വിവേചനത്തിന്റെ
അർഥശാസ്ത്രം- 7
അധികാരത്തിന്റെ വാസ്തുനിർമിതിയും ചാതുർവർണ്യ ആവാസ ആസൂത്രണവും നിർണയിച്ചുറപ്പിക്കുന്നുണ്ട്, ദുർഗവിധാനം, ദുർഗനിവേശം എന്നീ അർത്ഥശാസ്ത്ര അധ്യായങ്ങൾ. ദുർഗം എന്നത് കോട്ട, കോട്ടമതിൽ, മതിൽക്കെട്ട് എന്നൊക്കെയാണ് മലയാളത്തിൽ അർഥം. ഒരു പ്രദേശത്തിന്റെ സൈനിക പ്രതിരോധത്തിനായി നിർമിക്കുന്ന ബലിഷ്ഠവും പൊക്കം കൂടിയതുമായ മതിൽ എന്ന അർഥത്തിലും കോട്ടകളെ സൂചിപ്പിക്കാറുണ്ട്.
താഴികക്കുടങ്ങളും കനത്ത വാതിലുകളും കൊത്തുപണികളും നിറഞ്ഞ മതിലുകളാൽ ചുറ്റപ്പെട്ട കൊട്ടാരങ്ങൾ, ക്ഷേത്രങ്ങൾ, ജലാശയങ്ങൾ, ഇതര സാമൂഹിക സംവിധാനങ്ങൾ ഒക്കെയും കോട്ടക്കകത്ത് കാണാം. ഇന്ത്യയിൽ ഭൂതകാല രാജപ്രഭാവം വിളിച്ചോതുന്ന ഭരണകൂട സ്മാരകങ്ങളായി വാഴ്ത്തപ്പെടുന്ന നിരവധി കോട്ടകൾ ഇന്നും സംരക്ഷിക്കപ്പെടുന്നുണ്ട്. ഈ സ്മാരകങ്ങൾ ജഢമായ ഇടങ്ങളല്ല. ബഹുതലമാനങ്ങളുണ്ടതിന്. ഭൗമികം, സാമ്പത്തികം, സാമൂഹികം, രാഷ്ട്രീയം, വാണിജ്യം, ദേശീയം തുടങ്ങിയുള്ള നിരവധി മാനങ്ങളുണ്ടവയ്ക്ക്. അധികാരത്തിന്റെ പ്രതിനിധാന ഇടങ്ങളാണ് ഈ സ്മാരകദുർഗങ്ങൾ. ഇവ ഭൂതകാല അവശിഷ്ടങ്ങളെന്നതിലുപരി സംസാരിക്കുന്നയിടങ്ങളാണ്. അധികാരം ഇട പ്രതിനിധാനങ്ങളെ നിയന്ത്രിക്കുന്നുവെന്നതും സാമൂഹികബന്ധങ്ങളെ അറിയാൻ ഇടങ്ങളെയും അറിയേണ്ടതുണ്ടെന്നതും വാസ്തവമാണ്. കോട്ടസ്മാരകങ്ങൾ ഭിന്ന ചരിത്രഘട്ടങ്ങളെ ഉല്പാദിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നണ്ട്. ഭൂതകാലത്തിന്റെ സാമൂഹ്യാർത്ഥം മനസിലാക്കാൻ കോട്ട ഇടങ്ങൾ സഹായിക്കും എന്നത് ഇവയ്ക്കു വർത്തമാനകാലത്ത് സവിശേഷപ്രധാന്യം നൽകുന്നുണ്ട്.
