അന്നും
കർഷകരുടേതല്ലാത്ത
കൃഷിഭൂമി

ചാണക്യന്റെ അർത്ഥശാസ്ത്രം കൃഷിയുമായി ബന്ധപ്പെട്ട ആദ്യകാല ലിഖിത സ്രോതസ്സെന്ന നിലയിൽ കൂടി സവിശേഷമാണ്. ചാണക്യന്റെ ഭാഷാകൗടലീയത്തെ അടിസ്ഥാനമാക്കി എം. ശ്രീനാഥൻ എഴുതുന്ന പഠനപരമ്പര തുടരുന്നു.


വിവേചനത്തിന്റെ
അർഥശാസ്ത്രം- 18

പ്രകൃതിയിൽ നിന്നുള്ള ഭക്ഷ്യശേഖരണ സംസ്കൃതിയിൽനിന്ന് ഭക്ഷ്യോത്പാദന സംസ്കൃതിയിലേക്കുള്ള നരപരിണാമം നാഗരികതയിലേക്കുള്ള ചുവടുവയ്പ്പായിരുന്നു. ഡിജിറ്റൽ യുഗത്തിലും വേട്ടയും ഭക്ഷ്യശേഖരണവുമായി അതിജീവനം നടത്തുന്ന ചുരുക്കം ഗോത്രങ്ങൾ അവശേഷിക്കുന്നുണ്ടെങ്കിലും ഭൂരിപക്ഷത്തിനും ഭക്ഷ്യോത്പാദന പ്രക്രിയ പരിചിതമായിട്ടുണ്ട്. നാടോടിജീവിതം നയിക്കുന്ന ചില ഗോത്രങ്ങൾ ഭക്ഷ്യശേഖരണത്തോടൊപ്പം പ്രാഥമിക കൃഷിയും പ്രയോജനപ്പെടുത്തുന്നുണ്ട്. അതെന്തായാലും കൃഷിയെക്കുറിച്ചും കാർഷിക സംസ്കൃതിയെക്കുറിച്ചും മാനവചരിത്രവുമായി ബന്ധപ്പെടുത്തി സമകാലത്ത് പുതിയ ആലോചനകൾ വ്യാപകമായിട്ടുണ്ട്.

പുരാവസ്തു ശാസ്ത്രജ്ഞനായ പീറ്റർ ബെൽവുഡിന്റെ ബഹുമുഖ ചരിത്രപഠനമാണ് 'ഫസ്റ്റ് ഫാർമേഴ്സ്: ദ ഒറിജിൻസ് ഓഫ് അഗ്രികൾച്ചറൽ സൊസൈറ്റീസ് (The first farmers: the origins of agricultural societies, Bellwood, Peter S -2005). പുരാവസ്തുശാസ്ത്രം, നരവംശശാസ്ത്രം, ഭാഷാശാസ്ത്രം, ജനിതകശാസ്ത്രം, കൃഷിശാസ്ത്രം എന്നിവയിലെ ഗവേഷണഫലങ്ങളെ അടിസ്ഥാനമാക്കി, കൃഷിയുടെ ഉത്ഭവത്തെക്കുറിച്ചും കൃഷിയുടെ വ്യാപനത്തെ ഭാഷകളുടെയും ഭൗതിക സംസ്കാരങ്ങളുടെയും വ്യാപനവുമായി ബന്ധപ്പെടുത്തിയുമുള്ള അന്വേഷണമായിരുന്നു കൃഷി / ഭാഷാ വ്യാപന സിദ്ധാന്തം എന്നറിയപ്പെടുന്നത്.

പ്രകൃതിയിൽ നിന്നുള്ള ഭക്ഷ്യശേഖരണ സംസ്കൃതിയിൽനിന്ന് ഭക്ഷ്യോത്പാദന സംസ്കൃതിയിലേക്കുള്ള നരപരിണാമം നാഗരികതയിലേക്കുള്ള ചുവടുവയ്പ്പായിരുന്നു.
പ്രകൃതിയിൽ നിന്നുള്ള ഭക്ഷ്യശേഖരണ സംസ്കൃതിയിൽനിന്ന് ഭക്ഷ്യോത്പാദന സംസ്കൃതിയിലേക്കുള്ള നരപരിണാമം നാഗരികതയിലേക്കുള്ള ചുവടുവയ്പ്പായിരുന്നു.

