കൊച്ചിക്കാരനല്ലാത്ത ഒരാൾ കൊച്ചിയുടെ കഥ പറയുമ്പോൾ, കൊച്ചിയുടെ ബന്ധങ്ങളെക്കുറിച്ച് പറയുമ്പോൾ, എങ്ങനെ കൊച്ചിക്കാരനായി എന്ന് പറയുമ്പോൾ അതിനൊരു പ്രത്യേകതയുണ്ടാകും.
ഇരിങ്ങാലക്കുടയിലാണ് ഞാൻ ജനിച്ചത്, അമ്മ സുഭദ്രയുടെ വീട്. വളാഞ്ചേരിയിലാണ് അച്ഛന്റെ വീട്. ഇരിങ്ങാലക്കുട കോടതിയിൽ അഭിഭാഷകയായിരുന്നു അമ്മ . സ്വാതന്ത്രസമരസേനാനിയും സമാധാന പ്രസ്ഥാനത്തിന്റെ വക്താവുമൊക്കെയായിരുന്നു, ‘സമാധാനം പരമേശ്വരൻ’ എന്നറിയപ്പെട്ടിരുന്ന അച്ഛൻ വി. പരമേശ്വരൻ. അച്ഛന്റെ പ്രവർത്തനമേഖല ദൽഹിയായിരുന്നു. ഹൈക്കോടതിയിൽ അഭിഭാഷകയായി പ്രാക്റ്റീസുചെയ്യുന്നതിനാണ് അമ്മ കൊച്ചിയിലെത്തിയത്. അങ്ങനെ കൊച്ചിയിൽ 1960- കളുടെ തുടക്കത്തിൽ ഒരു വാടകവീട്ടിൽ ഞങ്ങൾ ജീവിതമാരംഭിക്കുന്നു.

അന്ന് കൊച്ചി ചെറിയ സ്ഥലമാണ്. ഹൈക്കോടതിയാണ് കൊച്ചിയുടെ ഏറ്റവും വലിയ പ്രത്യേകത. അച്ഛനെ സംബന്ധിച്ച് അന്ന് ലോക സമാധാന പ്രസ്ഥാനത്തിൽനിന്ന് മാറിനിൽക്കുമ്പോൾ പോലും, ഇന്തോ- സോവിയറ്റ് കൾചറൽ സൊസൈറ്റി- ‘ഇസ്കസ്’ മുതലായ സാംസ്കാരിക കേന്ദ്രങ്ങളിൽ സജീവമായി പ്രവർത്തിച്ചിരുന്നു. യുദ്ധവിരുദ്ധപുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നതിന്റെ ഭാഗമായി സെന്റർ ഫോർ ഇന്റർനാഷണൽ കൾച്ചർ ആൻഡ് കോർപ്പറേഷൻ എന്ന സാംസ്കാരിക കേന്ദ്രം വി.ആർ. കൃഷ്ണയ്യരും ജസ്റ്റിസ് സുബ്രമഹ്ണ്യൻ പോറ്റിയും അച്ഛനുമെല്ലാം ചേർന്നുണ്ടാക്കി. അത് യുദ്ധവിരുദ്ധപുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്ന പ്രസിദ്ധീകരണശാലയായി മാറുന്നത് 1962- ലാണ്. നിരന്തരമായി യുദ്ധവിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സോവിയറ്റ് റഷ്യയുടെ സഹായത്തോടുകൂടി നടത്തുന്ന ചിത്ര പ്രദർശനങ്ങളും പിക്കാസോയുടെ സമാധാനത്തിന്റെ പ്രാവ് ആലേഖനം ചെയ്ത ബാഡ്ജുകളുടെ വിതരണവും ബാല്യകാല സ്മരണകളിൽ നിറഞ്ഞു നിൽക്കുന്നുണ്ട്.

റഷ്യയിൽനിന്ന് വരുന്ന പ്രതിനിധികളുമായി സംവാദങ്ങളിൽ ഏർപ്പെടുന്ന സാംസ്കാരിക മേഖല, ‘ഇസ്കസി’ന്റെ ആഭിമുഖ്യത്തിൽ, അന്ന് കൊച്ചിയിൽ സജീവമായിരുന്നു. അത്തരം വേദികളിലെല്ലാം പോകാനുള്ള അവസരം കുട്ടിക്കാലത്ത് കിട്ടിയിട്ടുണ്ട്. പിന്നീട് എല്ലാം തകിടം മറിയുകയും അമ്മ അർബുദരോഗബാധിതയായി ചികിത്സയിൽ പ്രവേശിക്കുകയും ചെയ്ത കാലഘട്ടമുണ്ട്. അത് എന്റെ ബാല്യകാലവുമായി ബന്ധപ്പെട്ടതാണ്.

