'ഒരാൾ സ്വന്തം ജനതയുടെ മണ്ണിനും സ്വാതന്ത്ര്യത്തിനുമായി പൊരുതി ബ്രിട്ടീഷ് ജയിലിൽ ജീവൻ വെടിഞ്ഞു. മറ്റൊരാൾ ബ്രിട്ടീഷ് ഭരണകൂടത്തോട് ആവർത്തിച്ച് ദയാഹർജികൾ സമർപ്പിച്ച് മോചനം നേടി. ഇന്ന് ഈ രണ്ടു ജീവിതങ്ങളെയും ഒരേ രാഷ്ട്രീയത്തിന്റെ സൗകര്യത്തിനനുസരിച്ച് അവതരിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു.'
നവംബർ 15. ഇന്ത്യൻ ചരിത്രത്തിൽ അടയാളപ്പെടുത്തേണ്ട ഒരു ദിനം
1875 നവംബർ 15-ന് ഇന്നത്തെ ജാർഖണ്ഡിലെ ഉലിഹാതു ഗ്രാമത്തിൽ ജനിച്ച ബിർസാ മുണ്ടയുടെ 151-ാം ജന്മദിനം. ഇന്ത്യയുടെ സ്വാതന്ത്ര്യസമരചരിത്രത്തിൽ ആദിവാസി ജനതയുടെ പോരാട്ടവീര്യത്തിന്റെയും ആത്മാഭിമാനത്തിന്റെയും പ്രതിരോധത്തിന്റെയും പ്രതീകമായി മാറിയ വിപ്ലവകാരിയുടെ ജന്മദിനം. എന്നാൽ ബിർസാ മുണ്ടയുടെ ജന്മദിനം കേവലം ഒരു ചരിത്രപുരുഷനെ അനുസ്മരിക്കാനുള്ള സന്ദർഭമല്ല. ഇന്ത്യൻ ചരിത്രത്തിൽ വ്യത്യസ്തമായ രാഷ്ട്രീയ ജീവിതം നയിച്ച രണ്ടു വ്യക്തിത്വങ്ങളെ താരതമ്യം ചെയ്യാനും അതിലൂടെ ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയത്തിലെ ചില അസുഖകരമായ ചോദ്യങ്ങൾ ഉയർത്താനും കൂടിയുള്ള അവസരമാണ്. ഒരു വശത്ത് ബിർസാ മുണ്ട സ്വന്തം ജനതയുടെ ഭൂമിക്കും സ്വയംഭരണത്തിനും സാംസ്കാരിക സ്വത്വത്തിനും വേണ്ടി ബ്രിട്ടീഷ് സാമ്രാജ്യത്വത്തോട് ഏറ്റുമുട്ടിയ വിപ്ലവകാരി.
മറുവശത്ത് വിനായക് ദാമോദർ സവർക്കർ ആദ്യകാലത്ത് ബ്രിട്ടീഷ് വിരുദ്ധ വിപ്ലവപ്രവർത്തനങ്ങളിൽ പങ്കെടുത്തെങ്കിലും പിന്നീട് ബ്രിട്ടീഷ് ഭരണകൂടത്തിന് ആവർത്തിച്ച് ദയാഹർജികൾ സമർപ്പിക്കുകയും രാഷ്ട്രീയ നിയന്ത്രണങ്ങളോടെ ജയിൽമോചിതനാകുകയും ചെയ്ത വ്യക്തി. പിന്നീട് ഹിന്ദുത്വ വിഭജന രാഷ്ട്രീയത്തിന്റെ പ്രമുഖ സൈദ്ധാന്തികനും നേതാവുമായി മാറിയ ആൾ. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ നെടുംതൂണായിരുന്നു ഗാന്ധിയെ വെടിവെച്ചു കൊല്ലുന്ന ഗൂഢാലോചന കേസിലെ പ്രതിയായിരുന്ന ആൾ.
ഇവരുടെ ജീവിതങ്ങളെ താരതമ്യം ചെയ്യുമ്പോൾ ചരിത്രം ഉയർത്തുന്ന ചോദ്യം ഇതാണ്: 'സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള യഥാർഥ പോരാട്ടം എന്തായിരുന്നു? ആരുടെ ജീവിതമാണ് ഇന്ത്യയുടെ ജനാധിപത്യ-മതനിരപേക്ഷ ഭാവിക്ക് പ്രചോദനമാകേണ്ടത്?'