കൃഷിയുടെ ഉത്ഭവവും വ്യാപനവും BC 10,000 മുതലെന്നും അതല്ല അതിനുമുമ്പേ എന്നും വാദിക്കുന്നവരുണ്ട്. കൃഷി ഏതെങ്കിലും ഒരിടത്തു മാത്രമായി വികസിച്ചതാണെന്ന വാദത്തെ പിന്തള്ളി വ്യത്യസ്ത ഇടങ്ങളിൽ കൃഷി വികസിച്ചുവെന്നും കൃഷിയുടെ വ്യാപനം ആത്യന്തികമായി ആദ്യ നാഗരികതകളുടെ വികാസത്തിലേക്ക് നയിച്ചുവെന്നും ബെൽവുഡിന്റെ പഠനം വ്യക്തമാക്കുന്നുണ്ട്. വിത്തുകളുടെയും കാർഷിക സങ്കേതികതയുടെയും ദേശാന്തര സഞ്ചാരഭൂപടം നിർമിച്ചുകൊണ്ട് ഭാഷാകുടുംബങ്ങളുടെ രൂപീകരണവും വ്യാപനവും അടയാളപ്പെടുത്തുന്നതാണ് ഈ പഠനം. ബഹുവിഷയ ഗവേഷണഫലങ്ങൾ പരസ്പരം കോർത്തിണക്കികൊണ്ടുള്ള അദ്ദേഹത്തിന്റെ ബഹുവൈജ്ഞാനിക പഠനരീതിശാസ്ത്രത്തിന് തുടർന്നുള്ള ദശകങ്ങളിൽ നല്ല പ്രചാരം കൈവന്നു. ഭക്ഷ്യോൽപ്പാദനത്തിന്റെയും മനുഷ്യന്റെ സ്ഥിരവാസത്തിന്റെയും ആഗോള ചരിത്രം, കാർഷിക സംസ്കൃതിയുടെ വികാസം, പുരാതന കുടിയേറ്റങ്ങൾ, പാരിസ്ഥിതിക സാഹചര്യങ്ങൾ, അറിവിന്റെയും വിഭവങ്ങളുടെയും കൈമാറ്റം എന്നിവയുൾപ്പെടെ കൃഷിയുടെ വ്യാപനവുമായി ബന്ധപ്പെട്ട ഘടകങ്ങൾ കൃഷിയുമായി ബന്ധപ്പെട്ട് ഇന്ന് പരിഗണിക്കുന്നുണ്ട്.

ഭക്ഷ്യോല്പാദനത്തിന്റെ ദക്ഷിണ ഏഷ്യൻ മുഖമെന്തായിരുന്നുവെന്ന അന്വേഷണങ്ങളിൽ പ്രധാനമായും പുരാതന ഇന്ത്യൻ സാഹചര്യങ്ങൾ പഠനവിധേയമായിട്ടുണ്ട്. ഡോറിയൻ ക്യു ഫുള്ളറുടെ ആർക്കിയോ ബൊട്ടാണിക്കൽ പഠനങ്ങൾ ഇത്തരത്തിൽ സവിശേഷമായി പരിഗണിക്കാവുന്നതാണ്. വടക്കു- പടിഞ്ഞാറൻ സിന്ധുനദീതടം, വടക്ക് ഗംഗാ സമതലം, തെക്ക്, കിഴക്ക് എന്നിവിടങ്ങളിലെ നാല് വ്യത്യസ്ത വികസനങ്ങളുടെ കഥയാണ് പുരാതന ഇന്ത്യയ്ക്ക് പങ്കിടാനുള്ളത്. ഓരോ ഇടങ്ങളിലും വ്യത്യസ്ത കാലങ്ങളിൽ വികസിച്ച വിളപരിപാലനവും, കന്നുകാലി പരിപാലനവുമുണ്ട്. തെളിവുകൾ അപൂർണമാണെങ്കിലും പഠിതാക്കൾ സമഗ്രവും സംഗ്രഹവുമായ ഒരു ദക്ഷിണേഷ്യൻ നിയോലിത്തിക് ചിത്രം അവതരിപ്പിച്ചിട്ടുണ്ട് നിയോലിത്തിക്ക് കാലഘട്ടവും അത് കാലക്രമത്തിൽ പരിണമിച്ച രീതിയും ദക്ഷിണേഷ്യയിലെ പ്രദേശങ്ങൾക്കനുസരിച്ച് വ്യത്യാസപ്പെടുന്നു.

