മലബാർ കലാപവും മാറ്റിവെച്ച ഒരു ഓണാഘോഷവും

മലബാർ കലാപ സമയത്ത് മലബാറിൽ ദുരിതമനുഭവിക്കുന്ന സഹോദരങ്ങൾക്കായി ബോംബെയിലെ മലയാളി അസോസിയേഷന്റെ ഓണാഘോഷം മാറ്റിവെച്ച്, പ്രസ്തുത ചെലവിലേക്കുള്ള പണം മലബാർ റിലീഫ് ഫണ്ടിലേക്ക് കൈമാറിയ മനുഷ്യത്വത്തിന്റെയും സൗഹാർദത്തിന്റെയും ചരിത്ര സന്ദർഭം പ്രധാനപ്പെട്ട ഒന്നാണ്​. മലബാർ കലാപം കഴിഞ്ഞ് ഒരു നൂറ്റാണ്ടിനു ശേഷവും ചരിത്ര/വർത്തമാന പ്രാധാന്യമുള്ളതാണ് 1921 സെപ്തംബർ 12,16,29 തിയ്യതികളിൽ ബോംബെ ക്രോണിക്കിളിൽ പ്രസിദ്ധീകരിച്ച വാർത്താകുറിപ്പും പരസ്യവും.

കേരളത്തിന്റെ ദേശീയോത്സവമാണ് ഓണം. അത്​ ‘കാണം വിറ്റായാലും' ഗംഭീരമാക്കുക എന്നത് ദേശത്തിനകത്തും പുറത്തും വസിക്കുന്ന മലയാളികളുടെ ആഗ്രഹമാണ്. എന്നാൽ ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ സമരക്കാരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഓണാഘോഷം മാറ്റിവെച്ച സംഭവം കേട്ടിട്ടുണ്ടോ? സാദ്ധ്യത കുറവാണ്, കാരണം ചരിത്രം പലപ്പോഴും എഴുതുന്നവരുടെ വീക്ഷണങ്ങൾക്കും താല്പര്യങ്ങൾക്കും അധിഷ്ഠിതമാണല്ലോ.

മലബാർ കലാപസമയത്ത് മലബാറിൽ ദുരിതമനുഭവിക്കുന്ന സഹോദരങ്ങൾക്കായി ബോംബെയിലെ മലയാളി അസോസിയേഷന്റെ ഓണാഘോഷം മാറ്റിവെച്ച്, പ്രസ്തുത ചെലവിലേക്കുള്ള പണം മലബാർ റിലീഫ് ഫണ്ടിലേക്ക് കൈമാറിയ മനുഷ്യത്വത്തിന്റെയും സൗഹാർദത്തിന്റെയും ഒരു ചരിത്ര മുഹൂർത്തമുണ്ട്​. മലബാർ കലാപം കഴിഞ്ഞ് ഒരു നൂറ്റാണ്ടിനുശേഷവും ചരിത്ര/വർത്തമാന പ്രാധാന്യമുള്ളതാണ് 1921 സെപ്തംബർ 12,16,29 തിയ്യതികളിൽ ബോംബെ ക്രോണിക്കിളിൽ പ്രസിദ്ധീകരിച്ച ഈ വാർത്താകുറിപ്പും പരസ്യവും. മലബാർ സമര ചരിത്രത്തെ ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിന്റെ ഭൂപടത്തിൽ നിന്ന് മാച്ചുകളയാൻ ശ്രമിക്കുന്ന കൊളോണിയൽ ഭൂതങ്ങളുടെ ആഖ്യാനങ്ങളെ പൊളിച്ചെഴുതാൻ കെൽപ്പുള്ള ചരിത്രരേഖ കൂടിയാണിത്.

ബോംബെ കോണിക്കിളിൽ പ്രസിദ്ധീകരിച്ച വാർത്താകുറിപ്പ്

1921-22 കാലഘട്ടത്തിലും മലബാർ കലാപാനന്തരവുമുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങളിലും ഏറ്റവും ശ്ലാഘനീയമായതാണ് ബോംബെ മലയാളികളുടേത്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെയും സർവൻസ് ഓഫ് ഇന്ത്യ സൊസൈറ്റിയുടെയും മേൽനോട്ടത്തിൽ വ്യവസ്ഥാപിതമായ രീതിയിൽ മലബാറിലെ പീഢിതർക്കായി സഹായമെത്തിക്കാൻ അവർക്ക് സാധിച്ചുവെന്ന് ബോംബെ ക്രോണിക്കിൾ സാക്ഷ്യപ്പെടുത്തുന്നു. 1921 സെപ്തംബർ 12 ന് ബോംബെ ക്രോണിക്കിൾ ഇങ്ങനെ റിപ്പോർട്ട് ചെയ്യുന്നു:

ഓണാഘോഷം: മലയാളികളുടെ ദേശീയോത്സവമായ ഓണം ഈ വർഷം ആഘോഷിക്കുന്നതിന്റെ അഭിലഷണീയത പരിഗണിക്കുന്നതിനായി നടത്തിയ ബോംബെ നിവാസികളായ മലയാളികളുടെ പ്രാഥമിക യോഗത്തിൽ താഴെപ്പറയുന്ന പ്രമേയം ഐക്യകണ്ഠേന പാസാക്കി.