എറണാകുളത്ത് ഒന്നു മുതൽ മൂന്നാം ക്ലാസ് വരെ പഠിച്ചത് സെൻറ് തെരേസസ് സ്കൂളിലാണ്. അതിന്റെ പ്രധാന കാരണങ്ങളിലൊന്ന്, അമ്മ ചികിത്സാർത്ഥം നിരന്തരമായി അഡയാർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ പോകുന്നതായിരുന്നു. അപ്പോൾ ഞാനവിടെ സ്കൂളിൽ പഠിക്കുന്ന സമയത്ത് താമസിച്ചിരുന്നത് ഒരു ഹോസ്റ്റലിലായിരുന്നു. ഇപ്പോഴും ഓർമ്മയുണ്ട്, കുതിരച്ചാണകമിട്ട റോസാച്ചെടികൾ നിറഞ്ഞു നിൽക്കുന്ന അതിപ്രശസ്തമായ സെൻറ് തെരേസാസ് സ്കൂൾ. പിന്നീട് SRV ഹൈസ്കൂളിലേക്കും സെൻറ് ട്രീസ സ്കൂളിലേക്കും മാറി.

സെൻറ് തെരേസസ് സ്കൂളുമായി ബന്ധപ്പെട്ട ഓർമ്മകൾ വളരെ കുറവാണ്. ഞാനവിടെ പഠിക്കുമ്പോഴാണ് കൊച്ചിയിൽ ബോംബ് വീണ സംഭവം ഉണ്ടാകുന്നത്. അന്ന് ഒരു സായാഹ്നത്തിൽ കൊച്ചിയിൽ ബോംബിട്ടു എന്ന വാർത്ത പരന്നു, അത് വ്യാജ ബോംബ് ആയിരുന്നു. ഞങ്ങളെയൊക്കെ ഭയപ്പെടുത്തുന്ന രീതിയിൽ ബ്ലാക്ക് ഔട്ടും സൈറൺ മുഴക്കവുമൊക്കെയുണ്ടായി. പാക്കിസ്ഥാനിൽനിന്ന് വന്ന ബോംബ് കായലിൻ്റെ വെള്ളച്ചതുപ്പിൽ ആഴ്ന്നുപോയി എന്നാണ് പിന്നീട് പറഞ്ഞിരുന്നത്.

SRV-യിൽ പഠിക്കുമ്പോൾ, ഇന്ന് ദർബാർ ഹാൾ ഗ്രൗണ്ടുള്ള സ്ഥലത്ത് വലിയൊരു പട്ടാള ക്യാമ്പായിരുന്നു. അതിന്റെ ബാക്കിപത്രമായി വലിയ പാറ്റൺ ടാങ്കുകളുണ്ടായിരുന്നു. ഞങ്ങൾ അതിനു മുകളിൽ കയറി കളിക്കുമായിരുന്നു.
അന്നൊരു കൊച്ചു പട്ടണമാണ് എറണാകുളം. എം.ജി റോഡ്, ഷണ്മുഖം റോഡ്, ബാനർജി റോഡ് എന്നിവയടങ്ങുന്ന സ്ഥലം. കൊച്ചി എന്നാൽ പാലം കടന്ന് അപ്പുറത്തേക്ക് പോകുന്ന ഫോർട്ട് കൊച്ചി- മട്ടാഞ്ചേരി ഭാഗവും. കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ സ്ഥലമെടുപ്പും വളർച്ചയുമായി ബന്ധപ്പെട്ടാണ് കൊച്ചിയിൽ വികസനത്തിന്റെ വ്യത്യസ്തമായ ഒരു പാത തുറന്നത്. അതിനു മുൻപ് കിഴക്കൻ മേഖലകളിൽനിന്ന് മലഞ്ചരക്ക് വ്യാപാരത്തിന് വരുന്ന ആളുകളായിരുന്നു കൊച്ചിയിലെ വലിയ പ്രമാണിമാർ.