എന്നാൽ ഇവയുടെ നിർമാണരഹസ്യങ്ങളെക്കുറിച്ചും ആവാസവ്യവസ്ഥയുടെ സാമൂഹ്യശാസ്ത്രത്തെക്കുറിച്ചും ഭൂതകാലത്ത് നിലനിന്നിരുന്ന സാമൂഹിക മനോഭാവത്തെക്കുറിച്ചും അറിയാൻ ചാണക്യന്റെ ദുർഗവിധാനം, ദുർഗനിവേശം എന്നീ അധ്യായങ്ങൾ സഹായകമാണ്. രാജഭരണത്തിന് അന്ത്യം വന്നതുകൊണ്ട് ദുർഗനിർമിതി ഒരു സമകാല വിഷയമല്ല. അതുകൊണ്ട് അതേക്കുറിച്ച് അറിയേണ്ടതുണ്ടോ എന്ന സംശയം വേണ്ട. അധികാരത്തിന്റെ വാസ്തുനിർമിതി ഘടനയും ഭൂതകാല സാമൂഹിക മനഃശാസ്ത്രവും കൂടുതൽ അടുത്തറിയാൻ ചാണക്യപ്രകരണങ്ങൾ സഹായിക്കും.

കോട്ടനിർമിതിയുടെ
ചാണക്യശാസ്ത്രം
ഭൂതകാല ഭരണകൂട സംരക്ഷണ കവചമായ കോട്ടകളുടെ നിർമിതിയുക്തിയും വാസ്തുരഹസ്യവും അറിയാൻ അപര്യാപ്തമായ സ്രോതസ്സുകൾ മാത്രമാണ് നമുക്കു മുന്നിലുള്ളത്. ഈയൊരവസ്ഥയിലാണ് ഇന്ത്യയുടെ ഭൂതകാല രാജവാഴ്ചയുടെ സാമൂഹ്യമനഃശ്ശാസ്ത്രത്തിലേക്കു കടന്നെത്താൻ കഴിയുന്ന അർഥശാസ്ത്രവിവരങ്ങൾ പ്രസക്തമാകുന്നത്.
രാജ്യസുരക്ഷയ്ക്ക് പ്രാധാന്യം നൽകുന്ന ആസൂത്രണത്തിനാണ് ചാണക്യൻ പ്രഥമ പരിഗണന നൽകിയത്. അതിർത്തി സംരക്ഷണത്തിനാണ് ആദ്യമായി പ്രാധാന്യം നൽകിയത്. ജനപദത്തിന്റെ നാല് അതിർത്തി ദിക്കുകളിലുമായി കോട്ടകൾ നിർമിക്കണം. നദിയാൽ ചുറ്റപ്പെട്ട ദ്വീപിലോ ആഴമുള്ള ജലാശയത്താൽ ചുറ്റപ്പെട്ട സ്ഥലത്തോ ഉണ്ടാക്കുന്ന കോട്ടയാണ് ഔദുക ദുർഗം. പാറയോ ഗുഹയോ നിറഞ്ഞ സ്ഥലത്തുള്ള നിർമിതിയാണ് പാർവത ദുർഗം. മരുഭൂമിയിൽ നിർമിക്കുന്നത് ധാന്വന ദുർഗം. വനത്തിലെ നിർമിതി വനദുർഗം എന്നിങ്ങനെ ഭൗമിക സവിശേഷതകൾ പരിഗണിച്ചാണ് ദുർഗനിർമിതികൾക്ക് പേര് നൽകിയത്. ആപത്തിൽ പലായനത്തിന് സഹായകമാകും വിധമാണ് ഇവയുടെ ആസൂത്രണം. നദീദുർഗവും പാർവതദുർഗവും ജനപദങ്ങൾക്കും മറ്റു രണ്ടും വനവാസികൾക്കും രക്ഷാസ്ഥാനമാകുമെന്നുറപ്പിക്കുന്നു. ആവാസ ഇടങ്ങളുടെ അടിസ്ഥാനത്തിൽ ചതുർവർണ ജനപദത്തെയും വനവാസികളെയും വേർതിരിച്ചുകൊണ്ടുള്ള ആസൂത്രണമാണിതെന്നു വ്യക്തമാണ്.
രാജാവിനും മറ്റു നിവാസികൾക്കുമുള്ള ഭവനങ്ങളുടെയും രാജവീഥികളുടെയും ഇടങ്ങൾ ദിക്കനുസരിച്ചു പകുത്തു നിശ്ചയിച്ച് അക്കാലത്തെ അധികാരത്തിന്റെ സാമൂഹ്യശാസ്ത്രം വെളിപ്പെടുത്തുകയാണ് ചാണക്യൻ.
