വിവേചനത്തിന്റെ
അർഥശാസ്ത്രം- 5
രാജാവിന്റെ സുരക്ഷ ഉറപ്പുവരുത്താൻ വാസ്തുശാസ്ത്രാധിഷ്ഠിത വാസഗൃഹനിർമിതി എങ്ങനെയായിരിക്കണമെന്നും എന്നാൽ അതിലും അപകടം പതിയിരിക്കുന്നുവെന്നും അവ എന്തൊക്കെയാണെന്നും അവയെ എങ്ങനെ മനസിലാക്കി സുരക്ഷയ്ക്കുവേണ്ട മുൻകരുതലുകൾ എടുക്കാമെന്നും രാജാവിനെ ബോധ്യപ്പെടുത്തുന്നു. അതോടൊപ്പം കോട്ടയ്ക്കുള്ളിൽ വാണാലും തനിക്കുചുറ്റും അപകടസാധ്യതകൾ പലവഴി നിലനിൽക്കുന്നുവെന്നും അവ ഏതൊക്കെ തരത്തിൽ രാജാവിന് സുരക്ഷാഭീഷണി ഉയർത്താമെന്നും അവയെ ഓരോന്നിനെയും സൂക്ഷ്മമായി എങ്ങനെ നിരീക്ഷിച്ചറിയാമെന്നും അതുവഴി കർമനിഷ്ഠനായ രാജാവ് ആത്മരക്ഷയ്ക്കായി സദാ ജാഗ്രത പാലിക്കണമെന്നും വേണ്ട മുൻകരുതലുകൾ കൈക്കൊള്ളണമെന്നും നിശാന്തപ്രണിധി, ആത്മരക്ഷിതകം എന്നീ പ്രകരണങ്ങളിലൂടെ കൗടല്യൻ വ്യക്തമാക്കുന്നു.
രാജഗൃഹ നിർമിതി
നിശാന്തത്തിന് അന്തഃപുരമെന്നും രാജഗൃഹമെന്നും രാജാവ് രാത്രിയിൽ തങ്ങുന്നയിടമെന്നും അർഥം പറയാം. രാജഗൃഹത്തെ സംബന്ധിച്ചു അറിഞ്ഞിരിക്കേണ്ടതും പ്രാവർത്തികമാക്കേണ്ടതുമായ കാര്യങ്ങളാണ് പ്രണിധി എന്നതുകൊണ്ട് അർഥമാക്കുന്നത്. അതായത് രാജാവിന്റെ സുരക്ഷിതമായ വാസഗൃഹ നിർമിതി സംബന്ധിച്ചാണ് നിശാന്തപ്രണിധി പ്രകരണം. തുടർന്ന് രാജാവ് ആത്മരക്ഷക്കായി അനുഷ്ഠിക്കേണ്ട മുൻകരുതലുകളെ കുറിച്ചു വിസ്തരിക്കുന്നതാണ് ആത്മരക്ഷിതകം എന്ന പ്രകരണം. ഈ പരമ്പരയിലെ രണ്ടാം ഭാഗം മുതൽ മേല്പറഞ്ഞ രണ്ടുപ്രകരണങ്ങളോടെ കൗടലീയത്തിലെ വിനയാധികാരികം എന്ന ഒന്നാം അധികരണം പൂർത്തിയാകുകയാണ്.