മലഞ്ചരക്ക് വ്യാപാരത്തിനുശേഷം കിട്ടുന്ന പൈസ കൊച്ചിയിൽ തന്നെ ചെലവാക്കും. പ്രധാന കാര്യങ്ങളിലൊന്ന്, ക്യാപ്പിറ്റോൾ എന്ന മുടിവെട്ട് കടയിൽ പോയി മുടി വെട്ടുക, കൊച്ചിൻ ബേക്കറിയിൽ പോയി കേക്കും ബ്രെഡും വാങ്ങുക, ചാക്കോളോസിൽ പോയി തുണിയെടുക്കുക തുടങ്ങിയവയായിരുന്നു അന്ന് കൊച്ചിയിൽ വരുന്ന പണക്കാരുടെ പ്രധാന ലക്ഷ്യങ്ങൾ. ക്യാപ്പിറ്റോൾ ഹെയർ കട്ടിംഗ് സലൂണിൽ നേരത്തെ വിളിച്ച് ബുക്ക് ചെയ്താൽ മാത്രമേ മുടി വെട്ടാൻ സാധിക്കൂ.
ക്യാപ്പിറ്റോൾ മഹാരാജാസ് കോളേജിനടുത്ത്, അതായത് ഇപ്പോൾ കല്യാൺ സിൽക്ക്സിനു മുൻപിലെ കെട്ടിടത്തിലായിരുന്നു. ചാക്കോളാസ് ബ്രോഡ് വേയിൽ. കൊച്ചിൻ ബേക്കറി കാനൻ ഷെഡ് റോഡിലും എം.ജി റോഡിലും ഉണ്ടായിരുന്നു. ചെറിയ വഴിയാണ്, ചെറിയ റോഡാണ്. ഒന്നോ രണ്ടോ ബസും റിക്ഷകളും മാത്രമുള്ള കൊച്ചു കൊച്ചി. കൊച്ച് എറണാകുളം.
കൊച്ചി ആകാശം മുട്ടെ വളർന്നതിന്റെ പ്രധാന കാരണം, കൊച്ചിയിൽ വലുതായി പണം മുടക്കാനെത്തിയ വ്യാപാരികളായിരുന്നു. കൊച്ചിയിൽ വന്ന് ഷോപ്പിംഗ് നടത്തുക എന്ന് പറയുന്നത് ഒരു പ്രസ്റ്റീജ് ഇഷ്യൂവിന്റെ ഭാഗമായി മാറിയതുകൊണ്ടാണ് കൊച്ചി ക്രൗഡഡ് ആയത്.
1962-ൽ എന്റെ വിദ്യാഭ്യാസ കാലത്ത് ഞങ്ങൾ വൈറ്റിലയിൽ സ്ഥലം വാങ്ങി വീട് വെച്ചു. അന്ന് വൈറ്റില കുഗ്രാമമാണ്. ‘വഴിയിൽ തല’ എന്നത് ലോപിച്ചാണത്രേ വൈറ്റിലയായത്. ഇന്ന് ഏഷ്യയിൽ ഏറ്റവും ബ്ലോക്കുള്ള സ്ഥലം വൈറ്റിലയാണ്. സഹോദരൻ അയ്യപ്പന്റെ പേരിലുള്ള എസ് എ റോഡിലാണ് ഒന്നും രണ്ടും മണിക്കൂർ ജനം ബ്ലോക്കിൽ കിടക്കുന്നത്. പണ്ട് ബ്ലോക്കില്ല. ഒരു ചെറിയ തൃപ്പൂണിത്തുറ റോഡായിരുന്നു ഇവിടെ. തൃപ്പൂണിത്തറ രാജാവിന്, അതായത് കൊച്ചി രാജാവിന് എറണാകുളത്തപ്പനെ തൊഴാൻ വരാൻ, അല്ലെങ്കിൽ ബോൾഗാട്ടി പാലസിൽ വിശ്രമിക്കാൻ വരാനുള്ള കുഞ്ഞുവഴി മാത്രമായിരുന്നു. അതിൽനിന്ന് പെട്ടെന്നുള്ള കുതിപ്പുണ്ടായത്, കൊച്ചി ഒരു ഇൻവെസ്റ്റ്മെന്റ് ഹബ് ആയതോടെയാണ്. കൊച്ചി ഇൻവെസ്റ്റ്മെന്റ് ഹബ്ബായി മാറിയതിന്റെ പ്രധാന കാരണങ്ങളിലൊന്ന്, സമുദ്ര വ്യാപാരമേഖലയിൽ വലിയ സാധ്യതകൾ കണ്ടെത്തിയതാണ്.

കൊച്ചി ഒരു പ്ലാൻഡ് സിറ്റി അല്ല. സഹോദരൻ അയ്യപ്പൻ ഉണ്ടാക്കിയ 70 അടി റോഡാണ് മഹാത്മാഗാന്ധി റോഡായത്. അന്ന് എന്തിനാണ് ഇവിടെ 70 അടി റോഡ് എന്ന ചോദ്യം ഉയർത്തിയവരുണ്ടായിരുന്നു. എം. എം. ലോറൻസിന്റെ രാഷ്ട്രീയപ്രവർത്തനവുമായി ബന്ധപ്പെടുത്തി പറയുന്നതുപോലെ, പാട്ട കക്കൂസും അമേദ്യം വലിച്ചുകൊണ്ടുപോകുന്നവരുമെല്ലാമുണ്ടായിരുന്ന പട്ടണത്തിൽനിന്ന് ഏതാണ്ട് 40 കൊല്ലം കൊണ്ട് കേരളത്തിലെ ഏറ്റവും തിരക്കുള്ള പട്ടണമായി കൊച്ചി മാറി.

ഞാൻ കൊച്ചിയുടെ ഭാഗമാകുന്നത് കുട്ടിക്കാലം മുതലാണ്. അന്ന് നഗരത്തിൽ നിരന്തരമായി സാംസ്കാരിക സമ്മേളനങ്ങൾ നടക്കാറുണ്ട്. ജവഹർലാൽ നെഹ്റു അടക്കമുള്ള ദേശീയ നേതാക്കന്മാരുടെ പ്രസംഗങ്ങൾ, രാജേന്ദ്ര മൈതാനത്ത് സംവാദങ്ങൾ. ഇതെല്ലാം കേൾക്കാൻ അച്ഛന്റെ കൈപിടിച്ച് പോകും. അങ്ങനെയുള്ള ഒരു സാംസ്കാരിക മുഖത്തിന്റെ ഭാഗമാകാൻ അവസരം ലഭിച്ചു.