കോട്ട ഒരു നിർമാണ സമുച്ചയമായിട്ടാണ് ചാണക്യൻ വിഭാവനം ചെയ്തിരുന്നത്. പണ്ടകശാലയുടെ നിർമാണത്തിൽ തുടങ്ങി ആയുധപ്പുര വരെയുള്ള നിർമിതികളുടെ വാസ്തുരൂപരേഖയും സ്ഥലവും നിശ്ചയിച്ചുറപ്പിക്കുകയാണ് ചാണക്യൻ. ജനപദമധ്യത്തിൽ മുതലെടുപ്പു സൂക്ഷിക്കുന്ന ഇടമായി സ്ഥാനീയദുർഗം (പണ്ടകശാല) നിർമിക്കണം. ചരക്ക് കൊണ്ടുവന്നു നിറയ്ക്കുന്ന ഇടമാണ് സ്ഥാനീയം. വാസ്തുശാസ്ത്രപ്രകാരമായിരിക്കണം നിർമാണങ്ങളെല്ലാമെന്നത് എടുത്തുപറയുന്നുമുണ്ട്. നദികളുടെ സംഗമസ്ഥാനത്തോ ജലാശയങ്ങൾക്കു സമീപത്തോ, അതായത് കര വഴിയും ജലമാർഗ്ഗമായും ചരക്കുകൾ എത്തിച്ചേരാവുന്ന തരത്തിലായിരിക്കണം സ്ഥാനീയ നിർമാണം. ഭൂസ്ഥിതിയനുസരിച്ച് വൃത്താകൃതിയിലോ ദീർഘമായോ ചതുരാകൃതിയിലോ ഇവ നിർമിക്കാം. പണ്ടകശാലയുടെ സുരക്ഷ കണക്കിലെടുത്ത് പണ്ടകശാലയ്ക്കു ചുറ്റും നാലുമുഴം ഇടവിട്ടു മൂന്നു കിടങ്ങുകൾ സ്ഥാപിക്കണം. യഥാക്രമം 14, 12, 10 കോൽ വിസ്താരത്തോടും അതിന്റെ പകുതിയോ മുക്കാലോ ആഴവും വരുന്ന മൂന്ന് കിടങ്ങുകൾ കുഴിക്കണം. ഓരോ കിടങ്ങിലും മുകളിലേതിനെക്കാൾ അടിത്തട്ട് വീതി കുറച്ച് ചതുരാകൃതിയിൽ കല്ലു പാകണം. വശങ്ങൾ കല്ലും ഇഷ്ടികയും കൊണ്ട് കെട്ടി വെള്ളം നിറച്ചു താമരയെയും മുതലകളെയും വളർത്തണം. ഉറവയുണ്ടെങ്കിൽ അധിക ജലം ഒഴുക്കാനുള്ള ചാലുകളും വേണം.
കിടങ്ങുകളിൽ നിന്ന് നാലു കോൽ മാറി ആറു കോൽ പൊക്കവും 12 കോൽ വീതിയുമുള്ള മൺ മതിൽ പണിയണം. കിടങ്ങുകൾ കുഴിച്ചെടുത്ത മണ്ണിട്ടുയർത്തിയ മതിലാണിത്. അതിന്റെ രണ്ടരുകും ചരിച്ചാണ് നിർമ്മിക്കേണ്ടത്. മുകൾഭാഗം ആനകളെയും കാലികളെയും നടത്തി ഉറപ്പിക്കണം. ചരിഞ്ഞ വശങ്ങളിൽ മുള്ളുള്ള ചെടികളും വിഷച്ചെടികളും വെച്ചുപിടിപ്പിക്കണം. മുൺകൂനയുടെ മുകളിൽ ഉയരത്തിന്റെ ഇരട്ടി വീതിയുള്ള ഇഷ്ടികമതിൽ കെട്ടണം. വീതിയെക്കാൾ ഇരട്ടി ഉയരം വേണം. മുകൾഭാഗത്ത് തേരു കടക്കുന്നതിനനുയോജ്യമായ വലുപ്പത്തിൽ വാതിൽ വേണം. കല്ലുകൊണ്ടോ ഇഷ്ടികകൊണ്ടോ കരിമ്പനക്കുറ്റി, മിഴാവ്, കുരങ്ങിന്റെ തല എന്നിവയുടെ പ്രതിമകൾ നിരക്കെ പണി ചെയ്തതായിരിക്കണം. ശില കൊണ്ടും കോട്ടമതിൽ പണിയാം. തീ പിടിക്കാനിടയുള്ളതുകൊണ്ട് മരം അരുത്.

