ലോഹശാസ്‌ത്രത്തിന്റെ
പൗരസ്ത്യവഴി

‘‘പൗരസ്ത്യർക്കിടയിലെ ലോഹസംസ്കൃതിയുറപ്പിക്കാനായി പുരാവസ്തു ശാസ്ത്രത്തെളിവുകളോടൊപ്പം പരിഗണിക്കേണ്ട പുരാതന ലിഖിത സ്രോതസ്സുകളിൽ പ്രധാനം അർത്ഥശാസ്ത്രമാണ്’’- ചാണക്യന്റെ ഭാഷാകൗടലീയത്തെ അടിസ്ഥാനമാക്കി എം. ശ്രീനാഥൻ എഴുതുന്ന പഠനപരമ്പര തുടരുന്നു.

വിവേചനത്തിന്റെ
അർഥശാസ്ത്രം- 13

പുരാതന ലോഹോപയോഗത്തെ കുറിച്ചുള്ള ആഗോള പുരാവസ്തു തെളിവുകളുടെ പാശ്ചാത്തലത്തിൽ ലോഹോപയോഗം പാശ്ചാത്യ- പൗരസ്ത്യ സംസ്കാരങ്ങളിൽ പണ്ടുമുതലേ നിലനിന്നിരുന്നുവെന്നു മനസിലാക്കാം. 3000 ബി.സി യിൽ ചെമ്പുപയോഗവും 2500 ബി.സി മുതൽ ചെമ്പും ടിന്നും ചേർത്ത പിത്തള ഉപയോഗവും 1200 ബി.സി മുതൽ ഇരുമ്പുപയോഗവും ഉണ്ടായിരുന്നു.

മെസോപ്പൊട്ടാമിയ, ഈജിപ്ത്, സിന്ധുനദീതട സംസ്കാരങ്ങളിൽ സ്വർണം- വെള്ളി- ചെമ്പ് ഉപയോഗം തിരിച്ചറിഞ്ഞിട്ടുണ്ട്. തദ്ദേശീയമായ ലോഹ ഉല്പാദനപ്രക്രിയകളും അതാതു സംസ്കാരങ്ങളിൽ ഉണ്ടായിരുന്നിരിക്കാം. അവയെ സാധൂകരിക്കുന്ന ലിഖിതരേഖകളുടെ അഭാവവും പാശ്ചാത്യ ധാതുശാസ്‌ത്രത്തിന്റെ പ്രഭാവവും തനതു ജ്ഞാനമുറകളെ അപ്രത്യക്ഷമാക്കിയിട്ടുണ്ട്. 19-ാം നൂറ്റാണ്ടിന്റെ അവസാനത്തിലാണ് ലോഹങ്ങൾ, ലോഹസങ്കരങ്ങൾ, അനുബന്ധ പ്രക്രിയകൾ എന്നിവയെക്കുറിച്ചുള്ള ശാസ്ത്രീയ പഠനത്തിലേക്ക് ലോഹശാസ്ത്രം (മെറ്റലർജി) പാശ്ചാത്യർക്കിടയിൽ വ്യാപിച്ചത്. സമകാലത്ത് ഇതൊരു പാശ്ചാത്യ വിജ്ഞാനശാഖയായി ലോകം അംഗീകരിക്കുന്നുമുണ്ട്.

ലോഹങ്ങളുടെ ഉൽപാദനത്തിലാണ് ചരിത്രപരമായി ലോഹശാസ്ത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതെന്നു മനസിലാക്കാം. ലോഹ ഉൽപ്പാദനം ആരംഭിക്കുന്നത് ലോഹം വേർതിരിച്ചെടുക്കുന്നതിനായി അയിരുകൾ സംസ്കരിക്കുന്നതിലൂടെയാണ്. ലോഹസങ്കരനിർമാണം ലോഹങ്ങളുടെ മിശ്രിതത്തിലൂടെയാണ് സാധ്യമാക്കുന്നത്. ലോഹോൽപ്പാദനത്തെക്കുറിച്ചുള്ള പഠനം ഫെറസ് മെറ്റലർജി (കറുത്ത മെറ്റലർജി), നോൺ-ഫെറസ് മെറ്റലർജി (വർണ്ണ മെറ്റലർജി) എന്ന് ഇന്ന് അറിയപ്പെടുന്നു. ആഗോള വ്യാവസായിക പ്രാധാന്യം കൈവരിച്ചിരിക്കുന്ന ധാതുശാസ്ത്രമേഖലയ്ക്കു പൗരസ്ത്യമായ എന്തെങ്കിലും സംഭാവന ജ്ഞാനശാസ്ത്രപരമായി ഉണ്ടോ എന്ന അന്വേഷണത്തിന് പ്രസക്തിയുണ്ട്. ലോഹശാസ്ത്രത്തെ കുറിച്ച് പൗരസ്ത്യജനത ആർജിച്ച പ്രകൃതിവിഭവ ഉപഭോഗജ്ഞാനത്തിന്റെ നേർചിത്രമാണ് ചാണക്യവിവരണത്തിനാധാരം. അതായത് ധാതുവിജ്ഞാനത്തിന്റെ പൗരസ്ത്യവും പാരിസ്ഥിതികവുമായ തനതു ജ്ഞാനലോകം തുറന്നിടുന്നുവെന്നതാണ് കൗടലീയത്തിന്റെ സമകാല ജ്ഞാനശാസ്ത്രപരമായ പ്രസക്തി.