പത്താം ക്ലാസ്സ് കഴിഞ്ഞതിനുശേഷമായിരുന്നു അടിയന്തരാവസ്ഥ. അതിനു മുൻപ് ഭക്ഷ്യസമരം, സി. അച്യുതമേനോൻ സർക്കാരിന്റെ കാലത്ത് നടന്ന വലിയ വിദ്യാർത്ഥി പ്രക്ഷോഭങ്ങൾ- ഇതെല്ലാം കൊച്ചി കണ്ടിട്ടുണ്ട്. പൊടുന്നനെ ഞെട്ടിയുണരുന്നതുപോലെയുള്ള വലിയ വികസനമാണ് പിന്നീട് കൊച്ചിക്കുണ്ടായത്. അതിന്റെ പ്രധാന കാരണങ്ങളിലൊന്ന്, കൊച്ചി കേരളത്തിന്റെ നടുഭാഗത്താണ് എന്നതാണ്.

കൊച്ചി ആകാശം മുട്ടെ വളർന്നതിന്റെ പ്രധാന കാരണം, വലുതായി പണം മുടക്കാനെത്തിയ വ്യാപാരികളായിരുന്നു. കൊച്ചിയിൽ വന്ന് ഷോപ്പിംഗ് നടത്തുക എന്നത് പ്രസ്റ്റീജ് ഇഷ്യൂ ആയിരുന്നു. കൊച്ചി ക്രൗഡഡ് ആയത് ഇങ്ങനെയാണ് എന്നു പറയാം. 1989- 90 കൾ വരെ ബിൽഡേഴ്സ് കൊച്ചിയെ ശ്രദ്ധിച്ചിരുന്നില്ല എന്നും പറയാം.
പ്രീഡിഗ്രിക്ക് പഠിച്ചത് കളമശ്ശേരി സെൻറ് പോൾസ് കോളേജിലാണ്. അവിടുത്തെ പ്രഗൽഭനായ സാമ്പത്തികശാസ്ത്ര അധ്യാപകൻ ആൻറണി ഐസകാണ് കൊച്ചിയുടെ ചരിത്രത്തിന്റെയും വളർച്ചയുടെയുമൊക്കെ പാതകൾ കാണിച്ചുതന്നത്. മത്തായി മാഞ്ഞൂരാന്റെ സോഷ്യലിസ്റ്റ് പാർട്ടിയുടെ നേതാക്കന്മാരിൽ ഒരാളായിരുന്നു അദ്ദേഹം. സെൻറ് പോൾസ് കോളേജിൽ പഠിച്ചിട്ട് ഒരു കാര്യവുമില്ലഡോ, പഠിക്കുകയാണെങ്കിൽ മഹാരാജാസിൽ കോളേജിൽ പഠിക്കണം എന്ന് ഐസക് സാർ പറയുമായിരുന്നു.

സെൻറ് പോൾസിൽ പഠിക്കുമ്പോഴും അച്ഛൻ നടത്തുന്ന പുസ്തകശാലയിൽ പോകും. അവിടെനിന്നാണ് വായനയുടെ തുടക്കവും തുടർച്ചയും. പ്രസ് ക്ലബ് റോഡിലും പഴയ ടൂറിസ്റ്റ് ബംഗ്ലാവ് റോഡിലുമായി അന്ന് 13 പുസ്തകശാലകളാണുണ്ടായിരുന്നത്.

കാനൻ ഷെഡ് റോഡിൽ കൊച്ചിൻ ബേക്കറിയുടെ മടക്കിവെച്ച മരവാതിലുകളിൽ പുസ്തകം തൂക്കിയിട്ടാണ് വൈക്കം മുഹമ്മദ് ബഷീർ ആദ്യമായി പുസ്തകശാല തുടങ്ങുന്നത്. സർക്കിൾ ബുക്ക് സ്റ്റോൾ എന്നായിരുന്നു പേര്. സർക്കിൾ ബുക്ക് സ്റ്റോളിൽനിന്ന് ബോട്ട് ജെട്ടിയിലേക്ക് മാറിയപ്പോൾ അത് ബഷീർസ് ബുക്ക്സ്റ്റാളായി മാറി. പിന്നീട് എറണാകുളം ടി.ബി റോഡിൽ, ഇന്നത്തെ പ്രസ് ക്ലബ് റോഡിലെത്തുകയും പിന്നീട് പോഞ്ഞിക്കര റാഫിക്കും പി. കെ. ബാലകൃഷ്ണനും നൽകുകയും ചെയ്തു. അത് പിന്നീട് സാഹിത്യപ്രവർത്തകസഹകരണത്തിന്റെ ബുക്ക്സ്റ്റാളായി മാറുകയും ചെയ്തു.