മതിലിന്റെ മുകളിൽ കൊത്തളം ഉണ്ടാക്കണം. രണ്ടു കൊത്തളങ്ങളുടെ മധ്യത്തിൽ 30 കോൽ ഇടവിട്ട് മേൽപ്പുരയും രണ്ട് മുറിയുള്ളതും വീതിയേക്കാൾ ഒന്നരയിരട്ടി നീളവുമുള്ള ബഹുനില ഹർമ്യങ്ങൾ ഉണ്ടാക്കണം. ഹർമ്യങ്ങൾക്കിടയിൽ അടച്ചു തുറക്കാവുന്ന ഇന്ദ്രകോശങ്ങളുണ്ടാക്കണം. മാളികയുടെ മുകളിലത്തെ നിലയിൽ ഉന്തിനിൽക്കുന്ന മുഖപ്പാണിവ. മൂന്ന് വില്ലാളികൾക്ക് ഒളിച്ചിരിക്കാവുന്നതും അടച്ചുതുറക്കാവുന്ന വാതിലുള്ളതും മരപ്പലക തറച്ചതുമായ ഒരുതരം മഞ്ചമാണ് ഇന്ദ്രകോശം. കൊത്തളം, ഹർമ്യങ്ങൾ, ഇന്ദ്രകോശം ഇവയ്ക്കിടയിൽ സഞ്ചരിക്കാൻ മതിലിനു മുകളിലൂടെ രണ്ടു മുഴം വീതിയും വശങ്ങളിൽ നാലിരട്ടി നീളവുമുള്ള, ഇറങ്ങിപ്പോകാനുള്ള ഗൂഢമാർഗവും നിർമിക്കണം.
മതിലിന്മേൽ ഒന്നോ രണ്ടോ ദണ്ഡ് ഇടവിട്ട് രഹസ്യമായി ഓടിപ്പോകാനുള്ള പടവുകളോടുകൂടിയ ചെറുമാർഗവും മറഞ്ഞുനിന്ന് ശത്രുസൈന്യത്തെ വീക്ഷിക്കാനുള്ള പൊത്തും നിർമിക്കണം. കിടങ്ങിനും മതിലിനും ഇടയ്ക്കുള്ള ഭാഗത്ത് ശത്രുവിനു അപകടമുണ്ടാക്കാൻ പര്യാപ്തമായരീതിയിൽ മര ആണികൾ, തൃശൂലങ്ങൾ, ഇരുമ്പാണികൾ, പുല്ലുകൊണ്ടു മൂടിയ കുഴികൾ, കിണറുകൾ, ഇരുമ്പു വാറുകൾ, ഇരുമ്പ് മുക്കാലികൾ, ഇരുമ്പു മരം എന്നിവ കൂർപ്പിച്ചു നാട്ടിയ കണ്ടകങ്ങൾ, കുടുക്കാവുന്ന കയർകുരുക്കുകൾ, നായ്പല്ലികൾ, വിലങ്ങനെ കെട്ടിയ മരം, ഒറ്റയടിക്കുഴികൾ തുടങ്ങിയവ ഒളിപ്പിക്കണം. അതായത്, പ്രച്ഛന്ന മാർഗത്തിൽ കാലൊടിക്കാനും മുറിവേൽപ്പിക്കാനും പീഡിപ്പിക്കാനുമുള്ള യന്ത്രസൂത്രങ്ങൾ ഒളിപ്പിച്ചുവച്ച് ശത്രുനിവേശം തടയാനാണ് ഈ മുൻകരുതലുകൾ.
