മാർക്സിസം, ദേശീയത, ഹിന്ദുത്വ:
എം.ജി.എസിന്റെ വിമർശന ജീവിതം

അധികാരികളോട് കലഹിച്ചും പ്രബലമായ ചരിത്രബോധത്തെ എതിർത്തും രാഷ്ട്രീയ ലക്ഷ്യങ്ങൾക്കും പദവിക്കൾക്കും വേണ്ടി ചരിത്രം തിരുത്തിയെഴുതുന്ന സഹപ്രവർത്തകരോട് വഴക്കിട്ടുമുള്ള എം.ജി.എസ് നാരായണന്റെ ഒറ്റയായ ജീവിതം രേഖപ്പെടുത്തുകയാണ് കുഞ്ഞുണ്ണി സജീവ്. മാർക്സിസത്തോടും മാർക്സിസ്റ്റ് ചരിത്രരചനാ രീതികളോടുമുള്ള അദ്ദേഹത്തിന്റെ പ്രതിപത്തിയും വിമർശനവും വിശദമാക്കുന്നു.

മാനവവിഭവശേഷി മന്ത്രിയായിരുന്ന മുരളി മനോഹർ ജോഷി ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിലിന്റെ ചെയർമാനായിരുന്ന എം.ജി.എസ് നാരായണനോട് ഒരിക്കൽ ചോദിച്ചു; ‘എട്ടാം നൂറ്റാണ്ടിലെ ശങ്കരാചാര്യരെ ബി.സി 3000- ലേക്ക് മാറ്റാൻ പറ്റുമോ?’.
കാലക്രമം തെറ്റിക്കാൻ വഴികൾ തിരയുന്ന രാഷ്ട്രീയക്കാരന്റെ ചോദ്യത്തിന് ചരിത്രകാരൻ എങ്ങനെ മറുപടി നൽകും?.
എം.ജി.എസ് അന്ന് മന്ത്രിയെ നോക്കി വെറുതെ ചിരിച്ചു.

മറ്റൊരിക്കൽ മാടായി പള്ളി പുതുക്കിപ്പണിതുവെന്ന വാർത്ത കേട്ടപ്പോൾ എം.ജി.എസ് പള്ളി അധികൃതരോടായി ചോദിച്ചു, ‘അവിടെ ഒരു അറബി ലിഖിതമുണ്ടായിരുന്നുവല്ലോ? കാലം കാണിക്കുന്ന ലിഖിതം. അത് എന്ത് ചെയ്തു?’.
സൂക്ഷിച്ചുവെച്ചിട്ടുണ്ട് എന്ന് പള്ളി അധികൃതർ മറുപടി നൽകി. അവിടെ ചെന്ന് നോക്കിയപ്പോൾ ലിഖിതത്തിൽ ഹിജ്‌റ 518 എന്നില്ല, ഹിജ്‌റ 5 എന്നേയുള്ളൂ. 18 ആരോ വെട്ടിക്കളഞ്ഞിരിക്കുന്നു. കാരണം ഹിജ്‌റ 5 ആണെങ്കിൽ പ്രവാചകന്റെ കാലമാണ്. പെരുമാൾ പ്രവാചകനെ കണ്ടു എന്ന വിശ്വാസം ശരിയാക്കാൻ ആരോ 18 വെട്ടിക്കളഞ്ഞതാണ്.

എം.ജി.എസ് പിന്നീടൊന്നും പള്ളി അധികൃതരോട് ചോദിച്ചില്ല. കാലം തെളിയിക്കുന്ന തെളിവുകൾ ഇല്ലാതാക്കിയ വിശ്വാസികളോട് ചരിത്രകാരൻ എങ്ങനെ കയർക്കും?.
എം.ജി.എസ് അന്നും വെറുതെ ചിരിച്ചു.

ചരിത്രകാരരുടെ
അസ്തിത്വ പ്രശ്നങ്ങൾ

‘ചരിത്രം’ പോലെ രാഷ്ട്രീയലക്ഷ്യങ്ങൾക്കുവേണ്ടി ദുരുപയോഗം ചെയ്യപ്പെടുന്ന മറ്റൊരു ജ്ഞാനരൂപം ഉണ്ടാവില്ല. രാഷ്ട്രീയ പാർട്ടികളും സമുദായങ്ങളും മതങ്ങളും ഭരണകൂടങ്ങളുമെല്ലാം നിരന്തരം ചരിത്രത്തിനുമേൽ നിയന്ത്രണം നേടാൻ ശ്രമിക്കുന്നു. സമൂഹത്തിന്റെ പൊതു ചരിത്രബോധത്തിനുമേൽ നിയന്ത്രണം നേടാൻ കഴിഞ്ഞാൽ അധികാരത്തിലേക്കുള്ള വഴി താനേ തുറക്കുമെന്ന രാഷ്ട്രീയതന്ത്രം ഹിന്ദുത്വശക്തികൾ നടപ്പിലാക്കി മുന്നേറുന്നത് നമുക്ക് കാണാം. പാഠപുസ്തകങ്ങളിലെ മാറ്റങ്ങൾ മുതൽ ചരിത്രപ്രാധാന്യമുള്ള ഇടങ്ങൾ തകർത്തെറിയുന്ന പദ്ധതികളിലേക്ക് വരെ നീളുന്ന രാഷ്ട്രീയതന്ത്രങ്ങൾ ലക്ഷ്യം വെക്കുന്നത് പൊതു ചരിത്രബോധത്തിന്റെ പുനർനിർമാണമാണ്. ഭൂതകാലത്തെ നിയന്ത്രിക്കുന്നവർ ഭാവിയെ നിയന്ത്രിക്കുന്നുവെന്ന ഓർവെല്ലിയൻ തിരിച്ചറിവിനെ അധികാരികൾ പ്രാവർത്തികമാക്കുമ്പോൾ ചരിത്രത്തെ അക്കാദമികമായി പഠിക്കുന്ന ഗവേഷകരുടെ ജീവിതം സംഘർഷങ്ങളും സംശയങ്ങളും നിറഞ്ഞതാകും. ആൾക്കൂട്ടങ്ങൾക്കിടയിൽ തനിച്ചിരുന്ന് ചരിത്രത്തോടും തെളിവുകളോടും മാത്രം കൂറ് പുലർത്തി ജീവിക്കുന്ന ചരിത്രകാരരുടെ ജീവിതം ഒരേസമയം രാഷ്ട്രീയവൽക്കരിക്കപ്പെടുകയും അസ്തിത്വപ്രശ്നങ്ങൾ നേരിടുകയും ചെയ്യും.

ഗവേഷണത്തിലൂടെ രാഷ്ട്രീയത്തിൽ ഒരു നിരന്തര പ്രതിപക്ഷമാകുമ്പോഴും, ഒരു തരത്തിലുള്ള രാഷ്ട്രീയമാറ്റത്തിനും കാരണമാകാൻ കഴിയാത്തതിന്റെ അസ്തിത്വദുഃഖവും ചരിത്രകാരരുടെ ജീവിതമത്രേ.

ചേരികളായി തിരിഞ്ഞുനിൽക്കുന്ന ആധുനിക ഗോത്രങ്ങളിൽ (മതം, ജാതി, രാഷ്ട്രീയപാർട്ടികൾ, ഇടത് മുതൽ വലത് വരെ നീളുന്ന രാഷ്ട്രീയധാരകൾ) ഒന്നിലും ചേരാതെ ലഭ്യമായ തെളിവുകൾ മാത്രം അടിസ്ഥാനമാക്കി ഭൂതകാലത്തെ വിശദീകരിക്കുവാൻ ശ്രമിക്കുമ്പോൾ വലിയ രാഷ്ട്രീയ മാറ്റങ്ങൾക്കോ, വിപ്ലവങ്ങൾക്കോ ആ ജീവിതം കാരണമാകണമെന്നില്ല. ‘ഒരു ചരിത്ര ഗവേഷകന്റെ കണ്ടെത്തലുകൾ സമൂഹത്തിൽ എത്തണമെങ്കിൽ ചുരുങ്ങിയത് രണ്ടോ, മൂന്നോ തലമുറകൾ വേണ്ടിവരും’- എം.ജി.എസ് ഓർമിപ്പിക്കുന്നു. അധികാരികളുടെയും, മതത്തിന്റെയും, സമുദായങ്ങളുടെയും വികലമായ ചരിത്രബോധ്യങ്ങൾക്കും കള്ളത്തരങ്ങൾക്കും മുൻപിൽ ചിരിക്കുക എന്നതല്ലാതെ ഗവേഷകർക്ക് മറ്റൊന്നും സാധ്യമല്ല. എം.ജി.എസ് നാരായണൻ എന്ന ചരിത്രകാരൻ ആ ചിരിയാണ് ജീവിതത്തിലുടനീളം തുടർന്നുപോന്നത്. ഗവേഷണത്തിലൂടെ രാഷ്ട്രീയത്തിൽ ഒരു നിരന്തര പ്രതിപക്ഷമാകുമ്പോഴും, ഒരു തരത്തിലുള്ള രാഷ്ട്രീയമാറ്റത്തിനും കാരണമാകാൻ കഴിയാത്തതിന്റെ അസ്തിത്വദുഃഖവും ചരിത്രകാരരുടെ ജീവിതമത്രേ. മുഖത്തെ ചിരി അവരുടെ അസ്തിത്വദുഃഖത്തെ ഒരു മുഖം മൂടി പോലെ മറയ്ക്കുന്നു. സാർത്രിന്റെ ‘നോസിയ’യിൽ ചരിത്രകാരനായ നായകൻ അനുഭവിക്കുന്ന അസ്തിത്വദുഃഖം എല്ലാ ചരിത്രഗവേഷകരും അനുഭവിക്കുന്നതാണ്, എം.ജി.എസും. അധികാരികളോട് കലഹിച്ചും പ്രബലമായ ചരിത്രബോധത്തെ എതിർത്തും രാഷ്ട്രീയ ലക്ഷ്യങ്ങൾക്കും പദവിക്കൾക്കും വേണ്ടി ചരിത്രം തിരുത്തിയെഴുതുന്ന (മറച്ചുവെക്കുന്ന) സഹപ്രവർത്തകരോട് വഴക്കിട്ടുമുള്ള ഒറ്റയായ ജീവിതമായിരുന്നു എം.ജി.എസിന്റേത്.

അധികാരികളോട് കലഹിച്ചും പ്രബലമായ ചരിത്രബോധത്തെ എതിർത്തും രാഷ്ട്രീയ ലക്ഷ്യങ്ങൾക്കും പദവിക്കൾക്കും വേണ്ടി ചരിത്രം തിരുത്തിയെഴുതുന്ന (മറച്ചുവെക്കുന്ന)  സഹപ്രവർത്തകരോട് വഴക്കിട്ടുമുള്ള ഒറ്റയായ ജീവിതമായിരുന്നു എം.ജി.എസിന്റേത്.
അധികാരികളോട് കലഹിച്ചും പ്രബലമായ ചരിത്രബോധത്തെ എതിർത്തും രാഷ്ട്രീയ ലക്ഷ്യങ്ങൾക്കും പദവിക്കൾക്കും വേണ്ടി ചരിത്രം തിരുത്തിയെഴുതുന്ന (മറച്ചുവെക്കുന്ന) സഹപ്രവർത്തകരോട് വഴക്കിട്ടുമുള്ള ഒറ്റയായ ജീവിതമായിരുന്നു എം.ജി.എസിന്റേത്.

കഴിഞ്ഞുപോയ കാലത്തെക്കുറിച്ച് എഴുതപ്പെടുന്ന ഓരോ വാക്കും ഇന്നിന്റെ രാഷ്ട്രീയ- സാമൂഹിക സാഹചര്യവുമായി മനുഷ്യർ ബന്ധപ്പെടുത്തു. അതിന്റെ പേരിൽ കലഹിക്കും, രാഷ്ട്രീയലക്ഷ്യങ്ങൾ നേടാനായി പരിശ്രമിക്കും. കറുപ്പും വെളുപ്പുമായി തിരിക്കുന്ന ആഖ്യാനങ്ങളിലേക്ക് ചരിത്രത്തെ ചുരുക്കുമ്പോൾ പൊതുചരിത്രബോധത്തിൽ നായകന്മാരും വില്ലന്മാരും നിർമിക്കപ്പെടും. വലതുപക്ഷം മുതൽ ഇടതുപക്ഷം വരെ നീളുന്ന രാഷ്ട്രീയധാരകളിൽ നിന്ന് ഉൽപ്പാദിപ്പിക്കപ്പെടുന്ന ചരിത്രബോധ്യങ്ങളിലെല്ലാം ഈ നായക-പ്രതിനായക സങ്കൽപനങ്ങൾ കണ്ടെത്താം. ഹിന്ദുവും മുസ്ലിമും തമ്മിൽ, സവർണരും അവർണരും തമ്മിൽ, സ്ത്രീയും പുരുഷനും തമ്മിൽ, ഭൂരിപക്ഷവും ന്യൂനപക്ഷവും തമ്മിൽ നിരന്തര സമരങ്ങൾ നടക്കുന്നുവെന്ന പൊതുബോധ്യം എന്നും ജനപ്രിയമാണ്. സാമൂഹികവും, സാമ്പത്തികവും, സാംസ്‌കാരികവുമായ ഏറ്റക്കുറച്ചിലുകൾ മനുഷ്യർക്കിടയിൽ നിലനിൽക്കെ നാം ഇന്നത്തെ രാഷ്ട്രീയപ്രശ്നങ്ങളെ വേഗം ഭൂതകാലത്തിലേക്ക് ബന്ധിപ്പിക്കുന്നു. പക്ഷെ അപ്പോൾ നഷ്ടമാകുക ചരിത്രത്തെക്കുറിച്ചുള്ള തെളിച്ചമുള്ള ബോധ്യങ്ങളെയാണ്, ചരിത്രത്തിന്റെ സങ്കീർണതകളെയാണ്.

സാമൂഹിക- സാമ്പത്തിക ചരിത്രത്തെ വിശദീകരിക്കുവാൻ മാർക്സിസത്തിന് കഴിയുമ്പോഴും ഒരു രാഷ്ട്രീയപദ്ധതി എന്ന നിലയിൽ മാർക്സിസത്തിന് സംഭവിച്ച തകർച്ചകളെ കുറിച്ച് എം.ജി.എസ് സദാ വാചാലനായിരുന്നു.

ചരിത്രത്തെയും രാഷ്ട്രീയത്തെയും
വേർപ്പെടുത്തിയ ചിന്തകൻ

ഇന്നത്തെ സമൂഹത്തിന്റെ പ്രശ്നങ്ങൾ തീർക്കാൻ ചരിത്രത്തെ കൂട്ടുപിടിക്കേണ്ടതില്ല. ചരിത്ര ന്യായീകരണങ്ങളേതും കൂടാതെ തന്നെ അത്തരം പ്രശ്നങ്ങളെ രാഷ്ട്രീയമായി നേരിടേണ്ടതുണ്ട്. ചരിത്രവും രാഷ്ട്രീയവും തമ്മിൽ നീളുന്ന തുടർച്ചകളെ വേർപെടുത്തുക വഴി ഭൂതകാലത്തെ പക്വതയോട് കൂടി മനസിലാക്കുന്ന സമീപനവും നാം സ്വീകരിക്കേണ്ടതുണ്ട്. ഒരുപക്ഷെ മലയാളത്തിൽ ആദ്യമായി ചരിത്രത്തെയും രാഷ്ട്രീയത്തെയും വേർപ്പെടുത്തിയ ചിന്തകൻ എം.ജി.എസാകും.