ആദ്യമായി സ്വന്തം കെട്ടിടം വാങ്ങിക്കുന്ന പ്രസ്സ് ക്ലബ്ബ് എറണാകുളം പ്രസ് ക്ലബാണ്. ആദ്യമായി ലോട്ടറി നടത്തുന്നത് എറണാകുളം പ്രസ് ക്ലബ് ആണ്. ലോട്ടറി നടത്തിയ പൈസ കൊണ്ട് പണിത കെട്ടിടമാണ് പ്രസ് ക്ലബിന്റേത്. ഇന്ദിരാഗാന്ധിയാണ് എറണാകുളം പ്രസ് ക്ലബ് ഉദ്ഘാടനം ചെയ്തത്. അതിന്റെ താഴത്തെ മുറിയിലാണ് ജോസഫ് മുണ്ടശ്ശേരിയുടെ മകൻ തോമസ് മുണ്ടശ്ശേരി കറൻറ് ബുക്സ് തുടങ്ങുന്നത്. അവിടേക്ക് വിദ്യാർത്ഥി മിത്രവും CICC ബുക്ക് ഹൗസും ബൈബിൾ ഹൗസും ജനത ബുക്ക് ഹൗസും ശ്രീരാമ വിലാസവുമെല്ലാം വരുന്നു. അങ്ങനെ 13 പുസ്തകശാലകളുള്ള റോഡായി പ്രസ് ക്ലബ് റോഡ് മാറി. ഇന്നവിടെ രണ്ടു പുസ്തകശാലകളെ ഉള്ളൂ, ഡി.സി ബുക്സ് കോൺവെൻറ് ജംഗ്ഷനിലേക്ക് പോയി.

അങ്ങനെ ഒരു സാംസ്കാരിക ഹബ്ബായി മാറി ഇവിടം. ഗവൺമെൻറ് ഗസ്റ്റ് ഹൗസിന്റെയും ടൂറിസ്റ്റ് ബംഗ്ലാവിന്റെയും ഒക്കെ ഇടയിലുള്ള സ്ഥലം. മാധ്യമപ്രവർത്തകരും സാഹിത്യകാരരും നിരന്തരം നാഷണൽ ബുക്ക്സ്റ്റോളിൽ വരും, പുസ്തക വിൽപ്പന കണക്ക് പത്മനാഭനോട് ചോദിച്ചറിയും. പത്മനാഭനും ജോർജേട്ടനുമെല്ലാം സാഹിത്യകാരരെ വിളിച്ചിരുത്തി മാത്തന്റെ ചായക്കടയിൽ നിന്ന് ചായ വാങ്ങി കുടിക്കും.

അന്ന് ഒരു സാഹിത്യകാരനെ കാണാൻ വലിയ ബുദ്ധിമുട്ടില്ല. നിങ്ങൾക്ക് ആരാധന മൂത്ത സാഹിത്യകാരനെ കാണണമെങ്കിൽ പ്രസ് ക്ലബ് റൂട്ടിൽ വന്നാൽ മതി. ഒരു ദിവസം എങ്ങനെയായാലും രണ്ട് സാഹിത്യകാരന്മാരെയെങ്കിലും കാണാം. പലപ്പോഴും തകഴിയായിരിക്കും, കേശവദേവോ എസ്. കെ. പൊറ്റക്കാട്ടോ ഉണ്ടാകും. ശനിയാഴ്ചകളിൽ അവിടെ ചെല്ലുമ്പോൾ അതിന്റെയൊക്കെ ഭാഗമാകാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചിട്ടുണ്ട്. അവരെല്ലാം സമാധാനം പരമേശ്വരന്റെ മകൻ എന്ന വാത്സല്ല്യവും എന്നോട് കാണിച്ചിട്ടുണ്ട്.
‘Vote down the sons of emergency’ എന്ന മുദ്രാവാക്യം മുഴക്കി കെ.എസ്. യുവിനെതിരെ എസ്.എഫ്.ഐയും കെ.വി.ജെ അലയൻസും ഇലക്ഷൻ ക്യാമ്പയിൻ നടത്തുന്ന സമയത്താണ് ഞാൻ മഹാരാജാസിലെത്തുന്നത്.
അടിയന്തരാവസ്ഥ കഴിഞ്ഞ് 1977 കാലഘട്ടത്തിലാണ് ഞാൻ മഹാരാജാസ് കോളേജ് വിദ്യാർത്ഥിയാകുന്നത്. മഹാരാജാസിൽ വരുന്നതിന് ഐസക് സാറിനോടാണ് കടപ്പാട്. ‘Vote down the sons of emergency’ എന്ന മുദ്രാവാക്യം മുഴക്കി കെ.എസ്. യുവിനെതിരെ എസ്.എഫ്.ഐയും കെ.വി.ജെ അലയൻസും വലിയ രീതിയിൽ ഇലക്ഷൻ ക്യാമ്പയിൻ നടത്തുന്ന സമയമായിരുന്നു അത്. അന്നാണ് ഡോ. തോമസ് ഐസക്കിന്റെ മഹാരാജാസ്, കവി എസ്. രമേശന്റെ മഹാരാജാസ് എന്നെല്ലാം കേൾക്കുന്നത്.

മഹാരാജാസിനെ സംബന്ധിച്ച് അന്ന് വലിയൊരു പ്രത്യേകതയുണ്ടായിരുന്നു. ഈ ലോകത്ത് നടക്കുന്ന ഏതൊരു സംഭവത്തെക്കുറിച്ചും സംവാദങ്ങളിൽ ഏർപ്പെടാൻ സാധിച്ചിരുന്ന അധ്യാപക- വിദ്യാർത്ഥി ശൃംഖല അവിടെയുണ്ടായിരുന്നു. ലീലാവതി ടീച്ചറും സാനു മാഷും തോമസ് മാത്യുവും എം. കൃഷ്ണൻ നായരും അതിനു തൊട്ടുമുൻപ് ഒ എൻ വി കുറുപ്പും അടങ്ങുന്ന അധ്യാപകനിര. ടി. ആർ. പോലെയുള്ള അതിപ്രശസ്തരായ കഥാകൃത്തുകളും സാഹിത്യകാരുമുള്ള ഇംഗ്ലീഷ് ഡിപ്പാർട്ട്മെൻറ്. ഫിലോസഫറായ രാമചന്ദ്രൻ നായരുടെ ഫിലോസഫി ഡിപ്പാർട്ട്മെൻറ്.