മതിലിന്റെ ഇരുഭാഗങ്ങളിലും ഒന്നര ദണ്ഡ് വീതിയുള്ള മണ്ഡപം നിർമിച്ച് അതിൽ കോട്ടവാതിലുണ്ടാക്കണം. വീതിയുടെ ആറിലൊന്നു വീതിയുള്ള കോട്ടവാതിൽ വേണം നിർമിക്കേണ്ടത്. അഞ്ചുമുതൽ എട്ടു ദണ്ഡ് വരെ വീതിയും എട്ടു ഭാഗം നീളവും കോട്ടവാതിലിനുവേണം.
രാജാവിനും മറ്റുള്ളവർക്കുമുള്ള വാസനിർമിതി ഇടങ്ങൾ നിശ്ചയിച്ചുറപ്പിക്കുന്നുണ്ട് ചാണക്യൻ. ഇതാകട്ടെ അക്കാലത്തെ ചാതുർവർണ്യ സമൂഹഘടനയുടെ അടിസ്ഥാനത്തിലാണെന്നത് സവിശേഷമായി ഓർക്കേണ്ടതുണ്ട്
ഹർമ്യങ്ങളെ ആറായി ഭാഗിച്ചു ആറ് തോരണസ്തംഭങ്ങൾ നാട്ടണം. മധ്യഭാഗത്തിന്റെ വീതിയിലാണ് വാതിൽ നിർമിക്കേണ്ടത്. ആറു തലങ്ങളിൽ ആദ്യഭാഗം അഞ്ചായി തിരിച്ച് ശാല, കുളം, സീമാഗൃഹം എന്നിവ മൂന്നു ഭാഗങ്ങളിൽ സ്ഥാപിക്കണം. കുളത്തിന്റെ ഇരുഭാഗങ്ങളിൽ ദീഘചതുരമായി രണ്ടു ശാലകൾ. അവയുടെ അറ്റത്തായി സീമാഗ്രഹം. ശാലയുടെ പത്തിലൊന്നു വിസ്താരത്തിൽ ഇഷ്ട പ്രതിമയോടുകൂടിയ രണ്ടു പ്രതിമഞ്ചങ്ങൾ. മതിലിന്റെ ഇരുഭാഗങ്ങളിലും ഒന്നര ദണ്ഡ് വീതിയുള്ള മണ്ഡപം നിർമിച്ച് അതിൽ കോട്ടവാതിൽ ഉണ്ടാക്കണം.
ദുർഗനിവേശം
കോട്ടനിർമിതിയുടെ സൂക്ഷ്മാംശങ്ങളടങ്ങിയ വാസ്തുഘടന നിശ്ചയിച്ചുറപ്പിച്ചശേഷം രാജാവിനും മറ്റു നിവാസികൾക്കുമുള്ള ഭവനങ്ങളുടെയും രാജവീഥികളുടെയും ഇടങ്ങൾ ദിക്കനുസരിച്ചു പകുത്തു നിശ്ചയിച്ച് അക്കാലത്തെ അധികാരത്തിന്റെ സാമൂഹ്യശാസ്ത്രം വെളിപ്പെടുത്തുകയാണ് ദുർഗനിവേശം എന്ന അധ്യായത്തിൽ ചാണക്യൻ.