ഡോറിയൻ ക്യു ഫുള്ളർ
ഡോറിയൻ ക്യു ഫുള്ളർ

ചില പ്രദേശങ്ങളിൽ ക്രി.മു. 7000 മുതൽ അല്ലെങ്കിൽ മറ്റുള്ളവയിൽ ക്രി.മു. 3500–2500 വരെയെന്ന് കാണിക്കുന്നുണ്ട്. മൺപാത്ര നിർമ്മാണം സാർവത്രികമായിരുന്നെന്നും കന്നുകാലി വളർത്തലും തുണി ഉൽപാദനവും ലോഹശാസ്ത്രവും വികസിച്ചിരുന്നുവെന്നും ഈ ദക്ഷിണേഷ്യൻ നിയോലിത്തിക്ക് കാലഘട്ടം ബി.സി. 1000 വരെ പല പ്രദേശങ്ങളിലും തുടർന്നുവെന്നും അഭിപ്രായപ്പെടുന്നുണ്ട്. ഉപഭൂഖണ്ഡത്തിന്റെ ഭാഷാ ഭൂമിശാസ്ത്രത്തിന്റെ ഭൂരിഭാഗവും അതായത് ദ്രാവിഡ, മുണ്ട, ഇന്തോ- ആര്യൻ ഭാഷാ കുടുംബങ്ങളുടെ പ്രാദേശിക വിതരണവും നടന്നത് നവീന ശിലായുഗ കാലഘട്ടത്തിലായിരിക്കാനാണ് സാധ്യതയെന്നും വാദിക്കുന്നുണ്ട്. ഇന്ത്യയിലെ വിളകളുടെ പ്രാദേശിക -കുടിയേറ്റ ചരിത്രം ഏറെക്കുറെ മേല്പറഞ്ഞ ബഹുവൈജ്ഞാനിക പഠനമാതൃകയുടെ വെളിച്ചത്തിൽ ഇന്ന് അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്.

ലഭ്യമായ ആർക്കിയോ ബൊട്ടാണിക്കൽ തെളിവുകൾ രണ്ടു കാര്യങ്ങളുറപ്പിക്കുന്നു.
ഒന്ന്; അക്കാലത്തുപയോഗിച്ചിരുന്ന തനതും കുടിയേറിയതുമായ വിത്തിനങ്ങളെക്കുറിച്ചുള്ള അറിവ്. മറ്റൊന്ന് വന്യസസ്യങ്ങളുടെ വളർത്തു സസ്യങ്ങളായുള്ള നീണ്ട പരിവർത്തനം. നിയോലിത്തിക്ക് ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ വൈവിധ്യമാർന്ന വളർത്തുമൃഗങ്ങളും ഭക്ഷ്യ ഉൽപാദനരീതികളും കാണാൻ കഴിയും. കാര്ഷിക സമൂഹങ്ങളുടെ രൂപീകരണത്തിൽ രണ്ടു പാതകളുണ്ട്. കാർഷിക സമൂഹങ്ങളുടെ കുടിയേറ്റവും തദ്ദേശീയ വേട്ടയാടൽ -ഭക്ഷ്യശേഖരണ സമൂഹങ്ങളുടെ സംഘർഷവും.

Enter caption
Enter caption

പല സന്ദർഭങ്ങളിലും കാർഷിക സമൂഹം കാർഷിക പൂർവ സമൂഹങ്ങളുടെ മേൽ ആധിപത്യം സഥാപിച്ചു. മറ്റു ചില സന്ദർഭങ്ങളിൽ വേട്ടയാടലിനൊപ്പം കാർഷികരീതികളും പിന്തുടർന്നു. ക്രമേണ പലരും കാർഷിക സമൂഹങ്ങളായി പരിവർത്തനപ്പെട്ടു. കാർഷിക സംസ്കൃതിയിൽ സംക്രമണത്തിന്റെതായി രൂപപ്പെട്ട സമാനതകൾ ദൃശ്യമാണെങ്കിലും തനത് സസ്യ വളർത്തൽ, ആഷ്മൗണ്ട് പാരമ്പര്യത്തിന്റെ വികസനം എന്നിവ തെക്കൻ ഡെക്കാനിലെ തദ്ദേശീയ കണ്ടുപിടുത്തങ്ങളായിരുന്നുവെന്നും തിരിച്ചറിയുന്നുണ്ട്. മില്ലറ്റ് കൃഷി സംസ്കാരം ദ്രാവിഡരുടെ ഇടയിൽ പ്രചരിച്ചിരുന്നതാണെന്നതിന് ഇന്ന് കൂടുതൽ തെളിവുകളുണ്ട്. ദ്രാവിഡർ ആട്ടിടയന്മാരാണോ കർഷക സമൂഹമാണോ എന്നും നെല്ലുല്പാദനം ആരംഭിച്ചത് മുണ്ഡ വംശജരാണോ ദ്രാവിഡരാണോ ആര്യ വംശജരാണോ എന്നിങ്ങനെ പൂർണമായും ഉത്തരം കണ്ടെത്താൻ കഴിയാത്ത നിരവധി ചോദ്യങ്ങളുണ്ട്. ഇങ്ങനെ നമ്മുടെ കാർഷിക സംസ്കൃതിയുടെ വേരുകളുടെ അന്വേഷണം ബഹുമുഖമായ പ്രാധാന്യം കൈവരിച്ചിരിക്കുമ്പോഴാണ് ചാണക്യന്റെ അർത്ഥശാസ്ത്രം കൃഷിയുമായി ബന്ധപ്പെട്ട ആദ്യ കാല ലിഖിത സ്രോതസ്സെന്ന നിലയിൽ സവിശേഷമാകുന്നത്. വേദങ്ങളിലും പുരാണങ്ങളിലും ചില വിളകളുടെയും ആഹാര വസ്തുക്കളുടെയും പരാമർശങ്ങളുള്ളതൊഴിച്ചാൽ കാർഷിക സംസ്കൃതിയെ സംബന്ധിക്കുന്ന ആദ്യ ഡോക്യുമെന്റഷൻ ചാണക്യന്റേതാണെന്നു സമ്മതിച്ചേ മതിയാകൂ.

