യ ഇന്ത്യൻ സെൻസസ് പ്രകാരം 1951-ൽ 150, 1961-ൽ 129, 1971- ൽ 112, 1991- ൽ 98, 2001-ൽ 96, 2011-ൽ 101എന്നിങ്ങനെയാണ്. കൊളോണിയൽ കാലത്താരംഭിച്ച ജനസംഖ്യാ ശോഷണം അന്നത്തെ അത്ര രൂക്ഷമായല്ലെങ്കിലും ഇപ്പോഴും തുടരുന്നുണ്ട്. 1976 -77 കാലത്ത് ഒങ്ങേകളെ രണ്ടു വിഭാഗമായി. 78 പേരെ ഡുഗോങ് ക്രീക്കിലും 22 പേരെ സൗത്ത് ബേയിലുമായി പുനരധിവസിപ്പിച്ചു. എല്ലാവരെയും ഒരുസ്ഥലത്തായി പുനഃരധിവസിപ്പിക്കണമെന്ന് ആൻഡമാൻ ഭരണകൂടത്തിന് താല്പര്യമുണ്ടായിരുന്നു. സൗത്ത് ബേയിൽ താമസിച്ചുവന്ന ഒങ്ങേകൾ ഡുഗോങ് ക്രീക്കിലേക്കു താമസം മാറാൻ തയ്യാറായില്ല. ജാക്സൺ ക്രീക്കിലുള്ളവർ ഡുഗോങ് ക്രീക്കിലേക്കു താമസം മാറി. അതുകൊണ്ട് പുനരധിവാസം രണ്ടിടങ്ങളിലാക്കി, രണ്ടു ആവാസയിടങ്ങളിലും നാളികേരകൃഷി ആരംഭിച്ചു.

കൊല്‍ക്കത്താ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഒങ്ങേ മനുഷ്യരുടെ ശില്‍പ്പം

മരത്തൂണിൽ ഉയർത്തിയ വീടുകളിൽ താമസമൊരുക്കി, കുടിവെള്ളത്തിനായി കിണർ സൗകര്യം ഉണ്ടാക്കി. ഡുഗോങ് ക്രീക്കിൽ ജെട്ടിയും ഹെലിപാഡും നിർമിച്ചു. ലിറ്റിൽ ആൻഡമാൻ കേന്ദ്രമായ ഹട്ബേ യിൽനിന്നും സൗത്ത് ബേയിലേക്ക് റോഡ് നിർമിച്ചു. ഡുഗോങ് ക്രീക്കും ഹട്ബേയും ബന്ധിപ്പിച്ച് റോഡ് നിർമിച്ചു. ബംഗാളികൾ വസിക്കുന്ന, വിവേകാനന്ദപുരത്തിന് ഡുഗോങ് ക്രീക്കിലെ ഒങ്ങേ കേന്ദ്രത്തിൽനിന്ന് എട്ടു കിലോമീറ്ററേയുള്ളൂ. ആധുനിക ലോകം അവരെ ചുറ്റിനിൽക്കുന്നു. ചുറ്റും പുറമെനിന്നെത്തിയവരുടെ സാന്നിധ്യവും അവർക്കായുള്ള വികസന പ്രവർത്തനങ്ങളും വനനശീകരണവും പ്രകൃതിവിഭവ ചൂഷണവും സൃഷ്ടിച്ച സമ്മർദ്ദത്തിൽ പ്രാക്തന സമൂഹമായി തുടരുക ഓങ്ങേക്കു വെല്ലുവിളിയായി. അവരുടെ ദൈനംദിനജീവിതം പ്രതിസന്ധിയിലായ പുനരധിവാസ അനുഭവമാണ് ഒങ്ങേയ്ക്കു പങ്കുവയ്ക്കാനുള്ളത്.

