മന്നത്ത് പത്മനാഭൻ/ Photo: Keralaculture.org

കമ്യൂണിസ്​റ്റ്​ വിരുദ്ധ നായകൻ
നവോത്ഥാന നായകനാകുന്ന ചരിത്രസൂത്രം

കമ്യൂണിസ്​റ്റുകാരെ ഇന്ത്യയിൽനിന്ന്​ കെട്ടുകെട്ടിക്കുകയെന്നത്​ ജീവിതലക്ഷ്യമായി കാണുകയും, കേരളത്തിലെ ആദ്യ കമ്യൂണിസ്​റ്റ്​ സർക്കാറിനെതിരെ സാമുദായിക വികാരങ്ങൾ ഇളക്കിവിട്ട്​ അട്ടിമറി സാഹചര്യമൊരുക്കാൻ​ നേതൃത്വം നൽകുകയും ചെയ്​ത മന്നത്ത്​ പത്മനാഭൻ ‘നവോത്ഥാന നായകൻ’ എന്ന നിലയ്​ക്ക്​ ഇടതുപക്ഷത്തിനുപോലും സ്വീകാര്യനാകുന്ന സാഹചര്യത്തിൽ, മന്നവും എൻ.എസ്​.എസും 1957ലെ ഇ.എം.എസ്.​ സർക്കാറിനോട്​ പുലർത്തിയ സമീപനം ചരിത്രവസ്​തുതകളുടെ വെളിച്ചത്തിൽ അന്വേഷിക്കുന്നു.

ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന പുനഃസംഘടനയുടെ ഭാഗമായി 1956 നവംബർ ഒന്നിന് കേരള സംസ്ഥാനം നിലവിൽവന്നു. 1957 ഫെബ്രുവരി- മാർച്ച് മാസങ്ങളിൽ കേരള നിയമസഭയിലേക്ക് നടന്ന പൊതുതിരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ് പാർട്ടി ഭൂരിപക്ഷം നേടി. പാർട്ടി പിന്തുണച്ച അഞ്ച് സ്വതന്ത്ര എം.എൽ.എ.മാരും തെരഞ്ഞെടുക്കപ്പെട്ടു. 126 അംഗ നിയമസഭയിൽ 65 അംഗങ്ങളുടെ വ്യക്തമായ ഭൂരിപക്ഷമുണ്ടായിരുന്ന കമ്യൂണിസ്റ്റ് പാർട്ടി നേതൃത്വം നൽകിയ മന്ത്രിസഭ 1957 ഏപ്രിൽ അഞ്ചിന് അധികാരമേറ്റു.

നായർ സമുദായത്തിന്റെ ക്ഷേമത്തിനും സാമൂഹിക ഉന്നമനത്തിനും വേണ്ടി മന്നത്ത് പത്മനാഭപിള്ളയുടെ നേതൃത്വത്തിൽ 1914 ഒക്ടോബർ 31-ന് രൂപംകൊണ്ട് ചങ്ങനാശ്ശേരിയിലെ പെരുന്ന ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സമുദായ സംഘടനയാണ് നായർ സർവീസ് സൊസൈറ്റി (എൻ.എസ്.എസ്.). കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റ് സർക്കാരിന്റെ കാലത്ത് (1957-1959) എൻ.എസ്.എസ് തീവ്രമായ രാഷ്ട്രീയ പ്രക്ഷോഭ സമരങ്ങളിൽ ഏർപ്പെട്ടിരുന്നു. കമ്യൂണിസ്റ്റ് സർക്കാരിനെ പുറത്താക്കുന്നതിന് ആസൂത്രണം ചെയ്യപ്പെട്ട വിമോചന സമരത്തിന്റെ മുൻനിരയിലുണ്ടായിരുന്ന എൻ.എസ്.എസ്, അക്കാലം മുതൽ കേരളത്തിലെ ഏറ്റവും പ്രബലമായ സാമുദായിക സമ്മർദ്ദ സംഘടനകളിൽ ഒന്നായി നിലകൊള്ളുന്നു.

1957-ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എൻ.എസ്.എസും അതിന്റെ കുലപതിയായ മന്നത്ത് പത്മനാഭനും സ്വീകരിച്ച രാഷ്ട്രീയ നിലപാട് അന്നുതന്നെ ചർച്ചയായിട്ടുണ്ട്. കമ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർത്ഥികൾക്ക് എൻ.എസ്.എസും മന്നവും പിന്തുണ നൽകിയിരുന്നു എന്നൊരു വാദം അതിൽ പ്രധാനമായിരുന്നു. പക്ഷെ, വസ്തുതകൾ പരിശോധിച്ചാൽ, 1957ലെ തിരഞ്ഞെടുപ്പിൽ എൻ.എസ്.എസിന് വ്യക്തമായ നിലപാടുണ്ടായിരുന്നില്ല എന്ന് വ്യക്തമാകും. (കിടങ്ങൂർ എ.എൻ. ഗോപാലകൃഷ്ണപ്പിള്ള എഡിറ്റു ചെയ്ത ‘മന്നത്തിന്റെ സമ്പൂർണ കൃതികൾ' എന്ന പുസ്തകത്തിലെ മന്നത്തിന്റെ ഡയറിക്കുറിപ്പുകൾ, ചങ്ങനാശ്ശേരി, 1977, പുറം 942- 943.). മന്നത്ത് പത്മനാഭൻ കമ്യൂണിസ്റ്റുകാർക്കെതിരായിരുന്നു. അതേസമയം അദ്ദേഹം കോൺഗ്രസുമായി സൗഹാർദ്ദത്തിലായിരുന്നുമില്ല.
1957 ജനുവരി 7 ന് മാധ്യമപ്രവർത്തകരുമായി സംസാരിക്കവെ, കേരള പീപ്പിൾസ് പാർട്ടിയെ പിന്താങ്ങാനുള്ള തന്റെ ഉദ്ദേശ്യം മന്നത്ത് പത്മനാഭൻ പ്രഖ്യാപിച്ചു. (ജനയുഗം, ജനുവരി 9, 1957.) യഥാർത്ഥത്തിൽ മന്നത്ത് പത്മനാഭനും എൻ.എസ്.എസും കേരളത്തിലെ കോൺഗ്രസ് പാർട്ടിക്കുള്ളിലെ ക്രിസ്തീയ മേധാവിത്തത്തിനെതിരായിരുന്നു. അതുകൊണ്ടുതന്നെ പാർട്ടി പരിഗണന കണക്കിലെടുക്കാതെ നായർ സമുദായത്തിൽപ്പെട്ട സ്ഥാനാർത്ഥികളെ പിന്തുണക്കാൻ അദ്ദേഹം തീരുമാനിച്ചു. ഈ നയം സാന്ദർഭികവശാൽ തിരഞ്ഞെടുപ്പിൽ ചില നിയോജക മണ്ഡലങ്ങളിൽ കമ്യൂണിസ്റ്റ് പാർട്ടിക്ക് പ്രയോജനം ചെയ്തു. (തോപ്പിൽ ഭാസി, ‘ഒളിവിലെ ഓർമകൾക്കുശേഷം’, കേരളശബ്ദം വാരിക, മെയ് 5 1989).