ഇവിടെനിന്നാണ് ഞാൻ ഈ വലിയൊരു മാറ്റത്തിന്റെ തുടക്കത്തിലേക്ക് എത്തുന്നത്, അതിന്റെ ഭാഗമായി പഠിക്കുക വായിക്കുക സംവദിക്കുക എന്ന അവസ്ഥയിലേക്കു വന്നത്. ഇവിടെനിന്നാണ് പിന്നീട് വലിയ ബന്ധങ്ങളിലേക്ക് വഴിതുറന്നത്.

ഒരു തിരുവനന്തപുരം യാത്രയിൽ കവി എസ്. രമേശനാണ് മമ്മൂട്ടി എന്ന നടനെ കുറിച്ച് ആദ്യമായി എന്നോട് പറയുന്നത്. നടനാകാനുള്ള വലിയ ആഗ്രഹത്തെക്കുറിച്ചും അത് സാധ്യമാക്കാൻ അനുഭവിച്ച കഷ്ടപ്പാടുകളെക്കുറിച്ചുമെല്ലാം അന്ന് രമേശൻ പറഞ്ഞു. മഹാരാജാസ് കോളേജിൽ മമ്മൂട്ടി പഠിക്കുന്ന സമയത്ത് രമേശൻ കോളേജ് യൂണിയൻ ചെയർമാനായിരുന്നു. രമേശനും മമ്മൂട്ടിയും കൂടിയാണ്, ഭാരത് ടൂറിസ്റ്റ് ഹോമിൽ ഒരു സിനിമയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് താമസിച്ചിരുന്ന എം. ടി. വാസുദേവൻ നായരെ കാണാൻ ചെല്ലുന്നത്. എസ്. രമേശനെ അന്ന് എം.ടിക്ക് നന്നായി അറിയാം. മാതൃഭൂമി ആഴ്ച പതിപ്പ് നടത്തിയ ക്യാമ്പസ് വിദ്യാർത്ഥികൾക്കുള്ള കവിതാരചന മത്സരത്തിൽ രമേശന് സമ്മാനം കിട്ടിയിരുന്നു. എം.ടിയെ കാണാൻ മാത്രം ഏകദേശം 12 തവണ മമ്മൂട്ടി ഭാരത് ടൂറിസ്റ്റ് ഹോമിൽ പോയിട്ടുണ്ട്, എസ്. രമേശനോടൊപ്പം തന്നെ. അങ്ങനെയാണ് 'വിൽക്കാനുണ്ട് സ്വപ്നങ്ങൾ' എന്ന സിനിമയിൽ മമ്മൂട്ടിക്ക് ചെറിയ വേഷം കിട്ടിയത്.

പിന്നീട് മമ്മൂട്ടിയുമായി കൂടുതൽ ബന്ധപ്പെടുന്നത് അദ്ദേഹത്തിൻറെ ഏറ്റവും അടുത്ത സുഹൃത്തും എറണാകുളം കലക്ടറുമായിരുന്ന കെ. ആർ. വിശ്വംഭരൻ വഴിയാണ്. വിശ്വംഭരൻ മഹാരാജാസ് കോളേജ് ഓൾഡ് സ്റ്റുഡൻസ് അസോസിയേഷൻ പ്രസിഡണ്ടായിരുന്ന സമയത്താണ്, 2008-ൽ ‘മഹാരാജകീയം’ എന്ന പേരിൽ ഏഷ്യയിലെ ഏറ്റവും വലിയ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ സംഘടിപ്പിച്ചത്. അന്ന് മമ്മൂട്ടി സിംഗപ്പൂരിലായിരുന്നു. അവിടെനിന്ന് അദ്ദേഹം പരിപാടിക്കെത്തിയ പതിനായിരക്കണക്കിന് പൂർവ്വ വിദ്യാർത്ഥികളെയും അധ്യാപകരെയും അഭിസംബോധന ചെയ്തു. പിന്നീടുള്ള എല്ലാ ‘മഹാരാജകീയ’ങ്ങളിലും മമ്മൂട്ടി പങ്കെടുത്തിരുന്നു. മമ്മൂട്ടിയുമായി ഇപ്പോൾ കമ്മ്യൂണിക്കേറ്റ് ചെയ്യാവുന്ന പരിചയത്തിലേക്കെത്തിയത് അങ്ങനെയാണ്.

എസ്. രമേശൻ പിന്നീട് ടി.കെ. രാമകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറിയായി. ഗ്രന്ഥശാല പ്രസ്ഥാനത്തിൽ വന്നു, എറണാകുളം പബ്ലിക് ലൈബ്രറി പ്രസിഡണ്ടായി. കേരള സാഹിത്യ അക്കാദമി പുരസ്കാരം അടക്കം ഒട്ടേറെ സാഹിത്യ പുരസ്കാരങ്ങൾ നേടി. അദ്ദേഹം ഇന്ന് നമ്മുടെ ഒപ്പമില്ല.