വനനശീകരണം സൃഷ്ടിച്ച
പാരിസ്ഥിതിക പ്രശ്നങ്ങൾ

വൻതോതിലുള്ള നിർമാണ -വികസന പ്രവർത്തനങ്ങൾ മൂലമുണ്ടായ വനനശീകരണം, തടിവ്യവസായം സൃഷ്ടിക്കുന്ന വനനാശം എല്ലാം ചേർന്ന് ലിറ്റിൽ ആൻഡമാൻ കാലാവസ്ഥയെ മാറ്റി. തിങ്ങിയ മരങ്ങൾ ദ്വീപിനു നല്കിയിരുന്ന തണലും തണുപ്പും നഷ്ടമായി. ഏകവിളത്തോട്ടങ്ങൾ സ്വാഭാവിക വനത്തിനു പകരമാവില്ലല്ലോ. പാരിസ്ഥിതിക ശോഷണം ഒങ്ങേകളുടെ ഇരു ഇടങ്ങളിലും വർധിച്ചു. വീടുകൾ നിർമിക്കാൻ മരങ്ങൾ മുറിച്ചു. കാടു തെളിച്ചു. മരത്തൂണുകളിൽ പൊങ്ങി നിൽക്കുന്ന വീടുകൾ നൽകി. ഒരു മുറിയും ഒരു വരാന്തയുമാണ് തടിവീട്ടിലുള്ളത്. ശൗചാലയമോ അടുക്കളയോ ഇല്ല. ആസ്ബസ്റ്റോസ് മേൽക്കൂര. മലമൂത്ര വിസർജ്ജന സൗകര്യം പുറത്തുമില്ല. പൊക്കം കാരണം കുട്ടികൾ വീഴുക പതിവായി. രാത്രിയിൽ പുറത്തുപോകാൻ വയ്യാത്തതുകാരണം മുറിയുടെ മുലയിൽ ദ്വാരമിട്ട് മലമൂത്രവിസർജനം നടത്തും. ഇത് ഗാർഹിക പരിസരം കൂടുതൽ വൃത്തികേടാക്കി. നായ്ക്കൾ ഭക്ഷിക്കും. അവ ഇവർക്കൊപ്പം ഭക്ഷണവും കഴിക്കും.

സർക്കാർ നൽകിയ വീടുകളിൽ താമസിക്കാൻ ഒങ്ങേകൾ താല്പര്യം കാണിച്ചില്ല. സെറ്റിൽമെന്റ് പദ്ധതി അവരുടെ പരിസ്ഥിതിക ബോധത്തെ വെല്ലുവിളിച്ചു.

ഒറ്റമുറിയിലെ ജനലുകൾ തുറന്നിടുന്ന സ്വഭാവമില്ല. അടുപ്പും ആ മുറിയിൽത്തന്നെ. പുകയും ചൂടും സഹിക്കാനാവില്ല. വെട്ടിവെളിപ്പിച്ച ഇടങ്ങളിൽ വൻതോതിൽ പുല്ല് വളർന്നു. തീരദേശമായതുകൊണ്ട് മണൽ തിളച്ച ചൂടു മൂലം ചെരുപ്പില്ലാതെ നടക്കാനാവില്ല എന്ന സ്ഥിതി വന്നു. ഇതോടൊപ്പം അവരെ കൂലിപ്പണിക്കാരാക്കി, ഈ ചൂടിൽ പുല്ലു പറിക്കാനും തെങ്ങിൻ തോട്ടം പരിപാലിക്കാനും ഏൽപ്പിച്ചു. വിയർപ്പുകാരണം അവർ ബുദ്ധിമുട്ടി. തൊഴിൽ സാഹചര്യം അനുകൂലമല്ലാത്തതുകൊണ്ട് കൂലിപ്പണിയിലും വിജയിക്കാനായില്ല. ചൂട് നിയന്ത്രിക്കാനായി ഗുൽമോഹർ ചെടികൾ വച്ചുപിടിപ്പിച്ചു. ഇതുകൊണ്ടു വലിയ മാറ്റം വന്നില്ല. അവ വൻതോതിൽ ഷഡ് പദങ്ങളെയും മറ്റു പ്രാണികളെയും ആകർഷിക്കുന്നുവെന്നായതോടെ അവ മുറിച്ചുമാറ്റാനായി ഒങ്ങേകൾക്ക് താല്പര്യം. അധികാരികളായ സന്ദർശർക്കായുള്ള ഹെലികോപ്റ്റർ സൗകര്യത്തിനായി ഹെലിപാഡിന് സമീപം പൊക്കമുള്ള മരങ്ങൾ പാടില്ല എന്നതുകൊണ്ടാണ് മരങ്ങൾ വയ്ക്കാത്തത്. വർധിക്കുന്ന ചൂട് ഒങ്ങേയ്ക്കു പരിചയമുള്ളതല്ല. കാടിന്റെ മക്കളായ അവർക്കു ലഭ്യമായിരുന്നത് മിതോഷ്ണ കാലാവസ്ഥയാണ്. അതു മാറിയതോടെ അവർക്കു അതിജീവന പ്രതിസന്ധിയായി പുനരധിവാസം.