‘‘മലബാറിലെ ഇന്നത്തെ സാഹചര്യം കണക്കിലെടുത്ത്, ബോംബെയിലെ കേരള നിവാസികളുടെ ഈ യോഗം തങ്ങളുടെ ശക്തമായ അഭിപ്രായം രേഖപ്പെടുത്തുന്നു: ദേശീയോത്സവമായ ഓണം ഈ അവസരത്തിൽ ആഘോഷിക്കുന്നത് അങ്ങേയറ്റം ദേശതാല്പര്യ വിരുദ്ധവും അനൗചിത്യവുമാണ്. മലബാറിലെ നൂറുകണക്കിന് ദുരിതബാധിതരോടുള്ള സഹതാപം പ്രകടിപ്പിച്ച് ആഘോഷം പൂർണമായും ഉപേക്ഷിക്കാൻ തീരുമാനിക്കുന്നു.''

ആ വർഷത്തെ ഓണം പൊതുപരിപാടിയായി ആഘോഷിക്കുന്നവരെ വളരെ രൂക്ഷ ഭാഷയിൽ മലയാളിയും ബോംബെയിൽ താമസക്കാരനുമായ എൻ.എം. മേനോൻ സെപ്തംബർ 16 ന് ബോംബെ ക്രോണിക്കിളിൽ വിമർശിക്കുന്നു. അത്തരം ആഘോഷം ബോംബെയിൽ താമസിക്കുന്ന 99 ശതമാനം മലയാളികളുടെ വികാരത്തിനെതിരാണെന്നും അത്തരക്കാർക്ക് മലബാറിൽ എന്താണ് സംഭവിച്ചതെന്നും ഇപ്പോഴും സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും അറിയില്ലെന്നും അദ്ദേഹം ശക്തമായ ഭാഷയിൽ പറയുന്നു.

‘ജാതിമതഭേദമില്ലാതെ ഉന്നതർ മുതൽ കീഴാളർ വരെ മലബാറിലെ എല്ലാ കുടുംബങ്ങളും ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ ദുരിതമനുഭവിക്കുന്നവരാണ്. നൂറുകണക്കിന് കുടുംബങ്ങൾ ദുഃഖത്തിലാണ്. ഭർത്താക്കൻമാരെ നഷ്ടപ്പെട്ട സ്ത്രീകളും, മക്കളെ നഷ്ടപ്പെട്ട അമ്മമാരും, കുടുംബത്തിന് അന്നദാതാക്കളും നഷ്ടപ്പെട്ടവരുമാണവർ. പ്രഭുക്കന്മാരും കർഷകരും പണക്കാരും ദരിദ്രരും എല്ലാം കഷ്ടപ്പെടുന്നു. സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം മാർഷ്യൽ ലോ പ്രഖ്യാപനത്തിലൂടെ ഇല്ലാതായിരിക്കുന്നു. അത്യാവശ്യമായ സാധനങ്ങൾ പോലും ലഭിക്കാൻ ആളുകൾ ബുദ്ധിമുട്ടുന്നു. ചുരുക്കിപ്പറഞ്ഞാൽ ജില്ലയാകെ ദുരിതത്തിലും ദയനീയതയിലുമാണ്.'
സർവൻസ് ഓഫ് ഇന്ത്യ സൊസൈറ്റി ഹാളിൽ നടക്കുന്ന ചടങ്ങ് ബഹിഷ്‌കരിക്കാൻ അഭ്യർത്ഥിച്ചും ഈ അവസരം സഹതാപത്തിന്റെയും ദേശസ്‌നേഹത്തിന്റെയും അമ്ല പരീക്ഷണവുമായിരിക്കുമെന്ന് പറഞ്ഞുകൊണ്ടുമാണ് എൻ. എം. മേനോന്റെ പത്രാധിപർക്കുള്ള കത്ത് അവസാനിക്കുന്നത്.