കമ്യൂണിസ്റ്റ് സർക്കാറിനെതിരെയുള്ള പ്രക്ഷോഭത്തിൽ പെട്ടെന്നുതന്നെ എൻ.എസ്.എസ് ക്രൈസ്തവസഭയുമായി കൈകോർത്തു. എൻ.എസ്.എസ് ആസ്ഥാനമായ പെരുന്നയിലും കൊട്ടാരക്കരയിലും സമ്മേളിച്ച നായന്മാരെ അഭിസംബോധന ചെയ്ത് മന്നത്ത് പത്മനാഭൻ നടത്തിയ പ്രസംഗങ്ങൾ പ്രക്ഷോഭതന്ത്രങ്ങൾ അക്രമാസക്തമാക്കാൻ ഉദ്ദേശിച്ചുള്ളതായിരുന്നു

കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റ് സർക്കാറിന്റെ ഭരണപരമായ മിക്ക നടപടികൾക്കും ആദ്യ ഏതാനും മാസങ്ങളിൽ നായർ സർവീസ് സൊസൈറ്റിയുടെ പിന്തുണ ലഭിച്ചിരുന്നു. നിയമസഭയിൽ കേരള വിദ്യാഭ്യാസ ബിൽ അവതരിപ്പിച്ചപ്പോൾ എൻ.എസ്.എസ് അതിനെ ശക്തിയുക്തം പിന്താങ്ങി. (മലയാളരാജ്യം, ആഗസറ്റ് 28, 1957). കേരള വിദ്യാഭ്യാസബില്ലിന്റെ മുഖ്യോദ്ദേശ്യം പൊതുവിദ്യാഭ്യാസത്തിന്റെ മെച്ചപ്പെട്ട സംഘാടനമായിരുന്നു. അധ്യാപകരുടെ വേതനവിതരണത്തിലും അവരുടെ സേവന ഭദ്രത ഉറപ്പുവരുത്തുന്നതിലും സ്ഥാപനങ്ങളുടെ ഭരണനിർവഹണങ്ങളിലും ആവശ്യമായ നിയന്ത്രണം ഏർപ്പെടുത്തുക എന്നിവയൊക്കെ ബില്ലിന്റെ പ്രധാന ലക്ഷ്യങ്ങളായിരുന്നു.

സാമാന്യജനവിഭാഗത്തിന്റെ ജീവിത സാഹചര്യം മെച്ചപ്പെടുത്തുന്നതിന് ഊന്നൽ നൽകി കേരളത്തിന്റെ സമഗ്രപുരോഗതിക്കുതകുന്ന നിയമനിർമാണ- ഭരണപരിഷ്‌കരണ നടപടികളാണ് സർക്കാർ ആവിഷ്‌കരിച്ചത്. ഇതിനെതിരെ സ്ഥാപിത താൽപര്യക്കാരുടെയും സമ്മർദ്ദ സംഘങ്ങളുടെയും നിയന്ത്രണത്തിൽ 1957- 59 കാലത്ത് സവിശേഷമായൊരു കമ്യൂണിസ്റ്റ് വിരുദ്ധ രാഷ്ട്രീയ കൂട്ടായ്മ രൂപം കൊണ്ടു. ജാതി/മത സാമുദായിക സംഘടനകളും പ്രതിപക്ഷ പാർട്ടികളും സമ്മർദ്ദ സംഘടനകളുമൊക്കെ കൂടിച്ചേർന്ന കൂട്ടായ്മയിലെ ഒരു പ്രബല ഘടകമായിരുന്നു നായർ സർവീസ് സൊസൈറ്റി.

കേരളത്തിലെ വിദ്യാഭ്യാസ പരിഷ്‌കാരങ്ങളുടെ സാമ്പ്രദായിക ശത്രുക്കളെന്നാക്ഷേപിച്ച്​ ക്രൈസ്തവരെയും അവരുടെ അധികാരശ്രേണിയെയും മന്നത്ത് പത്മനാഭൻ കുറ്റപ്പെടുത്തിയിരുന്നു. പി. എസ്.സി തയ്യാറാക്കുന്ന ഉദ്യോഗാർഥികളുടെ പട്ടികയിൽനിന്ന് എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകരെ നിയമിക്കണമെന്ന നിർദേശം വിദ്യാഭ്യാസ ബില്ലിനെ അനുകൂലിക്കുന്ന വേളയിൽ മന്നത്ത് പത്മനാഭൻ സർക്കാരിന് സമർപ്പിച്ചിരുന്നു. കുറ്റമറ്റ രീതിയിൽ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്നത്തിൽ തൽപരരായ എല്ലാവരോടും കേരള വിദ്യാഭ്യാസ ബില്ലിനെ പിന്തുണക്കാൻ അദ്ദേഹം അഭ്യർത്ഥിച്ചു (മലയാളരാജ്യം, ജൂൺ 5, 1957). എൻ.എസ്.എസ്. കാര്യനിർവ്വഹണ സമിതി ഇത്തരത്തിൽ പ്രമേയവും പാസാക്കിയിരുന്നു.

മന്നത്ത് പത്മനാഭന്റെ നേതൃത്വത്തിൽ 1959ൽ നടന്ന രഥയാത്ര. മധ്യകാല വേഷഭൂഷാദികൾ സ്വീകരിച്ച് കമ്യൂണിസ്റ്റ് വിരുദ്ധ പ്രക്ഷോഭകർ അവരുടെ ഫ്യൂഡൽ പ്രതിലോമ പ്രത്യയശാസ്ത്രം പ്രതിഫലിപ്പിച്ചു
മന്നത്ത് പത്മനാഭന്റെ നേതൃത്വത്തിൽ 1959ൽ നടന്ന രഥയാത്ര. മധ്യകാല വേഷഭൂഷാദികൾ സ്വീകരിച്ച് കമ്യൂണിസ്റ്റ് വിരുദ്ധ പ്രക്ഷോഭകർ അവരുടെ ഫ്യൂഡൽ പ്രതിലോമ പ്രത്യയശാസ്ത്രം പ്രതിഫലിപ്പിച്ചു

നിയമസഭാ സെലക്ട് കമ്മിറ്റിയുടെ പരിശോധനക്കുശേഷം പരിഷ്‌കരിക്കപ്പെട്ട കേരള വിദ്യാഭ്യാസ ബിൽ നിയമസഭയിൽ അവതരിച്ചപ്പോൾ, സർവർക്കും സ്വീകാര്യമായ രീതിയിൽ ഭേദഗതി വരുത്തിയതിന് മന്നത്ത് പത്മനാഭൻ കമ്യൂണിസ്റ്റ് സർക്കാരിനെ അഭിനന്ദിച്ചു. അദ്ദേഹം ഇപ്രകാരം കൂട്ടിച്ചേർത്തു: ‘‘ക്രൈസ്തവസഭയാണ് വിദ്യഭ്യാസബില്ലിനെതിരെ സമരം സംഘടിപ്പിക്കുന്നത്. മെത്രാന്മാരും പള്ളീലച്ചന്മാരുമാണ് സമരപ്രസ്ഥാനത്തിന്റെ ഹൃദയവും ആത്മാവും. ബില്ലിന് വലിയ തോതിൽ ജനപിന്തുണയുണ്ട്. അതിനാൽ ബില്ല് നിയമമായതിനുശേഷം അത് നടപ്പിലാക്കുന്ന കാര്യത്തിൽ നിലവിലുള്ള സർക്കാർ നിശ്ചയമായും വിജയിക്കും.'' (മലയാളരാജ്യം, ആഗസ്ത് 28, 1957).

1957 ഡിസംബർ 18-ന് കേരള കാർഷികബന്ധ ബിൽ പ്രസിദ്ധീകരിച്ചശേഷം അത് നായർ സമുദായത്തിലെ ഉപരിവർഗ്ഗത്തിന്റെ അടിസ്ഥാനപരമായ സാമ്പത്തിക താല്പര്യങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നുകണ്ട് എൻ.എസ്.എസ്. സർക്കാർവിരുദ്ധ നിലപാട് സ്വീകരിച്ചു. അളവറ്റ് പിന്തുണച്ചിരുന്ന സ്ഥാനത്ത് അവർ വിദ്യാഭ്യാസ ബില്ലിനെയും സർക്കാരിനെയും വിട്ടുവീഴ്ചയില്ലാതെ എതിർക്കുവാൻ തുടങ്ങി. പാലക്കാട്ട് ഒരു എഞ്ചിനീയറിങ്ങ് കോളേജ് തുറക്കണമെന്ന എൻ.എസ്.എസിന്റെ അഭ്യർത്ഥന ഗവൺമെൻറ്​ നിരസിച്ചത് സർക്കാരും എൻ.എസ്. എസും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാക്കി (മലയാളരാജ്യം, ഡിസംബർ 5, 1958). കോളേജിന് രണ്ട് അപേക്ഷകരുണ്ടായിരുന്നു; ഒന്ന് എൻ.എസ്.എസും രണ്ടാമത് പാലക്കാട് മുനിസിപ്പൽ കൗൺസിൽ പ്രസിഡണ്ടിന്റെ നേതൃത്വത്തിലുള്ള ലോക്കൽ കമ്മറ്റിയും. ഗവൺമെൻറ്​ രണ്ടാമത്തെ കൂട്ടർക്കാണ് അനുവാദം നൽകിയത്. എൻ.എസ്.എസിന്റെ ആവശ്യം നിരാകരിച്ചതിനെതിരെ മന്നത്ത് പത്മനാഭൻ രൂക്ഷമായി പ്രതികരിച്ചു.