പ്രൊഫ. എം. കെ. സാനു, ഡോ. എം. ലീലാവതി, ടി.ആർ എന്നീ അധ്യാപകരും പി.ടി. തോമസും വേണു രാജാമണി തുടങ്ങിയവരുമൊക്കെ ഉണ്ടായിരുന്ന ഒരു കാലത്ത് മഹാരാജാസിൽ പഠിക്കാനായി. സാനു മാഷിന്റെയും ലീലാവതി ടീച്ചറുടെ ക്ലാസിലിരുന്ന് പഠിക്കാൻ കഴിഞ്ഞു. അന്നത്തെ സഹപാഠികൾക്കൊപ്പം പിന്നീട് കൊച്ചിയിൽ സാംസ്കാരിക രംഗത്ത് വിവിധ വേദികൾ പങ്കിടാനുള്ള അപൂർവ ഭാഗ്യം ലഭിക്കുകയും ചെയ്തു. അതൊരുപക്ഷേ, പുസ്തക പ്രസിദ്ധീകരണ മേഖലയിലും കൊച്ചിയുടെ സാംസ്കാരിക മേഖലയിലുമുണ്ടായ ഇടപെടൽ മൂലമാകാം. സമസ്ത കേരള സാഹിത്യ പരിഷത്തും എറണാകുളം പബ്ലിക് ലൈബ്രറിയുമായും ബന്ധപ്പെട്ട പ്രവർത്തനം കൊണ്ടായിരിക്കാം.

കുറുക്കൻ പോലും കയറാൻ മടിക്കുന്ന കാടുകളായിരുന്ന കാക്കനാട് പോലുള്ള സ്ഥലങ്ങളിൽ വികസനക്കുതിപ്പുണ്ടായി. എം.ജി റോഡും ബാനർജി റോഡും ഷണ്മുഖം റോഡും ഒക്കെ കടന്ന് കാക്കനാടിന്റെ പഴയ കുറുക്കൻകയറാമൂലകളിലേക്കും കൊച്ചിയുടെ മറ്റു പ്രാന്തപ്രദേശങ്ങളിലേക്കും വികസനം വരികയാണ്. അത് ദൈനംദിനം വിപുലമാകുന്നു. വലുതാകുന്തോറും പട്ടണത്തിന്റെ സാധ്യത വർദ്ധിക്കുന്നു, അങ്ങനെ കൊച്ചി വിശാല കൊച്ചിയായി മാറുന്നു. കൊച്ചിയുടെ സാംസ്കാരിക ഭൂമികയും വിപുലമാകുന്നു. പി. എഫ്. മാത്യൂസ്, ജോർജ് ജോസഫ്, വിനോദ് കൃഷ്ണ തുടങ്ങിയ നിരവധി എഴുത്തുകാർ ഇപ്പോൾ ഇവിടെയുണ്ട്. സാഹിത്യസംവാദങ്ങൾ നടക്കുന്നുണ്ട്. സിനിമയുടെ പ്രധാന മേഖലകളിലൊന്നായി കൊച്ചി മാറിക്കഴിഞ്ഞു. അമൽ നീരദും ആഷിക് അബുവും രാജീവ് രവിയും അടങ്ങുന്ന പുതിയ തലമുറ പ്രതീക്ഷ നൽകുന്നവരാണ്.

സാംസ്കാരികരംഗത്തു കൂടി ഒരു കുതിച്ചുചാട്ടം ആവശ്യമാണ്. വർഷങ്ങളായി കൊച്ചിയിൽ അന്താരാഷ്ട്ര പുസ്തകമേള നടന്നുവരുന്നു. മനോരമയുടെ ഹോർത്തൂസ് അടക്കമുള്ള നിരവധി പരിപാടികൾ കൊച്ചിയിലേക്ക് വരുന്നു. വ്യാപാരമേഖലയിൽ നിന്ന് വ്യത്യസ്തമായ സാംസ്കാരിക മേഖല കൂടി കൊച്ചിക്ക് സാധ്യമാകുന്നു എന്നത് കൊച്ചിയെ സംബന്ധിച്ച് നല്ല കാര്യമാണ്. മുമ്പ് ‘സേലം മൗണ്ടി’ൽനിന്ന് നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും പ്രസംഗിക്കാൻ പറ്റുമായിരുന്നു. ‘സേലം മൗണ്ട്’ രാജേന്ദ്രമൈതാനത്തിന്റെ പഴയ പേരാണ്. കുറേക്കാലം അത് പൂട്ടിക്കിടക്കുകയായിരുന്നു. ഇപ്പോൾ വീണ്ടും തുറന്നിട്ടുണ്ട്.

പക്ഷേ, ചില പ്രശ്നങ്ങൾ ബാക്കിയാണ്. കൊച്ചിയിലേക്ക് വരാൻ ആളുകൾ ഭയപ്പെടുന്നുണ്ട്, കാരണം, കൊച്ചിയിലേക്കുവന്നാൽ ഒരു ദിവസം നഷ്ടപ്പെടുന്ന രീതിയിലേക്ക് ഗതാഗതക്കുരുക്ക് ‘വികസിച്ചു’. ഇപ്പോൾ വൈറ്റിലയിൽനിന്ന് മേനക ഭാഗത്തേക്കോ ഹൈക്കോർട്ടിലേക്കോ പോകാൻ ഓട്ടോ വിളിച്ചാൽ, പോകാൻ മടിക്കുന്ന സാഹചര്യമുണ്ട്. ഊബർ വന്നതുകൊണ്ട് കുറെയൊക്കെ വ്യത്യാസം വന്നിട്ടുണ്ട്. ഈ അവസ്ഥയ്ക്ക് എന്തു മാറ്റമുണ്ടാകും എന്നാണ് ഇപ്പോൾ കൊച്ചിക്കാരനായ എന്നെപ്പോലുള്ളവർ ആശങ്കയോടെ കാത്തിരിക്കുന്നത്. ഭരണകൂടം ഇക്കാര്യം പഠിക്കേണ്ടതാണ്. ബ്ലോക്കിന്റെ പ്രധാന കാരണങ്ങളിലൊന്നായി തോന്നുന്നത്, ചെറിയ റോഡുകളും ഈ റോഡുകളിലെ വലിയ ഫുട്പാത്തുകളുമാണ്.

അശാസ്ത്രീയമായി സി എസ് എം ആർ നിർമ്മിച്ച നടപ്പാതകളാണ് ഗതാഗതക്കുരുക്കിന്റെ പ്രധാന കാരണങ്ങളിലൊന്ന്. സമസ്ത കേരള സാഹിത്യ പരിഷത്ത് യോഗങ്ങളിലേക്കും പബ്ലിക് ലൈബ്രറിയുടെ സാംസ്കാരിക പരിപാടികളിലേക്കും ആളുകളെ എത്തിക്കാൻ ബുദ്ധിമുട്ടാണ്. മെട്രോ വന്നിട്ടും മാറ്റമുണ്ടായിട്ടില്ല. ഗതാഗതക്കുരുക്കിൽ നിന്ന് കൊച്ചിയെ രക്ഷിക്കാൻ എന്തെങ്കിലും ഒരു പദ്ധതി ഉണ്ടാക്കിയാൽ കൊച്ചി കുറേക്കൂടി വികസിക്കും. അങ്ങനെ കുറെക്കൂടി ആളുകൾക്ക് വരാനാകും. കൊച്ചിയിലേക്ക് പോകാൻ ആരും ഭയപ്പെടാത്ത ഒരുവസ്ഥയുണ്ടാകണം.

കൊച്ചിയിൽ വന്നു താമസിക്കുക എന്നത്, മലയാളിയെ സംബന്ധിച്ച് ഒരു പ്രസ്റ്റീജ് ഇഷ്യൂ ആയി മാറിയിട്ടുണ്ട്. ആയിരക്കണക്കിന് ഫ്ലാറ്റുകളാണ് കൊച്ചിയിൽ വെറുതെ കിടക്കുന്നത്. അത് ഇൻവെസ്റ്റ്മെന്റ് എന്ന രീതിയിൽ മുടക്കിയിട്ടിരിക്കുന്നതാണ്. ഇവിടെ താമസിക്കാൻ ആളില്ല.
കൊച്ചി അനുഭവിക്കുന്ന ഏറ്റവും വലിയ വിഷമങ്ങളിലൊന്ന്, വയോധികരായ മാതാപിതാക്കൾ മാത്രമുള്ള വീടുകളാണ്. സാമാന്യം വലിയ വീടുകളിൽനിന്നെല്ലാം കുട്ടികൾ ഫ്ലാറ്റുകളിലേക്ക് മാറി. അങ്ങനെ വയോധികരായ മാതാപിതാക്കന്മാരെകൊണ്ട് കൊച്ചിയിലെ വീടുകൾ നിറഞ്ഞിരിക്കുന്നു.
നഗരത്തിൽ ഏറ്റവും കൂടുതൽ ഇപ്പോൾ കാണുന്നത് ഭക്ഷണം കൊണ്ടുപോകുന്ന വാഹനങ്ങളാണ്. ബ്ലോക്കിൽ പെട്ട് 12 സ്കൂട്ടറുകൾ കിടക്കുന്നുണ്ടെങ്കിൽ അതിൽ പത്തും ഓൺലൈൻ ഭക്ഷണവുമായി പോകുന്നവയായിരിക്കും. അത്, ഈ വീടുകളിലുള്ള വയോധികരായവർക്കുവേണ്ടിയുമായിരിക്കും.

കൊച്ചിക്ക് ഒരു സാംസ്കാരിക ഭൂമികയില്ല, ഒരു കച്ചവട സ്ഥലം മാത്രമാണ് എന്ന പഴയ സങ്കല്പങ്ങളെ പാടെ മാറ്റിമറിക്കുന്ന രീതിയിലേക്ക്, എന്തിനെയും ഉൾക്കൊള്ളാനും സ്വന്തമാക്കാനും കഴിയുന്ന സ്ഥലമായി കൊച്ചി മാറിക്കഴിഞ്ഞിരിക്കുന്നു.