ബിർസാ മുണ്ട: മണ്ണിന്റെ അവകാശത്തിനുവേണ്ടി ഉയർന്ന ജനതയുടെ ശബ്ദം
കൊളോണിയൽ ഭരണകൂടം ഇന്ത്യയിലെ ആദിവാസി ജനതയുടെ ജീവിതവ്യവസ്ഥയെ തകർത്തുകൊണ്ടിരുന്ന കാലത്താണ് ബിർസാ മുണ്ടയുടെ ഉദയം. ജാർഖണ്ഡിലെ ചോട്ടാനാഗ്പൂർ മേഖലയിൽ തലമുറകളായി ആദിവാസികൾ അനുഭവിച്ചുപോന്ന ഭൂമിയുടെ കൂട്ടവകാശവും പരമ്പരാഗത സാമൂഹിക സംവിധാനങ്ങളും ബ്രിട്ടീഷ് ഭരണവും അതിന്റെ ഒത്താശയോടെ പ്രവർത്തിച്ച ജന്മിമാരും പണമിടപാടുകാരും കരാറുകാരും ചേർന്ന് തകർത്തു. ആദിവാസികളുടെ ഭൂമി അന്യാധീനപ്പെടുകയും അവർ സ്വന്തം മണ്ണിൽത്തന്നെ അന്യരായി മാറുകയും ചെയ്തു. ഈ ചൂഷണത്തിനെതിരെയാണ് ബിർസാ മുണ്ട ജനതയെ സംഘടിപ്പിച്ചത്. മതപരവും സാമൂഹികവുമായ നവീകരണ പ്രവർത്തനങ്ങളിലൂടെ ആദിവാസി സമൂഹത്തിൽ ആത്മാഭിമാനവും ഐക്യബോധവും വളർത്തി. സ്വന്തം സംസ്കാരത്തിലും ഭൂമിയിലും ജീവിതരീതിയിലും ആദിവാസികൾക്കുള്ള അവകാശം ഉയർത്തിപ്പിടിച്ചു.

ഉൽഗുലാൻ: സാമ്രാജ്യത്വത്തിനെതിരായ മഹാകലാപം
ബിർസയുടെ നേതൃത്വത്തിൽ വളർന്ന പ്രസ്ഥാനം 'ഉൽഗുലാൻ' എന്ന പേരിലാണ് ചരിത്രത്തിൽ അറിയപ്പെടുന്നത്. മഹത്തായ കലാപം അഥവാ വലിയ പ്രക്ഷോഭം എന്നാണ് അതിന്റെ അർഥം. 1899-1900 കാലഘട്ടത്തിൽ ഉൽഗുലാൻ ശക്തമായ ബ്രിട്ടീഷ് വിരുദ്ധ കലാപമായി മാറി. ബ്രിട്ടീഷ് ഭരണകൂടത്തെയും അതിന്റെ ചൂഷണസംവിധാനങ്ങളെയും വെല്ലുവിളിച്ച ഈ പ്രക്ഷോഭത്തിന്റെ കേന്ദ്രലക്ഷ്യം ആദിവാസികളുടെ ഭൂമിയും സ്വയംഭരണവും തിരിച്ചുപിടിക്കുക എന്നതായിരുന്നു. 'അബുവാ രാജ് സേതർ ജാനാ, മഹാറാണി രാജ് തുണ്ടു ജാനാ' എന്ന മുദ്രാവാക്യത്തിന്റെ അന്തഃസത്ത സ്വന്തം ഭരണം സ്ഥാപിക്കുകയും രാജ്ഞിയുടെ ഭരണം അവസാനിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു.
1900 ജനുവരിയിൽ ഡോംബാരി ബുരുവിൽ ബ്രിട്ടീഷ് സൈന്യം നടത്തിയ വെടിവെപ്പിൽ നിരവധി ആദിവാസികൾ കൊല്ലപ്പെട്ടു. ബിർസയെയും അനുയായികളെയും അടിച്ചമർത്താൻ ബ്രിട്ടീഷ് ഭരണകൂടം ശക്തമായ സൈനിക നടപടികൾ സ്വീകരിച്ചു.
25-ാം വയസ്സിൽ അവസാനിച്ച ജീവിതം, അവസാനിക്കാത്ത പോരാട്ടം
1900 ഫെബ്രുവരി 3-ന് ബിർസ അറസ്റ്റിലായി. വിചാരണയും തടവും നേരിട്ട അദ്ദേഹം ജൂൺ 9-ന് വെറും 25-ാം വയസ്സിൽ റാഞ്ചി ജയിലിൽ മരിച്ചു. ഔദ്യോഗികമായി രോഗബാധയാണ് മരണകാരണമെന്ന് രേഖപ്പെടുത്തിയെങ്കിലും അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ച് ഇന്നും സംശയങ്ങൾ നിലനില്ക്കുന്നു. അദ്ദേഹത്തിന്റെ മരണം ഒരു ജനതയുടെ പോരാട്ടത്തെ അവസാനിപ്പിച്ചില്ല. ആദിവാസി ഭൂമിയുടെ അവകാശങ്ങൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ബ്രിട്ടീഷ് ഭരണകൂടത്തിന് അംഗീകരിക്കേണ്ടിവന്നു. പിന്നീട് 1908-ൽ നിലവിൽവന്ന ചോട്ടാനാഗ്പൂർ ടെനൻസി നിയമം ആദിവാസി ഭൂമിയുടെ കൈമാറ്റത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ബിർസാ മുണ്ടയുടെ സംഭാവന ഒരു കലാപത്തിന്റെ നേതൃത്വം മാത്രമായിരുന്നില്ല. ഭൂമിയുടെ അവകാശം, സാമൂഹിക നീതി, സാംസ്കാരിക സ്വത്വം, ജനതയുടെ സ്വയംഭരണം എന്നിവയെ കൂട്ടിയിണക്കിയ രാഷ്ട്രീയ ദർശനമായിരുന്നു അത്. ബിർസാ മുണ്ട ജീവിച്ചത് 25 വർഷം മാത്രം. പക്ഷേ, ഒരു ജനതയുടെ തലമുറകളെ പ്രചോദിപ്പിക്കുന്ന പോരാട്ടചരിത്രം അവശേഷിപ്പിച്ചാണ് അദ്ദേഹം കടന്നുപോയത്.