കാർഷിക ബന്ധബില്ലിനെ എതിർക്കുന്നവർ മുഴുവനും ഒരു ഐക്യനിര കെട്ടിപ്പടുക്കണമെന്ന് എൻ.എസ്​.എസ്​ യോഗങ്ങൾ ആഹ്വാനം ചെയ്തു. എൻ.എസ്.എസിന്റെ പ്രതിഷേധം പ്രധാനമായും നായന്മാരിലെ ഉപരിവർഗ്ഗത്തിന്റെ നിക്ഷിപ്ത താല്പര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടിയായിരുന്നു.

കേരള കാർഷികബന്ധ ബിൽ ആവിഷ്‌കരിക്കുന്ന വേളയിൽ എൻ.എസ്.എസ്. നിയോഗിച്ച ഭൂനയ സമിതി 1957 ഒക്ടോബർ 25 ന് മുഖ്യമന്ത്രി ഇ.എം.എസ് നമ്പൂതിരിപ്പാടിനെ കണ്ട് മെമ്മോറാണ്ടം സമർപ്പിച്ചു. നിർദ്ദിഷ്ട നിയമം നായർ സമുദായത്തിന്റെ താൽപര്യങ്ങൾക്ക് ഹാനികരമാകരുതെന്ന നിർദ്ദേശം മെമ്മോറാണ്ടത്തിലുണ്ടായിരുന്നു. 1957 ഡിസംബർ 18ന് കേരള കാർഷികബന്ധ ബിൽ പ്രസിദ്ധീകരിച്ചപ്പോൾ, തങ്ങളുടെ താല്പര്യങ്ങളെ അത്​ പ്രതികൂലമായി ബാധിക്കുമെന്നുകണ്ട് എൻ.എസ്.എസ് ശക്തമായ സർക്കാർ വിരുദ്ധ നിലപാട് കൈകൊണ്ടു. നായന്മാരുടെ അഭിലാഷങ്ങളെ പ്രതിഫലിപ്പിച്ചിരുന്ന ‘മലയാള രാജ്യം' എന്ന പത്രം അതിന്റെ പത്രാധിപ ലേഖനത്തിൽ ‘ബിൽ തള്ളിക്കളയാൻ' ആവശ്യപ്പെട്ടു. നായർ സമുദായത്തിലെ ഭൂരിപക്ഷം വരുന്ന ഭൂവുടമകളുടെ അവകാശമൊഴിപ്പിക്കാൻ ഉദ്ദേശിച്ചാണ് പ്രസ്തുത ബിൽ എന്നതായിരുന്ന മലയാള രാജ്യത്തിന്റെ കണ്ടെത്തൽ. യഥാർത്ഥത്തിൽ നായന്മാരിൽ ഭൂരിഭാഗവും ഭൂവുടമകളായിരുന്നില്ല. അവർ സാധാരണ കർഷകരോ ചെറുകിട ഭൂവുടമകളോ ആയിരുന്നു. നായർ സമുദായത്തിലെ ഒരു ന്യൂനപക്ഷം (നായർ പ്രമാണികൾ) മാത്രമേ യഥാർത്ഥ ഭൂവുടമകളായിരുന്നുള്ളൂ (ജന്മികൾ). എൻ.എസ്.എസ് നേതൃത്വത്തിൽ അവർ വലിയ സ്വാധീനം ചെലുത്തി. (പുതുപ്പള്ളി രാഘവൻ, ‘വിപ്ലവസ്മരണകൾ’, വാള്യം 5, പുറം 169; കെ.ദാമോദരൻ, ‘വിദ്യാഭ്യാസത്തിനു നേരെ’- ലഘുലേഖ, എറണാകുളം 1959). എൻ.എസ്.എസ് അതിനുശേഷം നിർദ്ദിഷ്ട ബില്ലിനെതിരെ പ്രതിഷേധിക്കാൻ ധാരാളം യോഗങ്ങൾ വിളിച്ചു ചേർത്തു. കേരള കാർഷിക ബന്ധബില്ലിനെ എതിർക്കുന്നവർ മുഴുവനും ഒരു ഐക്യനിര കെട്ടിപ്പടുക്കണമെന്ന് ഈ യോഗങ്ങൾ ആഹ്വാനം ചെയ്തു. എൻ.എസ്.എസിന്റെ പ്രതിഷേധം പ്രധാനമായും നായന്മാരിലെ ഉപരിവർഗ്ഗത്തിന്റെ നിക്ഷിപ്ത താല്പര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടിയായിരുന്നു.

സാമുദായിക വികാരങ്ങൾ ഉദ്ദീപിപ്പിക്കുന്നതിന്​ മന്നത്ത് പത്മനാഭൻ തന്ത്രപരമായ നീക്കങ്ങൾ നടത്തി. നിലവിലുള്ള സർക്കാർ ‘ഈഴവർക്ക് അനുകൂലമാ'ണെന്നും ‘നായന്മാർക്ക് എതിരാ'ണെന്നും അദ്ദേഹം പ്രചരിപ്പിച്ചു (‘മന്നത്ത് പത്മനാഭന്റെ പ്രസംഗങ്ങൾ’; ചങ്ങനാശ്ശേരി, 1982, പുറം 132-164.). ഈഴവർക്കനുകൂലമാണെന്ന് അഖണ്ഠിതമായി പറയാൻ പറ്റുന്ന ഒരു കാര്യവും വിവാദപരമായ കേരള വിദ്യാഭ്യാസനിയമത്തിലുണ്ടായിരുന്നില്ല. ഒരു സമുദായമെന്ന നിലയിൽ ഈഴവർക്ക് പ്രത്യേക ആനുകൂല്യങ്ങളൊന്നും ഈ നിയമം ശുപാർശ ചെയ്തിരുന്നില്ല. കമ്യൂണിസ്റ്റ് സർക്കാറിന് ‘ഈഴവാഭിമുഖ്യ സർക്കാർ' എന്ന നിന്ദാനാമം നൽകുമ്പോൾ മന്നത്ത് പത്മനാഭൻ ഉദ്ദേശിച്ചത് സംസ്ഥാനത്തെ ജനങ്ങളെ സമുദായത്തിന്റെയും ജാതിയുടേയും അടിസ്ഥാനത്തിൽ വിഭജിച്ച് നിർത്തുകയെന്നതാണ്. അതോടൊപ്പം, ഒരു പ്രബല വിഭാഗത്തിന്റെ വിദ്വേഷം സർക്കാറിനുനേരെ തിരിച്ചു വിടുകയെന്നതും അദ്ദേഹം ലക്ഷ്യമാക്കിയിരുന്നു (കെ.എം. ചാണ്ടി; ‘മന്നവും വിമോചനസമരവും- മന്നം ശതാഭിഷേകോപഹാരം’ എന്ന കൃതിയിൽ, പന്തളം, 1960 , പുറം 173).
സർക്കാർ ജോലിക്കുള്ള നിയമനത്തിലും പ്രൊഫഷണൽ കോളേജുകളിലേക്കുള്ള പ്രവേശനത്തിലും സാമുദായിക സംവരണം ഏർപ്പെടുത്തിയത് നായന്മാരുടെ ചെലവിൽ ഈഴവരെ പ്രീണിപ്പിക്കാനുള്ള സർക്കാറിന്റെ മനഃപൂർവ നടപടിയായി വ്യാഖ്യാനിക്കപ്പെട്ടു. കരുതിക്കൂട്ടി സംഘർഷം സൃഷ്ടിക്കുന്നതിന് ‘നായന്മാരുടെ താൽപര്യം അപകടത്തിൽ' (മലയാളരാജ്യം, ആഗസ്റ്റ്​ 6, 1958.) എന്ന മുദ്രാവാക്യം ഉച്ചൈസ്തരം വിളിക്കപ്പെട്ടു.

വിമോചനസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടുളള വിദ്യാർത്ഥികളുടെ ജാഥ (1958).  / Photo: James Burker, Keralaculture
വിമോചനസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടുളള വിദ്യാർത്ഥികളുടെ ജാഥ (1958). / Photo: James Burker, Keralaculture

കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിലുള്ള സർക്കാറിനെതിരെ എൻ.എസ്.എസ് അതിന്റെ കൊടിക്കീഴിൽ നായർ സമുദായത്തെ ഏകോപിപ്പിക്കുന്നതിന് ഉദ്യമിച്ചു. സംവരണത്തിന്റെ ഗുണഭോക്താക്കളാണെന്ന കാരണത്താൽ ഈഴവരെ അപകീർത്തിപ്പെടുത്തുന്ന പ്രചാരണത്തിൽ എൻ.എസ്.എസ് ഏർപ്പെടുകയും ചെയ്തു. സംവരണാനുകൂല്യത്തിന് അർഹതയുള്ള പിന്നാക്ക സമുദായങ്ങളുടെ പട്ടികയിൽ നിന്ന് ഈഴവരെ ഒഴിവാക്കണമെന്ന് കമ്യൂണിസ്റ്റ് സർക്കാറിനോട് ആവശ്യപ്പെടുന്ന പ്രമേയം എൻ.എസ്.എസ്​ ഡയറക്​ടർ ബോർഡ്​ 1958 നവംബർ മൂന്നിന് പാസാക്കി (ദീപിക, നവംബർ 4, 1958.). 1958 നവംബർ 18ന് മന്നത്ത് പത്മനാഭന്റെ നേതൃത്വത്തിൽ നായന്മാരുടെ ഒരു നിവേദകസംഘം മുഖ്യമന്ത്രിയെ കാണുകയും അദ്ദേഹത്തിന്റെ പരിഗണനക്ക് ഒരു മെമ്മോറാണ്ടം സമർപ്പിക്കുകയും ചെയ്തു. കേരള ഭരണപരിഷ്‌കാര കമ്മിറ്റി റിപ്പോർട്ടിൽ ആവിഷ്‌ക്കരിക്കപ്പെട്ടതുപോലെ, ഈഴവരെ ഒഴിവാക്കുന്ന വിധത്തിൽ പിന്നാക്ക സമുദായ പട്ടിക പരിഷ്‌കരിക്കുകയായിരുന്നു മെമ്മോറാണ്ടത്തിലെ മുഖ്യ ആവശ്യം (മലയാളരാജ്യം, നവംബർ 19, 1958).

എൻ.എസ്.എസ്. സംവരണത്തിനെതിരായുള്ള അതിന്റെ നിലപാട്​ കടുപ്പിച്ചു. സാമുദായിക സംവരണത്തിന് വ്യവസ്ഥ ചെയ്യുന്ന 11-ാം ഖണ്ഡം ഒഴിവാക്കാതെ കേരള വിദ്യാഭ്യാസ ബിൽ തങ്ങൾക്ക് സ്വീകാര്യമല്ലെന്ന് എൻ.എസ്.എസ് 1958 ഡിസംബറിൽ സർക്കാറിനെ അറിയിച്ചു. 1958 ഡിസംബർ ഒന്നു മുതൽ 1959 ജനുവരി നാലുവരെ മന്നത്ത് പത്മനാഭൻ ഒരു നൂതന സമ്മർദ്ദ പ്രചാരണത്തിൽ വ്യാപൃതനായി. ഇതിന്റെ ഭാഗമായി ‘ജന്മനക്ഷത്രപിരിവി’ന്റെ മറവിൽ നായന്മാരെ തന്റെ പിന്നിൽ അണിനിരത്താൻ യത്‌നിച്ചു. സർക്കാർ നടപടികളേയും നിലവിലുള്ള സംവരണ സമ്പ്രദായത്തേയും അധിക്ഷേപിക്കുന്ന പ്രമേയങ്ങൾ പാസാക്കാൻ എൻ.എസ്.എസ്. കരയോഗങ്ങൾക്ക് നിർദ്ദേശം ലഭിച്ചു. (മലയാളരാജ്യം, ജനുവരി 12, 1959; ‘മന്നത്ത് പത്മനാഭന്റെ പ്രസംഗങ്ങൾ’; ചങ്ങനാശ്ശേരി, 1982, പുറം 164.)

മന്നത്തിന്റെ പ്രത്യക്ഷസമരം എന്ന ആശയം വ്യത്യസ്ത രൂപം പ്രാപിച്ചു. വിദ്യാഭ്യാസ നിയമത്തിലോ കാർഷികബന്ധ ബില്ലിലോ ഭേദഗതികൾ വരുത്താനായിരുന്നില്ല പ്രസ്തുത പ്രക്ഷോഭം. മറിച്ച്, കമ്യൂണിസ്റ്റ് സർക്കാരിനെ അട്ടിമറിക്കാനായിരുന്നു.

പക്ഷെ കാലടി, മൂവാറ്റുപുഴ തുടങ്ങിയ സ്ഥലങ്ങളിലെ എൻ.എസ്.എസ്. കരയോഗങ്ങളിലെ പല അംഗങ്ങളും വിദ്യാസഭ്യാസ ബില്ലിനെ എതിർക്കുന്ന മന്നത്തിന്റെ നിലപാടിനോട് യോജിച്ചില്ല. (ജനയുഗം, ഫെബ്രുവരി 11, 1959). എൻ.എസ്.എസ് - കത്തോലിക്ക സഭാ നേതാക്കൾ വിദ്യാഭ്യാസ നിയമത്തിനെതിരെയും ഈ നിയമം ആവിഷ്‌കരിച്ച് നടപ്പിലാക്കാൻ ശ്രമിക്കുന്ന സർക്കാരിനെതിരെയും സംയുക്ത കുരിശുയുദ്ധം ആരംഭിച്ചു. ഈ പ്രക്ഷോഭത്തിന്റെ ഏറ്റവും ഖേദകരമായ ഫലം, അത് കേരളത്തിൽ സാമുദായിക വിദ്വേഷത്തിന്റെ വിഷവിത്തുകൾ വിതച്ചുവെന്നതാണ്. സാമുദായിക വികാരം ആളിക്കത്തിക്കുന്ന ആഹ്വനങ്ങളുണ്ടായി. ചങ്ങനാശ്ശേരിയിലെ യോഗത്തിനിടയിൽ മന്നത്ത് പത്മനാഭൻ, ആവശ്യമെങ്കിൽ സ്വന്തം ജീവൻ ത്യജിക്കുവാൻ തയ്യാറാകണമെന്ന് നായന്മാരോട് അഭ്യർത്ഥിച്ചു- ‘എന്തുകൊണ്ടെന്നാൽ സമുദായം അഗ്‌നിയാൽ വലയം ചെയ്യപ്പെട്ടിരിക്കുന്നു'. (മലയാളി, മാർച്ച് 10, 1959). തിരു-കൊച്ചി നിയമനിർമാണ സഭയിലെ മുൻ സ്പീക്കറായ ഗംഗാധരൻ നായർ നായന്മാരെ പ്രകോപിപ്പിക്കാനുള്ള ഉദ്യമത്തെ പാടെ അപലപിച്ചു. (‘ദേശബന്ധു', ഏപ്രിൽ 4, 1959).