കിഴക്കുപടിഞ്ഞാറ് മൂന്നും തെക്കുവടക്ക് മൂന്നും എന്ന ക്രമത്തിൽ ആറ് രാജമാർഗങ്ങൾ വേണം. ഇവയെല്ലാം 12 വാതിലുകൾ, പ്രച്ഛന്നമാർഗം, ജലനിർഗമമാർഗം എന്നിവയോടു കൂടിയതായിരിക്കണം. രണ്ടുകോൽ വിസ്താരമുള്ള ചെറുതെരുവ്, നാലു കോൽ വിസ്താരമുള്ള രാജമുഖമാർഗം, ദ്രോണമുഖമാർഗം, സ്ഥാനീയമാർഗം, രാഷ്ട്രമാർഗം, വിവീതമാർഗം എന്നിവയും വേണം. കൂടാതെ, പണ്യപത്തന മാർഗം, ശത്രുക്കൾ മതിൽ വളഞ്ഞാൽ അകത്തുള്ള സൈന്യത്തിന് മതിൽ തോറും പോകാനുള്ള വഴി, ശ്മാശാനമാർഗം, ഗ്രാമമാർഗം എന്നിവയ്ക്ക് എട്ടു ദണ്ഡ് വിസ്താരം വേണം. സേതുമാർഗത്തിനും വനമാർഗത്തിനും നാലു ദണ്ഡ് വിസ്താരവും ഹസ്തിമാർഗത്തിനും ക്ഷേത്രമാർഗത്തിനും രണ്ടു ദണ്ഡ് വിസ്താരവും രഥമാർഗത്തിനു അഞ്ചു കൈമുഴവും പശുമാർഗത്തിന് നാലു കൈമുഴവും ക്ഷുദ്ര പശുമാർഗത്തിനും മനുഷ്യമാർഗത്തിനും രണ്ടു കൈമുഴവും വിസ്താരം വേണമെന്നാണ് ചാണക്യപക്ഷം.

ചാതുർവർണ്യത്തിന്റെ
വാസനിർമിതി
രാജാവിനും മറ്റുള്ളവർക്കുമുള്ള വാസനിർമിതി ഇടങ്ങൾ നിശ്ചയിച്ചുറപ്പിക്കുന്നുണ്ട് ചാണക്യൻ. ഇതാകട്ടെ അക്കാലത്തെ ചാതുർവർണ്യ സമൂഹഘടനയുടെ അടിസ്ഥാനത്തിലാണെന്നത് സവിശേഷമായി ഓർക്കേണ്ടതുണ്ട്. ആവാസത്തിനു തിരഞ്ഞെടുത്ത സ്ഥലത്തെ നെടുകെയും കുറുകെയും ഒമ്പതായി ഭാഗിച്ചതിൽ ഒത്ത നടുക്കുള്ള ഭാഗമാണ് ഹൃദയം. ഹൃദയത്തിനു വടക്കുള്ള ഭാഗത്ത് വടക്കോട്ടോ കിഴക്കോട്ടോ ദർശനമായി രാജഗൃഹം പണിയണം. അതിന്റെ കിഴക്ക്- വടക്കു ഭാഗത്ത് ആചാര്യന്റെയും പുരോഹിതന്റെയും യജ്ഞസ്ഥാനം, തീർത്ഥ സ്ഥാനം എന്നിവയ്ക്കുള്ള ഇടമാണ്. മന്ത്രിമാരുടെ പാർപ്പിടം, അടുക്കള, ആനക്കൊട്ടിൽ ആയുധപ്പുര എന്നിവ തെക്കു- കിഴക്കു ഭാഗത്താണ് വേണ്ടത്. അതിനു കിഴക്കായി ഗന്ധപുഷ്പ വ്യാപാരികൾ, ധാന്യങ്ങളും പാനീയവും വിൽക്കുന്നവർ, പ്രധാന കാരുക്കൾ (തച്ചൻ,നെയ്ത്തുകാരൻ, ക്ഷുരകൻ, അലക്കുകാരൻ, തോൽപണിക്കാരൻ), ക്ഷത്രിയർ എന്നിവരുടെ പാർപ്പിടങ്ങൾ.
തെക്കു കിഴക്കായി കലവറ, കണക്കെഴുത്തിടം (അക്ഷപടലം), പൊൻ വെള്ളിപണിക്കാർ എന്നിവരും തെക്കുപടിഞ്ഞാറായി പിച്ചള, ചെമ്പ് പണിശാലകൾ (കുപ്യഗ്രഹം), ആയുധശാല എന്നിവ. തെക്കു- പടിഞ്ഞാറു മൂലയിലാണ് ആയുധങ്ങൾ, വനവിഭവങ്ങൾ എന്നിവയുടെ സൂക്ഷിപ്പുകേന്ദ്രങ്ങൾ. തെക്കേ ദിക്കിൽ പണിശാലകളുടെ മേനോക്കികൾ, ധാന്യവ്യാപാരികൾ, സൈനികോദ്യോഗസ്ഥന്മാർ എന്നിവരെ താമസിപ്പിക്കണം. തെക്കുഭാഗത്തുതന്നെയാണ് പാകപ്പെടുത്തിയ ഭക്ഷ്യവിഭവങ്ങൾ, മാംസ- മദ്യ വിൽപ്പനക്കാർ, രൂപജീവികൾ (വേശ്യാവൃത്തിക്കാർ), നർത്തകിമാർ, താളവാദ്യക്കാർ എന്നിവരും വൈശ്യരും പാർക്കേണ്ടത്.