വിപ്ലവകാരിയിൽനിന്ന് മാപ്പപേക്ഷകനിലേക്ക്: സവർക്കറുടെ രാഷ്ട്രീയ പരിണാമം
1883 മേയ് 28-ന് മഹാരാഷ്ട്രയിലെ നാസിക്കിനടുത്തുള്ള ഭഗൂരിൽ ജനിച്ച വിനായക് ദാമോദർ സവർക്കർ ആദ്യകാലത്ത് ബ്രിട്ടീഷ് വിരുദ്ധ വിപ്ലവപ്രവർത്തനങ്ങളിൽ സജീവമായിരുന്നു. 1904-ൽ അഭിനവ് ഭാരത് എന്ന സംഘടന രൂപീകരിച്ചു. പിന്നീട് ലണ്ടനിലെ ഇന്ത്യാ ഹൗസുമായി ബന്ധപ്പെട്ട് ഇന്ത്യൻ വിപ്ലവപ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങളിൽ പങ്കാളിയായി. 1857-ലെ കലാപത്തെ ഒന്നാം സ്വാതന്ത്ര്യസമരമായി വിശേഷിപ്പിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ പുസ്തകം ബ്രിട്ടീഷ് ഭരണകൂടം നിരോധിച്ചിരുന്നു.
1910-ൽ അറസ്റ്റിലായ വി ഡി സവർക്കർക്ക് നാസിക് ഗൂഢാലോചനക്കേസുകളുമായി ബന്ധപ്പെട്ട് രണ്ടു ജീവപര്യന്തം തടവുശിക്ഷകൾ ലഭിച്ചു. 1911-ൽ ആൻഡമാനിലെ സെല്ലുലാർ ജയിലിലെത്തി. സവർക്കറുടെ ജീവിതത്തിലെ ഏറ്റവും നിർണായകമായ അധ്യായം ആരംഭിക്കുന്നത് ഇവിടെയാണ്.
ദയാഹർജികൾ: ചരിത്രം മറക്കാത്ത രേഖകൾ
സെല്ലുലാർ ജയിലിലെ കഠിനമായ ജീവിതവും ഏകാന്തതടവും ശാരീരിക പീഡനങ്ങളും വി ഡി സവർക്കർ അനുഭവിച്ചു. എന്നാൽ ജയിൽവാസത്തിനിടയിൽ ബ്രിട്ടീഷ് ഭരണകൂടത്തോട് പലതവണ മോചനത്തിനായി അപേക്ഷകൾ സമർപ്പിക്കുകയും ചെയ്തു. 1911-ൽ ആദ്യ ദയാഹർജി. 1913 നവംബർ 14-ന് ബ്രിട്ടീഷ് സർക്കാരിന്റെ ഹോം മെമ്പർ സർ റെജിനാൾഡ് ക്രാഡോക്കിന് മറ്റൊരു അപേക്ഷ. 1914, 1917, 1920 തുടങ്ങിയ വർഷങ്ങളിലും അപേക്ഷകൾ. 1913-ലെ അപേക്ഷയിലെ ഒരു വാചകം പ്രത്യേകം ശ്രദ്ധേയമാണ്:
'I am ready to serve the Government in any capacity they like.'
അതായത്, സർക്കാർ ആഗ്രഹിക്കുന്ന ഏതു നിലയിലും സേവനം ചെയ്യാൻ താൻ തയ്യാറാണെന്നായിരുന്നു വി ഡി സവർക്കറുടെ വാഗ്ദാനം. തന്നെ മോചിപ്പിച്ചാൽ ഭരണഘടനാപരമായ മാർഗത്തിന്റെ ശക്തനായ വക്താവായി മാറുമെന്നും തന്നെ പിന്തുടരുന്ന യുവാക്കളെ വിപ്ലവത്തിന്റെ പാതയിൽനിന്ന് പിന്തിരിപ്പിക്കാൻ കഴിയുമെന്നും സവർക്കർ അറിയിച്ചു. 1920-ലെ അപേക്ഷയിലും മോചനത്തിനായുള്ള അഭ്യർഥന ആവർത്തിച്ചു.