ഇന്ന് കോട്ടൺ ജാക്കറ്റ്, പെറ്റി കോട്ട് എന്നിവ സ്ത്രീകൾക്കും നിക്കറും ബുഷ് ഷർട്ടും പുരുഷന്മാർക്കും ആദിം ജനജാതി വികസന സമിതി അംഗീകരിച്ചു നൽകുന്നുണ്ട്.

പുനരധിവാസത്തിന്റെ ആദ്യഘട്ടത്തിൽ, ഒങ്ങേകൾ സർക്കാർ നൽകിയ വീടുകളിൽ താമസിക്കാൻ താല്പര്യം കാണിച്ചില്ല. ഉൾക്കാട്ടിൽ താൽകാലിക വീടുകൾ നിർമിച്ച് കഴിയുമായിരുന്നു. സൗത്ത് ബെയിലുള്ളവർ പുതിയ വീടുകൾ അംഗീകരിച്ചില്ല. അവർ ബേരകളിലും കൊയിരാളെകളിലും താമസിച്ചു. ചിലപ്പോൾ ഉയർത്തിക്കെട്ടിയ വീടുകളുടെ അടിയിൽ കിടക്കും. സെറ്റിൽമെന്റ് പദ്ധതി അവരുടെ പരിസ്ഥിതിക ബോധത്തെ വെല്ലുവിളിച്ചു. തണുപ്പുള്ള തണലിൽ നിന്ന് തുറസ്സായ ഇടത്തേക്കുള്ള പുനരധിവാസം കാലാവസ്ഥാ വ്യതിയാനം സൃഷ്ടിച്ചു. പുറത്തുനിന്നുള്ളവർ അവർക്കായി നൽകിയ ക്ഷേമപ്രവർത്തനം അവരെ സംബന്ധിച്ച് ദുരിതമായി മാറി.

മാറിയ വസ്ത്രധാരണം

സ്ത്രീശരീരത്തിൽ സ്വകാര്യാവയവം മറക്കണമെന്നു പണ്ടേ ഒങ്ങേ സ്ത്രീകൾക്കു ധാരണയുണ്ടായിരുന്നു. അതിനുള്ള മാർഗം പാരിസ്ഥിതിക അവബോധത്തിലൂടെ ആർജിച്ചതിനു തെളിവാണ് കൈതോല നാരുകൾ കൂട്ടിക്കെട്ടി പൂക്കുല പോലെയാക്കി ഇളിയിൽ സ്ഥാപിക്കുന്നത്. സമാനധാരണ പുരുഷന്മാർക്കുണ്ടായിരുന്നില്ല. ബ്രിട്ടീഷ് സമ്പർക്കത്തിൽനിന്നാണ് പുരുഷന്മാർക്കു ആ ബോധ്യം കൈവന്നത്. അതുകൊണ്ട് അവർ തുണിയിലുള്ള കോണകവാൽ ഉപയോഗിച്ചു. ഇക്കൂട്ടരെ സംസ്‌കൃതരാക്കുന്നതിന്റെ ആദ്യപടി വസ്ത്രം ധരിപ്പിക്കുകയാണെന്നാണ് ഭരണകൂടത്തിനു തോന്നിയത്.