1921 ലെ ഓണാഘോഷം മാറ്റിവെച്ചതുപോലെ മലബാർ ദുരിതാശ്വാസത്തിനായി ബോംബെ മലയാളികൾ സംഘടിപ്പിച്ച സംഗീതകച്ചേരിയും മാജിക് ഷോയും ചരിത്ര പ്രാധാന്യമുള്ള സംഭവമാണ്. 1922 ഫെബ്രുവരി 12 നും മാർച്ച് 25 നും നടന്ന പരിപാടികളുടെ പരസ്യം ബോംബെ ക്രോണിക്കിളിൽ കാണാം. ബോംബെ മലബാർ റിലീഫ് ഫണ്ടിന്റെ ജോയിൻറ്​ സെക്രട്ടറിയുടെ പേരു ചേർത്താണ് പത്രത്തിൽ പരസ്യം നൽകിയിരിക്കുന്നത്: ‘എക്‌സൽസിയർ തിയേറ്ററിൽ നടക്കുന്ന ശ്രീമതി. ഗൗഹർ ജാൻ, മാസ്റ്റർ മൻഹാർ ബർവെ എന്നിവർ നയിക്കുന്ന സംഗീത കച്ചേരിയിലേക്കും മാസ്റ്റർ കൃഷ്ണയുടെ മാജിക് ഷോയിലേയ്ക്കുമുള്ള പ്രവേശനം ടിക്കറ്റ് വെച്ച് പരിമിതപ്പെടുത്തിയിട്ടുമുണ്ട്.’
1922 മാർച്ച് 31ന്​ ബോംബെ ക്രോണിക്കിളിൽ സംഗീത കേച്ചേരിയെക്കുറിച്ചുള്ള റിപ്പോർട്ട് ഇങ്ങനെ വായിക്കാം :

ദുരിതമനുഭവിക്കുന്ന മലബാർ

‘‘ദുരിതാശ്വാസത്തിനായി സംഘടിപ്പിച്ച സംഗീത കച്ചേരി വിജയകരം

മലബാറിലെ ദുരിതമനുഭവിക്കുന്ന സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള സഹായാർത്ഥം എക്‌സൽസിയർ തിയേറ്ററിൽ ഇന്നലെ വൈകിട്ട് സംഘടിപ്പിച്ച സംഗീത കച്ചേരി വൻ വിജയമായിരുന്നു. പ്രശസ്ത ബാലസംഗീതജ്ഞൻ മാന്നാർ ബാർവെ, മിസ് നർബത്ലബായി എന്നിവരുടെ പ്രാർത്ഥനയായിരുന്നു പരിപാടിയിലെ ആദ്യ ഇനം. സിത്താർ, ദിൽറൂബ, മാൻഡലിൻ, വയലിൻ, ബെല്ലോഫോൺ തുടങ്ങി വിവിധ സംഗീതോപകരണങ്ങളിൽ ലിറ്റിൽ ബാർവെ മികച്ച പ്രകടനം കാഴ്ചവെച്ചു. ഓരോ വാദ്യോപകരണത്തിലും അദ്ദേഹം അവതരിപ്പിക്കുമ്പോൾ, സദസ്സ് അദ്ദേഹത്തെ പ്രോത്സാഹിപ്പിച്ച്​ അഭിനന്ദനം പ്രകടിപ്പിച്ചു. അടുത്തതായി വന്നത് മിസ് ഗൗഹർ ജാൻ ആയിരുന്നു. പ്രാദേശിക പത്രങ്ങളിലൊന്നിൽ അൽപം അശ്രദ്ധമായ ഒരു റിപ്പോർട്ടിലൂടെ അവരുടെ ആരോഗ്യത്തെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കപ്പെട്ടിരുന്നെങ്കിലും ആളുകൾക്ക് ആരോഗ്യത്തോടെ അവരെ കാണാനായി. വേദിയിൽ, അവരുടെ ആവേശഭരിതമായ ആരാധകർ അവർക്ക് ഊഷ്മളമായ സ്വീകരണം നൽകി. മഹാത്മാഗാന്ധിയുടെ മഹത്വം പ്രകീർത്തിക്കുകയും വിദേശവസ്ത്രം ഉപേക്ഷിച്ച് ഖദറിലേക്ക് മാറാൻ ശ്രോതാക്കളെ ഉദ്ബോധിപ്പിക്കുകയും ചെയ്ത അതിമനോഹരമായ സംഗീതം മിസ് ഗൗഹർജാൻ സദസ്സിനു നൽകി . ഇടവേള കഴിഞ്ഞ് തിരശ്ശീല ഉയർന്നപ്പോൾ ശ്രീ. ബർജോർജി ഫ്രാംജി ബറൂച്ച, പരുത്തി വ്യാപാരികളുടെ 5,000 രൂപ ഉൾപ്പെടെയുള്ള സംഭാവനകളുടെ വിവരങ്ങൾ പങ്കുവെച്ചു. മലബാറിലെ ദുരിതമനുഭവിക്കുന്ന ജനതക്ക് സൗജന്യ സേവനങ്ങൾ നൽകിയതിന് മിസ് ഗൗഹർ ജാന് നന്ദി പറയുകയും മാസ്റ്റർ ബാർവെയുടെ മികച്ച പ്രകടനത്തെ അഭിനന്ദിക്കുകയും ചെയ്തു. ശ്രീ.ബറൂച്ചയുടെ അഭ്യർത്ഥനപ്രകാരം ലേഡി ജഹാംഗീർ മിസ് ഗൗഹർ ജാൻ, മാസ്റ്റർ ബാർവെ, അമേച്വർ മിസ്റ്റിക് ആൻഡ് മജീഷ്യൻ ശ്രീ കൃഷ്ണ എന്നിവർക്ക് സുവനീറുകൾ സമ്മാനിച്ചു.