ജയിൽമോചനത്തിനായി അപേക്ഷ സമർപ്പിക്കുക എന്നത് തടവുകാരന്റെ അവകാശമാണ്. എന്നാൽ സവർക്കറുടെ ദയാഹർജികളിൽ ശ്രദ്ധിക്കേണ്ടത് അപേക്ഷ സമർപ്പിച്ചു എന്നതുമാത്രമല്ല; മോചനം ലഭിച്ചാൽ ബ്രിട്ടീഷ് ഭരണകൂടത്തോട് സ്വീകരിക്കാമെന്ന് ഉറപ്പുനൽകിയ രാഷ്ട്രീയ നിലപാടുകളും കൂടിയാണ്. സവർക്കറുടെ അനുയായികൾ ഇതിനെ തന്ത്രപരമായ നീക്കമായി വ്യാഖ്യാനിക്കാറുണ്ട്. പക്ഷേ, ചരിത്രരേഖകളിൽ എഴുതപ്പെട്ട വാക്കുകളെ രാഷ്ട്രീയ സൗകര്യത്തിനനുസരിച്ച് മായ്ച്ചുകളയാനാവില്ല.

ജയിൽമോചനവും ഹിന്ദുത്വ വിഭജന രാഷ്ട്രീയത്തിലേക്കുള്ള വഴിമാറ്റവും
1924 ജനുവരി 6-ന് സവർക്കർ മോചിതനായി. എന്നാൽ അത് നിരുപാധികമായ മോചനമായിരുന്നില്ല. രത്നഗിരി ജില്ലയിൽ താമസിക്കണം, രാഷ്ട്രീയ പ്രവർത്തനങ്ങളിൽ ഏർപ്പെടരുത് തുടങ്ങിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. 1923-ൽ പ്രസിദ്ധീകരിച്ച 'Hindutva: Who is a Hindu?' എന്ന കൃതിയിലൂടെ ഹിന്ദുത്വത്തിന് രാഷ്ട്രീയ-സാംസ്കാരിക സൈദ്ധാന്തിക രൂപം നൽകി. മതവിശ്വാസം മാത്രമല്ല, ഒരു പ്രത്യേക സാംസ്കാരികവും ഭൂമിശാസ്ത്രപരവുമായ ദേശീയ സ്വത്വമാണ് ഹിന്ദുത്വത്തിന്റെ അടിസ്ഥാനമെന്ന് വി ഡി സവർക്കർ വാദിച്ചു. സംഘപരിവാർ രാജ്യത്ത് നടത്തുന്ന എല്ലാ രാഷ്ട്രീയ ഇടപെടലുകളും ഈ ലക്ഷ്യം മുൻനിർത്തി കൊണ്ടുള്ളതാണ്. 1937-ൽ ഹിന്ദു മഹാസഭയുടെ പ്രസിഡന്റായി. പിന്നീട് ഹിന്ദുരാഷ്ട്ര സങ്കൽപ്പവും ദ്വിരാഷ്ട്രവാദവുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ നിലപാടുകളും ഇന്ത്യൻ രാഷ്ട്രീയത്തിലെ പ്രധാന ചർച്ചാവിഷയങ്ങളായി. 1992_ ഡിസംബർ 6-ന് ബാബറി മസ്ജിദ് തകർത്തത് മുതൽ എസ്ഐആർ വരെയുള്ള കാര്യങ്ങളെല്ലാം ഈ വിഭജന രാഷ്ട്രീയത്തിന്റെ ഭാഗമാണെന്ന് നമുക്ക് തിരിച്ചറിയാൻ കഴിയും. ഇന്ന് സംഘപരിവാർ നേതൃത്വം നൽകുന്ന ഭരണകൂട സംവിധാനങ്ങൾ സവർക്കർ മുന്നോട്ടുവെച്ച വിഭജന രാഷ്ട്രീയത്തിൽ ഊന്നിനിന്നുകൊണ്ട് തന്നെയുള്ളതാണ്. വി ഡി സവർക്കറുടെ ദയാഹർജികളെയും പിന്നീട് സ്വീകരിച്ച രാഷ്ട്രീയ നിലപാടുകളെയും നമുക്ക് വിമർശനാത്മകമായി വിലയിരുത്താൻ കഴിയേണ്ടതുണ്ട്.