ഒങ്ങേ ഗോത്രത്തില്‍പ്പെട്ട സ്ത്രീ

ഇന്ന് കോട്ടൺ ജാക്കറ്റ്, പെറ്റി കോട്ട് എന്നിവ സ്ത്രീകൾക്കും നിക്കറും ബുഷ് ഷർട്ടും പുരുഷന്മാർക്കും ആദിം ജനജാതി വികസന സമിതി അംഗീകരിച്ചു നൽകുന്നുണ്ട്. വർഷത്തിൽ ഒരാളിന് രണ്ടെണ്ണമാണ് നൽകുന്നത്. എ എ ജെ വി എസ് ഔദ്യോഗികമായി അംഗീകരിച്ച വേഷത്തിന് ഒരു ചരിത്രമുണ്ട്. പ്രധാനമന്ത്രിയായിരിക്കേ ഇന്ദിരാഗാന്ധി ലിറ്റിൽ ആൻഡമാൻ സന്ദർശിച്ചപ്പോൾ, അവർക്കു മുന്നിൽ ഒങ്ങേ സ്ത്രീകളെ സാരി ഉടുപ്പിച്ചു പരമ്പരാഗത നൃത്തം അവതരിപ്പിക്കാൻ അധികാരികൾ ശ്രമിച്ചു. ഒങ്ങേകൾക്കു സാരിയുടെ ഉപയോഗം അറിയാത്തതുകൊണ്ട് വേഷം ഒട്ടും ചേർന്നില്ല. കാഴ്ചയിൽ അരോചകമായിരുന്നതുകൊണ്ട് ഇവരുടെ നഗ്നത മറയ്ക്കാനായി ഇന്ദിരാഗാന്ധി തന്നെ ഒരു വസ്ത്രം രൂപകല്പന ചെയ്തു. അത് എ എ ജെ വി എസ് ഔദ്യോഗികമായി അംഗീകരിച്ചു. പെറ്റിക്കോട്ട് നീളം കൂടുതലായ കാരണം ബുദ്ധിമുട്ടുണ്ടാക്കുന്നതുകൊണ്ട് ചിലർ മിഡി യിലേക്കു മാറി.

പല ഔദ്യോഗിക സന്ദർശകരും അവർക്കു സമ്മാനങ്ങൾ നൽകാറുണ്ട്. സായുധസേനാ ഉദ്യോഗസ്ഥരും അവരുടെ ഭാര്യമാരും സന്ദർശിച്ചപ്പോൾ ചിലർ അവർക്ക് ബ്രേസിയർസ് നൽകി. അവർക്ക് അതിന്റെ ഉപയോഗമറിയില്ല. മറ്റുള്ളവർക്കു മുന്നിൽ പരിഹാസ്യരാകാനേ ഇത് ഉപകരിച്ചുള്ളൂ. ഒങ്ങേകൾ അവർക്കിഷ്ടപ്പെട്ട വസ്ത്രങ്ങൾ ഹട്ബേ കമ്പോളത്തിൽ നിന്നു വാങ്ങി ഇന്നുപയോഗിക്കുന്നു. ഇന്ന് ഓങ്ങേ സ്ത്രീകൾ പല വേഷങ്ങളും ധരിക്കുന്നു. ജാക്കറ്റ്, പെറ്റിക്കോട്ട്, സാരി, മാക്സി, മിഡി എന്നിവ ഉപയോഗിക്കുന്നു. പുരുഷന്മാർ നിക്കർ, പാന്റ്സ്, ലുങ്കി, ഉടുപ്പുകൾ, ടി ഷർട്ട് തുടങ്ങിയവ ധരിക്കുന്നു. സ്ത്രീകൾ പരമ്പരാഗതമായ തൊങ്ങൽ ഇപ്പോഴും ഉപയോഗിക്കുന്നു.

ഇന്ന് പുറമെ ധരിക്കുന്നതൊന്നും അവർ കണ്ടെത്തിയതല്ല. അതൊരു സാംസ്കാരിക ആവശ്യവും ആയിരുന്നില്ല അവർക്ക്. ഇതെല്ലം അവരുടെ മേൽ അടിച്ചേപ്പിച്ചതാണ്. അവരുടെ സ്വാഭാവിക ശരീരത്തിൽ നഗ്നത ദർശിച്ചത് അവരല്ല, നമ്മളാണ്. സ്വാഭാവികതയെ നഗ്നതയായി കാണാൻ പുറത്തുള്ളവരുടെ ദൃശ്യസംസ്‌കൃതിക്കായി. അതോടെ നഗ്നത മറച്ചു പ്രദർശിപ്പിക്കാൻ പരിഷ്കാരികൾ തീരുമാനിച്ചു. വസ്ത്രം നിർബന്ധിച്ച് ഇടീച്ചെങ്കിലും അത് കഴുകി ഉപയോഗിക്കാൻ ആദ്യകാലത്ത് അവർക്കറിയില്ലായിരുന്നു. ഇത് ത്വക്ക് രോഗങ്ങൾ വ്യാപകമാകാൻ കാരണമായി. ഇപ്പോൾ അവർക്കു വൃത്തിയായി വസ്ത്രം ധരിക്കേണ്ടതിന്റെ ആവശ്യം മനസ്സിലായിട്ടുണ്ട്. അവരെ പരിഷ്കൃത വസ്തുവായി കാണാനും കാണിക്കാനും ശ്രമിച്ചതാണ് അവരുടെ വസ്ത്രപ്രതിസന്ധിയായി മാറിയത്. സന്ദർശകർക്കു വേണ്ടിയാണിതെന്നറിയുമ്പോഴേ കാഴ്ചയുടെ രാഷ്ട്രീയം വ്യക്തമാകൂ. ഇപ്പോൾ അവരും മറ്റുള്ളവരെ പോലെ വസ്ത്രങ്ങൾ ധരിക്കുന്നു, പ്രത്യേകിച്ച് സന്ദർശർക്കു മുന്നിലും പൊതു ഇടങ്ങളിലും ഈ മാറ്റം പുരോഗതിയായി കണക്കാക്കുന്നു.