രാജാവിന്റെ പാർപ്പിടം വാസ്‌തുവിദ്യാധിഷ്തിതമായിരിക്കണമെന്നും അതിലേറെ സുരക്ഷിതമായിരിക്കണമെന്നും കൗടല്യൻ നിർദ്ദേശിക്കുന്നു. വസ്തുവിദ്യാജ്ഞാനികൾ അംഗീകരിക്കുന്ന പ്രദേശത്തു മതിലും, കിടങ്ങും, ഗോപുരവാതിലുമൊക്കെയുള്ളതും പല കെട്ടുകളോടുകൂടിയ ബഹുമുറികളുള്ള അന്തഃപുരം നിർമിക്കണം. രാജഭണ്ഡാര -ഖജനാവ് -ത്തിന്റെ വിധിപ്രകാരമുള്ള ഇടമനുസരിച്ച് രാജാവിന്റെ വാസസ്ഥലം പണിയണം. അല്ലെങ്കിൽ ചുറ്റുമതിൽ കൊണ്ടു മറച്ച് രഹസ്യവഴിയുള്ള വീടുകൾ ചുറ്റും പണയിച്ചതിനുശേഷം മധ്യത്തിലായി കൊട്ടാരം പണിയണം. പുറത്തുള്ളവർക്ക് കാണാൻ പറ്റാത്ത തരത്തിൽ കോവണി കെട്ടുക. ഭൂമിക്കടിയിൽ അറയുണ്ടാക്കി മരം കൊണ്ട് ചൈത്യദേവതമാരുടെ പ്രതിമകൾ കൊത്തിയ നിലവറ വാതിൽ മൂടി നിൽക്കുന്ന തരത്തിൽ തുരങ്കമുള്ള ഒരു ഭൂമിഗ്രഹം പണിയിച്ച്, മധ്യത്തിൽ വാസഗൃഹം നിർമിക്കണം. അല്ലെങ്കിൽ ഭിത്തിയിൽ ഗൂഢമായ പടികെട്ടുകളുള്ളതോ ഉള്ളു പൊള്ളയായതോ ആയ സ്തംഭത്തിലൂടെ പ്രവേശമാർഗങ്ങളുള്ളതോ അടിയിൽനിന്ന് മുകളിലേക്ക് യന്ത്രം കൊണ്ട് ബന്ധിക്കപ്പെട്ടതോ ആയ രാജഗൃഹം പണിയിച്ച്, മധ്യത്തിൽ വാസഗൃഹമാക്കണം. ആപൽഘട്ടങ്ങളിലുപയോഗിക്കാൻ യന്ത്രബന്ധനം സഹായിക്കും. തന്ത്രശാലിയായ ശത്രുവിനോടുള്ള ഭയം ശങ്കിച്ച് മേല്പറഞ്ഞതിൽ നിന്ന് വ്യത്യസ്തമായും വാസഗൃഹം നിർമിക്കാം
മേല്പറഞ്ഞ രീതിയിൽ രാജാവിന് വാസഗൃഹം സുരക്ഷിതമായ രീതിയിൽ നിർമിച്ചാലും അഗ്നി കൊണ്ടും വിഷം കൊണ്ടുമുള്ള സുരക്ഷാഭീഷണി നിലനിൽക്കുന്നതുകൊണ്ട് അഗ്നിഭയവും വിഷബാധയും എങ്ങനെ ഒഴിവാക്കാമെന്നു ചിന്തിച്ചു പ്രതിവിധികൾ കൗടല്യൻ കണ്ടെത്തുന്നു.
അഗ്നിബാധാ പ്രതിവിധി
അഗ്നിബാധയൊഴിവാക്കാനുള്ള രണ്ടുപായം നിർദ്ദേശിക്കുന്നു. ശത്രുവിനാൽ കൊല ചെയ്യപ്പെട്ടവനോ കഴുമരത്തിൽ മരിച്ചവനോ ആയ ആളുടെ അസ്ഥിയിൽ കരിങ്ങാലി മുള (കലോടാകുഴൽ) കൊണ്ട് കടഞ്ഞുണ്ടാക്കിയ അഗ്നിയാണ് മാനുഷാഗ്നി. അതുകൊണ്ട് മൂന്നുപ്രാവശ്യം അന്തഃപുരത്തിനു ചുറ്റും പ്രദക്ഷിണം ചെയ്ത് ഉഴിഞ്ഞാൽ പിന്നെ മറ്റൊരു അഗ്നിയും ദഹിപ്പിക്കില്ല.
ഇടിവെട്ടി കരിഞ്ഞ മരത്തിന്റെ ചാരവും പുറ്റുമണ്ണും ആലിപ്പഴത്തിൻ ചാറിൽ കുഴച്ച് ഭിത്തികളിൽ തേച്ചാലും അഗ്നിബാധയുണ്ടാകില്ല എന്നാണ് കൗടല്യപക്ഷം.

വിഷബാധാ പ്രതിവിധി
പാലക്കീര (അടപതിയൻ), ശംഖുപുഷ്പം, അരളി, കണവീരത്തിന് മേലുണ്ടാകുന്ന ഇത്തിൾ എന്നിവയുടെ തളിരില കൊണ്ടോ അരയാലിന്റെ ഇല കൊണ്ടോ മാലകെട്ടി വെച്ചാൽ സർപ്പങ്ങളോ മറ്റു വിഷങ്ങളോ ബാധിക്കില്ല. പാമ്പുകളെ കൊല്ലുന്ന പൂച്ച, മയിൽ, കീരി, ഉടുമ്പ് എന്നീ ജീവികളെ വളർത്താം. തത്ത, മൈന, ഭ്രംഗരാജൻ (ഇരട്ടവാലൻ/കാടു മുഴക്കി) എന്നീ പക്ഷികളെ വളർത്തിയാൽ അവ സർപ്പവിഷശങ്കയുണ്ടാകുമ്പോൾ ചിലയ്ക്കും. വിഷസാമീപ്യമുണ്ടായാൽ ക്രൗഞ്ചപ്പക്ഷി മദിക്കും, ചെമ്പോത്ത് തളരും, കുയിൽ ചാകും, ചെമ്പോത്തിന്റെ കണ്ണ് ചുവക്കും, വെളുക്കും. തത്ത മൈന, ഭ്രംഗരാജൻ എന്നിവയും സർപ്പങ്ങളെ കണ്ടാൽ ചിലയ്ക്കും.
രാജഗൃഹവുമായി ബന്ധപ്പെട്ട അഗ്നിബാധയ്ക്കും വിഷബാധയ്ക്കും വേണ്ട മുൻകരുതലുകൾ ഉപദേശിച്ചശേഷം കൊട്ടാരത്തിലെ സ്ത്രീകളുടെയും കുമാരന്മാരുടെയും മറ്റുള്ളവരുടെയും വാസഗൃഹങ്ങളെകുറിച്ചുള്ള ആലോചനയാണ് കൗടലീയത്തിൽ കാണുന്നത്.
അന്തഃപുരത്തിന്റെ പുറകിലുള്ള കെട്ടുകളിലാണ് സ്ത്രീകളുടെ വാസസ്ഥലം ഒരുക്കേണ്ടത്. ഗർഭിണികളുടെ സ്ഥാനവും വൈദ്യനാൽ ഉപേക്ഷിക്കപ്പെട്ട രോഗിണികളുടെ സ്ഥാനവും ഉദ്യാനം, ജലാശയം എന്നിവയും ഇക്കൂട്ടത്തിൽപ്പെടും. അതിന്റെ പുറത്ത് കന്യകമാർക്കും കുമാരന്മാർക്കും താമസം ഒരുക്കണം. മുൻവശത്തെ കെട്ടുകളിൽ യഥാക്രമം അലങ്കാരഗൃഹം, മന്ത്രഗൃഹം, ആസ്ഥാന മണ്ഡപം എന്നിവയും യുവരാജാവിന്റെ ഇരിപ്പിടവും അധ്യക്ഷസ്ഥാനവും നിർമിക്കണം. എല്ലാ കെട്ടിടങ്ങളുടെയും മധ്യങ്ങളിൽ അന്തഃപുര സൈനികർ കാവൽ നിൽക്കണം.
രഹസ്യസ്ഥലത്തു വെച്ചായിരിക്കണം രാജാവിനുള്ള ഭക്ഷണം തയ്യാറാക്കേണ്ടത്. മുഖ്യ പാചകക്കാരൻ രുചിച്ചു നോക്കി ഭക്ഷണം സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തണം. പാചകക്കാരൻ പരിശോധിക്കാത്ത ഭക്ഷണം രാജാവ് കഴിക്കരുത്.
