ജവഹർലാൽ നെഹ്രു / Photo: Wikimedia Commons

മോദിയുടെ നെഹ്രുവും യഥാർഥ നെഹ്രുവും

ജവഹർലാൽ നെഹ്രുവിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യസഭയിൽ നടത്തിയ വിമർശനങ്ങളുടെ വാസ്തവങ്ങളിലേക്ക്

വഹർലാൽ നെഹ്രുവിന് ആഗോള പ്രതിച്ഛായയിൽ മാത്രം കമ്പം, ഗോവയുടെ സ്വാതന്ത്ര്യം 15 വർഷം വൈകിപ്പിച്ചു, കോൺഗ്രസ് പിരിച്ചുവിടണമെന്ന് മഹാത്മാഗാന്ധി ആഗ്രഹിച്ചിരുന്നു, തുടങ്ങിയ ഒട്ടനവധി പ്രസ്താവനകളാണ് കഴിഞ്ഞദിവസം നരേന്ദ്ര മോദി രാജ്യസഭയിൽ നടത്തിയത്. നിരന്തരമായി നെഹ്രുവിനെ ആക്ഷേപിക്കാനും വസ്തുതകൾ വളച്ചൊടിക്കാനും നടത്തുന്ന ഈ പ്രസ്താവനകൾക്കുപുറകിലെ വസ്തുത പരിശോധിക്കാം.

ആഗോള പ്രതിച്ഛായയിൽ മാത്രമായിരുന്നു നെഹ്രുവിനു താത്പര്യം എന്നാണ് ആദ്യത്തെ ആക്ഷേപം.

നെഹ്രു ആഗോള പ്രതിച്ഛായയുള്ള മനുഷ്യനായിരുന്നു, എല്ലാ ലോക രാജ്യങ്ങളുമായും ബന്ധം സ്ഥാപിക്കാനും അവിടെ സന്ദർശിക്കാനും ശ്രമിച്ച വ്യക്തിയായിരുന്നു. അതിനുകാരണം, അദ്ദേഹത്തിന്റെ കുട്ടിക്കാലത്തെ ഹാരോയിലെയും അതിനുശേഷം കേംബ്രിഡ്ജിലെയും പഠനവും യൂറോപ്യൻ സന്ദർശനവും ഒക്കെയാണ്.

സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായി സ്ഥാനമേൽക്കുന്ന ജവഹർലാൽ നെഹ്രു.

ഇന്ത്യൻ സ്വാതന്ത്ര്യസമരം കൊടുമ്പിരിക്കൊള്ളുന്ന സമയത്തുപോലും 1927ൽ ബെൽജിയത്തിൽ നടന്ന അടിച്ചമർത്തപ്പെട്ടവർക്കുവേണ്ടിയുള്ള സമ്മേളനത്തിൽ കോൺഗ്രസിന്റെ ഔദ്യോഗിക പ്രധിനിധിയായിരിന്നു അദ്ദേഹം.
അതോടൊപ്പം, സ്വതന്ത്ര സമരം നടക്കുന്ന കാലയളവിൽ പോലും അദ്ദേഹം വ്യത്യസ്ത കാലയളവിൽ പല വിദേശ രാജ്യങ്ങളും സന്ദർശിച്ചിട്ടുണ്ട്. എന്തിനേറെ, ലോകത്തെ പറ്റി അദ്ദേഹം എഴുതിയ പുസ്തകമായ ‘വിശ്വചരിത്രാവലോകം’ (Glimpses of world history ) ഒന്ന് വായിച്ചാൽ പൊളിഞ്ഞുപോകും ഈ ആക്ഷേപം. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതിനുമുമ്പുള്ള ഇടക്കാല മന്ത്രിസഭയിലും അതിനുശേഷം 1964 ൽ അദ്ദേഹം മരിക്കുന്നതുവരെയും നെഹ്രു ആയിരുന്നു വിദേശകാര്യവകുപ്പിന്റെ ചുമതല വഹിച്ചിരുന്നത്. കാരണം, അന്നുണ്ടായവരിൽ മറ്റാരേക്കാളും ലോകത്തെ പറ്റി വ്യക്തമായ ധാരണയുണ്ടായിരുന്നത് നെഹ്രുവിനാണ്. കൊറിയൻ പ്രശ്‌നത്തിലെ നെഹ്രുവിന്റെ നിലപാട്, ഏഷ്യൻ റിലേഷൻ കോൺഫറൻസ്, ചേരിചേരാ നയം, അമേരിക്കൻ സന്ദർശനങ്ങൾ, പാക്കിസ്ഥാനൊഴിച്ചുള്ള അയൽരാജ്യങ്ങളുമായുള്ള ബന്ധം, ആഫ്രോ -ഏഷ്യൻ സോളിഡാരിറ്റി, പഞ്ചശീല കരാർ, സോവിയറ്റ് യൂണിയൻ സൗഹൃദം തുടങ്ങി ആഗോള പ്രതിച്ഛായ നേടാൻ നെഹ്രുവിനു കഴിഞ്ഞ ഒത്തിരി സന്ദർഭങ്ങൾ അന്നുണ്ടായിട്ടുണ്ട. എന്തിനേറെ, അമേരിക്കൻ സന്ദർശന വേളയിൽ പോലും അവിടത്തെ പത്രങ്ങളിലൊന്നായ ചിക്കാഗോ സൺ ടൈംസ് നെഹ്രുവിനെ പുകഴ്ത്തിയത്, ‘ഈ തലമുറയിലെ തോമസ് ജെഫേഴ്‌സണാണ് നെഹ്രു' എന്നാണ്. നെഹ്രുവിന്റെ നയതന്ത്ര കഴിവിന്റെ ഫലമായിരുന്നു ഭിലായ്, ബൊക്കാറോ, റൂർക്കേല, ദുർഗാപുർ തുടങ്ങിയ ഇരുമ്പുരുക്ക് ശാലകളും അതോടൊപ്പം ഫ്രാൻസിൽ നിന്നും സോവിയറ്റ് യൂണിയനിൽ നിന്നും ലഭിച്ച ആയുധ കരാറുകളും.

ഒരു സന്ദർഭം കൂടി പറയാം, രാമചന്ദ്ര ഗുഹയുടെ ‘ഇന്ത്യ ആഫ്റ്റർ ഗാന്ധി' എന്ന പുസ്തകത്തിൽ നിന്നാണ്: ‘1955-ൽ ജവഹർലാൽ നെഹ്രു സോവിയറ്റ് യൂണിയൻ സന്ദർശിച്ചപ്പോൾ നൽകപ്പെട്ട സ്വീകരണം ഈ മാറ്റത്തിന്റെ പരിണതിയായിരുന്നു. സോവിയറ്റ് യൂണിയനിൽ നെഹ്രു പോയ ഇടങ്ങളിലെല്ലാം വമ്പിച്ച ജനാവലിയയിരുന്നു അദ്ദേഹത്തിന് അഭിവാദനം അർപ്പിക്കാൻ എത്തിയിരുന്നത്. തൊഴിൽശാലകളിലെല്ലാം ആയിരക്കണക്കിന് തൊഴിലാളികൾ അദ്ദേഹത്തെ ഒരുനോക്കു കാണാൻ തടിച്ചുകൂടി. ഒരു നിരീക്ഷകൻ എഴുതി, മോസ്‌കോ സർവകലാശാലയിൽ വിദ്യാർത്ഥികൾ ക്ലാസുകൾ വിട്ടിറങ്ങി അദ്ദേഹത്തെ വമ്പിച്ച കരഘോഷത്തോടെ എതിരേറ്റു. ഈ വിദ്യാർത്ഥികളിൽ ഒരാൾ മിഖായേൽ ഗോർബച്ചേവായിരുന്നു. വർഷങ്ങൾക്കുശേഷം സോവിയറ്റ് ഭരണാധികാരിയായി മാറിയതിനുശേഷം നെഹ്‌റുവും അദ്ദേഹത്തിന്റെ ധാർമിക രാഷ്ട്രീയവും തന്നിലുളവാക്കിയ സ്വാധീനത്തെ ഗോർബച്ചേവ് അനുസ്മരിച്ചു. തന്റെ സന്ദർശനത്തിന്റെ അവസാനദിവസം പ്രധാനമന്ത്രി ഗോർക്കി പാർക്കിൽ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്യേണ്ടതായിരുന്നു. പക്ഷേ, പ്രതീക്ഷിച്ചതിലധികം ജനങ്ങൾ വന്നെത്തിയതുകൊണ്ട് യോഗസ്ഥലം ഡൈനമോ മോസ്‌കോ ഫുട്‌ബോൾ സ്റ്റേഡിയത്തിലേക്കു മാറ്റേണ്ടിവന്നു.'

ഇന്ത്യയുടെ ഇപ്പോഴത്തെ പ്രധാനമന്ത്രി നിരന്തരം തെറ്റായി പാർലമെന്റിലും പൊതു വേദികളിലും ആയിരം തവണ പ്രസംഗിച്ചാലും ചരിത്രത്തിലെ യാഥാർഥ്യങ്ങൾ ഒരിക്കലും മാറ്റാനോ തിരുത്താനോ കഴിയില്ല

ഗോവൻ സ്വാതന്ത്ര്യം: സംഭവിച്ചത്​

ഗോവയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി സത്യാഗ്രഹം നയിച്ച രാം മനോഹർ ലോഹ്യയെയും കൂട്ടരെയും സഹായിക്കാൻ നെഹ്രു സൈന്യത്തെ അയച്ചില്ല, ഗോവയുടെ സ്വാതന്ത്ര്യലബ്ധി കോൺഗ്രസ് 15 വർഷം വൈകിച്ചു എന്നതാണ് അടുത്ത ആക്ഷേപം.

1947 ൽ ബ്രിട്ടനും ഫ്രാൻസും ഇന്ത്യ വിട്ടതിനുപിന്നാലെ പോർച്ചുഗലും വിടുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഗോവൻ കത്തോലിക്കർ അവിടെ നിന്ന് പോയാൽ സുരക്ഷിതരായിരിക്കില്ലെന്ന കാരണം പറഞ്ഞ് പോർച്ചുഗൽ ഇന്ത്യ വിടാൻ വിസമ്മതിച്ചു. ഗോവയെ നിർബന്ധിതമായി മോചിപ്പിക്കണമെന്ന് ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിൽനിന്ന് ആവശ്യമുയർന്നു. 1955-ൽ ഗോവയുടെ സ്വാതന്ത്ര്യത്തിന് കമ്യൂണിസ്റ്റ്, സോഷ്യലിസ്റ്റ് പാർട്ടികൾ സത്യാഗ്രഹം ആരംഭിച്ചു. സത്യാഗ്രഹികൾ ഗോവയിൽ പ്രവേശിച്ചപ്പോൾ പോർച്ചുഗീസുകാർ വെടിയുതിർക്കുകയും 20 ഇന്ത്യക്കാരെ കൊല്ലുകയും ചെയ്തു. നെഹ്രു സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയെങ്കിലും കൂടുതൽ മുന്നോട്ട് പോകാൻ തയ്യാറായില്ല. കാരണം ഗോവക്ക് അമേരിക്കൻ പിന്തുണയുണ്ടായിരുന്നു. അവർ നാറ്റോയിൽ അംഗമായിരുന്നു. ഗോവയിലെ ജനകീയ മുന്നേറ്റവും ലോക പൊതുജനാഭിപ്രായത്തിന്റെ സമ്മർദവും ഗോവൻ അധികാരികൾക്ക് ഇന്ത്യ വിടാൻ കാരണമാകും എന്നാണ് അദ്ദേഹം കരുതിയിരുന്നത്.

യു താന്ത്, ഹരോൾഡ് മാക്മില്ലൻ, ജോൺ എഫ്. കെന്നഡി

1957-ൽ വിനോബ ഭാവെക്കയച്ച കത്തിലാണ് നെഹ്രു സൈനിക നടപടിയുടെ സാധ്യതയെക്കുറിച്ച് ആദ്യമായി സൂചന നൽകിയത്. ഏഷ്യയിലെയും ആഫ്രിക്കയിലെയും കോളനികൾക്ക് എപ്പോൾ സ്വാതന്ത്ര്യം നൽകുമെന്ന് സൂചിപ്പിക്കാൻ 1960 ഡിസംബറിലെ യു.എൻ പ്രമേയത്തിന് പോർച്ചുഗൽ ശ്രദ്ധ നൽകാതിരുന്നപ്പോൾ ഗോവൻ വിഷയത്തിൽ ചോദ്യം സജീവമായി. ഈ വിഷയം ഇന്ത്യ നിരന്തരമായി യു.എന്നിൽ ഉന്നയിക്കുമ്പോൾ അമേരിക്ക വീറ്റോ ചെയ്തിരുന്ന സാഹചര്യമുണ്ടായിരുന്നു. പക്ഷെ, 1953 ൽ സ്റ്റാലിന്റെ മരണത്തിനുശേഷം സോവിയറ്റ് യൂണിനുമായി അടുത്ത നെഹ്രുവിന് പോർച്ചുഗീസ് വിഷയത്തിൽ സോവിയറ്റ് യൂണിയൻ പൂർണ പിന്തുണ നൽകി.

1961 ഡിസംബറിൽ ഗോവയിലെ പോർച്ചുഗീസ് പട്ടാളക്കാർ ഗ്രാമീണർക്കുനേരെ വെടിയുതിർത്തു. തന്റെ ക്ഷമയുടെയും അന്തർദേശീയ ധാർമികത പാലിക്കുന്നതിന്റെയും നയം ഫലം കണ്ടില്ലെന്ന് തിരിച്ചറിഞ്ഞ നെഹ്രു ഗോവയെ ബലപ്രയോഗത്തിലൂടെ മോചിപ്പിക്കാൻ തീരുമാനിച്ചു. അമേരിക്കൻ പ്രസിഡന്റ് ജോൺ എഫ്. കെന്നഡി, ബ്രിട്ടീഷ് പ്രധാനമന്ത്രി ഹരോൾഡ് മാക്മില്ലൻ, യു.എൻ സെക്രട്ടറി ജനറൽ യു താന്ത് എന്നിവർ നടപടി മാറ്റിവയ്ക്കാൻ ഉപദേശിച്ചെങ്കിലും നെഹ്രു മനസ്സിൽ ഉറപ്പിച്ചു. ഡിസംബർ 18 ന്, ഇന്ത്യൻ സൈനികർക്കെതിരായ നീണ്ട പോരാട്ടത്തിനുശേഷം, പോർച്ചുഗീസുകാർ ചെറുത്തുനിൽപ്പ് ഉപേക്ഷിച്ചു. ഗോവ ഗവർണർ ജനറൽ വസ്സലോ ഇ സിൽവ നിരുപാധിക കീഴടങ്ങൽ രേഖയിൽ ഒപ്പുവച്ചു. ‘ഇന്ത്യൻ കാപട്യത്തിന്റെ' പ്രകടനമായാണ് പാശ്ചാത്യ മാധ്യമങ്ങൾ പോലും ഈ നടപടിയെ വിമർശിച്ചത് എന്നുപോലും ആലോചിക്കണം.

സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിൽ പാർട്ടിയുടെ ഭാവി പങ്കിനെയും കോൺഗ്രസിന്റെ അനുബന്ധ പുനഃസംഘടനയെയും കുറിച്ചുള്ള ചർച്ചകൾ തുടരുന്ന പശ്ചാത്തലത്തിലാണ് ‘കോൺഗ്രസ്​ പിരിച്ചുവിടണം’ എന്ന ഗാന്ധിയുടെ പരാമർശം എന്നത്​ മനസ്സിലാക്കണം.

ഗാന്ധിയുടെ ‘അവസാന വിൽപ്പത്രം’

കോൺഗ്രസ് പിരിച്ചുവിടണമെന്ന് മഹാത്മാഗാന്ധി ആഗ്രഹിച്ചിരുന്നു എന്ന പരാമർശം പരിശോധിക്കാം.

കൊല്ലപ്പെടുന്നതിന് മൂന്നു ദിവസം മുമ്പ്, 1948 ജനുവരി 27-ന് ഗാന്ധി എഴുതിയ ഒരു കുറിപ്പിൽ, കോൺഗ്രസ് ഇന്നത്തെ രൂപത്തിൽ ‘അതിന്റെ ഉപയോഗം കഴിഞ്ഞിരിക്കുന്നു' എന്നും അതിനാൽ പിരിച്ചുവിടണമെന്നും ‘ലോക് സേവക് സംഘത്തിലേക്ക് (ജനകീയ സേവന സംഘടന) മാറ്റണമെന്നും ' എഴുതി. ഇത് 1948 ഫെബ്രുവരി 2-ന് ഹരിജൻ മാസികയിൽ 'അദ്ദേഹത്തിന്റെ അവസാനത്തെ ഇഷ്ടവും നിയമവും' എന്ന തലക്കെട്ടിൽ ലേഖനമായി പ്രത്യക്ഷപ്പെട്ടിട്ടുമുണ്ട്. ഗാന്ധിയുടെ അനുയായികളായ ചിലർ ‘അവസാന വിൽപ്പത്രം' എന്ന പദം വിമർശനാത്മകമായി അംഗീകരിച്ചിട്ടുണ്ട്. അതനുസരിച്ച്, ഒരു പ്രചാരണോപാധി എന്ന നിലയിലും പാർലമെന്ററി വ്യവസ്ഥ എന്ന നിലയിലും കോൺഗ്രസിനെ പിരിച്ചുവിട്ട്, അതിനെ രാജ്യത്തെമ്പാടുമുള്ള പഞ്ചായത്തു ശൃംഖലയുടെ അടിസ്ഥാനത്തിലുള്ള ഒരു സാമൂഹിക സേവന സംഘടനയായി മാറ്റണം എന്നായിരുന്നു. ഗാന്ധിയൻ പദ്ധതിയനുസരിച്ച്, ‘ഓരോ ഗ്രാമപഞ്ചായത്തും ഓരോ ഏകകമാകുമായിരുന്നു; അത്തരത്തിലുള്ള രണ്ട് ഏകകങ്ങൾ ഒരു തിരഞ്ഞെടുത്ത നേതാവുള്ള ഒരു പ്രവർത്തന കക്ഷിയാകും, അമ്പതു നേതാക്കൾ ചേർന്ന് ഒരു രണ്ടാംനിര നേതാവിനെ തിരഞ്ഞെടുക്കും, ആ വ്യക്തി അവരുടെ ഉദ്യമങ്ങളെ ഏകോപിക്കും, ആ വ്യക്തി ദേശീയ സേവനത്തിനും സന്നദ്ധനായിരിക്കും. രണ്ടാംനിര നേതാക്കൾ ചേർന്ന് എല്ലാ വിഭാഗങ്ങളെയും നിയന്ത്രിക്കുന്ന ഒരു ദേശീയ മുഖ്യനേയും തിരഞ്ഞെടുക്കും.'- ഇങ്ങനെയാണ് ഗാന്ധി എഴുതിയത്. അത് ഭരണഘടനയുടെ കരട് തയ്യാറാക്കുന്ന വേളയിൽ, ഗാന്ധിജി മുന്നോട്ടു വെച്ച ഒരു ഭരണഘടനയുടെ കരട് ആയിരുന്നു, അല്ലാതെ ‘അവസാന വിൽപ്പത്രമല്ല'.
ഗാന്ധി ജീവിച്ചിരുന്നെങ്കിൽ, പാർട്ടി പിരിച്ചുവിടുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം, ഈ ഭരണഘടനയുടെ കരട് കോൺഗ്രസിൽ മൊത്തത്തിൽ ചർച്ച ചെയ്യപ്പെടുമായിരുന്നു. സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിൽ പാർട്ടിയുടെ ഭാവി പങ്കിനെയും കോൺഗ്രസിന്റെ അനുബന്ധ പുനഃസംഘടനയെയും കുറിച്ചുള്ള ചർച്ചകൾ തുടരുന്ന പശ്ചാത്തലത്തിലാണ് ഗാന്ധിയുടെ ഈ പരാമർശം എന്നതും മനസ്സിലാക്കണം.

ജവഹർലാൽ നെഹ്രുവും ഗാന്ധിയും

ഇങ്ങനെയുള്ള വസ്തുതകളെ ഇന്ത്യയുടെ ഇപ്പോഴത്തെ പ്രധാനമന്ത്രി നിരന്തരം തെറ്റായി പാർലമെന്റിലും പൊതു വേദികളിലും ആയിരം തവണ പ്രസംഗിച്ചാലും ചരിത്രത്തിലെ യാഥാർഥ്യങ്ങൾ ഒരിക്കലും മാറ്റാനോ തിരുത്താനോ കഴിയില്ല എന്നതാണ് സത്യം. അതോടൊപ്പം നെഹ്രുവിനു കിട്ടിയ സ്വീകാര്യതയോ നെഹ്രുവിന്റെ നേട്ടങ്ങളുടെ വലിപ്പത്തിനൊപ്പമോ അതിനേക്കാൾ മുകളിലേക്കോ എത്തുക എന്നത് അസാധ്യം തന്നെയാണ്, കാരണം അദ്ദേഹത്തിന്റെ പേര് ജവാഹർലാൽ നെഹ്രു എന്നാണ്. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.

Comments