1959 മാർച്ച് 25 ന് മന്നത്ത് പത്മനാഭൻ മുഖ്യമന്ത്രിയെ അഭിസംബോധന ചെയ്ത് എഴുതിയ തുറന്ന കത്തിൽ പറയുന്നു: ‘‘മറ്റു മാനേജ്‌മെന്റുകളുടെയും അഭിലാഷത്തിനനുസൃതമായിട്ടാണ് ഞാൻ ഈ ആവശ്യം (വിദ്യാഭ്യാസ നിയമത്തിനുപകരം പുതിയ നിയമ നിർമാണം) ഉന്നയിക്കുന്നത്. ഞാൻ നിങ്ങളെ അറിയിക്കാനാഗ്രഹിക്കുന്നതെന്താണെന്നു വെച്ചാൽ, ഇത് പിൻവലിക്കാൻ നിങ്ങൾക്ക് സാധികാത്ത പക്ഷം ഞങ്ങൾ പ്രത്യക്ഷസമരം ആരംഭിക്കും'' (മലയാളരാജ്യം, മാർച്ച് 29, 1959) ഏപ്രിൽ മധ്യത്തോടെ മന്നത്തിന്റെ പ്രത്യക്ഷസമരം എന്ന ആശയം വ്യത്യസ്ത രൂപം പ്രാപിച്ചു. വിദ്യാഭ്യാസ നിയമത്തിലോ കാർഷികബന്ധ ബില്ലിലോ ഭേദഗതികൾ വരുത്താനായിരുന്നില്ല പ്രസ്തുത പ്രക്ഷോഭം. മറിച്ച്, കമ്യൂണിസ്റ്റ് സർക്കാരിനെ അട്ടിമറിക്കാനായിരുന്നു. സമുദായിക-വർഗീയ -വികാരങ്ങൾ രാഷ്ട്രീയ ലക്ഷ്യപ്രാപ്തിക്കുതകുന്ന വിധം ഉദ്ദീപിപ്പിക്കപ്പെട്ടു. 1959 ഏപ്രിൽ 12 ന് തിരുവല്ലയിൽ നടന്ന ഒരു പൊതുയോഗത്തിൽ മന്നം അത്യാവേശത്തോടെ ഇങ്ങനെ പ്രഖ്യാപിച്ചു: ‘‘നായർ, കമ്യൂണിസ്റ്റുകാരിൽനിന്ന്​ഭരണം ഏറ്റെടുക്കാൻ പോകുന്നു. കമ്യൂണിസ്റ്റുകാർ നിഷ്‌കാസിതരാവുകയാണെങ്കിൽ ആരാണ് ഭരിക്കാൻ പോകുന്നത് എന്ന ചോദ്യത്തിന് ലളിതമായ മറുപടിയാണ് നായർ'' (‘ദേശബന്ധു', ഏപ്രിൽ 14, 1959). വിമോചനസമരത്തിന്റെ കാലയളവിൽ മന്നം ഇത്തരം തീവ്രമായ വർഗീയ പ്രചാരണം നടത്തി. തിരുവനന്തപുരത്ത് ഒരു യോഗത്തിൽ പ്രസംഗിക്കവെ മന്നം പറഞ്ഞു: ‘‘കമ്യൂണിസ്റ്റുകാരെ കേരളത്തിൽനിന്ന് കെട്ടുകെട്ടിച്ചതുകൊണ്ടു മാത്രമായില്ല, അവരെ ഇന്ത്യയിൽ നിന്നും അവരുടെ പിതൃഭൂമിയായ റഷ്യയിലേക്കയച്ചതിനുശേഷം മാത്രമേ എന്റെ മനസ്സിന് പൂർണവിശ്രാന്തി ലഭിക്കൂ'' (മലയാളി, ഏപ്രിൽ 24 ,1959.).

വിമോചനസമര കാലത്ത് തിരുവനന്തപുരം വലിയതുറ ഗവർമെന്റ് പ്രൈമറി സ്‌കൂൾ പിക്കറ്റുചെയ്യുന്ന സ്ത്രീകൾ
വിമോചനസമര കാലത്ത് തിരുവനന്തപുരം വലിയതുറ ഗവർമെന്റ് പ്രൈമറി സ്‌കൂൾ പിക്കറ്റുചെയ്യുന്ന സ്ത്രീകൾ

കത്തോലിക്കർക്ക് അക്കാലത്ത് കേരളത്തിൽ ശക്തമായ സാമുദായിക സംഘടനാ സംവിധാനമുണ്ടായിരുന്നു. കമ്യൂണിസ്​റ്റുകാരുടെ ബദ്ധവൈരിയായിരുന്ന കത്തോലിക്കാസഭ കോൺഗ്രസിൽ മേധാവിത്വം പുലർത്തി കേരളത്തിലെ രാഷ്ട്രീയ ജീവിതത്തെ വളരെക്കാലമായി നിയന്ത്രിച്ചുകൊണ്ടിരിക്കുകയായിരുന്നു. കേരളത്തിലെ സഭാശ്രേണി മന്നത്തിൽ കമ്യൂണിസ്റ്റ് സർക്കാരിനെതിരെ സന്ധി ചെയ്യാത്ത ഒരു പ്രചാരകനെ കണ്ടെത്തി. കമ്യൂണിസ്റ്റ് സർക്കാറിനോട് മന്നത്തിനുണ്ടായ വിരോധം അദ്ദേഹത്തെ തങ്ങളുടെ ലക്ഷ്യപ്രാപ്തിക്കുകൂടി ഉപയോഗിക്കുവാനുള്ള ‘ദൈവദത്തമായ' ഒരവസരമായിക്കണ്ട മെത്രാൻമാർ അത് സന്ദർഭാനുസരണം ഉപയോഗപ്പെടുത്തി. അദ്ദേഹത്തെ ആദരിക്കാൻ വിളിച്ചുചേർത്ത പൊതുയോഗത്തിന് സഭാസ്വാധീനമുള്ള പത്രങ്ങൾ വിപുലമായ പ്രചാരണം നൽകി. മന്നം പ്രസംഗികനായ പൊതുയോഗങ്ങളിൽ കത്തോലികശ്രോതാക്കൾ ധാരാളമായി പങ്കെടുത്തിരുന്നു. അത്തരം യോഗങ്ങളിൽ സഭാപ്രസംഗികർ ആവേശമുയർത്തി. ആർഭാടങ്ങൾക്കാവശ്യമായ സംഭാവനകൾ കുന്നുകൂടി. എൻ.എസ്.എസ് -കത്തോലിക്ക കൂട്ടുകെട്ട് യോജിച്ച പൊതുപ്രക്ഷോഭ തന്ത്രം ആവിഷ്‌കരിക്കുകയും സംയുക്ത ആക്ഷൻ കൗൺസിൽ രൂപീകരിക്കുകയും ചെയ്തു.

1959 മാർച്ച് 25 ന് വിദ്യാഭ്യാസനിയമത്തിനെതിരെ മന്നത്ത് പദ്മനാഭൻ ഉയർത്തിയ പരസ്യ വെല്ലുവിളിയോടെ വിദ്യാഭ്യാസവിരുദ്ധ പ്രക്ഷോഭം കമ്യൂണിസ്റ്റ് വിരുദ്ധവും സർക്കാർ വിരുദ്ധവുമായ പോരാട്ടമായിത്തീർന്നു. ഇത് കൃത്യമായ രാഷ്ട്രീയ ലക്ഷ്യപ്രാപ്തിക്കുവേണ്ടിയുള്ള കരുതിക്കൂട്ടിയുള്ള കരുനീക്കമായിരുന്നു. മെത്രാന്മാരും എൻ.എസ്.എസ് നേതാക്കളും അവരുടെ സമുദായങ്ങളിൽ പെട്ട കോൺഗ്രസ് നേതാക്കളോടൊപ്പം പടിപടിയായി ഈ പ്രക്ഷോഭത്തിന് വ്യക്തമായ രാഷ്ട്രീയരൂപവും ലക്ഷ്യവും പ്രദാനം ചെയ്തു. വിദ്യാഭ്യാസ നിയമത്തിനെതിരെയുള്ള പ്രക്ഷോഭം അവസാനിക്കുന്നതോടെ സർക്കാരിനെതിരെയുള്ള പോരാട്ടത്തിന് അറുതിയുണ്ടാവില്ലെന്ന് മെയ് നാലിന് ചേർന്ന ക്രിസ്ത്യൻ - നായർ സമുദായ സംഘങ്ങളുടെ സംയുക്തസമ്മേളനത്തിൽ പാസാക്കിയ പ്രമേയത്തിൽ അവർ പ്രഖ്യാപിച്ചു. മന്നം പറഞ്ഞു: ‘‘വിദ്യാഭ്യാസനിയമത്തിലോ ഭൂബന്ധ ബില്ലിലോ ചില ഭേദഗതികൾ വരുത്തി അവർക്ക് (കമ്യൂണിസ്റ്റ് മന്ത്രിമാർക്ക്) സ്വയം രക്ഷപ്പെടാൻ കഴിയില്ല. എന്തുകൊണ്ടെന്നാൽ നമ്മുടെ ലക്ഷ്യം കമ്യൂണിസ്റ്റ് സർക്കാരിനെ അധികാരത്തിൽനിന്ന് നീക്കം ചെയ്യുകയാണ്'' ( ‘മന്നത്ത് പത്മനാഭന്റെ പ്രസംഗങ്ങൾ'; ചങ്ങനാശ്ശേരി, 1982, പുറം 176).