രണ്ടു ജീവിതങ്ങൾ, രണ്ടു രാഷ്ട്രീയ ദിശകൾ
ബിർസാ മുണ്ടയുടെയും സവർക്കറുടെയും ജീവിതങ്ങൾ തമ്മിലുള്ള അടിസ്ഥാന വ്യത്യാസം അവരുടെ പോരാട്ടങ്ങളുടെ രാഷ്ട്രീയ ലക്ഷ്യത്തിലും അധികാരത്തോടുള്ള സമീപനത്തിലുമാണ്. ബിർസാ മുണ്ടയുടെ പോരാട്ടത്തിന്റെ കേന്ദ്രത്തിൽ ഭൂമിയുടെ അവകാശവും ആദിവാസി സ്വയംഭരണവും സാംസ്കാരിക സ്വത്വവുമായിരുന്നു. സ്വന്തം ജനതയുടെ ജീവിതാവകാശങ്ങൾക്കുവേണ്ടി ബ്രിട്ടീഷ് ഭരണകൂടത്തോടും അതിന്റെ ചൂഷണസംവിധാനങ്ങളോടും അദ്ദേഹം ഏറ്റുമുട്ടി. ഒടുവിൽ ബ്രിട്ടീഷ് തടവറയിൽവെച്ച് ജീവിതം അവസാനിച്ചു. സവർക്കറും ആദ്യകാലത്ത് ബ്രിട്ടീഷ് വിരുദ്ധ വിപ്ലവപ്രവർത്തനങ്ങളിൽ പങ്കാളിയായിരുന്നു. എന്നാൽ തടവുകാലത്ത് ബ്രിട്ടീഷ് സർക്കാരിന് ആവർത്തിച്ച് ദയാഹർജികൾ നൽകി. മോചിപ്പിച്ചാൽ സർക്കാരിനെ സേവിക്കാൻ തയ്യാറാണെന്ന് രേഖാമൂലം അറിയിച്ചു. പിന്നീട് ഹിന്ദുത്വ വിഭജന രാഷ്ട്രീയത്തിന്റെ പ്രമുഖ നേതാവായി സവർക്കർ മാറി. ഇവിടെ താരതമ്യം ചെയ്യുന്നത് ഒരാളുടെ ജയിൽവാസത്തിന്റെ കാഠിന്യവും മറ്റൊരാളുടെ ജയിൽവാസത്തിന്റെ കാഠിന്യവും തമ്മിലല്ല. അവരുടെ രാഷ്ട്രീയ ജീവിതത്തിലെ വ്യത്യസ്ത നിലപാടുകളെക്കുറിച്ചാണ്. 'ചരിത്രപുരുഷന്മാരുടെ മഹത്വം നിർണയിക്കേണ്ടത് അവർക്ക് പിന്നീട് ലഭിച്ച ഔദ്യോഗിക വിശേഷണങ്ങളുടെ അടിസ്ഥാനത്തിലല്ല; അവർ ആരുടെ അവകാശങ്ങൾക്കുവേണ്ടി നിലകൊണ്ടു, ആരോടാണ് ഏറ്റുമുട്ടിയത്, അധികാരത്തോട് എങ്ങനെയാണ് പ്രതികരിച്ചത് എന്നതിന്റെ അടിസ്ഥാനത്തിലാണ്.'
'ബിർസാ മുണ്ടയുടെ പേരിൽ സ്മാരകങ്ങൾ പണിയുകയും അദ്ദേഹത്തിന്റെ ചിത്രങ്ങൾക്കുമുന്നിൽ ആദരാഞ്ജലി അർപ്പിക്കുകയും ചെയ്യാം. പക്ഷേ, അദ്ദേഹത്തിന്റെ ജനതയുടെ ഭൂമിയും വിഭവങ്ങളും കോർപ്പറേറ്റ് താൽപര്യങ്ങൾക്ക് വിട്ടുകൊടുക്കുന്ന രാഷ്ട്രീയം തുടരുകയാണെങ്കിൽ അതൊരു ചരിത്രാനുസ്മരണമല്ല, രാഷ്ട്രീയ കാപട്യമാണ്.'
ബിർസാ മുണ്ടയെ സ്വന്തമാക്കാനുള്ള സംഘപരിവാറിന്റെ രാഷ്ട്രീയ നാടകം
ഇവിടെയാണ് ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ വൈരുധ്യം. ബിർസാ മുണ്ടയുടെ ജന്മദിനമായ നവംബർ 15-നെ ജനജാതീയ ഗൗരവ് ദിവസ് ആയി ആചരിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിട്ടുണ്ട്. ആദിവാസി സമൂഹങ്ങളുടെ ചരിത്രവും സംഭാവനകളും അംഗീകരിക്കപ്പെടേണ്ടതാണ്. അതിൽ തർക്കമില്ല. എന്നാൽ ഒരു ചോദ്യം ചോദിക്കാതെ വയ്യ. 'ബിർസാ മുണ്ടയെ ആഘോഷിക്കുന്ന സംഘപരിവാർ അദ്ദേഹത്തിന്റെ രാഷ്ട്രീയത്തെയും ആശയങ്ങളെയും അംഗീകരിക്കുന്നുണ്ടോ? അതോ അദ്ദേഹത്തിന്റെ പേരും ചിത്രവും ആദിവാസി സമൂഹത്തിനിടയിൽ രാഷ്ട്രീയ സ്വാധീനം നേടാനുള്ള ഉപകരണമായി ഉപയോഗിക്കുകയാണോ?' ബിർസാ മുണ്ട ബ്രിട്ടീഷ് സാമ്രാജ്യത്വത്തോടു മാത്രമല്ല ഏറ്റുമുട്ടിയത്. ആദിവാസികളുടെ ഭൂമിയും വിഭവങ്ങളും കൈക്കലാക്കിയ ചൂഷണശക്തികളോടും അവരുടെ അധികാരവ്യവസ്ഥയോടുമായിരുന്നു അദ്ദേഹത്തിന്റെ പോരാട്ടം. ആദിവാസികളുടെ മണ്ണും കാടും പ്രകൃതിവിഭവങ്ങളും അവരുടെ ജീവിതത്തിന്റെ ഭാഗമാണെന്ന രാഷ്ട്രീയബോധ്യമായിരുന്നു ആ പോരാട്ടത്തിന്റെ അടിത്തറ.