ചരിത്രപഠനത്തെക്കുറിച്ചുള്ള എം.ജി.എസിന്റെ കണ്ടെത്തലുകൾ ശ്രദ്ധിക്കുക:

“ചരിത്രം ആളുകളുടെ തെറ്റിദ്ധാരണകളും പക്ഷപാതങ്ങളും ആവേശങ്ങളും കൊണ്ട് കലങ്ങി മറിഞ്ഞ ഒരു നദിപോലെയാണ്. അതിലെ വെള്ളെമെടുത്ത് ശുദ്ധീകരിക്കാനുള്ള വിഫലശ്രമമാണ് പലപ്പോഴും ഗവേഷകൻ നടത്തുന്നത്. ഈ പക്ഷപാതങ്ങളുടെയും, തെറ്റിദ്ധാരണകളുടെയും, ആവേശങ്ങളുടെയും ഇടയിലൂടെ കടന്നുചെന്ന് പഴയ പ്രമാണങ്ങളെയും സമകാലിക പ്രസ്താവനകളെയും കണ്ടെത്തി, അവയുടെ സഹായത്താൽ സംഭവങ്ങൾ എങ്ങനെയാണ് യഥാർത്ഥത്തിൽ ഉണ്ടായതെന്ന് മനസിലാക്കുകയും ആ രീതിയിൽ അവയെ ഭാഷയിലൂടെ പുനഃസൃഷ്ടിക്കുകയുമാണ് ഗവേഷകധർമ്മം. അതിൽ നൂറ് ശതമാനം വിജയം അസാധ്യമാണ്. ചെറിയ ഒരു ശതമാനമെങ്കിലും വിജയിച്ചാൽ തന്നെ അത് ജനങ്ങളെല്ലാം സ്വീകരിച്ചുകൊള്ളണമെന്നില്ല. എന്നാൽ ഉദ്ബുദ്ധമായ ഒരു സമൂഹം ഗവേഷകനെ അഭിനന്ദിക്കുകയും അതിന്റെ വില മനസിലാക്കുകയും ചെയ്യും. അത്തരം ഗവേഷണങ്ങളിലൂടെ ചരിത്രപഠനം പുരോഗമിക്കുന്നു. അങ്ങനെ ചരിത്രത്തെ ശുദ്ധീകരിച്ച് ഉപയോഗിക്കുവാൻ ത്രാണിയില്ലാത്ത സമൂഹങ്ങൾ പണ്ട് ചെയ്ത വിഡ്ഢിത്തങ്ങളും പാപങ്ങളും ആവർത്തിച്ചുക്കൊണ്ട് പുരോഗമനം സാധ്യമാകാതെ കഷ്ടപ്പെടുന്നു.”

എം.ജി.എസിന്റെ ചരിത്രപഠനത്തിൽ ഒരു ശുദ്ധീകരണം നടക്കുന്നുണ്ട്:
“ചരിത്രത്തെ രാഷ്ട്രീയവൽക്കരിച്ചാൽ അതിനെതിരെ നിലകൊള്ളുന്ന രീതി” പിന്തുടരുന്നതിലൂടെ ഭൂതകാലബോധ്യത്തിന്റെ ‘ശുദ്ധീകരണം’ ചരിത്രപഠനത്തിലൂടെ സാധ്യമാകുന്നു. അവിടെ പക്ഷപാതങ്ങൾക്കോ, തെറ്റിദ്ധാരണകൾക്കോ, ആവേശങ്ങൾക്കോ സ്ഥാനമില്ല. “സർവ്വപക്ഷങ്ങളും കണക്കിലെടുത്ത് മുൻധാരണകൾ പരിശോധിച്ച് നിഗമനങ്ങളിലെത്തുന്ന” രീതി ശുദ്ധീകരണത്തിന്റെ ഗുണനിലവാരം കൂട്ടുന്നു. “ചരിത്രഗവേഷണത്തിന് ഒരു രീതിശാസ്ത്രമുണ്ട്. ഒരു വ്യക്തി എന്ന നിലയിൽ നമുക്കുള്ള എല്ലാ മുൻവിധികളേയും മാറ്റി വെച്ചിട്ടാണ് ഗവേഷണത്തിനിറങ്ങേണ്ടത്. കുറച്ചൊക്കെ ബാക്കിയുണ്ടാവും. അത് വ്യക്തമായി ബോധ്യപ്പെടുകയും വേണം’’- എം.ജി.എസ് ഓർമിപ്പിക്കുന്നു. മാർക്സിസത്തെ ഒരു അപഗ്രഥനോപകരണമായി മാത്രം കാണുന്ന എം.ജി.എസ് മാർക്സിസത്തെ ആരാധിക്കുന്നില്ല. ചരിത്രഗതിയെ നിയന്ത്രിക്കുന്നത് ഉൽപ്പാദന പ്രവർത്തനമാണെന്ന മാർക്സിയൻ ചരിത്രദർശനവും, ഉൽപ്പാദനവ്യവസ്ഥയും അതിന് സഹായകമാകുന്ന ഉപകരണങ്ങളും, യന്ത്രങ്ങളുമാണ് ചരിത്രപുരോഗതിയ്ക്ക് കാരണം എന്ന കണ്ടെത്തലും സ്വന്തം ചരിത്രാന്വേഷണത്തിൽ അദ്ദേഹം പ്രധാനമാക്കി. സാമൂഹിക- സാമ്പത്തിക ചരിത്രത്തെ വിശദീകരിക്കുവാൻ മാർക്സിസത്തിന് കഴിയുമ്പോഴും ഒരു രാഷ്ട്രീയപദ്ധതി എന്ന നിലയിൽ മാർക്സിസത്തിന് സംഭവിച്ച തകർച്ചകളെ കുറിച്ച് എം.ജി.എസ് സദാ വാചാലനായിരുന്നു. ചരിത്രപഠനത്തെ രാഷ്ട്രീലക്ഷ്യങ്ങളിൽ നിന്ന് വേർപെടുത്തുന്നതിന്റെ ആദ്യ ഘട്ടം മാർക്സിസത്തിന്റെ ചരിത്രാന്വേഷണ സാധ്യതകളെ അംഗീകരിച്ചും, രാഷ്ട്രീയപദ്ധതികളെ തള്ളിക്കളഞ്ഞുമാണ്.
“ചരിത്രാന്വേഷണം വസ്തുതകളുടെ അടിസ്ഥാനത്തിൽ നടക്കണം. നിഷ്പക്ഷമാവണം എന്നല്ല. അങ്ങനെ നിഷ്പക്ഷമായ ഒരു ചരിത്രരചന ഉണ്ടാവില്ല. പക്ഷെ പക്ഷപാതം വസ്തുതകളെ മറികടക്കരുത്’’- മാർക്സിസ്റ്റ് വീക്ഷണം എന്ന പേരിൽ ഏതൊക്കെ ചരിത്രരചനകൾ വസ്തുതകളെ മറികടന്നിട്ടുണ്ടോ അപ്പോഴൊക്കെ എം. ജി.എസ് മാർക്സിസത്തിന്റെ തന്നെ മാർക്സിസ്റ്റ് വിമർശകനായി പ്രവർത്തിച്ചിട്ടുണ്ട്. അക്കാദമിക ചരിത്രപഠനം നടത്തുന്ന വിദ്യാർത്ഥികളോ ഗവേഷകരോ പ്രവാചകരുടെ വേഷം കെട്ടുന്നതിലുള്ള പ്രശ്‍നങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
“ഭാവി ചരിത്രകാരന്റെ വിഷയമല്ല. ഭാവി പ്രവചിക്കുക സാധ്യമല്ല. എങ്കിലും ഭൂതകാലത്തിന്റെ അടിത്തറയിൽ ഏതെല്ലാം സാധ്യതകൾക്കാണ് മുൻ‌തൂക്കം എന്ന് ഏകദേശം നമുക്കൊക്കെ സങ്കൽപ്പിക്കാവുന്നതാണ്’’.
കണ്ടെത്തലുകളെക്കാൾ അജ്ഞതയാണ് ചരിത്രത്തെക്കുറിച്ച് നമുക്കുള്ളതെന്ന് തുറന്ന് സമ്മതിക്കുന്ന എം.ജി.എസ് ചരിത്രത്തെ പരമാവധി ശാസ്ത്രീയമാക്കാൻ ശ്രമിച്ചു. ശക്തമായ തെളിവുകൾ കിട്ടുന്ന മുറയ്ക്ക് മാത്രം ചരിത്രരചന മുന്നോട്ട് നീക്കുന്ന എം.ജി.എസ്, തെളിവുകൾ ലഭ്യമാകാത്ത ചരിത്രസംഭവങ്ങളെക്കുറിച്ചുള്ള അജ്ഞതയും സംശയങ്ങളും സംവാദങ്ങളിൽ അവതരിപ്പിച്ചു. സ്വന്തം പഠനങ്ങളെക്കുറിച്ചുള്ള ഒരു ചർച്ചയിൽ എം.ജി.എസ് പറയുന്നത് ശ്രദ്ധിക്കുക: ‘‘ഉത്പാദനവ്യവസ്ഥകളും അവയോടനുബന്ധിച്ചുള്ള ഉൽപ്പാദന ബന്ധങ്ങളും മനുഷ്യന്റെ സാമൂഹിക സാംസ്‌കാരിക ജീവിതത്തെ എങ്ങനെയാണ് സ്വാധീനിച്ചിട്ടുള്ളത് എന്ന് ഞാൻ അന്വേഷിച്ചു. ഈ സ്വാധീനം യാന്ത്രികമായി പ്രതിഫലിക്കുമെന്ന ആശയത്തോട് ഞാൻ യോജിക്കുന്നില്ല. മനുഷ്യനിലും പ്രകൃതിയിലും സർഗാത്മകതയുണ്ട്. സൃഷ്ടിക്ക് അജ്ഞാതമായ ചില നിയമങ്ങളുമുണ്ട്. ഇതിൽ വളരെ കുറച്ച് മാത്രമേ ശാസ്ത്രത്തിന് കണ്ടെത്തുവാൻ സാധിച്ചിട്ടുള്ളൂ’’.

ശാസ്ത്രത്തിന്റെ പരിമിതികളെ അംഗീകരിക്കുമ്പോൾ തന്നെ പുതിയ കണ്ടെത്തലുകൾ വരുന്ന മുറയ്ക്ക് പഴയ തീർപ്പുകളെ ഉടച്ചുവാർക്കുന്ന രീതി എം.ജി.എസ് പ്രോത്സാഹിപ്പിച്ചിരുന്നു. ഒരു ഡോക്ടറോ, എഞ്ചിനീയറോ ആവുന്നതിന് വേണ്ട അടിസ്ഥാന യോഗ്യതകൾ പോലെ തന്നെ ചരിത്രകാരൻ ആവുന്നതിനും അടിസ്ഥാന യോഗ്യതകൾ നിർബന്ധമാണെന്ന് ആദ്യം അഭിപ്രായപ്പെടുന്നത് എം.ജി.എസ്സാണ്. ബിരുദവും, ബിരുദാനന്തര ബിരുദവും കഴിഞ്ഞതിനുശേഷം ഗവേഷകമേഖലയിലേക്ക് കടക്കുമ്പോൾ തിരഞ്ഞെടുത്ത ചരിത്രമേഖല പ്രകാരം വിദ്യാർത്ഥികൾ ‘skilled’ ആയിരിക്കണമെന്ന് അദ്ദേഹത്തിന് നിർബന്ധമായുണ്ടായിരുന്നു. പ്രാചീന ചരിത്രമെങ്കിൽ പുരാവസ്തു ഗവേഷണത്തിലും, പ്രാചീന ഭാഷകളിലും, ലിപികളിലുമുള്ള പരിജ്ഞാനം വളരെ പ്രധാനമാണ്. ഗവേഷകൻ പഠിക്കുന്ന കാലഘട്ടങ്ങളിൽ നിന്നും ലഭിക്കാവുന്ന ലിഖിതങ്ങളും, എഴുത്തുകളും വായിക്കണമെങ്കിൽ അതാത് കാലഘട്ടത്തിലെ ഭാഷകളിലും, ലിപികളിലും അറിവ് നേടിയിരിക്കണം. ഇതിനുപുറമെ ചരിത്രപഠനത്തിന്റെ രീതിശാസ്ത്രങ്ങളെ കുറിച്ച് ബോധവാന്മാരായിരിക്കണം. വാളെടുത്തവരെല്ലാം വെളിച്ചപ്പാടാവുന്ന ഒരു രീതി ചരിത്രരചനയിൽ മാത്രം സംഭവിക്കുന്ന ഒരു പ്രശ്നമാണ്. ചരിത്രത്തെക്കുറിച്ച് പുസ്തകമെഴുതി എന്ന പേരിൽ ചരിത്രകാരനെന്ന സ്ഥാനം പേരിനോടൊപ്പം ചേർക്കുന്ന എത്രയോ പേർ ഇന്ന് കേരളത്തിലുണ്ട്. ഇവരുടെയൊക്കെ വിദ്യാഭ്യാസ പശ്ചാത്തലം പരിശോധിച്ച് പോകുമ്പോൾ അവർ സാഹിത്യമോ, തത്ത്വചിന്തയോ, ബിസിനസ് അഡ്മിനിസ്ട്രേഷനോ മറ്റോ പഠിച്ചവരാകും.

ശാസ്ത്രത്തിന്റെ പരിമിതികളെ അംഗീകരിക്കുമ്പോൾ തന്നെ പുതിയ കണ്ടെത്തലുകൾ വരുന്ന മുറയ്ക്ക് പഴയ തീർപ്പുകളെ ഉടച്ചുവാർക്കുന്ന രീതി എം.ജി.എസ് പ്രോത്സാഹിപ്പിച്ചിരുന്നു.
ശാസ്ത്രത്തിന്റെ പരിമിതികളെ അംഗീകരിക്കുമ്പോൾ തന്നെ പുതിയ കണ്ടെത്തലുകൾ വരുന്ന മുറയ്ക്ക് പഴയ തീർപ്പുകളെ ഉടച്ചുവാർക്കുന്ന രീതി എം.ജി.എസ് പ്രോത്സാഹിപ്പിച്ചിരുന്നു.

ചരിത്രമെന്ന സവിശേഷാവഗാഹ വിജ്ഞാനരൂപത്തെ കുറിച്ച് പലവിധ വിഷയങ്ങളിൽ നിന്നുള്ളവർ പുസ്തകങ്ങൾ രചിക്കുമ്പോൾ ഉണ്ടാകുന്ന പ്രശ്‌നം, അക്കാദമികമായി പരിശീലനം ലഭിക്കുന്ന ചരിത്രകാരരുടെ രചനകൾക്ക് ദൃശ്യത ലഭിക്കുന്നില്ല എന്നതാണ്. പുസ്തകകച്ചവടവും, സോഷ്യൽ മീഡിയ മാർക്കറ്റിംഗും ചേർന്ന് ആരാണ് ചരിത്രകാരൻ എന്ന തീർപ്പ് കൽപ്പിക്കുമ്പോൾ മറയ്ക്കപ്പെടുന്നത് ചരിത്രമെന്ന വിഷയത്തിന്റെ മേന്മയാണ്. ഈ മൂല്യത്തകർച്ചയെ കുറിച്ച് ആദ്യം മനസ്സിലാക്കിയതും എം.ജി.എസ്സാണ്. ചരിത്രമെന്ന ഒരു ജ്ഞാനരൂപം തന്നെ ഇല്ല എന്നും, അതിപ്പോൾ ആർക്കും എഴുതാവുന്ന ഒന്നല്ലേ എന്നുമുള്ള പൊതുധാരണകളിൽ നിന്ന് സാധ്യതകൾ കണ്ടെത്തുന്നത് ചരിത്രവസ്തുതകളെ വളച്ചൊടിക്കാനും, രാഷ്ട്രീയലക്ഷ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കാനും കാത്തിരിക്കുന്ന സംഘങ്ങളാണ്. വിക്രം സമ്പത്ത്, സഞ്ജീവ് സന്യാൽ, സായി ദീപക്, ആനന്ദ് രംഗനാഥൻ എന്നിങ്ങനെ നീളുന്ന വലതുപക്ഷ ചരിത്രകാരന്മാരുടെ ഒരു നീണ്ട നിര വളരുന്നതിനുപിന്നിലുള്ളത്, ചരിത്രം എന്ന വിഷയത്തെ അക്കാദമികമായി കാണുന്നതിനോട് ഇന്ത്യക്കാർ പ്രകടിപ്പിക്കുന്ന വൈമുഖ്യമാണ്. ‘ആർക്കും ചരിത്രകാരരാകാം’ എന്ന തോന്നലിൽ നാം കരുതുക, സമൂഹത്തിൽ അടിച്ചമർത്തപ്പെട്ടവർക്കും ചരിത്രരചനയിൽ പങ്കാളികളാകാം എന്നാണ്. എന്നാൽ അച്ചടി മുതലാളിത്തവും, സോഷ്യൽ മീഡിയ മാർക്കറ്റിങ്ങും ഭരിക്കുന്ന പാർട്ടിയോടുള്ള കൂറുമാണ് ഇന്ന് സമൂഹത്തിൽ മനുഷ്യനെ ചരിത്രകാരരായി അംഗീകരിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത്, അല്ലാതെ അവരുടെ ഗവേഷണ പരിചയമോ വിഷയത്തിലുള്ള വിദ്യാഭ്യാസമോ അല്ല.

തന്റെ ജീവിതകാലത്ത് നടന്ന അനേകം സംവാദങ്ങളിൽ എം.ജി.എസ് ചരിത്രം പഠിച്ചവരെയും, പഠിക്കാത്തവരെയും വേർപെടുത്തി നിർത്തിയാണ് മറുപടികൾ നൽകിയിരുന്നത്.

തന്റെ ജീവിതകാലത്ത് നടന്ന അനേകം സംവാദങ്ങളിൽ എം.ജി.എസ് ചരിത്രം പഠിച്ചവരെയും, പഠിക്കാത്തവരെയും വേർപെടുത്തി നിർത്തിയാണ് മറുപടികൾ നൽകിയിരുന്നത്. ഈ വേർപെടുത്തൽ ഒരിക്കലും വിവേചനത്തിന്റെതല്ല, മറിച്ച് ഏതൊരു പ്രഫഷണൽ തൊഴിൽ പോലെ തന്നെയും ചരിത്രഗവേഷണം എന്ന അഭ്യസിച്ചെടുത്ത തൊഴിലിന് ലഭിക്കേണ്ട പരിഗണന നൽകുന്ന വേർതിരിക്കലുകളായിരുന്നു. പി.കെ. ബാലകൃഷ്‌ണൻ, കേസരി ബാലകൃഷ്‍ണപിള്ള, ഇ.എം.എസ്, കെ. ദാമോദരൻ എന്നിങ്ങനെ ചരിത്രവിഷയങ്ങൾ കൈകാര്യം ചെയ്തിരുന്ന എഴുത്തുകാരെ പ്രത്യേകമായി ചരിത്രത്തിൽ ‘skilled’ അല്ലാത്തവരായി തന്നെ എം.ജി.എസ് കണ്ടിരുന്നു. ഒറ്റ നോട്ടത്തിൽ കാർക്കശ്യസ്വഭാവമെന്ന് തോന്നുമെങ്കിലും ചരിത്രപഠനത്തിന്റെ മികവ് നിലനിർത്തുന്നതിന് ഈ വേർതിരിവ് വളരെ പ്രധാനമാണ്.

മാസങ്ങളും വർഷങ്ങളും നീണ്ടുനിൽക്കുന്ന തയ്യാറെടുപ്പുകൾക്കും, പഠനത്തിനും ശേഷം മാത്രമാണ് ഒരു ഗവേഷകൻ \ ഗവേഷക ചരിത്രം രചിക്കാനുള്ള പ്രാപ്‌തി നേടുന്നത്. വളരെ ഗൗരവമേറിയ തൊഴിലാണ് ചരിത്രരചന. ‘ഗൗരത്തോടെയും ശ്രദ്ധയോടെയുമല്ല ചരിത്രരചന നടത്തുന്നതെങ്കിൽ പേനയിൽ നിന്ന് മഷിക്ക് പകരം രക്തമാകും പരന്നൊഴുകുക’ എന്ന് മാർക്ക് ബ്ലോക് അഭിപ്രായപ്പെടുന്നുണ്ട്. ഒരു രാജ്യത്തെ ജനങ്ങളെ മുഴുവൻ സങ്കുചിതമായ ചരിത്രാസ്തിത്വത്തിന്റെ തടവറയിലാക്കാൻ കഴിഞ്ഞാൽ അവരെക്കൊണ്ട് എന്ത് പൈശാചിക പ്രവർത്തിയും ചെയ്യിപ്പിക്കാം എന്നതിന് നാസി ജർമ്മനിയുടെ ചരിത്രമാണ് ദൃഷ്ടാന്തം. യൂറോപ്പിന്റെയും ലോകത്തിന്റെ തന്റെയും നേതാക്കൾ തങ്ങളാണെന്ന തെറ്റിദ്ധാരണ മനുഷ്യരുടെ ചരിത്രാസ്തിത്വത്തിൽ കടന്നുകൂടിയപ്പോഴുണ്ടായ ദുരന്തങ്ങളാണ് രണ്ട് ലോകമഹായുദ്ധങ്ങൾ.

ചരിത്രപഠനത്തിൽ നിന്ന് ഒന്നും മനസിലാക്കാത്ത മനുഷ്യജീവിതങ്ങൾ വീണ്ടും വീണ്ടും ഗോത്രമനോഭാവത്തിലേക്ക് മടങ്ങി പോവുമെന്ന തിരിച്ചറിവ് എം.ജി.എസ് നൽകുന്നുണ്ട്. സമൂഹത്തെ മനഃസംസ്‌ക്കരണത്തിന് വിധേയമാക്കുന്ന ചരിത്രകാരരെ രചനാത്മക ന്യൂനപക്ഷമായി കണ്ട് മനസിലാക്കുവാനും അദ്ദേഹം ആഹ്വാനം ചെയ്യുന്നു. ചേരികളിൽ പെടാതെ സ്വതന്ത്രമായി നിന്ന് രാഷ്ട്രീയ-സാമൂഹിക വിശകലനം നടത്തുകയും, നിലപാടുകൾ പറയുകയും ചെയ്യുന്ന സിവിൽ സമൂഹം കേരളത്തിലില്ലാതെയാവുന്ന നേരത്താണ് എം.ജി.എസിന്റെ വാക്കുകളെ നാം വീണ്ടും വീണ്ടും കേൾക്കേണ്ടത്. ചരിത്രപഠനത്തെ ഒരു തരത്തിലും പ്രോത്സാഹിപ്പിക്കാത്ത സമൂഹം കൂടിയാണ് നമ്മുടേത്. സിവിൽ സർവീസ് പരീക്ഷകൾക്ക് വേണ്ടി പഠിക്കേണ്ടിവരുന്ന മാനവിക വിഷയങ്ങൾ മാത്രമായാണ് ഇന്നും ചരിത്രമെന്ന വിഷയം മനസിലാക്കപ്പെടുന്നത്. ഒരുപക്ഷെ നാം അധികാരത്തിലിരുത്തി പരിചയിച്ച പല ആശയങ്ങളുടേയും മനുഷ്യരുടെയും സ്ഥാപനങ്ങളുടേയും വിശ്വാസങ്ങളുടേയും ഉത്ഭവസ്ഥാനം തേടുകയും, അവയുടെ വംശാവലി വിശദീകരിക്കുകയും ചെയ്യുന്ന വിഷയമായതിലാകാം ചരിത്രം ഒരിക്കലും ഒരു ജനപ്രീയ വിഷയമാകാതെ പോകുന്നത്. ജാതി- മത-സ്വത്വ രൂപങ്ങളുടെ പേരിൽ തമ്മിലടിക്കുന്ന ജനങ്ങളെ ‘ന്യൂട്രലൈസ്’ ചെയ്‌തുകളയുന്ന രീതി അക്കാദമിക ചരിത്രപഠനത്തിന്റെ ഫലമാണ്. ആത്യന്തികമായി മനുഷ്യജീവിതത്തിന്റെ സങ്കീർണതകളെ അത് തുറന്നുകാട്ടുന്നു.

പി.കെ. ബാലകൃഷ്‌ണൻ, കേസരി ബാലകൃഷ്‍ണപിള്ള, ഇ.എം.എസ്, കെ. ദാമോദരൻ എന്നിങ്ങനെ  ചരിത്രവിഷയങ്ങൾ കൈകാര്യം ചെയ്തിരുന്ന എഴുത്തുകാരെ പ്രത്യേകമായി ചരിത്രത്തിൽ ‘skilled’ അല്ലാത്തവരായി തന്നെ എം.ജി.എസ് കണ്ടിരുന്നു.
പി.കെ. ബാലകൃഷ്‌ണൻ, കേസരി ബാലകൃഷ്‍ണപിള്ള, ഇ.എം.എസ്, കെ. ദാമോദരൻ എന്നിങ്ങനെ ചരിത്രവിഷയങ്ങൾ കൈകാര്യം ചെയ്തിരുന്ന എഴുത്തുകാരെ പ്രത്യേകമായി ചരിത്രത്തിൽ ‘skilled’ അല്ലാത്തവരായി തന്നെ എം.ജി.എസ് കണ്ടിരുന്നു.

ചരിത്രകാരർ എന്നും ശ്രമിക്കേണ്ടത് ഉത്തരവാദിത്വബോധത്തോടെ അവരുടെ പ്രേക്ഷകരെ അസ്വസ്ഥരാക്കുവാനാണ്. കൂടുതൽ ഗൗരവത്തോടെ മനുഷ്യാവസ്ഥയെക്കുറിച്ച് ചിന്തിപ്പിക്കാൻ ചരിത്രകാരർക്ക് സാധ്യമാകണം. വസ്തുതകളേയും, സത്യത്തേയും തേടി ഇറങ്ങുന്ന ചരിത്രകാരർ ഒരിക്കലും സർക്കാരുകൾക്ക് പ്രീയപ്പെട്ടവനാകില്ല എന്ന് നെഹ്‌റു ‘Glimpses of World History’- യിൽ കണ്ടെത്തുന്നുണ്ട്. വിധേയത്വരാഹിത്യവും ബൗദ്ധിക സത്യസന്ധയും ചരിത്രകാരരിൽ ചേരുമ്പോൾ അവരെഴുതുന്ന ഓരോ വാക്കും ആൾക്കൂട്ടങ്ങൾക്ക് ദഹിക്കാത്തതോ അധികാരികളെ ചൊടിപ്പിക്കുന്നതോ ആയി തീരുന്നു. എം.ജി.എസ് അങ്ങനെ ഒരു മനുഷ്യനായിരുന്നു. തർക്കങ്ങളെ (polemics) ഇഷ്ടപ്പെട്ടിരുന്ന ചുരുക്കം ചില ചിന്തകരിൽ ഒരാൾ. ഇന്നത്തെ തലമുറയിൽ അന്യം നിന്നു പോകുന്ന ഒന്നാണ് ആരോഗ്യപരമായ തർക്കങ്ങൾ. കേരളം നേരിടുന്ന പ്രധാന അപചയങ്ങളിൽ ഒന്ന് തർക്കങ്ങൾ കുറയുന്നതാണെന്ന് എം.ജി.എസ് കണ്ടെത്തിയിരുന്നു.

കേരളചരിത്രം പഠിക്കുന്നതിന് വട്ടെഴുത്തും കോലെഴുത്തും ഗ്രന്ഥാക്ഷരവും അടക്കമുള്ള പ്രാചീന ലിപികൾ എം.ജി.എസ് പഠിച്ചു. ലിഖിതങ്ങളിൽ ഉപയോഗിക്കുന്ന സാങ്കേ തികഭാഷയിൽ പ്രാവീണ്യം നേടി.

രാഷ്ട്രീയത്തെ ചരിത്രത്തിൽ നിന്ന് വേർപെടുത്തുന്നതിന്റെ രണ്ടാം ഘട്ടം എം.ജി.എസ് നടപ്പാക്കിയത് ചരിത്രത്തിൽ സത്താപരമായ ഒരന്വേഷണത്തിനും സാധ്യതയില്ലെന്ന് കണ്ടെത്തിക്കൊണ്ടാണ്. ഹിന്ദു, ക്രിസ്ത്യൻ, മുസ്ലിം, ദലിത്, സവർണൻ, മുതലാളി, തൊഴിലാളി മുതലായ സ്വത്വങ്ങളെ ചരിത്രത്തിലേക്ക് നീട്ടിയെടുത്ത് ഒരു തുടർച്ച കൽപ്പിക്കുന്നതിൽ യാതൊരു അർത്ഥവുമില്ല. ചരിത്രത്തെ മത്സരോത്സുകതയായും, മനുഷ്യർ തമ്മിലുള്ള നിരന്തര യുദ്ധമായും, സത്താപരമായും കാണുന്നിടത്താണ് എം.ജി.എസ് ചരിത്രത്തിൽ കാണാവുന്ന സഹജീവിതത്തെ (Cultural Symbiosis) കണ്ടെത്തുന്നത്. ഇന്ന് നാം സത്താപരമായി മനസിലാക്കുന്ന പല സ്വത്വബോധങ്ങളും കഴിഞ്ഞകാലത്ത് പര്സപരം കൊടുക്കൽ വാങ്ങലുകളിലൂടെ രൂപം കൊണ്ടതാണെന്ന ചരിത്രദർശനം എം.ജി.എസ് നൽകുന്നു. ഹൈന്ദവപാരമ്പര്യവും, ബൗദ്ധവും, ജൈനവും തമ്മിലുള്ള വേർതിരിവുകൾ ആഴത്തിൽ പരിശോധിച്ചാൽ ഒരു കൂട്ടർ മറ്റൊരു കൂട്ടരെ പൂർണമായി ഇല്ലാതാക്കി വന്നതല്ല എന്ന് കണ്ടെത്താം. പരസ്പരം പോരടിച്ചതിനേക്കാൾ കൂടുതൽ കൊടുക്കൽ- വാങ്ങലുകളുടെ ചരിത്രമാണ് മതങ്ങൾക്കും സംസ്ക്കാരങ്ങൾക്കും പറയാനുണ്ടാകുക.

മതങ്ങളെ പറ്റി അദ്ദേഹം നടത്തിയ പ്രസ്താവന ശ്രദ്ധിക്കുക: “വ്യത്യസ്തമായ കാലഘട്ടങ്ങളിൽ, വ്യത്യസ്തമായ ദേശങ്ങളിലാണ് മതങ്ങൾ രൂപപ്പെട്ട് വന്നത്. പക്ഷെ ഇന്ന് ഈ മതവിശ്വാസികൾ ഒന്നിച്ചിടപഴകി ജീവിക്കേണ്ട സാഹചര്യമാണുള്ളത്.” ഒരേസമയം മതങ്ങളുടെ ചരിത്രപരമായ സ്വഭാവങ്ങളെ മനസിലാക്കി, ആധുനിക ലോകത്തേയ്ക്ക് വരുമ്പോൾ അവയ്ക്ക് സംഭവിക്കേണ്ട മാറ്റത്തെ കുറിച്ച് എം.ജി.എസ് സൂചിപ്പിക്കുന്നു.

വസ്തുതകളേയും, സത്യത്തേയും തേടി ഇറങ്ങുന്ന ചരിത്രകാരർ ഒരിക്കലും സർക്കാരുകൾക്ക് പ്രീയപ്പെട്ടവനാകില്ല എന്ന് നെഹ്‌റു ‘Glimpses of World History’- യിൽ കണ്ടെത്തുന്നുണ്ട്.
വസ്തുതകളേയും, സത്യത്തേയും തേടി ഇറങ്ങുന്ന ചരിത്രകാരർ ഒരിക്കലും സർക്കാരുകൾക്ക് പ്രീയപ്പെട്ടവനാകില്ല എന്ന് നെഹ്‌റു ‘Glimpses of World History’- യിൽ കണ്ടെത്തുന്നുണ്ട്.

കേരള ചരിത്രപഠനം

കേരളചരിത്രം പഠിക്കുന്നതിന് വട്ടെഴുത്തും കോലെഴുത്തും ഗ്രന്ഥാക്ഷരവും അടക്കമുള്ള പ്രാചീന ലിപികൾ എം.ജി.എസ് പഠിച്ചു. ലിഖിതങ്ങളിൽ ഉപയോഗിക്കുന്ന സാങ്കേ തികഭാഷയിൽ പ്രാവീണ്യം നേടി. തമിഴും സംസ്‌കൃതവും നന്നായി കൈകാര്യംചെയ്യാനുള്ള അറിവ് നേടാനും അദ്ദേഹം ശ്രദ്ധിച്ചു. അറിയപ്പെടുന്ന ചരിത്രകാരനായി മാറുന്നതിനുവേണ്ടിയുള്ള അടിസ്ഥാന തയ്യാറെടുപ്പുകളായിരുന്നു അവയെല്ലാം. മൈസൂരിലെ പുരാലിഖിത വകുപ്പിന്റെ ഈടുവെപ്പിലെ പകർപ്പുകൾ (estampages) നോക്കി പ്രസിദ്ധീകരിച്ചതും അല്ലാത്തതുമായ നൂറ്റമ്പതോളം ലിഖിതങ്ങൾ അദ്ദേഹം വായിച്ചു. അങ്ങനെ അദ്ദേഹം ഇളംകുളം കുഞ്ഞൻപിള്ള കണ്ടുപിടിച്ച കുലശേഖര സാമ്രാജ്യത്തിലെ രാഷ്ട്രീയ- സാമൂഹിക സ്ഥിതികളെക്കുറിച്ച് തന്റെ ഗവേഷണ പ്രബന്ധം എഴുതി.

കവിതകൾ എഴുതി ആരംഭിച്ച എഴുത്തുജീവിതം ചരിത്രപരമായി ചിന്തിക്കുന്നതിൽ എം.ജി.എസിന് സഹായമായി. സാഹിത്യത്തെ ചരിത്രവിശകലനത്തിന് ഉപയോഗിക്കുന്ന രീതി, പ്രത്യേകിച്ച്, കേരള ചരിത്രത്തിൽ മൂഷികവംശകാവ്യം ഉപയോഗിച്ചുകൊണ്ടുള്ള ചരിത്രരചനയ്ക്ക് തുടക്കമിടുന്നത് എം.ജി.എസാണ്. കേരളത്തിൽ ചരിത്രമെന്ന പേരിൽ പ്രചരിച്ചിരുന്ന ഐതിഹ്യങ്ങളെയും, കെട്ടുകഥകളേയും അവയുടെ സാമൂഹിക- രാഷ്ട്രീയ ധർമ്മം കണക്കിലെടുത്ത് വിശകലനം ചെയ്യുക വഴി ചരിത്രത്തെ കണ്ടെത്തുന്ന രീതിയ്ക്കും അദ്ദേഹം തുടക്കമിട്ടു.

1956-ൽ പുറത്തിറങ്ങിയ ഡി.ഡി. കൊസാംബിയുടെ ഇന്ത്യൻ ചരിത്രത്തിന് ഒരു മുഖവര എന്ന പഠനവും, 1965-ൽ പുറത്തിറങ്ങിയ ആർ.എസ്. ശർമയുടെ Indian Feudalism: 300 - 1200 വരെ എന്ന പുസ്തകവും എം.ജി.എസിന്റെ ചരിത്രദർശനത്തിന് മാതൃകകളായി. ചരിത്രപരമായ ഭൗതികവാദവും (Historical materialism) മറ്റ് വിഷയാന്തരീയ കണ്ടെത്തലുകളും ചേർത്തുവെച്ച് കേരള ചരിത്രാഖ്യാനം അദ്ദേഹം ശാസ്ത്രീയമായി തന്നെ നടത്തി. പഴയകാലപ്രമാണങ്ങൾ അനുവദിക്കാത്ത ഒരു പ്രസ്താവനയും എം.ജി.എസിന്റെ പഠനങ്ങളിൽ നിങ്ങൾ കണ്ടെത്തില്ല എന്ന് ചരിത്രകാരൻ കേശവൻ വെളുത്താട്ട് അഭിപ്രായപ്പെടുന്നു.

1956-ൽ പുറത്തിറങ്ങിയ ഡി.ഡി. കൊസാംബിയുടെ ഇന്ത്യൻ ചരിത്രത്തിന് ഒരു മുഖവര എന്ന പഠനവും, 1965-ൽ പുറത്തിറങ്ങിയ ആർ.എസ്. ശർമയുടെ Indian Feudalism: 300 - 1200 വരെ എന്ന പുസ്തകവും എം.ജി.എസിന്റെ  ചരിത്രദർശനത്തിന് മാതൃകകളായി.
1956-ൽ പുറത്തിറങ്ങിയ ഡി.ഡി. കൊസാംബിയുടെ ഇന്ത്യൻ ചരിത്രത്തിന് ഒരു മുഖവര എന്ന പഠനവും, 1965-ൽ പുറത്തിറങ്ങിയ ആർ.എസ്. ശർമയുടെ Indian Feudalism: 300 - 1200 വരെ എന്ന പുസ്തകവും എം.ജി.എസിന്റെ ചരിത്രദർശനത്തിന് മാതൃകകളായി.

എം.ജി.എസ് പെരുമാക്കന്മാരെ കുറിച്ച് നടത്തിയ പഠനങ്ങളെക്കുറിച്ച് വിശദീകരിക്കുന്നത് ശ്രദ്ധിക്കുക:

“ചേരമാൻ രാജ്യം ഉണ്ടായിരുന്നത് ഒൻപതാം നൂറ്റാണ്ടിലാണ്. നാടുവാഴികളുടെ ഒരു മേൽക്കോയ്മയായി വരുന്നതാണ്. ചേരമാൻ എന്ന പെരുമാളിനെ നിശ്ചയിക്കുന്നു. അങ്ങനെ നിശ്ചയിക്കുന്നത് അന്ന് അധികാരമുണ്ടായിരുന്ന ബ്രാഹ്മണ സംഘങ്ങളാണ്. അതിനൊക്കെ കൃത്യമായ പ്രമാണങ്ങൾ ലഭ്യമാണ്. 32 ബ്രാഹ്മണ ഗ്രാമങ്ങളുണ്ട്. ആ 32 എണ്ണത്തിന്റെ നേതാക്കളാണ് കൊടുങ്ങല്ലൂരിന് ചുറ്റുമുള്ള 4 ബ്രാഹ്മണ ഗ്രാമങ്ങൾ. ഐരാണിക്കുളം, മൂഴിക്കുളം, പറവൂർ, ഇരിങ്ങാലക്കുട. ഈ നാല് ഗ്രാമങ്ങളുടേയും പ്രതിനിധികളാണ് പെരുമാക്കളുടെ ഉപദേശകർ. നാല് തളി അധികാരികൾ എന്ന് പറയും. താളിയാതിരിമാർ എന്ന് പറയും. മേൽ തളി, കീഴ്ത്തളി, ചിങ്ങപുരം തളി, നെടിയ തളി, ഐരാണികുളത്തിന്റെ കീഴ്ത്തളി. അതിന് തെളിവുണ്ട്. കീഴ്ത്തളിയിൽ നിന്ന് ഒരു വിഗ്രഹം കിട്ടിയിട്ടുണ്ട്. ദേവി വിഗ്രഹമാണ്. ആ വിഗ്രഹത്തിന് ചുവടെ ഒരു വിവരണമുണ്ട്. ആ വിവരണത്തിൽ ഐരാണിക്കുളത്തിന്റെ പേര് വരുന്നുണ്ട്. മൂഴിക്കുളം ഒരു വിഷ്ണുക്ഷേത്രമാണ്. മൂഴിക്കുളത്തിന് മേൽത്തളിയുമായാണ് ബന്ധം. ചിങ്ങപുരം എന്നാൽ സിംഹപുരം എന്നാണ് പേര്. ശ്രിംഗപുരം എന്ന പേരും കാണാം. പിന്നെയുള്ളത് നെടിയ തളിയാണ്. അത് തിരുവഞ്ചിക്കുളമാണ്. ഏറ്റവും വലിയ ക്ഷേത്രം. തളി എന്ന വാക്കിന് ക്ഷേത്രം എന്ന് മാത്രമാണ് അർത്ഥം. സ്ഥലി എന്നതിന്റെ രൂപമാണ്. ഈ നാല് തളിയിലുള്ള ബ്രാഹ്മണരാണ് ചേരമാൻ പെരുമാളുടെ മന്ത്രിസഭ’’.

കേരളത്തിന്റെ രാഷ്ട്രീയ- സാമൂഹിക ചരിത്രം ഭൂവുടമസ്ഥയുടെ അടിസ്ഥാനത്തിൽ മനസിലാക്കിയ പഠനം ബ്രാഹ്മണരെയും, ക്ഷേത്രങ്ങളേയും കേരളചരിത്രത്തിന്റെ ആരംഭത്തിൽ കൊണ്ടു കെട്ടിയെന്നും, എം.ജി.എസ് ക്ഷേത്രങ്ങൾ കയറിയിറങ്ങിനടക്കുന്ന ഹിന്ദുത്വവാദിയാണെന്നും ഈ പഠനം വായിക്കാതെ ചിലർ വിധിയെഴുതാറുണ്ട്. ക്ഷേത്രങ്ങളിലെ ലിഖിതങ്ങൾ പരിശോധിക്കാതെ കേരളത്തിന്റെ ചരിത്രം എഴുതുക അസാധ്യമാണ്. മാത്രവുമല്ല, പെരുമാക്കന്മാരുടെ ഭരണത്തെ വളരെ ജനാധിപത്യപരമായ ഒന്നായി അവതരിപ്പിച്ച ഇളംകുളം കുഞ്ഞൻപിള്ളയുടെ കണ്ടെത്തലിനെ തിരുത്തി പ്രാചീന - മധ്യകാല മന്ത്രിസഭകളും ഭരണരൂപങ്ങളും ജനാധിപത്യവുമായി കൂട്ടിക്കെട്ടുന്നതിൽ യാതൊരു അർത്ഥവുമില്ലെന്ന് കണ്ടെത്തി, ജാതിയെക്കുറിച്ചും, അടിമത്തത്തെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു പോകുന്നുമുണ്ട്.

ഇർഫാൻ ഹബീബ് എന്ന ചരിത്രകാരന്റെ കഴിവുകളെ അംഗീകരിക്കുമ്പോൾ തന്നെ ഇന്ത്യൻ ചരിത്ര കോൺഗ്രസിനെ പൂർണമായും ഇടതുപക്ഷ ഗ്രൂപ്പിസത്തിലേക്ക് കൊണ്ടെത്തിച്ചതിൽ എം.ജി.എസ് എതിർപ്പ് പ്രകടിപ്പിച്ചു.

കച്ചവടബന്ധങ്ങൾ കേരളത്തിന്റെ സാമൂഹിക പശ്ചാത്തലം നിർണയിക്കുന്നതിൽ എത്രത്തോളം വലിയ പങ്ക് വഹിച്ചു എന്നതും എം.ജി.എസ് ചർച്ചാവിഷയമാക്കുന്നുണ്ട്. “Charity begins at the marketplace” എന്ന് പ്രസ്താവന എം.ജി.എസ് നടത്തുന്നത് കേരളത്തിന്റെ ജാതി- മത വേർതിരിവുകളുടെ ചരിത്രപശ്ചാത്തലത്തിലാണ്. അനുകമ്പയും, സഹിഷ്ണുതയും കേരളത്തിന്റെ സവിശേഷ സ്വഭാവങ്ങളായി കണ്ട് വാഴ്ത്തപ്പെട്ടപ്പോൾ അത്തരം സ്വഭാവങ്ങൾക്ക് പിന്നിലെ സാമൂഹിക- സാമ്പത്തിക ഘടകങ്ങൾ എം.ജി. എസ് വിശദമാക്കി. കാവുകൾ ക്ഷേത്രങ്ങളായി മാറിയതും അതോടൊപ്പം ജാതിയുടെ പ്രവർത്തനം വിപുലമാകുന്നതും കണ്ടെത്തപ്പെട്ടു. 14, 15 നൂറ്റാണ്ടുകളോടെ ഉപജാതികൾ നിലവിൽ വന്നതായും എം.ജി.എസ് കണ്ടെത്തുന്നു. കേരളത്തിൽ വിപുലമായ രീതിയിൽ ബൗദ്ധ- ജൈന സാന്നിധ്യം നിലനിന്നിരുന്നു എന്ന വാദത്തോട് പലപ്പോഴായി ഇടഞ്ഞിട്ടുണ്ട് എം.ജി.എസ്. ഇന്നത്തെ പല ചരിത്രകാരന്മാരും, എഴുത്തുകാരും മണ്മറഞ്ഞുപോയ ഒരു ബൗദ്ധപാരമ്പര്യത്തെ തേടുന്നതായി കാണാം. ജാതി-മത വേർതിരിവുകൾ ഇല്ലാതിരുന്ന ഒരു സുവർണ കാലഘട്ടമായി പോലും അത്തരം വീക്ഷണങ്ങൾ വ്യാഖാനിക്കപ്പെടുന്നു. പക്ഷെ എം.ജി.എസിന്റെ അഭിപ്രായത്തിൽ ഒമ്പതാം നൂറ്റാണ്ടിന് മുൻപ് ഒരു തരത്തിലുള്ള ബൗദ്ധ- ജൈന സാന്നിധ്യവും കേരളത്തിൽ കാണുവാൻ സാധിക്കില്ല. തെന്നിന്ത്യയിൽ കർണാടകത്തിലാണ് ബൗദ്ധ-ജൈന സാന്നിധ്യം. കേരളത്തിലോ, തമിഴ് നാട്ടിലോ ഇല്ല. ഗ്രാമങ്ങൾ കേന്ദ്രീകരിച്ച് നടന്നിരുന്ന പ്രാചീന മതാചാരങ്ങളുടെ വ്യത്യസ്ത ദൈവങ്ങളായിരുന്നു ഇവിടെ ആരാധിക്കപ്പെട്ടിരുന്നത്. അവ പിന്നീട് ഹിന്ദുമതത്തിലേക്ക് ചേർക്കപ്പെട്ടു എന്നത് ചരിത്രം. അയ്യപ്പൻ അയ്യനാരാണ് എന്ന കണ്ടെത്തൽ എം.ജി.എസ് ഇതേ കണ്ടെത്തലുകളോട് ചേർത്ത് നിർത്തി നടത്തുന്നതാണ്. അയ്യപ്പനെ തമിഴ് സംസ്‌കാരത്തിൽ നിന്ന് മനസിലാക്കുവാൻ ശ്രമിച്ച ആദ്യശ്രമങ്ങളിൽ ഒന്നാണ് എം.ജി.എസിന്റേത്. വ്യക്തമായ കാലക്രമത്തിന്റെ അടിസ്ഥാനത്തിൽ നീരീക്ഷണങ്ങൾ നടത്തുന്നതുകൊണ്ട് എം.ജി.എസിന്റെ നിരീക്ഷണങ്ങളാണ് യാഥാർഥ്യത്തോട് കൂടുതൽ അടുത്തുനിൽക്കുന്നത്‌.

കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിൽ അദ്ധ്യാപകനായിരുന്നപ്പോഴും കേരള സർവകലാശാലയിൽ അദ്ധ്യാപകനായി തൊഴിൽ ചെയ്തു വന്നിരുന്ന കാലഘട്ടത്തിലും എം.ജി.എസ് ചരിത്രാന്വേഷണങ്ങൾ തുടർന്നു. ഇന്ത്യൻ ചരിത്ര കോൺഗ്രസിന്റെ സെക്രട്ടറി, ഇന്ത്യൻ കൗൺസിൽ ഫോർ ഹിസ്റ്റോറിക്കൽ റിസർച്ചിന്റെ ആദ്യ മെമ്പർ സെക്രട്ടറി, പിന്നീട് അതിന്റെ ചെയർമാൻ, കൊച്ചിയിലെ സെന്റർ ഫോർ ഹെറിറ്റേജ് സ്റ്റഡീസിന്റെ ഡയറക്ടർ ജനറൽ എന്നിങ്ങനെ പല ഉത്തരവാദിത്വങ്ങൾ അദ്ദേഹം നിർവഹിച്ചു.

കച്ചവടബന്ധങ്ങൾ കേരളത്തിന്റെ സാമൂഹിക പശ്ചാത്തലം നിർണയിക്കുന്നതിൽ എത്രത്തോളം വലിയ പങ്ക് വഹിച്ചു എന്നതും എം.ജി.എസ് ചർച്ചാവിഷയമാക്കുന്നുണ്ട്.
കച്ചവടബന്ധങ്ങൾ കേരളത്തിന്റെ സാമൂഹിക പശ്ചാത്തലം നിർണയിക്കുന്നതിൽ എത്രത്തോളം വലിയ പങ്ക് വഹിച്ചു എന്നതും എം.ജി.എസ് ചർച്ചാവിഷയമാക്കുന്നുണ്ട്.

‘All evidence, all concepts and all theoretical frameworks must be rigorously and repeatedly tested and verified’ എന്ന് വിദ്യാർത്ഥികളോടായി പറഞ്ഞിരുന്നു എം.ജി.എസ്. ഇന്നത്തെ സ്വത്വവാദ രാഷ്ട്രീയത്തെ ചരിത്രത്തിലേക്ക് നീട്ടുന്നതിൽ യാതൊരു അർഥവുമില്ലെന്ന് എം.ജി.എസ് ആവർത്തിച്ചിരുന്നു.
‘ബ്രാഹ്മണാധിപത്യം നിലനിന്നിരുന്ന ഒമ്പതാം നൂറ്റാണ്ടിൽ തന്നെയാണ് ബുദ്ധമതവും ജൈനമതവും ഇവിടെ കടന്നുവരുന്നത്. ബ്രാഹ്മണ നേതാക്കളുടെ സമ്മതത്തോടെയാണ് ബൗദ്ധരും, ജൈനരും, ക്രിസ്ത്യനികളും, യഹൂദരും, മുസ്ലീങ്ങളും ഇവിടെ വന്നു സ്ഥാപനങ്ങൾ ഉണ്ടാക്കിയതും വേര് പിടിപ്പിച്ചതും. കടൽ വഴിയും കരവഴിയുമുള്ള കച്ചവടം നാട് വാഴുന്നവർക്കും, ബ്രാഹ്മണർക്കും ആവശ്യമായിരുന്നു’.
ചേരന്മാരുടെ കാലത്തിന് ശേഷം ചോളസാമ്രാജ്യത്തെക്കുറിച്ചും, അശോകന്റെ കാലത്താണ് ബ്രഹ്മി ലിപി ഉണ്ടായതെന്നും, കലിംഗ യുദ്ധത്തിന് ശേഷമാണ് അശോകൻ ബൗദ്ധരുമായി ബന്ധപ്പെട്ടതെന്നും ഉള്ള ധാരണകളെ തിരുത്തുന്ന കണ്ടെത്തലുകളും അദ്ദേഹം നടത്തി.

സർവകലാശാലകൾ എന്ന സർക്കാർ തൊഴുത്ത്

1973-ൽ ഐ.സി.എച്ച്.ആർ സ്ഥാപിതമാകുമ്പോൾ എം.ജി.എസ് കാലിക്കറ്റ് സർവകലാശാല വിഭാഗം അധ്യക്ഷനായി രണ്ട് കൊല്ലം തികക്കുന്നേയുണ്ടായിരുന്നുള്ളൂ എങ്കിലും ആദ്യത്തെ ചെയർമാൻ ആർ.എസ്. ശർമ്മ എം.ജി.എസിനെ പല സമിതികളിലും അംഗമായി ചേർത്തു. Indian Historical review എന്ന ഗവേഷണപ്രസിദ്ധീകരണം തുടങ്ങിയപ്പോൾ മുതൽ അതിന്റെ സ്ഥാപക എഡിറ്റോറിയൽ ബോർഡിൽ അംഗമായിരുന്നു. പുരാലിഖിതങ്ങൾക്കും സാങ്കേതിക പദ നിഘണ്ടുവിനും ഒക്കെയുള്ള സമിതികളിൽ ആദ്യം മുതൽക്കേ അംഗമായിരുന്നു. 1988-ൽ ഇർഫാൻ ഹബീബ് ചെയർമാനായി കൗൺസിൽ പുനഃസംഘടിപ്പിക്കപ്പെട്ടപ്പോൾ എം.ജി.എസ് കൗൺസിൽ മെമ്പറായി. കാലിക്കറ്റ് സർവകലാശാലയിലെ രാഷ്ട്രീയ കക്ഷികളുടെ പീഡനവും നിസ്സഹകരണവും കലശലാവുന്നതും ഇതേ കാലത്താണ്. ഇന്ത്യയിൽ അക്കാദമിക്കുകളില്ല എന്ന തിരിച്ചറിവിലേക്ക് എം.ജി.എസ് എത്തുന്നു.

ചരിത്ര കോൺഗ്രസിന്റെ സെക്രട്ടറിയായി പ്രവർത്തിക്കുമ്പോൾ ഇടത്- വലത് രാഷ്ട്രീയധാരകളുമായി അദ്ദേഹം കലഹം തുടർന്നു. ചരിത്ര കോൺഗ്രസിൽ കൂടുതൽ അംഗങ്ങളെ ചേർത്ത് കൃത്രിമ ഭൂരിപക്ഷം സൃഷ്ടിച്ച് സംഘടനയെ വശത്താക്കാൻ ഹിന്ദുത്വവാദികൾ അന്ന് ശ്രമിച്ചിരുന്നു.

“ഇന്ത്യയിൽ സർവ്വകലാശാലകളില്ല. നമ്മുടെ യൂണിവേഴ്സിറ്റികൾ എന്ന് പറയുന്നത് പരീക്ഷകൾ നടത്തുന്ന കേന്ദ്രങ്ങൾ മാത്രമാണ്. അതല്ലല്ലോ സർവ്വകലാശാല?. അവിടെ അഭിപ്രായസ്വാതന്ത്ര്യം വേണം, ചർച്ചകൾ വേണം അതൊന്നും നടത്താനുള്ള സ്ഥാപനങ്ങളായല്ല നമ്മുടെ യൂണിവേഴ്സിറ്റികൾ പ്രവർത്തിക്കുന്നത്’’- ഒരഭിമുഖത്തിൽ എം.ജി.എസ് ഇങ്ങനെ അഭിപ്രായപ്പെടുന്നുണ്ട്.

ജാതിയും മതവും നിറഞ്ഞാടുന്ന ഇന്ത്യൻ സർവ്വകലാശാലകളുടെ നേർചിത്രം മടിക്കാതെ തുറന്നുപറഞ്ഞതും എം.ജി.എസാണ്. കേരളത്തിലെ സർവ്വകലാശാലകളെ കുറിച്ച് സവിശേഷമായി പറഞ്ഞ വാക്കുകൾ ശ്രദ്ധിക്കുക: ‘‘കേരളത്തിൽ സമുദായങ്ങളുടെയും കക്ഷികളുടേയും സ്ഥാപിത താൽപര്യങ്ങൾ ചരിത്രാന്വേഷണങ്ങളെ പ്രതിരോധിക്കുന്നുണ്ട്. സർവ്വകലാശാലകൾ കക്ഷിരാഷ്ട്രീയ കേന്ദ്രങ്ങളാണെന്നല്ലാതെ ഗവേഷണ കേന്ദ്രങ്ങളാകുന്നില്ല. പുതിയ നിഗമനങ്ങൾ സാവധാനത്തിൽ മാത്രമേ പ്രചരിക്കൂ. അനുകൂലമായോ. പ്രതികൂലമായോ അക്കാദമികമായ പ്രതികരണങ്ങൾ ലഭിക്കുന്നില്ല എന്നതാണ് ഇപ്പോഴത്തെ കുഴപ്പം. സർക്കാരുകളുടെ തൊഴുത്ത് മാത്രമാണ് ഇന്നത്തെ സർവ്വകലാശാലകൾ”.

അധ്യാപകരെ മുതിർന്ന വിദ്യാർത്ഥികളായി കാണുന്ന എം.ജി.എസിന് സ്ഥിരജോലി ലഭിച്ച ശേഷം ഗവേഷണവും, ചരിത്രത്തോടുള്ള ഇഷ്ടവും മറക്കുന്ന അധ്യാപക- ഉദ്യോഗസ്ഥരെ വെറുപ്പായിരുന്നു. എന്തെങ്കിലും ഗ്രൂപ്പിനോട് അതിരു കവിഞ്ഞ വിധേയത്വം പുലർത്തുന്നവരെ ഗോത്രമനസുമായി നടക്കുന്നവരായാണ് എം.ജി.എസ് മനസിലാക്കിയിരുന്നത്. ഇർഫാൻ ഹബീബ് എന്ന ചരിത്രകാരന്റെ കഴിവുകളെ അംഗീകരിക്കുമ്പോൾ തന്നെ ഇന്ത്യൻ ചരിത്ര കോൺഗ്രസിനെ പൂർണമായും ഇടതുപക്ഷ ഗ്രൂപ്പിസത്തിലേക്ക് കൊണ്ടെത്തിച്ചതിൽ എം.ജി.എസ് എതിർപ്പ് പ്രകടിപ്പിച്ചു.

1976-ൽ ചരിത്ര കോൺഗ്രസ് ദക്ഷിണേന്ത്യയിലേക്ക് കൊണ്ടുവന്നത് എം.ജി.എസാണ്. എച്ച്.ആർ.ഡി മന്ത്രി നൂറുൽ ഹസ്സൻ, യു.ജി.സി ചെയർമാൻ സതീഷ് ചന്ദ്ര, ഐ.സി.എച്ച്.ആർ ചെയർമാൻ ആർ.എസ്. ശർമ്മ എന്നിവർ സഹകരിച്ചപ്പോൾ വിദേശ പ്രതിനിധികളായി ഇ.പി. തോംസൺ, പ്രൊഫസർ എറിക് സ്റ്റോക്സ് എന്നിവരും പങ്കെടുത്തു. കേരളത്തിന്റെ പരിമിതമായ സാഹചര്യത്തിലും ഇവിടുത്തെ ചരിത്രവിദ്യാർത്ഥികളും ഗവേഷകരും ആഗോളതലത്തിൽ പ്രശസ്തരായ ചരിത്രകാരന്മാരോട് സംവേദിക്കണം എന്ന വാശി അദ്ദേഹം നിലനിർത്തിയിരുന്നു.

മുൻ ഐ.സി.എച്ച്.ആർ ചെയർമാൻ ആർ.എസ്. ശർമ്മ
മുൻ ഐ.സി.എച്ച്.ആർ ചെയർമാൻ ആർ.എസ്. ശർമ്മ

ചരിത്ര കോൺഗ്രസിന്റെ സെക്രട്ടറിയായി പ്രവർത്തിക്കുമ്പോൾ ഇടത്- വലത് രാഷ്ട്രീയധാരകളുമായി അദ്ദേഹം കലഹം തുടർന്നു. ചരിത്ര കോൺഗ്രസിൽ കൂടുതൽ അംഗങ്ങളെ ചേർത്ത് കൃത്രിമ ഭൂരിപക്ഷം സൃഷ്ടിച്ച് സംഘടനയെ വശത്താക്കാൻ ഹിന്ദുത്വവാദികൾ അന്ന് ശ്രമിച്ചിരുന്നു. സെക്രട്ടറി എന്ന നിലയ്ക്ക് ആ നീക്കത്തെ എം.ജി.എസ് എതിർത്തു. ചരിത്രകാരരുടെ ഒരു പൊതുസംഘടന ആരുടേയും കുത്തകയായി മാറരുത് എന്നായിരുന്നു എം.ജി.എസിന്റെ പക്ഷം. . അന്ന് പ്രൊഫ. ഇർഫാൻ ഹബീബ് കൂടെ നിന്നിരുന്നു എന്നാൽ പിന്നീട് 1985-ൽ സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ട സുമിത് സർക്കാരും പ്രൊഫ. ഇർഫാന്റെ അനുയായികളും ചേർന്ന് ചരിത്ര കോൺഗ്രസിൽ കുത്തകപരിപാടി നയം നടപ്പിലാക്കി. സംഘടന പിടിച്ചെടുക്കുക എന്ന് മാത്രമല്ല, ഭരണഘടന തന്നെ മാറ്റിമറിച്ച് 1990-ലെ ഡൽഹി സമ്മേളനത്തോടെ ഐ.എച്ച്.സിയെ മാർക്സിസ്റ്റുകളുടെ പോക്കറ്റ് സംഘടനയാക്കി മാറ്റി. മേലിൽ പുതിയ അംഗങ്ങൾക്ക് സംഘടനയിൽ ചേരണമെങ്കിൽ ബിരുദവും, പ്രവർത്തകസമിതി അംഗങ്ങളുടെ അനുമതിയും വേണമെന്ന നിബന്ധന കൊണ്ടുവന്നു. മാർക്സിസ്റ്റുകൾക്ക് ആധിപത്യമുള്ള സംസ്ഥാനങ്ങളിലും സർവ്വകലാശാലകളിലുമല്ലാതെ മറ്റെവിടെയും ഈ സംഘടനയുടെ സമ്മേളനങ്ങൾ അതിനുശേഷം നടക്കാറില്ല. ബാബ്‌റി മസ്ജിദ് പ്രശ്‌നം പുകയുന്ന സമയത്ത് ചരിത്രകൗൺസിലിൽ എം.ജി.എസും ഇർഫാൻ ഹബീബുമുണ്ടായിരുന്നു. പ്രാദേശിക തലത്തിൽ പരിഹരിക്കേണ്ട ഒരു പ്രശ്നത്തെ ദേശവ്യാപക പ്രശ്നമായി മാറ്റുന്നതിൽ ചരിത്രവസ്തുതകളുടെ തമസ്ക്കരണം വ്യക്തമാണ്. ഹിന്ദുക്കളും മുസ്ലീങ്ങളും ചേരിതിരിഞ്ഞു നിൽക്കുന്നതാണ് തങ്ങളുടെ കക്ഷിക്ക് ഗുണം എന്നും ഹബീബ് ധരിച്ചിരുന്നു. മുസ്ലീങ്ങളെ കോൺഗ്രസിൽ നിന്ന് അടർത്തി മാറ്റുവാനുള്ള പദ്ധതിയായി ബാബ്‌റി പ്രശ്‌നം മാറി. രാമായണത്തെ ചരിത്രമായി കാണാനോ, ശ്രീരാമനെ അവതാരമായി ആരാധിക്കാനോ എം.ജി.എസ് ഒരുക്കമല്ലായിരുന്നു. അവിടെ ക്ഷേത്രം പണിയാനുള്ള ശ്രമങ്ങളെ രാഷ്ട്രീയകളിയായി മാത്രമേ അദ്ദേഹം കണ്ടിരുന്നുള്ളൂ. ചന്ദ്രശേഖര റാവു തുറന്ന ചർച്ചയ്ക്ക് വഴിവെച്ചെങ്കിലും, ഹബീബ് കക്ഷി രാഷ്ട്രീയ താൽപര്യത്തോടെ അതിനെ സമീപിച്ചു. പള്ളിക്കുതാഴെ പഴയ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളുണ്ടെന്ന് തെളിയിക്കുന്ന ഹരി-വിഷ്ണു ലിഖിതത്തെക്കുറിച്ച് എം.ജി.എസ് ലേഖനങ്ങൾ എഴുതിയിരുന്നു. എന്നാൽ ചരിത്രകാരന്മാർ ഒറ്റകെട്ടായി നിന്ന് ചരിത്രസന്ദർഭത്തെ ജനങ്ങൾക്ക് മുൻപിൽ വിശദീകരിക്കുന്നതിനുപകരം സാഹചര്യം കൂടുതൽ വഷളാക്കുകയാണുണ്ടായത്. 2001-2003 കാലഘട്ടത്തിൽ ഇന്ത്യൻ ചരിത്രഗവേഷണ കൗൺസിലിന്റെ അധ്യക്ഷനായിരുന്ന സമയം ഇർഫാൻ ഹബീബ് എം.ജി.എസുമായി വീണ്ടും ഇടയുന്നുണ്ട്.

മാർക്സിസവും എം.ജി.എസും

ചരിത്രത്തെ രാഷ്ട്രീയത്തിൽ നിന്ന് വേർപെടുത്തുന്നതിന്റെ മൂന്നാം ഘട്ടം, ചരിത്ര കോൺഗ്രസിൽനിന്ന് ലഭിച്ച അനുഭവങ്ങളിലൂടെയാണ് എം.ജി.എസ് നടത്തുന്നത്. ഇന്ത്യയിലെ മാർക്സിസ്റ്റുകാർ എന്ന് പറഞ്ഞു നടക്കുന്ന ചരിത്രകാരരെയും, ബുദ്ധിജീവികളെയും തേടിപ്പിടിച്ച് വിമർശിക്കുന്ന രീതി എം.ജി.എസ് സ്വഭാവമാക്കുന്നത് ഈ കാലഘട്ടം മുതൽക്കാണ്. ഡി.ഡി. കൊസാംബി ഇന്ത്യൻ പാർട്ടി മാർക്സിസ്റ്റുകളെ വിമർശിച്ചിരുന്നതുപോലെ എം.ജി.എസ് കേരളത്തിലെ മാർക്സിസ്റ്റുകാരെ തിരഞ്ഞുപിടിച്ച് വിമർശിച്ചു. ഇ .എം. എസ്. നമ്പൂതിരിപ്പാടെന്ന കമ്മ്യൂണിസ്റ്റ് നേതാവിന്റെ ‘പബ്ലിക് ഇമേജ്’ എങ്ങനെ ബ്രാഹ്‌മണ്യവുമായി ചേർന്നു നിൽക്കുന്നുവെന്നും, ജനപ്രീതി ഉണ്ടാക്കുന്നതിനുവേണ്ടി സ്വത്തുവകകൾ പാവപ്പെട്ടവർക്ക് എഴുതി നൽകി എന്നൊക്കെയുള്ള കാര്യങ്ങളുടെ നിജസ്ഥിതി എം.ജി.എസ് തുറന്നു കാട്ടി.

എം.ജി.എസിന്റെ മാർക്സിസ്റ്റ് വിമർശനം ഒരിക്കലും മാർക്സിനെ തള്ളിക്കളയുന്നതിലേക്ക് കടന്നില്ല എന്നത് ശ്രദ്ധേയമാണ്. റഷ്യൻ വിപ്ലവവും, കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനവും തമ്മിലുള്ള താരതമ്യം ഇടതുപക്ഷ ചിന്താധാരകളെ പറ്റി അന്വേഷണം നടത്തുന്നവർക്ക് ഉൾക്കാഴ്ച നൽകുന്നവയാണ്

എന്തുകൊണ്ടാകാം എം.ജി.എസിന് പാർട്ടി മാർക്സിസ്റ്റുകാരോട് ഇത്രയധികം വിയോജിപ്പ്? ഒരു കാരണം, തങ്ങളുടെ രാഷ്ട്രീയം ചരിത്രപരമായി ശരിയാണെന്ന തീർപ്പ് മാർക്സിസ്റ്റുകാർ വെച്ചു പുലർത്തുന്നു എന്നതാണ്. വേണ്ടവിധത്തിലുള്ള ഗവേഷണങ്ങളൊന്നും കൂടാതെ കേരള ചരിത്രം എഴുതിത്തീർത്ത ഇ.എം.എസ് കൃത്രിമമായ ഒരു ബുദ്ധിജീവി അസ്തിത്വം പാർട്ടി മാർക്സിസ്റ്റുകാർക്ക് മുഴുവനായി നൽകുന്നതിൽ വലിയ പങ്ക് വഹിച്ചു. മാർക്സിനെ സോവിയറ്റ് സെൻസറിങ്ങിനുശേഷം വായിച്ച കേരളത്തിലെ മാർക്സിസ്റ്റുകൾ മാർക്സിസം എന്ന പേരിൽ പ്രചരിപ്പിച്ചിരുന്നത് നമ്പൂതിരിപ്പാടിന്റെ ബ്രാഹ്‌മണ്യവും, ഫ്യൂഡൽ ചിന്താഗതികളുമാണെന്ന് എം.ജി.എസ് അഭിപ്രായപ്പെടുന്നുണ്ട്. ഡി.ഡി. കൊസാംബി എസ്.എ. ഡാങ്കെയെ വിമർശനത്തിന് വിധേയമാക്കിയ പോലെ എം.ജി.എസ് ഇ. എം. എസിനെ വിമർശനവിധേമായമാക്കി.

കൊസാംബി പാർട്ടി മാർക്സിസ്റ്റുകളെ കുറിച്ച് നടത്തിയ പ്രസ്താവന വളരെ പ്രധാനമാണ്: “ഔദ്യോഗിക മാർക്സിസ്റ്റുകൾ ഒരു സമ്മിശ്രവർഗ്ഗമാണ്. അവരെ പ്രത്യേകം വ്യവച്ഛേദിക്കുക ബുദ്ധിമുട്ടാണ്. കാരണം അവരുടെ കാഴ്ചപാടുകൾ ദ്രുതഗതിയിൽ മാറിക്കൊണ്ടിരിക്കും, മാത്രമല്ല അവരുടെ രാഷ്ട്രീയ പരിവർത്തനവും സഖ്യങ്ങളും അതിലേറെ ദ്രുതവേഗം പൂണ്ടവയുമാണ്. ഔദ്യോഗിക മാർക്സിസ്റ്റുകളിൽ സി.പി.ഐയുടെ വിവിധ വിഭാഗങ്ങളും, കോൺഗ്രസ് സോഷ്യലിസ്റ്റുകളും, റോയിസ്റ്റുകളും അനേകം ചെറു ഇടതുപക്ഷ ഗ്രൂപ്പുകളും അണിനിരന്നിട്ടുണ്ട്. ഔദ്യോഗിക മാർക്സിസ്റ്റുകളുടെ മാർക്സിസം പലപ്പോഴും അതതു കാലത്തെ പാർട്ടി ലൈനിനും ക്ലാസിക് രചനകളിലെ അപ്രസക്തങ്ങളായ ഉദ്ധ രണികൾക്കും ഒരുതരം മതപരമായ അലംഘനീയ പാവനത്വം കൽപ്പിച്ചുകൊടുക്കുകയാണ് പതിവ്.”

മോസ്കോയിൽ വിസിറ്റിംഗ് പ്രഫസറായി പോയിരുന്ന കാലഘട്ടത്തിൽ നേരിട്ട അനുഭവങ്ങളുടെ വെളിച്ചത്തിൽ എം.ജി.എസ് നടത്തിയ നിരീക്ഷണങ്ങൾ ശ്രദ്ധിക്കുക:
“റൂബിൾ മാത്രം കൈവശമുള്ള സോവിയറ്റ് പൗരന്മാർ പട്ടിണിയും പാടുമായി നീണ്ട ക്യൂവിൽ നിൽക്കുമ്പോൾ ഡോളറിൽ ശമ്പളം വാങ്ങുന്നവർ അതേ ഹോട്ടലിൽ അപ്പുറത്ത് സുഖഭക്ഷണം കഴിക്കുന്നത് സുഖകരമായ അനുഭവമല്ലല്ലോ. ലെനിനെ പോലുള്ള നേതാക്കളുടെ കൂറ്റൻ പ്രതിമകൾ സർവ്വകലാശാലാ വിദ്യാർത്ഥികൾ അടിച്ചുടയ്ക്കുന്നത് കാണുമ്പോൾ ടോൾസ്റ്റോയിയുടെയും, പുഷ്കിന്റെയും സ്നേഹശീലരായ റഷ്യൻ ജനതയെ ഓർത്ത് ദുഃഖവും അഭിമാനവും തോന്നി. പൂക്കളും, നല്ല ഭക്ഷണവും, വോഡ്കയും, സൗന്ദര്യവും ആസ്വദിക്കുന്നവർ. ക്രൂരമായ സർവാധിപത്യത്തിൽ നരകിച്ച് എങ്ങനയോ പുറത്ത് ചാടി രക്ഷപ്പെട്ടവർ. അങ്ങനെ രക്ഷപ്പെടാൻ കഴിയാതിരുന്ന ആയിരങ്ങൾ.”

 ഇ .എം. എസ്. നമ്പൂതിരിപ്പാടെന്ന കമ്മ്യൂണിസ്റ്റ് നേതാവിന്റെ ‘പബ്ലിക് ഇമേജ്’ എങ്ങനെ ബ്രാഹ്‌മണ്യവുമായി ചേർന്നു നിൽക്കുന്നുവെന്നും, ജനപ്രീതി ഉണ്ടാക്കുന്നതിനുവേണ്ടി സ്വത്തുവകകൾ പാവപ്പെട്ടവർക്ക് എഴുതി നൽകി എന്നൊക്കെയുള്ള കാര്യങ്ങളുടെ നിജസ്ഥിതി എം.ജി.എസ് തുറന്നുകാട്ടി.
ഇ .എം. എസ്. നമ്പൂതിരിപ്പാടെന്ന കമ്മ്യൂണിസ്റ്റ് നേതാവിന്റെ ‘പബ്ലിക് ഇമേജ്’ എങ്ങനെ ബ്രാഹ്‌മണ്യവുമായി ചേർന്നു നിൽക്കുന്നുവെന്നും, ജനപ്രീതി ഉണ്ടാക്കുന്നതിനുവേണ്ടി സ്വത്തുവകകൾ പാവപ്പെട്ടവർക്ക് എഴുതി നൽകി എന്നൊക്കെയുള്ള കാര്യങ്ങളുടെ നിജസ്ഥിതി എം.ജി.എസ് തുറന്നുകാട്ടി.

എം.ജി.എസിന്റെ മാർക്സിസ്റ്റ് വിമർശനം ഒരിക്കലും മാർക്സിനെ തള്ളിക്കളയുന്നതിലേക്ക് കടന്നില്ല എന്നത് ശ്രദ്ധേയമാണ്. റഷ്യൻ വിപ്ലവവും, കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനവും തമ്മിലുള്ള താരതമ്യം ഇടതുപക്ഷ ചിന്താധാരകളെ പറ്റി അന്വേഷണം നടത്തുന്നവർക്ക് ഉൾക്കാഴ്ച നൽകുന്നവയാണ്:
“ലെനിനും സ്റ്റാലിനും കൂടി എങ്ങനെയാണോ മാർക്സിന്റെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ഒരു സങ്കുചിത കക്ഷിയാക്കി മാറ്റിയത്, അതുപോലെ ഇവിടുത്തെ കമ്മ്യൂണിസ്റ്റ് ബഹുജന പ്രസ്ഥാനത്തെ സങ്കുചിത കക്ഷിയാക്കി മാറ്റിയത് ഇ.എം.എസും കൂട്ടരുമായിരുന്നു. കെ.ദാമോദരനെപോലുള്ള ചിന്താശക്തിയുള്ളവരെയും, എ.കെ ഗോപാലനെപ്പോലുള്ള ജനനേതാക്കളേയും ഒതുക്കിയാണ് ഇ. എം. എസ് നേതാവായി മാറുന്നത്. ഇവിടുത്തെ ചരിത്രകാരന്മാർ ഇടതുപക്ഷവും വലത്പക്ഷവും തമ്മിലുള്ള വേർതിരിവ് തിരിച്ചറിയാത്തവരാണ്. സോവിയറ്റ് യൂണിയൻ കാലഘട്ടത്തിലെ സ്റ്റാലിനിസ്റ്റ് ഭരണം അടിച്ചേൽപ്പിച്ച ഗ്രന്ഥങ്ങൾ മാത്രം വായിച്ചവരാണവർ. നേട്ടങ്ങളും കോട്ടങ്ങളുമുള്ളവയാണ് മാർക്സിയൻ സിദ്ധാതങ്ങൾ’’.

മാർക്സിനെ ബഹുമാനിക്കുകയും, മാർക്സിസ്റ്റുകളെ എതിർക്കുകയും ചെയ്യുന്ന അപൂർവത എം.ജി.എസിൽ കണ്ടെത്താം. ഒരു പക്ഷെ സിദ്ധാന്തവും പ്രയോഗവും തമ്മിലുള്ള അന്തരം തന്നെയാകാം ഈ വ്യത്യസ്ത നിലപാടുകൾക്ക് ഹേതു. വലതുപക്ഷത്തെ എതിർക്കുവാൻ ഇടതുപക്ഷ ചിന്താധാരകളുടെ സഹായം എം.ജി.എസ് തേടിയിരുന്നു. 1977-79 ലെ ജനതാ പാർട്ടി ഭരണകാലത്തുണ്ടായ NCERT പാഠപുസ്തകവിവാദത്തിലിടപെട്ട് ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസിൽ എം.ജി.എസ് നടത്തിയ പ്രഭാഷണം ഇതിന് ഉദാഹരണമാണ്. ഇന്ത്യയിലും കേരളത്തിലും 2016-ൽ നടന്ന മാവോയിസ്റ്റ് വേട്ടയെ സംബന്ധിച്ച് എം.ജി.എസ് നിരീക്ഷണങ്ങൾ പൂർണമായും ചരിത്രപരമായ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു: ‘‘ദേശീയപ്രസ്ഥാനത്തിന്റെ കാലത്ത് തോക്കെടുക്കുകയും വാളെടുക്കുകയും ചെയ്ത വിപ്ലവസംഘങ്ങൾ ഉണ്ടായിരുന്നു. ഭഗത് സിങും ചന്ദ്രശേഖർ ആസാദും സൂര്യസെന്നും മറ്റും. അപ്പോൾ ഗാന്ധിജിയോട് ഇക്കാര്യത്തിൽ അഭിപ്രായം ചോദിച്ചു. ഗാന്ധിജി അഹിംസാവാദിയാണല്ലോ. ഗാന്ധിജി പറഞ്ഞു, അവർ അക്രമമാർഗത്തിൽ വിശ്വസിക്കുന്നവരാണ്. പക്ഷെ അവരുടെ പ്രചോദനം ഇന്ത്യയോടുള്ള കൂറാണ്. അവർ വഴിതെറ്റിപ്പോയവരാണ്. അവരെ കുറ്റവാളികളായിട്ടല്ല കാണേണ്ടത്. അതേപോലെ വളരെയധികം സാമൂഹികസമർപ്പണം മനസ്സിൽ കൊണ്ട് നടക്കുന്നതുകൊണ്ടാണ് ഒരാൾ മാവോയിസ്‌റ്റാകുന്നതും സായുധരഥ്യ തിരഞ്ഞെടുക്കുന്നതും. പക്ഷെ ഇന്നത്തെ പോലെ ഒരു ആധുനിക സങ്കീർണ സമൂഹത്തിൽ സായുധമാർഗത്തിലൂടെ ഈ വ്യവസ്ഥ മാറ്റാൻ കഴിയുമെന്നത് വൃഥാവിചാരമാണ്. അത് അവർക്ക് മനസിലാക്കുവാൻ സാധിക്കുന്നില്ല. മനസിലാക്കാനുള്ള ഈ കഴിവില്ലായ്മ അവരുടെ പരാജയമാണ്. അതിനവരെ തോക്കെടുത്ത് വെടിവെച്ച് കൊല്ലുകയല്ല വേണ്ടത്”

മാർക്സിസം പോലെ തന്നെ എം.ജി.എസ് പരിശോധനയ്ക്ക് വിധേയമാക്കിയ മറ്റൊരു ആശയമാണ് ദേശീയത. എം.ജി.എസിനെ പലരും ദേശീയതാവാദം പ്രചരിപ്പിക്കുന്ന ചരിത്രകാരനായി അവതരിപ്പിക്കാറുണ്ടെങ്കിലും എം.ജി.എസ് ഒരിക്കലും ഒരു ദേശീയതാവാദിയായിരുന്നില്ല.

ഇടതുപക്ഷം മുതൽ വലതുപക്ഷം വരെ നീണ്ടുനിൽക്കുന്ന രാഷ്ട്രീയചിന്താധാരകളെയെല്ലാം ഒരേ പ്രാധാന്യത്തോടെ ചർച്ചക്കെടുക്കുവാൻ എം.ജി.എസ് താൽപര്യം കാട്ടിയിരുന്നു. ജീവിതത്തിന്റെ നല്ല ഒരു ഭാഗം ചരിത്രപഠനത്തിന് ചെലവഴിച്ച മാർക്സിനെ ബഹുമാനിക്കുമ്പോഴും ദേശീയതയെ തിരിച്ചറിയുന്നതിലും, അധികാരത്തെക്കുറിച്ച് വിപുലമായ അന്വേഷണങ്ങൾ നടത്തുന്നതിലും അലസത കാട്ടിയ മാർക്സിനെ എം.ജി.എസ് വിമർശിച്ചു: “മാർക്സിനെ അംഗീകരിക്കുന്നു എന്നത് കൊണ്ട് മാർക്സിസത്തെ അംഗീകരിക്കുന്നു എന്നല്ല. മാർക്സിനെ ഇസമാക്കുന്നത് ചിന്തയുടെ സങ്കോചമാണ്.” എം.ജി.എസ് അഭിപ്രായപ്പെടുന്നു. കമ്മ്യൂണിസ്റ്റുകളുടെ രാഷ്ട്രീയപ്രവർത്തനത്തിലും അദ്ദേഹം പ്രശ്നങ്ങൾ കണ്ടെത്തുന്നുണ്ട്: “കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ ഉണ്ടാകുവാൻ പാടില്ലാത്ത ഒന്നാണ് നിഗൂഢത്മകത, സീക്രസി. ഇവയൊക്കെ ലെനിന്റെ പരിഷ്ക്കരണങ്ങളാണ്. മാർക്സിൽ വിപ്ലവനേതൃത്വം തൊഴിലാളികൾക്കായിരുന്നു ലെനിൻ അത് മധ്യവർഗ്ഗത്തിലേക്ക് മാറ്റി പ്രതിഷ്ഠിച്ചു.”
മധ്യവർഗ്ഗത്തിലേക്ക് ഇടതുപക്ഷ നേതൃത്വം മാറുമ്പോൾ സംഭവിക്കുന്ന അപകടമാണ് ഫാഷിസമെന്ന് മറ്റൊരിടത്ത് എം.ജി.എസ് കണ്ടെത്തുന്നുണ്ട്:
‘‘ഒരിക്കൽ കിട്ടിക്കഴിഞ്ഞാൽ ഉപേക്ഷിക്കാൻ വളരെ പ്രയാസമായ ഒന്നാണ് അധികാരം. അധികാരത്തിന്റെ കേന്ദ്രീകരണത്തെക്കുറിച്ച് മാർക്സ് അന്വേഷിച്ചതേയില്ല. തൊഴിലാളിവർഗ്ഗ സർവാധിപത്യം ജനാധിപത്യവിരുദ്ധമാണ്. Dictatorship മനുഷ്യത്വത്തിന്റെ നിഷേധമാണ്. ഒരാൾ മറ്റൊരാളുടെ മേൽ, ഒരു സംഘം മറ്റൊരു സംഘത്തിന് മേൽ ചോദ്യം ചെയ്യപെടാനാവാത്ത അധികാരം നേടുന്നത് മാനവികതയ്ക്ക് ചേർന്നതല്ല. തന്റെ പ്രവചനങ്ങളൊന്നും ഫലിക്കാതെ നിരാശാനായി മരിച്ച ആളായിരുന്നു മാർക്സ്.”

മാർക്സിലെ നിരാശനായ ചരിത്രവിദ്യാർത്ഥിയെ കണ്ടെത്തുന്ന എം.ജി.എസ് തന്നെപ്പോലെ തന്നെ തർക്കങ്ങളിൽ താൽപ്പരനായിരുന്ന ട്രോട്സ്കിയിൽ മേന്മ കണ്ടെത്തുന്നുണ്ട്. സ്റ്റാലിൻ ചെയ്തുകൂട്ടിയ കുറ്റകൃത്യങ്ങൾ എണ്ണിപറയുമ്പോൾ ട്രോട്സ്കിക്ക് നഷ്ടമായ പദവിയെ കുറിച്ച് കൂടി പറയുന്ന എം.ജി.എസിനെ നമുക്ക് കാണാം: “ട്രോട്സ്കിയാണ് സ്വാഭാവികമായും അധികാരത്തിൽ എത്തേണ്ടിയിരുന്നത്. ജനങ്ങളോടുള്ള ബന്ധത്തിന്റെ കാര്യത്തിലോക്കെ വളരെ മെച്ചമായിരുന്നു ട്രോട്സ്കി. എങ്കിലും സ്റ്റാലിൻ ഉപജാപത്തിലൂടെ അധികാരത്തിലെത്തി. മാർക്സിസത്തിന്റെ നിഷേധവും, ലെനിനിസത്തിന്റെ പൂർത്തീകരണവും അക്ഷരാർഥത്തിൽ സാധിച്ചെടുത്തതാണ് സ്റ്റാലിനിസം. മാർക്സ് നിഷേധിച്ച ദേശീയതയെ ഉയർത്തിപ്പിടിച്ചാണ് സ്റ്റാലിൻ ജർമ്മനിക്കെതിരെ യുദ്ധം നടത്തിയത്”.

എം.ജി.എസിൽ ബൗദ്ധികസത്യസന്ധത വെച്ചുപുലർത്തുന്ന ഒരു വിപ്ലവകാരി ഉണ്ടായിരുന്നു എന്നതിന് തെളിവാണ് ഇത്തരം അഭിപ്രായങ്ങൾ. സ്റ്റാലിനെയും ഇ.എം.എസിനെയും ചേർത്തുനിർത്തുന്ന അദ്ദേഹത്തിന്റെ മറ്റൊരു നിരീക്ഷണം ശ്രദ്ധിക്കുക: “സ്റ്റാലിന് മുതലാളിത്ത സമൂഹത്തിന്റേതായ വിശാലമായ കാഴ്ചപ്പാട് ഇല്ലായിരുന്നു. സ്റ്റാലിനുണ്ടായിരുന്നത് നാടുവാഴിത്ത സംസ്ക്കാരമായിരുന്നു. ജന്മിത്തത്തോട് പുറമെ എതിർപ്പ് പ്രകടിപ്പിക്കുകയും, അകമേ അത്തരം രീതികൾ വെച്ചുപുലർത്തുന്ന രീതിയും ഇവിടെ പിൻതുടർന്നു. ഇ.എം.എസിനെ പോലുള്ളവർ ബ്രാഹ്മണ്യത്തേയും ആഢ്യത്വത്തെയും ജന്മിത്വത്തെയും എതിർക്കുമെന്ന് പുറമെ പറയുകയും, ഉള്ളിൽ കൊണ്ടുനടക്കുകയും ചെയ്യുന്നു”.
കേരളത്തിലെ മാർക്സിസ്റ്റ് ബുദ്ധിജീവികളേ ലക്ഷ്യം വെച്ച് അദ്ദേഹം നടത്തിയ നിരീക്ഷണങ്ങൾ പ്രസ്കതമാണ്:
‘‘മാർക്സിയൻ സിദ്ധാന്തങ്ങളിൽ ഏതെല്ലാം ഇക്കാലത്ത് നമ്മുടെ സാഹചര്യത്തിൽ പ്രസക്തമാണ് എന്നൊക്കെ ആലോചിക്കുന്നതിനുപകരം അതിനെ ഒരു ഫാഷനാക്കി ഒരു കൾട്ട് ആക്കി, മാറ്റുകയാണ് ഇവിടെയുള്ളവർ, മറ്റൊരു ഭാഗത്ത്, യാതൊരറിവുമില്ലാത്ത, വിജ്ഞാനത്തോട് യാതൊരു ബഹുമാനവുമില്ലാത്ത കക്ഷി നേതാക്കളുടെ കൽപ്പനകൾക്കൊപ്പം ചിന്തിക്കാനും പ്രവർത്തിക്കാനും ശ്രമിക്കുന്ന ഭീരുത്വമാണ്. എന്തെങ്കിലും നക്കാപ്പിച്ച നേട്ടങ്ങൾ, സ്ഥാനമാനങ്ങൾ കിട്ടുമെന്ന് കരുതിയിട്ടാണ് ബുദ്ധിജീവികൾ അടിമകളായി പോവുന്നത് എന്നതാണ് കഷ്ടം. അധികാരത്തിൽ എന്തെങ്കിലും പങ്കു കിട്ടാൻ, യൂണിവേഴ്സിറ്റി വൈസ് ചാൻസലറാവാൻ, പ്രസിദ്ധീകരണങ്ങൾക്ക് അവസരം കിട്ടാൻ എന്നിങ്ങനെ സ്വാർത്ഥ താൽപര്യങ്ങൾ’’.

മാർക്സിനെ മനുഷ്യദൈവമായി കണക്കാക്കാതെ തുറന്ന സംവാദത്തിന് സാധിക്കുമ്പോഴാണ് നമ്മൾ ശരിക്കുള്ള പിൻഗാമികളായി മാറുന്നതെന്നും എം.ജി.എസ് കൂട്ടിച്ചേർത്തു. വികസനം എന്ന പേരിൽ കേരള മാതൃക - നാടുവാഴിത്ത ഘടകമാണ് വ്യവസായവൽക്കരണമായി മാർക്സിസ്റ്റുകൾ കേരളത്തിൽ ചിത്രീകരിച്ചത്.

മാർക്സിസം പോലെ തന്നെ എം.ജി.എസ് പരിശോധനയ്ക്ക് വിധേയമാക്കിയ മറ്റൊരു ആശയമാണ് ദേശീയത. എം.ജി.എസിനെ പലരും ദേശീയതാവാദം പ്രചരിപ്പിക്കുന്ന ചരിത്രകാരനായി അവതരിപ്പിക്കാറുണ്ടെങ്കിലും എം.ജി.എസ് ഒരിക്കലും ഒരു ദേശീയതാവാദിയായിരുന്നില്ല. ഇന്ത്യയെ ഒരു നേഷനായി അദ്ദേഹം കണക്കാക്കിയിരുന്നല്ല, ബ്രിട്ടീഷ് വിരുദ്ധത മാത്രമാണ് നമ്മുടെ ദേശീയത. ഉപദേശീയതകളുടെ ഫെഡറേഷനായി മനസിലാക്കപ്പെടുന്ന ഇന്ത്യയുടെ രൂപീകരണത്തിൽ പല സംസ്ക്കാരങ്ങളുടെ കൂടിച്ചേരലുകളാണ് ചരിത്രം: “ഈ കാണുന്ന ആധുനിക ദേശരാഷ്ട്രങ്ങളെല്ലാം 17 - 18 നൂറ്റാണ്ടുകളിൽ അച്ചടിമുതലാളിത്തത്തിന്റെ ചരിത്രപരമായ രാസവിദ്യ മൂലമുണ്ടായ കല്പിത സമുദായങ്ങളാണ്. പരസ്‌പരം അറിയാത്ത ഒരു ഭൂവിഭാഗത്തിലെ ജനങ്ങളെ സാഹോദര്യഭാവമുള്ളതും തിരശ്ചീനവുമായ സഖ്യ പ്രതീതിയുണ്ടാക്കി ഭാവനാത്മക സമുദായങ്ങളായി തീർത്തത് പ്രധാനമായും അച്ചടിമുതലാളിത്തമാണ്. ഈ പറയുന്ന ദേശീയഗാനവും, ദേശീയപതാകയുമൊക്കെ ഇങ്ങനെയുള്ള തിരശ്ചീനമായ സഹപ്രജാഭാവം സുദൃഢമാക്കാനായി ഉണ്ടാക്കിയ പ്രതീകങ്ങളാണ്. അല്ലെങ്കിൽ വിഗ്രഹങ്ങൾ തന്നെയാണ്. അതായത് ദേശരാഷ്ട്രങ്ങൾ എന്ന കൽപിതസമുദായങ്ങളുടെ വിഗ്രഹങ്ങൾ” (Imagined communities : Reflections on the origin and spread of nationalism). ബെനഡിക്റ്റ് ആൻഡേഴ്സണിന്റെ കണ്ടെത്തലുകളിൽ ഊന്നി ദേശീയതയെ മനസിലാക്കുന്ന എം.ജി.എസ്, “ഇന്ത്യ എന്ന ദേശം മുൻപുണ്ടായിരുന്നില്ല. ഇപ്പോഴുമില്ല. ഇന്ത്യയെ വേണമെങ്കിൽ ഒരു സിവിലൈസഷൻ എന്ന് വിളിക്കാം’’ എന്നും അഭിപ്രായപ്പെടുന്നത് കാണാം.

ബ്രിട്ടീഷ് വിരുദ്ധതയുടെ കാലം കടന്നുപോകുമ്പോൾ ഇന്ത്യയുടെ ഭരണകൂടത്തിന് പുതിയ ശത്രുക്കളെ കണ്ടത്തെണ്ടതായി വരുന്നുമുണ്ട്. ഇന്ത്യൻ നാഷണൽ കോൺഗ്രസ് കുടുംബാധിപത്യ പ്രവണതകളിൽ കിടന്ന് കറങ്ങുമ്പോൾ ബി.ജെ.പി - ആർ.എസ്.എസ് സഖ്യം സ്വയം പരിവർത്തനങ്ങൾക്ക് വിധേയമായി വളരുന്നുണ്ട്. ചിത്പവൻ ബ്രാഹ്‌മണ മേൽക്കോയ്മയിൽ സംഘടിച്ചിരുന്ന ആർ.എസ്.എസ് ഇന്ന് കീഴാളരേയും സ്ത്രീകളേയും മുൻനിർത്തി ആശയപ്രചാരണം നാടത്തുകയും, തെരെഞ്ഞെടുപ്പുകളിൽ ജയിക്കുകയും ചെയ്യുന്നു. എം.ജി.എസിനെ സംബന്ധിച്ച് ഫാഷിസത്തിന്റെ വളർച്ച ജനാധിപത്യത്തിലൂടെ സംഭവിക്കുന്ന ഒന്നാണ്. ജനങ്ങളുടെ തെരെഞ്ഞെടുപ്പിൽ ഓരോ തവണയും ഓരോ തരത്തിലുള്ള ഫാഷിസ്റ്റ് പാർട്ടികൾ ഭരിക്കുന്നു.
“1947ൽ ഇന്ത്യ സ്വാതന്ത്ര്യം നേടിയ കാലം മുതൽക്ക് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നയം സാമുദായിക വേർതിരിവുകൾക്ക് പ്രേരകമായിരുന്നു. ഇന്ത്യയിൽ അഭിപ്രായസ്വാതന്ത്ര്യവും, വിയോജന അവകാശവും, മതപ്രചാരണ സ്വാതന്ത്ര്യവും എല്ലാം ഉണ്ടെന്ന് അഭിമാനിക്കാറുണ്ടെങ്കിലും, ഈ രാജ്യത്തെ പൗരസമൂഹം പൊതുവെ ഗോത്രസംസ്ക്കാരത്തിൽ നിന്നും നാടുവഴി ജന്മിത്വ സംസ്കാരത്തിൽ നിന്നും പുറത്ത് കടന്നിട്ടില്ല” - എം.ജി.എസിന്റെ നീരിക്ഷണത്തിൽ ഇന്ത്യയെ എന്നും താങ്ങി നിർത്തുന്നത് ഇന്ത്യൻ ജനതയുടെ പ്രതിരോധമാണ്: “മുസ്ലിങ്ങൾക്ക് വേണ്ടി ഒരു പാകിസ്താനുണ്ടാകുമ്പോൾ അതിന് മറുപടിയെന്നോണം ഇപ്പുറത്ത് ഹിന്ദുസ്ഥാൻ ആയി മാറേണ്ടിയിരുന്നതാണ്. പക്ഷെ ഇവിടെ അത് നടക്കാതെ പോയത് ഇവിടുത്തെ മനുഷ്യരുടെ ബഹുസ്വരത ഒന്നു കൊണ്ട് മാത്രമാണ്. ഇന്ത്യയിലെ ജനങ്ങളുടെ പല വർഗ്ഗങ്ങളും പല ഭാഷകളും പല സംസ്ക്കാരങ്ങളുമുള്ള ആൾക്കാർ. മനുഷ്യരുടെ ബഹുത്വം’’.
ഇന്ത്യ ക്രമേണ ഒരു ഫെഡറേഷനായി മാറുമെന്നാണ് അദ്ദേഹം കരുതുന്നത്: ‘‘ഇന്ത്യക്കാർ എന്ന് പറഞ്ഞാൽ വാസ്തവത്തിൽ മലയാളികളാണ്, തമിഴരാണ്, ആന്ധ്രാക്കാരാണ്, ബംഗാളികളാണ്… ഈയൊരു ബോധമാണ് നമ്മുടെയൊക്കെ മനസുകളിൽ പ്രബലമായുള്ളത്. ഈ ബോധം വളർന്നാൽ ഭരണഘടനയൊക്കെ മാറി എന്ന് വരാം. അല്ലെങ്കിൽ ഭരണഘടനയ്ക്കകത്തുതന്നെ നീക്കുപോക്കുണ്ടാക്കി ആ അവസ്ഥയെ അഭിമുഖീകരിക്കേണ്ടി വരും. നമ്മൾ ഒന്നിനേയും ഏകശിലാസ്തഭമായി കാണരുത്‌. മാറ്റമില്ലാത്തതായി കരുതരുത്’’.

ഹിന്ദുത്വ ശക്തികൾ അക്കാദമിക സ്വാതന്ത്ര്യത്തിനുമേൽ കടന്നാക്രമണം നടത്തിയപ്പോൾ എം.ജി.എസ് പറഞ്ഞു; “ആശയങ്ങൾ കൊണ്ടാണ് ലോകത്തെവിടെയും പ്രതിരോധങ്ങൾ ഉണ്ടായിട്ടുള്ളത്. ആശയങ്ങൾക്ക് വ്യക്തത വരുത്തുന്ന ജോലി സർവ്വകലാശാലകളുടേതാണ്.

മതസൗഹാർദം, അഭിപ്രായ സ്വാതന്ത്ര്യം, വിയോജനാവകാശം എന്നിവയെ ജനാധിപത്യത്തിന്റെ ജീവവായുവായി അദ്ദേഹം കാണുന്നുണ്ട്. പക്ഷെ ജനാധിപത്യത്തിന്റെ എല്ലാ സാധ്യതകളെയും അംഗീകരിക്കുമ്പോൾ തന്നെ ജനാധിപത്യ വ്യവസ്ഥയുടെ ഫലമായി സംഭവിച്ച ജാതി- മത- സ്വത്വ സാമുദായിക ധ്രുവീകരണത്തെ കാണാതെ പോകരുത്. ജാതികളും, മതങ്ങളും, സമുദായങ്ങളും എണ്ണം കൂടും തോറും ജനാധിപത്യത്തിൽ വിലപ്പെട്ടതായി മാറുന്ന സാഹചര്യം ഭീകരമാണ്. ഇത് കാലങ്ങളായി സമൂഹത്തിൽ പ്രവർത്തിക്കപ്പെടുമ്പോൾ സംഭവിക്കുന്നത് ജാതി- മത- സ്വത്വ- സമുദായങ്ങളുടെ ദൃഢീകരണമാണ്. ജാതി ഇല്ലാതാക്കപ്പെടുന്നില്ല, മറിച്ച് നാം ഓരോരുത്തരും ജാതിക്കൂട്ടങ്ങളിൽ നിന്നുകൊണ്ട് മാത്രമേ ജനാധിപത്യത്തിൽ ഇടപെടാൻ സാധിക്കൂ എന്ന അവസ്ഥ കൈവരുന്നത് അപ്പോഴാണ്. സാമൂഹിക പരിഷ്ക്കരണം ലക്ഷ്യമാക്കി ആരംഭിച്ച പല സംഘടനകളും പിന്നീട് ജാതിസംഘടനകളായി രൂപം മാറുന്നത് നമുക്ക് കാണാം.

എം. ജി.എസിന്റെ വാക്കുകളിൽ, “പഴയതൊക്കെ തന്നെയും ചില രൂപഭേദങ്ങളോടെ നിലനിൽക്കുന്നു എന്നതാണ് വാസ്തവം. ഗുരുവിന്റെ അനുയായികൾ തന്നെ ജാതിയെ ദൃഢീകരിക്കുകയാണ് ചെയ്യുന്നത്. ജാതി നിർമാർജ്ജനം നെഗറ്റിവായ സെൻസിൽ നടക്കില്ല. ആ സ്ഥാനത്ത് വേറൊന്ന് ഉണ്ടാക്കണം. ഉദാഹരണത്തിന് സമത്വത്തിന് വേണ്ടിയുള്ള ഒരാവശ്യം, ഒരു അജണ്ട അതൊന്നുമുണ്ടായില്ല. ജാതീയതയുടെ ചില ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടപ്പോൾ അതിനെതിരായി അന്നന്നത്തെ ആവശ്യത്തിന് വേണ്ടി നിലകൊള്ളുകയാണുണ്ടായത്’’.

ജാതിയെ തൊഴിലുമായി ബന്ധപ്പെടുത്തിയ ചരിത്രകാരൻ കൂടിയാണ് എം.ജി.എസ്, തൊഴിലുകളിലൂടെയും, വിവാഹങ്ങളിലൂടേയും പുനർജ്ജനിക്കുന്ന ഒന്നായി ജാതിയെ കാണുമ്പോൾ നാം കൂടുതൽ ജാതീയമായി ദൃഢീകരിക്കപ്പെട്ട സമൂഹമായി മാറുന്നത് കാണാം. ഒരു തൊഴിൽ പാരമ്പര്യമായി ഉറച്ചുവരുമ്പോഴാണ് ജാതിയോ, ഉപജാതിയോ ഉണ്ടാകുന്നത്. ചലനമില്ലാത്ത സമൂഹങ്ങളിലാണ് അത് സംഭവിക്കുന്നത്. വ്യവസായവൽക്കരണവും, ആധുനികീകരണവും നടക്കാതെ പോയതിന്റെ പ്രശ്നങ്ങളായാണ് എം.ജി.എസ് ഇവയെ കാണുന്നത്. സമുദായങ്ങൾ നിയന്ത്രണത്തിലാക്കിയ ജനാധിപത്യവ്യവസ്ഥയും, വിദ്യാഭ്യാസ സ്ഥാപനങ്ങളും മേൽപ്പറഞ്ഞ ദൃഢീകരണത്തിന് ആക്കം കൂട്ടുന്നു. എന്താകാം ഇതിനൊക്കെയുള്ള പോംവഴി എന്ന ചോദ്യത്തിന് മറുപടിയായി സർവ്വകലാശാലകൾ കേന്ദ്രീകരിച്ചുള്ള ഒരു ഉത്തരമാണ് എം.ജി.എസ് നൽകുന്നത്: ‘‘ജനങ്ങൾക്കിടയിലായാലും പാർട്ടികൾക്കിടയിലായാലും ജനാധിപത്യമൂല്യങ്ങൾ വളർത്തിയെടുക്കേണ്ട ജോലി സർവ്വകലാശാലകളുടേതാണ്”.

മാർക്സിനെ മനുഷ്യദൈവമായി കണക്കാക്കാതെ  തുറന്ന സംവാദത്തിന് സാധിക്കുമ്പോഴാണ് നമ്മൾ ശരിക്കുള്ള പിൻഗാമികളായി മാറുന്നതെന്നും എം.ജി.എസ് കൂട്ടിച്ചേർത്തു.
മാർക്സിനെ മനുഷ്യദൈവമായി കണക്കാക്കാതെ തുറന്ന സംവാദത്തിന് സാധിക്കുമ്പോഴാണ് നമ്മൾ ശരിക്കുള്ള പിൻഗാമികളായി മാറുന്നതെന്നും എം.ജി.എസ് കൂട്ടിച്ചേർത്തു.

ഹിന്ദുത്വ ശക്തികൾ അക്കാദമിക സ്വാതന്ത്ര്യത്തിനുമേൽ കടന്നാക്രമണം നടത്തിയപ്പോൾ എം.ജി.എസ് പറഞ്ഞു; “ആശയങ്ങൾ കൊണ്ടാണ് ലോകത്തെവിടെയും പ്രതിരോധങ്ങൾ ഉണ്ടായിട്ടുള്ളത്. ആശയങ്ങൾക്ക് വ്യക്തത വരുത്തുന്ന ജോലി സർവ്വകലാശാലകളുടേതാണ്. ജനങ്ങളുടെ ആശയാഭിരുചികളെ സ്വാധീനിക്കേണ്ട ചുമതലയും സർവ്വകലാശാലകളുടേതാണ്. ഉന്നതമായ അക്കാദമിക് ലോകം, അത് സാധ്യമാക്കുന്ന സർവ്വകലാശാലകൾ.” ജനാധിപത്യത്തിന് ആവശ്യം സർവ്വകലാശാലകളും ഗവേഷകരുമാണെന്ന് എം.ജി.എസ് ഉറപ്പിച്ചിരുന്നു. സമൂഹത്തെ മുന്നോട്ട് നയിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കേണ്ടവരായ രചനാത്മക ന്യുനപക്ഷമായി ഗവേഷകർ മാറേണ്ടതുണ്ട്. ഭരണകൂടത്തിന്റെ കൈകടത്തൽ ഇല്ലാത്ത സർവ്വകലാശാലകൾ ഉന്നത അക്കാദമിക് നിലവാരം പുലർത്തുകയും, ഉൽപ്പാദിപ്പിക്കപ്പെടുന്ന അറിവിനെ ജനങ്ങളിലേക്ക് എത്രയും വേഗം എത്തിക്കുകയും ചെയ്‌താൽ മാത്രമാണ് ഇന്ത്യയിലും, കേരളത്തിലും രാഷ്ട്രീയ- സാമൂഹിക മാറ്റങ്ങൾ സംജാതമാകൂ എന്ന് എം.ജി.എസ് കണ്ടെത്തുന്നു.

ചെറുപ്പത്തിൽ തൃക്കാവിൽ ക്ഷേത്രത്തിലെ ചിറയിൽ കാണുന്ന ഗണപതി കോവിലിലെ ഗണപതി വിഗ്രഹത്തിനുമേൽ മൂത്രമൊഴിച്ച് നാസ്തികനാണെന്ന് തെളിയിച്ച എം.ജി.എസ് സ്വന്തം ജീവിതത്തിലൂടെ ഒരു അധികാരിക്ക് മുൻപിലും വഴങ്ങാത്ത ചരിത്രകാരനായി ജീവിച്ചു, ജീവിതാന്ത്യം വരെ ചരിത്രത്തോടും തെളിവുകളോടും മാത്രം കൂറ്. ഇനിയൊരു എം.ജി.എസ് ഉണ്ടാകുമോ എന്നത് സംശയമാണ്. കാരണം മറ്റൊരു എം.ജി.എസ് ഉണ്ടാകുവാൻ പഴുതില്ലാത്ത തരത്തിൽ നമ്മുടെ സമൂഹം ധ്രുവീകരിക്കപ്പെട്ടിരിക്കുന്നു. ഒറ്റയായുള്ള മനുഷ്യർ കുറയുന്നു, ആൾക്കൂട്ടങ്ങൾ കൂടുന്നു.

Comments