ദേവീസംസർഗത്തിലെ
മുൻകരുതൽ
രാജാവിന്റെ സുരക്ഷയാണ് മറ്റെല്ലാറ്റിലും മുഖ്യം. അതുകൊണ്ടുതന്നെ, റാണിമാരുമായുള്ള രാജാവിന്റെ സംസർഗ്ഗത്തിലും പാലിക്കപ്പെടേണ്ട മുൻകരുതലുകൾ വേണ്ടവിധം കൗടലീയത്തിൽ വിസ്തരിക്കുന്നുണ്ട്. രാജാവ് നിർബന്ധമായും പാലിക്കേണ്ട കാര്യം സുരക്ഷ മുൻനിറുത്തി അദ്ദേഹം ഒരു കാരണവശാലും ദേവിമാരുടെ (റാണി) അറയിൽ പ്രവേശിക്കരുതെന്നതാണ് മുഖ്യ നിർദ്ദേശം.
വീടിനുള്ളിലാണെങ്കിലും വൃദ്ധയായ പരിചാരിക സുരക്ഷാ പരിശോധന ഉറപ്പാക്കിയതിനുശേഷം മാത്രമേ ദേവിയെ പള്ളിയറയിൽ കടത്തിവിടാവൂ. രാജാവ് പരിശോധന കഴിഞ്ഞ ദേവിയെ പള്ളിയറയിൽ വച്ചേ കാണാവൂ. ഈ മുൻകരുതൽ എടുക്കേണ്ടത് എന്തുകൊണ്ടെന്നാൽ റാണിമാരുടെ അറകളിൽ പ്രവേശിച്ച രാജാക്കന്മാർക്ക് ജീവഹാനിയുണ്ടായ അനേകം സംഭവങ്ങൾ മുമ്പ് ഉണ്ടായിട്ടുണ്ട്. ദേവിഗ്രഹത്തിൽ വെച്ച് രാജാവിനെ ആരെങ്കിലും അപായപ്പെടുത്താനുള്ള സാധ്യതയാണ് ഈ സംഭവങ്ങൾ തെളിയിക്കുന്നത്. ദേവീഗൃഹത്തിൽ ഒളിച്ചിരുന്ന് ഭദ്രസേനനെ അദ്ദേഹത്തിന്റെ ഭ്രാതാവ് കൊന്നിട്ടുണ്ട്. പുത്രൻ കരുഷ രാജാവിനെ കൊന്നിട്ടുണ്ട്. മലരിൽ തേനിന് പകരം വിഷം ചേർത്തു കുഴച്ച് ഭാര്യ നിഗ്രഹിച്ചിട്ടുണ്ട്. വിഷലിപ്തമായ പലതുകൊണ്ടും, കണ്ണാടിചില്ലുകൊണ്ടും അമ്പുകൊണ്ടും രാജാക്കന്മാരെ റാണിമാരുടെ അറയിൽ വെച്ചുകൊന്ന സംഭവങ്ങൾ ഉദാഹരണങ്ങളിലൂടെ കൗടല്യൻ വിസ്തരിക്കുന്നു. അതുകൊണ്ട് രാജാക്കന്മാർ ഇത് ആപത്ത് പതിയിരിക്കുന്ന ഇടമാണെന്നു കണ്ട് ചതിയിൽ പെടാതിരിക്കാൻ സ്വയം നിരോധനം ഏർപ്പാടാക്കണം. അതോടൊപ്പം ദേവിമാരെ നിരീക്ഷിച്ച് വേണ്ട നടപടി കൈക്കൊള്ളണം. മുണ്ഡന്മാർ, ജടിലന്മാർ, ആഭിചാരം ചെയ്യുന്ന കഹകന്മാർ എന്നിവരുമായി ദേവിമാർക്കുള്ള സംസർഗം നിർബന്ധമായും വിലക്കണം. പുറം ദാസികളുമായുള്ള സംസർഗവും. ദേവിമാർ ചാർച്ചക്കാരെ ഗർഭം, വ്യാധി, മരണം എന്നിവയിലൊഴിച്ചുള്ള സന്ദർഭങ്ങളിൽ കാണാൻ അനുവദിക്കരുത്.