എന്നാൽ ഇന്ന് ആദിവാസി മേഖലകളിലെ ഭൂമിയുടെയും വനവിഭവങ്ങളുടെയും മേലുള്ള കോർപ്പറേറ്റ് താൽപര്യങ്ങളും ഖനനമേഖലയിലെ ചൂഷണവും വികസനത്തിന്റെ പേരിലുള്ള കുടിയൊഴിപ്പിക്കലുകളും ചർച്ചയാകുമ്പോൾ സംഘപരിവാർ രാഷ്ട്രീയം എവിടെയാണ് നിലകൊള്ളുന്നത്? ആദിവാസികളുടെ ഭൂമിയവകാശം, വനാവകാശം, ഗ്രാമസഭകളുടെ അധികാരം, സ്വയംഭരണം എന്നിവയ്ക്കുവേണ്ടി ബിർസാ മുണ്ട ഉയർത്തിയ രാഷ്ട്രീയ നിലപാടുകളോട് സംഘപരിവാർ എത്രത്തോളം നീതി പുലർത്തുന്നുണ്ട്? ആദിവാസി സമൂഹത്തിന്റെ ചരിത്രവും സ്വത്വവും ഹിന്ദുത്വത്തിന്റെ വിശാലമായ രാഷ്ട്രീയ സ്വത്വത്തിൽ ലയിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുമ്പോൾ അവരുടെ തനതായ സംസ്കാരത്തിനും സ്വയംഭരണത്തിനും എന്തു സംഭവിക്കുന്നു?
മനുസ്മൃതിയിൽ ഊന്നിയുള്ള ഒരു രാഷ്ട്രീയത്തിന് എങ്ങനെയാണ് ദളിത് - ആദിവാസി സമൂഹത്തെ അതിനകത്തേക്ക് കൊണ്ടുവരാൻ കഴിയുക എന്നുള്ളതും സംഘപരിവാർ ഇവിടെ മറച്ചു പിടിക്കുന്നു. ബിർസാ മുണ്ടയുടെ ചിത്രങ്ങൾ ആദിവാസി മേഖലകളിൽ സ്ഥാപിക്കുന്നതുകൊണ്ട് മാത്രം ആദിവാസി അവകാശങ്ങളുടെ സംരക്ഷകരാകാനാവില്ല.
'ബിർസാ മുണ്ടയുടെ പേരിൽ സ്മാരകങ്ങൾ പണിയുകയും അദ്ദേഹത്തിന്റെ ചിത്രങ്ങൾക്കുമുന്നിൽ ആദരാഞ്ജലി അർപ്പിക്കുകയും ചെയ്യാം. പക്ഷേ, അദ്ദേഹത്തിന്റെ ജനതയുടെ ഭൂമിയും വിഭവങ്ങളും കോർപ്പറേറ്റ് താൽപര്യങ്ങൾക്ക് വിട്ടുകൊടുക്കുന്ന രാഷ്ട്രീയം തുടരുകയാണെങ്കിൽ അതൊരു ചരിത്രാനുസ്മരണമല്ല, രാഷ്ട്രീയ കാപട്യമാണ്.'