കൃഷിക്കുള്ള സംസ്കൃത പദമാണ് സീത. കൃഷിയുടെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥനാണ് സീതാധ്യക്ഷൻ. കൃഷിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അറിയേണ്ട ഉദ്യോഗസ്ഥനായിരിക്കണം സീതാധ്യക്ഷൻ. ഇദ്ദേഹം കൃഷിശാസ്ത്രം, ശുൽബ ശാസ്ത്രം, വൃക്ഷായുർവേദം എന്നിവ അറിഞ്ഞിരിക്കണം. ശുൽബ ശാസ്ത്രമെന്നത് ഭൂമിയുടെ സിരാജ്ഞാനത്തെകുറിച്ചുള്ള അറിവാണ്. ഭൂമിയിലെ വെള്ളത്തിന്റെ ലഭ്യതയറിഞ്ഞ് ചെടികളും വൃക്ഷങ്ങളും നട്ടുണ്ടാക്കി പരിപാലിക്കുന്നതിനെ കുറിച്ചുള്ള ശാസ്ത്രമാണിത്. അധ്യക്ഷന് ഇതേക്കുറിച്ചെല്ലാം പരിജ്ഞാനമില്ലെങ്കിൽ അവ അറിയുന്നവരുടെ സഹായത്തോടെ വിത്തുകൾ, ധാന്യങ്ങൾ, പുഷ്പങ്ങൾ, ഫലങ്ങൾ, ശാകങ്ങൾ കിഴങ്ങുകൾ, വള്ളികൾ, ക്ഷൗമം, പരുത്തി എന്നിവ അതാതു കാലമനുസരിച്ച് ശേഖരിക്കണം. കൂടാതെ, ദാസന്മാർ, പണിക്കാർ, തടവുകാർ, കൂലിപ്പണി ചെയ്തു തീർക്കുന്നവർ തുടങ്ങിയവരെക്കൊണ്ട് പല പ്രാവശ്യം ചാലുഴുത് ഭൂമി പരുവപ്പെടുത്തി വിതപ്പിക്കണം. ഉഴവുയന്ത്രങ്ങൾ, ഉപകരണങ്ങൾ, കാളകൾ ഇവ പണിക്കാർക്ക് ലഭ്യമാക്കണം. പണിയായുധങ്ങൾ നിർമിക്കുന്ന കൊല്ലൻ, ആശാരി, കൊട്ടയുണ്ടാക്കുന്നവർ, കയറുണ്ടാക്കുന്നവർ, പാമ്പുപിടുത്തക്കാർ എന്നിവരുടെ ജോലി കൃത്യസമയത്ത് തീർപ്പിക്കണം. ആരെങ്കിലും വേല താമസിപ്പിച്ചാൽ പിഴ ചുമത്തണം. ഇവയൊക്കെ കാര്യക്ഷമമായി നടത്തിക്കേണ്ടത് അധ്യക്ഷനാണ്.