ഒങ്ങേയുടെ
ഉപജീവന പ്രതിസന്ധി

ഒങ്ങേ പുനരധിവാസം അവരുടെ പരമ്പരാഗത ഉപജീവന മാർഗങ്ങളിൽ വൻ മാറ്റം വരുത്തി. പുനരധിവാസത്തോടെ സൗജന്യ റേഷൻ പദ്ധതി ആരംഭിച്ചു. തെങ്ങിൻ തോട്ടങ്ങളിൽ കൂലിപ്പണി, ജോലിക്കു വേതനം തുടങ്ങിയ വ്യവസ്ഥകൾ ആരംഭിച്ചു. പുറത്തുനിന്നുള്ളവരുടെ പുനരധിവാസം കാരണം ഒങ്ങേകൾക്കു ഭൂമിയും വിഭവങ്ങളും നഷ്ടമായി. പന്നിവേട്ട കൂടുതലായി പുറത്തുനിന്നുള്ളവർ ഏറ്റെടുത്തതോടെ ഒങ്ങേകൾക്കു പന്നിയെ കിട്ടുന്നത് അപൂർവമായി. അതേപോലെ മത്സ്യബന്ധനവും മറ്റുള്ളവർ കൈക്കലാക്കി. വികസിച്ച സാങ്കേതികതകൊണ്ട് മൽസ്യവിഭവങ്ങളുടെ ചുഷണം കുടിയേറ്റക്കാർക്കു എളുപ്പമായി. അമ്പും വില്ലുമായി മീൻപിടിക്കുന്ന ഒങ്ങേകൾക്ക് അതും ലഭ്യമല്ലതായി. ആദിമരല്ലാത്തവർ വനവിഭവങ്ങൾ വൻതോതിൽ ചൂഷണം ചെയ്തുതുടങ്ങിയതോടെ ഉപജീവനപ്രതിസന്ധി രൂക്ഷമായി. പടിഞ്ഞാറൻ തീരമായിരുന്നു ഒങ്ങേകളുടെ പുനരധിവാസത്തിനു പ്രയോജനപ്പെടുത്തേണ്ടിയിരുന്നത്. വേട്ടക്കാർ എളുപ്പമെത്താത്ത പ്രദേശവും അതായിരുന്നു. എന്നാൽ അവരെ പുനരധിവസിപ്പിച്ചത് ലിറ്റിൽ ആൻഡമാന്റെ കിഴക്കു ഭാഗത്താണ്. പുറത്തുനിന്നെത്തിയവരെയും കുടിയിരുത്തിയത് അതേ പ്രദേശത്തു തന്നെ. റോഡ് സൗകര്യമുള്ളതിനാൽ വേട്ടക്കാർ ഒങ്ങേകളുടെ പ്രദേശത്ത് എളുപ്പമെത്തുന്നു. പുറത്തുനിന്നെത്തിയവരുടെ പ്രകൃതിവിഭവചൂഷണം ഒങ്ങേകൾക്ക് പരമ്പരാഗത ഉപജീവന പ്രതിസന്ധി സൃഷ്ടിച്ചുവെന്നു നിസ്സംശയം പറയാം.