ജാർഖണ്ഡിലെ രാഷ്ട്രീയവും ബിർസാ മുണ്ടയുടെ പേരിലുള്ള അവകാശവാദങ്ങളും
ബിർസാ മുണ്ടയുടെ ജന്മനാടായ ജാർഖണ്ഡിൽ അദ്ദേഹത്തിന്റെ പൈതൃകത്തെ രാഷ്ട്രീയമായി സ്വന്തമാക്കാനുള്ള മത്സരമാണ് ഇന്ന് നടക്കുന്നത്. ആദിവാസി സമൂഹത്തിന്റെ ചരിത്രവും അഭിമാനവും ഉയർത്തിപ്പിടിക്കുന്നവരാണെന്ന് അവകാശപ്പെട്ടുകൊണ്ട് ബിജെപി ഉൾപ്പെടെയുള്ള രാഷ്ട്രീയശക്തികൾ ബിർസാ മുണ്ടയുടെ പേരിനെ രാഷ്ട്രീയമായി ഉപയോഗിക്കുന്നു. പിന്നാക്ക വിഭാഗങ്ങളുടെയും ആദിവാസികളുടെയും രാഷ്ട്രീയത്തിൽ തങ്ങൾക്കും പങ്കാളിത്തമുണ്ടെന്ന് തെളിയിക്കാനുള്ള ശ്രമമായും ഈ അനുസ്മരണങ്ങൾ മാറുന്നു. എന്നാൽ ആദിവാസി ജനതയുടെ ചരിത്രം ഒരു രാഷ്ട്രീയ പാർട്ടിയുടെയും സ്വകാര്യ സ്വത്തല്ല.
ബിർസാ മുണ്ടയുടെ പൈതൃകം ഏതെങ്കിലും പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള അലങ്കാരമല്ല. അത് ആദിവാസി ജനതയുടെ നൂറ്റാണ്ടുകളായുള്ള ഭൂസമരങ്ങളുടെയും സ്വയംഭരണപ്പോരാട്ടങ്ങളുടെയും ചരിത്രമാണ്. ആദിവാസി ജനതയുടെ വോട്ടുകൾ നേടാൻ ബിർസാ മുണ്ടയെ ഉയർത്തിക്കാട്ടുകയും അവരുടെ ഭൂമിയുടെയും വനത്തിന്റെയും വിഭവങ്ങളുടെയും അവകാശങ്ങൾക്കായുള്ള പോരാട്ടങ്ങളെ അവഗണിക്കുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണ്.
ബിർസാ മുണ്ടയെ ആദരിക്കുന്നുവെന്ന് പറയുന്നവർ അദ്ദേഹത്തിന്റെ രാഷ്ട്രീയത്തെയും ആദരിക്കാൻ തയ്യാറാകണം. അദ്ദേഹത്തിന്റെ പേരിൽ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നവർ ആദിവാസി ജനതയുടെ ഇന്നത്തെ ജീവിതപ്രശ്നങ്ങൾക്കും അവകാശസമരങ്ങൾക്കും ഒപ്പം നിൽക്കണം. 'ബിർസാ മുണ്ടയെ സ്വന്തമാക്കാൻ ശ്രമിക്കുന്നവർ ആദ്യം അദ്ദേഹത്തിന്റെ പോരാട്ടത്തിന്റെ രാഷ്ട്രീയം അംഗീകരിക്കണം.'

ബിർസയെ ആദരിക്കുക എന്നാൽ ആദിവാസി അവകാശങ്ങൾക്കൊപ്പം നിൽക്കുക
ബിർസാ മുണ്ടയുടെ പേരിൽ ഒരു ദിനം ആചരിക്കുന്നതിന്റെ അർഥം അദ്ദേഹത്തിന്റെ ചിത്രങ്ങൾ സ്ഥാപിക്കുന്നതിലോ പ്രതിമകൾ അനാച്ഛാദനം ചെയ്യുന്നതിലോ ഒതുങ്ങരുത്.
• ആദിവാസികളുടെ ഭൂമിയവകാശം സംരക്ഷിക്കുക.
• വനാവകാശ നിയമം നടപ്പാക്കുക.
• പെസ നിയമപ്രകാരമുള്ള ഗ്രാമസഭകളുടെ അധികാരം അംഗീകരിക്കുക.
• ഖനനത്തിന്റെയും വികസനത്തിന്റെയും പേരിലുള്ള അന്യായമായ കുടിയൊഴിപ്പിക്കൽ അവസാനിപ്പിക്കുക.
• ആദിവാസി ഭാഷയും സംസ്കാരവും സംരക്ഷിക്കുക.
• ഗുണമേന്മയുള്ള വിദ്യാഭ്യാസവും ആരോഗ്യപരിരക്ഷയും ഉറപ്പാക്കുക.
• ആദിവാസി സമൂഹത്തിന് അവരുടെ വിഭവങ്ങളുടെ മേൽ ജനാധിപത്യപരമായ നിയന്ത്രണം ഉറപ്പാക്കുക.
ഇവയാണ് ബിർസാ മുണ്ടയോടുള്ള യഥാർഥ ആദരവ്.