മന്നത്ത് പത്മനാഭൻ തന്റെ ദൈനംദിന പൊതുയോഗങ്ങളിൽ കൂടി 1959 ജൂൺ ഒന്ന് ‘വിമോചന ദിന' മായി പ്രഖ്യാപിച്ചു. ‘കേരളം മാത്രമല്ല, ഭാരതവും, ചുവപ്പന്മാരിൽനിന്ന് വിമോചിതമാക്കും. മാത്രമല്ല, മന്നം തന്റെ രണാശ്വത്തെ മുഖ്യമന്ത്രിയുടെ ചേമ്പറിൽ കൊണ്ടുചെന്ന് കെട്ടുകയും ചെയ്യും.'

സഭയുടെയും എൻ.എസ്.എസിന്റെയും കീഴിലുള്ള വിദ്യാലയങ്ങൾ പൂട്ടുക മാത്രമല്ല സംസ്ഥാനത്തെ മറ്റ് വിദ്യാലയങ്ങൾ ഈ പിൻവാങ്ങലിനുശേഷം തുറക്കുന്നത് തടയുക കൂടി പദ്ധതിയുടെ ഭാഗമായി പ്രഖ്യാപിക്കപ്പെട്ടു. നിശ്ചിത പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടുകയല്ല, മറിച്ച് കമ്യൂണിസ്റ്റ് മന്ത്രിസഭയെ താഴെയിറക്കുകയായിരുന്നു മുഖ്യ ലക്ഷ്യം.
മന്നം രക്ഷകന്റെ അവതാരവേഷം അണിഞ്ഞു. മുത്തുക്കുട, വിജയാശ്വം, ആനകൾ മറ്റ് അനുസാരികൾ എന്നിവയോടൊപ്പം ഒരു വിഗ്രഹമൂർത്തിയെ മയൂരസിംഹാസനത്തിൽ പ്രതിഷ്ഠിച്ച് യുദ്ധക്കളത്തിലേക്ക് രഥത്തിൽ ആനയിക്കുന്നതിന് സമാനമായി മന്നത്തെ കേന്ദ്രീകരിച്ച് ഘോഷയാത്രകൾ സംഘടിപ്പിച്ചു.

മധ്യകാല വേഷഭൂഷാദികൾ സ്വീകരിച്ച് കമ്യൂണിസ്റ്റ് വിരുദ്ധ പ്രക്ഷോഭകർ എങ്ങനെ അവരുടെ ഫ്യൂഡൽ പ്രതിലോമ പ്രത്യയശാസ്ത്രം പ്രതിഫലിപ്പിച്ചു എന്ന് സമരാനുകൂല ദിനപത്രമായിരുന്ന ‘ദേശബന്ധു' വിൽ 1959 മെയ് 15 ന് വിവരിച്ചിട്ടുണ്ട്: ‘‘കരിമണ്ണൂരിൽ നിന്നുവന്ന ജാഥയുടെ മുമ്പിൽ ഒരു രണാശ്വം ഉണ്ടായിരുന്നു. ഈ കുതിരയുടെ രണ്ടുവശത്തും സന്നദ്ധഭടന്മാർ ഉറയിൽനിന്ന് വാളൂരി കയ്യിലേന്തിയ നിലയിൽ പട്ടാളച്ചിട്ടയിൽ മാർച്ച് ചെയ്തു. കാക്കി നിക്കറും നീല ഷർട്ടും വെള്ള തൊപ്പിയും ധരിച്ച ക്രിസ്റ്റഫർമാർ യുദ്ധക്കളത്തിലേക്ക് മുന്നേറുന്നതുപോലെ പ്രസ്തുത രണാശ്വത്തെ അകമ്പടി സേവിച്ചിരുന്നു. വാദ്യസംഗം പൊഴിച്ച രണഗീതങ്ങൾ യുദ്ധത്തിനുള്ള തയ്യാറെടുപ്പുകൾ നടക്കുന്നതായ തോന്നൽ ഉളവാക്കി.''

മന്നത്ത് പത്മനാഭൻ തന്റെ ദൈനംദിന പൊതുയോഗങ്ങളിൽ കൂടി 1959 ജൂൺ ഒന്ന് ‘വിമോചന ദിന' മായി പ്രഖ്യാപിച്ചു. ‘കേരളം മാത്രമല്ല, ഭാരതവും, ചുവപ്പന്മാരിൽനിന്ന് വിമോചിതമാക്കും. മാത്രമല്ല, മന്നം തന്റെ രണാശ്വത്തെ മുഖ്യമന്ത്രിയുടെ ചേമ്പറിൽ കൊണ്ടുചെന്ന് കെട്ടുകയും ചെയ്യും.' (‘മലയാളരാജ്യം', ജൂൺ 2, 1959.; പുതുപ്പള്ളി രാഘവൻ ‘വിപ്ലവസ്മരണകൾ' എന്ന ആത്മകഥയിലും കെ.ജി.ഗോപാലകൃഷ്ണൻ, കുരിയാസ് കുമ്പളക്കുഴി, കെ.രാജേശ്വരി തുടങ്ങിയവർ വിമോചനസമരത്തെക്കുറിച്ചുള്ള പുസ്തകങ്ങളിലും ഇക്കാര്യം ഉദ്ധരിച്ചിട്ടുണ്ട്.)
ഈ സമരത്തെ അശ്വമേധയാഗത്തോട് തുലനം ചെയ്ത്​ മന്നം ഇപ്രകാരം പ്രഖ്യാപിച്ചു: ‘‘ഇക്കാര്യത്തിൽ യാതൊരു സംശയത്തിനും ഇടമില്ല. മന്നം നേരിട്ട് യാഗാശ്വത്തെ സെക്രട്ടറിയറ്റ് കെട്ടിടത്തിൽ കൊണ്ടുപോകുകയും മുഖ്യമന്ത്രി നമ്പൂതിരിപ്പാടിന്റെ ഓഫിസ് മുറിയിൽ അതിനെ കെട്ടിയിടുകയും ചെയ്യും'' (‘മലയാളരാജ്യം'; ജൂൺ 23, 1959.).

വിമോചന സമര പ്രചാരണത്തിന്റെ ഭാഗമായി കുട്ടനാട്ടിൽ മന്നത്ത് പത്മനാഭന് ലഭിച്ച സ്വീകരണം
വിമോചന സമര പ്രചാരണത്തിന്റെ ഭാഗമായി കുട്ടനാട്ടിൽ മന്നത്ത് പത്മനാഭന് ലഭിച്ച സ്വീകരണം

ഒരു പൗരാണിക ആരാധനാമൂർത്തിയെപോലെ സിംഹാസനാരൂഢനായ മന്നത്തെ മധ്യകാല മത ഘോഷയാത്രയെ അനുസ്മരിപ്പിക്കുന്നവിധത്തിൽ ആനയിക്കുന്നത് അദ്ദേഹം പിന്താങ്ങിയ സാമുദായിക പ്രതിലോമ താൽപര്യങ്ങളോട് യോജിച്ചുപോകുന്നതായിരുന്നു. തന്റെ പ്രചാരണത്തിന്റെ പ്രാരംഭഘട്ടത്തിൽ മന്നത്ത് പത്മനാഭൻ മൂന്നു കാര്യങ്ങൾ അംഗീകരിച്ചിരുന്നു. ആദ്യത്തേത്, വിദ്യാഭ്യാസ നിയമവുമായി ബന്ധപ്പെട്ടതായിരുന്നു. മുഖ്യമന്ത്രിക്കുള്ള തുറന്ന കത്തിൽ അദ്ദേഹത്തിന്റെ മുന്നറിയിപ്പ് അടങ്ങുന്നതായിരുന്നു അത് (‘മലയാളരാജ്യം'; മാർച്ച് 29, 1959).
രണ്ടാമതായി അദ്ദേഹം ഭൂനിയമത്തെ എതിർത്തു. പന്മന പ്രഭാഷണത്തിൽ മന്നം ഇങ്ങനെ പ്രഖ്യാപിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടു: ‘‘പാസാക്കപ്പെട്ട മുണ്ടശ്ശേരിയുടെ നിയമം (കേരള വിദ്യാഭ്യാസനിയമം) ചവറ്റുകൊട്ടയിലെറിയാനുള്ള കഴിവ് നായന്മാർക്കുണ്ട്. പാസാക്കാൻ പോകുന്ന ഗൗരിയുടെ നിയമത്തിനും (കേരള കാർഷികബന്ധ ബിൽ) ഇതേ ഗതി തന്നെയായിരിക്കും. ആവശ്യമെങ്കിൽ ഒരു നിയമലംഘന പരിപാടി സംഘടിപ്പിക്കാൻ ഞങ്ങൾ തീരുമാനിച്ചുണ്ട്.'' (‘മലയാളി', ഏപ്രിൽ 25 ,1959).