മഴയുടെ ജ്യോതിശാസ്ത്രം

കൃഷിക്ക് വെള്ളം വേണമെന്ന സാമാന്യാനുഭവവും അറിവും പൗരസ്ത്യർക്കുണ്ടായിരുന്നു. ദീഘകാലത്തെ പ്രകൃതിപ്രതിഭാസങ്ങളെ കുറിച്ചുള്ള നിരീക്ഷണത്തിൽനിന്ന് മഴക്കാലത്തെക്കുറിച്ചു വ്യക്തമായ അറിവുണ്ടാക്കി. മഴ പെയ്താൽ വിളവ് നന്നാകുമെന്നവർക്ക് ബോധ്യമായി. ഓരോ പ്രദേശത്തിനുനനുസരിച്ചുള്ള മഴയുടെ അളവ് ഇത്രയായിരിക്കണമെന്നും മനസിലാക്കിയിരുന്നു. മഴയും നിലവും വിളവും തമ്മിൽ ബന്ധപ്പിച്ചുള്ള അറിവാണ് വർഷപ്രമാണം. മഴയുടെ അളവ് ദേശ പ്രകൃതിയനുസരിച്ചു വ്യത്യാസം വരുമെന്നവർ കണ്ടെത്തി. ആരട്ട ദേശത്തിനു പതിമൂന്നര ദ്രോണം, മാളവ ദേശത്തിന് 23 ദ്രോണം, കൊങ്കണ ദേശത്തിനു കണക്കില്ലാതെയാകാം, ഹിമാലയപ്രാന്തങ്ങൾക്കും തോട്ടു വെള്ളം ഉപയോഗിച്ച് കൃഷി ചെയ്യുന്ന ഇടങ്ങൾക്കും കാലസ്ഥിതിയനുസരിച്ചാണ്; ഈ ഇടങ്ങളിൽ മഴയളക്കേണ്ടതില്ല. ഹിമാലയപ്രാന്തങ്ങളിൽ ലഭിക്കുന്ന ഹിമജലം കൊണ്ട് സസ്യങ്ങളുണ്ടാകുന്നു. അതുകൊണ്ട് അതതുകാലത്തു വിതച്ചാൽ മതി.

ആവശ്യമുള്ള മഴയുടെ മൂന്നിലൊരംശത്തിന്റെ പാതി വീതം ശ്രാവണത്തിലും കാർത്തികയിലും ബാക്കി രണ്ടംശം ഇടയ്ക്കുള്ള രണ്ടു മാസങ്ങളിലും ആറിലൊന്നു ഭാഗം വീതം പ്രോഷ്ഠപദത്തിലും ആശ്വയുജത്തിലും പെയ്യുന്നതാണ് നല്ല വർഷത്തിന്റെ (സൂക്ഷമ) ലക്ഷണം. മഴ നല്ലതാകുമോ ഇല്ലയോ എന്ന ജ്യോതിശാസ്ത്ര അറിവുണ്ടായിരുന്നു. ബ്രഹസ്പതിയുടെ സ്ഥാനം (വ്യാഴനില), രാശ്യാന്തര സംക്രമം, കാറ്റും മുഴക്കവും, മഞ്ഞ്, അസ്തമയം, ആഷാഢ മാസത്തിലെ പഞ്ചമി തിഥികളിലെ സഞ്ചാരം അഥവാ ചാരം കൊണ്ടും സൂര്യന്റെ പ്രകൃതി- വികൃതി കൊണ്ടും അറിയാവുന്നതാണ് നല്ല വർഷത്തിന്റെ വരവ് എന്ന പൗരസ്ത്യജ്ഞാനം അക്കാലത്തു വികസിച്ചിരുന്നു. സസ്യങ്ങൾക്ക് വിത്തു പിടിക്കലിന് സൂര്യൻ, തണ്ടും ചിനച്ചവുമുണ്ടാകലിന് ബ്രഹസ്പതി, വൃഷ്ടിക്ക് ശുക്രൻ എന്നാണ് പ്രമാണം. മഴയുടെ സ്ഥിതിയറിഞ്ഞ് അധികം വെള്ളം വേണ്ടാത്ത സസ്യം വിതക്കണം.

ചില സന്ദർഭങ്ങളിൽ വേട്ടയാടലിനൊപ്പം കാർഷികരീതികളും പിന്തുടർന്നു.
ചില സന്ദർഭങ്ങളിൽ വേട്ടയാടലിനൊപ്പം കാർഷികരീതികളും പിന്തുടർന്നു.