തുടർന്ന് ശ്രീ. കൃഷ്ണൻ ടെലിപതിക് വായനയുടെ രസകരമായ ഒരു പ്രദർശനം നടത്തി. ഇന്ത്യൻ ജനതക്കിടയിൽ ഐക്യം കൊണ്ടുവരാൻ പ്രാർത്ഥിക്കുന്ന ഒരു ഗാനം മിസ് നർബദഹായിയും ബാർവെയും ചേർന്ന് ആലപിച്ചു. അത് നന്നായി ശ്രദ്ധ ആകർഷിക്കുകയും ചെയ്തു. അങ്ങനെ മനോഹരമായ ഒരു സായാഹ്നത്തിന് സമാപനം കുറിച്ചു. വിശിഷ്ടരും പാഴ്‌സികളടക്കം എല്ലാ തുറകളിലുള്ളവരുടെയും പ്രേക്ഷക പ്രാതിനിധ്യവുമുണ്ടായിരുന്നു. കച്ചേരി സംഘടിപ്പിച്ച ശ്രീമതി. സബവൈല, ഒരു മികച്ച വിനോദം ഒരുക്കിയതിനും മലബാറിന്റെ ദുരിതത്തിന് ആശ്വാസം പകർന്നതിനും നന്ദി അർഹിക്കുന്നു. ശ്രീ. ബറൂച്ച അവകാശപ്പെട്ടതുപോലെ, ബോംബെ നഗരം ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ എന്നും മുൻപന്തിയിലാണ്. ദുരിതമനുഭവിക്കുന്ന മലബാറിന്റെ അപേക്ഷയോടുള്ള ഈ പ്രതികരണം, മലബാറിന്റെ ദിശയിലേക്ക് ഒഴുകാൻ പോകുന്ന, വലിയ ജീവകാരുണ്യ പ്രവാഹത്തിന്റെ തുടക്കം മാത്രമാണെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.’’

സയ്യിദ് അഷ്‌റഫും സി. അബ്ദുൽ ബാരിയും എഡിറ്റു ചെയ്ത് ഗ്രേസ് ബുക്‌സ് പ്രസിദ്ധീകരിക്കുന്ന IMAGINED NATIONALISM: REPORTS ON MALABAR REBELLION PUBLISHED IN THE BOMBAY CHRONICLE 1921 -22 എന്ന പുസ്തകം

മലബാർ സമരത്തെക്കുറിച്ച് നിരന്തരം തെറ്റായ വ്യവഹാരങ്ങൾ പ്രചരിപ്പിച്ച് മാനവ ഐക്യം തകർക്കാനുള്ള ശ്രമങ്ങളെ മാച്ചുകളയാനുതകുന്നതാണ് ഈ പത്രവാർത്തകൾ. ഒരു നൂറ്റാണ്ടു മുൻപ്, വിശിഷ്യാ മലബാർ കലാപകാലത്ത്, മലബാറിലെ പ്രശ്‌നങ്ങളെ മറുനാടൻ മലയാളികളും പൊതുസമൂഹവും എങ്ങനെയാണ് നോക്കി കണ്ടിരുന്നത് എന്നതിനുള്ള ഉദാഹരണങ്ങളാണിവ. എത്രകണ്ട് ചരിത്രം മൂടി വെക്കാൻ ശ്രമിക്കുന്നുവോ, അതിലേറെ തെളിവുകൾ മലബാർ രക്ത സാക്ഷികളുടെ സ്മാരകങ്ങളായി വർത്തമാന കാലത്തോടും ഭാവിയോടും സംവദിച്ചു കൊണ്ടേയിരിക്കും.

(സയ്യിദ് അഷ്‌റഫും സി. അബ്ദുൽ ബാരിയും എഡിറ്റു ചെയ്ത് ഗ്രേസ് ബുക്‌സ് പ്രസിദ്ധീകരിക്കുന്ന IMAGINED NATIONALISM: REPORTS ON MALABAR REBELLION PUBLISHED IN THE BOMBAY CHRONICLE 1921 -22 എന്ന പുസ്തകത്തിൽ നിന്ന്)

Comments