ചരിത്രം അധികാരത്തിന്റെ സൗകര്യത്തിനനുസരിച്ച് എഴുതാനാവില്ല. ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രം ഏതെങ്കിലും ഒരു വ്യക്തിയുടെയോ സംഘടനയുടെയോ മാത്രം സംഭാവനയല്ല. ആദിവാസി കലാപങ്ങൾ മുതൽ കർഷക-തൊഴിലാളി പ്രക്ഷോഭങ്ങൾ വരെ, വിപ്ലവപ്രസ്ഥാനങ്ങൾ മുതൽ ദേശീയ പ്രസ്ഥാനം വരെ അനേകം ധാരകളുടെ ത്യാഗങ്ങളും പോരാട്ടങ്ങളും ചേർന്നതാണ് നമ്മുടെ സ്വാതന്ത്ര്യചരിത്രം. ആ ചരിത്രത്തിൽ ബിർസാ മുണ്ടയുടെ സ്ഥാനം ഒരു ജനതയുടെ വിമോചനപ്പോരാട്ടത്തിന്റെ പ്രതീകമെന്ന നിലയിലാണ്.
വി ഡി സവർക്കറുടെ ചരിത്രം ആദ്യകാല വിപ്ലവപ്രവർത്തനങ്ങളും ദയാഹർജികളും പിന്നീട് ഹിന്ദുത്വ വിഭജന രാഷ്ട്രീയത്തിലെ നേതൃത്വവും ഉൾക്കൊള്ളുന്ന ഇന്ത്യ ചരിത്രത്തിലെ തീർത്തും സങ്കീർണമായ ഒരു ചരിത്രമാണ്.
ഇരുവരുടെയും ജീവിതത്തെ ചരിത്രരേഖകളുടെ അടിസ്ഥാനത്തിൽ വിമർശനാത്മകമായി വായിക്കണം. എന്നാൽ രാഷ്ട്രീയ സൗകര്യത്തിനുവേണ്ടി ചരിത്രത്തിലെ അസുഖകരമായ അധ്യായങ്ങൾ മറച്ചുവെക്കാൻ നാം അനുവദിക്കരുത്. സംഘപരിവാറിന്റെ ചരിത്രരചനയിലെ വലിയ വൈരുധ്യം ഇതാണ്: ഒരുവശത്ത് സവർക്കറെ മഹത്വവൽക്കരിക്കുമ്പോൾ മറുവശത്ത് ബിർസാ മുണ്ടയെയും മറ്റ് ആദിവാസി പോരാളികളെയും തങ്ങളുടെ രാഷ്ട്രീയ പാരമ്പര്യത്തിന്റെ ഭാഗമാക്കി അവതരിപ്പിക്കാൻ ശ്രമിക്കുന്നു. പക്ഷേ, ചരിത്രം അങ്ങനെയൊരു സൗകര്യപ്രദമായ കൂട്ടിച്ചേർക്കലിന് വഴങ്ങില്ല.

'ബിർസാ മുണ്ടയുടെ ചരിത്രത്തെ ആദരിക്കുകയും സവർക്കറുടെ ദയാഹർജികളുടെ ചരിത്രം മറച്ചുവെക്കുകയും ചെയ്യാനാവില്ല. ആദിവാസി വിമോചനത്തിന്റെ രാഷ്ട്രീയത്തെ ആഘോഷിക്കുകയും ആദിവാസി അവകാശങ്ങൾക്കുവേണ്ടിയുള്ള സമകാലിക സമരങ്ങളിൽനിന്ന് ഒഴിഞ്ഞുനിൽക്കുകയും ചെയ്യാനാവില്ല.'
നവംബർ 15-ന് നാം ഓർക്കേണ്ടത് ഒരു കാര്യം മാത്രമാണ്:
25-ാം വയസ്സിൽ ബ്രിട്ടീഷ് ജയിലിൽ മരിച്ച ആ ചെറുപ്പക്കാരൻ അധികാരത്തോട് സന്ധിചെയ്യാൻ തയ്യാറായിരുന്നില്ല. സ്വന്തം ജനതയുടെ മണ്ണിനും ആത്മാഭിമാനത്തിനും സ്വയംഭരണത്തിനും വേണ്ടിയാണ് അദ്ദേഹം പോരാടിയത്. ബിർസാ മുണ്ട ഒരു പേരല്ല. അത് അടിച്ചമർത്തപ്പെട്ട മനുഷ്യരുടെ അവകാശപ്പോരാട്ടത്തിന്റെ ചരിത്രമാണ്. അദ്ദേഹത്തിന്റെ പേര് രാഷ്ട്രീയമായി ഉപയോഗിക്കുന്നവർ അദ്ദേഹത്തിന്റെ ജനതയുടെ അവകാശങ്ങൾക്കുവേണ്ടി നിലകൊള്ളട്ടെ. 'ബിർസാ മുണ്ടയെ പ്രതിമകളിൽ ഒതുക്കരുത്. അദ്ദേഹത്തെ ചരിത്രപാഠങ്ങളിൽ ഒതുക്കരുത്. അദ്ദേഹത്തിന്റെ രാഷ്ട്രീയം ആദിവാസി ജനതയുടെ അവകാശപ്പോരാട്ടങ്ങളിൽ ജീവിക്കട്ടെ.'
ബിർസാ മുണ്ടയ്ക്ക് അഭിവാദ്യങ്ങൾ!
ആദിവാസി ജനതയുടെ പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യം!