കൃഷി ചെയ്യേണ്ട കാലം

ചെന്നെല്ല്, നെല്ല്, വരക്, എള്ള്, തിന, നെടുവരക് എന്നിവ വർഷകാലത്തിന്റെ ആദ്യത്തിലും ചെറുപയർ, ഉഴുന്ന്, മഞ്ചാടി ഇവ മധ്യകാലത്തും കുശുമ്പ, മസൂരം, മുതിര, യവം, കോതമ്പ്, കളായം (വട്ടച്ചണ) അതസി, കടുക് എന്നിവ അന്ത്യഘട്ടത്തിലും വിതയ്ക്കണം. അല്ലെങ്കിൽ ഋതുക്കളുടെ സ്ഥിതി നോക്കി വിതയ്ക്കണം. വെള്ളത്തിന്റെ പ്രമാണമനുസരിച്ച് പാടത്തു വിതയ്ക്കേണ്ടതും ഋതുക്കളനുസരിച്ചു വിതയ്ക്കേണ്ടതും അധ്യക്ഷൻ വിതപ്പിക്കണം. നെൽകൃഷി ഉത്തമമാണ്. വാഴ മുതലായ തോട്ടകൃഷികൾ മധ്യമമാണ്. ചെലവേറിയതുകൊണ്ടും കേടുവരുന്നതുകൊണ്ടും കരിമ്പ്കൃഷി അധമമാണെന്നായിരുന്നു പൊതുവിലുള്ള വിശ്വാസം.

ഫലവള്ളികളായ സസ്യങ്ങൾക്ക് വെള്ളം ചുറ്റുമുള്ള പ്രദേശമാണ് നല്ലത്. തിപ്പലി, മുന്തിരി, കരിമ്പ് എന്നിവയ്ക്ക് ചാലുകളിലൂടെ വെള്ളം തേവുന്ന സ്ഥലമാണുത്തമം. കിഴങ്ങിനങ്ങൾക്കും ചീരയ്ക്കും കിണർപരിസരമാണ് നല്ലത്. എന്നാൽ യവം മുതലായ ഹരിതകങ്ങൾക്ക് തോടിനടുത്ത ഈർപ്പമുള്ള സ്ഥലങ്ങളാണ് വേണ്ടത്. നുള്ളുന്ന സാധനങ്ങൾ, ഗന്ധദ്രവ്യങ്ങൾ, ഭൈഷജ്യങ്ങൾ, രാമച്ചം, ഇരുവേലി, ചേമ്പ് എന്നിവയ്ക്ക് തോട്ടുവരമ്പുകളാണ് ഏറെ ഉത്തമം. പറമ്പിൽ വളരുന്നവ, വെള്ളമുള്ള വയലിൽ വളരുന്നവ എന്നീ ഔഷധികളെ തക്കയിടങ്ങളിൽ വളർത്തണം.

അധ്യക്ഷൻ വിതപ്പിച്ചത് കഴിഞ്ഞ് ബാക്കിയുള്ള സ്ഥലത്ത് പകുതി ഓഹരിക്ക് പണി ചെയ്യുന്നവർക്കോ വിളവിന്റെ നാലിലൊരംശമോ അഞ്ചിലൊരംശമോ വിട്ടുകൊടുത്തോ കൃഷി ചെയ്യിക്കാം. കൃഷി ചെയ്യാൻ ഭൂമി ഏറ്റുവാങ്ങിയവർ ആപത്തുകളിലൊഴികെ പണി ചെയ്യാതിരുന്നാൽ കൃഷി ചെയ്യാത്ത നിലത്തിൽ വിളയേണ്ടതിന്റെ അംശം രാജാവിന് കൊടുക്കണമെന്നാണ് വ്യവസ്ഥ.

സ്വകാര്യ ജലസ്രോതസ്സുകളിൽ നിന്ന് വെള്ളം കോരി നനച്ചുണ്ടാക്കുന്ന സസ്യങ്ങൾക്ക് വിളവിന്റെ അഞ്ചിലൊരംശം രാജാവിന് ഉദകഭാഗം അഥവാ നീർവാരം കൊടുക്കണം. സ്രോതായന്ത്രം ഉപയോഗിച്ച് വെള്ളം കൊണ്ടുണ്ടാക്കുന്ന സസ്യങ്ങൾക്ക് മൂന്നിലൊരംശം ഉദകഭാഗം. നദി, പുഴ, പൊയ്ക, തടാകം, കിണർ എന്നിവയിൽ നിന്ന് വെള്ളം തേവിയുണ്ടാക്കിയ സസ്യങ്ങൾക്ക് നാലിലൊന്നു ജലനികുതി കൊടുക്കണം. ഭൂമിയുടെയും വെള്ളത്തിന്റെയും ഉടമസ്ഥൻ രാജാവാണ്. അവയൊഴികെയുള്ള വസ്തുക്കളിലേ കർഷകർക്ക് ഉടമസ്ഥതയുള്ളൂ. അതുകൊണ്ടാണ് കുടിയാന്മാർ സ്വന്തം ജലാശയത്തിൽ നിന്ന് വെള്ളം തേവിയുണ്ടാക്കിയ വിളയ്ക്കും രാജാവിന് നികുതി കൊടുക്കേണ്ടിവരുന്നത്.