തെക്കു- പടിഞ്ഞാറ് ഭാഗത്ത് കഴുതകളുടെയും ഒട്ടകങ്ങളുടെയും ലയങ്ങളും മരാമത്ത് ശാലകളും വടക്കു- പടിഞ്ഞാറു ഭാഗത്ത് ആനകളുടെയും രഥങ്ങളുടെയും സൂക്ഷിപ്പു ശാലകളും നിർമിക്കണം. അതിനും പടിഞ്ഞാറായി പട്ടുനൂൽ, വേണു, ചർമം, പടച്ചട്ട എന്നിവയുടെ പണിശാലകളും ശൂദ്രരുടെ പാർപ്പിടവും. വടക്ക്- പടിഞ്ഞാറു ഭാഗത്ത് പാണ്ടികശാല, ഔഷധശാല. വടക്കു- കിഴക്കു ഭാഗത്ത് കോശം, കാള കുതിര എന്നിവയുടെ വാസം. അതിനപ്പുറത്ത് വടക്കായി നഗരദേവത, രാജകുലദേവത എന്നിവരും ലോഹകാരുക്കളും മണികാരുക്കളും ബ്രാഹ്മണരും വസിക്കണം. വസ്തുവിന്റെ മുക്കിലും മൂലയിലുമായി തൊഴിൽ സംഘങ്ങൾ, വിദേശത്തുനിന്നു വന്ന വ്യാപാരികൾ എന്നിവരെ താമസിപ്പിക്കണം. ശുദ്രരുടെ താമസം തെക്കു ഭാഗത്താണ്. വ്യവസ്ഥ ലംഘിക്കുന്നവർക്ക് പിഴ. പാഷണ്ഡന്മാരുടെയും ചണ്ഡാളന്മാരുടെയും പാർപ്പിടം ശ്മശാനസമീപത്തായിരിക്കണം.
ഭാരതീയമായ ധൈഷണിക സംഭാവനകളുടെ സമകാലിക സാധ്യതകൾ വിമർശനാത്മകമായി ചർച്ചചെയ്യണം എന്ന ആവശ്യവും ചാണക്യദർശനം മുന്നോട്ടുവയ്ക്കുന്നുണ്ട്.
കുടുംബികൾക്കു താമസിക്കാൻ അവരുടെ പണിശാലയുടെയും ഭൂമിയുടെയും സ്ഥിതിയനുസരിച്ച് അതിർത്തി നിർണയിക്കാം. അവർ രാജാവിന്റെ അനുമതിയോടെ പൂന്തോട്ടവും ഫലവൃക്ഷതോട്ടങ്ങളും വയലുകളും സ്ഥാപിച്ച് ധാന്യങ്ങളും ധാന്യവസ്തുക്കളും ശേഖരിക്കണം. പത്തു കുടുംബങ്ങൾക്ക് ഒന്നുവീതം കിണറും അവർക്കുണ്ടായിരിക്കണം.
ക്ഷേത്ര- ശ്മശാന നിർമിതി
പുരത്തിന്റെ മധ്യത്തിലായി ദുർഗ, വിഷ്ണു, സുബ്രഹ്മണ്യൻ, ഇന്ദ്രൻ, ബ്രഹ്മാവ് എന്നിവരുടെ കോവിലുകളും ശിവൻ, വൈശ്രവണൻ, അശ്വിനി ദേവതകൾ, ശ്രീഭഗവതി, വാരുണീദേവി എന്നിവരുടെ ക്ഷേത്രങ്ങളും സ്ഥാപിക്കണം. രണ്ടിടങ്ങളിലും വാസ്തുദേവതമാരെയും പ്രതിഷ്ഠിക്കണം. മതിലിനുപുറത്ത് നൂറ് വിൽപാടകലെ പൂജിത വൃക്ഷവും പുണ്യസ്ഥാനവും വനവും സേതുബന്ധവും പണിയിച്ച് ദിക് ദേവതമാരെ പ്രതിഷ്ഠിക്കണം.