പൗരസ്ത്യർക്കിടയിലെ ലോഹസംസ്കൃതിയുറപ്പിക്കാനായി പുരാവസ്തു ശാസ്ത്രത്തെളിവുകളോടൊപ്പം പരിഗണിക്കേണ്ട പുരാതന ലിഖിത സ്രോതസ്സുകളിൽ പ്രധാനം ചാണക്യന്റെ അർത്ഥശാസ്ത്രമാണ്.

ലോഹസംസ്കൃതിയെ കുറിച്ചുള്ള അറിവ് പുരാതന പൗരസ്ത്യ സമൂഹങ്ങളിൽ കണ്ടെത്തിയത് ഹാരപ്പൻ മോഹൻജെദാരോ സംസ്കാരത്തിലാണ്. ചെമ്പും തകരവും ചേർന്ന ലോഹക്കൂട്ട് കൊണ്ട് നിർമ്മിച്ച മഴു, ഈർച്ചവാൾ, കത്തി, കുന്തമുന എന്നിവ അക്കാലത്ത് ഉപയോഗിച്ചിരുന്നുവെന്നും വെങ്കലം ഉപയോഗിച്ച് വീട്ടുപകരണങ്ങളും പ്രതിമകളും നിർമ്മിച്ചിരുന്നുവെന്നും ആഭരണങ്ങൾക്ക് സ്വർണ്ണവും വെള്ളിയും ഉപയോഗിച്ചിരുന്നുവെന്നും പര്യവേഷണ ഫലങ്ങളിൽ നിന്ന് മനസിലാക്കാനായിട്ടുണ്ട്. ചാണകവും കരിയും കത്തിച്ചാണ് ഉലകൾ പ്രവർത്തിച്ചിരുന്നതെന്നും ഇത്തരം മൂശകൾ പിൽക്കാലത്തും ഉപയോഗിച്ചതായും കണ്ടെത്തിയിട്ടുണ്ട്. മേല്പറഞ്ഞ തെളിവുകളുടെ അടിസ്ഥാനത്തിൽ പൗരസ്‌ത്യർക്കിടയിൽ ലോഹസംസ്കൃതി പണ്ടുമുതലേ നിലനിന്നിരുന്നുവെന്നു നിസ്സംശയം പറയാം. പൗരസ്ത്യർക്കിടയിലെ ലോഹസംസ്കൃതിയുറപ്പിക്കാനായി പുരാവസ്തു ശാസ്ത്രത്തെളിവുകളോടൊപ്പം പരിഗണിക്കേണ്ട പുരാതന ലിഖിത സ്രോതസ്സുകളിൽ പ്രധാനം ചാണക്യന്റെ അർത്ഥശാസ്ത്രമാണ്.

ഖനിയുമായി ബന്ധപ്പെട്ട ജോലികളെ കുറിച്ച് ചാണക്യൻ വിവരിക്കുന്നുണ്ട്. തുടക്കത്തിൽ തന്നെ ഖനികളുടെ മേൽനോട്ടക്കാരനായ ആകരാധ്യക്ഷൻ ശുല്ബശാസ്ത്രവും ധാതുശാസ്ത്രവും രാസപാകവും മണിരാഗവും അറിയണമെന്നു ചാണക്യൻ പ്രസ്താവിക്കുന്നു. അതായത് മേൽചൊന്ന ശാസ്ത്രങ്ങളൊക്കെ അക്കാലത്ത് പ്രചാരത്തിലിരുന്നുവെന്നാണ് പൊരുൾ.

തദ്ദേശീയമായ ലോഹ ഉല്പാദനപ്രക്രിയകളും അതാതു സംസ്കാരങ്ങളിൽ ഉണ്ടായിരുന്നിരിക്കാം. അവയെ സാധൂകരിക്കുന്ന ലിഖിതരേഖകളുടെ അഭാവവും പാശ്ചാത്യ ധാതുശാസ്‌ത്രത്തിന്റെ  പ്രഭാവവും തനതു ജ്ഞാനമുറകളെ അപ്രത്യക്ഷമാക്കിയിട്ടുണ്ട്.
തദ്ദേശീയമായ ലോഹ ഉല്പാദനപ്രക്രിയകളും അതാതു സംസ്കാരങ്ങളിൽ ഉണ്ടായിരുന്നിരിക്കാം. അവയെ സാധൂകരിക്കുന്ന ലിഖിതരേഖകളുടെ അഭാവവും പാശ്ചാത്യ ധാതുശാസ്‌ത്രത്തിന്റെ പ്രഭാവവും തനതു ജ്ഞാനമുറകളെ അപ്രത്യക്ഷമാക്കിയിട്ടുണ്ട്.

ഭൂമിയിൽ എവിടെ ലോഹമുണ്ടെന്നു കണ്ടുപിടിക്കുന്നതാണ് ശുല്ബശാസ്ത്രം. ധാതുക്കളിൽനിന്ന് സാരം വേർതിരിച്ചെടുക്കുന്നതാണ് ധാതുശാസ്ത്രം അഥവാ മെറ്റലർജി. ലോഹം ഉരുക്കുന്ന വിദ്യയാണ് രസശാസ്ത്രം. ലോഹത്തെ പാകം ചെയ്ത് നിറംകൂട്ടുന്ന പാകശാസ്ത്രവും മണികൾക്കു നിറം നൽകുന്നത് മണിരാഗ ശാസ്ത്രവുമാണ്. ഇവയെ കുറിച്ചുള്ള അറിവ് ആകരാധ്യക്ഷന് നിർബന്ധമായും വേണ്ടതാണ്. അതോടൊപ്പം ഈ ശാസ്ത്രങ്ങളിൽ വൈദഗ്ധ്യമുള്ളവരുടെ സഹായം സ്വീകരിക്കുകയും അതതു മേഖലകളിലെ നൈപുണ്യമുള്ള പണിക്കാരെ കൂട്ടി മൂശ, കരി തുടങ്ങിയുള്ള പണിയായുധങ്ങളുമായി വേണം ഖനനം നടത്തേണ്ടതെന്നാണ് ചാണക്യനിർദേശം.

ധാതുനിക്ഷേപം കണ്ടെത്തുന്നതിനും തിരിച്ചറിയുന്നതിനുമുള്ള പര്യവേഷണ പ്രക്രിയയും ഖനനപ്രക്രിയയും അസംസ്കൃത അയിരുകളിൽ നിന്ന് ലോഹം വേർതിരിച്ചെടുക്കുന്ന സംസ്കരണ പ്രക്രിയയും ധാതുവിജ്ഞാനത്തിൽ പ്രധാനമാണ്. സാങ്കേതികവിദ്യയിലുള്ള മാറ്റം പ്രകടമാണെങ്കിലും പര്യവേഷണം, ഖനനം, സംസ്കരണം . എന്നിങ്ങനെയുള്ള മൂന്നു പ്രക്രിയകൾ ആധുനിക ധാതുവിജ്ഞാനത്തിലുള്ളതുപോലെ പൗരസ്ത്യർക്കിടയിലും നാട്ടറിവായി നിലനിന്നിരുന്നുവെന്നു ചാണക്യൻ സാക്ഷ്യപ്പെടുത്തുന്നുണ്ട്. അയിരിൽനിന്ന് ലോഹം വേർതിരിച്ചെടുക്കുന്ന പ്രക്രിയകളായ മാലിന്യം നീക്കം ചെയ്യൽ അഥവാ സമ്പുഷ്ടീകരണം, ലോഹത്തിന്റെ പ്രതിപ്രവർത്തനക്ഷമതയെ അടിസ്ഥാനമാക്കിയുള്ള വേർതിരിച്ചെടുക്കൽ, അശുദ്ധ ലോഹങ്ങളുടെയും ലോഹസംയുക്തങ്ങളുടെയും ശുദ്ധീകരണം എന്നിവ ആധുനിക ലോഹശാസ്ത്രം പിന്തുടരുന്ന രീതികളാണ്. ദ്രവീകരണം, വാറ്റിയെടുക്കൽ, നീരാവി ഘട്ട ശുദ്ധീകരണം, ക്രൊമാറ്റോഗ്രാഫിക് രീതികൾ, സോൺ റിഫൈനിംഗ്, വൈദ്യുത വിശ്ലേഷണ ശുദ്ധീകരണം എന്നിങ്ങനെ മാലിന്യം നിർമാർജനം ചെയ്‌ത് ലോഹശുദ്ധി ഉറപ്പുവരുത്തുന്ന ആധുനിക രീതികൾ പലത് പ്രചാരത്തിലുണ്ട്. എന്നാൽ തനതു വിജ്ഞാനത്തിന്റെ ഭാഗമായി ഏതുതരം ശുദ്ധീകരണപ്രക്രിയകളായിരുന്നു പൗരസ്ത്യർക്കിടയിൽ നടപ്പിലുണ്ടായിരുന്നതെന്നും അവയുടെ പാരിസ്ഥിതികാടിത്തറ എന്തായിരുന്നുവെന്നും ചാണക്യവിവരണത്തിൽനിന്ന് വ്യക്തമാകുന്നുണ്ട്.

തനതു വിജ്ഞാനത്തിന്റെ ഭാഗമായി ഏതുതരം ശുദ്ധീകരണപ്രക്രിയകളായിരുന്നു പൗരസ്ത്യർക്കിടയിൽ നടപ്പിലുണ്ടായിരുന്നതെന്നും അവയുടെ പാരിസ്ഥിതികാടിത്തറ എന്തായിരുന്നുവെന്നും ചാണക്യവിവരണത്തിൽനിന്ന് വ്യക്തമാകുന്നുണ്ട്.

പൗരസ്ത്യ ധാതുജ്ഞാനം

ധാതുക്കൾ മണ്ണിലും പാറയിലും ദ്രാവകങ്ങളിലും ലയിച്ചിരിക്കും. ഭൂമിയിലുള്ളത് ഭൂമി ധാതു, പാറയിലുള്ളത് പ്രസ്തര ധാതു, ദ്രാവകങ്ങളിലുള്ളത് രസ ധാതു എന്നിങ്ങനെ അസംസ്കൃത ധാതുക്കൾ മുന്നു തരമുണ്ട് എന്ന അറിവ് പണ്ടേ പൗരസ്ത്യർക്കുണ്ടായിരുന്നു. മണ്ണിന് വർണാധിക്യമുണ്ടായാൽ ഭൂമി ധാതു, ഗൗരവാധിക്യം കണ്ടാൽ പ്രസ്തര ധാതു, ഉഗ്രഗന്ധമുണ്ടായാൽ രസ ധാതു അവിടെയുണ്ടെന്ന നിരീക്ഷണ മികവുണ്ടായിരുന്നു. പർവ്വതങ്ങളിലെ ദ്വാരങ്ങളിലും ഗുഹകളിലും താഴ് വരകളിലും ഗുഹാഗ്രഹങ്ങളിലും പാറ കൊണ്ട് അടഞ്ഞിരിക്കുന്ന ഗുഹകളിലുമൊക്കെ ധാതുക്കളുടെ സാന്നിധ്യം ഉണ്ടാകും. സസ്യലോകവും ജന്തുലോകവും മറ്റു ചില വസ്തുക്കളുമായും ബന്ധപ്പെടുത്തിയുള്ള പാരിസ്ഥിതിക സാദൃശ്യ അറിവായിട്ടാണിവയെ മനസ്സിലാക്കിയിരിക്കുന്നത്. നിറത്തിന്റെ കാര്യത്തിൽ ഞാവൽ പഴം, മാമ്പഴം, പനമ്പഴം, മഞ്ഞൾ, വെൺ താമരപ്പൂവ്, ചൂളപ്രാവ്, തത്ത, മയിൽ, ശർക്കര, മനയോല, തേൻ, ചായില്യം എന്നിവയുമായും ബന്ധപ്പെടുത്തിയാണ് സ്വർണധാതുവിനെ തിരിച്ചറിയുന്നത്. തൊട്ടാൽ ഒട്ടുന്ന കനത്ത ദ്രാവകങ്ങളാണെങ്കിൽ സാന്ദ്രത കൂടിയതും മഞ്ഞ നിറത്തിലുള്ളവയാണെങ്കിൽ സ്വർണമടങ്ങിയവയുമാണ്. സ്വർണമാണെങ്കിൽ വെള്ളത്തിൽ ചേർത്താൽ എണ്ണ പോലെ പാടയുണ്ടാകും. ചേറ്റിൽ പുതയും. അടുത്തുള്ള സസ്യങ്ങൾക്ക് മഞ്ഞനിറവുമുണ്ടായിരിക്കും. ഇങ്ങനെയുള്ള സ്വർണരസങ്ങൾ നൂറിരട്ടി ചെമ്പിന്റെയും വെള്ളിയുടെയും മേൽ നിശ്ചിത അനുപാതത്തിൽ ചേർത്താൽ അവ സ്വർണമാകും. ഒരു തുലാം ചെമ്പിലും ഒരു തുലാം വെള്ളിയിലും ഓരോ പലം സ്വർണരസം ചേർത്ത് അവയെ പൊന്നാക്കാമെന്നും തിരിച്ചറിഞ്ഞിരുന്നു.