. ഉപഭൂഖണ്ഡത്തിന്റെ ഭാഷാ ഭൂമിശാസ്ത്രത്തിന്റെ ഭൂരിഭാഗവും അതായത് ദ്രാവിഡ, മുണ്ട, ഇന്തോ- ആര്യൻ ഭാഷാ കുടുംബങ്ങളുടെ പ്രാദേശിക വിതരണവും നടന്നത്  നവീന ശിലായുഗ കാലഘട്ടത്തിലായിരിക്കാനാണ് സാധ്യതയെന്നും വാദിക്കുന്നുണ്ട്. ഇന്ത്യയിലെ വിളകളുടെ പ്രാദേശിക -കുടിയേറ്റ ചരിത്രം ഏറെക്കുറെ മേല്പറഞ്ഞ ബഹുവൈജ്ഞാനിക പഠനമാതൃകയുടെ വെളിച്ചത്തിൽ ഇന്ന് അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്.
. ഉപഭൂഖണ്ഡത്തിന്റെ ഭാഷാ ഭൂമിശാസ്ത്രത്തിന്റെ ഭൂരിഭാഗവും അതായത് ദ്രാവിഡ, മുണ്ട, ഇന്തോ- ആര്യൻ ഭാഷാ കുടുംബങ്ങളുടെ പ്രാദേശിക വിതരണവും നടന്നത് നവീന ശിലായുഗ കാലഘട്ടത്തിലായിരിക്കാനാണ് സാധ്യതയെന്നും വാദിക്കുന്നുണ്ട്. ഇന്ത്യയിലെ വിളകളുടെ പ്രാദേശിക -കുടിയേറ്റ ചരിത്രം ഏറെക്കുറെ മേല്പറഞ്ഞ ബഹുവൈജ്ഞാനിക പഠനമാതൃകയുടെ വെളിച്ചത്തിൽ ഇന്ന് അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്.

വിത്തു സംസ്കരണം, പണിക്കൂലി

ധാന്യവിത്തുകളെ ഏഴു നാൾ മഞ്ഞുകൊള്ളിക്കുകയും വെയിലത്തുണക്കുകയും വേണം. ഉമിയുള്ള ധാന്യങ്ങൾ മൂന്ന് മുതൽ അഞ്ചു ദിവസം വരെ മഞ്ഞു കൊള്ളിക്കണം. കിളച്ച് തണ്ടുനടന്നവയ്ക്ക് തേനും നെയ്യും ചാണകവും പന്നി നെയ്യും കൂട്ടി മുറിക്കുന്ന ഭാഗത്ത് പൂശി നടണം. ചേന നടുമ്പോൾ തേനും നെയ്യും കൂട്ടി പുരട്ടി നടണം. പരുത്തിക്കുരു നടുന്നതിനുമുമ്പ് ചാണകം തേയ്ക്കണം. പശുവിന്റെ എല്ലും ചാണകവും കുഴിയിലിട്ടു ചുട്ടതിനുശേഷം മാവ്, പ്ലാവ് തുടങ്ങിയ കൊമ്പുള്ള മരങ്ങൾ നടണം. എല്ലാ വിത്തുകളും പൊന്നിട്ട വെള്ളത്തിൽ നനച്ചിട്ടുവേണം വിതയ്ക്കാൻ. വിതയ്ക്കുമ്പോൾ ചൊല്ലാൻ മന്ത്രവുമുണ്ട്.

പണിക്കാർക്ക് പ്രവൃത്തിയനുസരിച്ചു ചോറു കൊടുക്കണം. ശമ്പളമായി മാസം ഒന്നേകാൽ പണം വീതം കൊടുക്കണം. തനിയേ കൊഴിഞ്ഞ പുഷ്പഫലങ്ങൾ ദേവകാര്യത്തിനായും ഉതിർന്ന നെല്ലും യവവും ബ്രാഹ്മണരുടെ ആഗ്രയണത്തിനായും തപസ്വികൾക്കു കൊണ്ടുപോകാം.