ശ്മശാനം വടക്കോ കിഴക്കോ ആകാം. ശ്മശാനം പൊതുവാണെന്ന് വിശ്വസിക്കാനാവില്ല. ചതുർവർണങ്ങൾക്ക് ശ്മശാനം പ്രത്യേകമായിരിക്കാം ഉണ്ടായിരുന്നത്. അവരുടെ ആവാസയിടത്തിന്റെ വടക്കോ കിഴക്കോ ആകാം എന്നായിരിക്കും ചാണക്യൻ ശ്‌മശാനത്തിന്റെ കാര്യത്തിൽ ഉദ്ദേശിച്ചത്.
ദുർഗവിധാനം, ദുർഗനിവേശം എന്നീ അധ്യായങ്ങളിലൂടെ ചാണക്യൻ അവതരിപ്പിച്ച ആശയങ്ങളെ ജനാധിപത്യവ്യവസ്ഥിതിയിൽ വിലയിരുത്തിയാൽ ലഭിക്കുന്ന പാഠങ്ങളെന്താണെന്ന ചിന്തയ്ക്കു പ്രസക്തിയുണ്ട്. ചാണക്യപൂർവകാലത്തെ രാജഭരണ വ്യവസ്ഥയിൽ നിലനിന്നിരുന്ന സുരക്ഷാവീഴ്ച മനസിലാക്കി കുടുതൽ കാര്യക്ഷമമായ സുരക്ഷയൊരുക്കാനുള്ള ചിന്താനിർമിതിയാണ് ചാണക്യൻ ആസൂത്രണം ചെയ്തത്. രാജഭരണം അസ്തമിച്ചതോടെ കോട്ടനിർമിതിയുടെ ജ്ഞാനവ്യവസ്ഥയും അസ്തമിച്ചു എന്നത് ശരിയാണ്. എന്നാൽ രാജ്യാതിർത്തി സംരക്ഷണം എന്നത് ജനാധിപത്യവ്യവസ്ഥയിലും പ്രധാനം തന്നെ. രാജ്യാതിർത്തി സംരക്ഷണം ഭരണകൂടത്തിന്റെ താല്പര്യങ്ങളിൽ പ്രധാനമായി പരിഗണിക്കേണ്ട വിഷയമാണെന്ന പാഠം ചാണക്യചിന്തയിൽ നിന്ന് സ്വീകരിക്കേണ്ടതുതന്നെ. അതിനായി ആധുനിക വ്യവസ്ഥക്കനുസരിച്ചുള്ള പ്രതിരോധപരിപാലനം ശക്തമാക്കേണ്ടത് ഭരണകൂട ഉത്തരവാദിത്തമാകുന്നു.
ജനാധിപത്യവ്യവസ്ഥയിൽ ചാതുർവർണ്യ സമൂഹത്തിന്റേതായ ആവസാനിർമാണത്തിന് സാധ്യതയില്ല. അതുകൊണ്ട് പൂർണമായും ചാണക്യദർശനം അബദ്ധമാണെന്ന് പറയാനുമാവില്ല. ജനകീയമായ ജനപഥാസൂത്രണ സാധ്യതയാണ് സമകാലത്ത് ചാണക്യ ദർശനത്തിൽ നിന്ന് സ്വീകരിക്കേണ്ടത്. ചുരുക്കത്തിൽ, ഭാരതീയമായ ധൈഷണിക സംഭാവനകളുടെ സമകാലിക സാധ്യതകൾ വിമർശനാത്മകമായി ചർച്ചചെയ്യണം എന്ന ആവശ്യവും ചാണക്യദർശനം മുന്നോട്ടുവയ്ക്കുന്നുണ്ട്.