വേശ്യകൾ തേച്ചുകുളിച്ചു ശരീരശുദ്ധി ചെയ്തു വസ്ത്രങ്ങളും അലങ്കാരങ്ങളും മാറിയിട്ട് ദേവിമാരെ പരിചരിക്കണം. മാതൃപിതൃ ബന്ധുക്കളായ എൺപതു വയസ്സുള്ള വൃദ്ധന്മാരും അമ്പത് കഴിഞ്ഞ സ്ത്രീകളും ഷണ്ഡർ, കുടുംബസംരക്ഷണത്തിൽ വ്യാപൃതരായിരിക്കുന്ന വീട്ടിനുള്ളിലെ ഭൃത്യന്മാർ എന്നിവരും അന്തഃപുര സ്ത്രീകളുടെ ശുശ്രുഷ നടത്തുകയും അവരെ രാജാവിന്റെ ഇഷ്ടാനുസരണം നിറുത്തുകയും വേണം. ദേവിമാരും ബന്ധുക്കളും അവരവരുടെ ഇടങ്ങളിലേ താമസിക്കാവൂ. സംസർഗം ഒഴിവാക്കണം.
ദ്രവ്യവിനിമയത്തിലും മുൻകരുതൽ വേണം. ദ്വാരപാലകർ ദ്രവ്യങ്ങൾ മുദ്രയിട്ടേ പ്രവേശിപ്പിക്കാവൂ പുറത്തേക്കും കടത്തിവിടാവൂ.
രാജാവിന്റെ ആത്മരക്ഷ
രാജാവിന്റെ ആത്മരക്ഷയെ കുറിച്ചുള്ള പ്രകരണമാണിത്. ഭാര്യമാരിൽനിന്നും പുത്രന്മാരിൽനിന്നും മറ്റുള്ളവരിൽ നിന്നും രാജാവ് സ്വയം രക്ഷിക്കണം. ആത്മരക്ഷക്കായി രാജാവ് ചെയ്യേണ്ടവ വിസ്തരിച്ചു പറയുകയാണ് ആത്മരക്ഷിതം എന്ന പ്രകരണം. രാജാവിനെ സംബന്ധിച്ച് അപകടസാധ്യത എപ്പോഴുമുണ്ട്. അതുകൊണ്ട് അംഗരക്ഷകരുടെ നിയമനം, ഭക്ഷണം തുടങ്ങിയ നിത്യ കർമങ്ങളിലെല്ലാം അപകടസാധ്യതയുണ്ടെന്നു രാജാവിനെ ബോധ്യപ്പെടുത്തി സ്വയരക്ഷാ മുൻകരുതലുകൾ ഓരോന്നായി വിവരിക്കുകയാണ് ഈ പ്രകരണം. രാവിലെ ഉണരുന്നതുമുതൽ ഉറങ്ങുന്നവരെ രാജാവിനെ സംബന്ധിക്കുന്ന എല്ലാ കാര്യങ്ങളിലും സുരക്ഷാവീഴ്ച ഉണ്ടാകാതെ ശ്രദ്ധിക്കേണ്ടതുണ്ട്. ഉണർന്നെണീക്കുന്ന രാജാവിന് ചുറ്റും സുരക്ഷാവലയം തീർക്കണം. രാജാവിനു ചുറ്റും ആദ്യനിരയായി അമ്പും വില്ലും ഏന്തിയ സ്ത്രീകൾ നിൽക്കണം. അവരെ പൊതിഞ്ഞ് രണ്ടാം നിരയിൽ ഷണ്ഡന്മാരും മൂന്നാം നിരയിൽ കൂനന്മാർ, കുള്ളന്മാർ, വനവാസികൾ തുടങ്ങിയവരിൽപ്പെടുന്ന പരിചാരകരും നാലാം നിരയിൽ മന്ത്രിമാർ, സ്വജനങ്ങൾ, കുന്തമേന്തിയ ദ്വാരപാലകന്മാർ എന്നിവരും നിലയുറപ്പിക്കണം.
അംഗരക്ഷകർ ആരൊക്കെ?
അംഗരക്ഷകരെ തിരഞ്ഞെടുക്കുമ്പോൾ വളരെ ശ്രദ്ധ പുലർത്തനം. പാരമ്പര്യമായി ഈ തൊഴിലിൽ ഏർപ്പെടുന്നവരോ വലിയ തറവാടികളോ നല്ല വിദ്യാഭ്യാസം നേടിയവരോ ആകാം. ആരാണെങ്കിലും താല്പര്യവും കർമപരിചയവുമുള്ള ആളുകളെ മാത്രമേ അംഗരക്ഷരാക്കാവൂ. അന്യദേശക്കാരും കാര്യങ്ങൾ മുറയ്ക്കു ചെയ്യാത്തവരും അരുത്. സ്വദേശിയാണെങ്കിലും എപ്പോഴെങ്കിലും അപരാധം ചെയ്തിട്ടുള്ളവനേയും അംഗരക്ഷകനാക്കരുത്. ആഭ്യന്തരസൈന്യം സദാ രാജാവിനും അന്തഃപുരത്തിനും സുരക്ഷ നൽകണം.
അന്തഃപുരത്തിന്റെ പുറകിലുള്ള കെട്ടുകളിലാണ് സ്ത്രീകളുടെ വാസസ്ഥലം ഒരുക്കേണ്ടത്. ഗർഭിണികളുടെ സ്ഥാനവും വൈദ്യനാൽ ഉപേക്ഷിക്കപ്പെട്ട രോഗിണികളുടെ സ്ഥാനവും ഉദ്യാനം, ജലാശയം എന്നിവയും ഇക്കൂട്ടത്തിൽപ്പെടും.
ഭക്ഷണസുരക്ഷ
രഹസ്യസ്ഥലത്തു വെച്ചായിരിക്കണം രാജാവിനുള്ള ഭക്ഷണം തയ്യാറാക്കേണ്ടത്. മുഖ്യ പാചകക്കാരൻ രുചിച്ചു നോക്കി ഭക്ഷണം സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തണം. പാചകക്കാരൻ പരിശോധിക്കാത്ത ഭക്ഷണം രാജാവ് കഴിക്കരുത്. എന്നാൽ ഈ പരിശോധന മാത്രം പോര. അതുകൊണ്ട് രാജാവ് ഭക്ഷണം കഴിക്കുന്നതിനു മുമ്പായി അതിൽനിന്ന് അഗ്നിക്കും പക്ഷികൾക്കും നൽകണം. വിഷാംശമുണ്ടെങ്കിൽ ഇതുവഴി തെളിയും. അഗ്നിയിലിടുമ്പോൾ വിഷാംശമുണ്ടെങ്കിൽ നീല ജ്വാലയും പുകയും പൊട്ടിത്തെറിയും ഉണ്ടാകും. പക്ഷികൾ ഭക്ഷിച്ചാൽ അവ ചാകും.
വിഷാംശം പരിശോധിച്ചറിയാൻ വീണ്ടും പല നിരീക്ഷണങ്ങളുമുണ്ട്. വിഷാംശമുള്ള ഭക്ഷണം വേഗം തണുക്കും. ഭക്ഷണത്തിൽ ജലാംശം വറ്റാതെ നിൽക്കും. വേവായ്ക തോന്നും. വ്യഞ്ജനങ്ങളിൽ വിഷം കലർന്നിട്ടുണ്ടെങ്കിൽ ഭക്ഷണത്തിൽ വരൾച്ച, നുര, പാട എന്നിവ കാണാം. ഒപ്പം കൂട്ടുകൾ വേറിട്ടും കാണും. മണത്തിലും രുചിയിലും സ്പർശിക്കുമ്പോഴും വ്യത്യസ്തത തോന്നും. ദ്രവഭക്ഷണത്തിൽ വിഷാംശമുണ്ടെങ്കിൽ നിറം മാറും . പാല് ചുവക്കും, നെയ്യും എണ്ണയും നീലനിറമാകും. മദ്യവും കുടിവെള്ളവും കറുക്കും. തൈര് മഞ്ഞയ്ക്കും. തേൻ വെളുക്കും. അതുപോലെ സീമന്തരേഖ പോലെ പിരിഞ്ഞും പാത്രത്തിൽ വരയുള്ളതായും കാണാം. ഈർപ്പമുള്ള വസ്തുക്കളിൽ വിഷം കലർന്നാൽ അവ പെട്ടെന്നു വാടും. കഠിനമായവ ലഘുവാകും, മൃദുവായവ കഠിനമാകും. വിഷം ചേർന്നവയുടെ അടുത്തു പോകുന്ന പ്രാണികൾ ചാകും.

കിടപ്പുമുറിയിലെ
അപായസൂചനകൾ
രാജാവിന്റെ ഉറക്കമുറിയിലും വിഷം കൊണ്ടുള്ള അപായസാധ്യതയുണ്ട്. കിടക്കവിരിപ്പുകളിലും പുതപ്പുകളിലും വിഷം തളിക്കാനുള്ള സാധ്യതയാണ് കൗടല്യൻ നിരീക്ഷിക്കുന്നത്. വിരിപ്പിലും പുതപ്പിലും വിഷം പുരണ്ടിട്ടുണ്ടെങ്കിൽ കറുത്ത തുളകൾ പ്രത്യക്ഷമാകുന്നതോടൊപ്പം നൂലുകൾ പിരിയും, രോമം കൊഴിയും. വിഷലിപ്തമായ ലോഹവസ്തുക്കളാണെങ്കിൽ അവയുടെ നിറവും തിളക്കവും മങ്ങും, പുറത്ത് ചെളി തേച്ചതുപോലെ തോന്നും. സ്പർശഗുണവും ഇല്ലാതാകും.
കുളിയും ഒരുക്കവും
രാജാവിനെ വസ്ത്രം ധരിപ്പിക്കുന്നവരും ക്ഷുരകന്മാരും കുളിപ്പിക്കുന്നവരും തുണിയലക്കുന്നവരും ഒരുക്കുന്നവരുമായ ദാസികളിൽനിന്ന് അപകടം ഉണ്ടാകാതിരിക്കാൻ മുൻകരുതലുകളെടുക്കണം. ഈ കർമങ്ങൾ ദാസികളോ അവരുടെ മേൽനോട്ടത്തിൽ ശില്പികളോ ചെയ്യണം. രാജാവിന് വസ്ത്രങ്ങളും മാലയും കൊടുക്കുമ്പോൾ തങ്ങളുടെ കണ്ണിൽ ഒപ്പിയതിനുശേഷം കൊടുക്കണം. കുളിക്കാനുള്ള വെള്ളം, മേൽ തേക്കാനുള്ള പഞ്ചകഷായം, ചന്ദനം, ശിരസ്സിലും മറ്റും തൊടാനുള്ള ഭസ്മം എന്നിവ തങ്ങളുടെ കയ്യിലും നെഞ്ചിലും തേച്ചതിനുശേഷം വേണം രാജാവിന് കൊടുക്കുവാൻ. വിദേശത്തു നിന്നുള്ള വസ്തുക്കളും ഇതേപോലെ പരീക്ഷിച്ചുവേണം രാജാവിന് നല്കാൻ.
വിനോദത്തിന് അഗ്നി വേണ്ട
രാജാവിനെ വിനോദിപ്പിക്കാൻ നടന്മാർ ശാസ്ത്രവും അഗ്നിയും വിഷവും ഒഴിച്ചുള്ള പദാർത്ഥങ്ങൾ മാത്രമേ ഉപയോഗിക്കാവൂ. വാദ്യങ്ങളും നടന്റെ കുതിര, തേര്, ആന എന്നിവയുടെ അലങ്കാരവസ്തുക്കളും അന്തഃപ്പുരത്തിൽ സൂക്ഷിക്കണം.
വിശ്വസ്തന്മാർ വാഹനങ്ങൾ, നീരാട്ടുകേന്ദ്രങ്ങൾ മൃഗയാവനങ്ങൾ എന്നിവ മുൻകൂർ പരിശോധിച്ചുറപ്പുവരുത്തണം. കർമ്മശുദ്ധിയുള്ള തോണിക്കാരന്റെ തോണിയിലേ രാജാവ് കയറാവൂ. യാത്രയിലുടനീളം ഇരുകരയിലും സൈന്യം കാവലുണ്ടാകണം. മുക്കുവന്മാർ പരിശോധിച്ചുറപ്പിച്ച ജലാശയത്തിൽ മാത്രമേ രാജാവ് നീരാടാവൂ. വന്യമൃഗങ്ങളായ സിംഹം -പുലി വേട്ടക്കാർ പരിശോധിച്ച ഉദ്യാനത്തിലേ രാജാവ് പോകാവൂ. കുറവരും നായാടികളും ചെന്ന് ചോരഭയത്തെയും പുലിഭയത്തെയും ശത്രുഭയത്തെയും പരിശോധിച്ചറിഞ്ഞ കാട്ടിലേ മൃഗയാവിനോദത്തിന് രാജാവ് പോകാവൂ.

രാജാവിനുള്ള
പെരുമാറ്റ നിർദ്ദേശങ്ങൾ
ആയുധധാരികളുടെ അകമ്പടിയോടെയേ രാജാവ് സിദ്ധതാപസന്മാരെ കാണാവൂ. കുതിരപ്പുറത്തോ ആനപ്പുറത്തോ കയറി മാത്രമേ സൈന്യത്തെ സന്ദർശിക്കാവൂ. രാജധാനിയിൽനിന്ന് പുറത്തോട്ടും തിരിച്ചും യാത്ര ചെയ്യുമ്പോൾ രാജവീഥിയുടെ ഇരുവശങ്ങളിലും രക്ഷാഭടന്മാർ കാവൽ നിൽക്കണം. ശിക്കപ്പെട്ടവർ, അംഗപരിമിതിയുള്ളവർ എന്നിവരെയൊക്കെ വഴിയിൽനിന്നും ഒഴിപ്പിച്ചിട്ടേ യാത്ര ചെയ്യാവൂ. ഒരു കാരണവശാലും ആൾക്കൂട്ടത്തിൽ രാജാവ് പ്രവേശിക്കരുത്. ആഘോഷങ്ങൾ, ഉത്സവങ്ങൾ, വിനോദയാത്രകൾ എന്നിവയിൽ പത്തു പടയാളികളോടു കൂടിയ പട ത്തലവനെ സുരക്ഷക്ക് നിർത്തിയേ രാജാവ് പോകാവൂ. എങ്ങനെയാണോ രാജാവ് ചാരന്മാരെ ഉപയോഗിച്ച് മറ്റുള്ളവരെ നിരീക്ഷിക്കുന്നതും ശിക്ഷിക്കുന്നതും, അതുപോലെ മറ്റാളുകൾക്കും ചെയ്യാം എന്ന് എപ്പോഴും രാജാവും ഓർക്കണം. അതുകൊണ്ട് സദാസമയം രാജാവ് സ്വരക്ഷക്കായി ജാഗരൂകനായിരിക്കുക എന്നിങ്ങനെ അപകടസാധ്യതകളും ആത്മരക്ഷാർഥം രാജാവ് പാലിക്കേണ്ട പെരുമാറ്റച്ചട്ടങ്ങളും മുൻകരുതലുകളും വിശദമായി കൗടില്യൻ പറഞ്ഞുവെച്ചു.