ധാതുക്കൾ മണ്ണിലും പാറയിലും ദ്രാവകങ്ങളിലും ലയിച്ചിരിക്കും. ഭൂമിയിലുള്ളത്  ഭൂമി ധാതു, പാറയിലുള്ളത്  പ്രസ്തര ധാതു, ദ്രാവകങ്ങളിലുള്ളത് രസ ധാതു എന്നിങ്ങനെ അസംസ്കൃത ധാതുക്കൾ മുന്നു തരമുണ്ട് എന്ന അറിവ് പണ്ടേ പൗരസ്ത്യർക്കുണ്ടായിരുന്നു.
ധാതുക്കൾ മണ്ണിലും പാറയിലും ദ്രാവകങ്ങളിലും ലയിച്ചിരിക്കും. ഭൂമിയിലുള്ളത് ഭൂമി ധാതു, പാറയിലുള്ളത് പ്രസ്തര ധാതു, ദ്രാവകങ്ങളിലുള്ളത് രസ ധാതു എന്നിങ്ങനെ അസംസ്കൃത ധാതുക്കൾ മുന്നു തരമുണ്ട് എന്ന അറിവ് പണ്ടേ പൗരസ്ത്യർക്കുണ്ടായിരുന്നു.

തൽദൃശമായതും ഉഗ്രഗന്ധമുള്ളതുമായ വസ്തു കന്മദമാണ്. മഞ്ഞ- ചെമ്പു നിറങ്ങൾ കലർന്നത് ഭൂമി ധാതുവോ പ്രസ്തര ധാതുവോ ആകാം. ഇവയിൽ മുറിച്ചാൽ നീല രേഖകളുള്ളതും ചെറുപയർ, ഉഴുന്ന്, എൾച്ചോറ് എന്നിവ പോലെയുള്ളതും തൈര് പറ്റിയ പോലെയുള്ളതും മഞ്ഞൾ, കടുക്ക, താമരയിതൾ, കുങ്കുമം, കരൾ, പ്ലീഹ എന്നിവയുടെ നിറത്തോടുകൂടിയതും പൊടിച്ചാൽ മണൽത്തരിപോലെയാകുന്നതും രേഖകളും ബിന്ദുക്കളും നന്ത്യാർവട്ട പൂപോലെയുള്ളതും പരലുകൾ കലർന്നതും തിളക്കമുള്ളതും ചൂടാക്കിയാൽ പിളരാത്തതും നുരയും പുകയും ഏറിയിരിക്കുന്നതും സ്വർണധാതുക്കളാണ്.

ശംഖം, കർപ്പൂരം, സ്ഫടികം, വെണ്ണ, മാടപ്രാവ്, കാട്ടുപ്രാവ്, മയിൽകഴുത്ത്, സസ്യകമണി, ഗോരോചനം, ശർക്കര, കൊന്നപ്പൂവ്, കായാമ്പൂ, പാതിരിപ്പൂവ്, കടലപ്പൂവ്, താമരപ്പൂവ് എന്നിവയുടെ നിറമുള്ളവയും ഈയമോ അഞ്ജനമോ കൂടി ക്കലർന്നും ദുർഗന്ധമുള്ളതും മുറിച്ചാൽ പുറവും അകവും വെളുത്തോ കറുത്തോ ഇരിക്കുന്നവയും വരയും പുള്ളിയുമുള്ളവയും മാർദ്ദവമുള്ളവയും തീയിലിട്ടാൽ നുരയും പുകയും അധികമുള്ളതും ആയ ധാതുക്കൾ വെള്ളി ധാതുക്കളാകുന്നു.

പാരിസ്ഥിതിക സൗഹൃദമായ ലോഹശുദ്ധീകരണ രീതികൾ അവലംബിച്ചിരുന്നുവെന്നത് അന്ധവിശ്വാസമോ അപരിഷ്‌കൃത സാങ്കേതികതയോ ആയിട്ടായിരിക്കും ആധുനികർ കണക്കാക്കുന്നത്.

ഭാരമുള്ളതും സ്നിഗ്ധവും മൃദുവുമായിട്ടുള്ളത് ഭൂമി ധാതുവും പ്രസ്തര ധാതുവും, പിംഗള നിറമോ ഹരിതമോ പാടല നിറമോ ചുവപ്പോ ആയിരുന്നാലത് ചെമ്പ് ധാതു. കാക്ക, പ്രാവ്, ഗോരോചനം എന്നിവയുടെ നിറമുള്ളതും ചുവപ്പുരേഖകളുള്ളതും ദുർഗന്ധമുള്ളതും ഈയം ധാതു. മണ്ണിന്റെ നിറമോ മങ്കടയുടെ നിറമോ ആയാൽ വെള്ളീയം. കൃഷ്ണ വർണമോ പാണ്ഡുരക്ത വർണമോ കരുനെച്ചി പൂവിന്റെ നിറമോ ആയത് ഇരുമ്പു ധാതു. കരിനീലമോ പുതണക്കിന്റെ നിറത്തോടുകൂടിയതോ വൈകൃന്തക ധാതു. നിഴൽ കാണുന്നതും സ്നിഗ്ധവും തിളക്കമുള്ളതും തീയിലിട്ടാൽ ശബ്ദം പുറപ്പെടുന്നതും വേഗത്തിൽ തണുക്കുന്നതും രാഗം കുറഞ്ഞതുമായ ധാതു മണി ധാതു.

അയിര് സംസ്കരണം

ധാതുക്കളിൽ ഗുരുത്വം കൂടുന്നവയ്ക്ക് സാരം കൂടുമെന്നാണ് പ്രമാണം. മറ്റു ധാതുക്കൾ കലർന്നിരിക്കുന്നതോ ലോഹം വേറിട്ട് മാറാത്തതോ ആയ അയിരിനെ എങ്ങനെ സംസ്കരിച്ചെടുക്കാമെന്ന് അന്നേ ആലോചിച്ചിരുന്നുവെന്നു മാത്രമല്ല പരിസ്ഥിതി സൗഹൃദമാർഗങ്ങൾ പ്രതിവിധിയായി കണ്ടെത്തിയിരുന്നു. ലോഹം വേറിട്ടു കിട്ടാനും മാർഗമുണ്ടായിരുന്നു. ധാതുസമ്മിശ്രങ്ങളോ സാരം കുറവുള്ളതോ ആയിട്ടുള്ളവയെ വാഴച്ചാരം, കടലാടി ചാരം, യവത്തിന്റെ ചാരം, എള്ളിന്റെ ചാരം തുടങ്ങിയവയിലേതെങ്കിലും ആന, കുതിര, പശു, കഴുത, ആട് തുടങ്ങിയവയുടെ തീക്ഷ്ണ മൂത്രവുമായി ചേർത്ത് നനച്ചുണക്കിയാൽ ലോഹം വേറിട്ടുവരും. അല്ലെങ്കിൽ കൊന്ന, വടവൃക്ഷം, പീലുവൃക്ഷം എന്നിവയുടെ തൊലിയും ഗോരോചനം എന്നിവയും എരുമ, കഴുത, കോവർകഴുത എന്നിവയുടെ മലമൂത്രങ്ങളും കൂട്ടി അരച്ചുരുട്ടുന്നതും അരച്ചു പൂശുന്നതുവഴിയും ശുദ്ധമാക്കാം.

ധാതുക്കൾക്ക് മാർദ്ദവം വരുത്താനും  കാഠിന്യം വരുത്താനുമുള്ള പാരിസ്ഥിതിക സൗഹൃദ മാർഗങ്ങളും നിലനിന്നിരുന്നു.
ധാതുക്കൾക്ക് മാർദ്ദവം വരുത്താനും കാഠിന്യം വരുത്താനുമുള്ള പാരിസ്ഥിതിക സൗഹൃദ മാർഗങ്ങളും നിലനിന്നിരുന്നു.

ധാതുക്കൾക്ക് മാർദ്ദവം വരുത്താനും കാഠിന്യം വരുത്താനുമുള്ള പാരിസ്ഥിതിക സൗഹൃദ മാർഗങ്ങളും നിലനിന്നിരുന്നു. യവം, ഉഴുന്ന്, എള്ള്, പ്ലാവ്, പീലു എന്നിവയുടെ ക്ഷാരങ്ങളും പശുവിൻപാലും ആട്ടിൻപാലും കൂട്ടിയ മിശ്രിതത്തിൽ വാഴക്കിഴങ്ങ്, കള്ളിക്കിഴങ്ങ്, കാട്ടുചേന എന്നിവ പൊടിച്ചു ചേർത്താൽ സ്വർണത്തിനും വെള്ളിക്കും മാർദ്ദവം വരും. തേൻ, ഇരട്ടിമധുരം, ആട്ടിൻപാൽ, എണ്ണ, നെയ്യ്, ശർക്കര, കിണ്വം, എന്നിവ ചേർത്ത മിശ്രിതം കൊണ്ട് മുന്ന് പ്രാവശ്യം നനച്ചാൽ സ്വർണവും വെള്ളിയും മൃദുവാകും. പശുവിന്റെ പല്ലും കൊമ്പും പൊടിച്ച് ഉരുകിയ പൊന്നിലും വെള്ളിയിലും ഇടുന്നതു വഴി കാഠിന്യം കൂടും.

ഇത്തരത്തിൽ പാരിസ്ഥിതിക സൗഹൃദമായ ലോഹശുദ്ധീകരണ രീതികൾ അവലംബിച്ചിരുന്നുവെന്നത് അന്ധവിശ്വാസമോ അപരിഷ്‌കൃത സാങ്കേതികതയോ ആയിട്ടായിരിക്കും ആധുനികർ കണക്കാക്കുന്നത്. എന്തായാലും പൗരസ്ത്യ ജനതയുടെ നൂറ്റാണ്ടുകളുടെ നിരീക്ഷണ- പരീക്ഷണ ശ്രമങ്ങൾ ഈ നാട്ടറിവിനു പിന്നിലുണ്ടായിരുന്നുവെന്നു അംഗീകരിക്കേണ്ടതുണ്ട്.

പൗരസ്ത്യർക്കിടയിൽ വികസിച്ചിരുന്ന പാരിസ്ഥിതിക സൗഹൃദരീതികളുടെ രസതന്ത്രം പഠിച്ചറിയാനോ അതിന്റെ വ്യാവസായിക സാധ്യതകൾ പരിശോധിച്ചറിയാനോ ആധുനിക- പരമ്പരാഗത രീതികളുടെ മലിനീകരണത്തോത് വിലയിരുത്താനോ ഉള്ള ശ്രമങ്ങൾ ഉണ്ടായിട്ടില്ല. നാട്ടറിവ് എല്ലായ്പ്പോഴും അന്ധവിശ്വാസമാകണമെന്നില്ല. ബദൽ ശാസ്ത്രീയതയുടെ യുക്തിയും അത് ഉൾക്കൊള്ളുന്നുണ്ടാവും. പൗരസ്ത്യ ജനത ജ്ഞാന ശുന്യരായിരുന്നില്ല എന്നുറപ്പിക്കാനും പുരാതന പൗരസ്ത്യജനതയുടെ പ്രകൃതിവിഭവ ഉപഭോഗജ്ഞാനം യൂറോകേന്ദ്രിതമാല്ലാത്ത രീതിയിൽ വികസിച്ചതെങ്ങനെയെന്നറിയാനും കഴിയുമെന്നത് വിജ്ഞാനചരിത്രത്തിൽ പ്രധാനമാണ്.

നാണയവിനിമയ വ്യവസ്ഥ പൗരസ്ത്യർക്കിടയിൽ പണ്ടുമുതലേ നിലനിന്നിരുന്നുവെന്ന് ലോഹോപയോഗത്തെ കുറിച്ചുള്ള ചാണക്യവിവരണത്തിൽ വ്യക്തമാകുന്നുണ്ട്.

നാണയനിർമാണവും വിനിമയവും

നാണയചരിത്രം പരിശോധിച്ചാൽ പാശ്ചാത്യർക്കിടയിൽ പ്രത്യേകിച്ച്, പുരാതന ഗ്രീക്ക് സംസ്കാരത്തിലാണ് നാണയങ്ങളുടെ ഉത്പത്തിയെന്നാണ് വിശ്വാസം. എന്നാൽ ഇക്കാര്യത്തിൽ പൗരസ്ത്യ ജനതയും പിന്നിലല്ലായിരുന്നുവെന്നും നാണയവിനിമയ വ്യവസ്ഥ പൗരസ്ത്യർക്കിടയിൽ പണ്ടുമുതലേ നിലനിന്നിരുന്നുവെന്നും ലോഹോപയോഗത്തെ കുറിച്ചുള്ള ചാണക്യവിവരണത്തിൽ വ്യക്തമാകുന്നുണ്ട്.

നാണയങ്ങൾ അടിക്കുന്ന ഇടമാണ് കമ്മട്ടപ്പുര. കമ്മട്ടത്തിന്റെ അധ്യക്ഷൻ പണം, അരപ്പണം, കാൽ പണം എന്നിങ്ങനെ വിവിധ മൂല്യങ്ങളുള്ള വെള്ളിനാണയങ്ങൾ നിർമിക്കണം. നാലിലൊന്നു ചെമ്പും കടുപ്പം കിട്ടാനായി ഉരുക്ക്, വെള്ളീയം, ഈയം, അഞ്ജനം ഇവയിലേതെങ്കിലും ചേർത്ത് വെള്ളിനാണയങ്ങൾ നിർമിക്കണം. നാലിലൊന്ന് വെള്ളി ചേർത്ത് ചെമ്പുനാണയമായ മാഷകം, അർദ്ധ മാഷകം, കാകണി, അർദ്ധ കാകണി എന്നിവ നിർമിക്കണം. നാലു മാഷം വെള്ളിയും 11 മാഷം ചെമ്പും ഒരു മാഷം ഉരുക്ക്, വെള്ളീയം, ഈയം, അഞ്ജനം ഇവയിലേതെങ്കിലും ചേർത്താണ് മാഷകം നിർമിക്കുന്നത്.

മെസപ്പൊട്ടോമിയൻ സംസ്കാരത്തിൽ ഉപയോഗിച്ചിരുന്ന നാണയങ്ങൾ
മെസപ്പൊട്ടോമിയൻ സംസ്കാരത്തിൽ ഉപയോഗിച്ചിരുന്ന നാണയങ്ങൾ

നാണ്യപരിശോധകൻ നാട്ടിൽ ഉപയോഗിക്കേണ്ടതും ഭണ്ഡാരത്തിൽ സൂക്ഷിക്കേണ്ടതുമായ നാണ്യങ്ങൾ സംബന്ധിച്ച് വ്യവസ്ഥ ചെയ്യണം. മറ്റാളുകൾ അടിപ്പിക്കുന്ന നാണയങ്ങൾ പരിശോധിച്ച് മുദ്ര വയ്ക്കുമ്പോൾ നൂറിന് എട്ട് എന്ന കണക്കിൽ ഭണ്ഡാരത്തിലെടുക്കണം. മറ്റാളുകൾക്ക് അടിച്ചുകൊടുക്കുകയാണെങ്കിൽ അടിപ്പുകൂലി നൂറിന് അഞ്ച് വ്യാജിയായും പരിശോധക ക്കൂലിയായി നൂറിന് എട്ടു പണം വെച്ചും ഈടാക്കണം. അനധികൃതമായി നാണയം അടിച്ചാലും വിറ്റാലും വാങ്ങിയാലും 25 പണം ശിക്ഷ.

ധാതുസംസ്കരണവും വ്യാപാരവും മറ്റിടങ്ങളിൽ അരുത്, അങ്ങനെ ചെയ്താൽ പിഴ ഈടാക്കണം. ഖനിയിലെ ജോലി ചെയ്യുന്നവർ അവിടെനിന്ന് മോഷണം നടത്തിയാൽ അതിന്റെ എട്ടിരട്ടി ദ്രവ്യം പിഴ. കള്ളനെയും അനുവാദമില്ലാതെ വ്യാപാരം ചെയ്യുന്നവനെയും തടവിലാക്കി ഖനികളിൽ പണിയെടുപ്പിക്കണം. പിഴയടക്കാത്തവനും ഇതുതന്നെ ശിക്ഷ. രത്നം കട്ടാൽ മരണശിക്ഷ. നഷ്ടത്തിലുള്ള ഖനി പാട്ടത്തിനോ പതിവാരത്തിനോ കൊടുക്കണം. ലോഹാധ്യക്ഷൻ ചെമ്പ്, ഈയം, വെള്ളീയം, വൈകൃന്തകം, പിച്ചള, വൃത്തം, ഓട്, വാദ്യോപകരണങ്ങൾക്കുള്ള ഓടായ താളം, ഇരിമ്പ് എന്നിവയുടെ പണിശാലകൾ നിർമിക്കണം, വ്യാപാരം നടത്തണം.


Summary: A series of studies written by M. Sreenathan based on Chanakya's Bhasakautalyam part 13


എം. ശ്രീനാഥൻ

ഭാഷാ സംസ്‌കാര ഗവേഷകൻ, ഗ്രന്ഥകാരൻ, പ്രഭാഷകൻ.സമരകോശം, ചട്ടമ്പിസ്വാമികളുടെ ജ്ഞാനാനവോത്ഥാനം എന്നിവയാണ് സമീപകാല പഠനങ്ങൾ.

Comments