ഇന്ത്യയിലെ കൃഷിയുമായി ബന്ധപ്പെട്ട് കണ്ടെത്തിയ പല വളർത്തുസസ്യങ്ങളെക്കുറിച്ചും ചാണക്യവിവരണം സാക്ഷ്യപ്പെടുത്തുന്നുണ്ട്. നെല്ലിനങ്ങൾക്കൊപ്പം മില്ലറ്റിനങ്ങളും ചാണക്യ വിവരണത്തിൽ കാണാം.

ഇന്ത്യയിലെ കൃഷിയുമായി ബന്ധപ്പെട്ട് കണ്ടെത്തിയ പല വളർത്തുസസ്യങ്ങളെക്കുറിച്ചും ചാണക്യവിവരണം സാക്ഷ്യപ്പെടുത്തുന്നുണ്ട്.
ഇന്ത്യയിലെ കൃഷിയുമായി ബന്ധപ്പെട്ട് കണ്ടെത്തിയ പല വളർത്തുസസ്യങ്ങളെക്കുറിച്ചും ചാണക്യവിവരണം സാക്ഷ്യപ്പെടുത്തുന്നുണ്ട്.

ഈ സന്ദർഭത്തിൽ കേരളത്തിലെ കൃഷികളെക്കുറിച്ചുള്ള അറിവുകൾ സമാഹരിച്ചിട്ടുണ്ടോ എന്ന ആലോചനയാകാവുന്നതാണ്. ബുദ്ധമതത്തിന്റെ വരവോടെയാണ് കേരളത്തിന്റെ ഭക്ഷ്യോത്പാദന സാമൂഹ്യഘടന ശക്തിപ്രാപിച്ചത്. നിലം കലപ്പകൊണ്ട് ഉഴുതു കൃഷിയിറക്കുന്ന രീതി പ്രചാരത്തിലായത് അന്നു മുതലാണ്. സംഘംകൃതികളിൽ ദ്രാവിഡരുടെ കാർഷിക സംസ്കൃതിയുടെ നേർചിത്രം കാണാം. പിൽക്കാലത്ത് കൃഷിഗീത (കൃഷിപ്പാട്ട്) മലയാളത്തിൽ പ്രചാരം നേടിയിരുന്നു. എങ്കിലും കേരളത്തിലെ കാർഷിക സംസ്കൃതിയെ കുറിച്ച് പ്രതിപാദിക്കുന്ന പ്രബല രേഖകളൊന്നും ഉണ്ടായില്ല. സി .കെ സുജിത്കുമാറിന്റെ കൃഷിമലയാളം (1999) ആണ് കൃഷിയുമായി ബന്ധപ്പെട്ട സവിശേഷ പഠനങ്ങളിൽ പ്രധാനം. കേരളത്തിലെ തനത് കൃഷിയറിവിന്റെ സമ്പൂർണ ഡോക്യുമെന്റഷൻ ഇനിയും നടത്താൻ കഴിഞ്ഞിട്ടില്ല. കാർഷിക നിഘണ്ടു, തനത് കാർഷികവിജ്ഞാനകോശം എന്നിങ്ങനെയുള്ളവയുടെ അഭാവം മലയാളത്തിൽ പ്രകടമാണ്. ചാണക്യൻ നിർവഹിച്ച കാർഷിക സംസ്കൃതിയുടെ ഡോക്യുമെന്റഷന്റെ ചരിത്രപരമായ പ്രാധാന്യം കണക്കിലെടുക്കുമ്പോൾ, പന്ത്രണ്ടാം നൂറ്റാണ്ടോടെ മലയാളിക്ക് ഇവയെല്ലാം പരിചിതമായിട്ടും ഇന്നുവരെ അത്തരമൊരു ശ്രമവും പ്രബുദ്ധ കേരളം നടത്തിയിട്ടില്ല. അതിനു കാരണമെന്ത് എന്ന് അന്വേഷിക്കേണ്ടതാണ്.


Summary: M. Sreenathan's chanakya series part 18 based on Chanakya's Bhasakautalyam


എം. ശ്രീനാഥൻ

ഭാഷാ സംസ്‌കാര ഗവേഷകൻ, ഗ്രന്ഥകാരൻ, പ്രഭാഷകൻ.സമരകോശം, ചട്ടമ്പിസ്വാമികളുടെ ജ്ഞാനാനവോത്ഥാനം എന്നിവയാണ് സമീപകാല പഠനങ്ങൾ.

Comments