തിരുവല്ലയിലെ പ്രസംഗത്തിനിടയിൽ മന്നം ഇപ്രകാരം പ്രഖ്യാപിച്ചതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്: ‘‘അധികഭൂമി ഏറ്റെടുക്കണം എന്ന് പറഞ്ഞുവരുന്നവരെ ജീവനോടെ തിരിച്ചയക്കാൻ സാധ്യമല്ല. അതിൽ എനിക്ക് വിഷമമുണ്ട്. കമ്യൂണിസ്റ്റ് മന്ത്രിമാരുൾപ്പെടെ സർവരും ജീവനോടെയിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.'' (‘ദേശബന്ധു', ഏപ്രിൽ 14, 1959).

പ്രത്യക്ഷസമരം ആരംഭിക്കാനുള്ള തങ്ങളുടെ അചഞ്ചലമായ തീരുമാനം അറിയിച്ച് 1959 മാർച്ച് 28 ന് മന്നത്ത് പത്മനാഭൻ മുഖ്യമന്ത്രിക്ക് അന്ത്യശാസനം നൽകി കമ്യൂണിസ്റ്റ് സർക്കാറിനെ അധികാരത്തിൽ നിന്ന് പുറം തള്ളാനുള്ള തന്റെ ഉദ്ദേശ്യം അങ്ങനെ അദ്ദേഹം തുറന്ന് പ്രഖ്യാപിച്ചു.

ഭരണഘടനയുടെ 16 (4) വകുപ്പ് പ്രകാരം അനുവദിക്കപ്പെട്ട സാമുദായിക സംവരണ തത്വത്തിന്റെ അടിസ്ഥാനത്തിൽ നായർ യുവാക്കളെ പ്രകോപിപ്പിക്കുന്നതിലാണ് മൂന്നാമതായി മന്നത്ത് പത്മനാഭൻ ശ്രദ്ധയൂന്നിയത്. കേരള സർക്കാർ സാമുദായിക സംവരണം ഉപേക്ഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഈഴവരെ വിമർശിക്കുന്നതിന് അദ്ദേഹം ഉപയോഗിച്ച മോശമായ ഭാഷ ഒരു ഘട്ടത്തിൽ സ്‌ഫോടനാത്മകമായ സ്ഥിതിവിശേഷം സൃഷ്ടിച്ചു. ഇത് നായർ- ഈഴവ സമുദായങ്ങൾക്കിടയിൽ ശക്തമായ വിയോജിപ്പുണ്ടാക്കി.
കമ്യൂണിസ്റ്റ് സർക്കാറിനെതിരെയുള്ള പ്രക്ഷോഭത്തിൽ പെട്ടെന്നുതന്നെ എൻ.എസ്.എസ് ക്രൈസ്തവസഭയുമായി കൈകോർത്തു. എൻ.എസ്.എസ് ആസ്ഥാനമായ പെരുന്നയിലും കൊട്ടാരക്കരയിലും സമ്മേളിച്ച നായന്മാരെ അഭിസംബോധന ചെയ്ത് മന്നത്ത് പത്മനാഭൻ നടത്തിയ പ്രസംഗങ്ങൾ പ്രധാനമായും പ്രക്ഷോഭതന്ത്രങ്ങൾ അക്രമാസക്തമാക്കാൻ ഉദ്ദേശിച്ചുള്ളതായിരുന്നു. ‘‘നായർ സമുദായത്തിന്റെ താൽപര്യങ്ങളെ അപകടപ്പെടുത്തുന്ന വിധത്തിലേക്ക് ഇത് (ഈഴവപ്രീണനം) വളർന്നു വികസിച്ചിട്ടുണ്ട്. അതിനാൽ പ്രവർത്തിക്കുകയോ മരിക്കുകയോ എന്നതായിരിക്കണം നമ്മുടെ നയം'' (മലയാളരാജ്യം, ഡിസംബർ 31, 1958, ‘മന്നത്ത് പത്മനാഭന്റെ പ്രസംഗങ്ങൾ’). ഇതായിരുന്നു മന്നത്തിന്റെ പ്രഖ്യാപനം.

പ്രക്ഷോഭം തീവ്രത കുറയാതെ തുടരുന്നതിന് മന്നത്ത് പത്മനാഭന്റെ മേൽനോട്ടത്തിൽ ഒരു കർമസമിതി രൂപീകരിച്ചു. അങ്ങനെ ഭരണഘടനാപരമായി സ്ഥാപിതമായ കമ്യൂണിസ്റ്റ് സർക്കാറിനെ താഴെയിറക്കാൻ എൻ.എസ്.എസ് പ്രത്യക്ഷത്തിൽ തന്നെ പ്രതിജ്ഞാബദ്ധമായി. കേരള സ്‌കൂൾ മാനേജേഴ്‌സ് അസോസിയേഷെന്റ സ്‌കൂൾ അടച്ചുപൂട്ടൽ പ്രസ്ഥാനത്തെ പിന്തുണക്കുന്നതിന് ‘നായർ സന്നദ്ധ സംഘം' രൂപീകരിക്കാനുള്ള തീരുമാനം 1959 മാർച്ച് 27 ന് കോട്ടയത്ത് ചേർന്ന മറ്റൊരു യോഗത്തിൽ കൈക്കൊണ്ടിരുന്നു. (മലയാള മനോരമ; മാർച്ച് 31, 1959). പ്രത്യക്ഷസമരം ആരംഭിക്കാനുള്ള തങ്ങളുടെ അചഞ്ചലമായ തീരുമാനം അറിയിച്ച് 1959 മാർച്ച് 28 ന് മന്നത്ത് പത്മനാഭൻ മുഖ്യമന്ത്രിക്ക് അന്ത്യശാസനം നൽകി (മലയാള മനോരമ; ഏപ്രിൽ 1, 1959). കേരളാ സ്‌കൂൾ മാനേജേഴ്‌സ് അസോസിയേഷൻ രൂപീകരിച്ച കർമസമിതിയുടെ അധ്യക്ഷനെന്ന നിലയിൽ മന്നത്ത് പത്മനാഭൻ ഇതേ കാര്യത്തിന് മറ്റൊരു അന്ത്യശാസനവും കൂടി താമസിയാതെ നൽകി. (‘മന്നത്ത് പത്മനാഭന്റെ പ്രസംഗങ്ങൾ’; ചങ്ങനാശ്ശേരി, 1982, പുറം 182-184.). കമ്യൂണിസ്റ്റ് സർക്കാറിനെ അധികാരത്തിൽ നിന്ന് പുറം തള്ളാനുള്ള തന്റെ ഉദ്ദേശ്യം അങ്ങനെ അദ്ദേഹം തുറന്ന് പ്രഖ്യാപിച്ചു.

സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിക്കൊണ്ടുള്ള വിളംബരം. വലതുപക്ഷശക്തികൾ നയിച്ച വിമോചനസമരത്തിന്റെ ഫലമായാണ് കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് സർക്കാറിനെ കേന്ദ്ര സർക്കാർ അധികാരത്തിൽ നിന്ന് പുറത്താക്കിയത്.
സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിക്കൊണ്ടുള്ള വിളംബരം. വലതുപക്ഷശക്തികൾ നയിച്ച വിമോചനസമരത്തിന്റെ ഫലമായാണ് കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് സർക്കാറിനെ കേന്ദ്ര സർക്കാർ അധികാരത്തിൽ നിന്ന് പുറത്താക്കിയത്.