ഒങ്ങേകൾ പരമ്പരാഗത ഉപജീവനമാർഗത്തിൽ നിന്നകലാൻ സൗജന്യ റേഷൻ വിതരണം മറ്റൊരു കാരണമായി. ഓരോ അംഗത്തിനും ഒരു മാസത്തിനു വേണ്ടുന്ന അരി, ഗോതമ്പ് മാവ്, പഞ്ചസാര, പരിപ്പ്, ഡാൽഡ, കടല എണ്ണ, ചായപ്പൊടി, പാൽപ്പൊടി, ഉപ്പ്, മല്ലിപ്പൊടി, മഞ്ഞപ്പൊടി, മുളകുപൊടി, പുളി, ഉള്ളി, പുകയില (പ്രായപൂർത്തിയായവർക്കു മാത്രം), കുളിസോപ്പ്, തുണികഴുകാനുള്ള സോപ്പ്, തീപ്പെട്ടി, മെഴുകുതിരി, മണ്ണെണ്ണ എന്നിവ നിശ്ചിത അളവിൽ സൗജന്യമായി നൽകുന്ന പദ്ധതിയാണ് സൗജന്യ റേഷൻ. എട്ടു വയസ്സിൽ താഴെയുള്ളവർക്ക് പ്രായമായവർക്കുള്ളതിൽ പകുതി അളവ് നൽകുന്നു. വസ്ത്രം വർഷത്തിൽ പുരുഷന്മാർക്കും സ്ത്രീകൾക്കും ഒരു ജോഡി വീതം.

പുറത്തുനിന്നെത്തിയവരുടെ പ്രകൃതിവിഭവചൂഷണം ഒങ്ങേകൾക്ക് പരമ്പരാഗത ഉപജീവന പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.

മേല്പറഞ്ഞ ആഹാരസാധനനങ്ങളൊക്കെ അവർക്കു പുതിയതായിരുന്നു. പുനരധിവാസത്തിനു ശേഷം ഹൈദരാബാദ് നാഷണൽ ഇൻസ്റ്റിട്യൂട്ട് ഓഫ് ന്യൂട്രിഷൻ നടത്തിയ പോഷകാഹാരപഠനങ്ങൾ പച്ചക്കറിയുടെ അഭാവം, ഇരുമ്പിന്റെ കുറവ്, വിറ്റാമിനുകളുടെ കുറവ് ,പ്രോട്ടീൻ കുറവ് ഒക്കെ കണ്ടെത്തി. കായികക്ഷമത നഷ്ടമാകുന്നതോടൊപ്പം അവരുടെ ജീവിതശൈലിയിലും മാറ്റം വന്നു. പരമ്പരാഗത ഉപജീവനമാർഗങ്ങൾ നിലച്ചു. കൂലിത്തൊഴിൽ ഏർപ്പെടുത്തിയതും അവരുടെ പരമ്പരാഗത ഉപജീവനം മുന്നോട്ടുപോകാതിരിക്കാൻ കാരണമായി. എട്ടു മണിക്കൂർ ജോലി എന്നതൊന്നും അവർക്കു പരിചയമുള്ള പദ്ധതിയായിരുന്നില്ല. പരമ്പരാഗതമായി പുരുഷന്മാർ മൂന്നു മണിക്കൂറും സ്ത്രീകൾ അഞ്ച് മണിക്കൂറുമാണ് ജോലിയെടുത്തിരുന്നത്. അതിന് അനുകൂല കാലാവസ്ഥാ സാഹചര്യമുണ്ടായിരുന്നു. വനനാശം സൃഷ്ടിച്ച കാലാവസ്ഥാ വ്യതിയാനം എട്ടു മണിക്കൂർ കൂലിത്തൊഴിൽ ചെയ്യാനവരെ പ്രോത്സാഹിപ്പിക്കുന്നില്ല. ഫലത്തിൽ സർക്കാർ അഭയാർഥികളായി മാറിയതാണ് പുനരധിവാസം നൽകിയ പുരോഗതിയെന്നു പറയാം.

ജനസംഖ്യയിൽ വർദ്ധനവുണ്ടാകാത്തതിന് രണ്ടു പ്രധാന കാരണങ്ങൾ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സ്ത്രീകൾ ലൈംഗികാവയവം മറയ്ക്കുന്ന തൊങ്ങൽകൂട്ടം ലൈംഗികബന്ധം അനുവദിക്കുന്നെങ്കിലും ശുക്ല വിസർജനം തടുക്കുന്നുവെന്നാണ് ഇ.എച്ച്. മാന്റെ നിരീക്ഷണം. ഇത് ശരിയാണെന്ന് അംഗീകരിക്കുക എളുപ്പമല്ല. ബന്ധപ്പെടുമ്പോൾ അവർ തൊങ്ങൽ കൂട്ടം ഒഴിവാക്കുന്നില്ല എന്നുറപ്പിച്ചു പറയാനുള്ള തെളിവില്ല, അതുകൊണ്ട് ഈ നിരീക്ഷണം ഭാവനാ സൃഷ്ടിയായേ കരുതാനാവൂ. പുരുഷന്മാർ സദാ ഉപയോഗിക്കുന്ന കോണകം എപ്പോഴും നനഞ്ഞിരിക്കുന്നത് അവരുടെ ലൈംഗിക ഉത്തേജനം കുറയ്ക്കുന്നുവെന്നാണ് ഇ.എച്ച്. മാന്റെ മറ്റൊരു നിരീക്ഷണം. അത് കുറെയൊക്കെ ശരിയാകാം. സ്വാതന്ത്ര്യാനന്തരപഠനങ്ങൾ കാണിക്കുന്നത് വിവാഹബന്ധത്തിലെ പ്രായഭിന്നതയാണ് സന്താനോല്പാദനത്തെ ബാധിക്കുന്ന പ്രധാനഘടകമെന്നാണ്. ഭാര്യാ -ഭർത്താക്കന്മാർ തമ്മിലുള്ള പ്രായവ്യത്യാസം സന്താനോല്പാദനത്തെ ബാധിക്കുന്നുവെന്നും ജനസംഖ്യയിലെ കുറവു കാരണം പലർക്കും പങ്കാളിയെ ലഭിക്കുന്നില്ലെന്നും പറയുന്നുനണ്ട്. ഇതു കൂടുതൽ വിശ്വസനീയമാണ്. പരമ്പരാഗത ജീവിതം ഒങ്ങേകൾക്കു ഓർമയായി മാറുന്നു. അവർക്കിടയിൽ നടത്തിയ വിദ്യഭ്യാസ പ്രവർത്തനങ്ങൾ ഭാഷയിൽനിന്നവരെ അകറ്റുന്നതായിരുന്നു. സമ്പർക്കം വഴി കടന്നെത്തിയ മദ്യവും പുകയിലയും പാനും അവരുടെ ജീവിതത്തിൽ കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്നതും വിസ്മരിക്കാവുന്നതല്ല. ഇവയുടെ പേരിലുള്ള ചുഷണം വ്യാപകമാണ്. ചുരുക്കത്തിൽ, പരിഷ്കൃതിയുടെ ആസുരത ഒഴുക്കികളഞ്ഞ, പ്രാക്തന സ്മൃതിനാശവുമായി അഭയാർഥികളായി ജീവിക്കുന്ന കേവലം നൂറു പേരടങ്ങിയതാണ് ഒങ്ങേ എന്ന ഗോത്ര മ്യൂസിയം.

(തുടരും)


എം. ശ്രീനാഥൻ

ഭാഷാശാസ്ത്രജ്ഞൻ, പ്രഭാഷകൻ, എഴുത്തുകാരൻ. തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിൽ പ്രൊഫസർ. തിയററ്റിക്കൽ ലിംഗ്വിസ്റ്റിക്‌സ്, അപ്ലൈഡ് ലിംഗ്വിസ്റ്റിക്‌സ്, ലിംഗ്വിസ്റ്റിക്‌സ് ആന്ത്രപ്പോളജി, ലാംഗ്വേജ് ആൻറ്​ ജനറ്റിക്‌സ് തുടങ്ങിയവ മേഖലകളിൽ സ്‌പെഷലൈസേഷൻ. മലയാള ഭാഷാചരിത്രം: പുതുവഴികൾ, എ.ആർ. നിഘണ്ടു, Dravidian Tribes & Language, മലയാള ഭാഷാശാസ്ത്രം, കേരള പാണിനീയ വിജ്ഞാനം (ഡോ. സി. സെയ്തലവിക്കൊപ്പം എഡിറ്റർ), ചട്ടമ്പിസ്വാമികളുടെ ജ്ഞാന നവോത്ഥാനം തുടങ്ങിയവ പ്രധാന പുസ്തകങ്ങൾ.

Comments