കമ്യൂണിസ്റ്റ് വിരുദ്ധ ശകതികളെ ഏകോപിപ്പിക്കുന്നതിന് ക്രിസ്ത്യാനികളോടും മുസ്‌ലിംകളോടും തോളോടുതോൾ ചേർന്ന് പ്രവർത്തിക്കണമെന്ന് മന്നത്ത് പത്മനാഭൻ നായന്മാരോട് ആവശ്യപ്പെട്ടു. ‘‘എല്ലാ ദൂഷ്യങ്ങളുടെയും മൂർത്തിമത്ഭാവമായ നിലവിലുള്ള സർക്കാറിനെ പൂർണമായും അധികാരത്തിൽ നിന്ന് പുറത്താക്കുന്നതിനുവേണ്ടിയുള്ള ഈ പോരാട്ടം നാം ഒറ്റയ്ക്കല്ല നടത്തേണ്ടത്. ഈ പ്രക്രിയയിൽ, നമ്മൾ തീർച്ചയായും, ക്രിസ്ത്യാനികളേയും മുസ്‌ലിംകളേയും പോലെയുള്ള സമുദായങ്ങളുമായി സഖ്യത്തിലേർപ്പെടണം. എന്തുകൊണ്ടെന്നാൽ ദുഷ്ചിന്തകളാൽ വലയം ചെയ്യപ്പെട്ട ഈ സർക്കാറിനുകീഴിൽ അവരുടെ താൽപര്യങ്ങളും അപകടത്തിൽപെട്ടിരിക്കുകയാണ്. അതിനാൽ നാം വിഭാവനം ചെയ്യുന്ന ‘നായർ സമുദായത്തിന്റെ ഭാവി സമ്മേളനങ്ങൾ' സർക്കാറിനെതിരെയുള്ള പോരാട്ടത്തെ ഈർജ്ജിതമാക്കാനുള്ള യോഗങ്ങളായി പരിവർത്തിപ്പിക്കണം. പ്രസ്തുത പോരാട്ടം നായന്മാരുടേയും, ക്രൈസ്തവരുടേയും മുസ്‌ലിംകളുടേയും സംയുകതാഭിമുഖ്യത്തിൽ ആയിരിക്കുകയും വേണം.'' (മലയാളരാജ്യം; ഏപ്രിൽ 23, 1959).

നായർ സർവീസ് സൊസൈറ്റിയും ക്രൈസ്തവസഭയും യോജിച്ച് സംസ്ഥാനവ്യാപകമായി പ്രതിഷേധ യോഗങ്ങൾ സംഘടിപ്പിച്ചു. ഇത്തരം യോഗങ്ങളിൽ നായർ നേതാക്കൾ നടത്തിയ പ്രസംഗങ്ങളിലൂടെ വെളിവായ അവരുടെ ഉറച്ച പിന്തുണ ഒരു വിഭാഗം ക്രിസ്ത്യാനികളിൽ ഒരു ധിക്കാരഭാവം വളർത്തി. ഇത് കേരളത്തിൽ കമ്യൂണിസ്റ്റ് വിരുദ്ധ പോരാട്ടം ശക്തിപ്പെടുത്തിയിരുന്ന കത്തോലിക്ക സഭയെ ഉത്തേജിപ്പിച്ചു. പ്രമുഖ കത്തോലിക്കാ നേതാവും പി.എസ്.പി. എം.എൽ.എയുമായ ജോസഫ് ചാഴിക്കാടന്റെ പ്രസംഗം സംഗതമാണ്. അദ്ദേഹം ഇപ്രകാരം ഉറപ്പിച്ചു പറഞ്ഞു: ‘‘നമ്മുടെ ഭൗതികവും ആത്മീയവുമായ അധഃപതനത്തിനുത്തരവാദിയായ സർക്കാറിനെ പുറംതള്ളുന്നതിനായി നായന്മാരുമായുള്ള ചങ്ങാത്തത്തിൽ എന്തു ത്യാഗം സഹിക്കാനും ക്രൈസ്​തവർ സന്നദ്ധമാണ്. ഈ ശ്രേഷ്ഠമായ ലക്ഷ്യത്തിന്​ എത്ര ജീവൻ ബലിയർപ്പിക്കാനും നമ്മൾ തയ്യാറാണ്.'' (മലയാളരാജ്യം; ഏപ്രിൽ 30, 1959). നായന്മാരുടേയും ക്രൈസ്തവരുടേയും കേരളാ സ്‌കൂൾ മാനേജേഴ്‌സ് അസോസിയേഷന്റെയും പ്രതിനിധികളടങ്ങുന്ന, മന്നത്ത് പത്മനാഭൻ നേതൃത്വം നൽകിയ വിമോചനസമര സമിതിയുടെ രൂപീകരണം (1959 മെയ് ഒന്നിന്) വിമോചനസമരമെന്ന് വിളിക്കപ്പെടുന്ന പോരാട്ടത്തിന് തുടക്കം കുറിച്ചു.

വിമോചന സമരത്തിന്റെ സർവ സൈന്യാധിപനായി അവരോധിക്കപ്പെട്ടത് നായർ സർവീസ് സൊസൈറ്റിയുടെ കുലപതി മന്നത്ത് പത്മനാഭനായിരുന്നു.

കത്തോലിക്കാ സഭയുടെ ശിക്ഷണത്തിൽ സംഘടിപ്പിക്കപ്പെട്ടിരുന്ന ആന്റി കമ്യൂണിസ്റ്റ് ഫ്രണ്ട് (എ.സി.എഫ്), ക്രിസ്റ്റഫർ സേന തുടങ്ങിയ സന്നദ്ധ സേനകളും വിവിധ സമ്മർദ്ദ ഗ്രൂപ്പുകളും ജാതി- മത- സാമുദായിക സംഘടനകളും പ്രതിപക്ഷ പാർട്ടികളും സംയുക്തമായി കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റ് സർക്കാരിനെതിരെ സംഘടിപ്പിച്ച അക്രമാസക്ത പ്രക്ഷോഭമായിരുന്നു വിമോചന സമരം. വിമോചന സമരത്തിന്റെ സർവ സൈന്യാധിപനായി അവരോധിക്കപ്പെട്ടത് നായർ സർവീസ് സൊസൈറ്റിയുടെ കുലപതി മന്നത്ത് പത്മനാഭനായിരുന്നു. കമ്യൂണിസ്റ്റ് വിരുദ്ധ വൈദേശിക ശകതികളുടെ നിർലോഭമായ സഹായ സഹകരണത്തോടെ വൻതോതിൽ വിഭവങ്ങൾ ഉപയോഗപ്പെടുത്തി സംഘടിപ്പിച്ച വിമോചന സമരത്തിന്റെ അവസാനം കേന്ദ്രസർക്കാർ ഭരണഘടനയുടെ 356-ാം വകുപ്പ് പ്രയോഗിച്ച് കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റ് സർക്കാരിനെ പിരിച്ചുവിട്ടു.

പൗരസമൂഹത്തിലെ സാമാന്യ ജനവിഭാഗത്തിന് മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ പ്രദാനം ചെയ്യുക എന്ന ലക്ഷ്യം മുൻനിർത്തി ഒട്ടേറെ നിയമങ്ങളും ചട്ടങ്ങളും ഭരണപരിഷ്‌കരണ നടപടികളും ചുരുങ്ങിയ കാലയളവിനുളളിൽ ആവിഷ്‌കരിച്ച് നടപ്പിലാക്കിയ 1957-ലെ കമ്യൂണിസ്റ്റ് സർക്കാർ കാലാവധി പകുതിപോലും തികയുന്നതിനുമുമ്പെ ജനാധിപത്യ ക്രൂശീകരണത്തിന് വിധേയമായി. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


ഡോ. പി.എം. സലിം

സാമൂഹ്യശാസ്ത്ര ഗവേഷകൻ. ആനുകാലികങ്ങളിൽ ലേഖനങ്ങൾ എഴുതാറുണ്ട്. കമ്മ്യൂണിസ്റ്റ്‌ ഭരണവും വിമോചന സമരവും: ഒരു ചരിത്രന്യോഷണം എന്ന പുസ്തകം മലയാളത്തിലും കന്നടത്തിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments